- Latest articles
ഈ അടുത്ത കാലത്ത് ഞാന്‍ ഒരു വാട്സ്ആപ്പ് വീഡിയോ കണ്ടു. അതിപ്രകാരമാണ്: മരണശേഷം ഒരു സിസ്റ്ററിന്‍റെ ആത്മാവ് ദൈവസന്നിധിയിലേക്ക് എടുക്കപ്പെട്ടു. സ്വര്‍ഗത്തില്‍ നിക്ഷേപം ഒന്നും കാണാത്തതിനാല്‍ സിസ്റ്റര്‍ വളരെയധികം ദുഃഖിച്ചു. തന്‍റെതന്നെ വിശുദ്ധിക്കുവേണ്ടിയും മറ്റുള്ളവര്‍ക്കു വേണ്ടിയും ചൊല്ലിയ പ്രാര്‍ത്ഥനകളും അനുഷ്ഠിച്ച ഉപവാസങ്ങളും പരിത്യാഗങ്ങളും ഒക്കെ എവിടെ? ദൈവത്തെ സ്നേഹിക്കാത്തത് ഓര്‍ത്ത് ആ ആത്മാവ് വിങ്ങിപ്പൊട്ടി കരഞ്ഞു. ഇത് കണ്ട് മാതാവ് ദൈവത്തെ സ്നേഹിക്കാനായി ആ സിസ്റ്ററിന്‍റെ ആത്മാവിനെ ഭൂമിയിലേക്ക് തിരിച്ചയച്ചു. ഇത് കണ്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ ഈശോയോട് പറഞ്ഞു, “ഞാന്‍ വിചാരിച്ചത് എന്‍റെ എല്ലാ ആധ്യാത്മിക അനുഷ്ഠാനങ്ങളും സ്വര്‍ഗ്ഗത്തില്‍ നിക്ഷേപങ്ങള്‍ ആകും എന്നാണ്.”
യേശു പറഞ്ഞു, “ഭൂമിയില്‍ നിക്ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്‍മാര്‍ തുരന്നു മോഷ്ടിക്കും. എന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളന്‍മാര്‍ മോഷ്ടിക്കുകയില്ല (മത്തായി 6: 19-20). ഭൗതിക സമ്പത്തിനെക്കുറിച്ച് മാത്രമാണ് ഞാന്‍ പറയുന്നത് എന്ന് നീ വിചാരിക്കരുത്. ആധ്യാത്മിക സമ്പത്തിനെക്കുറിച്ച് കൂടിയാണ്.”
യേശു തുടര്‍ന്നു, “നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” (മത്തായി 6:21). എന്താണ് നിന്‍റെ ഹൃദയത്തില്‍ ഉള്ളത്? നിന്‍റെ ഭര്‍ത്താവ്, കുട്ടികള്‍, കൂട്ടുകാര്‍, മാതാപിതാക്കന്മാര്‍, സഹോദരങ്ങള്‍, കൊച്ചുകൊച്ചു പ്രശ്നങ്ങള്‍, കൊച്ചുകൊച്ച് ആവശ്യങ്ങള്‍…. നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്‍റെ മനസ്സ് നിറയെ ഇവരെക്കുറിച്ചുള്ള ചിന്തകളും ആകുലതകളും ആയിരിക്കും. ഇവര്‍ എവിടെയാണുള്ളത്? ഭൂമിയില്‍… അപ്പോള്‍ പിന്നെ എങ്ങനെയാണ് നീ പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്ക് നിക്ഷേപങ്ങള്‍ ഉണ്ടാകുന്നത്?
ഇതുകേട്ട് ഞാന്‍ ഈശോയോട് ചോദിച്ചു, “ഈശോയേ, പ്രാര്‍ത്ഥനകളും ഉപവാസങ്ങളും പരിത്യാഗങ്ങളും മറ്റ് ആധ്യാത്മിക അനുഷ്ഠാനങ്ങളും സ്വര്‍ഗ്ഗത്തില്‍ നിക്ഷേപങ്ങള്‍ ആക്കുന്നതെങ്ങനെ?”
യേശു പറഞ്ഞു, “ദൈവം വസിക്കുന്നിടം സ്വര്‍ഗ്ഗമാണ്. അതുകൊണ്ട് ദൈവത്തെപ്രതി, ദൈവത്തോടുള്ള സ്നേഹത്തെ പ്രതി, പ്രാര്‍ത്ഥിക്കുമ്പോഴാണ് നിനക്ക് സ്വര്‍ഗ്ഗത്തില്‍ നിക്ഷേപങ്ങള്‍ ഉണ്ടാകുന്നത്. ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ പോലും, ദൈവത്തോടുള്ള സ്നേഹത്തെപ്രതി വേണം പ്രാര്‍ത്ഥിക്കാന്‍.
അതായത് മകന്‍ പരീക്ഷയില്‍ വിജയിക്കുന്നതിനായി അഞ്ച് കൊന്ത ചൊല്ലി എന്നിരിക്കട്ടെ. മകന്‍ പരീക്ഷയില്‍ വിജയിക്കുന്നതോടുകൂടി അഞ്ചു കൊന്തയുടെ ഫലവും കിട്ടിക്കഴിഞ്ഞു. അപ്പോള്‍ ഈ അഞ്ച് കൊന്ത സ്വര്‍ഗ്ഗത്തില്‍ നിനക്ക് നിക്ഷേപം ആവില്ല. മത്തായി ആറാം അധ്യായത്തില്‍ പറയുന്നതുപോലെ നീ പ്രാര്‍ത്ഥിക്കുമ്പോള്‍, ദാനധര്‍മ്മം ചെയ്യുമ്പോള്‍, ഉപവസിക്കുമ്പോള്‍, മറ്റുള്ളവര്‍ അറിഞ്ഞാല്‍ അവര്‍ക്ക് പ്രതിഫലം കിട്ടിക്കഴിഞ്ഞു എന്ന് ഞാന്‍ പറയുമ്പോള്‍ ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ.
നീ നിന്‍റെ അപ്പനുവേണ്ടി അല്ലെങ്കില്‍ മകനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ എന്നോടെന്നതിനെക്കാള്‍ അവരോടുള്ള സ്നേഹത്തെപ്രതിയാണ് പ്രാര്‍ത്ഥിക്കുന്നത്. 90 ശതമാനം ആധ്യാത്മിക അധ്വാനങ്ങളും ഈ ഭൂമിയിലെ നിങ്ങളുടെ ‘നല്ല’ ആവശ്യങ്ങള്‍ക്കു (നിയോഗങ്ങള്‍) വേണ്ടിയാണ്. “ആരുടെ പണി നിലനില്‍ക്കുന്നുവോ അവന്‍ സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവന്‍ നഷ്ടം സഹിക്കേണ്ടി വരും” (1 കോറിന്തോസ് 3 : 14-15).
ഞാന്‍ നിനക്ക് ഒരു മാതൃക നല്‍കിയിരിക്കുന്നു. നിന്‍റെ ആധ്യാത്മിക അധ്വാനങ്ങള്‍ (പണി) നിലനില്‍ക്കണമെന്നുണ്ടെങ്കില്‍ പിതാവിനു വേണ്ടി, പിതാവിനോടുള്ള സ്നേഹത്തെപ്രതിയാകണം. ഈ ഭൂമിയിലെ എന്‍റെ ഓരോ നിമിഷവും പിതാവിനോടുള്ള സ്നേഹത്തെപ്രതി, പിതാവിന്‍റെ നാമം പൂജിതമാകാനും പിതാവിന്‍റെ രാജ്യം വരാനും പിതാവിന്‍റെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നടക്കുന്നതിനുമായിട്ടാണ് ഞാന്‍ നിയോഗം വെച്ചത്. ഇതായിരുന്നു എന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം.”
നീ ബലി അര്‍പ്പിക്കുമ്പോള്‍, കൊന്ത ചൊല്ലുമ്പോള്‍, കുരിശിന്‍റെ വഴി ചൊല്ലുമ്പോള്‍, പിതാവിന്‍റെ നാമം പൂജിതമാകാനും പിതാവിന്‍റെ രാജ്യം വരാനും പിതാവിന്‍റെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിന്നിലും നിന്‍റെ കുടുംബത്തിലും ഭവിക്കുന്നതിനും നിയോഗം വയ്ക്കുക.
ഉദാഹരണത്തിന് പിതാവിനോടുള്ള സ്നേഹത്തെപ്രതി, പിതാവിന്‍റെ നാമം നിന്‍റെ മകനില്‍ പൂജിതമാകാനും പിതാവിന്‍റെ രാജ്യം നിന്‍റെ മകനില്‍ വരാനും പിതാവിന്‍റെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ നിന്‍റെ മകനില്‍ നിറവേറ്റുന്നതിനായിട്ടും പിതാവിന്‍റെ സന്തോഷത്തിനായി ശുദ്ധീകരണാത്മാക്കളുടെ (മരണാസന്നരുടെ, കഠിന പാപികളുടെ) രക്ഷയ്ക്കായിട്ടും 5 കൊന്ത ചൊല്ലി മകന്‍റെ പരീക്ഷ വിജയത്തിനായി കാഴ്ച വെച്ചാല്‍ ഭൂമിയില്‍ മാത്രമല്ല സ്വര്‍ഗ്ഗത്തിലും നിനക്ക് നിക്ഷേപം ഉണ്ടാകും. കാരണം നിന്‍റെ മകനോടെന്നതിനേക്കാള്‍ പിതാവിനോടുള്ള സ്നേഹത്തെപ്രതി, അവിടുത്തെ പ്രസാദിപ്പിക്കുന്നതിനാണ് നീ അഞ്ച് കൊന്ത ചൊല്ലിയത്.
ആധ്യാത്മിക നന്മകള്‍ക്ക് വേണ്ടി അധ്വാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍പോലും ദൈവത്തോടുള്ള സ്നേഹത്തെ പ്രതിയായിരിക്കണം നാം പ്രാര്‍ത്ഥിക്കേണ്ടത്, സ്വന്തം മഹത്വത്തിനും നന്മയ്ക്കും വേണ്ടി ആയിരിക്കരുത്. ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം ഇത് ആഗ്രഹിക്കുന്നതുകൊണ്ടും അവിടുത്തെ സന്തോഷിപ്പിക്കുന്നതിനുവേണ്ടിയുംചെയ്യുക. മാനസാന്തരത്തിന്, പാപപരിഹാരാര്‍ത്ഥം പ്രാര്‍ത്ഥിക്കുമ്പോള്‍ അനന്തസ്നേഹത്തെ വേദനിപ്പിച്ചല്ലോ എന്നോര്‍ത്ത് കൂടുതല്‍ കൂടുതല്‍ നല്ല ദൈവത്തെ സ്നേഹിക്കുക. സ്വര്‍ഗ്ഗത്തെ ആഗ്രഹിക്കുമ്പോള്‍ കുരിശിന്‍റെ വിശുദ്ധ യോഹന്നാന്‍റെ ഈ വാക്കുകള്‍ ഓര്‍ക്കുക. “ദൈവമേ, നരകത്തെ ഭയന്നാണ് ഞാന്‍ അങ്ങയെ സ്നേഹിക്കുന്നതെങ്കില്‍ എന്നെ അതിലേക്ക് തള്ളിയിടുക, സ്വര്‍ഗ്ഗത്തോടുള്ള സ്നേഹം കൊണ്ടാണെങ്കില്‍ എന്‍റെ മുമ്പില്‍ അതിന്‍റെ വാതിലടച്ചേക്കുക. അങ്ങയോടുള്ള സ്നേഹംകൊണ്ടാണെങ്കില്‍ എന്നെ അങ്ങ് ആശ്ലേഷിക്കുക.”
ദൈവത്തോടൊത്ത് ജീവിക്കാന്‍ വേണ്ടി മാത്രം സ്വര്‍ഗ്ഗത്തെ ആഗ്രഹിക്കുക. പുണ്യങ്ങള്‍ സമ്പാദിക്കാന്‍ വിശുദ്ധി നേടാന്‍ ആഗ്രഹിക്കുമ്പോള്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ ഈ വാക്കുകള്‍ ഓര്‍ക്കുക. “നല്ല ദൈവത്തിന്‍റെ സഹായം കൂടാതെ നന്മ ചെയ്യാന്‍ സാധിക്കുകയില്ലെന്ന് ബോധ്യമായതുമുതല്‍ ദൈവത്തോട് സ്നേഹത്തില്‍ അധികമധികം ഒന്നായി തീരുക എന്നതാണ് അത്യന്താപേക്ഷിതമായ ഏകകാര്യം എന്നും ബാക്കിയുള്ളതെല്ലാം അതില്‍നിന്ന് നേടാമെന്നും ഞാന്‍ മനസിലാക്കി.” പരിശുദ്ധാത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ അങ്ങയെ സ്നേഹിക്കുവാന്‍ എനിക്ക് അങ്ങയുടെ സഹായം തന്നെ വേണ്ടിയിരിക്കുന്നു എന്ന് ചിന്തിക്കുക. പ്രേഷിതവേല ചെയ്യുമ്പോള്‍ ദൈവം എല്ലാവരാലും ആരാധിക്കപ്പെടമെന്നും സ്നേഹിക്കപ്പെടണമെന്നും ആഗ്രഹിക്കുക. നമ്മുടെ ഓരോ പ്രവൃത്തികള്‍ക്കും വിശുദ്ധമായ നിയോഗം, കാഴ്ചപ്പാട്, മനോഭാവം – ഉണ്ടാകണം. അങ്ങനെ നമ്മുടെ ഓരോ പ്രവൃത്തികള്‍ക്കും സ്വര്‍ഗത്തില്‍ വലിയ നിക്ഷേപങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.
നമ്മുടെ ഓരോ ചെറിയ പ്രവൃത്തികള്‍ പോലും ദൈവസന്നിധിയില്‍ വിലയുള്ളതാകുന്നത് നാം അവയുടെ മേല്‍ വയ്ക്കുന്ന നിയോഗം മൂലമാണ്. പിതാവിനോടുള്ള സ്നേഹത്തെപ്രതി, പിതാവിനുവണ്ടി നമ്മുടെ ഓരോ കൊച്ചു പ്രവൃത്തികള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നിയോഗം വയ്ക്കുമ്പോള്‍ ഈശോയുടെ നിയോഗം തന്നെയായിത്തീരും നമ്മുടെ നിയോഗവും.
'വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറഞ്ഞ ഒരു സംഭവകഥ. ഒരിക്കല്‍ വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ജിയ രാത്രിയില്‍ വൈകി ഒരു ജസ്യൂട്ട് ഭവനത്തിന്‍റെ വാതില്‍ക്കല്‍ എത്തി. ശക്തമായ മഞ്ഞുകാറ്റ് വീശുന്ന സമയം. ആരും വാതില്‍ തുറന്നുകൊടുക്കാനുണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ വാതില്‍ തുറന്ന് വിശുദ്ധനെ കണ്ടപ്പോള്‍ അന്തേവാസികള്‍ക്കെല്ലാം ദുഃഖം. എന്നാല്‍ വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ജിയ പറഞ്ഞത് ദൈവം ആകാശത്തുനിന്ന് തന്‍റെമേല്‍ മഞ്ഞുകണങ്ങള്‍ വര്‍ഷിക്കുന്നതായി ചിന്തിച്ചുകൊണ്ട് ആശ്വസിച്ചു എന്നാണ്. ദൈവേച്ഛയുമായി ഐക്യപ്പെടാനുള്ള പ്രായോഗികപരിശീനങ്ങളെപ്പറ്റി വിശദമാക്കാനാനാണ് വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി ഈ സംഭവകഥ ഉദ്ധരിച്ചത്.
വലിയ തണുപ്പോ കടുത്ത ചൂടോ ക്ഷാമമോ സമാനസാഹചര്യങ്ങളോ ഉള്ളപ്പോള്‍ ‘എന്തൊരു തണുപ്പ്’, ‘വല്ലാത്ത ചൂട്’ തുടങ്ങി ദൈവഹിതത്തിന് വിരുദ്ധമായ പദപ്രയോഗങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്ക്കുക. കാര്യങ്ങള്‍ എങ്ങനെയാണോ അപ്രകാരം സ്വീകരിക്കാന്‍ പരിശ്രമിക്കുക, വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ജിയയെപ്പോലെ.
വ്യക്തിപരമായ കാര്യങ്ങളില്‍ എതിര്‍പ്പില്ലാതെ ദൈവേച്ഛയ്ക്ക് കീഴ്പ്പെടാം. വിശപ്പിലും ഏകാന്തതയിലും സല്‍പ്പേര് നഷ്ടപ്പെടുന്നതിലും എല്ലാം ഇപ്രകാരം നമ്മെത്തന്നെ ദൈവഹിതത്തിന് ഏല്‍പ്പിച്ചുകൊടുക്കാം. “കര്‍ത്താവേ, അങ്ങ് പണിതുയര്‍ത്തുകയോ നശിപ്പിക്കുകയോ ചെയ്തുകൊള്ളുക. അങ്ങയുടെ ദൃഷ്ടിയില്‍ നന്മയായത് എന്താണോ അതില്‍ ഞാന്‍ സംതൃപ്തനാണ്.” ഇപ്രകാരം പറയാന്‍ നമുക്ക് കഴിയണം.
പ്രകൃത്യാതന്നെ നമുക്കുള്ള ശാരീരികമോ മാനസികമോ ആയ പോരായ്മകള്‍- ഓര്‍മക്കുറവ്, കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലെ മന്ദത, മുടന്ത്, ഉയരക്കുറവ്- ഒന്നുമോര്‍ത്ത് നമുക്ക് വിലപിക്കാതിരിക്കാം.
നല്കപ്പെട്ടവയില്‍ സംതൃപ്തരാകുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ ആരോഗ്യം, സൗന്ദര്യം, കഴിവുകള്‍, സമ്പത്ത് തുടങ്ങിയവ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ നമ്മുടെ ആത്മാവിന്‍റെ സ്ഥിതി അപകടത്തിലാവുമായിരുന്നെങ്കിലോ? ദൈവം തന്‍റെ അനന്തനന്മയില്‍ നമുക്ക് തന്നിട്ടുള്ളതിനെയോര്‍ത്ത് നന്ദി പറയാം. ശാരീരിക അവശതകള്‍ വരുമ്പോള്‍ നമ്മെ അതില്‍നിന്ന് മോചിപ്പിക്കാന്‍ പറയുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ദൈവമേ, അങ്ങ് ആഗ്രഹിക്കുന്നതുതന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന് പറയാനും രോഗാവസ്ഥയില്‍ സങ്കടപ്പെട്ടിരിക്കുന്നത് ഒഴിവാക്കാനും സാധിക്കണം.
ഇപ്രകാരം നമ്മുടെ അനുദിനജീവിതത്തില്‍ ദൈവേച്ഛയുമായി ഐക്യപ്പെടാന്‍ പരിശീലിക്കാം.
'ഏകദേശം പതിനഞ്ച് വര്‍ഷമായി വിശുദ്ധ കുര്‍ബാന മുടങ്ങാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. അങ്ങനെയിരിക്കേ കരുണയുടെ വര്‍ഷത്തില്‍ ഇടവകദൈവാലയത്തില്‍നിന്ന് ഒരു യാത്ര സംഘടിപ്പിച്ചു. അതിന്‍റെ ഒരുക്കമായി അത്യാവശ്യം ചെയ്യേണ്ട അടുക്കളജോലികളുണ്ടായിരുന്നതിനാല്‍ അന്ന് രാവിലെ വിശുദ്ധ ബലിക്ക് പോകാന്‍ സാധിച്ചില്ല. മനസില്‍ വേദനയുണ്ടായിരുന്നു. എന്തായാലും യാത്ര ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണിയായപ്പോള്‍ കുടവെച്ചൂര്‍ പള്ളിയില്‍ എത്തി. അവിടെ ഇറങ്ങിയ ഉടനെ കേള്‍ക്കുന്നത് പരിശുദ്ധ കുര്‍ബാനയുടെ പ്രാരംഭഗാനമാണ്. ഞാന്‍ വേഗം പോയി ആ വിശുദ്ധ ബലിയില്‍ പങ്കെടുത്തു. അവിടത്തെ സ്കൂളിലെ ഒരു അധ്യാപികയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ആ സമയത്ത് പ്രത്യേക കുര്‍ബാന അര്‍പ്പിക്കപ്പെട്ടത്. എന്നെ സംബന്ധിച്ച് കര്‍ത്താവിന്‍റെ പ്രത്യേക അനുഗ്രഹമായിരുന്നു അതെന്ന് അനുഭവപ്പെട്ടു.
മറ്റൊരിക്കല്‍ ഒരു ശനിയാഴ്ച ഞാന്‍ ഏഴുമുട്ടം താബോറിലെ ഏകദിനകണ്‍വെന്‍ഷനോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനിരുന്നതിനാല്‍ രാവിലെ ഇടവകപ്പള്ളിയില്‍ പോയില്ല. ഭര്‍ത്താവാകട്ടെ നേരത്തേതന്നെ പോകുകയും ചെയ്തു. അദ്ദേഹം മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നുപോയിരുന്നു. അല്പം കഴിഞ്ഞയുടന്‍ അദ്ദേഹത്തിന്‍റെ ഫോണില്‍ ഒരു കോള്‍. നോക്കിയെങ്കിലും പരിചയമില്ലാത്ത നമ്പര്‍ കണ്ടതുകൊണ്ട് ഞാന്‍ എടുക്കാതെ തിരിഞ്ഞപ്പോള്‍ അത് എടുക്കാന്‍ ശക്തമായ തോന്നല്‍. വിളിച്ചത് ഭര്‍ത്താവായിരുന്നു, അന്ന് അപ്രഖ്യാപിത ഹര്‍ത്താലാണെന്ന് അറിയിക്കാന്‍. കണ്‍വെന്‍ഷന് പോകാന്‍ സാധിക്കില്ല എന്നുകണ്ടപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ടതുപ്രകാരം ഭര്‍ത്താവ് വേഗം ബൈക്കുമായി വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പുതന്നെ ഞങ്ങള്‍ പള്ളിയിലെത്തുകയും ചെയ്തു. വിശുദ്ധ ബലിയില്‍ പങ്കെടുക്കാന്‍ നാം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന പക്ഷം കര്‍ത്താവ് കാര്യങ്ങള്‍ ക്രമീകരിക്കുമെന്ന് ഈ സംഭവങ്ങളെല്ലാം എനിക്ക് ഉറപ്പ് തരികയാണ്.
സീറോ മലബാര്‍ കുര്‍ബാന സമാപനത്തിലെ ‘വിശുദ്ധീകരണത്തിന്‍റെ ബലിപീഠമേ, സ്വസ്തി!’ എന്ന പ്രാര്‍ത്ഥന ഇപ്പോള്‍ ഞാന്‍ ഒരു വാക്യവും കൂടി ചേര്‍ത്താണ് ചൊല്ലുന്നത്. ‘ഇനിയൊരു ബലിയര്‍പ്പിക്കുവാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ’ എന്നതിനുശേഷം കര്‍ത്താവേ, അങ്ങ് അനുഗ്രഹിച്ചാല്‍ നാളെയും വരും
എന്നുകൂടി പറയും.
കൊല ചെയ്ത ഒരു മനുഷ്യന്‍ സംരക്ഷണത്തിനായി ഓടുകയായിരുന്നു. ഒടുവില്‍ ഒരു ഗോത്രത്തലവന്‍റെ വീട്ടില്‍ ചെന്നുപെട്ടു. അയാളോട് നടന്നതെല്ലാം തുറന്നു പറഞ്ഞു. അയാള്‍ കൊലപാതകിക്ക് അഭയം നല്കി. ഗ്രാമത്തില്‍നിന്നും കൊലയാളിയെ കിട്ടാന്‍ ആളുകള്‍ ഓടിക്കൂടി. ഗോത്രത്തലവന്‍റെ വീട്ടില്‍ കൊലപാതകി ഒളിച്ചിരുപ്പുണ്ടെന്ന് അവര്‍ക്കറിയാം. അയാളെ വിട്ടുകിട്ടണം. മൂപ്പന്‍ പറഞ്ഞു, ഞാന്‍ വിട്ടുതരില്ല. ആരെയാണ് ആ ക്രൂരന്‍ കൊന്നതെന്നു പറഞ്ഞാല്‍ നിങ്ങള്‍ തീര്‍ച്ചയായും വിട്ടുതരുമെന്നായി അവര്‍. തുടര്‍ന്ന് അവര്‍ പറഞ്ഞു, നിങ്ങളുടെ പേരക്കുട്ടിയെയാണ്.’ ഉടനെ കൊലപാതകിയെ മൂപ്പന്‍തന്നെ തല്ലിക്കൊല്ലുമെന്നാണവര്‍ കരുതിയത്. പക്ഷേ നടന്നത് മറ്റൊന്നായിരുന്നു. അയാളുടെ കണ്ണുകളില്‍ നോക്കി മൂപ്പന്‍ പറഞ്ഞു: “നീയെന്‍റെ പേരക്കുട്ടിയെ കൊന്നുകളഞ്ഞു അല്ലേ. നീയത് ഏറ്റുപറഞ്ഞു. ഇനിമുതല്‍ നീയാണ് എന്‍റെ പേരക്കുട്ടി. ഒരാളും നിന്നെ തൊടില്ല!”
കഴിഞ്ഞുപോയ കാലത്തെ വീഴ്ചകള്‍ ഏറ്റുപറയുക, അതത്ര എളുപ്പമുള്ള ഒന്നല്ല. ഇതിന് പുറകില്‍ ഒരാള്‍ അനുഭവിക്കുന്ന സ്വയംനിന്ദയും അപമാനഭാരവും സംശയങ്ങളുമൊക്കെ ഏറെയാണ്. എന്നാല്‍, നിങ്ങളെ വലിഞ്ഞു മുറുക്കുന്ന ഇത്തരം കഥകള്‍ പങ്കുവയ്ക്കുമ്പോള്‍ ശിഷ്ടകാലം നിങ്ങള്‍ക്കായി കരുതിവച്ചിരിക്കുന്ന ആനന്ദത്തിന്‍റെയും കുലീനമായൊരു ജീവിതത്തിന്‍റെയും നാളുകളെ കാര്യമായി ധ്യാനിക്കണം. ഒരാള്‍ അയാളെത്തന്നെ അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നിടത്തൊക്കെ തുറവിയുടെ കുമ്പസാരങ്ങള്‍ ഉണ്ടാകും.
എത്രയെത്ര മനുഷ്യരുടെ ലജ്ജ ജനിപ്പിക്കുന്ന വീഴ്ചകളുടെ കഥകളാണ് വചനത്തിലുള്ളത്. പലതും വേണമെങ്കില്‍ മൂടിവയ്ക്കാമായിരുന്നു. വീരകഥകള്‍കൊണ്ടുമാത്രം വചനം നിറയ്ക്കാമായിരുന്നു. എന്നിട്ടും അവരുടെ വീഴ്ചകളും വീണ്ടെടുപ്പും നമുക്കായി കരുതിവച്ചു. ഏറ്റുപറയുന്നവര്‍ക്ക് ഇനിയും മാപ്പുണ്ട് എന്ന് ആവര്‍ത്തിച്ച് നമ്മെ ഓര്‍മിപ്പിക്കാനാകണം ഇത്.
കൊല ചെയ്ത കായേനിനെ കാണുക. എത്രയോ ഉന്നതമായ വിളി കിട്ടിയവനാണ് അവന്‍. എന്നിട്ടും അവനത് കാര്യമാക്കാതെ സഹോദരനെ കൊന്നു. ഒരു മുഴുഭ്രാന്തനെപ്പോലെ, കുറ്റസമ്മതം നടത്തി അലഞ്ഞു നടക്കുമ്പോള്‍ ദൈവം അവനോട് ചെയ്തത് എന്താണ്? സകലരും എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് വാവിട്ടു കരയുമ്പോള്‍, ദൈവം അവനെ തന്‍റെ ചാരെ ചേര്‍ത്തുനിര്‍ത്തി. വീഴ്ചകള്‍ ഏറ്റുപറയുമ്പോള്‍, അവന്‍റെ നെറ്റിത്തടത്തില്‍ ദൈവം ചുംബിച്ചതാകണം, അന്ന് രേഖപ്പെടുത്തിയ അടയാളം, കുരിശടടയാളം (ഉല്‍പത്തി 4:15). ഏറ്റുപറയുന്നവന് ദൈവം നല്കുന്ന വലിയൊരു വാഗ്ദാനമാണിത്, സംരക്ഷണം. ഒരാളും നിന്നെ ഇനിമേല്‍ ഈ കുറ്റത്തിന്‍റെ പേരില്‍ ആക്രമിക്കില്ല എന്ന ഉറപ്പ്.
ഇനി, മഹാചതിയനായ യാക്കോബിനെ ഓര്‍ക്കുക. സഹോദരനായ ഏസാവിനെ പറ്റിച്ച് അവകാശങ്ങളും സ്വത്തും ഏറെ കൈക്കലാക്കി. യാത്രാമധ്യേ ദൈവദൂതന്‍ തന്നെത്തന്നെ അഭിമുഖീകരിക്കാന്‍ യാക്കോബിനെ ഒരുക്കി. ഏറ്റുപറഞ്ഞാല്‍ തീരുന്ന വഞ്ചനയൊന്നുമല്ല താന്‍ ചെയ്തിട്ടുള്ളത് എന്ന കുറ്റബോധത്തിലാണ് അവന്‍ ഓടി രക്ഷപ്പെടാന്‍ ഒരുങ്ങുന്നത്. ഏസാവിനെ കണ്ടുമുട്ടുമ്പോള്‍ ഏഴുപ്രാവശ്യം നിലംമുട്ടെ താണുവണങ്ങുന്നുണ്ട്. ഏസാവ് അവനെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. വാവിട്ടു കരയുമ്പോള്‍ അവന്‍ പറയുന്നുണ്ട്: ചേട്ടാ, ഇപ്പോള്‍ അങ്ങേക്ക് ദൈവത്തിന്‍റെ മുഖമാണ്! (ഉല്‍പത്തി 33:10). യാക്കോബിന്‍റെ ഏറ്റുപറച്ചിലില്‍ ദൈവത്തിന്‍റെ മുഖമാണ് അവനു മുമ്പില്‍ തെളിഞ്ഞുകിട്ടിയത്.
വിനയത്തിന്‍റെ ഏറ്റുപറച്ചില്‍ കേള്‍ക്കാന്‍ കുമ്പസാരക്കൂടുകള്‍ കാത്തുനില്ക്കുന്നുണ്ട്. ഏറ്റുപറയുമ്പോള്‍ നിങ്ങള്‍ ദൈവത്തെ കാണും.
ശരീരത്തിന്‍റെ ഭ്രമങ്ങളില്‍ വീണുപോയവനാണ് ദാവീദ്. വ്യഭിചാരവും കൊലപാതകവും. ഒരാള്‍ക്കും പരി ഹാരം നിര്‍ദേശിക്കാനാവാത്ത ദാവീദിന്‍റെ വീഴ്ചയില്‍നിന്നും അയാള്‍ രക്ഷപ്പെടുന്നത് അനുതാപത്തിന്‍റെ നീണ്ട സങ്കീര്‍ത്തനങ്ങള്‍ എഴുതിക്കൊണ്ടാണ്. “അങ്ങയുടെ സന്നിധിയില്‍നിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്ധാത്മാവിനെ എ ന്നില്‍നിന്ന് എടുത്തുകളയരുതേ!” (സങ്കീര്‍ത്തനം 51:11). സമാനമേഖലകളില്‍ പരിക്കു പറ്റുന്ന മനുഷ്യരൊക്കെ ഏറ്റുപറച്ചിലിന്‍റെ സങ്കീര്‍ത്തനം നടത്തിയാല്‍ മതി. വീണ്ടെടുപ്പ് സാധ്യമാണ്. ഇന്നും ‘ദാവീദിന്‍റെ പുത്രനായ യേശുവേ’ എന്നാണ് നാം രക്ഷകനെ വിളിക്കുന്നത്.
സക്കേവൂസിനെ ഓര്‍ക്കുക. ചുങ്കക്കാരനാണെങ്കിലും ഏറെ അറിയപ്പെടുന്നവനാണ്. പണത്തിന്‍റെ ക്രയവിക്രയത്തില്‍ ഒട്ടേറെ വഞ്ചിച്ചെടുത്തിട്ടുണ്ട്. ഒരാളും സക്കേവൂസിനെതിരെ ശബ്ദമുയര്‍ത്താന്‍ അവിടെ ഉണ്ടാവില്ല. പണവും അധികാരവും ഒരേ കൂടാരത്തില്‍ വസിക്കുമ്പോള്‍ ആര്‍ ബലപ്രയോഗം നടത്താനാണ്. പക്ഷേ, യേശുവിനെ കണ്ടമാത്രയില്‍ അയാളുടെ ഹൃദയം നുറുങ്ങി. സക്കേവൂസ് അന്നാണ് തന്നെത്തന്നെ കണ്ടെത്തിയത്. സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്നവന് ഏറ്റുപറച്ചില്‍ നടത്താതെ തരമില്ല. സ്വകാര്യമായൊരു കുമ്പസാരത്തില്‍ തന്‍റെ വഞ്ചനയുടെ കണക്കുപുസ്തകം തുറന്നുവയ്ക്കുകയല്ല അയാള്‍ ചെയ്തത് എന്ന് ഓര്‍ക്കണം. എല്ലാവരും കാണ്‍കെ, സകലരും കേള്‍ക്കെ, നിലവിളിച്ചാണ് പറഞ്ഞത്. എന്‍റെ സ്വത്തില്‍ പകുതി ദരിദ്രര്‍ക്ക്, വഞ്ചിച്ചെടുത്തതിന് നാലിരട്ടി ചേര്‍ത്തും നല്കുന്നു. രക്ഷ അവനും കുടുംബത്തിനും വാഗ്ദാനം ചെയ്യുന്നത് കാണുക (ലൂക്കാ 19). നാളുകള്‍കൂടി ആ മനുഷ്യന്‍ ശാന്തമായുറങ്ങുന്നത് അന്നാകണം.
നമ്മെ കൂടുതല്‍ അറിയുന്തോറും മറ്റുള്ളവര്‍ വെറുക്കുമോ എന്ന ആശങ്കയില്‍ ഏറ്റുപറയാന്‍ മടി കാണിക്കുന്നവരാണ് അധികവും. പക്ഷേ ഒരാളുടെ ആത്മീയധീരത ഏറ്റുപറച്ചിലിലാണുതാനും. വിശുദ്ധ അഗസ്റ്റിന്‍ ആത്മകഥയ്ക്കിട്ട പേര് ‘കണ്‍ഫെഷന്‍’ എന്നാണ്. വീഴ്ചകളുടെയും വീണ്ടെടുപ്പിന്‍റെയും തുറന്ന കഥകള്‍. ചിന്തകനായ റൂസോയും ആത്മകഥയ്ക്കിട്ടത് ‘കണ്‍ഫെഷന്‍സ്’ എന്നുതന്നെ. ‘എന്‍റെ ഹൃദയം കാലങ്ങളായി ദാഹിച്ച യഥാര്‍ത്ഥ ആനന്ദത്തിന്‍റെ ഒരിറക്കുപോലും രുചിക്കാന്‍ എനിക്കായില്ലല്ലോ. അതോര്‍ക്കുമ്പോള്‍ വലിയ വിഷമം തോന്നുന്നു. ശിക്ഷയെ ഭയന്നും തിരസ്കരണത്തെ പേടിച്ചും നാളുകള്‍ പലതു തള്ളിനീക്കി. ഒരു ഗ്രന്ഥത്തില്‍നിന്നും മറ്റൊന്നിലേക്ക് എന്ന വിധത്തില്‍ ഞാന്‍ ചാടിക്കൊണ്ടിരുന്നു. എന്നെത്തന്നെ ഞാന്‍ വെറുത്തു…’ പതിനേഴാം നൂറ്റാണ്ടില്‍ മനുഷ്യാവകാശങ്ങളുടെ പുതുപുത്തന്‍ തത്വങ്ങള്‍ പഠിപ്പിച്ചവന്‍റെ കുമ്പസാരമാണിത് എന്നോര്‍ക്കണം.
മദര്‍ തെരേസയുടെ അവസാനകാലത്ത് അവളനുഭവിച്ച ആത്മാവിന്‍റെ ഇരുണ്ട രാത്രിയുടെ കഥകള്‍ ഡയറിയിലുണ്ട്. ദൈവമുണ്ടോ എന്ന സന്ദേഹംപോലും ഉണ്ടായെന്ന് അവള്‍ തുറന്നെഴുതി. കാലം വിശുദ്ധയെന്ന് തിലകം ചാര്‍ത്തിയ അവള്‍ക്ക് വേണമെങ്കില്‍ ഈ ഏറ്റുപറച്ചില്‍ ഒഴിവാക്കാമായിരുന്നില്ലേ. വിശുദ്ധ പദവിയിലേക്കുള്ള നടപടികള്‍ക്കുപോലും കാലതാമസം വരുത്തിയ കുറിപ്പാണിത്. ഏറ്റുപറച്ചില്‍ ഒരാള്‍ക്ക് നല്കുന്ന സ്വാതന്ത്ര്യവും സംരക്ഷണവും ആനന്ദവും തള്ളിമാറ്റി, സ്വയം മൂടിവയ്ക്കുന്നതിന്‍റെ തത്രപ്പാടില്‍ വലിഞ്ഞുമുറുങ്ങുന്നതെന്തേ?
പോകാം, കുമ്പസാരക്കൂടുകളിലേക്ക്, ഈ ദിവസങ്ങളില്‍. എന്തെന്നാല്‍ പാപസങ്കീര്‍ത്തനം നല്കുന്ന വിടുതലിനും വിശുദ്ധിക്കും പകരംവയ്ക്കാന്‍ മാനവരാശി മറ്റൊന്നും കണ്ടെത്തിയിട്ടില്ല.
'2016 ഫെബ്രുവരി 16 പ്രപഞ്ചവിജ്ഞാനീയത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു ദിവസമായിരുന്നു. അമേരിക്കയിലെ വാഷിംഗ്ടണില്‍ LIGO- Laser Interferometer Gravitational-Wave Observatory ലബോറട്ടറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് റൈറ്റ്സെ ഗുരുത്വാകര്‍ഷണതരംഗങ്ങള്‍- Gravitational Waves കണ്ടെത്തിയതിനെക്കുറിച്ച് വിശദീകരിച്ചു.
വലിയ പിണ്ഡമുള്ള രണ്ട് തമോഗര്‍ത്തങ്ങള്‍ സ്വയം ഭ്രമണം ചെയ്തുകൊണ്ട് അടുത്തടുത്ത് വന്നു. ഒടുവില്‍ ഒരു വലിയ സ്ഫോടനത്തോടെ ഒന്നിച്ച് ഒരു വലിയ തമോഗര്‍ത്തമായി മാറി. പ്രകാശവേഗതയുടെ പകുതി വേഗതയിലാണ് അവ അടുത്തുവന്ന് കൂട്ടിയിടിച്ചത്. പുതിയതായി രൂപംകൊണ്ട തമോഗര്‍ത്തത്തിന് 150 കിലോമീറ്റര്‍ വ്യാസമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും സൂര്യനെക്കാള്‍ 30 മടങ്ങ് പിണ്ഡം ഉണ്ടായിരുന്നു. 130 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച ഈ പ്രതിഭാസത്തിന്‍റെ വിശദാംശങ്ങള്‍ അടങ്ങിയ സിഗ്നല്‍ ആയാണ് ഹാന്‍ഫോര്‍ഡിലും ലിവിംഗ്സ്റ്റണിലുമുള്ള രണ്ട് LIGO ഒബ്സര്‍വേറ്ററികളില്‍ ഇത് രേഖപ്പെടുത്തപ്പെട്ടത്. രണ്ടിടത്തെയും സിഗ്നലുകള്‍ സമാനമായിരുന്നു. അവയില്‍നിന്നാണ് ഗുരുത്വാകര്‍ഷണതരംഗങ്ങള്‍ കണ്ടെത്തിയത്.
സാധാരണഗതിയില്‍ പ്രകാശം, ശബ്ദം തുടങ്ങിയ ഊര്‍ജരൂപങ്ങളുടെ തരംഗങ്ങള്‍ space അഥവാ ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. എന്നാല്‍ അവ space നെ ചലിപ്പിക്കുന്നില്ല. എന്നാല്‍ ഗുരുത്വാകര്‍ഷതരംഗങ്ങള്‍ അവയുടെ ഗണത്തില്‍പ്പെടുന്നില്ല. ഈ തരംഗങ്ങള്‍ space- നെത്തന്നെ ചലിപ്പിക്കുന്നു. ഈ സവിശേഷമായ തരംഗങ്ങളെക്കുറിച്ച് 1916- ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ചിരുന്നെങ്കിലും ഏതാണ്ട് 100 വര്‍ഷങ്ങള്‍ക്കുശേഷമാണ് അത് കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞത്.
ഭൂമിയുടെ ഊര്‍ജസ്രോതസായ നക്ഷത്രമായ സൂര്യനെപ്പോലെയുള്ള അനേകം നക്ഷത്രങ്ങള്‍ ഈ പ്രപഞ്ചത്തില്‍ ഉണ്ട്. അവ എക്കാലവും പ്രകാശിച്ചുകൊണ്ടിരിക്കുകയില്ല, ഒരിക്കല്‍ തമോഗര്‍ത്തമായി മാറും. ഇത്തരത്തില്‍ രൂപപ്പെട്ട രണ്ട് തമോഗര്‍ത്തങ്ങള്‍ വലിയ സ്ഫോടനത്തോടെ ഒന്നിച്ചപ്പോഴാണ് ഗുരുത്വാകര്‍ഷണതരംഗങ്ങള്‍ ഉണ്ടായത്. പ്രപഞ്ചത്തിന്‍റെ വിദൂരകോണില്‍ നടന്ന ഈ പ്രതിഭാസത്തിന് 130 കോടി വര്‍ഷങ്ങള്‍ക്കുശേഷം സെപ്റ്റംബര്‍ 2015-ലാണ് ആ തരംഗങ്ങള്‍ ഭൂമിയെ കടന്നുപോയതും LIGO ഒബ്സര്‍വേറ്ററികള്‍ അത് രേഖപ്പെടുത്തിയതും.
ഇതെല്ലാം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു, നമ്മുടെ ഭാവനയ്ക്ക് അതീതമായ വിധത്തില്‍ ബൃഹത്താണ് ഈ പ്രപഞ്ചം. ഈ പ്രപഞ്ചത്തിന് അമാനുഷികബുദ്ധിയുള്ള ഒരു സ്രഷ്ടാവുണ്ടാവുക എന്നത് അനിഷേധ്യമാണ്. മാത്രമല്ല ഈ പ്രപഞ്ചത്തില്‍ ഭൂമിയുടെ സ്ഥാനം യഥാര്‍ത്ഥത്തില്‍ വളരെയേറെ ചെറുതത്രേ. മനുഷ്യനാകട്ടെ കേവലം മണ്‍തരിയുടെ സ്ഥാനംപോലും അവകാശപ്പെടാനാവുകയില്ല. ദൈവവചനത്തിന് അടിവരയിടുകയാണ് ശാസ്ത്രം എന്ന് പറയാം. സങ്കീര്‍ത്തനം 8:3-4 വചനങ്ങള്‍ പറയുന്നു- “അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടത്തെയും അവിടുന്ന് സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാന്‍ കാണുന്നു. അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രം മര്‍ത്യന് എന്ത് മേന്‍മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാന്‍ മനുഷ്യപുത്രന് എന്ത് അര്‍ഹതയാണുള്ളത്?”
എന്നിട്ടും, സങ്കീര്‍ത്തകന്‍ തുടര്‍ന്ന് പറയുന്നതുപോലെ, “അവിടുന്ന് മഹത്വവും ബഹുമാനവും കൊണ്ട് അവനെ മകുടമണിയിച്ചു. സ്വന്തം കരവേലകള്‍ക്കുമേല്‍ അവന് ആധിപത്യം നല്‍കി.” അതുകൊണ്ടുതന്നെ ഇവയെക്കുറിച്ചെല്ലാം പഠിക്കാനും പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താനും മനുഷ്യന് സാധ്യമാവുന്നു. പ്രപഞ്ചരഹസ്യങ്ങളുടെ ചുരുള്‍ നിവരുമ്പോള്‍ ദൈവവിശ്വാസത്തിന് തെളിച്ചമേറുകയാണ്.
'ഏറെ നാളായി വിദേശത്ത് താമസിക്കുന്ന ഞങ്ങള്‍ താമസസ്ഥലത്തിന് സമീപമുള്ള ലത്തീന്‍ ദൈവാലയത്തിലാണ് സ്ഥിരമായി പോകാറുള്ളത്. കഴിഞ്ഞ വലിയ നോമ്പുകാലത്ത് അവിടെവച്ച് എന്നെ വളരെയധികം ചിന്തിപ്പിച്ച ഒരു സംഭവം ഉണ്ടായി. ഒരു ദിവസം ഞങ്ങള്‍ കുടുംബമൊന്നിച്ച് സജീവമായി വിശുദ്ധ ബലിയില്‍ പങ്കുകൊള്ളുകയായിരുന്നു. സുവിശേഷ പ്രസംഗം കഴിഞ്ഞ് അച്ചന്‍ പതിവുപോലെ അറിയിപ്പുകള്‍ പറയാന്‍ തുടങ്ങി. അതില്‍ ഒരു അറിയിപ്പ് ഇങ്ങനെയായിരുന്നു. “During lent season we will omit Halleluia and Gloria”- നോമ്പുകാലത്ത് നാം ഹല്ലേലുയയും ഗ്ലോറിയയും ഒഴിവാക്കും.
ഇത് കേട്ടതും എന്‍റെ തൊട്ടടുത്ത് നിന്നിരുന്ന മകന്‍ എന്നെ നോക്കി സന്തോഷത്തോടെ ചിരിച്ചു. എനിക്ക് ഒന്നും മനസിലായില്ല. വിശുദ്ധ കുര്‍ബാനയ്ക്കിടെ ഇവന്‍ എന്തിനാണ് ഇത്ര ചിരിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല.
പുറത്തിറങ്ങിയ ഉടനെ ഞാന്‍ അവനോട് ചോദിച്ചു, “എന്താണ് ഇന്ന് ഇത്ര വലിയ സന്തോഷം?” അവന്‍ ദീര്‍ഘശ്വാസം വലിച്ചിട്ട് എന്നോട് പറയുകയാണ്- “ദൈവത്തിന് നന്ദി! പിസയും കെ.എഫ്. സിയും ഒഴിവാക്കാന്‍ അച്ചന്‍ പറഞ്ഞില്ലല്ലോ. ഹല്ലേലുയയും ഗ്ലോറിയയും മാത്രം ഒഴിവാക്കാനല്ലേ പറഞ്ഞുള്ളൂ!” അതുകേട്ടപ്പോഴാണ് എനിക്ക് അവന്‍റെ സന്തോഷത്തിന്‍റെ കാര്യം പിടികിട്ടിയത്. ലത്തീന്‍ ആരാധനാക്രമത്തില്‍ വലിയ നോമ്പുകാലത്ത് ഹല്ലേലുയായുടെയും ഗ്ലോറിയയുടെയും കീര്‍ത്തനങ്ങള്‍ പാടുകയില്ല എന്നാണ് വാസ്തവത്തില്‍ വൈദികന്‍ അറിയിച്ചത്. എന്നാല്‍ അതുകേട്ട കുട്ടി അത് സ്വീകരിച്ചത് വേറെ രീതിയിലാണ് എന്നുമാത്രം.
തിരികെ വീട്ടിലെത്തുവോളം ഞാന്‍ അതേക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഇതുതന്നെയല്ലേ നമ്മളും ചെയ്യുന്നത്. ജീവിതത്തില്‍ നമുക്ക് സന്തോഷം തരുന്നുവെന്ന് നാം കരുതുന്ന മദ്യപാനവും പാര്‍ട്ടികളും ഈശോയ്ക്കിഷ്ടമില്ലാത്ത ജീവിതരീതികളുമൊന്നും ഒഴിവാക്കാന്‍ നമുക്ക് താത്പര്യമില്ല. ഇതെല്ലാം എത്ര വേണമെങ്കിലും നാം വിട്ടുകൊടുക്കും. കുടുംബപ്രാര്‍ത്ഥന സൗകര്യമുണ്ടെങ്കില്‍മാത്രം! ധ്യാനത്തിനോ പ്രാര്‍ത്ഥനാകൂട്ടായ്മക്കോ പോകാന്‍ സമയം കണ്ടെത്താന്‍ വളരെ വിഷമം! തൊട്ടടുത്തുള്ള പള്ളിയില്‍ വിശുദ്ധ കുര്‍ബാന നടക്കുമ്പോള്‍പ്പോലും അവിടെപ്പോകാതെ പകരം മറ്റ് സന്തോഷങ്ങള്‍ തേടി പോകും! നമ്മുടെ ജീവിതത്തില്‍ യേശുസ്നേഹത്തിന്‍റെ നിറവ് ലഭിക്കാത്തതിനുകാരണം ഇതൊക്കെത്തന്നെയല്ലേ എന്ന് ഞാന്‍ എന്നോടുതന്നെ ചോദിക്കുകയായിരുന്നു.
ഈ സ്വഭാവം നമുക്കൊന്ന് തിരുത്താം. വരുന്ന നോമ്പുകാലത്ത് ഹല്ലേലുയയും ഗ്ലോറിയയും ഹൃദയത്തില്‍ സ്വീകരിക്കുകയും പിസയും കെ.എഫ്.സിയും വിടുകയും ചെയ്യാം. “ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിന് പകരമായി എന്ത് കൊടുക്കും?” (മത്തായി 16:26)
'യൗവനത്തിലാണ് ഞാന്‍ നവീകരണത്തിലേക്ക് വന്നത്. അക്കാലത്ത് ഒരു അമ്മായി എനിക്ക് ഒരു ഇരട്ടപ്പേരിട്ടു, ‘യൗസേപ്പിതാവ്’. ചുരുങ്ങിയ കാലം കൊണ്ട് ഈ പേര് ബന്ധുക്കള്‍ക്കിടയില്‍ ഹിറ്റായി. കുടുംബക്കാര്‍ക്കിടയില്‍ പോകാന്‍പോലും പറ്റാത്ത അവസ്ഥയിലായി എന്നുപറയാം. അമ്മായിയുടെയും എന്‍റെയും വീടുകള്‍തമ്മില്‍ അധികം ദൂരമില്ല. ഞാന്‍ രാവിലെ എട്ടുമണിയോടെ വീട്ടില്‍നിന്നിറങ്ങുന്ന നേരത്ത് വീടിനടുത്തുള്ള ടാപ്പില്‍നിന്ന് കുടിവെള്ളമെടുക്കാനായി അമ്മായി മിക്കവാറും അവിടെയുണ്ടാകും, കൂടെ അവിടെയുള്ള പല സ്ത്രീകളും. അവരുടെയെല്ലാം മുന്നില്‍വച്ച് അമ്മായി നീട്ടിവിളിക്കും, യൗസേപ്പിതാവേ…. ഈ വിളി എനിക്ക് വലിയ ലജ്ജയാണ് സമ്മാനിച്ചത്. പക്ഷേ എന്തുചെയ്യാം… പ്രതികരിക്കാന്‍ തോന്നിയാലും അതിനും സാധിക്കാത്ത വിധം കര്‍ത്താവ് എളിമപ്പെടുത്തുകയായിരുന്നു എന്നുവേണം പറയാന്‍. അന്ന് അവരോട് ക്ഷമിക്കാനൊന്നും സാധിച്ചിരുന്നില്ല. യാത്ര എട്ടുമണിക്ക് മുമ്പേയാക്കി. എങ്കിലും ഇടയ്ക്ക് അവരെ കണ്ടുമുട്ടും, പരിഹാസം ഏറ്റുവാങ്ങി അവിടെനിന്ന് നീങ്ങും.
അങ്ങനെയിരിക്കേ ഒരു ദിവസം പ്രാര്‍ത്ഥിക്കാനായി എന്‍റെ എല്‍ഡര്‍ അഥവാ ആത്മീയ നിയന്താവിന്‍റെ അരികില്‍ പോയി. അവര്‍ പ്രാര്‍ത്ഥിച്ചിട്ട് പറയുകയാണ്, “നിന്‍റെ അരികില്‍ യൗസേപ്പിതാവ് കൈനീട്ടി നില്‍ക്കുന്നുണ്ട്. പിതാവിലൂടെ നിനക്ക് ഒരു പ്രത്യേക അനുഗ്രഹം ലഭിക്കാന്‍ പോകുന്നു.”
അത് കേട്ടയുടനെ ഞാന്‍ പറഞ്ഞു, “ഉവ്വ്, യൗസേപ്പിതാവ് കാരണം വഴിയിലൂടെ നടക്കാന്‍ പറ്റാതെയായിട്ടുണ്ട്.” അമ്മായി ഇട്ട ഇരട്ടപ്പേരും അതുമൂലമുള്ള നാണക്കേടുമെല്ലാം ഞാന്‍ എല്‍ഡറിനെ ധരിപ്പിച്ചു. അവര്‍ എന്നോട് പറഞ്ഞു, “ഇത് ഒരു കൃപയായി ഈശോ മാറ്റും. അമ്മായിയോട് ക്ഷമിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ച് കാത്തിരുന്നാല്‍ മതി!”
അന്ന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങ്കിലും അമ്മായിയോട് ക്ഷമിക്കാനും അവരെ സ്നേഹിക്കാനും ഞാന്‍ പരിശ്രമിച്ചു. വര്‍ഷങ്ങള്‍ കടന്നുപോയി. ശാലോം ശുശ്രൂഷയുടെ ഭാഗമാകാന്‍ എനിക്ക് കൃപ ലഭിച്ചു. ദൈവികപ്രേരണയാല്‍ ശാലോം ടി.വിയ്ക്കായി നീതിമാനാകും താതാ… എന്ന യൗസേപ്പിതാവിനെക്കുറിച്ചുള്ള ഗാനം എഴുതി സംഗീതം നല്‍കി. ശാലോം ടി.വിയില്‍ ഇടയ്ക്കിടെ ആ ഗാനം സംപ്രേഷണം ചെയ്യാറുണ്ട്. അത് എനിക്ക് വലിയ ഒരു അംഗീകാരമായി മാറി. അന്ന് എല്‍ഡര്‍ പറഞ്ഞ സന്ദേശം എനിക്ക് ഓര്‍ക്കാതിരിക്കാനാവുമായിരുന്നില്ല, “ഇത് ഒരു കൃപയായി ഈശോ മാറ്റും!” ആ വാക്കുകള്‍ സത്യമായി. യൗസേപ്പിതാവിലൂടെതന്നെ ഈശോ എന്നെ അനുഗ്രഹിച്ചു.
അതിനുശേഷം ഒരിക്കല്‍ നാട്ടില്‍ ചെന്നപ്പോള്‍ അമ്മ പറഞ്ഞറിഞ്ഞു അമ്മാവന് കാന്‍സര്‍ ആണെന്ന്. എനിക്ക് യൗസേപ്പിതാവ് എന്ന് ഇരട്ടപ്പേരിട്ട അമ്മായിയുടെ ഭര്‍ത്താവാണ് അദ്ദേഹം. അദ്ദേഹത്തെ കാണാന്‍ വീട്ടില്‍ ചെന്നു. കുറെ സമയം അവിടെയിരുന്നു, ആശ്വാസ വാക്കുകള്‍ പറഞ്ഞു. മടങ്ങാന്‍ നേരം അദ്ദേഹം എന്നോട് പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അമ്മാവന്‍റെ കട്ടിലിനരികില്‍ നിന്നിരുന്ന അമ്മായി നിറകണ്ണുകളോടെ എന്നെ നോക്കി. ആ കണ്ണുകളില്‍ അനുതാപത്തിന്‍റെ വെളിച്ചം ഞാന്‍ കണ്ടു. ഇന്ന് അമ്മാവനും അമ്മായിയും ജീവനോടെയില്ല. മരിക്കുംമുമ്പ് അമ്മായിയുടെ സ്നേഹം സ്വീകരിക്കാന്‍ എനിക്ക് സാധിച്ചു. എന്നെ പരിഹസിച്ചവര്‍ക്ക് അനുഗ്രഹമാകാന്‍ യൗസേപ്പിതാവ് എന്നെ സഹായിച്ചു. അമ്മായിക്കൊപ്പം ചേര്‍ന്ന് എന്നെ പരിഹാസത്തോടെ കണ്ടിരുന്നവരും ഇന്ന് സ്നേഹപൂര്‍വം എന്നെ സ്വീകരിക്കുന്നു.
ഈ അനുഭവം എന്നും എനിക്ക് ഒരു ഓര്‍മപ്പെടുത്തലാണ്, ക്രിസ്തുവിനെ പ്രതി കിട്ടുന്ന നിന്ദനങ്ങളും സഹനങ്ങളും വിട്ടുകളയരുത്. അതിന് വലിയ പ്രതിഫലമുണ്ട്. ഇന്നല്ലെങ്കില്‍ നാളെ അത് ലഭിച്ചിരിക്കും എന്ന ഓര്‍മ്മപ്പെടുത്തല്‍. യൗസേപ്പിതാവ് അത് എനിക്കായി യേശുവില്‍നിന്ന് വാങ്ങിത്തന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
'മഗ്ദലെന്‍ എന്ന മാമ്മോദീസാ പേര് സ്വീകരിച്ച ഇമെല്‍ഡ പില്‍ക്കാലത്ത് വിശുദ്ധ മേരി മഗ്ദലേനയുടെ നാമധേയത്തിലുള്ള കോണ്‍വന്‍റില്‍ നിന്നാണ് വളര്‍ന്നത്. 1322-ല്‍ ഇറ്റലിയിലെ ബൊളോണയിലുള്ള ഒരു കുലീന കുടുംബത്തിലാണ് ഇമെല്‍ഡയുടെ ജനനം. സമ്പത്തും അധികാരവും ഉണ്ടായിരുന്നെങ്കിലും ദൈവിക കാര്യങ്ങളിലും ഉപവിപ്രവൃത്തികളിലും അതീവ തല്‍പ്പരരായിരുന്നു ഇമെല്‍ഡെയുടെ മാതാപിതാക്കള്‍. ദരിദ്രരോടുള്ള അനുകമ്പയായിരുന്നു പിതാവിന്‍റെ പ്രത്യേകത. ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നതിനാണ് മാതാവായ കാസ്റ്റോറ പ്രാധാന്യം നല്‍കിയത്.
അഞ്ചാം പിറന്നാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാനുള്ള ആഗ്രഹം ആദ്യമായി ഇമെല്‍ഡാ പ്രകടിപ്പിച്ചു. എന്നാല്‍ അന്നത്തെ നിയമമനുസരിച്ച് 12 വയസ് പ്രായമാകുമ്പോഴാണ് കുട്ടികള്‍ക്ക് ആദ്യകുര്‍ബാന നല്‍കിയിരുന്നത്. അതുകൊണ്ട് ഇമെല്‍ഡെയുടെ ആഗ്രഹവും നിരാകരിക്കപ്പെട്ടു. യേശുവിനെ ഹൃദയത്തില്‍ സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് ജീവനോടെ ഇരിക്കാന്‍ സാധിക്കുക എന്നാണ് ഇമെല്‍ഡ ചിന്തിച്ചിരുന്നത്. അഞ്ച് വയസ് മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയുടെ ഇത്തരം ചിന്തകള്‍ അവള്‍ സാധാരണ പെണ്‍കുട്ടിയല്ലെന്ന് സാക്ഷ്യം നല്‍കിയിരുന്നു.
ഉണ്ണീശോ ആയിരുന്നു തന്‍റെ സ്ഥാനത്തെങ്കില്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്ന് ചിന്തിച്ചുകൊണ്ടാണ് ഇമെല്‍ഡാ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. അങ്ങനെ യേശുവിനെ അനുകരിച്ച് ജ്ഞാനത്തിലും ദൈവകൃപയിലും ഇമെല്‍ഡാ വളര്‍ന്നു. ത്യാഗങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ദരിദ്രര്‍ക്ക് സംഭാവനകള്‍ നല്‍കാന്‍ ഇമെല്‍ഡാ ചെറുപ്പത്തില്‍ ത്തന്നെ അഭ്യസിച്ചിരുന്നു. അവള്‍ക്ക് ലഭിച്ച ഏറ്റവും നല്ല കളിപ്പാട്ടങ്ങള്‍ സന്തോഷപൂര്‍വം ദരിദ്രരായ കുട്ടികളുമായി പങ്കുവച്ചു. കൂടാതെ അവള്‍ക്കറിയാമായിരുന്ന ബൈബിള്‍ കഥകളും ഈ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു.
ഒന്‍പതാമത്തെ വയസായപ്പോഴേക്കും അവള്‍ നിത്യതയെ ലക്ഷ്യമാക്കി ജീവിക്കാനും ലോകസുഖങ്ങള്‍ ഉപേക്ഷിക്കാനും തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. തന്നെ ഏതെങ്കിലും കോണ്‍വെന്‍റില്‍ ആക്കണമെന്ന് ഇമെല്‍ഡ മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു. സന്യാസം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളെ സന്യാസിനിമാരുടെ വസ്ത്രം ധരിച്ചുകൊണ്ട് കോണ്‍വെന്‍റില്‍ താമസിക്കാന്‍ അനുവദിക്കുന്ന പതിവ് അക്കാലത്ത് ഉണ്ടായിരുന്നു. ഇമെല്‍ഡയ്ക്ക് പ്രായം കുറവായിരുന്നെങ്കിലും സന്യാസവസ്ത്രം ധരിക്കാനും കോണ്‍വെന്‍റില്‍ താമസിക്കാനും അനുവാദം ലഭിച്ചു.
ബൊളോണയ്ക്ക് സമീപം തന്നെയുള്ള ഡൊമിനിക്കന്‍ സന്യാസിനിമാരുടെ ആശ്രമത്തിലേക്ക് ആ മാതാപിതാക്കള്‍ ഇമെല്‍ഡയെ മനസില്ലാ മനസോടെ അയച്ചു. പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്‍റെയും ആ ജീവിതത്തോട് ഇഴുകിച്ചേരാന്‍ ഇമെല്‍ഡായ്ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. മാത്രമല്ല പ്രാര്‍ത്ഥനയുടെയും അനുസരണത്തിന്‍റെയും കാര്യത്തില്‍ മുതിര്‍ന്ന സന്യാസിനികള്‍ക്ക് പോലും ഇമെല്‍ഡ ഒരു മാതൃകയായി മാറി. എങ്കിലും ദിവ്യകാരുണ്യം സ്വീകരിക്കാന്‍ സാധിക്കാത്തതിന്‍റെ ദുഃഖം അവളെ സദാ അലട്ടിക്കൊിരുന്നു.
യേശുവിനോടുള്ള സ്നേഹത്താല്‍ ജ്വലിച്ചിരുന്ന ഈ ഹൃദയം ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനായി കൊതിച്ചു. യേശുവിനെ ഹൃദയത്തില്‍ സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് മരിക്കാതിരിക്കാനാവുക -തന്‍റെ ജീവിതത്തെ സംബന്ധിച്ച് പ്രവചനപരമായ ഈ ചോദ്യം ഇമെല്‍ഡാ സന്യാസിനികളോട് പലപ്പോഴും ആവര്‍ത്തിച്ചു. ദിവ്യകാരുണ്യം സ്വീകരിക്കാനുള്ള അനുവാദത്തിനായി പലതവണ സന്യാസിനികളെ സമീപിച്ചെങ്കിലും അതിനുള്ള അനുവാദം മാത്രം ഇമെല്‍ഡയ്ക്ക് ലഭിച്ചില്ല. അനുവദിക്കപ്പെട്ടിരിക്കുന്ന പ്രായമാകാതെ ദിവ്യകാരുണ്യം നല്‍കേണ്ട എന്ന നിലപാടാണ് ചാപ്ലൈനും സ്വീകരിച്ചത്.
1333 മെയ് 12-ാം തിയതി സ്വര്‍ഗാരോഹണ തിരുനാള്‍ ദിനത്തില്‍ ദിവ്യകാരുണ്യനാഥനെ സ്വീകരിക്കാന്‍ അനുവാദം ലഭിക്കാതിരുന്ന ഇമെല്‍ഡ അതീവ ദുഃഖിതയായിരുന്നു. അന്നത്തെ കുര്‍ബാന കഴിഞ്ഞ് എല്ലാവരും ചാപ്പലില്‍നിന്ന് പോയിട്ടും ഇമെല്‍ഡ ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞ് ആ വഴി വന്ന ഒരു സിസ്റ്റര്‍ അത്ഭുതകരമായ ഒരു കാഴ്ച കണ്ടു. സ്വര്‍ഗീയമായ പ്രകാശം പരത്തിക്കൊണ്ട് ഒരു തിരുവോസ്തി ഇമെല്‍ഡയുടെ ശിരസിനു മീതെ നില്‍ക്കുന്നു. ഉടന്‍ തന്നെ സിസ്റ്റര്‍ മറ്റ് സിസ്റ്റര്‍മാരെയും ചാപ്ലൈനെയും വിളിച്ചുവരുത്തി. ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന ഇമെല്‍ഡയുടെ സ്വര്‍ഗീയമായ പിടിവാശിക്ക് സ്വര്‍ഗം നല്‍കിയ അംഗീകാരമായിരുന്നു ആ അനുഭവമെന്ന് എല്ലാവര്‍ക്കും മനസിലായി. ചാപ്ലൈന്‍റെ കയ്യിലുണ്ടായിരുന്ന കുസ്തോദിയില്‍ സാവധാനം ആ ദിവ്യകാരുണ്യം വന്നെത്തി. ഉടനെതന്നെ ദിവ്യകാരുണ്യം ചാപ്ലൈന്‍ ഇമെല്‍ഡയ്ക്ക് നല്‍കി.
ദിവ്യകാരുണ്യനാഥനെ സ്വീകരിച്ചതിന്‍റെ ആനന്ദം ഇമെല്‍ഡയുടെ ഭൗതികശരീരത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു. മാലാഖമാരോടൊപ്പം ദിവ്യകാരുണ്യനാഥനെ സ്തുതിക്കുന്നതിനായി ആ കുരുന്നുശരീരത്തില്‍ നിന്ന് അവളുടെ ആത്മാവ് അപ്പോള്‍ത്തന്നെ സ്വര്‍ഗത്തിലേക്ക് പറന്നുയര്‍ന്നു.
1826-ല്‍ ലിയോ 12 -ാമന്‍ മാര്‍പാപ്പ ഇമെല്‍ഡെയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ദിവ്യകാരുണ്യത്തെ പുല്‍കിക്കൊണ്ടുള്ള ആ ഭാഗ്യമരണത്തിന് നൂറ്റാണ്ടുകള്‍ക്ക് ശേഷം 1900-ല്‍ നാമകരണനടപടികളുടെ ഭാഗമായി പുറത്തെടുക്കപ്പെട്ടപ്പോഴും ഇമെല്‍ഡെയുടെ ശരീരം അഴുകിയിരുന്നില്ല. പയസ് പത്താമന്‍ മാര്‍പാപ്പയാണ് ആദ്യ കുര്‍ബാന സ്വീകരിക്കുന്നവരുടെ പ്രത്യേക മധ്യസ്ഥയായി ഇമെല്‍ഡയെ പ്രഖ്യാപിച്ചത്.
'അന്ന് വൈകുന്നേരം ഞാന്‍ വിശുദ്ധ കുര്‍ബാനയ്ക്ക് പോകാന്‍ തുടങ്ങുകയായിരുന്നു. ആ സമയത്ത് നല്ല മഴ. ‘എങ്കില്‍പ്പിന്നെ നാളെ പോകാം’- ഞാന്‍ ചിന്തിച്ചു. അപ്പോള്‍ യേശു പറഞ്ഞു, “നീ ഒന്നാം പ്രമാണമാണ് ലംഘിച്ചിരിക്കുന്നത്.”
ഞാന്‍ ചോദിച്ചു, “അതെങ്ങനെ?”
യേശു പറഞ്ഞു, “നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടി സ്നേഹിച്ചിരുന്നെങ്കില്‍ നീ തീര്‍ച്ചയായും പള്ളിയില്‍ പോകുമായിരുന്നു. സ്നേഹത്തിലൂടെ പ്രവര്‍ത്തനനിരതമായ വിശ്വാസമാണ് പ്രധാനം (ഗലാത്തിയാ 5:1 ).”
ഞാന്‍ മനസ്സിലാകാത്ത മട്ടില്‍ യേശുവിന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ യേശു പറഞ്ഞു, “നീ ബൈബിള്‍ എടുത്ത് മര്‍ക്കോസ് രണ്ടാം അധ്യായം ഒന്നുമുതല്‍ അഞ്ചുവരെയുള്ള വാക്യങ്ങള്‍ വായിക്കുക.”
ഞാന്‍ വായിക്കുവാന്‍ തുടങ്ങി. “കുറെ ദിവസങ്ങള്‍ കഴിഞ്ഞ്, യേശു കഫര്‍ണാമില്‍ തിരിച്ചെത്തിയപ്പോള്‍, അവന്‍ വീട്ടിലുണ്ട് എന്ന വാര്‍ത്ത പ്രചരിച്ചു. വാതില്‍ക്കല്‍പോലും നില്‍ക്കാന്‍ സ്ഥലം തികയാത്തവിധം നിരവധിയാളുകള്‍ അവിടെക്കൂടി. അവന്‍ അവരോടു വചനം പ്രസംഗിച്ചുകൊണ്ടിരുന്നു. അപ്പോള്‍, നാലുപേര്‍ ഒരു തളര്‍വാതരോഗിയെ എടുത്തുകൊണ്ടുവന്നു. ജനക്കൂട്ടം നിമിത്തം അവന്‍റെ അടുത്തെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതിനാല്‍, അവന്‍ ഇരുന്ന സ്ഥലത്തിന്‍െറ മേല്‍ക്കൂര പൊളിച്ച്, തളര്‍വാതരോഗിയെ അവര്‍ കിടക്കയോടെ താഴോട്ടിറക്കി. അവരുടെ വിശ്വാസം കണ്ട് യേശു തളര്‍വാതരോഗിയോടു പറഞ്ഞു: മകനേ, നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.”
യേശു തുടര്‍ന്നു, “എന്തെല്ലാം പ്രതിസന്ധികള്‍ തരണം ചെയ്താണ് അവര്‍ എന്‍റെ അടുക്കല്‍ വന്നത് എന്ന് നീ കണ്ടോ? ധീരമായ വിശ്വാസം അത്ഭുതങ്ങള്‍ക്കുമാത്രമല്ല പാപമോചനത്തിനു പോലും കാരണമാകും എന്ന് മനസിലാക്കുക. ശരിയായ വിശ്വാസത്തില്‍നിന്നേ ധീരമായ വിശ്വാസം ഉടലെടുക്കുകയുള്ളൂ. ദൈവത്തിന്‍റെ അസ്തിത്വത്തില്‍, സര്‍വ്വ ശക്തിയില്‍, അധികാരത്തില്‍, നീതിയില്‍, ആധിപത്യത്തില്‍ നീമാത്രമല്ല പിശാചും വിശ്വസിക്കുന്നു. ദൈവം തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം തന്‍റെ നാമത്തില്‍ വിശ്വസിച്ചവര്‍ക്കെല്ലാം ദൈവമക്കള്‍ ആകാന്‍ കഴിവ് നല്‍കി (യോഹന്നാന്‍ 1:12). അപ്പോള്‍ എന്താണ് ശരിയായ വിശ്വാസം?
വളരെ കുറച്ചുപേര്‍ മാത്രമേ ദൈവത്തിന്‍റെ സ്നേഹത്തില്‍, കരുണയില്‍, നന്മയില്‍ വിശ്വസിക്കുന്നുള്ളൂ. അവര്‍ ദൈവത്തെ തങ്ങളുടെ പിതാവായും സ്വീകരിക്കുന്നു. അവര്‍ ഭയപ്പെടുകയോ നിരാശപ്പെടുകയോ ഉല്‍ക്കണ്ഠപെടുകയോ ഇല്ല. അവര്‍ ദൈവപരിപാലനയില്‍ ശരണം വയ്ക്കുന്നു. സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ഞാന്‍ സ്നേഹമാണ്. എന്‍റെ സ്നേഹത്തില്‍ നീ വിശ്വസിക്കുക. എനിക്ക് നിന്നോട് സ്നേഹമാണ്. ഞാന്‍ കരുണയാണ്. എനിക്ക് നിന്നോട് കരുണയാണ്. നീ എത്ര വലിയ പാപി ആണെങ്കിലും നിന്നെ എന്‍റെ നെഞ്ചോട് ചേര്‍ത്തു നിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ നന്മയാണ്. നിന്‍റെ നന്മമാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. എന്‍റെ ഈ ഉറപ്പിന് നീ നല്‍കുന്ന പ്രത്യുത്തരമാണ് ധീരമായ വിശ്വാസത്തിന്‍റെ ജീവിതം. ഞാന്‍ എപ്പോഴും നിന്‍റെ കൂടെയുണ്ടാകുമെന്ന് നിനക്ക് വാക്ക് തരുന്നു.”
ധീരമായ വിശ്വാസ ജീവിതത്തിന് മാത്രമേ ദൈവത്തെ പ്രസാദിപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കേള്‍ക്കുമ്പോള്‍ പ്രമുഖ സുവിശേഷ പ്രഘോഷകനായ റെയ്നാള്‍ഡ് ബോങ്കെയുടെ വാക്കുകളാണ് എനിക്ക് ഓര്‍മ്മ വരുന്നത്, ‘പ്രവര്‍ത്തിക്കുന്നവരുടെ കൂടെ ദൈവം പ്രവര്‍ത്തിക്കുന്നു. ചലിക്കുന്ന അവരുടെ കൂടെ ദൈവം ചലിക്കുന്നു. വെറുതെ ഇരിക്കുന്നവരുടെ കൂടെ ദൈവം ഇരിക്കുന്നില്ല.’
ഒരിക്കല്‍ ഒരു വിശുദ്ധ യേശുവിനോടു ചോദിച്ചു, “ഒരുവന് സ്വര്‍ഗ്ഗപ്രാപ്തി ലഭിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം എന്താണ്?”
അതിന് യേശു പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു, “രക്തസാക്ഷി ആവുക.”
സ്നേഹത്തിലൂടെ പ്രവര്‍ത്തനനിരതമാകുന്ന വിശ്വാസത്തിന്‍റെ ഏറ്റവും ഉന്നതമായ ഉദാഹരണമാണ് രക്തസാതക്ഷിത്വം എന്നതാണ് ഇതിന് കാരണം. 11 അപ്പസ്തോലന്‍മാരുടെയും ഭൂരിഭാഗം ആദിമക്രൈസ്തവരുടെയും മരണം രക്തസാക്ഷിത്വമായിരുന്നു. രക്തസാക്ഷിത്വമരണം ആഗ്രഹിച്ച ഒരു വിശുദ്ധയായിരുന്നു വിശുദ്ധ കൊച്ചുത്രേസ്യ. നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികളില്‍ ധീരമായ വിശ്വാസത്തിന്‍റെ നിലപാടുകള്‍ എടുക്കാന്‍ സാധിക്കുന്നതിന് വിശുദ്ധരോട് നമുക്ക് മാധ്യസ്ഥ്യം യാചിക്കാം. “നിന്‍റെ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാല്‍ നിന്നെ ഞാന്‍ എന്‍റെ വായില്‍നിന്നു തുപ്പിക്കളയും (വെളിപാട് 3 : 15-16).” ഇങ്ങനെ നമ്മെ നോക്കി ദൈവം പറയാതിരിക്കട്ടെ.
തീക്ഷ്ണമായ സ്നേഹവും ധീരമായ വിശ്വാസവും പാപമോചനത്തിന് കാരണമാകുന്നതുപോലെതന്നെ പാപമോചനത്തിന് വേറെ രണ്ട് മാര്‍ഗ്ഗങ്ങള്‍കൂടി സുവിശേഷത്തില്‍ കാണാന്‍ കഴിയും. അതില്‍ ഒന്നാമതാണ് ഏറ്റുപറച്ചില്‍. പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്‍റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്‍റെ പുത്രന്‍ എന്ന് വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല എന്ന് പുത്രന്‍ ഏറ്റുപറഞ്ഞപ്പോള്‍, “എന്‍റെ ഈ മകന്‍ മൃതനായിരുന്നു; അവന്‍ ഇതാ, വീണ്ടും ജീവിക്കുന്നു. അവന്‍ നഷ്ടപ്പെട്ടിരുന്നു, ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നു” എന്ന് പറഞ്ഞ് ആഹ്ലാദിക്കുന്ന പിതാവിനെക്കുറിച്ച് യേശു ധൂര്‍ത്തപുത്രന്‍റെ ഉപമയില്‍ പറയുന്നുണ്ടല്ലോ (ലൂക്കാ 15: 11-32). എല്ലാ കൂദാശകളും വിശിഷ്യ കുമ്പസാരമെന്ന കൂദാശയും ഈ ഏറ്റുപറച്ചിലിന് നമ്മെ സഹായിക്കുന്നു.
പാപമോചനത്തിനുള്ള മറ്റൊരു വഴിയാണ് സഹോദരന്‍റെ തെറ്റുകള്‍ ക്ഷമിക്കുന്നത്. “മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും” (മത്തായി 6:14).
'കേരള-തമിഴ്നാട് അതിര്‍ത്തിയ്ക്കടുത്തായിരുന്നു കന്യാകുമാരി ജില്ലയിലുള്‍പ്പെടുന്ന എന്‍റെ ഗ്രാമം. ഞാന്‍ പന്ത്രണ്ടാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയത് വീട്ടില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള കാലത്താണ്. അതിനാല്‍ പഠനം തുടരുന്നില്ല എന്ന് ആദ്യം തീരുമാനിച്ചെങ്കിലും ഞങ്ങളുടെ വികാരിയച്ചന്‍ പറഞ്ഞതുപ്രകാരം ഫീസ് കുറവുള്ള ഒരു ഫാഷന്‍ ഡിസൈനിംഗ് കോഴ്സിന് പോയി. പിന്നീട് കറസ്പോണ്ടന്‍സായി ബി.എയും തുടര്‍ന്ന് എം.എയും പഠിച്ചു. പലയിടത്തും ജോലിക്ക് പോയിക്കൊണ്ടാണ് പഠനം നടത്തിയിരുന്നത്. പഠനം കഴിഞ്ഞപ്പോള്‍ അമ്മയ്ക്കൊരു ആഗ്രഹം, ഞാന്‍ ബി.എഡ് എടുത്ത് ടീച്ചര്‍ ആകണം!
അമ്മതന്നെ അന്വേഷിച്ച് ഫീസ് കുറവുള്ള ഒരു കോളേജ് കണ്ടെത്തി എന്നെ ബി. എഡിന് ചേര്‍ത്തു. ബസ് കുറവായിരുന്നതിനാല്‍ ഒരു കുറുക്കുവഴിയിലൂടെ ഒന്നേകാല്‍ മണിക്കൂര്‍ നടന്നാണ് ഞാന്‍ കോളേജില്‍ പോയത്. ക്ലേശപൂര്‍ണമായ പഠനത്തിനുശേഷമാണ് അറിയുന്നത് ഞങ്ങളുടെ കോളേജിന് അംഗീകാരമില്ല എന്ന്. ആര്‍ക്കും പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. പിന്നെ കുറെനാള്‍ ടൈലറിംഗ് ആയിരുന്നു ശരണം. മാസങ്ങള്‍ അങ്ങനെ കടന്നുപോയി.
തേടിയെത്തിയ ശാലോം ടൈംസ്
ആ സമയത്ത് ഞങ്ങളുടെ ഇടവകയില്‍ ഒരു ധ്യാനം നടന്നു. ഇടവകധ്യാനത്തില്‍ തൃശൂരില്‍നിന്നുള്ള വര്‍ഗീസ് എന്ന ഒരു ബ്രദര്‍ ഉണ്ടായിരുന്നു. അദ്ദേഹം തമിഴ് ശാലോം ടൈംസ് മാസിക ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. വീട്ടില്‍ ശാലോം ടി.വി. കാണുന്ന പതിവുണ്ടായിരുന്നെങ്കിലും തമിഴ് മാസിക ഉള്ളത് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അന്ന് ബ്രദര്‍ ഇങ്ങനെ പറഞ്ഞു, “അച്ചന്മാരും സിസ്റ്റര്‍മാരുംമാത്രമല്ല ദൈവത്തിനുവേണ്ടി ശുശ്രൂഷ ചെയ്യുന്നത്. നമുക്കും ചെയ്യാന്‍ കഴിയും. ഈ മാസിക ഒരു വീട്ടിലെങ്കിലും കൊണ്ടുപോയി കൊടുക്കുന്നതും വചനപ്രഘോഷണമാണ്.” ആ വാക്കുകള്‍ എന്നെ വളരെയധികം സ്പര്‍ശിച്ചു. പത്ത് മാസികയ്ക്കുള്ള പണം സംഘടിപ്പിച്ച് നല്കി ഞാന്‍ തമിഴ് ശാലോം ടൈംസിന്‍റെ ഏജന്‍റ് ആയി മാറി.
ദിവസങ്ങള്‍ക്കുള്ളില്‍ പ്രതീക്ഷിക്കാത്ത ഒരു ഫോണ്‍കോള്‍. ഞാന്‍ ബി.എഡിന് പോയ കോളേജിലെ പ്രിന്‍സിപ്പല്‍ മാഡമാണ്. മാഡം വേറെ കോളേജിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. അവിടെ ഒരു സീറ്റ് ഒഴിവുണ്ട്. വേണമെങ്കില്‍ അവിടെ ചേരാം. പഴയ ട്രെയിനിംഗിന്‍റെ രേഖകള്‍ ശരിയാക്കിത്തരാമെന്നും മാഡം പറഞ്ഞു. “നിങ്ങള്‍ക്ക് പ്രതിഫലമായി കര്‍ത്താവില്‍നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്തുവിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്” എന്ന കൊളോസോസ് 3:24 തിരുവചനം എന്‍റെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാവുകയായിരുന്നു.
മാഡം പറഞ്ഞതനുസരിച്ച് ആ കോളേജില്‍ ചേര്‍ന്നു. മാഡം അമ്മയെപ്പോലെ എന്നോട് പെരുമാറി. ആ സമയത്ത് എനിക്ക് എം.എഡ് പഠിക്കണമെന്ന ആഗ്രഹം ഞാന്‍ പറഞ്ഞു. അപ്പോള്‍ മാഡം പറഞ്ഞു, “ഡിസ്റ്റിംഗ്ഷന്‍ കിട്ടിയാല്‍ ഗവണ്‍മെന്‍റ് സീറ്റ് കിട്ടും. നല്ലതുപോലെ പഠിച്ചാല്‍ മതി.”
ആ വാക്കുകള്‍ കേട്ടപ്പോള്‍ എന്‍റെ ആഗ്രഹം നടക്കില്ല എന്നെനിക്ക് ഉറപ്പായി. കാരണം ഡിസ്റ്റിംഗ്ഷന്‍ എനിക്ക് ചിന്തിക്കാന്‍പോലും പറ്റില്ലായിരുന്നു. എന്തായാലും ബി.എഡ് പഠനം മുന്നോട്ടുപോയി. ഒടുവില്‍ പരീക്ഷയുടെ സമയമെത്തി. എന്നാല്‍ പെട്ടെന്ന് സാഹചര്യങ്ങളാകെ മാറിമറിഞ്ഞു.
പഞ്ചായത്തില്‍നിന്ന് ഞങ്ങളുടെ വീടുപണിക്കുള്ള തുക ലഭിച്ചത് ആ സമയത്താണ്. പെട്ടെന്ന് പണി പൂര്‍ത്തിയാക്കി ഫോട്ടോ അയച്ചുകൊടുക്കണം എന്ന് പറഞ്ഞതിനാല്‍ എന്‍റെ ആങ്ങള തിരക്കിട്ട് പണികള്‍ നടത്തി. അതേ സമയത്ത് അമ്മയ്ക്ക് ഡെങ്കിപ്പനി വന്നു. അമ്മയ്ക്ക് കൂട്ടിന് രാത്രി ആശുപത്രിയില്‍ നില്‍ക്കാന്‍ ഞാനേയുള്ളൂ. രണ്ട് ചേച്ചിമാരെയും വിവാഹം ചെയ്തയച്ചതാണ്. രാവിലെ പണിക്കാര്‍ക്കുള്ള ഭക്ഷണം തയാറാക്കണം. പിന്നെ പരീക്ഷ. അതുകഴിഞ്ഞ് അമ്മയ്ക്കരികില്‍. ആ അവസ്ഥയില്‍ ഒന്നും പഠിക്കാതെയാണ് പരീക്ഷയ്ക്ക് പോയിരുന്നത്. എന്നാല്‍ സെക്കന്‍റ് പേപ്പറിന്‍റെ പരീക്ഷയുടെ തലേന്ന് അമ്മ പറഞ്ഞു വീട്ടില്‍പ്പോയിരുന്ന് എന്തെങ്കിലും പഠിച്ചോളാന്‍. അങ്ങനെ വീട്ടില്‍ പോയെങ്കിലും പുസ്തകം എടുത്തപ്പോള്‍ ഒന്നും വായിക്കാന്‍ പറ്റുന്നില്ല. കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്. കുറെ സമയം കരഞ്ഞു. അന്ന് രാത്രി ഉറക്കം വന്നില്ല.
പുലര്‍ന്നപ്പോള്‍ എഴുന്നേറ്റ് പരീക്ഷയ്ക്ക് പോയി. പരീക്ഷാ ഹാളില്‍ അര മണിക്കൂറോളം ഒന്നും എഴുതാന്‍ കഴിയാതെ വിഷമിച്ചിരുന്നു. അതുകഴിഞ്ഞപ്പോള്‍ മനസില്‍ പ്രാര്‍ത്ഥിച്ച് എഴുതാന്‍ തുടങ്ങി. മുമ്പുള്ള എല്ലാ പരീക്ഷകള്‍ക്കും മൂന്ന് മണിക്കൂര്‍ ഉണ്ടായിട്ടും 34 പേജ് എഴുതിത്തീര്‍ക്കാന്‍ കഴിയുന്നില്ലായിരുന്നു. എന്നാല്‍ അന്ന് രണ്ടര മണിക്കൂര്‍കൊണ്ട് 34 പേജ് എഴുതിത്തീര്‍ത്തു. അന്ന് എന്താണ് സംഭവിച്ചതെന്ന് ഇന്നും എനിക്കറിഞ്ഞുകൂടാ.
റിസല്‍റ്റ് വന്ന ദിവസം ഞാന്‍ പേടിച്ചിട്ട് നോക്കാന്‍ പോയില്ല. കൂട്ടുകാരി വിളിച്ചിട്ട് പറഞ്ഞു, മൂന്ന് പേര്‍ തോറ്റു. അതിലൊരാള്‍ അവളാണെന്ന്. അപ്പോള്‍ ഞാന്‍ ചിന്തിച്ചു, “ഇനിയെന്തിന് റിസല്‍റ്റ് നോക്കണം. ഞാനും തോറ്റ ലിസ്റ്റിലുണ്ടാകും.” മാത്രവുമല്ല പ്രിന്‍സിപ്പല്‍മാഡം പോലും വിളിച്ചില്ല. അപ്പോള്‍ ഞാന്‍ തോറ്റുകാണുമെന്ന് തീര്‍ച്ചയായി. എന്തായാലും ആരും ചോദിക്കാതിരിക്കാന്‍വേണ്ടി രാത്രിസമയത്ത് അമ്മയ്ക്കൊപ്പം ഒരു ഇന്‍റര്‍നെറ്റ് സെന്‍ററില്‍ പോയി റിസല്‍റ്റ് നോക്കി. കണ്ണുകളെ വിശ്വസിക്കാനായില്ല, എനിക്ക് ഡിസ്റ്റിംഗ്ഷന്‍!
അപ്പോള്‍ അമ്മ പറയുകയാണ്, ‘എനിക്ക് അസുഖം വന്നതുകൊണ്ടല്ലേ നിനക്ക് പഠിക്കാന്‍ പറ്റാതായത്. ഞാന്‍ മാതാവിന് നേര്‍ച്ച നേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു’ എന്ന്. പിന്നീട് എം.എഡിന് ചേര്‍ന്നു. അതും ഫസ്റ്റ് ക്ലാസോടെ വിജയിക്കാന്‍ കഴിഞ്ഞു. എനിക്ക് ബി.എഡ് കോളേജില്‍ ജോലി ചെയ്യാനായിരുന്നു ആഗ്രഹം. അതിന് എം. ഫില്‍ വേണം. എന്നാല്‍ കന്യാകുമാരി ജില്ലയില്‍ ഒരു കോളേജില്‍മാത്രമേ എം.ഫില്‍ ഉള്ളൂ. അവിടെയാണെങ്കില്‍ രണ്ട് വര്‍ഷത്തേക്കുള്ള പ്രവേശനം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു.
അനുഗ്രഹം തിരിച്ചറിയുന്നു
അങ്ങനെയിരിക്കുന്ന സമയം. ഇടവകപ്പള്ളിയില്‍ വീണ്ടും ധ്യാനം വന്നു. പകല്‍സമയം പരിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുവച്ച് ആരാധന. വൈകുന്നേരം ധ്യാനം. ആന്‍റിയുടെ മകന്‍ പകല്‍ പള്ളിയില്‍ പോകുമ്പോള്‍ എന്നെയും വിളിച്ചു. അവന്‍ പോയതിനു പിന്നാലെ വീട്ടിലെ ജോലികള്‍ തീര്‍ത്ത് ഞാനും പോയി. ഞങ്ങള്‍ ഒന്നിച്ച് ഒന്നര മണിക്കൂറോളം പ്രാര്‍ത്ഥിച്ചു.
അതുകഴിഞ്ഞ് പള്ളിയില്‍നിന്ന് പുറത്തുവന്നപ്പോള്‍ അവന്‍ ചോദിക്കുകയാണ്, “ചേച്ചി ശാലോം മാസിക വിതരണം ചെയ്തതുകൊണ്ടല്ലേ ഇത്രയും പഠിക്കാന്‍ പറ്റിയത്.”
പെട്ടെന്ന് എനിക്ക് ഒന്നും മനസിലായില്ല. അപ്പോള്‍ അവന്‍ വീണ്ടും പറഞ്ഞു, “എനിക്ക് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ തോന്നി. ചേച്ചി ഒന്ന് ആലോചിച്ചുനോക്ക് എന്ന്.”
അവന്‍ പറഞ്ഞത് ശരിയാണ്, 2012-ല്‍ ശാലോം ടൈംസ് തമിഴ് മാസികയുടെ ഏജന്‍റ് ആയതിനുശേഷമാണ് എന്‍റെ ജീവിതം മാറിയത്. വിശ്വാസത്തോടെ ഞാന്‍ അവനോട് പറഞ്ഞു, “ശരിയാണ്. അങ്ങനെയെങ്കില്‍ ഈ കോഴ്സും പഠിക്കാന്‍ സാധിക്കും.” അവന്‍ പറഞ്ഞു, “തീര്‍ച്ചയായും ചേച്ചിക്ക് അഡ്മിഷന്‍ കിട്ടും. നമുക്ക് പ്രാര്‍ത്ഥിക്കാം.”
അധികം താമസിച്ചില്ല. സങ്കീര്‍ത്തനം 21: 3- “സമൃദ്ധമായ അനുഗ്രഹങ്ങളുമായി അവിടുന്ന് അവനെ സന്ദര്‍ശിച്ചു” എന്ന വചനം എന്‍റെ ജീവിതത്തില്‍ നിറവേറുകയായിരുന്നു. തിരുനെല്‍വേലി ജില്ലയില്‍ വൈദികര്‍ നടത്തുന്ന ഒരു നല്ല കോളേജില്‍ എനിക്ക് എം.ഫില്‍ അഡ്മിഷന്‍ കിട്ടി. അങ്ങനെ മാസിക വിതരണം ചെയ്ത മൂന്ന് വര്‍ഷംകൊണ്ട് മൂന്ന് കോഴ്സുകളും പൂര്‍ത്തിയാക്കി. മൂന്നാമത്തെ വര്‍ഷം ഞാന്‍ ഹോസ്റ്റലില്‍ ആയിരുന്നതുകൊണ്ട് അമ്മയാണ് മാസികകള്‍ വിതരണം ചെയ്തിരുന്നത്.
പഠനം പൂര്‍ത്തിയായപ്പോള്‍ ജോലിക്കായി അന്വേഷണം തുടങ്ങി. ആ സമയത്ത് വീണ്ടും വര്‍ഗീസ് ബ്രദര്‍ വീട്ടില്‍ വന്നു. മാസികയുടെ ഏജന്‍സി പുതുക്കുന്ന കാര്യം പറയാന്‍ ഒരു സഹായിയെയുംകൂട്ടി അച്ചനാണ് അദ്ദേഹത്തെ വീട്ടിലേക്ക് പറഞ്ഞയച്ചിരിക്കുന്നത്. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം ചോദിച്ചു, നന്നായി മലയാളം സംസാരിക്കുന്നുണ്ടല്ലോ. ശാലോമില്‍ ശുശ്രൂഷ ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്ന്. പക്ഷേ ഞാന്‍ പഠിച്ചതുമായി ബന്ധമില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു. എങ്കിലും റെസ്യുമെ അയക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെ ശാലോമിലും ബയോഡേറ്റ അയച്ചു. പിന്നെ ഇന്‍റര്‍വ്യൂവിലും പങ്കെടുത്തു.
എന്നെയും ദൈവം ശാലോമിലൂടെ അവിടുത്തെ ശുശ്രൂഷ ചെയ്യാന്‍ വിളിക്കുകയായിരുന്നു. അതേ സമയംതന്നെ ഞാന്‍ പഠിച്ച കോളേജില്‍ ഇന്‍റര്‍വ്യൂപോലുമില്ലാതെ ജോലിക്ക് ചേര്‍ന്നുകൊള്ളാന്‍ അറിയിച്ച് വിളിച്ചു. എന്നാല്‍ ശാലോം മാസികവഴി എന്നെ അനുഗ്രഹിച്ച കര്‍ത്താവിന് മാസികവഴിയായിത്തന്നെ നന്ദി അര്‍പ്പിക്കാനായിരുന്നു എന്‍റെ തീരുമാനം. ദൈവത്തിനുവേണ്ടി ശുശ്രൂഷ ചെയ്യുന്നതില്‍ വലിയ ആനന്ദം. മരിക്കുവോളം കര്‍ത്താവിനായി എന്തെങ്കിലും ചെയ്യാനാവുന്നത് എത്ര സന്തോഷമാണ്! ദൈവം ചെയ്ത നന്മകള്‍ക്കെല്ലാം നന്ദി പറഞ്ഞിടാന്‍ നാവിത് പോരാ, നാളിത് പോരാ, ആയുസും ഇത് പോരാ…
'‘എന്‍റെ ദൈവത്തിന്‍റെ സഹായത്താല്‍ ഞാന്‍ കോട്ട ചാടിക്കടക്കും.” കീഴടങ്ങാന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തിയുടെ വിജയപ്രഖ്യാപനമാണിത്. ഒട്ടേറെ കയ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണദ്ദേഹം. പക്ഷേ അവയെല്ലാം ദൈവസഹായത്താല്‍ മധുരമേറിയ സങ്കീര്‍ത്തനഗീതങ്ങളാക്കി മാറ്റുവാന്‍ സാധിച്ച ഒരാള്‍. സ്വന്തം മകന്‍ അദ്ദേഹത്തെ ചതിച്ചു, ശത്രുക്കളോട് കൂട്ടുചേര്‍ന്ന് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി. എല്ലാം നഷ്ടപ്പെട്ട് വനത്തില്‍ കഴിയേണ്ടി വന്നപ്പോഴും തന്‍റെ ദൈവത്തെ അദ്ദേഹം മറന്നില്ല. സങ്കീര്‍ത്തകനായ ദാവീദ് രാജാവിന്‍റെ ജീവിതവിജയത്തിന്‍റെ മാനിഫെസ്റ്റോ ആണ് നാം വായിച്ചത്.
പ്രതിസന്ധികളാകുന്ന കോട്ടമതിലുകള്‍ ജീവിതത്തില്‍ ഉയരുന്നത് സ്വാഭാവികംതന്നെ. അവയോട് രണ്ട് വിധത്തില്‍ ഒരാള്‍ക്ക് പ്രതികരിക്കാം. ഒന്ന്: ഒരു പോര്‍വിളിയോടെ ആ കോട്ടയെ വെല്ലുവിളിക്കുക. അങ്ങനെ വിജയത്തിന്‍റെ കാഹളധ്വനി മുഴക്കുക. രണ്ടാമത്തേത്, പരാജിതന്‍റെ വഴിയാണ്. അയാള്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പുതന്നെ ആയുധംവച്ച് കീഴടങ്ങാന്‍ തയാറാകുന്നു. കോട്ടയുടെ മുമ്പില്‍ പരിഭ്രാന്തനും നിസഹായനുമായിട്ടാണ് അയാളുടെ നില്‍പ്. നിരാശയുടെ പടുകുഴിയില്‍ അയാള്‍ വീണില്ലെങ്കിലേ അത്ഭുതമുള്ളൂ! ആദ്യത്തെ മാര്‍ഗം വളരെ അഭികാമ്യമാണെങ്കിലും അത് എല്ലാവര്‍ക്കുമുള്ളതല്ല. അല്ലെങ്കില്‍ ആ വഴി തെരഞ്ഞെടുക്കുന്നതില്‍ മിക്കവരും പരാജയപ്പെടുന്നു.
ഈ തെരഞ്ഞെടുപ്പിന് ഒരുവനെ സഹായിക്കുന്ന ചില നിര്‍ണായക ഗുണങ്ങളുണ്ട്. അവ സ്വായത്തമാക്കുന്നവനേ വിജയവീഥിയിലൂടെ നടക്കാന്‍ സാധിക്കൂ. അതിന് ദാവീദിന്‍റെ മാനിഫെസ്റ്റോ നാമൊന്ന് കീറിമുറിച്ച് പഠിക്കേണ്ടതായിട്ടുണ്ട്.
ആത്മവിശ്വാസം സ്ഫുരിക്കുന്ന ഒന്നാണ് അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. ‘ഞാന്‍ കോട്ട ചാടിക്കടക്കും’ എന്ന് ഉറക്കെ പറയുന്നതില്‍ ഒരു ഉറച്ച ബോധ്യമുണ്ട്. എന്തുവന്നാലും ഞാന്‍ അത് ചെയ്തിരിക്കും എന്ന ഒരു നിശ്ചയദാര്‍ഢ്യമുണ്ട്. കാറ്റത്ത് ആടുന്ന ഞാങ്ങണപോലെ ചാഞ്ചാടുന്നവനുള്ളതല്ല വിജയം. കാറ്റ് വരികയും പോവുകയും ചെയ്യും. അതിന്‍റെ ഗതി ചിലപ്പോള്‍ അനുകൂലവും മറ്റു ചിലപ്പോള്‍ പ്രതികൂലവും ആകാം. ഏത് സാഹചര്യത്തിലും പാറപോലെ ഉറച്ചുനില്‍ക്കുന്നവനെ കീഴ്പ്പെടുത്താന്‍ ഒരു ചീറിയടിക്കുന്ന കാറ്റിനും സാധിക്കുകയില്ലതന്നെ. അവന്‍ എപ്പോഴും ലെബനോനിലെ ദേവദാരുവിനെപ്പോലെ തലയുയര്‍ത്തി നില്‍ക്കും.
ദാവീദിന്‍റെ വിജയപ്രഖ്യാപനത്തില്‍ കാണുന്ന മറ്റൊന്ന് നിറഞ്ഞുനില്‍ക്കുന്ന ശുഭാപ്തിവിശ്വാസമാണ്. പോസിറ്റീവായ കാര്യങ്ങളേ അദ്ദേഹം പറയുന്നുള്ളൂ. കാരണം അക്കാര്യങ്ങള്‍ മാത്രമേ അദ്ദേഹം ചിന്തിക്കുന്നുള്ളൂ. ഒരു വിജയിയുടെ മനസ് എപ്പോഴും പ്രകാശപൂര്‍ണമായ ചിന്തകള്‍കൊണ്ട് നിറഞ്ഞിരിക്കും. കോട്ട ചാടിക്കടക്കുന്നതിനെക്കുറിച്ച് മാത്രമാണ് അയാളുടെ മനസ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരുവന്‍റെ ചിന്തയിലാണ് വിജയവും പരാജയവും ആരംഭിക്കുന്നത്. പ്രകാശം നിറഞ്ഞ ആലോചനകള്‍ പ്രഭാപൂര്‍ണമായ സംസാരത്തിലേക്കാണ് നയിക്കുന്നത്. അത് ചുറ്റും നില്‍ക്കുന്നവരെക്കൂടെ പ്രകാശിപ്പിക്കും. അത് ഒരു സമൂഹത്തെയൊന്നാകെ കര്‍മോത്സുകരാക്കും. എന്നാല്‍ നിഷേധാത്മകമായ ചിന്തകള്‍, ഇരുട്ട് നിറഞ്ഞ വാക്കുകള്‍ പുറപ്പെടുവിക്കുന്നു. അവ അയാളുടെ മാത്രമല്ല, ചുറ്റുമുള്ളവരുടെ ക്രിയാത്മകശേഷിയെയും ചോര്‍ത്തിക്കളയുവാന്‍ പര്യാപ്തമത്രേ.
ശക്തിരഹസ്യം
എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു സംഗതിയുണ്ട്. ദാവീദിന്‍റെ ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും ഏതെങ്കിലും ടെക്നിക്ക് കൊണ്ടോ പരിശീലനംകൊണ്ടോ നേടിയെടുത്തതല്ല. അത് ശക്തിയുടെ ഉറവിടമായ ദൈവത്തോട് ചേര്‍ന്നുനില്ക്കുന്നതുകൊണ്ട് ലഭിച്ചതാണ്. ഭയപ്പെടുക, തളര്‍ന്നുപോകുക എന്നത് മനുഷ്യസഹജമാണ്. അതുകൊണ്ടാണല്ലോ ‘ഭയപ്പെടേണ്ടാ’ എന്ന് അനേക പ്രാവശ്യം വിശുദ്ധ ബൈബിള്‍ ആവര്‍ത്തിക്കുന്നത്. ഭയചകിതനായ മനുഷ്യന് ദൈവം നല്കുന്ന ഒരു ആശ്വാസദൂതാണത്. ഒരുവന്‍റെ മനക്കരുത്തുകൊണ്ട് ഒരു പ്രതിസന്ധിയെ അധികനാള്‍ നേരിടുവാന്‍ സാധിക്കുകയില്ല. മനസിന് ഉണ്ട് എന്ന് അയാള്‍ വിചാരിക്കുന്ന ശക്തി കുറച്ചുനാള്‍ കഴിയുമ്പോള്‍ ചോര്‍ന്നുപോകും, ഒരു മൊബൈല്‍ ഫോണിന്‍റെ ചാര്‍ജ് തീരുന്നതുപോലെ. ഉറവിടത്തില്‍ ചാര്‍ജ് ചെയ്തില്ലെങ്കില്‍ അത് പ്രവര്‍ത്തനരഹിതമാകും. മനസ് ശക്തിയറ്റ് പോകും.
എന്നാല്‍ ദൈവത്തില്‍ ശക്തി കണ്ടെത്തിയവരുടെ മനസ് എപ്പോഴും ബലമുള്ളതായിരിക്കും. അത് തളരുമ്പോള്‍ ദൈവം ചാര്‍ജ് ചെയ്തുകൊണ്ടിരിക്കും, ഊര്‍ജം പകര്‍ന്നുകൊണ്ടിരിക്കും. അതിനാല്‍ അവര്‍ എപ്പോഴും ഉന്മേഷവാന്മാരും പ്രത്യാശയുള്ളവരും ആയിരിക്കും. കോട്ടമതിലുകള്‍ അവരുടെ മുമ്പില്‍ നിഷ്പ്രഭമാവുകയേയുള്ളൂ. മരണത്തിന് മുമ്പില്‍ മനസുകൊണ്ട് ശിരസ് ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നവരും തടവറയില്‍ അനേക വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്
പതറാത്തവരും നമ്മുടെ കാലഘട്ടത്തില്‍ത്തന്നെയുണ്ടല്ലോ. ദൈവം ദുര്‍ബലനായ മനുഷ്യന് പകര്‍ന്നു നല്‍കുന്ന അജയ്യശക്തിയുടെ ജീവിക്കുന്ന സാക്ഷികളല്ലേ അവരൊക്കെ!
ദാവീദിന്‍റെ മാനിഫെസ്റ്റോയില്‍നിന്ന് നമുക്ക് മനസിലാകുന്ന മറ്റൊരു കാര്യം ദൈവത്തിന്‍റെ സഹായത്തെക്കുറിച്ചാണ്: ‘എന്‍റെ ദൈവത്തിന്‍റെ സഹായത്താല്‍’ എന്നാണല്ലോ അദ്ദേഹം പ്രഘോഷിക്കുന്നത്. ഈ ലോകത്തില്‍ കഷ്ടപ്പെടുന്ന മനുഷ്യനെ നിസഹായനായി നോക്കിനില്‍ക്കുന്ന ഒരാളല്ല ദൈവം. മനുഷ്യനെ സഹായിക്കാന്‍ അവിടുന്ന് സദാ സന്നദ്ധനാണ്. ഈ സഹായം അമൂര്‍ത്തമായ ഒരു ആശയമോ അചേതനമായ ഒരു വസ്തുവോ അല്ല, പ്രത്യുത ജീവനുള്ള ഒരു വ്യക്തിയാണ് എന്നതാണ് നമ്മെ വിസ്മയിപ്പിക്കുന്ന കാര്യം. ഇക്കാര്യം നമുക്ക് വെളിപ്പെടുത്തിയത് പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായ ക്രിസ്തുതന്നെയാണ്.
മനുഷ്യനെ സഹായിക്കുന്ന ഒരു സഹായകന്‍ ഉണ്ട് എന്നാണ് ക്രിസ്തു പഠിപ്പിച്ചത്.
ഈ ലോകത്തില്‍നിന്ന് പിതാവിന്‍റെ പക്കലക്ക് വിട വാങ്ങുന്ന സമയത്താണ് യേശു ഇക്കാര്യം പറഞ്ഞത്. തന്‍റെ വേര്‍പാടില്‍ ദുഃഖിതരായിരിക്കുന്ന ശിഷ്യരോട് യേശു പറഞ്ഞത് താന്‍ പോകുന്നത് അവരുടെ നന്മയ്ക്കുവേണ്ടിയാണ് എന്നാണ്. കാരണം താന്‍ പോയാല്‍മാത്രമേ സഹായകനെ അയക്കുവാന്‍ സാധിക്കുകയുള്ളൂ. “ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കലേക്ക് വരികയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്ക് ഞാന്‍ അയയ്ക്കും” (യോഹന്നാന്‍ 16:7). ഈ സഹായകന്‍ പരിശുദ്ധാത്മാവാണ്. യേശു ലോകത്തിന് നല്‍കിയ സുവിശേഷത്തിന്‍റെ -സദ്വാര്‍ത്തയുടെ- കാതല്‍ ഇതാണ്. മനുഷ്യനെ അവന്‍റെ നിസഹായാവസ്ഥയില്‍ ദൈവം കൈവിടുന്നില്ല. അവനെ രക്ഷിക്കാന്‍ ദൈവം തന്നെ മനുഷ്യരൂപം പ്രാപിച്ച് ഭൂമിയില്‍ അവതീര്‍ണനായി. ആ രക്ഷ തുടര്‍ന്നുകൊണ്ടുപോകാന്‍, ഈ ഭൂമിയില്‍ വിജയാളിയായി ജീവിക്കാന്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് നിരന്തരം അവന്‍റെ കൂടെയുണ്ട്. ആ ദൈവാത്മാവിന്‍റെ സഹായം സ്വീകരിച്ച്, ദൈവാത്മാവിനോട് ഒത്ത് യാത്ര ചെയ്യുന്ന ഒരാളുടെ ജീവിതം കൊടുങ്കാറ്റിന് നടുവിലും ശാന്തത അനുഭവിക്കുന്നതായിരിക്കും. മാറായിലെ കയ്പുവെള്ളത്തെ ആ പരിശുദ്ധാത്മാവ് അവന് മധുരമുള്ളതായി പകര്‍ന്നു നല്‍കും.
ദുഃഖത്തിന്‍റെയും നിരാശയുടെയും പടഹധ്വനികള്‍ മുഴങ്ങുന്ന ഇക്കാലത്ത് ദാവീദിന്‍റെ ഈ വിജയപ്രഘോഷണം ഏറെ പ്രസക്തിയുള്ളതത്രേ. ആ വഴി തെരഞ്ഞെടുക്കാനുള്ള കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം:
പിതാവായ ദൈവമേ, അങ്ങയുടെ പുത്രനായ യേശുവിനെ ഈ ലോകത്തിലേക്ക് അയച്ചത് ഞാന്‍ യേശുവിനോട് ചേര്‍ന്ന് വിജയത്തിന്‍റെ, രക്ഷയുടെ വഴിയിലൂടെ നടക്കുവാനാണല്ലോ. എന്നെ സഹായിക്കാന്‍, ബലപ്പെടുത്താന്‍ അങ്ങ് പരിശുദ്ധാത്മാവിനെ അയച്ചതിനും നന്ദി പറയുന്നു. പലപ്പോഴും ഞാന്‍ പരിശുദ്ധാത്മാവിനെ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. എന്‍റെ ജീവിതവഴിയില്‍ എന്നെ സഹായിക്കുന്ന പരിശുദ്ധാത്മാവിനായി ദാഹിച്ച് പ്രാര്‍ത്ഥിക്കാന്‍ എന്നെ അനുഗ്രഹിച്ചാലും. അങ്ങനെ ഞാന്‍ എപ്പോഴും അങ്ങയുടെ സാന്നിധ്യം അനുഭവിച്ചറിഞ്ഞ് ശക്തനും ധീരനുമായി ജീവിക്കട്ടെ. പരിശുദ്ധ ദൈവമാതാവേ, വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തിന്‍റെ സഹായത്താല്‍ കോട്ടകള്‍ ചാടിക്കടക്കാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.
'