• Latest articles
ജനു 08, 2025
Encounter ജനു 08, 2025

പി.എച്ച്ഡി പഠനം പൂര്‍ത്തിയാക്കാനുള്ള തയാറെടുപ്പുകള്‍, കഴിവ് തെളിയിക്കാന്‍ തക്ക മ്യൂസിക് കണ്‍സേര്‍ട്ടുകള്‍, നല്ലൊരു യുവാവുമായുള്ള സ്‌നേഹബന്ധം… ഇതെല്ലാം മനസില്‍ നിറഞ്ഞുനില്‍ക്കേ വലിയ ലക്ഷ്യങ്ങളായിരുന്നു മുന്നില്‍. കരിയറില്‍ ഉയരങ്ങളിലെത്തി നല്ലൊരു ഭാവിജീവിതം കെട്ടിപ്പടുക്കണം. വിവാഹം ചെയ്ത് നല്ലൊരു കുടുംബജീവിതം നയിക്കണം… അങ്ങനെയങ്ങനെ… ഇതെല്ലാം ചിന്തിച്ച് മുന്നോട്ടുപോയിക്കൊണ്ടിരുന്ന സമയമായിരുന്നു 2018.
പഠനത്തിനായി യു.എസിലെ ക്യാംപസിലായിരിക്കുമ്പോള്‍ അനുദിനം വിശുദ്ധബലിക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും അവസരമുണ്ടായിരുന്നു. അത് ഞാന്‍ ഉപയോഗിക്കുകയും ചെയ്തു. എന്‍റെ പദ്ധതികള്‍ക്കപ്പുറം എന്നെക്കുറിച്ച് ദൈവത്തിന് എന്ത് പദ്ധതിയാണുള്ളത് എന്ന് അന്വേഷിച്ചുതുടങ്ങിയത് അങ്ങനെയാണ്. അതിനായി പരിശുദ്ധ അമ്മയുടെ പക്കലേക്ക് പോയി. അമ്മയുടെ വാക്കുകള്‍ എന്‍റെ പ്രാര്‍ത്ഥനയായി മാറി, അങ്ങയുടെ ഹിതം എന്നില്‍ നിറവേറട്ടെ (ലൂക്കാ 1/38).

”അമ്മേ, അമ്മ പൂര്‍ണയായ ഭാര്യയും അമ്മയുമെല്ലാം ആണല്ലോ. എനിക്കും അങ്ങനെയാകണം” അതായിരുന്നു എന്‍റെ ചിന്ത. അതിനെല്ലാം അമ്മ സമ്മതം നല്കി, പക്ഷേ ഞാന്‍ ചിന്തിക്കുന്നപോലുള്ള ഭാര്യയും അമ്മയുമാകാനായിരുന്നില്ല അമ്മ നല്കിയ പ്രചോദനം. പകരം, അമ്മ പറഞ്ഞത് മകന്‍റെ മണവാട്ടിയാകാനാണ്! അതുവഴി ലോകത്തിലെല്ലാവര്‍ക്കും അമ്മയാകാമെന്ന വാഗ്ദാനവും. സാവധാനം, സന്യാസജീവിതത്തോട് എനിക്ക് ആകര്‍ഷണം തോന്നാന്‍ തുടങ്ങി. വെറും ആകര്‍ഷണം എന്ന് പറഞ്ഞാല്‍ മതിയാവുകയില്ല, സാധാരണയായി സന്യാസജീവിതം എന്നുപറയുമ്പോള്‍ ആശുപത്രിയിലോ സ്‌കൂളിലോ ഒക്കെ സേവനം ചെയ്യുന്ന കര്‍മനിരതരായ സന്യസ്തരുടെ ജീവിതമാണ് മനസില്‍ വരിക. എന്നാല്‍ എന്‍റെ മനസിലാകട്ടെ ധ്യാനാത്മകമായ സന്യാസത്തോടുള്ള നിഷേധിക്കാനാവാത്ത താത്പര്യമാണ് ഉണര്‍ന്നുകൊണ്ടിരുന്നത്.

ആ പ്രേരണകളെ അതിജീവിക്കാനാവില്ല എന്നുകണ്ടപ്പോള്‍ ഈ കാലഘട്ടത്തിലെ ഒരു സാധാരണ പെണ്‍കുട്ടി ചെയ്യുന്നതുപോലെ ഞാന്‍ അതേപ്പറ്റി ധാരാളം ലേഖനങ്ങള്‍ തപ്പിയെടുത്ത് വായിച്ചു, യു ട്യൂബ് വീഡിയോകള്‍ കണ്ടു…. അങ്ങനെ ലഭിക്കാവുന്ന അറിവുകളെല്ലാം സമാഹരിച്ചു. പക്ഷേ അതൊന്നുമല്ല, യഥാര്‍ത്ഥത്തില്‍ അപ്രകാരമുള്ള ഒരു സന്യാസാശ്രമത്തില്‍ പോയി കാണുകയാണ് ഉചിതം എന്ന ചിന്തയാണ് മനസില്‍ വന്നത്.
അങ്ങനെ ഔവര്‍ ലേഡി ഓഫ് ഗ്രേസ് മോണസ്ട്രിയിലെത്തി. ഒരു മാസം അവിടെ സന്യാസിനികള്‍ക്കൊപ്പം ജീവിച്ചു. തികച്ചും വ്യത്യസ്തമായ ആ അന്തരീക്ഷത്തിന്‍റെ സൗന്ദര്യവും ചൈതന്യവുമെല്ലാം ആസ്വദിക്കുകയായിരുന്നു ഞാന്‍. ഏറെ സമയം പ്രാര്‍ത്ഥനയായിരുന്നു അവിടെ. എന്നുവച്ച്, സദാസമയവും മുട്ടില്‍ നില്‍ക്കുന്ന, ഗ്രില്ലിനുപിന്നില്‍ ചലിക്കുന്ന നിഴലുകളല്ല അവരെന്നും മനസിലായി.

പ്രഭാതം പുലരുമ്പോഴേ മുഴങ്ങുന്ന മണിനാദത്തോടെ അവരുടെ ദിവസം ആരംഭിക്കും. പിന്നെ ഗംഭീരമായ ശാന്തതയെ ഭേദിക്കുന്ന സങ്കീര്‍ത്തനാലാപം. ഏഴുനേരത്തെ യാമപ്രാര്‍ത്ഥനകളുടെ ആദ്യഭാഗമാണ് അത്. പിന്നെ ദിവ്യബലി. അനുദിനമുള്ള പ്രവര്‍ത്തനചര്യ ദിവ്യബലിയെയും യാമപ്രാര്‍ത്ഥനയെയും ദിവ്യകാരുണ്യ ആരാധനയെയും കേന്ദ്രീകരിച്ച് നില്‍ക്കുന്നു.
അവര്‍ ധാരാളം സമയം ചാപ്പലില്‍ ചെലവഴിക്കുന്നുണ്ടെങ്കിലും, ഒരു സന്യാസിനിയുടെ ജീവിതം നിയമപരമായ പ്രാര്‍ത്ഥനയെമാത്രം കേന്ദ്രീകരിച്ചല്ല നിലകൊള്ളുന്നത് എന്നും എനിക്ക് വ്യക്തമായി. ജീവിതത്തിന്‍റെ ഓരോ തലവും, അത് ചെറുതോ വലുതോ ആകട്ടെ, ദൈവത്തിനുള്ള ഒരു കാഴ്ചയാണ്. ഏറ്റവും സാധാരണമായ ദിനചര്യകള്‍പോലും, അത് പാചകമോ, വൃത്തിയാക്കലോ, പൂന്തോട്ടത്തിലെ കളപറിക്കലോ എന്തുമാകട്ടെ ധ്യാനത്തിനുള്ള അവസരംകൂടിയായി മാറുന്നു.

സന്യാസിനിസമൂഹം അനുഷ്ഠിക്കുന്ന ചില പരിഹാരപ്രവൃത്തികള്‍- ലളിതമായ ഭക്ഷണം കഴിക്കുക, കനം കുറഞ്ഞ കിടക്ക ഉപയോഗിക്കുക തുടങ്ങിയ ചില ശീലങ്ങള്‍- ഞാനും സ്വന്തമാക്കി. ഓരോ ദിവസവും രണ്ട് മണിക്കൂര്‍ വ്യക്തിപരമായ പ്രാര്‍ത്ഥന, ആത്മീയവായന എന്നിവയ്ക്കായി മാറ്റിവച്ചു. ദൈവവചനവും ദൈവശാസ്ത്രവും പഠിക്കാന്‍ ഒരു അധികമണിക്കൂറും. ഡൊമിനിക്കന്‍ ജീവിതശൈലിയില്‍ അത് അത്യന്താപേക്ഷിതമാണ്. ദിവസത്തിന്‍റെ അവസാനം രാത്രിപ്രാര്‍ത്ഥന. അതിനൊടുവില്‍ ‘പരിശുദ്ധ രാജ്ഞീ’ ജപം ചൊല്ലി അന്നത്തെ ദിനം മുഴുവന്‍ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന്‍കീഴില്‍ സമര്‍പ്പിക്കും.

ദീര്‍ഘമായ ഒരു ദിനം കഴിയുമ്പോഴേക്കും ക്ഷീണിക്കും. പക്ഷേ വര്‍ണിക്കാനാവാത്ത ആനന്ദമായിരുന്നു മനസില്‍. അത് നിഷേധിക്കാനാവില്ല. ഇത്രമാത്രം ലളിതവും ക്രമീകൃതവുമായ ഒരു ജീവിതത്തിനായി ബാക്കിയുള്ളതെല്ലാം ഉപേക്ഷിക്കണമെന്ന തോന്നല്‍ ശക്തമായി. അത് എങ്ങനെ എന്നില്‍ വന്നുനിറഞ്ഞു എന്ന് എനിക്കുതന്നെ നിര്‍വചിക്കാനാവില്ല. ഞാന്‍ ആനന്ദം നിറഞ്ഞ ആ ജീവിതത്താല്‍ ‘പിടിച്ചെടുക്കപ്പെട്ടു’ എന്ന് പറയേണ്ടിവരും.
അങ്ങനെ ആ മഠത്തില്‍ പ്രവേശനത്തിനായി അപേക്ഷിച്ചു. ഒരു സന്യാസാര്‍ത്ഥിനിയായി അവര്‍ എന്നെ സ്വീകരിക്കുകയും ചെയ്തു.

സന്യാസജീവിതം എത്രമാത്രം മനോഹരവും ആകര്‍ഷകവുമാണെന്ന് പറഞ്ഞാലും ഈ ലോകത്തില്‍ ആയിരുന്നുകൊണ്ട് ഈ ജീവിതം എനിക്ക് സാധിക്കുമോ? ആ ചോദ്യം എന്‍റെ മനസില്‍ ഉയര്‍ന്നിരുന്നു. അതിന് ഉത്തരവും ലഭിച്ചു, ‘ദൈവകൃപ!’ ദൈവകൃപ ഒന്നിനാല്‍മാത്രമേ ഈ ലോകത്തിലെ ആഘോഷപൂര്‍ണമായ ജീവിതത്തില്‍നിന്ന് മാറി മറയ്ക്കപ്പെട്ട ഈ ധ്യാനാത്മകസന്യാസജീവിതം സ്വീകരിക്കാന്‍ എനിക്ക് സാധിക്കുകയുള്ളൂ. ഞാന്‍ ഈ ജീവിതത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ ആ കൃപ അവിടുന്ന് തരും എന്ന് ഉറപ്പുണ്ട്. എന്‍റെ ജീന്‍സിനും സ്‌നീക്കേഴ്‌സിനും പകരം ഇനി ഒരു സന്യാസാര്‍ത്ഥിനിയുടെ വസ്ത്രം. ”കര്‍ത്താവിന്‍റെ ആലയത്തിലേക്ക് നമുക്ക് പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു” (സങ്കീര്‍ത്തനങ്ങള്‍ 122/1).

വിശുദ്ധ മറിയം മഗ്ദലേനയുടെ തിരുനാള്‍ദിവസം മൊണാസ്ട്രിയിലേക്ക് സിസ്റ്റേഴ്‌സ് എന്നെ സ്വീകരിക്കുന്നത് 122-ാം സങ്കീര്‍ത്തനം ചൊല്ലിയാണ്. പിന്നെ ചാപ്പലില്‍ പ്രവേശിച്ച് സന്ധ്യാപ്രാര്‍ത്ഥന. തുടര്‍ന്ന് കര്‍ത്താവിന്‍റെ മുന്നില്‍ മുട്ടുകുത്തുമ്പോള്‍ അരുളിക്കയില്‍ എഴുന്നള്ളിവാഴുന്ന അവിടുത്തെ മുഖത്തേക്കുതന്നെ നോക്കി ഞാന്‍ മന്ത്രിക്കും, ”എന്‍റെ ഹൃദയം അചഞ്ചലമാണ്; ദൈവമേ, എന്‍റെ ഹൃദയം അചഞ്ചലമാണ്; ഞാന്‍ അങ്ങയെ പാടിസ്തുതിക്കും” (സങ്കീര്‍ത്തനങ്ങള്‍ 57/7). അപ്പോള്‍മാത്രമേ ദൈവവിളിക്ക് ഉത്തരം നല്കാന്‍ തുടങ്ങിയിരിക്കുന്നു എന്നെനിക്ക് തോന്നുകയുള്ളൂ, സന്യാസാവൃതിയുടെ വിളി!

കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കയില്‍ പി.എച്ച്ഡി വിദ്യാര്‍ത്ഥിനിയും അതോടൊപ്പം അവിടത്തെ അധ്യാപികയുമായിരുന്നു ഗ്രെച്ചെന്‍. സന്യാസിനിയാകാനുള്ള ഉറച്ച തീരുമാനത്തിലെത്തിയതിനുശേഷം അവള്‍ എഴുതിയ കുറിപ്പാണിത്. 2021 ജൂലൈ 22-ന് യു.എസിലെ കണക്ടിക്കട്ടിലുള്ള കണ്‍ടെംപ്ലേറ്റീവ് ഡൊമിനിക്കന്‍ സന്യാസിനികളുടെ ഔവര്‍ ലേഡി ഓഫ് ഗ്രേസ് മൊണാസ്ട്രിയില്‍ പ്രവേശിച്ചു.

'

By: ഗ്രെച്ചെന്‍ എര്‍ലിച്ച്മാന്‍

More
ജനു 08, 2025
Encounter ജനു 08, 2025

അപ്പനെന്ന സ്വാതന്ത്ര്യത്തോടെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ഈശോയോട് പറയുന്നതാണ് എന്‍റെ രീതി. 2015-ലെ ഒരു ദിവസം. ആ സമയത്ത് ഞാന്‍ സ്‌കൂള്‍ അധ്യാപികയായി സേവനം ചെയ്യുകയാണ്. ജോലിക്കുശേഷം വൈകിട്ട് പതിവുപോലെ അന്നും ചാപ്പലില്‍ ഇരുന്ന് സ്വസ്ഥമായി ഈശോയോട് സംസാരിച്ചു. തുടര്‍ന്ന് മൗനമായി ദിവ്യകാരുണ്യ ഈശോയുടെ മുന്നില്‍ത്തന്നെ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു സ്വരം, ”ഞാന്‍ നിന്നെ ഒരു പ്രാര്‍ത്ഥന പഠിപ്പിക്കാം.” രണ്ടുതവണ അത് കേട്ടെങ്കിലും തോന്നലാണെന്ന് ചിന്തിച്ച് ഞാന്‍ കണ്ണുതുറക്കാന്‍ പോയില്ല.
മൂന്നാം തവണ സ്വരത്തിന് വല്ലാത്ത ഗാംഭീര്യം, ഒരു മുന്നറിയിപ്പുപോലെ… ”ഞാന്‍ നിന്നെ ഒരു പ്രാര്‍ത്ഥന പഠിപ്പിക്കാം എന്നല്ലേ പറഞ്ഞത്?”

പെട്ടെന്ന് അത് ഈശോയാണല്ലോ എന്ന് മനസിലാക്കി ഞാന്‍ ‘ശരി ഈശോയേ’ എന്ന് പറഞ്ഞ് ശ്രദ്ധിക്കാന്‍ തുടങ്ങി.
ഈശോ മൃദുവായി പറഞ്ഞു, ”അപ്പാ എന്ന് വിളിക്ക്…”
ഞാന്‍ എന്‍റെ അപ്പനെ ‘അപ്പാ’ എന്നുതന്നെയാണ് വിളിക്കുന്നത്. അതുകൊണ്ട് ആ സ്‌നേഹമാധുര്യത്തോടെ ഞാന്‍ വിളിച്ചു, ”അപ്പാ…”
വീണ്ടും ഈശോ പറഞ്ഞു, ”എന്‍റെ നാമം പറയ്.”
ഞാന്‍ പറഞ്ഞു, ”ഈശോയുടെ നാമത്തില്‍ ഞാന്‍ ചോദിക്കുന്നു”
വീണ്ടും, ”തിരുരക്തംകൊണ്ട് കഴുകാന്‍ പറയ്. തിരുരക്തം എന്ന് കേട്ടാല്‍ എന്‍റെ അപ്പന്‍ ഉടന്‍തന്നെ പ്രവര്‍ത്തിക്കും. തിരുരക്തത്തിന് അത്രയും വിലയുണ്ട്!”
ഞാന്‍ അപ്രകാരം ആവര്‍ത്തിച്ചു. തുടര്‍ന്ന് ഈശോ വീണ്ടും പറഞ്ഞു, ”പരിശുദ്ധാത്മാവുകൊണ്ട് നിറയ്ക്കണേ എന്ന് പറയ്”
അടുത്തതായി ഈശോ പറഞ്ഞുതന്നു, ‘എനിക്ക് അതുമാത്രം മതി!’

ഈശോയുടെ നിര്‍ദേശങ്ങളെല്ലാം ഒന്നിച്ചുചേര്‍ത്ത് ഞാനിങ്ങനെ പ്രാര്‍ത്ഥിച്ചു, ”അപ്പാ, ഈശോയുടെ നാമത്തില്‍ ഞാന്‍ ചോദിക്കുന്നു. തിരുരക്തംകൊണ്ട് എന്നെ കഴുകി പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കണമേ. എനിക്ക് അതുമാത്രം മതി.”
ആ സന്തോഷാനുഭവത്തില്‍ ഒന്നോ രണ്ടോ മിനിറ്റ് ഞാനങ്ങനെ ഇരുന്നു. ”വീണ്ടും ഈശോ ചോദിച്ചു. പ്രധാനപ്പെട്ടതൊക്കെ എങ്ങനെയാ പഠിച്ചിരുന്നത്?”
”ഇന്‍വേര്‍ട്ടഡ് കോമായിലിടും, ഹൈലൈറ്റ് ചെയ്യാന്‍ അടിവരയിടും,” എന്‍റെ മറുപടി.
ഈശോ പറഞ്ഞു, ”ആയിരംവട്ടം അടിവരയിട്ടാലും അധികമാവില്ല, എനിക്ക് അതുമാത്രം മതി എന്നതിന്!”

എന്താണ് ഈ പ്രാര്‍ത്ഥന?

തുടര്‍ന്ന് ഈശോ ബൈബിളില്‍നിന്ന് 1 രാജാക്കന്‍മാര്‍ മൂന്നാം അധ്യായം എടുക്കാന്‍ പറഞ്ഞു. ഗിബെയോനിലെ ആയിരം ദഹനബലികളില്‍ സംപ്രീതനായതിനാല്‍, എന്തുവേണമെങ്കിലും തന്നോട് ചോദിച്ചുകൊള്ളുക എന്ന് കര്‍ത്താവ് സോളമനോട് പറയുന്ന ഭാഗമാണ് എന്‍റെ കണ്ണില്‍ പതിഞ്ഞത്. സോളമന്‍ മറ്റൊന്നും ചോദിച്ചില്ല, പകരം ജ്ഞാനമാകുന്ന ദൈവത്തെത്തന്നെയാണ് ആവശ്യപ്പെട്ടത്. അതില്‍ സന്തുഷ്ടനായി കര്‍ത്താവ് സമ്പത്തുള്‍പ്പെടെ സകലവും സോളമന് വാരിക്കോരി നല്കുകയാണ്. അതിനെക്കുറിച്ച് ഈശോ പറഞ്ഞു, ”ഇതാണ് ഞാന്‍ നിന്നെ പഠിപ്പിച്ച പ്രാര്‍ത്ഥന!”

അതെല്ലാം കേട്ട് നിര്‍ന്നിമേഷയായി ഇരിക്കുന്ന എന്നോട് ഈശോ വീണ്ടും പറയുകയാണ്, ”പുതിയ നിയമം എടുത്തേ. യോഹന്നാന്‍ മൂന്നാം അധ്യായം തുറക്ക്.” അവിടെ നിക്കോദേമോസിനോട് യേശു പറയുന്നു, ”ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല” (യോഹന്നാന്‍ 3/5). വീണ്ടും ഈശോ പറഞ്ഞു, ”ഇതാണ് ഞാന്‍ നിന്നെ പഠിപ്പിച്ച പ്രാര്‍ത്ഥന!”
ഈ രണ്ട് ചിന്തകളും താലോലിച്ച് ഞാന്‍ അങ്ങനെ ഇരിക്കുകയാണ്. വീണ്ടും ഈശോ തുടര്‍ന്നു.
”നീ ഒരു അമ്മയാണെന്നോര്‍ക്ക്.”
ഞാന്‍ പറഞ്ഞു, ”ഓര്‍ത്തു ഈശോയേ…”

”നീ ഒരു യാത്ര പോകുമ്പോള്‍ നിന്‍റെ ഉണ്ണിയോട് ചോദിക്കുകയാണ്, കുഞ്ഞേ, അമ്മ പോയിവരുമ്പോള്‍ എന്താ കൊണ്ടുവരേണ്ടത്? കുഞ്ഞ് നിന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നിട്ട് അമ്മേ, അമ്മയാണ് എന്‍റെ ഏറ്റവും വലിയ സമ്മാനം… എനിക്ക് അമ്മയെമാത്രം മതി എന്ന് പറഞ്ഞാല്‍ എന്തായിരിക്കും നിനക്ക് തോന്നുക?”
”അതൊരു ആനന്ദനിര്‍വൃതിയായിരിക്കും ഈശോയേ…”
”നീ തിരികെ വരുമ്പോള്‍ കുഞ്ഞിന് എന്തെങ്കിലും കൊണ്ടുവരുമോ?”
”സാധ്യമായതെല്ലാം കൊണ്ടുവരും. ആവശ്യമറിഞ്ഞ് എല്ലാം കുഞ്ഞിന് കൊടുക്കും.”
അതുകേട്ട് ഈശോ പറഞ്ഞു, ”ഇതാണ് ഞാന്‍ നിന്നെ പഠിപ്പിച്ച പ്രാര്‍ത്ഥന!”

അത്ഭുതങ്ങള്‍!

ഈ സംഭവം കഴിഞ്ഞ് അല്പനാളുകള്‍ കഴിഞ്ഞ സമയം. ഞാന്‍ ഈ പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെയാണ് ഒരിക്കല്‍ കൂടെയുള്ള ഒരു സിസ്റ്റര്‍, സഹോദരന്‍റെ മകള്‍ക്ക് വിവാഹം ശരിയാകുന്നില്ല എന്ന വിഷമം പങ്കുവച്ചത്. ഈശോ തന്ന പ്രചോദനമനുസരിച്ച് ഈ പ്രാര്‍ത്ഥന പറഞ്ഞുകൊടുത്തു. ഈശോ നിര്‍ബന്ധം പറഞ്ഞ വ്യവസ്ഥയനുസരിച്ച് കല്യാണക്കാര്യമോ മറ്റെന്തെങ്കിലും നിയോഗമോ ഇതോടൊപ്പം പ്രാര്‍ത്ഥിക്കരുത് എന്നും പ്രത്യേകം പറഞ്ഞു. പിന്നീട് നാളുകള്‍ക്കുശേഷമാണ് സിസ്റ്ററിനെ കണ്ടത്. കണ്ടപ്പോള്‍ സിസ്റ്റര്‍ ഓടിവന്നിട്ട് പറഞ്ഞു, ”ഞാന്‍ ഈ പ്രാര്‍ത്ഥന ചൊല്ലിത്തുടങ്ങിഎട്ടാം ദിവസം അവള്‍ക്ക് നല്ലൊരു വിവാഹം ശരിയായി!”
ഇക്കാര്യങ്ങളെല്ലാം ഒരിക്കല്‍ ഞാന്‍ പങ്കുവച്ചപ്പോള്‍ ധ്യാനഗുരുവായ ഫാ. ജേക്കബ് മരിയദാസ് ഒ.സി.ഡി കചഠഋഞകഛഞ ഇഅടഠഘഋ ങഥടഠകഇകടങ ഛഎഎകഇകഅഘ എന്ന അദ്ദേഹത്തിന്‍റെ യുട്യൂബ് ചാനലില്‍ നല്കി. ആ വീഡിയോ വൈറലാവുകയും അനേകരിലേക്ക് ഈ പ്രാര്‍ത്ഥന എത്തുകയും ചെയ്തു. ഇന്നത്തെ ലോകത്തിന് ഏറ്റവും ആവശ്യമായ പ്രാര്‍ത്ഥനയാണ് ഇതെന്ന് ഓര്‍മിപ്പിക്കുന്ന സംഭവമായിരുന്നു അത്.

എന്തിന് ഈ പ്രാര്‍ത്ഥന?

മറ്റൊരു സാക്ഷ്യം ഈ പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥലക്ഷ്യം കൂടുതല്‍ വ്യക്തമാക്കാന്‍ സഹായിക്കുന്നതാണ്. ആ സംഭവം ഇതായിരുന്നു: പ്രാര്‍ത്ഥനാസഹായം ചോദിച്ച് മഠത്തിലേക്ക് ഒരു ഫോണ്‍കോള്‍ വന്നു. അത് ഞാനാണ് സ്വീകരിച്ചത്. ഒരു പുരുഷശബ്ദം. ”നാലുതവണ ജര്‍മ്മന്‍ പരീക്ഷ എഴുതിയിട്ടും വിജയിച്ചില്ല. വീണ്ടും എഴുതാനായി ചെന്നൈയ്ക്ക് പോകാന്‍ നില്‍ക്കുകയാണ്, പ്രാര്‍ത്ഥിക്കണം.”
ആരാണെന്നുപോലും ചോദിക്കാതെ, ആ വ്യക്തിക്ക് ഞാന്‍ ഈ പ്രാര്‍ത്ഥന പറഞ്ഞുകൊടുത്തിട്ട് വിശദീകരിച്ചു, ”ഇത് പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു ജര്‍മ്മന്‍ പരീക്ഷയും മനസില്‍ വരരുത്. അപ്പാ, തിരുരക്തംകൊണ്ട് കഴുകി പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കണമേ, എനിക്കതുമാത്രം മതി എന്നുപറയുക. അതുകേള്‍ക്കുമ്പോള്‍ സ്വര്‍ഗത്തിലെ അപ്പന് അവിടെ ഇരിക്കാന്‍ കഴിയുകയില്ല. അവിടുന്ന് താണിറങ്ങി ശരണാര്‍ത്ഥിയിലേക്ക് വരും. ആ വ്യക്തിയുടെ ഹൃദയം ‘സ്‌കാന്‍’ ചെയ്യപ്പെടും. അവിടെ മറ്റൊന്നും കാണരുത്. എന്നിട്ട് പോയി പരീക്ഷ എഴുതണം. പരീക്ഷയില്‍ തോറ്റുപോകുകയാണെങ്കില്‍ ഇനി ഇതും പറഞ്ഞ് നടക്കരുത്. ഈ പ്രാര്‍ത്ഥന ചൊല്ലിയിട്ടും പരീക്ഷ വിജയിച്ചില്ലെങ്കില്‍ അത് ദൈവതിരുമനസല്ലെന്നാണ് അര്‍ത്ഥം.”
ഇതെല്ലാം പറഞ്ഞുകഴിഞ്ഞിട്ട് വിളിക്കുന്നതാരാണെന്ന് ഞാന്‍ ചോദിച്ചു. മറുതലയ്ക്കല്‍നിന്ന് മറുപടി വന്നു, ”ഞാന്‍ ഫാ. ടിനു വി.സി ആണ്!!”

പെട്ടെന്ന് ഞാനൊന്ന് ഞെട്ടി, ഒരു വൈദികനെയാണോ ഞാന്‍ പ്രാര്‍ത്ഥന പഠിപ്പിച്ചത്?! എങ്കിലും പറഞ്ഞു, ”ശരി അച്ചാ, അച്ചന്‍ യാത്രയിലെല്ലാം ഇത് ചൊല്ലി പോകുക. പരീക്ഷ വിജയിക്കാനല്ല, ദൈവതിരുമനസ് നിറവേറാനായി പ്രാര്‍ത്ഥിക്കുക.”
നാലുദിവസം കഴിഞ്ഞ് അച്ചന്‍ വീണ്ടും വിളിച്ചിട്ട് ജര്‍മ്മന്‍ പരീക്ഷ വിജയിച്ചു എന്നറിയിച്ചു. പിന്നീട് മറ്റൊന്നുകൂടി ഞാനറിഞ്ഞു, പഠിച്ചിരുന്ന സ്ഥാപനത്തില്‍നിന്ന് അദ്ദേഹത്തോട് അവിടെ ജര്‍മ്മന്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്! അതാണ് ദൈവഹിതത്തിന്‍റെ ശക്തി!!

വിജയിയാകാന്‍ ഈ പ്രാര്‍ത്ഥന

ഈ പ്രാര്‍ത്ഥന ചൊല്ലിത്തുടങ്ങാനുള്ള എളുപ്പവഴി പറയട്ടെ. നമ്മുടെ കൈയിലുള്ള ജപമാലയിലെ 59 മണികളും ക്രൂശിതരൂപവും ഉപയോഗിച്ച് 60 തവണ ഈ പ്രാര്‍ത്ഥന ആവര്‍ത്തിക്കുക. ആത്മാര്‍ത്ഥമായിട്ടാണ് ചൊല്ലുന്നതെങ്കില്‍ അത് നമ്മുടെ ഹൃദയത്തില്‍ നിറയും. എന്‍റെ ദൈവം അറിഞ്ഞുകൊണ്ടാണ് എന്‍റെ ജീവിതത്തില്‍ എല്ലാം സംഭവിക്കുന്നത് എന്ന് ആത്മാവ് മനസിലാക്കും. കാരണം എന്നെ ഇത്രമാത്രം സ്‌നേഹിക്കുന്ന പിതാവിനെ ഞാനറിയുന്നു.

പിതാവിന് നമ്മോടുള്ള സ്‌നേഹം എത്ര വലുതാണെന്ന് കുരിശുമരണത്തിന്‍റെ സമയത്ത് പൂര്‍ണമായും വ്യക്തമാകുന്നുണ്ടല്ലോ. പഴയ നിയമകാലത്ത്, ദൈവസാന്നിധ്യം നിറഞ്ഞുനിന്ന വാഗ്ദാനപേടകം തൊട്ടവര്‍ മരിച്ചുവീണങ്കില്‍ ദൈവപുത്രനെ കുരിശിച്ചവര്‍ തത്ക്ഷണം ഭസ്മമാകേണ്ടതല്ലേ? പക്ഷേ അത് സംഭവിച്ചില്ല. കാരണം അവിടെ, പിതാവ് എന്‍റെയും നിന്‍റെയും രക്ഷയ്ക്കായി പുത്രനെ സ്വമനസാ കുരിശില്‍ മരണത്തിന് ഏല്പിച്ചുകൊടുക്കുകയായിരുന്നു. ഈ സ്‌നേഹം മനസിലാക്കുന്ന ആത്മാവ്, അവിടുത്തെ ഹിതംമാത്രം എന്‍റെ ജീവിതത്തില്‍ നടന്നാല്‍ മതി എന്ന മനോഭാവത്തില്‍ എത്തും. പിന്നെ ആ വ്യക്തിയെ തോല്‍പിക്കാന്‍ ആര്‍ക്കാണ് കഴിയുക?

മാത്രവുമല്ല, ഈശോ പഠിപ്പിച്ച ഈ പ്രാര്‍ത്ഥനയില്‍ ത്രിയേകദൈവത്തെയാണ് നാം വിളിക്കുന്നത്. അവിടുത്തെത്തന്നെയാണ് ചോദിക്കുന്നതും. അതിനാല്‍ അതോടൊപ്പം അവിടുത്തെ തിരുമനസുപോലെ സകല അനുഗ്രഹങ്ങളും നമുക്ക് നല്കപ്പെടും. ”സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്പിച്ചുതന്നവന്‍ അവനോടുകൂടി സമസ്തവും നമുക്ക് ദാനമായി നല്കാതിരിക്കുമോ? (റോമാ 8/32).
നമുക്ക് പ്രാര്‍ത്ഥിക്കാം, ആബാ പിതാവേ, ഈശോയുടെ നാമത്തില്‍ ഞാന്‍ ചോദിക്കുന്നു. തിരുരക്തംകൊണ്ട് എന്നെ കഴുകി പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കണമേ. എനിക്കതുമാത്രം മതി.

'

By: സിസ്റ്റര്‍ റോസ്മിന്‍ എഫ്.സി.സി

More
ജനു 07, 2025
Encounter ജനു 07, 2025

ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ബസ്‌യാത്ര. തലേന്നത്തെ ജോലികളുടെ ഭാഗമായി ഉറക്കക്ഷീണമുണ്ടായിരുന്നു. യാത്രാസമയത്ത് സാധാരണ ചൊല്ലുന്ന പ്രാര്‍ത്ഥനയോടൊപ്പം 91-ാം സങ്കീര്‍ത്തനവും ചൊല്ലി. പതുക്കെ ഉറക്കത്തിലായി. രണ്ട് മണിക്കൂര്‍ എടുക്കുന്ന യാത്രയുടെ ഏതാണ്ട് ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പുറകില്‍നിന്നൊരു സ്വരം, ”എന്താ കമ്പിയില്‍ പിടിക്കാത്തത്? കമ്പിയില്‍ പിടിക്ക്.” എന്‍റെ പേരുവിളിച്ച് ഇങ്ങനെ പറയുന്നതാര് എന്ന് തിരിഞ്ഞുനോക്കി. അറിയുന്നവര്‍ ആരും ഇല്ല. ഞാന്‍ വീണ്ടും മയക്കത്തിലായി. ആ സ്വരം ആവര്‍ത്തിച്ചു. ‘ഒന്ന് ഉറങ്ങാനുംകൂടി പറ്റുന്നില്ലല്ലോ?’ എന്ന ചിന്തയാണ് മനസില്‍ വന്നത്. പക്ഷേ ഇതാ മൂന്നാം പ്രാവശ്യവും ആ സ്വരം!

ഏതായാലും ഉറക്കം പോകട്ടെ, കമ്പിയില്‍ ശക്തമായി പിടിച്ചു. ഞാന്‍ സഞ്ചരിക്കുന്ന വാഹനത്തിന് ഡോര്‍ ഇല്ല, വശങ്ങളില്‍ കമ്പിയും ഇല്ല. മുന്നിലെ കമ്പിമാത്രമേ പിടിക്കാനുള്ളൂ. അതുപിടിച്ച് ഇരുന്നു. പെട്ടെന്നതാ മറ്റൊരു വാഹനം തെറ്റായി എതിര്‍വശത്തുനിന്ന് മുന്നിലേക്ക് കയറിവരുന്നു. ഞങ്ങളുടെ വാഹനം സഡന്‍ ബ്രേക്ക് ഇട്ടു. പലരും വാഹനത്തില്‍ത്തന്നെ മറിഞ്ഞുവീണു. ഞാന്‍ കമ്പിയില്‍ പിടിച്ചില്ലായിരുന്നെങ്കില്‍ റോഡിലേക്ക് പോകുമായിരുന്നു. തീര്‍ച്ചയായും മൂന്നാമത്തെ അനുസരണം എന്നെ രക്ഷിച്ചു. എന്‍റെ പൊന്നുതമ്പുരാനാണ് എന്നെ പേരുചൊല്ലി വിളിച്ചത് എന്ന് എനിക്ക് വ്യക്തമായി.

'

By: റോസമ്മ ഡോമിനിക്

More
ജനു 03, 2025
Encounter ജനു 03, 2025

ഇറ്റലി മുഴുവന്‍റെയും സാമ്പത്തിക വ്യാവസായിക തലസ്ഥാനമാണ് മിലാന്‍. ഒരിക്കല്‍ ഏതാനും സുഹൃത്തുക്കളുമൊത്ത് ഞാന്‍ ഇറ്റലി സന്ദര്‍ശിച്ച സമയം, വിശുദ്ധരുമായി ബന്ധപ്പെട്ട പ്രഖ്യാത ദൈവാലയങ്ങളിലേക്ക് പോയി. ഒന്നാമത്തേത് വിശുദ്ധ അംബ്രോസിന്റേതായിരുന്നു. നാലാം നൂറ്റാണ്ടില്‍ മിലാന്‍ രൂപതയുടെ ബിഷപ്പായി ശുശ്രൂഷചെയ്ത പുണ്യവാന്‍. അദ്ദേഹത്തിന്‍റെ ആധ്യാത്മികതയും ചൈതന്യവുമാണ് അംബ്രോസിയന്‍ റീത്തും ആധ്യാത്മികതയുംവഴി മിലാന്‍ പ്രദേശത്തിനുമുഴുവനും സ്വത്വവും സജീവത്വവും നല്‍കുന്നത്.

ആകര്‍ഷിച്ച ബെഞ്ച്

വിശുദ്ധ അംബ്രോസിന്‍റെ പള്ളിമുറ്റത്തെ പാര്‍ക്കിലുള്ള ഒരു പഴയ ബെഞ്ച് ഞങ്ങളെ ആകര്‍ഷിച്ചു. കലാഭംഗിയൊന്നുമില്ലാത്ത ആ ബെഞ്ച് എന്തുകൊണ്ടാണ് ആകര്‍ഷകമായിത്തീര്‍ന്നത്? അഞ്ചാം നൂറ്റാണ്ടിലെ ഒരു ദിവസം ആ ബെഞ്ചില്‍ ഒരു യുവാവ് ഇരിക്കുകയായിരുന്നു. പരിഹാരം കാണാത്ത പ്രശ്‌നങ്ങളുമായി മല്ലിടുകയായിരുന്നു അയാള്‍. തന്‍റെ ജീവിതം പാപപങ്കിലമാണ്. ഇങ്ങനെ പോയാല്‍പോരാ ഒരു മാനസാന്തരം വേണം എന്നയാള്‍ക്ക് ബോധ്യമായിരുന്നു. അയാള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. Change me Lord, but not yet. തീരുമാനമെടുക്കാന്‍ കഴിയാതെ കുഴയുമ്പോള്‍ അതാ ഒരു ഗാനാലാപം. ഏതോ ഒരു കുട്ടി പാടുകയാണ്: ”എടുത്തുവായിക്കുക.” മനുഷ്യക്കുഞ്ഞോ മാലാഖക്കുഞ്ഞോ അതു പാടിയത്? ആര്‍ക്കറിയാം.

ആ മനുഷ്യന്‍ താനിരിക്കുന്ന ബെഞ്ചിലേക്കു നോക്കി. എടുത്തുവായിക്കുവാന്‍ അവിടെ ഒരു പുസ്തകം ഇരിക്കുന്നു, ബൈബിള്‍. ദൈവത്തെ മനസില്‍ ധ്യാനിച്ച് തനിക്ക് ആവശ്യകമായ സന്ദേശം തരണമേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് വിറയ്ക്കുന്ന കരങ്ങളോടെ ബൈബിള്‍ തുറന്നു. കിട്ടിയ ഭാഗം വിശുദ്ധ പൗലോസിന്‍റെ റോമാ ലേഖനം പതിമൂന്നാം അധ്യായം11 മുതലുള്ള വാക്യങ്ങള്‍. ”ഇതെല്ലാം ചെയ്യുന്നത് കാലത്തിന്‍റെ പ്രത്യേകത അറിഞ്ഞുകൊണ്ടുവേണം. നിദ്രവിട്ട് ഉണരേണ്ട മണിക്കൂറാണല്ലോ ഇത്. ഇപ്പോള്‍ രക്ഷ നമ്മള്‍ ആരും പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ അടുത്തെത്തിയിരിക്കുന്നു. രാത്രി കഴിയാറായി; പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍, നമുക്ക് അന്ധകാരത്തിന്‍റെ പ്രവൃത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്‍റെ ആയുധങ്ങള്‍ ധരിക്കാം. പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത, കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍. ദുര്‍മോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍.” ദൈവം തന്നോട് നേരിട്ട് സംസാരിക്കുന്നതുപോലെ അയാള്‍ക്ക് അനുഭവപ്പെട്ടു, ജീവിതത്തെ പുനഃക്രമീകരിക്കുന്നതുപോലെ തോന്നി. അവിടെ നിര്‍ത്തി, തുടര്‍ന്ന് വായിക്കാനായില്ല.

ആ യുവാവ് ആ നിമിഷത്തില്‍ പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചു. അദ്ദേഹം വലിയ വിശുദ്ധനായി, പ്രസിദ്ധിയാര്‍ജിച്ച വേദപാരംഗതനായി. ആളിനെ മനസിലായോ? വിശുദ്ധ അഗസ്തീനോസ്. വിശുദ്ധ അംബ്രോസിന്‍റെ പള്ളിമുറ്റത്ത് ഞങ്ങള്‍ ഇരുന്ന ബെഞ്ചിലാണ് അന്ന് വിശുദ്ധ അഗസ്തീനോസ് ഇരുന്നതും വായിച്ചതും തീരുമാനമെടുത്തതും വിശുദ്ധിയുടെ ജീവിതത്തിന് തുടക്കംകുറിച്ചതും. ഇക്കാര്യങ്ങളൊക്കെ വിവരിച്ചുകൊടുത്തപ്പോള്‍ കൂടെ വന്നവര്‍ക്ക് വികാരങ്ങളുടെ വേലിയേറ്റം.
വിശുദ്ധരുടെ ജീവിതം വായിച്ച് ആവേശംകൊണ്ട വിശുദ്ധ ഇഗ്നേഷ്യസ് പറഞ്ഞു, ‘അവനും അവള്‍ക്കും ആകാമെങ്കില്‍ എന്തുകൊണ്ട് എനിക്കായിക്കൂടാ?’ ആ വിശുദ്ധസ്ഥലത്ത് നിന്നവരും പറഞ്ഞുകാണണം, ‘എന്തുകൊണ്ട് എനിക്കും വിശുദ്ധനാകാന്‍ പാടില്ല?’

ജനുവരിയിലെ ചോദ്യം

ആ ചോദ്യം ചോദിക്കാന്‍ നിങ്ങള്‍ക്കും എനിക്കും പറ്റിയ അവസരം ജനുവരി മാസമാണ്. 2025-വര്‍ഷാരംഭത്തിലാണ്. ജനുവരി കഴിഞ്ഞാല്‍ പിന്നെ ഈ ചോദ്യം അവസരോചിതമാവില്ല. ജനുവരിയുടെ പ്രത്യേകത എന്തെന്നറിയാമല്ലോ, റോമാക്കാരുടെ ജാനൂസ് ദേവന്‍റെ പേരില്‍നിന്നാണ് ജനുവരിമാസത്തിന്‍റെ പേരുവരുന്നത്. ജാനൂസിന്‍റെ പ്രത്യേകത ഇതാണ്: അദ്ദേഹത്തിന് രണ്ട് മുഖങ്ങളുണ്ട്. ഒന്ന് നമുക്കുള്ളതുപോലെ മുമ്പോട്ടും രണ്ടാമത്തേത് പുറകോട്ടും. അദ്ദേഹത്തെ കാണാന്‍ രസമായിരുന്നിരിക്കണം. വര്‍ഷത്തിന്‍റെ ആദ്യമാസത്തിന് ഈ പേര് കൊടുക്കുവാന്‍ റോമാക്കാരെ പ്രേരിപ്പിച്ചതെന്തെന്നോ? അവര്‍ക്കുതോന്നി ജനുവരിമാസം പുറകോട്ടും മുന്നോട്ടും നോക്കേണ്ട മാസമാണെന്ന്. പുറകോട്ട്, കഴിഞ്ഞ ജീവിതം വിലയിരുത്താന്‍. മുന്നോട്, പുറകോട്ടുനോക്കിയപ്പോള്‍ കിട്ടിയ ‘ഫീഡ് ബാക്ക്’ പരിഗണിച്ച് മുന്നോട്ടുള്ള ജീവിതത്തിന് രൂപംകൊടുക്കാന്‍.

അഗസ്തീനോസിന് ലഭിച്ച സന്ദേശം ഒന്നുകൂടെ ശ്രദ്ധിക്കുക: രാത്രി കഴിയാറായി, പകല്‍ സമീപിച്ചിരിക്കുന്നു. അന്ധകാരത്തിന്‍റെ പ്രവൃത്തികള്‍ ത്യജിച്ച് പകലിന് യോജിച്ചവിധം പെരുമാറാം. അന്ധകാരത്തിന്‍റെ പ്രവൃത്തികളായിരുന്നു അവിഹിതവേഴ്ച, വിഷയാസക്തി, അസൂയ, കലഹം തുടങ്ങിയവ. അവയോട് വിട പറഞ്ഞ് പുതിയ മനുഷ്യനെ ധരിച്ച് മുന്നോട്ടുപോകുക. നിങ്ങള്‍ പുറകോട്ട് നോക്കുമ്പോള്‍ കാണുന്നത് വിലയിരുത്തി പുതുവര്‍ഷത്തിന് രൂപംകൊടുക്കുക.
Change me Lord അദ്ദേഹം പ്രാര്‍ത്ഥിച്ചു. പക്ഷേ കൂട്ടിച്ചേര്‍ത്തു, but not yet. ദയനീയമായ ആ പ്രാര്‍ത്ഥന നമ്മില്‍ അനുകമ്പ തൊട്ടുണര്‍ത്തുന്നു. നമ്മുടെ സ്ഥിതിയും ദയനീയമാകാം. മാറേണ്ടതുണ്ട് എന്നറിയാം, പക്ഷേ മാറ്റം പിന്നെയാകട്ടെ എന്ന് നീട്ടിവയ്ക്കുന്നു. അങ്ങനെ നാളെ നാളെ, നീളെ നീളെയാവുന്നു.

കുരുക്കില്‍പ്പെടരുത്!

സര്‍ക്കാര്‍ ഓഫീസുകളില്‍ ചുവന്ന നാട ഇട്ട് കെട്ടിവച്ചിരിക്കുന്ന ഫയലുകള്‍ കണ്ടിട്ടുണ്ടോ? അതാണ് ചുവന്ന നാടക്കുരുക്ക്. ആധ്യാത്മിക ജീവിതത്തിലെ ചുവന്ന നാടക്കുരുക്കില്‍ ഏറെ താല്‍പര്യമുള്ളവരാണ് പിശാചുക്കള്‍. ഒരു കാര്യവും നടക്കരുത്. മൂപ്പന്‍പിശാച് കുട്ടിപ്പിശാചുക്കള്‍ക്ക് ക്ലാസ് കൊടുക്കുകയാണ്.
‘ആധ്യാത്മിക കാര്യങ്ങള്‍ മുടക്കണം. മാര്‍ഗങ്ങള്‍ നിര്‍ദേശിക്കൂ.’ മൂപ്പന്‍ നിര്‍ദേശിച്ചു.
ഒരു കുട്ടിപ്പിശാച് പറഞ്ഞു, ‘ദൈവമില്ല എന്ന് പ്രേരിപ്പിച്ചുകൊണ്ടിരിക്കുക. അപ്പോള്‍ ദൈവത്തെ പ്രീതിപ്പെടുത്താനായി ഒന്നും ചെയ്യില്ല.’
മൂപ്പന്‍ പ്രതികരിച്ചു, ‘നിനക്ക് അനുഭവസമ്പത്ത് പോരാ. ദൈവമില്ലായെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കാനാ?’
മറ്റൊരു കുട്ടിപിശാച്: ‘നരകം ഒരു മിഥ്യയാണെന്ന് അവതരിപ്പിക്കുക. ശിക്ഷ ഭയപ്പെടേണ്ടതില്ലാത്തതുകൊണ്ട് തിന്മ ചെയ്തുകൊള്ളും.’
മൂപ്പന്‍ പിശാച്: ‘നിന്‍റെ അഭിപ്രായവും വിലപ്പോവുകയില്ല. ഉള്ളിന്‍റെ ഉള്ളില്‍ മനുഷ്യനറിയാം തെറ്റുചെയ്താല്‍ ശിക്ഷ ഉണ്ടാകുമെന്ന്.’
”Procastination അഥവാ നീട്ടിവയ്ക്കല്‍.’ സ്മാര്‍ട്ടായ ഒരു കുട്ടിപിശാച് പറഞ്ഞു.
”ദൈവമുണ്ടെന്നുതന്നെ പറയുക. നരകമുണ്ടെന്നും പറയുക. ആധ്യാത്മിക കാര്യങ്ങള്‍ ആവശ്യമാണെന്നും പറയുക. ഇങ്ങനെയൊക്കെ പറഞ്ഞുകഴിയുമ്പോള്‍ നമ്മള്‍ വിശ്വാസയോഗ്യരാകും. അപ്പോള്‍ സൂത്രത്തില്‍ പറയണം: ഒരു മണിക്കൂര്‍ ആരാധന… ഓ, ആവശ്യമാ. പക്ഷേ ഇന്ന് സമയക്കുറവാണല്ലോ. നാളെയാവാം. കുമ്പസാരം; ഓ, ഉടനെ മരിക്കാന്‍ പോകുന്നില്ലല്ലോ. എല്ലാം ഒന്ന് അലക്കി തേച്ച് മടക്കിയിട്ട് അടുത്ത ആഴ്ച പോകാം. രോഗീസന്ദര്‍ശനം, അങ്ങനെ ഉടനെ മരിക്കാനൊന്നും പോകുന്നില്ല. അടുത്ത ആഴ്ച പോകാം. അതിനിടെ രോഗി മരിക്കുന്നു. ചുരുക്കത്തില്‍ Change me Lord, but not yet എന്ന അവസ്ഥയിലാകുന്നു നമ്മുടെ പാര്‍ട്ടി.’

മൂപ്പന്‍ പറഞ്ഞു, ‘മനുഷ്യന്‍റെ സ്വഭാവം ശരിക്കു പഠിച്ച കുട്ടിപിശാചാണിവന്‍. ഇവന്‍റെ അഭിപ്രായമാണ് സ്വീകാര്യം.’
ഭൂതകാലം വിലയിരുത്തി ഭാവിയിലേക്ക് നോക്കി ദൈവം നമുക്ക് നല്‍കിയിരിക്കുന്ന വര്‍ത്തമാനകാലം ഉപയോഗിക്കുക. വര്‍ത്തമാന കാലത്തിന് present എന്നാണല്ലോ ഇംഗ്ലീഷില്‍ പറയുന്നത്. സമ്മാനം എന്നും ആ വാക്കിന് അര്‍ത്ഥം നല്കാം. അതായത് നമ്മുടെ ഇന്ന്/ഇപ്പോള്‍ ഒരു ‘സമ്മാന’മായി കരുതി ചെയ്യേണ്ടതെല്ലാം യഥാസമയത്ത് ചെയ്യുക. നീട്ടിവയ്ക്കല്‍ ഒഴിവാക്കി തമ്പുരാനില്‍ ആശ്രയിച്ച് ആത്മാവിനാല്‍ നയിക്കപ്പെട്ട് യേശുവിനോടും അമ്മയോടുമൊത്ത് നടന്നുനീങ്ങുക. അതുവഴി പുതിയ വര്‍ഷം ആധ്യാത്മികതയുടെ നിര്‍ണായകമായ വര്‍ഷമാകട്ടെ.

'

By: മാര്‍ ജേക്കബ് തൂങ്കുഴി

More
ജനു 02, 2025
Encounter ജനു 02, 2025

പഠനത്തിനായി ജര്‍മ്മനിയില്‍ പോയ ഡോണല്‍, താമസ സൗകര്യം ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞ് വിളിക്കുകയുണ്ടായി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ‘ബ്രദറേ, പ്രാര്‍ത്ഥനയ്ക്ക് നന്ദി, എനിക്ക് ഒരു സൂപ്പര്‍ സ്ഥലം കിട്ടീട്ടോ’ എന്ന മെസ്സേജും അയച്ചു.
”ഇതൊരു നല്ല സ്ഥലമാണ്. ഇവിടെ തൊണ്ണൂറ് വയസ്സുള്ള ഒരു അപ്പൂപ്പനുണ്ട്, ഒപ്പം മകനും. മകന്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ അപ്പൂപ്പനെ ഒന്ന് ശ്രദ്ധിക്കണം. ഈ കരാറിലാണ് നല്ല സൗകര്യമുള്ള വീട് വെറും നൂറ് യൂറോയ്ക്ക് എനിക്ക് കിട്ടിയിരിക്കുന്നത്. സാധാരണഗതിയില്‍ മുന്നൂറ് യൂറോയെങ്കിലും ഇങ്ങനെ ഒരു സ്ഥലത്തിന് വേണ്ടിവരും. കര്‍ത്താവിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല!!”

ഇത് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. ഞാന്‍ തിരിച്ചുവിളിച്ചപ്പോള്‍ ”എനിക്ക് എന്‍റെ ഈശോയ്ക്ക് നന്ദി പറയണം” എന്നാണ് ഡോണല്‍ പറഞ്ഞത്. ”തീര്‍ച്ചയായും നീ നന്ദി പറയണം,” ഞാനും പറഞ്ഞു.
”എങ്കില്‍ നീയൊരു കാര്യം ചെയ്യൂ. ആ അപ്പൂപ്പനോട് രോഗീലേപനം (Anointing of the Sick) സ്വീകരിക്കാന്‍ പറയണം. മകനോട് അനുവാദം വാങ്ങിയിട്ട് അതിനായി ശ്രമിച്ചുനോക്കൂ. കത്തോലിക്കാ വിശ്വാസമുള്ള ആ അപ്പൂപ്പന്‍ ഇന്നലെവരെ എങ്ങനെയായിരുന്നു എന്നത് നോക്കണ്ടാ. ഒരു പുതിയ ആത്മീയ ഉണര്‍വ് നീമൂലം അപ്പൂപ്പന് ഉണ്ടാകട്ടെ.”
ഇതിലും വലിയ നന്ദിപ്രകടനം ഈശോയും ആഗ്രഹിക്കുന്നുണ്ടാകില്ല. സത്യത്തില്‍ ഞാന്‍ ഇതൊന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് പറഞ്ഞതായിരുന്നില്ല. സംസാരത്തിനിടക്ക് കര്‍ത്താവ് എന്നെക്കൊണ്ട് പറയിപ്പിച്ചതായിരുന്നു.

ഏതായാലും ഡോണല്‍ ആ ദൗത്യം ഏറ്റെടുത്തു. പ്രാര്‍ത്ഥിച്ച് ഒരുങ്ങിയശേഷം അപ്പൂപ്പനോടും അദ്ദേഹത്തിന്‍റെ മകനോടും രോഗിലേപനം എന്ന കൂദാശയുടെ പ്രാധാന്യം പറഞ്ഞുകൊടുത്തു. അവര്‍ യാതൊരു മടിയും കാണിക്കാതെ സമ്മതിച്ചു. അവരുടെ അമ്മൂമ്മയ്ക്ക് ഇങ്ങനെ ചെയ്തിരുന്നുവെന്ന കാര്യം ഓര്‍ത്തെടുത്ത് അവര്‍ സന്തോഷത്തോടെ രോഗിലേപനം സ്വീകരിക്കാന്‍ പെട്ടെന്നുതന്നെ തയ്യാറായി. മാത്രമല്ല, മകനും കുമ്പസാരിച്ച് പള്ളിയില്‍ പോകാനും സമ്മതിച്ചു. ഇതൊക്കെ നടന്നതിന്‍റെ ത്രില്ലില്‍ ഡോണല്‍ തന്‍റെ ഒപ്പം നാട്ടില്‍നിന്നും വന്നിരിക്കുന്ന മറ്റ് കൂട്ടുകാരോടും ഇങ്ങനെ ചെയ്യണമെന്ന് പറഞ്ഞുകൊടുക്കാനും തുടങ്ങി. അവരില്‍ പലരും ആശുപത്രിയില്‍ കെയര്‍ നഴ്‌സായും മറ്റും ജോലി ചെയ്യുകയാണ്.

നമ്മുടെ ഒരു തലമുറ ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ ആണല്ലോ. അതില്‍ നമ്മുടെ മക്കളും സുഹൃത്തുക്കളും ജീവിതപങ്കാളിയും കുടുംബവും ഉണ്ട്. കര്‍ത്താവാണ് നിങ്ങള്‍ക്ക് അതെല്ലാം തന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ നന്ദി പറയണം. നമ്മുടെ നന്ദി കുറച്ച് വാക്കുകളിലോ, സാമ്പത്തിക സഹായങ്ങളിലോ ഒതുങ്ങിനിന്നാല്‍ പോരാ. ശരിക്കും ഈശോയ്ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ നന്ദി ആത്മാക്കളെ നേടി കൊടുക്കുക എന്നതാണ്. ഇതിലും വലിയ പ്രത്യുപകാരം വേറെ എന്താണുള്ളത്?

ഒരാത്മാവിന് പകരം വയ്ക്കാന്‍ ഭൂമിയില്‍ മറ്റൊന്നുംതന്നെ ഇല്ലാത്തതിനാല്‍- നശിച്ചുപോകുന്ന, നഷ്ടപ്പെട്ടുപോകുന്ന ആത്മാക്കളെ തങ്ങളാല്‍ ആകുംവിധം ഈശോയിലേക്ക് അടുപ്പിച്ച്, കൂദാശകളിലേക്കും വചനത്തിലേക്കും കൊണ്ടുവന്ന് ഈശോയോടുള്ള നമ്മുടെ നന്ദിപ്രകടനം നടത്തണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. ഓര്‍ക്കുക, കഴിഞ്ഞ നാളുകളില്‍ അവിടുന്ന് നടത്തിയ വഴികള്‍. പകരം ഞാന്‍ എന്ത് ചെയ്യണം? ഇങ്ങനെ തോന്നുന്നുണ്ടെങ്കില്‍ ഇത് ചെയ്യുക.
വിദേശരാജ്യങ്ങളില്‍, പ്രത്യേകിച്ച് യൂറോപ്പ് പോലെയുള്ള സ്ഥലങ്ങളില്‍ നമുക്ക് കൊണ്ടുവരാവുന്ന ആത്മീയ ഉണര്‍വ്വിനെക്കുറിച്ച് ചിന്തിക്കാതെ പോകരുത്. ആത്മാക്കളെക്കുറിച്ചുള്ള ദാഹത്താല്‍, തീക്ഷ്ണതയോടെ എരിയുന്ന യുവസുഹൃത്തുക്കളേ, നമ്മള്‍ സ്‌നേഹത്തില്‍ സത്യം പറഞ്ഞുകൊണ്ട് ശിരസ്സാകുന്ന ക്രിസ്തുവിലേക്ക് ഇനിയും വളരണം. നമ്മുടെ വചനവും പ്രസംഗവും വിജ്ഞാനംകൊണ്ട് വശീകരിക്കുന്നതാകാതെ ആത്മാവിന്‍റെ വെളിപ്പെടുത്തലുകള്‍ ആകണം (1 കോറിന്തോസ് 2/4).

യേശുവിന് നമ്മുടെ ശുശ്രൂഷ ആവശ്യമുണ്ട്. തിരുസഭയ്ക്ക് നമ്മളെ ഓരോരുത്തരെയും വേണം. ഉണര്‍ന്ന് പ്രവര്‍ത്തിക്കുക. ”വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക” (2 തിമോത്തിയോസ് 4/2). യേശുവിന് സാക്ഷിയായി, ഉത്തമ കത്തോലിക്കാ വിശ്വാസിയായി ക്രിസ്തുവിന്‍റെ പരിമളമാകാന്‍ പരിശുദ്ധാത്മാവ് നമ്മെ ഏവരെയും സഹായിക്കട്ടെ.

'

By: ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM

More
ഡിസം 27, 2024
Encounter ഡിസം 27, 2024

തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള നെസ്റ്റ് ഡി അഡിക്ഷന്‍ സെന്ററില്‍ ഞാന്‍ നഴ്‌സായി ചെയ്തിരുന്ന സമയം. വയസ് 31 ആയതിനാല്‍ വിവാഹം കഴിക്കാന്‍ വീട്ടില്‍നിന്നും നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. വിവാഹത്തെക്കുറിച്ചുള്ള ചിന്തയോടെ ഒരു ധ്യാനത്തിനായി പോയി. നഴ്‌സുമാര്‍ക്കുള്ള ധ്യാനമായിരുന്നു അത്. ദൈവാലയത്തിലെ തൂണിനടുത്ത് ഒരു പെണ്‍കുട്ടിയെ കാണും. അവളോട് വിവാഹാഭ്യര്‍ത്ഥന നടത്താം എന്നുപോലും ഭാവനയില്‍ കണ്ടിരുന്നു. എന്നാല്‍ അങ്ങനെയൊരു പെണ്‍കുട്ടിയെ ധ്യാനത്തിനിടെ കണ്ടതേയില്ല. അതിനുപകരം മറ്റൊന്ന് സംഭവിച്ചു!
ഞാന്‍ കൗണ്‍സിലിംഗിനായി പോയത് ഒരു സിസ്റ്ററിന്‍റെയടുത്താണ്. വീട്ടിലെ പശ്ചാത്തലവും എന്‍റെ ചുരുക്കം വിവരങ്ങളുമെല്ലാം പങ്കുവച്ചതോടൊപ്പം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും പറഞ്ഞു. എന്നാല്‍ സിസ്റ്റര്‍ ചോദിച്ചത് വേറെന്തെങ്കിലും ആഗ്രഹമുണ്ടോ എന്നാണ്. വൈദികനാകാന്‍ മുമ്പ് ചിന്തിച്ചിരുന്നുവെന്നായിരുന്നു എന്‍റെ മറുപടി. അതേത്തുടര്‍ന്ന് വൈദികദൈവവിളിയെക്കുറിച്ചുള്ള ചിന്തയുമായി ആ ധ്യാനം കഴിഞ്ഞ് മടങ്ങി.
അമ്മാമ്മ ചൊല്ലിത്തന്നത്…

പള്ളിയും അനുബന്ധകാര്യങ്ങളുമായി ജീവിച്ചിരുന്നവരായിരുന്നു എന്‍റെ കുടുംബാംഗങ്ങള്‍. അപ്പാപ്പന്‍ കപ്യാരായിരുന്നു. അമ്മാമ്മയാകട്ടെ ഒരു ഭക്തസ്ത്രീയും. അമ്മാമ്മ പറയുന്നത് ഏറ്റുചൊല്ലുന്നതായിരുന്നു കുട്ടിക്കാലത്തെ എന്‍റെ പ്രാര്‍ത്ഥനാരീതി. എന്നും സ്‌കൂളിലേക്ക് പോകുന്നതിനുമുമ്പ് അമ്മാമ്മ ചൊല്ലിത്തരുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്, ”എല്ലാ കാര്യങ്ങളും നന്നായി പഠിക്കാന്‍ പറ്റണേ… കുറുമ്പ് കാണിക്കാന്‍ തോന്നരുതേ… അപ്പനെയും അമ്മയെയും ഒക്കെ നന്നായി നോക്കണേ… പഠിച്ചുപഠിച്ച് അച്ചനാക്കണേ…” ഞാനതെല്ലാം അതേപടി ഏറ്റുപറയും.
കാലം മുന്നോട്ടുപോയി. ഞാന്‍ തനിയെ പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു. സാവധാനം അമ്മാമ്മ പഠിപ്പിച്ചുതന്ന പ്രാര്‍ത്ഥനയെല്ലാം മാറി. കാലം കഴിയുന്തോറും വീട്ടിലെ സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള ചിന്ത എന്നെ മഥിച്ചു. എങ്ങനെയെങ്കിലും ഒരു ജോലി ചെയ്ത് അപ്പനെ സഹായിക്കണം എന്നായിരുന്നു മനസില്‍.

അതിനിടയില്‍ മെച്ചപ്പെട്ട മാര്‍ക്കോടെ പത്താം ക്ലാസ് വിജയിച്ചു. സയന്‍സ് വിഭാഗത്തില്‍ പ്ലസ് ടു പ്രവേശനവും കിട്ടി. അതിനാല്‍ത്തന്നെ പിന്നെ എങ്ങനെയെങ്കിലും പ്ലസ് ടു പൂര്‍ത്തിയാക്കുക, അതുകഴിഞ്ഞാലുടനെ എന്തെങ്കിലും ജോലി എന്നതായിരുന്നു ചിന്ത. ചിന്തിച്ചതുപോലെ പ്ലസ് ടു കഴിഞ്ഞപ്പോള്‍ അന്നത്തെ ഞങ്ങളുടെ വികാരിയച്ചനായിരുന്ന ഫാ.ജേക്കബ് മലയാറ്റി എസ്.ഡി.ബി വഴി ഒരു ഫോട്ടോസ്റ്റാറ്റ് കടയില്‍ ജോലി കിട്ടി. 800 രൂപയായിരുന്നു ആദ്യശമ്പളം. അച്ചന് അത് നല്‍കാമെന്ന് കരുതിയെങ്കിലും അച്ചന്‍ അത് വാങ്ങിയില്ല, പകരം ആ തുക വീട്ടില്‍ നല്കാന്‍ പറഞ്ഞയച്ചു.
ഒരു വരുമാനം കണ്ടെത്തിയ സന്തോഷത്തില്‍ മുന്നോട്ടുപോകുമ്പോള്‍, അല്പംകൂടി പഠിച്ചിരുന്നെങ്കില്‍ കൂടുതല്‍ നല്ല ജോലി ലഭിക്കുമായിരുന്നു എന്നു തോന്നി. പക്ഷേ സ്വയം പണം കണ്ടെത്തി ട്യൂഷന് പോയി പഠിക്കണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയിരിക്കേയാണ് ചേര്‍ന്ന ഒരു ‘ഓഫര്‍’ വരുന്നത്.

മാര്‍ക്കറ്റിലെ പയ്യന്‍

തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡിനോടനുബന്ധിച്ചുള്ള പച്ചക്കറി മാര്‍ക്കറ്റില്‍ ഒരു ചായക്കടയില്‍ ജോലി ചെയ്യാം. രാവിലെ 5.30 ആകുമ്പോള്‍ ജോലിക്കെത്തിയാല്‍ ഏതാണ്ട് 11 മണിയോടെ ജോലി കഴിയും. പിന്നെ ട്യൂഷന് പോകാം. മാത്രവുമല്ല, ജോലിക്കുള്ള പ്രതിഫലമായി പണവും രാവിലത്തെ ഭക്ഷണവും കിട്ടും. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ചായക്കടയിലെ ജോലി സ്വീകരിക്കാനുള്ള താത്പര്യക്കുറവ് മാറി.
അങ്ങനെ അവിടെ ജോലി തുടങ്ങി. ജോലിയുടെ ഭാഗമായി പച്ചക്കറിക്കടകളില്‍ ചായ കൊണ്ടുപോയി കൊടുക്കണം, അല്പനേരം കഴിഞ്ഞ് ഗ്ലാസുകള്‍ തിരിച്ചെടുക്കണം. അങ്ങനെ ആ കടകളിലുള്ളവരെയെല്ലാം പരിചയമായി. സേവിയേട്ടന്‍ എന്ന എന്‍റെ കടയുടമയോടുള്ള താത്പര്യവുംകൂടിയായതോടെ എന്‍റെ വീട്ടിലേക്ക് വേണ്ട പച്ചക്കറികള്‍ അവര്‍ സൗജന്യമായി തരാന്‍ തുടങ്ങി.
അങ്ങനെയിരിക്കേ ഒരു കടയുടമ എന്നോട് ചോദിച്ചു: ‘കടയില്‍ പച്ചക്കറി എടുത്തുകൊടുക്കാന്‍ നില്‍ക്കാമോ?’ ചിന്തിച്ചപ്പോള്‍ അത് കുറച്ചുകൂടി മെച്ചമുള്ള ജോലിയാണെന്ന് തോന്നിയതിനാല്‍ സ്വീകരിച്ചു. തുടര്‍ന്ന് വത്സന്‍ എന്ന ചേട്ടന്‍ അദ്ദേഹത്തിന്‍റെ കടയില്‍ കണക്കുകള്‍ എഴുതുന്ന റൈറ്റര്‍ ആയി എന്നെ എടുത്തു. അദ്ദേഹവും ഏറെ സഹായിച്ചു.

‘നിസ്വന്‍റെ’ ചോദ്യം

തുടര്‍ന്നാണ് തൃശൂര്‍ അതിരൂപതയുടെ ഫാമിലി അപ്പസ്‌തോലേറ്റ് സെന്ററില്‍ ജോലിക്കായി പോയത്. ആ സമയത്ത് ലൈബ്രറിയില്‍നിന്ന് ‘ദൈവത്തിന്‍റെ നിസ്വന്‍’ എന്ന നോവല്‍ വായിക്കാന്‍ എടുത്തു. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുടെ യഥാര്‍ത്ഥ ജീവിതത്തെ ആധാരമാക്കിയുള്ള ഒരു നോവല്‍. വാസ്തവത്തില്‍ ഒരു മനുഷ്യന് ഇങ്ങനെയൊക്കെ ആകാന്‍ കഴിയുമോ എന്ന ചിന്തയായിരുന്നു അത് വായിച്ചപ്പോള്‍ എന്‍റെ മനസില്‍. ആ പുസ്തകം അത്രമാത്രം സ്വാധീനിച്ചതിനാല്‍ വീണ്ടും അതുതന്നെ ലൈബ്രറിയില്‍നിന്ന് എടുത്തു.
അപ്പോഴെല്ലാം മനസില്‍ വിശുദ്ധ ഫ്രാന്‍സിസ് ചോദിക്കുന്നതുപോലെ, ”നിനക്കും ഇത് കഴിയുമോ?”
അപ്പോള്‍ ഞാനിങ്ങനെ മനസില്‍ പറയും, ”എനിക്ക് കഴിയില്ല ഫ്രാന്‍സിസ്! നീ ഫ്രാന്‍സിസ് ആണ്, ഞാന്‍ വെറും ലിജോ അല്ലേ?!!”

ഇങ്ങനെ പറയുമെങ്കിലും ഫ്രാന്‍സിസിനെപ്പോലെ ഒരു സമര്‍പ്പിതജീവിതം വേണമെന്ന ചിന്ത എന്‍റെ മനസില്‍ ഉണ്ടായിരുന്നു. എങ്കിലും വ്യക്തമായ ഒരു തീരുമാനമൊന്നും ഉണ്ടായില്ല. ഇങ്ങനെയൊക്കെയാണെന്നിരിക്കിലും നമ്മുടെ ദൈവവിളി മനസിലാക്കാനും സ്വീകരിക്കാനും നമ്മെ സഹായിക്കാന്‍ ദൈവം പലരെയും നിയോഗിക്കുമല്ലോ. അങ്ങനെ ചിലര്‍ എന്‍റെ ജീവിതത്തിലും എത്തി.
സിസ്റ്റര്‍ ജെസില്‍ നെടുമറ്റത്തില്‍ സി.എസ്.സി. ആയിരുന്നു അതിലൊരാള്‍. പ്രാര്‍ത്ഥനയും ത്യാ ഗവും സ്‌നേഹവും കരുതലുംവഴി എന്നെ തമ്പുരാന്‍റെ ബലിപീഠത്തിലേക്ക് നയിച്ചതില്‍ സിസ്റ്ററിന്‍റെയും കുടംബത്തിന്‍റെയും പിന്തുണ വലുതായിരുന്നു.

ഹോമിയോ ഡോക്ടര്‍ ആയ സിസ്റ്റര്‍ ലീമ എഫ്‌സിസിയും മറക്കാനാവാത്ത സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. ഫാമിലി അപ്പസ്‌തോലേറ്റ് ഓഫീസില്‍ ജോലി ചെയ്യവേ, ഒരിക്കല്‍ സിസ്റ്ററെ സന്ദര്‍ശിച്ചപ്പോള്‍ പ്രാര്‍ത്ഥിച്ച് ബൈബിള്‍ തുറക്കാന്‍ പറഞ്ഞു. അന്ന് എനിക്ക് ഏശയ്യായുടെ ഗ്രന്ഥം ആറാം അധ്യായമാണ് ലഭിച്ചത്. എട്ടാം വചനം എന്നില്‍ ആഴത്തില്‍ പതിഞ്ഞു, ”ആരെയാണ് ഞാന്‍ അയക്കുക? ആരാണ് നമുക്കുവേണ്ടി പോകുക? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍! എന്നെ അയച്ചാലും!” അന്ന് സിസ്റ്റര്‍ എനിക്കായി പ്രാര്‍ത്ഥിച്ചാണ് മടക്കിയയച്ചത്. എങ്കിലും വീട്ടിലെ കാര്യമോര്‍ത്തപ്പോള്‍ ഞാന്‍ മുന്നോട്ട് പോയില്ല.

മെയ്ല്‍ നഴ്‌സ്

അങ്ങനെയിരിക്കേ എനിക്ക് വലിയ താങ്ങായിരുന്ന ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ അന്തിക്കാടന്‍ മാറി ഫാ. വര്‍ഗീസ് കൂത്തൂര്‍ വന്നു. വര്‍ഗീസ് അച്ചനും എന്നെ വളരെയേറെ പിന്തുണച്ചു. മെയ്ല്‍ നഴ്‌സുമാര്‍ക്ക് നല്ല ജോലിസാധ്യതയുണ്ടെന്ന് പറഞ്ഞ് എന്നെ നഴ്‌സിംഗ് പഠനത്തിനയച്ചത് അദ്ദേഹമാണ്. അങ്ങനെ പുതിയ സാധ്യത തുറന്നുകിട്ടി.
അച്ചന്‍റെ കരുതലിലായിരുന്നു പഠനം. ആദ്യം ചെന്നൈയില്‍ ജോലി ചെയ്തശേഷം കുറച്ചുനാള്‍ തൃശൂര്‍ ചേറൂരിലുള്ള നെസ്റ്റ് ഡി അഡിക്ഷന്‍ സെന്ററിലായിരുന്നു ജോലി. എന്‍റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്നതിനായി അവിടെ ചാപ്പലില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു. അങ്ങനെയാണ് ധ്യാനത്തിന് പോകുന്നത്. തുടക്കത്തില്‍ പറഞ്ഞതുപോലെ, വിവാഹജീവിതത്തെക്കുറിച്ചുള്ള ചിന്തകളോടെയാണ് ധ്യാനത്തിന് പോയത്.

ഈശോ അത് മറന്നില്ല

അമ്മാമ്മയുടെ പ്രാര്‍ത്ഥനാനിയോഗം ഞാന്‍ മറന്നുപോയെങ്കിലും ഈശോ മറന്നിരുന്നില്ല എന്ന് വ്യക്തമാക്കുന്ന ചിന്തകളുമായാണ് ആ ധ്യാനത്തില്‍നിന്നുള്ള മടക്കം. വൈദികദൈവവിളി സ്വീകരിക്കുന്നതിനായി അപ്പോള്‍ എന്‍റെ മനസില്‍ രണ്ട് വ്യവസ്ഥകളാണ് ഉണ്ടായിരുന്നത്: കുടുംബത്തിന് സ്വന്തം വീട് വേണം, വീട്ടുകാര്യങ്ങള്‍ നോക്കിനടത്താന്‍ അനുജന് സാധിക്കണം. ഈ രണ്ട് ആവശ്യങ്ങളും താമസിയാതെ നിറവേറി. സ്വന്തമായി വീട് ലഭിച്ചു; അനുജന് വിദേശത്ത് ജോലിയുമായി. അതോടെ എനിക്ക് വൈദികനാകുന്നതിനുള്ള സാധ്യത തെളിഞ്ഞു. ആദ്യം അനുജന്‍ ലിന്റോയോടാണ് ഇക്കാര്യം പറഞ്ഞത്. അവന്‍ പൂര്‍ണ പിന്തുണ തന്നു. ശേഷം അപ്പനും അമ്മയും അനുജത്തിയുമെല്ലാം അടങ്ങുന്ന കുടുംബത്തോടും കാര്യം അവതരിപ്പിച്ചു. എന്നെക്കുറിച്ചുള്ള അവരുടെ സ്വപ്നം മറ്റൊന്നായിരുന്നെങ്കിലും ആരും എതിര്‍ത്തില്ല; എന്‍റെ ആഗ്രഹത്തിന് ഒപ്പം നിന്നു.

എനിക്ക് ലഭിച്ച ദൈവവിളിയെ സംബന്ധിച്ച് പറയുമ്പോള്‍ 1കോറിന്തോസ് 1/26-29 വചനങ്ങളാണ് ഓര്‍മ വരിക: ”സഹോദരരേ, നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ദൈവവിളിയെപ്പറ്റിത്തന്നെ ചിന്തിക്കുവിന്‍. ലൗകികമാനദണ്ഡമനുസരിച്ച് നിങ്ങളില്‍ ബുദ്ധിമാന്‍മാര്‍ അധികമില്ല; ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്‍മാരായവരെ ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും. നിലവിലുള്ളവയെ നശിപ്പിക്കാന്‍വേണ്ടി ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തിരഞ്ഞെടുത്തു.” അതിന്‍റെ കാരണവും തുടര്‍ന്നുള്ള വചനത്തില്‍ പറയുന്നു, ”ദൈവസന്നിധിയില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്.”

അങ്ങനെ കര്‍ത്താവിന്‍റെ തിരഞ്ഞെടുപ്പ് മുഖാന്തിരം 31-ാം വയസില്‍ ഞാന്‍ വൈദികവിദ്യാര്‍ത്ഥിയായി. 2024 ഏപ്രില്‍ പത്തിന് രാമനാഥപുരം രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ടില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ഇന്ന് വൈദികനായി ജീവിക്കുമ്പോള്‍ തിരുപ്പട്ടസ്വീകരണദിനത്തില്‍ പറഞ്ഞ തിരുവചനം ആവര്‍ത്തിക്കാനാണ് എനിക്കിഷ്ടം. ”അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നുകിട്ടിയിരിക്കുന്നത്; വിശിഷ്ടമായ അവകാശം എനിക്ക് ലഭിച്ചിരിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 16/6).

'

By: ഫാ. ലിജോ വര്‍ഗീസ് പതിപ്പറമ്പന്‍

More
ഡിസം 20, 2024
Encounter ഡിസം 20, 2024

2022 മാര്‍ച്ച് 25-ന് പരിശുദ്ധ അമ്മയുടെ മംഗളവാര്‍ത്ത തിരുനാളിന് ഞങ്ങളുടെ കുടുംബത്തിലെ മൂന്നുപേരെ സംബന്ധിച്ചുള്ള മംഗളകരമല്ലാത്ത വാര്‍ത്തകളാണ് ലഭിച്ചത്. ഒന്നാമതായി മൂത്ത സഹോദരന്‍റെ ഭാര്യ റോസിലിക്ക് ഗര്‍ഭപാത്രത്തില്‍ മുഴ. ഉടനെ ഓപ്പറേഷന്‍ ചെയ്ത് ബയോപ്‌സിക്ക് കൊടുക്കണം. രണ്ടാമത് റോസിലിചേച്ചിയുടെ സഹോദരന്‍ ഫ്രാന്‍സിസിന് കഴുത്തില്‍ മുഴ. ഓപ്പറേഷന്‍ ഉടനെ ചെയ്ത് ബയോപ്‌സി ചെയ്യണം. ഇവര്‍ രണ്ടുപേരെയും ഓപ്പറേഷനിലൂടെ, അധികം താമസിയാതെതന്നെ തമ്പുരാന്‍ സുഖപ്പെടുത്തി. റോസിലിചേച്ചിക്ക് വിശുദ്ധ എവുപ്രാസ്യാമ്മയുടെ മാധ്യസ്ഥ്യവും ഫ്രാന്‍സിസിന് കൃപാസനത്തിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യവും ലഭ്യമായി.

മൂന്നാമത്തേത് എന്‍റെ മൂത്ത സഹോദരിയായ ഫിലോമിനയുടേതായിരുന്നു. ചേച്ചിയെ സംബന്ധിച്ച് വ്യത്യസ്തമായ വഴികളായിരുന്നു തമ്പുരാന്‍ ഒരുക്കിയിരുന്നത്. 2022 മാര്‍ച്ച് 23-ന് ചേച്ചിക്ക് ശക്തിയായ ബ്ലീഡിങ്ങ് ഉണ്ടായി. ഭര്‍ത്താവും മകനും ജോലിക്ക് പോയതിനാല്‍ അടുത്ത വീട്ടിലെ നഴ്‌സ് പെണ്‍കുട്ടിയാണ് ചേച്ചിയെ ആശുപത്രിയിലെത്തിച്ചത്. രണ്ടു ദിവസത്തിനുശേഷം എല്ലാ ടെസ്റ്റുകളുടെയും റിപ്പോര്‍ട്ട് കിട്ടി. ഗര്‍ഭപാത്രത്തില്‍ കാന്‍സര്‍- നാലാമത്തെ സ്റ്റേജ്. കുടുംബം മുഴുവന്‍ തോരാത്ത കണ്ണീരിലായി. പൂനെയില്‍ സേവനം ചെയ്തുകൊണ്ടിരുന്ന ഞാനും ആശുപത്രിയില്‍ എത്തി. ചേച്ചി നിര്‍ബന്ധപൂര്‍വം പറഞ്ഞു: ”എന്നെ കീറിമുറിക്കേണ്ട. എന്‍റെ തമ്പുരാന്‍ എന്നെ നോക്കിക്കൊള്ളും.” ”കര്‍ത്താവാണ് എന്‍റെ ഇടയന്‍; എനിക്ക് ഒന്നിനും കുറവുണ്ടാവുകയില്ല” എന്ന 23/1 സങ്കീര്‍ത്തനമായിരുന്നു ചേച്ചിയുടെ ബലം.

ചേച്ചിക്ക് ഓപ്പറേഷന് വിധേയയാകാനുള്ള ആരോഗ്യം ഇല്ലാത്തതിനാലും ശരീരത്തിലെ എല്ലായിടത്തേക്കും പെട്ടെന്ന് പടരാന്‍ സാധ്യതയുള്ളതിനാലും ഡോക്‌ടേഴ്‌സ് ഓപ്പറേഷന്‍ ചെയ്യണ്ട എന്നുതന്നെ തീരുമാനിച്ചു. ആദ്യം ആറു കീമോതെറാപ്പി, പിന്നെ 20 റേഡിയേഷന്‍. ആറു കീമോയും പത്ത് റേഡിയേഷനും കഴിഞ്ഞപ്പോള്‍ മരുന്ന് മതിയെന്ന് പറഞ്ഞ് ആറുമാസം മരുന്ന് കഴിച്ചു. കീമോ ചെയ്യുന്ന സമയത്ത് നഴ്‌സ് ചോദിക്കും, ‘അമ്മേ, വേദനയുണ്ടോ?’
‘ഇല്ല’ എന്ന് ചേച്ചി പറയും. ഓരോ കീമോ കഴിയുമ്പോഴും പറയുന്നതിങ്ങനെയാണ്: ”മോളേ, ഞാന്‍ കീമോ ചെയ്യാന്‍ കിടക്കുമ്പോള്‍ എപ്പോഴും കാണുന്നത് നമ്മുടെ ഈശോ കുരിശില്‍ കിടന്ന് രക്തം ഒഴുക്കി, വേദനകൊണ്ട് പിടയുന്നതാണ്. അത് കാണുമ്പോള്‍ എന്‍റെ വേദനയൊന്നും എനിക്ക് വേദനയായേ തോന്നാറില്ല. സഹിക്കാന്‍ പ്രത്യേക ശക്തി, ഈ കാഴ്ചയിലൂടെത്തന്നെ എനിക്ക് കിട്ടുന്നുണ്ട്.” ആറോ എട്ടോ മണിക്കൂറുകള്‍ക്കുശേഷം ആശുപത്രിയില്‍നിന്ന് തിരിച്ചുവന്ന് അത്യാവശ്യം ചോറും ഒരു കറിയുംമാത്രം പെട്ടെന്ന് ചേച്ചിതന്നെ വച്ച്, വേഗം വന്ന് കിടക്കും. കിടന്നുകൊണ്ട് ശാലോം ടിവിയിലെ വിശുദ്ധ ബലിയിലും കരുണക്കൊന്തയിലും ജപമാലയിലും എല്ലാം സംബന്ധിക്കും. രാത്രിയില്‍ രോഗത്തിന്‍റെ അസ്വസ്ഥതകളാല്‍ ഉറങ്ങാതെ കിടക്കുമ്പോഴും കൈയിലെ ജപമാലമണികള്‍ ഉരുട്ടിക്കൊണ്ടേയിരിക്കും.

2023 മാര്‍ച്ചില്‍ ആറാമത്തെ എംആര്‍ഐ സ്‌കാന്‍ റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ കുറെപ്പേരുടെ അഭിപ്രായം ചേച്ചിയെ പാലിയേറ്റീവ് സെന്ററിലേക്ക് മാറ്റിയാലോ എന്നായിരുന്നു. ഇക്കാര്യം ചേട്ടനെയും മകനെയും മകളെയും അറിയിക്കാന്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്. തമ്പുരാന്‍റെ വലിയ ശക്തി, തിരുവചനത്തിലൂടെ അനുഭവിച്ചറിഞ്ഞിട്ടുള്ള ഞങ്ങളുടെ കുടുംബത്തിലെതന്നെ ഫാ. ജിജോ തട്ടില്‍ സിഎംഐയും ഞാനും തീരുമാനിച്ചു, അവരോട് ഇക്കാര്യം പറയുന്നില്ല എന്ന്. പകരം ഞങ്ങളും കുടുംബത്തിലുള്ളവരും കഴിയുന്നത്രയും ജപമാലകള്‍ ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ തീരുമാനിച്ചു. 2023 ഏപ്രില്‍മാസത്തില്‍ വീണ്ടും ആറ് കീമോ ചെയ്യാനുള്ള ഡോക്‌ടേഴ്‌സിന്‍റെ നിര്‍ദേശമനുസരിച്ച് അതെല്ലാം ചെയ്തശേഷം വീണ്ടും എംആര്‍ഐ സ്‌കാന്‍ എടുത്തു. ഈ റിപ്പോര്‍ട്ടിന് എല്ലാവരും ശ്വാസമടക്കിയാണ് കാത്തിരുന്നത്. 2024 മാര്‍ച്ച് ആദ്യ ആഴ്ചയില്‍ റിപ്പോര്‍ട്ട് കിട്ടി. തമ്പുരാന്‍ തൊട്ട് സുഖപ്പെടുത്തിയതിന്‍റെ തെളിവായിരുന്നു ആ റിപ്പോര്‍ട്ട്.

ചേച്ചിയെ ചികിത്സിച്ച മുസ്ലീം ലേഡി ഡോക്ടര്‍ ആ റിപ്പോര്‍ട്ട് കണ്ടതിനുശേഷം പറഞ്ഞതിങ്ങനെയാണ്: ”അമ്മേ, ഇതിലൊന്നും കാണാനില്ലല്ലോ. അമ്മയുടെ ദൈവം ശക്തനാണ്. ധൈര്യമായിരുന്നോളൂ. ദൈവം അമ്മയുടെ കൂടെയുണ്ട്…!”
തല്‍ക്കാലം മാറിനില്‍ക്കുന്ന കാന്‍സര്‍, പിന്നീട് ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ വരുന്നത് സാധാരണമായതിനാല്‍ 2024 ഏപ്രില്‍, മെയ് മാസത്തിനുള്ളില്‍ 25 റേഡിയേഷന്‍സ് ചെയ്യാന്‍ ഡോക്‌ടേഴ്‌സ് തീരുമാനിച്ചു. ഒരുപാട് നിര്‍ബന്ധത്തിനുശേഷം ചേച്ചി സമ്മതിച്ചു.

ജൂലൈ 16-ന് ഇടവകപ്പള്ളിയില്‍ പരിശുദ്ധ കര്‍മല മാതാവിന്‍റെ തിരുനാളിനുമുമ്പ് എല്ലാം തീരണം എന്നേ ചേച്ചി ആഗ്രഹിച്ചുള്ളൂ. റേഡിയേഷന്‍റെ അധികചൂടുകാരണം മൂലക്കുരുവിന്‍റെ പ്രശ്‌നം അധികമായപ്പോഴും നീറ്റലും വേദനയും ശക്തിയായപ്പോഴും വീടിനടുത്തുള്ള പള്ളിയില്‍ ചൊവ്വാഴ്ചയും ഞായറാഴ്ചയും ദിവ്യബലിയില്‍ ചേച്ചി സംബന്ധിക്കുമായിരുന്നു. കൂടാതെ ആഗ്രഹിച്ച തിരുനാളില്‍ സംബന്ധിക്കാനും സാധിച്ചു. പരിശുദ്ധ കര്‍മല മാതാവിന് കിരീടം അണിയിച്ചപ്പോള്‍ അമ്മയുടെ പുഞ്ചിരി കാണാനും അമ്മ ശക്തിപ്പെടുത്തുന്ന അനുഭവം സ്വന്തമാക്കാനും ചേച്ചിയെ നല്ല തമ്പുരാന്‍ അനുഗ്രഹിച്ചു.
”കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ അവിടുത്തെ പ്രകീര്‍ത്തിക്കും; അവര്‍ എന്നും സന്തുഷ്ടരായി ജീവിക്കും” (സങ്കീര്‍ത്തനം 22/26). ദൈവമേ ഒരായിരം നന്ദി… ഈശോയുടെയും എന്‍റെയും അമ്മേ… ഒരുപാട് നന്ദി.

'

By: സിസ്റ്റര്‍ ജീന തെരേസ് സിഎംസി

More
ഡിസം 16, 2024
Encounter ഡിസം 16, 2024

ഉത്തരേന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലേക്ക് മിഷനുവേണ്ടി ചെന്നിറങ്ങിയത് ഒരു സന്ധ്യാസമയത്താണ്. നാളുകളായി മനസില്‍ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു മിഷന്‍. ഒടുവില്‍, പരിചയമുള്ള ഒരു വൈദികന്‍വഴിയാണ് ത്രിപുരയിലെ ആ മിഷന്‍പ്രദേശത്തേക്കുള്ള യാത്ര ക്രമീകരിക്കപ്പെട്ടത്. ഭാര്യയുമുണ്ട് ഒപ്പം. നാളുകളോളം പട്ടാളത്തില്‍ സേവനം ചെയ്തശേഷം ആരോഗ്യപ്രശ്‌നങ്ങള്‍നിമിത്തം സ്വയം വിരമിക്കുകയായിരുന്നു ഞാന്‍. ജോലിയുടെ ഭാഗമായി, ഉത്തരേന്ത്യയിലായിരുന്നു ഭാര്യാസമേതം ഏറെക്കാലവും ചെലവിട്ടത്. ഭാര്യയാകട്ടെ ഹിന്ദി അധ്യാപികയും. അതിനാല്‍ ഇരുവരും സാമാന്യം ഹിന്ദി കൈകാര്യം ചെയ്യും. ഞങ്ങളുടെ ഹിന്ദി പരിജ്ഞാനം മിഷനുവേണ്ടി ഉപയോഗിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം യാഥാര്‍ത്ഥ്യമായതിന്‍റെ സന്തോഷവും അതോടൊപ്പം അപരിചിതമായ സ്ഥലത്ത് എത്തിയതിന്‍റെ ആശങ്കയും സമ്മിശ്രമായ നിമിഷങ്ങള്‍.

മിഷനിലെ അത്ഭുതങ്ങള്‍

ഞങ്ങളെ സ്വീകരിച്ച് താമസിപ്പിക്കാന്‍ ഒരു കുടുംബം തയാറാണെന്ന് അറിയിച്ചിരുന്നു. അതനുസരിച്ച് ഞങ്ങളെ അവിടെെയത്തിച്ചവര്‍ വാഹനവുമായി മടങ്ങി. എന്നാല്‍ ഞങ്ങളെ സ്വീകരിക്കാമെന്ന് പറഞ്ഞ കുടുംബം അവര്‍ക്ക് വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് പറഞ്ഞ് അവസാനനിമിഷത്തില്‍ പിന്‍മാറിയെന്ന് അറിയിപ്പ് ലഭിച്ചു. അവിടെ നിസ്സഹായരായി നില്‌ക്കേ ആ പ്രദേശത്തുള്ള ദരിദ്രരായ ഒരു ക്രൈസ്തവകുടുംബം ഞങ്ങളെ സ്വീകരിക്കാന്‍ തയാറായി മുന്നോട്ടുവന്നു. അവരുടെ ഉപജീവനമാര്‍ഗം ഒരു ചെറിയ തട്ടുകടയില്‍ ചായ ഉണ്ടാക്കി വില്‍ക്കലായിരുന്നു. സാധാരണയായി 250 ചായയോളം വില്‍ക്കും. ഞങ്ങളെ സ്വീകരിച്ചതിന്‍റെ പിറ്റേന്ന് ഒരു അത്ഭുതകരമായ ദൈവിക ഇടപെടല്‍ അവരുടെ ജീവിതത്തിലുണ്ടായി. പതിവുള്ള 250 ചായയ്ക്കുപകരം അന്ന് വിറ്റുപോയത് ഏതാണ്ട് 2000 ചായ!!
അത് അവരെ വളരെയധികം സ്വാധീനിച്ചു.

വിശ്വാസവര്‍ധനവിന് കാരണമാവുകയും ചെയ്തു. സാവധാനം അവരുടെകൂടെ സഹായത്തോടെ മറ്റ് ക്രൈസ്തവകുടുംബങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ തുടങ്ങി. ക്രൈസ്തവവിശ്വാസം സ്വീകരിച്ച ഏറെപ്പേരുണ്ടെങ്കിലും സജീവമായി വിശ്വാസത്തില്‍ നിലനില്‍ക്കുന്നവരും ദിവ്യബലിക്കായി വരുന്നവരും കുറവായിരുന്നു. അതിനാല്‍ത്തന്നെ അവരെ വിശ്വാസത്തോടും ദൈവാലയത്തോടും അടുപ്പിക്കാനായിട്ടാണ് ഞങ്ങളെ അയച്ച വൈദികന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. അതിനായുള്ള പരിശ്രമങ്ങളില്‍ ഞങ്ങള്‍ മുഴുകി.
ഒരു സായാഹ്നത്തില്‍ സന്ദര്‍ശനത്തിനായി പോയത് ബൈക്ക് അപകടത്തില്‍ നടുവൊടിഞ്ഞ് കിടപ്പിലായ ഒരു സഹോദരിയുടെ വീട്ടിലാണ്. ഒരു കുന്നിന്‍മുകളിലായിരുന്നു അവരുടെ വീട്. ഞങ്ങള്‍ അവരുടെ വിശേഷങ്ങള്‍ ചോദിച്ച് ആ കുടുംബത്തിനായി പ്രാര്‍ത്ഥിച്ച് മടങ്ങി.
പിറ്റേന്ന്, സജീവവിശ്വാസികളുടെ സഹായത്തോടെ ദൈവാലയത്തില്‍ ഒരു പ്രാര്‍ത്ഥനാകൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. അതിലേക്ക് ഒരു സ്ത്രീ നടന്നുകയറിവന്നു. ശ്രദ്ധിച്ചപ്പോള്‍ അത് തലേന്ന് ഞങ്ങള്‍ സന്ദര്‍ശിച്ച വീട്ടിലെ കിടപ്പിലായിരുന്ന സഹോദരി!

മാസങ്ങളോളമായി അവര്‍ ദൈവാലയത്തില്‍ വന്നിട്ടില്ലെന്ന് അവിടെ എല്ലാവര്‍ക്കും അറിയാം. അവരെല്ലാം ആശ്ചര്യത്തോടെ നോക്കിനില്‍ക്കേ അവര്‍ വന്ന് തനിക്ക് സംഭവിച്ചതിനെക്കുറിച്ച് വിവരിച്ചു. തലേന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിച്ച് മടങ്ങിയതിനുശേഷം അര്‍ധരാത്രിയോടെ അവര്‍ ഈശോയെ സ്വപ്‌നത്തില്‍ കണ്ടു. എഴുന്നേറ്റുനില്‍ക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ് ഈശോ അവരെ അനുഗ്രഹിച്ചു. അങ്ങനെ അവര്‍ ധരിച്ചിരുന്ന ബെല്‍റ്റ് ഊരിമാറ്റി എഴുന്നേറ്റുനിന്നു. അവര്‍ സൗഖ്യപ്പെട്ടുകഴിഞ്ഞിരുന്നു!!
ആനന്ദക്കണ്ണീരോടെ അവര്‍ അക്കാര്യം സാക്ഷ്യപ്പെടുത്തിയതോടെ അവിടെ കൂട്ടനിലവിളികളോടെ പ്രാര്‍ത്ഥനയുയര്‍ന്നു. അവരെല്ലാം ആഴമായ വിശ്വാസത്തിലേക്ക് വന്നു. ആ സ്ത്രീയുടെ നിരീശ്വരവാദിയായിരുന്ന ഭര്‍ത്താവും വിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. പില്ക്കാലത്ത് അദ്ദേഹം അനേകം അവിശ്വാസികളെ വിശ്വാസത്തിലേക്ക് നയിക്കുന്ന ശുശ്രൂഷകനാകുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇന്നോളം സുവിശേഷത്തിനായി ജീവിക്കാന്‍ ഈശോ കൃപ തരുന്നു. അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും അവിടുന്ന് വചനം സ്ഥിരീകരിക്കുന്നുമുണ്ട്.

പെട്രോള്‍ പമ്പില്‍ സംഭവിച്ചത്…

എനിക്കുമുണ്ടായിരുന്നു വേദന നിറഞ്ഞ ഒരു ഭൂതകാലം. കഷ്ടത നിറഞ്ഞ ആ കാലങ്ങളില്‍ ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായിരുന്ന ഞാന്‍. അമ്മയുടെ രോഗം, വിവാഹപ്രായമെത്തിയ സഹോദരിമാര്‍… എല്ലാം എന്നെ ഏറെ വിഷമിപ്പിച്ചു. ആ സമയത്ത് പരിചയമുള്ള ഒരു ചേട്ടനിലൂടെ എനിക്ക് ലഭിച്ച ശാലോം ടൈംസ് മാസികയാണ് എന്‍റെ ജീവിതം മാറ്റിമറിച്ചത്. മാസിക ഞാന്‍ സ്ഥിരമായി വാങ്ങിവായിക്കാന്‍ തുടങ്ങി. സാവധാനം സമീപത്തുള്ള ജീസസ് യൂത്ത് കൂട്ടായ്മയുമായി ബന്ധപ്പെടാന്‍ സാഹചര്യം ഒരുങ്ങി. മറ്റ് പ്രാര്‍ത്ഥനകളെക്കാളേറെ അവര്‍ എനിക്ക് ജപമാലപ്രാര്‍ത്ഥനയാണ് പഠിപ്പിച്ചുതന്നത്. അതിലൂടെ ഞാന്‍ മരിയഭക്തിയിലും അതുവഴി ഈശോയോടുള്ള ബന്ധത്തിലും വളര്‍ന്നു. പിന്നീട് ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ധ്യാനത്തിലൂടെ ഈശോയെ കൂടുതല്‍ അറിയാന്‍ സാധിച്ചു. അമ്മയ്ക്ക് ധ്യാനത്തിലൂടെ സൗഖ്യം ലഭിച്ചു. സഹോദരിമാരെ വിവാഹം കഴിപ്പിച്ചയക്കാന്‍ വഴികളൊരുങ്ങി.

ഈശോയോട് പറഞ്ഞ വാശി

അന്നെല്ലാം മാമ്മോദീസ സ്വീകരിക്കാന്‍ ഞാനേറെ ആഗ്രഹിച്ചിരുന്നു. പക്ഷേ, വിശ്വാസത്തിലേക്ക് വന്ന് ഒരു സ്ഥിരതയായിട്ടേ മാമോദീസ സ്വീകരിക്കാവൂ എന്നാണ് വൈദികരിലൂടെ അറിഞ്ഞത്. അത് ശരിയാണെങ്കിലും എനിക്കത് ഉള്‍ക്കൊള്ളാന്‍ വിഷമമായിരുന്നു. അതിനാല്‍ ഞാനന്ന് കര്‍ത്താവിനോട് വാശിപിടിച്ച് ഒരു കാര്യം പറഞ്ഞു: ”ഇനി ഈശോ നേരിട്ട് എന്നോട് പറയാതെ ഞാന്‍ മാമോദീസ സ്വീകരിക്കുകയില്ല.” അല്പനാള്‍ കഴിഞ്ഞ് ദൈവാനുഗ്രഹത്താല്‍, എനിക്ക് പട്ടാളത്തില്‍ ജോലിയായി. പിന്നീട് ഉത്തരേന്ത്യയിലായിരുന്നു ജീവിതം.
പഞ്ചാബില്‍ സര്‍വീസിലിരിക്കുന്ന കാലം. ഇന്ത്യന്‍ പാര്‍ലമെന്റിനകത്ത് പാക്കിസ്ഥാനി തീവ്രവാദികള്‍ വന്ന് വെടിയുതിര്‍ത്തതിന്‍റെ അനന്തരഫലമായി ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യം വന്നു. ഞങ്ങള്‍ പട്ടാളക്കാര്‍ മുഴുവന്‍ അതിര്‍ത്തിയിലേക്ക് നീങ്ങി. സര്‍ക്കാര്‍ ഏതു സമത്ത് യുദ്ധം പ്രഖ്യാപിച്ചാലും യുദ്ധം ആരംഭിക്കാന്‍ തയാറെടുത്താണ് കഴിയുന്നത്. അല്പനാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് യുദ്ധമുഖത്തേക്ക് സാധനങ്ങള്‍ കയറ്റിവിടുന്ന ഉത്തരവാദിത്വം നല്കപ്പെട്ടു. അതിനാല്‍ മറ്റ് തിരക്കുകള്‍ കുറഞ്ഞു. അതിനാല്‍ അവിടെയായിരിക്കുമ്പോള്‍ എല്ലാ ദിവസവും നല്ലവണ്ണം പ്രാര്‍ത്ഥിക്കുകയും ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഈശോ നേരിട്ട് പറഞ്ഞത്…

അക്കാലങ്ങളിലെല്ലാം ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരു നിയോഗമുണ്ട്, മരിക്കുമ്പോള്‍ കൃപയിലായിരിക്കണമെന്ന്. കൃപയില്‍ ആയിരിക്കുക എന്നാല്‍, എല്ലാ ദിവസവും ജപമാല ചൊല്ലുക, ബൈബിള്‍ വായിക്കുക, പ്രാര്‍ത്ഥിക്കുക എന്നെല്ലാമാണ് ഞാന്‍ ധരിച്ചിരുന്നത്. അതിനാല്‍ ഒരു ദിവസം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാനിങ്ങനെ ചിന്തിച്ചു, ”ഇപ്പോള്‍ മരിച്ചാല്‍ ഞാന്‍ സ്വര്‍ഗത്തില്‍ പോകും. പ്രാര്‍ത്ഥനയിലും ഒരുക്കത്തിലുമൊക്കെയാണല്ലോ.” പെട്ടെന്ന് ഉള്ളില്‍ പരിശുദ്ധാത്മാവിന്‍റെ ശക്തമായ സ്വരം: ”ഇപ്പോള്‍ മരിച്ചാല്‍ നീ സ്വര്‍ഗത്തില്‍ പോകുമെന്ന് ആരാണ് പറഞ്ഞത്?!”
ആ സ്വരം വീണ്ടും വീണ്ടും കേട്ടു. പെട്ടെന്ന് ഞാന്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി എന്‍റെ സൈക്കിള്‍ എടുത്ത് റൂമിലേക്ക് പോയി. അവിടെച്ചെന്ന് കതകടച്ച് മെഴുകുതിരി കത്തിച്ചുവച്ച് മുട്ടിന്മേല്‍നിന്ന് പ്രാര്‍ത്ഥിച്ചു: ”കര്‍ത്താവേ, എന്നോട് സംസാരിക്കണം.”

പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ബൈബിള്‍ എടുത്ത് വായിക്കാനായി പ്രേരണ കിട്ടി. അങ്ങനെ ഒരു വചനഭാഗം തുറന്ന് വായിച്ചു: യോഹന്നാന്‍ 3/5- ”സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല.” അത് മാമ്മോദീസയെക്കുറിച്ചാണെന്ന് മനസിലായെങ്കിലും വീണ്ടും സംശയം. അതിനാല്‍ ബൈബിളിന്‍റെ അവസാനഭാഗം തുറന്ന് വായിച്ചു. തുറക്കുമ്പോള്‍ വിരല്‍ വയ്ക്കുന്ന ഭാഗം ഏതാണോ അതിലൂടെ കര്‍ത്താവ് സംസാരിക്കുമെന്ന ബോധ്യത്തിലാണ് അന്ന് വചനം വായിച്ചിരുന്നത്. അങ്ങനെ വീണ്ടും ലഭിച്ച വചനഭാഗം 1പത്രോസ് 3/19-21 ആയിരുന്നു: ”…പെട്ടകത്തിലുണ്ടായിരുന്ന എട്ടുപേര്‍മാത്രമേ ജലത്തിലൂടെ രക്ഷപ്രാപിച്ചുള്ളൂ. അതിന്‍റെ സാദൃശ്യമുള്ള ജ്ഞാനസ്‌നാനം ഇപ്പോള്‍ നിങ്ങളെ രക്ഷിക്കുന്നു. അത് നിങ്ങളുടെ ശരീരത്തിലെ മാലിന്യത്തിന്‍റെ നിര്‍മാര്‍ജനമല്ല; മറിച്ച്, ശുദ്ധമന:സാക്ഷിക്കായി യേശുക്രിസ്തുവിന്‍റെ ഉത്ഥാനംവഴി ദൈവത്തോട് നടത്തുന്ന പ്രാര്‍ത്ഥനയാണ്.”

‘മാമ്മോദീസ വേണം, ഇപ്പോള്‍ത്തന്നെ’

മാമോദീസ സ്വീകരിക്കുക എന്നത് നിര്‍ബന്ധമാണ് എന്നെനിക്ക് ഉറപ്പായി. ഉടനെ സൈക്കിള്‍ എടുത്ത് അഞ്ചുകിലോമീറ്റര്‍ ദൂരത്തുള്ള അബോഹര്‍ സേക്രഡ് ഹാര്‍ട്ട് ദൈവാലയത്തിലേക്ക് പോയി. അവിടെയാണ് ഏതാണ്ട് പത്ത് പട്ടാളക്കാര്‍ക്കൊപ്പം ഞായറാഴ്ചകളില്‍ ഞാന്‍ പോകാറുള്ളത്. ഈശോയെക്കുറിച്ച് പങ്കുവച്ചും പ്രാര്‍ത്ഥിച്ചുമൊക്കെ ചെറിയ അനുഭവങ്ങള്‍ ലഭിച്ചിട്ടുള്ള മറ്റ് പട്ടാളക്കാരാണ് എന്നോടൊപ്പം കുര്‍ബാനയ്ക്ക് വന്നിരുന്നത്. ക്രൈസ്തവനായിരുന്ന ഞങ്ങളുടെ മേധാവി എന്നെക്കുറിച്ച് പറയുകയും ചെയ്തിട്ടുള്ളതുകൊണ്ട് അവിടത്തെ വികാരിയായിരുന്ന ഫാ. സണ്ണി കുരിശുംമൂട്ടിലിന് എന്നെ കാര്യമായിരുന്നു. മാമോദീസ സ്വീകരിക്കണമെന്ന് അച്ചനോട് പറഞ്ഞപ്പോള്‍ ‘സഭയുടെ കുറച്ച് നിയമങ്ങളൊക്കെ പഠിക്കണം, വേദോപദേശം പഠിക്കണം, അതുകൊണ്ട് നീ കുറച്ച് കാത്തിരിക്കണം’ എന്നുമാത്രമേ പറഞ്ഞുള്ളൂ. തുടര്‍ന്ന് ചെറിയൊരു പുസ്തകം എനിക്കെടുത്തുതന്നു.

ഉടനെതന്നെ മാമ്മോദീസ സ്വീകരിക്കണമെന്നാണല്ലോ എന്‍റെ ആഗ്രഹം. അതിനാല്‍ ഞാന്‍ അവിടെയിരുന്നുതന്നെ അതെല്ലാം പഠിക്കുവാന്‍ ശ്രമിച്ചു. ജപമാലയുള്‍പ്പെടെ കുറെ പ്രാര്‍ത്ഥനകള്‍ എനിക്കറിയാമായിരുന്നു. പിന്നെ ചില പ്രാര്‍ത്ഥനകള്‍മാത്രമേ പഠിക്കാനുണ്ടായിരുന്നുള്ളൂ. അവയെല്ലാം പരിശുദ്ധാത്മാവിന്‍റെ പ്രത്യേകസഹായം ചോദിച്ച് അവിടെയിരുന്ന് തീവ്രമായി പഠിക്കുകയാണ് ചെയ്തത്. രണ്ടുമണിക്കൂര്‍ കഴിഞ്ഞ് അച്ചന്‍ പുറത്തേക്ക് വന്നപ്പോഴുണ്ട് ഞാന്‍ അവിടെത്തന്നെ ഇരിക്കുന്നു. എന്നെ കണ്ടപ്പോള്‍, ‘നീ ഇതുവരെ പോയില്ലേ’ എന്ന് ചോദിച്ചു.
ഞാന്‍ പറഞ്ഞു, ”എനിക്ക് ഇപ്പോള്‍ത്തന്നെ മാമോദീസ സ്വീകരിക്കണം. നാളെയെങ്ങാനും യുദ്ധം ഉണ്ടായി ഞാന്‍ മരിച്ചാല്‍ എനിക്ക് സ്വര്‍ഗത്തില്‍ പോകാന്‍ പറ്റില്ല.”

എന്‍റെ വാക്കുകള്‍ കേട്ട അച്ചന്‍, പെട്ടെന്ന് അതിലേ പോയൊരു സിസ്റ്ററിനെ വിളിച്ച് ഞാന്‍ വേദോപദേശമൊക്കെ പഠിച്ചോ എന്ന് പരിശോധിക്കാന്‍ പറഞ്ഞു. സിസ്റ്റര്‍ ചോദിച്ചതെല്ലാം ഞാന്‍ തെറ്റുകൂടാതെ പറഞ്ഞു കേള്‍പ്പിച്ചു. അതോടെ അച്ചന്‍ എന്നെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു, ”ഇപ്പോള്‍ ക്രിസ്മസിന്‍റെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെയുള്ള മലയാളി കുടുംബങ്ങളെ വിളിച്ച് ഉണ്ണിക്കുവേണ്ടി മലയാളത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് ക്രിസ്മസിന്‍റെ തലേദിവസം മാമോദീസ തരാം.”

അതുപ്രകാരം ഞാന്‍ മടങ്ങി ആ ദിവസത്തിനായി കാത്തിരുന്നു. അച്ചന്‍ പറഞ്ഞതുപോലെതന്നെ ക്രിസ്മസ് തലേന്ന് എനിക്ക് പുതുജനനം നല്കിക്കൊണ്ട് മാമ്മോദീസ തന്നു. അച്ചന്‍ മുന്‍കൈയെടുത്ത് ദൈവാലയത്തില്‍ ലഘുവിരുന്നും ഒരുക്കിയിരുന്നു. അങ്ങനെ സ്വന്തക്കാര്‍ ആരുമില്ലാതിരുന്നെങ്കിലും 2001 ഡിസംബര്‍ 24-ന് രാവിലെ എന്‍റെ മാമ്മോദീസ ആഘോഷമായിത്തന്നെ നടന്നു. ആ ക്രിസ്മസ് രാവിലേക്ക് ഞാന്‍ പ്രവേശിച്ചത് ഉണ്ണി ഫ്രാന്‍സിസ് എന്ന പുതിയ പേരിലാണ്.

പിന്നീട് എന്നെപ്പോലെതന്നെ ഹൈന്ദവപശ്ചാത്തലത്തില്‍നിന്ന് വന്ന അബീനയെ വധുവായി ലഭിച്ചു. വിവാഹശേഷമാണ് ആദ്യം സൂചിപ്പിച്ചതുപോലെ മിഷനായി പോകാന്‍ അവസരം ലഭിച്ചത്. മറ്റൊരു പ്രധാന ദൈവിക ഇടപെടല്‍ വിവാഹം കഴിഞ്ഞ് പതിനേഴു വര്‍ഷത്തിനുശേഷം 2022 ഏപ്രില്‍ 11-ന് ആദ്യത്തെ കുഞ്ഞായ ജോഷ്വായെ ലഭിച്ചതാണ്. അവന് അഞ്ചുമാസമായപ്പോഴേ മിഷന്‍ ശുശ്രൂഷയ്ക്കായി പോകാന്‍ ഈശോ അനുവാദവും അവസരവും തന്നു. പിന്നീട് 2024 ഏപ്രില്‍ 20-ന് രണ്ടാമത്തെ കുഞ്ഞ് നിര്‍മല തെരേസയും ജനിച്ചു. ദൈവപരിപാലനയാല്‍ ഇനിയും ദൈവശുശ്രൂഷ ചെയ്ത് ജീവിക്കണമെന്നാണ് ആഗ്രഹം.

'

By: ഉണ്ണി ഫ്രാന്‍സിസ്‌

More
ഡിസം 13, 2024
Encounter ഡിസം 13, 2024

യേശുവിനെ സാക്ഷാല്‍ ഭൂതമായി തെറ്റിദ്ധരിച്ച ഒരു സംഭവം വിശുദ്ധ ബൈബിളില്‍ വിവരിക്കുന്നുണ്ട്. തെറ്റിദ്ധരിച്ചത് പുറമെയുള്ള ആരെങ്കിലുമോ പിശാചുബാധിതനെന്ന് അവനെ വിളിച്ച നിയമജ്ഞരോ ഫരിസേയരോ പുരോഹിത പ്രമുഖരോ ഒന്നുമല്ല. സാക്ഷാല്‍ അവിടുത്തെ സ്വന്തശിഷ്യന്മാര്‍തന്നെയാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷം 14-ാം അധ്യായം 22 മുതലുള്ള വചനങ്ങളില്‍ അതു വിവരിക്കുന്നുണ്ട്.

തന്‍റെ ശുശ്രൂഷാ ജീവിതത്തിലെ അത്യത്ഭുതകരമായ ആ സംഭവം അതായത് അഞ്ചപ്പംകൊണ്ട് അനേകായിരങ്ങളെ തീറ്റിപ്പോറ്റിയ ശുശ്രൂഷ നിര്‍വഹിച്ചശേഷം യേശു തന്‍റെ പ്രിയപ്പെട്ട ശിഷ്യന്മാരെ തനിക്കു മുമ്പിലായി തടാകത്തിന്‍റെ മറുകരയിലേക്ക് വഞ്ചിയില്‍ യാത്രയാക്കി. അതിനുശേഷം അവിടുന്ന് തനിച്ച് പ്രാര്‍ത്ഥിക്കുവാനായി മലയിലേക്കു പോയി. അവിടെ തന്‍റെ സ്‌നേഹപിതാവുമൊത്ത് സംഭാഷണത്തിലായി. അങ്ങനെ രാത്രിയായപ്പോഴും അവന്‍ മലമുകളില്‍ തനിച്ചായിരുന്നു. ഇതിനോടകം വഞ്ചി കരയില്‍നിന്നും വളരെ അകന്നുകഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍ അവര്‍ വഞ്ചി തുഴയാന്‍ ഏറെ ഭാരപ്പെട്ടു. പ്രതികൂലകാറ്റില്‍പെട്ട് തോണി തകര്‍ന്ന് തങ്ങള്‍ മരിച്ചുപോകുമെന്ന് അവര്‍ ഭയപ്പെട്ടു.

അക്കരെയായിരുന്ന യേശു ശിഷ്യന്മാരുടെ നിസഹായാവസ്ഥ മനസിലാക്കി. അവിടുന്ന് ഉടന്‍തന്നെ കടലിനുമീതെ നടന്ന് അവരുടെ അടുത്തെത്തി. കടലിനുമീതേകൂടി നടന്ന് തങ്ങളുടെ അടുത്തേക്കുവരുന്ന യേശുവിനെ കാണുമ്പോള്‍ അവര്‍ അത്യധികം സന്തോഷിക്കുമെന്നായി രിക്കാം യേശു വിചാരിച്ചത്. പക്ഷേ കടലിനു മുകളിലൂടെ തങ്ങളെ സമീപിക്കുന്ന യേശുവിനെ കണ്ട് അവര്‍ അലറിവിളിച്ചു ‘അയ്യോ ഭൂതം ദൈവമേ, രക്ഷിക്കണേ.’ ഉടന്‍ അവന്‍ അവരോടു സംസാരിച്ചു ”ധൈര്യമായിരിക്കുവിന്‍. ഞാനാണ് ഭയപ്പെടേണ്ട.” അടുത്ത നിമിഷങ്ങളില്‍ അവന്‍ വഞ്ചിയില്‍ കയറി. അപ്പോള്‍ കാറ്റു ശമിച്ചു. വഞ്ചിയിലുണ്ടായിരുന്ന ശിഷ്യന്മാര്‍ അവനെ ആരാധിച്ചുകൊണ്ടു പറഞ്ഞു, ”സത്യമായും നീ ദൈവപുത്രനാണ്!” മിനിറ്റുകള്‍ക്കുമുമ്പ് ഭൂതം. ഇപ്പോഴോ ദൈവപുത്രന്‍!
യേശുവിന്‍റെ കൂടെ ഉണ്ടും ഉറങ്ങിയും അവന്‍റെ മാറത്തു തലചായ്ച്ചും അവന്‍റെ വചനങ്ങളും അത്ഭുതപ്രവൃത്തികളും ആവോളം കണ്ട് അവനോടൊപ്പം നിരന്തരം കൂട്ടായ്മ ആചരിച്ചിരുന്ന ശിഷ്യന്മാര്‍ക്കാണ് ജീവിതത്തിന്‍റെ ഒരു നിര്‍ണായകമായ പ്രതിസന്ധിയില്‍ അതു പരിഹരിക്കുവാനായി തങ്ങളുടെ നേര്‍ക്കു നടന്നടുക്കുന്ന യേശുവിനെ തിരിച്ചറിയാന്‍ കഴിയാതെ പോയത്. തിരിച്ചറിഞ്ഞില്ല എന്നുമാത്രമല്ല, ഭീകരമായ വിധത്തില്‍ അവിടുത്തെ തെറ്റിദ്ധരിക്കുകകൂടി ചെയ്തു. അവര്‍ അലറിവിളിച്ചു കരഞ്ഞു. ‘അയ്യോ ഭൂതം ദൈവമേ, രക്ഷിക്കണേ.’

നാം യേശുവുമായിട്ട് വളരെ അടുത്ത ബന്ധവും സഹവാസവും മുന്‍പരിചയവും ഒക്കെ ഉള്ളവരായിരിക്കാം. പക്ഷേ ചില നിര്‍ണായക നിമിഷങ്ങളിലെ പ്രതിസന്ധികളില്‍ നമ്മെ രക്ഷിക്കാനായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അവിടുത്തെ നാം ഭീകരമായ വിധത്തില്‍ തെറ്റിദ്ധരിച്ച് അവനെതിരെ മുറവിളി കൂട്ടും. അതുമല്ലെങ്കില്‍ നാമുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള അവിടുത്തെ കടന്നുവരവിനെയും ഇടപെടലുകളെയും തെറ്റിദ്ധരിച്ച് അവരുടെ ജീവിതത്തിലും നാം പ്രശ്‌നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കും. സത്യദൈവംതന്നെയായ അവിടുത്തെ നാം ഭൂതമെന്ന് അട്ടഹസിച്ച് രക്ഷയ്ക്കായി നിലവിളിക്കും. നമ്മുടെ ജീവിതത്തെ ഒന്ന് പിന്തിരിഞ്ഞുനോക്കിയാല്‍ ഇതുപോലുള്ള അനേക പ്രശ്‌നങ്ങള്‍ നമ്മുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും വരുത്തിക്കൂട്ടുന്നുണ്ടെന്ന് തിരിച്ചറിയുവാന്‍ കഴിയും. കര്‍ത്താവ് പറയുന്നു ”എന്‍റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല. നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയില്‍നിന്നും ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്‍റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ!” (ഏശയ്യാ 55:8-9).

ഹന്ന! തെറ്റിദ്ധരിക്കപ്പെട്ട ഇസ്രായേല്‍പുത്രി!

ന്യായാധിപനും പുരോഹിതുമായ സാമുവേല്‍ പ്രവാചകന്‍റെ അമ്മ ‘ഹന്ന’ പ്രധാന പുരോഹിതനാല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു ഇസ്രായേല്‍പുത്രിയാണ്. ഹന്ന, എല്‍ക്കാന എന്നൊരാളുടെ ഭാര്യയായിരുന്നു. എല്‍ക്കാനക്ക് രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. ഹന്നായും പെനീന്നായും. പെനീന്നാക്ക് ധാരാളം മക്കളുണ്ടായിരുന്നു. എന്നാല്‍ ഹന്ന സന്താനരഹിതയായിരുന്നു. അതിനാല്‍ സപത്‌നിയായ പെനീനാ ഹന്നായെ കൂടെക്കൂടെ നിന്ദിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. കുട്ടികളില്ലാത്ത അവസ്ഥയും സപത്‌നിയുടെ ആക്ഷേപവും ഹന്നായുടെ ജീവിതത്തെ വലിയ ദുഃഖത്തിലാഴ്ത്തി.

എല്ലാ വര്‍ഷവും കര്‍ത്താവിന്‍റെ ഭവനത്തില്‍ ബലിയര്‍പ്പിക്കുവാനും പ്രാര്‍ത്ഥിക്കുവാനുമായി പോയിരുന്നപ്പോഴൊക്കെ അവര്‍ കുട്ടികളില്ലാത്തതിന്‍റെ നൊമ്പരവും സപത്‌നിയായ പെനീനായുടെ ആക്ഷേപശരങ്ങള്‍മൂലമുള്ള കണ്ണുനീരും കര്‍തൃസന്നിധിയില്‍ സമര്‍പ്പിച്ചുകൊണ്ടിരുന്നു.
ഒരിക്കല്‍ ഏറെ ഹൃദയവ്യഥയോടും കണ്ണുനീരോടുംകൂടെ ഹന്ന തന്‍റെ ദുഃഖങ്ങളും നെടുവീര്‍പ്പുകളും കര്‍തൃസന്നിധിയില്‍ ചൊരിയുകയായിരുന്നു. കഠിനമായ ദുഃഖത്താല്‍ കരഞ്ഞുകൊണ്ടുള്ള അവളുടെ പ്രാര്‍ത്ഥന കണ്ട് പുരോഹിതനായ ഏലി അവളെ തെറ്റിദ്ധരിച്ചു. അവള്‍ ഹൃദയത്തില്‍ കര്‍ത്താവിനോട് സംസാരിക്കുകയായിരുന്നു. അധരം മാത്രമേ ചലിച്ചിരുന്നുള്ളൂ. ശബ്ദം പുറത്തുവന്നുമില്ല. അതിനാല്‍ അവള്‍ മദ്യപിച്ചിട്ടുണ്ടെന്ന് ഏലി പുരോഹിതനു തോന്നി.

ഏലി അവളോടു പറഞ്ഞു ”എത്രനാള്‍ നീ ഉന്മത്തയായിരിക്കും. നിന്‍റെ ലഹരി അവസാനിപ്പിക്കുക.” ഹന്നക്ക് ആ പ്രഹരം താങ്ങാവുന്നതിലും അധികമായിരുന്നു. ഹന്നാ പ്രത്യുത്തരിച്ചു ”എന്‍റെ ഗുരോ, ഞാന്‍ മദ്യപിച്ചിട്ടില്ല. വീഞ്ഞോ ലഹരിപാനീയങ്ങളോ ഞാന്‍ കഴിച്ചിട്ടില്ല. കര്‍ത്താവിന്‍റെ മുമ്പില്‍ എന്‍റെ ഹൃദയവിചാരങ്ങള്‍ ഞാന്‍ പകരുകയായിരുന്നു. ഈ ദാസിയെ അധഃപതിച്ച ഒരുവളായി വിചാരിക്കരുതേ.” അനന്തരം അവള്‍ തന്‍റെ ഹൃദയവ്യഥകള്‍ ഏലിയോട് തുറന്നുപറഞ്ഞു. ഏലിപുരോഹിതന് അവളോട് അനുകമ്പ തോന്നി. അ വളെ ആശ്വസിപ്പിച്ച് അനുഗ്രഹിച്ച് പറഞ്ഞയച്ചു. ഹന്ന ഗര്‍ഭിണിയായി. ദൈവം അവള്‍ക്ക് നല്‍കിയ പുത്രനാണ് ന്യായാധിപനായ സാമുവല്‍. ദൈവം അവളുടെ ജീവിതത്തെ മേല്‍ക്കുമേല്‍ അനുഗ്രഹപൂര്‍ണമാക്കി.
പക്ഷേ ദൈവത്താല്‍ അനുഗ്രഹിക്കപ്പെടുന്നതിനുമുമ്പ് ഹന്ന വഴിപിഴച്ചവളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട നിഷ്‌ക്കളങ്കയായ ഒരു ഇസ്രായേല്‍പുത്രി ആയിരുന്നു. തെറ്റിദ്ധരിച്ചതാകട്ടെ ദൈവാലയത്തിലെ പ്രധാന പുരോഹിതനായ ഏലിയും.

ദൈവാലയത്തില്‍ നിരന്തരം വസിച്ച് അനേകരുടെ കണ്ണുനീരും ഗദ്ഗദങ്ങളും കണ്ട് പരിചയപ്പെട്ട പ്രധാന പുരോഹിതന്‍ ഹന്നയുടെ കണ്ണുനീരിനെയും നേരാംവണ്ണം തിരിച്ചറിയേണ്ടതായിരുന്നു. പക്ഷേ അദ്ദേഹത്തിനതു കഴിഞ്ഞില്ല. എന്നുമാത്രമല്ല, മുറിവിന്മേല്‍ മുറിവ് എന്നവിധത്തില്‍ അദ്ദേഹമവളെ തെറ്റിദ്ധരിച്ചു ശകാരിച്ചു. ആരാധനയ്ക്കായി വരുന്നവരുടെ കണ്ണുനീരും ദുഃഖവും മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല അവരെ ക്രൂരമായി ശകാരിച്ചു വീണ്ടും മുറിപ്പെടുത്തുകയും ചെയ്തു എന്നത് ഒരു പ്രധാന പുരോഹിതനെന്ന നിലയില്‍ ഏലിയുടെ വലിയ പരാജയംതന്നെയായിരുന്നു. പൊതുജനം ഹന്നായെപ്പോലുള്ളവരെ തെറ്റിദ്ധരിക്കുക എന്നത് സ്വാഭാവികമാണ്. പക്ഷേ ഇവിടെയിതാ മനുഷ്യന്‍റെ കണ്ണുനീരും ഗദ്ഗദങ്ങളും നിരന്തരം കണ്ടുകൊണ്ട് ദൈവാലയത്തില്‍ വസിക്കുന്ന പ്രധാന പുരോഹിതന്‍ അവളെ വഴിതെറ്റിയവളായി തെറ്റിദ്ധരിച്ച് ശകാരിച്ച് വീണ്ടും വ്രണപ്പെടുത്തുന്നു. ഏറ്റവും സങ്കടകരമായി നമുക്കീ സംഭവം കാണേണ്ടിയിരിക്കുന്നു.

പുതുവീഞ്ഞിന്‍റെ ലഹരി ആദ്യപന്തക്കുസ്തായിലും

ആദ്യപന്തക്കുസ്തായില്‍ പരിശുദ്ധാത്മാവ് ശിഷ്യഗണത്തിന്മേലും അവരോടുകൂടെ ഒന്നിച്ചുകൂടിയിരുന്നരുടെമേലും വന്നുനിറഞ്ഞപ്പോള്‍ അവര്‍ ആത്മാവുകൊടുത്ത ഭാഷണവരമുപയോഗിച്ച് മറുഭാഷയില്‍ സംസാരിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. ആകാശത്തിനുകീഴെ സകല ജനപദങ്ങളിലും നിന്നുവന്ന ഭക്തരായ യഹൂദര്‍ അവിടെ ഉണ്ടായിരുന്നു. അവരെല്ലാവരും ശിഷ്യന്മാര്‍ സംസാരിക്കുന്നത് താന്താങ്ങളുടെ ഭാഷയില്‍ കേട്ടു. അവരില്‍ പലരും പരിഭ്രമിച്ച് എന്താണ് ഈ ദൈവിക ഇടപെടലിന്‍റെ അര്‍ത്ഥമെന്ന് പരസ്പരം പറഞ്ഞു. എന്നാല്‍ വേറൊരു കൂട്ടരാകട്ടെ ഇപ്രകാരം പറഞ്ഞു. അവര്‍ക്ക് പുതുവീഞ്ഞു കുടിച്ച് ലഹരി പിടിച്ചിരിക്കുകയാണ്. അതാണ് ഈ ബഹളത്തിന്‍റെ കാരണം. ഇവിടെയും ദൈവാരൂപിയുടെ അതിശക്തമായ പ്രവര്‍ത്തനം ക്രൂരമായി വിമര്‍ശിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു.

നമ്മുടെ ജീവിതത്തിലും

ദൈവാരൂപിയുടെ പല പ്രവര്‍ത്തനങ്ങളും അതേ അനുഭവം കിട്ടാത്ത പലര്‍ക്കും തെറ്റിദ്ധാരണക്കും വിമര്‍ശനത്തിനും കാരണമാകും. നമ്മുടെ ബുദ്ധിയുടെ പരിമിതിയില്‍ നിന്നുകൊണ്ട് എല്ലാക്കാര്യങ്ങളെയും വിലയിരുത്തുന്നതും ഉത്തരം കണ്ടെത്തുന്നതും തെറ്റായ വിവേചനത്തിലേക്ക് നയിക്കും. തെറ്റായ വിവേചനത്തോടുകൂടിയ നമ്മുടെ വിലയിരുത്തലുകളും ശുശ്രൂഷകളും അതിനു വിധേയരാകുന്നവരെ മനസിടിവിലേക്കും മുറിപ്പെടുത്തലിലേക്കും വഴിനടത്തും. അതിനാല്‍ ശുശ്രൂഷാവേദിയിലുള്ളവര്‍ ശരിയായ വിവേകത്തോടും വിവേചനത്തോടും കൂടി വാക്കുകള്‍ ഉപയോഗിക്കുക. അല്ലായെങ്കില്‍ മിക്കപ്പോഴും ‘വെളുക്കാന്‍ തേച്ചത് പാണ്ടാ’യിത്തീരുന്ന അവസ്ഥ നമ്മുടെ കരങ്ങളിലൂടെ കടന്നുപോകുന്ന ജീവിതങ്ങളുടെ കാര്യത്തില്‍ ഉണ്ടായെന്നിരിക്കും. അതിനാല്‍ ‘നശിപ്പിക്കുവാനല്ല പടുത്തുയര്‍ത്തുവാനാണ് ദൈവം നമുക്ക് അധികാരം തന്നിരിക്കുന്നതെന്ന’ ഉത്തമമായ അവബോധത്തോടെ നമുക്ക് വിവേകപൂര്‍വം ശുശ്രൂഷ ചെയ്യാം. അപ്പോള്‍ നമ്മുടെ ശുശ്രൂഷകള്‍ നൂറുമേനിയും അറുപതു മേനിയും ഫലം നല്‍കുന്നതായി പരിണമിക്കും. അതിനുള്ള കൃപാവരം ലഭിക്കുവാനായി നമുക്ക് പരിശുദ്ധാരൂപിയോട് മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം.
‘പ്രെയ്‌സ് ദ ലോര്‍ഡ്, ആവേ മരിയ’

'

By: സ്റ്റെല്ല ബെന്നി

More
ഡിസം 12, 2024
Encounter ഡിസം 12, 2024

ചീട്ടുകള്‍ ഉപയോഗിച്ചുള്ള കളിയില്‍ ഞാന്‍ വിദഗ്ധനൊന്നുമായിരുന്നില്ല. പക്ഷേ പലപ്പോഴും വിജയിക്കുമായിരുന്നു. കളി തീരുമ്പോള്‍ കൈനിറയെ പണം കിട്ടുകയും ചെയ്യും. കൂട്ടുകാരുടെ മുഖത്താകട്ടെ അപ്പോള്‍ ദുഃഖമായിരിക്കും. അതെന്നിലേക്കും പടരുമായിരുന്നു. മാത്രവുമല്ല, പഠിക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴുമെല്ലാം കാര്‍ഡിലെ ചിഹ്നങ്ങളും രൂപങ്ങളുമായിരുന്നു മനസില്‍. ഒടുവില്‍ രണ്ടാം വര്‍ഷ തത്വശാസ്ത്രപഠനകാലത്ത് ചീട്ടുകളി എന്നെന്നേക്കുമായി ഉപേക്ഷിച്ചു…. ഈശോയെ സ്വന്തമാക്കാന്‍ എനിക്ക് ഇഷ്ടമുള്ളവയൊക്കെ ഞാന്‍ ബലികഴിച്ചുകൊണ്ടിരുന്നു.
വിശുദ്ധ ഡോണ്‍ ബോസ്‌കോ

'

By: Shalom Tidings

More
ഡിസം 02, 2024
Encounter ഡിസം 02, 2024

2014 ഡിസംബര്‍ മാസം. ഞാന്‍ ബിസിനസിന്‍റെ ഭാഗമായി ആലുവയ്ക്കടുത്തുള്ള ഒബ്ലേറ്റ്‌സ് ഓഫ് സെന്റ് ജോസഫ് സെമിനാരിയില്‍ ഒരു വൈദികനെ കാണാന്‍ ചെന്നു. പക്ഷേ ആ വൈദികന്‍ അന്നവിടെ ഇല്ലായിരുന്നു. അതിനാല്‍ ഞാന്‍ മടങ്ങിപ്പോകാന്‍ വാഹനമെടുത്തു. പെട്ടെന്ന് ഒരാള്‍ പുറകില്‍നിന്ന് ഓടിവന്ന് വിളിക്കുന്നു! അത് ഒരു വൈദികനായിരുന്നു. അദ്ദേഹം ആശ്ചര്യത്തോടുകൂടി എന്നെ നോക്കിയിട്ട് അദ്ദേഹത്തിന്‍റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. എനിക്ക് ആ വൈദികനെ ഒട്ടും പരിചയമില്ല. അതിനാല്‍ത്തന്നെ എനിക്കൊന്നും മനസിലായതുമില്ല. ഞാന്‍ ചോദിച്ചു, ”എന്തിനാണ് എന്നെ വിളിച്ചത്?”

അദ്ദേഹം കാര്യം വിശദീകരിച്ചു. സെമിനാരിയില്‍ ക്രിസ്മസിനോടനുബന്ധിച്ച് യുവജനങ്ങള്‍ക്കുള്ള ഒരു പ്രോഗ്രാം നടക്കുന്നുണ്ട്. അതിന് ക്ലാസെടുക്കാന്‍ വരുമെന്നു പറഞ്ഞ വ്യക്തി പെട്ടെന്ന് ഒരു അസൗകര്യം പറഞ്ഞു. തീരെ കുറഞ്ഞ സമയത്തിനുള്ളില്‍ പെട്ടെന്നൊരാളെ സംഘടിപ്പിക്കാന്‍ പാടുപെട്ട് മാതാവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു അച്ചന്‍. അപ്പോള്‍ പരിശുദ്ധ അമ്മ പറഞ്ഞു, ക്ലാസെടുക്കേണ്ട ആളാണ് ആ പോകുന്നതെന്ന്. അച്ചന്‍ തുടര്‍ന്നു, ”നിന്നെ ഇതിനുമുമ്പ് എനിക്കറിയില്ല, നീ ആരാണെന്നും അറിയില്ല. പക്ഷേ അമ്മ പറഞ്ഞു, നിന്നെ വിളിക്കാന്‍. നീ ആരാണ്?”

എന്‍റെ കണ്ണുകള്‍ നിറഞ്ഞുപോയി. സാവധാനം ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. അദ്ദേഹത്തിന്‍റെ പേര് ഫാ. പ്രിന്‍സ് ഒ.എസ്.ജെ. ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി.

ആര്‍ക്കാണ് ക്രിസ്മസ്?

സംസാരത്തിനിടെ ക്രിസ്മസുമായി ബന്ധപ്പെട്ട് എന്തോ ഒരു കാര്യം പറഞ്ഞപ്പോള്‍ അച്ചന്‍റെ കണ്ണുനിറഞ്ഞ് ഒഴുകാന്‍ തുടങ്ങി. തുടര്‍ന്ന് അച്ചന്‍ സ്വന്തം അനുഭവം പങ്കുവച്ചു. കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് അച്ചന്‍ ബ്രദറായിരുന്നപ്പോള്‍ ഒരു ഒക്‌ടോബര്‍ മാസം അച്ചന്‍റെ കുടുംബത്തില്‍നിന്ന് കുറച്ചുപേര്‍ വേളാങ്കണ്ണി തീര്‍ത്ഥാടനത്തിനുപോയി. ആ യാത്രയ്ക്കിടെ വാഹനം അപകടത്തില്‍പ്പെട്ട് അച്ചന്‍റെ പെങ്ങള്‍ ഉള്‍പ്പെടെ പതിമൂന്നോളം പേര്‍ മരണപ്പെട്ടു. അങ്ങനെ വലിയ ദുഃഖത്തിലും ഭാരത്തിലും വേദനയിലും സഹനത്തിലും ആഴ്ന്നിരുന്ന വീട്ടിലേക്കാണ് അച്ചന്‍ ക്രിസ്മസ് അവധിക്ക് ചെന്നത്. അപ്പനും അമ്മയും ഒന്നും സംസാരിക്കുന്നില്ല. ആകെയൊരു മൂകത. ഇത്രയും വലിയൊരു ദുരന്തം സംഭവിച്ചതിനാല്‍ വീട്ടില്‍ ആഘോഷങ്ങളൊന്നുമില്ല.

ക്രിസ്മസിന്‍റെ തലേ ദിവസം വെറുതെ നോക്കിയപ്പോള്‍ വീടിന്‍റെ ഉമ്മറത്ത് പൊടിപിടിച്ച ഒരു നക്ഷത്രം കിടപ്പുണ്ട്. കഴിഞ്ഞ വര്‍ഷം തൂക്കിയിട്ടിരുന്നതാണ്. അച്ചന്‍ ആ നക്ഷത്രം അഴിച്ചെടുത്ത് തുടച്ച് വൃത്തിയാക്കി വീടിന്‍റെ വാതില്‍ക്കല്‍ കൊണ്ടുപോയി തൂക്കാന്‍ തുടങ്ങി. അപ്പോള്‍ അപ്പന്‍ ഓടിവന്ന് അച്ചനെ തള്ളിയിട്ട് ചോദിച്ചു, ‘നിനക്കെന്താ ഭ്രാന്താണോ? നീ ഒരു വൈദികനാകാന്‍ ഉള്ളതല്ലേ? ഇത്രയും വലിയ ദുരന്തം നമ്മുടെ വീട്ടില്‍ സംഭവിച്ചിട്ട് നീയെന്താ ക്രിസ്മസ് ആഘോഷിക്കാനാണോ ഇവിടെ വന്നിരിക്കുന്നത്?’ പെട്ടെന്ന് അച്ചന്‍ കരയാന്‍ തുടങ്ങി. എന്നിട്ട് അപ്പനോട് പറഞ്ഞു: ”നമുക്കാണ് അപ്പാ ഈ ക്രിസ്മസ്!”

ഈ സംഭവം പറഞ്ഞതിനുശേഷം അച്ചന്‍ പറഞ്ഞു: ”യഥാര്‍ത്ഥത്തില്‍, വേദനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും സഹിക്കുന്നവര്‍ക്കും ദുഃഖിക്കുന്നവര്‍ക്കും ദരിദ്രര്‍ക്കും പീഡിതര്‍ക്കുമാണ് ക്രിസ്മസ്!” ഇതുപറഞ്ഞ് കരഞ്ഞുകൊണ്ട് അച്ചനെന്നെ കെട്ടിപ്പിടിച്ചു. ദൈവസ്‌നേഹത്തിന്‍റെ വലിയൊരു ചൈതന്യം എന്നിലേക്ക് നിറയുന്ന അനുഭവമായിരുന്നു ആ ആലിംഗനം. സഹനത്തിലൂടെ വിരിഞ്ഞ പൂക്കള്‍ക്ക് സുഗന്ധം കൂടുതലായിരിക്കുമല്ലോ. അച്ചനും അങ്ങനെതന്നെയായിരുന്നു.

കാലുപിടിച്ച് ക്ഷമ ചോദിച്ച വൈദികന്‍

കുറെ വര്‍ഷങ്ങള്‍ക്കുശേഷം 2020 ഡിസംബറില്‍ അച്ചനോടൊപ്പം മറ്റൊരു ക്രിസ്മസ് ഓര്‍മ്മയും കര്‍ത്താവ് സമ്മാനിച്ചു. ആ നാളുകളിലൊന്നില്‍, പ്രിയപ്പെട്ട ഒരു കുടുംബത്തില്‍നിന്ന് അവിടത്തെ അമ്മ എന്നെ വിളിച്ച് സങ്കടം പങ്കുവച്ചു. ആ കുടുംബത്തിലെ പപ്പ ഭയങ്കര മദ്യപാനിയാണ്. ജോലിക്കു പോകില്ല, ഭക്ഷണം കഴിക്കില്ല, മുഴുവന്‍ സമയവും മദ്യപാനം. അമ്മ ചോദിച്ചു, ”മോനേ, എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? പപ്പ മദ്യപിച്ച് ഒടുവില്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാകും. പിന്നെ മാലയോ വളയോ പണയം വയ്ക്കുകയോ വില്‍ക്കുകയോ ചെയ്യണം ഹോസ്പിറ്റല്‍ ബില്ലടയ്ക്കാന്‍. വേറെ വരുമാനമാര്‍ഗങ്ങള്‍ ഒന്നുമില്ല. ഇനിയൊരു കൊച്ചിനെ കെട്ടിക്കാനുമുണ്ട്. എന്തു ചെയ്യും? പപ്പ ഇങ്ങനെ കുടിച്ചു നശിച്ചുകൊണ്ടിരിക്കുകയാണ്, ആരോഗ്യവും നശിക്കുന്നു.”

പെട്ടെന്നെനിക്ക് പ്രിന്‍സച്ചന്‍റെ മുഖം ഓര്‍മവന്നു. ഞാന്‍ അച്ചനോട് ആ പപ്പയെ അച്ചനടുത്തേക്ക് വിട്ടാല്‍ ഒന്നു പ്രാര്‍ത്ഥിക്കാന്‍ പറ്റുമോ എന്നു ചോദിച്ചു. അച്ചന്‍റെ സമ്മതം കിട്ടിയപ്പോള്‍ ആ വീട്ടില്‍ചെന്നു. ഏറെ നിര്‍ബന്ധിച്ചിട്ടാണ് പപ്പ വരാന്‍ തയാറായത്. വന്നപ്പോള്‍പ്പോലും നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. സഹനം നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. ഒടുവില്‍ അച്ചനരികിലെത്തി.
പപ്പയെ കണ്ടുകഴിഞ്ഞപ്പോഴേ അച്ചന്‍ ചെയ്തത് അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്, ക്ഷമ ചോദിച്ചുകൊണ്ട് ആ മനുഷ്യന്‍റെ കാലില്‍ വീഴുക!! ഞാന്‍ ആകെ ആശ്ചര്യപ്പെട്ടുപോയി. ഉടനെ ആ പപ്പ കരയാന്‍ തുടങ്ങി. ഇരുവരും പരസ്പരം ആലിംഗനം ചെയ്തുനിന്നു. തുടര്‍ന്ന് പപ്പതന്നെ അച്ചനോട് പറഞ്ഞു, ”എനിക്ക് മദ്യപാനം നിര്‍ത്തണം. അതിന് അച്ചന്‍ എന്നെ സഹായിക്കുമോ?”

പ്രാര്‍ത്ഥനയെല്ലാം കഴിഞ്ഞ് ഞാന്‍ അച്ചനെ കണ്ടപ്പോള്‍ ചോദിച്ചു, ”എന്താണച്ചാ ഉണ്ടായത്?”
അച്ചന്‍ മറുപടി നല്കി, ”ആ പപ്പയെ കണ്ടപ്പോള്‍ ഈശോ എന്നോട് പറഞ്ഞു, ഇദ്ദേഹത്തിന് വൈദികരുമായി ഏറെ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ കുടിക്കുന്നത്. ആ മേഖലയില്‍ പപ്പയ്ക്ക് സൗഖ്യത്തിന്‍റെ ആവശ്യമുണ്ട് എന്ന്. അതിനാലാണ് വൈദികര്‍ക്കുവേണ്ടി ഞാന്‍ പപ്പയുടെ കാലുപിടിച്ച് ക്ഷമ ചോദിച്ചത്!!”
മടക്കയാത്രയില്‍ ഞാന്‍ പപ്പയോട് ചോദിച്ചു ”എന്തെങ്കിലും പ്രശ്‌നമുണ്ടോ?”
എന്‍റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ഏറെ കാര്യങ്ങള്‍ പങ്കുവച്ചു. അദ്ദേഹം നേരിട്ട പ്രശ്‌നങ്ങളാണ് ആ മനുഷ്യനെ മദ്യപാനത്തിന് അടിമയാക്കിയത്. എന്തൊക്കെയാണെങ്കിലും ആ ഒരൊറ്റ പ്രാര്‍ത്ഥനയോടുകൂടി വര്‍ഷങ്ങള്‍ നീണ്ട മദ്യപാനം പൂര്‍ണമായും നിര്‍ത്തി. അതിനുശേഷം ക്രിസ്മസ്ദിനത്തില്‍ വൈകിട്ട് ആ കുടുംബത്തിലെ അമ്മ എന്നെ ഫോണ്‍ ചെയ്യുകയുണ്ടായി. നന്ദി പറയാനാണ് വിളിച്ചത്. അവരുടെ വിവാഹം കഴിഞ്ഞിട്ട് 37 വര്‍ഷമായി. ഈ 37 വര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടാണ് ഒരു ക്രിസ്മസ് ഇത്ര സന്തോഷപൂര്‍വം ആ വീട്ടില്‍ ആഘോഷിച്ചതെന്ന് അമ്മ സന്തോഷത്തോടെ പറഞ്ഞു. പപ്പ മദ്യപിക്കാത്ത ആദ്യത്തെ ക്രിസ്മസ്!

ദൈവം നമ്മെ ഒരു നിയോഗം ഏല്‍പിച്ചിരിക്കുന്നു. ആ നിയോഗം തിരിച്ചറിഞ്ഞ് കര്‍ത്താവിനുവേണ്ടി നാം അത് ഏറ്റെടുത്തു ചെയ്തു കഴിയുമ്പോള്‍ പല ഭവനങ്ങളെയും നമുക്കൊരു പുല്‍ക്കൂടാക്കി മാറ്റാന്‍ പറ്റും. അവിടെ ഈശോ ജനിക്കട്ടെ. പ്രിന്‍സച്ചന്‍റെ വീട്ടിലെ സഹനത്തിന്‍റെ മധ്യത്തില്‍, സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും സദ്‌വാര്‍ത്തയായി ഈശോ ജനിച്ചതുപോലെ…. മദ്യപാനത്തിലൂടെ തകര്‍ച്ചയുടെ വക്കിലിരുന്ന ആ അമ്മയുടെ വീട് ഒരു പുല്‍ക്കൂടായി മാറിയതുപോലെ…
വേദനിക്കുന്നവര്‍ക്കും ദരിദ്രര്‍ക്കുമായി കര്‍ത്താവിന്‍റെ സദ്‌വാര്‍ത്ത അറിയിക്കാന്‍ നമുക്ക് സാധിക്കട്ടെ. ”ഇതാ സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്‌വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു” (ലൂക്കാ 2/10-11). ഈശോ അവിടെ ജനിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ നമുക്ക് പരിശ്രമിക്കാം.

'

By: ജോര്‍ജ് ജോസഫ്

More