• Latest articles
ജൂണ്‍ 26, 2024
Encounter ജൂണ്‍ 26, 2024

ദൈവഭക്തനായ ഗവര്‍ണറുടെ മകനായിരുന്നെങ്കിലും ആ യുവാവ് തിന്മയ്ക്ക് അടിമയായിരുന്നു. മാതാപിതാക്കള്‍ അവന് വൈദ്യശാസ്ത്രത്തില്‍ ഉന്നത വിദ്യാഭ്യാസം നല്കി. ക്രിസ്തുവിശ്വാസത്തില്‍ അടിയുറച്ച അവരുടെ പ്രാര്‍ത്ഥനയും അപേക്ഷകളും വകവയ്ക്കാതെ അവന്‍ മന്ത്രവാദത്തിനും പൈശാചിക പ്രവര്‍ത്തനങ്ങള്‍ക്കും പിന്നാലെ പോയി.
ഏഴു വര്‍ഷത്തോളം പിശാചിന്‍റെ കീഴില്‍ പഠിച്ചു. തന്‍റെ ആത്മാവിനെ പിശാചിന് അടിയറവയ്ക്കണമെന്നും സ്വന്തം രക്തംകൊണ്ട് ഒപ്പിട്ട്, ജീവിതംമുഴുവന്‍ സാത്താന് തീറെഴുതികൊടുക്കണമെന്നും പിശാച് ആവശ്യപ്പെട്ടു. യുവാവ് ഒരു മടിയുംകൂടാതെ അനുസരിച്ച് മന്ത്രവാദിയായിത്തീര്‍ന്നു.

ഒരുദിവസം അയാള്‍ ലൈബ്രറിയിലായിരിക്കുമ്പോള്‍ ഭീമാകാരനും ആയുധധാരിയുമായ ഒരു പടയാളി ഭീതിപ്പെടുത്തുന്ന മുഖവുമായി അയാളുടെ മുമ്പിലെത്തി. വാളുയര്‍ത്തി വീശിക്കൊണ്ട് കര്‍ശനസ്വരത്തില്‍ പറഞ്ഞു: ‘നീ നിന്‍റെ ദുഷിച്ച ജീവിതം അവസാനിപ്പിക്കുക. മാനസാന്തരപ്പെട്ട് ക്രിസ്തുവിനെ അനുഗമിക്കുക.” യുവാവ് ഒന്നു പരിഭ്രമിച്ചെങ്കിലും പഴയ ജീവിതം തുടര്‍ന്നു. സൈനികന്‍ വീണ്ടും വന്നു. ‘ഇനിയും നീ സാത്താനെ ഉപേക്ഷിച്ച് ക്രിസ്തുവിന്‍റെ സ്വന്തമാകുന്നില്ലെങ്കില്‍ നീ വധിക്കപ്പെടും’ എന്ന മുന്നറിയിപ്പുനല്കി. ഭയന്നുപോയ യുവാവ് ഉടന്‍ അനുതാപത്തോടെ നിലത്തുവീണ് ദൈവത്തോട് മാപ്പുചോദിച്ചു. മാന്ത്രിക ഗ്രന്ഥങ്ങള്‍ അഗ്‌നിക്കിരയാക്കി, സ്വഭവനത്തിലേക്ക് മടങ്ങി.

അവന്‍റെ മാതാപിതാക്കളുടെ മടുപ്പുകൂടാതെയുള്ള പ്രാര്‍ത്ഥനയുടെ ഫലമായി ദൈവം കാവല്‍മാലാഖയെ അയച്ച് അവനെ രക്ഷിക്കുകയായിരുന്നു. യുവാവ് പിന്നീട് വിശുദ്ധ ഡൊമിനിക്കിന്‍റെ ശിഷ്യത്വം സ്വീകരിച്ചു. ഡൊമിനിക്കന്‍ സഭാവസ്ത്രം സ്വീകരിച്ച് പ്രാര്‍ത്ഥനയുടെയും പരിഹാരത്തിന്‍റെയും ജീവിതം നയിച്ചു. സാത്താന് തീറെഴുതിയ ഏഴുവര്‍ഷത്തെക്കുറിച്ചുള്ള ഭയാനകമായ ഒര്‍മകള്‍ ഏഴുവര്‍ഷം അവനെ വേട്ടയാടി. കഠിനമായ ആന്തരിക പീഡയാല്‍ അവന്‍ വലഞ്ഞു; എന്നാല്‍ പരിശുദ്ധ ദൈവമാതാവ് സഹായത്തിനെത്തി. പരിശുദ്ധ മറിയത്തിന്‍റെ അധികാരശക്തിക്കുമുമ്പില്‍ സാത്താന്‍ അടിയറവു പറഞ്ഞ് കീഴടങ്ങി.

പരിശുദ്ധ കന്യകയുടെ അള്‍ത്താരയില്‍ യുവാവ് തന്‍റെ ജീവിതം തീറെഴുതിക്കൊടുത്തു, മാതാവ് അയാളുടെ ജീവിതം ഏറ്റെടുത്തു. ഒടുവില്‍ പരിശുദ്ധ അമ്മതന്നെ ഇദേഹത്തെ പുണ്യത്തില്‍ പരിശീലിപ്പിച്ച് സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. ഇദ്ദേഹമാണ് പോര്‍ട്ടുഗലിലെ വിശുദ്ധ ജൈല്‍സ്.
പരിശുദ്ധ ദൈവമാതാവിന് സമര്‍പ്പിക്കപ്പെട്ടാല്‍, അമ്മയുടെ വാക്കുകള്‍ അനുസരിക്കാന്‍ തയ്യാറെങ്കില്‍ എത്ര വലിയ പാപിയെയും അമ്മ വലിയ വിശുദ്ധരാക്കി ഉയര്‍ത്തും. നമ്മെയും നമ്മുടെ മക്കളെയും മാനസാന്തരം ആവശ്യമുള്ളവരെയും പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിച്ച്, ജൈല്‍സിന്‍റെ മാതാപിതാക്കളെപ്പോലെ മടുപ്പുകൂടാതെ പ്രാര്‍ത്ഥിക്കാം. ദൈവമാതാവിലൂടെ ഏവരും വിശുദ്ധരായിത്തീരട്ടെ.

'

By: Shalom Tidings

More
ജൂണ്‍ 24, 2024
Encounter ജൂണ്‍ 24, 2024

നഴ്‌സിംഗ് പഠനത്തിന്‍റെ രണ്ടാം വര്‍ഷം. അതികഠിനമായ തലവേദനയാല്‍ ഞാന്‍ വളരെ ബുദ്ധിമുട്ടിയ നാളുകള്‍. എല്ലാ ദിവസവും വൈകിട്ട് കോളേജ് കഴിഞ്ഞു മുറിയില്‍ എത്തുന്നത് ചെറിയ തലവേദനയുടെ ആരംഭത്തോടെ ആണ്. തുടര്‍ന്ന് വേദനയുടെ കാഠിന്യം കൂടാന്‍ തുടങ്ങും. മുറിയില്‍ പ്രകാശം ഉണ്ടാകാതിരിക്കാന്‍ ജനലുകള്‍പോലും തുണി കൊണ്ടു മറയ്ക്കുകയാണ് ചെയ്തിരുന്നത്. ശബ്ദം ഉണ്ടാകാതിരിക്കാന്‍ വാതിലുകളും ജനലുകളും അടയ്ക്കും. ഒരു തുണികൊണ്ട് നെറ്റിയില്‍ തലയ്ക്കുചുറ്റും കെട്ടിവയ്ക്കുന്നതും വേദന ശമിപ്പിക്കാനുള്ള മാര്‍ഗമായിരുന്നു. പ്ലാസ്റ്റിക് കവറില്‍ ഐസ് കട്ടകള്‍ നിറച്ച് തല മുഴുവന്‍ തണുപ്പിച്ചുകൊണ്ടിരിക്കും.

കിടക്കുന്നിടത്ത് ഒരു ബക്കറ്റ് വയ്ക്കും. കാരണം വേദന തീവ്രമാകുമ്പോള്‍ തുടര്‍ച്ചയായി ഛര്‍ദിക്കാറുണ്ട്. മാസങ്ങള്‍ ഇങ്ങനെ കടന്നുപോയിക്കൊണ്ടിരുന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ മൈഗ്രെയ്ന്‍ ആണെന്ന് സ്ഥിരീകരിക്കുകയും അതിനുള്ള മരുന്നുകള്‍ കഴിക്കുകയും ചെയ്തു. അത് ശരീരത്തെ കൂടുതല്‍ തളര്‍ത്തി. എപ്പോഴും ഉറക്കം വരുന്ന അവസ്ഥ. ഭക്ഷണസാധനങ്ങള്‍ പലതും ഒഴിവാക്കി. ചായ, കാപ്പി പോലുള്ള പാനീയങ്ങള്‍ ഉപേക്ഷിച്ചു. വെയില്‍ കൊള്ളാതെ നോക്കി. അങ്ങനെ നഴ്‌സിംഗ് പഠന കാലത്ത് മൈഗ്രെയ്‌നിന്റ അസ്വസ്ഥതകളുമായി രണ്ടു വര്‍ഷക്കാലം കടന്നുപോയി.

ഇതിനിടയില്‍ ഒരു ധ്യാനത്തില്‍ സംബന്ധിക്കുമ്പോള്‍ സ്പിരിച്വല്‍ കൗണ്‍സിലിങ്ങില്‍ ഈശോ ഒരു കാര്യം പറഞ്ഞു, ഒരു സഹോദരിയോട് ഹൃദയപൂര്‍വ്വം ക്ഷമിക്കാന്‍. എന്‍റെ രോഗാവസ്ഥയെക്കുറിച്ച് ഞാനോ കൗണ്‍സിലറോ ഒന്നും പറഞ്ഞതുമില്ല. എന്തായാലും ഈശോയുടെ വാക്കുകള്‍ സത്യമാണെന്നു ബോധ്യപ്പെട്ടതിനാല്‍ ഹൃദയത്തില്‍ ആ വാക്കുകള്‍ സ്വീകരിച്ചു. ധ്യാനം കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയതിനുശേഷം ഒരു ദിവസം ഞാന്‍ ആ സഹോദരിയെ അന്വേഷിച്ചിറങ്ങി. അവരുടെ താമസസ്ഥലം കണ്ടെത്തി അവിടെ ചെന്നു. വര്‍ഷങ്ങള്‍ക്കുശേഷമുള്ള കണ്ടുമുട്ടല്‍.
പരസ്പരം വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.

ഒടുവില്‍ അവരെ അവിടെ യുള്ള ദൈവാലയത്തിലേക്ക് ക്ഷണിച്ചു. അള്‍ത്താരയ്ക്ക് മുന്നില്‍ നിന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയാണ്. ഞാന്‍ ഉടനെ അവരുടെ മുമ്പില്‍ മുട്ടുകുത്തി. കാലില്‍ വീണു മാപ്പു ചോദിച്ചു. കണ്ണുനീര്‍ തുള്ളികള്‍ സഹോദരിയുടെ പാദങ്ങളില്‍ വീണുകൊണ്ടിരുന്നു. എന്‍റെ ശിരസ്സിലേക്ക് ആ വ്യക്തിയുടെ കണ്ണുനീര്‍ത്തുള്ളികളും. കുറച്ചു സമയം കടന്നുപോയി. സഹോദരി എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു കെട്ടിപ്പിടിച്ചു ചുംബിച്ചു. ഇപ്രകാരം കൂട്ടിച്ചേര്‍ത്തു, ”മോളേ, നിന്‍റെ മനസ്സില്‍ ഞാന്‍ ഒരു വേദന ഉണ്ടാക്കിയിരുന്നു എന്ന് അറിഞ്ഞില്ല. നീ എന്‍റെ മകളാണ്.”

ഈശോയോടും സഹോദരിയോടും നന്ദി പറഞ്ഞ് യാത്ര തിരിച്ചു. അതുവരെ അനുഭവിക്കാത്ത ഒരു സന്തോഷവും സമാധാനവും ഹൃദയത്തില്‍ ഞാന്‍ അനുഭവിക്കുന്നുണ്ടായിരുന്നു. അന്ന് വൈകിട്ട് തലവേദന അനുഭവപ്പെട്ടില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും വേദന ഇല്ലാതെ കടന്നുപോയി. ഞാന്‍ ക്ഷമിക്കാന്‍ തയ്യാറായപ്പോള്‍ ഈശോ അതേ നിമിഷത്തില്‍ എന്നെ പൂര്‍ണസൗഖ്യത്തിലേക്കു നയിച്ചു..
18 വര്‍ഷമായി ഈശോ സൗഖ്യം നല്‍കിയിട്ട്. മൈഗ്രെയ്ന്‍മൂലം തലച്ചോറില്‍ ഉണ്ടായ വ്യതിയാനങ്ങള്‍ എം ആര്‍ ഐ സ്‌കാനില്‍ ഇന്നും അവശേഷിച്ചിട്ടുണ്ട്. ”നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്‍റെ പ്രാര്‍ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്” (യാക്കോബ് 5/16).

‘ഹാപ്പി ബര്‍ത്ത്‌ഡേ’യ്ക്കിടെ ഒരു സ്വകാര്യം

കഴിഞ്ഞ ക്രിസ്തുമസിനു രാവിലെ ഈശോയ്ക്ക് ഹാപ്പി ബര്‍ത്‌ഡേ പാടി വിഷ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഈശോ പതുക്കെ ചെവിയില്‍ ഒരു കാര്യം പറഞ്ഞു. ഒരു പേര് വെളിപ്പെടുത്തിക്കൊണ്ട് അവരെ എത്രയും പെട്ടെന്ന് പോയി കാണണം എന്നതാണ് ഈശോയുടെ ആവശ്യം.
മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് ക്രിസ്തുമസിനോട് അനുബന്ധിച്ചു നടന്ന ഒരു സംഭവം ഈശോ ഓര്‍മയില്‍ കൊണ്ടുവന്നു. ആറാം ക്ലാസില്‍ പഠിക്കുന്ന സമയം. സ്‌കൂളില്‍ പുല്‍ക്കൂട് മത്സരം നടക്കുകയാണ്. അന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി പരിശുദ്ധ കുര്‍ബ്ബാന ക്രമീകരിച്ചിട്ടുണ്ട് ഉച്ചയോടെ. ഞാന്‍ എന്നും രാവിലെ പരിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകുന്നതുകൊണ്ട് അന്നും പതിവ് തെറ്റിച്ചിരുന്നില്ല. ക്ലാസ് ടീച്ചറോട് പറഞ്ഞപ്പോള്‍ വീണ്ടും വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകേണ്ടതില്ല എന്ന് പറഞ്ഞു.

പുല്‍ക്കൂട് ഒരുക്കുന്നതിനിടയില്‍ വേറൊരു അധ്യാപിക ക്ലാസ്സിലേക്ക് വന്നു. എന്നെ കണ്ടപ്പോള്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകാത്തതിന്‍റെ കാരണം തിരക്കി. രാവിലെ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ച കാര്യവും ക്ലാസ് ടീച്ചറുടെ നിര്‍ദേശവും അറിയിച്ചു. അവരെന്നെ അവിശ്വസിച്ചതാണോ എന്ന് അറിയില്ല, കയ്യില്‍ പിടിച്ചിരുന്ന ചൂരല്‍ കൊണ്ട് കാലില്‍ അടിച്ചു. കൂടെ ഉള്ള സഹപാഠികളുടെ മുന്‍പില്‍ വച്ച് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടു. കുര്‍ബ്ബാന ആരംഭിച്ചിട്ട് കുറച്ചു സമയം കഴിഞ്ഞെങ്കിലും ഞാന്‍ ദൈവാലയത്തിലെത്തി. കുരിശിലെ ഈശോയെ നോക്കിയപ്പോള്‍ കരയാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. പത്തുവയസ്സുകാരിക്ക് ഈശോയുടെ ക്രിസ്മസ് സമ്മാനം.

തിരിച്ച് ക്ലാസ്സിലേക്ക് ചെന്നപ്പോള്‍ പുല്‍ക്കൂടിന്‍റെ പണികളെല്ലാം തീര്‍ന്നിട്ടുണ്ട്. പക്ഷേ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളും എനിക്ക് തല്ലുകിട്ടിയത് അറിഞ്ഞിരിക്കുന്നു. ചിലര്‍ കളിയാക്കി, മറ്റു ചിലര്‍ സഹതപിച്ചു. പക്ഷേ ആരും ആശ്വസിപ്പിച്ചില്ല. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഈ വേദനിപ്പിക്കുന്ന ഓര്‍മ്മ പരിശുദ്ധാത്മാവ് വെളിപ്പെടുത്തുകയാണ്. ആ അധ്യാപികയെ അവധിയില്‍ വന്നപ്പോള്‍ സന്ദര്‍ശിച്ചു. പ്രായമായി, കിടപ്പു രോഗിയാണ്. ഓര്‍മ്മകള്‍ നഷ്ടപ്പെട്ടു. ആരെയും തിരിച്ചറിയുന്നില്ല. എങ്കിലും അവരുടെ കാലില്‍ പിടിച്ചു ക്ഷമ ചോദിച്ചു. കൈകള്‍ എന്‍റെ ശിരസില്‍ വച്ച് അനുഗ്രഹം വാങ്ങി. ഒരു കരുണക്കൊന്ത പ്രാര്‍ത്ഥിച്ചു മടങ്ങി.

ധനികനായ ഒരു മനുഷ്യന്‍ യേശുവിനോട് നിത്യജീവന്‍ പ്രാപിക്കാന്‍ എന്ത് ചെയ്യണം എന്ന് ചോദിക്കുന്ന സംഭവം നമുക്കറിവുള്ളതാണല്ലോ. പ്രമാണങ്ങളെല്ലാം അനുസരിച്ച് ജീവിക്കുന്ന അദ്ദേഹത്തെ നോക്കി അഭിനന്ദനങ്ങള്‍ എന്ന് പറയാതെ ‘ഇനിയും നിനക്ക് ഒരു കുറവുണ്ട്’ എന്ന് ഈശോ പറഞ്ഞത് എന്തുകൊണ്ടാണ്? അനേകം നന്മകളും കൃപകളും നമ്മില്‍ നിലനില്‍ക്കുമ്പോഴും ഈശോ കാണിച്ചു തരുന്ന ഒരു കുറവായിരിക്കാം നമ്മുടെ ആത്മാവിനെ പൂര്‍ണ്ണമായും നഷ്ടപ്പെടുത്താന്‍ പ്രാപ്തമായിരിക്കുന്നത്. ആ ചില കുറവുകളെ കണ്ടെത്തി തിരുത്താന്‍ നാം തയ്യാറായാല്‍ നമ്മുടെ ജീവിതം പിന്നീട് വേറെ ലെവല്‍ ആണ്.

അതിനാല്‍ നമ്മുടെ ഹൃദയത്തിന്‍റെ താക്കോല്‍ ഈശോയെ ഏല്പിക്കാം. അവിടുന്ന് സൂക്ഷ്മമായി നിരീക്ഷിച്ച് വിലകെട്ടതെല്ലാം എടുത്തുമാറ്റി അതിനെ രൂപാന്തരപ്പെടുത്തി പുതിയൊരു ഹൃദയമാക്കി മാറ്റട്ടെ. ”നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു തന്‍റെ വിശുദ്ധരോടുകൂടെവരുമ്പോള്‍, നിങ്ങളുടെ ഹൃദയങ്ങളെ നിഷ്‌കളങ്കമായി നമ്മുടെ പിതാവായ ദൈവത്തിന്‍റെ മുമ്പില്‍ വിശുദ്ധിയില്‍ ഉറപ്പിക്കുകയും ചെയ്യട്ടെ” (1 തെസലോനിക്കാ 3/13).

'

By: ആന്‍ മരിയ ക്രിസ്റ്റീന

More
ജൂണ്‍ 21, 2024
Encounter ജൂണ്‍ 21, 2024

സിയറാ ലിയോണ്‍: ക്രെസ്തവമിഷനറിമാര്‍ നടത്തിയ സ്‌കൂളുകള്‍ വിദ്യാഭ്യാസം നല്കുന്നതോടൊപ്പം ക്രൈസ്തവവിശ്വാസത്തിനും ക്രൈസ്തവമൂല്യങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്നതിലും വിജയിച്ചതോടെ അനേകം കുട്ടികള്‍ പ്രായത്തിന്‍റെ ഒരു ഘട്ടമെത്തിയപ്പോള്‍ മാമ്മോദീസ സ്വീകരിക്കാന്‍ ആഗ്രഹിച്ചതായി പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ സിയറാ ലിയോണിലെ ബിഷപ് നതാലെ പഗനെല്ലിയുടെ വെളിപ്പെടുത്തല്‍.

രാജ്യത്തിന്‍റെ വടക്കുഭാഗത്ത് സ്‌കൂളുകള്‍ ഇല്ലെന്ന് കണ്ട സാവേരിയന്‍ മിഷനറിമാര്‍ അവിടെ പ്രൈമറി സ്‌കൂളുകള്‍ ആരംഭിച്ചു. പിന്നീട് സെക്കന്‍ഡറി സ്‌കൂളുകളും തുടങ്ങി. സ്‌കൂളുകളുടെ മികച്ച പ്രവര്‍ത്തനം നിമിത്തം ഓരോ ഗ്രാമത്തിലും കത്തോലിക്കാ സ്‌കൂളുകള്‍ വേണമെന്നാണ് ഗോത്രത്തലവന്‍മാര്‍ ആവശ്യപ്പെടുന്നതത്രേ. ആ ആവശ്യം പൂര്‍ണമായി നിറവേറ്റാന്‍ സാധിച്ചിട്ടില്ല എന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

സ്‌കൂളുകളില്‍, വൈദികരോടും സമര്‍പ്പിതരോടും ഇടപഴകി ജീവിക്കുകയും അവരുടെ ക്രൈസ്തവജീവിതത്തിന്‍റെ മനോഹാരിതയില്‍ ആകൃഷ്ടരാവുകയും ചെയ്ത അനേകം വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്നപ്പോള്‍ മാമ്മോദീസ സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇപ്രകാരം ക്രൈസ്തവവിശ്വാസം സ്വീകരിച്ചവരില്‍ ഇസ്ലാം മതസ്ഥര്‍ ഏറെപ്പേരുണ്ട്. അവരില്‍ പലരും പില്ക്കാലത്ത് വൈദികരായി മാറി എന്നതും ശ്രദ്ധേയമാണ്. സ്‌കൂളുകള്‍വഴി നല്കുന്ന ശക്തമായ ക്രൈസ്തവസാക്ഷ്യം അനേകരെ ആകര്‍ഷിക്കുമെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്.

'

By: Shalom Tidings

More
ജൂണ്‍ 19, 2024
Encounter ജൂണ്‍ 19, 2024

ബാംഗ്ലൂര്‍ സെയ്ന്റ് പീറ്റേഴ്‌സ് സെമിനാരിയില്‍ ഞാന്‍ ഒന്നാം വര്‍ഷ ദൈവശാസ്ത്ര പഠനം നടത്തിയിരുന്ന നാളുകള്‍. 1990 ജൂണ്‍ 15-നാണ് അവിടെ എത്തിയത്. ഒരു മാസത്തോളം കഴിഞ്ഞ് ജൂലൈ 25 ആയപ്പോള്‍ സെമിനാരിയിലേക്ക് ഒരു ടെലഗ്രാം വന്നു. എന്‍റെ പിതാവ് ഹൃദയാഘാതം വന്ന് മരിച്ചുവെന്നായിരുന്നു ടെലഗ്രാം സന്ദേശം. ഞാന്‍ നാട്ടില്‍ വന്ന് പിതാവിന്‍റെ മൃതസംസ്‌കാരശുശ്രൂഷയില്‍ സംബന്ധിച്ച് മൂന്ന് ദിവസത്തോളം വീട്ടില്‍ താമസിച്ചു. പിന്നെ തിരിച്ച് സെമിനാരിയിലേക്ക് പോയി. എന്നാല്‍ തിരികെ സെമിനാരിയില്‍ എത്തിയപ്പോഴാണ് മനസിലായത് അത് ഒരു വല്ലാത്ത പ്രതിസന്ധിയാണെന്ന്. എന്‍റെ അപ്പനെപ്പറ്റിയുള്ള ഓര്‍മകള്‍, അദ്ദേഹത്തിന്‍റെ വാത്സല്യവായ്പ്, ആ സ്‌നേഹം ഇതൊക്കെ എന്‍റെ മനസിനെ കാര്‍ന്നുതിന്നുകൊണ്ടേയിരുന്നു.

സെമിനാരിയില്‍ ചെന്നെങ്കിലും പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നില്ല, പഠിക്കാന്‍ സാധിക്കുന്നില്ല, സെമിനാരിയിലെ ഒരു പരിപാടികളുമായി സഹകരിക്കാനും സാധിക്കുന്നില്ല. ഞാന്‍ എല്ലായിടത്തുമുണ്ട് എന്നാല്‍ ഒരിടത്തുമില്ല എന്ന സ്ഥിതി. മുറിയടച്ചിരുന്ന് കണ്ണുനീരൊഴുക്കിക്കൊണ്ട് ദിവസങ്ങളോളം ഞാനവിടെ കഴിച്ചുകൂട്ടി. അവസാനം മനസിലായി, സെമിനാരിയില്‍ ഇങ്ങനെ മുന്നോട്ടുപോകാന്‍ പറ്റില്ല. കുറെ നാളൊക്കെ മറ്റുള്ളവരെ കബളിപ്പിച്ച് മുന്നോട്ടുപോകാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ അല്പം കഴിയുമ്പോള്‍ എന്‍റെ മാനസികാവസ്ഥ അവര്‍ക്ക് മനസിലാകും. പിന്നെ അസ്വസ്ഥതയാകും. അതിനാല്‍ ആരെങ്കിലും കണ്ടുപിടിക്കുന്നതിനുമുമ്പ് ഞാന്‍തന്നെ നേരിട്ടുചെന്ന് അങ്ങോട്ടു പറയാം എന്നുകരുതി ഒരു ദിവസം ആലോചിച്ചുറപ്പിച്ച് എന്‍റെ റെക്ടറച്ചന്‍റെ മുറിയിലേക്ക് പോയി.

‘എനിക്ക് സെമിനാരിയില്‍നിന്ന് ഒരു ബ്രേക്ക് ആവശ്യമാണ്. ഇങ്ങനെ എനിക്ക് സെമിനാരിയില്‍ മുമ്പോട്ടു പോകുക സാധ്യമല്ല. വീട്ടില്‍ അല്പനാള്‍ കഴിഞ്ഞിട്ട് എന്‍റെ മനസ് ഒന്ന് സ്വസ്ഥമായതിനുശേഷം തിരികെ വരാം…’ ഇങ്ങനെയൊക്കെ ചിന്തിച്ച് അതിനുള്ള അനുവാദം ചോദിക്കാമെന്നായിരുന്നു തീരുമാനം. അങ്ങനെ ഞാന്‍ റെക്ടറച്ചന്‍റെ മുറിയുടെ മുന്നില്‍ നില്ക്കുകയാണ്. പക്ഷേ അദ്ദേഹത്തിന്‍റെ മുറിയില്‍ മറ്റ് ബ്രദേഴ്‌സ് ആരൊക്കെയോ ഉണ്ട്. അവര്‍ അദ്ദേഹത്തോട് ഗൗരവമായി എന്തോ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഞാന്‍ കുറെനേരം അദ്ദേഹത്തിന്‍റെ മുറിയുടെ മുന്നില്‍ കാത്തുനിന്നു. പക്ഷേ അകത്തെ സംസാരം നിര്‍ത്തി ബ്രദേഴ്‌സ് പുറത്തുവരുന്നത് കാണുന്നില്ല.

കുറേനേരം അവിടെനിന്ന് മടുത്തപ്പോള്‍ ഒരു തോന്നല്‍. തൊട്ടപ്പുറത്തുള്ള ദിവ്യകാരുണ്യ ആരാധനാചാപ്പലില്‍ പോയിരിക്കാം. പ്രാര്‍ത്ഥിക്കണം എന്നൊന്നും ചിന്തിച്ചിട്ടല്ല. എങ്കിലും റെക്ടറച്ചന്‍റെ മുറിക്ക് പുറത്ത് നില്‍ക്കുന്നതിനുപകരം അവിടെപ്പോയിരിക്കാം- അത്രയേ ചിന്തിച്ചുള്ളൂ. അങ്ങനെ അവിടെ കയറി ഇരുന്നു. അധികം വെളിച്ചമില്ല, അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുവച്ചിട്ടുണ്ട്. കുറെ സമയം ഞാന്‍ അവിടെയിരുന്നപ്പോള്‍ എന്‍റെ കണ്ണുകള്‍ മദ്ബഹായിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അവിടെ എഴുന്നള്ളിച്ചുവച്ചിരിക്കുന്ന ദിവ്യകാരുണ്യത്തിലേക്ക് എന്‍റെ ശ്രദ്ധ പോയി. ആ ദിവ്യകാരുണ്യത്തിന് എന്നോട് എന്തൊക്കെയോ പറയാനുണ്ടെന്ന് എനിക്ക് തോന്നി.

പതുക്കെപ്പതുക്കെ… റെക്ടറച്ചനോട് പറയാനായി മനസില്‍ കരുതിയ വാക്കുകളെല്ലാം ദിവ്യകാരുണ്യത്തോട് പറഞ്ഞു. എത്ര നേരം ഞാനവിടെ ഇരുന്നുവെന്ന് അറിയില്ല, ഏറെ സമയം ഇരുന്നുകാണണം. എന്തായാലും ഞാന്‍ അവിടെനിന്ന് ഇറങ്ങിവന്നത് മുറിവുണക്കപ്പെട്ട ഒരു വ്യക്തിയായിട്ടാണ്. പിന്നീട് ഇന്നുവരെ എന്‍റെ പിതാവിന്‍റെ വേര്‍പാടിന്‍റെ വേദന ഒരു മുറിവായി എന്‍റെ ഹൃദയത്തില്‍ അവശേഷിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പിന്നെ അതിനായി റെക്ടറച്ചനെ സമീപിക്കേണ്ട ആവശ്യം എനിക്ക് വന്നില്ല.

പ്രിയപ്പെട്ടവരുടെ വേര്‍പാടിന്‍റെ വേദനയോ ഒറ്റപ്പെട്ടുപോയതിന്‍റെ നൊമ്പരമോ എന്തുമാകട്ടെ അതെല്ലാം സൗഖ്യപ്പെടുത്തുന്ന സാന്നിധ്യമാണ് ദിവ്യകാരുണ്യസാന്നിധ്യം. ”അവന്‍റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു” (ഏശയ്യാ 53/5). നമ്മുടെ വേദനകള്‍ക്കെല്ലാം സൗഖ്യം തേടി വിശുദ്ധ കുര്‍ബാനയുടെ സന്നിധിയിലേക്ക് അണയാം.
1994-ല്‍ പൗരോഹിത്യം സ്വീകരിച്ച മോണ്‍.

'

By: Mon. C.J. Varkey

More
ജൂണ്‍ 17, 2024
Encounter ജൂണ്‍ 17, 2024

ദൈവകാരുണ്യത്തിന്‍റെയും കൃപയുടേതുമായ പുതിയ പെന്തക്കുസ്തയുടെ സമയത്ത് ജനങ്ങള്‍ പശ്ചാത്താപത്തിലേക്കും മാനസാന്തരത്തിലേക്കും ആനയിക്കപ്പെടും. പരിശുദ്ധാത്മാവിന്‍റെ ശക്തമായ ചൊരിയപ്പെടല്‍ അപ്പോള്‍ ഉണ്ടാകും. സകലരും സഭയിലേക്ക് തിരിച്ചുവരും. സഭ നവീകൃതവും മഹത്വമേറിയതും ആയിത്തീരും. ഒരു പുതിയ പെന്തക്കുസ്താ-ദ്വിതീയ പെന്തക്കുസ്ത അങ്ങനെ ഭൂമിയില്‍ സംഭവിക്കും. ഈ ആശ്ചര്യകരമായ അനുഭവത്തെക്കുറിച്ച് പരിശുദ്ധ അമ്മ ഫാ. സ്റ്റെഫാനോ ഗോബിവഴി 1995 ജൂണ്‍ നാലിന് ഇങ്ങനെ പറഞ്ഞു:

”സഭയുടെമേലും മാനവകുലത്തിന്‍റെമേലും അഗ്നിനാവുകളുടെ അത്ഭുതകരമായ ഇറങ്ങിവരല്‍ വീണ്ടും ഉണ്ടാകും.
സ്വാര്‍ത്ഥതയും വിദ്വേഷവും യുദ്ധവും സംഘര്‍ഷവും മൂലം മരവിച്ച മാനവകുലത്തിന് അഗ്നിനാവുകള്‍ ജീവനും ചൂടും പകര്‍ന്ന് നല്‍കും. ദാഹത്താല്‍ വരണ്ട ഭൂമി ആത്മാവിന്‍റെ നിശ്വസനം ഏല്‍ക്കാന്‍ പാകത്തില്‍ തുറവിയുള്ളതായിത്തീരും. ദൈവാത്മാവ് ഈ ലോകത്തെ നൂതനവും അത്ഭുതകരവുമായ പറുദീസയായി പരിണമിപ്പിക്കുകയും അവിടെ പരിശുദ്ധ ത്രിത്വം തന്‍റെ സ്ഥിരവാസകേന്ദ്രമാക്കുകയും ചെയ്യും.

സഭയെ പ്രകാശിപ്പിക്കുവാനും വിശുദ്ധീകരിക്കുവാനും അഗ്നിനാവുകള്‍ ഇറങ്ങിവരും. അവള്‍ കാല്‍വരിയുടെ ക്ലേശകരമായ വിനാഴികകളിലൂടെ ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. അവളുടെ അജപാലകന്മാര്‍ മര്‍ദിക്കപ്പെടുകയും അജഗണങ്ങള്‍ മുറിവേല്‍പ്പിക്കപ്പെടുകയും തന്‍റെ സ്വന്ത ജനങ്ങളാല്‍ അവള്‍ പരിത്യജിക്കപ്പെടുകയും ഒറ്റിക്കൊടുക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. വിശ്വാസം ക്ഷയിക്കുകയും മതം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. ഇവയില്‍നിന്നെല്ലാം അവളെ ശുദ്ധീകരിക്കുവാന്‍ അഗ്നിനാവുകള്‍ അവളില്‍ ഇറങ്ങിവരും.

പരിശുദ്ധാത്മാവിന്‍റെ ദിവ്യാഗ്നി അവളെ എല്ലാ രോഗങ്ങളില്‍നിന്നും സുഖപ്പെടുത്തും. അവിശ്വസ്തതയില്‍നിന്നും പാപക്കറകളില്‍നിന്നും അവളെ ശുദ്ധീകരിക്കും. നൂതനമായ സൗന്ദര്യത്താല്‍ അവളെ ഉടുപ്പിക്കും. തന്നിലെ ഐക്യവും വിശുദ്ധിയും പുനഃസ്ഥാപിക്കപ്പെടാന്‍ പാകത്തില്‍ പരിശുദ്ധാത്മാവ് തന്‍റെ പ്രഭാപൂരംകൊണ്ട് അവളെ ആവരണം ചെയ്യും. അങ്ങനെ യേശുവിന് സാര്‍വത്രികവും സമ്പൂര്‍ണവുമായ സാക്ഷ്യം നല്‍കാന്‍ അവള്‍ പര്യാപ്തയായിത്തീരും.
ദിവ്യപ്രകാശത്താല്‍ നിങ്ങള്‍ പ്രകാശിതരാകുകയും ദൈവത്തിന്‍റെ പരിശുദ്ധിയിലൂടെയും വിശ്വാസത്തിന്‍റെ ദര്‍പ്പണത്തിലൂടെയും നിങ്ങള്‍ നിങ്ങളെത്തന്നെ കാണുകയും ചെയ്യും. ഇത് അന്തിമ വിധിയുടെ ഒരു ചെറിയ പതിപ്പായിരിക്കും. ദൈവികകാരുണ്യമെന്ന മഹാദാനം സ്വീകരിക്കാന്‍ പാകത്തില്‍ അത് നിങ്ങളുടെ ഹൃദയകവാടങ്ങള്‍ തുറന്നു നല്‍കും.

എല്ലാവരുടെയും ഹൃദയങ്ങളിലും ജീവിതത്തിലും സമൂലമായ പരിവര്‍ത്തനം പരിശുദ്ധാത്മാവ് കൈവരുത്തും. പാപികള്‍ മാനസാന്തരപ്പെടും; ദുര്‍ബലര്‍ ശക്തി പ്രാപിക്കും. പിതൃഭവനത്തില്‍നിന്നും അകന്നവര്‍ വീണ്ടും അവിടേക്ക് മടങ്ങിയെത്തും. വേര്‍പെട്ടും വിഘടിച്ചും നില്‍ക്കുന്നവര്‍ വീണ്ടും ഒന്നാകും. ദ്വിതീയ പെന്തക്കുസ്ത എന്ന അനുഭവം ഈ വിധത്തിലാകും അരങ്ങേറുക. എന്‍റെ വിമലഹൃദയം ഈ ലോകത്തില്‍ വിജയം വരിക്കുമ്പോഴാകും ഇതു സംഭവിക്കുക.”

ഇങ്ങനെ വഴിതെറ്റിപ്പോയ മനുഷ്യമക്കള്‍ക്ക് തിരിച്ചുവരാനുള്ള എല്ലാ വഴികളും ദൈവം ഒരുക്കും. ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്നു കഴിഞ്ഞ മാതാവിന്‍റെ പ്രത്യക്ഷപ്പെടലുകളും ദിവ്യകാരുണ്യ അത്ഭുതങ്ങളുമെല്ലാം കര്‍ത്താവിലേക്ക് തിരിച്ചുവരാനുള്ള സ്വര്‍ഗത്തിന്‍റെ ആഹ്വാനങ്ങള്‍ മാത്രമാണ്. യുദ്ധങ്ങളും ഭൂകമ്പങ്ങളും സാമ്പത്തിക തകര്‍ച്ചയുമെല്ലാം സ്വര്‍ഗത്തിന്‍റെ അടയാളങ്ങള്‍തന്നെ. അതിനാല്‍ ദൈവത്തിലേക്ക് തിരിയുവാന്‍ കഴിയുന്നവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. ക്ലേശങ്ങളുടെ കാലങ്ങളില്‍ കര്‍ത്താവ് നമ്മെ സംരക്ഷിക്കും.

നമ്മുടെ പ്രാര്‍ത്ഥനകളും ഉപവാസവും വഴി പീഡനകാലത്തിന്‍റെ കാഠിന്യവും ദൈര്‍ഘ്യവും കുറയ്ക്കാമെന്നും പരിശുദ്ധ അമ്മ പല സ്ഥലങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ നാളുകളില്‍ അനേകരുടെ പ്രാര്‍ത്ഥനകളുടെ ഫലമായി കര്‍ത്താവിന്‍റെ ശിക്ഷണനടപടികള്‍ പല പ്രാവശ്യം മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ടെന്നും അമ്മ പറഞ്ഞു. ഈ അന്ത്യകാലത്തെ ദൈവജനത്തിന്‍റെ പ്രധാന ആയുധങ്ങള്‍ ജപമാലയും വിശുദ്ധ കുര്‍ബാനയും ആണ്. ഇതിലൂടെ ഈ ലോകത്തെ കര്‍ത്താവിന്‍റെ രണ്ടാം വരവിനായി ഒരുക്കുക. ഈ ആയുധങ്ങള്‍ ഉപയോഗിച്ച് സാത്താനെ എതിര്‍ക്കുക. പരിശുദ്ധമായ കത്തോലിക്കാ വിശ്വാസ സത്യങ്ങള്‍ക്കായി നിലനില്‍ക്കുക. എല്ലാറ്റിലും ഉപരി – പ്രത്യാശയുള്ളവരാകുക. കര്‍ത്താവ് നമുക്കായി ഒരുക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുംവേണ്ടി തീവ്രമായി ദാഹിച്ചു കാത്തിരിക്കണം – കാരണം വലിയ ശുദ്ധീകരണത്തിനുശേഷം ദൈവം ഒരുക്കുന്ന പുതിയ ലോകം അത്രയേറെ മനോഹരമാണ്.”

'

By: ഷെവ. ബെന്നി പുന്നത്തറ

More
ജൂണ്‍ 13, 2024
Encounter ജൂണ്‍ 13, 2024

ഫ്രാന്‍സിലെ ഒരു പാവപ്പെട്ട ഒരു കുടുംബത്തിലാണ് വിന്‍സെന്റ് എന്ന ആ ബാലന്‍ ജനിച്ചുവളര്‍ന്നത്. പിതാവ് ചെറുപ്പത്തിലേ മരണമടഞ്ഞു. വളര്‍ന്നുവന്നപ്പോള്‍ അമ്മയെയും സഹോദരങ്ങളെയും സഹായിക്കാന്‍ അവന് വളരെ ആഗ്രഹം. പില്ക്കാലത്ത് അവന്‍ വൈദികനായിത്തീര്‍ന്നു. അപ്പോഴൊന്നും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമായി കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.

അങ്ങനെയിരിക്കേയാണ് ടുളൂസിലുള്ള നല്ലവളായ ഒരു സ്ത്രീ അവരുടെ സ്വത്തെല്ലാം മരണശേഷം വിന്‍സെന്റച്ചന് നല്കാന്‍ വില്‍പത്രം എഴുതിയത്. അവര്‍ മരിച്ചതോടെ സ്വത്ത് വിന്‍സെന്റച്ചന് സ്വന്തമായെങ്കിലും അതില്‍ അദ്ദേഹത്തിന്‍റെ ഒരു സുഹൃത്തിന് കടമുണ്ടായിരുന്നു. മര്‍സയ്യിലുള്ള ആ മനുഷ്യന്‍റെ അടുത്ത് ചെന്ന് അതെല്ലാം തീര്‍ത്ത് വിന്‍സെന്റച്ചന്‍ മടങ്ങിയെങ്കിലും കപ്പല്‍യാത്രയ്ക്കിടെ കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചു. കപ്പിത്താനെ കൊന്നിട്ട് യാത്രക്കാരെയെല്ലാം അടിമകളാക്കി ടുണീഷ്യയിലേക്ക് കൊണ്ടുപോയി.

കൊള്ളക്കാരുമായുള്ള പോരാട്ടത്തിനിടെ വിന്‍സെന്റച്ചന്‍റെ കാലില്‍ ഒരു അമ്പ് കയറി മാരകമായ മുറിവുണ്ടായി. ആ അവസ്ഥയില്‍ത്തന്നെ അടിമയായി വില്‍ക്കപ്പെട്ട വിന്‍സെന്റച്ചന്‍ ഒരു മുക്കുവന്‍റെ കൈയിലാണ് എത്തിയത്. ജോലി ചെയ്യാനറിയാത്ത ഈ അടിമയെക്കൊണ്ട് ഉപകാരമില്ലെന്ന് പറഞ്ഞ് അയാള്‍ വിന്‍സെന്റച്ചനെ ഒരു രാസവിദ്യാവിദഗ്ധന് വിറ്റു. മരണത്തെ തോല്പിക്കാന്‍ സഹായിക്കുന്ന ഫിലോസഫേഴ്‌സ് സ്റ്റോണ്‍ കണ്ടെത്താന്‍ ശ്രമിച്ചിരുന്ന ഒരു മുഹമ്മദീയനായിരുന്നു അയാള്‍. തന്‍റെ വിദ്യകള്‍ അയാള്‍ പുതിയ അടിമയായ വിന്‍സെന്റച്ചന് പഠിപ്പിച്ചുകൊടുത്തു. വിന്‍സെന്റച്ചനാകട്ടെ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാധ്യസ്ഥ്യത്തില്‍ മോചനത്തിനായി പ്രാര്‍ത്ഥിച്ച് കാത്തിരുന്നു.

അല്പനാള്‍ കഴിഞ്ഞ് ആ മുഹമ്മദീയന്‍ തന്‍റെ അടിമയെ മരുമകന് വിറ്റു; മരുമകന്‍ ഒരു ഫ്രഞ്ചുകാരനും. ക്രൈസ്തവവിശ്വാസം ഉപേക്ഷിച്ച് മുഹമ്മദീയനായി ജീവിക്കുകയായിരുന്നു ആ ഫ്രഞ്ചുകാരന്‍. രണ്ട് വര്‍ഷത്തോളം അടിമയായി അദ്ദേഹത്തിനുകീഴില്‍ ജീവിച്ച വിന്‍സെന്റച്ചന്‍റെ സ്വാധീനത്തില്‍ അയാള്‍ അച്ചനോടൊപ്പം 1607 ജൂണില്‍ ഫ്രാന്‍സിലേക്ക് തിരിച്ചെത്തി. സാവധാനം തെറ്റ് മനസിലാക്കി ഫ്രഞ്ചുകാരന്‍ ക്രൈസ്തവവിശ്വാസത്തിലേക്ക് തിരികെവന്നു. അതോടെ വിന്‍സെന്റച്ചന് സ്വാതന്ത്ര്യം നല്കപ്പെട്ടു. അപ്പോഴേക്കും ശുശ്രൂഷകളില്‍ അതീവതത്പരനായി മാറി വിന്‍സെന്റച്ചന്‍.

സമ്പത്തിനോടുള്ള ആഗ്രഹം തെല്ലും അവശേഷിച്ചതുമില്ല. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഒരു സുഹൃത്ത് നല്കിയ 3000 പവന്‍ അദ്ദേഹം സെന്റ് ജോണ്‍ ഓഫ് ഗോഡിന്‍റെ സഹോദരങ്ങള്‍ എന്ന സന്യാസസഭയ്ക്ക് നല്കുകയാണുണ്ടായത്. ഈ വിന്‍സെന്റച്ചനാണ് പിന്നീട് പാവങ്ങള്‍ക്കെല്ലാം സഹായകന്‍ എന്ന് പ്രസിദ്ധി നേടിയ വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ ആയി മാറിയത്. ദുരന്തങ്ങളെല്ലാം അദ്ദേഹത്തിന്‍റെ ഉപരിവിശുദ്ധീകരണത്തിനായി ദൈവം ഉപയോഗിച്ചു.
”ദുരിതങ്ങള്‍ എനിക്കുപകാരമായി, തന്‍മൂലം ഞാന്‍ ദൈവത്തിന്‍റെ ചട്ടങ്ങള്‍ അഭ്യസിച്ചല്ലോ” (സങ്കീര്‍ത്തനങ്ങള്‍ 119/71) എന്ന തിരുവചനം അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നിറവേറുകയായിരുന്നു.

'

By: Shalom Tidings

More
ജൂണ്‍ 13, 2024
Encounter ജൂണ്‍ 13, 2024

വാചികപ്രാര്‍ത്ഥന പരിശീലിക്കുന്നതിനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗമാണ് ഭക്തിനിര്‍ഭരമായ ചെറിയ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നത്. സുകൃതജപങ്ങള്‍ എന്നറിയപ്പെടുന്ന ഈ കൊച്ചുപ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതിന് പ്രത്യേക സമയമോ സ്ഥലമോ ആവശ്യമില്ല. എല്ലാ സമയത്തും എല്ലായിടത്തും ജോലിസമയത്തും ഭക്ഷണസമയത്തും വിനോദവേളയിലും ഭവനത്തിലും ഭവനത്തില്‍നിന്ന് അകലെയായിരിക്കുമ്പോഴും അവ ജപിക്കാം.

അവ ആഗ്രഹങ്ങളുടെ, ദൈവതിരുമനസിനോടുള്ള അനുരൂപപ്പെടലിന്‍റെ, സ്‌നേഹത്തിന്‍റെ, സമര്‍പ്പണത്തിന്‍റെ അല്ലെങ്കില്‍ ആത്മപരിത്യാഗത്തിന്‍റെ പ്രകരണങ്ങളുടെ രൂപത്തിലായിരിക്കാം. അപേക്ഷയുടെ, കൃതജ്ഞതയുടെ, എളിമയുടെ, പ്രത്യാശയുടെ പ്രകരണങ്ങളുമായേക്കാം. ദൈവത്തിന്‍റെ വിശുദ്ധര്‍ സുദീര്‍ഘമായ ഭക്തിമാര്‍ഗങ്ങളെക്കാളുപരി ഈ ചെറിയ പ്രാര്‍ത്ഥനകള്‍ക്ക് വലിയ മൂല്യം കല്‍പിച്ചിരുന്നു. കാരണം സുകൃതജപങ്ങള്‍ നമ്മെ ദൈവസാന്നിധ്യത്തില്‍ കാത്തുസൂക്ഷിക്കുന്നു.

ആനന്ദിപ്പിക്കുന്ന പ്രാര്‍ത്ഥന

യേശുവിന്‍റെയും മറിയത്തിന്‍റെയും പരിശുദ്ധ നാമങ്ങള്‍ വിളിക്കുന്നതിനോടൊപ്പം സ്‌നേഹത്തിന്‍റെ പ്രകരണങ്ങള്‍ ചേര്‍ക്കുമ്പോള്‍ നാം ദൈവത്തിന് ഏറ്റവും വലിയ ആനന്ദം നല്‍കുന്നു. സ്‌നേഹിക്കുന്ന ഒരാള്‍ അയാളുടെ സ്‌നേഹവിഷയമായതിനെ എപ്പോഴും ഓര്‍ക്കും. അതിനാല്‍ ദൈവത്തെ സ്‌നേഹിക്കുന്ന ഒരാത്മാവ് സദാ അവിടുത്തെക്കുറിച്ച് ചിന്തിക്കുകയും ഭക്തിനിര്‍ഭരമായ നെടുവീര്‍പ്പുകളാലും സുകൃതജപങ്ങളാലും സ്‌നേഹം പ്രകടിപ്പിക്കുവാന്‍ അവസരങ്ങള്‍ തേടുകയും ചെയ്യും.

എല്ലാ അവസരങ്ങളിലും ഒറ്റയ്ക്കായിരിക്കുമ്പോഴും നിങ്ങളുടെ സ്വര്‍ഗീയ മണവാളനോട് ഇങ്ങനെ പറയുവാന്‍ ശ്രദ്ധിക്കുക: ”ഓ എന്‍റെ ദൈവമേ, അങ്ങയെ മാത്രമല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.” അല്ലെങ്കില്‍ ”ഞാന്‍ എന്നെ പൂര്‍ണമായി അങ്ങേക്ക് നല്‍കുന്നു. അങ്ങ് ആഗ്രഹിക്കുന്നതാണ് ഞാന്‍ ആഗ്രഹിക്കുന്നത്.” ഇങ്ങനെ ഏതാനും വാക്കുകള്‍ മാത്രം മതിയാകും.
”എന്‍റെ ദൈവമേ, എന്‍റെ സര്‍വസ്വമേ” എന്ന് ആവര്‍ത്തിക്കാം. ഇതൊന്നുമില്ലെങ്കിലും ഒരു വാക്കും ഉച്ചരിക്കാതെ കണ്ണുകള്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തുക. അല്ലെങ്കില്‍ അള്‍ത്താരയിലേക്കോ ക്രൂശിതരൂപത്തിലേക്കോ സ്‌നേഹപൂര്‍വം നോക്കുക. ഇത്തരം നിശബ്ദ പ്രവൃത്തികള്‍ ചെയ്യാന്‍ വലിയ പ്രയത്‌നമൊന്നും ആവശ്യമില്ല; മാത്രവുമല്ല, അവ കൂടുതല്‍ ഭക്തിയോടെ ചെയ്യാനും സാധിക്കും. പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ ഹൃദയത്തിന്‍റെ ആഴങ്ങളില്‍നിന്നും ഉയരുന്നവയാണ് ഏറ്റവും നല്ല സ്‌നേഹപ്രകരണങ്ങള്‍.

വിശുദ്ധരാക്കുന്ന പ്രാര്‍ത്ഥന

നമ്മുടെ ഇഷ്ടം ദൈവത്തിന്‍റെ ഇഷ്ടവുമായുള്ള ഒന്നാകലിലാണ് ദൈവസ്‌നേഹത്തിന്‍റെ പൂര്‍ണത അടങ്ങിയിരിക്കുന്നത്. അതിനാല്‍ ദൈവം ആഗ്രഹിക്കുന്നതല്ലാതെ മറ്റൊന്നും നാം ആഗ്രഹിക്കരുത്. നാം അവിടുത്തെ തിരുഹിതം ചെയ്യുന്നുവെങ്കില്‍ ഏതു ജീവിതാന്തസിലേക്കാണ് കര്‍ത്താവ് നമ്മെ വിളിച്ചിരിക്കുന്നതെന്നാലും നാം വിശുദ്ധിയില്‍ എത്തിച്ചേരും. ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന നാം ഓരോ തവണയും ചൊല്ലുമ്പോള്‍ ”അങ്ങയുടെ തിരുമനസ് സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ” എന്ന വാക്കുകള്‍ക്ക് സവിശേഷ ശ്രദ്ധ നല്‍കുവാനും സ്വര്‍ഗത്തിലെ വിശുദ്ധരെപ്പോലെ ദൈവഹിതം സമ്പൂര്‍ണമായി പൂര്‍ത്തീകരിക്കാനുള്ള കൃപയ്ക്കായി യാചിക്കുവാനും ജെനോവയിലെ വിശുദ്ധ കാതറിനോട് ഈശോ ആവശ്യപ്പെട്ടിരുന്നു.

തിരുവചന പ്രാര്‍ത്ഥന

വിശുദ്ധ ഗ്രന്ഥത്തില്‍നിന്നും സവിശേഷമാംവിധം ചില വചനങ്ങള്‍ തിരഞ്ഞെടുത്ത് നമ്മുടെ ഇഷ്ടം ദൈവത്തിന്‍റെ ഇഷ്ടവുമായി ഒന്നാകുന്നതിനെ
പരിപോഷിപ്പിക്കുവാന്‍ അവ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നത് പ്രയോജനപ്രദമാണ്. ഉദാഹരണത്തിന്, പൗലോസ് അപ്പസ്‌തോലനോട് ചേര്‍ന്ന് ഇടയ്ക്കിടെ ഇങ്ങനെ പറയുക: ”കര്‍ത്താവേ, ഞാന്‍ എന്തുചെയ്യണം?” (അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ 22/10).
ആത്മാവിന്‍റെയും ശരീരത്തിന്‍റെയും വൈരുധ്യങ്ങളിലും പീഡനങ്ങളിലും നമ്മുടെ ദിവ്യരക്ഷകനോട് ചേര്‍ന്ന് ഇപ്രകാരം പറയുക: ”പിതാവേ, എന്‍റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ” (ലൂക്കാ 22/42).

'

By: Shalom Tidings

More
ജൂണ്‍ 12, 2024
Encounter ജൂണ്‍ 12, 2024

പഠനശേഷം ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന സമയം. ആഴ്ചതോറും വീട്ടിലെത്തും. അങ്ങനെ വീട്ടിലെത്തിയ ഒരു ദിവസം. അമ്മൂമ്മമാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ, അമ്മയും ചേട്ടനും ചേട്ടത്തിയുമൊക്കെ പുറത്തുപോയിരിക്കുകയാണ്. എനിക്ക് വൈകുന്നേരം ജോലിസ്ഥലത്തേക്ക് മടങ്ങേണ്ടതാണ്. അതിന് 200 രൂപ വേണം. അമ്മൂമ്മയോട് ചോദിച്ചപ്പോള്‍ 20 രൂപപോലുമില്ല. ചോദിക്കാനാണെങ്കില്‍ തരാന്‍ കഴിവുള്ള ആരും അടുത്തില്ല. പുറത്തുപോയവര്‍ വരട്ടെ, പിറ്റേന്ന് പോകാം എന്നായിരുന്നു അമ്മൂമ്മയുടെ നിര്‍ദേശം.

ഈശോയുടെ മുന്നില്‍ മുട്ടുകുത്തി പറഞ്ഞു, ”അങ്ങ് പറയുന്നത് വിശ്വസിച്ച് പ്രാര്‍ത്ഥിക്കുന്നതെല്ലാം ലഭിക്കുമെന്നാണല്ലോ.” അതിനാല്‍ 200 രൂപ ലഭിച്ചു എന്ന് വിശ്വസിച്ച് നന്ദി പറഞ്ഞു. മുറിയില്‍ പോയി ബാഗ് പായ്ക്ക് ചെയ്തു. വസ്ത്രം മാറി. അമ്മൂമ്മ ചോദിച്ചു, ”നീ എങ്ങനെ പോകും? ആരെങ്കിലും പൈസാ തരാമെന്ന് പറഞ്ഞിട്ടുണ്ടോ?”
“ഈശോ എനിക്ക് 200 രൂപ തരാമെന്ന് പറഞ്ഞിട്ടുണ്ട്. അതിപ്പോള്‍ വരും.”

‘ഒരു കുഴപ്പവുമില്ലാതിരുന്ന ചെറുക്കനായിരുന്നല്ലോ’ എന്ന മട്ടില്‍ ഒരു ചിരിയും ചിരിച്ച് അമ്മൂമ്മ അകത്തേക്ക് പോയി.
സെക്കന്റുകള്‍ക്കകം വീടിന്‍റെ പോര്‍ച്ചിലേക്ക് സ്‌കൂട്ടറുമായി ചേട്ടത്തി അതിവേഗം വന്നു, ”എത്രയും പെട്ടെന്ന് ദീപകിന് തരാന്‍ പറഞ്ഞ് 200 രൂപ ഒരാള്‍ തന്നുവിട്ടതാണ്. അതുകൊണ്ട് നീ പോവുന്നതിനുമുമ്പ് എത്താന്‍ വേണ്ടി ഞാന്‍ തിരക്കിട്ട് വരികയായിരുന്നു!” ആ പണവുംകൊണ്ട് ഞാന്‍ ട്രെയിന്‍ കയറി. കലൂര്‍ സെയ്ന്റ് ആന്റണീസ് ദൈവാലയത്തില്‍ കയറി നന്ദി പറഞ്ഞിട്ടാണ് ജോലിസ്ഥലത്ത് പോയത്.

'

By: Shalom Tidings

More
ജൂണ്‍ 12, 2024
Encounter ജൂണ്‍ 12, 2024

ഭൂമിയുടെ സൗന്ദര്യത്തോട് ചോദിക്കുക, കടലിന്‍റെ സൗന്ദര്യത്തോട് ചോദിക്കുക, സ്വയം വികസിച്ച് പ്രസരിക്കുന്ന വായുവിന്‍റെ സുഗന്ധത്തോട് ചോദിക്കുക, ആകാശത്തിന്‍റെ സൗന്ദര്യത്തോട് ചോദിക്കുക. ഇവയെല്ലാം ഉത്തരം നല്കും. അവയുടെ സൗന്ദര്യം അവയുടെ പ്രഖ്യാപനമാണ്. മാറ്റത്തിന് വിധേയമായ ഈ സുന്ദരവസ്തുക്കളെ സൃഷ്ടിച്ചത് മാറ്റമില്ലാത്ത സുന്ദരനല്ലാതെ മറ്റാര്?
വിശുദ്ധ അഗസ്റ്റിന്‍

'

By: Shalom Tidings

More
ജൂണ്‍ 11, 2024
Encounter ജൂണ്‍ 11, 2024

കുറെ വര്‍ഷങ്ങള്‍ പിറകിലേക്കൊരു യാത്ര. നഴ്‌സായി ജോലി ചെയ്യുന്ന സമയം. നഴ്‌സിംഗ് ലൈസന്‍സ് പ്രത്യേക കാലപരിധിക്കുള്ളില്‍ പുതുക്കിയെടുക്കേണ്ട ഒരു രേഖയാണ്. ഓരോ തവണ ലൈസന്‍സ് പുതുക്കുമ്പോഴും നഴ്‌സുമാര്‍ ചില ക്ലാസ്സുകളിലും മറ്റും പങ്കെടുത്ത് ആവശ്യമായ മണിക്കൂറുകള്‍ നീക്കിവച്ച് അതിനു വേണ്ടുന്ന സി. എം .ഇ (കണ്ടിന്യൂയിങ് മെഡിക്കല്‍ എഡ്യൂക്കേഷന്‍) പോയിന്റുകളും കരസ്ഥമാക്കണം. ഓണ്‍ലൈന്‍ ആയോ അല്ലാതെയോ ഇവയില്‍ പങ്കെടുക്കാവുന്നതാണ്. പല നഴ്‌സുമാര്‍ക്കും ഇതിനു സാധിക്കാറില്ല എന്നത് ഒരു സത്യവുമാണ്.

അന്ന് ഞാന്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വളരെ ക്ഷീണിതയായാണ് മുറിയില്‍ വന്നത്. കുളി കഴിഞ്ഞു കിടക്കാനൊരുങ്ങുമ്പോള്‍ മൊബൈലില്‍ ഒരു റിമൈന്‍ഡര്‍. ഇന്ന് ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതാണ്. എങ്കിലേ ലൈസെന്‍സ് പുതുക്കലിന് ആവശ്യമായ പോയിന്റ് കിട്ടൂ. കിടക്കയില്‍ കിടക്കുന്ന ഞാന്‍ ഈശോയെ ദയനീയമായി നോക്കി. ഈശോക്കുള്ള പരാതിപ്പെട്ടി തുറന്നു. ‘ദേ ഈശോയേ, തല പൊങ്ങുന്നില്ല. എനിക്ക് എവിടെയും പോകാന്‍ വയ്യ. വേറെ ഒരു ക്ലാസ് എനിക്ക് വേണ്ടി ഒന്ന് അറേഞ്ച് ചെയ്‌തേക്കണേ.’ തലവഴി പുതപ്പു വലിച്ചിട്ട് ഞാന്‍ നിദ്രയിലേക്ക് ആഴ്ന്നിറങ്ങി.

അന്ന് വൈകിട്ട് ഒരു സുഹൃത്ത് എന്നെ കാണാന്‍ വന്നു. അവളുടെ കയ്യില്‍ ഒരു സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു. എനിക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നെന്നും കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും മനസ്സിലാക്കിയ അവള്‍ എന്നോടുള്ള നിഷ്‌കളങ്ക സ്‌നേഹത്തെ പ്രതി കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരുടെ നെയിം ലിസ്റ്റില്‍ എന്റെയും പേരെഴുതിയത്രേ. കേട്ടപ്പോള്‍ എനിക്ക് പുതുമയൊന്നും തോന്നിയില്ല. കാരണം ഇതൊക്കെ പലയിടത്തും തനിയാവര്‍ത്തനങ്ങളായി കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും ആണ്.

ജോലിയുടെ ക്ഷീണം നിമിത്തം കൂടുതല്‍ ഒന്നും സംസാരിക്കാതെ ഞാന്‍ വീണ്ടും വിശ്രമത്തിലായി. അവള്‍ സര്‍ട്ടിഫിക്കറ്റ് മുറിയില്‍ വച്ച് യാത്രയായി. ഏകദേശം അഞ്ചു നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ എനിക്ക് അതിതീവ്രമായ തലവേദന അനുഭവപ്പെടാന്‍ തുടങ്ങി. എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. വേദനസംഹാരികള്‍ കഴിച്ചു നോക്കി. യാതൊരു ശമനവുമില്ല. എന്താണ് പെട്ടെന്നൊരു തലവേദനക്ക് കാരണം എന്ന് മനസ്സിലായില്ല. അന്ന് രാത്രി ഒരു നിമിഷം പോലും കിടക്കാനോ ഉറങ്ങാനോ കഴിയാതെ തല ഒരു തുണി ഉപയോഗിച്ച് കെട്ടിവച്ചു മുറിയില്‍ നടന്നുകൊണ്ടേയിരുന്നു.

നേരം പുലരാറായപ്പോള്‍ ഈശോയുടെ അടുത്ത് എന്റെ പ്രിയപ്പെട്ട തിരുഹൃദയ രൂപത്തിന് മുന്‍പില്‍ ഞാന്‍ തളര്‍ന്നു കിടന്നു. ശരീരത്തിനും മനസിനുമെല്ലാം ഭാരം അനുഭവപ്പെടുന്നു. എന്തിനെന്നറിയാത്ത ഒരു വലിയ ദുഃഖം എന്റെ ആത്മാവില്‍ നിറഞ്ഞു. ഈശോയുടെ മുഖത്തേക്ക് നോക്കി കിടക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി. ഈശോയുടെ സ്വരം ഞാന്‍ കേട്ടു, ”ആ സര്‍ട്ടിഫിക്കറ്റ് കീറിക്കളയുക. ഏറ്റുപറഞ്ഞു കുമ്പസാരിക്കുക.” തലവേദനയുടെ കാഠിന്യം പിന്നെയും കൂടിക്കൊണ്ടേയിരുന്നു. നിലത്തുനിന്ന് എങ്ങനെയോ എഴുന്നേറ്റ ഞാന്‍ ഈശോയുടെ മുന്‍പില്‍ വച്ചുതന്നെ സര്‍ട്ടിഫിക്കറ്റ് കീറിക്കളഞ്ഞു.

പെട്ടെന്നുതന്നെ ദൈവാലയത്തിലേക്ക് പോകാന്‍ ഒരുങ്ങി. ഈശോയോട് ഒരുപാട് തവണ മാപ്പു പറഞ്ഞുകൊണ്ടേയിരുന്നു. ദൈവാലയത്തില്‍ എത്തി പരിശുദ്ധ കുര്‍ബ്ബാനക്ക് മുന്‍പ് വൈദികനോട് എന്റെ തെറ്റ് ഏറ്റുപറഞ്ഞു കുമ്പസാരിച്ചു. തലവേദന അല്പം കുറയുന്നതുപോലെ അനുഭവപ്പെട്ടു. തിരിച്ച് മുറിയില്‍ വന്നപ്പോള്‍ വേദനയില്‍ അല്പം കുറവ് അനുഭവപ്പെട്ടതല്ലാതെ തലവേദന വിട്ടുമാറുന്നില്ല. ഈശോയോട് അല്പം പിണക്കം തോന്നി. ഈശോ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചതിന്റെ ഗമയില്‍ നില്‍ക്കുമ്പോഴാണ് അടുത്ത ഡയലോഗ് വരുന്നത്.
ഈശോയുടെ ഡിമാന്‍ഡ് പലപ്പോഴും ഭീകരമായി തോന്നാറുണ്ട്. അവനെ സ്‌നേഹിക്കുന്നവരോട് കുറച്ചു കൂടുതല്‍ ആയിരിക്കും എന്ന് വേണമെങ്കില്‍ പറയാം. ഉടനെ കൂട്ടുകാരിയെ വിളിക്കുകയും അവളോട് കുമ്പസാരിക്കാന്‍ പറയുകയും ചെയ്യുക എന്നുള്ളതാണ് രണ്ടാമത്തെ ടാസ്‌ക്.

ഈശോക്ക് എന്തിനാ ഇത്രയ്ക്ക് വാശി എന്നുള്ള മട്ടില്‍ ഞാന്‍ ഒരല്പം കലിപ്പ് കാണിച്ചു. പക്ഷേ തലവേദന കാരണം വേറെ നിവൃത്തിയില്ലാതായി. ഫോണില്‍ സുഹൃത്തിനെ വിളിച്ചു. അവളുടെ നിഷ്‌കളങ്കസ്‌നേഹത്തിന് ഈശോ തന്ന സ്‌നേഹസമ്മാനത്തെക്കുറിച്ച് വിവരിച്ചു. ഫോണിന്റെ മറുതലയില്‍ കരച്ചില്‍ കേള്‍ക്കാം. അല്‍പസമയത്തിനുള്ളില്‍ത്തന്നെ അവള്‍ എൻ്റെ മുറിയില്‍ വന്നു. തല കെട്ടിവച്ചു കിടക്കുന്ന എന്നെയും തിരുഹൃദയ ഈശോയെയും അവള്‍ മാറി മാറി നോക്കിക്കൊണ്ടു കണ്ണീര്‍ വാര്‍ത്തു. സമയം ഉച്ചയായി. ഇനി പരിശുദ്ധ കുര്‍ബ്ബാന വൈകുന്നേരം മാത്രമേ ഉള്ളൂ. അതിനാല്‍ അവള്‍ എന്റെ മുറിയില്‍ ഈശോയുടെ അടുത്ത് സമയം ചെലവഴിച്ചു. സമയമായപ്പോള്‍ അവള്‍ ദൈവാലയത്തിലേക്ക് പോയി. കുമ്പസാരിച്ച് ഒരുക്കത്തോടെ ഈശോയെ സ്വീകരിച്ചു.

ദൈവാലയത്തിലേക്ക് പോകും മുന്‍പ് അവളോട് ഞാന്‍ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. കുമ്പസാരം കഴിയുമ്പോള്‍ സമയം എത്രയെന്ന് നോക്കി എന്നോട് പറയണം. അവള്‍ ദൈവാലയത്തില്‍ ആയിരുന്ന സമയം ഞാന്‍ മുറിയില്‍ കിടക്കുകയായിരുന്നു. അഞ്ചുമണിക്ക് പെട്ടെന്ന് എന്റെ തലയില്‍നിന്ന് എന്തോ വസ്തു തെന്നി മാറുന്നതായി അനുഭവപ്പെട്ടു. തലവേദന പൂര്‍ണ്ണമായി എന്നെ വിട്ടുപോയി. നിമിഷങ്ങള്‍ക്കുള്ളില്‍ അവളുടെ ഫോണ്‍ കാള്‍ ലഭിച്ചു. ഞാന്‍ അവളോട് ചോദിച്ചു, ”അഞ്ച് മണിക്ക് കുമ്പസാരം കഴിഞ്ഞു അല്ലേ?!”അവള്‍ ആശ്ചര്യത്തോടെ ചോദിച്ചു, ”നീ സമയം എങ്ങനെ അറിഞ്ഞു? അഞ്ച് മണിക്കാണ് കുമ്പസാരക്കൂട്ടില്‍നിന്ന് ഞാന്‍ എഴുന്നേറ്റത്. ”ഒരു ചെറു ചിരിയോടെ ഞാന്‍ പറഞ്ഞു, ”അതേസമയം തലവേദന വിട്ടുമാറി.”
”നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും” (ജോഷ്വാ 3/5).

യേശുവിന്റെ ശിഷ്യന്മാരില്‍ പ്രധാനിയായ പത്രോസിന്റെ മൂന്ന് തള്ളിപ്പറച്ചിലുകളെ നമുക്ക് ചിന്തിക്കാം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്. ആദ്യം പത്രോസ് ‘അവനെ ഞാന്‍ അറിയുകയില്ല’ എന്ന് പറഞ്ഞുകൊണ്ട് ദൈവമായ യേശുവിനെ തിരിച്ചറിയാതെ പോയി. രണ്ടാമത് ‘മനുഷ്യാ ഞാന്‍ അല്ല’ എന്ന് പറഞ്ഞു കൊണ്ട് സ്വയം തിരിച്ചറിവില്ലാത്തവനായി മാറി. താന്‍ ആരാണെന്ന് അവന്‍ മറന്നു. മൂന്നാമതായി ‘നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞു കൂടാ’ എന്ന് പറഞ്ഞുകൊണ്ട് അവന്റെ സഹോദരങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്തവനായി. ദൈവത്തെയും സഹോദരങ്ങളെയും സ്വയവും ആരാണെന്ന് അറിയാനുള്ള തിരിച്ചറിവ് പത്രോസിനു നഷ്ടപ്പെട്ടത് എന്തുകൊണ്ട്? തിരുവചനം ഇപ്രകാരം പഠിപ്പിക്കുന്നു, ”പത്രോസ് അകലെയായി അവനെ അനുഗമിച്ചിരുന്നു” (ലൂക്കാ 22/54).

യേശുവില്‍നിന്ന് ഒരു അകലം പാലിച്ച പത്രോസ് തള്ളിപ്പറയുക എന്ന പാപത്തില്‍ മൂന്ന് തവണ ആവര്‍ത്തിച്ചു വീഴുകയാണ്. നമ്മുടെ ജീവിതത്തിലും ചില പാപാവസ്ഥകളില്‍ ആവര്‍ത്തിച്ചു വീഴുന്നത് പത്രോസിനെപ്പോലെ അകലത്തില്‍ നാം ഈശോയെ അനുഗമിക്കുന്നതുകൊണ്ടാണ്.
ദൈവത്തെയും മനുഷ്യനെയും ഒരു ചരടില്‍ കോര്‍ക്കുന്ന ബ്യൂട്ടിപാര്‍ലര്‍ ആണ് ഓരോ കുമ്പസാരക്കൂടുകളും. കുമ്പസാരിപ്പിക്കുന്ന വൈദികന്റെ യോഗ്യതയോ കുമ്പസാരിക്കുന്ന വ്യക്തിയുടെ യോഗ്യതയോ അല്ല മറിച്ച് സ്‌നേഹിതനുവേണ്ടി ജീവന്‍ ബലികഴിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ലെന്ന് സ്വന്തം ജീവന്‍ കൊടുത്തു കാണിച്ചുതന്ന യേശുവിന്റെ അതിരറ്റ സ്‌നേഹവും കരുണയുമാണ് ഓരോ ആത്മാവിനെയും പാപത്തിന്റെ ജീവനില്ലായ്മയില്‍നിന്ന് പുതിയ സൃഷ്ടിയാക്കി രൂപാന്തരപ്പെടുത്തുന്നത്.

'

By: ആന്‍ മരിയ ക്രിസ്റ്റീന

More
ജൂണ്‍ 11, 2024
Encounter ജൂണ്‍ 11, 2024

ഒരു കുഞ്ഞ് അല്പം ബുദ്ധിയുറയ്ക്കുമ്പോഴേതന്നെ തന്റെ അപ്പനും അമ്മയ്ക്കുംവേണ്ടി എങ്ങനെ അധ്വാനിക്കാം എന്ന് ചിന്തിക്കുമോ? ഇല്ല. പകരം ആ കുഞ്ഞ് മാതാപിതാക്കളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുകയാണ് ചെയ്യുക. കെട്ടിപ്പിടിക്കുക, ഉമ്മവയ്ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യും. അതാകട്ടെ മാതാപിതാക്കള്‍ക്ക് ഏറെ സന്തോഷമാണുതാനും.

ഇതുപോലെ നമ്മുടെ മറ്റ് പ്രവൃത്തികളെക്കാളും അധ്വാനങ്ങളെക്കാളുമെല്ലാം ഉപരി ദൈവത്തിന് താത്പര്യം നമ്മുടെ സ്‌നേഹത്തിലാണ്. അതിനാല്‍ത്തന്നെ പ്രാര്‍ത്ഥനയില്‍ ദൈവത്തോട് സ്‌നേഹം പ്രകടിപ്പിക്കുന്നതും നമ്മുടെ വികാരവിചാരങ്ങള്‍ തുറന്ന മനസോടെ പങ്കുവയ്ക്കുന്നതും നന്ദി പറയുന്നതും എല്ലാം അവിടുത്തേക്ക് ഏറെ പ്രീതികരമാണ്. അപ്പോള്‍ പ്രാര്‍ത്ഥന ശ്വാസോച്ഛ്വാസംപോലെ സ്വാഭാവികവും ലളിതവും ആയിക്കൊള്ളും.

'

By: Sadhu Ittyavirah

More