- Latest articles
എന്റെ അടുത്ത ബന്ധുവായ ചേച്ചി 16 വര്‍ഷ മായി വിവാഹം നടക്കാതെ വിഷമിക്കുകയായി രുന്നു. ആ ചേച്ചിയുടെ അമ്മയാകട്ടെ എന്നോട് പലപ്പോഴും ആ സങ്കടം പങ്കുവയ്ക്കും. മറ്റ് കുടുംബങ്ങളിലെ സഹോദരങ്ങളെല്ലാം വിവാ ഹിതരായി ജീവിക്കുമ്പോള്‍ ആ ചേച്ചി ഒറ്റയ്ക്ക് കഴിയുന്നത് ഞങ്ങൾക്കും സങ്കടകരമായിരുന്നു. മാത്രവുമല്ല സൗന്ദര്യമുള്ള ആത്മാവാണ് ചേച്ചിയുടേതെങ്കിലും മനുഷ്യദൃഷ്ടിയില്‍ ചേച്ചി അത്ര സൗന്ദര്യവതി ആയിരുന്നില്ല. പെന്തക്കോസ്ത് വിശ്വാസികളായിരുന്നു അവരുടെ കുടുംബം. ഈ ചേച്ചിയുടെ മൂത്ത സഹോദരന് പാസ്റ്ററായി ശുശ്രൂഷ ചെയ്യുന്നുണ്ട് . ഇവരെല്ലാവരും തന്നെ നിരവധി ഉപവാസങ്ങളും പ്രാര്‍ത്ഥനകളുമെല്ലാം വിവാഹ തടസം മാറാന്‍ നടത്തിയിട്ടുള്ളതാണ് . മാത്രവുമല്ല പല വിവാഹങ്ങളും വക്കു വരെ വന്നിട്ട് മുടങ്ങിപ്പോകുന്ന അനുഭവങ്ങളും ചേ ച്ചിക്ക് ഉണ്ടായിട്ടുണ്ട്. ദുഷ്ടാരൂപിയുടെ ഇട പെടല് ഇക്കാര്യത്തില്‍ ഉള്ളതുപോലെയാണ് അനുഭവപ്പെട്ടിരുന്നത്.
അങ്ങനെയിരിക്കേ 2018-ലെ ഈസ്റ്റര്‍ അടു ത്തുവന്നു. അതിനാല്‍ ചേച്ചിയുടെ വിവാഹം നടക്കാനായി ദൈവകരുണയുടെ നൊവേന ചൊല്ലി ഞാന്‍ പ്രാര്‍ത്ഥിക്കും എന്ന ചേച്ചിയുടെ അമ്മക്ക് ഉറപ്പുകൊടുത്തു . പക്ഷേ അവര്‍ക്ക് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ദൈവകരുണയുടെ നൊവേനയിലൂടെ അനേക കാര്യങ്ങള്‍ നേടാമെന്ന് ഈശോ മനസ്സിലാക്കിത്തന്നിട്ടുള്ളതിനാല് എനിക്ക് പ്ര തീക്ഷയുണ്ടായിരുന്നു. ഒരുപക്ഷേ തിരുസഭയി ലെ ഏറ്റവും ശക്തമായ നോവേന ദൈവകരു ണയുടെ നൊവേനയാണ്. ദുഃഖവെള്ളിയാഴ്ച ആരംഭിച്ച് ഒമ്പത് ദിവസത്തേക്കാണ് ഈ നൊവേന ചൊല്ലുന്നത്. ഈസ്റ്റര്‍ കഴിഞ്ഞു വരുന്ന ഞായറാഴ്ചയാണല്ലോ ദൈവകരുണയുടെ തിരുനാള്‍. അങ്ങനെയല്ലാതെയും എപ്പോള്‍ വേണമെങ്കിലും ഈ നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കാമെന്നും ഈശോ പറഞ്ഞിട്ടുണ്ട്.
അത്തവണ നൊവേനയില്‍ ഈ ചേച്ചിയുടെ വിവാഹം നടക്കുന്നതിനും വിധവയായി കഴിഞ്ഞ എന്റെ അമ്മയ്ക്ക് ആഴമുള്ള വിശാസജീവിതം ലഭിക്കുന്ന വിധത്തില്‍ മാനസാന്തരം ലഭിക്കുന്നതിനും ഞാന്‍ നിയോഗം വച്ചു. ഈശോ പറഞ്ഞ എല്ലാ നിബന്ധനകളും നിറവേറ്റാന്‍ ആ വര്‍ഷം അവിടുന്ന് കൃപ നല്കി.
യഥാര്‍ത്ഥത്തില്‍ ഒരു അത്ഭുതദിനംതന്നെയല്ലേ കരുണയുടെ തിരുനാള്‍! അന്ന് മുഴുവൻ കുമ്പസാരം നടത്തിയാല്‍ – ശുദ്ധീകരണസ്ഥലത്തെ കാലിക ശിക്ഷ ഒഴിവാകുകയും നേരിട്ട് സ്വര്‍ഗ്ഗപ്രവേശനം സാധ്യമാകുകയും ചെയ്യുമെന്ന് വിശുദ്ധ ഫൗസ്റ്റീനവഴി ഈശോതന്നെ വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിച്ച എനിക്ക് ഒരു നല്ല മുഴുവന്കുമ്പസാരം നടത്താ ന് ഈശോ കൃപ നല്കി.
അടുത്തുള്ള ധ്യാനകേന്ദ്രത്തില്‍ കരുണയുടെ തിരുനാള്‍ ആഘോഷിക്കുന്നുണ്ടെന്നറിഞ്ഞ ഞാൻ അങ്ങോട്ട് പോയി . കരുണയെക്കുറിച്ചുള്ള പ്രസംഗവും കേട്ട് അതിമനോഹരമായ വിശുദ്ധ കുര്‍ബാനയിലും പങ്കെടുത്തു ദൈവകരുണയെക്കുറിച്ച് ധ്യാനിച്ച് അവിടെ കുറേ സമയം ചെലവഴിച്ചു. ആത്മാവ് വിശുദ്ധീകരി ക്കപ്പെടുന്നതും ദൈവകരുണ ഒഴുകിയിറങ്ങുന്നതും അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.
അതിനുശേഷം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചു. ചേച്ചിയുടെ വിവാഹം ഉറപ്പിച്ചു. ചേച്ചിയെ കാണാന്‍ വന്ന ആള് പറഞ്ഞത് അദ്ദേഹത്തിന് കർത്താവ് ചേച്ചിയുടെ രൂപം മുമ്പേതന്നെ ദര്‍ശനത്തില്‍ കാണിച്ചുകൊടുത്തിരുന്നു എന്നാണ് . പൂര്‍ണമനസോടെയാണ് അദ്ദേഹം തന്നെ വിവാഹം കഴിക്കുന്നത് എന്നറിഞ്ഞു പല വിവാഹങ്ങളും മുടങ്ങിപ്പോയ ചേച്ചിക്ക് ദൈവം നല്കിയ വലിയ കരുണയുടെ സ്പര്‍ശം തന്നെയായിരുന്നു. പിന്നീട് വീട്ടില്‍ വന്നപ്പോള്‍ ചേച്ചി ‘ഈ നൊവേന എന്നുവെച്ചാല്‍ എന്താണെന്നു കൗതുകപൂർവ്വം തിരക്കുകയുണ്ടായി. ഈയൊരനുഭവത്തിലൂടെ നമ്മുടെ സ്വന്തം ഇഷ്ടമനുസരിച്ചുള്ള പ്രാര്‍ത്ഥനയെക്കാള്‍ ദൈവം നമുക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള പ്രാര്‍ത്ഥനകള്‍ കൂടുതല്‍ ഫലം നല്കുന്നു എന്ന എന്റെ ബോധ്യം ഒന്നുകൂടി ബലപ്പെട്ടു.
നൊവേനയിലെ അടുത്ത നിയോഗമായിരുന്ന അമ്മയുടെ കാര്യത്തില്‍ വേറൊരു രീതിയിലാണ് കര്‍ത്താവ് ഇടപെട്ടത്. നൊവേന കഴിഞ്ഞതിനുശേ ഷം അമ്മയ്ക്ക് ചെവിയില്‍ പഴുപ്പ് വന്നു. ആറിലധികം വിദഗ്ധ ഡോക്ടര്‍മാരെ കാണിച്ചിട്ടും നിരവധി മരുന്നുകള്‍ കഴിച്ചിട്ടും ആശുപത്രിയില്‍ കിടന്ന് ചികിത്സ നേടിയിട്ടും അത് മാറിയില്ല. എന്നുമാത്രമല്ല, അത് ചെവിയുടെ പിന്നിലെ അസ്ഥിയെയും ബാധിച്ചു. എന്നാല്‍ ഈ അനുഭവങ്ങളെല്ലാം അമ്മക്ക് ആത്മാര്‍ത്ഥമായ അനുതാപവും വിശുദ്ധീകരണവും ജീവിത നവീകരണവും സമ്മാനിച്ചു. അതിനുശേഷം പങ്കെടുത്ത ആദ്യ ധ്യാനത്തില്‍വച്ച് അമ്മക്ക് കര്‍മല മാതാവിന്റെ ദര്‍ശനം ലഭിച്ചു. പിന്നീട് അധികം വൈകാതെ ഒരു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വൈദികന് തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ ചെവിയുടെ നഷ്ടപ്പെട്ട കേള്‍വി തിരികെ കിട്ടുകയും ചെയ്തു . ഈ സംഭവങ്ങള്‍ പരിശുദ്ധ മാതാവിനോടുള്ള വലിയ ഭക്തിയിലേക്ക് അമ്മയെ നയിച്ചു. പിന്നീട് ആന്തരിക സൗഖ്യ ധ്യാനത്തിലൂടെ വലിയ ദൈവിക സന്തോഷം അമ്മയുടെ മനസ്സില്‍ നിറഞ്ഞു. വിമലഹൃദയ പ്രതി ഷ്ഠ നടത്തിയതോടെ അമ്മ പൂര്‍ണമായും മറ്റൊരാളായി മാറുകയായിരുന്നു. അങ്ങനെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമായി ദൈവപിതാവിന്റെ കരുണ ഒഴുകിയിറങ്ങിയ ദിനങ്ങളാണ് 2018-ലെ ദൈവകരുണയുടെ തിരുനാള്‍ എനിക്ക് സമ്മാനിച്ചത്. ദൈവകരുണയുടെ നൊവേനയിലൂടെ അനേകം അത്ഭുതങ്ങളും അനുഗ്രഹങ്ങളും ജീവിത നവീകരണവും മാനസാന്തരങ്ങളുമെല്ലാം നമ്മെ കാത്തിരിക്കുന്നുണ്ട്. കര്‍ത്താവ് നമുക്ക് നല്കുന്ന എല്ലാ ആത്മീയ ഉപകരണങ്ങളും പ്രയോജനപ്പെടുത്തുക എന്നതാണ് ഞാന്‍ ഇതില്‍ നിന്നും മനസ്സിലാക്കിയ ഒരു വലിയ സത്യം. അവിടുത്തെ അനന്തകരുണ നമ്മിലേക്ക് ഒഴുകിയിറങ്ങട്ടെ.
'ഭൂമിയിലെ രാജാക്കന്മാരില് ഒന്നാമന്മാരില് ഒന്നാമനായിരുന്നു സോളമന്! ഒരു കാര്യത്തില്‍ മാത്രമല്ല എല്ലാ കാര്യത്തിലും സോളമന് അദ്വിതീയനായിരു ന്നു. ദൈവം ഒരുനാള്‍ സോളമന് തന്നെത്തന്നെ പ്രത്യക്ഷപ്പെടുത്തി. അവിടുന്ന് സോളമനോട് അരുളിച്ചെയ്തു: “നിനക്ക് എന്തുവേണമെന്ന് പറഞ്ഞുകൊള്ളുക.” സോളമന് വളരെ വിനീതനായി ദൈവത്തോട് ഇപ്രകാരം പറഞ്ഞു: “നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ (ഇസ്രായേല്‍) ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസന് നൽകിയാലും ” (1 രാജാക്കന്മാര് 3:9). ഈ മറുപടി കേട്ട് കര്‍ത്താവ് അതീവ സന്തുഷ്ടനായി. “അവിടുന്ന് അവനോട് അരുളിച്ചെയ്തു: “നീ ദീര്‍ഘായുസോ സമ്പത്തോ ശത്രുസംഹാരമോ ആവശ്യപ്പെടാതെ നീതിനിര്‍വഹണത്തിനുവേണ്ട വിവേകം മാത്രമാണ് ആവശ്യപ്പെട്ടത്. നിന്റെ അപേക്ഷ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ജ്ഞാനവും വിവേകവും ഞാന്‍ നിനക്ക് തരുന്നു. ഇക്കാര്യ ത്തില്‍ നിനക്ക് തുല്യനായി ആരും ഉണ്ടായിട്ടില്ല.ഇനി ഉണ്ടാവുകയുമില്ല. മാത്രമല്ല നീ ചോദിക്കാത്തതുകൂടി ഞാന്‍ നിനക്ക് നലക്ുന്നു. നിന്റെ ജീവിതകാലം മുഴുവന്‍ സമ്പത്തും മഹത്വവും മറ്റൊരു രാജാവിനും ഇല്ലാത്തവിധം നിനക്ക് ഉണ്ടായിരിക്കും. നിന്റെ പിതാവായ ദാവീദിനെപ്പോലെ എന്റെ നിയമങ്ങളും കല്പനകളും പാലിക്കുകയും എന്റെ മാര്‍ഗത്തില്‍ ചരിക്കുകയും ചെയ്താല്‍ നിനക്ക് ഞാന്‍ ദീര്ഘാ യുസു നല്‍കും” (1 രാജാക്കന്മാര് 3:11-14).
ദൈവം സോളമന് രാജാവിന് മറ്റൊരു മഹത്തായ അനുഗ്രഹംകൂടി കൊടുത്തു. മറ്റൊന്നുമല്ല, ജറുസലെമില്‍ കര്ത്താവിന് വസിക്കാന്‍ ഒരു ആലയം പണി കഴിപ്പിക്കാനുള്ള അനുഗ്രഹമാണത്. അവനത് വിജയക രമായി പൂര്‍ത്തീകരിച്ചു. സോളമന്റെ കീര്‍ത്തി ലോകമെങ്ങും വ്യാപിച്ചു. ദൈവത്തോടുകൂടി അവിടുത്തെ കലപ്നകള്‍ അനുസരിച്ചു ജീവിച്ച കാലമത്രയും സോളമന് മഹത്വപൂര്ണനായ ഒരു രാജാവായിരുന്നു. ആ കാലഘട്ടം ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും ഐശ്വര്യ പൂര്‍ണമായ കാലഘട്ടവുമായിരുന്നു.
സ്ത്രീഗമനം വരുത്തിയ വിന
എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അവന്ദൈവം ഉദാരമായി കൊടുത്ത അവന്റെ മഹത്വവും കീര്‍ത്തിയും അവനെ മറ്റൊരു തിന്മയിലേക്ക് നയിച്ചു. അവന് കര്‍ത്താവിനോട് അവിശ്വസ്തത പുലര്‍ത്തിക്കൊണ്ട് അനേകം വിദേശ വനിതകളെ പ്രേമിക്കുകയും അവരെ ഭാര്യമാരായി സ്വീകരിക്കുകയും ചെയ്തു. ഫറവോയുടെ മകളെയും മൊവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സിദോന്യര്‍, ഹിത്യര്‍ എന്നിങ്ങനെ അന്യവംശങ്ങളില്പെട്ടവരും അന്യദേവന്മാരെ സേവിക്കുന്നവരും കടുത്ത വിഗ്രഹാരാധന നടത്തുന്നവരും ആയവരെയും സോളമന് ഭാര്യമാരായി സ്വീകരിച്ചു. നിങ്ങള്‍ അവരുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടരുത്. അവര്‍ നിങ്ങളുമായും! അവര്‍ നിങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ ദേവന്മാരിലേക്ക് വശീകരിച്ചുകളയും (1 രാജാക്കന്മാര് 11:1-2) എന്ന് അവരെക്കുറിച്ച് കര്‍ത്താവ് മുന്‍കൂട്ടി ഇസ്രായേലിന് കല്പന നല്‍കിയിരുന്നു. പ ക്ഷേ സോളമനാകട്ടെ അവരെ ഗാഢമായി പ്രേമിച്ചു എന്ന് എഴുതപ്പെട്ടിരിക്കുന്നു. അവന് രാജ്ഞീസ്ഥാനമുള്ള എഴുന്നൂറ് ഭാര്യമാരും മുന്നൂറ് ഉപനാരികളും ഉണ്ടായിരുന്നുവത്രേ!
ഇസ്രായേല്‍മക്കള്‍ തെറ്റു ചെയ്താല്‍ അവരെ തങ്ങളുടെ ഹീനമാര്ഗത്തില്നിന്നും പിന്തിരിപ്പിച്ച് വീണ്ടും ദൈവത്തിന് പ്രതി ഷ്ഠിക്കേണ്ടവനായിരുന്നു അഭിഷിക്തനായ സോളമന്. ദൈവത്തിന്റെ അഭിഷിക്തനായ അവന് തന്നെ സ്വന്തം ജീവിതത്തില്‍ തെറ്റു ചെയ്തുകൊണ്ട് തന്റെ ജനമായ ഇസ്രായേലിന് ദുര്‍മാതൃക നല്കി.
സോളമന്റെ അധഃപതനം അതിദയനീയ മായിരുന്നു. സ്ത്രീപ്രീതി ആഗ്രഹിച്ച് അവന് അന്യദേവന്മാരെ ആരാധിക്കുവാനും അവരുടെ വിഗ്രഹങ്ങള്‍ക്ക ്മുമ്പില് കുമ്പിടുവാനും തുടങ്ങി. “സോളമന് സീദോന്യരുടെ ദേവിയായ അസ്താര്‍ത്തയെയും അമോന്യരുടെ മ്ലേച്ഛവി ഗ്രഹമായ മില്ക്കോമിനെയും ആരാധിച്ചു…. അവന് ജറുസലേമിന് കിഴക്കുള്ള മലയില്‍ മൊവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോഷിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മൊളേക്കിനും പൂജാഗിരികള്‍ നിര്‍മിച്ചു. തങ്ങളുടെ ദേവന്മാര്ക്ക് ധൂപാര്‍ച്ചന നടത്തുകയും ബലി സമര്‍പ്പിക്കുകയും ചെയ്തിരുന്ന എല്ലാ വിജാതീയ ഭാര്യമാര്‍ക്കുംവേണ്ടി അവന് അങ്ങനെ ചെയ്തു” (1 രാജാക്കന്മാര് 11:5,7).
ദൈവം രണ്ടുവട്ടം സോളമന് പ്രത്യക്ഷപ്പെട്ട് അന്യദേവന്മാരെ ആരാധിക്കരുതെന്ന് ശാസന കൊടുത്തിട്ടും സോളമന് വകവച്ചില്ല. അതിനാല്‍ ദൈവം അത്യധികമായി കോപിക്കുകയും അവന്റെ രാജത്വം അവനില്‍നിന്ന് വേര്‍പെടുത്തി അവന്റെ ദാസന് നൽകുകയും ചെയ്തു . നോക്കണേ, മഹത്വപൂര്ണനായ ഒരു മനുഷ്യന്റെ ജീവിതത്തില്‍ സ്ത്രീഗമനം വരുത്തിവച്ച വിന! “അസന്മാര്ഗികളും വിഗ്രഹാ രാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല” (1 കോറിന്തോസ ്6:10).
അനുഭവം നല്കുന്ന പാഠം
സോളമന് ദൈവത്തിന്റെ കൃപ നിറഞ്ഞ അഭിഷിക്തനായിരുന്നു, അഭിഷിക്തനായ രാജാവ് എന്നിട്ടും സ്ത്രീഗമനം അവനെ ഹീനമായ അവസ്ഥയിലേക്ക് അധഃപതിപ്പിച്ചു. കാരണം ദൈവത്തോടുള്ള സ്നേഹത്തെക്കാള്‍ വളരെ വലുതായിരുന്നു അവനു പരസ്ത്രീകളോടുള്ള സ്നേഹം. ആ സ്നേഹവും സംസര്‍ഗവും അവനിലെ ദൈവകൃപയെ ചോര്‍ത്തിക്കളഞ്ഞു. നാമും ഒരുപക്ഷേ വലിയ ദൈവകൃപ യില്‍ വ്യാപരിച്ചുകൊണ്ടിരുന്നവരും ഇപ്പോള്‍ അങ്ങനെ വ്യാപരിക്കുന്നവരുമൊക്കെ ആയി രിക്കാം. “എന്നാല്‍ നില്ക്കുന്നു എന്നു വിചാരിക്കുന്നവന് വീഴാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളട്ടെ” (1 കോറിന്തോസ് 10:12) എന്ന കര്‍ത്താവ് നല്കുന്ന മുന്നറിയിപ്പിന് നമുക്ക് ചെവികൊടുക്കാം. കാരണം സാന്മാര്ഗിക കാര്യങ്ങളില്‍ സംഭവിക്കുന്ന അധഃപതനം നമ്മിലെ ദൈവകൃപയെ ചോര്‍ത്തിക്കളയും. പുരുഷന്മാരുടെ കാര്യത്തില്‍ മാത്രമല്ല സ്ത്രീകളുടെ കാര്യത്തിലും അങ്ങനെതന്നെ.
പലരും (സ്ത്രീകളും പുരുഷന്മാരും) കൃപയില്‍നിന്നും വീണുപോകാനുള്ള ഒരു കാരണം സാന്മാര്ഗിക കാര്യങ്ങളില്‍ സംഭ വിച്ച ശ്രദ്ധക്കുറവും സോളമന്റെ കാര്യത്തിലെന്നതുപോലെ പലവട്ടം ദൈവം താക്കീതു ചെയ്തിട്ടും തിരുത്തുവാനുള്ള താല്പര്യമില്ലായ്മയും മനസുകേടും ഒക്കെയാണ്. ഇത് സോളമന്റേതുപോലുള്ള ഹീനമായ പരിത്യക്താവസ്ഥയിലേക്ക് നമ്മെ എത്തിക്കുകയും ചെയ്യും.”കൂടെക്കൂടെ പെയ്യുന്ന മഴവെള്ളം കുടിക്കുകയും ആര്‍ക്കുവേണ്ടി കൃഷി ചെയ്യപ്പെടുന്നുവോ അവരുടെ പ്രയോജനത്തിനായി സസ്യങ്ങളെ മുളപ്പിക്കുകയും ചെയ്യുന്ന ഭൂമി ദൈവത്തില്‍നിന്നും അനുഗ്രഹം പ്രാപിക്കുന്നു. ഞെരിഞ്ഞിലുകളും മുള്ളുകളുമാണ് പുറപ്പെടുവിക്കുന്നതെങ്കിലോ അത് പരിത്യക്തമാണ്. അതിന്മേല് ശാപം ആസന്നവുമാണ്. ദഹിപ്പിക്കപ്പെടുക എന്നതായിരിക്കും അതിന്റെ അവസാനം” (ഹെബ്രായര്‍ 6:7-8).
തിരുത്തലുകളെ അവഗണിച്ചാല്‍
സോളമനെ തിരുത്തുവാന്‍ രണ്ടുവട്ടം ദൈവമവന് നേരിട്ട് പ്രത്യക്ഷപ്പെട്ട് താക്കീതു ചെയ്തു. എന്നിട്ടുമവന്‍ തിരുത്തിയില്ല. നമ്മെ ദൈവം തിരുത്തുന്നത് നേരിട്ട് പ്രത്യക്ഷപ്പെട്ട് ആയിരിക്കണമെന്നില്ല. മേലധികാരികളിലൂടെയോ ഒരു കൗണ്സിലറിലൂടെയോ ഒരു ധ്യാനത്തിലൂടെയോ ദൈവവചനശ്രവണത്തിലൂടെയോ ഒക്കെയാകാം. അതുമല്ലെങ്കില്‍ നമ്മുടെ ജീവിതപങ്കാളിയിലൂടെയോ സഹപ്രവര്ത്തകരിലൂടെയോ അയല്ക്കാരിലൂടെയോ നമ്മുടെ സഹോദരങ്ങളിലൂടെയോ ഒക്കെ ദൈവത്തിന്റെ സ്വരവും തിരുത്തലും നമ്മെ തേടിവരാം. അതല്ലെങ്കില്‍ നമ്മുടെ മനഃസാക്ഷിതന്നെ പലവട്ടം നമ്മുടെ പ്രവൃത്തികള്‍ക്ക് നേരെ വിരല്‍ചൂണ്ടുന്ന ദൈവത്തിന്റെ ചൂണ്ടുപലകയായി ട്ടുണ്ടാകാം. പള്ളിയില്‍ ഒരു കുമ്പസാരക്കൂടും കുമ്പസാ രിപ്പിക്കുവാന്‍ ഒരു അച്ചനും ഉള്ളതുകൊണ്ട് ഇതൊന്നും അത്ര കാര്യമാക്കാനില്ല എന്നതായിരിക്കും ഒരുപക്ഷേ നമ്മളറിയാതെതന്നെ നാം സ്വീകരിച്ചിരിക്കുന്ന മാനസികാവസ്ഥ.അങ്ങനെയെങ്കില്‍ “പാപം ആവർത്തിക്കരുത് ,ആദ്യത്തേതുപോലും ശിക്ഷിക്കപ്പെടാതിരിക്കുകയില്ല” (പ്രഭാഷകന്‍ 7:8) എന്ന തിരുവചനം നമുക്ക് നല്കുന്ന മുന്നറിയിപ്പെങ്കിലും അവഗണിക്കാതിരിക്കുക.
തെറ്റായ അറ്റാച്ച്മെന്റുകള്‍
സോളമന് വിദേശ വനിതകളോട് തോന്നിയ കലശലായ പ്രേമമാണ് സോളമന്റെ അധഃപതനത്തിന്റെ തുട ക്കം. നമ്മുടെയൊക്കെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ദൈവഹിതത്തിന് നിരക്കാത്തതായ ചില അറ്റാച്ച്മെന്റു കളായിരിക്കാം ഇന്നത്തെ നമ്മുടെ ദൈവവവഴി വിട്ടുള്ള ജീവിതത്തിന്റെ തുടക്കം. പുരുഷനും സ്ത്രീയും തമ്മിലും പുരുഷനും പുരുഷനും തമ്മിലും സ്ത്രീയും സ്ത്രീയും തമ്മിലുമൊക്കെ ഇന്നത്തെ കാലത്ത് ഈ വഴിവിട്ട അറ്റാച്ച്മെന്റുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇതൊക്കെ ഇന്നത്തെ കാലത്തു വളരെ സ്വാഭാവികം, അതില്‍ വലിയ കാര്യമൊന്നുമില്ല എന്നുള്ള രൂപേണ നമ്മള് അതിനെ മനസില്‍ സൂക്ഷിച്ചു സ്നേഹിക്കുകയും അതില്‍നിന്നൊഴിവാകാന്‍ ശ്രമിക്കാതിരിക്കുകയും അതിനെ തേനൂട്ടി വളര്‍ത്തുകയുമൊക്കെ ചെയ്ത് മുന്നോട്ട് പോയാല്‍ ആ സ്നേഹം നമ്മെ സാവധാനത്തില്‍ സോളമന് സംഭവിച്ച ദുരന്തത്തിലേക്ക് വലിച്ചെഴച്ചെന്നിരിക്കും . തിരുവചനങ്ങള്‍ നമ്മോടാവശ്യപ്പെടുന്നു, “സാത്താന് നിങ്ങള്‍ അവസരം കൊടുക്കരുത് ‘(എഫേസോസ് 4:27). അതു നിങ്ങളിലെ ദൈവകൃപയെ ചോര്‍ത്തിക്കളയും.
പെണ്ണൊരുമ്പെട്ടാല്‍…!!
ഇസ്രായേല്‍ ജനത്തെ ഫിലിസ്ത്യരുടെ ആധിപത്യത്തില്‍നിന്നും മോചിപ്പിക്കുവാന്വേണ്ടി ജനിക്കുംമുമ്പേ ദൈവത്താല്‍ അഭിഷിക്തനായിത്തീര്ന്നവനായിരുന്നു ന്യായാധിപനായ സാംസണ്. അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിനുമുമ്പേ മുന്നമേ കൂട്ടി തിരഞ്ഞെടുക്കപ്പെട്ടവന്‍! യുദ്ധവീരനും നാസീര്വ്രതക്കാരനുമായ സാംസണ് ദൈവാത്മാവിന്റെ സഹായത്താല്‍ ഫിലിസത്യരെ തോല്പിച്ചു തോല്പിച്ച് മുന്നേറിക്കൊണ്ടിരുന്നപ്പോഴാണ് അവന് സ്നേഹിച്ചിരുന്ന ദലീല എന്ന സ്ത്രീയെ ഫിലി സ്ത്യര്‍ തങ്ങളുടെ തുറുപ്പുചീട്ടായി കളത്തിലിറക്കുന്നത്. സാംസണ് ദലീലയെ ആഴത്തില്‍ സ്നേഹിച്ചിരുന്നു.
ദലീല സാംസണോട് വളരെ അടുത്തു പെരുമാറി മൂന്നുവട്ടം അവന്റെ ശക്തിയുടെ രഹസ്യം ചോര്‍ത്തിയെ ടുക്കുവാന്‍ ശ്രമിച്ചു. പക്ഷേ ഓരോ വട്ടവും സാംസണ് തെറ്റായ വിവരങ്ങള്‍ നൽകി തന്റെ ശക്തിയുടെ രഹസ്യം അവളില്‍നിന്നും മറച്ചുവച്ചു. അങ്ങനെ മൂന്നുവട്ടവും ഫിലിസത്യനേതാക്കള് പരാജയപ്പെട്ടു. പക്ഷേ ദലീല വഞ്ചകിയാണെന്നു തിരിച്ചറിഞ്ഞിട്ടും ദലീലയോടുള്ള സ്നേഹബന്ധം വിട്ടൊഴിയാന്‍ സാംസണ് തയാറാകുന്നില്ല എന്നതാണ് അതിശയകരമായ ഒരു സത്യം. മാത്രമല്ല നാലാം പ്രാവശ്യം അവള് പുതിയ അടവുകളുപയോഗിച്ചപ്പോള് അവന്റെ ശക്തിയുടെ രഹസ്യം പറഞ്ഞുകൊടുക്കുന്നു. അവള്‍ക്ക് തന്നോടുള്ള സ്നേഹം നഷട്മാകാതിരിക്കാന്വേണ്ടിയാണ് ആ രഹസ്യം അവള്‍ക്ക് അവന് പറഞ്ഞുകൊടുക്കുന്ന ത്. കാരണം അവന് ദലീലയോടുള്ള സ്നേഹബന്ധവും അതിലൂടെ കിട്ടുന്ന ജഡികസുഖങ്ങളും ഉപേക്ഷിക്കുക എന്നത് അത്രമേല്‍ അസാധ്യമായിരുന്നു.
ദലീല തന്ത്രപൂര്‍വം അവനെ മടിയില്‍ കിടത്തി ഉറക്കി. അവന് ഗാഢനിദ്രയിലായിരിക്കുമ്പോള്‍ ഫിലിസ്ത്യ നേതാക്കള്‍ വന്ന് അവന്റെ തല ക്ഷൗരം ചെയ്തു . അപ്പോള്‍ കര്‍ത്താവിന്റെ ആത്മാവ് അവനെ വിട്ടുപോയി…! കൃപ ചോര്ന്നവനായി അവന് അധഃപതിച്ചു.
ഫിലിസ്ത്യര്‍ അവനെ പിടിച്ച് ബന്ധിച്ച് രണ്ടു കണ്ണുകളും ചൂഴ്ന്നെടുത്തു. അവനെ കാരാഗൃഹത്തിലടച്ചു. മാവു കുഴയക്ക്ുന്ന ജോലിയിലേര്‍പ്പെടുത്തി. അപ്പോഴാണ് സാംസണ് സുബോധമുണ്ടായത്. അവന് പശ്ചാത്തപിച്ച് കര്‍ത്താവിനോട് മാപ്പു ചോദിച്ചു. ഒരിക്കല്‍ക്കൂടി തന്നെ ശക്തിപ്പെടുത്തണമേയെന്നു പ്രാർത്ഥിച്ചു . ദൈവം പ്രാര്‍ത്ഥന കേട്ടു. താന്‍ ജീവിച്ചിരുന്നപ്പോള്‍ കൊന്നതിനെക്കാള്‍ കൂടുതല്‍ ആളുകളെ തന്റെ മരണസമയത്ത് കൊന്നുകൊണ്ടാണ് സാംസൺ മരിക്കുന്നത്. സോളമനില്നിന്നും സാംസണ് ഒരു വ്യത്യാസമുണ്ട്. അവന് തെറ്റു തിരിച്ചറിഞ്ഞു പശ്ചാത്തപിച്ചു . അവന്റെ പശ്ചാത്താപം സ്വീകരിച്ച ദൈവം അവനെ വീണ്ടും അനുഗ്രഹിച്ചു.
കൃപചോരലിന്റെ വഴിയിലൂടെയാണോ നമ്മളും സഞ്ചരിക്കുന്നത്? പലവട്ടം പലരിലൂടെ ദൈവം മുന്നറിയിപ്പ് തന്നിട്ടും താക്കീതു ചെയ്തിട്ടും ഉപേക്ഷിക്കാനാവാത്ത വഴിതെറ്റിയ സ്നേഹവുമായി നാം മരണവഴികളിലൂടെ അതിശീഘ്രം പായുകയാണോ? ഒന്നു നില്ക്കുക, ഒരു നിമിഷം! സാംസണെപ്പോലെ നമുക്കനുതപിക്കാം. തിരികെ വരാനും ദൈവസന്നിധിയില്‍ പുനഃപ്രതിഷ്ഠ നേടാനും ദൈവം വരം തരും.
'അറിയപ്പെടാത്ത ഒരാത്മാവിന്റെ സങ്കീര്‍ത്തനങ്ങള്‍
ഞാനൊരു സ്വപന്ം കണ്ടു. ഞാനും ഈശോയും കടൽത്തീരത്ത് നിൽക്കുകയാണ് .അപ്പോൾ യേശു പറഞ്ഞു,”ഞാന്‍ ഈ കടലിന്റെ മറുകരയില്‍ നിന്നെ കാത്തു നില്ക്കും. നീ തനിയെ ഈ വഞ്ചിയില്‍ കയറി മറുകരക്ക് എത്തണം.
“ഞാന്‍ പറഞ്ഞു, “എനിക്ക് പേടിയാണ്. എത്രയോ വലിയ തിരകളാണുള്ളത്.
“യേശു പറഞ്ഞു, “നീ പേടിക്കേണ്ട. ഇതു നിന്നെ മുക്കികളയുകയില്ല. ഈ വഞ്ചിയില്‍ കയറിയിരിക്കുക. വഞ്ചി നിന്നെ സുരക്ഷിതമായി മറുകരയ്ക്കെത്തിച്ചു കൊള്ളും.” ഇത് പറഞ്ഞ് യേശു അപ്രത്യക്ഷനായി. ഞാനും വഞ്ചിയും ആര്‍ത്തിരമ്പുന്ന കടലും മാത്രമായി. ഞാന്‍ മനസ്സില്ലാമനസ്സോടെ,പേടിയോടെ,ഈശോയേ രക്ഷിക്കണേ എന്ന് വിളിച്ചു പ്രാർത്ഥിച്ച വഞ്ചിയിൽ കയറിയിരുന്നു. വഞ്ചി മുന്നോട്ടുനീങ്ങി.
അപ്പോഴാണ് ഒരു വലിയ തിര വരുന്നത് കണ്ടത്. ഈശോയേ രക്ഷിക്കണേ എന്ന് നില വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അപ്പോള്‍ ആ തിരയുടെ മുകളില്‍കൂടി വഞ്ചി പോയി. അതു പോയല്ലോ എന്ന് ആശ്വസിച്ചപ്പോള്‍ അതാ വരുന്നു അടുത്ത തിര. അങ്ങനെ ഓരോ തിരവരുമ്പോഴും ഞാന്‍ നിലവിളിക്കും. വഞ്ചി ഒന്ന് ആടിയുലയുമെങ്കിലും ആ തിരയുടെ മുകളില്കൂ ടി മുന്നോട്ടുപോയിക്കൊണ്ടിരുന്നു . അവസാനം വഞ്ചി മറുകരയ്ക്കെത്തി.
യേശു നോക്കിനില്‍ക്കുകയാണ്. യേശു ചോദിച്ചു, “എങ്ങനെയുണ്ടായിരുന്നു യാത്ര?” ഞാന്‍ പറഞ്ഞു, “എനിക്കിഷ്ടപ്പെട്ടില്ല, ഞാന്‍ പേടിച്ചാണ് ഇരുന്നത് .’ ‘ യേശു ചോദിച്ചു , “ഈ യാത്ര നീ ആസ്വദിച്ചില്ലേ? ഈ യാത്രയില്‍ നീ എന്നെ സ്നേഹിച്ചോ?” ഞാന്‍ പറഞ്ഞു, “ഇല്ല. എന്റെ മനസ്സുനിറയെ ഭയവും ഉത്കണ്ഠയും ആയിരുന്നു.”
യേശു പറഞ്ഞു, “സമുദ്രത്തിലൂടെ കടന്നു പോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല (ഏശയ്യാ 43 : 2) നീ ദൈവ പരിപാലനയില്‍ വിശ്വസിക്കുക. ഒരവസരംകൂടി തരുന്നു. ഒരു പ്രാവശ്യംകൂടി ഇതുപോലെ വരണം. ഞാന്‍ ഇവിടെത്തന്നെ കാണും, ഭയപ്പെടേണ്ട.”
ഇപ്പോള്‍ പിന്നെയും ഞാന്‍ പഴയ സ്ഥാനത്തായി. ഞാനും വഞ്ചിയും ആര്‍ത്തിരമ്പുന്ന കടലും. എനിക്ക് ആദ്യം കുറച്ച് ഇഷ്ടക്കേടും ഭയവും മനസ്സില്‍ തോന്നിയെങ്കിലും ‘ഈശോയേ ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു’ എന്ന് സുകൃതജപം ചൊല്ലി വഞ്ചിയില്‍ കയറി യാത്ര ആരംഭിച്ചു. ഓരോ വലിയ തിര വരുമ്പോഴും ആ തിരയെ നോക്കി ഞാന്‍ പറയാന്‍ തുടങ്ങി. “പിതാവേ ഞാന്‍ അങ്ങയുടെ സ്നേഹത്തില്‍ വിശ്വസിക്കുന്നു.തന്റെ ഏകജാതനെ നല്കാന് തക്കവിധം അങ്ങു എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.ഞാന്‍ അങ്ങയുടെ കരുണയില്‍ ശരണപ്പെടുന്നു. ഞാന്‍ അങ്ങയുടെ മകളാണ്. അങ്ങയുടെ നന്മയില് ഞാന്‍ പ്രത്യാശിക്കുന്നു.അതായതു അങ്ങു എനിക്ക് നല്ലതു മാത്രമേ ചെയ്യുകയുള്ളൂ. അങ്ങയുടെ പരിപാലനയില്‍ ഞാന്‍ വിശ്വസിക്കുന്നു. ഐ ലവ് യു ആബാ.”
പതിയെപ്പതിയെ എന്റെ ഉള്ളിലെ ഭയവും ഉതക്ണ്ഠയും മാറിപ്പോയി. ഉള്ളില്‍ സ്നേഹവും സന്തോഷവും സമാധാനവും നിറയാന്‍ തുടങ്ങി. എനിക്ക് ചുറ്റിലുമുള്ള മനോഹരമായ കടല്‍, കടലിന്റെ മുകളില്‍ കൂടി പറക്കുന്ന പക്ഷികള്‍, കടല്‍മത്സ്യ ങ്ങള്, വളരെ മനോഹരമായ ആകാശം…. അങ്ങനെ യാത്ര വളരെ ആസ്വാദ്യമായി എനിക്ക് തോന്നി. അവസാനം വഞ്ചി മറു കരയിലെത്തി.
യേശു ചോദിച്ചു, “എങ്ങനെയുണ്ടായിരുന്നു യാത്ര?”
ഞാന്‍ പറഞ്ഞു, ” ലൈഫ് ഈസ് ബ്യൂട്ടിഫുൾ , ഐ ലവ് യു ജീസസ്.” എന്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് ഈ സംഭവം. എനിക്ക് പൊതുവെ ഭയവും ഉതക്ണഠ്യും കൂടുതലാണ്. പെട്ടന്ന് സങ്കടവും വരുമായിരുന്നു. എന്നാല്‍ ഞാന്‍ ജീവിതം ആസ്വദിക്കാന്‍ തുടങ്ങിയത് ദൈവത്തെ സ്നേഹിക്കാന്‍ തുടങ്ങിയപ്പോഴാണ്. ദൈവം എന്റെ പിതാവാണ്. അവിടുന്ന് എപ്പോഴും എന്നോടുകൂടെയുണ്ട്. ദൈവം കരുണയാണ് . എന്റെ ഏത് അവസ്ഥയിലും അവിടുന്ന് എന്നെ സ്നേഹിക്കുന്നുണ്ട്. എന്നെ ഉപേക്ഷിക്കില്ല. മാത്രമല്ല അവിടുന്ന് എന്നെ പരിപാലിക്കുകയും ചെയ്യുന്നു. ദൈവം നന്മയാണ്. എനിക്ക് നല്ലതുമാത്രമേ അവിടുന്ന് ചെയ്യുകയുള്ളൂ. ഈ ഒരു വിശ്വാസം ഏത് ജീവിത പ്രതിസന്ധികളെയും അതിജീവിക്കാന്‍ എനിക്ക് ശക്തി നല്കി.
വിടുതലിന്റെ താക്കോലാണ് വിശ്വാസം. ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന ഈ വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് നമ്മുടെ ജീവിതത്തില്‍, ‘സാത്താന് കൊണ്ടുവരുന്ന മലകളേ, ഇവിടെനിന്നു മാറി കടലിൽ ചെന്ന് വീഴുക’ എന്നു പറഞ്ഞാല്‍ അത് സംഭവിക്കും.
പ്രാര്‍ത്ഥന
പിതാവേ, ഞാന്‍ അങ്ങയുടെ സ്നേഹത്തില്‍ വിശ്വസിക്കുന്നു. അങ്ങയുടെ കരുണയില്‍ ശരണപ്പെടുന്നു. അങ്ങയുടെ നന്മയില് ഞാന്‍ പ്രത്യാശിക്കുന്നു.
'
ആശ്രമത്തില്‍ എല്ലാ ആഴ്ചയിലും പ്രാര്‍ത്ഥിക്കാന്‍ വന്നിരുന്ന ഒരു സഹോദരി ഇടക്കാലംവച്ച് വരവ് നിര്‍ത്തി. എന്തെങ്കിലും ശാരീരിക അസുഖമായിരിക്കുമെന്നാണ് കരുതിയത്. പിന്നീടൊരിക്കല്‍ പ്രാര്‍ത്ഥിക്കാനായി ആ സഹോദരിയുടെ പ രിചയക്കാരുടെ വീട്ടില്‍ പോകുവാനിട യായി. അവരാണ് ആ സ്ത്രീവരാത്തതിന്റെ യഥാര്‍ത്ഥ കാരണം വിവരിച്ച ത്. ഒരു ഞെട്ടലോടെ ഞാനത് കേട്ടു. ആ സ്ത്രീയുടെ ആ ജന്മശത്രുവായ ഭര്‍തൃസഹോദരനും കുടുംബവും ഞങ്ങളുടെ ആശ്രമത്തില്‍ പ്രാര്‍ത്ഥിക്കാനായി വരുന്നതുകൊണ്ടാണത്രേ അവര്‍ വരവു നിര്‍ത്തിയത്. അവര്‍ക്കാണ് എപ്പോഴും സാമ്പത്തികമായ ഉന്നമനം. ഇതേ ദൈവാലയത്തില്‍ അവരെയാണ് മാതാവ് കൂടുതല്‍ അനുഗ്രഹിക്കുന്നത്.അതുകൊണ്ട് അവരുടെ മുഖം കാണാതിരിക്കാനും അവരെക്കാള്‍ കൂടുതല്‍ കൃപ ലഭിക്കാനുമായി മറ്റൊരു ദൈവാലയത്തിലേക്കാണ് യാത്ര! അസൂയയും കോപവും ശത്രുതയും ഒരുവനെ ദൈവത്തില്‍നിന്നും അകറ്റുമെന്നത് ഉദാഹരണസഹിതം വിശ്വസിക്കുവാന്‍ നിര്‍ബന്ധിതനായി.
സത്യത്തില്‍ എന്റെയും നിങ്ങളുടെയും ആധ്യാത്മിക ജീവിതത്തിന്റെ ഉന്നമനത്തിനുമേല് വീഴുന്ന ഒരു കുരുക്കല്ലേ അസൂയ? അസൂയ എന്ന വാതിലിലൂടെയാണ് സാത്താന് ലോകത്തിലേക്ക് പ്രവേശിച്ചത് എന്നു പറഞ്ഞത് ഫ്രാന്‍സിസ് മാര്‍പാപ്പ യാണ്. അസൂയ എന്നത് മറ്റുള്ളവരുടെ വസ്തുക്കള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ദുഃഖവും അവയെ സ്വന്തമാക്കാനുള്ള ക്രമരഹിതമായ ആഗ്രഹവുമാണെന്ന് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നുണ്ട് (സി സിസി 2253).അങ്ങനെയെങ്കില്‍ അസൂയ എന്നത് പത്താം പ്രമാണത്തിന്റെ പ്രകടമായ ലംഘനവും ഒരു മൗലികപാപവുമാണെന്ന് നിശ്ചയമായും പറയുവാന്‍ കഴിയും.
ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും പലപ്പോഴും ചിന്തിക്കുന്നത് നമുക്ക് അസൂയ ഇല്ലെന്നതാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും സത്യമതല്ല. നാം പോലുമറിയാതെ നമ്മില്‍ വളരെ എളുപ്പത്തില്‍ പ്രവേശിച്ച് അതിവേഗം വേരുപാകുന്ന പാപമാണ് അസൂയ. നമ്മില്‍ അസൂയ ഉണ്ടോ എന്ന് തിരിച്ചറിയുവാന്‍ സഹായിക്കുന്ന ഏതാനും ചില എളുപ്പവഴികള്‍ കുറിക്കട്ടെ.
1. ഒരുവന് സൗഭാഗ്യങ്ങളും നേട്ടങ്ങളും ഉണ്ടാകുമ്പോള്‍ എന്റെ മനസ് അസ്വസ്ഥമാകാറുണ്ടോ? ( എന്നെക്കാള്‍ നന്നായി ഒരാള്‍ പ്രസംഗിക്കുന്നത് കേള്‍ക്കുമ്പോള്‍, പാടുന്നത് കേള്‍ക്കുമ്പോള്‍, കൂടുതല്‍ ഉയര്‍ന്ന ജോലി ലഭിച്ചെന്നറിയുമ്പോള്‍, മാര്‍ക്ക് ലഭിച്ചുവെന്നറിയുമ്പോള്‍)
2. അന്യന്റെ വസ്തുക്കള്‍ സ്വന്തമാക്കണമെന്ന അതിയായ ആഗ്രഹം തോന്നാറുണ്ടോ?.
3. മറ്റുള്ളവന്റെ നാശം കാണാന്‍ ആഗ്രഹിച്ച് കുതന്ത്രങ്ങള്‍ മെനയാറുണ്ടോ?
4. തന്റെ തകര്‍ച്ചകള്‍ക്ക് കാരണം അപരനാണെന്ന് ആവര്‍ത്തിച്ച് പറയാറുണ്ടോ?
5. നമ്മെക്കാള്‍ മെച്ചപ്പെട്ടവരെക്കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ നടത്തുകയോ ഏഷണി പറയുകയോ ഹീനമായി സംസാരിക്കുകയോ ചെയ്യാറുണ്ടോ?
6. അപരന്റെ നേട്ടങ്ങളെല്ലാം ക്രമരഹിതമായ മാര്‍ഗത്തിലൂടെയാണെന്ന് പറയാറുണ്ടോ?
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും നമ്മിലുണ്ടെങ്കില്‍ അസൂയയുടെ വിത്തുകള്‍ നമ്മില്‍ മുളപൊട്ടിത്തുടങ്ങി എന്നുവേണം കരുതാന്‍. അവയെ മുളയിലേ നുള്ളിയാല്‍ നല്ലത്. എന്നാല്‍ കൂടുതല്‍ വേരൂന്നാനും വളരാനും അനുവദിച്ചാലോ? അത് ഏറെ അപകടങ്ങള്‍ സൃഷ്ടിക്കും. അസൂയയുടെ തിക്തഫലങ്ങള്‍ ഏതെല്ലാമാണെന്നുകൂടി അറിഞ്ഞിരിക്കുന്നത് ഉചിതമായിരിക്കും.
1. അസൂയയുടെ തിക്തഫലത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ ഇങ്ങനെ അഭിപ്രായപ്പെടുന്നു:
അസൂയ ഒരു വ്യക്തിയെ ദൈവത്തോടു ചേര്‍ന്നു നില്‍ക്കുന്നതില്‍നിന്നും അകറ്റി സഹോദരനെതിരെ അമര്‍ഷം വളര്‍ത്തി ഉള്ളിലുള്ള ആനന്ദത്തെ നശിപ്പി ച്ചുകളയുന്നു. അങ്ങനെയുള്ള വ്യക്തികള്‍ ആത്മസന്തോഷം നഷ്ടപ്പെട്ട് അപ്രതീക്ഷിതമായി രോഗാവസ്ഥയിലേക്ക് നിപതി ക്കും. അതുകൊണ്ടാണ് വചനം പറയുന്നത്: “പ്രശാന്തമായ മനസ് ശരീരത്തിന് ഉന്മേഷം നല്കുന്നു. അസൂയ അസ്ഥികളെ ജീര്‍ണിപ്പിക്കുന്നു” (സുഭാഷിതങ്ങള്‍ 14:30). അസൂയയും കോപവും ജീവിതത്തെ വെട്ടിച്ചുരുക്കുമെന്നും (പ്രഭാഷകന്‍ 30:24) വചനം പറയുന്നുണ്ട്. ചുരുക്കത്തില്‍ അസൂയ ആയുസ് കുറയ്ക്കുമെന്നു സാരം.
2. അസൂയ ഒരു വ്യക്തിയെ കഠിനഹൃദയനും കൊലപാതകിയുമാക്കുന്നു. മനഃശാസ്ത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കായേന് സിന്‍ഡ്രം. ആബേല്‍ ദൈവത്തിന് ഇഷ്ടമുള്ള കാഴ്ചയര്പ്പിച്ചതുകൊണ്ടാണ് ദൈവം ആബേലിന്റെ തന്നിഷ്ടം നിറവേറ്റി തനിക്കിഷ്ടമുള്ളത് സമര്‍പ്പിച്ച കായേന് മനസിലായില്ല. തന്മൂലം അവന് കഠിനഹൃദയനും കൊലപാതകിയുമായി മാറുന്നു (ഉല്പത്തി4). ജോസഫിനെ സഹോദരന്മാര് കൊല്ലാന്‍ ശ്രമിക്കുന്നതും (ഉല്പത്തി 37), സാവൂള്‍ ദാവീദിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതുമെല്ലാം (1സാമുവല്‍19) അസൂയയുടെ പരിണതഫലങ്ങളായി ബൈബിള്‍ ചൂണ്ടിക്കാണിക്കുന്ന സംഭവങ്ങളാണ്.
3. അസൂയ കുടുംബത്തെയും സമൂഹത്തെയും തകര്‍ക്കുന്ന ആശങ്കയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെടുന്നുണ്ട്.
4. അസൂയ എന്ന തിന്മ വിധേയത്വമില്ലായ്മയിലേക്കും അനുസരണക്കേടിലേക്കും താന്‍പോരിമയിലേക്കും നയിക്കും. ഇതില്‍ കൂടുതല്‍ തിക്തഫലങ്ങള്‍ അസൂയക്കുണ്ടെന്ന് നമ്മുടെ ജീവിതാനുഭവങ്ങള്‍തന്നെ ചികഞ്ഞെടുത്താല്‍ മനസിലാക്കാവുന്നതേയുള്ളൂ. കാര്യങ്ങള്‍ ഇങ്ങനെയാകുമ്പോള്‍ അസൂയയെ എങ്ങനെ നിര്‍മാര്‍ജനം ചെയ്യാം എന്നതും ചിന്തനീയമാണ്.അസൂയ ഇല്ലാതാകണമെങ്കില്‍:
1. അപരനെ ആത്മാര്‍ത്ഥമായി സ്നേഹിക്കാന്‍ ശ്രമിക്കുക. അപരന്റെ നന്മയില് അവനോടൊപ്പം സന്തോഷിക്കുക, കര്ത്താവിന് നന്ദി പറയുക. മറിയത്തിനുണ്ടായത് ഈ മനോഭാവമാണ്. അവള് എലിസബത്തിന്റെ ആനന്ദത്തില്‍ പങ്കാളിയായി. മാത്രമല്ല, തനിക്ക് ലഭിച്ച കൃപയെക്കാള്‍ എലിസബത്തിന് ലഭിച്ച ദൈവകൃപയെ ഓര്‍ക്കുവാനും അതെക്കുറിച്ച് ദൈവത്തിന് നന്ദി പറയുവാനും പരിശ്രമിച്ചു. ആദിമസഭയില്‍ അപ്പസ്തോലന്മാര്ക്കും ഉണ്ടായിരുന്നു ഈ മനോഭാവം. ദൈവം പൗലോസിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു എന്നു കേട്ടപ്പോള്‍ ഏവരും സന്തോഷിക്കുന്നതായും ദൈവത്തെ സ്തുതിക്കുന്നതായും വചനം സാക്ഷ്യപ്പെടുത്തുന്നുണ്ട് (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 21:20).സ്നേഹം അസൂയപ്പെടുന്നില്ലെന്ന് പൗലോസ് ശ്ലീഹാ പറഞ്ഞുവച്ചതും അതുതന്നെയാണ് (1 കോറിന്തോസ് 13:4). അസൂയ തോന്നുന്നവരോട് സ്നേഹത്തോടെ പെരുമാറാനുള്ള ബോധപൂര്‍വമായ ശ്രമം അനിവാര്യമാണ്.
2. ദൈവകൃപയില്‍ ആശ്രയിക്കുക. ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട് (1 കോറിന്തോസ് 4:7) എന്ന വചനം ഓര്‍ക്കുന്നത് നല്ലതാണ്. ഏതൊരു വ്യക്തിക്കും ലഭിക്കുന്ന അനുഗ്രഹങ്ങള്‍ ദൈവികദാനമാണ്. ആ മികവ് ദൈവത്തിനുള്ളതാണ് എന്ന് വിശ്വസിക്കുക.
3. എന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്റെ ആത്മാവിന്റെ രക്ഷയാണെന്ന് ചിന്തിക്കുക. വളരെയധികം പണമുണ്ടായിട്ട് എന്തു കാര്യം? ധനവാന്റെയും ലാസറിന്റെയും ഉപമ (ലൂക്കാ 16:19-31) എത്രയോ മനോഹരമായാണ് അത് സൂചിപ്പിക്കുന്നത്.
4. ഓരോരുത്തരും അവര്‍ക്ക് ലഭിച്ച ചെറുതും വലുതുമായ അനുഗ്രഹങ്ങളെക്കുറിച്ച് സദാ നന്ദിയുള്ളവരായിരിക്കുക.
5. അപരനെ അനുഗ്രഹിച്ച ദൈവം എന്റെ കാര്യത്തിലും ശ്രദ്ധാലുവാണെന്നും ഉചിതമായ സമയത്ത് എന്നെയും അനുഗ്രഹിക്കുമെന്നും വിശ്വസിക്കുക (1 പ ത്രോസ് 5:6). അസൂയയുടെ വാതായനങ്ങള്‍ അടയ്ക്കുവാന്‍ സ്നേഹത്തിന്റെ വാതായനങ്ങള്‍ തുറക്കാം. സ്നേഹത്തിന്റെ കവാടങ്ങളിലൂടെ ഒരിക്കലും സാത്താന് പ്രവേശിക്കുകയില്ല, തീര്‍ച്ച.
'
അതൊരു മാസാദ്യവെള്ളിയാഴ്ചയായിരുന്നു. അന്ന് ഞാന്‍ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. കത്തോലിക്കാ സ്കൂള്‍ ആയതുകൊണ്ട് എല്ലാ മാസാദ്യവെള്ളിയാഴ്ചകളിലും വിശുദ്ധ കുര്‍ബാന ഉണ്ടാകും. ഉച്ചയ്ക്ക് എല്ലാ കത്തോലിക്കാ കുട്ടികളും വിശുദ്ധ കുര്‍ബാനക്കായി പോയി. ഞാനാകട്ടെ ക്ലാസില്‍ തനിയെ ഇരിക്കുന്നു.വിശുദ്ധ കുർബാനക്ക് പോയ എന്റെ കൂട്ടുകാരന് അല്പം കഴിഞ്ഞ് തിരികെ വന്ന് എന്നെ വിളി ച്ചു, ‘തനിയെ ഇരിക്കണ്ട, എന്റെയൊപ്പം വാ.’ എനിക്ക് ദേഷ്യം വന്നു. അമ്പലത്തില്‍ ശാന്തിക്കാരനാകാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍ എന്ന് അവനറിയാം. എന്നിട്ടും അവന് എന്നെ പള്ളിയിലേക്ക് വിളിക്കുന്നു. അവന് വീണ്ടും പറഞ്ഞു, “പള്ളിയില്‍ വന്ന് പ്രാര്‍ത്ഥിക്കാനൊന്നുമല്ല, വെറുതെ എനിക്ക് ഒരു കൂട്ടിന് വന്നാല്‍ മതി!” സ്നേഹപൂര്‍വമായ ആ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ പള്ളിയിലേക്ക് ചെന്നു.
ആദ്യം അവിടെ എത്തിയപ്പോള്‍ എന്തോ ഒരു ആകര്‍ഷണമുള്ളതുപോലെ… അതിനാല്‍ അവിടത്തെ രൂപങ്ങളെല്ലാം നോക്കി ഞാനവിടെ ഇരുന്നു.എന്നാല്‍ ടീച്ചര്‍ ക്ലാസനുസരിച്ച് കുട്ടികളെ നിരയായി നിര്‍ത്തിയപ്പോള്‍ വീണ്ടും പ്രശ്നം, ഞാന്‍ അവരുടെ ഇടയിലായിപ്പോയി. അവിടെ നിന്നാല്‍ അവര്‍ ചെയ്യുന്നതുപോലെയൊക്കെ ചെയ്യേണ്ടി വരും. അതിനാല്‍ എനിക്ക് ഇവിടെ നില്ക്കാന് പറ്റില്ല എന്നു പറഞ്ഞ് കൂട്ടുകാരന്റെ കൈ തട്ടിമാറ്റി ഞാന്‍ പള്ളിയുടെ പ്രധാനവാതിലിലൂടെ പുറത്തിറങ്ങാന്‍ ശ്രമിച്ചു.
എന്നാല്‍ അവിടെ ആരോ എന്നെ തടഞ്ഞു നിര്‍ത്തുന്നതുപോലെ. പുറത്തിറങ്ങാന്‍ കഴിയാതെ ഞാന്‍ ഭിത്തിയില്‍ ചാരി താഴെ ഇരുന്നു. അലപ്സമയത്തിനകം വിശുദ്ധ ബലി ആരംഭിച്ചു. എനിക്കൊന്നും മനസ്സിലായില്ല. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ എല്ലാ കുട്ടികളും മുട്ടുകുത്തുന്നത് കണ്ടു. അതോടെ എനിക്ക് അൾത്താര കാണാന്‍ സാധിച്ചു. അവിടെ വൈദികന് ഒരു വെളുത്ത അപ്പം കൈയിലെടുത്ത് നില്‍ക്കുന്നത് ഞാന്‍ കണ്ടു. അത് ഞങ്ങളുടെ മാനേജരച്ചനായിരുന്നു. അദ്ദേഹം വളരെ ഭക്തിയോടെയാണ് ബലി അര്‍പ്പിച്ചുകൊണ്ടിരുന്നത്.
ആ സമയത്ത് അദ്ദേഹം ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു, “ഇത് നിങ്ങൾക്കുവേണ്ടി മുറിക്കപ്പെടുന്ന എന്റെ ശരീരമാണ് ” അടുത്ത നിമിഷം ആ അപ്പം കാണാതായി; പകരം അച്ചന്റെ കൈയില്‍ ഒരു മനുഷ്യഹൃദയം! അത് തുടിച്ചുകൊണ്ടിരുന്നു. ആ തുടിപ്പനുസരിച്ച് അച്ചന്റെ കൈകളും അനങ്ങിക്കൊണ്ടിരുന്നു. ആ അത്ഭുതദൃശ്യം കണ്ണ് ചിമ്മാതെ ഞാന്‍ നോക്കി. പെട്ടെന്നതാ, ആ ഹൃദയം രണ്ടായി പൊട്ടിപ്പിളരുന്നു! രക്തം അച്ചന്റെ കൈയിലൂടെ താഴേക്ക് ഒഴുകാന്‍ തുടങ്ങി. അള്‍ത്താര മുഴുവന്‍ നനഞ്ഞു. നിറയെ രക്തം കണ്ട എനിക്ക് തല കറങ്ങുന്നതായി തോന്നി. ആ ദൃശ്യം കണ്ടിരിക്കാനാവാത്തതിനാല് കുറച്ചു നേരം കണ്ണടച്ചു പിടിച്ചു.
പിന്നെ വീണ്ടും കണ്ണു തുറന്നു നോക്കുമ്പോള്‍ നേരത്തേ കണ്ടതൊന്നും കാണുന്നില്ല. പകരം അവിടെ ശരീരം മുഴുവന്‍ മുറിവ് നിറഞ്ഞ പച്ചയായ ഒരു മനുഷ്യന് നിൽക്കുന്നു! അത്രയും മുറിവുകളുമായി അതിനു മുമ്പോ ശേഷമോ ആരെയും ഞാന്‍ കണ്ടിട്ടില്ല. അതാരാണെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ അയാളുടെ മുഖമെല്ലാം മുറിവുകള്‍ കാരണം വികൃതമാണ് എന്ന് എനിക്ക് കാണാമായിരുന്നു. അല്പസമയം ഞാന്‍ നോക്കിക്കൊണ്ടിരിക്കവേ പെട്ടെന്ന് പ്രതീക്ഷിക്കാത്ത സമയത്ത് ഒരാള്‍ ആ മനുഷ്യനെ ഒറ്റ അടി! അതോടെ അയാള്‍ അള്‍ത്താരയിലേക്ക് കമിഴ്ന്നു വീണു! ഇതെല്ലാം കണ്ട് ഞാന്‍ കരയുകയായിരുന്നു. ഈ സംഭവം നടക്കുന്ന സമയത്ത് ഞാന്‍ ബൈബിള്‍ വായിച്ചിട്ടില്ല. എന്നാല്‍ ബൈബിളില്‍ രേഖപ്പെടുത്തി യിരിക്കുന്ന ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെല്ലാം അവിടെ ഞാന്‍ കണ്ടു.
അങ്ങനെ നിൽക്കുമ്പോഴതാ ആ മനുഷ്യന് വീണ്ടും ആയാസപ്പെട്ട് എഴുന്നേല്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. മറ്റാരെയുമല്ല, എന്റെ മുഖത്തേക്കുതന്നെ നോക്കി ആ മനുഷ്യന് പറഞ്ഞു, “മോനേ ജയകുമാറേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിനക്കും വേണ്ടികൂടി ഞാന്‍ കുരിശില്‍ മരിക്കാന്‍ പോകുകയാണ്” അതുവരെയും എന്നെ സ്നേഹിക്കുന്ന ഒരു ദൈവത്തെക്കുറിച്ച് കേട്ടിട്ടില്ലാത്ത എനിക്ക് അത് വളരെ അത്ഭുതമായി തോന്നി. ഇത്രയുമായപ്പോഴേക്കും എന്റെ ബോധം മറഞ്ഞു. പിന്നെ കണ്ണു തുറന്നപ്പോള്‍ ഞാന്‍ ക്ലാസിലായിരുന്നു. എന്തായാലും പിറ്റേന്നു മുതല്‍ ഞാന്‍ എല്ലാ ദിവസവും ക്ലാസില്‍ കയറുന്നതിനു മുമ്പ് പള്ളിയില്‍ കയറി ആ അള്‍ത്താരയിലേക്ക് നോക്കും.
അടുത്ത വര്‍ഷമായപ്പോള്‍ ഫാ.ജോസ് ഉപ്പാണി എന്ന വൈദികന്റെ ധ്യാനത്തില്‍ പങ്കെടുത്തു. പിന്നീട് അച്ചന്റെകൂടെ പ്രാര്‍ത്ഥനക്കായി പോകാനും തുടങ്ങി. പത്താം ക്ലാസിലെത്തിയപ്പോള്‍ അച്ചനൊപ്പം അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്ന ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ താമസിച്ചാണ് ഞാന്‍ പഠിച്ചത്. അപ്പോഴൊക്കെ മുടങ്ങാതെ വിശുദ്ധ കുര്‍ബാനക്ക് പോകുമായിരുന്നു, ദിവ്യകാരുണ്യം സ്വീകരിക്കുന്നില്ലെങ്കിലും.
അങ്ങനെയിരിക്കേ ഒരു ദിവസം വിശുദ്ധ കുര്‍ബാന സ്വീകരണസമയത്ത് ഞാൻ കണ്ണടച്ചു പ്രാര്‍ത്ഥിച്ചുകൊ ണ്ടിരിക്കുകയായിരുന്നു. എന്നെ അച്ചനൊപ്പം ധ്യാനകേന്ദ്രത്തില്‍ കണ്ടിട്ടുള്ള ഒരു സിസ്റ്ററാണ് അവിടെ വിശുദ്ധ കുര്‍ബാന നല്കിക്കൊണ്ടിരുന്നത്. സിസ്റ്റര്‍ എന്നെ വിളിച്ച് എനിക്ക് തിരുവോസ്തി തരാനായി നീട്ടി. എന്നാല്‍ എനിക്ക് സ്വീകരിക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് പെട്ടെന്ന് ഞാന്‍ പറഞ്ഞു, “അയ്യോ, വേണ്ട സിസ്റ്റര്‍!”
ആ സംഭവം എന്നെ വല്ലാതെ സങ്കടപ്പെടുത്തി. ഈശോ അപ്പമായി എന്റെ അരികില്‍ വന്നിട്ടും എനിക്ക് സ്വീകരിക്കാന്‍ കഴിയുന്നില്ലല്ലോ…. ആ സങ്കടത്തോടെ അന്ന് വൈകിട്ട് അവിടത്തെ ചാപ്പലില്‍ പോയിരുന്നു. അവിടെ വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചു വച്ചിരുന്നു. ആ അരുളിക്കയുടെ മുന്നില്‍ ഞാന്‍ സാഷ്ടാംഗം വീണു.എന്നിട്ട് ഈശോയോടു പറഞ്ഞു,”എനിക്ക് അപ്പത്തിന്റെ രൂപത്തില്‍ അങ്ങയെ സ്വീകരിക്കണം.”പിന്നെ ഞാന്‍ കരയുകയായിരുന്നു. എന്നിട്ട് ആ ദിവ്യകാരുണ്യ ഈശോയെ പതുക്കെ തൊട്ട് ഇങ്ങനെ പറഞ്ഞു,”നാളെ ഞാന്‍ വീട്ടില്‍ പോയി എന്റെ അച്ഛനോടും അമ്മയോടും പറയും എനിക്ക് മാമ്മോദീസ സ്വീകരിക്കണമെന്ന്. അവരത് സമ്മതിച്ചില്ലെങ്കില്‍ ഞാനിനി ഇവിടേക്ക് വരില്ല. കാരണം എനിക്ക് അപ്പമായി അങ്ങയെ സ്വീകരിക്കാതിരിക്കാന്‍ വയ്യ.”
അതിനുശേഷം അച്ഛന്റെയടുത്തുപോയി ഇക്കാര്യം പറഞ്ഞ് പ്രാര്‍ത്ഥിച്ചിട്ട് പിറ്റേന്ന് വീട്ടിലേക്ക് പോയി. എന്നാല്‍ വീട്ടിലെത്തിയപ്പോഴേക്കും ഇക്കാര്യം അവതരിപ്പിക്കാനുള്ള ധൈര്യമെല്ലാം ചോര്‍ന്നു പോയിരുന്നു. ഞാനങ്ങനെ വിഷമിച്ചിരിക്കുന്ന സമയം. അപ്പോള്‍ അച്ഛനും അമ്മയും കൂടി എന്നെ അരികിലേക്ക് വിളിച്ചു . എന്നിട്ട് പറഞ്ഞു, “മോനേ, ഇന്നലെ വൈകുന്നേരം ഞങ്ങള്‍ ഒരു തീരുമാനമെടുത്തു. ഇവിടത്തെ അച്ചനെ പോയി കണ്ടു,സംസാരിച്ചു. നമുക്ക് മാമ്മോദീസ സ്വീകരിക്കണം!”
ഞാന്‍ അങ്ങോട്ട് ആവശ്യപ്പെടാനിരുന്ന ആഗ്രഹം അവരിങ്ങോട്ട് പറയുകയാണ് .സന്തോഷത്താല്‍ എന്റെ കണ്ണുനിറഞ്ഞു പോയി . ഞാനവരോട് ചോദിച്ചു , “നിങ്ങള്‍ ഏത് സമയത്താണ് ഈ തീരുമാനമെടുത്തത്?” അവര്‍ സമയം പറഞ്ഞു. എനിക്കൊരു കാര്യം മനസ്സിലായി. ഞാന്‍ ചാപ്പലില്‍ ദിവ്യകാരുണ്യം സ്പര്‍ശിച്ച് പ്രാര്‍ത്ഥിച്ച അതേ സമയത്താണ് അച്ഛനും അമ്മയും വൈദികന്റെയടുത്തിരുന്ന് ഈ തീരുമാനം എടുത്തത്. എനിക്ക് വളരെയധികം സന്തോഷം തോന്നി.
അതിനു മുമ്പ് അച്ഛന് കടുത്ത മദ്യപാനത്തിനും പുകവലിക്കും അടിമയായിരുന്നു. അതിനാല്‍ പലരുടെയും നിര്‍ബന്ധത്തിന് വഴങ്ങി അച്ഛനും അമ്മയും ധ്യാനത്തില്‍ പങ്കെടുത്തിരുന്നു. അതിനുശേഷം മദ്യപാനവും പുകവലിയും നിര്‍ത്തി. വീട്ടില്‍ എന്നും കൊന്ത ചൊല്ലുമായിരുന്നു. ഇത്രയൊക്കെ എനിക്കറിയാമായിരുന്നെങ്കിലും മാമ്മോദീസ സ്വീകരിക്കാന്മാത്രം ഉറപ്പുള്ള വിശ്വാസത്തിലേക്ക് അവരെത്തിയ കാര്യം അറിയില്ലായിരുന്നു. അങ്ങനെ അച്ഛനും അമ്മയും ചേട്ടനും അനുജനും ഞാനുമുള്‍പ്പെടെ കുടുംബം മുഴുവന്‍ 1997-ല്‍ മാമ്മോദീസ സ്വീകരിച്ചു.
പിന്നീട് എന്റെ ജീവിതത്തിനാവശ്യമായതെല്ലാം ഈശോ നല്കി. ഭാര്യയെയും രണ്ട് മക്കളെയും കൂട്ടിച്ചേര്‍ത്തുതന്നു. ഇപ്പോഴും ആത്മീയ ശുശ്രൂഷകള്‍ ചെയ്തുകൊണ്ട് മുന്നോട്ടു പോകാന്‍ അവിടുന്ന് കൃപ നൽകുന്നു. എന്റെ ഈശോ ഇന്നും ജീവിക്കുന്നവനാണ് .
'
്ര്രപാര്ത്ഥിക്കുവാന് ആഗ്രഹമുണ്ടെങ്കിലും എപ്രകാരം പ്രാര്‍ത്ഥിക്കണമെന്ന് അറിയാത്തവര്‍ക്ക് ഒരു ചൂണ്ടുപലകയാണ് പ്രശസ്ത ഗ്രന്ഥകാരനായ ഗാരി ജാന്സണ് പ്രാര്‍ത്ഥനയെക്കുറിച്ച് എഴുതിയ ഗ്രന്ഥം. അതില്‍ പ്രാര്‍ത്ഥനയുടെ വിവിധ പടികളെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്.
ആദ്യം ചെയ്യേണ്ടത് ശാന്തമായ ഒരു സ്ഥലം കണ്ടെത്തുക എന്നതാണ്. ദൈവസന്നിധിയില്‍ ആണെന്നുള്ള ബോധ്യത്തില്‍ സ്വസ്ഥമായി ഇരിക്കുക. തുടക്കക്കാര്‍ക്ക് അദ്ദേഹം മൂന്ന് പ്രാര്‍ത്ഥനാരീതികള്‍ നിര്‍ദേശിക്കുന്നുണ്ട്. നിങ്ങള്‍ക്ക് അവ നല്ലതാണെന്ന് തോന്നുന്നുവെങ്കില്‍ ഉപയോഗിച്ചുനോക്കാം. ആദ്യമായി ചെയ്യേണ്ടത് യേശു എന്ന പരിശുദ്ധമായ നാമത്തെ ധ്യാനിക്കുകയും ആവര്‍ത്തിച്ച് പറയുകയും ചെയ്യുക എന്നതാണ്. യേശു എന്ന നാമം ജീവന് നല്‍കുന്നതാണ്, രക്ഷ നല്‍കുന്നതാണ്, മോചനം നല്‍കുന്നതാണ്. ശാരീരിക, മാനസിക, ആത്മീയ തലങ്ങളെ വിശുദ്ധീകരിക്കുവാന്‍ ഈ പ്രാര്‍ത്ഥനയ്ക്ക് സാധിക്കും.
രണ്ടാമതായി അദ്ദേഹം പറയുന്നത്: ആൃലമവേല വേല ഘീൃറ’ െജൃമ്യലൃ എന്നതാണ്. കര്‍ത്താവ് പഠിപ്പിച്ച ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന ശ്വാസം ഉള്ളിലേക്കെടുത്തും പുറത്തേക്ക് വിട്ടുകൊണ്ടും ചൊല്ലുക. ഉദാഹരണമായി സ്വര്‍ഗസ്ഥനായ പിതാവേ എന്ന് ചൊല്ലുമ്പോള്‍ ശ്വാസം ഉള്ളിലേക്ക് എടുത്ത് അല്പനേരം പിടിച്ചുകൊണ്ട് പിതാവിന്റെ അനന്തസ്നേഹത്തെ ധ്യാനിക്കുക. അങ്ങയുടെ നാം പൂജിതമാകണമേ എന്ന ഭാഗം ചൊല്ലുമ്പോള്‍ ഇതുപോലെതന്നെ ധ്യാനാത്മകമായി ശ്വാസം പുറത്തേക്ക് വിടുക. അങ്ങനെ ആ പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ അത് വലിയൊരു ധ്യാനാഭിഷേകമായി മാറും. പലപ്പോഴും ഈ പ്രാര്‍ത്ഥന നാം ചൊല്ലിത്തീര്ക്കുകയാണല്ലോ. അതിന് മാറ്റം വരുവാന്‍ ഈ രീതി നിശ്ചയമായും സഹായിക്കും.
മൂന്നാമതായി അദ്ദേഹം നിര്‍ദേശിക്കുന്നത് സഹായകനായ പരിശുദ്ധാത്മാവിനെ വിളിച്ച് പ്രാര്‍ത്ഥിക്കുക എന്നതാണ്. പരിശുദ്ധാത്മാവ് നമ്മില്‍ ശക്തിയായി, സാന്നിധ്യമായി വന്ന് നിറയുമ്പോള്‍ പ്രാര്‍ത്ഥന കൂടുതല്‍ ആസ്വാദ്യകരമാകും. അദ്ദേഹം പറയുന്നത് ഇത് പ്രാര്‍ത്ഥന കഴിഞ്ഞാലും നാം ചെയ്യേണ്ടതാണ് എന്നാണ്. ടെന്‍ഷന്‍ മാറ്റുവാന്‍ ചായ കുടിക്കുക, സിഗരറ്റ് വലിക്കുക എന്നിവയൊക്കെ ചെയ്യാറുണ്ടല്ലോ. അതിനുപകരം ഇപ്രകാരം പ്രാര്‍ത്ഥിക്കുക: ‘പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ.’ അത്ഭുതകരമായ ആശ്വാസം നമുക്കുണ്ടാകും.
ആദ്യമൊക്കെ ഇപ്രകാരം പതിനഞ്ച് മിനിറ്റ് പ്രാര്‍ത്ഥിക്കുക. അങ്ങനെ ആരംഭിച്ച പ്രാര്‍ത്ഥന കുറെ കഴിയുമ്പോള്‍ മുപ്പത് മിനിറ്റാകും. പിന്നെ ഒരു മണിക്കൂറാകും. അങ്ങനെ സ്ഥിരമായ പ്രാര്‍ത്ഥനവഴി നമ്മുടെ വ്യക്തിജീവിതം രൂപാന്തരപ്പെടും.
അനാവശ്യമായ തിരക്കുകള്‍ ആധുനിക മനുഷ്യനെ വീര്‍പ്പുമുട്ടിക്കുന്നു. ഒന്നിനും സമയമില്ല എന്നാണവന്റെ ചിന്ത. അതിനാല്‍ ജീവിതത്തില്‍ അത്യാവശ്യമായ മുന്‍ഗണനാക്രമങ്ങള്‍ മാറിപ്പോകുന്നു. അത് ക്രമീകരിക്കപ്പെടണമെങ്കില് ദൈവത്തിന് ന്യായമായും നല്‍കേണ്ട സമയം നല്കുവാന് നാം തീരുമാനിക്കണം. ആ തീരുമാനം എടുക്കേണ്ടത് ദൈവമല്ല, നാംതന്നെയാണ്. അപ്പോള്‍ ദൈവം തന്റെ പരിശുദ്ധാത്മാവിനെ ആ തീരുമാനത്തിന്റെമേല് അയച്ച് അഭിഷേകം ചെയ്യും. ഫലമോ, ശാന്തവും പ്രസന്നവുമായ മനസോടെ ജീവിതത്തെ അഭിമുഖീകരിക്കുവാന്‍ നമുക്ക് സാധിക്കും. അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.
ഞങ്ങളുടെ കര്‍ത്താവായ യേശുവേ, അങ്ങ് ഈ ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ പ്രാര്‍ത്ഥനയുടെ ഏറ്റവും നല്ല മാതൃക നല്കിയല്ലോ. വിശ്രമിക്കുവാന്പോലും സമയം കിട്ടാത്ത രീതിയില്‍ അങ്ങയുടെ ജീവിതം തിരക്കേറിയതായിരുന്നുവെങ്കിലും അവിടുന്ന് രാത്രി മുഴുവന്‍ പിതാവിനോടൊപ്പം ചെലവഴിച്ചിരുന്നത് ഞങ്ങള്‍ ഓര്‍ക്കുന്നു. അങ്ങയെപ്പോലെ പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളെയും അനുഗ്രഹിക്കണമേ. വ്യക്തിപരമായ പ്രാര്‍ത്ഥന നഷ്ടപ്പെടുമ്പോള്‍ ഞങ്ങളുടെ ഉള്ള് ശൂന്യമാകും എന്ന് ഞങ്ങള്‍ തിരിച്ചറിയട്ടെ. ലോകത്തെ കീഴ്മേല്‍ മറിക്കുവാനുള്ള ശക്തി പ്രാര്‍ത്ഥനയിലൂടെ ഞങ്ങള്‍ക്ക് നല്കുവാന് അങ്ങ് ആഗ്രഹിക്കുന്നുവല്ലോ. ആ ശക്തി പ്രതിദിനം സ്വീകരിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിച്ചാലും. എപ്പോഴും ഈശോയോട് ചേര്‍ന്നുനിന്ന പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ – ആമ്മേന്‍.
'അധികദൂരം നടക്കേണ്ടതെങ്ങനെയെന്ന് എനിക്ക് കാണിച്ചുതന്നത് ഒരു ചേച്ചിയാണ.് അവര്‍ എന്നോട് പറഞ്ഞു, ”കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ എന്റെ അമ്മായിയമ്മയെ നോക്കുന്നു.. ഞാന്‍ ഒരിക്കല്‍ പോലും അവരോട് ദേഷ്യപ്പെട്ടിട്ടില്ല.. വേണ്ടതെല്ലാം ചെയ്തു കൊടുത്തു. എന്നാലും കാരുണ്യത്തോടെ ഒരു വാക്ക് എനിക്ക് ലഭിച്ചിട്ടില്ല”
ഞാന്‍ ആ ചേച്ചിയോട് പറഞ്ഞു, ”അതെല്ലാം ശരിയാണ് ചേച്ചീ. എന്നാല്‍ ഒരു കാര്യം. ചേച്ചി അമ്മയെ സ്നേഹിക്കുന്നുണ്ടോ? സ്നേഹത്തില്‍ പരാതികള്‍ ഇല്ല.”
അധിക ദൂരത്തിലെ അടിസ്ഥാനം സ്നേഹമാണ്. ഇല്ലെങ്കില്‍ അധികദൂരം നടന്നിട്ട് കാല് കഴച്ചതിനെപ്പറ്റി നമ്മള് പരാതിപറയും. ഭാര്യയെ ഒന്ന് പ്രശംസിക്കുമ്പോള്‍, അത്താഴത്തിന് ഒരു കറി കൂടി ഉാക്കുമ്പോള്‍, അയല്പക്കത്തുള്ളവരെ പരിചയപ്പെടുമ്പോള്‍, പത്രക്കടലാസുകള്‍ അടുക്കി വയ്ക്കുമ്പോള്‍, ഒരു മരം നടുമ്പോള്‍, ഒരു കൊച്ചുകുഞ്ഞിന്റെകൂടെ കളിക്കുമ്പോള്‍, എല്ലാം നാം അധികം ദൂരം നടക്കും.
അധികദൂരം സഞ്ചരിക്കുന്നവര്‍ വാതിലുകള്‍ തുറന്നിടുന്നവരാണ്. പാതിരാത്രിയും നട്ടുച്ചവെയിലും മകരമഞ്ഞും ഇടവപ്പാതിയും നന്മ ചെയ്യുന്നതില്‍ നിന്ന് അവരെ വിലക്കുന്നില്ല. വിശുദ്ധ കൊച്ചുത്രേസ്യാ പറഞ്ഞതുപോലെ എന്റെ ദൈവവിളി സ്നേഹം ആകുന്നു എന്ന് നിരന്തരം പറയുന്നവരാണ് അവര്‍.
അധികദൂരത്തിന്റെ മറ്റൊരു മാതൃക എന്റെ അനുജനില്‍നിന്ന് പഠിച്ചിട്ടുണ്ട്. ബാല്യകാലത്തിന്റെ നിഷ്കളങ്കതയില്‍ ഓടിച്ചാടി നടന്നിരുന്ന അനിയന്റെ ഇളം തുടയില്‍ ഒരു ദിവസം പേരക്കമ്പുകൊണ്ട് അപ്പന് അടിച്ചപ്പോള്‍ അവനത് അര്‍ഹിച്ചു എന്നു തോന്നി. എന്നാല്‍ പിന്നീട് അവന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം തെറ്റാണെന്ന് തെളിഞ്ഞു.
ഒരു രൂപ എന്റെ ബോക്സില്‍ നിന്നും എടുത്തു എന്നതായിരുന്നു കുറ്റം.. പിന്നീട് നോക്കിയപ്പോള്‍ ഒരു രൂപ കോമ്പസിനും മട്ടകോണിനും ഇടയിലുണ്ടായിരുന്നു… പേരക്കമ്പ് എന്റെ കാലില്‍ പതിച്ചില്ല… വീട്ടുകാരും ഒന്നും പറഞ്ഞില്ല.. അനുജന്‍മാത്രം ഒരു ചോദ്യം ചോദിച്ചു, ”എല്ലാവരുടെയും മുന്പില് നീ എന്തിനെന്നെ കള്ളനാക്കി?”
ആ ചോദ്യത്തിനു മുന്പില് എന്റെ മനസ്സാക്ഷി വേകുന്നതായി അവന് തോന്നി. അപ്പോള്‍ അവന്‍തന്നെ പറഞ്ഞു, ”സാരമില്ല പോട്ടെ!”
ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നത് വളരെ വലിയ വേദനയാണെന്ന് നമുക്കറിയാം. എന്നിട്ടും എന്നോട് ക്ഷമിച്ചുകൊണ്ട് അധികദൂരം സഞ്ചരിക്കുകയായിരുന്നു അവന്. ആ വാക്കുകള്‍ക്കൊപ്പം എത്താന്‍ ഇനിയും എത്ര കാതം സഞ്ചരിക്കേണ്ടിയിരിക്കുന്നു! ഒരുപാട് അധിക ദൂരങ്ങള്‍… ഈ വഴി ധീരന്മാര്ക്ക് ഉള്ളതാണ്. •
'ചിക്കുപ്പൂച്ച ഒരു ദിവസം അവന് കുളക്കരയിലൂടെ നടക്കുകയായിരുന്നു. വിശപ്പടക്കാന്‍ ഒരു മീനിനെ കിട്ടണം. അതാണ് അവന്റെ ആവശ്യം. അപ്പോഴാണ് ഒരു മീന്‍ വെള്ളത്തിനു മുകളിലൂടെ ചാടിച്ചാടി പോകുന്നത് കണ്ടത്. അതിനെ പിടിച്ചാലോ എന്നു വിചാരിച്ച് നില്ക്കുമ്പോഴതാ അതിന്റെകൂടെ അതിന്റെ അപ്പനും അമ്മയുമെല്ലാം പോകുന്നു. അതുകണ്ട ചിക്കു കരുതി. ആ മീനിനെ പിടിക്കണ്ട. അതിന്റെ അപ്പനും അമ്മക്കുമൊക്കെ വിഷമമാകും.
അപ്പോള്‍ അതിലേ വേറൊരു മുഴുത്ത മീന്‍ വെള്ളത്തിന് അല്പം താഴേക്കൂടി നീന്തുന്നു. അതിനെ പിടിച്ചാലോ എന്നാലോചിച്ചപ്പോഴേക്കും അതാ പിന്നില്‍ അതിന്റെ ഭാര്യയും മക്കളുമൊക്കെയായി വലിയൊരു കൂട്ടം. അപ്പോള്‍ ചിക്കു അതിനെയും വേണ്ടെന്നു വച്ചു. അങ്ങനെ നോക്കിയിരിക്കുമ്പോള്‍ പല മീനുകളെയും കണ്ടെങ്കിലും ഒന്നിനെയും പിടിക്കാന്‍ ചിക്കുവിന് തോന്നിയില്ല. അങ്ങനെ വിഷമിച്ച് വെള്ളത്തിലേക്ക് കാലിട്ടിരിക്കുമ്പോള്‍ ഒരു ചെറുമീന്‍ കാലില്‍ വന്ന് പതുക്കെ പിടിച്ചു, ”എന്റെ പേര് മിക്കി. ചേട്ടന്റെ പേരെന്താ?”
”ചിക്കു”
”എന്താ വിഷമിച്ചിരിക്കുന്നത്?”
മിക്കിമീനിന്റെ ചോദ്യം കേട്ടപ്പോള്‍ ചിക്കു തന്റെ വിഷമം അവനോട് പങ്കുവച്ചു. അപ്പോള്‍ മിക്കിമീന് സന്തോഷത്തോടെ പറഞ്ഞു, ”അത്രയുള്ളൂ പ്രശ്നം,അല്ലേ? സാരമില്ല. ഇങ്ങനെയൊന്നും ചിന്തിക്കാത്ത ഏതോ പൂച്ച എന്റെ അപ്പനെയും അമ്മയെയും ഒന്നിച്ച് പിടിച്ചുതിന്നു. അതുകൊണ്ട് ഞാനിപ്പോള്‍ ഒറ്റയ്ക്കാണ്. ചിക്കുച്ചേട്ടന് എന്നെ തിന്നോളൂ. എനിക്ക് ഒരു വിരോധവുമില്ല.”
”നീ പറയുന്നത് സത്യമാണോ?”
ചിക്കുവിന്റെ സംശയം കണ്ട മിക്കിമീന് പറഞ്ഞു, ”അതെയെന്നേ. ചങ്ങാതിമാര്‍ക്കു വേണ്ടി ജീവന് ബലിയായി കൊടുക്കുന്നതിനെക്കാളും വലിയ സ്നേഹമില്ല എന്ന് ഈശോ പറഞ്ഞതല്ലേ. കുറച്ചു ദിവസം മുന്‍പ് ഇവിടെ വന്ന ഒരു സന്യാസിയാണ് ഇത് ഞങ്ങള്‍ക്ക് പറഞ്ഞുതന്നത്. ഞങ്ങളെല്ലാവരും വെള്ളത്തിനു മുകളില്‍ വന്നു നിന്ന് ആ വാക്കുകള്‍ കേട്ടതാണ്. എന്തു രസമായിരുന്നെന്നോ?”
മിക്കിമീനിന്റെ മുഖത്ത് നല്ല ഭംഗിയുള്ള ചിരി വിരിഞ്ഞത് കണ്ട ജീവന്മോനും ചിരിച്ചു. ആ ചിരി കേട്ടാണ് അമ്മ അവനെ വിളിക്കാനെത്തിയത്. ”ജീവന്കുട്ടാ എഴുന്നേല്‍ക്ക്, സ്കൂളില്‍ പോകണ്ടേ?”
”ങ്… ങാ…” ജീവന് കണ്ണ് തിരുമ്മി എഴുന്നേറ്റു. തലേന്ന് കളിയില്‍ തോറ്റതിന് തന്നെ തല്ലിയ സോജിനെക്കുറിച്ച് അവന് ഓര്‍ത്തു. പിറ്റേന്ന് കളിസമയത്ത് നല്ല രണ്ട് തല്ല് അവന് തിരിച്ചുകൊടുക്കണമെന്ന് ചിന്തിച്ചാണ് കിടന്നുറങ്ങിയത്. മനസ്സില്‍നിന്ന് ആ ചിന്തയേ പോയി. മാത്രവുമല്ല സോജിന് എന്തെങ്കിലും സഹായം ചെയ്യണമെന്ന് തീരുമാനിച്ചാണ് ജീവന് അന്ന് സ്കൂളിലേക്ക് യാത്രയായത്. •
'വിശുദ്ധ മരിയ ഫൗസ്റ്റീന കൊവാള്‍സ്ക ഏറെ ആഗ്രഹിച്ച് വളരെയധികം കാത്തിരുന്നാണ് ഒടുവില്‍ ഒരു സന്യാസസമൂഹത്തില്‍ പ്രവേശനം ലഭിച്ചത്. എന്നാല്‍ അവിടെയെത്തി മൂന്നാഴ്ചയായപ്പോള്‍ കൂടുതല്‍ കര്‍ശനമായ നിയമങ്ങളുള്ള മറ്റൊരു സമൂഹത്തില്‍ ചേരുവാന്‍ ആഗ്രഹം തോന്നി. ഈ ചിന്ത നിരന്തരം അലട്ടിക്കൊണ്ടിരുന്നതിനാല്‍ ഒരു ദിവസം അവിടത്തെ മദര്‍ സുപ്പീരിയറിനെ കണ്ട് ഇക്കാര്യം പറയാന്‍ വിശുദ്ധ ഫൗസ്റ്റീന തീരുമാനിച്ചു.
അന്നു രാത്രി മുറിയില്‍വച്ച് ദൈവതിരുമനസ്സ് വെളിപ്പെട്ടു കിട്ടാനായി വീണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു വിശുദ്ധ. അപ്പോള്‍ മുറിയാകെ പ്രകാശം നിറഞ്ഞു. ജനാലവിരിയില്‍ ഈശോയുടെ ദുഃഖം നിറഞ്ഞ മുഖം തെളിഞ്ഞു. ആ മുഖത്ത് തുറന്ന മുറിവുകളുണ്ടായിരുന്നു. വലിയ കണ്ണുനീര്‍ത്തുള്ളികള്‍ വിശുദ്ധയുടെ കിടക്കവിരിയില്‍ വീഴുന്നതായി അനുഭവപ്പെട്ടു. സംഭവിക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് മനസ്സിലാകാതെ വിശുദ്ധ ചോദിച്ചു, ”ഈശോയേ, ആരാണ് അങ്ങയെ ഇത്രമാത്രം വേദനിപ്പിച്ചത്?”
”ഈ മഠം ഉപേക്ഷിക്കുന്നതുമൂലം നീ ഏല്പിക്കുന്ന വേദനയാണിത്. മറ്റൊരിടത്തേക്കുമല്ല, ഈ സ്ഥലത്തേക്കാണ് ഞാന്‍ നിന്നെ വിളിച്ചിരിക്കുന്നത്; ഞാന്‍ നിനക്കായി ധാരാളം കൃപകള്‍ ഒരുക്കി വച്ചിട്ടുണ്ട്.” ഇതായിരുന്നു ഈശോയുടെ മറുപടി. ഇതു മനസ്സിലായ ഉടനെ വിശുദ്ധ ഫൗസ്റ്റീന ഈശോയോട് ക്ഷമ ചോദിച്ചു, മഠം മാറാനുള്ള തീരുമാനവും മാറ്റി. 1925-ലായിരുന്നു ഈ സംഭവം. പിന്നീട് 1935-ല്‍ ഒരു ധ്യാനത്തില്‍ പങ്കെടുക്കുന്നതോടനുബന്ധിച്ച് വിശുദ്ധ ഇപ്രകാരം പ്രാര്‍ത്ഥിച്ചു, ”അവിടുത്തെ ഹൃദയത്തില്‍ ജ്വലിക്കുന്ന മുഴുവന്‍ സ്നേഹത്താലും എന്റെ സ്വാര്ത്ഥസ്നേഹത്തെ പൂര്‍ണ്ണമായി നശിപ്പിച്ചുകളയണമെന്ന് ഞാന്‍ യാചിക്കുന്നു; പകരം എന്റെ ഹൃദയത്തില്‍ അവിടുത്തെ പരിശുദ്ധമായ സ്നേഹനാളം കൊളുത്തണമേ.”
അന്നു വൈകിട്ട് ഒരു വെള്ളപേജില് ”ഇനിമുതല്‍ എന്റെ സ്വന്തം ഇഷ്ടം നിലനില്‍ക്കുന്നതല്ല” എന്നെഴുതി ആ പേജ് മുഴുവന്‍ വെട്ടിക്കളയാനും അതിന്റെ മറുവശത്ത് ”ഇന്നു മുതല്‍ എല്ലായിടത്തും എല്ലായ്പോഴും, എല്ലാക്കാര്യത്തിലും ഞാന്‍ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റും” എന്ന് എഴുതാനും ഈശോ ആവശ്യപ്പെട്ടു. ഒന്നിനെയും ഭയപ്പെടേണ്ട, സ്നേഹം അവളെ ശക്തിപ്പെടുത്തുമെന്നും ദൈവേഷ്ടം നിറവേറുന്നത് എളുപ്പമാക്കുമെന്നും അതേക്കുറിച്ച് ഈശോ വിശദീകരിക്കുകയും ചെയ്തു.
ആ സംഭവത്തെപ്പറ്റി ‘എന്റെ അന്തരാത്മാവിലേക്ക് ഒഴുകിയിറങ്ങിയ ദൈവകരുണ’ എന്ന തന്റെ ഡയറിയില്‍ വിശുദ്ധ ഫൗസ്റ്റീന കുറിച്ചുവച്ചിരിക്കുന്നത് ഇങ്ങനെയാണ്, കര്‍ത്താവ് ആവശ്യപ്പെട്ട പ്രകാരം, സ്വന്തം ഇഷ്ടത്തെ വെട്ടിക്കളയാന്‍ ഞാന്‍ മുട്ടുകുത്തിയ നിമിഷം, എന്റെ അന്തരാത്മാവില്‍ ഞാനീ സ്വരം കേട്ടു: ”ഇന്നുമുതല്‍, ദൈവത്തിന്റെ ന്യായവിധിയെ നീ ഭയപ്പെടേണ്ട; എന്തെന്നാല്‍ നീ വിധിക്കപ്പെടുകയില്ല”
ദൈവേഷ്ടം നിറവേറാന്‍ ആഗ്രഹിക്കുകയും അതിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്നത് എത്രമാത്രം അനുഗ്രഹപ്രദമാണെന്ന് വിശുദ്ധയുടെ ഈ ഡയറിക്കുറിപ്പുകള്‍ നമ്മോട് പറയുന്നു. നമുക്ക് പ്രാര്‍ത്ഥിക്കാം,
വിശുദ്ധ ഫൗസ്റ്റീനാ, ദൈവേഷ്ടം നിറവേറ്റാന്‍ എന്നെ സഹായിച്ചാലും!
'കത്തോലിക്കാ കുടുംബത്തില്‍ ജനിക്കുകയും കത്തോലിക്കാ സ്ഥാപനത്തില്‍ പഠിക്കുകയും ചെയ്തെങ്കിലും എനിക്ക് ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വളരെ വികലമായിരുന്നു. ‘ഞാന്‍ തെറ്റ് ചെയ്താല്‍ ശിക്ഷിക്കാന്‍വേണ്ടി കാത്തിരിക്കുന്ന, എനിക്ക് കുറെ കഷ്ടപ്പാടും ബുദ്ധിമുട്ടും തന്നിട്ട് ഇതൊക്കെ സഹിച്ചോ എന്ന് പറയുന്ന, ഒരു ദൈവം എന്ന തോന്നലായിരുന്നു എന്റെ മനസില്‍. ഇങ്ങനെയുള്ള ദൈവത്തെ ഒട്ടും സ്നേഹിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. മറിച്ച്, ദൈവത്തോട് ദേഷ്യമാണ് തോന്നിയിരുന്നത്.
അങ്ങനെയിരിക്കുമ്പോള്‍ 1997-ല്‍ എനിക്കൊരു ജോലി കിട്ടി. എനിക്ക് പോകാന്‍ ഇഷ്ടമില്ലാതിരുന്ന രണ്ടു സ്ഥലങ്ങളായിരുന്നു പാലക്കാടും ആലപ്പുഴയും. എന്നാല്‍ ആദ്യം പോസ്റ്റിങ്ങ് കിട്ടിയത് പാലക്കാട് ആയിരുന്നു. വളരെ വിഷമിച്ച്, അവിടെ ഹോസ്റ്റലില്‍നിന്ന് ജോലിക്ക് പോയിത്തുടങ്ങി. ഒരു വര്‍ഷം കഴിഞ്ഞ് ആ ഹോസ്റ്റല്‍ പുതുക്കി പണിയുന്ന സമയത്ത് എനിക്ക് മറ്റൊരു ഹോസ്റ്റലിലേക്ക് മാറേണ്ടിവന്നു. ഈ പുതിയ ഹോസ്റ്റല്‍ ആരാധനാമഠത്തിലെ സന്യാസിനികള്‍ നടത്തുന്ന ഹോസ്റ്റലായിരുന്നു.
ഞാന്‍ അന്നുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു പ്രത്യേക ആത്മീയ അനുഭവം ആയിരുന്നു അവിടെ. സിസ്റ്റേഴ്സ് എല്ലാം ഈശോയെ ഒരുപാട് സ്നേഹിക്കുന്നവരും വിശുദ്ധ കുര്‍ബാന, ജപമാല, കുമ്പസാരം, ആരാധന, പ്രാര്‍ത്ഥന, ഉപവാസം, ജാഗരണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ വളരെ തീക്ഷ്ണതയും ഉത്സാഹവും ഉള്ളവരുമായിരുന്നു. അവര്‍ തമ്മില്‍ത്തമ്മിലും ഞങ്ങളോടും വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. സൗമ്യതയും ലാളിത്യവുമുള്ള പെരുമാറ്റം. അതോടൊപ്പംതന്നെ അവരുടെ ജീവിതരീതി വളരെ പ്രായോഗികവും അനുകരണീയവും ആയിരുന്നു. ഇവരുടെ അടുത്ത് ദൈവം എന്നെ എത്തിച്ചതിനാണ് ഞാന്‍ ഏറ്റവും അധികം ദൈവത്തോട് നന്ദി പറയേണ്ടത്.
എനിക്കവര് ആത്മീയമായ കാര്യങ്ങള്‍ വളരെ ലളിതമായ രീതിയില്‍ പറഞ്ഞ് തരുമായിരുന്നു. വിശുദ്ധ കൊച്ചുത്രേസ്യായുടെ ‘നവമാലിക’, ‘ദൈവമനുഷ്യന്റെ സ്നേഹഗീത’, ‘ദൈവപരിപാലനയുടെ രഹസ്യം’, ‘ഉന്നതങ്ങളിലേക്ക് ഒരു തീര്‍ത്ഥയാത്ര’ എന്നീ നല്ല പുസ്തകങ്ങളൊക്കെ അവര്‍ വായിക്കാന്‍ തന്നു. പതുക്കെ പതുക്കെ എന്റെ ഉള്ളിലും ഈശോയോട് സ്നേഹം തോന്നാന്‍ തുടങ്ങി. അവരുടെ പ്രാര്‍ത്ഥനകളില്‍ ഞാനും പങ്കുചേര്‍ന്നു.
കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെകൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ക്കെല്ലാം അവര്‍ അപേക്ഷിച്ചിരുന്നതനുസരിച്ച് സ്വന്തം വീടിന്റെ അടുത്തുള്ള ബ്രാഞ്ചുകളിലേക്ക് സ്ഥലംമാറ്റം കിട്ടി. എല്ലാവരും പോയി. എനിക്ക് മാത്രം കിട്ടിയില്ല. തൃശൂരിലേക്കായിരുന്നു എനിക്ക് സ്ഥലംമാറ്റം വേണ്ടത്. അവിടെ ഒഴിവില്ല. അടുത്തെങ്ങും ഒരു ഒഴിവ് ഉണ്ടാവാന്‍ സാധ്യതയും ഇല്ലായിരുന്നു. ആ സമയത്ത് ഹോസ്റ്റല്‍ ജീവിതം എനിക്കേറെ ഇഷ്ടമായിരുന്നെങ്കിലും സ്വന്തം നാട്ടിലേക്ക് പോകേണ്ടത് അത്യാവശ്യമായിരുന്നു.
ഒരു ദിവസം എനിക്ക് സങ്കടം സഹിക്കാനാവാതെ കരയുന്നത് ഒരു സിസ്റ്റര്‍ കണ്ടു. അവരോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ‘ഈശോയേ, എന്റെ ആവശ്യത്തില്‍ ഇടപെട്ട് എന്റെ വിശ്വാസം വര്‍ധിപ്പിക്കണമേ’ എന്ന് തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. ഞാന്‍ അങ്ങനെ പറഞ്ഞ് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച് തുടങ്ങി.
ഈ പ്രാര്‍ത്ഥന ചൊല്ലിത്തുടങ്ങി അധികം കഴിയുന്നതിനുമുമ്പ് രാത്രി ഏകദേശം മൂന്നുമണിയോടടുപ്പിച്ച് ഉണര്‍ന്ന് തുടങ്ങി. ആരോ വിളിച്ച് എഴുന്നേല്പിക്കുന്നതുപോലെ. ഇത് സിസ്റ്ററിനോട് പറഞ്ഞപ്പോള്‍ ‘എന്റെ ആവശ്യം സാധിക്കുന്നതിനുവേണ്ടി, രാത്രി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ മാതാവ് വിളിക്കുന്നതാണ്’ എന്ന് പറഞ്ഞു. ഞാന്‍ അത് പൂര്‍ണമായും വിശ്വസിച്ചു. അങ്ങനെ രാത്രി മൂന്നുമണിക്ക് എഴുന്നേറ്റ് ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു തുടങ്ങി.
‘ത്യാഗത്തോടുകൂടിയ പ്രാര്‍ത്ഥന അത്ഭുതങ്ങള്‍ സൃഷ്ടിക്കും’ എന്ന് പറയുമല്ലോ. ഈശോ എന്നോട് ആവശ്യപ്പെട്ട കൊച്ചുത്യാഗം ഈ ജാഗരണ പ്രാര്‍ത്ഥന ആയിരുന്നു. ഓണം അടുത്തുവന്ന ഒരു ദിവസം വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഞാന്‍ ഈശോയോട് പറഞ്ഞു: ‘എത്രയോ ആളുകള്‍ ജീവിതകാലം മുഴുവന്‍ വിദൂരങ്ങളില്‍ ജോലി ചെയ്യുന്നു. ഞാന്‍ പാലക്കാട് തുടരണം എന്നത് ദൈവഹിതമാണെങ്കില്‍ അത് സന്തോഷത്തോടെ സ്വീകരിക്കാന്‍ എന്നെ സഹായിക്കണേ.’ പക്ഷേ അത്ഭുതം എന്ന് പറയട്ടെ ദൈവഹിതത്തിന് വഴങ്ങാന്‍ വിട്ടുകൊടുത്തപ്പോള്‍ എല്ലാ തടസങ്ങളും നീങ്ങി.
ഞാന്‍ ആഗ്രഹിച്ചതുപോലെ ഒരു ദിവസംപോലും തെറ്റാതെ കൃത്യം ഓണത്തിന്റെ തലേദിവസം ഈശോ എന്നെ അവിടെ എത്തിച്ചു. പിന്നീടാണ് ഞാന്‍ അറിഞ്ഞത് എന്നെക്കാള്‍ സീനിയറായ ഉദ്യോഗസ്ഥരുടെ അപേക്ഷ പരിഗണിക്കാതെ മാനേജ്മെന്റ് എന്റെ അപേക്ഷ പരിഗണിച്ചുവെന്ന്.
എന്റെ ജീവിതത്തിലെ ഈ ആദ്യത്തെ അത്ഭുതം എന്റെ വിശ്വാസത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. ദൈവത്തോടുള്ള എന്റെ ദേഷ്യമൊക്കെ മാറി. പിന്നെ സ്നേഹം മാത്രമേ തോന്നിയുള്ളൂ. ഇത്ര നല്ല ഈശോയെ ഞാന്‍ മുമ്പ് അറിഞ്ഞില്ലല്ലോ എന്ന് വിഷമവും തോന്നി. അതെ, ”കര്‍ത്താവ് എത്ര നല്ലവനെന്ന് രുചിച്ചറിയുവിന്‍” (സങ്കീര്‍ത്തനം 34:8) എന്ന തിരുവചനം അക്ഷരാര്‍ത്ഥത്തില്‍ എനിക്ക് അനുഭവവേദ്യമായി.
'ഒരു മഹാമാരി റോമില്‍ മുഴുവന്‍ പടര്‍ന്നു പിടിച്ച സമയം. അതില്‍നിന്ന് മോചനം ലഭിക്കാനായി വിശുദ്ധ ഗ്രിഗറി മാര്‍പ്പാപ്പ ഒരു പ്രദക്ഷിണം നടത്താന്‍ തീരുമാനിച്ചു. അദ്ദേഹംതന്നെയാണ് അത് നയിച്ചത്. വിശുദ്ധ ലൂക്കാ വരച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പരിശുദ്ധ കന്യാമാതാവിന്റെ ഒരു ചിത്രവും വഹിച്ചുകൊണ്ടായിരുന്നു ആ പ്രദക്ഷിണം നീങ്ങിയത്. പെട്ടെന്ന് ഒരു സ്വര്‍ഗ്ഗീയ പരിമളം അവിടെയങ്ങും നിറഞ്ഞു. മഹാമാരി അതോടെ തുടച്ചുനീക്കപ്പെടുകയായിരുന്നു. ആ സമയത്ത് ദിവ്യപ്രേരണയാല് മുകളിലേക്ക് നോക്കിയ ഗ്രിഗറി പാപ്പാ കണ്ടത് മാലാഖമാര്‍ ഒരു ഗാനം ആലപിക്കുന്നതാണ്,
”സ്വര്‍ല്ലോക രാജ്ഞീ, ആനന്ദിച്ചാലും,
ഹല്ലേലൂയാ!
എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തില്‍ അവതരിച്ചയാള്‍,
ഹല്ലേലൂയാ!
അരുളിച്ചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു,
ഹല്ലേലൂയാ!
മാലാഖമാരുടെ ഈ സ്വര്ഗ്ഗീയാലാപം കേട്ടതോടെ പാപ്പാ ഇപ്രകാരം ഉരുവിട്ടു, ഞങ്ങള്‍ക്കായി സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കണമേ, ഹല്ലേലൂയാ!
ഈ വാക്കുകള്‍ ഉരുവിടുന്ന സമയത്ത് പാപ്പ മറ്റൊരു ദൃശ്യം കണ്ടു, ഹഡ്രിയാന്‍ കുന്നിനു മുകളില്‍ നില്ക്കുന്ന മരണദൂതന് തന്റെ വാള് ഉറയിലിടുന്നു.
ഈ സംഭവമാണ് പിന്നീട് ഉയിര്‍പ്പുകാല ത്രിസന്ധ്യാജപം രൂപപ്പെടാന്‍ കാരണമായത്. സാധാരണ ത്രിസന്ധ്യാജപത്തില്‍ നാം കര്‍ത്താവിന്റെ മനുഷ്യവതാരം ധ്യാനിക്കുന്നു. എന്നാല്‍ ഉയിര്‍പ്പുകാല ത്രിസന്ധ്യാജപത്തില്‍ മരണത്തെ ജയിച്ച് ഉയിര്ത്തെഴുന്നള്ളിയ യേശുവിനോടും അവിടുത്തെ മാതാവിനുമൊപ്പം നാം ആനന്ദിക്കുകയാണ്. പാപത്തിന്റെയും മരണത്തിന്റെയുംമേല്‍ തന്റെ പുത്രന് വിജയം നേടിയതിനെപ്രതി നാം പരിശുദ്ധ മാതാവിനെ ‘അഭിനന്ദിക്കുകയും’ ചെയ്യുകയാണ് ഈ ജപത്തിലൂടെ. •
'