- Latest articles
ചിരിപ്പിക്കുന്ന സ്വപ്നവ്യാഖ്യാനവും ചില ആനന്ദ സത്യങ്ങളും
അതൊരു സന്ധ്യാസമയമായിരുന്നു. കോളേജ് വിദ്യാര്‍ത്ഥിനിയായ ഞാന്‍ വീട്ടില്‍ പഠനത്തിലാണ്. പെട്ടെന്ന് കറന്‍റ് പോയി. അതോടെ പഠനം നിന്നുവെങ്കിലും അവിടെത്തന്നെ ഇരിപ്പ് തുടര്‍ന്ന ഞാന്‍ പതിയെ ഒരു മയക്കത്തിലേക്ക് വഴുതിവീണു.
ഞാന്‍ മരിച്ചിരിക്കുന്നു! വെള്ളനിറത്തിലുള്ള മനോഹരമായ ഒരു ഉടുപ്പ് ധരിച്ച് ശവമഞ്ചത്തില്‍ കിടക്കുകയാണ്. മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി കാണാം. കാണാന്‍ വരുന്ന പലരും അതേക്കുറിച്ച് പറയുന്നുണ്ട്, ചിരിച്ചുകൊണ്ട് കിടക്കുകയാണല്ലോ എന്നൊക്കെയാണ് ആ വാക്കുകള്‍. അച്ഛനും അമ്മയും പ്രിയപ്പെട്ടവരുമൊക്കെ സങ്കടത്തോടെ എനിക്കടുത്ത് ഇരിക്കുന്നു.
പിന്നെ കാണുന്നത് മാലാഖമാര്‍ എന്നെ എടുത്തുകൊണ്ട് പോകുന്നതാണ്. കുറേ ദൂരം പോയപ്പോള്‍ ഭീകരരൂപികള്‍ അടുത്തേക്കു വന്നു. ‘ഇവള്‍ ഞങ്ങള്‍ക്കുള്ളതാണ്’- അവരുടെ പേടിപ്പെടുത്തുന്ന സ്വരം! മാലാഖമാര്‍ ഉടനെ നല്കി മറുപടി, “അല്ല, ഇവള്‍ ഈശോയുടേതാണ്.”
എന്നാല്‍ ഭീകരരൂപികളായ പിശാചുക്കള്‍ അത് സമ്മതിക്കാന്‍ തയാറായില്ല. ഞാന്‍ കുഞ്ഞുനാള്‍ മുതല്‍ ചെയ്ത പാപങ്ങള്‍ അവര്‍ പറയാന്‍ തുടങ്ങി. അതുകേട്ട ഞാന്‍ നടുങ്ങിപ്പോയി, എല്ലാം ശരിയാണ്! പാപങ്ങള്‍ ചെയ്തതിനാല്‍ ഇവള്‍ ഞങ്ങളുടേതാണ് എന്ന് അവര്‍ പറയാന്‍ ശ്രമിച്ചപ്പോള്‍ മാലാഖമാര്‍ പറഞ്ഞത് മറ്റൊന്നാണ്.
“പക്ഷേ ഇവള്‍ അനുതപിച്ചിട്ടുണ്ട്. ഇവളുടെ പാപങ്ങള്‍ക്ക് യേശു പരിഹാരം ചെയ്തുകഴിഞ്ഞതാണ്.”
പിന്നെ അവിടെ ഭയാനകമായ യുദ്ധമാണ് നടന്നത്. മിഖായേല്‍ മാലാഖ ഇറങ്ങിവന്ന് പൊരുതുന്നത് ഞാന്‍ കണ്ടു. വിജയം മാലാഖമാര്‍ക്കൊപ്പമായിരുന്നു. അവര്‍ വീണ്ടും എന്നെയുംകൊണ്ട് യാത്രചെയ്തു. ചിന്തിക്കാനാവാത്തവിധം വലുപ്പമുള്ള മനോഹരമായ ഒരു കവാടംപോലെ ഒന്ന് ഞാന്‍ കണ്ടു. അത് സ്വര്‍ഗ്ഗകവാടമാണെന്ന് ആരും പറയാതെതന്നെ മനസ്സിലാക്കാമായിരുന്നു. അകത്തേക്ക് പ്രവേശിച്ചപ്പോള്‍ നരച്ച താടിയുള്ള അതീവതേജസ്വിയായ ഒരാളെ ഞാന്‍ ശ്രദ്ധിച്ചു. അത് ദൈവപിതാവാണെന്ന് എനിക്ക് തോന്നി.
അവിടെ നിറയെ പൂക്കളുണ്ടായിരുന്നു. സിംഹവും പശുവും മാനും പല തരത്തിലുള്ള മൃഗങ്ങളും പക്ഷികളുമെല്ലാം അവിടെ അതിമനോഹരമായി കാണപ്പെട്ടു. സിംഹത്തിന്‍റെ കാലിനിടയിലൂടെ ഒരു മാന്‍കിടാവ് കടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. വളരെ ആനന്ദം നിറഞ്ഞ അന്തരീക്ഷമായിരുന്നു അവിടംമുഴുവന്‍.
വര്‍ണിക്കാനാവാത്ത വിധം മനോഹരിയായ പരിശുദ്ധ മാതാവിനെ ഞാന്‍ അവിടെ കണ്ടു. മാതാവ് എന്നോട് പുഞ്ചിരി തൂകി. പക്ഷേ ഞാന്‍ മാതാവിനരികിലേക്ക് പോയില്ല. സന്തോഷത്തോടെതന്നെ മുന്നോട്ടു നീങ്ങുകയാണ് ചെയ്തത്. അല്പം കഴിഞ്ഞപ്പോഴതാ സന്തോഷംകൊണ്ട് ഞാന്‍ തരിച്ചുപോകുന്ന കാഴ്ച, പുഞ്ചിരിച്ചുകൊണ്ട് നില്ക്കുന്ന യേശു! ഞാന്‍ ഓടിച്ചെന്ന് യേശുവിനെ കെട്ടിപ്പുണര്‍ന്നു. യേശു എന്നെയും നെഞ്ചോടു ചേര്‍ത്തു പിടിച്ചു.
ആനന്ദത്തിന്‍റെ നിറവിലായിരുന്ന ഞാന്‍ പെട്ടെന്നാണ് മയക്കത്തില്‍നിന്നുണര്‍ന്നത്. കണ്ടത് സ്വപ്നമായിരുന്നു എന്നെനിക്ക് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. കാഴ്ചകളും അനുഭവങ്ങളുമെല്ലാം അത്രമാത്രം വ്യക്തമായിരുന്നു. പരിശുദ്ധ മാതാവിനെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ അമ്മയ്ക്കരികിലേക്ക് പോയില്ലല്ലോ എന്നോര്‍ത്ത് ഖേദം തോന്നി. പക്ഷേ സ്വപ്നമല്ലേ, കണ്ടത് മാറ്റാനാവില്ലല്ലോ. എന്തായാലും ആ സ്വപ്നത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. ഒടുവില്‍ സ്വയം ഇങ്ങനെ വ്യാഖ്യാനിച്ചെടുത്തു, ഞാന്‍ മരിക്കാന്‍ പോകുകയായിരിക്കാം. പെട്ടെന്ന് ഒരു കാര്യം ഓര്‍ത്ത് ആശ്വാസം തോന്നി, ‘സ്റ്റാറ്റിസ്റ്റിക്സും അക്കൗണ്ടന്‍സിയുമൊന്നും പഠിക്കേണ്ടല്ലോ!’ അന്ന് ബി.കോം വിദ്യാര്‍ത്ഥിനിയാണ് ഞാന്‍. സ്റ്റാറ്റിസ്റ്റിക്സും അക്കൗണ്ടന്‍സിയും എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. പിന്നെ ആലോചിച്ചപ്പോള്‍ അമ്മയും അച്ഛനുമെല്ലാം സങ്കടപ്പെടുമല്ലോ എന്നോര്‍ത്ത് അല്പം വിഷമം തോന്നി.
അന്ന് ഞാന്‍ മാമ്മോദീസ സ്വീകരിച്ചിട്ടില്ലെങ്കിലും യേശുവിനെ അറിഞ്ഞിട്ടുണ്ട്. ജീസസ് യൂത്ത് മുന്നേറ്റത്തില്‍ അംഗവുമാണ്. എങ്കിലും ബൈബിള്‍സംബന്ധമായോ സഭാസംബന്ധമായോ വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല. എന്തായാലും മരിക്കാന്‍ പോകുന്ന കാര്യം പുറത്തു പറയാന്‍ കഴിയാത്തതുകൊണ്ട് ആരോടും എന്‍റെ അവസ്ഥ പങ്കുവച്ചില്ല. ദിവസങ്ങള്‍ അങ്ങനെ കടന്നുപോയി. ഞാന്‍ പഠനമൊക്കെ നിര്‍ത്തിവച്ചിരിക്കുകയാണ്; മരിക്കാന്‍ പോകുന്ന ആള്‍ പഠിച്ചിട്ട് കാര്യമൊന്നുമില്ലല്ലോ!
ഓരോ ദിവസവും ഞാന്‍ മരണം കാത്തിരുന്നു. ഇടയ്ക്ക് ഒരു ദിവസം കോളേജിലേക്ക് യാത്ര ചെയ്യുമ്പോള്‍ എനിക്ക് ചങ്കുവേദന അനുഭവപ്പെട്ടു. ചങ്കുവേദന കൂടി മരിക്കാന്‍ പോകുകയാണ് എന്നുതന്നെ ഞാന്‍ ഉറപ്പിച്ചു. പക്ഷേ അല്പനേരം കഴിഞ്ഞപ്പോള്‍ അത് മാറുകയാണ് ഉണ്ടായത്. പിന്നെയും കാത്തിരിപ്പ് തുടര്‍ന്നു. ഒരു മാസത്തോളം കഴിഞ്ഞിട്ടും മരണം സംഭവിക്കുന്നില്ല. പഠിക്കാനുള്ളതെല്ലാം കുന്നുകൂടിയിരിക്കുന്നു. ജീവിതമാകെ താളം തെറ്റിത്തുടങ്ങി എന്നെനിക്ക് മനസ്സിലായി. അതോടെ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കാനായി പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങളുപയോഗിച്ച് പ്രാര്‍ത്ഥിക്കുന്ന, ഗുരുസ്ഥാനത്തുള്ള, ഒരു സഹോദരന്‍റെ അടുത്ത് ചെന്നു. അദ്ദേഹം എനിക്കായി പ്രാര്‍ത്ഥിച്ചിട്ട് എന്നോടു ചോദിച്ചു, “മോള്‍ക്ക് മരണശേഷമുള്ള ആനന്ദകരമായ നിത്യജീവിതത്തെപ്പറ്റി ബോധ്യമുണ്ടായിരുന്നോ?”
അദ്ദേഹത്തിന്‍റെ വാക്കുകളില്‍നിന്ന് എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു, ഈ ഭൂമിയിലെ നമ്മുടെ ജീവിതം കുറച്ചു നാള്‍മാത്രമേയുള്ളൂ. നമ്മുടെ യഥാര്‍ത്ഥ പൗരത്വം സ്വര്‍ഗ്ഗത്തിലാണ്. അവിടെ സന്തോഷകരമായ ഒരു നിത്യജീവിതം നമ്മെ കാത്തിരിക്കുന്നുണ്ട്. സ്വപ്നത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലായപ്പോള്‍ എന്‍റെതന്നെ സ്വപ്നവ്യാഖ്യാനമോര്‍ത്ത് ഞാന്‍ ചിരിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മരണത്തെക്കുറിച്ചും മരണാനന്തരജീവിതത്തെക്കുറിച്ചും സ്വര്‍ഗ്ഗത്തെക്കുറിച്ചുമെല്ലാം തിരുവചനവും തിരുസഭയും പഠിപ്പിക്കുന്നതെന്താണെന്ന് ഞാന്‍ കൂടുതല്‍ അറിയാനിടയായി.
“ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും… എന്‍റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലംകൊണ്ടെന്നപോലെ ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനംകൊണ്ട് നിറയും”(ഏശയ്യാ 11: 6-9) എന്ന വചനഭാഗം ഇന്ന് എനിക്ക് പരിചിതമാണ്. ഇതെല്ലാം അറിഞ്ഞപ്പോഴാണ് പണ്ട് കണ്ട സ്വപ്നം ഇതുമായി ചേര്‍ന്നുപോകുന്നതാണല്ലോ എന്ന് ഓര്‍ത്തത്. പക്ഷേ ഇതൊന്നും ഒട്ടും അറിയാതിരുന്ന നാളില്‍ കണ്ട ആ സ്വപ്നം ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു.
ആ സ്വപ്നത്തില്‍ ഞാന്‍ മാതാവിനരികിലേക്ക് പോയില്ലല്ലോ എന്ന ഖേദം എന്നും എന്‍റെ ഉള്ളിലുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നിത്യജീവിതത്തെക്കുറിച്ച് സംസാരിക്കവേ ഈ സ്വപ്നത്തെക്കുറിച്ച് ഒരു സുഹൃത്തിനോട് പങ്കുവച്ചു. കേട്ടുകഴിഞ്ഞപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു, “സ്വപ്നത്തില്‍ എല്ലാ വിശദാംശങ്ങളും ശരിയാണല്ലോ. മാതാവ് ഒരിക്കലും ആരെയും തന്നിലേക്കല്ല ആകര്‍ഷിക്കുന്നത്, ഈശോയിലേക്കാണ്!” സ്വപ്നത്തില്‍ ഞാന്‍ മാതാവിനരികിലേക്ക് പോകാതിരുന്നതിന്‍റെ കാരണമറിഞ്ഞതോടെ എന്‍റെ ഖേദം സന്തോഷമായി മാറി. മനോഹരമായ ആ സ്വപ്നം ഈശോ തന്ന സ്നേഹസമ്മാനമാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
'പീലിപ്പോസിനോടൊപ്പമുള്ള യാത്രാവേളയിലാണ് നഥാനയേല്‍ ഈശോയെ ആദ്യമായി കാണുന്നത്. എന്നാല്‍ ഈശോ അതിനുമുമ്പേ അയാളെ കണ്ടിരുന്നു. “പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്‍റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു” (യോഹന്നാന്‍ 1:48). അത്തിമരത്തിന്‍റെ ചുവട്ടില്‍ ഇരിക്കുകയെന്നാല്‍ ദൈവവചനം വായിക്കുക എന്നും സൂചിതാര്‍ത്ഥമുണ്ട്. യഹൂദറബ്ബിമാര്‍ അത്തിമരത്തിന്‍റെ ചുവട്ടിലിരുന്നാണ് വചനഗ്രന്ഥം വായിച്ചിരുന്നത്.
ദൈവവചനത്തിന്‍റെ മുമ്പിലിരിക്കുന്നവരുടെമേല്‍ ദൈവത്തിന്‍റെ ഒരു പ്രത്യേക നോട്ടം വീഴും. നഥാനയേല്‍ നിഷ്കപടനായ ഇസ്രായേല്‍ക്കാരനായിരുന്നല്ലോ. എത്യോപ്യക്കാരനായ ഷണ്ഡന്‍ രഥത്തിലിരുന്ന് ഏശയ്യായുടെ പ്രവചനം വായിച്ചത് സ്വര്‍ഗത്തിലിരുന്ന് ദൈവം കണ്ടു. വചനം വ്യാഖ്യാനിച്ചു കൊടുക്കുവാന്‍ ദൈവം പീലിപ്പോസിനെ രഥത്തിനടുത്തേക്ക് പറഞ്ഞയയ്ക്കുന്നു (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 8:29).
അത്തിമരത്തിന്‍റെ ചുവട്ടില്‍ ഇരിക്കുകയെന്നാല്‍ വചനം വായിക്കുക എന്നാണര്‍ത്ഥമെങ്കില്‍ ഓക്കുമരത്തിന്‍റെ ചുവട്ടില്‍ ഇരിക്കുകയെന്നാല്‍ പ്രാര്‍ത്ഥനാനുഭവത്തില്‍ കഴിയുക എന്നാണര്‍ത്ഥം. അത്തിമരത്തിന്‍റെ ചുവട്ടിലിരുന്നാല്‍ ഓക്കുമരച്ചുവട്ടിലേക്കുള്ള യാത്ര എളുപ്പമായിരിക്കും. വചനവായനയും വചനധ്യാനവുമില്ലാതെ പ്രാര്‍ത്ഥനാജീവിതത്തില്‍ വളരാനാവില്ലെന്ന ആത്മീയരഹസ്യം മറക്കരുത്.
വചനം വായിക്കുമ്പോള്‍ നാം കേള്‍ക്കുന്നത് ദൈവസ്വരമാണ്. നിരന്തരം വായിച്ചുകൊണ്ടിരുന്നാല്‍ ദൈവശബ്ദം നമുക്ക് വളരെ പരിചിതമാകും. ഇടത്തോട്ടും വലത്തോട്ടും തിരിയുമ്പോള്‍ പിന്നില്‍നിന്ന് ആ സ്വരം കേള്‍ക്കാന്‍ കഴിയും (ഏശയ്യാ 30:21). അപ്പോള്‍ ഹൃദയം ജ്വലിക്കും, പ്രാര്‍ത്ഥന എളുപ്പമാകും.
ഒരിക്കല്‍ ഒരു പ്രത്യേക നിയോഗത്തിനായി, ലളിതമായ ഏതാനും പരിത്യാഗ പ്രവൃത്തികളോടെ, ദിവസം അരമണിക്കൂര്‍ വചനവായന ഞാന്‍ ആരംഭിച്ചു. ഒരു മാസത്തിനുള്ളില്‍ അസാധ്യമെന്ന് അനേകര്‍ വിധിയെഴുതിയ എന്‍റെ വ്യക്തിജീവിതത്തിലെ ഒരു വിഷമവൃത്തത്തില്‍ ദൈവം ഇടപെട്ടു. ഈ ദൈവാനുഭവം നന്ദിയോടെ, ജീവന്‍ തുളുമ്പുന്ന ഓര്‍മകളോടെ പങ്കുവയ്ക്കുന്നു. അരമണിക്കൂര്‍ അടുപ്പിച്ച് ദൈവവചനം വായിച്ചാല്‍ പൂര്‍ണദണ്ഡവിമോചനം ലഭിക്കുമെന്ന കാര്യവും ഇതോട് ചേര്‍ത്ത് ഓര്‍ക്കാവുന്നതാണ്.
“സഭ വിശുദ്ധ ഗ്രന്ഥത്തെ കര്‍ത്താവിന്‍റെ ശരീരത്തെയെന്നപോലെ എക്കാലവും ആദരിച്ചിരുന്നു. വിശുദ്ധ ഗ്രന്ഥങ്ങളിലൂടെ സ്വര്‍ഗസ്ഥനായ പിതാവ് തന്‍റെ മക്കളെ സന്ദര്‍ശിക്കാനും അവരോട് സംസാരിക്കാനും വരുന്നു” (സിസിസി 103-104). നിങ്ങളുടെ വീട്ടിലെ പ്രാര്‍ത്ഥനാമുറിയില്‍ ബൈബിള്‍ പ്രതിഷ്ഠിച്ചശേഷം പ്രാര്‍ത്ഥനാപൂര്‍വം വചനം വായിച്ചാല്‍ ഹൃദയം ജ്വലിക്കുന്നതും വീട്ടില്‍ ദൈവസാന്നിധ്യം നിറയുന്നതും തിരിച്ചറിയാന്‍ കഴിയും. വിശുദ്ധ കുര്‍ബാനയെ ആരാധിക്കുകയും വേദപുസ്തകത്തെ വണങ്ങുകയും ചെയ്യുന്നുവെന്നുള്ള വ്യത്യാസം മാത്രമേ ഇവിടെയുള്ളൂ.
വായന മുമ്പോട്ടു പോകുന്നതനുസരിച്ച് നിങ്ങളുടെ ഉള്ളില്‍ ആന്തരികസന്തോഷം നിറയുന്നത് തിരിച്ചറിയാന്‍ കഴിയും. ആനന്ദം പരിശുദ്ധാത്മാവിന്‍റെ സമ്മാനമാണ്. നിങ്ങളുടെ തകര്‍ച്ചകളോര്‍ത്ത് പ്രിയപ്പെട്ടവര്‍ കരയുമ്പോഴും വചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന നിങ്ങളുടെ ഉള്ളില്‍ ഒരു ആന്തരികാനന്ദം ഉണ്ടാകും. എടുത്താല്‍ പൊങ്ങാത്ത ജീവിതഭാരവുമായി നടന്നപ്പോള്‍ വിശുദ്ധനായ ഒരു ധ്യാനഗുരു പറഞ്ഞത് എന്‍റെ ഹൃദയത്തില്‍ നിറഞ്ഞു: സഹനകാലം വചനകാലമായി മാറണം. സങ്കീര്‍ത്തനപുസ്തകം ഒറ്റയിരിപ്പിന് വായിച്ചു. അതോടെ വചനത്തിന്‍ രുചി നിറഞ്ഞു. തുടര്‍ന്ന് ‘പരിശുദ്ധാത്മാവിന്‍റെ സുവിശേഷ’മെന്ന് അറിയപ്പെടുന്ന അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ വായിച്ചതോടെ പരിശുദ്ധാത്മാവിന്‍റെ ഇടപെടല്‍ അനുഭവിച്ചറിയാനും സ്വരം കേള്‍ക്കാനും തുടങ്ങി. പിന്നെ സുവിശേഷങ്ങളും ലേഖനങ്ങളും വായിച്ചു. ലേഖനങ്ങള്‍ പലവട്ടം തുടര്‍ച്ചയായി വായിച്ചു. അവസാനമാണ് പഴയനിയമത്തിലേക്ക് കടന്നത്. ആരംഭകര്‍ക്ക് ഈ ക്രമം വേണമെങ്കില്‍ തുടരാം.
ഏതാണ്ട് 80 വയസുള്ള ഒരു സമര്‍പ്പിത പ്രാര്‍ത്ഥിക്കാന്‍ വന്നതോര്‍ക്കുന്നു. കടുത്ത ഒറ്റപ്പെടലിന്‍റെ വേദനയില്‍ തകര്‍ന്നിരുന്നു ആ വയോധിക. ശിരസില്‍ കരങ്ങള്‍ വച്ച് പ്രാര്‍ത്ഥിച്ചശേഷം നിരന്തരം വചനം വായിക്കണമെന്ന് പറഞ്ഞുകൊടുത്തു. “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം നമുക്ക് നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്‍റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു” (റോമാ 5:5) എന്ന വചനം ആന്‍റിബയോട്ടിക് കഴിക്കുന്നതുപോലെ കോഴ്സ് മുടങ്ങാതെ ഉരുവിടണമെന്നും പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ പരിശുദ്ധാത്മാവും അതുവഴി സ്വര്‍ഗീയാനന്ദവും അമ്മയുടെ ഉള്ളില്‍ നിറഞ്ഞു. ഇപ്പോള്‍ സ്വര്‍ഗത്തിലിരുന്ന് ഇതു വായിക്കുന്നവരെ അവര്‍ അനുഗ്രഹിക്കുന്നുണ്ടാകും.
വചനവായനയിലൂടെ നമ്മില്‍ ശുദ്ധീകരണം സംഭവിക്കുന്നത് നാംപോലും അറിയണമെന്നില്ല. “ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു” (യോഹന്നാന്‍ 15:3). പഞ്ചേന്ദ്രിയങ്ങളിലൂടെ ഉള്ളില്‍ കയറുന്ന അശുദ്ധിയുടെ ഇരുട്ട് വചനവായനയിലൂടെ വെളിച്ചമായി മാറും. “അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം പരക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 119:130). ഒരു വചനം പ്രാര്‍ത്ഥനാപൂര്‍വം പലവട്ടം ഉരുവിടുമ്പോള്‍ അതു നമ്മില്‍ നിറയുകയും ആവശ്യനേരത്ത് ആയുധമായി മാറുകയും ചെയ്യും. “നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിന്‍. അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്” (റോമാ 12:14) എന്ന വചനം പല പ്രാവശ്യം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ പ്രകോപിതരാകേണ്ട സന്ദര്‍ഭം വരുമ്പോള്‍ ഈ വചനം ദേഷ്യത്തെ അമര്‍ച്ച ചെയ്തുകൊള്ളും.
ദൈവവചനം സജീവവും ഊര്‍ജസ്വലവുമാണ് (ഹെബ്രായര്‍ 4:12). ഓരോ വചനത്തിലും ദൈവികജീവന്‍റെ തുടിപ്പുണ്ട്. ശരീരത്തിലും മനസിലും ആത്മാവിലും തുളച്ചു കയറി സൗഖ്യവും മാനസാന്തരവും ഉണ്ടാക്കും. “അവിടുന്ന് തന്‍റെ വചനമയച്ച് അവരെ സൗഖ്യമാക്കി. വിനാശത്തില്‍നിന്ന് വിടുവിച്ചു” (സങ്കീര്‍ത്തനങ്ങള്‍ 107:20). പ്രശസ്ത വര്‍ഷിപ്പ് ഗായിക ഷേച്ച് ഡാര്‍ലിന് സ്തനാര്‍ബുദം വന്നത് കൗമാരത്തിലായിരുന്നു. അവള്‍ മരുന്നും ദൈവവചനവും ഒരുപോലെ കഴിച്ചു. കീമോതെറാപ്പിയോടൊപ്പം 91-ാം സങ്കീര്‍ത്തനവും അവള്‍ ഉരുവിട്ടപ്പോള്‍ പൂര്‍ണസൗഖ്യം ലഭിച്ചു. വൈദ്യശാസ്ത്രത്തിന് ഭേദമായി എന്നേ പറയാനാവൂ. സൗഖ്യമാവാന്‍ ദൈവവും ദൈവവചനവും വേണം.
വചനത്തില്‍ ദൈവികജീവന്‍ ഉള്ളതുകൊണ്ടാണ് വചനം കേള്‍ക്കുമ്പോള്‍ പ്രലോഭകന്‍ ഓടുന്നത്. ഈശോ പ്രലോഭനങ്ങളെ അതിജീവിച്ചതും ദൈവവചനം ഉദ്ധരിച്ചുകൊണ്ടാണല്ലോ. ശുദ്ധിയില്ലാത്ത ചിന്ത കടന്നുവരുമ്പോള്‍ “അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്” (1 തെസലോനിക്കാ 4:7) എന്ന വചനം ഏതാനും വട്ടം ഉരുവിടുകയും അവകാശത്തോടും അധികാരത്തോടുംകൂടെ ഏറ്റുപറയുകയും ചെയ്താല്‍ പ്രലോഭകന്‍ വിട്ടുപൊയ്ക്കൊള്ളും. ഒപ്പം വചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും വേണം.
വചനം വായിക്കുമ്പോള്‍ നിങ്ങളെ സ്പര്‍ശിക്കുന്ന വചനഭാഗങ്ങളില്‍ അടിവരയിടുക. അതാണ് നിങ്ങളുടെ സുവിശേഷം. അതില്‍ കരങ്ങള്‍ കമിഴ്ത്തിവച്ച് പ്രിയപ്പെട്ടവരുടെ പേരു പറഞ്ഞ് അവര്‍ക്കായി ആ വചനം ആവര്‍ത്തിക്കുക. സാഹചര്യം അനുകൂലമെങ്കില്‍ ചുണ്ടുകളനക്കി അല്പം ശബ്ദത്തില്‍ വായിക്കുക. സമര്‍പ്പിതരും വീട്ടിലുള്ളവരും ഒന്നിച്ചിരുന്ന് ഒരേ ഭാഗം ഉറക്കെ വായിച്ചാല്‍ ഒരു പ്രത്യേക അഭിഷേകം നിറയും. വചനം വായിച്ചിട്ടേ ഉറങ്ങാന്‍ പോകാവൂ. യാത്രയ്ക്കായി ബാഗ് ഒരുക്കുമ്പോള്‍ ഒരു കൊച്ചു ബൈബിളെങ്കിലും കൂടെ വയ്ക്കുവാന്‍ ശീലിക്കുക.
വചനവായനക്കെതിരെ സാത്താനൊരുക്കുന്ന കെണികളെ തകര്‍ക്കാനുള്ള ഒരു കുറുക്കുവഴികൂടി പങ്കുവയ്ക്കുന്നു. 119-ാം സങ്കീര്‍ത്തനം പ്രാര്‍ത്ഥനാപൂര്‍വം ഒരാവര്‍ത്തി അല്പം ശബ്ദത്തില്‍ വായിക്കുക. അതില്‍ കാണുന്ന വചനം, പ്രമാണം, നിയമം, കല്പന, ചട്ടം എന്നീ വാക്കുകള്‍ ഉരുവിടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. മാസത്തിലൊരിക്കല്‍ ഈ ശീലം തുടര്‍ന്നാല്‍ നിങ്ങളുടെ പ്രാര്‍ത്ഥനാജീവിതം വളരും. വചനത്തിന്‍റെ പുതിയ അര്‍ത്ഥതലങ്ങള്‍ ആത്മാവ് നിങ്ങള്‍ക്ക് പറഞ്ഞുതരും.
ദൈവമേ, അത്തിമരത്തിന്‍റെ ചുവട്ടില്‍ ധ്യാനപൂര്‍വം ഇരിക്കുവാനും അവിടെനിന്നും ഓക്കുമരത്തിന്‍റെ ചുവട്ടിലേക്ക് യാത്ര ചെയ്യുവാനും എന്നെ സഹായിക്കണമേ. അങ്ങനെ സ്വര്‍ഗത്തിലെത്താന്‍ എന്നെ അനുഗ്രഹിക്കണമേ.
ബൈബിള്‍ വായിക്കുമ്പോള്‍ ദൈവം നിങ്ങളോട് സംസാരിക്കുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ ദൈവത്തോട് സംസാരിക്കുന്നു
-വിശുദ്ധ അഗസ്റ്റിന്‍
എനിക്ക് സുവിശേഷം ക്രിസ്തുവിന്‍റെ ശരീരമാണ്. ദിവ്യകാരുണ്യത്തിന്‍റെ ഒരു ചെറുതരി താഴെ വീണാല്‍ നാം വിഷമിക്കുന്നു. വചനം വായിക്കുമ്പോള്‍ ശ്രദ്ധിക്കാത്തപക്ഷം ഇതേ ആപത്ഭീതി ഉണ്ടാകേണ്ടതാണ്.
-വിശുദ്ധ ജറോം
ഈ ലോകത്തിലെ ഏറ്റവും ഉന്നതവും ശ്രേഷ്ഠവുമായ ജോലി അത്യുന്നതനായ ദൈവത്തിനുവേണ്ടി ജീവിക്കുക എന്നതുതന്നെയാണ്. ത്യാഗപൂര്‍ണമായ തീരുമാനങ്ങളെടുക്കുന്നവര്‍ എന്നെന്നും ആദരിക്കപ്പെടും, ദൈവസന്നിധിയിലും ലോകസമക്ഷവും. ഇതിന് ലോകചരിത്രത്തില്‍ പതിനായിരക്കണക്കിന് ഉദാഹരണങ്ങളുണ്ട്.
എന്നാല്‍ നമ്മുടെ കാലഘട്ടത്തില്‍ ത്തന്നെ ക്രിസ്തുവിന്‍റെ സ്നേഹം സവിശേഷമായ രീതിയില്‍ പ്രകാശിപ്പിച്ച് കടന്നുപോയ ഒരു വ്യക്തിയെ പരിചയപ്പെടുത്തട്ടെ. അത് പാക്കിസ്ഥാന്‍റെ ‘മദര്‍ തെരേസ’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സിസ്റ്റര്‍ റൂത്ത് ഫൗ ആണ്.
929 സെപ്റ്റംബര്‍ ഒമ്പതാം തിയതി ഒരു ലൂഥറന്‍ പ്രൊട്ടസ്റ്റന്‍റ് മാതാപിതാക്കളുടെ മകളായി റൂത്ത് ജനിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് അവരുടെ ഭവനം ബോംബിങ്ങില്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ അവര്‍ സ്വന്തം നാടായ കിഴക്കന്‍ ജര്‍മനിയില്‍നിന്ന് പടിഞ്ഞാറന്‍ ജര്‍മനിയിലേക്ക് രക്ഷപ്പെട്ടു. 1950-കളില്‍ മെയിന്‍സ് യൂണിവേഴ്സിറ്റിയില്‍ മെഡിസിന്‍ പഠിക്കുവാനായി ചേര്‍ന്നു. അക്കാലഘട്ടത്തിലാണ് അവളുടെ ജീവിതത്തെ നിര്‍ണായകമായി സ്വാധീനിച്ച ഒരു വ്യക്തിയെ പരിചയപ്പെടുന്നത്. അത് കോണ്‍സന്‍ട്രേഷന്‍ ക്യമ്പില്‍നിന്ന് രക്ഷപ്പെട്ട ഒരു ഡച്ച് ക്രിസ്ത്യന്‍ വനിതയായിരുന്നു. ക്യാമ്പിലെ വളരെ വേദനാജനകമായ അനുഭവങ്ങളെ ക്രിസ്തുവിന്‍റെ ക്ഷമിക്കുന്ന സ്നേഹത്താല്‍ അതിജീവിച്ച ആ സ്ത്രീ, തന്‍റെ ശേഷിച്ച ജീവിതം ഈ സ്നേഹത്തെ പ്രഘോഷിക്കുവാന്‍ നീക്കിവച്ചു. ഈ സ്ത്രീയുടെ ജീവിതാദര്‍ശങ്ങള്‍ റൂത്തിനെ ആഴമായി സ്വാധീനിച്ചു. 1953-ല്‍ അവള്‍ റോമന്‍ കത്തോലിക്കാ സഭയെ ആശ്ലേഷിച്ചു. ഒരു മനുഷ്യന് എപ്രകാരം ധീരതയോടെ ജീവിതം നയിക്കാമെന്ന് താന്‍ മനസിലാക്കിയത് സെന്‍റ് തോമസ് അക്വിനാസിന്‍റെ എഴുത്തുകളില്‍നിന്നാണെന്ന് അവര്‍ എഴുതി. പില്ക്കാലത്ത് തന്‍റെ ജീവിതം ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി പാവപ്പെട്ടവര്‍ക്കായി സമര്‍പ്പിക്കുവാനുള്ള ധീരത അങ്ങനെയാവണം റൂത്തിന് ലഭിച്ചത്.
മെഡിസിനില്‍ ബിരുദമെടുത്ത ഒരു ഡോക്ടറായിരുന്നുവെങ്കിലും റൂത്തിന്‍റെ മനസില്‍ ഒരു ശൂന്യത അനുഭവപ്പെടുവാന്‍ തുടങ്ങിയിരുന്നു. ലോകത്തിന്‍റെ സുഖങ്ങള്‍ അവളെ തെല്ലും ആകര്‍ഷിച്ചില്ല. തന്‍റെ ജീവിതം ഉന്നതമായ ഒരു ലക്ഷ്യത്തിനായി ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന ഒരു ബോധ്യം റൂത്തിന്‍റെ മനസില്‍ രൂപപ്പെടുവാന്‍ തുടങ്ങി. അതിന്‍റെ പരിസമാപ്തിയെന്നോണം റൂത്ത് സന്യാസം സ്വീകരിക്കുവാന്‍ തീരുമാനിച്ചു. പരിശുദ്ധ മറിയത്തിന്‍റെ ഹൃദയത്തിന്‍റെ മക്കള്‍ എന്ന സന്യാസസഭയിലാണ് അവള്‍ അംഗമായി ചേര്‍ന്നത്. 1957-ലായിരുന്നു ഇത്. ഈ വിളിയെക്കുറിച്ച് റൂത്ത് ഇപ്രകാരമാണ് പറഞ്ഞത്: “ഇങ്ങനെയുള്ള ഒരു വിളി ലഭിക്കുമ്പോള്‍ അത് നിഷേധിക്കുവാന്‍ ഒരാള്‍ക്കും സാധിക്കുകയില്ല. കാരണം നിങ്ങളല്ല ആ തെരഞ്ഞെടുപ്പ് നടത്തിയത്, ദൈവംതന്നെ തനിക്കുവേണ്ടി നിങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.” ദൈവവിളിയെക്കുറിച്ച് എക്കാലത്തും സാര്‍ത്ഥകമായ വാക്കുകള്‍!
നമ്മുടെ ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളുണ്ട്. പക്ഷേ ദൈവത്തെ സ്നേഹിക്കുന്നവരുടെ, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവരുടെ ജീവിതത്തില്‍ അവയെല്ലാം നന്മയ്ക്കായി പരിണമിക്കപ്പെടും. റൂത്തിനെ മേലധികാരികള്‍ തെക്കേ ഇന്ത്യയിലേക്ക് മിഷനറിവേലയ്ക്കായി അയച്ചു. എന്നാല്‍ വിസാസംബന്ധമായ ചില സാങ്കേതിക കാരണങ്ങളാല്‍ അവരുടെ യാത്ര പാക്കിസ്ഥാനിലെ കറാച്ചിയില്‍വച്ച് അവസാനിപ്പിക്കേണ്ടിവന്നു. ദൈവത്തിന്‍റെ പ്രത്യേക പദ്ധതിയായിരുന്നു അതെന്ന് പിന്നീട് വെളിവാക്കപ്പെട്ടു. കാരണം അവിടെയുള്ള പാവങ്ങളെ ശുശ്രൂഷിക്കുക എന്നതായിരുന്നു റൂത്തിനെക്കുറിച്ചുള്ള ദൈവഹിതം.
1960-ല്‍ തന്‍റെ മുപ്പത്തിയൊന്നാമത്തെ വയസില്‍ പാക്കിസ്ഥാനിലെത്തിയ റൂത്ത് തന്‍റെ ശേഷിച്ച ജീവിതം പാക്കിസ്ഥാനിലെ ജനങ്ങള്‍ക്കുവേണ്ടി, പ്രത്യേകിച്ച് കുഷ്ഠരോഗത്താല്‍ കഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി, നീക്കിവയ്ക്കുവാന്‍ തീരുമാനിച്ചു. കറാച്ചി റെയില്‍വേ സ്റ്റേഷന്‍റെ അടുത്തുള്ള ഒരു കുഷ്ഠരോഗകോളനി സന്ദര്‍ശിക്കുവാന്‍ അവസരം ലഭിച്ചതാണ് ഈ തീരുമാനമെടുക്കുവാന്‍ കാരണം. സഹായിക്കുവാന്‍ ആരുമില്ലാതെ നരകിക്കുന്ന ഈ കുഷ്ഠരോഗികളെ പരിചരിക്കുവാനാണ് തനിക്ക് മെഡിക്കല്‍ ബിരുദം ദൈവം നല്കിയതെന്ന് അവര്‍ തിരിച്ചറിഞ്ഞു. റൂത്ത് പിന്നീട് തിരിഞ്ഞു നോക്കിയില്ല. അവിടെ ഒരു കുടില്‍ കെട്ടി തന്‍റെ ആദ്യ കുഷ്ഠരോഗക്ലിനിക്ക് ആരംഭിച്ചു. 1963 ഏപ്രില്‍ മാസത്തില്‍ സ്വന്തമായി ഒരു കെട്ടിടത്തിലേക്ക് ഈ ക്ലിനിക്ക് മാറ്റുവാന്‍ സാധിച്ചു. കുഷ്ഠരോഗചികിത്സ വളരെ അപൂര്‍വമായ ആ കാലഘട്ടത്തില്‍ ഇത് വലിയൊരു അനുഗ്രഹമായി മാറി. പാക്കിസ്ഥാന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനില്‍നിന്നുപോലും കുഷ്ഠരോഗികള്‍ വരുവാന്‍ തുടങ്ങി.
മാത്രവുമല്ല, തന്‍റെ ക്ലിനിക്കില്‍ വരുവാന്‍ സാധിക്കാത്ത രോഗികളെത്തേടി സിസ്റ്റര്‍, ഡോക്ടര്‍ റൂത്ത് പാക്കിസ്ഥാന്‍റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്തു. അവരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം പാക്കിസ്ഥാനെ നിര്‍ണായകമായ വിധത്തില്‍ സ്വാധീനിച്ചു. അവരുടെ പ്രവര്‍ത്തനഫലമായി പാക്കിസ്ഥാനിലെ കുഷ്ഠരോഗികളുടെ എണ്ണം 19,938-ല്‍നിന്ന് വെറും 531 ആയി കുറഞ്ഞു (2016-ല്‍). ഈ ആധികാരികമായ കണക്ക് നല്കുന്നത് പാക്കിസ്ഥാനിലെ ഏറ്റവും പുരാതനവും ഏറ്റവുമധികം സര്‍ക്കുലേഷനുമുള്ളതുമായ ഡോണ്‍ എന്ന ഇംഗ്ലീഷ് പത്രമാണ്.
പാക്കിസ്ഥാന്‍ ഭരണാധികാരികള്‍ സിസ്റ്റര്‍ റൂത്തിനെ പാക്കിസ്ഥാന്‍ പൗരത്വം നല്കിക്കൊണ്ട്, പാക്കിസ്ഥാന്‍കാരിയായി അംഗീകരിച്ചു (1988). പാക്കിസ്ഥാന്‍ ജനത അവരെ ഹൃദയത്തിലേറ്റി എന്നതിന്‍റെ സൂചനയായിരുന്നു സിസ്റ്റര്‍ റൂത്തിന്‍റെ എഴുപതാം പിറന്നാളാഘോഷം. കറാച്ചിയിലെ സെന്‍റ് പാട്രിക് കത്തീഡ്രലില്‍വച്ച് നടത്തിയ വിശുദ്ധ കുര്‍ബാനയില്‍ ക്രിസ്ത്യാനികള്‍ മാത്രമല്ല, നിരവധി മുസ്ലീങ്ങളും പങ്കെടുത്തു. ഒരു നാടിന്‍റെ ആദരവ് ഏറ്റുവാങ്ങിക്കൊണ്ടാണ് സിസ്റ്റര്‍ റൂത്ത് 2017, ആഗസ്റ്റ് പത്താം തിയതി ഈ ലോകത്തില്‍നിന്ന് കടന്നുപോയത്. പാക്കിസ്ഥാന്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയും അവരുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ചു. തികച്ചും ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അവരുടെ മൃതസംസ്കാരം. അവരുടെ ശവമഞ്ചം പാക്കിസ്ഥാന്‍ പതാകയാല്‍ പൊതിയപ്പെട്ടു. അങ്ങനെ ഒരു നാടു മുഴുവന്‍ തേങ്ങി. പാക്കിസ്ഥാനില്‍ ഔദ്യോഗിക മൃതസംസ്കാരം ലഭിക്കുന്ന ആദ്യത്തെ ക്രിസ്ത്യാനിയും ആദ്യത്തെ അമുസ്ലീമും സിസ്റ്റര്‍ റൂത്ത് ആയിരുന്നു.
ജര്‍മനി എന്ന രാജ്യത്ത് ഒരു സാധാരണ ഡോക്ടറായി ജീവിച്ച് മരിക്കേണ്ടിയിരുന്ന വ്യക്തിയായിരുന്നു സിസ്റ്റര്‍ ഡോക്ടര്‍ റൂത്ത്. എന്നാല്‍ അവരുടെ ജീവിതം അനേകര്‍ക്ക് അനുഗ്രഹമായിത്തീര്‍ന്നത്, അവര്‍ അനശ്വരയായി മാറിയത് അവരെടുത്ത വെല്ലുവിളി നിറഞ്ഞ തീരുമാനംവഴിയാണ്. ‘നീ ഒരു അനുഗ്രഹമായിത്തീരും’ എന്ന് അബ്രാഹമിനോട് വാഗ്ദാനം ചെയ്ത ദൈവം നിങ്ങള്‍ക്കും എനിക്കും ആ വാഗ്ദാനം നല്കുന്നുണ്ട്. അത് യാഥാര്‍ത്ഥ്യമാകുന്നത് ദൈവത്തിന്‍റെ വിളിക്ക് നാം നല്കുന്ന പ്രത്യുത്തരം അനുസരിച്ചാണ്. അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം:
ദൈവമേ, അങ്ങേക്ക് എന്നെക്കുറിച്ച് വ്യക്തമായ ഒരു പദ്ധതിയുണ്ടല്ലോ. അതനുസരിച്ച് എന്നെ രൂപപ്പെടുത്തിയാലും. അങ്ങയുടെ വഴിയിലൂടെ നടക്കുവാന്‍, അങ്ങയുടെ സ്വരം ശ്രവിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ജീവിതാന്ത്യംവരെ ദൈവവിളിക്ക് കാതോര്‍ക്കുവാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ – ആമ്മേന്‍.
'തന്നെ പീഡിപ്പിച്ചവര്‍ക്കായുള്ള യേശുവിന്‍റെ പ്രാര്‍ത്ഥന തീര്‍ച്ചയായും നമ്മെ അത്ഭുതപ്പെടുത്തും. ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ നമുക്ക് കഴിയില്ല എന്ന് നാം ചിന്തിച്ചിട്ടുമുണ്ടായിരിക്കാം. അവിടുന്ന് തന്‍റെ പരസ്യജീവിതകാലത്ത് ഇപ്രകാരം പ്രബോധിപ്പിച്ചു, “ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍” (മത്തായി 5:44). തന്‍റെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റിക്കൊണ്ട് സാക്ഷ്യം നല്കുകയാണ് കുരിശിലെ യേശു ചെയ്യുന്നത്. ക്രൂശിതനായ യേശുവിനെ അനുഗമിക്കുന്നവരും ഇതേ വഴിയിലൂടെ നടക്കുന്നു. വിശുദ്ധ കുര്‍ബാനയില്‍ ഇന്നും ജീവിക്കുന്ന യേശു അതിന് അവരെ ശക്തിപ്പെടുത്തുന്നു. ഒരു യഥാര്‍ത്ഥ സംഭവത്തിലൂടെ ഇത് വ്യക്തമാക്കാം.
ആഫ്രിക്കന്‍ ഗ്രാമത്തിലെ ഒരിടവകയില്‍ ധ്യാനശുശ്രൂഷക്കായി ചെന്നപ്പോള്‍ അവിടെ മുറ്റം അടിച്ചുവാരിക്കൊണ്ടിരുന്ന സ്ത്രീയെ കണ്ടു. അവരാണ് ഞങ്ങളെ വികാരിയച്ചന്‍റെ അടുത്തേക്ക് ആനയിച്ചത്. അവരുടെ മുഖത്തും ശരീരത്തിലുമെല്ലാം പൊള്ളലേറ്റിട്ടുണ്ടെന്ന കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. വികാരിയച്ചന്‍ ആ സത്രീയെക്കുറിച്ച് വിവരിച്ചു. ഭര്‍തൃമതിയും മൂന്ന് മക്കളുടെ അമ്മയുമാണ് അവള്‍. ദൈവാലയത്തില്‍വച്ച് വിവാഹിതയായതാണ്. പക്ഷേ ഭര്‍ത്താവിന് ജോലിസ്ഥലത്തുള്ള ഒരു യുവതിയുമായി അരുതാത്ത ബന്ധം. ഒടുവില്‍ ആ സ്ത്രീയെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിച്ചു. ഭാര്യയോടും മക്കളോടും അവര്‍ക്കിനി ആ വീട്ടില്‍ സ്ഥാനമില്ല എന്നു പറഞ്ഞ് ഇറക്കിവിട്ടു.
ഇവര്‍ മൂന്ന് മക്കളുമായി പന്നികളെ മേയ്ക്കുന്ന പുറംപോക്കില്‍ താമസമാക്കി. എങ്കിലും ഭര്‍ത്താവിനുള്ള ഭക്ഷണം ഈ സ്ത്രീയാണ് പാചകം ചെയ്തുകൊണ്ടിരുന്നത്. ചോളംകൊണ്ടുള്ള ഒരു തരം കുറുക്കാണ് അവിടത്തെ പ്രധാനഭക്ഷണം. അത് തയാറാക്കാനായി വെള്ളം തിളപ്പിച്ചുകൊണ്ടിരിക്കേ ഭര്‍ത്താവിന്‍റെ രണ്ടാം ഭാര്യയെന്ന് വിളിക്കപ്പെടുന്ന സ്ത്രീ വന്ന് ‘നീ ആരാ എന്‍റെ ഭര്‍ത്താവിന് ഭക്ഷണമുണ്ടാക്കാന്‍’ എന്ന ആക്രോശത്തോടെ തിളച്ച വെള്ളം ഈ സ്ത്രീയുടെ മുഖത്തേക്കൊഴിച്ചു. ഭര്‍ത്താവും ഉപദ്രവിക്കാനെത്തി, അവരെ അവിടെനിന്നും ഓടിച്ചു. അങ്ങനെ ഈ സ്ത്രീ ഇപ്പോള്‍ പള്ളിവക സ്ഥലത്ത് താമസിക്കുന്നു.
ഞാന്‍ അവരോടു ചോദിച്ചു, “പിണക്കമുണ്ടോ? വെറുപ്പുണ്ടോ?”
അവര്‍ പറഞ്ഞു, “ഉണ്ടായിരുന്നു, ഇപ്പോള്‍ ഇല്ല! വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തപ്പോള്‍ ക്രൂശിതനായ ഈശോയെ കണ്ടു. ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്ന് അവിടുന്ന് പറഞ്ഞു. അതോടെ എന്‍റെ ഉള്ളിലെ വെറുപ്പും ദേഷ്യവും പോയി. സ്നേഹം നിറഞ്ഞു. അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു.”
'
നിങ്ങളുടെ ജീവിതത്തില്‍ അഴിക്കാൻ പറ്റാത്ത കെട്ടുകള്‍ ഉണ്ടോ?
കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തി പ്രചരിക്കാൻ തുടങ്ങിയിട്ട് മുന്നൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞു. നമ്മുടെ ഹൃദയത്തിന്‍റെ, മനഃസാക്ഷിയുടെയും എല്ലാ കെട്ടുകളും പരിശുദ്ധ മാതാവിലൂടെ നമുക്ക്അഴിക്കാൻ കഴിയുമെന്ന് ഫ്രാൻസിസ് പാപ്പ പറയുന്നു. മറ്റു പല മരിയൻ ഭക്തികളുംപോലെ ഇത് പരിശുദ്ധ മാതാവിന്‍റെ പ്രത്യക്ഷീകരണം വഴിയല്ല പ്രചാരത്തിലായത്. മറിച്ച് മാതാവിന്‍റെ മധ്യസ്ഥശക്തിയുടെ ഫലങ്ങള്‍ വഴിയാണ് ഈ ഭക്തി പ്രചരിച്ചത്.
കുരുക്കഴിക്കുന്ന മാതാവിന്‍റെ യഥാര്‍ത്ഥ കഥ
ജര്മന്കാരനായ വോള്‍ഫ്ഗാങ്ങ് ലാ3ജ3മാന്‍റെല്‍ ജീവിതപങ്കാളിയായ സോഫിയുമായുള്ള ബന്ധത്തില്‍വളരെയധികം പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ജേക്കബ്
റെം എന്ന ഒരു ജസ്യൂട്ട് വൈദികന്‍റെ അടുക്കല്‍ അദ്ദേഹം തന്‍റെ പ്രശ്നങ്ങള്‍ പങ്കുവച്ചു. ഓരോ പ്രാവശ്യവും അവര്‍ നേരില്‍ കണ്ടപ്പോൾ അവര്‍ രണ്ടുപേരും പരിശുദ്ധ
മാതാവിനോട് ദാമ്പത്യ പ്രശ്നപരിഹാരത്തിനുവേണ്ടി പ്രാർത്ഥിച്ചിരുന്നു. 1615 സെപ്റ്റംബര്‍ 28-ന് അവസാനമായി അവര്‍ കണ്ടുമുട്ടിയേപ്പാള്‍ വിവാഹസമയത്ത് കെട്ടിയ തന്‍റെ വെഡിങ്ങ് റിബണ്‍ വോള്‍ഫ്ഗാങ്ങ് ഫാ. റെമിന്‍റെ കൈയില്‍ കൊടുത്തു.
ആ വൈദികനാകട്ടെ പ്രസ്തുത റിബണ്‍ അവിടെയുണ്ടായിരുന്ന മഞ്ഞുമാതാവിന്റെ ചിത്രത്തില്‍ ചേര്‍ത്തുവച്ച് ഇങ്ങനെ പ്രാര്‍ത്ഥിച്ചു: “വോള്‍ഫ്ഗാങ്ങിന്‍റെ ദാമ്പത്യപ്രശ്നങ്ങളുടെ കെട്ടുകള്‍ അഴിയട്ടെ.” ഉടനെത്തന്നെ വെഡിങ്ങ് റിബണിന്‍റെ കെട്ടുകള്‍ അഴിയുകയും ആ റിബണ്‍ തൂവെള്ള നിറമുള്ളതാവുകയും ചെയ്തുവത്രേ.ഈ ദൈവിക ഇടപെടലിനുശേഷം വോള്‍ഫ്ഗാങ്ങും സോഫിയും അനുരഞ്ജനത്തിലാവുകയും നല്ലൊരു ദാമ്പത്യജീവിതം നയിക്കുകയും ചെയ്തുവെന്ന് ഇതേപ്പറ്റിയുള്ള രേഖകള്‍ പറയുന്നു.
വാസ്തവത്തില്‍ കുരുക്കുകളഴിക്കുന്ന പരിശുദ്ധമാതാവ് ഒരു പുതിയ സങ്കല്പമായിരുന്നില്ല. രണ്ടാം
നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ഐറേനിയസ് ഇപ്രകാരം പറഞ്ഞിരിക്കുന്നു. “ഹവ്വായുടെ അനുസരണക്കേടിന്‍റെ കെട്ട് മറിയത്തിന്‍റെ അനുസരണത്താല്‍ അഴിക്കപ്പെട്ടു. ഹവ്വാ തന്‍റെ അവിശ്വാസത്താല്‍ തീര്‍ത്ത കുരുക്ക്
മറിയം തന്‍റെ വിശ്വാസത്താല്‍ അഴിച്ചുകളഞ്ഞു.”
പില്ക്കാലത്ത്, വോള്‍ഫ്ഗാങ്ങിന്‍റെയും സോഫിയുടെയും പേരക്കുട്ടി വൈദികനായിത്തീര്‍ന്നു. ഫാ. ഹൈരോണിമസ് ലാ3ജ3മാന്‍റെല്‍ എന്ന ആ വൈദികൻ കുരുക്കുകളഴിക്കുന്ന മാതാവിന്‍റെ ഒരു ചിത്രം വരപ്പിച്ചെടുക്കാൻ ആഗ്രഹിച്ചു. അതുപ്രകാരം 1700-ല്‍ ജൊഹാൻ ജോര്‍ജ്
എന്ന ചിത്രകാരനാണ് ആ ചിത്രം വരച്ചത്. ജര്‍മനിയിലെ ഔഗ്സ്ബര്‍ഗില്‍ സെയ്ന്‍റ് പീറ്റര്‍ ആം പെര്‍ലാച്ച് ദൈവാലയത്തിലാണ് അത് സ്ഥാപിച്ചിരിക്കുന്നത് .
നമ്മുടെ ജീവിതത്തിലെ ഏത് കുരുക്കുമാകട്ടെ, അത് അഴിക്കാൻ നമുക്ക്
മാതാവിന്‍റെ സഹായം തേടാം. കാരണം മറിയം ദൈവതിരുമുമ്പിൽ കാണിച്ച വിശ്വസ്തതയാല്‍ അവളുടെ മാധ്യസ്ഥ്യത്തിലൂടെ നമ്മുടെ പാപശാപബന്ധനങ്ങളെല്ലാം അഴിക്കാൻ സാധിക്കും.
പ്രാര്‍ത്ഥന
ഹവ്വാ തന്‍റെ അനുസരണക്കേടും അഹങ്കാരവും മൂലം മാനവരാശിയുടെ അധഃപതനത്തിന് കാരണമായ ഒരു കുരുക്ക് തീര്‍ത്തുവെങ്കില്‍, രണ്ടാം ഹവ്വയായ അങ്ങ് അനുസരണവും എളിമയും മൂലം ആ കുരുക്ക് അഴിച്ചുകളഞ്ഞുവല്ലോ. നരക സര്‍പ്പത്തിന്‍റെ തല തകര്‍ത്ത പരിശുദ്ധ അമ്മെ , ഞങ്ങളെ നിരന്തരമായി ബുദ്ധിമുട്ടിക്കുന്ന ജീവിത പ്രശ്നങ്ങളെ , ദൈവവുമായി ഒന്നു ചേരുന്നതില്‍നിന്ന് ഞങ്ങളെ അകറ്റുന്ന കുരുക്കുകളെ, തന്‍റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവുംവഴി മാനവരാശിയുടെ പാപത്തിന്‍റെ വലിയ കുരുക്കുകള്‍ അഴിച്ചുകളഞ്ഞ അവിടുത്തെ തിരുക്കുമാരനോട് അപേക്ഷിച്ച്, അങ്ങയുടെ പാദത്തിന്‍റെ കീഴിലാക്കി ഞങ്ങള്‍ക്ക് ദുഷ്ടനില്‍നിന്ന് മോചനം നല്കണമേ.
കാനായിലെ കല്യാണവീട്ടില്‍ ഉടലെടുത്ത കുരുക്കിനെ അഴിച്ചുമാറ്റിയ അമ്മേ, സങ്കീര്‍ണ പ്രശ്നങ്ങളാല്‍ വേദനിക്കുന്ന ഞങ്ങളുടെ മനസില്‍
അവിടുത്തെ പരിമളലേപന ഔഷധംപുരട്ടി ഞങ്ങളുടെ എല്ലാ കുരുക്കുകളില്‍നിന്നും ഞങ്ങളെ മോചി പ്പിക്കണമേ. ഈശോയുടെ അമ്മേ കുരിശിന്‍റെ ചുവട്ടില്‍വച്ച് ഞങ്ങളുടെ അമ്മയുമായിത്തീർന്ന പരിശുദ്ധ കന്യാമറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ,
ആമേൻ
“എനിക്കു ദാഹിക്കുന്നു എന്ന യേശുവിന്‍റെ നിലവിളി ആദ്യം കേട്ടത് അവിടുത്തെ മാതാവാണ്. കാരണം കാല്‍വരിയില്‍ അവളുണ്ടായിരുന്നു. നിനക്കുവേണ്ടിയുള്ള അവിടുത്തെ ആഗ്രഹം എത്രമാത്രം യഥാര്‍ത്ഥവും ആഴമേറിയതും ആണെന്ന് അവള്‍ക്കറിയാം. നിനക്ക് അതറിയാമോ? അവളെപ്പോലെ നീ അതു മനസ്സിലാക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അതു പഠിപ്പിച്ചുതരാൻ അവയോടാവശ്യപ്പെടുക. ക്രൂശിതനായ യേശുവിന്‍റെ ഹൃദയത്തിലെ സ്നേഹവുമായി നിന്നെ മുഖാമുഖം കൊണ്ടുവരിക എന്നതാണവളുടെ ദൗത്യം.” പരിശുദ്ധ മാതാവ് നമ്മുടെ ജീവിതത്തില്‍ എന്തു ചെയ്യുന്നു എന്നതിനെക്കുറിച്ച് വിശുദ്ധ മദര്‍ തെരേസ പഠിപ്പിക്കുന്നതാണിത്.
യേശുവിനെ മുഴുഹൃദയത്തോടെ സ്നേഹിച്ച വിശുദ്ധ മദര്‍ തെരേസ അവിടുത്തെ അമ്മയെയും സ്നേഹിച്ചു. കൈയില്‍ എന്തെങ്കിലും ആയുധങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നിടത്ത് തന്‍റെ ജപമാല മദര്‍ കാണിച്ചുകൊടുത്തു. കാരണം അത് മദറിന്‍റെ ആയുധമായിരുന്നു.
‘എപ്പോഴെങ്കിലും മനസ്സിടിയുന്നതായി അനുഭവപ്പെട്ടാൽ നമ്മുടെ അമ്മയെ വിളിക്കുക. ലളിതമായ ഈ പ്രാര്‍ത്ഥന ഉരുവിടുക. ഇതൊരിക്കലും എന്നെ നിരാശപ്പെടുത്തിയിട്ടില്ല’ എന്ന് മദര്‍ പറയാറുണ്ട്. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്ന് തിരുസഭ ഔദ്യോഗികമായി വിളിക്കുന്ന മദര്‍ നമുക്ക് പകര്‍ന്നുതന്ന ആ
കൊച്ചുപ്രാര്‍ത്ഥന ഇതാണ്:
പരിശുദ്ധ മറിയമേ, യേശുവിന്‍റെ അമ്മെ, ഇപ്പോൾ എന്‍റെ അമ്മയായിരിക്കണമേ,
ആമേൻ .
ഭരണങ്ങാനം പള്ളിയുടെ മുൻപിലൂടെ യാത്രചെയ്യുമ്പോൾ ഡ്രെെവര്‍ വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം ചൂണ്ടിക്കാണിച്ചുകൊണ്ട് മകളോട് ചോദിച്ചു,
“നമുക്കും ഇതുപോലെ നില്‍ക്കണ്ടേ?” അവള്‍ പറഞ്ഞു , ”
ഒരു ചേട്ടൻ എനിക്ക് ഉള്ളതുകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല.”
അവള്‍ അങ്ങനെ പറയാൻ കാരണമുണ്ട്. അവളുടെ കുഞ്ഞുമനസ്സ് ചിന്തിച്ചത് അവളുടെ 95 ശതമാനം പാപങ്ങള്‍ക്കും കാരണം അവളുടെ ചേട്ടൻ ആണെന്നായിരുന്നു. ഉദാഹരണത്തിന് ചേട്ടൻ അവളെ കളിയാക്കുമ്പോൾ അവള്‍ക്ക് ദേഷ്യം വരുന്നു, ചീത്ത പറയുന്നു, വഴക്കുകൂടുന്നു. ഈ മൂന്ന് പാപങ്ങള്‍ക്കും കാരണമായത് അവളുടെ ചേട്ടൻ ആണല്ലോ. സത്യത്തില്‍ എന്‍റെ വിചാരവും അങ്ങനെതന്നെയായിരുന്നു, എന്‍റെ പാപങ്ങള്‍ക്ക് കാരണം മറ്റുള്ളവരാണെന്ന്. ഒരിക്കല്‍ പള്ളിയില്‍ വച്ച് ഞാൻ ഈശോയോട് ഇങ്ങനെ പറഞ്ഞു, “ഏതെങ്കിലും കാട്ടില്‍ പോയി താമസിക്കുകയാണെങ്കില്‍ ഇത്രയും പാപം ഞാൻ ചെയ്യുകയില്ലായിരുന്നു.” പെട്ടെന്ന് എന്‍റെ ചുറ്റിലുമുള്ള ആളുകള്‍ അപ്രത്യക്ഷമായി!
എല്ലാവരും എവിടെപ്പോയി എന്ന് ചിന്തിച്ച് ചുറ്റും നോക്കിയപ്പോൾ യേശു പറഞ്ഞു, “എല്ലാവരും സ്വര്‍ഗ്ഗത്തില്‍ ഉണ്ട്. നീ മാത്രമേ ഇപ്പോൾ ഇവിടെയുള്ളൂ. പക്ഷേ നിനക്ക് ഒരിക്കലും തനിയെ സ്വര്‍ഗ്ഗത്തില്‍ കയറാൻ സാധിക്കുകയില്ല.അതിനാല്‍ നിനക്ക് വേണ്ടി മാത്രം, നിന്നെ സ്വര്‍ഗ്ഗത്തില്‍ കയറ്റാൻ വേണ്ടി മാത്രം, എല്ലാവരെയും തിരിച്ചു താഴെ ഇറക്കുന്നു. കുറച്ചുപേരെ നിനക്ക് കുരിശുതരുന്നവരായിട്ടും കുറച്ചുപേരെ നിന്‍റെ കുരിശു താങ്ങുന്നവരായിട്ടും. അതുകൊണ്ട് നിനക്ക് ആരെയും പഴി പറയാൻ അവകാശമില്ല. നിന്നെ സ്വര്‍ഗ്ഗത്തില്‍ കയറ്റാൻ വേണ്ടിമാത്രമാണ് അവര്‍ നിനക്ക് കുരിശു തരുന്നത്. നീ എങ്ങനെ പെരുമാറുന്നു എന്നുമാത്രം നോക്കിയാല്‍ മതി.
ഉദാഹരണത്തിന് സാധാരണ രീതിയില്‍ നിനക്ക് ഇഷ്ട്ടപ്പെടാത്ത രീതിയില്‍ നിന്‍റെ ഭര്‍ത്താവോ മക്കളോ പെരുമാറിയാല്‍ നീ അവരെക്കാള്‍ മോശമായി പ്രതികരിക്കും. എന്നിട്ട് എന്‍റെ അടുത്ത വന്ന് നീ പരാതിപ്പെടും. അവര്‍ കുറച്ചുകൂടി നല്ലവരായിരുന്നെങ്കില്‍ എനിക്ക് ഇങ്ങനെ പെരുമാറേണ്ടി വരില്ലായിരുന്നു.അങ്ങാണ് അവരെ എനിക്ക് നല്‍കിയത്. എനിക്ക് അപ്പോൾ ഓർമ്മ വരുന്നത് ഏതൻ തോട്ടത്തില്‍ സംഭവിച്ച കാര്യമാണ്. ഞങ്ങള്‍ക്ക് തെറ്റ് പറ്റിപ്പോയി. ഞങ്ങളോട് ക്ഷമിക്കണമേ എന്ന് അവര്‍ പറഞ്ഞില്ല . പകരം പഴിചാരുകയാണ് ചെയ്തത്.
അതിനാല്‍ ഞാൻ നിന്നോടു പറയുന്നു, നിന്‍റെ കൂടെയുള്ളവര്‍ നല്ലവരോ ശാന്തരോ ദുഷ്ടരോ ആരായിരുന്നാലും എല്ലാ ആദരവോടുംകൂടെ അവര്‍ക്ക് വിധേയമായിരിക്കുവിൻ. അന്യായമായി പീഡിപ്പിക്കപ്പെടുമ്പോൾ ദൈവചിന്തയോടെ വേദനകള്‍ ക്ഷമാപൂര്‍വം സഹിച്ചാല്‍ അത് അനുഗ്രഹകാരണമാകും….നിങ്ങള്‍ നന്മ ചെയ്തിട്ട് പീഡനങ്ങള്‍ സഹിക്കേണ്ടി വന്നാല്‍ അത് ദൈവസന്നിധിയില്‍ പ്രീതികരമാണ്. അതിനായിട്ടാണ് നിങ്ങള്‍ വിളിക്കെപ്പട്ടിരിക്കുന്നത്. എന്തെന്നാൽ ക്രിസ്തു നിങ്ങള്‍ക്ക് വേണ്ടി സഹിക്കുകയും നിങ്ങള്‍ അനുകരിക്കുന്നതിനുവേണ്ടി നിങ്ങള്‍ക്ക് മാതൃക നല്‍കുകയും ചെയ്തിരിക്കുന്നു. അവൻ പാപം ചെയ്തിട്ടില്ല. അവന്‍റെ അധരത്തില്‍ വഞ്ചന കാണപ്പെടുമില്ല. നിന്ദിക്കപ്പെട്ടപ്പോൾ അവൻ പകരം നിന്ദിച്ചില്ല; പീഡനമേറ്റപ്പോൾ അവൻ ഭീഷണിപ്പെടുത്തിയില്ല ; പിന്നെയോ, നീതിയോടെ വിധിക്കുന്നവനു തന്നെ ത്തന്നെ ഭരമേല്‍പിക്കുകയാണു ചെയ്തത്. നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവൻ കുരിശിലേറി. അത് നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്‍റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു.(1 പത്രോസ് 2:18-24)” .
ഞാൻ പറഞ്ഞു, “ഈശോയേ ഞങ്ങളോടു ക്ഷമിക്കണമേ.” യേശു എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു, “ഇവിടെ നീ നിന്‍റെ പാപങ്ങള്‍ക്കുവേണ്ടി മാത്രമല്ല, മറ്റുള്ളവരുടെ പാപങ്ങള്‍ക്കുവേണ്ടി കൂടി മാധ്യസ്ഥ്യം വഹിച്ചിരിക്കുന്നു. നിന്‍റെ തെറ്റുകള്‍ സൂക്ഷ്മതയോടെ നിരീക്ഷിക്കുക. മറ്റുള്ളവരുടെ തെറ്റുകള്‍ അവഗണിക്കുക.”
പ്രാര്‍ത്ഥന
നിത്യപിതാവേ, എന്നോട് തെറ്റു ചെയ്തിട്ടുള്ള എല്ലാവരെയും യേശുവിന്‍റെ തിരുഹൃദയത്തിലെ മുറിവില്‍ ഞാൻ സമര്‍പ്പിക്കുന്നു. അതുമായി ബന്ധപ്പെട്ട സംഭവവും അതിന്‍റെ ഓർമ്മകളും എന്‍റെ ഭാഗം നീതിയാണെന്നുള്ള ചിന്തയും പാടേ ഉപേക്ഷിക്കുന്നതിനുള്ള കൃപ ഞാൻ യാചിക്കുന്നു. മാത്രമല്ല, ഞാൻ വേദനിപ്പിച്ചവര്‍ക്ക് എന്നോട് ക്ഷമിക്കുന്നതിനുള്ള കൃപയും നല്കണമേ. കുരിശില്‍ കിടന്നുകൊണ്ട് തന്‍റെ ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച യേശുവിന്‍റെ പ്രാര്‍ത്ഥനയോട് ചേര്‍ന്ന് ഞാനും പ്രാര്‍ത്ഥിക്കുന്നു, പിതാവേ ഞങ്ങളോട് ക്ഷമിക്കണമേ. ആമേൻ.
'
കുഞ്ഞുങ്ങളോട് പൊതുവേ മാതാപിതാക്കള്‍ ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്, “അപ്പനോടാണോ അമ്മയോടാണോ കൂടുതൽ ഇഷ്ടം?” “ഈശോയോടു മതി കൂടുതല്‍ സ്നേഹം. അതു കഴിഞ്ഞുമതി അപ്പനോടും അമ്മയോടും.” ചോദ്യത്തോടൊപ്പം ഇങ്ങനെ പറഞ്ഞു കൊടുക്കുന്നത് നല്ലതാണ്. ഒരമ്മയെപ്പറ്റി കേട്ടതോര്‍ക്കുന്നു, അവര്‍ കുഞ്ഞുങ്ങളോട് പറഞ്ഞുകൊടുത്തു, പരിശുദ്ധ മാതാവാണ് നിങ്ങളുടെ അമ്മ. ഞാൻ നിങ്ങളുടെ രണ്ടാമത്തെ അമ്മയാണെന്ന് .
ആ മക്കള്‍ ദൈവമാതാവിനോടുള്ള ഭക്തി എത്രമാത്രം കാത്തുസൂക്ഷിക്കും!
ദൈവം നമുക്ക് തന്നിരിക്കുന്ന അനുഗ്രഹങ്ങള്‍, സ്നേഹിക്കാൻ തന്നിരിക്കുന്ന വ്യക്തികള്‍- എല്ലാം നമുക്ക് ഒരു ബന്ധനമാകാനിടയുണ്ട്. ദൈവത്തേക്കാളുപരി മറ്റെന്തിനെയെങ്കിലും -വ്യക്തികളെയോ വസ്തുക്കളെയോ സാമ്പത്തിനേയോ – സ്നേഹിച്ചാല്‍ അത് ബന്ധനമാണ്. നിന്‍റെ ദൈവമായ കര്‍ത്താവ് ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പനയുടെ ലംഘനമാണ് അത്. ഇത് അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുന്നുണ്ടോ എന്നു നമുക്ക് പരിശോധിക്കാം.
ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണമെന്ന് തിരുവചനം പറയുന്നു. അതുകൊണ്ടുതന്നെയല്ലേ ധാരാളം ഭൗതികസമ്പത്തുണ്ടായിരുന്ന വിശുദ്ധർ അതെല്ലാം വിറ്റ് ആവശ്യക്കാര്‍ക്കായി പങ്കുവച്ചു നല്കിയത്. കാരണം ഏറ്റവും വലിയ സമ്പത്തു യേശുവാണെന്ന് അവര്‍ക്ക് ബോധ്യം ലഭിച്ചു. സ്വര്‍ഗ്ഗരാജ്യം വയലില്‍ ഒളിഞ്ഞിരിക്കുന്ന നിധിക്കുതുല്യം. അത് കണ്ടെത്തുന്നവൻ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുന്നുവെന്ന് ഈശോ പറഞ്ഞത് അതുകൊണ്ടല്ലേ. മറ്റുള്ളവര്‍ക്കു മുഴുവൻ അത് വിഡ്ഢിത്തമായി തോന്നിയാലും അതാണ് ഏറ്റവും ബുദ്ധിപൂർവമായ പ്രവൃത്തി എന്ന് ചെയ്യുന്നയാള്‍ക്ക് അറിയാം.
ഞങ്ങളുടെ അമ്മച്ചി ഇപ്രകാരമുള്ള മാതൃക ഞങ്ങള്‍ക്ക് കാണിച്ചു തന്നു. സാമ്പത്തിനോട് മമത കാണിച്ചില്ല. നവീകരണധ്യാനങ്ങളില്‍ പങ്കെടുത്ത് തിരുവചനങ്ങള്‍ പാലിച്ച് അമ്മച്ചി ജീവിക്കാൻ ശ്രമി ച്ചു. ആത്മീയജീവിതത്തിന് സഹായമാകാൻ അമ്മച്ചിയുടെ ആഗ്രഹമനുസരിച്ച് ശാലോം ടൈംസ് മാസികയുടെ ആരംഭം മുതലുള്ള കോ പ്പികള്‍ വാങ്ങിക്കൊടുത്തു. ഇപ്രകാരം ജീവിച്ചിരുന്നതിനാല്‍ പെട്ടെന്ന് മരണം സംഭവിച്ചപ്പോഴും ഒരുക്കത്തോടെ മറിക്കാൻ സാധി ച്ചു. 73-ാം വയസില്‍ പെട്ടെന്നുണ്ടായ ശാരീരികപ്രശ്നങ്ങളാലാണ് 1995 സെപ്റ്റംബര്‍ രണ്ടിന് അമ്മച്ചി മരിച്ചത്. അതിന് അല്പം മുൻപ് പലര്‍ക്കും കത്തുകള്‍ എഴുതി പോസ്റ്റ് ചെയ്തിരുന്നു. ജൂലൈ അവസാനം എഴുതി പോസ്റ്റ് ചെയ്തിരുന്ന ആ കത്തുകള്‍ ആഗസ്റ്റ് മാസം ആദ്യത്തില്‍ത്തന്നെ എല്ലാവര്‍ക്കും കിട്ടി. ഒരു ദിവസം മാത്രം ആശുപത്രിയില്‍ കിടന്ന അമ്മച്ചി മരിച്ചെന്നു കേട്ടപ്പോഴേ കത്തുകള്‍ കിട്ടിയവരെല്ലാം ഓടിവന്നു.
ആത്മരക്ഷയ്ക്കുതകുന്ന കാര്യങ്ങള്‍ എഴുതിയിരുന്ന ആ കത്തുകള്‍ അവര്‍ക്കെല്ലാം അനുഗ്രഹമായി എന്ന് അവര്‍ പറഞ്ഞു. കുടുംബത്തിലുണ്ടായിരുന്ന വഴക്കുകള്‍ക്ക് പരിഹാരമായതായി ചിലര്‍ സാക്ഷ്യപ്പെടുത്തി . ആരെങ്കിലുംതമ്മിൽ തമ്മിൽ പ്രശ്നമുണ്ടെന്ന് അറിഞ്ഞാൽ അവരോട് കത്തിലൂടെയോ നേരിട്ടോ സംസാരിക്കാനും അതിന് പരിഹാരമുണ്ടാക്കാനും അമ്മച്ചി ശ്രമിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ പലതും അമ്മച്ചിയുടെ മരണശേഷമാണ് ഞങ്ങള്‍ അറിഞ്ഞതുതന്നെ. അമ്മച്ചി ഈശോയെ കണ്ടെത്തിയപ്പോൾ മുതല്‍ സകലതിലുമുപരി ഈശോയെ സ്നേഹിച്ചതിന്‍റെ പ്രതിഫലനമായിരുന്നു ഇതെല്ലാം. മക്കളെയും ഈശോയെ സ്നേഹിക്കാൻ പഠിപ്പിച്ചു. എപ്പോഴും അനുതപിക്കണമെന്നാണ് പറഞ്ഞുതന്നിട്ടുള്ളത്. അമ്മച്ചി മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും എന്‍റെ സങ്കടം മാറിയില്ല. ഇതുകണ്ട് ഒരിക്കല്‍ എന്‍റെ മൂന്നാം ക്ലാസുകാരനായ മകൻ പറഞ്ഞു. “അമ്മച്ചി ഇപ്പോഴും ജനഹൃദയങ്ങളില്‍ ജീവിക്കുന്നുണ്ട്. അമ്മ ഈ കരച്ചില്‍ നിർത്തിയാൽ മതി.” നല്ല മനുഷ്യര്‍ മരിച്ചു പോകുമ്പോൾ പത്രങ്ങളില്‍നിന്ന് അവൻ വായിച്ചിട്ടുള്ള വാക്കുകളാണ് അത്. അവൻ പതിവായി പത്രം വായിക്കാറുണ്ട്. ആ വാക്കുകള്‍ എനിക്ക് വളരെയധികം ആശ്വാസം നല്കി. ഈശോയെ സര്‍വതിലുമുപരി സ്നേഹിച്ചവരുടെ ജീവിതം എങ്ങനെയാകുമെന്നതിന്‍റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു അതെനിക്ക്. ഈശോയെ സ്നേഹിക്കുന്നവര്‍ അവിടുത്തേക്ക് പ്രിയപ്പെട്ട മനുഷ്യാത്മാക്കളെയും സ്നേഹിക്കും. ആത്മാക്കളോടുള്ള ആ സ്നേഹം അവരെ പ്രവര്‍ത്തനനിരതരാക്കുന്നു. അതിനാല്‍ത്തന്നെ അവര്‍ ‘ഹൃദയങ്ങളില്‍’ വസിക്കും. നമുക്കും ഈശോയെ കൂടുതലായി സ്നേഹിക്കാം, ഹൃദയങ്ങളില്‍ വസിക്കുന്നവരാകാം.
'വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ കഥയാണ് അന്ന് സിയക്കുട്ടി വായിച്ചത്. മറിയംത്രേസ്യ ചെറുപ്പത്തിലേതന്നെ ഈശോയോടും മാതാവിനോടും സംസാരിച്ചിരുന്നതിനെക്കുറിച്ചും ഈശോ അവളുടെകൂടെ കളിച്ചതിനെക്കുറിച്ചുമൊക്കെ കേട്ടപ്പോൾ അവള്‍ക്ക് നല്ല രസം തോന്നി. ഈശോയോട് അതുപോലെ കൂട്ടുകൂടണം. മാതാവിനോട് ഇപ്പോഴും സഹായിക്കാൻ പറയണം, സിയക്കുട്ടി തീരുമാനിച്ചു .എന്തു രസം ഈ വര്‍ത്തമാനം!
അന്നു രാത്രി വീട്ടില്‍ എല്ലാവരും ജപമാല ചൊല്ലിക്കഴിഞ്ഞു എഴുന്നേറ്റുപോയിട്ടും സിയക്കുട്ടി ഈശോയോട് കുറച്ചു കൂടി വര്‍ത്തമാനം പറയാനായി അവിടെത്തന്നെ ഇരുന്നു. വീട്ടിലെ ഹാളിലിരുന്നാണ് അവരുടെ കുടുംബപ്രാര്‍ത്ഥന. അവിടെ ഈശോയുടെ ഒരു നല്ല ചിത്രമുണ്ട്. അതിലേക്ക് നോക്കി ഈശോയോട് വര്‍ത്തമാനം പറയാൻ നല്ല രസം. സ്കൂളില്‍ അന്നുണ്ടായ കാര്യങ്ങളെല്ലാം അവള്‍ പറഞ്ഞു .സയന്സ് പഠിച്ചിട്ട് മനസ്സിലാവാത്തതിന്‍റെ സങ്കടവും പങ്കുവച്ചു.
അപ്പോഴാണ് ഓര്‍ത്തത് ഇത്രനേരം ഈശോയോട് വിശേഷം പറഞ്ഞതല്ലാതെ ഈശോക്ക് ഇങ്ങോട്ട് പറയാനുള്ളതൊന്നും കേട്ടില്ലല്ലോ എന്ന്. പെട്ടെന്നു തന്നെ സിയക്കുട്ടി ചോദി ച്ചു,
“ഇനി പറയ് , എന്തൊക്കെയാണ് ഈശോയുടെ വിശേഷങ്ങള്‍?”
ഇങ്ങനെ ചോദിച്ച് കുറച്ചുനേരം സിയക്കുട്ടി ഈശോയുടെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു. പിന്നെ പാതിമയക്കത്തിലേക്ക് വഴുതിവീണു. നല്ല ഭംഗിയുള്ള ഒരു പൂന്തോട്ടം. അവടെ ഈശോ നടക്കുകയാണ് , ആ കൈകളിൽ തൂങ്ങി ഒരു പെണ്‍കുട്ടിയും നടക്കുന്നുണ്ട്. അവരങ്ങനെ നടന്നു മുന്നോട്ടു വന്നു. പെട്ടെന്ന് സിയക്കുട്ടിയുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. കാരണം, ഈശോയുടെ കൈയില്‍ തൂങ്ങി നടക്കുന്നത് മറ്റാരുമല്ല, സിയക്കുട്ടിതന്നെ! അടുത്ത നിമിഷ ത്തില്‍ അണിയൻകുട്ടൻ വന്ന് മടിയിലിരുന്നതോടെ സിയക്കുട്ടി ഉണര്‍ന്നു. സ്വപ്നത്തിലൂടെ ഈശോ തന്നോട് വിശേഷം പറഞ്ഞതിന്റെ സന്തോഷമായിരുന്നു അപ്പോൾ മനസ്സില്‍ നിറയെ. ഈശോയോട് വീണ്ടും സംസാരിക്കാൻ അവൾക്ക് കൊതി തോന്നി .
'ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്കും. അതുകൊണ്ടുതന്നെയാണ് പ്രാര്‍ത്ഥനയില്‍ നാം ആശ്രയിക്കാനും അവയ്ക്കുത്തരം സ്വന്തമാക്കാനും അനേക വചനങ്ങള്‍ വിശുദ്ധ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ളത് . “പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിൻ; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും”(മര്‍ക്കോസ് 11:24). “നീ പ്രാര്‍ത്ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോൾ ഇതാ ഞാൻ, എന്ന് അവിടുന്ന് മറുപടി തരും” (ഏശയ്യാ 58:9). പക്ഷേ കഴിഞ്ഞ കാലങ്ങളില്‍ നമ്മൾ ഉയര്‍ത്തിയ എല്ലാ പ്രാര്‍ത്ഥനയ്ക്കും ഉത്തരം ലഭിച്ചോ? നമ്മുടെ എല്ലാ പ്രാര്‍ത്ഥനയും ദൈവതിരുമുൻപിൽ സ്വീകാര്യമായോ? ആവണമെന്നില്ല. എങ്ങനെയാണ് ദൈവത്തിന് സ്വീകാര്യമായി നാം പ്രാര്‍ത്ഥിക്കുക. അത് സങ്കീര്‍ണമായ കാര്യമൊന്നുമല്ല. മറിച്ച് തികച്ചും ലളിതവും ആനന്ദം ജനിപ്പിക്കുന്നതും നമ്മുടെ വ്യക്തിത്വത്തിന്‍റെ ബലഹീനതകളെ മാറ്റിമറിക്കുന്നതും ഒരു പുതിയ സൃഷ്ടിയാവുംവിധം ജീവിതത്തില്‍ വെളി ച്ചം നിറയ്ക്കുന്നതുമായ പ്രാര്‍ത്ഥനാരീതിയാണത്.
കണക്കുസാറിനായൊരു പ്രാര്‍ത്ഥന
ഞാൻ പത്താംക്ലാസില്‍ പഠിക്കുമ്പോൾ ഏറ്റവും ഇഷ്ടമില്ലാത്ത വിഷയം കണക്കായിരുന്നു. കണക്ക് പഠിപ്പിച്ചിരുന്ന അധ്യാപകനാകട്ടെ വലിയ കാര്‍ക്കശ്യക്കാരനും കടുത്ത ശിക്ഷണം നല്കുന്നയാളുമായിരുന്നു. ശിക്ഷണം ഒഴിവാക്കാൻ കണക്കിന് നല്ല മാര്‍ക്ക് വാങ്ങുക എന്നതുമാത്രമായിരുന്നു പരിഹാരം. പക്ഷേ എന്‍റെ ബുദ്ധിശക്തിക്ക് അവ ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. കണക്കുസാറിനോടുള്ള പേടി ക്രമേണ വെറുപ്പായി മാറി. അങ്ങനെയിരിക്കെ ആ വർഷത്തെ കൊന്തനമസ്കാരത്തിന്‍റെ സമയം വന്നുചേര്‍ന്നു.
വേദപാഠക്ലാസില്‍ ടീച്ചര്‍ നിയോഗങ്ങള്‍വച്ച് പ്രാര്‍ത്ഥിക്കുന്നതിന്‍റെ പ്രാധാന്യം പഠിപ്പിച്ചതും ആ നാളുകളില്‍ത്തന്നെ. അങ്ങനെ എന്‍റെ ജീവിതത്തിലെ നിയോഗംവച്ചുള്ള ആദ്യത്തെ പ്രാര്‍ത്ഥന ആ കൊന്തനമസ്കാരത്തിന് ആരംഭിച്ചു. ‘എന്‍റെ കണക്കുസാറിന്‍റെ കൈ ഒടിയണം’ അതായിരുന്നു എന്‍റെ നിയോഗം. ഈ ആവശ്യത്തിനായി ഞാൻ കൊന്തയുടെ എല്ലാ രഹസ്യങ്ങളും മുട്ടിന്മേല്‍നിന്ന് പ്രാര്‍ത്ഥിച്ചു. പക്ഷേ ആ പ്രാര്‍ത്ഥന നിറവേറിയില്ല.
വചനം ഉത്തരം തന്നു “ഞാൻ നിങ്ങളോടു പറയുന്നു: ചോദിക്കുവിൻ; നിങ്ങള്‍ക്കു ലഭിക്കും.അന്വേഷിക്കുവിൻ ; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിൻ ; നിങ്ങള്‍ക്കു തുറന്നുകിട്ടും. എന്തെന്നാൽ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു .മുട്ടുന്നവൻ തുറന്ന് കിട്ടുകയും ചെയ്യുന്നു. നിങ്ങളില്‍ ഏതൊരു പിതാവാണ് മകൻ മീൻ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക? മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക? മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്കാൻ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല!” (ലൂക്കാ11:913).
ദൈവം നിശ്ചയമായും നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്കും. പക്ഷേ ഞാൻ മീനാണ് എന്നു കരുതി ചോദിക്കുന്ന എന്‍റെ പ്രാര്‍ത്ഥനകള്‍ മറ്റൊരുവനെ പദ്രവിക്കാൻ ഉദ്ദേശിച്ചുള്ളതോ അവന് വിഷമം നല്കുന്നതോ ആണെങ്കില്‍ അത് ദൈവത്തിന് മുമ്പിൽ ഉഗ്രവിഷമുള്ള പാമ്പായി കാണപ്പെടും. അത്തരം പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുകയില്ല. അതുപോലെ ഞാൻ മുട്ടയാണെന്നു കരുതി ചോദിക്കുന്നത് മറ്റൊരാളെ വേദനിപ്പിക്കുന്നതോ കടിക്കുന്നതോ ആയാല്‍ അത് ദൈവസന്നിധിയില്‍ തേളായി സ്വീകരിക്കപ്പെടുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്നതോ ഉപദ്രവിക്കുന്നതോ ആയ പ്രാര്‍ത്ഥനകളൊന്നും ദൈവം സ്വീകരിക്കില്ല.
'
മാമ്മോദീസായെ പരിഹസിച്ച് നാടകം തയാറാക്കിയ ജനേസിയൂസ് അഭിനേതാക്കളുടെ പ്രത്യേകമധ്യസ്ഥനായി മാറിയ ജീവിതകഥ.
റോമാ നഗരത്തിലെ മികച്ച അഭിനേതാവും എഴുത്തുകാരനുമായിരുന്നു നാലാം നൂറ്റാണ്ടില്‍ രക്തസാക്ഷിത്വം വരി ച്ച ജനേസിയൂസ്. വിശുദ്ധ ജനേസിയൂസിന്‍റെ തൊഴിലായ അഭിനയം പോലെ തന്നെ ഏറെ നാടകീയത നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതവും മരണവും. എഡി 303ല്‍, ക്രൈസ്തവരെ പീഡിപ്പിച്ചിരുന്ന
ഡയോക്ളീഷ്യൻ ചക്രവര്‍ത്തി തന്റെ സ്ഥാനാരോഹണത്തിന്‍റെ 20-ാം വാര്‍ഷികാഘോഷങ്ങള്‍ക്കായി റോമാ നഗരം സന്ദര്ശിച്ചപ്പോൾ, അദ്ദേഹത്തെ പ്രീതിപ്പെടുത്തുന്നതിനായി ക്രൈസ്തവരെ പരിഹസിച്ചുകൊണ്ട് ഒരു നാടകം അവതരിപ്പിക്കാൻ വിജാതീയനായ ജനേസിയൂസ് തീരുമാനമെടുത്തു.
ഇതിന് മുന്നൊരുക്കമായാണ് ,തനിക്ക് ക്രൈസ്തവ വിശ്വാസിയാകാൻ ആഗ്രഹമുണ്ട് എന്ന വ്യാജേന അദ്ദേഹം ഒരു ക്രൈസ്തവ കൂട്ടായ്മയില്‍ ചേര്‍ന്ന് മതബോധന വിദ്യാര്‍ത്ഥിയായി (കാറ്റക്കുമെൻ) പഠനം ആരംഭിച്ചത്. ക്രൈസ്തവരുടെ ആചാരങ്ങളെയും വിശ്വാസത്തെയും കുറിച്ച് പഠിക്കുകയും മനസിലാക്കുകയും ചെയ്യുക എന്നതായിരുന്നു ജനേസിയൂസിന്‍റെ ഉദ്ദേശ്യം. ആ കാലഘട്ടത്തില്‍ ക്രൈസ്തവ മതബോധന വിദ്യാര്‍ത്ഥി ആയിരിക്കുക എന്നത് പിടിക്കപ്പെട്ടാൽ മരണശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായിരുന്നു. അഭിനയ ത്തിലും നാടകാവതരണത്തിലുമുള്ള അദ്ദേഹത്തിന്‍റെ താത്പര്യം നിമിത്തം മാത്രമാണ് ഈ സാഹസത്തിന് അദ്ദേഹം മുതിര്‍ന്നത്.
മാമ്മോദീസയിലൂടെ ഒരു ക്രിസ്ത്യാനി ജനിക്കുന്നു എന്ന അത്ഭുതമാണ് മതബോധനവിദ്യാഭ്യാസം ആരംഭി ച്ച ജനേസിയൂസിനെ ഏറെ സ്വാധീനിച്ചത്. തലയില്‍ വീഴുന്ന മാമ്മോദീസജലം ജന്മപാപം കഴുകിക്കളഞ്ഞുകൊണ്ട് ഒരു പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നു എന്ന ആശയം ഒരേ സമയം അദ്ദേഹത്തെ സ്വാധീനിക്കുകയും സംശയാകുലനാക്കുകയും ചെയ്തു. മാമ്മോദീസ എന്ന വിഷയം തന്‍റെ നാടകത്തിന്‍റെ പ്രമേയമാക്കുവാൻ തീരുമാനിച്ച ജനേസിയൂസ് ക്രൈസ്തവനേതാക്കളില്‍നിന്ന് തനിക്ക് സ്വാംശീകരിക്കാൻ കഴിയുന്നത്ര അറിവ് ഈ കൂദാശയെക്കുറിച്ച് നേടി. നാടകത്തിന് ആവശ്യമായ അറിവ് ശേഖരിച്ച ജനേസിയൂസ് ക്രൈസ്തവരുമായുള്ള ബന്ധം വിച്ഛേദിക്കുകയും നാടകത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അവസാനം ആ ദിവസം വന്നെത്തി. ചക്രവര്‍ത്തിയായ ഡയോക്ളീഷ്യൻ ഉൾപ്പെടുന്ന സദസ്സിന് മുൻപിൽ ജനേസിയൂസിന്‍റെ നേതൃത്വത്തില്‍ നാടകത്തില്‍ അഭിനയിക്കുന്നവര്‍ അണിനിരന്നു. മാമോദീസ സ്വീകരിക്കാൻവേണ്ടി നിലവിളിക്കുന്ന രോഗിയായ ഒരു വ്യക്തിയുടെ റോളാണ് ജനേസിയൂസ് അഭിനയിച്ചിരുന്നത്. വൈദികനായി വേഷം ധരിച്ച നടൻ ‘മാമോദീസ ജലം’ ജനേസിയൂസിന്‍റെ തലയിലേക്ക് ഒഴിച്ചപ്പോൾ അവിടെ ഒരത്ഭുതം സംഭവിച്ചു. ആ നിമിഷം ജനേസിയൂസിന്‍റെ ഹൃദയത്തിലേക്ക് ക്രിസ്തുവിലുള്ള വിശ്വാസം കടന്നുവന്നു!
കാലയയോടുള്ള താൽപ്പര്യത്തിന്‍റെ ഭാഗമായാണ് ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചു പഠിക്കാനാരംഭിച്ചതെങ്കിലും ക്രിസ്തു ജനേസിയൂസിനെ സ്വാധീനിച്ചിരുന്നു. അഭിനയത്തിന്‍റെ ഭാഗമായാണെങ്കിലും മാമോദീസ ജലം തലയില്‍ വീണ നിമിഷം പരിശുദ്ധാത്മാവിന്റെ പ്രകടമായ പ്രവര്‍ത്തനം ജനേസിയൂസിന്‍റെ ജീവിതത്തില്‍ ആരംഭിച്ചു. ആ വേദിയില്‍ എഴുന്നേറ്റുനിന്നുകൊണ്ട് ജനേസിയൂസ് തന്‍റെ ക്രൈസ്തവവിശ്വാസം പരസ്യമായി പ്രഖ്യാപി ച്ചു. ക്രൈസ്തവരെ പീഡിപ്പിച്ചുകൊണ്ടിരുന്ന ഡയോക്ളഷ്യൻ ചക്രവർത്തിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ഇപ്രകാരം സംസാരിച്ചു എന്ന് ഏഴാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ‘വിശുദ്ധ ജനേസിയൂസിന്‍റെ പ്രവര്‍ത്തനങ്ങള്‍’എന്ന പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു.
“ലോകത്തിന്‍റെ ചക്രവര്‍ത്തിയെ പ്രീതിപ്പെടുത്താനാണ് ഇന്ന് ഞാനിവിടെ ഈ നാടകം കളിച്ചത്. പക്ഷേ ഇപ്പോഴിതാ ഞാനെന്‍റെ സ്വര്‍ഗീയ രാജാവിനെ പ്രീതിപ്പെടുത്തുന്നു. നിങ്ങളെ ചിരിപ്പിക്കാനാണ് ഞാൻ ഇന്നിവിടെ വന്നത് , എന്നാൽ ഇപ്പോൾ ദൈവത്തെയും മാലാഖമാരെയും പ്രസാദിപ്പിച്ചിരിക്കുന്നു.ഈ നിമിഷം മുതല്‍ ഈ വലിയ രഹസ്യങ്ങളെ ഞാൻ ഒരിക്കലും പരിഹസിക്കില്ല. മാമ്മോദീസ സ്വീകരിച്ച എല്ലാവരുടെയും യഥാര്‍ത്ഥ ദൈവവും പ്രകാശവും സത്യവും കരുണയും കര്‍ത്താവായ യേശുക്രിസ്തുവാണെന്ന് ഇപ്പോൾ എനിക്കറിയാം. ഓ, മഹാനായ ചക്രവര്‍ത്തീ, ഈ രഹസ്യങ്ങളില്‍ വിശ്വസിക്കുക, ഞാൻ അങ്ങയെ പഠിപ്പിക്കാം. അങ്ങനെ കര്‍ത്താവായ യേശുക്രിസ്തുവാണ് യഥാര്‍ത്ഥ ദൈവമെന്ന് അങ്ങ് അറിയും.”
അപ്പോൾത്തന്നെ ജനേസിയൂസും സഹനടന്മാരും അറസ്റ്റ് ചെയ്യപ്പെട്ടു. മറ്റുള്ള നടന്മാർക്ക് ക്രൈസ്തവ വിശ്വാസവുമായി ബന്ധമൊന്നുമില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അവരെ വിട്ടയച്ചു. എന്നാല്‍ ക്രൈസ്തവവിശ്വാസത്തില്‍ നിന്ന് പിന്മാറാൻ ജെനേസിയൂസ് തയാറായില്ല. അതേത്തുടര്‍ന്ന് അദ്ദേഹത്തെ പ്രത്തോറിയതിന്റെ ചുമതല വഹിച്ചിരുന്ന പ്ലോഷിയന്റെ പക്കല്‍ പീഡനത്തിനായി ഏല്‍ പ്പിച്ചുകൊടുത്തു. ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും ഇരുമ്പുവടികൊണ്ടു പ്രഹരിക്കുകയും മറ്റ് പീഡനങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തിട്ടും ആ വിശ്വാസം ഇളകിയില്ല. അവസാനം ജനേസിയൂസിനെ ശിരച്ഛേദം ചെയ്യാൻ ഉത്തരവിട്ടു. ‘നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവാണ് ദൈവം.അവന്‍റെ നാമത്തില്‍ നമുക്ക് ജീവനുണ്ട്”എന്ന വാക്കുകളോടെയാണ് ജനേസിയൂസ് നിത്യജീവൻ പുല്‍കിയത്. ജനേസിയൂസിന് മാമ്മോദീസ നല്‍കുക എന്ന ലക്ഷ്യത്തോടെയല്ല തലയില്‍ വെളളമൊഴിച്ചത് എന്നതിനാല്‍ അദ്ദേഹത്തിന്‍റെ മാമ്മോദീസക്ക് സാധുതയില്ലായിരുന്നു. എങ്കിലും രക്തം വഴിയുള്ള മാമ്മോദീസ ജനേസിയൂസിന് ലഭിച്ചതായി സഭ അംഗീകരിക്കുകയും അദ്ദേഹത്തെ വിശുദ്ധനായി വിശുദ്ധനായി വണങ്ങുകയും ചെയ്യുന്നു. അഭിനേതാക്കളുടെ പ്രത്യേക മധ്യസ്ഥനാണ് വിശുദ്ധ ജനേസിയൂസ്.
'