- Latest articles
സകല വിശുദ്ധരോടും മാലാഖമാരോടും കൂട്ടായ്മ ആചരിക്കുവാനും സകല മരിച്ചവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുവാനും സഭ തിരഞ്ഞെടുത്ത് നിയോഗിച്ച മാസമാണല്ലോ നവംബര്‍. ഈ മാസത്തില്‍ സ്വര്‍ഗത്തിലെ വിജയസഭയും ശുദ്ധീകരണസ്ഥലത്തെ സഹനസഭയും ഭൂമിയിലെ സമരസഭയും ഒന്നുചേര്‍ന്ന് കൂട്ടായ്മ ആചരിച്ച് പരിശുദ്ധ ത്രിത്വത്തെ മഹത്വപ്പെടുത്തുന്നു. സ്വര്‍ഗത്തിലെ വിജയസഭയിലെ അംഗങ്ങളായ വിശുദ്ധരോടും മാലാഖമാരോടും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോടുമുള്ള ഈ കൂട്ടായ്മ ആചരണം വിശുദ്ധിയുടെ ഉന്നതമായ തലങ്ങളിലേക്ക് സമരസഭയിലെ അംഗങ്ങളായ നമ്മെ കൈപിടിച്ചുയര്‍ത്തുന്നു.
കൂട്ടായ്മകള്‍ അനിവാര്യം
കൂട്ടായ്മകള്‍ ക്രിസ്തീയ വിശ്വാസജീവിതത്തിന് അനിവാര്യമാണ്. ആദിമ ക്രൈസ്തവ സമൂഹത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു. “വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരു ആത്മാവും ആയിരുന്നു” (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 4:32) എന്ന്. ഒരു ഹൃദയവും ഒരാത്മാവുമായി ഒന്നുചേരുന്ന ഇത്തരം കൂട്ടായ്മകള്‍ക്കേ വിശ്വാസികളെ വിശ്വാസത്തില്‍ ഒന്നിപ്പിക്കുവാനും നിലനിര്‍ത്തുവാനും വളര്‍ത്തുവാനും കഴിയൂ. ഇത്തരത്തിലുള്ള കൂട്ടായ്മകളുടെ അഭാവം ഇന്ന് സഭ നേരിടുന്ന വലിയ പ്രതിസന്ധിയാണ്.
നവീകരണത്തിന്‍റെ കൈപിടിച്ച്
1984-ലാണ് ഞാന്‍ കരിസ്മാറ്റിക് നവീകരണത്തിലേക്ക് കടന്നുവരുന്നത്. ഇടവകയില്‍ വികാരിയച്ചന്‍റെ നിയോഗപ്രകാരം നടന്ന കരിസ്മാറ്റിക് ധ്യാനമായിരുന്നതുകൊണ്ട് ധ്യാനശേഷം ഉടന്‍തന്നെ നൂറോളം അംഗങ്ങളുള്ള നല്ലൊരു പ്രാര്‍ത്ഥനാഗ്രൂപ്പ് അവിടെ സ്ഥാപിതമായി. ഒരു നല്ല പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ ആയിരിക്കുന്നതിന്‍റെ എല്ലാ മാധുര്യങ്ങളും സന്തോഷങ്ങളും അനുഭവിച്ച് ജീവിക്കുമ്പോഴാണ് എറണാകുളം കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ജീസസ് യൂത്തിന്‍റെ ഫസ്റ്റ് ലൈന്‍ ലീഡേഴ്സ് കൂട്ടായ്മയിലേക്ക് എനിക്ക് വിളി ലഭിക്കുന്നത്. ഈ രണ്ട് കൂട്ടായ്മകളും എനിക്ക് അത്യധികം പ്രിയപ്പെട്ടതും ആനന്ദകരവുമായിരുന്നു. നാല് വര്‍ഷങ്ങളോളം കടന്നുപോയത് എങ്ങനെയെന്ന് ഇന്നുമറിയില്ല. കാരണം ഈശോയ്ക്കുവേണ്ടി ജീവിക്കുന്നതിന്‍റെ എല്ലാ നന്മകളും അനുഭവിച്ചറിഞ്ഞുകൊണ്ടുള്ള ജീവിതമായിരുന്നു അന്നത്തേത്.
മലബാറിലേക്ക് പറിച്ചു നടപ്പെട്ടപ്പോള്‍
1988 ഏപ്രില്‍ മാസത്തില്‍ ഞാന്‍ വിവാഹിതയായി. 1989 മാര്‍ച്ച് മാസത്തിലായിരുന്നു എന്‍റെ ജോലിസംബന്ധമായ താല്ക്കാലിക നിയമനങ്ങള്‍ വേണ്ട എന്നുവച്ച് കോഴിക്കോട് ജില്ലയിലെ കടിയങ്ങാട് എന്ന സ്ഥലത്ത് വാടകവീടെടുത്ത് ഞങ്ങള്‍ ഒരുമിച്ച് താമസിക്കുവാന്‍ തുടങ്ങിയത്. ഹൈന്ദവരും മുസ്ലീങ്ങളും മാത്രം താമസിച്ചിരുന്ന ആ സ്ഥലത്ത് ഒന്നിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ഒരു ക്രിസ്തീയ കൂട്ടായ്മയ്ക്കുവേണ്ടി ഞാന്‍ തീവ്രമായി അഭിലഷിച്ചു. കണ്ണുനീരോടെ കരള്‍നൊന്തുതന്നെ ഞാന്‍ പ്രാര്‍ത്ഥിച്ചു.
ആ പ്രാര്‍ത്ഥനയ്ക്ക് ദൈവത്തില്‍നിന്നും കിട്ടിയ ഉത്തരമായിരുന്നു ഞങ്ങള്‍ രണ്ടുപേര്‍ ചേര്‍ന്ന് ഒരു രാത്രിയില്‍ തുടങ്ങിയ ശാലോം പ്രെയര്‍ഗ്രൂപ്പ്. പിന്നീട് ആ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍നിന്നും അനേക മിനിസ്ട്രികള്‍ രൂപപ്പെട്ട് ലോകവ്യാപകമായി പടര്‍ന്ന് പന്തലിച്ചുവെങ്കിലും ശാലോമിന്‍റെ പ്രാര്‍ത്ഥനാകൂട്ടായ്മകളില്‍ വളരെ ചുരുക്കമായിട്ടേ എനിക്ക് പങ്കെടുക്കുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. കഠിനമായ രോഗാവസ്ഥകള്‍കൊണ്ടും മറ്റു പല പ്രതികൂലങ്ങള്‍കൊണ്ടും എനിക്ക് ശാലോമിന്‍റെ പ്രാര്‍ത്ഥനാകൂട്ടായ്മകളില്‍ ആയിരിക്കുവാന്‍ മിക്കപ്പോഴും കഴിയാതെപോയി. അത് എന്നെ വളരെ വേദനിപ്പിക്കുന്ന ഒരു സത്യമായിരുന്നു. “ഞാന്‍ മരുഭൂമിയിലെ വേഴാമ്പല്‍പോലെയാണ്. വിജനപ്രദേശത്തെ മൂങ്ങപോലെയും. ഞാന്‍ ഉറക്കം വരാതെ കിടക്കുന്നു. പുരമുകളില്‍ തനിച്ചിരിക്കുന്ന പക്ഷിയെപ്പോലെ ഏകാകിയാണ് ഞാന്‍” (സങ്കീര്‍ത്തനം 102:6-7) എന്ന സങ്കീര്‍ത്തനവചനം എന്‍റെ ശുശ്രൂഷാജീവിതത്തില്‍ പലപ്പോഴും യാഥാര്‍ത്ഥ്യമായിരുന്നു. പക്ഷേ കര്‍ത്താവെന്നെ കൈവിടുകയായിരുന്നില്ല ഈ അവസ്ഥകളിലൂടെ.
വിശുദ്ധരുടെ കൂട്ടായ്മയിലേക്ക്
മാനുഷിക കൂട്ടായ്മകള്‍ ഇല്ലാതായപ്പോള്‍ ആരോ പ്രേരിപ്പിച്ചാലെന്നവിധം ആ സമയങ്ങളില്‍ ഞാന്‍ സകല വിശുദ്ധരുടെയും ലുത്തിനിയ എടുത്തു ചൊല്ലാന്‍ തുടങ്ങി. മറ്റാരുമല്ല, പരിശുദ്ധാത്മാവുതന്നെയാണ് ആ ലുത്തിനിയ ദിവസവും ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ എനിക്ക് പ്രേരണ തന്നത്. അത്ഭുതമെന്നേ പറയേണ്ടൂ, ആ ലുത്തിനിയ ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി കുറച്ചു ദിവസങ്ങള്‍ക്കുശേഷം സകല വിശുദ്ധരുടെയും മാലാഖമാരുടെയും സജീവമായ സാന്നിധ്യവും മാധ്യസ്ഥശക്തിയും ജീവിതത്തില്‍ ഞാന്‍ അനുഭവിക്കാന്‍ തുടങ്ങി. എനിക്ക് പരിചയമുള്ള വിശുദ്ധര്‍ എന്‍റെകൂടെ വന്ന് വസിക്കുന്ന അനുഭവം പരിശുദ്ധാത്മാവ് എനിക്ക് ദാനമായി അനുവദിച്ചുതന്നു. സ്വര്‍ഗത്തില്‍ വിശുദ്ധിയുടെ ഉന്നതതലങ്ങളില്‍ ദൈവത്തെ മുഖാഭിമുഖം ദര്‍ശിച്ചുകഴിയുന്ന വിശുദ്ധരും മാലാഖമാരും ഭൂമിയിലെ കൃമിയും കീടവുമായി കഴിയുന്ന ഈ മഹാപാപിക്ക് കൂട്ടായ്മയുടെ കരം നീട്ടിത്തരികയോ?! ആദ്യമാദ്യം എനിക്കത് വിശ്വസിക്കാനായില്ല. എന്നാല്‍ ദിവസേന ദൈവം ആ അനുഭവം എനിക്ക് തന്നപ്പോള്‍ ഞാനത് വിശ്വസിക്കുവാന്‍ തുടങ്ങി. ആ കൂട്ടായ്മയില്‍ ഞാന്‍ ദൈവത്തെ പാടി സ്തുതിച്ചു. ഭാഷാവരത്തില്‍ സ്തുതിച്ചു. വിശുദ്ധരെ ചുറ്റുമിരുത്തി അവരോട് കൈകോര്‍ത്തുപിടിച്ച് മധ്യസ്ഥ പ്രാര്‍ത്ഥന നടത്തി. വിശുദ്ധ കൊച്ചുത്രേസ്യയായിരുന്നു ആ കൂട്ടായ്മയിലേക്ക് എന്നെ കൈപിടിച്ചു നയിച്ചത്. വിശുദ്ധ കൊച്ചുത്രേസ്യയുമായുള്ള ആത്മബന്ധം വെറും ആറുമാസംമാത്രം പ്രായമുള്ളപ്പോള്‍ തുടങ്ങിയതാണ്. ആറുമാസം പ്രായമുള്ളപ്പോഴേ എന്‍റെ മാതാപിതാക്കള്‍ എന്നെ ആ കൊച്ചുവിശുദ്ധയ്ക്ക് അടിമ കൊടുത്തിരുന്നു.
ഇത് അപ്രാപ്യബന്ധമല്ല
സ്വര്‍ഗത്തില്‍ വസിക്കുന്ന വിശുദ്ധരുടെയും ദൈവദൂതരുടെയും സാമീപ്യവും കൂട്ടായ്മയും സഹവാസവും ഭൂമിയിലെ സമരസഭയ്ക്ക് അപ്രാപ്യമായ ഒരു കാര്യമല്ലെന്നും തീക്ഷ്ണമായ ആശയോടെ പ്രാര്‍ത്ഥിക്കുന്ന ഏവര്‍ക്കും ഈ ഭൂമിയില്‍ വച്ചുതന്നെ കൂട്ടായ്മയുടെ കരം സ്വര്‍ഗത്തിലെ വിജയസഭ നീട്ടിക്കൊടുക്കുമെന്നും എന്‍റെ ജീവിതാനുഭവങ്ങളിലൂടെ ഞാന്‍ മനസിലാക്കി. എത്രയോ ഉന്നതമാണ് ദൈവം ദാനമായി നല്കുന്ന ഈ ദിവ്യ അനുഭവമെന്ന് അറിഞ്ഞപ്പോള്‍ പലപ്പോഴും ശാലോമിന്‍റെ പ്രാര്‍ത്ഥനാകൂട്ടായ്മകളില്‍ ആയിരിക്കുവാന്‍ കഴിയാത്തതിന്‍റെ ദുഃഖം എന്നെ തീര്‍ത്തും വിട്ടുപോയി. “കര്‍ത്താവായ ദൈവമാണ് എന്‍റെ ബലം. കലമാന്‍റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്നെന്‍റെ പാദങ്ങള്‍ക്ക് വേഗത നല്കി. ഉന്നതങ്ങളില്‍ അവിടുന്നെന്നെ നടത്തുന്നു” (ഹബക്കുക്ക് 3:19)എന്ന വചനം എന്‍റെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നത് ഈ വിധത്തിലാണ്.
ജീവിതത്തിന്‍റെ എല്ലാ ആവശ്യഘട്ടങ്ങളിലും അനേക വിശുദ്ധരുടെ വിളിക്കുംമുമ്പേയുള്ള സാന്നിധ്യവും സഹവാസവും സഹായവും എന്‍റെ ജീവിതത്തില്‍ ഇന്നും ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഈ കാരണത്താലാണ് സകല വിശുദ്ധരുടെ ലുത്തിനിയായുടെ പ്രചാരകയായി ഞാന്‍ മാറിയത്. “പര്‍വ്വതങ്ങളിലേക്ക് ഞാന്‍ കണ്ണുകളുയര്‍ത്തുന്നു. എനിക്ക് സഹായം എവിടെനിന്നു വരും? എനിക്ക് സഹായം കര്‍ത്താവില്‍നിന്നും വരുന്നു. ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍നിന്ന്” (സങ്കീര്‍ത്തനങ്ങള്‍ 121:1).
ഇത് വായിക്കുന്ന ആരെങ്കിലും പ്രാര്‍ത്ഥിക്കാന്‍ ഒരു കൂട്ടായ്മയില്ലാതെ വിഷമിക്കുന്നുവോ? ഭൂമിയില്‍ എന്നെ മനസിലാക്കാനും സഹായിക്കുവാനും താങ്ങാനും ആരുമില്ലെന്നു കരുതി വിലപിക്കുന്നുവോ? സാരമില്ല. സ്വര്‍ഗത്തിലെ വിശുദ്ധരും ദൈവദൂതരും നമ്മള്‍ എത്ര പാപികളായിരുന്നാലും അവരുടെ കൂട്ടായ്മയുടെ കരം നമ്മുടെനേരെ നീട്ടിത്തരാനും നമ്മെ നാമായിരിക്കുന്ന അവസ്ഥയില്‍ മനസിലാക്കി അംഗീകരിച്ച് സഹായിക്കുവാനും സദാ സന്നദ്ധരാണ്. ഇതാണ് സ്വര്‍ഗത്തിലെ വിജയസഭയും ഭൂമിയിലെ സമരസഭയും തമ്മിലുള്ള ഐക്യം.
സഹനസഭയുടെ കൂട്ടായ്മയിലേക്ക്
സ്വര്‍ഗത്തിലെ വിജയസഭയുടെ കൈപിടിച്ചുകൊണ്ട് നാം കൂട്ടായ്മയുടെ കരം നീട്ടിക്കൊടുക്കേണ്ടതും നമ്മുടെ പ്രാര്‍ത്ഥനാസഹായം ഏറ്റവും കൂടുതല്‍ ആവശ്യമായിരിക്കുന്നതുമായ സഭയാണ് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ സഭ (സഹനസഭ). പരിശുദ്ധാത്മാവുതന്നെയാണ് ഈ സഭയിലേക്കും എന്നെ കൈപിടിച്ചു നയിച്ചത്. ഈ ഭൂമിയില്‍നിന്നും യേശുവിലുള്ള വിശ്വാസത്തില്‍ മരിച്ചു വേര്‍പിരിഞ്ഞുപോയതും എന്നാല്‍ സ്വര്‍ഗത്തിലെത്താന്‍ തക്കവിധത്തിലുള്ള വിശുദ്ധിയില്‍ എത്തിച്ചേരാന്‍ കഴിയാത്തതുമായ ആത്മാക്കളാണ് ശുദ്ധീകരണസ്ഥലത്തിലുള്ളത്. ഈ ആത്മാക്കള്‍ അവിടെ സ്വര്‍ഗത്തിലെത്താനുള്ള വിശുദ്ധീകരണത്തിനുവേണ്ടി കഠിനമായ സഹനങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
സ്വര്‍ഗത്തിലെ വിജയസഭ ഈ ആത്മാക്കള്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. വിജയസഭയുടെ കൈപിടിച്ചുകൊണ്ട് ഈ ശുദ്ധീകരണാത്മാക്കളിലേക്ക് ഇറങ്ങിച്ചെല്ലാനും അവര്‍ക്കുവേണ്ടി പരിഹാരങ്ങളും പ്രായശ്ചിത്തങ്ങളും ചെയ്തുകൊണ്ട് പ്രാര്‍ത്ഥിക്കാനും നമ്മള്‍ക്ക് വലിയ കടപ്പാടുണ്ട്. ‘എനിക്ക് വിശന്നു, നിങ്ങളെനിക്ക് ഭക്ഷിക്കാന്‍ തന്നു. എനിക്ക് ദാഹിച്ചു, നിങ്ങളെനിക്ക് കുടിക്കാന്‍ തന്നു’ എന്ന് കര്‍ത്താവ് അന്ത്യവിധിയുടെ സമയത്ത് നമുക്ക് നല്കുന്ന നീതീകരണം ഭൂമിയിലെ തന്‍റെ എളിയവര്‍ക്ക് ചെയ്തുകൊടുത്ത ഉപകാരത്തെക്കുറിച്ച് മാത്രമായിരിക്കുകയില്ല. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് ചെയ്ത നന്മയെക്കുറിച്ചുംകൂടിയാണ്. ശുദ്ധീകരണാത്മക്കളുടെ വിശപ്പും ദാഹവും സ്വര്‍ഗത്തില്‍ തങ്ങളുടെ ദൈവത്തെ പ്രാപിക്കാനുള്ള വിശപ്പും ദാഹവുമാണ്. അതിന് അവരെ സഹായിക്കുന്നവരോട് കര്‍ത്താവ് വലിയ കരുണ ചെയ്യും. അവരോട് ഇപ്രകാരം പറയും “ഈ എളിയവരില്‍ ഒരുവന് നിങ്ങളിതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്” (മത്തായി 25:40).
പ്രാര്‍ത്ഥനയും ദാനധര്‍മങ്ങളും പ്രായശ്ചിത്തപ്രവൃത്തികളും മറ്റു പരിഹാരകര്‍മങ്ങളും ശുദ്ധീകരണ ആത്മാക്കളെ സഹായിക്കാന്‍ വളരെ നല്ലതാണ്. എന്നാല്‍ ഇതിനെക്കാളുമെല്ലാം വലിയ പരിഹാരമാണ് വിശുദ്ധ കുര്‍ബാന ചൊല്ലിക്കുകയോ കുര്‍ബാന കണ്ട് കാഴ്ചവയ്ക്കുകയോ ചെയ്യുക എന്നുള്ളത്. ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കാന്‍ സഭ നീക്കിവച്ചിരിക്കുന്ന ഈ നവംബര്‍ മാസത്തില്‍ ധാരാളം കുര്‍ബാനകള്‍ കണ്ട് കാഴ്ചവച്ച് നമുക്കവരെ സഹായിക്കാം. കൂടാതെ മറ്റു വിധത്തിലുള്ള പരിഹാര-പ്രായശ്ചിത്ത പ്രവൃത്തികള്‍ ചെയ്ത് കാഴ്ചവച്ചുകൊണ്ട് ശുദ്ധീകരണസ്ഥലത്തില്‍ നിസഹായരായി സഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ക്കുവേണ്ടിയും പ്രത്യേകമായവിധത്തില്‍ ആരോരും പ്രാര്‍ത്ഥിച്ചുസഹായിക്കാനില്ലാത്ത, ഭൂമിയില്‍ ആരാലും പരിഗണിക്കപ്പെടാത്ത ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാം
'വിവാഹശേഷം ഭാര്യയും ഞാനും വാടകവീടെടുത്ത് ഒരുമിച്ച് താമസമാരംഭിച്ചു. ആദ്യദിനം ഇന്‍ഡക്ഷന്‍ അടുപ്പ് ഉപയോഗിച്ചപ്പോള്‍മുതല്‍ ഒരു വാണിങ്ങ് മെസേജാണ് കാണിച്ചത്. ‘ERO 2’ എന്ന എറര്‍ കോഡും തെളിഞ്ഞു. ഞങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ല.
അതിന്‍റെ ബോക്സ് പരിശോധിച്ചപ്പോള്‍ യൂസര്‍ മാനുവല്‍ കിട്ടി. ‘ERO 2’ എന്താണെന്ന് അതില്‍ വ്യക്തമായി കൊടുത്തിട്ടുണ്ടായിരുന്നു. ഞങ്ങള്‍ ഉപയോഗിച്ചിരുന്ന പാത്രം ഈ അടുപ്പിന് അനുയോജ്യമല്ല എന്നതായിരുന്നു പ്രശ്നം. പാത്രം മാറ്റിയപ്പോള്‍ പ്രശ്നം പരിഹരിക്കപ്പെട്ടു.
മനുഷ്യരായ നമുക്കും ഒരു യൂസര്‍ മാനുവല്‍ ഉണ്ട്. നാം എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നും വിവിധ പ്രതിസന്ധികള്‍ ജീവിതത്തില്‍ വരുമ്പോള്‍ അവയുടെ അര്‍ത്ഥമെന്താണെന്നും ജീവിതത്തില്‍ വിജയം നേടാന്‍ ഏത് വഴിയേ പോകണമെന്നും വ്യക്തമാക്കിത്തരുന്ന യൂസര്‍ മാനുവല്‍ – അത് മറ്റൊന്നുമല്ല വിശുദ്ധ ഗ്രന്ഥമാണ്.
മലയോര മേഖലയിലെ ടൗണില്‍ ഒരു വീട് പണിയുന്നതിനായി സ്ഥലം വാങ്ങിയിരുന്നു. താമസിച്ചിരുന്ന സ്ഥലത്ത് നിന്നുകൊണ്ട് ടൗണിലെ വീടുപണി നോക്കിനടത്താന്‍ ബുദ്ധിമുട്ടായതിനാല്‍ എങ്ങനെ കാര്യങ്ങള്‍ ക്രമീകരിക്കും എന്ന് അദ്ദേഹം ചിന്തിച്ചു. ഒരു പരിഹാരം ലഭിക്കുന്നതിനായി വിശുദ്ധ ബൈബിള്‍ തുറന്നു, “അവന്‍ സ്വന്തം ചെലവില്‍ ഒരു വീട് വാടകക്കെടുത്ത് രണ്ട് വര്‍ഷം മുഴുവന്‍ അവിടെ താമസിച്ചു” (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 28:30) എന്ന വചനമാണ് അദ്ദേഹത്തിന് ലഭിച്ചത്. സുഹൃത്ത് നേരിട്ട പ്രതിസന്ധിയില്‍ വിശുദ്ധ ഗ്രന്ഥം കൃത്യമായ പരിഹാരം നല്കി.
നിന്‍റെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍, ഇപ്പോള്‍ നീ കടന്നുപോകുന്ന നിരാശയില്‍, നിന്നെ ശക്തിപ്പെടുത്തുന്നതിനായി ഒരു വചനം അനേകായിരം വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പരിശുദ്ധാത്മാവ് വിശുദ്ധ ഗ്രന്ഥത്തിന്‍റെ ഏടുകളില്‍ കുറിച്ച് വച്ചിട്ടുണ്ട്. ആയതിനാല്‍ മനസിടിയുന്ന സമയങ്ങളില്‍ വിശ്വാസത്തോടെ വിശുദ്ധ ഗ്രന്ഥം തുറക്കുക.
ഒരു വീട്ടമ്മയുടെ അനുഭവം. അവരും കുടുംബവും ഒരു പ്രത്യേക സാഹചര്യത്തില്‍ സ്വന്തം വീട്ടില്‍നിന്നും മാറി അവരുടെ തറവാട്ടില്‍ താമസിക്കേണ്ടിവന്നു. എന്നാല്‍ അവിടെ അവര്‍ക്ക് ചില അസ്വസ്ഥതകളുണ്ടായി. വീട്ടിലേക്കുതന്നെ തിരിച്ചുപോയാലോ.. അവര്‍ ചിന്തിച്ചുതുടങ്ങി. ആ സമയത്ത് അവര്‍ വിശുദ്ധ ഗ്രന്ഥം തുറന്ന് വായിച്ചു. അപ്പോള്‍ അവര്‍ക്ക് കിട്ടിയ വചനം “എന്തെന്നാല്‍ കര്‍ത്താവ് സീയോനെ തിരഞ്ഞെടുത്തു; അതിനെ തന്‍റെ വാസസ്ഥലമാക്കാന്‍ അവിടുന്ന് ആഗ്രഹിച്ചു” (സങ്കീര്‍ത്തനങ്ങള്‍ 132:13) എന്നതായിരുന്നു. ഇപ്പോള്‍ തറവാട്ടില്‍ നില്ക്കുക എന്നതാണ് തങ്ങളെക്കുറിച്ചുള്ള ദൈവഹിതം എന്ന് അവര്‍ക്ക് അങ്ങനെ മനസിലായി. അതിനാല്‍ അവര്‍ക്ക് അവിടത്തെ സാഹചര്യങ്ങളോട് ക്രമേണ പൊരുത്തപ്പെടാന്‍ സാധിച്ചു.
തന്‍റെ മക്കളുടെ സുരക്ഷിതവും ആനന്ദകരവും രക്ഷാകരവുമായ ജീവിതത്തിനാവശ്യമായ എല്ലാ കാര്യങ്ങളും സ്നേഹപിതാവായ ദൈവം തന്‍റെ വിശുദ്ധ ഗ്രന്ഥത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. മനസ് ശാന്തമാക്കി, പ്രാര്‍ത്ഥനയോടെ വിശുദ്ധ ഗ്രന്ഥം തുറന്നു വായിക്കുക. നിന്‍റെ ദൈവം നിന്നോട് സംസാരിക്കും. “നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്‍റെ കാതുകള്‍ക്ക് പിന്നില്‍നിന്ന്, ഒരു സ്വരം ശ്രവിക്കും; ഇതാണ് വഴി ഇതിലേ പോവുക” (ഏശയ്യാ 30:21). ډ
'ദൈവത്തിനുവേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ ദൈവം എല്ലാക്കാലത്തും ദുര്‍ബലരും സാധാരണക്കാരുമായ മനുഷ്യരെയാണ് തെരഞ്ഞെടുക്കുന്നത്. ഇത് തന്‍റെ പ്രവൃത്തികളില്‍ അവന്‍ അഹങ്കരിക്കാതിരിക്കുവാന്‍വേണ്ടിയത്രേ. ബലഹീനനായ മനുഷ്യനെ ദൈവം ബലപ്പെടുത്തുന്നത് തന്‍റെ പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടാണ്. അതിനാല്‍ പരിശുദ്ധാത്മാവിന്‍റെ പര്യായമായി ഉപയോഗിക്കുന്ന ഒരു വാക്കാണ് ശക്തി. വിശുദ്ധ ഗ്രന്ഥത്തില്‍ പല സ്ഥലങ്ങളിലും ഈ വാക്ക് ഉപയോഗിക്കുന്നതായി നാം കാണുന്നുണ്ട്. ഗബ്രിയേല്‍ ദൂതന്‍ പരിശുദ്ധ അമ്മയോട് ഇപ്രകാരം പറയുന്നു: “അത്യുന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും” (ലൂക്കാ 1:35). ഉയിര്‍ത്തെഴുന്നേറ്റ യേശു ശിഷ്യന്മാരോട് ഇങ്ങനെ നിര്‍ദേശം നല്കുന്നതായി നാം വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ വായിക്കുന്നു: “ഉന്നതത്തില്‍നിന്ന് ശക്തി ധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍.” വീണ്ടും ഇതേ ആശയം അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ ആവര്‍ത്തിക്കുന്നതായി നാം കാണുന്നു: “എന്നാല്‍ പരിശുദ്ധാത്മാവ് നിങ്ങളുടെമേല്‍ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും” (അപ്പ. പ്രവ. 1:8).
പ്രശ്ന സങ്കീര്‍ണമായ ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. മനുഷ്യന് പരിഹരിക്കുവാന്‍ സാധിക്കാത്ത വലിയ പ്രതിസന്ധികളുടെ മുമ്പില്‍ അവന്‍ പകച്ചുനിന്നുപോകുന്നു. എന്നാല്‍ നാം ചെയ്യേണ്ടത് ഒരു കാര്യം മാത്രമേയുള്ളൂ. ദൈവത്തിലേക്ക് തിരിയുക, ശക്തി ലഭിക്കുവാനായി നിലവിളിച്ച്, ദാഹിച്ച് പ്രാര്‍ത്ഥിക്കുക. എന്തെന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും ദൈവസന്നിധിയില്‍ ഉത്തരമുണ്ട്, തീര്‍ച്ച.
ഒരു ഉദാഹരണം നിങ്ങളുടെ മുമ്പില്‍ വയ്ക്കട്ടെ. ശത്രുവിന്‍റെ കെണിയില്‍പ്പെട്ട ഒരു രാജ്യത്തെ രക്ഷിക്കുവാന്‍ ഒരു സാധാരണക്കാരിയായ സ്ത്രീയെ ദൈവം ഉപയോഗിക്കുന്നു. പഴയ നിയമത്തില്‍ വിവരിക്കുന്ന യൂദിത്താണ് കഥാപാത്രം. അസീറിയാ രാജാവായ നബുക്കദ്നേസര്‍ യൂദാരാജ്യം കീഴ്പ്പെടുത്തുവാന്‍ വലിയൊരു സൈന്യത്തെ അയക്കുകയാണ്. ഹോളോഫര്‍ണസാണ് സൈന്യാധിപന്‍. ഇതറിഞ്ഞ ഇസ്രായേല്‍ജനം അത്യന്തം ഭയപ്പെട്ടു. അവര്‍ കൂടുതല്‍ ഉല്‍കണ്ഠപ്പെട്ടത് ദൈവത്തിന്‍റെ ആലയത്തെക്കുറിച്ചാണ്. ശത്രു വന്ന് ദൈവാലയം ആക്രമിച്ച് അശുദ്ധമാക്കുമോ എന്നതായിരുന്നു അവരുടെ പരിഭ്രമകാരണം. ദൈവജനം എല്ലാ നാളുകളിലും ഏറെ ജാഗ്രതയോടെ ചിന്തിക്കേണ്ടത് ദൈവാലയത്തെക്കുറിച്ചും ദൈവത്തിന്‍റെ സഭയെക്കുറിച്ചുമാണ്. പ്രത്യേകമായും സഭ ഏറെ സഹനങ്ങളിലൂടെ കടന്നുപോകുന്ന നാളുകളില്‍ ഈ ബൈബിള്‍ പരാമര്‍ശത്തിന് വലിയ പ്രസക്തിയുണ്ട്.
അവര്‍ ചെയ്ത ഏറ്റവും പ്രധാന കാര്യം ശക്തിയുടെ ഉറവിടമായ ദൈവത്തിങ്കലേക്ക് തിരിയുക എന്നതാണ്. “ഇസ്രായേലിലെ ഓരോരുത്തരും തീക്ഷ്ണതയോടെ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും കഠിനമായി ഉപവസിച്ച് തങ്ങളെത്തന്നെ എളിമപ്പെടുത്തുകയും ചെയ്തു” (യൂദിത്ത് 4:9). നിലവിളിച്ച് പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും ഇവിടെ ഇതാ ഒരു സദ്വാര്‍ത്ത: “കര്‍ത്താവ് അവരുടെ പ്രാര്‍ത്ഥന കേട്ടു. അവരുടെ ക്ലേശങ്ങള്‍ കാണുകയും ചെയ്തു.
“ഇവിടെ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. ദൈവം അവരുടെ പ്രാര്‍ത്ഥന കേട്ടെങ്കിലും അന്നുതന്നെ അതിന് മറുപടി നല്കിയില്ല. ദൈവത്തിന് ഒരു സമയമുണ്ട്. അതിനുവേണ്ടി കാത്തിരിക്കുവാന്‍ തയാറാകുന്നവര്‍ക്കേ ദൈവത്തിന്‍റെ അത്ഭുതപ്രവൃത്തികള്‍ കാണാന്‍ കൃപ ലഭിക്കുകയുള്ളൂ.
യുദ്ധതന്ത്ര ശാസ്ത്രജ്ഞനായ ഹോളോഫര്‍ണസ് ചെയ്തത് ഇസ്രായേല്‍ക്കാരുടെ അരുവികളും ചാലുകളും കൈവശപ്പെടുത്തുക എന്നതായിരുന്നു. ഇപ്രകാരം അവരുടെ ജലസ്രോതസുകള്‍ ഉപരോധിച്ചാല്‍ ദാഹിച്ചുവലയുന്ന ജനം എളുപ്പത്തില്‍ കീഴടങ്ങും എന്ന് അദ്ദേഹം കരുതി. ശത്രു ഇന്നും ചെയ്യുന്നത് ഇതാണ് – ദൈവജനത്തിന്‍റെ ജീവജലത്തിന്‍റെ അരുവിയെ ഉപരോധിക്കുക. പരിശുദ്ധാത്മാവിനെ മറക്കുവാന്‍, വിളിച്ച് പ്രാര്‍ത്ഥിക്കാതിരിക്കുവാന്‍ ദൈവജനത്തെ ശത്രു പ്രേരിപ്പിക്കുന്നു. ഫലമോ ദൈവജനം ദുര്‍ബലരായിത്തീരുകയും വേഗത്തില്‍ ശത്രുവിന്‍റെ തന്ത്രങ്ങള്‍ക്ക് കീഴടങ്ങുവാന്‍ നിര്‍ബന്ധിതരായിത്തീരുകയും ചെയ്യുന്നു.
ഈ ഉപരോധം മുപ്പത്തിനാല് ദിവസങ്ങള്‍ നീണ്ടു. ദാഹിച്ചു വലഞ്ഞ ജനം അക്ഷമരായി, കീഴടങ്ങുവാന്‍ അവര്‍ നേതാക്കന്മാരെ നിര്‍ബന്ധിച്ചു. പക്ഷേ നേതാവായ ഉസിയാ പറഞ്ഞു: അഞ്ചുദിവസംകൂടെ നമുക്ക് കാത്തുനില്ക്കാം. എന്നിട്ടും ദൈവം ഇടപെട്ടില്ലെങ്കില്‍ നമുക്ക് കീഴടങ്ങാം.
ഈ പ്രതിസന്ധിഘട്ടത്തിലാണ് ദൈവം യൂദിത്തിന്‍റെ ആത്മാവിനെ പ്രചോദിപ്പിക്കുന്നത്. ദൈവനാമത്തില്‍ ജനത്തിന്‍റെ രക്ഷകയായി അവള്‍ കടന്നുവരുന്നു. ആദ്യം അവള്‍ ചെയ്യുന്നത് ദൈവവിരുദ്ധമായ അവരുടെ തീരുമാനത്തെ തിരുത്തുക എന്നതാണ്. നിര്‍ദിഷ്ട ദിവസത്തിനുള്ളില്‍ ദൈവം പരിഹാരം നല്കിയില്ലെങ്കില്‍ കീഴടങ്ങാം എന്നത് ദൈവത്തിന്‍റെ പദ്ധതിക്ക് എതിരായ ഒരു തീരുമാനമാണ്. ദൈവത്തിന് നാം പരിധി വയ്ക്കരുത്. തനിക്കിഷ്ടമുള്ള ഏത് സമയത്തും നമ്മെ രക്ഷിക്കുവാനോ നമ്മെ നശിപ്പിക്കുവാനോ അവിടുത്തേക്ക് കഴിയും. അന്തിമമായ തീരുമാനം ദൈവത്തിന്‍റേതാണ്. മറ്റൊരു കാര്യവുംകൂടി യൂദിത്ത് അവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്: “തന്നോട് അടുപ്പമുള്ളവരെ അവിടുന്ന് പ്രഹരിക്കുന്നത് ശാസന എന്ന നിലയിലാണ്” (യൂദിത്ത് 8:27). ദൈവമക്കളെ സംബന്ധിച്ചിടത്തോളം പരീക്ഷയുടെ കാലങ്ങള്‍ പിതാവിന്‍റെ സ്നേഹശാസനയുടെ കാലങ്ങളാണ്. ദൈവത്തിന്‍റെ തിരുത്തലുകള്‍ നാം എളിമയോടെ സ്വീകരിക്കുമ്പോള്‍ കൂടുതല്‍ ഉയര്‍ന്ന കൃപകളും വിജയങ്ങളും സ്വന്തമാക്കുവാന്‍ സാധിക്കും.
തന്‍റെ ജനത്തെ രക്ഷിക്കുവാനുള്ള ദൈവികദൗത്യം ഏറ്റെടുത്ത യൂദിത്ത് ആദ്യം ചെയ്യുന്നത് ദൈവികശക്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ്. അവള്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു: “ദൈവമേ, എന്‍റെ ദൈവമേ വിധവയായ എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കണമേ.” “അവിടുത്തെ ശക്തിയാല്‍ അവരുടെ കരുത്ത് തകര്‍ക്കണമേ.” “വിധവയായ എനിക്ക് ലക്ഷ്യപ്രാപ്തിക്കുവേണ്ട ശക്തി നല്കണമേ.”
ദൈവികശക്തിയാല്‍ നിറഞ്ഞ യൂദിത്ത് ശത്രുപാളയത്തിലേക്ക് ധൈര്യസമേതം പോകുന്നു. അവള്‍ ഹോളോഫര്‍ണസിന്‍റെ കൂടാരത്തില്‍ പ്രവേശിച്ച് അയാളെ വധിക്കുന്നു. സൈന്യാധിപന്‍ വധിക്കപ്പെട്ടു എന്നറിഞ്ഞ സൈന്യം ഭയന്ന് തിരിച്ചോടി. വലിയൊരു വിജയം, അതും യുദ്ധം ചെയ്യാതെ നേടുവാന്‍ ഇസ്രായേല്‍ക്കാര്‍ക്ക് കഴിഞ്ഞു.
യൂദിത്ത് നല്കുന്ന ഒരു വലിയ പാഠമുണ്ട്. ശത്രു എത്ര പ്രബലനായാലും നാം ഭയപ്പെടേണ്ട ആവശ്യമില്ല. എത്ര വലിയ പ്രതിസന്ധിയിലാണ് നാം അകപ്പെട്ടിരിക്കുന്നത് എങ്കിലും നഷ്ടധൈര്യരാകേണ്ട കാര്യമില്ല. ദൈവത്തില്‍ ശരണപ്പെടുകയും ദൈവത്തിന് കീഴടങ്ങുകയും ചെയ്യുക. വ്യവസ്ഥകളൊന്നും വയ്ക്കണ്ട. ദൈവതിരുമനസ് നടക്കട്ടെ. അപ്പോള്‍ യുദ്ധം ദൈവം ഏറ്റെടുക്കും. ആത്യന്തികവിജയം നമുക്കുതന്നെ ആയിരിക്കുകയും ചെയ്യും. അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.
ഓ, സ്നേഹപിതാവേ, പലപ്പോഴും അങ്ങയുടെ ശക്തിക്കുവേണ്ടി ഞങ്ങള്‍ ആഗ്രഹിക്കുകയോ ചോദിക്കുകയോ ചെയ്യുന്നില്ല. അതാണ് ഞങ്ങളുടെ പരാജയകാരണം എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. അങ്ങയുടെ പരിശുദ്ധാത്മാവിനായി നിരന്തരം പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവാത്മാവിനാല്‍ നിറഞ്ഞ ഒരു ജീവിതം നയിച്ച പരി
ശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.
ഞാന്‍ ചെറുതായിരിക്കുമ്പോഴാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലെത്തുന്നത്. അത് എനിക്ക് വലിയ ഒരത്ഭുതമായിരുന്നു. അന്ന് ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്, “അമ്മേ, നമ്മള്‍ ചന്ദ്രനിലെത്തി. ഇനി ദൈവം എവിടെപ്പോകും?”
നാം ദൈവത്തിലേക്കുള്ള യാത്രയിലാണ് എന്ന ചിന്ത അന്നേ മനസ്സില്‍ ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. ഈ ചിന്ത വാസ്തവത്തില്‍ നമ്മുടെ ഉള്ളിന്‍റെ ഉള്ളില്‍ കോറിയിടപ്പെട്ടിരിക്കുന്നു. ഈ ബോധ്യത്തിന്‍റെ ആഴത്തില്‍നിന്നാണ് വിശുദ്ധ അഗസ്റ്റിന്‍ സ്വയം പറയുന്നത്, “നിന്നില്‍ അലിയുവോളം എന്‍റെ ഹൃദയം അസ്വസ്ഥമായിരിക്കും.”
അപ്രകാരം നോക്കുമ്പോള്‍ മനുഷ്യജീവിതത്തിലെ വളരെ നൈസര്‍ഗികമായ ചോദ്യമാണ് യേശുവിന്‍റെ അടുക്കലെത്തിയ ചെറുപ്പക്കാരന്‍ ചോദിക്കുന്നത്. ‘നിത്യജീവന്‍ പ്രാപിക്കാന്‍ ഞാനെന്ത് ചെയ്യണം?’ കാരണം മനുഷ്യന്‍റെ മനസ് ഈ ലോകത്തിനപ്പുറത്ത് തന്നെ കാത്തിരിക്കുന്ന ജീവിതത്തെക്കുറിച്ച് സദാ ചിന്തിക്കുന്നുണ്ട്. അതിനാലാണ് “എത്ര വൈകി ദൈവമേ, നിന്നെ കണ്ടെത്താന്‍….” എന്ന് വിശുദ്ധ അഗസ്റ്റിന്‍ വിലപിച്ചതും.
എന്നാല്‍, ഇന്നിന്‍റെ ഒരു ചിന്ത അങ്ങനെയല്ല. ‘നാളെ എന്തോ ലഭിക്കുമെന്ന് കരുതി ഇന്നത്തെ സന്തോഷങ്ങള്‍ വേണ്ടെന്നു വയ്ക്കേണ്ട. ഇഷ്ടങ്ങള്‍ വേണ്ടെന്നുവച്ച് ജീവിക്കേണ്ടതില്ല. വെറുതെ മണ്ടന്‍മാരാകരുത്.’ ഇപ്രകാരം ചിന്തിക്കുന്ന ഒരാളെ നാം തിരുവചനത്തില്‍ കാണുന്നു. പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വിളവ് വയലില്‍നിന്ന് ലഭിച്ച വ്യക്തി. അദ്ദേഹം സ്വന്തം ആത്മാവിനോട് പറയുന്നത് ഞാന്‍ എന്‍റെ അറപ്പുരകള്‍ വലുതാക്കിപ്പണിയും. അനേക വര്‍ഷങ്ങളിലേക്കുള്ളത് ഞാന്‍ ശേഖരിച്ചുകഴിഞ്ഞു. ഇനി സുഖിച്ച് ജീവിക്കും എന്നാണ്. എന്നാല്‍ കര്‍ത്താവ് അവനെ ഭോഷന്‍ എന്നു വിളിക്കുന്നു. ഭോഷന്‍ എന്നാല്‍ വിഡ്ഢി, വെറും വിഡ്ഢിയല്ല പമ്പരവിഡ്ഢിയെന്നാണ് അര്‍ത്ഥം. “ഈ രാത്രി നിന്‍റെ ആത്മാവിനെ നിന്നില്‍നിന്ന് ആവശ്യപ്പെടും; അപ്പോള്‍ നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേതാകും?”(ലൂക്കാ 12:20)- ഇതാണ് കര്‍ത്താവിന്‍റെ ചോദ്യം. ആത്മാവ് തിരികെ ദൈവത്തിലേക്ക് ചേരാനുള്ളതാണ്. അതിനാല്‍ ദൈവസന്നിധിയില്‍ സമ്പന്നനാവുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തനിക്കുവേണ്ടി സമ്പത്ത് ശേഖരിക്കുന്നവന് ആത്മാവ് നഷ്ടപ്പെട്ടാല്‍ പിന്നെ എന്ത് സൗഭാഗ്യമാണ് ആസ്വദിക്കാനാവുക? അതിനാല്‍ത്തന്നെ, വരാനിരിക്കുന്ന സൗഭാഗ്യത്തെക്കുറിച്ച് പരിചിന്തിക്കാതെ ഇപ്പോള്‍ കാണുന്നതെല്ലാം ഈ ലോകത്തിന്‍റെ പ്രതാപമാണെന്ന് കരുതി ജീവിക്കുന്നവനെ ജീവിതത്തിന്‍റെ മൂല്യം മനസ്സിലാക്കാന്‍ കഴിയാത്ത മണ്ടനെന്ന് വിളിക്കേണ്ടിവരും.
എപ്പിക്കൂറസ് അങ്ങനെയാണ് കരുതിയത്. എപ്പിക്കൂരിയന്‍ ചിന്ത ഒരു സംസ്കാരത്തെത്തന്നെ നശിപ്പിച്ചുകളഞ്ഞതും അങ്ങനെയാണ്. ‘നാളെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇപ്പോള്‍ ജീവിതം ആസ്വദിക്കുക’- ഈ തത്വചിന്ത റോമന്‍ സംസ്കാരം നശിക്കാന്‍ കാരണമായി. തിന്നുകുടിച്ച് മദിച്ച് ജീവിക്കുക. അതിനായി വൊമിറ്റോറിയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. ഇത് ഇന്നും ആവര്‍ത്തിക്കപ്പെടുന്നു.
എന്നാല്‍ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലുമാണ്. അവന്‍ മണ്ണിലവസാനിക്കേണ്ട പ്രതിഭാസമല്ല. അതിനപ്പുറത്തേക്ക് അവന് ജീവിതമുണ്ട്. അത് മനസ്സിലാക്കണമെങ്കില്‍ ദൈവികസുകൃതങ്ങള്‍ ആവശ്യമാണ്. സഭാപിതാക്കന്‍മാര്‍ പറയുന്നു, ‘മനുഷ്യജീവിതം നാളേയ്ക്ക് ഒരു വിരുന്നാകുന്നത് വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ ദൈവികപുണ്യങ്ങളാലാണ്.’
ലൂക്കാ 11-ാം അധ്യായത്തില്‍ രാത്രിയില്‍ കതകടച്ച് കിടന്ന സുഹൃത്തിനരികില്‍ വരുന്ന ആളുടെ കഥ പറയുന്നു. ആഗതന്‍ മൂന്നപ്പം ചോദിക്കുമ്പോള്‍ അത് നല്കില്ലെന്നാണ് ആദ്യം സുഹൃത്ത് പറയുന്നത്. താന്‍ കിടന്നു, കുഞ്ഞുങ്ങളും എന്നോടൊപ്പമുണ്ട് എന്നിങ്ങനെയുള്ള തടസ്സങ്ങള്‍ അദ്ദേഹം ഉന്നയിക്കുന്നു. എന്നാല്‍, പിന്നീട് ആഗതന്‍റെ നിര്‍ബന്ധം സഹിക്കാതെ മൂന്നപ്പം കൊടുക്കുകയാണ്. പിന്നീടുള്ള വചനഭാഗങ്ങള്‍ നോക്കുക, ചോദിക്കുവിന്‍ ലഭിക്കും, അന്വേഷിക്കുവിന്‍ കണ്ടെത്തും, മുട്ടുവിന്‍ തുറന്നുകിട്ടും, ചോദിക്കുന്നതിലും കൂടുതല്‍ പരിശുദ്ധാത്മാവിനെ നല്കും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് അവിടെ കാണുന്നത്. ഈ വചനഭാഗത്തില്‍ വിവരിക്കപ്പെടുന്ന മൂന്ന് അപ്പം സ്വര്‍ഗ്ഗീയദാനങ്ങളായ മൂന്ന് പുണ്യങ്ങളാണ്. ഈ സ്വര്‍ഗ്ഗീയദാനങ്ങള്‍ സ്വീകരിച്ച് ജീവിക്കുമ്പോഴാണ് മനുഷ്യജീവിതം നാളേയ്ക്ക് വിരുന്നാകുന്നത്. ഒരാളുടെ ജീവിതം വലിയ വിഭവമായി രൂപാന്തരപ്പെടുന്നത് ഈ ദൈവികസുകൃതങ്ങളുടെ കാഴ്ചപ്പാടിലൂടെയാണ്.
മത്തായി 25-ല്‍ അതിനെപ്പറ്റി വിവരിക്കുന്നുണ്ട്. അവിടെ, കാഴ്ചയുടെ പ്രത്യേകതയാണ് അന്ത്യവിധിയില്‍ രണ്ടായി തിരിക്കപ്പെടുന്നതിന്‍റെ മാനദണ്ഡം. നിത്യതയുടെ, ദൈവികസുകൃതങ്ങളുടെ, കണ്ണുകള്‍കൊണ്ട് ജീവിതത്തെ കണ്ടവര്‍ അതിനനുസരിച്ച് അര്‍ത്ഥപൂര്‍ണ്ണമായി ജീവിച്ചു. അല്ലാത്തവരാകട്ടെ, ജീവിതത്തില്‍ അപ്പോഴത്തെ സന്തോഷങ്ങള്‍മാത്രം ആസ്വദിച്ചുകൊണ്ട് വിലപ്പെട്ട പലതും പരിഗണിക്കാന്‍ വിട്ടുപോയി. നിത്യതയുടെ കണ്ണുകൊണ്ട് കണ്ടാല്‍ ഈ ലോകം നൈമിഷികമാണ്. ഞാന്‍ ഒരു തീര്‍ത്ഥാടനത്തിലാണ്. എന്നാല്‍ ഈ ലോകത്തിന്‍റെ കണ്ണടയാണ് എന്‍റെ കണ്ണുകള്‍ക്കുമേല്‍ ധരിച്ചിരിക്കുന്നതെങ്കില്‍ ഞാന്‍ ഒരു മണ്‍കൂനയില്‍ അവസാനിക്കും. വിശുദ്ധ ജോണ്‍ ക്രിസോസ്റ്റത്തിന്‍റെ വാക്കുകള്‍ ഓര്‍ത്തിരിക്കേണ്ടതാണ്, “മരണമടഞ്ഞ് മണ്ണിലടക്കപ്പെട്ട ഒരു ക്രൈസ്തവന്‍ മണ്ണില്‍ വയ്ക്കപ്പെട്ട വിത്താണ്. മുളപൊട്ടാനുള്ളവനാണ് അവന്‍.”
പരീക്ഷയില്‍ മോശം പ്രകടനം കാഴ്ചവച്ച കുട്ടികള്‍ പരിതപിക്കാറില്ലേ, കുറച്ചുകൂടി അധ്വാനിക്കാമായിരുന്നു എന്ന്. പക്ഷേ അപ്പോഴേക്കും പരീക്ഷ കഴിഞ്ഞുപോയിരിക്കും. ജീവിതത്തിനുശേഷം അങ്ങനെ ഖേദിക്കാതിരിക്കാനാണ് നിത്യജീവിതത്തെക്കുറിച്ച് ധ്യാനിക്കേണ്ടത്. അതിനാലല്ലേ വിശുദ്ധ അഗസ്റ്റിന്‍ പറഞ്ഞത്, ‘ഞാന്‍ എത്രയോ മുമ്പേ നിന്നെ അറിയേണ്ടതായിരുന്നു. നിനക്കുവേണ്ടി ജീവിക്കേണ്ടതായിരുന്നു.’
സ്വര്‍ഗ്ഗവും നരകവും ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എന്തെന്നാല്‍ അത് യാഥാര്‍ത്ഥ്യമാണ്. സ്വര്‍ഗ്ഗത്തിന് അനുയോജ്യമായ വിധത്തില്‍ എന്‍റെ ജീവിതം ചിട്ടപ്പെടുത്തുക എന്നതാണ് ചെയ്യാനുള്ളത്. വിശ്വാസവും പ്രത്യാശയും സ്നേഹവും ദൈവത്തില്‍നിന്ന് നാം ചോദിച്ചുവാങ്ങണം. അങ്ങനെ സ്വര്‍ഗ്ഗത്തെ സ്വപ്നം കണ്ട് ജീവിക്കാന്‍ പഠിക്കണം.
‘നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ…’ എന്ന് വിശുദ്ധ കാര്‍ഡിനല്‍ ന്യൂമാന്‍ പാടുന്നു. നമുക്ക് അത് ആവര്‍ത്തിക്കാം. എന്തെന്നാല്‍ മനുഷ്യന്‍ സ്വര്‍ഗ്ഗത്തിലേക്ക് പറക്കാന്‍ ചിറകുകളുള്ളവനാണ്. അതെ, എനിക്ക് സ്വര്‍ഗ്ഗത്തിലേക്ക് പറക്കാന്‍ കഴിയും. സ്വര്‍ഗ്ഗത്തിന് ചേര്‍ന്ന എന്‍റെ ജീവിതം അനേകര്‍ക്കുള്ള ആനന്ദവിരുന്നായി മാറട്ടെ! ډ
ഒരു വര്‍ഷം നീണ്ട മിഷന്‍ അനുഭവ പരിശീലനത്തോട് യാത്ര പറയാന്‍ സമയമായി. ഇനിയത്തെ പരിശീലനം മധ്യപ്രദേശിലെ മേജര്‍ സെമിനാരിയിലാണ്. വാര്‍ത്ത കേട്ട് കൂട്ടുകാര്‍ വലിയ സന്തോഷത്തിലായി എങ്കിലും എനിക്കത് ദുഃഖത്തിന്‍റേതായി. കാരണം എനിക്ക് അലര്‍ജി രോഗമുണ്ടായിരുന്നു.
പുതിയൊരു സ്ഥലം, പുതിയ സംസ്കാരം. പെട്ടെന്ന് ഇഴുകിച്ചേരുവാന്‍ എന്‍റെ ഉദരം പ്രാപ്തമല്ലായിരുന്നു. ചോറും തൈരും മാത്രമായിരുന്നു എന്‍റെ ഭക്ഷണം. അവിടെ ചെന്നപ്പോള്‍ പരിപ്പുകറിയും ചിക്കന്‍കറിയും കഴിച്ചു തുടങ്ങാന്‍ ആദ്യശ്രമം നടത്തി. എന്നാല്‍ അതിന്‍റെ പ്രത്യാഘാതം വലുതായിരുന്നു. വയറുവേദന കൂടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഞാന്‍ ആ ദിവസങ്ങളില്‍ ഈശോയോട് കരഞ്ഞു പറഞ്ഞു, “ഈശോയേ, വിശുദ്ധനായ ഒരു മിഷനറിയാകുവാന്‍ എന്‍റെ ശരീരത്തെ പ്രാപ്തമാക്കണേ.” മൂന്നാമത്തെ ദിവസം അത്ഭുതപ്പെടുത്തിക്കൊണ്ട് എന്‍റെ മേലധികാരികള്‍ എന്നെ കേരളത്തിലേക്ക് ഫിലോസഫി പഠിക്കുവാന്‍ അയച്ചു. എങ്കിലും രോഗത്തിന് തെല്ലും കുറവുണ്ടായില്ല. അലര്‍ജി കൂടുകതന്നെ ചെയ്തു. ഒരു മാസത്തോളം ഗ്ലൂക്കോസിന്‍റെ സഹായത്തോടെയായിരുന്നു ജീവിതം. അങ്ങനെയിരിക്കേ ഒരു കൂട്ടുകാരന്‍ എന്നെ കാണുവാന്‍ ആശുപത്രിയില്‍ വന്നു. എന്‍റെ അവസ്ഥ കണ്ട് ഒരു വൈദികന്‍റെ അടുത്ത് അവന്‍ എന്നെ കൊണ്ടുപോയി.
അസാധാരണമായ ഒരു ദൈവികതേജസ് ആ പുരോഹിതനില്‍ കാണാന്‍ കഴിഞ്ഞു. എന്നെ അദ്ദേഹം കൈപിടിച്ച് കൊണ്ടുപോയത് ദിവ്യകാരുണ്യ ഈശോയെ എഴുന്നള്ളിച്ചുവച്ച ചാപ്പലിലേക്കാണ്. എന്നിട്ട് എന്‍റെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പെട്ടെന്ന് എന്‍റെ വയറ്റില്‍ ഷോക്കടിക്കുന്നതുപോലെ… ഈശോയുടെ ക്രൂശിതരൂപം ഞാന്‍ ആദ്യമായി തിരുവോസ്തിയില്‍ കണ്ടു. “ഈശോയേ…” എന്ന് ഉച്ചത്തില്‍ ഞാന്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു. ഒരു സൗഖ്യം എന്‍റെ ശരീരത്തില്‍ അനുഭവപ്പെടുകയായിരുന്നു ആ സമയത്ത്. പിന്നീട് ആറ്മാസത്തേക്ക് ഏത് ഭക്ഷണവും കഴിക്കാവുന്ന വിധത്തില്‍ എനിക്ക് സൗഖ്യം ലഭിച്ചു. അങ്ങനെ വൈദികപരിശീലനം തുടരാന്‍ കഴിഞ്ഞു.
എന്‍റെ ദൈവവിളിക്ക് സ്വര്‍ഗം നല്കിയ ഉറപ്പായിരുന്നു ആ സംഭവം. അലര്‍ജി വീണ്ടും ആക്രമിച്ചെങ്കിലും പ്രാര്‍ത്ഥനാജീവിതം ആഴപ്പെടുത്താനും അവിടുത്തെ സ്നേഹം കൂടുതല്‍ അനുഭവിക്കാനും വേദനകള്‍ എനിക്ക് നിമിത്തമായി. എന്‍റെ ദൈവവിളിയെ ഊട്ടിയുറപ്പിച്ച ഈശോ എന്നെ വഴിനടത്തുന്നു. ډ
'വചനത്തിന്‍റെ ഏടുകളില്‍ ആവര്‍ത്തിച്ചു കാണുന്ന ചോദ്യമാണിത്, രക്ഷ പ്രാപിക്കാന്‍ എന്തുചെയ്യണം? നിത്യതയെ സ്വപ്നം കാണുന്നവരിലൊക്കെ ഈ ചോദ്യമുണ്ട്. ദൈവത്തെ സ്നേഹിക്കുക; നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക. ഈ രണ്ടുകല്‍പ്പനകളില്‍ ഇതിനുള്ള മറുപടി ക്രിസ്തു നല്‍കുന്നുണ്ട്.
ദൈവമാരെന്ന് അറിയാം. അയല്‍ക്കാരന്‍ ആരാണ്? നിയമജ്ഞന്‍റെ ചോദ്യമിതാണ് (ലൂക്കാ. 10:25-37). നല്ല സമരിയക്കാരന്‍റെ ഉപമ വെറുമൊരു ധാര്‍മികതത്വം പഠിപ്പിക്കാനുള്ള ഉപമയല്ല. മറിച്ച്, ആത്മീയ യാത്രയില്‍ ഒരാളുടെ സഞ്ചാരപഥങ്ങളെ കാണിക്കുന്ന ഉപമകൂടിയാണിത്. ആദിമനുഷ്യന്‍റെ അധഃപതനവും നല്ല സമരിയേക്കാരന്‍റെ ഉപമയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് സഭാപിതാക്കന്മാര്‍ പറയുന്നതിന്‍റെ കാരണമിതാണ്.
ജെറുസലേമില്‍നിന്നും ജെറീക്കോയിലേക്ക് യാത്ര ചെയ്യുന്ന ആ മനുഷ്യന്‍ ആരാണ്? ദൈവത്തിന്‍റെ ഇരിപ്പിടമാണ് ജെറുസലേം. ദൈവസാന്നിദ്ധ്യത്തിന്‍റെ മലമുകള്‍, ജെറീക്കോയാകട്ടെ, പാപത്തിന്‍റെയും തിന്മയുടെയും രോഗാതുരതയുടെയും ഇടം. വാഗ്ദാന ദേശത്തേക്കു യാത്രയായപ്പോള്‍ ഇസ്രായേല്‍ ജനങ്ങള്‍ ജെറീക്കോയുടെ മതിലുകള്‍ തകര്‍ത്തത് ഓര്‍ക്കുക. അന്ധനായ ബെര്‍ത്തമിയൂസ് ആ മതിലിനു സമീപമിരുന്നാണ് നിലവിളിച്ചത്.
ഉപമയിലെ ആ മനുഷ്യന്‍ ജെറീക്കോയിലേക്ക് ഇറങ്ങുകയാണ്. വഴിവിട്ട ഒരു യാത്രയാണിത്. ദൈവസങ്കേതം വിട്ടിറങ്ങുന്ന യാത്ര. അപകടം പതിയിരിപ്പുണ്ടെന്നറിഞ്ഞിട്ടും ആദിമ സര്‍പ്പത്തിന്‍റെ വാക്കിനു കാതോര്‍ത്ത ആദിമാതാപിതാക്കളെപ്പോലെതന്നെ അയാള്‍ ആ വഴിയിലൂടെ പോയി. കവര്‍ച്ചക്കാര്‍ അയാളെ ഗ്രസിച്ചു, തകര്‍ത്തുകളഞ്ഞു. സകലതും അവര്‍ അപഹരിച്ചു, പ്രാണനൊഴികെ.
ജെറുസലേം അവനു നല്‍കിയതെല്ലാം ജെറീക്കോ അവനില്‍നിന്ന് അപഹരിച്ചെടുത്തു. തെറ്റായ വഴികളില്‍ കെണികള്‍ കാത്തുനില്‍ക്കുന്നുണ്ട്. രണ്ടു കാര്യങ്ങള്‍ അവനില്‍ നഷ്ടമായി. ജെറുസലേം അവനു നല്‍കിയ പ്രസാദവരത്തിന്‍റെ തിളക്കം. അതില്‍നിന്ന് അവനുണ്ടായ ജീവന്‍. അവന്‍ മുറിവേറ്റു, അര്‍ദ്ധപ്രാണനായി.
തുടര്‍ന്ന്, ഒരു പുരോഹിതനും ലെവായനും കടന്നുപോകുന്നു. പഴയനിയമത്തിന്‍റെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പ്രതിനിധികളാണവര്‍. ഒരു മതസങ്കല്‍പ്പത്തിനോ, തത്വചിന്തയ്ക്കോ ന്യൂ ഏജ് ആശയങ്ങള്‍ക്കോ ഒന്നും ഈ മനുഷ്യനെ രക്ഷിക്കാനാവില്ല. തകര്‍ന്നുകിടക്കുന്ന ആ മനുഷ്യനെ നോക്കി മറുവഴിയിലൂടെ പോകാനേ കഴിയൂ. തനിയെ എഴുന്നേല്‍ക്കാന്‍ അയാള്‍ക്ക് ആകുന്നുമില്ല. ഒന്നുറക്കെ കരയാന്‍പോലും കഴിയാത്തവന്‍. തെറ്റായ മാര്‍ഗം തിരഞ്ഞെടുത്തതിന്‍റെ കുറ്റബോധം അയാളെ വല്ലാതെ തകര്‍ത്തുകളയുന്നുണ്ട്. ഈ അടിമത്വത്തില്‍നിന്നും മുറിവില്‍നിന്നും ആര് ഇയാളെ വിടുവിക്കും?
അവിടെയാണ് നല്ല സമരിയാക്കാരനായ ക്രിസ്തുവിന്‍റെ ആഗമനം. പാപംതിരഞ്ഞെടുത്ത് അര്‍ദ്ധപ്രാണനായി കഴിയുന്ന നിന്നെ രക്ഷിക്കാന്‍ കാലത്തിന്‍റെ പൂര്‍ത്തിയില്‍ അവതീര്‍ണ്ണനായവനാണ് ക്രിസ്തു. മനസ്സലിഞ്ഞ് അടുത്തെത്തി. എണ്ണയും വീഞ്ഞുമൊഴിച്ച് മുറിവുകള്‍ വച്ചുകെട്ടി. തന്‍റെ കുരിശിലെ രക്തമാണ് ആ വീഞ്ഞ്. കൂദാശകളാണ് ആ എണ്ണ. കുര്‍ബാനയും മറ്റു കൂദാശകളും നല്‍കി അവന്‍റെ പ്രാണനെ വീണ്ടെടുക്കുകയാണ് ആ സമരിയേക്കാരന്‍. തുടര്‍ന്നവനെ, സത്രത്തിലെത്തിക്കുന്നു. സഭയാണ് ആ സത്രം. ഫീല്‍ഡ് ഹോസ്പിറ്റല്‍ (ഫ്രാന്‍സിസ് പാപ്പ നല്‍കിയ വിശേഷണം) ഇനിമുതല്‍ അവന്‍ സൗഖ്യം സ്വീകരിക്കേണ്ടത് ഇവിടെയാണ്. രണ്ടു ദിനാറ നല്‍കി. മനുഷ്യന്‍റെ വീണ്ടെടുപ്പിന് ക്രിസ്തു കുരിശില്‍ നല്‍കിയ വിലയാണിത്.
പാപത്തിന്‍റെ അടിമത്വത്തില്‍നിന്നും വിടുവിക്കാനും വീണുപോയ മനുഷ്യാത്മാവിനെ വീണ്ടെടുക്കാനും ക്രിസ്തു നല്‍കുന്ന വില. ചരിത്രത്തിന്‍റെ പാതയോരത്ത് ഒറ്റപ്പെട്ട് നിസ്സഹായകനും മുറിവേറ്റവനുമായി കിടക്കുന്ന മനുഷ്യനെ തോളിലേറ്റി സഭാഗാത്രത്തിന്‍റെ സംരക്ഷണത്തിനായി ഭരമേല്‍പ്പിച്ചിട്ടാണ് ആ നല്ല സമരിയേക്കാരന്‍ പോയതെന്നോര്‍ക്കുക. അര്‍ദ്ധപ്രാ
ണരെ വീണ്ടെടുത്തപ്പോള്‍ നാം ക്രിസ്തുവിനെ നഗ്നനാക്കി, കുരിശില്‍ ഉയര്‍ത്തി!
സത്രസൂക്ഷിപ്പുകാരോട് പറഞ്ഞു: “ഇവന്‍റെ കാര്യം കൃത്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നുവെങ്കില്‍ ഞാന്‍ തിരികെവരുമ്പോള്‍ തന്നുകൊള്ളാം”. ഇനിയും എന്തെങ്കിലും വീഴ്ച പറ്റിയാല്‍ അതിനൊക്കെ ഞാന്‍ പരിഹാരം ചെയ്തുകൊള്ളാം. രണ്ടാമത്തെ ആഗമനംവരെയും വീണ്ടെടുപ്പിലാണ് ക്രിസ്തു. സ്നേഹം മാത്രമാണിതിന് കാരണം. നിയമങ്ങളോ മാനുഷികമായ കരുതലുകളോ ഒന്നുമാകില്ല.
ആര് നിന്‍റെ അയല്‍ക്കാരനല്ല എന്ന ചോദ്യത്തിന് യഹൂദന് കൃത്യമായ മറുപടിയുണ്ട്. നാലു കൂട്ടം മനുഷ്യരാണവര്‍: ഒന്ന്, സ്വന്തം മതത്തിനെതിരെ അബദ്ധ സിദ്ധാന്തം പ്രചരിപ്പിക്കുന്ന പാഷണ്ഡി. രണ്ട്, സ്വന്തം മതത്തെ ഒറ്റുകൊടുക്കുന്ന ചാരന്‍. മൂന്ന്, സ്വന്തം മതത്തെ ഉപേക്ഷിക്കുന്ന വിശ്വാസത്യാഗി. നാല്, ജെറുസലേം ദൈവാലയ പരിസരം അശുദ്ധമാക്കിയ സമരിയാക്കാര്‍.
സമരിയാക്കാര്‍ തമ്മില്‍ ഒരു ബന്ധവുമില്ലെന്നതിന് കൃത്യമായ തെളിവല്ലേ സമരിയാക്കാരി സ്ത്രീയുടെ വാക്കുകളിലുള്ളത്; നീ ഒരു യഹൂദനായിരിക്കേ, സമരിയാക്കാരിയായ എന്നോട് വെള്ളം ചോദിക്കുന്നുവോ? (യോഹ. 4:9) മറ്റൊരിടത്ത് ക്രിസ്തുവിനെ സ്വീകരിക്കാതെ നിലകൊണ്ട സമരിയാക്കാരനോട് ഇടിമുഴക്കത്തിന്‍റെ മക്കളായ യാക്കോബും യോഹന്നാ
നും പറഞ്ഞത് ഓര്‍ക്കുക. “കര്‍ത്താവേ, സ്വര്‍ഗത്തില്‍നിന്നും അഗ്നി ഇറക്കി ഇവരെ നശിപ്പിക്കുക എന്നു ഞങ്ങള്‍ പറയട്ടെയോ?” (ലൂക്കാ. 9: 52-55)
വീണ് അര്‍ദ്ധപ്രാണനായി കിടക്കുന്ന എന്നെ രക്ഷിക്കാന്‍ ക്രിസ്തു തന്നെ വരണം. അവന്‍റെ പവിത്രമായ സഭാഗാത്രത്തില്‍ എന്നെ അവന്‍ ചേര്‍ത്തു പിടിക്കണം. അവനെന്നെ ജെറുസലേമില്‍ സുരക്ഷിതമായി എത്തിക്കും. എല്ലാവരും തേടുന്ന നിത്യതയാണിത്. നാമും അവനൊപ്പം നല്ല സമരിയാക്കാരനാകണം. വീണുപോകുന്നവരെ താങ്ങി പിടിക്കുന്ന സഭാഗാത്രത്തോട് ചേര്‍ത്ത്വെക്കുന്ന നല്ല സമരായര്‍.
അപ്പോള്‍ ഇനി തിരിച്ചു നടക്കാം, ജെറീക്കോയില്‍നിന്നും ജെറുസലേമിലേക്ക്. വീണുപോയ ജെറീക്കോയുടെ പാതയോരങ്ങളില്‍നിന്നും ജീവന്‍ നല്‍കുന്ന ജെറുസലേമിന്‍റെ വിശുദ്ധ അങ്കണത്തിലേക്ക്.
'എന്‍റെ മകന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. ഒരു ദിവസം അവന് കടുത്ത പനിയും കഫക്കെട്ടും. ഡോക്ടറെ കാണിച്ച് മരുന്ന് കൊടുത്തു. പക്ഷേ അസുഖത്തിന് ഒരു കുറവും ഉണ്ടായില്ല. അസുഖം മാറിയില്ലെങ്കില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകണം എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു, ന്യുമോണിയ ആകാന്‍ സാധ്യത ഉണ്ടത്രേ. എന്‍റെ മകന്‍റെ അസുഖം മാറണമെന്ന് അന്ന് രാത്രി ഞാന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു. ഒരു മുഴുവന്‍ കൊന്തയും പിന്നെ കുറെ പ്രാര്‍ത്ഥനകളും ചൊല്ലി കിടന്നു. പിറ്റേന്ന് നോക്കിയപ്പോള്‍ അസുഖത്തിന് ഒരു കുറവും കണ്ടില്ല.
എനിക്ക് വളരെ സങ്കടവും ദേഷ്യവും വന്നു. ഞാന്‍ ജനല്‍ക്കമ്പിയില്‍ പിടിച്ച് ആകാശത്തേക്ക് നോക്കി പറഞ്ഞു, “സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന ദൈവത്തെ എനിക്ക് വേണ്ട. എന്‍റെ കൂടെ ഇരിക്കുന്ന ദൈവത്തെ മതി എനിക്ക്. സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന ദൈവത്തിന് എങ്ങനെയാണ് ഭൂമിയില്‍ ഇരിക്കുന്ന എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ സാധിക്കുന്നത്?”
ഇത് പറഞ്ഞതും എന്‍റെ മകന്‍ ഛര്‍ദ്ദിച്ചു. അവന്‍റെ അസുഖം വിട്ടുമാറി. അന്ന് ആദ്യമായി ദൈവത്തിന്‍റെ സ്വരം വ്യക്തമായി എന്‍റെ ചെവികളില്‍ പതിച്ചു, “ഞാന്‍ ഇമ്മാനുവല്‍ ആണ്, ദൈവം നമ്മോടുകൂടെ.”
ഇതു കേട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ പേടിച്ച് നാലടിയോളം പുറകോട്ട് മാറി. ദൈവം തൊട്ടടുത്ത് നില്‍ക്കുക എന്ന് പറഞ്ഞാല്‍ നിസ്സാര സംഭവമൊന്നും അല്ലല്ലോ. അപ്പോള്‍ യേശു ചോദിച്ചു, “നീ എന്തിനാണ് പേടിച്ച് പുറകോട്ട് പോകുന്നത്?” ഞാന്‍ പറഞ്ഞു, “ഞാന്‍ മഹാപാപിയും അങ്ങ് പരമ പരിശുദ്ധനും ആണ്.”
അപ്പോള്‍ ‘നിന്നെ (എത്ര വലിയ പാപിയെയും) നെഞ്ചോടു ചേര്‍ക്കാനായിട്ടാണ് ഞാനിത് സ്വീകരിച്ചത്’ എന്ന് പറഞ്ഞുകൊണ്ട് യേശു എനിക്ക് അവിടുത്തെ തിരുമുറിവുകള്‍ കാണിച്ചുതന്നു. ഈയൊരു ദൈവാനുഭവം എന്നെ യേശുവിന്‍റെ തീക്ഷ്ണമായ സ്നേഹത്തില്‍ പ്രത്യാശയുളളവളാക്കി മാറ്റി. ഈ പ്രത്യാശ നമ്മുടെ ആത്മാവിന്റെ സുരക്ഷിതവും സുസ്ഥിരവുമായ നങ്കൂരംപോലെയാണ്. (ഹെബ്രായര്‍ 6:19) പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്‍റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു. (റോമാ 5 : 5)
യേശുവിന്‍റെ തീക്ഷ്ണമായ സ്നേഹത്തില്‍ പ്രത്യാശ ഉള്ളവനാകയാല്‍ വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ യേശു സ്നേഹിച്ച ശിഷ്യന്‍ എന്ന് സ്വയം വിശേഷിപ്പിക്കാന്‍ മടികാണിച്ചില്ല.
എന്നെ ബലപ്പെടുത്തിയ പരീക്ഷണം
ഒരു ദിവസം യേശു എന്നോട് ചോദിച്ചു, “നീ ആരാണ്?”ഞാന്‍ എന്തെങ്കിലും പറയുന്നതിനു മുമ്പേ യേശു പറഞ്ഞു, “നിന്നെ എനിക്ക് അറിയില്ല, നീ എന്‍റെ ആരുമല്ല, എന്‍റെ അടുത്തുനിന്നു പോകൂ.”
ആദ്യം ഞാന്‍ സ്തംഭിച്ചു പോയെങ്കിലും പിന്നെ ഞാന്‍ പറഞ്ഞു, “ശരി, ഞാന്‍ പൊയ്ക്കോളാം. പക്ഷേ ഞാന്‍ ചോദിക്കുന്ന ചോദ്യത്തിന് എനിക്ക് ഉത്തരം നല്‍കണം. അങ്ങയുടെ ഈ തിരുമുറിവുകള്‍ അങ്ങ് ആര്‍ക്കുവേണ്ടിയാണ് സ്വീകരിച്ചത്?”
യേശു പറഞ്ഞു, “നിനക്കുവേണ്ടി.”
“അങ്ങനെയെങ്കില്‍ ഞാന്‍ അങ്ങയുടെ ആരാണ്?”
യേശു പറഞ്ഞു, “എന്‍റെ എല്ലാം.” എന്നിട്ട് എന്നെ ചേര്‍ത്തുപിടിച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു, “മിടുക്കി!”
അത് എന്‍റെ പ്രത്യാശ തെളിയിക്കാന്‍ ഈശോ നടത്തിയ ഒരു ടെസ്റ്റ് ആയിരുന്നു.
ഈ പരീക്ഷണം നിത്യജീവിതത്തിലെ പരീക്ഷണങ്ങളെ നേരിടാന്‍ എന്നെ പ്രാപ്തയാക്കി. യേശുവിനെ നോക്കി ഞാന്‍ പറയും, “നിന്‍ തീക്ഷ്ണമാം സ്നേഹമാണെന്‍ പ്രത്യാശ!” ഈയൊരു വാക്യത്തില്‍ എല്ലാ വിശ്വാസവും അടങ്ങിയിട്ടുണ്ട്.
പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ! (റോമാ 15:13)
'ഞങ്ങള്‍ താമസിക്കുന്നത് എറണാകുളം ജില്ലയിലെ വരാപ്പുഴ എന്ന സ്ഥലത്താണ്. 2018 ജൂലൈമാസത്തില്‍ ഞങ്ങള്‍ കുടുംബസമേതം ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലെ ജോസ് ഉപ്പാണി അച്ചനെ കണ്ട് പ്രാര്‍ത്ഥിക്കാന്‍ ചെന്നു. അപ്പോള്‍ അച്ചന്‍ ഞങ്ങള്‍ക്ക് ‘കൃപയ്ക്കുമേല്‍ കൃപ’ എന്ന മാതാവിന്‍റെ വിമലഹൃദയപ്രതിഷ്ഠയ്ക്കുള്ള ഒരുക്ക പുസ്തകം സമ്മാനിച്ചിട്ട് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. അന്നുമുതല്‍ ഞങ്ങള്‍ കുടുംബസമേതം പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. ആദ്യദിവസം മുതല്‍ എന്തൊക്കെയോ മാറ്റങ്ങള്‍ കാണാന്‍ തുടങ്ങി. ജീവിതമാകെ ക്രമീകരിക്കപ്പെടുന്നതുപോലെ. കാര്യങ്ങളൊക്കെ ചെയ്യാന്‍ അസാധാരണമായ കൃപകള്‍ വന്നു നിറയുന്നതുപോലെ…
ഏതാണ്ട് പത്തുദിവസം പിന്നിട്ടപ്പോള്‍ ഉള്ളില്‍ ഒരു പ്രേരണ, കുറച്ച് പണം ഭാര്യയുടെ കൈയില്‍ സൂക്ഷിക്കാനേല്പിക്കണം. അതിനുമുമ്പ് വീട്ടില്‍ അങ്ങനെയൊരു ശീലമില്ല. എങ്കിലും ആ പ്രേരണ അനുസരിച്ച് ഞാന്‍ കുറച്ചുനാളുകള്‍കൊണ്ട് ഇരുപതിനായിരം രൂപയോളം ഭാര്യയുടെ കൈയില്‍ ഏല്പിച്ചു. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് എനിക്കും അറിയില്ല. പലപ്പോഴും ഭാര്യ എന്നോട് ഇതേപ്പറ്റി ചോദിക്കുമെങ്കിലും പറയാന്‍ പ്രത്യേക മറുപടി ഇല്ലായിരുന്നു.
‘കൃപയ്ക്കുമേല്‍ കൃപ’ എന്ന മാതാവിന്‍റെ വിമലഹൃദയ പ്രതിഷ്ഠയ്ക്കുള്ള ഒരുക്ക പുസ്തകം 33 ദിവസത്തെ വിചിന്തനവും പ്രാര്‍ത്ഥനയും ചേര്‍ന്നതാണ്. ഇരുപത് ദിവസത്തോളം പിന്നിട്ടപ്പോള്‍ ഹൃദയത്തിനുള്ളില്‍ ആത്മധൈര്യം നിറയുന്നതായി തോന്നി. എന്തിനോ അമ്മ ഒരുക്കിയെടുക്കുന്നതുപോലെ. എനിക്ക് മാത്രമല്ല, ഭാര്യയ്ക്കും സമാനമായ അനുഭവമായിരുന്നു. പിന്നീട് മനസില്‍ തോന്നി ഒരു മാസത്തേക്കുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങണമെന്ന്. അതിനുമുമ്പ് അങ്ങനെ വാങ്ങിവയ്ക്കുന്ന പതിവില്ല വീട്ടില്‍. കൂടിപ്പോയാല്‍ ഒരാഴ്ചത്തേക്കുള്ള സാധനങ്ങള്‍ വാങ്ങിവയ്ക്കും, അത്രയേയുള്ളൂ. ഒരുപക്ഷേ അതും പരിശുദ്ധ അമ്മയുടെ പ്രേരണയാവാം. അതനുസരിച്ച് ഒരു മാസത്തേക്കുവേണ്ട സാധനങ്ങള്‍ വാങ്ങിവച്ചു.
വിമലഹൃദയപ്രതിഷ്ഠ 28 ദിവസത്തോളം പിന്നിട്ടപ്പോള്‍ കേരളത്തിലാകമാനം ശക്തമായ മഴയും വെള്ളപ്പൊക്കവും ആരംഭിച്ചു. ഇടുക്കി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ തുടങ്ങി. പതുക്കെ എറണാകുളം ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങാനാരംഭിച്ചു. എന്‍റെ അപ്പ ഒരു കിടപ്പുരോഗിയാണ്. അദ്ദേഹത്തിന്‍റെ ശരീരം നന്നായി ഒന്നു കുലുങ്ങിയാല്‍ ജീവനുവരെ അപകടമാണ്. കൂടാതെ എന്‍റെ രണ്ട് കുഞ്ഞുങ്ങള്‍… എന്തെങ്കിലും സംഭവിച്ചാല്‍ പെട്ടെന്ന് മറ്റൊരു സ്ഥലത്തേക്ക് മാറാന്‍ യാതൊരു സാഹചര്യവും ഇല്ല. അതായിരുന്നു ഞങ്ങളുടെ അവസ്ഥ.
പ്രതിഷ്ഠയ്ക്കുള്ള ഒരുക്കം 32 ദിവസം പിന്നിട്ടപ്പോള്‍ വരാപ്പുഴയുടെ ഒരു ഭാഗം മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. ആളുകളെയെല്ലാം ക്യാമ്പുകളിലേക്ക് മാറ്റാന്‍ തുടങ്ങി. വഴിയെല്ലാം അടഞ്ഞു. പുറത്ത് കടക്കാന്‍ യാതൊരു മാര്‍ഗവുമില്ല. ഒരാഴ്ചയായി വൈദ്യുതിയുമില്ലായിരുന്നു. അപ്പയെയുംകൊണ്ട് പെട്ടെന്ന് ക്യാമ്പിലേക്ക് പോകാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. ഞങ്ങളുടെ വീടിന് സമീപമുള്ള മറ്റെല്ലാവരും ക്യാമ്പിലേക്ക് മാറി. ഒറ്റപ്പെട്ട അവസ്ഥയിലായി ഞങ്ങള്‍. തൊട്ടടുത്ത ഒരു കുടുംബംമാത്രം ക്യാമ്പിലേക്ക് മാറാതെ ഒപ്പം നിന്നു.
പ്രതിഷ്ഠയ്ക്കുള്ള ഒരുക്കത്തിന്‍റെ അവസാന ദിവസം അതായത് മുപ്പത്തിമൂന്നാം ദിവസം, ഓഗസ്റ്റ് 23, 2018 ജീവിതത്തില്‍ ഒരുപോള കണ്ണടക്കാതിരുന്ന രാത്രി. ചുറ്റുവട്ടത്തെങ്ങും ആരുമില്ല. വെളിച്ചവുമില്ല. ഒന്ന് അലറിയാല്‍പോലും ആരും കേള്‍ക്കാനില്ല. ഞങ്ങളുടേത് ഉള്‍പ്പെടെ ഇരുപത് വീടുകള്‍മാത്രം വെള്ളം കയറാതെ ഒറ്റപ്പെട്ട് നില്‍ക്കുന്നു. അമ്പതുമീറ്റര്‍ അപ്പുറത്തുവരെ അരനിലയോളം വെള്ളം കയറിയ അവസ്ഥയായിരുന്നു. ഞാന്‍ കണ്ട മറ്റൊരത്ഭുതമെന്ന് പറയട്ടെ, വീടിന് പുറകിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്തവിധം ശക്തമായ ഒഴുക്ക് ആ തോട്ടില്‍ അനുഭവപ്പെട്ടു. വന്ന വെള്ളം മുഴുവന്‍ ആ തോട്ടിലൂടെ ശക്തമായി ഒഴുകിപ്പോകുന്നു. വീട്ടിലെ സാധനങ്ങളൊക്കെ ഒരു മുന്‍കരുതലിനായി ഞാന്‍ ടെറസിലേക്ക് മാറ്റിയിരുന്നു. പക്ഷേ വീടിന്‍റെ മുറ്റത്തുപോലും വെള്ളം വന്നില്ല. ദൈവത്തിന്‍റെ വലിയ കരുണയുടെ സ്പര്‍ശനം അന്ന് ഞങ്ങള്‍ അനുഭവിക്കുകയായിരുന്നു.
പരിശുദ്ധ മാതാവിന്‍റെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടതിന്‍റെ ഫലമായാണ് ആ മഹാപ്രളയത്തില്‍നിന്ന് ഞങ്ങള്‍ കരകയറിയതെന്ന് എനിക്കുറപ്പാണ്. അയല്‍വാസികളൊക്കെ ഇപ്പോഴും പറയും ഇതൊരു മിറക്കിള്‍ ഹോം അഥവാ അത്ഭുതവീട് ആണെന്ന്. ജ്ഞാനം 19:6-ല്‍ പറയുന്നതുപോലെ “അങ്ങയുടെ മക്കളെ ഉപദ്രവമേല്‍ക്കാതെ പരിരക്ഷിക്കാന്‍ അവിടുത്തെ ഇഷ്ടത്തിന് വിധേയമായി സൃഷ്ടികളുടെ സ്വഭാവം നവ്യരൂപമെടുത്തു” എന്നതായിരുന്നു ഞങ്ങളുടെ അനുഭവം.
അതിനുശേഷം കുറച്ച് നാളുകള്‍ വളരെ ബുദ്ധിമുട്ട് നിറഞ്ഞ കാലഘട്ടമായിരുന്നു. എ.റ്റി.എമ്മില്‍ പണമില്ല, സാധനങ്ങള്‍ കിട്ടുന്നില്ല. പക്ഷേ നേരത്തേതന്നെ മാതാവിന്‍റെ പ്രേരണപ്രകാരം പണം കരുതിയതും സാധനങ്ങള്‍ വാങ്ങി ശേഖരിച്ചതും നിമിത്തം ഞങ്ങളുടെ കുടുംബത്തിന് വലിയ വിഷമതകളില്ലാതെ ആ സമയം നേരിടാന്‍ കഴിഞ്ഞു. അല്ലെങ്കില്‍ കിടപ്പുരോഗിയായ അപ്പയെയും രണ്ട് കുഞ്ഞുങ്ങളെയുമൊക്കെ പരിപാലിക്കുക വളരെ വിഷമകരമായേനേ. പരിശുദ്ധ അമ്മയോടുള്ള വിമലഹൃദയ പ്രതിഷ്ഠാജപം ഓഗസ്റ്റ് 24, 2018-നാണ് പൂര്‍ത്തീകരിച്ചത്. ഒരു വലിയ സഹനകാലത്തെ മറികടക്കാന്‍ മുന്‍കൂട്ടി ഒരുക്കി ശരീരത്തെയും മനസിനെയും ആത്മാവിനെയും രൂപാന്തരപ്പെടുത്തുന്ന അമ്മയുടെ സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
ഓ! വിശ്വസ്തയായ കന്യകേ, ഞങ്ങളെ അങ്ങയുടെ സുതനും മാംസം ധരിച്ച ജ്ഞാനവുമായ ഈശോമിശിഹായുടെ യഥാര്‍ത്ഥ ശിഷ്യരും അനുയായികളും ആക്കണമേ! അങ്ങനെ അങ്ങയുടെ മധ്യസ്ഥവും മാതൃകയുംവഴി ഭൂമിയിലെ അവിടുത്തെ പൂര്‍ണതയും സ്വര്‍ഗത്തിലെ അവിടുത്തെ മഹത്വവും ഞങ്ങള്‍ക്ക് ലഭിക്കുമാറാകട്ടെ, ആമ്മേന്‍.
'സീദോന്‍കാരിയായ ഒരു സ്ത്രീ ഒരിക്കല്‍ ഹൃദയം പിളരുന്ന വേദനയോടെ ഈശോയെ സമീപിച്ചു. പ്രധാനമായും രണ്ട് ദുഃഖങ്ങളാണ് ആ സ്ത്രീയെ അലട്ടിയിരുന്നത്. കൂടെയുള്ള ഏകപുത്രന് കാഴ്ചയില്ലെന്ന് മാത്രമല്ല കണ്ണുപോലും ഉണ്ടായിരുന്നില്ല. കണ്‍പോളകള്‍ക്കിടയില്‍ രണ്ട് കുഴികളല്ലാതെ മറ്റൊന്നുമില്ലായിരുന്നു എന്നതാണ് ഒന്നാമത്തെ ദുഃഖം. അന്ധനായ കുട്ടിക്ക് ഭാര്യ ജന്മം കൊടുത്തുവെന്ന കാരണത്താല്‍ ഭര്‍ത്താവ് വീടുവിട്ടുപോയി. ഭാര്യയെ ഉപേക്ഷിക്കുവാന്‍ തയാറെടുക്കുന്ന അയാളുടെ സ്നേഹരാഹിത്യവും ഹൃദയകാഠിന്യവുമായിരുന്നു രണ്ടാമത്തെ ദുഃഖം. നിറഞ്ഞൊഴുകുന്ന കണ്ണുനീരോടെ ആഴമായ തന്‍റെ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് അവള്‍ ഈശോയോട് പറഞ്ഞു: “രക്ഷകനായ ദൈവമേ, നിന്‍റെ പിതാവ് ലോകങ്ങള്‍ സൃഷ്ടിച്ചു. നിനക്ക് എല്ലാം ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. രണ്ട് കണ്ണുകള്‍ എന്‍റെ കുഞ്ഞിനുവേണ്ടി ഉണ്ടാക്കിത്തരണമേ…” അവളുടെ നിര്‍മലമായ വിശ്വാസത്തില്‍ സംപ്രീതനായ ഈശോ കരങ്ങള്‍ രണ്ടും ബാലന്‍റെ തലയില്‍ വച്ചു. തള്ളവിരലുകള്‍ കണ്‍കുഴികളുടെ മീതെയാക്കി. തല ഉയര്‍ത്തി പ്രാര്‍ത്ഥിച്ചുകൊണ്ട് പറഞ്ഞു: “കാണുക, ഞാന്‍ ഇതാവശ്യപ്പെടുന്നു. ദൈവത്തെ സ്തുതിക്കുവിന്‍.” ദൈവിക വിരലുകള്‍ മാറിയപ്പോള്‍ കണ്‍കുഴികളില്‍നിന്ന് രണ്ട് സുന്ദരമായ കടുംനീല കണ്ണുകള്‍ വിസ്മയവും സന്തോഷവും പൂണ്ട് അമ്മയെ നോക്കുന്നു.!!” വീണ്ടും ഈശോ ഒരു അത്ഭുതംകൂടി പ്രവര്‍ത്തിച്ചു. ആ സ്ത്രീയുടെ ഭര്‍ത്താവിന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചുകൊണ്ട് അതിന് സൗഖ്യം നല്കി. തുടര്‍ന്ന് ഈശോ അവളോട് പറഞ്ഞു: “നിന്‍റെ മകനെ ഭര്‍ത്താവിന് കാണിച്ചു കൊടുക്കുക. അവന്‍ നിന്നെ വീണ്ടും സ്നേഹിക്കും. നിന്‍റെ ഭവനം കൂടുതല്‍ സന്തോഷമുള്ളതായിത്തീരും.” കുട്ടിയുടെ അന്ധതയും ഭര്‍ത്താവിന്‍റെ സ്നേഹരാഹിത്യവും സുഖപ്പെടുത്തിയ ഈശോയുടെ കാല്ക്കല്‍വീണ് അവള്‍ അവിടുത്തെ സ്തുതിച്ചാരാധിച്ച് മഹത്വപ്പെടുത്തി.
പിന്നീട് ഈശോ ശിഷ്യന്മാരോട് പറഞ്ഞു: “ഇന്ന് ചെയ്ത രണ്ട് അത്ഭുതങ്ങളില്‍ ഏതാണ് എളുപ്പം എന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്? സ്രഷ്ടാവും കര്‍ത്താവും ആയവന് കണ്ണില്ലാതെ ജനിച്ച ഒരാള്‍ക്ക് കണ്ണ് കൊടുക്കുന്നതും മൃതശരീരത്തിന് ശ്വാസം കൊടുക്കുന്നതും വളരെ ലളിതമായ കാര്യമാണ്. കാരണം അത് പൂര്‍ണമായും അവന്‍റെ ശക്തിയെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍ ഭര്‍ത്താവിനെയും ഭാര്യയെയും രമ്യതപ്പെടുത്തുക എന്ന രണ്ടാമത്തെ അത്ഭുതം ചെയ്യുന്നത് അത്ര എളുപ്പമല്ല. കാരണം മനുഷ്യര്‍ തമ്മിലുള്ള യോജിപ്പിന്‍റെ കാര്യമാകുമ്പോള്‍ ദൈവത്തിന്‍റെ ആഗ്രഹത്തോടുകൂടെ മനുഷ്യരുടെ സമ്മതവുംകൂടി വേണം. മനുഷ്യരുടെ സ്വാതന്ത്ര്യത്തോട് വളരെ അപൂര്‍വമായി മാത്രമേ ദൈവം ബലം പ്രയോഗിക്കുകയുള്ളൂ. സാധാരണയായി നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ പ്രവര്‍ത്തിക്കുവാന്‍ ദൈവം അനുവദിക്കുന്നു. ദൈവികദാനങ്ങള്‍ സ്വീകരിക്കുവാന്‍ അവിടുന്ന് ആരെയും നിര്‍ബന്ധിക്കുന്നില്ല” (ദൈവമനുഷ്യന്‍റെ സ്നേഹഗീത-Vol. XI).
കാരുണ്യവാനായ ദൈവം മനുഷ്യന് നല്കിയിരിക്കുന്ന മഹാദാനമാണ് സ്വതന്ത്രമനസ്. ശരിയും തെറ്റും തിരിച്ചറിയുവാന്‍ കഴിയുന്ന ബുദ്ധിയും ചിന്തിക്കുവാനും തീരുമാനങ്ങള്‍ എടുക്കുവാനുമുള്ള സ്വാതന്ത്ര്യവും മനുഷ്യന് നല്കിയിട്ടുണ്ട്. അതോടൊപ്പം ദൈവികദാനങ്ങളെക്കുറിച്ച് വ്യക്തമായ അറിവും നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ ഉപദേശങ്ങളും കല്പനകളോടുകൂടി നല്കിയിരിക്കുന്നു. “അഗ്നിയും ജലവും അവിടുന്ന് നിന്‍റെ മുന്‍പില്‍ വച്ചിരിക്കുന്നു; ഇഷ്ടമുള്ളത് എടുക്കാം. ജീവനും മരണവും മനുഷ്യന്‍റെ മുമ്പിലുണ്ട്; ഇഷ്ടമുള്ളത് അവന് ലഭിക്കും.” (പ്രഭാഷകന്‍ 15:16-17). സ്വന്തം ബുദ്ധിയും ദൈവം തന്ന സ്വാതന്ത്ര്യവും ശരിയായി ഉപയോഗിച്ച് നിത്യജീവന്‍ പ്രാപിക്കുക എന്നതാണ് മനുഷ്യധര്‍മം. പൗലോസ് ശ്ലീഹ ഓര്‍മിപ്പിക്കുന്നു: “എന്‍റെ സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്; ഭൗതികസുഖത്തിനുള്ള സ്വാതന്ത്ര്യമായി അതിനെ ഗണിക്കരുതെന്നുമാത്രം” (ഗലാത്തിയ 5:13).
വഴി എങ്ങനെ അറിയും?
“ഞാന്‍ നിന്നെ ഉപദേശിക്കാം. നീ നടക്കേണ്ട വഴി കാണിച്ചുതരാം; ഞാന്‍ നിന്‍റെമേല്‍ ദൃഷ്ടിയുറപ്പിച്ച് നിന്നെ ഉപദേശിക്കാം” (സങ്കീര്‍ത്തനങ്ങള്‍ 32:8). ആത്മജ്ഞാനം പകര്‍ന്നുതന്ന് യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്ക് നമ്മെ നയിക്കുവാന്‍ ദൈവാത്മാവിന് മാത്രമേ കഴിയൂ. പക്ഷേ മനുഷ്യന്‍ സഹകരിച്ചില്ലെങ്കില്‍ ദൈവത്തിന്‍റെ ശ്രമം നിഷ്ഫലമാണ്. നാം നമ്മെത്തന്നെ അവിടുത്തേക്ക് പൂര്‍ണമായി സമര്‍പ്പിക്കുമെങ്കില്‍ അവിടുത്തെ കൃപ നമ്മുടെ മാര്‍ഗത്തിലെ എല്ലാ തടസങ്ങളും നീക്കും. വിശുദ്ധ അഗസ്റ്റിന്‍ അറിയിക്കുന്നു: “ദൈവത്തിന്‍റെ മടിയിലേക്ക് മനുഷ്യന്‍ തളര്‍ന്നു വീഴണം. എങ്കില്‍മാത്രമേ താന്‍ എഴുന്നേല്‍ക്കുമ്പോള്‍ അവരെക്കൂടി എഴുന്നേല്പ്പിക്കുവാന്‍ ദൈവത്തിന് സാധിക്കുകയുള്ളൂ.” അതിനാണ് ദൈവം മനുഷ്യനായത്. ദൈവാത്മാവ് ജ്ഞാനത്തിലൂടെ നമ്മെ നയിക്കുന്നത് രക്ഷയിലേക്കാണ്. “ജ്ഞാനം ഭൂവാസികളുടെ പാത നേരെയാക്കി. അങ്ങേക്ക് പ്രസാദമുള്ളവ അവരെ പഠിപ്പിച്ചു; അവര്‍ രക്ഷിക്കപ്പെടുകയും ചെയ്തു” ജ്ഞാനം 9:18).
സ്വന്തം സ്വാതന്ത്ര്യം ബലിയായി നല്കിയ പരിശുദ്ധ അമ്മ, ദൈവത്തിന്‍റെ ദാസിയായി സ്വയം സമര്‍പ്പിച്ചതിനാലാണ് ദൈവമാതാവായി ഉയര്‍ത്തപ്പെട്ടത്. നമ്മുടെ സ്വാതന്ത്ര്യവും പൂര്‍ണമായി ദൈവത്തിന് സമര്‍പ്പിച്ച് അവിടുത്തേക്ക് നമ്മില്‍ പ്രവര്‍ത്തിക്കുവാന്‍ അവസരം കൊടുക്കാം. സ്വതന്ത്ര മനസാകുന്ന വൃക്ഷത്തില്‍നിന്ന് നല്ല ഫലങ്ങള്‍ സ്വീകരിക്കുവാനുള്ള കൃപയ്ക്കായി യാചിക്കാം. നമുക്ക് പ്രാര്‍ത്ഥിക്കാം:
“വിശുദ്ധ സ്വര്‍ഗത്തില്‍നിന്ന്, അവിടുത്തെ മഹത്വത്തിന്‍റെ സിംഹാസനത്തില്‍നിന്ന്, ജ്ഞാനത്തെ അയച്ചുതരണമേ. അവള്‍ എന്നോടൊത്ത് വസിക്കുകയും അധ്വാനിക്കുകയും ചെയ്യട്ടെ! അങ്ങനെ അങ്ങയുടെ ഹിതം ഞാന്‍ മനസിലാക്കട്ടെ! സകലതും അറിയുന്ന അവള്‍ എന്‍റെ പ്രവൃത്തികളില്‍ എന്നെ ബുദ്ധിപൂര്‍വം നയിക്കും. തന്‍റെ മഹത്വത്താല്‍ അവള്‍ എന്നെ പരിപാലിക്കും. അപ്പോള്‍ എന്‍റെ പ്രവൃത്തികള്‍ സ്വീകാര്യമാകും” (ജ്ഞാനം 9:10-12). ډ
'നാലാം നൂറ്റാണ്ടില്‍ ഈജിപ്തിലെ പ്രശസ്ത സന്യാസഭവനങ്ങളിലൊന്നായിരുന്ന സ്കീറ്റിലെ പെത്ര സന്യാസഭവനം. അവിടത്തെ താപസപിതാവായിരുന്നു മോസസ് ദി ബ്ലാക്ക് എന്ന പേരില്‍ അറിയപ്പെടുന്ന മോസസ്. ഒരിക്കല്‍ മോസസ് താമസിച്ചിരുന്ന സന്യാസഭവനത്തില ഒരു സന്യാസി ചെയ്ത കുറ്റത്തിന് ശിക്ഷ വിധിക്കുന്നതിനായി സഹസന്യാസിമാര്‍ ആശ്രമത്തില്‍ ഒരുമിച്ചുകൂടി. മോസസിനെയും ആ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. വീണ്ടും സന്യാസിമാര്‍ ക്ഷണിച്ചതിനെ തുടര്‍ന്ന് വെള്ളം പുറത്തേക്കൊഴുകുന്ന പൊട്ടിയ ഒരു കുടവുമായാണ് അദ്ദേഹം സമ്മേളന മുറിയിലേക്ക് കടന്നുവന്നത്.
എന്താണ് ഈ പെരുമാറ്റത്തിന്‍റെ അര്‍ത്ഥം എന്നാരാഞ്ഞ സന്യാസിമാരോട് അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു -‘കഴിഞ്ഞകാല ജീവിതത്തിലെ പാപങ്ങള്‍ ഈ വെള്ളം പോലെ എന്‍റെ പിന്നില്‍ നിലത്ത് തുളുമ്പി കിടക്കുന്നത് ഞാന്‍ കാണുന്നില്ല. എന്നാല്‍ ഇന്നിതാ മറ്റൊരുവന്‍റെ പാപങ്ങള്‍ വിധിക്കാന്‍ ഞാന്‍ വന്നിരിക്കുന്നു.’ മോസസിന്‍റെ വാക്കുകള്‍ ആ കൂട്ടായ്മയില്‍ പങ്കെടുത്തിരുന്ന സന്യാസിമാരെ സ്വാധീനിച്ചു. തെറ്റ് ചെയ്ത സന്യാസിയോട് ക്ഷമിക്കുവാന്‍ അവര്‍ തീരുമാനമെടുത്തു.
പ്രതികാരദാഹിയും ജഡികനും അക്രമകാരിയും കവര്‍ച്ചക്കാരനുമായ വിജാതീയ യുവാവ്, ആബാ മോസസ് എന്ന വിശുദ്ധ സന്യാസിയായി മാറിയ കഥ അറിയുമ്പോള്‍ മാത്രമാണ് മോസസിന്‍റെ വാക്കുകളുടെ അര്‍ത്ഥം പൂര്‍ണമായി മനസിലാക്കാന്‍ സാധിക്കുന്നത്.
ഈജിപ്ഷ്യന്‍ ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥന്‍റെ സേവകനായിരുന്നു മോസസ്. കൃത്യവിലോപത്തെ തുടര്‍ന്ന് ആ ജോലി അദ്ദേഹത്തിന് നഷ്ടപ്പെട്ടു. തുടര്‍ന്ന് 75 പേരടങ്ങുന്ന ഒരു കവര്‍ച്ചാസംഘത്തിന്‍റെ നേതാവായി മാറിയ മോസസ് ഈജിപ്ഷ്യന്‍ മരുഭൂമിയിലൂടെ യാത്ര ചെയ്യുന്നവരുടെ പേടിസ്വപ്നമായി മാറി. ആ പ്രൊവിന്‍സിലെ ഗവര്‍ണര്‍ ഈ കൊള്ളസംഘത്തെ അമര്‍ച്ച ചെയ്യാന്‍ പല തവണ സൈനികരെ അയച്ചെങ്കിലും അവരോട് ചെറുത്തു നിന്ന കൊള്ളസംഘം നാള്‍ക്കുനാള്‍ കൂടുതല്‍ ശക്തിപ്രാപിച്ചു. അവസാനം ഇവരെ തുരത്തുന്നതിനായി ഗവര്‍ണര്‍ക്ക് വലിയൊരു സൈന്യത്തെത്തന്നെ അയക്കേണ്ടതായി വന്നു. സൈന്യത്തിന് പിടികൊടുക്കാതെ രക്ഷപെട്ടോടിയ മോസസ് എത്തിച്ചേര്‍ന്നത് അലക്സാണ്‍ഡ്രിയക്ക് സമീപമുള്ള സ്കീറ്റ് പ്രദേശത്തെ സന്യാസഭവനമായ പെത്രായിലായിരുന്നു. മോസസ് ഒരു കവര്‍ച്ചക്കാരനാണെന്ന് അറിഞ്ഞിട്ടും സന്യാസിമാര്‍ അദ്ദേഹത്തിന് ഭക്ഷണം നല്‍കുകയും അദ്ദേഹത്തോട് കാരുണ്യത്തോടെ പെരുമാറുകയും ചെയ്തു. കുറച്ചുകാലം ഒരു ഒളിത്താവളം എന്ന നിലയിലാണ് മോസസ് സന്യാസഭവനത്തില്‍ താമസമാരംഭിച്ചത്.
എന്നാല്‍ സന്യാസിമാരുടെ കാരുണ്യത്തിനും നന്മക്കും മുന്‍പില്‍ മോസസിന് അധികകാലം പിടിച്ചുനില്‍ക്കാനായില്ല. അവരുടെ കരുണയും പരിചരണവും സ്വീകരിച്ചുള്ള ആ ഒളിവുകാലജീവിതം മോസസിനെ മാനസാന്തരത്തിലേക്ക് നയിച്ചു. തന്‍റെ പഴയകാല പാപജീവിതം ഉപേക്ഷിച്ചുകൊണ്ട് പെത്രായിലെ ആ സന്യാസഭവനത്തില്‍ അദ്ദേഹം പുതിയൊരു ജീവിതത്തിന് തുടക്കം കുറിച്ചു. അതൊരിക്കലും എളുപ്പമുള്ള ഒരു തീരുമാനമായിരുന്നില്ല. ഉള്ളില്‍ നശിക്കാതെ കിടന്നിരുന്ന പഴയ പാപങ്ങളുടെ വേരുകള്‍ പലപ്പോഴും അദ്ദേഹത്തെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. ലഹരിയും ജഡികസുഖങ്ങളും അദ്ദേഹത്തെ മാടിവിളിച്ചു. ഒരിക്കല്‍ പ്രലോഭനങ്ങള്‍ ശക്തമായിരുന്ന സാഹചര്യത്തില്‍ തന്‍റെ മാനസികസംഘര്‍ഷം അദ്ദേഹം ആബട്ടായിരുന്ന വിശുദ്ധ ഇസിദോറുമായി പങ്കുവച്ചു. അടുത്തദിവസം പ്രഭാതത്തില്‍ മോസസിനെ ആശ്രമത്തിന്‍റെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി സൂര്യോദയം കാണിച്ചുകൊണ്ട് വിശുദ്ധ ഇസിദോര്‍ ഇപ്രകാരം പറഞ്ഞു ‘സൂര്യകിരണങ്ങള്‍ എത്ര സാവധാനമാണ് ഇരുളകറ്റുന്നത് എന്ന് കണ്ടില്ലേ? ഇപ്രകാരം തന്നെയാണ് ദൈവസ്പര്‍ശനം ലഭിച്ച ആത്മാവിന്‍റെ അവസ്ഥയും.’
അവസാനം ദൈവികകിരണങ്ങള്‍ അദ്ദേഹത്തിന്‍റെ ആത്മാവിന്‍റെ ഇരുളിനെ പൂര്‍ണമായി അകറ്റുകതന്നെ ചെയ്തു. മരണംവരെയുള്ള അദ്ദേഹത്തിന്‍റെ ജീവിതം അതിന് സാക്ഷ്യം നല്‍കുന്നു. ഒരിക്കല്‍ കവര്‍ച്ചക്കാര്‍ സന്യാസ ആശ്രമം ആക്രമിച്ചപ്പോള്‍ മോസസ് അവരെ കീഴ്പ്പെടുത്തുകയും ബന്ധനസ്ഥനരാക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നുള്ള മോസസിന്‍റെ കരുണാപൂര്‍വമായ ഇടപെടലുകള്‍ അവരെയും മാനസാന്തരത്തിലേക്ക് നയിച്ചു. എഡി 405ല്‍ മോസസിന്‍റെ 75-ാമത്തെ വയസില്‍ മറ്റൊരു കവര്‍ച്ചാസംഘം ആശ്രമം ആക്രമിക്കുമെന്ന അറിവ് മോസസിന് ലഭിച്ചു. എന്നാല്‍ ഇത്തവണ അവരെ നേരിടാന്‍ മോസസ് സഹസന്യാസിമാരെ അനുവദിച്ചില്ല. അവരുടെ ആക്രമണത്തെ ചെറുക്കാതിരുന്ന മറ്റ് ഏഴ് സന്യാസിമാരോടൊപ്പം മോസസ് രക്തസാക്ഷിത്വം വരിച്ചു. മരണസമയത്ത് തന്‍റെ കൂടെയുണ്ടായിരുന്ന ആബാ സക്കറിയായോട് അദ്ദേഹം ഇപ്രകാരം പറഞ്ഞു-‘ആനന്ദിച്ചാഹ്ലാദിക്കുക, സക്കറിയ, ഇതാ സ്വര്‍ഗത്തിന്‍റെ വാതിലുകള്‍ തുറന്നിരിക്കുന്നു.’
പാപത്തില്‍നിന്ന് പുണ്യത്തിലേക്ക് ഇത്ര പെട്ടന്നുള്ള മാനസാന്തരം ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ മരണത്തിന് 70 വര്‍ഷങ്ങള്‍ക്ക് ശേഷം രചിക്കപ്പെട്ട എക്ലേസിയാസ്റ്റിക്കല്‍ ഹിസ്റ്ററിയില്‍ മോസസ് ദി ബ്ലാക്കിന്‍റെ ജീവിതത്തെക്കുറിച്ച് ഹെര്‍മിയാസ് സോസോമെന്‍ എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
'ഒരു ജപമാലയെങ്കിലും ചൊല്ലാതെ കിടന്നുറങ്ങുന്ന ഒരു ദിവസത്തെക്കുറിച്ച് ഭീതിയോടെ മാത്രമേ ഇതുവരെയുള്ള എന്‍റെ നവീകരണ ജീവിതത്തില്‍ എനിക്ക് ചിന്തിക്കാനാവൂ. കാരണം ജപമാല രാജ്ഞിയായ മറിയത്തോട് എന്‍റെ ജീവിതം അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു.
ഓ മറിയമേ, ജപമാല രാജ്ഞി ‘നീയില്ലെങ്കില്‍ ഞാനില്ല.’ ഗര്‍ഭസ്ഥശിശു തന്‍റെ അമ്മയോട് അഭേദ്യമാംവിധം ബന്ധപ്പെട്ടും ആശ്രയിച്ചും ഇരിക്കുന്നതുപോലെ ഞാനും എന്‍റെ എല്ലാ നിസഹായതകളോടും പാപാവസ്ഥകളോടും ശത്രുഭയങ്ങളോടുംകൂടെ എന്‍റെ അമ്മയായ മറിയത്തില്‍ ആശ്രയിച്ചിരിക്കുന്നു. എന്‍റെ ആത്മനാഥനായ യേശുവുമായുള്ള ആത്മലയം പരിശുദ്ധ അമ്മേ നിന്‍റെ വിമലഹൃദയത്തില്‍ ആണെന്ന് ഞാനറിയുന്നു. എന്നെ വിഴുങ്ങാനായി അലറുന്ന സിംഹത്തെപ്പോലെ ചുറ്റിനടക്കുന്ന സാത്താനില്‍നിന്നും അവന്‍റെ സേനകളില്‍നിന്നും എന്നെ സംരക്ഷിക്കുന്ന സംരക്ഷണവലയം അമ്മേ അമ്മയുടെ നീലക്കാപ്പയാണെന്നും ഞാനറിയുന്നു. ഇത് എന്‍റെ അനുഭവവും പ്രാര്‍ത്ഥനയുമാണ്.
രക്തത്തിലലിഞ്ഞ മാതൃഭക്തി
പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും വണക്കവും സ്നേഹവും ജനിക്കുംമുമ്പേ എന്‍റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അതാരും എന്നെ പഠിപ്പിച്ചതോ അഭ്യസിപ്പിച്ചതോ അല്ല. ജനിക്കുംമുമ്പേ ഞാന്‍ മറിയത്തിന്‍റേതായി മുദ്ര കുത്തപ്പെട്ടവളായിരുന്നു എന്നതാണ് എന്‍റെ ഓര്‍മ. ഈശോയെ സ്നേഹിക്കാന്‍ പഠിക്കുന്നതിന് വളരെ മുമ്പുതന്നെ മറിയത്തെയാണ് ഞാന്‍ സ്നേഹിച്ചു തുടങ്ങിയത്. അമ്മയാണ് എന്നെ ഈശോയിലേക്ക് നയിച്ചത്.
പിച്ചവയ്ക്കുന്ന പ്രായത്തില്‍
മറിയത്തോടുചേര്‍ന്നുള്ള എന്‍റെ ആദ്യത്തെ ദൈവാനുഭവം തുടങ്ങുന്നത് പിച്ചവയ്ക്കുന്ന പ്രായത്തിലാണ്. അന്ന് എന്‍റെ മരിച്ചുപോയ സിസ്റ്റര്‍ ആന്‍റിയുടെ സഭാവസ്ത്രസ്വീകരണ ദിവസമായിരുന്നു. വളരെ നീണ്ടുനില്ക്കുന്ന ആ ദിവസത്തിലെ പരിപാടികളില്‍ അത്ര താല്പര്യമൊന്നും കൂടാതെ അസ്വസ്ഥയായി ഞാന്‍ കരയാന്‍ തുടങ്ങുമ്പോള്‍ തൊട്ടടുത്തുനിന്നും അതാ ഒരു മധുരമായ സ്വരം ‘കുഞ്ഞുമോള്‍ ഇങ്ങോട്ടു പോരേ, കുഞ്ഞിനെ അമ്മയെടുക്കാം.’ ഞാന്‍ നോക്കിയപ്പോള്‍ അതാ നില്ക്കുന്നു മാതാവ്! (മാതാവിന്‍റെ തിരുസ്വരൂപം) ഇരുകൈകളും നീട്ടിനില്ക്കുന്ന മാതാവിന്‍റെ തിരുസ്വരൂപത്തിനരികിലേക്ക് വലിയ ആനന്ദത്തോടെ ഞാന്‍ ഓടിയടുത്തു.
ഒരാള്‍പൊക്കമുള്ള മാതാവിന്‍റെ രൂപത്തില്‍ ഞാന്‍ സര്‍വശക്തിയോടുംകൂടി കെട്ടിപ്പിടിച്ചു. മാതാവിന്‍റെ രൂപം ഞാന്‍ മറിച്ചിടുമോ എന്ന് ഭയന്ന് ചുറ്റും നിന്നിരുന്നവര്‍ ഓടിവന്ന് ബലമായി എന്നെ പിടി വിടുവിച്ച് അവിടെനിന്നും എടുത്തുകൊണ്ടുപോയി. ഞാന്‍ ഉച്ചത്തില്‍ കരഞ്ഞ് എന്‍റെ പ്രതിഷേധം പ്രകടിപ്പിച്ചു. ‘എന്നെ വിട്, എന്നെ വിട്, അമ്മ കുഞ്ഞോളെ എടുക്കാമെന്ന് പറഞ്ഞു’ എന്നുപറഞ്ഞ് അലമുറയിട്ട് കരയുന്ന എന്നെ അമ്മച്ചിയെടുത്ത് പള്ളിക്ക് പുറത്തുകൊണ്ടുപോയി ആശ്വസിപ്പിച്ച് തിരിച്ച് പള്ളിയ്ക്കകത്ത് കൊണ്ടുപോയി. വീണ്ടും അമ്മച്ചിയുടെ കണ്ണുവെട്ടിച്ച് രണ്ടുമൂന്നുവട്ടം ഞാന്‍ മാതാവിന്‍റെ തിരുസ്വരൂപത്തില്‍ കെട്ടിപ്പിടിക്കാനായി ഓടിയടുത്തു. ഓരോ പ്രാവശ്യവും ഞാന്‍ ബലമായി പിടിച്ചു മാറ്റപ്പെട്ടുവെങ്കിലും മാതാവിനോടുള്ള ഭക്തിയും സ്നേഹവും അറ്റാച്ച്മെന്‍റും അമ്മ കൈയിലെടുത്താലുള്ള ആനന്ദവും അന്നുമുതലേ എന്‍റെ ഹൃദയത്തില്‍ നിറഞ്ഞിരുന്നു. വളരെ ചെറുപ്രായത്തിലേ അമ്മയുടെ കരങ്ങളാല്‍ എടുക്കപ്പെട്ട ഒരു കുഞ്ഞുമകളാണ് ഞാന്‍.
ഉണ്ണീശോയും മാതാവും കളി
കൊച്ചുകുട്ടികള്‍ അച്ഛനും അമ്മയും കളിക്കുന്ന പ്രായത്തില്‍ ഞാന്‍ കളിച്ചിരുന്ന കളി ഉണ്ണീശോയും മാതാവും കളിയാണ്. തലയില്‍ വലിയ പുതപ്പുകൊണ്ട് തലമുണ്ടിട്ട് ഉണ്ണീശോക്ക് കുളിരാതെ തലമുണ്ടുകൊണ്ട് പൊതിഞ്ഞുകിടത്തി വാവാവോ, രാരീരം എന്നൊക്കെ പാടിയുറക്കുക. പക്ഷേ പലരും ഈ കളിക്കുവേണ്ടി ഉണ്ണീശോയാകാന്‍ എന്‍റെ കൂടെ കൂടുവാന്‍ തയാറാകുമായിരുന്നില്ല. കരഞ്ഞുകാറി, ശാഠ്യം പിടിച്ച് എന്നെക്കാള്‍ ഇരട്ടി വലിപ്പമുള്ള എന്‍റെ അമ്മാവന്മാരെപ്പോലും കൂടെ കിടത്തി ഞാന്‍ മാതാവായി വേഷം കെട്ടി അവരെ വാവാവോ വച്ചുറക്കുന്നത് ഇന്നും ഓര്‍ക്കുന്നു. അത്രയേറെ വശ്യതയും മാധുര്യവും നിറഞ്ഞതായിരുന്നു മാതാവിന്‍റെ മാതൃത്വം എനിക്ക്.
നൃത്തവും പാട്ടും പഠിപ്പിച്ച മാതാവ്
അല്പംകൂടി മുതിര്‍ന്നപ്പോള്‍ എന്‍റെ പ്രധാനപ്പെട്ട ഹോബി മാസികയിലും പത്രത്തിലുമൊക്കെ വരുന്ന മാതാവിന്‍റെയും വിശുദ്ധരുടെയും ചിത്രങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു. ഉദ്ദിഷ്ടകാര്യം സാധിച്ചതിന് ഉപകാരസ്മരണയായി അക്കാലത്ത് മാസികയിലും പത്രത്തിലും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ധാരാളം വന്നിരുന്നു. അവയെല്ലാം കീറിയെടുത്ത് അവയുടെ മധ്യത്തില്‍ മാതാവിന്‍റെ വലിയ ചിത്രം ചോറുംപശകൊണ്ട് ഒട്ടിച്ച് അത് കഴുത്തില്‍ തൂക്കി പാട്ടുപാടി ആരും കാണാതെ നൃത്തം ചെയ്യുക എന്നത് എന്‍റെ വലിയ സന്തോഷമായിരുന്നു. അക്കാലത്ത് ഒരു നൃത്തമോ ഒരു പാട്ടോ ഞാന്‍ എവിടെനിന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല. പിന്നെ ആര് എന്നെ ഇല്ലാത്ത പാട്ട് ഉണ്ടാക്കി പാടാനും കാണാത്ത നൃത്തം ഉണ്ടാക്കി ചെയ്യാനും പഠിപ്പിച്ചു? ഞാന്‍ ഇന്നും അന്നും വിശ്വസിക്കുന്നു അത് പരിശുദ്ധ മാതാവാണെന്ന്.
സ്വര്‍ഗത്തില്‍ വിശുദ്ധരുടെ മധ്യത്തില്‍ വസിക്കുന്ന വിശുദ്ധരുടെയും മാലാഖമാരുടെയും രാജ്ഞി മാതാവാണെന്ന് മനുഷ്യരാരും എന്നോട് ആ പ്രായത്തില്‍ പറഞ്ഞുതന്നതായി എനിക്കോര്‍മയില്ല. മാതാവുതന്നെയാകാം എനിക്ക് ആ ബോധം തന്നത്. അതുകൊണ്ടാണല്ലോ മാതാവിന്‍റെ ചിത്രം മറ്റു വിശുദ്ധന്മാരുടെ നടുവില്‍ ഞാന്‍ ഒട്ടിച്ചു പിടിപ്പിച്ചത്.
വണക്കമാസം എന്‍റെ ജീവിതത്തില്‍
മാതാവിന്‍റെ വണക്കമാസ പുസ്തകം ആദ്യം തൊട്ട് അവസാനംവരെ വായിക്കുക എന്നത് കൗമാരപ്രായത്തിലെ എന്‍റെ ശീലമായിരുന്നു. തറവാടുവീടിന്‍റെ തൊട്ടടുത്ത റബര്‍തോട്ടത്തില്‍ പോയിരുന്നാണ് ഏകാഗ്രതയോടെ ഞാനത് ചെയ്തിരുന്നത്. അതിന്‍റെ അകത്തുള്ള ദൃഷ്ടാന്തങ്ങള്‍ എന്നെ വളരെയേറെ സ്പര്‍ശിച്ചിരുന്നു. അതിന്‍റെയകത്തുള്ള ബര്‍ണാര്‍ദുപുണ്യവാന്‍റെ പ്രാര്‍ത്ഥന (എത്രയും ദയയുള്ള മാതാവേ എന്ന ജപം) എന്നെ അക്കാലത്ത് വല്ലാതെ ആകര്‍ഷിച്ചിരുന്നു. കൗമാരകാലത്ത് എന്നെ അലട്ടിയിരുന്ന ചില തഴക്കദോഷങ്ങളില്‍നിന്നും എ
ന്നെ രക്ഷപ്പെടുത്തിയത് ബര്‍ണാര്‍ദുപുണ്യവാനെ ഏറെ സഹായിച്ച ദൈവമാതാവിനോടുള്ള ആ പ്രാര്‍ത്ഥനയാണ്. എന്‍റെ വ്യക്തിപരമായ പ്രാര്‍ത്ഥന ആദ്യം ആരംഭിക്കുന്നതും ആ മാതാവിന്‍റെ വണക്കമാസ വായനയില്‍നിന്നും പ്രാര്‍ത്ഥയില്‍നിന്നുമാണെന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നു.
സൊഡാലിറ്റിയില്‍ ചേര്‍ന്നപ്പോള്‍
സ്വര്‍ഗത്തിന്‍റെ അനുഭവം ഈ ഭൂമിയില്‍വച്ച് ചിലപ്പോഴെല്ലാം ദൈവം മനുഷ്യര്‍ക്ക് വെളിപ്പെടുത്തും എന്നത് വലിയ സത്യമാണ്. പാപത്തില്‍നിന്നും അകന്ന് ജീവിക്കുവാനും സ്വര്‍ഗത്തെ ലക്ഷ്യമാക്കി ജീവിക്കുവാനും ഇങ്ങനെയുള്ള സ്വര്‍ഗീയദര്‍ശനങ്ങളും അനുഭവങ്ങളും നമ്മെ സഹായിക്കും. അത്തരമൊരു സ്വര്‍ഗീയ ദര്‍ശനവും അനുഭവവും ആദ്യമായി എനിക്ക് ലഭിക്കുന്നത് സൊഡാലിറ്റിയില്‍ (മാതാവിന് സമര്‍പ്പിച്ചിട്ടുള്ള അക്കാലത്തുള്ള ഒരു ഭക്തസംഘടന) ചേരുന്ന നിമിഷത്തിലാണ്. ഞങ്ങളുടെ ഇടവകയിലെ എസ്.ഡി സിസ്റ്റേഴ്സാണ് അതിനുവേണ്ടി ഞങ്ങളെ ഒരുക്കിയത്. നല്ല കുമ്പസാരം കഴിച്ച് കുര്‍ബാന സ്വീകരിച്ചതിനുശേഷം പുതുതായി സൊഡാലിറ്റിയില്‍ ചേര്‍ക്കുന്ന ഞങ്ങളെ നിരനിരയായി നിര്‍ത്തിയിട്ട് സൊ
ഡാലിറ്റിയിലെ മാതാവിനോടുള്ള സമര്‍പ്പണ പ്രാര്‍ത്ഥന ചൊല്ലിത്തരുന്നത് ഏറ്റുചൊല്ലുന്ന നിമിഷത്തില്‍ സ്വര്‍ഗീയമായ ഒരനുഭവം എനിക്കുണ്ടായി.
സ്വര്‍ഗം തുറന്നിരിക്കുന്നത് ഞാന്‍ അനുഭവിച്ചു. മാലാഖമാരുടെ സംഗീതം ഞാന്‍ കേട്ടു. മാതാവിന്‍റെ വലിയ സാന്നിധ്യം സ്വര്‍ഗത്തില്‍നിന്നും ഇറങ്ങിവരുന്നതും ഞങ്ങളെ പൊതിയുന്നതും ഞാന്‍ അനുഭവിച്ചു. സ്വര്‍ഗീയമായ വലിയ ആനന്ദംകൊണ്ട് എന്‍റെ ഹൃദയം നിറയുന്നത് ഞാന്‍ അനുഭവിച്ചു. ആ ദിവസം പള്ളിവിട്ട് വീട്ടിലേക്ക് പോകാനേ എനിക്ക് തോന്നിയില്ല. മനസില്ലാമനസോടെയാണ് ഞാനന്ന് വീട്ടില്‍ പോയത്. വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും അന്നത്തെ സ്വര്‍ഗീയാനുഭവവും മാതാവിന്‍റെ ഇറങ്ങിവരലും മാലാഖമാരുടെ സംഗീതവും ഇന്നും ഹൃദയത്തില്‍ അതേപടി നില്ക്കുന്നു.
ജപമാലരാജ്ഞിയോടുള്ള സമര്‍പ്പണം
മാതാവിനോട് വലിയ ഭക്തിയും വണക്കവും സ്നേഹവും ആശ്രയത്വവും എല്ലാം ഉണ്ടായിരുന്നുവെങ്കിലും വ്യക്തിപരമായി ജപമാല ചൊല്ലുന്ന ശീലം എനിക്കില്ലായിരുന്നു. വീട്ടില്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ചൊല്ലുന്ന ജപമാല മാത്രമായിരുന്നു എന്‍റെ ജീവിതത്തിലെ ആകപ്പാടെയുള്ള ജപമാല. എന്നാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വന്നത് കരിസ്മാറ്റിക് നവീകരണത്തിലേക്ക് വന്നതിലൂടെയാണ്.
അമ്മതന്നെയാണ് എന്നെ കരിസ്മാറ്റിക് നവീകരണത്തിലേക്ക് നയിച്ചത്. കരിസ്മാറ്റിക് നവീകരണത്തിന്‍റെ സ്ഥായിഘടകങ്ങളില്‍ ഒന്നാണല്ലോ മാതാവിനോടുള്ള ഭക്തി. നവീകരണത്തില്‍ നിലനില്ക്കണമെങ്കില്‍ വ്യക്തിപരമായി ജപമാല ചൊല്ലേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ആദ്യത്തെ ധ്യാനത്തില്‍വച്ച് ധ്യാനഗുരു പറഞ്ഞപ്പോള്‍ അതൊരു തീരുമാനമായി എന്‍റെ ജീവിതത്തിലും തീരുകയായിരുന്നു. അന്നുമുതലാണ് കൂടുതല്‍ ജപമാലയര്‍പ്പിക്കുന്നവളായി സാവധാനത്തില്‍ രൂപാന്തരപ്പെട്ടത്.
ഉത്തരീയഭക്തിയും മാതൃദാനം
ജീവിതത്തിലാരും വെന്തിങ്ങ ധരിക്കാന്‍ എന്നെ പ്രേരിപ്പിക്കുകയോ ഉപദേശിക്കുകയോ ചെയ്തിട്ടില്ല. എന്‍റെ അപ്പച്ചന്‍ വെന്തിങ്ങ ധരിക്കുന്ന ആളായിരുന്നു. പക്ഷേ അതൊരു മോശപ്പെട്ട, വിലകുറഞ്ഞ ഏര്‍പ്പാടായിട്ടാണ് അക്കാലങ്ങളില്‍ എനിക്ക് തോന്നിയത്. പക്ഷേ നവീകരണത്തില്‍ വന്ന് കുറെനാള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം വെന്തിങ്ങ മേടിക്കണമെന്നും ധരിക്കണമെന്നും എനിക്ക് തോന്നി. പരിശുദ്ധാത്മാവ് ഒഴികെ മറ്റാരും അതിന് എന്നെ പ്രേരിപ്പിച്ചിട്ടില്ല. അങ്ങനെ ഞാന്‍ വെന്തിങ്ങ മേടിച്ച് വെഞ്ചരിച്ച് ധരിക്കാന്‍ തുടങ്ങി. മാത്രമല്ല ഉത്തരീയഭക്തി പ്രചരിപ്പിക്കുന്നവളുമായിത്തീര്‍ന്നു. ഇന്ന് എന്‍റെ കുടുംബാംഗങ്ങള്‍ എല്ലാവരും വെന്തിങ്ങ ധരിക്കുന്നവരാണ്.
പ്രാര്‍ത്ഥനയ്ക്കുത്തരം ജപമാലയിലൂടെ
വ്യക്തിപരമായ എന്‍റെ യാചനാപ്രാര്‍ത്ഥനകളും മധ്യസ്ഥപ്രാര്‍ത്ഥനകളും 90 ശതമാനവും ഞാന്‍ കര്‍ത്താവിന് സമര്‍പ്പിക്കുന്നത് ജപമാല ചൊല്ലി അതിലെ രഹസ്യങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടാണ്. ഒന്നുകില്‍ ചോദിച്ച കാര്യങ്ങള്‍ അതേപടിതന്നെ സാധിച്ചുതരും. അല്ലെങ്കില്‍ ഉപരിയായ കൃപ തരും. ഇതുവരെ മറിയത്തോട് പ്രാര്‍ത്ഥിച്ചിട്ട് മണ്ടിയാകാന്‍ എനിക്ക് ദൈവം ഇട വരുത്തിയിട്ടില്ല.
നിത്യസഹായ മാതാവിന്‍റെ നൊവേനയില്‍ ഇങ്ങനെ ഒരു പ്രാര്‍ത്ഥനയുണ്ട്. ‘തുടര്‍ന്ന് സഹിക്കുക എന്നതാണ് ദൈവതിരുമനസെങ്കില്‍ അവ സന്തോഷത്തോടും ക്ഷമയോടുംകൂടി സ്വീകരിക്കുവാനുള്ള ശക്തി എനിക്ക് നല്കണമേ’ എന്ന്. എനിക്ക് തോന്നുന്നത് ഈ മേഖലയിലാണ് അമ്മയെന്നെ ഏറെ സഹായിച്ചിട്ടുള്ളത് എന്നാണ്. കാരണം മംഗളവാര്‍ത്ത അറിഞ്ഞ കാലം മുതല്‍ യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്പുവരെ അമ്മയുടെ ജീവിതം നിരന്തര സഹനങ്ങളുടെ ഘോഷയാത്രയായിരുന്നല്ലോ. ദൈവകൃപ നിറഞ്ഞ മറിയം അവിടുത്തെ മകളായ എന്നെയും നിരന്തരമായ സഹനങ്ങളില്‍ കൃപ നല്കി തകരാതെ നിര്‍ത്തുന്നു.
ഈ കുറിപ്പുകളും ജപമാലരാജ്ഞിയുടേത്
ശാലോം ടൈംസ് തുടര്‍ച്ചയായി വായിക്കുന്നവര്‍ക്കറിയാം കുറെ വര്‍ഷങ്ങളായി ഞാന്‍ ഈ മാസികയില്‍ എഴുതുന്നു എന്നുള്ളത്. പക്ഷേ എന്‍റേതല്ല, മാതാവിന്‍റേതാണ് ഈ കുറിപ്പുകള്‍. ഈ ലേഖനങ്ങള്‍ക്കുവേണ്ടി ആകപ്പാടെ ഞാന്‍ ചെയ്യുന്നത് ഒരു മുഴുവന്‍കൊന്ത (203 മണി) ചൊല്ലുക എന്നുള്ളത് മാത്രമാണ്. ലേഖനത്തിലെഴുതേണ്ട ആശയങ്ങളും ദൈവവചനങ്ങളും ആ നിമിഷങ്ങളിലാണ് എനിക്ക് ദൈവം വെളിപ്പെടുത്തി തരുന്നത്. വര്‍ഷങ്ങളായി ബൈബിള്‍ മാത്രമാണ് ഞാന്‍ വായിക്കുന്ന ഏകഗ്രന്ഥം. ‘ആത്മജ്ഞാനപൂരിത പാത്ര’മായ മറിയം തന്‍റെ
വലിയ മധ്യസ്ഥതയിലൂടെ ശാലോം ടൈംസിന്‍റെ വായനക്കാര്‍ക്കുവേണ്ടി വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ ഞാന്‍ കുറിച്ചുവയ്ക്കുന്നു എന്ന് മാത്രമേയുള്ളൂ. ശാലോം ടൈംസും മാതാവിന് സമര്‍പ്പിക്കപ്പെട്ടതാണല്ലോ.
ഇവിടെ ഞാന്‍ കുറിച്ചത് മറിയം എനിക്കാരെന്ന അനുഭവങ്ങള്‍ മാത്രമാണ്. ഇതൊരു ലേഖനമല്ല. ഈ ജപമാലമാസത്തില്‍ ജപമാലരാജ്ഞിയായ മറിയം പുതിയൊരഭിഷേകം നിങ്ങളുടെ ജീവിതങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും നല്കട്ടെയെന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ആവേ മരിയ.
'