• Latest articles
ജൂണ്‍ 26, 2020
Encounter ജൂണ്‍ 26, 2020

മാല്‍ക്കം മഗ്റിഡ്ജ്  ബി.ബി.സിയുടെ അറിയപ്പെടുന്ന കമന്‍റേറ്ററായിരുന്നു. പ്രശസ്തനായ എഴുത്തുകാരന്‍ കൂടിയാണദ്ദേഹം. മദര്‍ തെരേസയെക്കുറിച്ച് മനോഹരമായ ഒരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. ‘സംതിങ്ങ് ബ്യൂട്ടിഫുൾ ഫോർ ഗോഡ് ‘ എന്ന ശീര്‍ഷകത്തില്‍ 1971-ല്‍ രചിക്കപ്പെട്ട ആ പുസ്തകം പാശ്ചാത്യ ലോകത്ത് മദര്‍ തെരേസയെ പ്രശസ്തയാക്കാന്‍ തെല്ലൊന്നുമല്ല സഹായിച്ചത്. മദറുമായി അനേക തവണ നടത്തിയ കൂടിക്കാഴ്ചകള്‍ക്കുശേഷം വ്യക്തിപരമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മഗ്റിഡ്ജ് ഈ പുസ്തകം എഴുതിയത്. അങ്ങനെയുള്ള ഒരു കൂടിക്കാഴ്ചയില്‍ അദ്ദേഹം ഇപ്രകാരം മദറിനോട് ചോദിച്ചുവത്രേ: ‘മദര്‍, എങ്ങനെ യാണ് അങ്ങേക്ക് ഇത്ര അതിശയകരമായ ആശയങ്ങള്‍ ലഭിക്കുന്നത്?’ മദറിന്‍റെ മറുപടി ശ്രദ്ധേയമാണ്: ‘ഞാന്‍ ഒരു സാധാരണക്കാരിയാണ്. എന്നാല്‍ അസാധാരണനായ സര്‍വശക്തന്‍റെ മുമ്പില്‍ അനേക മണിക്കൂറുകള്‍ ചെലവഴിക്കുമ്പോഴാണ് എനിക്ക് അസാധാരണമായ ആശയങ്ങള്‍ ലഭിക്കുന്നത്.’

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഒരു ദിവസം തന്‍റെ സ്വകാര്യ ചാപ്പലില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്‍റെ സെക്രട്ടറി വളരെ തിടുക്കത്തില്‍ വന്ന് പരിശുദ്ധ പിതാവിനെ വിളിച്ചു. ‘പിതാവേ, ഒന്ന് പുറത്തേക്ക് വരാമോ?’ അദ്ദേഹം ചോദിച്ചു: ‘എന്തിനാണ്?’ സെക്രട്ടറി മറുപടി പറഞ്ഞു. ‘ഒരു വളരെ അടിയന്തിര കാര്യം പിതാവിനെ അറിയിക്കാനുണ്ട്.’ പിതാവ് വളരെ ശാന്തനായി ഇപ്രകാരം പറഞ്ഞു: ‘വളരെ അടിയന്തിര കാര്യമാണെങ്കില്‍ ഞാന്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കേണ്ടതായിട്ടുണ്ട്.’

ആധുനിക ലോകത്തിലെ രണ്ട് വിശുദ്ധാത്മാക്കളാണ് ഇവർ രണ്ടുപേരും. ഈ ലോകം തിന്മ നിറഞ്ഞതാണെന്നും ഇവിടെ വിശുദ്ധിയില്‍ ജീവിക്കുക വളരെ ശ്രമകരമാണെന്നും ചിന്തിക്കുന്നവരുടെ മുമ്പില്‍ പ്രകാശഗോപുരങ്ങളായിത്തന്നെ ഇവര്‍ നിലകൊള്ളുന്നു. നമ്മളെപ്പോലെ ബലഹീനതകള്‍ ഉള്ളവരാണ് അവരും. പക്ഷേ ബലവാനും ബലം നല്കുന്നവനുമായ ദൈവത്തിന്‍റെ മുമ്പില്‍ ഓരോ ദിവസവും അനേക മണിക്കൂറുകള്‍ ചെലവഴിക്കുവാന്‍ അവര്‍ തീരുമാനിച്ചപ്പോള്‍ അവരുടെ ബലഹീനതകള്‍ ബലമായി മാറി. വിശുദ്ധിയില്‍ ജീവിക്കുവാനും വളരുവാനും വേറെ കുറുക്കുവഴികള്‍ ഒന്നും ഇല്ലെന്ന് സാരം. അന്ത്യവിധി ദിനത്തില്‍ വിധിയാളനായ യേശുകര്‍ത്താവ് നമ്മെ കുറ്റമില്ലാത്തവരായി കാണണം. അതാണല്ലോ നമ്മുടെയൊക്കെ ഏറ്റവും വലിയ ആഗ്രഹം. അതിനുള്ള എളുപ്പവഴിയെക്കുറിച്ച് വിശുദ്ധ പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മിപ്പിക്കുന്നത് ശ്രദ്ധിക്കുക: “തന്‍റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ സഹവാസത്തിലേക്ക് നിങ്ങളെ വിളിച്ച ദൈവം വിശ്വസ്തനാണ്” (1 കോറിന്തോസ് 1:9).

യേശുക്രിസ്തുവിന്‍റെ കൂടെ ആയിരിക്കുക എന്നതാണ് പരമപ്രധാനം. കാരണം വിശുദ്ധി ആഗ്രഹിക്കുന്നവര്‍ അതിന്‍റെ ഉറവിടത്തിലേക്ക് തന്നെ ചെല്ലണം. സമാധാനം ആഗ്രഹിക്കുന്നവര്‍ യഥാര്‍ത്ഥ സമാധാനം നല്കുവാന്‍ കഴിയുന്നവന്‍റെ അടുക്കലേക്ക് എത്തണം. എപ്പോഴും ആനന്ദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ആനന്ദസ്വരൂപന്‍റെ അടുക്കലായിരിക്കണം.

ഇപ്രകാരം ദൈവത്തിന്‍റെ സന്നിധിയില്‍ തനിച്ച് സമയം ചെലവഴിക്കുന്നതിനാണ് വ്യക്തിപരമായ പ്രാര്‍ത്ഥന അഥവാ പേഴ്സണല്‍ പ്രെയര്‍ എന്നു പറയുക. പലര്‍ക്കും ഇതിനെക്കുറിച്ച് ശരിയായ ധാരണയില്ല. ‘ഞാന്‍ രാവിലെ നടക്കുവാന്‍ പോകുമ്പോള്‍ പ്രാര്‍ത്ഥിക്കാറുണ്ട്’; ഞാന്‍ വാഹനം ഓടി ച്ചുപോകുമ്പോള്‍ പ്രാര്‍ത്ഥിക്കാറുണ്ട്.’ അത് മതിയോ എന്ന് ചിലര്‍ ചോദിച്ചേക്കാം. അത് പോരാഞ്ഞിട്ടല്ല. എന്നാല്‍ നിങ്ങള്‍ ഒരു ആത്മീയ മനുഷ്യനായി രൂപാന്തരപ്പെടുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ദൈവത്തിനായിത്തന്നെ സമയം മാറ്റിവയ്ക്കണം. അത് നമ്മള്‍ ദൈവത്തെ ആദരിക്കുന്നു എന്നതിന്‍റെ ഒരു അടയാളം കൂടിയാണ്. തുടക്കത്തിൽ അത് വിരസമായി തോന്നിയേക്കാം എങ്കിലും സ്ഥിരമായി ഇരിക്കുവാൻ തുടങ്ങുമ്പോൾ അത് വലിയ ആനന്ദകരമായ അനുഭവമായി മാറും.

പ്രശ്നപരിഹാരത്തിന് 15 മിനിറ്റ്

ഇപ്രകാരം മാറ്റം അനുഭവിച്ച ഒരു വ്യക്തിയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തട്ടെ. ഗാരി ജാന്‍സണ്‍ എന്നാണ് അദ്ദേഹത്തിന്‍റെ പേര്. അദ്ദേഹം ചില്ലറക്കാരനൊന്നുമല്ല. ഫ്രാന്‍സിസ് മാര്‍പാപ്പ, ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ എഡിറ്റ് ചെയ്തിട്ടുള്ള പ്രശസ്തനായ ഒരു എഡിറ്ററാണ്. ഇപ്പോള്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് എന്ന പ്രസാധനശാലയില്‍ സീനിയര്‍ എഡിറ്ററായി ജോലി നോക്കുന്നു. അദ്ദേഹം തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പ്രാര്‍ത്ഥനയെക്കുറിച്ച് നല്ലൊരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. The 15-minute Prayer Solution: How One Percent of Your Day can Transform Your Life.

അദ്ദേഹത്തിന്‍റെ ജീവിതഗന്ധമുള്ള ഒരു പുസ്തകമാണിത് എന്ന് ഞാന്‍ പറഞ്ഞുവല്ലോ. അദ്ദേഹം തുറന്ന് എഴുതുന്നത് ഇപ്രകാരമാണ്. എന്‍റെ കുട്ടിക്കാലത്ത് ഞാന്‍ പ്രാര്‍ത്ഥിക്കുവാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അപ്പോള്‍ പ്രാര്‍ത്ഥന പരമ ബോറടിയായിട്ടാണ് അന്നെനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ട് എനിക്കൊരു മാറ്റവും വന്നിട്ടില്ല. എന്നുമാത്രമല്ല പലപ്പോഴും പ്രാര്‍ത്ഥനയ്ക്കുശേഷം ഉല്‍ക്കണ്ഠാകുലനായിത്തന്നെ അദ്ദേഹം കാണപ്പെട്ടിരുന്നു. അങ്ങനെ പ്രാര്‍ത്ഥനതന്നെ അദ്ദേഹം ഉപേക്ഷിച്ചു.

നമ്മള്‍ ദൈവത്തെ ഉപേക്ഷിച്ചാലും ദൈവം നമ്മെ ഉപേക്ഷിക്കുകയില്ലല്ലോ. ദൈവം അദ്ദേഹത്തെ തേടിവന്നു. പ്രാര്‍ത്ഥിക്കണമെന്നുള്ള ശക്തമായ ആഗ്രഹം വീണ്ടും അദ്ദേഹത്തിനുണ്ടായി. അതിനൊരു താത്വിക അടിത്തറയും അദ്ദേഹം ഇട്ടു. അദ്ദേഹം ഇപ്രകാരം ചിന്തിച്ചു. ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ നാം സ്വീകരിക്കണമെങ്കില്‍ നാം നീതി ചെയ്യണം. അത് ദൈവത്തിന് കൊടുക്കേണ്ടവ കൊടുക്കുക എന്നതുമാണല്ലോ. ദൈവം ഒരു ദിവസം സൗജന്യമായി നമുക്ക് നല്കുമ്പോള്‍ അതിന്‍റെ ഒരു ശതമാനം എങ്കിലും ദൈവത്തിന് തിരിച്ചു കൊടുക്കേണ്ടതല്ലേ? അങ്ങനെയാണെങ്കില്‍ ഒരു ദിവസത്തില്‍ 1440 മിനിട്ടുകളുണ്ട്. അതിന്‍റെ ഒരു ശതമാനമായ 14 മിനുട്ടുകളെങ്കിലും ദൈവത്തിനായി നീക്കിവയ്ക്കണം എന്ന് അദ്ദേഹം തീരുമാനിച്ചു. ഇതില്‍നിന്നാണ് പുസ്തകത്തിന്‍റെ തലക്കെട്ട് രൂപംകൊണ്ട ത്. അങ്ങനെ ദിവസവും പതിനഞ്ച് മിനിട്ട് പ്രാർത്ഥനയ്ക്കായി  അദ്ദേഹം മാറ്റിവച്ചു . അത് സ്ഥിരമായി ചെയ്യുവാന്‍ തുടങ്ങി.

അതിന്‍റെ ഫലം അതിശക്തമായിരുന്നു. അദ്ദേഹം ഒരു കാര്യം തിരിച്ചറിഞ്ഞു. പഴയതു പോലെ  ഇപ്പോഴും എന്‍റെ ജീവിതത്തില്‍പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്നുണ്ട്. പക്ഷേ ഇപ്പോള്‍ കൂടുതല്‍ സമചിത്തതയോടെ, ശാന്തതയോടെ അവയെ നേരിടുവാന്‍ സാധിക്കുന്നുണ്ട്. കൂടുതല്‍ ഉന്മേഷവാനായി ജീവിതത്തെ കാണുവാന്‍ അദ്ദേഹത്തിന് ദൈവകൃപ ലഭിച്ചു. തന്‍റെ ആത്മീയജീവിതം പഴയതുപോലെ വിരസമല്ലെന്നും പ്രത്യുത അത് കൂടുതല്‍ സമ്പന്നമാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.

പ്രശ്നങ്ങളല്ല ജീവിതത്തിലെ പരാജയങ്ങള്‍ക്ക് കാരണം. ദൈവത്തിനുള്ളത് ദൈവത്തിന് നല്കാത്തതാണ്. പരാജയങ്ങളെപ്പോലും നമ്മുടെ ഉപരിനന്മയ്ക്കായി മാറ്റുവാന്‍ സാധിക്കുന്ന ഒരു ദൈവം നമ്മോടൊപ്പം സദാ നടക്കുന്നുണ്ട്. ആ ദൈവത്തോട് സദാ ചേര്‍ന്നു നില്‍ക്കുക. യാക്കോബ് ശ്ലീഹാ ഇപ്രകാരം നമ്മെ ഓര്‍മിപ്പിക്കുന്നു: “ദൈവേത്താട് ചേര്‍ന്നു നില്ക്കുവിന്‍. അവിടുന്ന് നിങ്ങേളാടും ചേർന്നുനില്കും ” (യാേക്കാബ് 4:8). “എന്നെ ഒരു പ്രാര്‍ത്ഥനയുടെ മനുഷ്യനാക്കി മാറ്റണമേ” എന്നുള്ള ഒരു തീവ്രമായ ചിന്ത മനസില്‍ സൂക്ഷിക്കാം. കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം:

സ്നേഹപിതാവേ, ഞാന്‍ അങ്ങയുടെ സ്വന്തമാണല്ലോ. അങ്ങയോട് സദാ ചേര്‍ന്നു നില്ക്കാത്തതാണ് എന്‍റെ ഏറ്റവും വലിയ പ്രശ്നമെന്ന് ഞാന്‍ തിരിച്ചറിയുന്നു. നാഥാ, പ്രാര്‍ത്ഥിക്കുവാന്‍ എന്നെ പഠിപ്പിച്ചാലും. ജീവിതം മുഴുവന്‍ പ്രാര്‍ത്ഥനയാക്കി മാറ്റിയ പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എനിക്കായി പ്രാര്‍ത്ഥിക്കണമേ ആമ്മേന്‍.

'

By: Shalom Tidings

More
ജൂണ്‍ 26, 2020
Encounter ജൂണ്‍ 26, 2020

ഫ്രഞ്ച് വിപ്ലവത്തിന്‍റെ (1786-1859) സമയം. ഫ്രാന്‍സിലെ ഓരോ കുടുംത്തില്‍നിന്നും പതിനെട്ടിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ യുവാക്കളെ നിര്‍ബന്ധിത പട്ടാളസേവനത്തിന് രാജ്യം വിളിച്ചിരുന്നു. അങ്ങനെ ജോണ്‍ എന്ന ആ യുവാവിന്‍റെ ചേട്ടനും സൈനികസേവനത്തിന് പോയി.
അങ്ങനെയിരിക്കെ ഒരു ദിവസം അപ്പന്‍ ഇളയവനായ ജോണിനോട് ചോദിച്ചു: ഭാവിയിൽ ആരാകണമെന്നാണ്  നീ ആഗ്രഹിക്കുന്നത്? രണ്ടാമതൊന്നാലോചിക്കാതെ ജോണ്‍ പറഞ്ഞു: “എനിക്ക് ഒരു വൈദികനാവണം.”

എന്നാല്‍ ജോണിനെ തന്‍റെ ഫാമിന്‍റെ ഉത്തരവാദിത്വം ഏല്പിക്കുകയാണ് അപ്പൻ ചെയ്തത്. ജോണ്‍ ഒരു വാക്കുപോലും മറുത്ത് പറയാതെ ആ ഫാമില്‍ രണ്ട് വര്‍ഷം ആത്മാര്‍ത്ഥതയോടെ ജോലി ചെയ്തു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അപ്പന്‍ ഒരിക്കല്‍കൂടി ജോണിനോട് ചോദിച്ചു: “നിനക്ക് ഭാവിയെക്കുറിച്ച് എന്തെങ്കിലും സ്വപ്നങ്ങളുണ്ടോ?”

ജോണ്‍ പറഞ്ഞു: “എനിക്കൊരു വൈദികനാവണം.” മകന്‍റെ ഉത്തരം കേട്ട് അക്ഷരാര്‍ത്ഥത്തില്‍ അപ്പന്‍ ഞെട്ടിപ്പോയി. അപ്പന്‍ ചോദിച്ചു: മകനേ, നിനക്ക് ഇത്രയ്ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ എന്തേ ഫാമില്‍ ജോലിക്കയച്ചപ്പോള്‍ നീ മടിക്കാതെ പോയത്? ജോണ്‍ പറഞ്ഞു: “പിതാവേ, ഞാനൊരു വൈദികനാകാന്‍ ദൈവം നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ ഞാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.” അപ്പന്‍ ഒരക്ഷരം പിന്നീട് ശബ്ദിച്ചില്ല. പകരം മകനെ അനുഗ്രഹിച്ച് സ്നേഹേത്താടെ സെമിനാരിയിലേക്ക് അയച്ചു. ഇന്ന് ലോകം മുഴുവന്‍ വണങ്ങുന്ന വൈദികരുടെ സ്വര്‍ഗീയ മധ്യസ്ഥനായ ജോണ്‍ മരിയവിയാനി വൈദികനാകാന്‍ യാത്രയായത് ഇപ്രകാരമാണ്. അദ്ദേഹം വളരെ ചെറുപ്പത്തിലേ തന്നെക്കുറിച്ചുള്ള ദൈവഹിതം മനസിലാക്കുകയും താന്‍ ദൈവത്തോട് സഹകരിച്ചാല്‍ അത് തന്‍റെ ജീവിതത്തില്‍ നടക്കുമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു.

എല്ലാത്തിനുമുണ്ടോ ദൈവഹിതം?

എല്ലാ കാര്യത്തിലും ഒരു ദൈവഹിതമുണ്ട് എന്ന സത്യം നാം മറക്കരുത്! ഈശോ പഠിപ്പിച്ച ഏക പ്രാര്‍ത്ഥനയില്‍ നാം പ്രാര്‍ത്ഥിക്കുന്നത് ഇങ്ങനെയാണല്ലോ: “അങ്ങയുടെ തിരുമനസ് സ്വർഗ്ഗത്തിലെപോലെ ഭൂമിയിലുമാകണമേ‘. സ്വർഗത്തിന് എന്നെക്കുറിച്ചും എല്ലാത്തിനെക്കുറിച്ചും ഒരു ഹിതമുണ്ട്. ആ ഹിതമാണ് നടക്കേണ്ടത്. കാരണം ആ ഹിതം അനുഗ്രഹത്തിലേക്കുള്ള യാത്രയാണ്.

എല്ലാത്തിനെക്കുറിച്ചുമുണ്ട് ഈ ദൈവഹിതം. ഞാന്‍ ഏത് ദൈവവിളി തിരഞ്ഞെടുക്കണം, ഞാന്‍ ആരെ വിവാഹം കഴിക്കണം, ഞാന്‍ ഏത് സന്യാസ സഭയില്‍ ചേരണം, എനിക്ക് എത്ര കുട്ടികള്‍ വേണം, ആ കുട്ടികള്‍ ഏത് സ്കൂളില്‍ പഠിക്കണം, അവര്‍ ഏത് കോഴ്സ് പഠിക്കണം….ഇങ്ങനെ എല്ലാ കാര്യങ്ങളെക്കുറിച്ചുമുണ്ട്
ഒരു ദൈവഹിതം. ഒന്നും നമ്മുടെ ജീവിതത്തില്‍ ആകസ്മികമായി സംഭവിക്കേണ്ടതല്ല. മറിച്ച് ദൈവത്തിന്‍റെ അനന്ത പദ്ധതിയുടെ ഭാഗമായി നടക്കേണ്ടതാണ്. ഒരു
സാധാരണ മനുഷ്യന് തന്നെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഹിതം എങ്ങനെ കണ്ടുപിടിക്കാനാവും? വചനം പഠിപ്പിക്കുന്നു: “അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ              പരിശുദ്ധാത്മാവിനെയും ഉന്നതത്തില്‍നിന്നു നല്കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും! ” (ജ്ഞാനം 9:17). കര്‍ത്താവിന്‍റെ ജ്ഞാനവും പരിശുദ്ധാത്മാവുംകൊണ്ട് നിറയാനായി നാം കൂടുതല്‍ പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു എന്നു സാരം.

കര്‍ത്താവിന്‍റെ ഹിതം മനസിലാക്കിയ ഒരാള്‍ അതിനായി ത്യാഗം ചെയ്ത് പ്രാര്‍ത്ഥിച്ചാല്‍ എത്ര വലിയ ചെങ്കടല്‍ ആണെങ്കിലും അത് വഴിമാറും. അട്ടപ്പാടി സെഹിയോന്‍ അഭിഷേകാഗ്നി സിസ്റ്റേഴ്സിന്‍റെ ആദ്യവ്രത വാഗ്ദാനത്തിന്‍റെ അന്ന് ജേക്കബ് മനത്തോടത്ത് പിതാവ് പറഞ്ഞത് ഇങ്ങനെയാണ്: “ഇത് ഈ കാലഘട്ടത്തിലെ ദൈവഹിതമാണ്. എനിക്കിതിനെ നിരാകരിക്കാനാവില്ല. ” അതിനുശേഷം പിതാവ് ഒരു വചനം കൂടി തിരുവചനസന്ദേശമധ്യേ പറഞ്ഞു: ഇത് കർത്താവിന്‍റെ പ്രവൃത്തിയാണ് ഇത്വിസ്മയകരമായിരിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 118:23). കാറ്റ് അതിനിഷ്ടമുള്ളിടത്തേക്ക് വീശട്ടെ (യോഹന്നാന്‍ 3:8). കാറ്റാകുന്ന പരിശുദ്ധാത്മാവ് വീശുമ്പോള്‍ നമുക്കൊരു അപ്പൂപ്പന്‍ താടിയെപ്പോലെ നിന്നുകൊടുക്കാം. ദൈവഹിതം മനസിലാക്കി അതിനോട് സഹകരിക്കുന്നവരെ കാറ്റ് ലക്ഷ്യസ്ഥാനത്തെത്തിക്കും. അവരുടെ ജീവിതത്തില്‍ അവരെക്കുറിച്ചുള്ള ദൈവഹിതം നടക്കുമെന്നര്‍ത്ഥം.

ഞാന്‍ എന്തുചെയ്യണം?

ദൈവത്തിന് എന്നെക്കുറിച്ച് ഒരു ഹിതം ഉണ്ടെന്നോര്‍ത്ത് അത് ഞാന്‍ സഹകരിച്ചാലും ഇല്ലെങ്കിലും നടക്കുമെന്ന് കരുതരുത്. ദൈവഹിതം മനസിലാക്കി ആ ദൈവഹിതം എനിക്ക് എത്ര ബുദ്ധിമുട്ടേറിയതാണെങ്കിലും അത് നടക്കാനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നവരുടെ ജീവിതത്തിലാണ് ദൈവഹിതം പൂവണിയുക. തന്നെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഹിതം തനിക്കേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് പൂര്‍ണ ബോധ്യമുണ്ടായിരുന്നിട്ടും അതിനോട് പൂര്‍ണമായും സഹകരിക്കാന്‍ മേരി എന്ന പെണ്‍കുട്ടി തയാറായപ്പോള്‍ മേരി ഒരനുഗ്രഹമായി; സര്‍വോപരി അവര്‍ ലോകം മുഴുവനും ഒരു അനുഗ്രഹമായി മാറി.

അഹങ്കാരംകൊണ്ടും സ്വാര്‍ത്ഥതകൊണ്ടും ബലഹീനതകൊണ്ടും തങ്ങളെക്കുറിച്ചുള്ള ദൈവഹിതം നിരസിച്ചു കളഞ്ഞ് അനുഗ്രഹമാകേണ്ടതിനുപകരം ശാപമായിത്തീരുന്നവരുമുണ്ട്  എന്ന വസ്തുത നമുക്ക്മറക്കാതിരിക്കാം. വചനം പഠിപ്പിക്കുന്നു: “ഫരിസേയരും നിയമജ്ഞരുമാകട്ടെ യോഹന്നാന്‍റെ ജ്ഞാനസ്നാനം സ്വീകരിക്കാതെ തങ്ങളെപ്പറ്റിയുള്ള ദൈവഹിതം നിരസിച്ചുകളഞ്ഞു” (ലൂക്കാ 7:30). അവരുടെ ജീവിതത്തില്‍ ദൈവഹിതം നടക്കേണ്ടത് സ്നാപകയോഹന്നാനിലൂടെയാണെന്ന വലിയ സത്യം മനസിലാക്കാതെ പോയനിര്‍ഭാഗ്യരായ ഫരിസേയരും നിയമജ്ഞരും നമ്മുടെ മുമ്പില്‍ ഒരു സാധ്യതകൂടിയാണ്. നമുക്ക് നമ്മെക്കുറിച്ചുള്ള ദൈവഹിതത്തെ മനസിലാക്കി, ദൈവഹിതം നമ്മുടെ ജീവിതത്തില്‍ പൂവണിയാനായി പ്രാര്‍ത്ഥിക്കാം. എന്‍റെ സുഖമോ എന്‍റെ ഇഷ്ടമോ ഒന്നുമല്ലദൈവത്തിന്‍റെ ഹിതമാണ് പ്രധാനം. ദൈവഹിതമുണ്ട് അതു നടക്കണം . ഇന്നു മുതല്‍ നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം: കര്‍ത്താവേ, എന്‍റെ ജീവിതത്തില്‍ ദൈവഹിതത്തിന് അനുസൃതമായതുമാത്രം സംഭവിക്കട്ടെ. ആമ്മേന്‍!

'

By: Fr Varghese Ethithara

More
ജൂണ്‍ 17, 2020
Encounter ജൂണ്‍ 17, 2020

“ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ ഭാര്യയെയോ സഹോദരന്‍മാരെയോ മാതാപിതാക്കളെയോ സന്താനങ്ങളെയോ ഉപേക്ഷിച്ചവരിലാര്‍ക്കും, ഇക്കാലത്തുതന്നെ അവ അനേക മടങ്ങു ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്ത് നിത്യജീവനും.”(ലൂക്കാ 18:29-30)

എല്ലാം ഉപേക്ഷിച്ച് ഞങ്ങള്‍ നിന്നെ അനുഗമിച്ചിരിക്കുന്നു എന്ന് പത്രോസ് പറഞ്ഞതിന് മറുപടിയായി യേശു പറഞ്ഞതാണ് ഈ വചനഭാഗം. അപ്രകാരം തന്നെ അനുഗമിച്ചത് ഒരിക്കലും നഷ്ടമായിരിക്കുകയില്ലെന്നും അതെല്ലാം കൂടുതലായി ലഭിക്കുമെന്നും ആദ്യമേതന്നെ അവിടുന്ന് ഉറപ്പുകൊടുക്കുന്നു. കര്‍ത്താവിനുവേണ്ടി നാം എന്തുതന്നെ സമര്‍പ്പിച്ചാലും അതിന് ഭൗതികമായ പ്രതിഫലവും ഉണ്ട്. അതെല്ലാം ഈ ഭൂമിയില്‍വച്ച് ആസ്വദിക്കാവുന്നതാണ്. എന്നാല്‍ അതിനപ്പുറം മനുഷ്യന് ആവശ്യമുള്ളത് ദൈവികസമ്മാനമായ നിത്യജീവനാണ്. അത് ലഭിക്കാന്‍ ഈ ഉപേക്ഷകള്‍ ഉപകാരപ്പെടും എന്ന് അവിടുന്ന് തന്‍റെ ശിഷ്യരെ
ഇതിലൂടെ ബോധ്യപ്പെടുത്തുന്ന

ആത്മീയജീവിതത്തില്‍ നാം പലപ്പോഴും പലതും ഉപേക്ഷിച്ച് മുന്നോട്ടുപോ കുമ്പോള്‍ സ്വാഭാവികമായും ഉള്ളില്‍ നമുക്ക് എന്തു ലഭിക്കും എന്നൊരു ചിന്ത ഉയര്‍ന്നുവരാം. അതിന് യേശു നല്കുന്ന ഉത്തരമാണിത്. നിങ്ങള്‍ക്ക് ഭൗതികതലത്തില്‍ ഒരു പ്രതിഫലം ഉണ്ട്. എന്നാല്‍ അതല്ല ഏറ്റവും വലുത്. കാരണം നാം ഈലോകജീവിതത്തിനുവേണ്ടി മാത്രം അവിടുന്നില്‍ പ്രത്യാശ വച്ചിട്ടുള്ളവരല്ല. “ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്” (1 കോറിന്തോസ് 15:19).

പകരം, നിത്യമായ ജീവിതത്തിനായാണ് നാം അവിടുന്നില്‍ പ്രത്യാശ വയ്ക്കുന്നത്. അതിനാല്‍ത്തന്നെ നിത്യജീവനാണ് നമുക്ക് ലഭിക്കാവുന്ന ഏറ്റവും വിലപ്പെട്ട പ്രതിഫലം. ഇക്കാരണത്താല്‍ നാം ക്രിസ്തുവിനെപ്രതി എന്തു ചെയ്യുമ്പോഴും നിത്യതയിലേക്കു നോക്കിയാല്‍മാത്രമേ പ്രത്യാശയോടെ മുന്നേറാന്‍ കഴിയുകയുള്ളൂ. മാത്രവുമല്ല ഒരുപക്ഷേ നാം പ്രതീക്ഷിച്ച ഭൗതികഫലം കിട്ടാതെ വരുമ്പോഴുള്ള ദുഃഖം ഉണ്ടാവുകയുമില്ല. അതിനാല്‍ നിത്യതയിലേക്കു നോക്കാന്‍ യേശു നമ്മെ
പഠിപ്പിക്കുകയാണ്. അവിടെമാത്രമേ ഉന്നതമായ പ്രതിഫലം നമുക്ക് ലഭിക്കുകയുള്ളൂ.

'

By: Fr Francis Vellamakkal

More
ജൂണ്‍ 17, 2020
Encounter ജൂണ്‍ 17, 2020

അന്നത്തെ ജപമാല പ്രാര്‍ത്ഥന ഒരിക്കലും മറക്കില്ല. വൈകുന്നേരം ഏഴുമണിക്ക് വൈദികവിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള ആ സമൂഹ പ്രാര്‍ത്ഥനയില്‍ എന്നും പങ്കെടുക്കാറുണ്ട്. എങ്കിലും അന്നത്തെ പ്രാര്‍ത്ഥനയില്‍ ദൈവസാന്നിധ്യത്തിന്‍റെ സജീവാനുഭവം ലഭിച്ചു. മുഴുവന്‍ സമയവും പരിശുദ്ധ അമ്മ തൊട്ടടുത്തുണ്ടായിരുന്നു. ഒരു വാക്കുപോലും നഷ്ടമാകാത്ത ഏകാഗ്രത.

ഇതിനൊരു പിന്നാമ്പുറ സംഭവമുണ്ട്. അന്നു വൈകുന്നേരം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിത്യതയിലേക്ക് യാത്രയായ, വളരെ അടുപ്പവും ബന്ധവുമുള്ള,  ഒരമ്മയ്ക്കായി ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നു. പിറ്റേ ദിവസം നടക്കുന്ന സംസ്കാരശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ സൗകര്യമില്ലാതിരുന്നതുകൊണ്ടാണ് മോര്‍ച്ചറിയിലെത്തി പ്രാര്‍ത്ഥിച്ചത്. ഞാനവിടെ എത്തിയപ്പോള്‍ വെള്ളവസ്ത്രങ്ങളണിയിച്ച് മൃതദേഹം ഒരുക്കുകയായിരുന്നു. മൃതദേഹത്തില്‍ ധരിപ്പിക്കാറുള്ള ജപമാല തിരക്കിനിടയില്‍ ആരും എടുത്തിരുന്നില്ല.

കുറെ നാളുകളായി ജപമാല പ്രാര്‍ത്ഥനയ്ക്കായി ഞാന്‍ ഉപയോഗിച്ചിരുന്ന കൊന്ത എന്‍റെ പോക്കറ്റിലുണ്ടായിരുന്നു. ഫാത്തിമയില്‍ പോയ ഒരു സുഹൃത്ത് സമ്മാനി ച്ചതിനാല്‍ എനിക്ക് പ്രിയപ്പെട്ടതായിരുന്നു അത്. എങ്കിലും അപ്പോഴത്തെ ആത്മപ്രേരണയാല്‍ ഒരു മടിയും കൂടാതെ അതെടുത്ത് ഒരുക്കുന്നവരുടെ കൈയില്‍ കൊടുത്തു. ആ ജപമാലയോടുള്ള വൈകാരികയടുപ്പം സന്തോഷത്തോടെ മുറിച്ചതുകൊണ്ടാകാം അന്ന് വൈകുന്നേരം ഒരു സാധാരണ നൂല്‍കൊന്ത കൈയിലേന്തി പ്രാര്‍ത്ഥിച്ചപ്പോള്‍ പരിശുദ്ധ അമ്മ സജീവസാന്നിധ്യാനുഭവവും അഭിഷേകവും നല്കി എന്നെ അനുഗ്രഹിച്ചത് എന്നെനിക്ക് തോന്നി.

ഇതു വിലപ്പെട്ടൊരു ആത്മീയപാഠം നമുക്ക് തരുന്നുണ്ട്. അഭിഷേകം നിറയ്ക്കുന്ന നമ്മുടെ കൈയിലെ ജപമാലയോടുപോലും അമിതമായ അടുപ്പം കൊണ്ടു നടന്നാല്‍ ക്രിസ്തുവിനെ ഹൃദയത്തില്‍ പൂജിക്കുന്നതില്‍ (1 പത്രോസ് 3:15) നിന്നും സാത്താന്‍ പതുക്കെ നമ്മെ അകറ്റിക്കൊണ്ടിരിക്കും. ഇതു പലപ്പോഴും നാം അറിയുക പോലുമില്ല.

ഉപേക്ഷയില്ലാതെ വിശുദ്ധി വളരില്ല. പ്രിയപ്പെട്ടവരോടും പ്രിയങ്കരമായവയോടും വിട പറഞ്ഞപ്പോള്‍ അനേകവിശുദ്ധരുടെ ആത്മാവില്‍ കൃപ കത്തിപ്പടര്‍ന്നു. അവര്‍ പെട്ടെന്ന് ദൈവൈക്യത്തിലേക്ക് പ്രവേശി ച്ചു. കാരണം സര്‍വശക്തന്‍ അവരുടെ പാതകളില്‍ പ്രകാശം വിതറി. പ്രഭുകുമാരിയായിരുന്ന ക്ലാര സ്വര്‍ണാഭരണങ്ങളും പട്ടുടുപ്പും വേണ്ടെന്നു വച്ചപ്പോള്‍ ദൈവം സ്വര്‍ണമായി മാറി. “സ്വര്‍ണത്തെ പൊടിയിലും ഓഫീര്‍പ്പൊന്നിനെ നദീതടത്തിലെ കല്ലുകള്‍ക്കിടയിലും എറിയുമെങ്കില്‍, സര്‍വശക്തന്‍ നിനക്ക് സ്വര്‍ണവും വിലപിടിച്ച വെള്ളിയും ആകുമെങ്കില്‍ നീ സര്‍വശക്തനില്‍ ആനന്ദിക്കുകയും ദൈവത്തിന്‍റെ നേരെ മുഖമുയര്‍ത്തുകയും ചെയ്യും” (ജോബ് 22:24-26). സ്വര്‍ണവും വെള്ളിയും ഉപേക്ഷിച്ചാല്‍ പോരാ, അവയോടുള്ള ആഗ്രഹവും അടുപ്പവും ഹൃദയത്തില്‍നിന്നും പോകണം. സ്വന്തം അമ്മയെ പതിനെട്ടു വയസുള്ളപ്പോഴാണ് മദര്‍ തെരേസ അവസാനമായി കണ്ടത്. മരണത്തിന് തൊട്ടുമുമ്പും കാണാനുള്ള അവസരം ത്യജിച്ചു. അതുവഴി പാവങ്ങളുടെ അമ്മയായി.

ഏറ്റവും ചെറിയ പരിത്യാഗത്തിലും അഭിഷേകമുണ്ട്. നിത്യാരാധനാചാപ്പലിന്‍റെ ഏറ്റവും മുമ്പിലുള്ള കസേരയില്‍ ദിവ്യകാരു ണ്യത്തിലേക്ക് മാത്രം നോക്കിയിരുന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ വലിയ ആത്മീയാനന്ദം ലഭിക്കാം. എന്നാല്‍ ആ പ്രത്യേക സീറ്റിനോടുള്ള വൈകാരികയടുപ്പംപോലും ആത്മാവിന്‍റെ ജ്വലനത്തിന് തടസമായി മാറാം. ഇന്ദ്രിയാകര്‍ഷണം നിര്‍മമതയുടെ തലത്തിലേക്കുയര്‍ത്താന്‍ നിരന്തരമായ ആത്മീയസാധന വേണം. നിസാരകാര്യങ്ങളിലൂടെ ഇതു നമുക്ക് പരിശീലിക്കാം. മെഡ്ജുഗോറിയില്‍ പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തത് ഇങ്ങനെയുള്ള കാര്യങ്ങളാണ്. നിയോഗംവച്ച് കുറെ ദിവസങ്ങളിലേക്ക് ടെലിവിഷന്‍, മൊബൈൽ ഫോണ്‍, സിനിമ, ഉല്ലാസയാത്ര തുടങ്ങിയവ ഉപേക്ഷിച്ചാല്‍ ആത്മാവില്‍ ബലം നിറയും. ഒപ്പം പ്രാര്‍ത്ഥനയില്‍ കൃപ നിറയും. ചില കാഴ്ചകള്‍ വേണ്ടെന്നു വയ്ക്കുമ്പോള്‍ കണ്ണിന്‍റെ ഉപവാസമായി മാറും. ഇതാണ് മെഡ്ജുഗോറി ഉപവാസം.

ഏകമകന്‍ ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ തയാറായിക്കൊണ്ട് സ്നേഹത്തിന്‍റെ ഇഴയടുപ്പത്തെ അറുത്തുമുറിച്ചതിലൂടെ അബ്രാഹം വിശ്വാസികളുടെ പിതാവായി. ഇഷ്ടങ്ങളും അടുപ്പങ്ങളും വേണ്ടെന്നു വെക്കാനുള്ള അവസരങ്ങള്‍ നമ്മുടെ മുമ്പിലും തുറന്നു കിട്ടും. ആത്മീയാനന്ദങ്ങള്‍ പോലും ചിലപ്പോള്‍ വേണ്ടെന്നു വെക്കേണ്ടി വരും. എന്നാല്‍ ആ പരീക്ഷയില്‍ വിജയിച്ചാല്‍ പ്രൊമോഷന്‍ ഉറപ്പാണ്.

'

By: Fr Jose Poothrikkayil

More
ജൂണ്‍ 09, 2020
Encounter ജൂണ്‍ 09, 2020

എന്തിനുവേണ്ടിയാണ് നോമ്പും ഉപവാസവും എടുക്കുന്നത്?

ഒരു ദിവസം ഞാന്‍ ആത്മശോധന നടത്തി വിഷമിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ യേശു ചോദിച്ചു, “നീ എന്തിനാ വിഷമിച്ചിരിക്കുന്നത്?” ഞാന്‍ പറഞ്ഞു, “എന്നെപ്പോലെ ഇത്രയും പാപിയും ബലഹീനയുമായ ഒരാള്‍ ഈ ലോകത്തില്‍ കാണില്ല. എനിക്ക് നേരെ ചൊവ്വേ ഒരു നോമ്പും ഉപവാസവുംപോലും എടുക്കാന്‍ സാധിച്ചിട്ടില്ല.” അപ്പോള്‍ യേശു ചോദിച്ചു, “നീ എന്തിനുവേണ്ടിയാണ് നോമ്പും ഉപവാസവും ഒക്കെ എടുക്കുന്നത്?” ഞാന്‍ പറഞ്ഞു “എന്‍റെ പാപപരിഹാരത്തിന്, വിശുദ്ധീകരണത്തിന്, ആത്മാക്കളുടെ രക്ഷയ്ക്ക്, അങ്ങനെ പലതും.” യേശു പറഞ്ഞു, “മതി, മതി! നിന്‍റെ പാപത്തിനുള്ള പരിഹാരം ഞാന്‍ കാല്‍വരിയില്‍ ചെയ്തതാണ്. പിന്നെ നിന്‍റെ വിശുദ്ധീകരണവും ആത്മാക്കളുടെ രക്ഷയും. നീ കുറച്ചുകാലത്തേക്ക് മീനും ഇറച്ചിയും ടിവി കാണലും വേണ്ടെന്നുവച്ച് എങ്ങനെയാണ് നിന്‍റെ വിശുദ്ധീകരണവും ആത്മാക്കളുടെ രക്ഷയും സാധ്യമാകുന്നത്? നിന്‍റെ ആരോഗ്യത്തിന് അത് നല്ലതാണെന്നുമാത്രം. നീ പരിത്യാഗ പ്രവൃത്തികളും നോമ്പും ഉപവാസവും ഒക്കെ അനുഷ്ഠിക്കുമ്പോള്‍ ഇങ്ങനെ പറയണം: ഈശോയേ, അങ്ങ് എന്നോടുള്ള സ്നേഹത്താല്‍ സഹിച്ചു. ഞാനും നിന്നോടുള്ള സ്നേഹത്താല്‍ സഹിക്കുന്നു. അതുപോലെതന്നെ മറ്റുള്ളവരില്‍നിന്ന് നിനക്ക് നിന്ദനങ്ങളും അപമാനങ്ങളും ഉണ്ടാകുമ്പോഴും ഇങ്ങനെതന്നെ പറയണം. ഈ സ്നേഹ പ്രകരണത്തിന് തീര്‍ച്ചയായും നിന്‍റെ വിശുദ്ധീകരണത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും ഉള്ള ശക്തിയുണ്ട്.”

ഇത്രയും പറഞ്ഞിട്ട് യേശു ഒരു ചോദ്യംകൂടി ചോദിച്ചു, “ഞാന്‍ നിനക്ക് വേണ്ടി പീഡകള്‍ സഹിച്ച് മരിച്ചത് എന്തിനുവേണ്ടിയായിരുന്നു?” ഞാന്‍ പറഞ്ഞു, “എന്‍റെ രക്ഷക്കുവേണ്ടി.” യേശു തുടര്‍ന്നു, “ഞാന്‍ പീഡകള്‍ സഹിച്ച് നിന്നെ രക്ഷിച്ചത് നിന്നോടുള്ള സ്നേഹം കൊണ്ടാണ്. ഉദാഹരണത്തിന് ഒരു അമ്മ മകനുവേണ്ടി അടുക്കളയില്‍ കയറി ആഹാരം ഉണ്ടാക്കുന്നത് അവന്‍റെ വിശപ്പു മാറുന്നതിന് വേണ്ടിയാണെങ്കിലും അതിന്‍റെ അടിസ്ഥാനം സ്നേഹമാണ്. ഞാന്‍ നിന്നില്‍ നിന്ന് ഒന്നു മാത്രമേ ആഗ്രഹിക്കുന്നുള്ളു നിന്‍റെ സ്നേഹം. ബാക്കിയെല്ലാം എന്‍റെ ജോലിയാണ്, എന്‍റെ ദാനമാണ്, എന്‍റെ കൃപയാണ്.”

ഞാന്‍ ചോദിച്ചു, “ഈശോയേ, ഞാനപ്പോള്‍ നോമ്പും ഉപവാസവും എടുക്കേണ്ട എന്നാണോ പറയുന്നത്?” യേശു പറഞ്ഞു, “ഒരിക്കലുമല്ല, തെറ്റിദ്ധരിക്കരുത്. നോമ്പും ഉപവാസവുമൊക്കെ എടുക്കുന്നത് എന്നോടുള്ള സ്നേഹത്തെപ്രതി ആകണം. അല്ലാതെ അതിനെ നിയമാനുഷ്ഠാനമായി മാത്രം കാണരുത്. ലൂക്കാ 18:9-ല്‍ പറയുന്നതുപോല ഫരിസേയന്‍ ആഴ്ചയില്‍ രണ്ടുദിവസം ഉപവസിക്കുന്നവനും ദശാംശം കൊടുക്കുന്നവനും ആയിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ദൈവസന്നിധിയില്‍ പാപിയായ ചുങ്കക്കാരന്‍ ഫരിസേയേനെക്കാള്‍ നീതീകരിക്കപ്പെട്ടവനായി മാറിയത്. കാരണം ഫരിസേയന് ഇതെല്ലാം ഒരു നിയമാനുഷ്ഠാനംമാത്രമായിരുന്നു. മാത്രമല്ല സര്‍വ്വവും ദൈവത്തിന്‍റെ ദാനമാണന്നിരിക്കെ അവന്‍ സ്വയം അഹങ്കരിക്കുകയും ചുങ്കക്കാരനെ പുഛിക്കുകയും ചെയ്തു. അതുകൊണ്ട് പൗലോസ് ശ്ലീഹാ സ്നേഹത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് പറയുന്നു, സ്നേഹമാണ് സര്‍വ്വോത്കൃഷ്ടം (1 കോറിന്തോസ് 13:1-9)”

യേശു തുടര്‍ന്നു, “പരിത്യാഗം, നോമ്പ്, ഉപവാസം ഇതിനെല്ലാം എന്‍റെ ശക്തി കൂടിയേതീരൂ. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, നീ നിന്നിലേക്ക് നോക്കി നെടുവീര്‍പ്പിടേണ്ട, എന്നിലേക്ക് നോക്കുക. അപ്പോള്‍ നിന്‍റെ സ്നേഹം ആഗ്രഹിക്കുന്ന, നിന്‍റെ സാമീപ്യം ആഗ്രഹിക്കുന്ന, നിന്‍റെ ചിന്തകളില്‍ നിറഞ്ഞു നില്ക്കാന്‍ ആഗ്രഹിക്കുന്ന, നിന്‍റെ സംസാരം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു പിതാവിനെ കാണാന്‍ സാധിക്കും. നിങ്ങള്‍ ശിശുക്കളെ പോലെ ആകുവിന്‍ (മത്തായി 18:3) എന്നു ഞാന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം നീ മനസ്സിലാക്കുന്നില്ലേ? ഒരു ശിശുവിന് സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയുകയില്ല. അതിനു സ്നേഹിക്കാന്‍ മാത്രമേ അറിയൂ. ഒരു ശിശുവിന് സ്വയം വിശുദ്ധീകരിക്കാനോ ത്യാഗങ്ങള്‍ എടുക്കാനോ ചുറ്റുമുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാനോ കഴിവില്ല. ശിശു എപ്പോഴും അതിന്‍റെ മാതാപിതാക്കളില്‍ വിശ്വസിച്ച് ആശ്രയിച്ച് സ്നേഹിച്ച് ജീവിക്കുന്നു. അതുപോലെ നീയും എന്നില്‍ വിശ്വസിച്ച് ആശ്രയിച്ച് സ്നേഹിച്ച് ജീവിക്കുക, കൃപകള്‍ക്കായി പ്രാര്‍ത്ഥിക്കുക.”

വിശുദ്ധ കൊച്ചുത്രേസ്യയുടെ വാക്കുകളാണ് അപ്പോള്‍ ഓര്‍മ്മവന്നത്, “നല്ല ദൈവത്തിന്‍റെ പിന്തുണ കൂടാതെ നന്മചെയ്യാന്‍ സാധിക്കുകയില്ലെന്ന് ബോധ്യമായത് മുതല്‍ യേശുവിനോട് സ്നേഹത്തില്‍ അധികമധികം ഒന്നായിത്തീരുക എന്നതാണ് അത്യന്താപേക്ഷിതമായ കാര്യമെന്നും ശേഷമെല്ലാം അതില്‍നിന്നും നേടാമെന്നും ഞാന്‍ ഗ്രഹിച്ചു.’

'

By: Shalom Tidings

More
ജൂണ്‍ 08, 2020
Encounter ജൂണ്‍ 08, 2020

“ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു. അവന്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവിടെ കഴിഞ്ഞുകൂടി. ആ ദിവസങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല.” (ലൂക്കാ 4 :1-2)യേശു തന്‍റെ ദൗത്യം ആരംഭിക്കുന്നതിനു മുമ്പ് ചെയ്ത സുപ്രധാനകാര്യത്തെക്കുറിച്ച് വിവരിക്കുന്ന വചനഭാഗമാണിത്. മോശയുടെയും നിനവേ നിവാസികളുടെയും നാല്‍പത് ദിവസത്തെ പ്രാര്‍ത്ഥനയും പ്രായശ്ചിത്തപ്രവൃത്തികളുമെല്ലാം കര്‍ത്താവിന്‍റെ ക്രോധത്തില്‍നിന്ന് രക്ഷ നേടാനുള്ള മാര്‍ഗ്ഗങ്ങളായിരുന്നു. വിശുദ്ധീകരണത്തിനും കര്‍ത്താവിന്‍റെ ക്രോധമുളവാക്കുന്ന പ്രവൃത്തികളുടെ അനന്തരഫലങ്ങളില്‍നിന്ന് രക്ഷ നേടുന്നതിനും ഈ നോമ്പുകാലം നമുക്കും ഉപയോഗിക്കാം.

ആദിമക്രൈസ്തവര്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നതിന് മുന്നോടിയായി ഉയിര്‍പ്പുതിരുനാളിന്‍റെ മുമ്പുള്ള നാല്പത് ദിവസങ്ങള്‍ ഒരുക്കം നടത്തുമായിരുന്നുവത്രേ. ഇതാണ് പിന്നീട് തപസ്സുകാലമായി രൂപാന്തരപ്പെട്ടതെന്നനുമാനിക്കാം. ദൈവകൃപയാല്‍ പ്രലോഭനങ്ങളെ അതിജീവിക്കാനും ആത്മനിയന്ത്രണം നേടാനുമുള്ള ആത്മീയപോരാട്ടത്തിന്‍റെ സമയമാണ് നോമ്പുകാലമെന്ന് വിശുദ്ധ ലിയോ പറയുന്നു. പ്രാര്‍ത്ഥന, ഉപവാസം, പരിഹാരപ്രവൃത്തികള്‍, ദാനധര്‍മ്മം എന്നിവയാണല്ലോ നോമ്പുകാലത്തിന്‍റെ ഘടകങ്ങള്‍.

പ്രാര്‍ത്ഥനയെക്കുറിച്ച് അല്പംകൂടി ആഴത്തില്‍ മനസ്സിലാക്കാന്‍ യേശു പഠിപ്പിച്ച സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ധ്യാനിച്ചാല്‍ മതി. നമ്മുടെ പ്രാര്‍ത്ഥനാജീവിതത്തിനാവശ്യമായതെല്ലാം ലളിതമായി അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. നാം ചെയ്യുന്നതിന്‍റെയെല്ലാം പിന്നില്‍ ദൈവത്തിന്‍റെ നാമം മഹത്വപ്പെടാനും അവിടുന്ന് ഭരണാധികാരിയാകുന്ന രാജ്യം വരാനും അവിടുത്തെ ഹിതം നിറവേറാനും ഹൃദയത്തിന്‍റെ നിറവില്‍നിന്ന് ആഗ്രഹിക്കുക. പ്രാര്‍ത്ഥിക്കും മുമ്പ് ക്ഷമിക്കണം എന്നതും മറക്കരുത്.

ഉപവാസം, പരിഹാരപ്രവൃത്തികള്‍, ദാനധര്‍മ്മം എന്നിവയെക്കുറിച്ച് ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ ദൈവത്തോടുള്ള സംഭാഷണമായ പ്രാര്‍ത്ഥനയ്ക്ക് ഉപരി പ്രാമുഖ്യം നല്കിക്കൊണ്ട് മറ്റു കാര്യങ്ങള്‍ നീക്കി വയ്ക്കുക. മൊബൈലിലും സോഷ്യല്‍ മീഡിയകളിലും ചെലവഴിക്കുന്ന സമയപരിധി കുറയ്ക്കുക, ഏറ്റവും രുചികരമായ ഭക്ഷണം ഉപേക്ഷിക്കുക തുടങ്ങിയവയൊക്കെ അതിന്‍റെ ഭാഗമാകാം. അവിടുത്തോടുള്ള സ്നേഹം ത്യാഗങ്ങളിലേക്ക് നമ്മെ നയിക്കും. രോഗികളോടും പാവപ്പെട്ടവരോടും കരുണ കാണിക്കുവാനും നമ്മെ പ്രേരിപ്പിക്കും. ഇപ്രകാരം ദൈവസ്നേഹത്താല്‍ മധുരിതമായ ഒരു നോമ്പുകാലത്തിലൂടെ നമ്മുടെ ദൈവികദൗത്യം നിറവേറ്റാന്‍ ശക്തി പ്രാപിക്കാം.

'

By: Fr. Justice Paul

More
ജൂണ്‍ 08, 2020
Encounter ജൂണ്‍ 08, 2020

വെളിപാടിന്‍റെ പുസ്തകം അഞ്ചാം അധ്യായം പന്ത്രണ്ടും പതിമൂന്നും വാചകങ്ങളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:”കൊല്ലപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്തുതിയും സ്വീകരിക്കാന്‍ യോഗ്യനാണ്.” “സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിയ്ക്കടിയിലും സമുദ്രത്തിലുമുള്ള എല്ലാ സൃഷ്ടികളും ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു. സിംഹാസനസ്ഥനും കുഞ്ഞാടിനും എന്നേക്കും സ്തുതിയും ബഹുമാനവും മഹത്വവും ആധിപത്യവും”

ആരാണ് ഈ കൊല്ലപ്പെട്ട കുഞ്ഞാട്? അത് കര്‍ത്താവായ യേശുതന്നെയാണ്. വിശുദ്ധ സ്നാപക യോഹന്നാനാണ് ഈ ദൈവത്തിന്‍റെ കുഞ്ഞാടിനെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തുന്നത്. യേശു തന്‍റെ അടുക്കലേക്ക് വരുന്നതുകണ്ട് സ്നാപകയോഹന്നാന്‍ ഇപ്രകാരം പറഞ്ഞു: “ഇതാ ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്” (യോഹന്നാന്‍ 1:29). അവന്‍ തുടര്‍ന്നു “എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണെന്ന് ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം എനിക്ക് മുമ്പേതന്നെ ഇവനുണ്ടായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇവനെ ഇസ്രായേലിന് വെളിപ്പെടുത്താന്‍വേണ്ടിയാണ് ഞാന്‍ വന്ന് ജലത്താല്‍ സ്നാനം നല്‍കുന്നത്. ആത്മാവ് പ്രാവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്നും ഇറങ്ങിവന്ന് അവന്‍റെമേല്‍ ആവസിക്കുന്നത് ഞാന്‍ കണ്ടു എന്ന് യോഹന്നാന്‍ സാക്ഷ്യപ്പെടുത്തി” (യോഹന്നാന്‍ 1:30-32). യോഹന്നാന്‍ ഇപ്രകാരം തുടര്‍ന്നു പറഞ്ഞു. ജലംകൊണ്ട് സ്നാനം നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോട് പറഞ്ഞിരുന്നു: ആത്മാവ് ഇറങ്ങിവന്ന് ആരുടെമേല്‍ ആവസിക്കുന്നത് നീ കാണുന്നുവോ അവനാണ് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നല്‍കുന്നവന്‍. ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു” (യോഹന്നാന്‍ 1:33-34). വെളിപാടിന്‍റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കൊല്ലപ്പെട്ട കുഞ്ഞാട് ദൈവപുത്രനായ യേശുതന്നെയാണെന്ന് മുകളില്‍ ഉദ്ധരിച്ച ദൈവവചനത്തിലൂടെ നമുക്ക് വ്യക്തമാക്കുന്നു.

കുരിശുമരണംവരെ തന്നെത്തന്നെ താഴ്ത്തിയവന്‍

എന്നാല്‍ സ്നാപകയോഹന്നാന്‍ യേശുവിനെ ചൂണ്ടിക്കാണിച്ച് ‘ഇവനാണ് ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്’ എന്ന് സാക്ഷ്യപ്പെടുത്തിയ സമയത്ത് യേശുക്രിസ്തു കൊല്ലപ്പെട്ടവനല്ലായിരുന്നു. എന്നാല്‍ അവന്‍റെ മരണത്തെക്കുറിച്ച് അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: “അവന്‍ ദൈവത്തിന്‍റെ നിശ്ചിത പദ്ധതിയും പൂര്‍വജ്ഞാനവും അനുസരിച്ച് നിങ്ങളുടെ (യഹൂദരുടെ) കൈകളില്‍ ഏല്‍പിക്കപ്പെട്ടു. അധര്‍മികളുടെ കൈകളാല്‍ നിങ്ങള്‍ അവനെ കുരിശില്‍ തറച്ചുകൊന്നു” (2:23). അങ്ങനെ അവന്‍ കൊല്ലപ്പെട്ടവനായിത്തീര്‍ന്നു. എന്നാല്‍ തുടര്‍ന്നു വരുന്ന വാചകങ്ങളില്‍ ദൈവം ഇപ്രകാരം അവന്‍റെ ഉത്ഥാനത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നു. “എന്നാല്‍ ദൈവം അവനെ മൃത്യുപാശത്തില്‍നിന്നും വിമുക്തനാക്കി ഉയിര്‍പ്പിച്ചു. കാരണം അവന്‍ മരണത്തിന്‍റെ പിടിയില്‍ കഴിയുക അസാധ്യമായിരുന്നു” (2:24). അങ്ങനെ അവന്‍ കൊല്ലപ്പെട്ടെങ്കിലും ജീവിക്കുന്നവനായി. അങ്ങനെ കൊല്ലപ്പെട്ടിട്ടും ജീവിക്കുന്നവനായ കുഞ്ഞാടാണ് (കര്‍ത്താവായ യേശു). ശക്തിയും ധനവും ജ്ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്തുതിയും സ്വീകരിക്കാന്‍ യോഗ്യനാണെന്ന് വെളിപാടു പുസ്തകത്തിലെ വരികള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ക്രൂശിതനായ ക്രിസ്തു (കൊല്ലപ്പെട്ട കുഞ്ഞാട്) എന്‍റെ ജീവിതത്തില്‍

യേശുവിനെ പല രൂപത്തിലും ഭാവത്തിലും പല പ്രായത്തിലും എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും നാളിതുവരെയുള്ള ജീവിതത്തില്‍ ഞാന്‍ ഏറ്റവും അധികം സ്നേഹിച്ചതും എന്നെ കൂടുതല്‍ സ്നേഹിച്ചതും ക്രൂശിതനായ യേശുവാണെന്ന് എനിക്ക് തോന്നിപ്പോകുന്നു. പൗലോസ് ശ്ലീഹാ പറഞ്ഞതുപോലെ “നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ” (ഗലാത്തിയാ 6:14) എന്ന് കുരിശിന്‍റെ വഴികളിലൂടെ സ്വജീവിതംകൊണ്ട് നടന്നുനീങ്ങി വിജയം വരിച്ച മറ്റനേകം സാക്ഷികളോടൊപ്പം എനിക്കും പറയാന്‍ കൊതി തോന്നുന്നുണ്ടെന്നത് ഒരു സത്യമാണ്.

കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് എന്‍റെ ഒരു ആത്മീയ സഹോദരി എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഇങ്ങനെയൊരു ദര്‍ശനം കണ്ടു. ക്രൂശിതനായ യേശു എന്നെ ചുംബിക്കുന്നു! പിന്നീടുള്ള എന്‍റെ ജീവിതയാത്രയില്‍ മെല്ലെ മെല്ലെ ആണെങ്കിലും എന്‍റെ നാഥനായ ക്രൂശിതനെയും അവന്‍ ചുമന്നതും തൂങ്ങിമരിച്ചതുമായ കുരിശിനെയും ആഴത്തില്‍ സ്നേഹിക്കാന്‍ പഠിച്ചു.

ക്രൂശിതനെന്നെ നിരുപാധികം ക്ഷമിക്കാന്‍ പഠിപ്പിച്ചു. സ്നേഹിക്കാന്‍ പഠിപ്പിച്ചു, എളിമപ്പെടാന്‍ പഠിപ്പിച്ചു, പരിഹാരം ചെയ്ത് പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു, അനേകരുടെ ആത്മരക്ഷക്കായി പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു. നിത്യരക്ഷയെ ലക്ഷ്യമാക്കി ഓടാന്‍ പഠിപ്പിച്ചു. അനേകരെ ആ ലക്ഷ്യത്തിലേക്ക് നയിക്കാന്‍ പഠിപ്പിച്ചു. ലോകത്തോടും അതിന്‍റെ സുഖങ്ങളോടും ‘നോ’ എന്നു പറയാന്‍ പഠിപ്പിച്ചു. അങ്ങനെ അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍ അവന്‍ (ക്രൂശിതന്‍) എനിക്കുവേണ്ടി ചെയ്തുതന്നു. ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു.

പൈശാചിക ആക്രമണങ്ങളില്‍

ഒരിക്കല്‍ ഞാന്‍ നീണ്ട പ്രാര്‍ത്ഥനകള്‍ക്കുശേഷം തളര്‍ന്ന് കിടന്ന് ഉറങ്ങുകയായിരുന്നു. നല്ല ഉറക്കത്തിലേക്ക് കടക്കുന്നതിന്‍റെ തൊട്ടുമുമ്പ് ഏതോ ഒരു പൈശാചികശക്തി എന്നെ ശക്തമായി ആക്രമിച്ച് കീഴ്പ്പെടുത്തി ശ്വാസംമുട്ടിച്ച് കൊല്ലുന്നതായി എനിക്ക് അനുഭവപ്പെട്ടു. എന്‍റെ സര്‍വശക്തിയും ഉപയോഗിച്ച് ഞാന്‍ മനസുകൊണ്ടും ആത്മാവുകൊണ്ടും യേശുവേ യേശുവേ എന്ന് പലവട്ടം വിളിച്ചു കരഞ്ഞു. അപ്പോഴതാ എന്‍റെ ഉള്ളിലിരുന്നാരോ ക്രൂശിതനായ യേശുവേ, ക്രൂശിക്കപ്പെട്ട യേശുവേ എന്ന് വിളിക്കാന്‍ പറഞ്ഞുതരുന്നു (പരിശുദ്ധാത്മാവായിരിക്കും). ഞാന്‍ അങ്ങനെ വിളിച്ചു കരഞ്ഞു. ക്രൂശിതനായ യേശുവേ, ക്രൂശിക്കപ്പെട്ട യേശുവേ എന്ന് ഞാന്‍ വിളിച്ച നിമിഷത്തില്‍ത്തന്നെ തിന്മയുടെ ആ ദുര്‍ഭൂതം എന്നെ വിട്ട് എവിടെയോ ഓടിമറഞ്ഞു. ഞാന്‍ ഉറക്കത്തില്‍നിന്നും എഴുന്നേറ്റു. വിയര്‍ത്തു കുളിച്ചെഴുന്നേറ്റ ഞാന്‍ പുതിയൊരു വെളിപ്പെടുത്തലിന്‍റെയും വിജയത്തിന്‍റെയും ആശ്വാസത്തിലായിരുന്നു. ‘യേശുവേ’ എന്ന ഒറ്റവിളിയാല്‍ ലഭിക്കാത്ത വിജയം ക്രൂശിക്കപ്പെട്ട യേശുവേ എന്ന ഒറ്റ വിളിയാല്‍ ലഭിക്കും. കാരണം പിശാചിന്‍റെ ആധിപത്യത്തെ യേശു നിര്‍വീര്യപ്പെടുത്തിയത് കുരിശിലെ തന്‍റെ ബലിയാലാണ്. ക്രൂശിക്കപ്പെട്ട യേശുവിന്‍റെ (കൊല്ലപ്പെട്ട കുഞ്ഞാടിന്‍റെ) ശക്തി അതാണ്. വചനം ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: “ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനത്രങ്ങളാക്കി”
(കൊളോസോസ് 2:15). ‘നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്’ എന്ന വചനത്തിന്‍റെ അര്‍ത്ഥവും ശക്തിയും ഞാന്‍ അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു ആ പോരാട്ടത്തിന്‍റെ നിമിഷങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ കൊല്ലപ്പെട്ട കുഞ്ഞാടിലാണ്, ക്രൂശിതനായ ക്രിസ്തുവിലാണ്
ദൈവം മഹത്വവും ശക്തിയും ജ്ഞാനവും ആധിപത്യവും അതിന്‍റെ പൂര്‍ണതയില്‍ പ്രകടമാകുന്നത് (വെളിപാട് 5:12) എന്ന് ആ പൈശാചിക ആക്രമണത്തിലൂടെ എനിക്ക് മനസിലാക്കിത്തന്നു.

ക്രൂശിതന്‍റെ സുവിശേഷം

വിശുദ്ധ പൗലോസ് ശ്ലീഹാ തന്‍റെ പ്രഘോഷണ ജീവിതകാലയളവില്‍ മുഖ്യമായും പ്രഘോഷിച്ചത് ക്രൂശിതനായ യേശുവിനെക്കുറിച്ചായിരുന്നു. കാരണം ആ പ്രഘോഷണത്തിലാണ് ദൈവത്തിന്‍റെ ശക്തിയും ജ്ഞാനവും ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് എന്ന് പരിശുദ്ധാത്മാവ് അദ്ദേഹത്തെ പഠിപ്പിച്ചു. ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളതും അതുതന്നെയെന്ന് അദ്ദേഹം മനസിലാക്കി. അദ്ദേഹത്തിന്‍റെ വാക്കുകള്‍ അതു വ്യക്തമാക്കുന്നു. “നിങ്ങളുടെ ഇടയിലായിരുന്നപ്പോള്‍ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ ,മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു” (1 കോറിേന്താസ് 2:2). “നിങ്ങളുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനം മാനുഷിക വിജ്ഞാനമാകാതെ, ദൈവത്തിന്‍റെ ശക്തി ആകാനായിരുന്നു അത്” (1 കോറിന്തോസ് 2:5). അദ്ദേഹം വീണ്ടും ഇപ്രകാരം തന്‍റെ പ്രഘോഷണ ജീവിതത്തിന്‍റെ ശൈലിയെക്കുറിച്ച് വ്യക്തമാക്കുന്നു. “യഹൂദര്‍ അടയാളങ്ങള്‍ ആവശ്യപ്പെടുന്നു; ഗ്രീക്കുകാര്‍ വിജ്ഞാനം അന്വേഷിക്കുന്നു. ഞങ്ങളാകട്ടെ യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്ക് ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു. വിളിക്കപ്പെട്ടവര്‍ക്ക് യഹൂദരോ ഗ്രീക്കുകാരോ ആകട്ടെ, ക്രിസ്തു (ക്രൂശിതനായ ക്രിസ്തു) ദൈവത്തിന്‍റെ ശക്തിയും ദൈവത്തിന്‍റെ ജ്ഞാനവുമാണ്” (1 കോറിന്തോസ് 22:24).

ക്രൂശിതനായ യേശുവിനെക്കുറിച്ചും യേശുവിന്‍റെ പീഡാനുഭവങ്ങളെക്കുറിച്ചും കുരിശുമരണത്തെക്കുറിച്ചുമുള്ള പ്രഘോഷണങ്ങള്‍ കുറഞ്ഞു കുറഞ്ഞു വരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്നാല്‍ ക്രൂശിതനെക്കുറിച്ചും അവന്‍ നല്‍കുന്ന രക്ഷയെക്കുറിച്ചും ഉള്ള പ്രഘോഷണങ്ങളല്ലാതെ മറ്റൊന്നും മാനസാന്തരത്തിലേക്കും രക്ഷയിലേക്കും പടുത്തുയര്‍ത്തലിലേക്കും സാധാരണ ജനങ്ങളെ നയിക്കുകയില്ല എന്ന സത്യം നമ്മള്‍ വിസ്മരിച്ചുപോകുന്നു. “നാശത്തിലൂടെ ചരിക്കുന്നവര്‍ക്ക് കുരിശിന്‍റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്‍റെ ശക്തിയേത്ര!”(1 കോറിന്തോസ് 1:18).

ക്രിസ്തുവിന്‍റെ പീഡാസഹനങ്ങളെക്കുറിച്ചും കുരിശുമരണത്തെക്കുറിച്ചുമുള്ള ധ്യാനം അനേകം വിശുദ്ധാത്മാക്കളെ വിശുദ്ധിയുടെ ഉന്നത തലങ്ങളില്‍ എത്തിച്ചേരാന്‍ സഹായിച്ചിട്ടുണ്ട്. ദൈവം അവര്‍ക്കു നല്‍കിയ വലിയൊരുകൃപയായിരുന്നു ആ ധ്യാനം. വലിയ നോമ്പുകാലത്തെ കുരിശിന്‍റെ വഴികളിലൂടെ കടന്നുപോകുമ്പോള്‍ നോമ്പുകാലത്തെ നിര്‍ബന്ധിത ഭക്താഭ്യാസമായിമാത്രം അതിനെ കാണാതെ യേശുവിന്‍റെ പാടുപീഢകളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് പാപത്തെയും പാപവഴികളെയും വിട്ടൊഴിയുവാനും ക്രൂശിതന്‍റെ കൈകള്‍ പിടിച്ചുതൂങ്ങി പുണ്യത്തിന്‍റെ ചുവടുകള്‍ വച്ച് നിത്യതയുടെ ആനന്ദത്തിലേക്കും ഉയിര്‍പ്പിന്‍റെ മഹത്വത്തിലേക്കും നടന്നടുക്കുവാനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.

'

By: സ്റ്റെല്ല ബെന്നി

More
ജൂണ്‍ 08, 2020
Encounter ജൂണ്‍ 08, 2020

ഒരു ഹൈന്ദവകുടുംബത്തിൽ ജനിച്ചുവളര്‍ന്ന ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ യേശുവിനെക്കുറിച്ചറിഞ്ഞു. പെന്തക്കോസ്തുവിശ്വാസികളില്‍നിന്നായിരുന്നു അന്ന് യേശുവിനെക്കുറിച്ച് കേട്ടത്. എന്നാല്‍ കുറച്ചു നാളുകള്‍ക്കുള്ളില്‍ കത്തോലിക്കാസഭയെക്കുറിച്ചും സഭയിലെ ആത്മീയസമ്പന്നതയെക്കുറിച്ചും എനിക്ക് അറിവും ബോധ്യങ്ങളും ലഭിച്ചു. അതിനാല്‍ യേശുവിലുള്ള വിശ്വാസം ആഴപ്പെടുകയും പ്രാര്‍ത്ഥന തുടരുകയും ചെയ്തു. വീട്ടുകാരും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുമായിരുന്നു.

അങ്ങനെയിരിക്കേ, ഞാന്‍ എം.എസ്സി. പഠിക്കുന്ന സമയത്ത് എന്‍റെ ഇളയ സഹോദരന്‍ രോഗിയായിത്തീര്‍ന്നു. പക്ഷേ ഒന്നര വര്‍ഷത്തോളം പല ഡോക്ടര്‍മാരെയും മാറി മാറി കാണിച്ചിട്ടും രോഗമെന്താണെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഞങ്ങള്‍ക്ക് പരിചയമുള്ള ഒരാള്‍ സമീപത്തുള്ള പള്ളിയിലെ വികാരിയച്ചനെ കാണാന്‍ ഞങ്ങളോട് പറഞ്ഞു. അതുപ്രകാരം ഞങ്ങള്‍ അച്ചന്‍റെയടുത്തു ചെന്നപ്പോള്‍ അച്ചന്‍ പ്രാര്‍ത്ഥിച്ചിട്ട് ഞങ്ങള്‍ക്കായി ഒരു ഡോക്ടറെ നിര്‍ദ്ദേശിച്ചുതന്നു. അതനുസരിച്ച് ഞങ്ങള്‍ ആ ഡോക്ടറെ പോയി കണ്ടു. അനുജന് ലിംഫോമ എന്ന കാന്‍സറാണെന്ന് അദ്ദേഹം കണ്ടെത്തി. എന്നാല്‍ വീട്ടുകാരോടോ അനുജനോടോ ഇക്കാര്യം പറഞ്ഞില്ല. അനുജനാകട്ടെ ഓരോ ദിവസവും തീര്‍ത്തും മെലിഞ്ഞു വന്നുകൊണ്ടിരുന്നു.

യേശുവിലുള്ള വിശ്വാസമുപേക്ഷിച്ച് മറ്റെന്തെങ്കിലുമൊക്കെ വഴി നോക്കാന്‍ പലരും ഉപദേശിച്ചു. വീട്ടുകാര്‍ ഇതുകേട്ട് പതറിയെങ്കിലും വിശ്വാസത്തില്‍നിന്ന് പിന്‍മാറാന്‍ ഞാന്‍ തയാറായിരുന്നില്ല. ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, തന്‍റെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് എല്ലാം നന്മക്കായി പരിണമിപ്പിക്കുന്നു എന്ന റോമാ 8: 28 വചനം എന്നെ ശക്തിപ്പെടുത്തി. ആ സമയത്ത് അനുജനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ജറി നടത്തി. മൂന്ന് പ്രഗല്ഭ ഡോക്ടര്‍മാര്‍ ഒന്നിച്ചാലോചിച്ച് തീരുമാനിച്ചിട്ടാണ് സര്‍ജറി നടത്തിയത്. തുടര്‍ന്ന് അനുജനെ നോക്കിയിരുന്ന ഡോക്ടര്‍ എന്നെ വിളിച്ചു പറഞ്ഞു, “അവന്‍റെ കുടലില്‍ മുഴുവന്‍ കാന്‍സര്‍ വ്യാപിച്ചിട്ടുണ്ട്. കുടല്‍ മുറിച്ചു കളയേണ്ടിവരും. എങ്കിലും രക്ഷപ്പെടാന്‍ സാധ്യതയില്ല. എന്തായാലും ബയോപ്സി ടെസ്റ്റിന് അയക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് കിട്ടും. അതിനുശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കാം .” ഈ വാക്കുകളോടെ എന്‍റെ കൈയില്‍ ടെസ്റ്റിനായുള്ള കുടലിന്‍റെ സാംപിള്‍ തന്നുവിട്ടു. അതില്‍ നിറയെ കുരുക്കള്‍ നിറഞ്ഞിരിക്കുന്നത് എനിക്കും കാണാമായിരുന്നു.

അനുജന്‍ മാരകമായ രോഗാവസ്ഥയിലാണ് എന്ന സത്യം എന്‍റെ ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചു. തുടര്‍ന്നുള്ള ഒരാഴ്ച ഞാന്‍ പരിശുദ്ധ കുര്‍ബാനയിലൂടെ യേശുവിനെ സമീപിക്കുകയായിരുന്നു. വിശുദ്ധ ബലിയില്‍ അവിടുന്ന് ഇന്നും ജീവിക്കുന്നു എന്ന് മനസ്സിലാക്കിയ ഞാന്‍ വിശ്വാസകണ്ണുകളില്‍ അപ്പവും വീഞ്ഞും യേശുവിന്‍റെ തിരുശരീരവും തിരുരക്തവുമായി മാറുന്നത് കണ്ടു. കാഴ്ചസമര്‍പ്പണസമയത്ത് പ്രത്യേകമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത് എന്‍റെ സഹോദരന്‍റെ ശരീരത്തിലെ അശുദ്ധരക്തം കളഞ്ഞ് അങ്ങയുടെ ശരീരരക്തങ്ങള്‍ അവനിലേക്ക് ഒഴുക്കണമേ, അവനെ സുഖപ്പെടുത്തണമേ, റിസല്‍ട്ട് വരുമ്പോള്‍ കാന്‍സറില്ലെന്നു പറയണമേ എന്നെല്ലാമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ മാമ്മോദീസ സ്വീകരിച്ച് കത്തോലിക്കാ സഭയില്‍ അംഗമാകുമെന്നും ഒരു വര്‍ഷം മുഴുവന്‍ യേശുവിനുവേണ്ടി സമര്‍പ്പിച്ച് ജീസസ് യൂത്ത് ഫുള്‍ടൈമറായി ജീവിക്കുമെന്നും ഞാന്‍ തീരുമാനിച്ചു. ഇപ്രകാരം പ്രാര്‍ത്ഥിച്ച സമയത്ത് യേശുവിന്‍റെ കൈയില്‍ അനുജന്‍റെ ഹൃദയം ഇരിക്കുന്നതായും അവിടുന്ന് അത് പിഴിഞ്ഞുകളയുന്നതായുമുള്ള ഒരു ദൃശ്യം കാണുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു.

പരിശുദ്ധ കുര്‍ബാനയില്‍ ചങ്കുപൊട്ടി ഞാന്‍ പ്രാര്‍ത്ഥിച്ചതും എന്‍റെ സമര്‍പ്പണവുമെല്ലാം ഇന്നും ജീവിക്കുന്ന യേശു സ്വീകരിക്കുകയായിരുന്നു. അനുജന് കാന്‍സറില്ല എന്ന ബയോപ്സി റിസല്‍ട്ടാണ് കിട്ടിയ ത്. തുടര്‍ന്നുള്ള ചെക്കപ്പുകളില്‍ കാന്‍സറിന്‍റെ ലക്ഷണങ്ങളൊന്നുംതന്നെ കണ്ടെത്താനായില്ല. പിന്നീട് അവന്‍റെ ശരീരം ആരോഗ്യവാനായ ഒരു വ്യക്തിയുടേതുപോലെ കാണപ്പെട്ടു. ശോഷിച്ചിരുന്ന അവസ്ഥ മാറി. ഈ സംഭവങ്ങളെ തുടര്‍ന്ന് ഞാന്‍ യേശുവിന് കൊടുത്ത വാക്ക് നിറവേറ്റി. 1997-ല്‍ ഒരു വര്‍ഷം ജീസസ് യൂത്ത് ഫുള്‍ടൈമറായി മഹാരാഷ്ട്രയില്‍ ശുശ്രൂഷ ചെയ്തു. അവിടുന്ന് കൃപ നല്കിയതിനാല്‍ 2004-ല്‍ മാമ്മോദീസ സ്വീകരിച്ചു. യേശു ഇന്നും ജീവിക്കുന്നു, എന്നില്‍ ജീവിക്കുന്നു എന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുകയും ഉറച്ചു പറയുകയും ചെയ്യുന്നു.

'

By: Baiju Savio

More
ജൂണ്‍ 05, 2020
Encounter ജൂണ്‍ 05, 2020

ബി.ടെക് പഠനസമയത്ത് ഞാനെന്‍റെ ബന്ധുവീട്ടില്‍നിന്നാണ് പഠിച്ചിരുന്നത്. അവിടെയുള്ള എന്‍റെ മുറി ഒരു ദിവസം വൃത്തിയാക്കുന്ന നേരത്ത് ഗാനമാലിക എന്ന് പേരുള്ള ഒരു കുഞ്ഞുപുസ്തകം ലഭിച്ചു. അതെടുത്തു ഞാന്‍ മറിച്ചുനോക്കി. 3 എന്നെഴുതിയ ഒരു പേജ് എത്തുമ്പോള്‍ എന്തോ ഒരു പ്രത്യേകത; അതിലെ അക്ഷരങ്ങള്‍ തിളങ്ങുന്നതായും പേജിന് വലിപ്പം വര്‍ധിച്ച് വരുന്നതായും പ്രകാശിക്കുന്നതായുമെല്ലാം എനിക്ക് അനുഭവപ്പെടുന്നതുപോലെ. ഞാന്‍ പുസ്തകം മടക്കി വീണ്ടും തുറന്ന് പേജുകള്‍ മറിച്ചു. അപ്പോഴും ആ പേജ് എത്തിയപ്പോള്‍ ഇതേ അനുഭവം. അതിലെ വരികള്‍ ഞാന്‍ വായിച്ചുനോക്കി.

‘പരിശുദ്ധാത്മാവേ, നീയെഴുന്നള്ളി
വരണമേ എന്‍റെ ഹൃദയത്തില്‍….’
അന്നെനിക്ക് പരിശുദ്ധാത്മാവ് ആരാണെന്നോ എന്താണെന്നോ ഒന്നും അറിയില്ലായിരുന്നു. ഞാന്‍ അംഗമായിരുന്ന അക്രൈസ്തവമതത്തിന്‍റെ ചിട്ടകളെല്ലാം കര്‍ക്കശമായി പാലിക്കുന്ന അംഗങ്ങളുള്ള ആ വീട്ടില്‍ എങ്ങനെയാണ് ആ പുസ്തകം വന്നത് എന്നും എനിക്കറിഞ്ഞുകൂടാ. എന്തായാലും ഈ വരികള്‍ വായിക്കവേ എനിക്ക് തലയിലൂടെ തിളച്ച വെള്ളം കോരിയൊഴിക്കുന്നതുപോലെയോ ഐസ് വയ്ക്കുന്നതുപോലെയോ എണ്ണ കോരിയൊഴിക്കുന്നതുപോലെയോ ശരീരത്തിലൂടെ വൈദ്യുതി കടന്നുപോകുന്നതുപോലെയോ ഒക്കെ വ്യത്യസ്ത അനുഭവങ്ങള്‍ ഉണ്ടായി. പിന്നെ ഞാന്‍ അത് ആവര്‍ത്തിച്ച് വായിക്കാന്‍ തുടങ്ങി. പഠിക്കുന്നതിനു മുമ്പ് വായിക്കും, കിടക്കുന്നതിനു മുമ്പ് വായിക്കും, അങ്ങനെ പലപ്പോഴും…. പരിശുദ്ധാത്മാവേ, നീയെഴുന്നള്ളി വരണമേ എന്‍റെ ഹൃദയത്തില്‍….

പിന്നീട് ഒന്നാം വര്‍ഷം പരീക്ഷയുടെ സമയമായി. എന്‍ജിനീയറിംഗ് മാത്സ് പരീക്ഷ വളരെ എളുപ്പമായിരുന്നു. പിന്നത്തേത് ഫിസിക്സ് പേപ്പറാണ്. അതെനിക്ക് വളരെ ബുദ്ധിമുട്ടായി തോന്നി. പഠിച്ചിരുന്നെങ്കിലും പഠിക്കാത്തതുപോലെയായിരുന്നു അനുഭവപ്പെട്ടത്. എന്നാല്‍ പരീക്ഷാ ഹാളില്‍ ആരോ പുറകില്‍നിന്ന് എനിക്ക് ഉത്തരങ്ങള്‍ വ്യക്തമായും ലളിതമായും പറഞ്ഞുതരുന്നതായി അനുഭവപ്പെട്ടു. പലപ്പോഴും അതാരാണെന്നറിയാന്‍ ഞാന്‍ തിരിഞ്ഞുനോക്കിയിട്ടുപോലുമുണ്ട്. പക്ഷേ അന്നെനിക്ക് അറിയില്ലായിരുന്നു അത് പരിശുദ്ധാത്മാവാണെന്ന്.

പിന്നെ എന്നെ ഞെട്ടിച്ച അനുഭവം റിസല്‍റ്റായിരുന്നു. എന്‍റെ അപ്പനും അമ്മയും ദാരിദ്ര്യത്തിനിടയില്‍ എന്നെ വളരെ കഷ്ടപ്പെട്ടാണ് പഠിപ്പിച്ചത്. പത്താം ക്ലാസില്‍ ഇംഗ്ലീഷിന് എനിക്ക് വളരെ മാര്‍ക്ക് കുറവായിരുന്നു. കേരളത്തിലെ മികച്ച ഒരു എന്‍ജിനീയറിംഗ് കോളേജില്‍ പ്രവേശനം ലഭിച്ചെങ്കിലും ഇംഗ്ലീഷില്‍ ക്ലാസെടുക്കുന്നത് പലപ്പോഴും മനസ്സിലാവില്ലായിരുന്നു. സംശയം ചോദിക്കാനും ഇംഗ്ലീഷ് അറിയണം. ചിലപ്പോള്‍ ആരും കാണാതെ കരഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള എന്നെ പരിശുദ്ധാത്മാവ് പരീക്ഷയെഴുതിച്ചപ്പോള്‍ എനിക്ക് 76 ശതമാനം മാര്‍ക്കാണ് ലഭിച്ചത്. അങ്ങനെ ബി.ടെക് പഠനം വിജയകരമായി പൂര്‍ത്തിയാക്കി. പിന്നീട് ജീവിതത്തില്‍ വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടന്നുപോയി.

2010-ല്‍ ഞാന്‍ മാമ്മോദീസായിലൂടെ കത്തോലിക്കാസഭയില്‍ അംഗമായി. പിന്നീടാണ് എം.ടെക് പഠിച്ചത്. ആ സമയത്ത് ഞാന്‍ ഹോസ്റ്റലിലായിരുന്നു താമസം. പഠിക്കുന്നതിനു മുമ്പ് ജ്ഞാനം ഒമ്പതാമധ്യായം വായിക്കുന്നത് ഒരു ശീലമായിരുന്നു. ഹോസ്റ്റലിലെ ചാപ്പലില്‍ സക്രാരിയുടെ മുന്നില്‍ പോയിരുന്നാണ് കൂടുതലും പഠിക്കാറ്. അഞ്ചു മണിക്കൂറോളം പഠിക്കേണ്ട കാര്യങ്ങള്‍ അര മണിക്കൂര്‍ കൊണ്ട് പഠിച്ചുതീരുന്നതായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ഒരിക്കല്‍ ഒരു കൂട്ടുകാരന്‍ സംശയം ചോദിച്ച് എന്‍റെയരികില്‍ വന്നു. അവനെയും കൂട്ടി ഞാന്‍ ചാപ്പലില്‍ പോയിരുന്ന് അത് പറഞ്ഞുകൊടുത്തു. അത് അവന് വളരെ നന്നായി മനസ്സിലായി. പരിശുദ്ധ കുര്‍ബാന ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശരീരവും രക്തവുമാണെന്ന് വിശ്വസിക്കാത്ത ഒരു അകത്തോലിക്കാ സഭാംഗമായിരുന്നു അവനെങ്കിലും പിന്നീട് പലപ്പോഴും എന്നോട് ചാപ്പലില്‍ പോയിരുന്ന് പഠിക്കാമെന്ന് പറയാറുണ്ട്.
എം.ടെക് പഠനകാലത്ത് പരീക്ഷകള്‍ ഒന്നുപോലും പരിശുദ്ധ കുര്‍ബാന സ്വീകരിക്കാതെ ഞാന്‍ എഴുതിയിട്ടില്ല. പരിശുദ്ധ കുര്‍ബാന നാവില്‍ വച്ചുകൊണ്ട് ‘ഞാനൊരു മണ്ടനാണ്, അങ്ങ് പറഞ്ഞുതരുന്നത് ഞാനെഴുതും’ എന്നൊക്കെ പറഞ്ഞ് പ്രാര്‍ത്ഥിക്കും. കൈപിടിച്ച് പരീക്ഷ എഴുതിപ്പിക്കുന്നതായും വേഗത ലഭിക്കുന്നതായുമൊക്കെ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. സമയത്ത് പരീക്ഷ എഴുതി പൂര്‍ത്തിയാക്കാന്‍ കഴിയാറുണ്ട്. ഇതുകൂടാതെ എം. ടെക് പഠനകാലത്ത് ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. പരീക്ഷയ്ക്ക് രണ്ടു മാസം മുമ്പുമുതലേ ഇറച്ചിയെല്ലാം കഴിക്കുന്നത് ഉപേക്ഷിക്കും. കാരണം അതെല്ലാം കഴിച്ചാല്‍ ദഹിച്ചുതീരുന്നതുവരെ ശരീരത്തിന് മന്ദത അനുഭവപ്പെടുന്നതിനാല്‍ പഠനം ബുദ്ധിമുട്ടാകും. കൂടാതെ പരീക്ഷയ്ക്ക് രണ്ടാഴ്ച മുമ്പ് നന്നായി ഒരുങ്ങി കുമ്പസാരിക്കും. അഹങ്കാരം മൂലം വന്ന പാപങ്ങളെക്കുറിച്ച് നന്നായി വിചിന്തനം ചെയ്താണ് കുമ്പസാരം നടത്താറ്. അഹങ്കാരമുള്ളിടത്ത് പരിശുദ്ധാത്മാവിന് വസിക്കാനാവുകയില്ലല്ലോ.

പരീക്ഷയുടെ തലേന്ന് നന്നായി ഉറങ്ങും. പരീക്ഷാദിവസം രാവിലെ ജപമാല ചൊല്ലി ദിവ്യബലിക്ക് പോകും. ബലിയര്‍പ്പിച്ച വൈദികന്‍റെയടുത്ത് മുട്ടുകുത്തി കൈവയ്പുപ്രാര്‍ത്ഥന സ്വീകരിക്കും. തുടര്‍ന്ന് ഫോണിലൂടെ എന്‍റെ മാതാപിതാക്കളുടെ പ്രാര്‍ത്ഥനയും സ്വീകരിക്കും. അവര്‍ ജപമാല ചൊല്ലി എനിക്കായി പ്രാര്‍ത്ഥിക്കും. ഇത്തരത്തില്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ എം.ടെക് റാങ്കോടുകൂടിയാണ് വിജയിച്ചത്.

വൈകാതെതന്നെ പ്രശസ്തമായ ഐ.ടി കമ്പനിയില്‍ മാനേജരായി ജോലി ലഭിച്ചു. നാളുകള്‍ കഴിഞ്ഞ് ജോലിക്കൊപ്പം ആത്മീയശുശ്രൂഷകളും ചെയ്യാനാവുന്ന വിധത്തില്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിച്ചു. ഇന്നും അനേക കാര്യങ്ങള്‍ അനുദിനജീവിതത്തില്‍ പരിശുദ്ധാത്മാവ് എന്നെ പഠിപ്പിച്ചുതരുന്നു, നയിക്കുന്നു, സഹായിക്കുന്നു. ഗാനമാലികയിലെ മൂന്നാമത്തെ പാട്ട് എന്‍റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം ഇന്നും എന്‍റെ ഓര്‍മ്മകള്‍ക്ക് നിറം പകരുന്നുണ്ട്.

'

By: ജോര്‍ജ് ജോസഫ്

More
ജൂണ്‍ 05, 2020
Encounter ജൂണ്‍ 05, 2020

2014-ല്‍ ഉക്രെയിനിലുണ്ടായ റഷ്യന്‍ അധിനിവേശത്തില്‍ 6000-ത്തിലധികംപേര്‍ വധിക്കപ്പെടുകുയും ഒരു മില്യണിലധികംപേര്‍ പലായനം ചെയ്യുകയുമുണ്ടായി. ജനങ്ങള്‍ അനാഥരും നിസഹായരും ഭയവിഹലരുമായിത്തീര്‍ന്ന കഠിന യാതനയുടെ നാളുകള്‍. ഈ സാഹചര്യത്തില്‍ ഒഡെസ സിംഫെറോപ്പോള്‍ രൂപതയുടെ ബിഷപ് ജയ്സെക് പൈല്‍ ഇങ്ങനെ പ്രഖ്യാപിച്ചു: ‘ഞാന്‍ പ്രാര്‍ത്ഥനയുടെ ശക്തിയില്‍ വിശ്വസിക്കുന്നു. അതിനാല്‍ ക്രിമിയയില്‍ ധ്യാനാത്മക (contemplative) സന്യാസ സമൂഹം ആരംഭിക്കാന്‍ പോകുന്നു.” പിന്നീട് ആ സന്യാസ സമൂഹത്തിന്‍റെ പ്രാര്‍ത്ഥനയുടെ ഫലവും അദ്ദേഹം സാക്ഷ്യപ്പെടുത്തി: ‘ഇന്ന് ഉക്രെയ്ന്‍റെ മറ്റുഭാഗങ്ങളില്‍ അസ്വസ്ഥതയും അശാന്തിയും പെരുകുമ്പോള്‍ ക്രിമിയ തികച്ചും ശാന്തമാണ്.’

ഫ്രാന്‍സിസ് പാപ്പാ പറയുന്നു: “മിണ്ടാമഠങ്ങളില്‍ പ്രാര്‍ത്ഥനാനിരതരായിരിക്കുന്ന പ്രിയ സിസ്റ്റേഴ്സ്, നിങ്ങളില്ലെങ്കില്‍ തിരുസഭയുടെ അവസ്ഥ എന്തായിത്തീരും? ലോകത്തെ ദൈവത്തിലേക്ക് നയിക്കുന്ന ജീവിക്കുന്ന സുവിശേഷങ്ങളാണ് നിങ്ങള്‍. തിരുസഭയ്ക്ക് നിങ്ങള്‍ അത്യാവശ്യമാണ്.”ലോകത്തെ ഇളക്കിമറിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ മിണ്ടാമഠങ്ങളിലുള്ളവര്‍ എന്നാണ് ഫാ.വില്യം ജോണ്‍സറ്റണ്‍ എസ്.ജെ.യുടെ അഭിപ്രായം. അവരുടെ സാന്നിധ്യം സാത്താന്യ ശക്തികളെ നിര്‍വീര്യമാക്കാന്‍ ശക്തമാണ്. ദൈവസന്നിധിയിലുള്ള അവരുടെ സ്വാധീനം ദൈവകൃപകള്‍ മനുഷ്യരിലെത്തിക്കുകയും സഭയിലും സമൂഹത്തിലും ശാന്തതയും ദൈവസാന്നിധ്യവും പകരുകയും ചെയ്യുന്നുവെന്നത് പല മെത്രാന്മാരുടെയും അനുഭവമാണ്.

ഫോണിക്സ് ബിഷപ് ഓംസ്റ്റെഡിന്‍റെ വാക്കുകള്‍: ‘ഒരു ധ്യാനാത്മക സന്യാസസമൂഹമെങ്കിലും ഇല്ലാത്ത രൂപത, മറ്റെന്തെല്ലാം ഉണ്ടായാലും പ്രാര്‍ത്ഥനയില്‍ ദരിദ്രമായിരിക്കും.’ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ തിരുസഭ പാഷണ്ഡതകളാലും സാമ്രാജ്യശക്തികളാലും ആക്രമിക്കപ്പെട്ടപ്പോള്‍ തകരാതെ ഉയര്‍ത്തിനിര്‍ത്തിയത് സന്യാസാശ്രമങ്ങളില്‍ നിന്നുയര്‍ന്ന പരിത്യാഗപ്രാര്‍ത്ഥനകളും ദിവ്യകാരുണ്യ ആരാധനകളുമായിരുന്നു.

20 വര്‍ഷം ധ്യാനാത്മക സന്യാസജീവിതം നയിച്ച സ്വീഡനിലെ കര്‍ദിനാള്‍ ആന്‍ഡേഴ്സ് അബ്രേലിയസ് സ്മരിക്കുന്നു: ‘ഇവര്‍ മറ്റുള്ളവരില്‍നിന്നും മറഞ്ഞിരിക്കുന്നെങ്കിലും ലോകത്തിലെ ഏറ്റവും ശക്തമായ ആയുധ ശേഖരം സ്വന്തമായുള്ളവരാണ്; അവ ഏറ്റം മികച്ചരീതിയില്‍ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചവരും. അതിനാല്‍ ആര്‍ക്കും ഇവരെ ആക്രമിച്ച് തോല്പിക്കാനോ നശിപ്പിക്കാനോ സാധിക്കില്ല. ആ ആയുധങ്ങളാകട്ടെ, പ്രാര്‍ത്ഥനയും പരിത്യാഗവുമാണ്.’

പ്രാര്‍ത്ഥിക്കാത്തവര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ പറ്റാത്തവര്‍ക്കും പകരമായി ഇവര്‍ പ്രാര്‍ത്ഥിക്കുന്നു, ആരാധിക്കുന്നു, കൃതജ്ഞതയര്‍പ്പിക്കുന്നു. അനുതപിക്കാത്തവര്‍ക്കുവേണ്ടി ഇവര്‍ അനുതപിക്കുകയും ദൈവത്തോട് മാപ്പപേക്ഷിക്കുകയും ലോകത്തിന്‍റെ പാപങ്ങള്‍ക്ക് ദൈവപുത്രനായ യേശുവിന്‍റെ പീഡകള്‍ സ്വശരീരത്തില്‍ ഏറ്റുവാങ്ങി പരിഹാരമനുഷ്ഠിച്ച് കരുണ യാചിക്കുകയും ചെയ്യുന്നു. ദൈവത്തെ സ്നേഹിക്കാന്‍ സാധിക്കാത്തവര്‍ക്കു പകരം ഇവര്‍ ദൈവത്തെ സ്നേഹിക്കുന്നു.

അതുകൊണ്ടാണ് “ആവൃതിക്കുള്ളില്‍ മറഞ്ഞിരുന്ന് പ്രാര്‍ത്ഥിക്കുന്ന സന്യസ്തര്‍ ഭൂമിയിലെ ക്രിസ്തുവിന്‍റെ മറഞ്ഞിരിക്കുന്ന സാന്നിധ്യങ്ങളാണ്, തിരുസഭയുടെ അമൂല്യ നിധികളാണ്” എന്ന് വിശുദ്ധ ജോണ്‍ പോള്‍ പാപ്പാ പ്രഖ്യാപിച്ചത്.

കൊല്ലം ജില്ലയിലെ ഡൊമിനിക്കന്‍ മിണ്ടാമഠത്തിലെ സിസ്റ്റേഴ്സുമായി പ്രത്യേക അനുവാദത്തോടെ സംസാരിച്ചപ്പോള്‍, ധ്യാനാത്മക സന്യാസത്തിലൂടെ ബാഹ്യവും ആന്തരികവുമായ നിശബ്ദത ലഭ്യമായതില്‍ സ്വയം നോക്കി അത്ഭുതപ്പെടുന്ന ഏതാനും യുവ സന്യാസിനികളെയാണ് പരിചയപ്പെടാന്‍ കഴിഞ്ഞത്. അവര്‍ വീട്ടിലെ ഇളയവരും എല്ലാവരുടെയും വാത്സല്യം ഏറ്റുവാങ്ങി, ബഹളംവച്ചു നടന്നവരുമായതിനാല്‍ നിശബ്ദരായിരിക്കുക അചിന്തനീയമായിരുന്നത്രെ. ഇനി ബാഹ്യമായി നിശബ്ദരായാലും പലവിധ ചിന്തകള്‍ ഉള്ളില്‍ ഓടിക്കളിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഇന്ന് ക്രിസ്തുവിനോടുകൂടെ അവര്‍ അതിനെ കീഴടക്കിയിരിക്കുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ പലവിചാരം എന്ന പ്രശ്നം ഇവര്‍ക്കില്ല. ഏതു പ്രവൃത്തിചെയ്യുമ്പോഴും ആരോടു സംസാരിക്കുമ്പോഴും അവര്‍ക്ക് ഒരു വിചാരമേ ഉള്ളൂ-ദൈവവിചാരം. കാരണം അവര്‍ എപ്പോഴും ദൈവത്തോടൊപ്പമാണ്. അവരുടെ ഹൃദയം സ്പന്ദിക്കുന്നത് ഈശോയുടെ തിരുഹൃദയത്തിനുള്ളിലാണ്. ഇത് ഒരു ഭാവനയല്ല-അനുഭവമാണവര്‍ക്ക്. ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നത് അവര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നു.

ലോകത്തില്‍നിന്ന് സ്വയം വിടുവിച്ച് ദൈവത്തോടൊപ്പം സദാ ആയിരിക്കാന്‍ അവിടുന്ന് നമ്മെ ക്ഷണിക്കുന്നുണ്ട്. “ഞാന്‍ അവളെ വശീകരിച്ച് വിജനപ്രദേശത്തേക്ക് കൊണ്ടുവരും. അവളോടു ഞാന്‍ ഹൃദ്യമായി സംസാരിക്കും” എന്ന ഹോസിയ 2:14-ലെ ക്ഷണംതന്നെയാണ് അത്. ഈശോയില്‍ ലയിച്ച്, ആ സ്നേഹത്തില്‍ ആയിരിക്കുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും ചെയ്യുന്നതാണ് ധ്യാനാത്മക പ്രാര്‍ത്ഥന. അവിടെ വാക്കുകളില്ല, ഭാവനയോ ആശയങ്ങളോ ഇല്ല; ദൈവത്തിന്‍റെ ഹൃദ്യമായ സാന്നിധ്യം മാത്രം. സങ്കീര്‍ത്തകന്‍ ആ സ്നേഹമാധുര്യം ആസ്വദിക്കാന്‍ മാത്രമേ ആഗ്രഹിച്ചുള്ളൂ: ‘ഒരു കാര്യംമാത്രം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു; കര്‍ത്താവിന്‍റെ മാധുര്യം ആസ്വദിക്കാനും അവിടുത്തെ ഹിതം ആരായാനുംവേണ്ടി ജീവിതകാലംമുഴുവന്‍ അവിടുത്തെ ആലയത്തില്‍ വസിക്കാന്‍തന്നെ'(27:4). ഈ മാധുര്യം ആസ്വദിക്കുന്നതിനുവേണ്ടിയാണ് മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും സ്നേഹവും അടുപ്പവും വേണ്ടെന്നുവച്ച്, എതിര്‍പ്പുകളും പ്രതിബന്ധങ്ങളും തരണംചെയ്ത് അനേകര്‍ മിണ്ടാമഠങ്ങള്‍ക്കുള്ളില്‍ സ്വയം ഒളിപ്പിക്കുന്നത്. ‘എല്ലാം ഉപേക്ഷിച്ച് ദൈവത്തോടു ചേരുന്നതിന്‍റെ ആനന്ദം നിങ്ങള്‍ക്ക് ഒരിക്കലും മനസിലാകില്ല’ എന്നാണ് അവര്‍ നമ്മോടു പറയുന്നത്.

ലോകവുമായി ബന്ധമില്ലെങ്കിലും മനുഷ്യരുടെ വേദനകള്‍ മനസിലാക്കുകയും അവരെ ഏറ്റവുമധികം സഹായിക്കുകയും ചെയ്യുന്നവരാണ് ഇവര്‍. എങ്ങനെയെന്നല്ലേ? ഇവരില്‍ ഏറെപ്പേരും ആഴമായ ആദ്ധ്യാത്മിക ജീവിതം നയിക്കുന്നവരും മിസ്റ്റിക്കുകളുമാണ്. മറ്റേതൊരു സമൂഹത്തിലുമെന്നതിനെക്കാള്‍ പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങള്‍ ഇവരില്‍ സമൃദ്ധമായുണ്ട്. ലോകത്തിന്‍റെ, തിരുസഭയുടെ, മറ്റു മനുഷ്യരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും പരിശുദ്ധാത്മാവുത
ന്നെ അവര്‍ക്ക് വെളിപ്പെടുത്തുകയും അവര്‍ ദൈവാരൂപിയുടെ നിര്‍ദേശാനുസൃതം മധ്യസ്ഥപ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നു. പ്രളയവും നിപ്പയുംപോലുള്ള ദുരന്തങ്ങളിലും തിരുസഭയ്ക്കെതിരെ തിന്മ ആക്രമണങ്ങള്‍അഴിച്ചുവിട്ടപ്പോഴും ഇവര്‍ രാവും പകലും ഒരുപോലെ ദിവ്യകാരുണ്യ ഈശോയുടെ മുമ്പില്‍ നിലവിളിച്ചു. ഭക്ഷണവും ഉറക്കവും വിശ്രമവും അവര്‍ മറക്കുന്നു.

പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങള്‍ മാത്രമല്ല, ഫലങ്ങളും ഇവിടെ സമൃദ്ധമാണ്. എല്ലാവരുടെയും വ്യക്തിത്വങ്ങളില്‍ കുറവുകള്‍ ഉണ്ടല്ലോ. ആ കുറവുകള്‍ സമൂഹജീവിതത്തെയാണ് ഏറ്റവുമധികം ബാധിക്കുക. എന്നാല്‍ ധ്യാനാത്മക സമൂഹങ്ങള്‍ അത്തരം കുറവുകള്‍ അനുഗ്രഹങ്ങളാക്കി മാറ്റുന്നു. ഉദാഹരണത്തിന് ഒരു വ്യക്തി ക്ഷിപ്രകോപിയെങ്കില്‍ അതുമൂലം മറ്റുള്ളവര്‍ക്കുണ്ടാകുന്ന ക്ലേശങ്ങള്‍ അവര്‍ തങ്ങളുടെ വിശുദ്ധീകരണത്തിനായി ദൈവകരങ്ങളില്‍നിന്ന് സ്വീകരിക്കും. അതോടൊപ്പംതന്നെ ആ വ്യക്തിയുടെ കുറവ് പരിഹരിക്കപ്പെടുന്നതുവരെ സമൂഹമൊന്നാകെ ത്യാഗപൂര്‍വം പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഇപ്രകാരം എല്ലാവര്‍ക്കുമായി എല്ലാവരും പ്രാര്‍ത്ഥിക്കുന്നതിനാല്‍ ക്രമേണ സമൂഹാംഗങ്ങളെല്ലാവരും പരിശുദ്ധാത്മാവിന്‍റെ ഫലങ്ങളാല്‍ നിറയുന്നു.

പ്രാര്‍ത്ഥനപ്പെട്ടി

ജനങ്ങള്‍ക്ക് പ്രാര്‍ത്ഥനാപേക്ഷകള്‍ നിക്ഷേപിക്കുന്നതിന് എല്ലാ കോണ്‍വെന്‍റുകളിലും മധ്യസ്ഥപ്രാര്‍ത്ഥനാ ബോക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രഹസ്യാത്മകത നഷ്ടമാകാതെ അവര്‍ നിയോഗങ്ങള്‍ ദൈവസന്നിധിയില്‍ ഉയര്‍ത്തുന്നു. ഇപ്രകാരം ദൈവാനുഗ്രഹം ലഭിച്ച നിരവധി സാക്ഷ്യങ്ങളും ഈ പ്രാര്‍ത്ഥനപ്പെട്ടിയില്‍നിന്നും ലഭിക്കുന്നുണ്ട്.

വ്രതങ്ങളുടെ ശക്തി

തിന്മമൂലം ലോകത്തെ നശിപ്പിക്കാന്‍ ദൈവദൂതന്‍ പുറപ്പെടുന്നതും എന്നാല്‍ സമര്‍പ്പിതരുടെ വ്രതനവീകരണം സമര്‍പ്പിക്കപ്പെട്ടപ്പോള്‍ ഭൂമിക്കുമേല്‍ ദൈവം കരുണകാണിക്കുന്നതും വിശുദ്ധ ഫൗസ്റ്റീനക്ക് ഈശോ നല്‍കിയ വെളിപ്പെടുത്തലില്‍ കാണാം. ദൈവനീതിയെ കരുണയായി അലിയിക്കാന്‍ സമര്‍പ്പിതരുടെ വ്രതനവീകരണത്തിനുപോലും ശക്തിയുണ്ട് എന്നല്ലേ ഈ സംഭവം വ്യക്തമാക്കുന്നത്.

സമര്‍പ്പിത ദൈവവിളികള്‍ കുറയുന്നുവെന്ന് ഇക്കാലത്ത് ആക്ഷേപമുയരുമ്പോഴും യൂറോപ്യന്‍ രാജ്യങ്ങളില്‍ ധ്യാനാത്മക സന്യാസിനിമാരുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2017-ലെ കണക്കനുസരിച്ച് ഇംഗ്ലണ്ടിലെ ഒരു മിണ്ടാമഠത്തില്‍ മാത്രം വ്രതംചെയ്തത് 40 പേരാണ്.

ലോകസുഖങ്ങളുടെയും തിന്മയുടെയും വശീകരണത്തില്‍പെട്ട് ദൈവമക്കള്‍ നാശത്തിലേക്ക് കുതിക്കുമ്പോള്‍ സുവിശേഷപ്രഘോഷണവും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി സമര്‍പ്പിതരും അത്മായരുമെല്ലാം ഓടിനടക്കുമ്പോള്‍ ഒന്നും ചെയ്യാതെ പ്രാര്‍ത്ഥിച്ചിരുന്നിട്ട് എന്തുകാര്യം എന്ന ചോദ്യം ഉയരുന്നുണ്ട്. ഈശോ വിശുദ്ധ ഫൗസ്റ്റീനയോടു പറഞ്ഞു: വചനപ്രഘോഷണവും അത്ഭുതപ്രവര്‍ത്തനവും വഴി വളരെയധികം ആത്മാക്കള്‍ രക്ഷപ്രാപിക്കുന്നു. എന്നാല്‍ അവയെക്കാള്‍-അഥവാ ഏറ്റവും അധികം ആത്മാക്കള്‍ രക്ഷപ്രാപിക്കുന്നത് സ്നേഹത്തോടെ പരിഹാരമനുഷ്ഠിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയിലൂടെയാണ്. ഇവ മൂന്നും ശ്രേഷ്ഠമാണ്, അത്യാവശ്യവുമാണ്. എന്നാല്‍ മൂന്നാമത്തേതാണ് കൂടുതല്‍ ഫലദായകമെന്നുമാത്രം. അതിന് മറ്റൊരു കാരണംവിശുദ്ധ ജോണ്‍ പോള്‍ പാപ്പാ പറയുന്നു: ധ്യാനാത്മക സന്യാസിനികള്‍ ക്രിസ്തുവിന്‍റെ ഹൃദയമാണ്. ഹൃദയമില്ലെങ്കില്‍… അത് നിശ്ചലമായാല്‍…. പ്രവര്‍ത്തനം കുറഞ്ഞാല്‍… രോഗഗ്രസ്ഥമെങ്കില്‍….

ക്രിസ്തുവിന്‍റെ ഹൃദയമാകാന്‍ അവിടുത്തെ ഹൃദയത്തില്‍ സ്വയം മറയുന്ന ഇവര്‍ നമുക്കൊരു വെല്ലുവിളിയല്ലേ?

'

By: Alberto

More
ജൂണ്‍ 04, 2020
Encounter ജൂണ്‍ 04, 2020

ഉച്ചഭക്ഷണത്തിന്‍റെ ഇടവേളയിലാണത് സംഭവിച്ചത്. ജോലി ചെയ്യുന്ന വിദ്യാലയത്തിലെ സ്റ്റാഫ് റൂമിലേക്ക് ഒരു പെണ്‍കുട്ടി കടന്നു വന്നു, ഒന്ന് സംസാരിക്കണമെ
ന്നാവശ്യപ്പെട്ടു. പുറത്തേക്കിറങ്ങിച്ചെന്ന എന്നോട് വളരെ നിഷ്കളങ്കമായി ഒരു ആവശ്യം അവള്‍ ഉന്നയിച്ചു ‘എനിക്കൊന്ന് കുമ്പസാരിക്കണം സര്‍, ഇപ്പോള്‍
ഫ്രീ ആണോ?’ ഉള്ളില്‍ ചിരി വിടരേണ്ട ഒരു സന്ദര്‍ഭമാണ്, പക്ഷേ ചിരിച്ചില്ല. കാരണം, ആവശ്യപ്പെട്ടയാള്‍ പന്ത്രണ്ടാം ക്ലാസുകാരിയും ഒരു അക്രെെസ്തവ
കുടുംബാംഗവും സാമാന്യം നന്നായി പഠിക്കുന്ന ഒരു മിടുക്കിയുമാണ്.

ആയിടെ നടന്ന പന്ത്രണ്ടാം ക്ലാസുകാരുടെ ധ്യാനത്തില്‍ നന്നായി കുമ്പസാരിച്ച കൂട്ടുകാരുടെ അനുഭവങ്ങളും സന്തോഷവുമൊക്കെയാണ് തനിക്കും ഒന്ന് കു
മ്പസാരിക്കണമെന്ന പ്രചോദനത്തിനു അവള്‍ക്കു കാരണമായത്. മാമോദീസ സ്വീകരിച്ച ഒരു ക്രെെസ്തവ വിശ്വാസി സ്വീകരിക്കുന്ന കൂദാശയാണ് കുമ്പസാര
മെന്നും അത് പരികര്‍മ്മം ചെയ്യുന്നത് പുരോഹിതനാണെന്നുമൊക്കെ ഒരു വിധം പറഞ്ഞു മനസ്സിലാക്കി. എന്നാല്‍ ചിലത് പങ്കുവക്കാനുണ്ടെന്നും അത് കേള്‍ക്കാന്‍ മനസ്സുണ്ടാകണമെന്നും അവള്‍ ശാഠ്യം പിടിച്ചു.

എല്ലാം പൊറുക്കുന്ന എന്‍റെ കുമ്പസാരക്കൂടിന്!

സങ്കീര്‍ത്തകന്‍ മനുഷ്യന്‍റെ ഏറ്റവും വലിയ സൗഭാഗ്യമായി കണക്കാക്കുന്നത് എന്താണെന്നറിയാന്‍ മുപ്പത്തിരണ്ടാം സങ്കീര്‍ത്തനം വായിച്ചാല്‍ മതിയാകും. ‘അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍. കര്‍ത്താവു കുറ്റം ചുമത്താത്തവനുംഹൃദയത്തില്‍ വഞ്ചനയില്ലാത്തവനും ഭാഗ്യവാന്‍.’ (സങ്കീര്‍ത്തനങ്ങള്‍ 32 : 12)

19-ാം നൂറ്റാണ്ടിലെ ഇംഗ്ലണ്ട് കണ്ട ശ്രദ്ധേയമായ വ്യക്തിത്വമാണ് ജോണ്‍ ഹെന്‍ട്രി ന്യൂമാന്‍. പണ്ഡിതനും എഴുത്തുകാരനുമെന്ന നിലയില്‍ അതിപ്രശസ്തന്‍. ആംഗ്ലിക്കന്‍ സഭയിലെ പ്രമുഖവൈദികനായിരുന്ന അദ്ദേഹം 4000 പവനിലധികം ശമ്പളം കൈപ്പറ്റിയിരുന്നു. ഏവരേയും ഞെട്ടിച്ചുകൊണ്ട് 1845-ല്‍ അദ്ദേഹം വിശുദ്ധ കത്തോലിക്കാ സഭയുടെ ഭാഗമായി മാറിയപ്പോള്‍ അത്ഭുതത്തോടെ സമൂഹം ചോദിച്ചു എന്തിനാണ് ഈ മാറ്റമെന്ന്? അദ്ദേഹത്തിന്‍റെ മറുപടി ഇതായിരുന്നത്രേ, ‘അമ്മയില്ലാത്ത ഒരു സഭയില്‍നിന്ന് അമ്മയുള്ള ഒരു സഭയിലേക്ക് ഞാന്‍ പോകുന്നു (പരിശുദ്ധ അമ്മ) ഒപ്പം കത്തോലിക്കാസഭയുടെ കുമ്പസാരക്കൂട്ടില്‍ എന്‍റെ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍ ഞാനനുഭവിക്കുന്ന ഈ ആശ്വാസം ഭൂമിയില്‍ മറ്റൊരിടത്തും എനിക്കു ലഭിക്കുന്നുമില്ല.’ പില്ക്കാലത്ത് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹം ഇന്ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലാണ്.

യേശുവിന്‍റെ പ്രിയശിഷ്യന്‍ യോഹന്നാന്‍ എഴുതുന്നു, ‘നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും. എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. (1 യോഹന്നാന്‍ 1: 89)

ഒരുപാട് ധ്യാനമാവശ്യപ്പെടുന്ന ഒരു കൂദാശ അതിപരിചയം കൊണ്ടും ഒരുക്കം ഇല്ലാതെ സമീപിക്കുന്നതു കൊണ്ടുമാണ് ഇന്ന് പലര്‍ക്കും അതൊരു അനുഭവം ആകാതെ പോകുന്നത്. ഒരാള്‍ തന്‍റെ ജീവിതത്തിലെ എല്ലാ വീഴ്ചകളും മറകൂടാതെ തുറന്നു വച്ചിട്ടും, ഭൂമിയിലെ ഒരിടം മാത്രം അയാളെ വിധിക്കുന്നില്ല, മുന്‍വിധിയോടെ പിന്നീട് നോക്കുന്നില്ല. സൗമ്യമായ ശാന്തതയോടെ സമാശ്വസിപ്പിച്ച്, പുതിയ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ബലപ്പെടുത്തുന്നു. ഇതിനെ കണ്ണടച്ച് എതിര്‍ക്കുന്നവര്‍ അറിയുന്നുണ്ടോ ലോകമെങ്ങും ഓരോ ദിനവും കരുണയുടെ കുമ്പസാരക്കൂടുകള്‍ക്കുള്ളില്‍ സംഭവിക്കുന്ന ദിവ്യാത്ഭുതങ്ങ
ളെക്കുറിച്ച്. മലയാള സാഹിത്യത്തിലെ സൂര്യതേജസ്സായിരുന്ന ഖസാക്കിന്‍റെ ഇതിഹാസകാരന്‍ ഒരു കുമ്പസാരക്കൂടിനെ അകലെനിന്ന് ധ്യാനിച്ചിട്ട് ഇങ്ങിനെ കോറിയിട്ടു, ‘ദൈവവും മനുഷ്യനും പരസ്പരം കണ്ടുമുട്ടി സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വയ്ക്കുന്ന ഇടമാണ് കുമ്പസാരക്കൂട്.’

മനോഹരങ്ങളായ ഒരുപാട് ക്രെെസ്തവ ഗ്രന്ഥങ്ങളുടെ രചയിതാവ് തന്‍റെ പ്രശസ്തമായ പുസ്തകം സമര്‍പ്പിക്കുന്നതിങ്ങനെയാണ്, എല്ലാം പൊറുക്കുന്ന, എല്ലാം അറിയുന്ന, ഒരു മാത്ര പോലും ലജ്ജിക്കാനനുവദിക്കാത്ത, എന്‍റെ കുമ്പസാരക്കൂടിന്. ഒരിക്കലെങ്കിലും ഒരു കുമ്പസാരക്കൂടിന്‍റെ കരുണയില്‍ നനഞ്ഞിറങ്ങിയിട്ട് മുട്ടുകുത്തി നില്‍ക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകണം, സ്വര്‍ഗ്ഗത്തില്‍ എന്നെയോര്‍ത്ത് ആനന്ദിക്കുന്ന മാലാഖമാരോടും വിശുദ്ധരോടുമൊപ്പം.(ലൂക്കാ 15:7)

മാനസാന്തരത്തിന്‍റെ കൂദാശ

സഭയുടെ മതബോധന ഗ്രന്ഥം കുമ്പസാരത്തെ നോക്കി കാണുന്നത് ഒന്നാമതായി മാനസാന്തരത്തിന്‍റെ കൂദാശ എന്ന നിലയിലാണ്. ‘പാപത്തില്‍ നാം മൃതരാണ്. അല്ലെങ്കില്‍ മുറിവേറ്റവരെങ്കിലുമാണ്. അതു കൊണ്ട് സ്നേഹമാകുന്ന ദാനത്തിന്‍റെ പ്രഥമഫലം’ നമ്മുടെ പാപങ്ങളുടെ മോചനമാണ്. സഭയില്‍ പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ട് പാപത്തിലൂടെ നഷ്ടമായ ദൈവിക സാദൃശ്യത്തെ മാമോദീസ സ്വീകരിച്ചവര്‍ക്കു തിരികെ നല്‍കുന്നു.’ (സിസിസി 734)

യോഹന്നാന്‍ 20: 21-23-ല്‍ ശിഷ്യരുടെ മേല്‍ പരിശുദ്ധാത്മാവിനെ നിശ്വസിച്ചിട്ട് പാപത്താല്‍ മുറിവേറ്റവരുടെ വിമോചന ദൗത്യം യേശു കൈമാറുന്നത് നമുക്ക് വായിക്കാനാകും. കുമ്പസാരക്കൂടിന്‍റെ പുണ്യവാനെന്ന് വിളിക്കപ്പെടുന്ന വിശുദ്ധ ജോണ്‍ മരിയ വിയാനി തണുപ്പു കാലത്ത് 12 മണിക്കൂറും മറ്റു സമയങ്ങളില്‍ 18 മണിക്കൂറും കുമ്പസാരക്കൂട്ടില്‍ ചെലവഴിച്ചു പോന്നുവെന്നാണ് ചരിത്രം. 20 വര്‍ഷത്തിനിടയ്ക്ക് 20 ലക്ഷം പേര്‍ അദ്ദേഹത്തെ സമീപിച്ച് ഉപദേശം സ്വീകരിച്ചിട്ടുണ്ട് എന്നാണ് കണക്ക്. മെത്രാന്മാരും വൈദികരുമെല്ലാം കുമ്പസാര നിരയില്‍ കാത്തു നിന്നിരുന്നു. ഒരിക്കല്‍ വിയാനി പുണ്യവാന്‍റെ കട്ടിലിന് തീയിട്ടിട്ട് സാത്താന്‍ പുലമ്പിയത്രേ ‘ഇയാളെപ്പോലെ രണ്ടു മൂന്നുപേര്‍ ഫ്രാന്‍സില്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്കവിടെ കാലു കുത്താനാവില്ലായിരുന്നുവെന്ന്.’ഒരു കുമ്പസാരക്കൂടും അതിലിരിക്കുന്ന വിശുദ്ധനായ പുരോഹിതനും സാത്താനെ എത്ര മാത്രം ഭയചകിതനാക്കുന്നുവെന്ന് ഇതില്‍നിന്നുതന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ. മാനസാന്തരത്തിന്‍റെ ഈ കൂദാശക്കെതിരായ അട്ടഹാസങ്ങള്‍ ഇതിനോടൊക്കെ ചേര്‍ത്തു വേണം വായിക്കാന്‍.

കുമ്പസാരിക്കാന്‍ പാപം ഇല്ലാതാകുന്ന അതിപരിശുദ്ധരുടെ എണ്ണം സഭയില്‍ വര്‍ദ്ധിക്കുമ്പോള്‍ ഓര്‍ക്കണം, ദാരുണമായ വിവാഹമോചനങ്ങളും ഗര്‍ഭച്ഛിദ്രങ്ങളും ആത്മഹത്യകളും ക്രെെസ്തവരുടെ ഇടയില്‍ അതിഭീകരമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ തപസ്സു കാലത്ത് യഥാര്‍ത്ഥ അനുതാപത്തോടെ നമ്മുടെ പാപങ്ങള്‍ ഒരു കുമ്പസാരക്കൂട്ടില്‍ ഏറ്റുപറയുമെങ്കില്‍ അവിടുന്ന് കരുണയും കൃപാവരവും തന്ന് നമ്മെ ഉയിര്‍പ്പിന്‍റെ ആനന്ദത്തിലേക്ക് നടത്തും തീര്‍ച്ച. കാരണം പിശാചിന്‍റെ പ്രവൃത്തികളെ തകര്‍ക്കാന്‍ ഒരാളേ ഈ ഭൂമിയിലേക്ക് വന്നിട്ടുള്ളൂ, കര്‍ത്താവായ യേശുക്രിസ്തു.

'

By: Sasi Emmanuel

More