• Latest articles
ജനു 30, 2020
Encounter ജനു 30, 2020

സ്രഷ്ടാവായ ദൈവം സൃഷ്ടികളായ മനുഷ്യരെ പിടിച്ചുനിര്‍ത്തുന്നതല്ല; മറിച്ച് കേവലം സൃഷ്ടികളായ ചില മനുഷ്യര്‍ ദൈവത്തിലുള്ള തങ്ങളുടെ അചഞ്ചലമായ വിശ്വാസംകൊണ്ട് സ്രഷ്ടാവിനെ പിടിച്ചുനിര്‍ത്തുന്നതാണ് വിശുദ്ധ ബൈബിളിലെ ഏറ്റവും മനോഹരമായ രംഗങ്ങള്‍. ഞാന്‍ എത്തിപ്പെട്ടിരിക്കുന്ന ജീവിതസാഹചര്യത്തിന്‍റെ മറുവശത്ത് എന്‍റെ ദൈവമുണ്ടെന്നും ഞാന്‍ വിളിച്ചാല്‍ എന്നെ സഹായിക്കാന്‍ അവന്‍ ഓടിവരുമെന്നുമുള്ള ഒരു വിശ്വാസമുണ്ടല്ലോ, അതാണ് ഒരുവനെ യഥാര്‍ത്ഥ ക്രിസ്ത്യാനിയാക്കുന്നത്. പഴയനിയമത്തിലെ മനോഹരമായ വചനങ്ങളിലൊന്ന് ഈ വിശ്വാസത്തെ ശക്തിപ്പെടുത്തുകയാണ്, “നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവ് നമുക്ക് സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്?” (നിയമാവര്‍ത്തനം 4:7).

ദൈവത്തെ തടഞ്ഞ മോശ

ഇസ്രായേല്‍ ജനത്തെ ഈജിപ്തില്‍നിന്ന് വിമോചിപ്പിക്കാന്‍ ദൈവം നിയോഗിച്ച മോശ, തന്‍റെ ദൈവവിളിയില്‍ വളര്‍ന്നത് ദൈവവുമായി ആത്മബന്ധം ഉണ്ടാക്കിക്കൊണ്ടാണ്. മോശയ്ക്ക് കര്‍ത്താവ് ഇസ്രായേലിന്‍റെ ദൈവം മാത്രമായിരുന്നില്ല; തന്‍റെ ഒരു ആത്മസുഹൃത്തുകൂടി ആയിരുന്നു. ഹൃദയം പരിശോധിക്കുന്ന ദൈവം മോശയുടെ വിശ്വാസത്തിന്‍റെ ഈ വളര്‍ച്ച മനസിലാക്കിയതുകൊണ്ടാണ് ഇസ്രായേല്‍ ജനത്തെക്കുറിച്ചുള്ള തന്‍റെ പരിഭവങ്ങള്‍ മോശയോട് പങ്കുവയ്ക്കുന്നതും. ദുഃശാഠ്യക്കാരായ ഇസ്രായേല്‍ ജനത്തെ ഒരു പാഠം പഠിപ്പിക്കാന്‍ ദൈവം ഒരുങ്ങുമ്പോഴും ദൈവത്തിന്‍റെ മുമ്പില്‍ ഒരു തടസമായി നില്ക്കുന്നതും മോശയുമായുള്ള ഈ ആത്മബന്ധംതന്നെയാണ്. അതാണ് ദൈവം മോശയോട് പറയുന്നത്, നീ എന്നെ തടയരുത് (പുറപ്പാട് 32:10) എന്ന്. തന്‍റെ ആത്മബന്ധംകൊണ്ട് സ്രഷ്ടാവായ ദൈവത്തെപ്പോലും പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞ മോശ സ്രഷ്ടാവിനോടുള്ള ബന്ധത്തിന് പുതിയൊരു മാനം തരുന്നു.

ദൈവത്തിന്‍റെ ബലഹീനത

എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല (യോഹന്നാന്‍ 15:5) എന്ന് ഈശോ പറഞ്ഞതുതന്നെ തന്‍റെ സൃഷ്ടിയുടെ നിസഹായാവസ്ഥയെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടുതന്നെയാണ്. മനുഷ്യന്‍റെ നിസഹായാവസ്ഥയ്ക്കുള്ള ഉത്തരമാണ് ദൈവം. സൃഷ്ടിയുടെ നിലവിളി സ്രഷ്ടാവിന്‍റെ ബലഹീനതയാണ് എന്നതിന് തിരുവചനം സാക്ഷി. അതാണ് സങ്കീര്‍ത്തകന്‍ പറയുന്നത്: ഞാന്‍ എന്‍റെ അവസ്ഥ വിവരിച്ചപ്പോള്‍ കര്‍ത്താവ് എനിക്ക് ഉത്തരമരുളി (119:26).

ജീവിതത്തിന്‍റെ പച്ചയായ ചില സാഹചര്യങ്ങളില്‍ തളരാതെ, നിരാശരാകാതെ ദൈവത്തെ വിളിക്കാന്‍ നമ്മെ പഠിപ്പിക്കുന്ന ജീവനുള്ള സാക്ഷിയാണ് ബര്‍തിമേയൂസ്. അവന്‍ യേശുവിലേക്ക് ഹൃദയം ഉറപ്പിച്ച് വിശ്വാസത്തോടെ, കണ്ണീരോടെ വിളിച്ചു. നിലവിളി നിര്‍ത്താന്‍ പറഞ്ഞ ജനത്തിന്‍റെ ഉപദേശത്തിന് അവന്‍റെ വിശ്വാസദാര്‍ഢ്യത്തെ ഒതുക്കിനിര്‍ത്താനായില്ല. അവന്‍ എല്ലാം മറന്ന് സഹായത്തിനായി വിളിച്ചപ്പോള്‍ ദൈവം അവനുവേണ്ടി നിശ്ചലനായി (മര്‍ക്കോസ് 10:49). പ്രാര്‍ത്ഥനയ്ക്ക് ഒരു പുതിയ മാനം തരുകയാണ് ഈ ബര്‍തിമേയൂസ്.

ഹൃദയത്തിന്‍റെ ശക്തി

ആത്മാര്‍ത്ഥതയ്ക്ക് വലിയ വില കൊടുക്കുന്നവനാണ് നമ്മുടെ ദൈവം. ഹൃദയപരമാര്‍ത്ഥതയാണ് ദൈവം ആഗ്രഹിക്കുന്നത് (സങ്കീര്‍ത്തനങ്ങള്‍ 51:6) എന്ന് വചനം പഠിപ്പിക്കുന്നതിന്‍റെ പൊരുള്‍ ഇതാണ്. സുവിശേഷങ്ങളിലെ ഈശോ അനേകരെ രക്ഷിച്ചിട്ടുണ്ട്. ജനം തിരിച്ച് ഈശോയ്ക്ക് നന്ദി പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ പാപത്തിന്‍റെ പടുകുഴിയില്‍ വീണുകിടന്ന തന്നെ കരുണാര്‍ദ്രമായ സ്നേഹത്താല്‍ മാടിവിളിച്ച ഈശോയോട് ശിഷ്ടജീവിതംകൊണ്ട് നന്ദി പറഞ്ഞ മഗ്ദലന മറിയമെന്ന സ്ത്രീയുടെ ആത്മാര്‍ത്ഥതയ്ക്ക് ഈശോയെ പിടിച്ചുനിര്‍ത്താന്‍മാത്രം ശക്തിയുണ്ടായിരുന്നു. തനിക്ക് പാപമോചനം നല്കിയ ദൈവത്തോട് ജീവിതവിശുദ്ധികൊണ്ട് ആത്മാര്‍ത്ഥത കാട്ടിയ മറിയം മഗ്ദലന കുമ്പസാരം എന്ന കൂദാശയ്ക്കുതന്നെ ഒരു ദിശാബോധം നല്കുകയാണ്.

ഒരു കാര്യം മറക്കാതിരിക്കാം. നമ്മുടെ ദൈവം ഇന്നും ജീവിക്കുന്ന ക്രിസ്തുവാണ്. ഞാന്‍ വിശ്വാസത്തോടെ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന, എനിക്കായിമാത്രം തന്‍റെ യാത്ര നിര്‍ത്തി എന്‍റെ ജീവിതത്തിലേക്ക് കടന്നുവരാന്‍ മനസുള്ള ദൈവമാണ് അവിടുന്ന്. ആ ദൈവത്തെ വിശ്വാസംകൊണ്ട് പിടിച്ചുനിര്‍ത്താനുള്ള കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.

'

By: Shalom Tidings

More
ജനു 29, 2020
Encounter ജനു 29, 2020

ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന കാലം. രാവിലെ കോടതിയിലേക്കുള്ള യാത്രയില്‍ പതിവുപോലെ നിത്യാരാധനാചാപ്പലിലേക്ക് പോയി. അകത്തേക്ക് പ്രവേശിക്കുന്നതിനു മുമ്പ് സാധാരണ ചെയ്യാറുള്ളതുപോലെ സ്യൂട്ട് ഉള്‍പ്പെടെയുള്ള എന്‍റെ ഔദ്യോഗിക വസ്ത്രങ്ങള്‍ മാറ്റിവച്ചു. അന്ന് ആരാധനാമധ്യേ മൃദുവായ ഒരു ചോദ്യം മനസിലേക്ക് വന്നു. “നിന്നെ ഇപ്രകാരം ഔദ്യോഗിക പരിവേഷങ്ങളണിഞ്ഞ് നില്‍ക്കാന്‍ സഹായിച്ച എന്‍റെ മുന്നില്‍ അത് ധരിച്ചുനില്‍ക്കാന്‍ എന്തിന് ലജ്ജിക്കുന്നു?”

ആ ദൈവാനുഭവത്തിനുശേഷം, സ്യൂട്ട് ധരിച്ച് പ്രാര്‍ത്ഥിക്കുന്നത് ഈശോയ്ക്ക് ഇഷ്ടമാണെന്നും അതുവഴി ഈശോയ്ക്ക് മഹത്വം നല്കുകയാണ് ചെയ്യുന്നത് എന്നും ബോധ്യമായി. അതോടെ, ചാപ്പലില്‍ കയറുമ്പോള്‍ ജസ്റ്റിസിന്‍റെ സ്യൂട്ട് ധരിച്ചുകൊണ്ടുതന്നെ ഈശോയെ ആരാധിക്കുന്ന പതിവിന് തുടക്കമിട്ടു. അതുപോലെ മറ്റുള്ളവര്‍ എന്തുചിന്തിക്കും എന്നു ഗൗനിക്കാതെ, ഇരുകൈകളും ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്നത് എനിക്ക് വലിയ അഭിമാനമാണ്. കാരണം, ആര്‍ക്കും എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കാത്തത്ര അനുഗ്രഹങ്ങളാണ് ദൈവം എനിക്ക് നല്കിയിട്ടുള്ളത്. അവയ്ക്കെല്ലാമുള്ള എന്‍റെ ദൈവത്തോടുള്ള പ്രതിനന്ദിയാണ് ആ പ്രാര്‍ത്ഥനയും ആരാധനയും. ന്യായാധിപന്‍റെ ഔദ്യോഗിക വസ്ത്രമണിഞ്ഞ് കൈവിരിച്ചുപിടിച്ചു പ്രാര്‍ത്ഥിക്കുന്നതുകണ്ട് പലരും ദൈവത്തെ മഹത്വപ്പെടുത്താനിടയായതില്‍ ഞാന്‍ അവിടുത്തേക്ക് നന്ദി പറയുന്നു. “എന്‍റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും; ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും” (സങ്കീര്‍ത്തനം 63:4).

ജീവിതത്തില്‍ ഉയര്‍ച്ചകള്‍ ഉണ്ടാകുന്നതിന് ആനുപാതികമായി ഞാന്‍ ദൈവത്തോട് കൂടുതല്‍ അടുക്കുന്നു എന്ന് ചിലരെങ്കിലും വിലയിരുത്താറുണ്ട്. എന്നാല്‍, ദൈവത്തോട് എത്രമാത്രം അടുക്കുന്നുവോ അത്രയധികമായി അവിടുന്ന് എന്നെ ഉയര്‍ത്തുന്നു എന്നതാണ് എന്‍റെ അനുഭവം. അത് അവിടുത്തെ മഹത്വത്തിന്‍റെ ഒരു അടയാളംകൂടിയാണ്.

പരിഹാരങ്ങള്‍ വന്ന വഴി

18 വര്‍ഷവും എട്ടു മാസവും ഞാന്‍ ജഡ്ജിയായി സേവനം ചെയ്തു. 20 വര്‍ഷത്തിലധികം അഭിഭാഷകനായിരുന്നു. അതിനിടയില്‍ പല കേസുകളിലും എന്‍റെ ചിന്തയിലോ ബുദ്ധിയിലോ ഒരു പരിഹാരവും തെളിയാത്ത സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെയും സഹായം തേടിയിരുന്നത് പരിശുദ്ധ അമ്മയിലാണ്. കേസിന്‍റെ കുരുക്കുകളെല്ലാം അഴിച്ച് കൃത്യമായ പരിഹാരം നിര്‍ദേശിക്കാന്‍ പരിശുദ്ധ അമ്മ എന്നെ എല്ലായ്പോഴും സഹായിച്ചിട്ടുണ്ട് . അതുപോലെ, അമ്മ അരികില്‍വന്ന് പരിശുദ്ധാത്മാവിന്‍റെ സഹായം ചോദിക്കാന്‍ എന്നെ പ്രേരിപ്പിക്കും. അതോടെ പരിഹാരം തെളിഞ്ഞുവന്നുകൊള്ളും.

പരിശുദ്ധ മാതാവ് വഴിയാണ് എന്‍റെ പ്രാര്‍ത്ഥനകള്‍ കൂടുതലും അര്‍പ്പിക്കാറുള്ളത്. ‘അമ്മയുടെ വിമലഹൃദയമാകുന്ന താലത്തില്‍വച്ച് ഈശോയുടെ തിരുഹൃദയത്തിലൂടെ പരമപിതാവേ പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹത്താല്‍ ഞാന്‍ ഈ പ്രാര്‍ത്ഥന അങ്ങേക്ക് സമര്‍പ്പിക്കുന്നു’ എന്ന പ്രാര്‍ത്ഥന എപ്പോഴും ചൊല്ലും. അമ്മയുടെ വിമലഹൃദയമാകുന്ന താലത്തില്‍വച്ച് സമര്‍പ്പിക്കുമ്പോള്‍ പ്രാര്‍ത്ഥനകള്‍ക്ക് പ്രത്യേകമായ വിധത്തില്‍ സ്വീകാര്യത ലഭിക്കുന്നു എന്നത് അനുഭവമാണ്.

ഇത് മകന്‍റെ അമ്മ

എന്‍റെ വ്യക്തിപരമായ ജീവിതത്തിലും പ്രാര്‍ത്ഥന വളരെയധികം പ്രധാനപ്പെട്ടതാണ്. ബാല്യകാലംമുതല്‍ പരിശുദ്ധ അമ്മയോടുള്ള ഭക്തി എന്നില്‍ ഉടലെടുത്തിരുന്നു. അതിന് പ്രചോദനമായത് മടിയിലിരുത്തി ‘എന്‍റെ അമ്മേ, എന്‍റെ ആശ്രയമേ’ എന്ന് ചൊല്ലാന്‍ പഠിപ്പിച്ച അമ്മച്ചിയും സമയം ലഭിക്കുമ്പോഴെല്ലാം ജപമാല ചൊല്ലിയിരുന്ന അപ്പച്ചനുമാണ്.

അമ്മ ആശ്രയമായുള്ളപ്പോള്‍ ഞാന്‍ വീഴാതെ അമ്മ താങ്ങും, ഞാന്‍ കൈവിട്ടാലും എന്‍റെ കൈ വിടാത്ത അമ്മ. ഞാന്‍ കുതറിമാറുമ്പോഴും വീഴാതെ എന്നെ ചേര്‍ത്തു പിടിക്കുന്ന, എപ്പോഴും എന്‍റെ അരികിലുള്ള എന്‍റെ സ്വന്തം അമ്മയാണ് പരിശുദ്ധ മാതാവ്. മാത്രമല്ല, അമ്മയുടെ കണ്ണ് എന്‍റെമേലുണ്ടെങ്കില്‍ എനിക്ക് തെറ്റ് ചെയ്യാന്‍ സാധിക്കുകയില്ല. ഈ ചിന്ത പല തെറ്റുകളില്‍നിന്നും എന്നെ പിന്തിരിപ്പിച്ചിട്ടുണ്ട്. അമ്മ നോക്കിയിരിക്കുമ്പോള്‍ ഏത് മകനാണ് തെറ്റ് ചെയ്യാന്‍ സാധിക്കുക? അത് ആ വാത്സല്യപൂര്‍വമായ സ്നേഹംകൊണ്ടാണ്. “കുടുംബാംഗങ്ങളുടെ നടപടികള്‍ അവള്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നു” (സുഭാഷിതങ്ങള്‍ 31:27) എന്ന തിരുവചനം പരിശുദ്ധ അമ്മയില്‍ അന്വര്‍ത്ഥമാണ്.

ഏതൊരു മകനും മകള്‍ക്കും ലഭിക്കാവുന്ന ഏറ്റവും വലിയ വാത്സല്യമാണ് അമ്മവാത്സല്യം. ആ വാത്സല്യം എപ്പോഴും സന്തോഷത്തോടെ, നന്ദിയോടെ പരിശുദ്ധ അമ്മയില്‍നിന്ന് സ്വീകരിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ടെന്നതില്‍ വലിയ അഭിമാനമുണ്ട്. ദിവസവും ഒന്നിലധികം ജപമാല ചൊല്ലാനുള്ള കൃപ ഈശോ എനിക്ക് നല്കാറുണ്ട്. അപ്പോഴെല്ലാം ഈശോയുടെ രക്ഷാകര രഹസ്യങ്ങള്‍ പരിശുദ്ധ അമ്മ ധ്യാനിച്ചതുപോലെ അമ്മയോടു ചേര്‍ന്നുനിന്ന് ധ്യാനിച്ച് ജപമാല ചൊല്ലാന്‍ ശ്രമിക്കാറുണ്ട്. അതുവഴി രക്ഷാകരസംഭവങ്ങള്‍ ആഴത്തില്‍ മനസിലാക്കാനും വ്യാഖ്യാനിക്കാനും അമ്മ സഹായിക്കുന്നു.

സ്റ്റിയറിങ്ങ് പിടിച്ച അമ്മ

യാത്രയ്ക്കിടയില്‍ ജപമാല ചൊല്ലുക പതിവാണ്. കുടുംബമൊത്തുള്ള ഒരു യാത്ര. ഞാനാണ് വാഹനമോടിച്ചിരുന്നത്. ഞങ്ങള്‍ ജപമാല ചൊല്ലിക്കൊണ്ടിരിക്കുകയാണ്. നല്ല മഴയുമുണ്ട്. ഒരു വാഹനം സ്പീഡില്‍ ഞങ്ങള്‍ക്കെതിരെ വരുന്നത് കണ്ടു. അത് നേരെ വന്ന് ഇടിച്ചാല്‍ എല്ലാം തീര്‍ന്നു വെന്ന് എല്ലാവര്‍ക്കും മനസിലായി… അപ്പോഴും ജപമാല തുടര്‍ന്നുകൊണ്ടിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ ആ വാഹനത്തെ ഞങ്ങള്‍ സുരക്ഷിതമായി കടന്നുപോന്നിരിക്കുന്നു എന്നുമാത്രം മനസിലായി. അത് ജപമാല രാജ്ഞിയായ പരിശുദ്ധ അമ്മ ഞങ്ങളുടെ വാഹനത്തിന്‍റെ സ്റ്റിയറിങ്ങ് ഏറ്റെടുത്തതുകൊണ്ടു മാത്രമാണ്.

ചില സമയങ്ങളില്‍ എല്ലാവരുംകൂടി സംസാരിച്ച് യാത്ര തുടരുമ്പോള്‍ ഉള്ളില്‍നിന്ന് ഒരു മൃദുസ്വരം കേള്‍ക്കും, ‘ജപമാല ചൊല്ലേണ്ട സമയമായി!’ അപ്പോള്‍ ഞങ്ങള്‍ സംസാരം നിര്‍ത്തി രഹസ്യങ്ങള്‍ ധ്യാനിച്ച് ജപമാലയര്‍പ്പിക്കും. ജപമാല ചൊല്ലുമ്പോള്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ധിക്കുന്നതായും അനുഭവപ്പെട്ടിട്ടുണ്ട്, കുടുംബം ഒന്നായിത്തീരുന്ന ഹൃദ്യമായ അനുഭവം. വീട്ടില്‍ ഞങ്ങള്‍ ഒരുമിച്ചിരുന്ന് സംസാരിച്ചശേഷം കുടുംബപ്രാര്‍ത്ഥന ചൊല്ലുമ്പോഴും അതേ ഹൃദ്യത ലഭിക്കാറുണ്ട്. പരിശുദ്ധ അമ്മ എപ്പോഴും എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന ആളാണല്ലോ.

അമ്മയുടെ ദൗത്യം എന്താണ്? അപ്പനിലേക്ക് മക്കളെ ചേര്‍ത്തുനിര്‍ത്തുക എന്നതല്ലേ? ഈശോയിലേക്ക് മക്കളെ കൊണ്ടുപോകുന്ന വഴികാട്ടിയും വഴിയുമായി അമ്മ എന്നെ നയിക്കുന്നു. അതിന് വല്ലാത്തൊരു മാധുര്യവും അനുഭവപ്പെട്ടിട്ടുണ്ട്. അതിനാല്‍ത്തന്നെ എല്ലാം പരിശുദ്ധ മാതാവിലൂടെ ദൈവത്തിന് സമര്‍പ്പിക്കാനാണ് എനിക്ക് ഇഷ്ടം. “അവളുടെ സന്താനങ്ങള്‍ അവളെ ഭാഗ്യവതിയെന്നു വിളിക്കുന്നു” (സുഭാഷിതങ്ങള്‍ 31:28) എന്ന തിരുവചനം എത്ര അര്‍ത്ഥവത്താണ്!
അമ്മയുടെ വിമലഹൃദയമാകുന്ന താലത്തില്‍വച്ച് ഈശോയുടെ തിരുഹൃദയത്തിലൂടെ പരമപിതാവേ പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹത്താല്‍ ഞാന്‍ ഇത് അങ്ങേക്ക് സമർപ്പിക്കുന്നു

'

By: Justice Kurian Joseph

More
ജനു 29, 2020
Encounter ജനു 29, 2020

ഒരു നാലുവയസുകാരന്‍റെ ജന്മദിനാഘോഷം. ഒരു ചെറിയ സ്നേഹക്കൂട്ടായ്മയില്‍ ലളിതമായ ആഘോഷമാണ് നടത്തുന്നത്. ആദ്യം പ്രാര്‍ത്ഥന, പിന്നെ കേക്കുമുറിക്കല്‍. കേക്കിനുചുറ്റുമുള്ള മെഴുകുതിരികള്‍ അവന്‍ ഒന്നൊന്നായി കത്തിച്ചു. പിന്നെ തിരികള്‍ ഊതിക്കെടുത്തി കേക്ക് മുറിക്കാന്‍ തുടങ്ങി.

പക്ഷേ ഒരു കാര്യം എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. ഊതിക്കെടുത്തുന്നതിന് പിന്നാലെ ഓരോ തിരിയും വീണ്ടും ഉണര്‍ന്നു കത്തുന്നു. ഞങ്ങളെല്ലാം ബര്‍ത്ത്ഡേ ബേബി പങ്കുവച്ച കേക്കിന്‍റെ മധുരം നുകരുന്ന നേരത്ത് ആ തിരികള്‍ കത്തിക്കൊണ്ടിരുന്നു. അണഞ്ഞാലും വീണ്ടും ഉണര്‍ന്നു കത്തുന്ന തിരികള്‍ ഒരു ആത്മീയസന്ദേശം പകരുന്നുണ്ടെന്ന് തോന്നി.

എന്തായിരുന്നു ഈ തിരിയുടെ രഹസ്യം?! ഈ മെഴുകുതിരിയുടെ നിര്‍മാണവേളയില്‍ മെഴുകിനൊപ്പം കരിമരുന്നിന്‍റെ വളരെ ചെറിയൊരു രൂപം ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ട് തിരികള്‍ കത്തുമ്പോള്‍ ഒരു ജ്വലനം അഥവാ ‘സ്പാര്‍ക്ക്’ ദൃശ്യമാകുന്നു. ഈ സ്പാര്‍ക്കില്‍നിന്നാണ് അണഞ്ഞെന്നു തോന്നുന്ന തിരികള്‍ വീണ്ടും ഉണര്‍ന്ന് കത്താന്‍ തുടങ്ങുന്നത്.

നമ്മുടെ ജീവിതത്തിലും ഇത്തരം പ്രതിസന്ധികളുടെ നിമിഷങ്ങള്‍ കടന്നുവരാറില്ലേ? പക്ഷേ മാതാവിന്‍റെ ഉദരത്തില്‍ രൂപം നല്‍കുന്നതിനുമുമ്പേ നമ്മെ അറിയുന്നവനും ജനിക്കുന്നതിനുമുമ്പേ നമ്മെ വിശുദ്ധീകരിക്കുന്നവനുമായ തമ്പുരാന്‍ നമ്മെ കൈവിടുന്നില്ല. അവിടുന്ന് തന്‍റെ ആത്മാവിനെ നമുക്ക് നല്കിയിട്ടുണ്ട്. പ്രതികൂലങ്ങളുടെ കാറ്റ് വീശുമ്പോഴും തകര്‍ന്നുപോകാതെ ആ ദൈവാരൂപി നമ്മെ വീണ്ടും ഉണര്‍ത്തി ജ്വലിപ്പിച്ചുകൊള്ളും. നീ ഭയപ്പെടേണ്ട; നിന്‍റെ രക്ഷയ്ക്ക് നിന്നോടുകൂടെ ഞാനുണ്ട്; കര്‍ത്താവാണിതു പറയുന്നത് (ജറെമിയാ 1:8).

ഊതിയാലും അണയാതെ ജ്വലിക്കുന്ന തിരിയാവാന്‍ പരിശുദ്ധാത്മാവേ എന്നില്‍ നിറയണമേ, ആമ്മേന്‍.

'

By: Tom Jose Thazhuvamkunnu

More
ജനു 29, 2020
Encounter ജനു 29, 2020

ഒരു ക്രിസ്മസ്കാലം. ഡിസംബര്‍ ഒന്നുമുതല്‍ ക്രിസ്മസ് ഒരുക്കമായി ഒരു ചെറിയ ത്യാഗമെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ടെലിവിഷന്‍ കാണുന്നില്ല എന്നായിരുന്നു ആ തീരുമാനം. ആ ദിവസങ്ങളില്‍ ഒരു ഗാനം ചിട്ടപ്പെടുത്തുന്നതിനായി പ്രിയസുഹൃത്ത് പീറ്റര്‍ ചേരാനെല്ലൂരിന്‍റെ വീട്ടില്‍ പോകണമായിരുന്നു. ചെന്നപ്പോള്‍ അദ്ദേഹം അവിടെയില്ല; പുറത്ത് പോയിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ ഭാര്യയും ഇളയ മകളുമാണ് വീട്ടിലുള്ളത്. ഭാര്യ എന്നെ സ്വീകരണമുറിയിലേക്ക് ക്ഷണിച്ചിരുത്തി.

“കുറച്ച് നേരം വാര്‍ത്ത കാണൂ, അപ്പോഴേക്കും ഞാന്‍ ചായയെടുക്കാം.” ഇങ്ങനെ പറഞ്ഞ് വാര്‍ത്താചാനല്‍ ഓണാക്കിവച്ചിട്ട് അവര്‍ അടുക്കളയിലേക്ക് പോയി. ക്രിസ്മസ് ഒരുക്കത്തിനായുള്ള തീരുമാനമൊക്കെ അപ്പോള്‍ ഞാന്‍ മറന്നേ പോയിരുന്നു. അതിനാല്‍ അവിടെയിരുന്ന് വളരെ സ്വാഭാവികമായി വാര്‍ത്ത കാണുകയാണ്. പെട്ടെന്ന് സുഹൃത്തിന്‍റെ കുഞ്ഞുമകള്‍ ഓടിവന്ന് ടി.വി ഓഫാക്കി. ഞാനത് കാര്യമാക്കാതെ വീണ്ടും ടി.വി ഓണാക്കി. ഉടനെതന്നെ കുഞ്ഞ് വീണ്ടും ടി.വി ഓഫാക്കി.

പെട്ടെന്ന് അവളുടെ അമ്മ ഓടിവന്ന് അവളെ ശാസിച്ചു. ‘അങ്കിള്‍ ടി.വി കാണുന്നത് കണ്ടില്ലേ. എന്തിനാ അത് ഓഫാക്കിയത്?’ എന്ന് ചോദിച്ചുകൊണ്ട് വീണ്ടും ടി.വി. ഓണാക്കിയിട്ട് അവര്‍ പോയി. അപ്പോഴുണ്ട് കുഞ്ഞ് വന്ന് വീണ്ടും റിമോട്ട് കണ്‍ട്രോള്‍ എടുക്കുന്നു, ടി.വി ഓഫാക്കുന്നു. അമ്മ ഓടിവന്ന് അവള്‍ക്ക് ഒരു ചെറിയ അടി കൊടുത്തുകൊണ്ട് ‘അങ്കിള്‍ ടി.വി. കാണുന്നത് കണ്ടില്ലേ’ എന്ന് ശകാരിച്ചിട്ട് പോയി.

തെല്ലുനേരം നിശ്ശബ്ദയായി നിന്ന കുഞ്ഞ് പെട്ടെന്ന് കരയാന്‍ തുടങ്ങി. എന്നിട്ട് എന്നോട് ഒരു ചോദ്യം, “അങ്കിള്‍ എന്തിനാ ടി.വി. കാണുന്നത്?”

വീണ്ടും അവളുടെ ശാഠ്യം, “അങ്കിള്‍ അങ്ങനെ ടി.വി. കാണണ്ടാ.”

പെട്ടെന്നാണ് എന്‍റെ തീരുമാനത്തെക്കുറിച്ച് ഓര്‍മവന്നത്. എന്‍റെ സമര്‍പ്പണത്തില്‍ വന്ന കുറവ് ഓര്‍മ്മപ്പെടുത്താന്‍ വന്ന കാവല്‍മാലാഖയെപ്പോലെ, ഒരു കുഞ്ഞുമാലാഖയെപ്പോലെ, ആ കുഞ്ഞിന്‍റെ സാമീപ്യം എനിക്ക് അനുഭവപ്പെട്ടു. “എന്‍റെ ദൂതന്‍ നിങ്ങളുടെ കൂടെയുണ്ട്” (ബാറൂക്ക് 6:7). ഉള്‍ക്കണ്ണ് തുറക്കുന്നതുപോലെ ഒരനുഭവം.

തിരുത്തലിനപ്പുറം ഞാന്‍ പോകുമ്പോള്‍ നിസ്സഹായതയോടെ നില്‍ക്കുന്ന കാവല്‍മാലാഖയുടെ മുഖം ആ കുഞ്ഞുമകളുടെ കരച്ചിലില്‍ ഞാന്‍ കാണുകയായിരുന്നു. പതിയെ അവളെ തലോടി ആശ്വസിപ്പിച്ചിട്ട് ഞാന്‍തന്നെ ടി.വി ഓഫാക്കി. ആ സംഭവത്തെപ്രതിയും കുഞ്ഞിനെപ്രതിയും ഈശോയ്ക്ക് നന്ദി പറഞ്ഞു.

കൗതുകകരമായിരുന്നെങ്കിലും എന്നെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു സംഭവമായിരുന്നു അന്നത്തേത്. ജീവിതത്തില്‍ തെറ്റായ വഴിത്താരകളിലേക്ക് ചുവടുകള്‍ വയ്ക്കുമ്പോള്‍ അതിലേ പോകരുത് എന്ന് ഓര്‍മ്മപ്പെടുത്തുന്ന ഈശോയേ, നന്ദി! കാവല്‍മാലാഖയെ നിസ്സഹായതയിലാഴ്ത്തുന്നതൊന്നും ചെയ്യാതിരിക്കാനുള്ള കൃപയ്ക്കായി നമുക്ക് ആഗ്രഹിക്കാം, പ്രാര്‍ത്ഥിക്കാം. പ്രിയമാലാഖേ, കരയല്ലേ…. ډ

'

By: Baby John

More
ജനു 28, 2020
Encounter ജനു 28, 2020

പോള്‍ എന്നു പേരുള്ള ദൈവഭക്തനും അതി സമര്‍ത്ഥനുമായ ക്രൈസ്തവ യുവാവിനെക്കുറിച്ച് ഒരു കഥ വായിച്ചതോര്‍ക്കുന്നു. പോളിന് ഹിന്ദുമതത്തെക്കുറിച്ച് പഠിക്കാന്‍ വലിയ താല്‍പര്യം. യൂണിവേഴ്സിറ്റിയില്‍ പോയി പഠിക്കുന്നതിനെക്കാള്‍ ഏതെങ്കിലുമൊരു ഹൈന്ദവ ഗുരുവില്‍നിന്ന് പഠിക്കാനാണ് പോള്‍ ആഗ്രഹിച്ചത്. മാതാപിതാക്കളോട് സംസാരിച്ച് ഒരു ഹൈന്ദവ ഗുരുവിന്‍റെ കൂടെ താമസിച്ച് പഠിക്കാനുള്ള അനുവാദം വാങ്ങി. ഗുരുവിനെ കണ്ടെത്തി, പരിചയപ്പെട്ടു, അല്പനേരം സംസാരിച്ചു. ഗുരുവിന് പോളിനെ ഇഷ്ടമായി. നല്ല ആധ്യാത്മികതയും ഉത്സാഹവും സമര്‍പ്പണചൈതന്യവുമുള്ള ആ യുവാവിനെ തന്‍റെ വീട്ടില്‍ താമസിച്ച് പഠിക്കാന്‍ ഗുരു അനുവദിച്ചു. പഠനത്തോടൊപ്പം അനുഷ്ഠാനങ്ങളും പരിചയപ്പെട്ടുകൊണ്ടിരുന്നു. നാളുകള്‍ മുന്നോട്ടുപോയി.

എല്ലാക്കാര്യങ്ങളിലും മികവ് പുലര്‍ത്തിയിരുന്നതിനാല്‍ ഗുരുവിന് പോളിനെ വളരെ കാര്യമായിരുന്നു. ഗുരുവിന്‍റെ കോളജ് വിദ്യാര്‍ത്ഥിനിയായ മകള്‍ രുഗ്മിണിയും പോളിനെ സഹോദരതുല്യം സ്നേഹിച്ചു. പക്ഷേ കുറെ കഴിഞ്ഞപ്പോള്‍ പോളിനൊരു ഭാവഭേദം- സഹോദരസ്നേഹം മാറി രുഗ്മിണിയോട് പ്രണയമായി. അത് വളര്‍ന്നു. പോള്‍ അവളോട് പറഞ്ഞു: “എനിക്ക് നിന്നോട് ഒരു പ്രത്യേക സ്നേഹം തോന്നുന്നു. നിന്നെ വിവാഹം കഴിച്ചാല്‍ കൊള്ളാം.” അവള്‍ പറഞ്ഞു, ഞാന്‍ എന്‍റെ അച്ഛനോട് ഒന്ന് ചോദിക്കട്ടെ.

രുഗ്മിണി അച്ഛനോടു പറഞ്ഞു- ‘അച്ഛന്‍റെ ശിഷ്യന് എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന്. ഞാന്‍ എന്താണ് ചെയ്യേണ്ടത്?’ ഗുരു ഇപ്രകാരമാണ് മറുപടി നല്കിയത്- “പോള്‍ നല്ലൊരു മനുഷ്യനാണ്. എനിക്ക് അദ്ദേഹത്തെ ഇഷ്ടവുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് എനിക്ക് വീണ്ടും ആലോചിക്കണം.”

തുടര്‍ന്ന് ഗുരു പോളിനെ സമീപിച്ചു, “നിനക്ക് രുഗ്മിണിയോട് സ്നേഹമാണ്. അവള്‍ക്ക് നിന്നോടും. പക്ഷേ വിവാഹം കഴിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ചെയ്തേ പറ്റൂ. ഒന്ന്, എന്‍റെ മോളെ നിനക്ക് വേണമെങ്കില്‍ നീ ഹിന്ദുമതം സ്വീകരിക്കണം. പറ്റുമോ നിനക്കത്?”പോള്‍ പറഞ്ഞു, “വളരെ പ്രയാസമുള്ള കാര്യമാണെങ്കില്‍പ്പോലും രുഗ്മിണിയോടുള്ള സ്നേഹം നിമിത്തം ഞാനതിന് തയാറാണ്.”

രണ്ടാമതൊരു ചോദ്യംകൂടി- “നീയൊരു ക്രൈസ്തവനാണ്, എന്‍റെ മകള്‍ രുഗ്മിണി ഒരു പോളിനെ വിവാഹം കഴിച്ചാല്‍ പേരുകൊണ്ട് ചേരില്ല. നിന്‍റെ പേര് മാറ്റി ഒരു ഹൈന്ദവ നാമം സ്വീകരിക്കാന്‍ നീ സന്നദ്ധനാണോ?”

“ഓ, സാരമില്ല. എനിക്കത് പറ്റും.” പോള്‍ പറഞ്ഞു.

ഗുരു പറഞ്ഞു, “ഇനിയും ചില കാര്യങ്ങള്‍കൂടി നിന്നോട് ചോദിക്കാനുണ്ട്. ഞാനൊന്ന് പ്രാര്‍ത്ഥിച്ചിട്ടു വരട്ടെ.” പ്രാര്‍ത്ഥന കഴിഞ്ഞ് തിരിച്ചുവന്ന ഗുരു പോളിനോട് ചോദിച്ചു: “പോള്‍, നീ ക്രിസ്തുമതത്തെക്കുറിച്ച് പഠിച്ച ഒരാളാണ്. നിനക്ക് ഏറ്റവും പ്രിയപ്പെട്ട ആള്‍ യേശുവായിരുന്നു. ആ യേശുവിനെ തിരസ്കരിക്കാന്‍ നിനക്ക് സന്നദ്ധതയുണ്ടോ?”

“വളരെ പ്രയാസമാണത്, എങ്കിലും രുഗ്മിണിയെപ്രതി അതിനും ഞാന്‍ തയാറാണ്”- പോളിന്‍റെ മറുപടി.

“ശരി, ഈ പരീക്ഷകളെല്ലാം നീ വിജയിച്ചു. ഇനിയും ഒരു ചോദ്യംകൂടിയേ അവശേഷിക്കുന്നുള്ളൂ. ആ ചോദ്യത്തിന് നീ വ്യക്തമായും സത്യസന്ധമായും ഉത്തരം പറഞ്ഞാല്‍ രുഗ്മിണി നിന്‍റേതാകും.”

പോള്‍ ഗുരുവിന്‍റെ ചോദ്യത്തിനായി കാത്തുനിന്നു. ഗുരു ചോദിച്ചു: “പോള്‍, യേശുവും നീയുമായി ഏറെക്കാലമായി നല്ല ബന്ധത്തിലായിരുന്നു. നീ യേശുവിനെ സ്നേഹിച്ചു, യേശു നിന്നെയും സ്നേഹിച്ചു. ഇപ്പോള്‍ നീ പറയുന്നു യേശുവിനെ തിരസ്കരിക്കാന്‍ നീ സന്നദ്ധനാണെന്ന്. എന്നാല്‍ എന്‍റെ അവസാനത്തെ ചോദ്യമിതാണ്: യേശു നിന്നെ തിരസ്കരിക്കാന്‍ സന്നദ്ധനാകുമോ?”

പോള്‍ കുഴങ്ങി. സത്യസന്ധമായി മറുപടി പറയണമല്ലോ. കുറച്ചുനേരം ആലോചിച്ചിട്ട് അവനൊന്നും പറയാന്‍ കഴിഞ്ഞില്ല.

ഒടുവില്‍ പോള്‍ കരയാന്‍ തുടങ്ങി. പിന്നെ തേങ്ങലോടെതന്നെ അവന്‍ പറഞ്ഞു, “എന്തുമാത്രം വീഴ്ചകള്‍ എന്‍റെ ഭാഗത്തുനിന്ന് വന്നാലും യേശുവിന് എന്നെ തിരസ്കരിക്കാന്‍ ആവില്ല.” അവന്‍റെ മറുപടി തികച്ചും സത്യസന്ധമായിരുന്നു…. ‘ഇല്ല, യേശുവിന് എന്നെ ഉപേക്ഷിക്കാന്‍ കഴിയില്ല!’ പോള്‍ അതേക്കുറിച്ച് ചിന്തിച്ചു,
ധ്യാനിച്ചു, പ്രാര്‍ത്ഥിച്ചു. അതോടെ, യേശുവിന്‍റെ സ്നേഹത്തില്‍നിന്ന് ഇനിയൊരിക്കലും പിന്മാറുകയില്ലെന്ന തീരുമാനത്തിലെത്തി.

അതെ, നമ്മള്‍ എന്തുമാത്രം അവിശ്വസ്തത കാണിച്ചാലും യേശു തന്‍റെ വിശ്വസ്തതയില്‍നിന്ന് ഒരിക്കലും മാറിപ്പോകുന്നില്ല. യേശുവിന് അത് ഒരിക്കലും സാധ്യവുമല്ല. ഇതാണ് യേശുവിന്‍റെ സ്നേഹം. നമ്മുടെ ഏതെങ്കിലും പാപമോ അവിശ്വസ്തതയോ നമ്മെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടെങ്കില്‍ സങ്കീര്‍ത്തന വചനം പറയുന്നു, അവിടുന്ന് നല്ലവനും കാരുണ്യവാനുമാകുന്നു. അവിടുത്തെ വിശ്വസ്തത എന്നും നിലനില്ക്കും.

“മലകള്‍ അകന്നുപോയേക്കാം, കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എങ്കിലും എന്‍റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല” ഏശയ്യാ 54:10.

കഴിഞ്ഞകാല അവിശ്വസ്തതകളെല്ലാം പൊറുത്ത് നമ്മെ വീണ്ടും സ്വീകരിക്കുന്ന യേശുവിനായി ജീവിതം പുനര്‍സമര്‍പ്പിച്ച് നമുക്ക് പുതിയ തുടക്കമിടാം, മുന്നോട്ടുപോകാം.

'

By: Mar Jacob Thoonguzhi

More
ജനു 13, 2020
Encounter ജനു 13, 2020

2000 ജൂണ്‍ 20. അന്ന് ആശുപത്രിക്കിടക്കയിലായിരുന്നു ഞാന്‍. അരികില്‍ മെഡിക്കല്‍ ഡോക്ടറും സന്യാസിനിയുമായ എന്‍റെ സഹോദരിയും അടുത്ത ബന്ധുവിന്‍റെ മകനും ഉണ്ട്. ഏതോ ഒരു നിമിഷത്തില്‍ എന്‍റെ കൈകാല്‍വിരലുകളിലൂടെ ഒരു തണുപ്പ് അരിച്ചുകയറാന്‍ തുടങ്ങി. എന്നാല്‍ അതേ സമയം എ.സി. മുറിയായിട്ടുപോലും ഞാന്‍ വിയര്‍ക്കുകയും ചെയ്യുന്നു.

പിന്നെ ബോധം പോവുന്നതുപോലെ അനുഭവപ്പെട്ടു. തുടര്‍ന്ന് എന്‍റെ ബോധമണ്ഡലത്തില്‍ അനുഭവപ്പെടുന്നത് എല്ലാം അവസാനിച്ചു എന്നാണ്. അപ്പോള്‍ ഞാന്‍ ഒരു യാത്ര ചെയ്യുകയാണ്. ഒരു പ്രകാശവാതില്‍ എനിക്ക് കാണാം, സുതാര്യമായ പ്രകാശവാതില്‍! അതിനപ്പുറത്ത് എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. എന്നാല്‍, അവിടെ അതീവസ്നേഹത്തോടെ- ആഗ്രഹത്തോടെ- എന്നെ സ്വീകരിക്കാന്‍ കാത്തിരിക്കുന്ന ആരോ ഉണ്ട്. സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുന്നതുപോലുള്ള ഒരു അനുഭവമായിരുന്നു അത്. വീട്ടിലേക്ക് സ്വാഗതം എന്നാണ് വാതിലിനപ്പുറത്തുനിന്നുള്ള സ്വരം എന്നോട് പറയുന്നത്. പിന്നെ എനിക്ക് അങ്ങോട്ട് പോയാല്‍ മതിയെന്നായി. വേറെ ഒരു ആകുലതയുമില്ല. കടന്നുപോന്ന വഴികളെക്കുറിച്ചോ ചെയ്തുപോയ തെറ്റുകളെക്കുറിച്ചോ ഒന്നും ചിന്തിക്കുന്നില്ല. നിനക്ക് വീട്ടിലേക്ക് സ്വാഗതം എന്ന സ്വരംമാത്രം ബോധമണ്ഡലത്തില്‍ തങ്ങിനിന്നു….പ്രശസ്ത ബൈബിള്‍ പണ്ഡിതനായ മൈക്കിള്‍ കാരിമറ്റത്തിനുണ്ടായ മരണാസന്ന അനുഭവം അഥവാ Near Death Experience ആണിത്.

ഇത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള അനേകര്‍ക്ക് സമാനമായ അനുഭവം ഉണ്ടായതായി പഠനങ്ങളുണ്ട്. ഇതേപ്പറ്റി ഡോ. ഫാ. കുരുവിള പാണ്ടിക്കാട്ട് എസ്.ജെ. വിശദീകരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി Near Death Experience നെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കുശേഷം റെയ്മണ്ട് മൂഡി എന്ന സൈക്കോളജിസ്റ്റ് രചിച്ച ഗ്രന്ഥമാണ് ‘ലൈഫ് ആഫ്റ്റര്‍ ലൈഫ്’. ഈ ഗ്രന്ഥത്തില്‍ എങ്ങനെയാണ് ഒരാള്‍ മരിക്കുന്നത്; അതിനുശേഷം എന്താണ് അവര്‍ക്ക് അനുഭവപ്പെടുന്നത് എന്ന് വിവരിക്കുന്നു. അഞ്ച് വ്യത്യസ്ത തലങ്ങളായി അതേക്കുറിച്ച് പറയാം.

1. ആദ്യത്തെ വിഷമത്തിനും വെപ്രാളത്തിനുംശേഷം സമാധാനത്തിലേക്ക് കടന്നുവരുന്നു.

2. അവര്‍ ഒരു ഇരുണ്ട തുരങ്കംപോലെയുള്ള സ്ഥലത്ത് എത്തിച്ചേരുകയാണ്. അപ്പോള്‍ അവരുടെ ജീവിതത്തിലെ നന്മയും തിന്മയും അവര്‍തന്നെ അവലോകനം ചെയ്യുന്നതായ അനുഭവം ലഭിക്കുന്നു.

3. ആ തുരങ്കത്തില്‍ നില്ക്കുമ്പോള്‍ത്തന്നെ ഒരു പ്രകാശം പ്രത്യക്ഷപ്പെടുന്നു.

4. ആ പ്രകാശത്തിലേക്ക് ഈ വ്യക്തി പോകുന്നു. അതിനോട് അടുക്കുന്തോറും കൂടുതല്‍ സമാധാനം അനുഭവപ്പെടുന്നു.

5. ആ പ്രകാശം ഈ വ്യക്തിയെ ആലിംഗനം ചെയ്യുന്നു. പിന്നെ ആ പ്രകാശം അതായത് കാരുണ്യം നിറഞ്ഞ ദൈവമുഖം ‘നിന്‍റെ സമയമായില്ല, തിരികെപ്പോകുക’ എന്ന് പറയുന്നു.

ഇത്തരം അനുഭവത്തിലൂടെ കടന്നുപോയ എല്ലാവരുടെയും ജീവിതത്തില്‍ വലിയ ഒരു രൂപാന്തരം സംഭവിച്ചതായാണ് കണ്ടിട്ടുള്ളത്. അവര്‍ക്ക് പിന്നീട് മരണം ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമല്ല എന്നതും ശ്രദ്ധേയമാണ്. തീര്‍ത്തും വ്യത്യസ്തരായ ആളുകള്‍ക്ക് ഉണ്ടായിട്ടുള്ള മരണാസന്ന അനുഭവങ്ങളെല്ലാം സമാന സ്വഭാവം പുലര്‍ത്തുന്നു എന്നത് ശാസ്ത്രത്തിന് വിവരിക്കാന്‍ കഴിയുന്നില്ല. മരണശേഷം ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ് ശാസ്ത്രം പഠിക്കുന്നത്. മരണശേഷം മനുഷ്യവ്യക്തിക്ക് അഥവാ മനുഷ്യനെ വ്യക്തിയാക്കി മാറ്റുന്ന സത്തയായ ആത്മാവിന് എന്ത് സംഭവിക്കുന്നു എന്നതിന്‍റെ ഉത്തരം ശാസ്ത്രത്തിന് പറയാനാവുന്നില്ല. ഒന്നുറപ്പിക്കാം, ശാസ്ത്രവും വിശ്വാസവും ഒന്നിക്കുമ്പോഴാണ് പഠനം സമഗ്രമാവുന്നത്. ഈ മേഖലയില്‍ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള കാള്‍ സെയ്ഗന്‍ എന്ന ശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെടുന്നു, “തുരങ്കത്തിലൂടെയുള്ള യാത്ര ജനിച്ചുവീഴുന്ന കുഞ്ഞ് ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തേക്ക് സഞ്ചരിക്കുന്ന പാതയുടെ പ്രതീകമാണ്.”

വിശുദ്ധ കൊച്ചുത്രേസ്യ പറയും, “ക്ഷീണിച്ച് തളര്‍ന്ന് യാത്ര പൂര്‍ത്തിയാക്കി വീഴുന്ന ഒരു യാത്രികയെപ്പോലെയാണ് ഞാന്‍. പക്ഷേ വീഴുന്നത് ദൈവത്തിന്‍റെ കരങ്ങളിലേക്കാണ്”

'

By: Shalom Tidings

More
ജനു 13, 2020
Encounter ജനു 13, 2020

ഒമാനിലെ ബുറൈമി എന്ന സ്ഥലത്താണ് ഞാന്‍ കുറേ വര്‍ഷങ്ങള്‍ ജോലി ചെയ്തിരുന്നത്. വലിയ രാജ്യമായ ഒമാനിന്‍റെ ഒരറ്റത്ത് അലൈന്‍ എന്ന പട്ടണത്തോട് ചേര്‍ന്നു കിടക്കുന്ന ഒരു ചെറിയ പട്ടണം. ധാരാളം പേര്‍ അവിടെ താമസിച്ചിരുന്നു. ആ നാളുകളില്‍ ഒറിജിനല്‍ പാസ്പോര്‍ട്ടും ഉയര്‍ന്ന ശമ്പളവുമുള്ളവര്‍ക്കുമാത്രമേ യു. എ.ഇയിലെ ചെക്ക് പോസ്റ്റുകളിലൂടെ ഒരു നിശ്ചിത സംഖ്യയടച്ച് കടന്നു പോകുവാന്‍ സാധിക്കൂ എന്ന രീതിയില്‍ പുതിയ നിയമം വന്നു. അതോടെ ഭൂരിപക്ഷം പേരുടേയും യാത്ര ദുഷ്ക്കരമായി. വെള്ളിയാഴ്ചകളിലെ വിശുദ്ധ കുര്‍ബാനയും കുട്ടികളുടെ വേദോപദേശപഠനവും മുടങ്ങി.

ഒമാനിലെ അടുത്തുള്ള ദൈവാലയമാകട്ടെ 120 കിലോമീറ്റര്‍ ദൂരെയുള്ള സോഹാറിലും. അവിടേക്ക് പോകണമെങ്കിലും ഒറിജിനല്‍ പാസ്പോര്‍ട്ടും സ്പോണ്‍സറുടെ കത്തും ഇടയ്ക്കുള്ള ചെക്ക് പോസ്റ്റില്‍ നിര്‍ബന്ധം. എന്നാല്‍ മിക്കവാറും എല്ലാവരുടെയും ഒറിജിനല്‍ പാസ്പോര്‍ട്ട് കമ്പനിയിലായിരിക്കും. പലര്‍ക്കും ഇത് വലിയ വിഷമമുണ്ടാക്കി. ഒമാന്‍ നിയമമനുസരിച്ച് മറ്റു മതാചാരങ്ങള്‍ അനുവദിക്കപ്പെട്ട സ്ഥലത്തു മാത്രമേ നടത്തുവാന്‍ അനുവാദമുള്ളൂ. അതിനാല്‍ ഞങ്ങള്‍ കുറച്ചു പേര്‍ കൂടി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി.

ബുറൈമി വളരെ വലിയ ഒരു പ്രദേശമായതിനാല്‍ മലയാളി ക്രൈസ്തവര്‍ എവിടെയൊക്കെയാണ് താമസിക്കുന്നത് എന്ന് ആര്‍ക്കും അറിവില്ലായിരുന്നു. അങ്ങനെയിരിക്കേ ഒരു ദുഖ്റാന തിരുനാള്‍ ദിവസം വ്യക്തിപരമായ പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ബുറൈമിയില്‍ താമസിക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും ദുഖ്റാന തിരുനാള്‍ മംഗളങ്ങള്‍ നേരാന്‍ ഒരു പ്രേരണ! അതനുസരിച്ച് കൈവശം നമ്പറുള്ള എല്ലാ കൂട്ടുകാര്‍ക്കും എസ്.എം.എസ് സന്ദേശം അയച്ചു. അന്ന് വാട്ട്സ്ആപ്പ് സംവിധാനം നിലവില്‍ വന്നിട്ടില്ല. അത്ഭുതമെന്ന് പറയട്ടെ, എസ്.എം.എസ് ലഭിച്ച ധാരാളം മാതാപിതാക്കള്‍ തിരിച്ചു വിളിച്ചു.

കുട്ടികള്‍ക്കായി ഒരു കാറ്റെക്കിസം ക്ലാസെങ്കിലും തുടങ്ങുവാന്‍ സാധിക്കുമോ എന്നറിയാനായിരുന്നു അത്. ദൈവകൃപയാല്‍ മൂന്ന് കുട്ടികളുമായി ക്ലാസുകള്‍ വീട്ടില്‍ ആരംഭിച്ചു. ക്രമേണ കുട്ടികളുടെ എണ്ണം കൂടുവാന്‍ തുടങ്ങി, അമ്പതോളമായി. രണ്ട് കൂട്ടുകാര്‍ കൂടി അദ്ധ്യാപകരായി എത്തി. കുട്ടികള്‍ക്ക് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നില്ലല്ലോ എന്നൊരു സങ്കടവും കാറ്റെക്കിസം പഠിപ്പിക്കുവാന്‍ സ്ഥല പരിമിതി മൂലം ക്ലാസുകള്‍ തിരിക്കുവാന്‍ സാധിക്കാത്ത വിഷമവും. കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ പലരും                                  നിരുത്സാഹപ്പെടുത്തി. കാരണം ആ നാട്ടിലെ നിയമമനുസരിച്ച് അത് അപകടമാണ്.

ആ സമയത്താണ് ദൈവം അത്ഭുതകരമായി ഇടപെടുന്നത്. ഒരു സുഹൃത്ത് വഴി സ്വദേശിയായ ഒരു അറബിയെ കണ്ടു മുട്ടി. ധനികനായ ഈ അറബി മൂന്ന് തവണ ലൂര്‍ദ്ദില്‍ പോയി പ്രാര്‍ത്ഥിച്ചിട്ടുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്‍റെ ഒരു വലിയ വീട് ഞങ്ങള്‍ക്കായി ദൈവം തുറന്നു തന്നു. അവിടത്തെ ഭരണാധികാരികളില്‍ വലിയ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ താമസിയാതെ എല്ലാ വെള്ളിയാഴ്ചകളിലും വിശേഷ ദിവസങ്ങളിലും വിശുദ്ധ കുര്‍ബാന ആരംഭിക്കാന്‍ അനുവാദവും ലഭ്യമായി!

നമുക്കെല്ലാവര്‍ക്കും ദൈവം തന്‍റെവേലയ്ക്കായി പ്രേരണകള്‍ നല്‍കുന്നുണ്ട്. വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ പലപ്പോഴും ചെറിയ ചിന്തകളായിരിക്കും ലഭിക്കുക. ചെറിയ പ്രേരണകള്‍ തിരിച്ചറിഞ്ഞാല്‍ ദൈവം നമ്മിലൂടെ വലിയ കാര്യങ്ങള്‍ ചെയ്യും.

“കര്‍ത്താവ് അരുളിച്ചെയ്യുന്നത് ഞാന്‍ കേട്ടു: ആരെയാണ് ഞാന്‍ അയയ്ക്കുക? ആരാണ് നമുക്കുവേണ്ടി പോവുക? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍! എന്നെ അയച്ചാലും!” (ഏശയ്യാ 6:8)

'

By: Vincent Jacob

More
ജനു 09, 2020
Encounter ജനു 09, 2020

എന്‍റെ വിവാഹം 2013-ലാണ് നടന്നത്. വിവാഹശേഷം ഭാര്യയുമൊത്ത് ഗള്‍ഫിലുള്ള എന്‍റെ ജോലിസ്ഥലത്ത് താമസമാരംഭിച്ചു. അധികം വൈകാതെ ഞങ്ങള്‍ ഒമാനിലുള്ള പ്രാര്‍ത്ഥനാകൂട്ടായ്മയുടെ ഭാഗമാകുകയും ചെയ്തു. ആദ്യമൊക്കെ ഭാര്യയ്ക്ക് ഒരു ജോലി ലഭിച്ചതിനുശേഷം മതി കുഞ്ഞുങ്ങള്‍ എന്ന് ചിന്തിച്ചിരുന്നു. എന്നാല്‍ പിന്നീട് അധികം വൈകാതെത
ന്നെ കുഞ്ഞിനായി ആഗ്രഹിച്ചുതുടങ്ങി. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും കുഞ്ഞുണ്ടായില്ല. മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ സങ്കടത്തിലായി.

വാര്‍ഷികാവധിക്ക് നാട്ടിലെത്തിയപ്പോള്‍ ഒരു വിദഗ്ധ ഡോക്ടറെ കണ്ടു. എനിക്ക് ചെറിയ ഒരു ഇന്‍ഫെക്ഷന്‍ ഉണ്ടെന്നും മൂന്ന് മാസം മരുന്ന് കഴിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. മരുന്നും ഒപ്പം പ്രാര്‍ത്ഥനകളുമായി ഞങ്ങള്‍ ഒമാനിലേക്ക് മടങ്ങി. ഭാര്യ ദിവസവും വ്യക്തിപരമായ പ്രാര്‍ത്ഥന നടത്തുകയും കുടുംബപ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഡോക്ടറെ കണ്ടതിന്‍റെ ഏഴാം മാസം ഭാര്യ ഗര്‍ഭിണിയായി. ഞങ്ങള്‍ വളരെ സന്തോഷത്തോടെ ദൈവത്തിന് നന്ദി പറഞ്ഞു. എന്നാല്‍ രണ്ടാമത്തെ സ്കാനിംഗില്‍ കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് പൂര്‍ണ്ണമായും ഇല്ലാതായി എന്നാണറിഞ്ഞത്. തുടര്‍ന്ന് ഡി ആന്‍ഡ് സി ചെയ്യേണ്ടിവന്നു.

നാളുകള്‍ കഴിഞ്ഞിട്ടും വീണ്ടും ഭാര്യ ഗര്‍ഭിണിയായില്ല. ഞങ്ങള്‍ പല ഡോക്ടര്‍മാരെയും സമീപിച്ചു. എന്നാല്‍ രണ്ട് പേര്‍ക്കും പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നുമില്ല എന്നാണ് അവര്‍ പറഞ്ഞത്. വേണമെങ്കില്‍ ഭാര്യയുടെ ഗര്‍ഭപാത്രത്തിലെ സിസ്റ്റ് നീക്കം ചെയ്തുനോക്കാം എന്ന അഭിപ്രായം കേട്ടപ്പോള്‍ അതും ചെയ്തു. എന്നാല്‍ ഫലമൊന്നുമുണ്ടായില്ല. ഒരു ഡോക്ടറുടെ നിര്‍ദേശ
പ്രകാരം ഐയുഐ ടെസ്റ്റ് ചെയ്തുനോക്കി. എന്നാല്‍ നിരാശയായിരുന്നു ഫലം.

ഞാന്‍ പ്രാര്‍ത്ഥനാകൂട്ടായമയില്‍ പല ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാന്‍ തുടങ്ങി. രാവിലെ ബൈബിള്‍വായനയും വ്യക്തിപരമായ പ്രാര്‍ത്ഥനയും ശീലമാക്കി. 2017 ജനുവരിയില്‍ ഞങ്ങള്‍ ഒരു തീരുമാനമെടുത്തു. ‘ഇനി ചികിത്സ ചെയ്യുന്നില്ല. പ്രാര്‍ത്ഥനമാത്രം!’ അങ്ങനെ ഞങ്ങള്‍ അംഗമായിരുന്ന കൂട്ടായ്മയുടെ ആ മാസത്തെ ഉപവാസപ്രാര്‍ത്ഥനയില്‍ ആദ്യമായി ഞാന്‍ ഈ നിയോഗം എഴുതി സമര്‍പ്പിച്ചു. എന്നിട്ട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു, “യേശുവേ, ഈ മാസം അങ്ങ് ഞങ്ങള്‍ക്ക് കുഞ്ഞിനെ നല്കിയാല്‍ ഈ സമൂഹത്തില്‍ സാക്ഷ്യപ്പെടുത്തും.”

വിശ്വസിക്കാനാവാത്തതാണ് പിന്നെ സംഭവിച്ചത്. കര്‍ത്താവില്‍ പൂര്‍ണ്ണമായി ആശ്രയിച്ച ആ മാസംതന്നെ ഭാര്യ ഗര്‍ഭിണിയായി. ഒക്ടോബറില്‍ ഞങ്ങള്‍ക്ക് ഒരു മകള്‍ ജനിച്ചു. ഇക്കാര്യം ദൈവമഹത്വത്തിനായി കൂട്ടായ്മയില്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. കടന്നുപോയ സാഹചര്യങ്ങളിലൂടെയെല്ലാം യേശു എന്നെ അവിടുത്തെ സ്നേഹത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. അവിടുന്ന് ഇന്നും ജീവിക്കുന്ന ദൈവംതന്നെ.

'

By: Sijo Johnny

More
ജനു 09, 2020
Encounter ജനു 09, 2020

പണ്ട് ഭര്‍ത്താവോ കുട്ടികളോ എവിടെ പുറത്തു പോയാലും എനിക്ക് വളരെ ഉത്കണ്ഠയും പേടിയും ആയിരുന്നു. നല്ല ഒരു ചിന്തയും മനസ്സില്‍ വരില്ല. മനസ്സിന് ആകെ ഒരു അസ്വസ്ഥത. ഈ അവസ്ഥയില്‍നിന്നും മോചനം വേണമെന്ന് സ്വയം തോന്നിത്തുടങ്ങി. ഞാന്‍ ഈശോയോടു തന്നെ ചോദിച്ചു: “ഈശോയേ, ഇതില്‍നിന്നും രക്ഷപ്പെടാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?”

യേശു പറഞ്ഞു, ‘എന്‍റെ പരിപാലനയില്‍ വിശ്വസിക്കുക, ആശ്രയിക്കുക. എന്‍റെ ഹൃദയത്തില്‍ വയ്ക്കപ്പെട്ട ഒരു ആത്മാവും നശിച്ചുപോവുകയില്ല.’ അത് കഴിഞ്ഞപ്പോള്‍ ദൈവപരിപാലനയില്‍ വിശ്വസിക്കാത്തതും ആശ്രയിക്കാത്തതും പാപമാണെന്ന ബോധ്യം ലഭിച്ചു. ഞാനത് ഏറ്റുപറഞ്ഞ് കുമ്പസാരിച്ചു. അതോടെ എന്‍റെ ഈ മാനസികപീഡ വിട്ടുപോയി.

ഇപ്പോള്‍ അവര്‍ പുറത്ത് പോയി തിരികെവരാന്‍ താമസിച്ചാല്‍ ഞാന്‍ ഇങ്ങനെ പറയും, ‘പിതാവേ അങ്ങയുടെ പരിപാലനയില്‍ വിശ്വസിക്കുന്നു, ആശ്രയിക്കുന്നു. ഈശോയുടെ തിരു രക്തത്തില്‍ മുക്കി ഈശോയുടെ തിരുഹൃദയത്തില്‍ വയ്ക്കപ്പെട്ട ഈ പാവപ്പെട്ട ആത്മാക്കളെ പിതാവേ അങ്ങ് കരുണയോടെ വീക്ഷിക്കണമേ.’ കൂടാതെ, ദൈവപരിപാലനയില്‍ ആശ്രയിക്കുക എന്ന മത്തായി 6: 25-34 വചനഭാഗം വായിക്കും. അതോടെ ഉത്കണ്ഠ മാറിപ്പോകുന്നു.

ഭയം, ഉത്കണ്ഠ, നിരാശ, വെറുപ്പ് ഇവയെല്ലാം പൈശാചികപീഡകളാണ്. അതിനാല്‍ ദൈവവചനമാകുന്ന ആത്മാവിന്‍റെ വാള്‍ ഉപയോഗിച്ചാല്‍ മാത്രമേ അത് നമ്മില്‍നിന്ന് വിട്ടു പോവുകയുള്ളൂ. എനിക്ക് കാറോടിക്കാന്‍ വല്ലാത്ത ഭയമായിരുന്നു. ഭയം വിട്ടുമാറുന്നതിനു രണ്ട് ദിവസം നന്നായി പ്രാര്‍ത്ഥിച്ചു. പക്ഷേ മാറിയില്ല. മൂന്നാം ദിവസം ദിവ്യകാരുണ്യ ചാപ്പലില്‍ ഇരുന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു, “ഈശോയേ, വീട്ടിലേക്ക് തിരികെ കാറോടിച്ചു പോകുന്ന കാര്യം ഓര്‍ക്കുമ്പോള്‍ത്തന്നെ പേടിയാവുന്നു. ഇത്രയും പ്രാര്‍ത്ഥിച്ചിട്ടും എന്‍റെ ഈ ഭയം എന്താണ് മാറ്റാത്തത്?”

ഈശോ ഇങ്ങനെ മറുപടി പറഞ്ഞു: “ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും- ഏശയ്യാ 41 : 10. ഈ വചനം ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കുക. മാത്രമല്ല ഭയം എപ്പോള്‍ മനസ്സിലേക്ക് വന്നാലും ഈ വചനം ഏറ്റുപറയുക.”

രണ്ടോ മൂന്നോ പ്രാവശ്യം ഈ വചനം ഏറ്റുപറഞ്ഞു, എന്‍റെ ഭയം വിട്ടു മാറി. മാത്രമല്ല, എന്നെപ്പോലെ ഡ്രെെവിംഗ് ഭയമായിരുന്ന കുറേ പേര്‍ക്ക് ഇത് പറഞ്ഞുകൊടുത്തപ്പോള്‍ അവര്‍ക്കും പ്രയോജനകരമായി. “ദൈവത്തിന്‍െറ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല” (റോമാ 9: 6).

“അവരാകട്ടെ കുഞ്ഞാടിന്‍റെ രക്തം കൊണ്ടും സ്വന്തം സാക്ഷ്യത്തിന്‍റെ വചനം കൊണ്ടും അവന്‍റെമേല്‍ വിജയം നേടി. ജീവന്‍ നല്‍കാനും അവര്‍ തയ്യാറായി” (വെളിപാട് 12: 11).

നമുക്ക് രോഗം, വെറുപ്പ് എന്നിങ്ങനെയുള്ള പീഡകള്‍ ഉണ്ടെങ്കില്‍ ദൈവവചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുക- “അവിടുന്ന് തന്‍റെ വചനം അയച്ച്, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു” (സങ്കീര്‍ത്തനങ്ങള്‍ 107 : 20).

നമുടെ ജീവിതയാത്രയില്‍

“അങ്ങയുടെ വചനം എന്‍െറ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്.” (സങ്കീര്‍ത്തനങ്ങള്‍ 119 : 105)

“അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിനു ഞാന്‍ അങ്ങയുടെ വചനം ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 119 : 11).

അതിനാല്‍ത്തന്നെ ബൈബിള്‍ വായിക്കാന്‍ മടി കാണിക്കരുത്. വളരെയധികം കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും എന്‍റെ ജീവിതത്തില്‍ ബൈബിള്‍ വചനങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഒരു നല്ല മകളല്ല എന്ന് തോന്നുമ്പോള്‍ പ്രഭാഷകന്‍ 3- മാതാപിതാക്കളോടുള്ള കടമ, മറ്റുള്ളവര്‍ക്ക് മുമ്പില്‍ വിധേയപ്പെടാന്‍ മടി തോന്നുമ്പോള്‍- 1 പത്രോസ് 2:18-24, വെറുപ്പ് അല്ലെങ്കില്‍ ക്ഷമിക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകുമ്പോള്‍ പ്രഭാഷകന്‍ 28: 1- 6 തുടങ്ങിയ വചനഭാഗങ്ങള്‍ രണ്ടോ മൂന്നോ പ്രാവശ്യം വായിക്കും. ബൈബിള്‍വചനം എന്നെ ഹൃദയസമാധാനത്തിലും സന്തോഷത്തിലും ഐക്യത്തിലും ജീവിക്കുവാന്‍ സഹായിക്കുന്നു.

“ദൈവത്തിൻറെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്” (ഹെബ്രായര്‍ 4 : 12).

'

By: Shalom Tidings

More
ജനു 09, 2020
Encounter ജനു 09, 2020

ചെറുപ്പകാലം മുതല്‍ ഡയറി എഴുതുന്ന സ്വഭാവമുണ്ടായിരുന്ന കാള്‍ ലെയ്സ്നറിന്‍റെ ഡയറിക്കുറിപ്പുകള്‍ ഒരു പുണ്യാത്മാവിന്‍റെ രൂപപ്പെടലിന്‍റെ നാള്‍വഴികള്‍ വ്യക്തമാക്കുന്നവയാണ്. ‘ക്രിസ്തുവേ അങ്ങാണെന്‍റെ പാഷന്‍’ എന്നതായിരുന്നു യുവാവായിരുന്ന ലെയ്സ്നറിന്‍റെ ആദ്യ കുറിപ്പുകളില്‍ ഒന്ന്.

1915 ഫെബ്രുവരി 28-ാം തിയതി ജര്‍മ്മനിയിലെ റീസിലാണ് കാള്‍ ലെയ്സ്നറിന്‍റെ ജനനം. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തില്‍ മരിയന്‍ മുന്നേറ്റമായ ഷണ്‍സ്റ്റാറ്റ് കൂട്ടായ്മയില്‍ അംഗമായ കാള്‍ ലെയ്സ്നര്‍ വലിയ മാതൃഭക്തനായി മാറി. 1933-ല്‍ നാസി ഭരണകൂടം ജര്‍മ്മനിയിലെ കത്തോലിക്ക കൂട്ടായ്മകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ കാള്‍ ലെയ്സ്നര്‍ തന്‍റെ ഡയറിയില്‍ ഇപ്രകാരം കുറിച്ചു -‘ക്രിസ്തുവിനോടും മറ്റ് മനുഷ്യരോടുമുള്ള സ്നേഹത്തെപ്രതി നമുക്ക് എരിയാം. വിദ്വേഷം തീയില്‍ എറിഞ്ഞുകളയാം. സ്നേഹത്തിന്‍റെ അഗ്നിജ്വാലകള്‍ അവിടെ നിന്നുയരട്ടെ.’

ഒരു ധ്യാനത്തില്‍ പങ്കെടുത്ത ലെയ്സ്നര്‍ പൗരോഹിത്യത്തിലേക്കാണ് തന്നെ ദൈവം വിളിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. സെമിനാരിയില്‍ ചേര്‍ന്ന് ദൈവശാസ്ത്രം പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ മുണ്‍സ്റ്റര്‍ രൂപതയിലെ ബിഷപ് അദ്ദേഹത്തെ രൂപതയിലെ യുവജന കൂട്ടായ്മയുടെ നേതാവായി നിയോഗിച്ചു. നാസി ഭീകരതയുടെ പശ്ചാത്തലത്തില്‍ ഒരു അല്മായ നേതാവിനെ നിയമിക്കുന്നത് അപകടമാകുമെന്ന തിരിച്ചറിവിലാണ് സെമിനാരി വിദ്യാര്‍ത്ഥിയായ കാള്‍ ലെയ്സ്നറെ ബിഷപ് യുവജനങ്ങളുടെ നേതാവായി നിയമിച്ചത്.

ഭീഷണികളൊന്നും വകവയ്ക്കാതെ രൂപതയിലങ്ങോളമിങ്ങോളം സഞ്ചരിച്ച ലെയ്സ്നര്‍ യുവജനങ്ങളെ ഒരുമിച്ചുകൂട്ടുന്നതിലും അവര്‍ക്ക് ദിശാബോധം നല്‍കുന്നതിലും അസാമാന്യ നേതൃപാടവം പ്രകടിപ്പിച്ചു. അവരോടൊപ്പം മലകയറാനും പാട്ടുപാടാനും സമയം കണ്ടെത്തിയ ലെയ്സനര്‍ യുവജനങ്ങളുടെ അടുത്ത സുഹൃത്തായി മാറി. ഹിറ്റ്ലറിന്‍റെ യുവജനകൂട്ടായ്മ ജര്‍മ്മനിയിലെങ്ങും ശക്തിപ്രാപിച്ചുകൊണ്ടിരുന്ന സമയത്ത് രൂപതയിലെ യുവജനങ്ങളെ ബൈബിള്‍ പാരായണത്തിലും ദിവ്യകാരുണ്യ ഈശോയോടുള്ള ഭക്തിയിലും കാള്‍ ഉറപ്പിച്ചുനിര്‍ത്തി. യുവജനങ്ങളുടെ ഇടയിലുള്ള കാളിന്‍റെ പ്രവര്‍ത്തനങ്ങള്‍ നാസി രഹസ്യപ്പോലീസായ ഗെസ്താപ്പോ നിരീക്ഷിച്ചുതുടങ്ങിയതും ഈ സമയത്താണ്.

പ്രണയം പരീക്ഷണം

കാള്‍ ലെയ്സ്നറിന്‍റെ വ്യക്തിജീവിതത്തിലും പരീക്ഷണങ്ങള്‍ ഉണ്ടായ കാലഘട്ടമായിരുന്നു അത്. അദ്ദേഹത്തിന്‍റെ ഉള്ളില്‍ മൊട്ടിട്ട ഒരു പ്രണയമായിരുന്നു ആ പരീക്ഷണം. പൗരോഹിത്യവഴിയേയുള്ള യാത്ര വേണ്ടെന്നുവച്ച്, തന്‍റെ ഒരു നല്ല സുഹൃത്തായ എലിസബത്തിനെ വിവാഹം ചെയ്യുന്നതിനെക്കുറിച്ചുള്ള ചിന്ത മനസില്‍ കയറിക്കൂടി. ഏറ്റവും വിഷമമേറിയ ഈ പ്രലോഭനത്തെ നേരിടാന്‍ പരിശുദ്ധ മറിയത്തെത്തന്നെയാണ് കാള്‍ കൂട്ടുപിടിച്ചത്. 1938 ജൂലൈ 1 ന് കാള്‍ തന്‍റെ ഡയറിയില്‍ ഇപ്രകാരം കുറിച്ചു- ‘വസന്തത്തിന്‍റെ ആരംഭത്തില്‍ മറിയത്തിന്‍റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിശബ്ദതയില്‍ ചെലവഴിച്ച ആ രണ്ട് ദിനങ്ങള്‍ എന്‍റെ ഉള്ളില്‍ മങ്ങിപ്പോയി നിര്‍ജീവാവസ്ഥയിലായിരുന്ന പൗരോഹിത്യത്തോടുള്ള അഭിനിവേശത്തെ ശക്തമായ രീതിയില്‍ തട്ടിയുണര്‍ത്തി.’

1939 മാര്‍ച്ച് മാസത്തില്‍ കാള്‍ ഇപ്രകാരം തന്‍റെ ഡയറിയില്‍ കുറിച്ചു ‘അത് മരണകരമായ ഒരു പോരാട്ടമായിരുന്നു. ഒരു വൈദികനാകാനാണ് ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നത്. അതിനുവേണ്ടി മറ്റെല്ലാം ഞാന്‍ ത്യജിക്കുകയാണ്.’

1939 മാര്‍ച്ച് 25-ന് കാള്‍ ലെയ്സ്നര്‍ ഡീക്കനായി അഭിഷിക്തനായി. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ വൈദികനായി അഭിഷിക്തനാകാം എന്ന് പ്രതീക്ഷിച്ചിരിക്കവേയാണ് ടി.ബി രോഗം അദ്ദേഹത്തെ പിടികൂടുന്നത്. ബ്ലാക്ക് ഫോറസ്റ്റിലുള്ള ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് കാളിനെ ഗെസ്താപ്പോ അറസ്റ്റ് ചെയ്തു. ഷാസന്‍ഹോസന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ തടവിലാക്കിയ കാളിനെ പിന്നീട് കുപ്രസിദ്ധമായ ഡാഷ്വേ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് മാറ്റി.

1939 നവംബര്‍ 11, 17: ‘ഭാരമേറിയ രോഗത്തിന്‍റെയും അസ്വാതന്ത്ര്യത്തിന്‍റെയും ദിനങ്ങള്‍ക്ക് ദൈവമേ, ഞാന്‍ നന്ദി പറയുന്നു. എല്ലാത്തിനും അതിന്‍റേതായ അര്‍ത്ഥമുണ്ട്. എനിക്ക് ഏറ്റവും നന്മയായിട്ടുള്ളത് മാത്രമാണ് അങ്ങ് അനുവദിക്കുന്നത്. ബാഹ്യമായ തടവിന്‍റെ ദിനങ്ങള്‍ ദൈവത്തിലുള്ള ആന്തരികമായ സ്വാതന്ത്ര്യം അനുഭവിക്കുന്ന സുവര്‍ണ ദിനങ്ങളാണ്.’

2600-ലധികം വൈദികരെയും നിരവധി സെമിനാരി വിദ്യാര്‍ത്ഥികളെയും പ്രോട്ടസ്റ്റന്‍റ് ശുശ്രൂഷകരെയും പാര്‍പ്പിച്ചിരുന്ന കുപ്രസിദ്ധ ക്യാമ്പാണ് ഡാഷ്വേ. പട്ടിണിയും നിര്‍ബന്ധിത ജോലിയും അദ്ദേഹത്തിന്‍റെ രോഗാവസ്ഥ ഗുരുതരമാക്കി. ക്യാമ്പിനോടനുബന്ധിച്ച് മനുഷ്യരുടെ ശരീരത്തില്‍ മരുന്നുകള്‍ പരീക്ഷിക്കുന്നതിനായി സ്ഥാപിച്ചിരുന്ന ആശുപത്രിയിലേക്ക് കാള്‍ ലെയ്സ്നറെ മാറ്റി. ദുരിതത്തിന്‍റെ ആ ലോകത്തും തന്‍റെ സഹതടവുകാര്‍ക്ക് പ്രത്യാശയുടെ അടയാളമാകാന്‍ കാളിന് കഴിഞ്ഞു. കൂടെയുള്ളവരെ ആശ്വസിപ്പിക്കാനും സഹിഷ്ണുതയോടെ പെരുമാറുവാനും അദ്ദേഹം ശ്രദ്ധിച്ചു. ‘ആശ്വസിപ്പിക്കുന്ന മാലാഖ’ എന്നാണ് കൂടെയുള്ളവര്‍ അദ്ദേഹത്തെ വിളിച്ചത്.

1939 നവംബര്‍ 22: ‘ക്രിസ്തുവേ എന്‍റെ ജീവിതം പൂര്‍ണമായി അങ്ങേക്ക് ഞാന്‍ നല്‍കുന്നു. അത് എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അങ്ങ് മാത്രമാണ്. അവിടുത്തെ തിരുഹിതം നിറവേറട്ടെ.’

ഒളിപ്പിച്ച ബിസ്കറ്റുകളും കാപ്പിയും

രോഗം മൂര്‍ച്ഛിച്ച കാളിന്‍റെ പേര് ഗ്യാസ് ചേംബറിലടച്ച് വധിക്കാനുള്ളവരുടെ കൂട്ടത്തില്‍ ചേര്‍ക്കപ്പെട്ടു. എന്നാല്‍ ദൈവത്തിന്‍റെ തിരുഹിതം മറ്റൊന്നായിരുന്നു. ഗ്യാസ് ചേംബറില്‍ അടയ്ക്കപ്പെടേണ്ടവരുടെ കൂട്ടത്തില്‍നിന്ന് അദ്ദേഹത്തിന്‍റെ പേര് നീക്കപ്പെട്ടു. 1944 ഡിസംബര്‍ 17-ന് കാള്‍ ഏറ്റവുമധികം കൊതിച്ചിരുന്നതും അസാധ്യമെന്ന് കരുതപ്പെട്ടിരുന്നതുമായ ആ കര്‍മ്മം നടന്നു. സഹതടവുകാരനായിരുന്ന ഫ്രഞ്ച് ബിഷപ് ആള്‍ട്ടര്‍ ക്രിസ്റ്റസ് അതീവ രഹസ്യമായി കാള്‍ ലെയ്സ്നറിന് വൈദികപട്ടം നല്‍കി. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നടന്ന ആ പൗരോഹിത്യ സ്വീകരണചടങ്ങില്‍ ഉപയോഗിക്കുന്നതിനായുള്ള അംശവടിയും മോതിരവും സഹതടവുകാരാണ് നിര്‍മ്മിച്ചത്. പൗരോഹിത്യ സ്വീകരണത്തെക്കുറിച്ച് കേട്ടറിഞ്ഞ സഹതടവുകാരായ പ്രോട്ടസ്റ്റന്‍റ് ശുശ്രൂഷകര്‍ ഒളിപ്പിച്ചുവച്ച ബിസ്കറ്റുകളും കാപ്പിയും ഉപയോഗിച്ച് നവവൈദികനുവേണ്ടി വിരുന്നൊരുക്കി.

പൗരോഹിത്യം സ്വീകരിക്കാന്‍ സാധിച്ചതില്‍ അതീവ സന്തോഷവാനായിരുന്നെങ്കിലും അനാരോഗ്യം നിമിത്തം ഒരാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന് പ്രഥമ ദിവ്യബലി അര്‍പ്പിക്കാന്‍ സാധിച്ചത്. സഭയുടെ ആദ്യ രക്തസാക്ഷിയായ വിശുദ്ധ സ്തേഫാനോസിന്‍റെ തിരുനാള്‍ ദിനമായ ഡിസംബര്‍ 26-ന് അദ്ദേഹം പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. അതായിരുന്നു അദ്ദേഹം അര്‍പ്പിച്ച ഏകബലിയും. 1945 ഏപ്രില്‍ 29-ാം തിയതി അമേരിക്കന്‍ സൈന്യം ഡാഷ്വേ കോണ്‍ സന്‍ട്രേഷന്‍ ക്യാമ്പിലുള്ള തടവുകാരെ മോചിപ്പിച്ചു. പക്ഷേ അപ്പോഴേക്കും ഫാ. കാള്‍ ലെയ്സ്നറിന്‍റെ ആരോഗ്യനില തിരിച്ചുപിടിക്കാനാവാത്തവിധം മോശമായി കഴിഞ്ഞിരുന്നു.

തിരിച്ചുകിട്ടിയ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നന്ദിയുടെയും ദൈവസ്തുതിയുടെയും വാക്കുകള്‍ കൊണ്ട് അദ്ദേഹത്തിന്‍റെ ഡയറി നിറഞ്ഞു. ‘ഓ ഏറ്റവും പരിശുദ്ധനായവനേ, എന്‍റെ ശത്രുക്കളെയും അനുഗ്രഹിക്കണമേ’ എന്നതാണ് അദ്ദേഹത്തിന്‍റെ ഡയറിയില്‍ കുറിച്ചിരിക്കുന്ന അവസാന വാക്കുകള്‍. 1945 ഓഗസ്റ്റ് 12-ാം തിയതി മരണത്തിന് ഒരുക്കമായുള്ള കൂദാശ സ്വീകരിച്ച അദ്ദേഹം നിത്യതയിലേക്ക് യാത്രയായി. കേവലം 30 വയസില്‍ ജീവിതം പൂര്‍ത്തിയാക്കിയ ഫാ. കാള്‍ ലെയ്സ്നറെ 1996 ജൂണ്‍ 23-ന് ബര്‍ലിനില്‍ വച്ച് നടന്ന ചടങ്ങില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്‍റെ സഹതടവുകാരനായിരുന്ന ഒരു വൈദികന്‍റെ സാക്ഷ്യം വളരെ ശ്രദ്ധേയമാണ്, “കാള്‍ ലെയ്സ്നര്‍ എപ്പോഴും സന്തുഷ്ടനായി കാണപ്പെട്ടു. അത് ഹൃദയത്തില്‍നിന്നുള്ള സന്തോഷമായിരുന്നു!”

'

By: Renjith Lawrence

More
ജനു 09, 2020
Encounter ജനു 09, 2020

വിവാഹത്തിന് നവീനങ്ങളായ പല നിര്‍വചനങ്ങളും നല്കപ്പെടുന്ന ഒരു കാലമാണിത്. വിവാഹബന്ധത്തിനു പകരം കൂടിത്താമസം അഥവാ ‘ലിവിംഗ് റ്റുഗദര്‍’ മാത്രം മതി. അല്ലെങ്കില്‍ രണ്ട് പുരുഷന്മാര്‍ തമ്മില്‍ വിവാഹം കഴിക്കുക, രണ്ട് സ്ത്രീകള്‍ തമ്മില്‍ വിവാഹം കഴിക്കുക, അതുമല്ലെങ്കില്‍ വിവാഹം പരീക്ഷണാര്‍ത്ഥം നടത്തുക, ലൈംഗികതാത്പര്യങ്ങളോടെമാത്രം സ്ത്രീപുരുഷന്‍മാരടങ്ങുന്ന സമൂഹം ഒന്നിച്ച് ജീവിക്കുക തുടങ്ങി പല രീതിയില്‍. പക്ഷേ ഇത്തരം നിര്‍വചനങ്ങളിലൂടെ ആത്യന്തികമായി സംഭവിക്കുന്ന ദുരന്തം എന്ത് എന്ന് നമ്മള്‍ ആഴത്തില്‍ മനസിലാക്കണം.

കൂടിത്താമസം ഒരു ഉദാഹരണമാണ്. കോഹാബിറ്റേഷന്‍ എന്ന പേരില്‍ ഒരു നിശ്ചിതകാലം ഭാര്യാ-ഭര്‍ത്താക്കന്മാരെപ്പോലെ ജീവിക്കുന്നു. പ്രത്യേകിച്ച് ഉടമ്പടികളോ സാമൂഹികബന്ധങ്ങളോ ഒന്നും ഇല്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചിലര്‍ ചെയ്തിട്ടുള്ളതുപോലെ നമ്മുടെ നാട്ടിലും ചിലര്‍ ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നു. വിവാഹം എന്ന സംവിധാനം ആവശ്യമില്ലെന്ന ചിന്തയാണ് അവരുടേത്. വിവാഹം ബന്ധനമാണ്, സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാണ് എന്ന് ചിന്തിക്കുന്ന വ്യക്തികള്‍.

വാസ്തവത്തില്‍ ബന്ധങ്ങളെ ആഴത്തില്‍ മനസിലാക്കുമ്പോള്‍, ആ സ്വാതന്ത്ര്യക്കുറവുതന്നെയാണ് ആത്യന്തികമായി ആ ബന്ധത്തെ ഹൃദ്യമാക്കി നിര്‍ത്തുന്നത് എന്ന് നാം തിരിച്ചറിയണം. കാരണം, അപരനോടുള്ള കരുതലിനെപ്രതി- ജീവിതപങ്കാളിയോടുള്ള കരുതലിനെപ്രതി- എന്‍റെ സ്വാതന്ത്ര്യത്തിന് ഞാന്‍ ബോധപൂര്‍വം കുറവുകള്‍ വരുത്താന്‍ സന്നദ്ധത കാണിക്കുന്നു എന്നതാണ് ദാമ്പത്യത്തിന്‍റെ സൗന്ദര്യം. അപ്രകാരം സ്വന്തം സ്വാര്‍ത്ഥതയെ അതിജീവിക്കാന്‍ തങ്ങള്‍ തയാറല്ല എന്നതാണ് പലപ്പോഴും കൂടിത്താമസത്തിലേക്ക് നയിക്കുന്നത്. അതുകൊണ്ട് സ്വാര്‍ത്ഥതയുടെ ബഹിര്‍സ്ഫുരണമായാണ്, സ്വാര്‍ത്ഥതയ്ക്കുള്ള ഒരു അംഗീകാരമായിട്ടാണ,് കൂടിത്താമസം പരിഗണിക്കപ്പെടേണ്ടത്.

ഭീരുക്കളുടെ ടെക്നിക്

കൂടിത്താമസം ഭീരുക്കളുടെ ഒരു തന്ത്രമാണ്. പ്രശ്നം, എനിക്ക് സ്ഥായിയായ തീരുമാനങ്ങളെടുക്കാന്‍ കഴിവില്ല, അഥവാ ഞാന്‍ എടുക്കുന്ന തീരുമാനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഞാന്‍ സന്നദ്ധനല്ല എന്ന് ചിന്തിക്കുന്ന ഒരു ഭീരുത്വമാണ്. വിവാഹത്തിനുപകരം കൂടിത്താമസത്തെ പ്രയോജനപ്പെടുത്തുന്നവരുടെ ചിന്താഗതിയില്‍ ഈ ഭീരുത്വമുണ്ട്. വിവാഹമെന്നു പറയുന്നത് ജീവിതാന്ത്യംവരെ നിലനില്ക്കുന്ന ഒരു പ്രതിബദ്ധതയാണ്. അതിനുള്ളില്‍ ഒരു സമര്‍പ്പണമുണ്ട്. സ്നേഹവും ധീരതയുമുള്ളവര്‍ക്കുമാത്രമേ ആ സമര്‍പ്പണം നടത്താനാവൂ. ‘ആ സമര്‍പ്പണത്തിന് ഞാന്‍ തയാറല്ല. മറിച്ച് എനിക്ക് പറ്റുന്നതാണോ എന്ന് പരീക്ഷിച്ച്, നിരീക്ഷിച്ച് അറിഞ്ഞശേഷമേ അത് ചെയ്യുകയുള്ളൂ’ എന്ന് പറയുന്നത് ജീവിതത്തെക്കുറിച്ച് പ്രത്യാശയില്ലാത്തവരുടെ കാഴ്ചപ്പാടാണ്.

മൂന്നാമത്തെ കാര്യം, ഒരു സമൂഹത്തില്‍ ദൈവവിശ്വാസം അന്യമാകുമ്പോള്‍ ദൈവിക കര്‍മമായ വിവാഹം വിലകുറഞ്ഞ് കരുതപ്പെടും. വിവാഹത്തെ അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥത്തിലും ലക്ഷ്യത്തിലും മനസിലാക്കണമെങ്കില്‍ മനുഷ്യന് ദൈവവിശ്വാസം ആവശ്യമാണ്. ആ വിശ്വാസം നഷ്ടപ്പെട്ട ഒരു തലമുറയ്ക്ക്, വിവാഹം ബാധ്യതയും ശല്യവുമായി മാറുന്നു. വിശുദ്ധ ജോണ്‍ വിയാനി പറഞ്ഞതുപോലെ ‘ദൈവവിശ്വാസമില്ലാതെ ജീവിച്ചുതുടങ്ങിയാല്‍ മനുഷ്യരും മൃഗങ്ങളും തമ്മില്‍ വ്യത്യാസമില്ലാത്ത കാലം വരും.’ കാരണം വിവാഹം സ്വന്തം ശരീരത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടിയുള്ള ഒരു മാര്‍ഗം എന്നതിനപ്പുറത്ത് അതിന് സാമൂഹികപ്രതിബദ്ധതയോ ജീവിതപങ്കാളിയോടുള്ള പ്രതിബദ്ധതയോ മക്കളോടുള്ള പ്രതിബദ്ധതയോ ഉണ്ട് എന്ന് അങ്ങനെയുള്ളവര്‍ ചിന്തിക്കുന്നില്ല.

ഇതോ സ്വാതന്ത്ര്യം?

കൂടിത്താമസത്തിന്‍റെ മറ്റൊരു അപകടം സ്വന്തം സ്വാതന്ത്ര്യത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്നതാണ്. സ്വാതന്ത്ര്യമെന്നാല്‍ അനിയന്ത്രിതമാണ് എന്ന് തെറ്റിദ്ധരിക്കരുത്. ഒരു മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനാകുന്നത് ആ മനുഷ്യന്‍റെ സ്രഷ്ടാവായ ദൈവം അവനെക്കുറിച്ച് കണ്ട സ്വപ്നത്തെ അവന്‍ ജീവിച്ച് പൂര്‍ത്തീകരിക്കുമ്പോഴാണ്. മറിച്ച് സ്വന്തം ബലഹീനതകളെയും ഭീരുത്വങ്ങളെയും ജഡമോഹങ്ങളെയും തൃപ്തിപ്പെടുത്തിക്കൊണ്ടുമാത്രം ജീവിതത്തിന്‍റെ സ്വാതന്ത്ര്യം പൂര്‍ണതയില്‍ ജീവിക്കാം എന്ന് കരുതുന്നതില്‍ യാതൊരര്‍ത്ഥവുമില്ല.

കൂടിത്താമസം നടത്തുന്നവര്‍ പലപ്പോഴും കുഞ്ഞുങ്ങള്‍ വേണ്ട എന്ന് തീരുമാനിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ ജനിച്ചേക്കാം. അങ്ങനെയുള്ള കുഞ്ഞുങ്ങള്‍ക്ക് വിവാഹത്തിന്‍റെയോ കുടുംബത്തിന്‍റെയോ പരിരക്ഷകള്‍ നിയമപരമായിപോലും അവകാശപ്പെടാന്‍ സാധിക്കില്ല. ആ കുഞ്ഞുങ്ങളെ ആര് വളര്‍ത്തും? കൂടിത്താമസം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം, ജനിച്ച കുഞ്ഞ് എങ്ങനെയെങ്കിലും ജീവിച്ചുകൊള്ളും. അപ്പന്‍റെ സ്നേഹവും അമ്മയുടെ സ്നേഹവും ആ കുഞ്ഞിന് നഷ്ടപ്പെടുന്നു. എന്നാല്‍ അത് അവര്‍ക്ക് ഒരു വിഷയമേ അല്ല.

ഓരോ വ്യക്തിയും സ്വന്തം സുഖവും സന്തോഷവും മാത്രം തേടി നടക്കുന്ന ഒരു ലോകം. ‘ഹിഡോനിസ്റ്റിക് കള്‍ച്ചര്‍’ അഥവാ സുഖാന്വേഷണത്തിന്‍റെ സംസ്കാരമാണ് അത്. ആ സംസ്കാരത്തില്‍ കുഞ്ഞുങ്ങളെ ബാധ്യതയായി കരുതുന്നു. ഏത് സമയത്തും ഉപേക്ഷിക്കാവുന്ന കളിപ്പാട്ടംപോലെ കുഞ്ഞുങ്ങളെ പരിഗണിക്കുന്നു. ഇതാണ് കൂടിത്താമസത്തിലെ ഗുരുതരമായ സാമൂഹിക
പ്രത്യാഘാതം.

ഇക്കാരണങ്ങള്‍കൊണ്ടെല്ലാം കൂടിത്താമസങ്ങള്‍ ഉള്‍പ്പെടെ വിവാഹത്തിന് പകരമായുള്ള സംവിധാനങ്ങള്‍ സമൂഹത്തിന്‍റെ നിലനില്പിന് അപകടകരമാണ്. വിശ്വാസത്തിന്‍റെയോ മതത്തിന്‍റെയോ കാഴ്ചപ്പാടുകൊണ്ടു മാത്രമല്ല അത്. അത്തരം ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍ നാളിതുവരെയും ഒരു സമൂഹത്തെ ഭദ്രമായി മുന്നോട്ട് നയിച്ച കുടുംബം എന്ന സംവിധാനം ഇല്ലാതായിത്തീരുകയും അതുവഴി സമൂഹം ശിഥിലമാവുകയും ചെയ്യുന്നു. അതിനാല്‍, ഒരു സമൂഹത്തിന്‍റെ സര്‍വനാശം കൊതിക്കുന്നവര്‍ക്കുമാത്രമേ വിവാഹത്തിന് പകരം കൂടിത്താമസം എന്നതുപോലുള്ള ആശയങ്ങളെ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുകയുള്ളൂ. അവയെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങള്‍ തിന്മയുടെ സാമ്രാജ്യം വളര്‍ത്തുവാന്‍ പരിശ്രമിക്കുന്നുവെന്ന് കരുതേണ്ടിവരും. അത്തരം വാദമുഖങ്ങള്‍ ഉന്നയിക്കുന്ന സാമൂഹിക വിശാരദന്മാര്‍ സമൂഹത്തോട് നിരുത്തരവാദപരമായാണ് പെരുമാറുന്നത് എന്ന് വിലയിരുത്തേണ്ടിയും വരും.

'

By: MAR JOSEPH PAMPLANY

More