- Latest articles
2013-ല്‍ ഞങ്ങളുടെ മൂന്ന് വയസുകാരിയായ ഇളയ മകളുടെ കണ്ണ് പെട്ടെന്ന് കോങ്കണ്ണായി മാറി. ഡല്‍ഹിയില്‍ താമസിക്കുന്ന ഞങ്ങള്‍ അതിന് കാരണം തേടി ആശുപത്രിയിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന രോഗവിവരം അറിഞ്ഞത്. തലച്ചോറില്‍ ട്യൂമര്‍ വളരുന്നു! അതാണ് പെട്ടെന്നുണ്ടായ കോങ്കണ്ണിന് കാരണം. 2014-ല്‍ ഗാമാ കിരണങ്ങള്‍ ഉപയോഗിച്ചുള്ള ഒരു സര്‍ജറി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍വച്ച് നടത്തിയെങ്കിലും വീണ്ടും കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ കോങ്കണ്ണ് തിരികെവന്നു.
MRI സ്കാന്‍ എടുത്തപ്പോള്‍ വീണ്ടും മൂന്ന് ട്യൂമറുകള്‍കൂടി തലച്ചോറില്‍ വളരുന്നുണ്ടെന്ന് അറിഞ്ഞു. ഇക്കാര്യം അറിഞ്ഞതോടെ ഞങ്ങള്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പല പ്രാര്‍ത്ഥനാകൂട്ടായ്മകളിലും ഈ നിയോഗം പങ്കുവയ്ക്കുകയും ചെയ്തു. ഒരു ദൈവികപ്രചോദനമാണെന്ന് പറയാം, പരിശുദ്ധ മാതാവിന്‍റെ മാധ്യ സ്ഥ്യത്തിലൂടെ ബ്രെയിന്‍ ട്യൂമര്‍ സൗഖ്യപ്പെട്ടതിനെക്കുറിച്ചുള്ള സാക്ഷ്യങ്ങള്‍ ഞങ്ങള്‍ യു ട്യൂബില്‍ സെര്‍ച്ച് ചെയ്യാന്‍ ആരംഭിച്ചു. ജനിച്ചപ്പോള്‍മുതല്‍ ഒരു കണ്ണിന് കാഴ്ചയില്ലാതിരുന്ന എരുമേലിയില്‍നിന്നുള്ള ഒരു കുട്ടിയ്ക്ക് റോസാ മിസ്റ്റിക്കാ മാതാവിന്‍റെ ചിത്രം ഉപയോഗിച്ച് പ്രാര്‍ത്ഥിച്ചതിലൂടെ കാഴ്ച കിട്ടിയതിനെക്കുറിച്ചുള്ള സാക്ഷ്യം ഞങ്ങള്‍ കണ്ടു. അതോടെ റോസാ മിസ്റ്റിക്കാ മാതാവിന്‍റെ രൂപം അന്വേഷിക്കാന്‍ തുടങ്ങി. ഇറ്റലിയിലുള്ള ഒരു സുഹൃത്ത് വഴി ഒരു രൂപം ഞങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു.
അതേ സമയം വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് തലച്ചോറിന് സര്‍ജറിയും തീരുമാനിച്ചിരുന്നു. മാതാവിന്‍റെ രൂപവും എടുത്താണ് ഞങ്ങള്‍ സര്‍ജറിക്കായി പോയത്. MRI സ്കാന്‍ ചെയ്തപ്പോള്‍ തലച്ചോറില്‍ മൂന്ന് സ്ഥലങ്ങളിലും സ്പൈനല്‍ കോര്‍ഡില്‍ എട്ട് സ്ഥലങ്ങളിലുംകൂടി ട്യൂമറുകള്‍ ഉള്ളതായി അറിഞ്ഞു.
2015 മെയ് 13-ന് അവള്‍ക്ക് സര്‍ജറി നടത്തി. ബയോപ്സി റിസല്‍റ്റ് വന്നപ്പോള്‍ WHO grade-4 ട്യൂമര്‍ ആണെന്ന് വ്യക്തമായി. ഇത്തരം ട്യൂമര്‍ ബാധിച്ചവരില്‍ ഏറ്റവും അധികം ജീവിച്ചവര്‍പോലും ഏതാനും മാസങ്ങള്‍മാത്രമേ ജീവനോടെയിരുന്നിട്ടുള്ളൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
20 ദിവസം അവള്‍ക്ക് റേഡിയേഷന്‍ നടത്തി. വീണ്ടും കീമോതെറാപ്പിയും റേഡിയേഷനും വിദഗ്ധ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും അവളുടെ ശരീരം തീര്‍ത്തും ദുര്‍ബലമായിക്കഴിഞ്ഞിരുന്നതിനാല്‍ അവള്‍ക്ക് കൂടുതല്‍ വേദന നല്കണ്ട എന്നും അവളെ പൂര്‍ണമായും യേശുവിന്‍റെ കരങ്ങളില്‍ ഏല്പിക്കാം എന്നും ഞങ്ങള്‍ തീരുമാനിച്ചു. മറ്റ് മരുന്നുകളോ ചികിത്സകളോ ചെയ്യാനുണ്ടായിരുന്നില്ല.
ഒരു ആര്‍ച്ച്ബിഷപ് നിര്‍ദേശിച്ച പ്രകാരം 2016-ല്‍ അവള്‍ക്ക് പ്രഥമദിവ്യകാരുണ്യവും സ്ഥൈര്യലേപനവും നല്കി. ഏതാനും മാസങ്ങള്‍ക്കകം കുടുംബനാഥനായ ബിനോയ് ഇറ്റലിയിലെ മിലാനിലേക്കുള്ള ഒരു ഔദ്യോഗിക യാത്രയ്ക്കിടെ സമീപമുള്ള റോസാ മിസ്റ്റിക്കാ മാതാവിന്‍റെ പ്രത്യക്ഷീകരണസ്ഥലം സന്ദര്‍ശിച്ചു. പിന്നീട് ഞങ്ങള്‍ കുടുംബമായി അവിടം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. അങ്ങനെ കുടുംബമൊന്നിച്ച് അവിടം സന്ദര്‍ശിക്കുകയും ഫ്രാന്‍സിസ് പാപ്പായില്‍നിന്നും ആശീര്‍വാദം സ്വീകരിക്കുകയും ചെയ്തു. നാളുകള്‍ കടന്നുപോയി.
2017-ല്‍ കൂട്ടുകാര്‍ കളിയാക്കുന്നു എന്ന മകളുടെ പരാതി കേട്ട് അവളുടെ കോങ്കണ്ണ് ശരിയാക്കുന്നതിനായി ഞങ്ങള്‍ വീണ്ടും ഡോക്ടറെ സമീപിച്ചു. അപ്പോള്‍ വെല്ലൂരിലെ സര്‍ജറി കഴിഞ്ഞ് രണ്ടര വര്‍ഷത്തോളമായിരുന്നു. പിന്നീട് സ്കാനോ ടെസ്റ്റുകളോ ചെയ്തിരുന്നില്ല. കാരണം ഡോക്ടര്‍മാര്‍ പ്രതീക്ഷയൊന്നും തന്നിരുന്നില്ല. പ്രാര്‍ത്ഥനകള്‍മാത്രമായിരുന്നു ഞങ്ങളുടെ ചികിത്സ, പ്രത്യേകിച്ച് റോസാ മിസ്റ്റിക്കാ മാതാവിനോടും ഉണ്ണീശോയോടും. എന്തായാലും ഡോക്ടര്‍ പറഞ്ഞതനുസരിച്ച് സ്കാന്‍ ചെയ്തു.
റിസല്‍റ്റ് വന്നപ്പോഴാണ് അത്ഭുതത്തെക്കുറിച്ച് മനസിലായത്, എല്ലാ ട്യൂമറുകളും അപ്രത്യക്ഷമായിരിക്കുന്നു! തലച്ചോറിലോ സ്പൈനല്‍ കോര്‍ഡിലോ ഒരൊറ്റ ട്യൂമര്‍പോലുമില്ല! മുമ്പത്തെയും അപ്പോഴത്തെയും സ്കാന്‍ റിപ്പോര്‍ട്ടുകള്‍ ഒരേ കുട്ടിയുടേതുതന്നെയാണെന്ന് വിശ്വസിക്കാന്‍ അവിടത്തെ ഡോക്ടര്‍മാര്‍ക്ക് പ്രയാസമായിരുന്നു. എന്തായാലും ഇക്കാര്യം മറ്റുള്ളവരോട് പറയുന്നതിനു മുമ്പ് ഞങ്ങള്‍ ആറുമാസം കൂടി കാത്തിരുന്നു.
പിന്നീട് 2018-ല്‍ വെല്ലൂര്‍ സി.എം.സിയില്‍നിന്ന് ഒരു MRI സ്കാന്‍ ചെയ്തു. ഒറ്റ ട്യൂമര്‍പോലുമില്ല എന്ന് ഉറപ്പായി. 2019-ലും അവിടെപ്പോയി MRI സ്കാന്‍ ചെയ്തു. ഒരു ട്യൂമറും ഇപ്പോഴും ഇല്ല! ഡോക്ടര്‍മാര്‍പോലും ഞങ്ങളോട് സാക്ഷ്യം രേഖപ്പെടുത്താന്‍ പറഞ്ഞു.
സൗഖ്യത്തോടൊപ്പം മറ്റൊരു കാര്യംകൂടി പറയാതിരിക്കാന്‍ വയ്യ. സര്‍ജറി നടത്തിയതിന്‍റെ അനന്തരഫലമായി ഓര്‍മ്മത്തകരാര്‍ വന്നതുകൊണ്ട് മകള്‍ക്ക് പഠനം ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏതാണ്ട് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം അവള്‍ ക്ലാസിലെ മികച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളാണ്. കോങ്കണ്ണ് പിന്നെ ശരിയായില്ലെങ്കിലും സാധാരണ കുട്ടികളെപ്പോലെ അവള്‍ എല്ലാം ചെയ്യുന്നു. റോസാ മിസ്റ്റിക്കാ മാതാവിലൂടെ ഞങ്ങളെ അനുഗ്രഹിച്ച കര്‍ത്താവായ യേശുവിന് എത്ര നന്ദി പറഞ്ഞാലും തീരില്ല!
'പ്രിയമക്കളേ,
“ആരിക്കാ കടല, നല്ല ചൂടുള്ള കടല, ആരിക്കുവേണം നല്ല ചൂടുള്ള കടല…”
ബസ് സ്റ്റാന്‍ഡില്‍ എപ്പോഴും കേള്‍ക്കുന്ന ശബ്ദമാണിത്. ഈ 1968-ാം ആണ്ടില്‍ അരി കിട്ടാന്‍ വലിയ പ്രയാസമായപ്പോഴാണ് ഈ കച്ചവടം വര്‍ധിച്ചത്. ഇങ്ങനെ ബസിനുചുറ്റും വിളിച്ചുപറഞ്ഞ് കച്ചവടം നടത്തുന്നവര്‍. വറുത്ത നിലക്കടലയാണ് വില്പനസാധനം. അനേകര്‍ വാങ്ങുന്നുണ്ട്. വാങ്ങുന്നവരെല്ലാം രസത്തിനുവേണ്ടി കടല വാങ്ങി കഴിക്കുന്നതാണോ? അല്ല. ഒരു നേരത്തെ ആഹാരം വെട്ടിച്ചുരുക്കി പത്തുപൈസയുടെ കടലയില്‍ പൊരുത്തപ്പെടുന്നതാണ്. അവര്‍ ഒരു നേരം നോല്‍ക്കുകയാണ് പല ദിവസവും. യാത്ര ചെയ്യുന്നവര്‍ പലപ്പോഴും ചായവെള്ളം മാത്രം കുടിച്ചാണ് കഴിഞ്ഞുകൂടുന്നത്. കൂടുതല്‍ വാങ്ങിയാല്‍ പൈസ വളരെയാകും. ഭക്ഷണം കഴിക്കാന്‍ താല്പര്യം ഇല്ലാഞ്ഞിട്ടല്ല.
ഇപ്രകാരം ചെയ്യുന്നവരുടെ ‘ഒരു നേര’ത്തിന് അഥവാ ഒരു നേരത്തെ ആഹാരം ഉപേക്ഷിക്കുന്നതിന് ഒരു ഫലമേ ഉണ്ടാവുകയുള്ളൂ – കുടവയര്‍ ചാടാതിരിക്കും. എന്നാല്‍ ആധ്യാത്മികഫലം കിട്ടാനുള്ള ‘ഒരുനേരം’ പ്രായശ്ചിത്താരൂപിയോടുകൂടി, ദൈവത്തെപ്രതി ചെയ്യുന്നതായിരിക്കണം.
നമ്മള്‍ നമുക്കുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും പ്രായശ്ചിത്തം ചെയ്യണം. പല പ്രകാരത്തില്‍ പ്രായശ്ചിത്തം ചെയ്യാം. ഭക്ഷണം കുറച്ചുതന്നെയല്ല പ്രായശ്ചിത്തം ചെയ്യാവുന്നത്. ശരീരംകൊണ്ട് കഠിനമായി അധ്വാനിക്കുക, വൃത്തിഹീനമായ സ്ഥലങ്ങള്‍ വൃത്തിയാക്കുക, ചുറ്റുമുള്ളവര്‍ക്ക് ഓരോ ഉപകാരങ്ങള്‍ ചെയ്തുകൊടുക്കുക, കൈവിരിച്ചുപിടിച്ചും മറ്റും കൂടുതല്‍ പ്രാര്‍ത്ഥിക്കുക മുതലായവ ചെയ്യുവാന്‍ സാധിക്കും. ഒരാള്‍ക്ക് ഒരു വ്യക്തിയോട് സംസാരിക്കാന്‍ പ്രയാസം തോന്നുന്നു എന്നിരിക്കട്ടെ. പ്രായശ്ചിത്തത്തിനുവേണ്ടി ആ വ്യക്തിയോട് സംസാരിക്കണം. ഇനിയും ഒരാള്‍ക്ക് മറ്റൊരു വ്യക്തിയുടെ എന്തെങ്കിലും ഗുണം പറയുവാന്‍ പ്രയാസമാണെന്ന് വിചാരിക്കുക. അപ്പോള്‍ അയാള്‍ പ്രായശ്ചിത്തത്തിന്‍റെ പേരില്‍ മറ്റേ വ്യക്തിയെ പ്രശംസിച്ച് സംസാരിക്കുക. ഒരാള്‍ക്ക് ചെറിയ കാര്യത്തിന് അനുവാദം ചോദിക്കാന്‍ മടിയുണ്ടായിരിക്കും; പ്രായശ്ചിത്തത്തിന്‍റെ പേരില്‍ അനുവാദം ചോദിക്കട്ടെ.
വേനല്‍ക്കാലമല്ലേ, ചിലര്‍ക്ക് എപ്പോഴും വെള്ളം കുടിക്കണം. തപസിന്‍റെ പേരില്‍ അല്പം കഴിഞ്ഞ് വെള്ളം കുടിച്ചാല്‍ മതിയെന്ന് വയ്ക്കണം. ഇങ്ങനെ നൂറുകൂട്ടം തപഃക്രിയകള്‍ ഓരോരുത്തര്‍ക്കും കണ്ടുപിടിക്കുവാന്‍ സാധിക്കും. ചുരുക്കത്തില്‍ നമ്മുടെ കര്‍ത്താവിന്‍റെ പീഡാനുഭവങ്ങളെ അനുസ്മരിച്ചുകൊണ്ട് നമ്മുടെ ദുരാശകള്‍ക്കും അഹങ്കാരത്തിനും കടിഞ്ഞാണിടണം.
പണം സമ്പാദിക്കുന്നതിന് മനുഷ്യന്‍ എന്തെല്ലാം കഷ്ടപ്പാടുകളാണ് ചെയ്യുന്നത്. പൊരിയുന്ന വെയിലത്ത് വഴിയരികില്‍ കിടന്ന് ഭിക്ഷ യാചിക്കുന്നവരെ നിങ്ങള്‍ കണ്ടിട്ടില്ലേ? അവര്‍ക്ക് വെയിലിന്‍റെ ചൂട് അസഹ്യമാണ്. പക്ഷേ പണം കിട്ടുമല്ലോ എന്ന് ചിന്തിച്ചുകൊണ്ട് അവര്‍ അത് സഹിക്കുന്നു. പണ്ട് തൂണില്‍ തപസ് ചെയ്തിരുന്ന വിശുദ്ധന്മാരുമുണ്ട്. അത് പുണ്യം സമ്പാദിക്കാനായിരുന്നു. എന്നുവച്ച് നിങ്ങളാരും തൂണില്‍ തപസ് ചെയ്യാനുദ്യമിക്കേണ്ട. നല്ല ഉറക്കക്കാരാണെങ്കില്‍ കഴുത്തും കുത്തി വീണ് കാലപുരിക്ക് പോകും. തപഃക്രിയകള്‍ പ്രാര്‍ത്ഥനയോടുകൂടിയതായിരിക്കണം. ദൈവത്തെ പ്രസാദിപ്പിക്കുന്നതിനുള്ളതായിരിക്കണം.
'ലിസ്യൂവിലെ തെരേസ എന്ന വിശുദ്ധ കൊച്ചുത്രേസ്യ തന്‍റെ റോമായാത്രയെക്കുറിച്ച് ആത്മകഥയായ നവമാലികയില്‍ എഴുതുന്നുണ്ട്. ആ യാത്രയ്ക്കിടയിലെ മനോഹരമായ രംഗമാണ് കൊച്ചുത്രേസ്യ റോമന്‍ കൊളോസിയം സന്ദര്‍ശിക്കുന്നത്. യേശുവിനുവേണ്ടി അനേകം വേദസാക്ഷികള്‍ രക്തം ചിന്തിയ അവിടത്തെ മണ്ണ് ചുംബിക്കാന്‍ അവള്‍ ആഗ്രഹിച്ചു. പക്ഷേ അവിടേക്ക് ഇറങ്ങിച്ചെല്ലുക ദുഷ്കരമായിരുന്നു. എന്നാല്‍ തിരുക്കല്ലറയുടെ ഉള്ളിലേക്ക് കുനിഞ്ഞുനോക്കിയ മറിയം മഗ്ദലേനയെപ്പോലെ കൊച്ചുത്രേസ്യയും അവിടെ കുനിഞ്ഞ് നോക്കിനിന്നു.
ഒടുവില്‍ അവിടേക്ക് ഇറങ്ങാന്‍ ഒരു വഴി കണ്ടെത്തി. തന്‍റെ ചേച്ചി സെലിനെയും കൂട്ടി അവള്‍ ദുഷ്കരമായ ആ വഴിയിലൂടെ ഊര്‍ന്നിറങ്ങി. കുരിശടയാളമുള്ള ചെറിയ തളക്കല്ല് കാണുന്ന സ്ഥലത്താണ് വേദസാക്ഷികള്‍ പീഡിതരായതെന്ന് അവരുടെ ഗൈഡ് പറഞ്ഞിരുന്നു. അതനുസരിച്ച് സെലിന്‍ചേച്ചി അത് തേടി കണ്ടെത്തി. പരിപാവനമായ ആ സ്ഥലത്ത് അവര്‍ ഇരുവരും മുട്ടുകുത്തി.
തുടര്‍ന്ന് കൊച്ചുത്രേസ്യ ഇപ്രകാരം കുറിക്കുന്നു, “ഞങ്ങളുടെ ആത്മാക്കള്‍ ഒരേ പ്രാര്‍ത്ഥനയില്‍ ലയിച്ചു. ആദിമക്രൈസ്തവരുടെ ചോര വീണ് ചുവന്ന ആ പൂഴിയിലേക്ക് ചുണ്ടുകള്‍ അടുക്കവേ എന്‍റെ ഹൃദയം ശക്തിയായി തുടിച്ചു. അപ്പോള്‍ യേശുവിനായി വേദസാക്ഷിണിയാകാനുള്ള വരം ഞാന്‍ അപേക്ഷിച്ചു. എന്‍റെ അപേക്ഷ കേട്ടു എന്നൊരുറപ്പ് ഹൃദയത്തിന്‍റെ അഗാധത്തില്‍ എനിക്ക് അനുഭവപ്പെട്ടു. സ്മാരകമായി കുറച്ച് കല്ലുകഷ്ണങ്ങള്‍ എടുത്ത് അവിടെനിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന ഞങ്ങളുടെ ഉന്‍മേഷം കണ്ടതിനാല്‍ അപ്പന്‍ ഞങ്ങളെ ശകാരിച്ചില്ല. നല്ല ദൈവം ഞങ്ങളെ സംരക്ഷിക്കുന്നുണ്ടായിരുന്നു.”
മറ്റ് തീര്‍ത്ഥകര്‍ ഇവരുടെ അസാന്നിധ്യം അറിഞ്ഞതുപോലുമില്ല. അവര്‍ കൗതുകകരമായ കാഴ്ചകള്‍ കണ്ട് നീങ്ങുകയായിരുന്നുവെന്നും അതിനാല്‍ തങ്ങളുടെ ഹൃദയത്തില്‍ നിറഞ്ഞ ആനന്ദം ഗ്രഹിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നും വിശുദ്ധ കുറിക്കുന്നു. തീര്‍ത്ഥാടനങ്ങളില്‍ നമുക്ക് വിശുദ്ധ കൊച്ചുത്രേസ്യയെ മാതൃകയാക്കാം.
'പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരം അനുകൂലമാകുമ്പോള്‍ നമ്മള്‍ ഹൃദയപൂര്‍വം നന്ദി പറയും. കടബാധ്യത മാറുമ്പോള്‍, രോഗം സുഖമാകുമ്പോള്‍, അപ്രാപ്യമെന്ന് കരുതുന്നവ ലഭിക്കുമ്പോള്‍ ഉള്ളില്‍ കൃതജ്ഞത നിറയും. എന്നാല്‍ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമായി ചോദിച്ചത് ലഭിക്കാതെ വരുമ്പോള്‍ അതിനെ നമ്മള്‍ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്. അവിടെയാണ് പ്രാര്‍ത്ഥന പുഷ്പിക്കുന്നത്, ഫലം ചൂടി നില്‍ക്കുന്നത്.
പ്രാര്‍ത്ഥനയുടെ കാതല്‍
പ്രാര്‍ത്ഥനയുടെ ലക്ഷ്യം ദൈവഹിതം അറിഞ്ഞ് അത് സ്വീകരിക്കുക എന്നതാണ്. ഈശോ പറയുന്നു, ‘പിതാവിന്‍റെ ഹിതം നിറവേറ്റുക എന്നതാണ് എന്‍റെ ഭക്ഷണം.’
ഈശോ പഠിപ്പിച്ച പ്രാര്‍ത്ഥനയിലും ഇത് വ്യക്തമാണ്. അങ്ങയുടെ തിരുമനസ് സ്വര്‍ഗത്തിലേതുപോലെ ഭൂമിയിലും ആകണമേ. ഗത്സമെനിയില്‍ ചോര ചിന്തി പ്രാര്‍
ത്ഥിക്കുന്ന ക്രിസ്തു ജീവിതംകൊണ്ട് പങ്കുവച്ചതും ഈ സന്ദേശം തന്നെ. പിതാവേ എന്‍റെ ഇഷ്ടമല്ല, അങ്ങയുടെ തിരുഹിതം നിറവേറട്ടെ. പ്രാര്‍ത്ഥനയെന്നാല്‍ ഹൃദയം ദൈവത്തിങ്കലേക്ക് ഉയര്‍ത്തുക എന്നത് മനസിലാക്കിത്തന്നത് വിശുദ്ധ അമ്മത്രേസ്യയാണ്. ദൈവത്തിന്‍റെ മനസറിഞ്ഞ് എന്‍റെ ഹൃദയത്തില്‍ ദൈവഹിതം ഏറ്റെടുക്കുക. ദൈവത്തോട് സംസാരിക്കുകയും എന്‍റെ ജീവിതവഴികള്‍ വേണ്ടവിധം തിരിച്ചറിയുകയും അതിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നതാണ് പ്രാര്‍ത്ഥന. ഇതാണ് പ്രാര്‍ത്ഥനയുടെ ഉള്‍പ്പൊരുള്‍.
നാം നമുക്കിഷ്ടപ്പെട്ടത് ചോദിക്കുന്നു എന്നതാണ് പ്രാര്‍ത്ഥനയുടെ കാതലായ പ്രതിസന്ധി. നമ്മളെടുക്കുന്ന തീരുമാനങ്ങള്‍; അത് ദൈവഹിതമായിരിക്ക
ണമെന്നില്ല. ചിലപ്പോഴത് തിന്മയിലേക്ക് വഴി തെളിക്കുന്നതുമായിരിക്കാം. അതുമല്ലെങ്കില്‍ സംഭവിക്കാന്‍ ഇടയില്ലാത്തതായിരിക്കാം നാം ചോദിക്കുന്നത്.
ചിലപ്പോള്‍ നമ്മുടെ ഹൃദയത്തില്‍ വിശ്വാസവും സ്നേഹവും നമുക്കുണ്ടാകണമെന്നില്ല. ഇങ്ങനെ ഏതുതരത്തില്‍ ആയിരുന്നാലും പ്രാര്‍ത്ഥനയ്ക്ക് ചോദിക്കുന്ന ഉത്തരം കിട്ടാത്തപ്പോള്‍ ദൈവം പ്രാര്‍ത്ഥന തിരസ്കരിച്ചു എന്ന തെറ്റായ നിഗമനത്തിലേക്ക് നമ്മള്‍ എത്തിച്ചേരുന്നു. ഒരുപക്ഷേ നമ്മുടെ പ്രാര്‍ത്ഥന തിരസ്കരിക്കപ്പെടുന്നത് നമ്മുടെ ഹൃദയങ്ങള്‍ ദൈവസന്നിധിയില്‍നിന്ന് അകന്നിരിക്കുന്നതുകൊണ്ടാകാം. അവിടെ ദൈവത്തിന്‍റെ കരുണയ്ക്കുവേണ്ടിയുള്ള കരച്ചിലായി മാറണം പ്രാര്‍ത്ഥന. അവിടെ അനുതാപത്തിനുവേണ്ടിയുള്ള സ്വരം മുഴങ്ങുന്നത് കേള്‍ക്കണം. ഹൃദയത്തില്‍ അപരനോട് വിരോധവും വെറുപ്പുമുള്ളപ്പോള്‍ നമ്മുടെപ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ സ്വീകരിക്കപ്പെടുകയില്ലെന്ന് വചനംതന്നെ വെളിപ്പെടുത്തുന്നു.
പ്രാര്‍ത്ഥനയില്‍ അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ട്. അത്ഭുതകരമായ ദൈവിക ഇടപെടലുകള്‍, യോഹന്നാന്‍റെ സുവിശേഷത്തില്‍ അടയാളങ്ങള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അടയാളങ്ങള്‍ അതില്‍ത്തന്നെ ലക്ഷ്യമല്ല. അവ മറ്റൊന്നിലേക്ക് വിരല്‍ ചൂണ്ടി നില്‍ക്കുന്നു. ഡോക്ടര്‍മാര്‍ ഇടപെട്ടും നമ്മള്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചും അത്ഭുതകരമായി രോഗസൗഖ്യം ലഭിച്ചു. ആ അത്ഭുതത്തില്‍ നമ്മള്‍ മതിമറന്നാല്‍ തെറ്റി, മറിച്ച് അതൊരു അടയാളമാണെന്ന കാര്യം ഓര്‍ത്തെടുക്കണം. നമ്മെയും മറ്റുള്ളവരെയും വിശ്വാസത്തില്‍ കൂടുതല്‍ വളര്‍ത്താനും ഹൃദയത്തെ വിശുദ്ധീകരിക്കാനും ഒരുപക്ഷേ ഇനിയും അനുതാപത്തിലേക്ക് നയിക്കാനും സാധിക്കുന്ന വിരല്‍ചൂണ്ടി. നമ്മുടെ തീര്‍ത്ഥാടന വഴികളില്‍ കാണുന്ന അത്ഭുതങ്ങളില്‍ നാം അകപ്പെട്ടാല്‍….
ദാതാവിനെ മറന്ന് ദാനങ്ങളില്‍ ആശ്രയിക്കുന്നതാണ് ഇന്നിന്‍റെ പ്രതിസന്ധി. ഈശോ സ്വര്‍ഗരാജ്യത്തിന്‍റെ ആഗമനം അടയാളപ്പെടുത്താനാണ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് നമ്മള്‍ മറന്നുകൂടാ.
ഒരു ജീവിതാനുഭവം കുറിക്കുന്നു. 2015-ലാണ് ഇത് സംഭവിച്ചത്. കുടുംബത്തിലെ ഏകമകനായ എനിക്ക് അമ്മയോട് വലിയ ആത്മബന്ധമാണുണ്ടായിരുന്നത്; അമ്മയ്ക്ക് എന്നോടും. അമ്മയ്ക്ക് പ്രായം കൂടിവന്നിരുന്നു, ഒപ്പം രോഗവും. ഒരിക്കല്‍ അമ്മ ഗൗരവമായ രോഗാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഞാന്‍ അമ്മയുടെ സൗഖ്യത്തിനായി ഉള്ളുരുകി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. നല്ല വിശ്വാസത്തോടെ, സ്നേഹം തുടിക്കുംവിധമായിരുന്നു ആ പ്രാര്‍ത്ഥനയെല്ലാം. ലഭി
ക്കാന്‍ പോകുന്ന സൗഖ്യമോര്‍ത്ത് നന്ദി പറഞ്ഞ് വിശ്വാസത്തോടെ ഞാന്‍ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയുടെ ശക്തിയും സൗഖ്യവും നേരിട്ടനുഭവിക്കാന്‍ ധാരാളം അവസരം ലഭിച്ച എനിക്കുറപ്പായിരുന്നു അമ്മ രോഗക്കിടക്ക വിട്ട് എഴുന്നേല്‍ക്കുമെന്ന്. പക്ഷേ അമ്മയുടെ രോഗം ഗുരുതരാവസ്ഥയിലേക്ക് നീങ്ങി. വെന്‍റിലേറ്ററിലേക്ക് നീക്കണമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴും ഞാന്‍ നിരാശനായില്ല. അബ്രാഹത്തിന്‍റെ പ്രാര്‍ത്ഥനയ്ക്ക് അവസാനനിമിഷം ഉത്തരം നല്കി അത്ഭുതകരമായി മകന്‍ ഇസഹാക്കിനെ തിരിച്ചു നല്‍കിയ ദൈവം, എനിക്കും മറുപടി തരുമെന്ന് ഞാന്‍ വിശ്വസിച്ചു. ഒരു വൈകിയ രാത്രിയില്‍ മെഡിക്കല്‍ ഐ.സി.യുവില്‍ എത്തി അമ്മയെ കണ്ട് ഒന്നുകൂടി പ്രാര്‍ത്ഥിച്ച് മുറിയിലേക്ക് നീങ്ങിയ ഓര്‍മകള്‍ മനസിലുണ്ട്. അന്ന് പ്രഭാതത്തിനുമുമ്പേ അമ്മ യാത്രയായി, നിത്യതയുടെ ലോകത്തിലേക്ക്.
അതറിഞ്ഞ നിമിഷങ്ങള്‍ എനിക്ക് ഇരുണ്ട രാത്രിയായിരുന്നു, ആത്മാവിന്‍റെ ഇരുണ്ട രാത്രി. വിശ്വാസം നഷ്ടപ്പെടുന്ന ഇരുട്ട് എന്നെ മൂടിനിന്നു. ദൈവമെന്തിന് എന്‍റെ പ്രാര്‍ത്ഥന നിരസിച്ചുവെന്ന ചോദ്യം എന്നെ മഥിച്ചു. ദൈവം ഉണ്ടോ എന്നുപോലും മനസില്‍ ചോദിച്ചു. അങ്ങനെ വിതുമ്പിനിന്ന നിമിഷങ്ങളില്‍ മനസിലൊരു പ്രകാശകിരണം പതിച്ചു. അവിടെയൊരു ഉത്തരവും തെളിഞ്ഞുവന്നു. അത് ഇങ്ങനെയായിരുന്നു: ‘മകനേ, നീ അര്‍പ്പിക്കുന്ന കുര്‍ബാന അബ്രാഹത്തിന്‍റെ ബലിയര്‍പ്പണമല്ല. അത് കാല്‍വരിയിലെ ബലിയര്‍പ്പണമാണ്. കാല്‍വരിയില്‍നിന്നും മറിയമെന്ന അമ്മ മലയിറങ്ങിയത് ഉത്ഥിതന്‍റെ മരണത്തിന് സാക്ഷിയായതിനുശേഷമാണ്. ഉത്ഥിതന്‍റെ മുഖം ആന്തരികമായി ദര്‍ശിച്ചുകൊണ്ട് അവള്‍ മലയിറങ്ങിവന്നു.’
ഒരിക്കലും പിരിയാത്ത ഉത്ഥിതന്‍റെ സാന്നിധ്യമാണ് പരിശുദ്ധ അമ്മയ്ക്ക് ശക്തി പകര്‍ന്നത് എന്ന ചിന്ത എന്നെ ബലപ്പെടുത്തി. വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു, എന്‍റെ പ്രാര്‍ത്ഥനയ്ക്ക് ദൈവം ഉന്നതമായ ഒരു ഉത്തരം നല്കിയിരിക്കുന്നുവെന്ന്. എന്‍റെ പ്രിയപ്പെട്ട അമ്മയെ എനിക്ക് നഷ്ടപ്പെട്ടിട്ടില്ല. മറിച്ച് ആ അമ്മസാന്നിധ്യം എനിക്ക് കൂടുതല്‍ സംലഭ്യമായിത്തീര്‍ന്നിരിക്കുന്നു. അവള്‍ മിശിഹായുടെ ഉത്ഥാനത്തിന്‍റെ മഹത്വത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ദൈവമെന്നോട് നേരിട്ട് സംസാരിച്ചിരിക്കുന്നു… എന്‍റെ പ്രാര്‍ത്ഥനാവേളകളില്‍… പ്രാര്‍ത്ഥന സ്നേഹം തുടിക്കുന്ന ഹൃദയഭാഷണമാണ്. ദൈവവും മനുഷ്യ
നും തമ്മില്‍ ഹൃദയപൂര്‍വം പങ്കുവയ്ക്കുന്ന വിശുദ്ധമായ നിമിഷങ്ങള്‍.
പ്രാര്‍ത്ഥനയില്‍ മടുപ്പും വിരസതയും ഉണ്ടാവുക തികച്ചും സ്വാഭാവികം. ഈ കെണിയില്‍നിന്നും വിടുതല്‍ പ്രാപിക്കാനുള്ള നല്ല വഴി വിരസതയുണ്ടാകുമ്പോ
ഴും മടുപ്പുകൂടാതെ പ്രാര്‍ത്ഥന തുടരുകയെന്നതാണ്. നിരന്തരമായ പ്രാര്‍ത്ഥനയിലൂടെ ദൈവം നല്‍കുന്ന ദാനമാണ് പ്രാര്‍ത്ഥനാവരം. കുഞ്ഞുങ്ങള്‍ നടക്കാന്‍ പഠിക്കുന്നതുപോലെയാകണം പ്രാര്‍ത്ഥനാജീവിതമെന്ന് ആത്മീയപിതാക്കന്മാര്‍ പഠിപ്പിക്കുന്നു. ആദ്യമൊക്കെ വീഴും. അപ്പോഴും എഴുന്നേറ്റ് യാത്ര തുടരണം.
മടുപ്പില്‍നിന്നും പുറത്തുകടക്കാന്‍ ഏതാനും കുറുക്കുവഴികള്‍:
വിശ്വാസം നിറയാന്‍ പ്രാര്‍ത്ഥിക്കുക
പ്രാര്‍ത്ഥനയില്‍ വിശ്വാസം നിറയുക ആത്മീയ ജീവിതത്തിന്‍റെ അടിത്തറയാണ്. ജീവിതത്തില്‍ എന്തു സംഭവിച്ചാലും ആദ്യം ദൈവത്തോടു പറയാനും പഠി
ക്കണം.
വൈദികവിദ്യാര്‍ത്ഥികളുടെ ആത്മീയ നിയന്താവായിരുന്നപ്പോള്‍ ഉണ്ടായ ഒരനുഭവം. ആത്മാവില്‍ നല്ല നിറവുള്ള ബ്രദേഴ്സ് ഉണ്ടായിരുന്ന ഒരു ബാച്ചായിരുന്നു അത്. എന്തെന്നറിയില്ല, വ്രതവാഗ്ദാനത്തിന് തൊട്ടുമുമ്പ് അവരില്‍ പലര്‍ക്കും പ്രാര്‍ത്ഥന മടുപ്പായി മാറി. മൂന്നോളം പേര്‍ സെമിനാരിപഠനം അവസാനിപ്പിച്ചെങ്കി
ലോ എന്ന ആശങ്കയിലുമെത്തി. ഓരോരുത്തരെയും കണ്ട് പ്രാര്‍ത്ഥിക്കുകയും ഉപദേശം നല്‍കുകയും ചെയ്തിട്ടും പ്രകടമായ മാറ്റമൊന്നും ഉണ്ടായില്ല. ശക്തമായ ഒരുള്‍പ്രേരണയാല്‍, ഒരു ദൈവവചനം നിരന്തരം ഉരുവിടുവാനുള്ള ഹോംവര്‍ക്ക് എല്ലാവര്‍ക്കും നല്‍കി. “അപ്പോള്‍ അപ്പസ്തോലന്മാര്‍ കര്‍ത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കണമേ” (ലൂക്കാ 17:5) എന്നതായിരുന്നു വചനം. കോഴ്സ് മുടങ്ങാതെ ആന്‍റിബയോട്ടിക് കഴിക്കുന്നതുപോലെ കഴിക്കണമെന്നും പറഞ്ഞു. ഒരാഴ്ചയോളം കുര്‍ബാനയില്‍ പ്രത്യേക നിയോഗമായി സമര്‍പ്പിക്കുകയും ചെയ്തു.
പത്ത് ദിവസങ്ങള്‍ക്കകം ആത്മീയപ്രതിസന്ധിയില്‍നിന്നും അവര്‍ മോചനം പ്രാപിച്ചു. അവര്‍ക്ക് നല്കിയ ദൈവവചനം ആദിമ സഭയുടെ ഒരു പ്രാര്‍ത്ഥനയായിരുന്നുവെന്ന് പിന്നീടാണ് മനസിലാക്കിയത്.
ഒന്നും പ്രത്യാശിക്കാതെ ആരാധിക്കുക
ഭൗതിക നിയോഗങ്ങള്‍ക്കായി നിരന്തരം പ്രാര്‍ത്ഥിച്ചാല്‍ ദൈവം ചിലപ്പോള്‍ ആത്മീയവിരസത അനുവദിക്കും. കുടുംബത്തെക്കുറിച്ചും മക്കളെക്കുറിച്ചും പ്രവര്‍ത്തനമേഖലകളെക്കുറിച്ചും ക്രമാതീതമായി ഉത്ക്കണ്ഠകള്‍ കൂടുകയും പ്രാര്‍ത്ഥനകളില്‍ ഈ ആകുലതകള്‍ മാത്രം തികട്ടിത്തികട്ടി വരികയും ചെയ്യുമ്പോള്‍ ദൈവത്തെ മറക്കാനും അങ്ങനെ സാത്താന്‍റെ ചതിക്കുഴിയിലേക്ക് വഴുതി വീഴാനുമുള്ള സാധ്യത കണ്ടറിഞ്ഞ് ദൈവം ചിലപ്പോള്‍ ആത്മീയ വിരസത അനുവദിക്കും. അത് ദാതാവിനെ മറന്ന് ദാനങ്ങള്‍ക്കുപിറകെ പോകാതിരിക്കാനാണ്.
ഇത് തിരിച്ചറിയുന്ന ദൈവപൈതല്‍ ജീവിതത്തിരക്കുകളില്‍നിന്നും ഒരു ദിവസം അല്ലെങ്കില്‍ ഒരു മണിക്കൂറെങ്കിലും അവധിയെടുത്ത് ഒരു നിത്യാരാ
ധന ചാപ്പലില്‍ അല്ലെങ്കില്‍ പള്ളിയിലെത്തുക. ദിവ്യകാരുണ്യത്തിലേക്ക് നോക്കി ‘ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വശക്തനും ദൈവവുമായ കര്‍ത്താവ് പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍” (വെളിപാട് 4:8) എന്നുമാത്രം ഉരുവിട്ടുകൊണ്ടിരിക്കുക. ജീവിതത്തിലെ ഭാരങ്ങളോ സ്വന്തം ആത്മീയമന്ദതപോലുമോ നിയോഗമായി കടന്നുവരരുത്. ഒന്നും ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യാതെ ആരാധനയ്ക്കര്‍ഹനായ ദൈവത്തെ
ഹൃദയംകൊണ്ട് ആരാധിച്ചാല്‍ തീക്ഷ്ണത തിരിച്ചുകിട്ടും.
ഇന്ദ്രിയാനുഭവം ആഗ്രഹിക്കരുത്
കുര്‍ബാനയില്‍ പങ്കെടുക്കുമ്പോഴും ബൈബിള്‍ വായിക്കുമ്പോഴും ദിവ്യകാരുണ്യാരാധന നടത്തുമ്പോഴുമെല്ലാം ആത്മാവില്‍ സന്തോഷവും മനസില്‍ ശാന്തിയും ആഗ്രഹിക്കാത്ത ആരും കാണുകയില്ല. ദൈവസാന്നിധ്യം നിറയുമ്പോഴാണ് ആത്മീയാനന്ദം കിട്ടുന്നത്. ഇത് നിരന്തരം ലഭിക്കുന്നത് അപകടമാണെന്നറിഞ്ഞ് വിശുദ്ധര്‍ ഇങ്ങനെയുള്ള അനുഭവങ്ങളോടു ‘നോ’ പറയാറുണ്ട്. ആത്മീയാനന്ദം കൂടുമ്പോള്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഇങ്ങനെ പറയുമായിരുന്നു: ‘മതി, കര്‍ത്താവേ, മതി.’
പ്രാര്‍ത്ഥനയില്‍ സമര്‍പ്പിച്ച നിയോഗങ്ങള്‍ ലഭിക്കുമ്പോഴും നിറഞ്ഞ ദൈവസാന്നിധ്യത്തില്‍ ആരാധിക്കാന്‍ കഴിയുമ്പോഴും ദൈവത്തില്‍ ആശ്രയിക്കാന്‍ കഴിയുന്നത് വിശ്വാസത്തിന്‍റെ താഴ്ന്ന പടിയാണ്. പ്രാര്‍ത്ഥനയ്ക്ക് ഒരുത്തരവും കിട്ടാതെ കഴിയുമ്പോഴും പ്രാര്‍ത്ഥനാവേളകളിലും ശുശ്രൂഷാവേദികളിലും ദൈ
വം മുഖം തിരിച്ചു നില്‍ക്കുകയാണോയെന്ന് സംശയിക്കേണ്ടിവരുമ്പോഴും മടുക്കാതെ പ്രാര്‍ത്ഥിക്കാനും ദൈവാശ്രയത്വത്തില്‍ വളരാനും കഴിയുന്നതാണ് യഥാര്‍ത്ഥ വിശ്വാസം.
ശീതീകരിച്ച നിത്യാരാധന ചാപ്പലില്‍ മൂന്നുമണിക്കൂര്‍ സ്വച്ഛമായി ഇരുന്ന് ആരാധിക്കുന്നതിനെക്കാള്‍ അനുഗ്രഹം അന്തരീക്ഷത്തിലെ ചൂടിലും രോഗങ്ങളുടെയും ജീവിതഭാരങ്ങളുടെയും നടുവിലും ‘ദൈവമേ ഞാന്‍ അങ്ങയില്‍ ആശ്രയിക്കുന്നു’ എന്ന് പറഞ്ഞ് ഹൃദയംകൊണ്ട് ആരാധിക്കാന്‍ കഴിയുമ്പോള്‍ ലഭിക്കും. പ്രാര്‍ത്ഥനയിലെ സഹനത്തെ അതിജീവിച്ചാല്‍ ജീവിതസഹനം എളുപ്പമാകും. പലവിചാരം വരുന്നല്ലോ എന്ന് ഭാരപ്പെടേണ്ട. പലവിചാരത്തോടെ പ്രാര്‍ത്ഥിക്കുന്നതല്ലേ പ്രാര്‍ത്ഥിക്കാതിരിക്കുന്നതിനെക്കാള്‍ നല്ലത്.
പ്രാര്‍ത്ഥനയിലും വചനവായനയിലും കുര്‍ബാനയര്‍പ്പണത്തിലും ഇന്ദ്രിയാനുഭവം ആഗ്രഹിക്കാതെ മുമ്പോട്ടുപോയാല്‍ വിശ്വാസം ജ്വലിക്കും. അതുവഴി മടുപ്പ് മാറും. വിശുദ്ധ കുര്‍ബാനയില്‍ മനസില്‍ ഉണര്‍വും ആത്മാവില്‍ ജ്വലനവും ആഗ്രഹിക്കേണ്ടതില്ല. പകരം വിശുദ്ധ കുര്‍ബാനയുടെ തുടക്കം മുതല്‍ അവസാനംവരെ ഗത്സമനിയിലെ വിശുദ്ധ മണിക്കൂറില്‍ ഉണര്‍ന്നിരിക്കാനുള്ള കൃപയ്ക്കായി പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കുകയും അത് പിന്തുടരുകയും ചെയ്താല്‍ അഭിഷേകം നിറയും.
കുമ്പസാരക്കൂട്ടിലേക്ക് കണ്ണീരോടെ ഓടുക
ആത്മീയാനന്ദം നഷ്ടമാകാനുള്ള ഒരു കാരണം വിശുദ്ധ ഫ്രാന്‍സിസ് സാലസ് ‘ഭക്തിമാര്‍ഗ പ്രവേശിക’യില്‍ വിവരിക്കുന്നുണ്ട്. ആത്മീയാനന്ദവും ദൈവസാന്നിധ്യവും നല്‍കി ദൈവം അനുഗ്രഹിച്ച വ്യക്തി ലോകസുഖങ്ങളിലേക്ക് മടങ്ങിയാല്‍ ആത്മീയാനന്ദം ദൈവം എടുത്തുമാറ്റും. ഒരു വ്യക്തിക്ക് പരിശുദ്ധ കുര്‍ബാനയില്‍ തികഞ്ഞ ഏകാഗ്രതയോടെ പങ്കെടുക്കാനുള്ള കൃപ നല്‍കി ധ്യാനാവസരത്തില്‍ ദൈവം അനുഗ്രഹിച്ചുവെന്ന് സങ്കല്‍പിക്കുക. എന്നാല്‍ അയാള്‍ അധികം വൈകാതെ ക്രിക്കറ്റുഭ്രമം മൂത്ത് രാത്രിയില്‍ ക്രിക്കറ്റ് കണ്ടുകൊണ്ടിരുന്നു. അതുനിമിത്തം പിറ്റേന്ന് വിശുദ്ധ കുര്‍ബാന മുടങ്ങിയാല്‍ ധ്യാനാവസരത്തില്‍ ലഭിച്ച അനുഭവം നഷ്ടപ്പെടാം. വിരസത വരുമ്പോള്‍ സ്വയം തിരിഞ്ഞുനോക്കി, കുറവുകള്‍ കണ്ടെത്തി, അനുതാപത്തോടെ കുമ്പസാരിച്ച് ചെറിയ പ്രായശ്ചിത്ത പ്രവൃത്തികള്‍ ചെയ്താല്‍ നഷ്ടപ്പെട്ട അനുഭവം ദൈവം തിരിച്ചുതരും. ആഴമേറിയ ബോധ്യത്തിലേക്കും അനുഭവത്തിലേക്കും നയിക്കാനായി ചിലപ്പോള്‍ അന്ധകാരം ദൈവം അനുവദിക്കുമെന്നും അറിയണം.
ദൈവമേ, പ്രത്യാശയോടെ പ്രാര്‍ത്ഥിക്കാനുള്ള കൃപ ഞങ്ങള്‍ക്ക് നല്‍കണമേ. അങ്ങനെ ഞങ്ങളുടെ ഹൃദയം അങ്ങയുടെ ഹൃദയത്തോട് എപ്പോഴും ചേര്‍ന്നിരിക്കട്ടെ.
'ഞായറാഴ്ചകളില്‍ ഞാന്‍ പി.എസ്.സി. പരീക്ഷാപരിശീലനത്തിന് പോയിക്കൊണ്ടിരുന്ന സമയം. ഞാന്‍ പോകുമ്പോള്‍ എന്‍റെ രണ്ടാമത്തെ കുഞ്ഞിനെ മമ്മിയാണ് നോക്കിക്കൊണ്ടിരുന്നത്. മമ്മിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നെങ്കിലും മകള്‍ പരീക്ഷയില്‍ വിജയിച്ച് ഒരു ജോലി നേടുന്നത് കാണാനുള്ള ആഗ്രഹംകൊണ്ട് മമ്മി ആ ഉത്തരവാദിത്വം ഏറ്റെടുത്തതാണ്. ഈയൊരു സാഹചര്യത്തിലാണെങ്കിലും മമ്മി അറിയാതെ ഞാന്‍ ക്ലാസില്‍നിന്ന് അല്പം നേരത്തേയിറങ്ങി അടുത്തുള്ള പള്ളിയില്‍പ്പോയി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ തുടങ്ങി. അതുനിമിത്തം ഞാന്‍ വീട്ടിലെത്താന്‍ അല്പം വൈകുമെന്നും അത് മമ്മിക്ക് അസ്വസ്ഥതയാണെന്നും അറിയാം. എങ്കിലും മൂന്നാം പ്രമാണം പൂര്‍ണമായി ലംഘിച്ച് ഞായറാഴ്ചയിലെ വിശുദ്ധ ബലി മുടക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. മാത്രവുമല്ല എന്‍റെ ഹൃദയവും മമ്മിയുടെ അവസ്ഥയും ഈശോയുടെ മുന്നില്‍ ചൊരിയാതെയും വയ്യായിരുന്നു.
മമ്മിയുടെ അപ്പോഴത്തെ രോഗാവസ്ഥ എന്നെ കൂടുതല്‍ വിഷമിപ്പിച്ചതിനും ഒരു കാരണമുണ്ട്. എന്‍റെ ഡാഡി പെട്ടെന്നുണ്ടായ സ്ട്രോക്ക് നിമിത്തമാണ് മരിച്ചത്. എങ്കിലും ഡാഡി മരണത്തിനായി ഒരുങ്ങിയിരുന്നു എന്ന് പിന്നീട് ഞങ്ങള്‍ക്ക് മനസിലായി. പക്ഷേ മമ്മിക്ക് ഡാഡിയുടെ മരണശേഷം വളരെയധികം സങ്കടമായിരുന്നു. ഡാഡിയുടെ വിയോഗംമാത്രമല്ല അദ്ദേഹത്തോടുള്ള കടമകള്‍ വേണ്ടവിധം നിറവേറ്റിയില്ല എന്ന കുറ്റബോധവുംകൂടിയായിരുന്നു സങ്കടത്തിന് കാരണം. അതിന്‍റെ പരിണതഫലമായിട്ടെന്നോണം അധികം വൈകാതെ മമ്മി രോഗാവസ്ഥയിലുമായി. ഈയൊരു പശ്ചാത്തലത്തിലാണ് ഞാന്‍ മമ്മിയറിയാതെ ബലിയര്‍പ്പണം നടത്തിക്കൊണ്ടിരുന്നത്.
അങ്ങനെയൊരു ഞായറാഴ്ച വിശുദ്ധ ബലിയില്‍ പങ്കെടുക്കുന്ന സമയം. മമ്മിയുടെ അപ്പോഴത്തെ സ്ഥിതി ഓര്‍ത്ത് ഹൃദയം നുറുങ്ങി ഞാന്‍ ഈശോയോട് പറഞ്ഞു, “കര്‍ത്താവേ, അങ്ങയുടെ ഈ ബലി മമ്മിയുടെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനുമായി കാഴ്ചവയ്ക്കുന്നു.” നിറകണ്ണുകളോടെ ആ ബലി പൂര്‍ത്തിയാക്കി വീട്ടിലേക്ക് യാത്രയായി.
എന്നാല്‍ വീട്ടില്‍ ഒരു വലിയ സന്തോഷം എന്നെ കാത്തിരുന്നിരുന്നു. അന്ന് മമ്മി എന്നെ സ്വാഗതം ചെയ്തത് ഈ വാക്കുകളോടെയാണ്, “മോളേ, ഇന്ന് എന്‍റെ മനസിന് വലിയ സമാധാനം. എന്‍റെ കടങ്ങളും പാപങ്ങളും ദൈവം ക്ഷമിച്ചു എന്നൊരു ബോധ്യം കിട്ടി!”
വിശുദ്ധ ബലിയുടെ മഹനീയത മനസിലാക്കാന്‍ ഇതിവിടെ കുറിക്കുകയാണ്.
'ചങ്ങലകളാല്‍ ബന്ധിതമായ കാരാഗൃഹവാസമാണ് ജെറോം എമിലിയാനി എന്ന വിശുദ്ധനെ സ്ഫുടം ചെയ്ത് രൂപപ്പെടുത്തിയത്. സ്വന്തം ശക്തിയില്‍ ആശ്രയിച്ചും ശത്രുക്കളെ കീഴ്പ്പെടുത്തിയും മുന്നേറിയ സൈനിക കമാന്‍ഡറായിരുന്ന എമിലിയാനി അതുവരെ ദൈവത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അല്ലെങ്കില്‍ ദൈവത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനുള്ള സമയം ആ സൈനിക ഉദ്യോഗസ്ഥനില്ലായിരുന്നു. എന്നാല്‍ ശത്രുക്കളുടെ തടവറയില്‍ ചങ്ങലകളാല്‍ ബന്ധിതമായി കഴിഞ്ഞ കാലഘട്ടം ലോകമോഹങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ജെറോമിനെ സഹായിച്ചു.
പരിശുദ്ധ മറിയത്തിന്‍റെ മാധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായി ജയില്‍ മോചിതനായ ജെറോം ആദ്യം പോയത് ട്രെവിസോ നാഥയുടെ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കാണ്. കാരാഗൃഹത്തില്‍ തന്നെ ബന്ധിച്ചിരുന്ന ചങ്ങല മാതാവിന് കാണിക്കയായി സമര്‍പ്പിച്ച ജെറോം മുന്‍കാലജീവിതത്തില്‍ തന്നെ വരിഞ്ഞുമുറുക്കിയിരുന്ന സ്വാര്‍ത്ഥതയുടെ എല്ലാ ചങ്ങലകളും ആ ദൈവാലയത്തില്‍ ഉപേക്ഷിച്ചാണ് മടങ്ങിയത്.
1486-ല്‍ വെനീസിലെ കുലീനമായ എമിലിയാനി കുടുംബത്തിലാണ് ജെറോമിന്‍റെ ജനനം. കൗമാരപ്രായത്തില്‍ പിതാവിനെ നഷ്ടമായ ജെറോം 15-ാം വയസില്‍ സൈന്യത്തില്‍ ചേര്‍ന്നു. കാംബ്രെ സൈന്യത്തിന്‍റെ ആക്രമണത്തില്‍ നിന്ന് ട്രെവിസോ മലനിരകളിലെ കോട്ട സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ജെറോമിനാണ് ലഭിച്ചത്. എന്നാല്‍ ജെറോമിന്‍റെ കീഴിലുള്ള സൈന്യത്തെ പരാജയപ്പെടുത്തിയ ശത്രുക്കള്‍ അദ്ദേഹത്തെ തടവിലാക്കി. അദ്ദേഹത്തെ പാര്‍പ്പിച്ച അഴുക്ക് നിറഞ്ഞ കിടങ്ങിലെ തടവറയിലാണ് ജെറോം എമിലിയാനി എന്ന വിശുദ്ധന്‍ ജനിക്കുന്നത്. തന്‍റെ ജീവിതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും വിചിന്തനം ചെയ്യാനും പ്രാര്‍ത്ഥിക്കുവാനും ഏറെ സമയം ലഭിച്ച ജെറോമിനുണ്ടായ മാനസാന്തരത്തിന്‍റെ ഫലങ്ങള്‍ തുടര്‍ന്നുള്ള അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ പ്രകടമായിരുന്നു.
മാതാവിന്‍റെ മാധ്യസ്ഥ്യത്തിലൂടെ ജയില്‍ മോചിതനായ ജെറോം കാസ്റ്റല്‍നോവോ ഡി ക്വറോയിലെ മജിസ്ട്രേറ്റായി നിയമിതനായി. എന്നാല്‍ അധികം താമസിയാതെ തന്നെ തന്‍റെ മരുമക്കളുടെ വിദ്യാഭ്യാസത്തിന് മേല്‍നോട്ടം വഹിക്കുന്നതിനായി അദ്ദേഹം വെനീസിലേക്ക് മടങ്ങി. ഏകദേശം ഈ കാലഘട്ടത്തിലാണ് അദ്ദേഹം തന്‍റെ വൈദികപഠനം ആരംഭിച്ചത്. 1518-ല്‍ ജെറോം എമിലിയാനി വൈദികനായി അഭിഷിക്തനായി. യുദ്ധത്തെ തുടര്‍ന്ന് ദാരിദ്ര്യവും പ്ലേഗ് പോലുള്ള പകര്‍ച്ചവ്യാധികളും നാട്ടിലെങ്ങും പടര്‍ന്ന സമയമായിരുന്നു അത്. ദുരിതങ്ങളുടെ കാലഘട്ടത്തില്‍ ആരും നോക്കാനില്ലാത്ത അനാഥരിലേക്കാണ് ജെറോമിന്‍റെ ശ്രദ്ധ പതിഞ്ഞത്. പ്രിയപ്പെട്ടവരും ബന്ധുക്കളും രോഗം മൂലമോ പട്ടിണി മൂലമോ വേര്‍പെട്ടതുമൂലം അനാഥരായ ധാരാളം ആളുകള്‍ അന്ന് വെനീസിലുണ്ടായിരുന്നു. അങ്ങനെ ആരുമില്ലാത്തവരുടെ കുടുംബാംഗവും പിതാവുമൊക്കെയായി ജെറോം മാറി.
സമ്പത്തും സമയവുമൊക്കെ അനാഥരെ ശുശ്രൂഷിക്കുന്നതിനായി മാറ്റിവച്ച ജെറോം അനാഥര്‍ക്ക് വേണ്ടി ഒരു ഭവനം വാടകയ്ക്ക് എടുത്തു. അവിടെ താമസിക്കുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നല്‍കി. ദൈവത്തെക്കുറിച്ചുളള അറിവായിരുന്നു ആദ്യമായി ജെറോം തന്‍റെ ഭവനത്തിലുള്ളവര്‍ക്ക് നല്‍കിയത്. ചോദ്യോത്തര രീതിയില്‍ കുട്ടികളെ മതബോധനം അഭ്യസിപ്പിക്കുന്ന രീതി ആരംഭിച്ചത് ജെറോമാണ്. അനാഥരായവരോടുള്ള സ്നേഹാധിക്യത്താല്‍ കുടുംബാംഗത്തെപ്പോലെയാണ് ജെറോം അവരെ പരിചരിച്ചത്. ഈ ശുശ്രൂഷയുടെ ഫലമായി ജെറോമിനും പ്ലേഗ് ബാധിച്ചു. ജെറോമിലൂടെ ഒരു പിതാവിന്‍റെ സ്നേഹം അനുഭവിച്ചറിഞ്ഞ നിരവധി കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയും പ്രാര്‍ത്ഥനയുടെ ഫലമായിരിക്കണം – ജെറോം വേഗം സുഖം പ്രാപിച്ചു. വെനീസിലെ അനാഥര്‍ക്ക് അവരുടെ അപ്പനെ തിരിച്ചുകിട്ടി.
മരണവുമായുള്ള ആ കണ്ടുമുട്ടല്‍ അദ്ദേഹത്തിന്‍റെ ആത്മാവില്‍ അവശേഷിച്ചിരുന്ന ഏതെങ്കിലും കെട്ടുകളുണ്ടെങ്കില്‍ അതുകൂടി പൊട്ടിച്ചു എന്ന് അദ്ദേഹത്തിന്‍റെ ശിഷ്ടകാലജീവിതം സാക്ഷ്യപ്പെടുത്തുന്നു. തന്‍റെ സമ്പത്തും സമയവും പൂര്‍ണമായി അനാഥരുടെയും ദരിദ്രരുടെയും ശുശ്രൂഷയ്ക്കായി മാറ്റിവച്ച അദ്ദേഹം മറ്റ് നഗരങ്ങളിലും അനാഥാലയങ്ങള്‍ സ്ഥാപിച്ചു. കൂടാതെ ഒരാശുപത്രിയും മാനസാന്തരപ്പെട്ട വ്യഭിചാരിണികള്‍ക്കായി ഒരു സ്ഥാപനവും ആരംഭിച്ചു.
മറ്റ് രണ്ട് വൈദികരുമായി ചേര്‍ന്ന് സൊമാഷി എന്ന നഗരം കേന്ദ്രീകരിച്ച് അനാഥരുടെ സംരക്ഷണത്തിനായി ക്ലെര്‍ക്ക്സ് റെഗുലര്‍ ഓഫ് സൊമാഷി (സിആര്‍എസ്) എന്ന പേരില്‍ ഒരു സന്യാസ സഭ ആരംഭിച്ചു. രോഗികളായവരെ പരിചരിച്ചതിനെ തുടര്‍ന്ന് വീണ്ടും പ്ലേഗ് ബാധിതനായ ജെറോം 1537 ഫെബ്രുവരി 8-ാം തിയതി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. എങ്കിലും അദ്ദേഹം സ്ഥാപിച്ച സൊമാഷി സന്യാസ സമൂഹത്തിലൂടെ ഇന്നും നിരവധി അനാഥര്‍ക്ക് ദൈവപിതാവിന്‍റെ സ്നേഹം അനുഭവവേദ്യമാകുന്നു. 1767-ല്‍ ക്ലെമന്‍റ് 13-ാമന്‍ മാര്‍പാപ്പ ജെറോം എമിലിയാനിയെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1928-ല്‍ പയസ് 11-ാമന്‍ മാര്‍പാപ്പ ജെറോം എമിലിയാനിയെ അനാഥരുടെയും ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെയും പ്രത്യേക മധ്യസ്ഥനായി പ്രഖ്യാപിച്ചു.
'ജനിച്ചപ്പോള്‍മുതല്‍ ഏകാന്തദ്വീപില്‍ മറ്റാരുമായും ബന്ധമില്ലാതെ ജീവിച്ചാലും ഒരു മനുഷ്യവ്യക്തിയില്‍ ജൈവികമായിത്തന്നെ അതീന്ദ്രിയമായതിനോട് ആകര്‍ഷണമുണ്ടാകും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ദൈവം മനുഷ്യനെ തന്നിലേക്ക് ആകര്‍ഷിക്കുന്ന വിധത്തിലാണ് മസ്തിഷ്കം തയാറാക്കിയിരിക്കുന്നത് എന്നതാണ് അതിന് കാരണം. അതിനാല്‍ത്തന്നെ തന്‍റെ സ്രഷ്ടാവിനെ തിരിച്ചറിയാന്‍ അതിന് കഴിയും. സ്വാഭാവികമായി മനുഷ്യമസ്തിഷ്കത്തിന് തന്‍റെ സ്രഷ്ടാവിന് തിരിച്ചറിയാന്‍ കഴിവുണ്ടെന്നിരിക്കിലും ഘടനാപരമായ ചില മാറ്റങ്ങള്‍ ചിലരെ ദൈവനിഷേധത്തിലേക്ക് നയിച്ചേക്കാം എന്നും പഠനങ്ങള്‍ പറയുന്നു.
അമേരിക്കയിലെ കേസ് വെസ്റ്റേണ്‍ റിസര്‍വ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ 2016-ല്‍ നടന്ന പഠനം ഉദാഹരണമാണ്. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികളുമായി ചേര്‍ന്ന് ഇവര്‍ നടത്തിയ പഠനത്തിന്‍റെ ഫലം വളരെ കൗതുകകരമായിരുന്നു. ദൈവവിശ്വാസികളുടെയും നിരീശ്വരവാദികളുടെയും മസ്തിഷ്ക ഘടനയുടെ താരതമ്യപഠനമാണ് നടത്തിയത്. താരതമ്യപഠനത്തെക്കുറിച്ച് പറയുംമുമ്പ് മനുഷ്യമസ്തിഷ്കത്തിന്‍റെ ഘടനയെക്കുറിച്ച് ചില വിവരങ്ങള്‍ അറിഞ്ഞിരിക്കണം.
മസ്തിഷ്കത്തിന്‍റെ ഇടത് അര്‍ധഗോളം അനലിറ്റിക്കല്‍, ഭാഷാപരം, ശാസ്ത്രീയം, ഗണിതപരം, സാങ്കേതികം തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ചിന്തകള്‍ക്കായുള്ളതാണ്. എന്നാല്‍ വലത് അര്‍ധഗോളമാകട്ടെ സാഹിത്യപരം, കാവ്യാത്മകം, മിസ്റ്റിക്കല്‍, മതാത്മകം, അവബോധജന്യം തുടങ്ങിയ വിഭാഗങ്ങളിലുള്ള ചിന്തകള്‍ക്കായുള്ളതാണ്.
ഇവ രണ്ടും തമ്മില്‍ ക്രിയാത്മകമായ ഒരു സംഘര്‍ഷം നിരന്തരം നടക്കുന്നുണ്ട്. Empathetic Neural Network, Analytical Neural Network എന്നിങ്ങനെയാണ് ഈ രണ്ട് ശ്യംഖലകള്‍ അറിയപ്പെടുന്നത്. സാഹചര്യത്തിനനുസരിച്ച് ഇതില്‍ ഒരു നെറ്റ്‌വർക്ക് മുന്‍തൂക്കം നേടുകയും അതിനനുസരിച്ച് ഒരു സാഹചര്യത്തോട് ആ വ്യക്തി പ്രതികരിക്കുകയും ചെയ്യും.
ഉദാഹരണമായി, ഒരു യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട് മറ്റൊരാള്‍ വീണുകിടക്കുന്നതായി ഒരു വ്യക്തി കാണുന്നു എന്നിരിക്കട്ടെ. അനലിറ്റിക്കല്‍ ന്യൂറല്‍ നെറ്റ്‌വർക്ക് ഉപയോഗിച്ച് ചിന്തിക്കുന്ന പക്ഷം അയാള്‍ മദ്യപിച്ച് വീണതായിരിക്കാം എന്ന് കരുതി സഹായം നിഷേധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ എംപതെറ്റിക് ന്യൂറല്‍ നെറ്റ്വര്‍ക്ക് ആ സമയത്ത് മുന്‍തൂക്കം നേടണം. അങ്ങനെയെങ്കില്‍ കാരണം എന്തുതന്നെയായിരുന്നാലും നിസഹായനായി കിടക്കുന്ന ആളെ സഹായിക്കണം എന്ന ചിന്തയിലേക്ക് ഈ വ്യക്തി എത്തിച്ചേരും. ഇതിനെയാണ് സാഹചര്യത്തിനനുസരിച്ച് മുന്‍തൂക്കം നേടുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
എന്നാല്‍ സാഹചര്യമനുസരിച്ച് അനുയോജ്യമായ നെറ്റ്‌വർക്ക് മുന്‍തൂക്കം നേടാത്ത തരത്തിലുള്ള മസ്തിഷ്കഘടനയാണ് നിരീശ്വരവാദികളില്‍ കാണപ്പെട്ടത്. ഇക്കാരണത്താലായിരിക്കാം അങ്ങനെയുള്ളവര്‍ക്ക് സ്രഷ്ടാവിനെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നത് എന്ന് ഊഹിക്കാം. മസ്തിഷ്കമുണ്ടെങ്കില്‍ മതാത്മകതയുമുണ്ടാകും എന്ന് ന്യൂറോതിയോളജിസ്റ്റുകള്‍ പറയുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറയുന്നതില്‍ യുക്തിയില്ല എന്നതാണ് ഇതില്‍നിന്ന് മനസിലാവുന്നത്.
തിരുവചനം പറയുന്നത് ശരിവയ്ക്കുകയാണ് ശാസ്ത്രം: “ദൈവത്തെക്കുറിച്ച് അറിയാന്‍ കഴിയുന്നവയെല്ലാം അവര്‍ക്ക് വ്യക്തമായി അറിയാം. ദൈവം അവയെല്ലാം അവര്‍ക്ക് വെളിപ്പെടുത്തിയിട്ടുണ്ട്” (റോമാ 1: 19).
'സന്തോഷവും അഭിമാനവും നിറഞ്ഞ മനസോടെ ഞാന്‍ ആ ക്ഷണപത്രികയിലേക്ക് വീണ്ടും നോക്കി. കരാട്ടെയിലെ ഉയര്‍ന്ന ബിരുദമായ 3rd Dan ബ്ലാക്ക് ബെല്‍റ്റ് നേടിയ ഞാന്‍ അഞ്ച് വര്‍ഷം സംസ്ഥാന ചാംപ്യനും ഒരു വര്‍ഷം അന്താരാഷ്ട്ര ചാംപ്യനുമായിരുന്നു എന്നതിനാലാണ് കേരളത്തില്‍ നടക്കുന്ന ഇന്‍റര്‍നാഷനല്‍ കരാട്ടെ ടൂര്‍ണമെന്‍റിലേക്ക് പ്രത്യേക ക്ഷണം. സൗദി കോണ്‍സുലേറ്റ് ജനറലിന്‍റെ പേഴ്സണല്‍ സെക്യൂരിറ്റി ചീഫ് ആയ എന്നെ അഭിമാനാര്‍ത്ഥം കോണ്‍സുലേറ്റിന്‍റെ സ്പോണ്‍സര്‍ഷിപ്പില്‍ ടൂര്‍ണമെന്‍റിനായി അയച്ചു. അങ്ങനെ തൃശൂരിലുള്ള എന്‍റെ വീട്ടിലെത്തി. ഉടനെതന്നെ തകൃതിയായി പരിശീലനം ആരംഭിച്ചു. എന്നാല്‍ ഒരു വിശ്രമവേളയില്‍ എന്‍റെ കാതുകളില്‍ ഒരു സ്വരം കേള്‍ക്കുകയാണ്, “നീ ഈ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ പോകുന്നില്ല.” ഈ അനുഭവം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
അതിനാല്‍ ഞങ്ങളുടെ ഡോക്ടര്‍ സംഘത്തെ സമീപിച്ച് സമഗ്രമായ മെഡിക്കല്‍ ചെക്കപ്പുകള്‍ ചെയ്തു. ഞാന്‍ പൂര്‍ണ ആരോഗ്യവാനാണെന്നാണ് അവര്‍ സാക്ഷ്യപ്പെടുത്തിയത്. എന്നാല്‍ എന്‍റെ കാതുകളില്‍ കേള്‍ക്കുന്ന സ്വരത്തിന് മാറ്റമൊന്നും ഉണ്ടായില്ല. വീണ്ടും ഞാന്‍ മറ്റൊരു ഡോക്ടറെ സമീപിച്ചു. അദ്ദേഹം പറഞ്ഞതുപ്രകാരം ഹെമറ്റോളജി ടെസ്റ്റുകള്‍ക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെത്തി. അവിടത്തെ പ്രാഥമിക പരിശോധനകള്‍ നടത്തി, എനിക്കൊരു കുഴപ്പവുമില്ല! എങ്കിലും വീണ്ടും എന്‍റെ നിര്‍ബന്ധം നിമിത്തം കൂടുതല്‍ ടെസ്റ്റുകളും ചെയ്തു. അപ്പോഴും എനിക്ക് ഒരു പ്രശ്നവുമില്ല! പക്ഷേ ഞാന്‍ കാതില്‍ കേട്ട സ്വരം മായുന്നില്ല.
“ഇനിയെന്തെങ്കിലും ടെസ്റ്റ് ബാക്കിയുണ്ടോ?” ഞാന്‍ ഡോക്ടറോട് ചോദിച്ചു.
“ഉണ്ട്, പക്ഷേ അതിന്‍റെ ആവശ്യമുണ്ടോ? എല്ലില്‍നിന്ന് മജ്ജ ഡ്രില്‍ ചെയ്തെടുത്താണ് ടെസ്റ്റ് ചെയ്യേണ്ടത്. കടുത്ത വേദനയുണ്ടാകും.” അദ്ദേഹം പറഞ്ഞു.
“സാരമില്ല, അതും ചെയ്യണം. എന്നാലേ എനിക്ക് ആത്മവിശ്വാസം ലഭിക്കൂ.”
അങ്ങനെ ആ ടെസ്റ്റ് ചെയ്തു. പിന്നെ റിസല്‍റ്റിനായുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പ്. ഒടുവില്‍ റിസല്‍റ്റ് തയാറായി എന്നുപറഞ്ഞ് എന്നെ ഡോക്ടറുടെ മുറിയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു സംഘം ഡോക്ടര്‍മാര്‍ ഇരിക്കുന്നു. “എന്താണ് റിസല്‍റ്റ്?” ഞാന്‍ അക്ഷമനായി.
കാതുകളില്‍ കേട്ട സ്വരത്തിന്‍റെ അര്‍ത്ഥം
പ്രധാനഡോക്ടറായ ഡോ. മാമ്മന്‍ ചാണ്ടി സാവധാനം എന്നോട് പറഞ്ഞു, “നിങ്ങള്‍ക്ക് എ.എല്‍.എല്‍ എന്ന രോഗമാണ്.”
“എന്താണ് ഡോക്ടര്‍ എ.എല്‍.എല്‍?”
ഡോക്ടര്‍ സൗമ്യതയോടെ അതിന് മറുപടി തന്നു, “അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ!” ലുക്കീമിയ എന്ന വാക്ക് ഞാന്‍ ഏതോ സയന്‍സ് ജേര്‍ണലില്‍ വായിച്ചിട്ടുണ്ട്. “ലുക്കീമിയ എന്നാല്‍ ബ്ലഡ് കാന്‍സറല്ലേ” പെട്ടെന്ന് ഞാന്‍ ചോദിച്ചു.
അതെ എന്നദ്ദേഹം മറുപടി നല്കിയതോടെ, എന്‍റെ കാതുകളില്‍ കേട്ട സ്വരത്തിന്‍റെ അര്‍ത്ഥം മനസ്സിലായി. ഞാന്‍ പുറത്തിറങ്ങി. ചിന്തകള്‍ക്ക് അഗ്നിപര്‍വതംപോലെ ചൂട് പിടിക്കുന്നു…
കുറച്ചുനേരം കഴിഞ്ഞ് വീണ്ടും ഡോക്ടറിനടുത്തെത്തി ഞാന്‍ ചോദിച്ചു, “ഡോക്ടര്‍, ഞാനിതുവരെ മദ്യപിച്ചിട്ടില്ല. സിഗരറ്റുപോലും വലിച്ചിട്ടില്ല. ഏറ്റവും നല്ല ഭക്ഷണം കഴിച്ചാണ് ജീവിച്ചത്. കായികമായി എന്‍റെ ശരീരം നന്നായി പരിപാലിച്ചതാണ്. പിന്നെന്തുകൊണ്ടാണ് എനിക്ക് ഈ രോഗം വന്നത്?” ഡോക്ടര്‍ എന്‍റെ കണ്ണുകളിലേക്ക് നോക്കി. പതിയെ എന്‍റെ തോളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു, “നോ റീസണ്‍! ദൈവത്തോട് ചോദിക്കണം!” എനിക്ക് ആ വാക്കുകള്‍ കേട്ട് കൂടുതല്‍ അസ്വസ്ഥത. അതിന് കാരണമുണ്ട്. ദൈവം മരിച്ചുപോയി എന്ന ഫ്രെഡറിക് നീഷേയുടെ പുസ്തകം വായിച്ച് കടുത്ത നിരീശ്വരവാദിയായി മാറിയ ആളാണ് ഞാന്‍. അതിനാല്‍ പരുക്കന്‍മട്ടില്‍ ഞാന്‍ ഡോക്ടറോട് പറഞ്ഞു, “എനിക്ക് അറിയേണ്ടത് ദൈവത്തെക്കുറിച്ചല്ല. ഈ രോഗത്തിന് ചികിത്സയുണ്ടോ എന്നാണ്.”
ദൈവവിശ്വാസിയായ ആ ഡോക്ടര്‍ പുഞ്ചിരിയോടെ തോളില്‍ തട്ടിക്കൊണ്ട് സൗമ്യമായി എന്നോട് പറഞ്ഞു, “ദൈവകൃപയാല്‍, ചികിത്സിക്കുകയാണ് നല്ലത്.”
1997 ജനുവരി ഒന്നാം തിയതിയായിരുന്നു ആ ദിവസം. ഞാന്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഒരു യുവഡോക്ടര്‍ എന്നോട് പുഞ്ചിരിയോടെ ഹാപ്പി ന്യൂ ഇയര്‍ ആശംസിച്ചു. ഞാന്‍ തിരിച്ച് ഒന്നും പറഞ്ഞില്ല. ആ പുതുവര്‍ഷത്തില്‍ എനിക്ക് എങ്ങനെ സന്തോഷിക്കാന്‍ കഴിയും?
കീമോതെറാപ്പി ആരംഭിച്ചതോടെ മുടിയെല്ലാം കൊഴിഞ്ഞു. ചര്‍മം കരുവാളിച്ചു. പല്ലുകളും നഖങ്ങളും കറുത്തു. ശരീരവും ശോഷിച്ചു. അതിവേഗമായിരുന്നു ഇതെല്ലാം.
അങ്ങനെ ഒരു മാസം കഴിഞ്ഞ് ഒരു ദിനം. ഒരു ജൂനിയര്‍ ഡോക്ടര്‍ എന്നെ സമീപിച്ചു. കഴിയാവുന്നത്ര സൗമ്യമായും സാന്ത്വനിപ്പിക്കുന്ന മട്ടിലും അദ്ദേഹം ഒരു കാര്യം എന്നോട് അവതരിപ്പിക്കുകയാണ്… “ഏറ്റവും വിലകൂടിയ മരുന്നുകളാണ് നിങ്ങള്‍ക്ക് നല്കിക്കൊണ്ടിരുന്നത്….. പക്ഷേ…. നിങ്ങളുടെ ശരീരം അതിനോട് പ്രതികരിക്കുന്നില്ല. അതിനാല്‍…. ഇനി…. 72 മണിക്കൂര്‍ കഴിഞ്ഞിട്ടേ എന്തെങ്കിലും പറയാനാകൂ.”
എനിക്ക് പെട്ടെന്ന് ഒന്നും മനസിലായില്ല. തിരിഞ്ഞ് നടക്കുന്ന ഡോക്ടറുടെ പിന്നാലെ ഞാന്‍ ചെന്നു, “ഡോക്ടര്‍, എന്താണ് ഈ 72 മണിക്കൂര്‍?”
അദ്ദേഹം പറഞ്ഞു, “നാട്ടില്‍നിന്നെത്തിയിരിക്കുന്ന നിങ്ങളുടെ ബന്ധുക്കളോട് മാമ്മന്‍ ചാണ്ടി സാര്‍ എല്ലാം പറഞ്ഞിട്ടുണ്ട്.” എന്തോ പന്തികേടുണ്ടെന്ന് എനിക്ക് മനസിലായി. ഞാന്‍ പുറത്തിറങ്ങി.
എന്നെ കാത്തിരിക്കുന്ന ഉറ്റവരുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. അത് കണ്ടപ്പോള്‍ 72 മണിക്കൂര്‍ എന്നതിന്‍റെ അര്‍ത്ഥം എനിക്ക് മനസിലായി. ഞാന്‍ പോയി എന്‍റെ ബെഡില്‍ കിടന്നു. ആ സമയത്ത് അപ്പുറത്ത് കിടന്നിരുന്ന ആള്‍ എന്‍റെ ഷര്‍ട്ടില്‍ പിടിച്ച് വലിക്കുന്നു, “നിങ്ങള്‍ക്ക് എന്താണ് പറ്റിയത്?” ആ അന്വേഷണം എനിക്ക് ഇഷ്ടപ്പെട്ടില്ല. ദേഷ്യത്തോടെ, നിശബ്ദനായിരിക്കാന്‍ പറഞ്ഞുകൊണ്ട് അയാളുടെ കൈ പിടിച്ചുനീക്കിയിട്ട് ഞാന്‍ തിരിഞ്ഞുകിടന്നു. എന്നാല്‍ അയാള്‍ വീണ്ടും ഞങ്ങള്‍ക്കിടയിലെ കര്‍ട്ടന്‍ നീക്കി എന്‍റെ ഷര്‍ട്ടില്‍ പിടിച്ചുവലിച്ചുകൊണ്ട് പറയുന്നു, “എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ.”
ഞാന്‍ ദേഷ്യത്തോടെ അയാളോട് പറഞ്ഞു, “ഞാന്‍ പ്രാര്‍ത്ഥിക്കാത്ത ആളാണ്. നീ വേണമെങ്കില്‍ പ്രാര്‍ത്ഥിച്ചോ.” എന്നിട്ട് ഞാന്‍ തിരിഞ്ഞുകിടന്നു. പെട്ടെന്ന് അദ്ദേഹത്തിന്‍റെ കട്ടില്‍ കുലുങ്ങുന്നതായി അനുഭവപ്പെട്ടു. അദ്ദേഹം ശ്വാസം കിട്ടാതെ പിടയുന്നു. ഞാന്‍ വേഗം അടുത്തുചെന്നപ്പോള്‍ വെപ്രാളത്തോടെ എന്‍റെ കോളറില്‍ പിടിച്ചുകൊണ്ട് പറയുന്നു, “എനിക്കായി പ്രാര്‍ത്ഥിക്കണേ…” പെട്ടെന്ന് ഡോക്ടര്‍മാര്‍ ഓടിവരുന്നത് ഞാന്‍ കണ്ടു. അദ്ദേഹത്തിന്‍റെ അന്ത്യനിമിഷങ്ങള്‍ക്ക് ഞാന്‍ സാക്ഷിയാവുകയായിരുന്നു. 72 മണിക്കൂര്‍ ആയുസ് നിശ്ചയിക്കപ്പെട്ട ഒരാള്‍ മറ്റൊരു മരണം കാണേണ്ടിവരുന്നത് എത്ര സങ്കടകരം!
വൈകാതെ നാട്ടില്‍നിന്ന് അമ്മ എന്നെ കാണാനെത്തി. അമ്മയ്ക്കുപോലും പെട്ടെന്ന് മനസ്സിലാകാത്തവിധം എന്‍റെ രൂപം മാറിപ്പോയിരുന്നു. എന്നെ കാണുമ്പോള്‍ കരയരുത്, ചിരിക്കണം, എന്നെ ആശ്വസിപ്പിക്കണം എന്നൊക്കെ പറഞ്ഞാണ് എല്ലാവരും അമ്മയെ പറഞ്ഞയച്ചിരിക്കുന്നത്. പക്ഷേ പെറ്റമ്മയ്ക്ക് അത് സാധിക്കുമോ? ‘നിനക്കെന്ത് പറ്റി മോനേ’ എന്ന ചോദ്യത്തോടെ എന്നെ ചുംബിക്കാനാഞ്ഞ അമ്മ തലചുറ്റി വീണു. അമ്മയെ മറ്റുള്ളവര്‍ പിടിച്ച് നീക്കുമ്പോള്‍ ഞാന്‍ വായ് പൊത്തി കരഞ്ഞു. പിന്നാലെ സുഹൃത്തുക്കള്‍ എന്നെ കാണാനെത്തി. അവര്‍ എന്‍റെ മുമ്പില്‍ ചിരിക്കാന്‍ ശ്രമിച്ചെങ്കിലും തിരിഞ്ഞുനിന്ന് കണ്ണ് തുടയ്ക്കുന്നത് ഞാന്‍ കണ്ടു.
ജീവിതം മാറ്റിമറിക്കാന്‍ വന്ന മിന്നാമിനുങ്ങ്
വീണ്ടും എന്‍റെ മുറിയില്‍ തനിച്ചായ സമയം. വാച്ചില്‍ നോക്കിയപ്പോള്‍ ഭീതിദമായ ചിന്ത…. ഞാന്‍ ആ വാച്ച് ഊരിവച്ചു. മുറിയിലെ ലൈറ്റുകളെല്ലാം അണച്ചു. ആ ഇരുട്ടത്ത് ഇരിക്കുമ്പോള്‍ ചുവരില്‍ ഒരു മിന്നാമിനുങ്ങ് മിന്നുന്നതുപോലെ…
കൗതുകത്തോടെ അടുത്തുചെന്ന് നോക്കി. അത് മിന്നാമിനുങ്ങല്ല, ചുവരില്‍ വച്ചിരിക്കുന്ന ഒരു ചിത്രത്തില്‍നിന്നാണ് വെളിച്ചം വരുന്നത്! അത് യേശുക്രിസ്തുവിന്‍റെ ഒരു ചിത്രമാണ്! പൊടിപിടിച്ചിരിക്കുന്നതുപോലെ തോന്നിയതുകൊണ്ട് തുടയ്ക്കാന്‍ ഞാന്‍ കൈയുയര്‍ത്തി. പെട്ടെന്ന് കണ്ണുകള്‍ക്ക് വിശ്വസിക്കാനാവാത്ത ഒരു കാഴ്ച! യേശു എന്നെ നോക്കി അതിമനോഹരമായി പുഞ്ചിരിക്കുന്നു!!! എന്‍റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി. എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷേ ഒന്നും പറയാനാവുന്നില്ല…. ഒടുവില്‍ നെഞ്ചില്‍ കൈയമര്‍ത്തിക്കൊണ്ട് ഞാന്‍ ഇങ്ങനെ പറഞ്ഞു, “എനിക്ക് ജീവിക്കണമെന്ന് ആഗ്രഹമുണ്ട്… എന്നെയൊന്ന് സഹായിക്കുമോ?”
പിന്നെ പെട്ടെന്ന്, ‘എന്നെയൊന്ന് സഹായിക്കുമോ’ എന്ന് ചോദിച്ച് ഞാന്‍ അലറിക്കരഞ്ഞു. കുറേ നേരം കരഞ്ഞിട്ട് ബെഡില്‍ കയറിക്കിടന്നു. അല്പം കഴിഞ്ഞപ്പോഴേക്കും ഒരു ഡോക്ടര്‍ എത്തി. എന്താണ് കരയുന്നത് എന്നെല്ലാം ചോദിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ട് എന്നോട് ഭക്ഷണം കഴിച്ചോ എന്നദ്ദേഹം അന്വേഷിച്ചു. അമ്മയെ കണ്ടപ്പോഴത്തെ സങ്കടം നിമിത്തം ഒന്നും കഴിക്കാന്‍ തോന്നുന്നില്ല എന്നായിരുന്നു എന്‍റെ മറുപടി. അതുകേട്ടിട്ട് ‘എന്‍റെ ബ്ലഡ് കൗണ്ട് വളരെ കുറവാണ്, ഭക്ഷണം കഴിക്കണം’ എന്നുപറഞ്ഞ് അദ്ദേഹം എന്‍റെ റിപ്പോര്‍ട്ട് കാണിച്ചുതന്നു. ബ്ലഡ് കൗണ്ട് 6.6. എന്നാല്‍ അതിനെക്കാള്‍ ഉപരി എന്‍റെ ശ്രദ്ധയില്‍പ്പെട്ടത് അതിനു മുകളില്‍ ചുവന്ന മഷിയില്‍ അടയാളപ്പെടുത്തിയിരുന്ന വാക്കുകളാണ്, ‘സിങ്കിംഗ് സ്റ്റേജ്’- മരണത്തിലേക്ക് മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്നു എന്നതിന്‍റെ മെഡിക്കല്‍ ഭാഷ. ഞാന്‍ ആ ഫയല്‍ അടച്ച് തിരികെ കൊടുത്തു.
മൂന്ന് കുപ്പി രക്തം കയറ്റണം എന്ന് ഡോക്ടര്‍ അറിയിച്ചു. അതിനായി ബ്ലഡ് കൗണ്ട് ഒന്നുകൂടി പരിശോധിക്കാന്‍വേണ്ടി എന്‍റെ അവശേഷിച്ച രക്തത്തില്‍നിന്ന് അല്പം എടുത്ത് അദ്ദേഹം പോയി. അസ്വസ്ഥതയോടെ ഞാന്‍ ചരിഞ്ഞുകിടന്നു. അങ്ങനെ കിടക്കുമ്പോള്‍ ക്രിസ്തുവിന്‍റെ ചിത്രം കാണാം. അറിയാതെ ഞാന്‍ മയങ്ങിപ്പോയി.
വാതിലില്‍ ഒരു മുട്ട് കേട്ടാണ് ഉണര്‍ന്നത്. ഡോക്ടര്‍ റിസല്‍റ്റുമായി വന്നിരിക്കുന്നു. ഭക്ഷണം കഴിച്ചോ എന്ന അന്വേഷണത്തിനുപിന്നാലെ അദ്ദേഹം ആകാംക്ഷയോടെ എന്നോട് മറ്റൊരു ചോദ്യം, “അമ്മ വന്നപ്പോള്‍ നിനക്ക് പുതിയ മരുന്നുകള്‍ എന്തെങ്കിലും കൊണ്ടുവന്ന് തന്നോ?”
“ഇല്ല” ഞാന്‍ പറഞ്ഞു.
“പുതിയ മരുന്നെന്തെങ്കിലും നിനക്ക് കയറ്റിയിരുന്നോ?”
“ഇല്ല. ഇനി 72 മണിക്കൂര്‍ കഴിഞ്ഞേ മരുന്ന് തരുകയുള്ളൂ എന്ന് സാര്‍ പറഞ്ഞതല്ലേ. മാത്രവുമല്ല, എന്തെങ്കിലും മരുന്നോ ഭക്ഷണമോ കഴിച്ചാല്‍ അത് ഫയലില്‍ രേഖപ്പെടുത്തുമല്ലോ.”
അതുകേട്ടപ്പോള്‍ ഒരു പുഞ്ചിരിയോടെ അദ്ദേഹം എനിക്ക് എന്‍റെ ഫയല്‍ കാണിച്ചുതന്നു. എന്‍റെ രക്തത്തിന്‍റെ അളവ് 9.8 ആയി ഉയര്‍ന്നിരിക്കുന്നു!!! യേശുക്രിസ്തുവിന്‍റെ പുഞ്ചിരി കാണുന്നതിന് മുമ്പ് 6.6 ആയിരുന്ന ബ്ലഡ് കൗണ്ട് ഇപ്പോള്‍ 9.8!!!
അതൊരു തുടക്കമായിരുന്നു. അതിനുശേഷം അവിടത്തെ ഹെമറ്റോളജി, ഓണ്‍കോളജി, എന്‍ഡോക്രൈനോളജി വിഭാഗങ്ങളിലെല്ലാം എന്‍റെ ശരീരത്തിന്‍റെ വിദഗ്ധ പരിശോധനകള്‍ നടത്തി. കാന്‍സറിന്‍റെ ഒരംശംപോലും പിന്നീട് എന്‍റെ ശരീരത്തില്‍ കണ്ടെത്താനായില്ല. ഞാന്‍ തിരികെ വീട്ടിലെത്തി.
അന്വേഷണത്തിലേക്ക്…
ആ അനുഭവത്തിനുശേഷം, യേശു ആരാണെന്നും യേശു എന്തിനാണ് ഇസ്ലാം മതത്തില്‍ ജനിച്ച അബ്ദുള്‍ അസീസ് എന്ന എന്നെ തേടിവന്നതെന്നും ഞാന്‍ അന്വേഷിക്കാന്‍ തുടങ്ങി. പലരോടും ഈ ചോദ്യം ചോദിച്ചു. അങ്ങനെയിരിക്കേ ഒരു സഹോദരി എനിക്കായി പ്രാര്‍ത്ഥിച്ചിട്ട് എന്‍റെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി ഒരു ബൈബിള്‍ തന്നു. അതില്‍നിന്ന് ലൂക്കാ രണ്ടാം അധ്യായമാണ് എനിക്ക് ലഭിച്ചത്. 2:10- “ദൂതന്‍ അവരോട് പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു” അത് എന്‍റെ ആദ്യചോദ്യത്തിനുള്ള ഉത്തരമായിരുന്നു. രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം കിട്ടിയത് ഏശയ്യാ 43:1-ല്‍നിന്നാണ്. “യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്‍റേതാണ്.”
വിശുദ്ധഗ്രന്ധം ഒരു നിധിയാണെന്ന് എനിക്ക് മനസിലായി. പരിശുദ്ധാത്മാവ് വചനത്തിലൂടെ എനിക്ക് അനേകം കാര്യങ്ങള്‍ വെളിപ്പെടുത്തിത്തന്നു. അനേകരെ അത് പഠിപ്പിക്കാന്‍ അവസരവും തന്നു. അന്ന് തൃശൂര്‍ മൈനര്‍ സെമിനാരി റെക്ടറായിരുന്ന മാര്‍ റാഫേല്‍ തട്ടിലിനെ അതുവഴി പരിചയപ്പെട്ടു. അദ്ദേഹത്തില്‍നിന്നാണ് പരിശുദ്ധ കുര്‍ബായെക്കുറിച്ച് അറിഞ്ഞത്. അതോടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും പരിശുദ്ധ കുര്‍ബാന സ്വീകരിക്കണം എന്ന് എനിക്ക് ആഗ്രഹമായി.
ആഗ്രഹിച്ച് പ്രാര്‍ത്ഥിച്ച് കാത്തിരുന്നതിന് അവസാനമായി 1998 ഏപ്രില്‍ 11-ന് ഫ്രാന്‍സിസ് അസ്സീസ്സി എന്ന പേരില്‍ മാമ്മോദീസ സ്വീകരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ കൃപ ലഭിച്ചു. ഇന്ന് രോഗികള്‍ക്കിടയില്‍ ശുശ്രൂഷ ചെയ്ത് ഞാന്‍ അവിടുത്തെ സേവിക്കുന്നു. വചനപ്രഘോഷണം, വിധപഠനപരിശീലനക്ലാസുകള്‍, ഗാനരചന, സംഗീതം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ അവിടുന്നെന്നെ ഉപയോഗിക്കുന്നു. എന്‍റെ ജീവിതത്തെ മാറ്റിമറിച്ചത് ഇന്നും ജീവിക്കുന്ന യേശുവാണ്.
'പാപങ്ങളുടെ മോചനത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ എനിക്കറിയില്ല. എങ്കിലും പരമകാരുണ്യവാനായ ദൈവം എന്‍റെ ജീവിതവുമായി ബന്ധ
പ്പെടുത്തി തീര്‍ത്തും സാധാരണക്കാരിയും ബലഹീനയും പാപിനിയുമായ എനിക്ക് വെളിപ്പെടുത്തിയതും അതില്‍നിന്ന് മനസ്സിലായതുമായ വിവിധ മാര്‍ഗ്ഗങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു.
സ്നേഹത്തിന്‍റെ മാര്‍ഗം
ഒരിക്കല്‍ എനിക്ക് യേശുവിന്‍റെ വളരെ മനോഹരമായ ഒരു ചിത്രം കിട്ടി. ആ ചിത്രത്തിലെ യേശുവിനെ നോക്കി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് ഹൃദയം സ്നേഹവും അനുതാപവും കൊണ്ട് നിറഞ്ഞു. ഞാന്‍ യേശുവിന് കുറെ ചുംബനം കൊടുത്തു. അപ്പോള്‍ യേശുവിന്‍റെ സ്വരം, “നിന്‍റെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.”
എനിക്ക് അത്ഭുതമായി. ഞാന്‍ ചോദിച്ചു, “ഈശോയേ, എന്‍റെ പാപങ്ങള്‍ ക്ഷമിക്കണമെന്ന് ഞാനിപ്പോള്‍ ആവശ്യപ്പെട്ടില്ലല്ലോ. പിന്നെ എന്തുകൊണ്ടാണ് എന്‍റെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് അങ്ങ് പറഞ്ഞത്?”
യേശു പറഞ്ഞു, “നീ ബൈബിള്‍ എടുത്ത് ലൂക്കാ 7: 36 -48 വരെ വായിക്കുക.” ഞാന്‍ ബൈബിള്‍ എടുത്തു വായിച്ചു.യേശു ഒരു ഫരിസേയന്‍റെ വീട്ടില്‍ ഭക്ഷ
ണത്തിനിരിക്കെ പാപിനിയായ സ്ത്രീ അവിടുത്തെ പാദങ്ങള്‍ കണ്ണീരുകൊണ്ട് കഴുകി, സുഗന്ധതൈലം പൂശി ചുംബിച്ച സംഭവമാണ് അവിടെ വിവരിക്കുന്നത്. ഒടുവില്‍ യേശു ഇപ്രകാരം പറയുന്നു:
“ഞാനിവിടെ പ്രവേശിച്ചതുമുതല്‍ എന്‍െറ പാദങ്ങള്‍ ചുംബിക്കുന്നതില്‍നിന്ന് ഇവള്‍ വിരമിച്ചിട്ടില്ല. നീ എന്‍റെ തലയില്‍ തൈലം പൂശിയില്ല, ഇവളോ എന്‍െറ പാദങ്ങളില്‍ സുഗന്ധതൈലം പൂശിയിരിക്കുന്നു. അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്നേഹിച്ചു. ആരോട് അല്‍പം ക്ഷമിക്കപ്പെടുന്നുവോ അവന്‍ അല്‍പം സ്നേഹിക്കുന്നു.
അവന്‍ അവളോടു പറഞ്ഞു: നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.”
ഇത്രയും വായിച്ച് നിര്‍ത്തി ഞാന്‍ യേശുവിന്‍റെ മുഖത്തേക്ക് നോക്കി. യേശു പറഞ്ഞു, “അതുതന്നെയാണ് ഇപ്പോള്‍ ഇവിടെയും സംഭവിച്ചത്. നീ ബൈബിള്‍ വെറുതെ വായിച്ച് പേജ് മറിച്ച് വിടുക മാത്രം ചെയ്യുന്നു, ഒന്നും മനസ്സിലാകുന്നില്ല. ദൈവത്തിന്‍റെ മനസ്സ് അറിയാന്‍ വേണ്ടി നീ ബൈബിള്‍ വായിക്കുക.”
സ്നേഹം നിരവധി പാപങ്ങളെ മറയ്ക്കുന്നു (1 പത്രോസ് 4:8).
ഇവിടെ പറയുന്നത് നാം അറിഞ്ഞതും അറിയാത്തതുമായ ലഘുപാപങ്ങളുടെ മോചനത്തിനുള്ള ഒരു മാര്‍ഗത്തെക്കുറിച്ചാണ്. മറ്റ് മാര്‍ഗങ്ങളെക്കുറിച്ച് പിന്നീട് എഴുതാം. ദൈവത്തോടൊപ്പം സമയം ചെലവഴിക്കുക, അവിടുത്തെ ചുംബിച്ചുകൊണ്ട് സ്നേഹം പ്രകടിപ്പിക്കുക, സംസാരിക്കുക, ദൈവസ്നേഹപ്രകരണങ്ങള്‍ ചൊല്ലുക, ദൈവത്തോടുള്ള സ്നേഹത്തെ പ്രതി ദൈവത്തിന്‍റെ ആഗ്രഹങ്ങള്‍ മനസ്സിലാക്കി ഓരോ പ്രവൃത്തിയും കാഴ്ചവയ്ക്കുക, അവിടുത്തെ ഹിതം നിറവേറ്റുക ഇങ്ങനെയൊക്കെ ദൈവത്തോടുള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കാന്‍ നമുക്ക് സാധിക്കും.
യേശു തുടര്‍ന്നു, “എന്‍റെ മകളേ, പ്രഥമവും പ്രധാനവുമായ കല്‍പ്പന ദൈവത്തെ സ്നേഹിക്കുക എന്നതാണ്. ദൈവസ്നേഹത്താല്‍ പ്രേരിതമായി മാത്രം പരസ്നേഹ പ്രവൃത്തികള്‍ ചെയ്യുക. ദൈവസ്നേഹത്താല്‍ പ്രേരിതമല്ലാത്ത പരസ്നേഹപ്രവൃത്തി വെള്ളത്തില്‍ വരച്ച വര പോലെയാണ്. ദൈവസ്നേഹത്താല്‍ പ്രേരിതമായ പുണ്യപ്രവൃത്തികള്‍ ചെയ്യുവിന്‍. അല്ലാത്തത് എനിക്ക് സ്വീകാര്യമല്ല. കാരണം അത് എനിക്ക് മലിനവസ്ത്രം പോലെയാണ് (ഏശയ്യാ 64:6). ദൈവസ്നേഹത്തില്‍ ആഴപ്പെടുന്നതനുസരിച്ച് സകല ദൈവിക പുണ്യങ്ങളും താനേ നിന്നില്‍ വന്നുചേര്‍ന്നുകൊള്ളും. കാരണം സകല ദൈവിക പുണ്യങ്ങളുടെയും ഉറവിടം ദൈവമാണ്. ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കാണ് സര്‍വ്വവും വാഗ്ദാനം ചെയ്തിരിക്കുന്നത്. ദൈവസ്നേഹത്തില്‍ ആഴപ്പെടുന്നതനുസരിച്ച് നിന്‍റെ പാപങ്ങള്‍ മായ്ക്കപ്പെടും.”
അപ്പോള്‍ എനിക്ക് വേറൊരു സംശയം തോന്നി, “ഈശോയേ, ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ. ചില കുടുംബങ്ങളിന്‍മേലുള്ള പാപ ശാപ ബന്ധനങ്ങളില്‍നിന്നും എങ്ങനെയാണ് അവര്‍ക്ക് മോചനം പ്രാപിക്കാന്‍ സാധിക്കുന്നത്? അവര്‍ എത്ര പ്രാര്‍ത്ഥിച്ചിട്ടും പരിഹാരം ചെയ്തിട്ടും അവര്‍ ഇപ്പോഴും ദുരിതങ്ങള്‍ അനുഭവിക്കുന്നു.”
യേശു പറഞ്ഞു, “നിന്‍റെ പ്രാര്‍ത്ഥനയും പരിഹാരവുംപോലും എന്നോടുള്ള സ്നേഹത്തെപ്രതി ആയിരിക്കണം. ദൈവസ്നേഹത്തില്‍ ആഴപ്പെടുന്നതനുസരിച്ചായിരിക്കും നിങ്ങളുടെ വിശുദ്ധീകരണം നടക്കുക. കാരണം സ്നേഹം സ്നേഹത്തോടു മാത്രമേ ചേരുകയുള്ളൂ. ദൈവസ്നേഹത്തില്‍ ആഴപ്പെടുന്നതനുസരിച്ചായിരിക്കും, അതായത് എന്ന് നിങ്ങള്‍ എന്നെ ആത്മാര്‍ഥമായി സ്നേഹിക്കാന്‍ തുടങ്ങുന്നുവോ അന്നുതൊട്ടായിരിക്കും, നിങ്ങളുടെമേല്‍ ഉള്ള എല്ലാ പാപശാപ ബന്ധനങ്ങളില്‍നിന്നും മോചനം ലഭിക്കാന്‍ തുടങ്ങുക.”
പലപ്പോഴും വിശുദ്ധര്‍ തങ്ങളുടെ ഏറ്റവും ചെറിയ പ്രവൃത്തിപോലും ദൈവസ്നേഹത്തെപ്രതി ചെയ്യുമ്പോള്‍ ധാരാളം ആത്മാക്കളുടെ രക്ഷയ്ക്ക് കാരണമായതായി വായിച്ചിട്ടുണ്ട്. എന്നാല്‍ അതുപോലെ വിശുദ്ധരെ അനുകരിച്ച് ഞാന്‍ ദൈവത്തോടുള്ള സ്നേഹത്തെപ്രതി ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ആത്മാക്കളെ രക്ഷിക്കാന്‍ കഴിയുന്നതായി എനിക്ക് തോന്നിയിട്ടില്ല. ഇവിടെയാണ് എനിക്ക് തെറ്റ് പറ്റിയത്. ഞാന്‍ എന്‍റെ സ്നേഹംതന്നെയാണ് ദൈവത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ വിശുദ്ധരാകട്ടെ യേശുവിന്‍റെ സ്നേഹമാണ് ദൈവത്തിന് സമര്‍പ്പിച്ചിരുന്നത്. ഇതുമൂലമാണ് അവര്‍ക്ക് ധാരാളം ആത്മാക്കളെ രക്ഷിക്കാന്‍ സാധിച്ചതും.
വിശുദ്ധ കൊച്ചുത്രേസ്യ പറയുന്നു, ‘അങ്ങെന്നെ സ്നേഹിക്കുന്നതിനോടൊപ്പം അങ്ങേയ്ക്ക് പ്രതിസ്നേഹം നല്‍കുവാന്‍ അങ്ങയുടെ സ്നേഹംതന്നെ എനിക്ക് വേണ്ടിയിരിക്കുന്നു.
‘നാം കരുണക്കൊന്ത ചൊല്ലുമ്പോള്‍ ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെപ്രതി നമ്മോടു കരുണ ആയിരിക്കണമെന്നാണ് പ്രാര്‍ത്ഥിക്കുന്നത്; നമ്മുടെ സഹനങ്ങളെപ്രതി കരുണ കാണിക്കണമെന്നല്ല. യേശുവിന്‍റെ യോഗ്യതകളാണ് നാം പിതാവിന് കാഴ്ചവയ്ക്കേണ്ടത്. പരിശുദ്ധ അമ്മ പറയുന്നു, ‘എന്‍റെ മകളേ, എന്‍റെ പുത്രന്‍ യേശുവിന്‍റെ ഹൃദയം കൊണ്ട് പരിശുദ്ധ ത്രിത്വത്തെ നീ സ്നേഹിക്കുക.’
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏറ്റവും പരിശുദ്ധ ത്രിത്വമേ ഈശോയുടെ തിരുഹൃദയത്തിലെ അനന്തമായ സ്നേഹം പരിശുദ്ധ അമ്മയുടെ വിമല ഹൃദയം വഴി ഞാന്‍ കാഴ്ചവയ്ക്കുന്നു. സ്നേഹത്തിന്‍റെ സത്തയായപരിശുദ്ധാത്മാവേ എന്നില്‍ വന്ന് നിറയണമേ, ആത്മാക്കളെ രക്ഷിക്കണമേ, ആമ്മേന്‍.
സ്വര്‍ഗ്ഗം വെളിപ്പെടുത്തിയ പ്രാര്‍ത്ഥന എന്നാണ് ഞാന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. പ്രാര്‍ത്ഥന എന്നത് ഒരു സ്നേഹപ്രവൃത്തി ആയതിനാല്‍ ഈ പ്രാര്‍ത്ഥന കല്‍പ്പനകളുടെ പൂര്‍ത്തീകരണമാണ്. ഇതില്‍ ദൈവസ്നേഹവും പരസ്നേഹവും അടങ്ങിയിരിക്കുന്നു. ആയതിനാല്‍ പാപങ്ങളുടെ മോചനത്തിനും കടങ്ങളുടെ പൊറുതിക്കും കാരണമായിത്തീരുന്നു. ഇത് നിരന്തരം സുകൃതജപമായി ചൊല്ലിയാല്‍ പാപശാപബന്ധനങ്ങളില്‍നിന്നും മോചനം പ്രാപിക്കാന്‍ സാധിക്കും.
'2020-ന്‍റെ ദിവസങ്ങളിലേക്ക് നാം കാലെടുത്ത് വച്ചിരിക്കുന്നു. ഈ പുതുവത്സരത്തില്‍ യാത്ര ആരംഭിക്കുംമുമ്പ് നമുക്ക് നമ്മെത്തന്നെ ഒന്നു പരിശോധിച്ചു നോക്കാം. ആരുടെ വഞ്ചിയിലേക്കാണ് നാമിപ്പോള്‍ കാലെടുത്തുവച്ചിരിക്കുന്നത്? യേശു തുഴയുന്ന വഞ്ചിയിലോ അതോ സാത്താന്‍റെയും ലോകത്തിന്‍റെയും വഞ്ചിയിലോ?
ഒരുപക്ഷേ നമ്മള്‍ ആഗ്രഹിച്ചത് യേശുവിന്‍റെ വഞ്ചിയില്‍ത്തന്നെ കാലുകള്‍ ചവിട്ടണം എന്നായിരിക്കാം. നമ്മള്‍ വിശ്വസിച്ചിരുന്നതും നമ്മുടെ കാലുകള്‍ യേശുവിന്‍റെ വഞ്ചിയില്‍ത്തന്നെ ആണ് എന്നും ആയിരിക്കാം. യേശുവിന്‍റെ വഞ്ചിയില്‍ എന്നോര്‍ത്ത് നാം കാലെടുത്തു വച്ചിരിക്കുന്നത് സാത്താന്‍റെ വഞ്ചിയിലാണോ? അതോ നമ്മുടെയെല്ലാം ഒരു കാല്‍ യേശുവിന്‍റെ വഞ്ചിയിലും മറ്റേ കാല്‍ സാത്താന്‍റെ (ലോകത്തിന്‍റെ) വഞ്ചിയിലും ആണോ? ഇരുവഞ്ചിയില്‍ കാല്‍ ചവിട്ടിയാല്‍ എന്തു സംഭവിക്കും? എതിര്‍ദിശയില്‍ വഞ്ചികള്‍ നീങ്ങാന്‍ തുടങ്ങുമ്പോള്‍ ഒന്നിലും നിലയുറപ്പിക്കാന്‍ കഴിയാതെ നമ്മള്‍ നിലയില്ലാത്ത നീര്‍ക്കയത്തിലേക്ക് മറിഞ്ഞുവീഴുകയും ആരും രക്ഷിക്കാനില്ലാതെ മുങ്ങിച്ചാകുകയും ചെയ്യും. ഇന്നത്തെ വലിയൊരു പങ്ക് ക്രിസ്ത്യാനികളുടെയും അവസ്ഥ ഇതുതന്നെ ആണെന്ന് പറയാതിരിക്കാന്‍ വയ്യ.
കര്‍ത്താവിന്‍റെ വചനം നമ്മോട് ഇപ്രകാരം ചോദിക്കുന്നു: “നിങ്ങള്‍ എത്രനാള്‍ രണ്ടു വഞ്ചിയില്‍ കാല്‍ വയ്ക്കും. കര്‍ത്താവാണ് ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുവിന്‍. ബാലാണ് ദൈവമെങ്കില്‍ അവന്‍റെ പിന്നാലെ പോകുവിന്‍” (1 രാജാക്കന്മാര്‍ 18:21). ലോകത്തെയും അതേസമയം ദൈവത്തെയും ഒരേ അളവില്‍ പ്രീതിപ്പെടുത്തുവാന്‍ ശ്രമിക്കുന്ന ക്രിസ്ത്യാനി ഏറ്റവും ഹതഭാഗ്യനാണ് എന്ന് തിരുവചനങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. “ഈ ലോക ജീവിതത്തിനായി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചവരാണ് നാമെങ്കില്‍ മറ്റെല്ലാ മനുഷ്യരെയുംകാള്‍ നാം നിര്‍ഭാഗ്യരാണ്” (1 കോറിന്തോസ് 15:19).
രണ്ടും വേണം എനിക്ക്
ലോകവും വേണം, ദൈവവും വേണം എനിക്ക് എന്നതാണ് ഇന്ന് ഏറെപ്പേരുടെയും നിലപാട്. നമ്മള്‍ ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ ഈ ലോകത്തിന്‍റെ കാര്യങ്ങള്‍ അറിയേണ്ടേ എന്നതാണ് ഇന്ന് പലരുടെയും ചോദ്യം. അറിയുന്നതിലല്ല അഡിക്റ്റാകുന്നതില്‍ (അടിമത്തം) ആണ് പ്രശ്നം. ലോകത്തില്‍ ജീവിക്കുന്നതിലല്ല, ലോകത്തെയും അതിന്‍റെ വസ്തുക്കളെയും സ്നേഹിച്ച് അവയ്ക്ക് അടിമപ്പെടുന്നതിലാണ്. “ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിച്ചാല്‍ പിതാവിന്‍റെ (ദൈവത്തിന്‍റെ) സ്നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല. എന്തെന്നാല്‍ ജഡത്തിന്‍റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്‍റെ അഹന്ത എന്നിങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്‍റേതല്ല. പ്രത്യുത ലോകത്തിന്‍റേതാണ്” (1 യോഹന്നാന്‍ 2:15-16).
തിരുവചനങ്ങളിലൂടെ ദൈവം നമ്മെ തിരുത്തുന്നത് നമുക്ക് ശ്രവിക്കാം. “വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്‍റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്‍റെ ശത്രുവാക്കുന്നു” (യാക്കോബ് 4:4).
ഹൈറേഞ്ചിലെ അമ്മച്ചി
താല്‍ക്കാലിക നിയമനങ്ങളില്‍ ഞാന്‍ ഹൈറേഞ്ചിലെ മലമടക്കുകളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന കാലം. പള്ളിയോടും പട്ടക്കാരനോടും വിശുദ്ധ കുര്‍ബാനയോടുമെല്ലാം വലിയ ഭക്തി പുലര്‍ത്തുന്ന ഒരമ്മച്ചിയെ കണ്ടുമുട്ടുവാനും പരിചയപ്പെടാനും ഇടയായി. അമ്മച്ചി രാവിലെ നാലര മണിക്ക് ഉണരും. പല്ലുതേച്ച് മുഖം കഴുകി കട്ടന്‍ കാപ്പിയും റസ്ക്കും കഴിച്ച് ഉടന്‍തന്നെ വസ്ത്രം മാറി ടോര്‍ച്ചും തെളിച്ച് പള്ളിയിലേക്ക് ഒരൊറ്റ പോരലാണ്. അവിടെ വന്ന് മാതാവിന്‍റെ മുറ്റമടിക്കും. ആ പള്ളി മാതാവിന്‍റെ നാമധേയത്തില്‍ സ്ഥാപിതമായതായിരുന്നു. അതു കഴിഞ്ഞ് കുര്‍ബാന. കുര്‍ബാനയ്ക്ക് ഭക്തിയോടെ ഏറ്റവും മുന്‍നിരയില്‍ അമ്മച്ചിയുണ്ട്. ഏറ്റവും ആദ്യം വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതും അമ്മച്ചിയാണ്. ആഴ്ചയിലൊന്ന് കുമ്പസാരിക്കും. ധര്‍മക്കാരെ കണ്ടാല്‍ ദാനധര്‍മവും ചെയ്യും. പക്ഷേ ഇതുകഴിഞ്ഞാല്‍ അമ്മച്ചി വേറൊരാളാകും.
പോകുന്ന വഴിക്ക് സമപ്രായക്കാരായ മറ്റമ്മച്ചിമാരും ഉണ്ട് കൂട്ടിന്. മരുമകളുടെ കുറ്റവും ഇന്നത്തെ തലമുറയുടെ പള്ളീം പട്ടക്കാരുമില്ലാത്ത ജീവിതവും എല്ലാം കണ്ണീരോടും വിലാപത്തോടുംകൂടി അമ്മച്ചിയുടെ നേതൃത്വത്തില്‍ മറ്റ് അമ്മച്ചിമാരെല്ലാവരുംകൂടി ചര്‍ച്ച ചെയ്യും. അങ്ങനെ വീട്ടുകാര്യവും നാട്ടു
കാര്യവുമെല്ലാം ചര്‍ച്ച ചെയ്ത് കുറ്റം വിധിക്കാവുന്നവരെയെല്ലാം വിധിച്ച് വീട്ടിലെത്തിയാലുടന്‍തന്നെ അമ്മച്ചിക്ക് ചൂടുള്ള പാല്‍കാപ്പിയും പലഹാരങ്ങളും മേശപ്പുറത്ത് വേണം. അല്പം വൈകിപ്പോയാല്‍ മരുമകളെ ചീത്ത പറയും. ഞാന്‍ ഇങ്ങനെയൊന്നുമല്ല കാരണവന്മാരെ നോക്കിയതെന്നും കാരണവന്മാരെ (അമ്മച്ചിയെ) വേണ്ടവിധത്തില്‍ നോക്കിയില്ലെങ്കില്‍ ഒന്നിനും ഗുണം പിടിക്കുകയില്ല എന്നും പറയും.
പാവം മരുമകള്‍. പ്രായവ്യത്യാസം അധികമില്ലാത്ത നാല് ആണ്‍കുട്ടികളെ ഹോംവര്‍ക്ക് ചെയ്യാന്‍ സഹായിച്ച്, രാവിലെ ഭക്ഷണവും ടിഫിനും ഒരുക്കി, അവര്‍ തമ്മിലുള്ള വഴക്കും തീര്‍ത്ത്, ഭര്‍ത്താവിനെയും ശുശ്രൂഷിച്ച് കര്‍ത്തവ്യങ്ങളെല്ലാം തീര്‍ത്ത് നിലംതൊടാതെ ഓടുന്ന ഓട്ടത്തില്‍ ചിലപ്പോള്‍ അമ്മച്ചിയുടെ പ്രഭാതഭക്ഷണം മേശപ്പുറത്തെത്തിക്കുന്നത് അല്പമൊന്ന് വൈകിയാല്‍ പിന്നെ അതിന്‍റെ പേരില്‍ കലഹമായി. ഞാനും പെറ്റുവളര്‍ത്തിയതാണ് ആറേഴെണ്ണത്തിനെ. ഇതിനിടയ്ക്ക് ഞാനെന്‍റെ കാരണവന്മാരെ പൊന്നുപോലെ നോക്കി. ചുമ്മാതല്ല, അതിന്‍റെ ഐശ്വര്യമാണ് ഇന്നിവളൊക്കെ അനുഭവിക്കുന്നത്. ഇന്നിപ്പോള്‍ എന്‍റെ കാലമായപ്പോള്‍ രാവിലെ പള്ളീല്‍ പോയി മാതാവിന്‍റെ മുറ്റമടിച്ച് കുടുംബത്തിനുവേണ്ടി പ്രാര്‍ത്ഥിച്ച് തിരിച്ചുവരുന്ന എനിക്ക് സമയത്ത് ഒരിറ്റു ചൂടുവെള്ളം എടുത്തുതരാന്‍പോലും ഇവിടെ ആരുമില്ല. ഇതാണ് അമ്മച്ചിയുടെ പരാതി.”എന്‍റെ പൊന്നമ്മച്ചീ, ഞാനിപ്പോള്‍ത്തന്നെ കാപ്പി എടുത്തുവയ്ക്കാം. എനിക്കും രണ്ട് കൈയല്ലേ ഉള്ളൂ ഇതെല്ലാം ചെയ്യാന്‍” എന്നൊന്നു പറഞ്ഞുപോയാല്‍ “കണ്ടില്ലേ, ഇവളെന്നോട് മുന്നോട്ടുവയ്ക്കുന്നത്. ഞാന്‍ എന്‍റെ അമ്മായിയമ്മയുടെ നേരെ നിന്ന് ഒരു വാക്ക് എതിരു പറഞ്ഞിട്ടില്ല” എന്നാകും അമ്മച്ചി.
കാപ്പികുടി കഴിഞ്ഞാല്‍ പിന്നെ അമ്മച്ചി ബൈബിള്‍ വായിക്കും. ഒരധ്യായം കൃത്യമായും ഉറക്കെത്തന്നെ വായിക്കും. അതിന്‍റെകൂടെ മുടക്കം കൂടാതെ പൈങ്കിളി പ്രസിദ്ധീകരണങ്ങളും സിനിമാവാരികയും കൃത്യമായി വായിക്കും. ഇതിനമ്മച്ചി കൊടുക്കുന്ന വിശദീകരണം ഇതാണ്. ലോകമൊക്കെ എവിടെയാ നില്ക്കുന്നതെന്ന് നമ്മളറിയേണ്ടേ. അതൊക്കെ വായിച്ചില്ലെങ്കില്‍ അതൊരു നഷ്ടം തന്നെയാ. കണ്ടില്ലേ, ലോകമെന്താണെന്നറിയാതെ ഓരോ പെമ്പിള്ളാര് ഓരോ കെണികളില്‍ ചെന്നു വീഴുന്നത്.
ഇതെല്ലാം വായിച്ച് ഉച്ചയ്ക്ക് ഒരു മണിക്കുതന്നെ അമ്മച്ചി ഉണ്ണാനിരിക്കും. കൃത്യസമയത്തുതന്നെ ഊണ് മേശപ്പുറത്തുവേണം. ഊണിന് പച്ചമീന്‍ പുളിയിട്ടുവച്ചത് നിര്‍ബന്ധം. എന്തെങ്കിലും കാരണവശാല്‍ മീന്‍കറി കിട്ടാതെ പോയാല്‍ അന്ന് എന്തെല്ലാം കറികള്‍ സ്പെഷ്യലായി ഉണ്ടാക്കിക്കൊടുത്താലും അമ്മച്ചിക്ക് തൃപ്തികേടാണ്. അതെക്കുറിച്ച് ഒരിക്കല്‍ കൂട്ടുകാരിയായ റോസക്കുട്ടിയമ്മച്ചി ചോദിച്ചു. “അല്ല മാമി, ഒരു ദിവസം ഇത്തിരി മീനില്ലെന്നു പറഞ്ഞ് ഇത്രമാത്രം ബഹളം കൂട്ടാനുണ്ടോ? നമ്മള് പെണ്ണുങ്ങള് ഇത്തിരി ആശയടക്കമൊക്കെ ചെയ്യേണ്ടവരല്ലേ. ഒരു ദിവസം മീനില്ലാതെ ചോറുണ്ണാന്‍ നിനക്ക് പറ്റുകയില്ലെങ്കില്‍ നോമ്പുകാലത്ത് നീ എന്തുചെയ്യും?”
മാമിച്ചേടത്തി അതിന് പറഞ്ഞ മറുപടി ഇതാണ്. “അതേ റോസക്കുട്ടീ, ഇത്തിരി പച്ചമീനിന്‍റെ ഉളുമ്പില്ലെങ്കില്‍ എന്‍റെ തൊണ്ടേന്ന് ചോറ് താഴേക്കിറങ്ങത്തില്ലെടീ. നോമ്പുകാലത്തും ഞാന്‍ മീന്‍ ഒഴിവാക്കാറില്ലെടീ. വലിയ ആളുകള്‍പോലും അതൊന്നും ചെയ്യുന്നില്ലെന്നാ പറയുന്നത്!”
റോസക്കുട്ടിയമ്മച്ചി തിരിച്ചുപറഞ്ഞു, “നിന്‍റെ വിശ്വാസം നിന്നെ പൊറുപ്പിക്കട്ടെ. പക്ഷേ എനിക്കതിനോട് യോജിക്കാന്‍ പറ്റില്ല. കാരണവന്മാര് മണ്ണിനോട് മല്ലിടാനാ
യി ഈ ഹൈറേഞ്ചില്‍ വന്നപ്പോള്‍ ഒരു കാന്താരിമുളക് കടിച്ചുകൂട്ടി നോമ്പുകാലത്ത് ചോറുണ്ടത് ഞാനോര്‍ക്കുന്നു. ഞങ്ങളെയും അങ്ങനെതന്നെയാ ഞങ്ങളുടെ അപ്പനും അമ്മയും പരിശീലിപ്പിച്ചത്. ഞങ്ങളുടെ വലിയപ്പന്‍ പാല്‍ചായ പോലും ഉപേക്ഷിച്ച് വലിയ നോമ്പെടുക്കുന്നത് ഞാനിന്നുമോര്‍ക്കുന്നെടീ. നോമ്പുകാലത്ത് ഇറച്ചിയും മീനും മൊട്ടയുമൊക്കെ വീടിന്‍റെ പരിസരത്ത് കേറ്റുകപോലുമില്ലായിരുന്നു. പള്ളി ഏറെ ദൂരെയായിരുന്നതുകൊണ്ട് എല്ലാ ദിവസവും പള്ളിയില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കിലും രാവിലെ നാലുമണിക്കെഴുന്നേറ്റ് മുഴുവന്‍കൊന്ത ചൊല്ലിയിട്ടേ കുടുംബാംഗങ്ങള്‍ അവരവരുടെ ജോലിക്ക് പോകുമായിരുന്നുള്ളൂ. അതിന്‍റെയൊക്കെ ഫലമാടീ മാമി ഞങ്ങളുടെ മക്കള്‍ക്ക് കിട്ടിയ ഭാഗ്യങ്ങള്‍. മക്കള്‍ പലരും അച്ചന്മാരും കന്യാസ്ത്രീകളും ആയിത്തീര്‍ന്നതും വലിയൊരു ദൈവാനുഗ്രഹംതന്നെ.
എന്നാലും ഒരു കാര്യത്തില്‍ ഞാനും നിന്നോട് യോജിക്കുന്നു. കുറച്ചുകാലങ്ങളായി ഞാന്‍ മക്കളെ ശ്രദ്ധിക്കുന്നുണ്ട്. അവര്‍ക്ക് പണ്ടത്തെപ്പോലെ പ്രാര്‍ത്ഥന
യിലും നോയമ്പിലും ഒന്നും വലിയ താല്പര്യമില്ല. നോയമ്പൊന്നും അധികം വേണ്ട, അതിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ടാല്‍ മതി എന്നാണവര്‍ പറയുന്നത്. അവരോട് തര്‍ക്കിച്ചുനേടാനുള്ള വൈഭവം എനിക്കില്ലാത്തതുകൊണ്ട് ഞാനൊന്നും പറഞ്ഞില്ല മാമീ. അവരൊക്കെ വലിയ വലിയ പഠിപ്പുള്ളവരല്ലേ. എന്‍റെ ജയിംസുകുഞ്ഞിനാണെങ്കില്‍ രണ്ടാണ് ഡോക്ടറേറ്റ്. വലിയ പഠിപ്പുള്ളോരു പറയുമ്പോള്‍ പഠിപ്പില്ലാത്തവര് കേള്‍ക്കുക, അത്രതന്നെ. എന്നാലും ഞാനെന്‍റെ നോമ്പും പ്രാര്‍ത്ഥനയുമൊന്നും ഉപേക്ഷിച്ചിട്ടില്ല മാമി. എല്ലാ നോമ്പും ഞാന്‍ നോക്കും. എന്‍റെ കൊച്ചുമക്കളെയും ഞാനത് പഠിപ്പിക്കുന്നുണ്ട്. അവര്‍ അനുസരിക്കുന്നുമുണ്ട്.”
“അല്ലാടീ റോസക്കുട്ടി, ഒരു കാര്യത്തില്‍ നീയൊരു ഭാഗ്യവതിയാണ്. ഇത്രേം കന്യാസ്ത്രീകളും അച്ചന്മാരും നിന്‍റെ കുടുംബത്തിലുണ്ടായല്ലോ.” “എന്‍റെ മാമീ, നിനക്കും കിട്ടും അതിലും വലിയ ഭാഗ്യം. നിന്‍റെ സിനിമാമാസിക വായനയും ഏഴുമണി മുതലുള്ള സീരിയലു കാണലും സിനിമ കാണലുമൊക്കെ നിര്‍ത്തി ആ സമയത്ത് നീ മക്കള്‍ക്കും ചെറുമക്കള്‍ക്കുംവേണ്ടി കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്ക്. അവരെ അടുത്തിരുത്തി നമസ്കാരങ്ങളും നല്ല കാര്യങ്ങളും പഠിപ്പിക്ക്. അപ്പോള്‍ നിന്‍റെ മക്കള്‍ നിന്നെ സന്തോഷിപ്പിക്കും. ഉപവാസത്തോടും പ്രാര്‍ത്ഥനയോടും പ്രായശ്ചിത്തത്തോടുംകൂടി അവര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്ക്. നിന്‍റെ കുടുംബ
ത്തിലും ദൈവം അനുഗ്രഹം ചൊരിയും. രണ്ടു വഞ്ചിയില്‍ കാല്‍വച്ചുള്ള നിന്‍റെ ജീവിതം അവസാനിപ്പിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവനും മാതാവിന്‍റെ മുറ്റം അടിച്ചാലും മാതാവിനുപോലും നിന്നെ രക്ഷിക്കാനാവില്ല എന്നോര്‍മ്മവേണം. പോട്ടെടി മാമീ, ഞാനിത്തിരി കടുപ്പത്തില്‍ പറഞ്ഞു. നിന്നോടുള്ള ഇഷ്ടംകൊണ്ടാട്ടോ. വിഷമം തോന്നിയാല്‍ ക്ഷമിക്ക്.”
നല്ല രണ്ട് മോഡലുകള്‍
ഈ രണ്ട് അമ്മച്ചിമാരും നമുക്കിടയില്‍ത്തന്നെയുണ്ട്. ദൈവത്തെയും ലോകത്തെയും ഒരുപോലെ സ്നേഹിക്കുന്ന മാമി അമ്മച്ചിമാര്‍ 90 ശതമാനമാണെങ്കില്‍ ദൈവത്തോടുമാത്രം ചേര്‍ന്നു നില്ക്കുന്ന, ഉപവാസത്തിലും പ്രാര്‍ത്ഥനയിലും പ്രായശ്ചിത്ത പ്രവൃത്തികളിലും അടിയുറച്ചു നില്ക്കുന്ന, ലോകത്തോട് കൂട്ടുചേരാന്‍ തയാറാകാത്ത റോസക്കുട്ടി അമ്മച്ചിമാര്‍ ഇന്ന് പത്തു ശതമാനമോ ഒരുപക്ഷേ അതില്‍ താഴെയോ ആണ്.
നമുക്ക് ഇന്നാവശ്യം പശ്ചാത്താപത്തിന്‍റെ മിഴിനീരാണ്. മറ്റൊന്നിനുമല്ല രണ്ടു വഞ്ചിയില്‍ കാലുവച്ചുകൊണ്ട് ക്രിസ്ത്യാനി എന്നവകാശപ്പെട്ടുകൊണ്ട് മാമി അമ്മച്ചിമാരുടെ ജീവിതം നയിച്ച് ക്രിസ്തുവിനെയും അവന്‍റെ സഭയെയും അപമാനിച്ചതിന്! നയിക്കുന്നവനും നയിക്കപ്പെടുന്നവനും അധികാരിയും വിധേയനും പണ്ഡിതനും പാമരനും കുടുംബജീവിതക്കാരനും സമര്‍പ്പിതനുമൊക്കെ ഈ മാമി അമ്മച്ചിമാരുടെ ഗണത്തിലുണ്ട്. നിങ്ങള്‍നിമിത്തം ദൈവത്തിന്‍റെ നാമം വിജാതീയരുടെ ഇടയില്‍ ദുഷിക്കപ്പെടുന്നു എന്നത് എത്ര സത്യമായ കര്‍ത്താവിന്‍റെ വചനം! (റോമാ 2:24).
ഒരുപക്ഷേ ഇതെഴുതുന്ന ഞാനും പലരംഗങ്ങളിലും മാമി അമ്മച്ചിയുടെ ഗണത്തില്‍പ്പെട്ടവളാകാം. നാം ഉള്‍ക്കൊണ്ട ദിവ്യകാരുണ്യം നമ്മെ എന്തിലേക്ക് നയിച്ചു എന്നതാണ് പരമപ്രധാനം. അവിടെ നമ്മള്‍ പള്ളിവിട്ടിറങ്ങിയ മാമി അമ്മച്ചി ആയിരുന്നെങ്കില്‍ നമ്മുടെ സാക്ഷ്യപ്പെടുത്തല്‍ യേശുവിന് എത്രയോ വേദനാജനകം ആയിരുന്നിരിക്കും! ഈ 2020-ലെങ്കിലും നമുക്കൊരു തിരിച്ചുവരവ് വേണ്ടേ? ഇതൊരുപക്ഷേ നമുക്ക് അനുതപിക്കാനായി ദൈവം ദാനമായി നല്കിയിരിക്കുന്ന അവസാനത്തെ ഒരു വര്‍ഷമായിരിക്കാം. ഈ കരുണയ്ക്കൊരു ലക്ഷ്യമുണ്ട്. “നിന്നെ അനുതാപത്തിലേക്ക് നയിക്കുക എന്നതാണ് കര്‍ത്താവിന്‍റെ കരുണയുടെ ലക്ഷ്യമെന്ന് നീ അറിയുന്നില്ലേ” എന്ന് അവിടുന്ന് ചോദിക്കുന്നു. രണ്ടായിരത്തി ഇരുപതിന്‍റെ തുടക്കത്തില്‍ മറ്റെന്തിനെക്കാളുമുപരി പശ്ചാത്താപത്തിന്‍റെ മിഴിനീര് തരണേ എന്ന് സഭാമക്കളായ നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാം. സഭ റോസക്കുട്ടി അമ്മച്ചിമാരെക്കൊണ്ട് നിറയട്ടെ. “നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും” (ജോഷ്വാ 3:5). ശാലോം വായനക്കാര്‍ക്ക് അത്ഭുതങ്ങള്‍ നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു, ആവേ മരിയ.
'