- Latest articles
കുറച്ചുനാള്‍ മുമ്പ് ഞാന്‍ ഒരു വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നു. വര്‍ഷങ്ങളായി വായിക്കാന്‍ ആഗ്രഹിച്ചിരുന്ന ‘എന്‍റെ അന്തരാത്മാവിലേക്ക് ഒഴുകിയിറങ്ങിയ ദൈവകരുണ’ എന്ന വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകള്‍ ദിവസേന കേള്‍ക്കാന്‍ പാകത്തിന് ഓഡിയോ ക്ലിപ്സ് ആയി അയച്ചുതരും എന്നു കേട്ടതിനാലാണ് ആ ഗ്രൂപ്പില്‍ ചേര്‍ന്നത്. അതുവഴി ഓരോ ദിനവും ദൈവകരുണയെക്കുറിച്ചു കൂടുതല്‍ പഠിച്ചു.
ആയിടയ്ക്കാണ് എന്‍റെ അമ്മ വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിക്കുന്നത്. ഓരോ ദിവസവും പുതിയ പുതിയ രോഗാവസ്ഥകള്‍. ഇതിനെല്ലാം പുറമെ കാരണം കണ്ടുപിടിക്കാന്‍ കഴിയാത്ത ഒരു ദേഹാസ്വസ്ഥതയും. ഉണര്‍ന്നു കിടക്കുന്ന അവസരങ്ങളിലൊക്കെ കിടന്ന് ഞെളിഞ്ഞുപിരിയും. ഈ അസ്വസ്ഥത മാറ്റാന്‍ ഒന്നും ചെയ്യാന്‍ ഡോക്ടേഴ്സിനും കഴിഞ്ഞില്ല. ഈ അവസരത്തില്‍ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകളില്‍ കേട്ടത് എന്‍റെ ഓര്‍മയില്‍ വന്നു. “മരണാസന്നര്‍ക്ക് കരുണയുടെ ജപമാല വലിയ സഹായമാണ്.”
ഇതനുസരിച്ച് ഞാന്‍ അമ്മയുടെ അടുത്തല്ലാത്തപ്പോള്‍ സ്പീക്കര്‍ ഫോണില്‍ക്കൂടിയും അമ്മയുടെ അടുത്തായിരുന്നപ്പോള്‍ കട്ടിലിനരികെ ഇരുന്നും കരുണക്കൊന്ത ചൊല്ലിക്കൊടുത്തു. ഇങ്ങനെ കരുണക്കൊന്തയോ മാതാവിന്‍റെ ജപമാലയോ സങ്കീര്‍ത്തനങ്ങളോ ചൊല്ലിത്തുടങ്ങുമ്പോള്‍ത്തന്നെ തീര്‍ത്തും അസ്വസ്ഥയായിരിക്കുന്ന അമ്മ ഉറങ്ങിപ്പോകുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഇങ്ങനെ പോകവേ ഒരിക്കല്‍ അമ്മ മുപ്പത്തിയാറു മണിക്കൂറോളം ഉറങ്ങാതെ അസ്വസ്ഥയായി കിടന്നു. ചൊല്ലിക്കൊടുത്ത ഒരു പ്രാര്‍ത്ഥനയും അമ്മയുടെമേല്‍ ഒരു സ്വാധീനവും ചെലുത്തിയില്ല.
അതുകഴിഞ്ഞ് ഞാന്‍ വീട്ടിലായിരുന്ന സമയത്ത് അമ്മ വല്ലാതെ ഛര്‍ദിക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയില്‍ കൂടെ നിന്നിരുന്നവര്‍ എന്നെ വിളിച്ചു. തലേ ദിവസങ്ങളില്‍ കേട്ട ഡയറിക്കുറിപ്പാണ് പെട്ടെന്ന് ഓര്‍മ വന്നത്. വളരെയധികം മരണവേദന അനുഭവിച്ചിരുന്ന ഒരു ആത്മാവിനുവേണ്ടി വിശുദ്ധ മൂന്നുമണിക്കൂര്‍ തുടര്‍ച്ചയായി കരുണയ്ക്കുവേണ്ടി അപേക്ഷിച്ചുവെന്നായിരുന്നു അതില്‍ പറഞ്ഞിരുന്നത്. രാത്രി 12.45-നാണ് എനിക്ക് ഫോണ്‍കോള്‍ കിട്ടിയത്. 3.45 വരെ ഉണര്‍ന്നിരുന്ന് കരുണക്കൊന്ത ചൊല്ലി. അതിനുശേഷം വിളിച്ചുനോക്കിയപ്പോള്‍ അമ്മ സ്വസ്ഥമായി ഉറങ്ങുകയാണെന്നു കേട്ടു.
പിറ്റേന്ന് രാവിലെ അമ്മയുമായി ഫോണില്‍ സംസാരിച്ചു. അമ്മ വളരെ ശാന്തയായി ഇരിക്കുന്നതായി തോന്നി. രണ്ടു മണിക്കൂറുകള്‍ക്കുശേഷം മകളെ സണ്‍ഡേ ക്ലാ
സില്‍നിന്ന് തിരികെ കൂട്ടിക്കൊണ്ടുവരാനായി പോയി വാഹനത്തില്‍ ഇരിക്കുന്ന നേരത്ത് ഞാന്‍ അന്നത്തെ ഡയറിക്കുറിപ്പുകള്‍ കേട്ടു.: “ഒരു വ്യക്തി മരണാസന്നയായി കിടക്കുന്നു…. പെട്ടെന്ന് ഞാന്‍ കര്‍ത്താവിനോട് പറഞ്ഞു, ഈശോയേ ഞാന്‍ ചെയ്യുന്നതെല്ലാം അങ്ങേക്ക് പ്രീതിജനകമാണെന്നുള്ളതിന്‍റെ തെളിവായി ഇക്കാര്യം ഞാന്‍ അപേക്ഷിക്കുകയാണ്. ആ ആത്മാവിന്‍റെ സഹനങ്ങളെല്ലാം അവസാനിച്ച് നിത്യസന്തോഷത്തിലേക്ക് അവള്‍ ഉടന്‍ കടന്നു പോകണം.
കുറച്ചു നിമിഷങ്ങള്‍ക്കുശേഷം ആ ആത്മാവ് പെട്ടെന്ന് ശാന്തമായി മരിച്ചെന്നും ഞാന്‍ കേട്ടു.” ഇതു കേട്ടപാടെ ഞാനും അതുപോലെതന്നെ പ്രാര്‍ത്ഥിച്ചു. പത്തുമിനിറ്റിനുള്ളില്‍ എനിക്കൊരു ഫോണ്‍കോള്‍. ഞാന്‍ പ്രാര്‍ത്ഥിച്ച നിമിഷംതന്നെ അമ്മ രണ്ട് വലി വലിച്ച് ശാന്തമായി മരിച്ചു എന്നതായിരുന്നു ആ കോള്‍. അതിനുമുമ്പ് അമ്മ അസ്വസ്ഥതകളുമായി മല്ലിടുകയായിരുന്നു എന്നും ഞാന്‍ പിന്നീട് അറിഞ്ഞു. നല്ല മരണത്തിനുവേണ്ടിയുള്ള എന്‍റെ അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ വിശുദ്ധ ഫൗസ്റ്റീനയുടെ ജീവിതമാതൃക എന്നെ സഹായിച്ചു.
നമ്മുടെ കാര്യസാധ്യത്തിനായുള്ള ഇടനിലക്കാര്‍മാത്രമല്ല, നമ്മെ വിശുദ്ധിയില്‍ എത്താന്‍ സഹായിക്കുന്ന പാഠപുസ്തകങ്ങളാണ് ഓരോ വിശുദ്ധരും. ഇന്നും ജീവിക്കുന്ന യേശു അവരിലൂടെ നമ്മോട് സംസാരിക്കുന്നു.
'കാത്തിരിപ്പ് നീളുമ്പോള്‍ എല്ലാവരും ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരം
നമ്മുടെയൊക്കെ മനസില്‍ സാധാരണയായി ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. എന്തുകൊണ്ട് നീതിമാന്‍ സഹിക്കുവാനിടയാകുന്നു? എന്തുകൊണ്ട് നീതിനിഷ്ഠരായി ജീവിക്കുന്ന ആളുകളുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ല? എന്തുകൊണ്ട് നല്ലവരായ മനുഷ്യര്‍ അപമാനിതരാകുവാന്‍ ഇടയാകുന്നു?
ഈ ചോദ്യങ്ങള്‍ ഉയര്‍ന്നത് സുവിശേഷത്തില്‍ ഒരു ഭാഗം വായിച്ചപ്പോഴാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ ആദ്യ അധ്യായത്തില്‍ത്തന്നെ ഒരു ദമ്പതികളെക്കുറിച്ച് പരാമര്‍ശമുണ്ട്: സഖറിയാ-എലിസബത്ത് ദമ്പതികള്‍. അവര്‍ നീതിനിഷ്ഠരായിരുന്നു. മനുഷ്യരുടെ ദൃഷ്ടിയില്‍ മാത്രമല്ല, ഹൃദയങ്ങളും വിചാരങ്ങളും അറിയുന്ന ദൈവത്തിന്‍റെ മുമ്പിലും അവര്‍ നീതിനിഷ്ഠരായിരുന്നു. മറ്റൊരു പ്രത്യേകത അവര്‍ കര്‍ത്താവിന്‍റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു. എന്നുപറഞ്ഞാല്‍ ഈ ലോകത്തില്‍ പാപത്തിന്‍റെ നിഴല്‍പോലും വീഴാതെ ജീവിതവസ്ത്രം വെണ്മയില്‍ കാത്തുസൂക്ഷിച്ചവര്‍. പക്ഷേ, അവര്‍ വലിയ സഹനത്തിലൂടെയാണ് കടന്നുപോയിരുന്നത്. കാരണം അവര്‍ക്ക് മക്കളുണ്ടായിരുന്നില്ല.
അയല്ക്കാരും ബന്ധുക്കളും സുഹൃത്തുക്കളും ചോദിച്ചിരുന്ന ചോദ്യം ഇതായിരുന്നു: എന്തുകൊണ്ട് ഇങ്ങനെ? അതിനുള്ള ഉത്തരവും അവര്‍തന്നെ കണ്ടെത്തിക്കാണണം. അവര്‍ നമ്മുടെ മുമ്പില്‍ വിശുദ്ധരായി അഭിനയിക്കുന്നവരാണ്. എന്നാല്‍ അവര്‍ രഹസ്യമായി പാപം ചെയ്യുന്നുണ്ട്. അതിനാല്‍ ദൈവം അവരെ ശിക്ഷിച്ചതാണ്. അവര്‍ അങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റില്ലായിരുന്നു. കാരണം യഹൂദരുടെ സങ്കല്പമനുസരിച്ച് മക്കള്‍ ദൈവത്തിന്‍റെ ദാനമാണ്. മക്കളില്ലാത്തത് ദൈവത്തിന്‍റെ ശിക്ഷയാണ്. ഇങ്ങനെ ചുറ്റുമുള്ളവരുടെ പരിഹാസങ്ങളും കുത്തുവാക്കുകളുമേറ്റ് അപമാനഭാരത്താല്‍ ശിരസ് കുനിച്ചായിരിക്കാം അവര്‍ ജീവിച്ചിരുന്നത്. സഖറിയായെ സംബന്ധിച്ചിടത്തോളം വേദനയ്ക്ക് മറ്റൊരു കാരണം കൂടെയുണ്ട്. അദ്ദേഹം ഒരു പുരോഹിതനാണ്. പുരോഹിതന്‍റെ പ്രാര്‍ത്ഥനയിലൂടെ മറ്റുള്ളവര്‍ അനുഗ്രഹിക്കപ്പെടുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ ജീവിതം ഊഷരമായിത്തുടരുന്നു.
വിവാഹം കഴിഞ്ഞാലുടന്‍ ദമ്പതികള്‍ കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്യുമല്ലോ. ഈ ദമ്പതികളുടെ അന്നുമുതലുള്ള പ്രാര്‍ത്ഥനയ്ക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ഇനി അതിന് തീരെ സാധ്യതയുമില്ല. അതിന് രണ്ട് കാരണങ്ങളാണുള്ളത്: എലിസബത്ത് വന്ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു.
എന്നാല്‍ അസാധ്യതകളെ സാധ്യതകളാക്കുവാന്‍ കെല്പുള്ള സര്‍വശക്തനായ ദൈവം അവരുടെ ജീവിതത്തില്‍ ഇടപെടുകതന്നെ ചെയ്തു. അമൂല്യനും അനശ്വരനുമായ ഒരു കുഞ്ഞിനെ സമയത്തിന്‍റെ തികവില്‍ നല്കി അനുഗ്രഹിച്ചു. പക്ഷേ എന്തുകൊണ്ട് ഈ കാലതാമസം?
ദൈവം താന്‍ സ്നേഹിക്കുന്നവരെ തന്‍റെ മഹത്വത്തിന്‍റെ ഉപകരണങ്ങളാക്കുവാന്‍ ആഗ്രഹിക്കുന്നു. അതുവഴി അവരും അനശ്വരതയുടെ ഭാഗമായിത്തീരുകയാണ്. സഖറിയാ-എലിസബത്ത് ദമ്പതികള്‍ക്ക് വിവാഹശേഷം ഉടനെ കുഞ്ഞുങ്ങളുണ്ടാവുകയാണെങ്കില്‍ അതില്‍ അസാധാരണമായിട്ടൊന്നുമില്ല. അത് സ്വാഭാവികമായി സംഭവിച്ച ഒരു കാര്യമായിട്ടു മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. എന്നാല്‍ ദൈവമഹത്വം പ്രകടമാകുന്നത് സാധ്യതകളൊന്നുമില്ലാത്ത ഇടങ്ങളില്‍ അസാധ്യമായ കാര്യങ്ങള്‍ സംഭവിക്കുമ്പോഴാണ്.
ഇവിടെ കുഞ്ഞുങ്ങളുണ്ടാകുവാനുള്ള സാധ്യത ഗര്‍ഭധാരണശേഷി ഉണ്ടായിരിക്കുക എന്നതും യൗവനപ്രായത്തില്‍ ആയിരിക്കുക എന്നതുമാണല്ലോ. എന്നാല്‍ എലിസബത്തിന്‍റെ കാര്യത്തില്‍ ഇത് രണ്ടും നേരെ വിപരീതമാണ് – എലിസബത്ത് വന്ധ്യയും കുഞ്ഞുങ്ങളുണ്ടാകുവാന്‍ സാധ്യതയില്ലാത്തവിധത്തില്‍ പ്രായം കവിഞ്ഞവളുമാണ്. ദൈവത്തിന് ഇടപെടുവാന്‍ പറ്റാത്ത ഒരു മേഖലയും ഇല്ലായെന്ന് ചില വ്യക്തികളുടെ ജീവിതങ്ങളെ ഉയര്‍ത്തിക്കൊണ്ട് അവിടുന്ന് പ്രഖ്യാപിക്കുകയാണ്. ദൈവത്തിന്‍റെ കരങ്ങളില്‍ ഉയര്‍ത്തപ്പെടുന്ന ആ വ്യക്തികള്‍ ലോകാവസാനത്തോളവും അതിനുശേഷവും അനുസ്മരിക്കപ്പെടുന്നു.
മറ്റൊന്ന് ദൈവത്തിനുവേണ്ടി കാത്തിരിക്കുവാനുള്ള പരിശീലനം ഈ കാലതാമസത്തിലൂടെ ലഭിക്കുന്നു എന്നതത്രേ. ദീര്‍ഘക്ഷമയുള്ളവര്‍ക്കേ ഇങ്ങനെ കാത്തിരിക്കുവാന്‍ സാധിക്കുകയുള്ളൂ. ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ് ഈ ദീര്‍ഘക്ഷമയുടെ ആധാരശില. കാലങ്ങള്‍ മാറിയാലും സാഹചര്യങ്ങള്‍ മാറിയാലും ദൈവം മാറുന്നില്ല, അവിടുത്തെ വാഗ്ദാനങ്ങളും. ദൈവവുമായുള്ള ഒരു നിരന്തര സമ്പര്‍ക്കം ഈ വിശ്വാസത്തില്‍ നിലനില്ക്കുവാനും വളരുവാനും ദൈവത്തിന്‍റെ പ്രിയപ്പെട്ടവരെ സഹായിക്കുന്നു.
അബ്രാഹം ഇതിന് ഉത്തമ മാതൃകയാണല്ലോ. അദ്ദേഹം ദീര്‍ഘക്ഷമയോടെ കാത്തിരുന്ന് അനുഗ്രഹം പ്രാപിച്ചുവെന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. ഈ കാത്തിരിപ്പ് നിഷേധാത്മക ഫലമല്ല പുറപ്പെടുവിക്കുന്നത്. നേരേമറിച്ച് അത് തീക്ഷ്ണമായ ഗുണകരമായ ഫലങ്ങള്‍ ഉളവാക്കുന്നു. ഈ കാത്തിരിപ്പിലൂടെ ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കുവാനും ദൈവത്തില്‍ ശരണപ്പെടുവാനും ഒരു വ്യക്തി പരിശീലിക്കപ്പെടുന്നു. അങ്ങനെ ദൈവം എത്രയോ നല്ലവനാണെന്ന് തിരിച്ചറിയുവാനുള്ള ഒരു കൃപയും അവസരവും ആ ദൈവമനുഷ്യന് ലഭിക്കുകയാണ്. വിലാപങ്ങളില്‍ ആരംഭിക്കുന്ന ആ വ്യക്തിയുടെ ജീവിതം ആനന്ദത്തില്‍ എത്തിച്ചേരുന്നു.
വിശുദ്ധ ഗ്രന്ഥത്തില്‍ വിലാപങ്ങള്‍ എന്ന പേരില്‍ത്തന്നെ ഒരു പുസ്തകമുണ്ട്. ‘എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു: എനിക്ക് ധൈര്യം പകരാന്‍ ഒരാശ്വാസകന്‍ അടുത്തില്ല’ എന്നു പറഞ്ഞുകൊണ്ട് കഷ്ടതയുടെ അനുഭവത്തിലൂടെ കടന്നുപോകുന്ന ഒരു മനുഷ്യന്‍റെ കഥയാണ് ആ പുസ്തകം. പക്ഷേ അവിടെയും കൂരിരുട്ടിനിടയില്‍ ഒരു രജതരേഖയുണ്ട്. അവിടെ ദൈവം നല്ലവനാണ് എന്ന് തിരിച്ചറിയുന്ന ഒരു വ്യക്തിയെക്കുറിച്ച് പറയുന്നുണ്ട്. അത് കര്‍ത്താവിനെ കാത്തിരിക്കുന്ന, കര്‍ത്താവിനെ തേടുന്ന വ്യക്തിയാണ്. “തന്നെ കാത്തിരിക്കുന്നവര്‍ക്കും തന്നെ തേടുന്നവര്‍ക്കും കര്‍ത്താവ് നല്ലവനാണ്” (വിലാപങ്ങള്‍ 3:25). അതിനാല്‍ അനുഗ്രഹം ലഭിക്കുവാനുള്ള കാലതാമസം നാശകാരണമല്ല. അത് ആത്മീയ രൂപാന്തരീകരണത്തിന്‍റെ നാളുകളാണ്. പ്രത്യാശയോടെ ദൈവത്തോട് ചേര്‍ന്നിരിക്കുന്നവരെ പടുത്തുയര്‍ത്തുന്ന നാളുകളായി അവ മാറുമെന്നത് തീര്‍ച്ചതന്നെ.
ഇങ്ങനെ വളരെ നാളത്തെ കാത്തിരിപ്പിനുശേഷം ദൈവം നല്കുന്ന അനുഗ്രഹം ഏറ്റവും നല്ലതുതന്നെയായിരിക്കും. സഖറിയ-എലിസബത്ത് ദമ്പതികള്‍ക്ക് ലഭിച്ചത് സാധാരണക്കാരനായ ഒരു കുട്ടിയെയല്ല, പ്രത്യുത ദൈവപുത്രന് മുന്നോടിയായി പോയ ഒരു പ്രവാചകനെയാണ്. ദൈവപുത്രനായ യേശുതന്നെ അഭിമാനത്തോടെ സാക്ഷ്യപ്പെടുത്തിയ ആ വ്യക്തിയാണ് സ്നാപകയോഹന്നാന്‍. “സ്ത്രീകളില്‍നിന്ന് ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവനില്ല” (ലൂക്കാ 7:28). അനശ്വരനായ ഒരു മകനെ ലഭിക്കുവാന്‍ തക്കവിധത്തില്‍ കൃപ നിറഞ്ഞവരാകുവാന്‍ ദൈവം ആ ദമ്പതികളെ അനുഗ്രഹിച്ചു.
ദൈവത്തോട് ചേര്‍ന്നുനിന്നിട്ടും നീതിയുടെ മാര്‍ഗത്തില്‍ ചരിച്ചിട്ടും ലോകത്തിന്‍റെ ദൃഷ്ടിയില്‍ അനുഗ്രഹം പ്രാപിക്കാത്തവരായി നിങ്ങള്‍ ഗണിക്കപ്പെടുന്നുവെങ്കില്‍ ഒട്ടും നിരാശപ്പെടേണ്ട. സഖറിയ-എലിസബത്ത് ദമ്പതികള്‍ നിങ്ങളോട് നിശബ്ദം എന്നാല്‍ ഗാംഭീര്യത്തോടെ സംസാരിക്കുന്നു. മനുഷ്യരുടെ അഭിപ്രായമല്ല നിങ്ങള്‍ തേടേണ്ടത്. ദൈവം നിങ്ങളെക്കുറിച്ച് എന്ത് കരുതുന്നു, എന്ത് പറയുന്നു എന്നതാണ് പരമപ്രധാനമായ കാര്യം. ദൈവത്തിന്‍റെ മുമ്പില്‍ നിങ്ങള്‍ കുറ്റമറ്റവരാണെങ്കില്‍ നിങ്ങള്‍ ഒരിക്കലും ഒന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല. നിങ്ങളുടെ കനല്‍വഴികളില്‍ സാന്ത്വനമായി അവിടുന്ന് കടന്നുവരികതന്നെ ചെയ്യും. അതിനാല്‍ നിങ്ങളുടെ കാത്തിരിപ്പ് വ്യര്‍ത്ഥമല്ല എന്ന ബോധ്യത്തോടെ ദൈവത്തെ കൂടുതല്‍ മുറുകെ പിടിച്ച് മുന്നോട്ട് പോവുക. അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.
സ്നേഹപിതാവേ, മാനുഷിക ബലഹീനതകളാല്‍ തളര്‍ന്നവനാണ് ഞാന്‍.പലപ്പോഴും ഞാന്‍ അക്ഷമ കാണിക്കുന്നു. അങ്ങയുടെ സമയത്തിനായി കാത്തിരിക്കുവാന്‍ എനിക്ക് സാധിക്കുന്നില്ല. എന്നെ പരിശീലിപ്പിക്കണമേ. അങ്ങയുടെ പരിശുദ്ധാത്മാവിന്‍റെ ദീര്‍ഘക്ഷമ എന്ന പുണ്യം സമൃദ്ധമായി നല്കി എന്നെ അനുഗ്രഹിച്ചാലും. കാത്തിരിപ്പ് ഒരിക്കലും വൃഥാവിലാകുകയില്ലെന്ന് എന്നെ പഠിപ്പിക്കണമേ. ദൈവത്തിന്‍റെ മുമ്പില്‍ നിരന്തരം കാത്തിരുന്ന് ജീവിതം ധന്യമാക്കിയ പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എനിക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.
'അന്ന് ബൈബിള്‍ തുറന്നപ്പോള്‍ വായിക്കാന്‍ ലഭിച്ചത് ഇങ്ങനെയായിരുന്നു, “യേശു വീണ്ടും അവരോട് പറഞ്ഞു: മക്കളേ, ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര പ്രയാസം! അവര്‍ അത്യന്തം വിസ്മയഭരിതരായി ചോദിച്ചു:അങ്ങനെയെങ്കില്‍ രക്ഷപ്പെടാന്‍ ആര്‍ക്ക് കഴിയും? യേശു അവരുടെ നേരെ നോക്കി പറഞ്ഞു: മനുഷ്യന് ഇത് അസാധ്യമാണ്; ദൈവത്തിന് അങ്ങനെയല്ല. അവിടുത്തേക്ക് എല്ലാം സാധിക്കും (മാര്‍ക്കോസ് 10:24-27).
ബൈബിള്‍ മടക്കിവെച്ച് ഞാന്‍ ചോദിച്ചു, “എങ്ങനെയാണ് ഈശോയേ ഒരാള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ സാധിക്കുന്നത്?”
മറുപടി ഇങ്ങനെയായിരുന്നു: “വിശുദ്ധര്‍ ആരാണെന്ന് നിനക്ക് അറിയാമോ?”
ഞാന്‍ ഒന്നും മിണ്ടിയില്ല. യേശു തുടര്‍ന്നു, “അവര്‍ ദൈവങ്ങളാണ്.”
ഞാന്‍ മനസ്സിലാകാത്ത മട്ടില്‍ നോക്കിയപ്പോള്‍ ഈശോ പൂരിപ്പിച്ചു, “ദൈവവചനം ആരുടെ അടുത്തേക്ക് വരുന്നുവോ അവരെ ദൈവങ്ങള്‍ എന്ന് വിളിക്കുന്നു (യോഹന്നാന്‍ 10: 35 ) എന്ന് നീ വായിച്ചിട്ടില്ലേ? ഞാന്‍ നിന്നോട് ഒന്നു ചോദിക്കട്ടെ, ഒരു മനുഷ്യന് എങ്ങനെ ദൈവമാകാന്‍ സാധിക്കും? അല്ലെങ്കില്‍ ഒരു മനുഷ്യന് എങ്ങനെ മറ്റൊരു ക്രിസ്തുവായി മാറാന്‍ സാധിക്കും? ഇത് പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയാണ്. മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ്. പരിശുദ്ധാത്മാവിന്‍റെ ആവാസം ഉള്ള ഒരു വ്യക്തി മാത്രമേ നേരെ സ്വര്‍ഗ്ഗത്തില്‍ പോകുന്നുള്ളൂ.”
വീണ്ടും എന്‍റെ ചോദ്യം ഇങ്ങനെയായിരുന്നു, “ഈശോയേ, പരിശുദ്ധാത്മാവിന്‍റെ ആവാസം എന്നാല്‍ എന്താണ്?”
യേശു പറഞ്ഞു, “നീ പിശാചുബാധിതന്‍ എന്നു കേട്ടിട്ടില്ലേ? പിശാചുാധിതന്‍ എന്നാല്‍ പിശാച് ആണ്. അതായത് പൂര്‍ണ്ണമായും പിശാചിന്‍റെ നിയന്ത്രണത്തിലുള്ള അയാളില്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും എല്ലാം പിശാചാണ്. അതുപോലെതന്നെ പരിശുദ്ധാത്മാവിന്‍റെ ആവാസം ഉള്ള വ്യക്തി പൂര്‍ണമായും പരിശുദ്ധാത്മാവിന്‍റെ നിയന്ത്രണത്തിലായിരിക്കും. അയാള്‍ ഒരിക്കലും പാപം ചെയ്യുന്നില്ല. മാത്രമല്ല ദൈവം ചെയ്യുന്ന അതേ അത്ഭുതം അയാള്‍ക്കും ചെയ്യാന്‍ സാധിക്കുന്നു.”
അപ്പോള്‍ എനിക്ക് വീണ്ടുമൊരു സംശയം തോന്നി, “അപ്പോള്‍പ്പിന്നെ സാവൂള്‍, സാംസണ്‍ എന്നിവര്‍ പാപം ചെയ്തപ്പോള്‍ പരിശുദ്ധാത്മാവ് അവരെ വിട്ടുപോയി എന്ന് പറയുന്നത് എന്തുകൊണ്ട്?”
ആ ചോദ്യത്തിന് യേശു മറുപടി തന്നു, “നിന്‍റെ ഉള്ളില്‍ പരിശുദ്ധാത്മാവ് ഉണ്ട്. പക്ഷേ നിന്‍റെ മേല്‍ പരിശുദ്ധാത്മാവിന്‍റെ ആവാസം ഇല്ല. മാത്രമല്ല, തിന്മയുടെ സ്വാധീന മേഖലയില്‍ ആണുതാനും. അപ്പോള്‍ നീ ഏതെങ്കിലും പാപം ചെയ്യാന്‍ ഇടവരികയും അതില്‍ പശ്ചാത്തപിക്കാതെ ഹൃദയം കഠിനമാക്കുകയും ചെയ്താല്‍ പരിശുദ്ധാത്മാവ് വിട്ടുപോവുകയും ആധ്യാത്മിക മരണം വരെ സംഭവിക്കുകയും ചെയ്തേക്കാം. അതിനാല്‍ ഞാന്‍ നിന്നോട് പറയുന്നു മാനസാന്തരപ്പെടുവിന്‍, നിന്‍റെതന്നെ മാനസാന്തരത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുവിന്‍.”
അതു പറഞ്ഞിട്ട് യേശു ചോദിച്ചു “നീ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാറുണ്ടോ?”
ഞാന്‍ പറഞ്ഞു: “ഇല്ല, പക്ഷേ ഇപ്പോള്‍ ഞാനതില്‍ ഖേദിക്കുന്നു.”
യേശു പറഞ്ഞു, എന്‍റെ ജനം രണ്ടു തിന്മകള്‍ പ്രവര്‍ത്തിച്ചു. ഒന്ന് ജീവജലത്തിന്‍റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയും ചെയ്തു (ജറെമിയ 2:13) വിശുദ്ധീകരണം ഒരു മനുഷ്യനും സ്വന്തമായി ചെയ്യാന്‍ കഴിയുകയില്ല. വിശുദ്ധീകരിക്കുന്ന ദൈവം പരിശുദ്ധാത്മാവാണ്.
ഇസ്രായേലിന്‍റെ പ്രകാശം അഗ്നിയായും അവന്‍റെ പരിശുദ്ധന്‍ ഒരു ജ്വാലയായും മാറും. അത് ജ്വലിച്ച് ഒറ്റദിവസംകൊണ്ട് അവന്‍റെ മുള്ളുകളും മുള്‍ച്ചെടികളും ദഹിപ്പിച്ചുകളയും (ഏശയ്യാ 10 :17) യേശുവിനെ മരിച്ചവരില്‍ നിന്ന് ഉയര്‍പ്പിച്ചവന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നുണ്ടെങ്കില്‍, യേശുക്രിസ്തുവിനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചവന്‍ നിങ്ങളില്‍ വസിക്കുന്ന തന്‍റെ ആത്മാവിനാല്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ക്ക് പുതുജീവന്‍ നല്‍കും (റോമാ 8 :11)
യേശു വീണ്ടും വിശദീകരിച്ചുതന്നു, ഉന്നതത്തിൽ നിന്ന് ശക്തി ധരിക്കുന്നതു വരെ നിങ്ങള്‍ ജറുസലേം വിട്ട് പോകരുതെന്ന് ഞാന്‍ അന്ന് ശിഷ്യന്മാരോട് പറഞ്ഞുവെങ്കിൽ ഇന്ന് ഞാന്‍ നിന്നോടു പറയുന്നു, രാവിലെ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാതെ കിടക്കവിട്ടുപോകരുത്. കാരണം ഇത് സമര സഭയാണ്. നീ ഒന്ന് മനസ്സിലാക്കുക, പരിശു ദ്ധാത്മാവാണ് നിന്നെ വിശുദ്ധീകരിക്കുകയും സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്യുന്ന ദൈവം. അതേ സമയം ദുഷ്ടാരൂപിയാണ് നിന്നെ ദുഷിപ്പിക്കുകയും നരകത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നത്. എപ്പോഴും ഒരു അദൃശ്യ പോരാട്ടം ഒരു മനുഷ്യാത്മാവിനുവേണ്ടി പരിശുദ്ധാത്മാവും ദുഷ്ടാരൂപിയും തമ്മില്‍ നടക്കുന്നുണ്ട്. മനുഷ്യാത്മാവ് തനിയെ ആണ് ദുഷ്ടാരൂപിയുമായി ഏറ്റുമുട്ടുന്നത് എങ്കില്‍ മനുഷ്യാത്മാവ് പരാജയപ്പെടും. അതുകൊണ്ട് പരിശുദ്ധാത്മാവായിരിക്കും നിനക്കുവേണ്ടി യുദ്ധം ചെയ്യുന്നത് നീ ശാന്തമായി ഇരുന്നാല്‍ മതി (പുറപ്പാട് 14:14).
അവന്‍ നിനക്കു പരിചയാണ് (ഉല്പത്തി 15: 1 ). ഉദാഹരണത്തിന് നിന്നോട് ആരെങ്കിലും വേദനിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചു എന്നിരിക്കട്ടെ. അപ്പോള്‍ പരിശു ദ്ധാത്മാവ് നിന്‍റെയുള്ളില്‍ പരിചയായി നിന്ന് അവരുടെ വാക്കുകള്‍ ഹൃദയത്തില്‍ തട്ടാതെ, വേദനിപ്പിക്കാതെ, മാറ്റി വിടുന്നു നീപോലുമറിയാതെ. അശുദ്ധ ചിന്തകള്‍ കടക്കാതെ സംരക്ഷിക്കുന്നു. അറിയാതെ നീ അശുദ്ധചിന്തകള്‍ കടക്കാന്‍ അനുവദിച്ചാല്‍ത്തന്നെ നിന്നെ ഉണര്‍ത്തി അത്തരം ചിന്തകള്‍ ആട്ടിപ്പായിക്കുന്നു. നന്മകള്‍ ചെയ്യാന്‍ ശീലിപ്പിക്കുന്നു. വാക്കുകള്‍ സൂക്ഷിച്ച് സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നു, ദൈവസ്നേഹവും പരസ്നേഹവും ഉള്ളില്‍ വളര്‍ത്തുന്നു. അതുകൊണ്ടാണ് വിശുദ്ധ പൗലോസ് പറയുന്നത്, ഞാനല്ല എന്നിലുള്ള ദൈവകൃപയാണ് അധ്വാനിച്ചത് എന്ന്.
പരിശുദ്ധാത്മാവിനെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. എന്‍റെ പ്രിയപ്പെട്ട ശിഷ്യനായ പത്രോസിന്‍റെ കാര്യം തന്നെ എടുക്ക്. വെള്ളത്തില്‍ മുങ്ങിത്താഴുന്ന, ചില നേരങ്ങളില്‍ കര്‍ത്താവുപോലും സാത്താനേ എന്നു വിളിക്കുന്ന, വാളെടുത്തു വെട്ടുന്ന, തള്ളിപ്പറയുന്ന, വീണ്ടും മീന്‍ പിടിക്കുവാന്‍ പോകുന്ന അതേ പത്രോസ് ആണ് പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകഴിഞ്ഞപ്പോള്‍ എന്നെ സധൈര്യം ഏറ്റുപറയുന്ന, എനിക്കുവേണ്ടി മരിക്കാന്‍ പോലും തയാറാകുന്ന പത്രോസായി മാറുന്നത്. പന്തക്കുസ്താ ദിവസം പത്രോസ് പ്രസംഗി ച്ചപ്പോള്‍ 3000 പേരാണ് മാനസാന്തരപ്പെട്ടത്. ഇത് പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയാണ്.
ഇത്രയും കേട്ടപ്പോള്‍ വീണ്ടും ഞാന്‍ ചോദിച്ചു, “ഈശോയേ, ഞാന്‍ എന്താണ് ചെയ്യേണ്ടത്?”
യേശു പറഞ്ഞു, “മാനസാന്തരപ്പെടുക, പ്രാര്‍ത്ഥിക്കുക. മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല! (ലൂക്കാ 11: 13)
ഓരോ നിമിഷവും ദൈവത്തോട് ചേര്‍ന്നുനില്ക്കുക, നന്മചെയ്യുക. നന്മ ചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓർക്കുക. അത് നിന്നിൽ താത്പര്യം വെച്ചിരിക്കുന്നു; നീയതിനെ കീഴടക്കണം (ഉല്‍പത്തി 4:7) നീ നന്മ ചെയ്യുന്നെങ്കില്‍ നിന്‍റെ ആത്മാവിന്‍റെമേലുള്ള പരിശുദ്ധാത്മാവിന്‍റെ സ്വാധീനശക്തി വര്‍ധിക്കുന്നു. മാത്രമല്ല നീ തിന്മ ചെയ്യുന്നെങ്കില്‍ നിന്‍റെ ആത്മാവിന്‍റെ മേലുള്ള ദുഷ്ടാരൂപിയുടെ സ്വാധീനവും വര്‍ധിക്കുന്നു.
ഭയപ്പെടേണ്ട; നിന്‍റെ അവസ്ഥ, ബലഹീനത, പരിശുദ്ധാത്മാവിനോട് ഏറ്റുപറയുക. ദൈവത്തിന്‍റെ ഹിതം നിറവേറ്റാന്‍ പരിശുദ്ധാത്മാവ് നിന്നെ സഹായിക്കും, ശക്തിപ്പെടുത്തും. വിശുദ്ധ കുർബാനസ്വീകരണവും കുമ്പസാരവും പ്രാര്‍ത്ഥനയും വൈദികരുടെ ആശീര്‍വാദവും ദൈവവചനത്തോടുള്ള അനുസരണവുമെല്ലാം ഓരോ നിമിഷവും പരിശുദ്ധാത്മാവ് നിന്നില്‍ നിറയാന്‍ സഹായമാകും. നിന്‍റെയുള്ളില്‍ പൂര്‍ണ്ണമായും പരിശുദ്ധാത്മാവ് നിറഞ്ഞുകഴിയുമ്പോള്‍ പരിശുദ്ധാത്മാവിന്‍റെ ആവാസം ലഭിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ ആവാസം ഒറ്റദിവസംകൊണ്ട് സംഭവിക്കുന്ന കാര്യമല്ല. രക്ഷയുടെ ദിനത്തിലേക്ക് നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത് (എഫേസോസ് 4:30).
പ്രാര്‍ത്ഥന: ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെപ്രതി പിതാവേ അങ്ങേ ആത്മാവിനാല്‍ ഞങ്ങളെ നിറയ്ക്കണമേ. അങ്ങനെ ഈശോ ഞങ്ങള്‍ക്കായി സഹിച്ച പീഡാസഹനവും കുരിശുമരണവും പാഴായി പോകാതിരിക്കട്ടെ.
'ഒരു ദിനപ്പത്രത്തില്‍ വന്ന വാര്‍ത്ത ഇപ്രകാരമായിരുന്നു. സ്വന്തമെന്നു പറയാന്‍ ആരുമില്ലാത്ത ഒരു സ്ത്രീ. അവള്‍ പൂര്‍ണ ഗര്‍ഭിണിയാണ്. ഭിക്ഷ യാചിക്കാനായി കേരളത്തിലെത്തിയതായിരുന്നു. തിരക്കേറിയ വഴിയരുകില്‍ അവള്‍ പ്രസവിക്കുവാനിടയായി. പൊക്കിള്‍ക്കൊടി വേര്‍പെടുത്താന്‍ ആരുമില്ലാതെ, നിസഹായയായി കരഞ്ഞ അവളുടെയടുത്തുകൂടി കടന്നുപോയവര്‍ അവളുടെ ഭിക്ഷാപാത്രത്തിലേക്ക് നാണയത്തുട്ടുകള്‍ ഇടുകയാണ് ചെയ്തത്.
അവസാനം ആ വഴി വന്ന രണ്ട് യുവാക്കള്‍ പോലിസില്‍ വിവരമറിയിച്ച് ആശുപത്രിയില്‍നിന്നും ഡോക്ടറെ കൊണ്ടുവന്ന് പൊക്കിള്‍ക്കൊടി വേര്‍പെടുത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. ആ യുവാക്കള്‍ കാണിച്ചത് ക്രൈസ്തവ സ്നേഹത്തിന്‍റെ ഒരു മാതൃകയാണ്. അര്‍ഹിക്കുന്ന സഹായം വേണ്ട സമയത്ത് നല്കുമ്പോഴാണ് അത് യഥാര്‍ത്ഥ സ്നേഹത്തിന്‍റെ പ്രവൃത്തിയാകുന്നത്. യാക്കോബ് 1:27 വചനം ആവശ്യപ്പെടുന്നതിങ്ങനെയാണ്, “പിതാവായ ദൈവത്തിന്‍റെ മുമ്പില്‍ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാണ്. അനാഥരുടെയും വിധവകളുടെയും ആവശ്യങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്‍റെ കളങ്കമേല്ക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക”
ജീവിതമെന്ന മൂന്നക്ഷരത്തിന്‍റെയും മരണമെന്ന മൂന്നക്ഷരത്തിന്‍റെയും ഇടയിലുള്ള ഒന്നാണ് സ്നേഹമെന്ന മൂന്നക്ഷരം. “സഹോദരനെ സ്നേഹിക്കുന്നവന്‍ പ്രകാശത്തില്‍ വസിക്കുന്നു. അവന് ഇടര്‍ച്ച ഉണ്ടാകുന്നില്ല” (1 യോഹന്നാന്‍ 2:10). കാരണം “സ്നേഹം ദൈവത്തില്‍നിന്നുള്ളതാണ്. സ്നേഹിക്കുന്ന ഏവനും ദൈവത്തില്‍നിന്നു ജനിച്ചവനാണ്” (1 യോഹന്നാന്‍ 4:7). ഹൃദയത്തില്‍ എപ്പോഴും സ്നേഹം കരുതിവയ്ക്കുന്നവരായിത്തീരുക.
പ്രപഞ്ചത്തിലെ ഏറ്റവും വലിയ നിര്‍മാണ ശക്തിയാണ് സ്നേഹിക്കുവാനുള്ള കഴിവ്. സ്നേഹത്തില്‍ ജ്വലിക്കുന്നവര്‍ക്ക് ആ സ്നേഹംകൊണ്ട് മറ്റുള്ളവരെ സ്വാധീനിക്കാന്‍, കരുതലായിത്തീരാന്‍ ഒന്നും പ്രതിബന്ധമല്ല. യേശുവില്‍ നിറഞ്ഞു പ്രകടമായത് അവന്‍റെ സ്നേഹിക്കുവാനുള്ള കഴിവാണ്. അവന്‍റെ അത്ഭുത പ്രവര്‍ത്തനങ്ങളെല്ലാം യഥാര്‍ത്ഥ സ്നേഹപ്രകടനങ്ങളായിരുന്നു. ജീവിതത്തിന്‍റെ വഴിത്താരയില്‍വച്ച് എപ്പോഴെങ്കിലും ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം സ്നേഹിക്കാന്‍, അനുഗ്രഹിക്കാന്‍ കഴിയുന്നില്ല എന്നു തിരിച്ചറിയുമ്പോള്‍ ഓര്‍മിക്കുക അത് സ്വര്‍ഗത്തിന്‍റെ ഒരു വെളിപാടാണ്. നീ ഇന്നുവരെയും സ്നേഹിച്ചിട്ടില്ല… സ്നേഹിക്കുന്നില്ലായെന്ന്. അതിനാല്‍ ആരംഭിക്കാം, ശേഷിക്കുന്ന ദിനങ്ങള്‍കൊണ്ട് ജീവിതത്തിന് സ്നേഹമെന്ന മധുരം ചേര്‍ക്കാന്‍.
പ്രാര്‍ത്ഥിക്കാം, സ്നേഹംതന്നെയായ യേശുവേ, അങ്ങേ സ്നേഹം എന്നില്‍പകരണമേ.
'‘നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാക്കാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍” (ഹെബ്രായര്‍ 4:15).
വിശുദ്ധ യോഹന്നാന്‍റെ വാക്കുകളില്‍ “ജഡത്തിന്‍റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്‍റെ അഹന്ത” (1 യോഹന്നാന്‍ 2:16) എന്നിവയാണ് പ്രലോഭനങ്ങളുടെ ഹേതുക്കള്‍. മനുഷ്യനുണ്ടാകുന്ന പ്രലോഭനങ്ങളുടെ അര്‍ത്ഥമെന്താണെന്നും അവയെ എങ്ങനെ അതിജീവിക്കാമെന്നും ഈശോയുടെ പ്രലോഭനാനുഭവം നമ്മെ പഠിപ്പിക്കുന്നു. ഈശോക്ക് പ്രലോഭനമുണ്ടായെങ്കില്‍ നമുക്കും ഉണ്ടാകും എന്ന സത്യവും അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പരിശുദ്ധാത്മാവ് ഈശോയെ മരുഭൂമിയിലേക്ക് നയിക്കുന്നെങ്കിലും ദൈവമല്ല പ്രലോഭനത്തിന് കാരണം. തിരുവചനം പറയുന്നുവല്ലോ: “പരീക്ഷിക്കപ്പെടുമ്പോള്‍, താന്‍ ദൈവത്താലാണ് പരീക്ഷിക്കപ്പെടുന്നത് എന്ന് ഒരുവനും പറയാതിരിക്കട്ടെ” (യാക്കോബ് 1:13). ഈശോയെ പ്രലോഭിപ്പിക്കുന്നത് സാത്താനാണ്. പാപമൊഴികെ എല്ലാ കാര്യങ്ങളിലും ഈശോ നമ്മെപ്പോലെ ആയിരുന്നുവെന്നു പറയുമ്പോള്‍ പ്രലോഭനം അതില്‍ത്തന്നെ പാപമല്ല എന്നും വ്യക്തമാണ്.
ഈശോ പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ കരുത്താര്‍ജിച്ചത് നാല്പതുദിവസത്തെ പ്രാര്‍ത്ഥനയും ഉപവാസവും വ ഴിയാണ്. ഈശോയുടെ ഒന്നാമത്തെ പ്രലോഭനം ജഡത്തിന്‍റെ ദുരാശ-ശരീരത്തിന്‍റെ ആസക്തി-യോട് ബന്ധപ്പെട്ടതാണ്. വിശന്നു തളര്‍ന്നിരിക്കുന്ന ഈശോയ്ക്ക് കല്ലുകള്‍ അപ്പമാക്കി തിന്നരുതോ എന്നാണ് പിശാച് ചോദിക്കുന്നത്. ഈശോയുടെ മറുപടി നിയമാവര്‍ത്തനം 8:3 തിരുവചനമാണ്. മനുഷ്യന്‍ അപ്പംകൊണ്ടുമാത്രമല്ല, ദൈവത്തിന്‍റെ നാവില്‍നിന്നു പുറപ്പെടുന്ന വചനംകൊണ്ടുമാണ് ജീവിക്കുന്നത്. ശരീരത്തിന്‍റെ ആസക്തികളെ തൃപ്തിപ്പെടുത്തുന്നത് ക്രമേണ ഹൃദയകാഠിന്യത്തിലേക്കും അജ്ഞതയിലേക്കും അന്ധകാരത്തിലേക്കും മനസിന്‍റെ മരവിപ്പിലേക്കും ഒടുവില്‍ ദൈവത്തില്‍നിന്നുള്ള അകല്‍ച്ചയിലേക്കും എത്തിക്കുന്നുവെന്ന് വിശുദ്ധ പൗലോസ് വ്യക്തമാക്കുന്നു (എഫേസോസ് 4:18-20).
‘ജീവിതത്തിന്‍റെ അഹന്ത’യുടെ പ്രലോഭനമാണ് രണ്ടാമത്തേത്. വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവികസംരക്ഷണം (സങ്കീര്‍ ത്തനങ്ങള്‍ 91:11-12) ചൂണ്ടിക്കാണിച്ചുകൊണ്ട് ദൈവാലയത്തിന്‍റെ അഗ്രത്തില്‍നിന്ന് താഴേക്ക് ചാടി ദൈവപുത്രനാണെന്ന് തെളിയിക്കാന്‍ ഈശോയോട് സാത്താന്‍ ആവശ്യപ്പെടുന്നു. പേരിനും പെരുമയ്ക്കും കയ്യടിക്കും അംഗീകാരത്തിനുംവേണ്ടിയുള്ള മനുഷ്യദാഹത്തിന്‍റെ പ്രലോഭനമാണിത്. ഈശോ നിരന്തരം നേരിടുന്ന ഒരു പ്രലോഭനം. കുരിശില്‍ കിടന്നപ്പോള്‍പോലും ‘നീ ദൈവപുത്രനാണെങ്കില്‍ ഇറങ്ങിവരിക, നിന്നെത്തന്നെ രക്ഷിക്കുക’ എന്ന വെല്ലുവിളി അവിടുന്ന് നേരിട്ടു. എന്നാല്‍ തന്‍റെ പരീക്ഷാവേളയില്‍ ദൈവവചനം ഉപയോഗിച്ചുതന്നെ ഈശോ പ്രലോഭകനെ കീഴ്പ്പെടുത്തി.
മൂന്നാമത്തെ പ്രലോഭനം ‘കണ്ണുകളുടെ ദുരാശ’യില്‍പെടുന്നു. ലോകത്തിന്‍റെയും ലോകവസ്തുക്കളുടെയും മഹത്വം കാണിച്ച് അത് സ്വന്തമാക്കാനായി സാത്താനെ ആരാധിക്കാന്‍ ആവശ്യപ്പെടുകയാണ്. ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് പഠിപ്പിച്ചുകൊണ്ട് ആ പ്രലോഭനത്തെയും ഈശോ തള്ളിക്കളയുന്നു. ഇന്ന് പണവും വസ്തുവകകളും സ്വന്തമാക്കാന്‍വേണ്ടി കൂടോത്രവും ചാത്തന്‍സേവയുമൊക്കെവഴി പിശാചിനെ ആരാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.
ഭൗതികനേട്ടങ്ങള്‍ക്കും ഐശ്വര്യത്തിനുംവേണ്ടി മാത്രം ദൈവത്തെ തേടുന്നതും വിഗ്രഹാരാധനയാണ്. “ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്” (1 കോറിന്തോസ് 15:19). ഉപവാസവും പ്രാര്‍ത്ഥനയും ഇന്ദ്രിയനിഗ്രഹവുമെല്ലാം നമ്മെ എത്തിക്കേണ്ടത് ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെയുള്ള സ്നേഹത്തിന്‍റെ ജീവിതത്തിലേക്കാണ്.
'ദിവ്യസ്നേഹമേ നിന്നോടു ചേരുവാന്‍ നാളുകളായി ദാഹാര്‍ത്തനായി ഞാന്‍ കാത്തിരിപ്പൂ നീ പകര്‍ന്നീടും സ്വര്‍ഗ്ഗീയജീവനില്‍ പങ്കുചേര്‍ന്നിടാന്‍ നിന്‍ ദിവ്യദാനങ്ങള്‍ ഏകീടണേ
‘ആത്മരക്ഷ’ എന്ന മൊബൈല്‍ ആ പ്പില്‍നിന്ന് കേള്‍ക്കുന്ന ഒരു ഗാനമാണിത്. ആത്മീയജീവിതത്തില്‍ നല്ലൊരു സഹായിയാകുന്ന ഈ ആപ്പ് നമ്മുടെ സ്മാര്‍ട്ട് ഫോണിനുപോലും ഒരു അനുഗ്രഹമാകും എന്നതില്‍ സംശയമില്ല.
ആപ്പില്‍ ആദ്യമെനുവായി നല്കിയിരിക്കുന്നത് വിശുദ്ധ ബൈബിള്‍ ആണ്. വായിക്കുന്നതോടൊപ്പം ഓഡിയോ കേള്‍ക്കാനുള്ള സംവിധാനവുമുണ്ട്. രണ്ടാമത് ക്രിസ്തീയ ഭക്തിഗാനങ്ങള്‍ എന്ന മെനുവാണ്. ക്രിസ്റ്റ്യന്‍ മെലഡി സോംഗ്സ്, ദിവ്യബലിക്കും ദിവ്യകാരുണ്യസ്വീകരത്തിനുമുള്ള ഗാനങ്ങള്‍, പരിശുദ്ധാത്മഗാനങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള മലയാളഗാനങ്ങളുടെ ഓഡിയോ ഈ മെനുവില്‍ ലഭ്യം. വചന പ്രഘോഷണം എന്ന മെനുവാണ് തുടര്‍ ന്നു നല്കിയിരിക്കുന്നത്. പ്രശസ്ത വചനപ്രഘോഷകരുടെ പ്രസംഗങ്ങളുടെ ഓഡിയോയും വീഡിയോയും ഇതിലൂടെ നമുക്ക് അനുഗ്രഹമാകും.
പ്രാര്‍ത്ഥനകള്‍ എന്ന നാലാമത്തെ മെനുവില്‍നിന്ന് മലയാളത്തിലുള്ള പ്രാര്‍ത്ഥനകള്‍ വായിക്കാനും ഓഡിയോ രൂപത്തില്‍ ശ്രവിക്കാനും സാധിക്കും. പ്രത്യേക അവസരങ്ങളിലേക്കുള്ള പ്രാര്‍ത്ഥനകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഇംഗ്ലീഷ് പ്രാര്‍ത്ഥനകളും കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥവും (ഇംഗ്ലീഷ്) വായിക്കുകയും ചെയ്യാം.
മോര്‍ ഓഡിയോസ് എന്ന പേരില്‍ ചേര്‍ത്തിരിക്കുന്ന അവസാനമെനുവില്‍ മാതാവിന്‍റെ പ്രത്യക്ഷീകരണങ്ങള്‍, അനുദിനവിശുദ്ധര്‍, വിശുദ്ധ മരിയ ഫൗസ്റ്റീനയുടെ ഡയറി, മലയാളം യുകാറ്റ്, മറ്റ് ഓഡിയോകള്‍ എന്ന പേരില്‍ വിവിധ ആത്മീയശുശ്രൂഷകള്‍ എന്നിവയുടെ ഓഡിയോയും ലഭ്യമാകുന്നു.
ആത്മരക്ഷക്കുതകുന്ന തരത്തില്‍ അനുദിന ആത്മീയജീവിതത്തെ ഊര്‍ ജ്ജസ്വലമാക്കുകയും പരിപോഷിപ്പിക്കു കയും ചെയ്യുന്ന ഈ മൊബൈല്‍ ആപ്പിന് ആത്മരക്ഷ എന്ന പേര് തീര്‍ച്ചയായും ചേര്‍ന്നതുതന്നെ. കേരളാ കാത്തലിക്സ് മീഡിയാ, യു.എസ്.എയാണ് ആത്മരക്ഷ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. പ്ലേസ്റ്റോറില്‍നിന്ന് ഈ ആപ്പ് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം.
'സംരംഭങ്ങള്‍ വിജയപ്രദമാകുവാനും പ്രവര്‍ത്തനമേഖലകള്‍ ഐശ്വര്യപൂര്‍ണമാകാനും ജീവിതം അനുഗ്രഹിക്കപ്പെടുവാനും എന്താണ് വഴി?
മഹാപണ്ഡിതനായിരുന്ന വിശുദ്ധ അഗസ്റ്റിന്‍റെ മാനസാന്തരവേളകളില്‍ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം അദ്ദേഹത്തിലുണ്ടാക്കിയ ആത്മീയസംഘര്‍ഷം താങ്ങാനാവാത്തതായിരുന്നു. സാക്ഷാത്തായ ജ്ഞാനത്തോടും സ്വര്‍ഗീയ സൗഭാഗ്യത്തോടുമുള്ള അദമ്യമായ അഭിനിവേശം ഒരു ഭാഗത്ത്, ജഡികസന്തോഷങ്ങളുടെ മാസ്മരികത മറുഭാഗത്ത്. അദ്ദേഹത്തിന്‍റെ മേല്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ജഡികാഭിലാഷമെന്ന സാത്താന്‍ അദ്ദേഹത്തെ ശക്തമായി പുറകിലേക്ക് പിടിച്ചുവലിച്ചു. തഴക്കത്തിന്‍റെ ഉരുക്കുശബ്ദം അദ്ദേഹത്തെ തളര്‍ത്തി.
വളരെനാള്‍ കടുത്ത പ്രതിസന്ധിയില്‍ പെട്ട് തളര്‍ന്നവശനായ അദ്ദേഹത്തിന്‍റെ കാതില്‍ അന്തരാത്മാവില്‍നിന്നൊരു ശബ്ദം മുഴങ്ങി. “നീ എന്തുകൊണ്ടാണ് സ്വശക്തിയില്‍ നിലയുറപ്പിക്കുവാന്‍ ശ്രമി ക്കുന്നത്? സ്വന്തം ശക്തിയില്‍- അശക്തിയില്‍- ആശ്രയിക്കുന്നതുകൊണ്ടല്ലേ എഴുന്നേറ്റു നില്‍ക്കാന്‍പോലും നിനക്ക് സാധിക്കാത്തത്? നിന്നെത്തന്നെ നീ പൂര്‍ണമായി ദൈവത്തിന് ഭരമേല്‍പിക്കുക. നീ വീണുപോകത്തക്കവിധം നിന്നില്‍നിന്ന് അവന്‍ മാറിക്കളയുമെന്ന് ഒരിക്കലും ഭയപ്പെടേണ്ട. അവന്‍റെ ബലിഷ്ഠ കരങ്ങളില്‍ നിര്‍ഭയം നിന്നെ നീ സമര്‍പ്പിച്ചുകൊള്ളുക. തീര്‍ച്ചയായും അവന്‍ നിന്നെ സുഖപ്പെടുത്തും.” ഈ വാക്കുകള്‍ അദ്ദേഹത്തിന്‍റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. അദ്ദേഹം എഴുന്നേറ്റു. എങ്ങനെയെന്നറിഞ്ഞുകൂടാ. ഒരു മരത്തിന്‍റെ ചുവട്ടില്‍ ചെന്നുവീണു. അവിടെ കിടന്ന് വളരെ നേരം കരഞ്ഞു. ആ ബലി അഥവാ സമര്‍പ്പണം ദൈവത്തിന് സ്വീകാര്യമായി.
തീവ്രമായ പശ്ചാത്താപത്താല്‍ വിവശനായ അദ്ദേഹം എവിടെനിന്നോ ഒരു ശബ്ദം കേട്ടു: “എടുത്തു വായിച്ചാലും!” അടുത്തുണ്ടായിരുന്ന വിശുദ്ധ ഗ്രന്ഥം തുറന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ദൃഷ്ടി പതിഞ്ഞത് ഈ വാക്യത്തിലാണ്: “സുഖലോ ലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍. ദുര്‍മോഹങ്ങളിലേക്ക് നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍” (റോമാ 13:13-14). വായിച്ചു തീര്‍ന്ന മാത്രയില്‍ പ്രശാന്തമായ ഒരു വെളിച്ചം അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ വ്യാപിച്ചു. ക്രമേണ ആ വെളിച്ചത്തില്‍ അദ്ദേഹം ആമഗ്നനായി. യേശു ഉള്ളിലേക്ക് പ്രവേശിച്ചതോടെ അദ്ദേഹത്തിന്‍റെ ആത്മാവിന്‍റെ സമസ്ത ക്ലേശങ്ങളും അവസാനിച്ചു. യേശുനാഥന്‍ അരുളിച്ചെയ്യുന്നു: “എന്നെക്കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല” (യോഹന്നാന്‍ 15:5).
നിത്യവും പലവിധ ക്ലേശങ്ങളും നിരവധി പ്രശ്നങ്ങളും നമ്മെ അലട്ടുന്നു. സ്വന്തം ആത്മധൈര്യത്തിലാശ്രയിച്ച് അവയെ നേരിടുമ്പോള്‍ അഗാധങ്ങളിലേക്ക് ആണ്ടുപോകുന്ന അവസ്ഥയാണ് പലപ്പോഴും കാണുന്നത്. വിശുദ്ധിയില്‍ ജീവിക്കുവാനും ദുഃഖദുരിതങ്ങളെ നേരിടുവാനും ചെറുതും വലുതുമായ സംരംഭങ്ങള്‍ വിജയപ്രദമാകുവാനും പ്രവര്‍ത്തന മേഖലകള്‍ ഐശ്വര്യപൂര്‍ണമാകുവാനും സന്യസ്ത ജീവിതവും കുടുംജീവിതവും അനുഗ്രഹിക്കപ്പെടുവാനും എന്താണ് വഴി? ആരോടാണ് ഉപദേശം ചോദിക്കേണ്ടത്? പലപ്പോഴും നമ്മെ അലട്ടുന്ന ചോദ്യങ്ങളാണിവ. കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ഞാന്‍ നിന്നെ ഉപദേശിക്കാം. നീ നടക്കേണ്ട വഴി കാണിച്ചുതരാം. ഞാന്‍ നിന്‍റെമേല്‍ ദൃഷ്ടിയുറപ്പിച്ച് നിന്നെ ഉപദേശിക്കാം” (സങ്കീര്‍ത്തനങ്ങള്‍ 32:8).
ശുശ്രൂഷയ്ക്കൊരുങ്ങുമ്പോള്‍
സ്പെയിന്‍കാരനായിരുന്ന വിശുദ്ധ വിൻസെന്റ് ഫെറാർ മഹാപണ്ഡിതനും അനുഗൃഹീത വാഗ്മിയുമായിരുന്നു. പ്രാത്ഥിച്ചു ഒരുങ്ങി അദ്ദേഹം ചെയ്തിരുന്ന പ്രഭാഷണങ്ങള്‍ ശ്രോതാക്കളെ കരയിപ്പിക്കുമായിരുന്നു. ധാരാളം അത്ഭുതങ്ങളും മാനസാന്തരങ്ങളും നടക്കുക പതിവായിരുന്നു. ഒരിക്കല്‍ വളരെ പ്രശസ്തനായ ഒരാള്‍ തന്‍റെ പ്രസംഗം കേള്‍ക്കാന്‍ വരുന്ന വരുന്നുണ്ടെന്ന് കേട്ട് വിശുദ്ധ വിന്‍സെന്‍റ് നന്നായി പഠിച്ചൊരുങ്ങി പോയി. എന്നാല്‍ പ്രാര്‍ത്ഥിക്കാന്‍ സമയം ലഭിച്ചില്ല. അന്നത്തെ പ്രസംഗം ആ മാന്യനെ സ്പര്‍ശിച്ചതേയില്ല. വേറൊരു ദിവസം അതേ മനുഷ്യന് വിശുദ്ധ വിന്‍സെന്‍റിന്‍റെ പ്രസംഗം ഹൃദയസ്പര്‍ശിയായി. കാരണം ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: “ആദ്യത്തെ ദിവസം വിന്‍സെന്‍റാണ് പ്രസംഗിച്ചത്. രണ്ടാമത്തെ ദിവസം വിന്‍സെന്‍റില്‍ക്കൂടി യേശുക്രിസ്തുവാണ് പ്രസംഗിച്ചത്!!”
പ്രലോഭനങ്ങളെ അതിജീവിക്കാം
റിമോറ എന്നു പേരുള്ള ഒരു ചെറിയ കടല്‍മത്സ്യമുണ്ട്. കപ്പലിന്‍റെ അടിത്ത ട്ടില്‍ ഈ മത്സ്യം പറ്റിപ്പിടിച്ചിരുന്നാല്‍ ഏതു വലിയ കപ്പലും നിന്നുപോകും. ഇതുപോലെ ആത്മീയ ജീവിതത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരാളിനെ തടഞ്ഞുനിര്‍ത്തുവാന്‍ ഒരു ചെറിയ പ്രലോഭനത്തിനുപോലും കഴിയും. പ്രബലര്‍ക്കും ദുര്‍ബലര്‍ക്കും ഒന്നുപോലെ നേരിടേണ്ടിവരുന്ന വലിയ വിപത്താണ് പ്രലോഭനങ്ങള്‍. സാത്താന്‍റെ ശക്തിയേറിയ ഈ കൗശലത്തെ പ്രാര്‍ത്ഥനയിലൂടെയല്ലാതെ നേരിടാന്‍ കഴിയില്ല. യേശുനാഥന്‍ അരുളിച്ചെയ്യുന്നു: “പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുവിന്‍” (ലൂക്കാ 22:46). മനുഷ്യന്‍ ദുര്‍ബലനാണ്. തന്‍റെ ദൗര്‍ബല്യെ ത്തക്കുറിച്ച് ബോധവാന്മാരായിക്കൊണ്ട് നാം കര്‍ത്താവിന്‍റെ കരുണയിലാശ്രയിക്കുമ്പോള്‍ അവിടുന്ന് നമ്മെ ബലശാലികളാക്കും. വശ്യമായ ഭാവത്തിലും പലവിധ രൂപത്തിലും എത്തുന്ന പ്രലോഭനങ്ങളെ തിരിച്ചറിയുവാനും അവയെ അതിജീവിച്ച് ആത്മീയതയില്‍ വളരാനും അവി ടുന്ന് നമ്മെ സഹായിക്കും.
സങ്കീര്‍ത്തകനോടൊപ്പം നമുക്കും പ്രാര്‍ത്ഥി ക്കാം: “കര്‍ത്താവേ, ഞാന്‍ അങ്ങയുടെ നേര്‍ക്ക് കരങ്ങള്‍ വിരിക്കുന്നു. ഉണങ്ങിവരണ്ട നിലംപോലെ എന്‍റെ ഹൃദയം അങ്ങേക്കായി ദാഹിക്കുന്നു അങ്ങയിലാണ് ഞാൻ ആശ്രയിക്കുന്നത് ഞാന്‍ നടക്കേണ്ട വഴി എന്നെ പഠിപ്പിക്കണമേ!” ആമ്മേന്‍.
'വേദപാഠക്ലാസില്‍ സാര്‍ കുട്ടികളോട് ചോദിച്ചു: “നിങ്ങള്‍ എന്തിനാണ് പ ഠിക്കുന്നത്?”
കുട്ടികള്‍ പറഞ്ഞു: “ജോലി ലഭിക്കാന്‍.”
സാര്‍ വീണ്ടും ചോദിച്ചു: “എന്തിനാണ് ജോലി?”
കുട്ടികള്‍ പറഞ്ഞു: “പൈസ കിട്ടാന്‍.”
ഇതുകേട്ടപ്പോള്‍ അവര്‍ക്കുവേണ്ടി സാര്‍ ഒരു കഥ പറഞ്ഞു. ധര്‍മപുരി ഗ്രാമത്തിലെ ഏക സമ്പന്നനായിരുന്നു രാമു. പിശുക്കനായിരുന്ന രാമു ആരെയും സഹായിച്ചിരുന്നില്ല.
തപസ് ചെയ്ത് ദൈവത്തെ പ്ര സാദിപ്പിച്ചാല്‍ ധാരാളം പണം ലഭിക്കുമെന്നറിഞ്ഞ് രാമു ഒരു മലയുടെ മുകളില്‍ പോയി തപസ് തുടങ്ങി. കുറെ ദിവസങ്ങള്‍ക്കുശേഷം ദൈവം പ്രത്യക്ഷപ്പെട്ട് രാമുവിനോട് ചോദിച്ചു : “മകനേ, നീ എന്തിനാണ് തപസ് ചെയ്യുന്നത്?”
രാമു പറഞ്ഞു: “അടുത്ത പട്ടണത്തിലെ പണക്കാരുടെയത്രയും സമ്പത്ത് അങ്ങ് എനിക്ക് നല്കിയിട്ടില്ലല്ലോ. അതിനാല്‍ എനിക്ക് ഇനിയും ധാരാളം പണം വേണം”
അത്യാഗ്രഹിയായ രാമുവിനെ ഒരു പാഠം പഠിപ്പിക്കുവാന്‍ ദൈവം തീരുമാനിച്ചു.
ദൈവം പറഞ്ഞു: “പാവപ്പെട്ടവർക്ക് നല്കാനായി എന്‍റെ കൈയില്‍ സ്വര്‍ണ നാണയങ്ങള്‍ നിറച്ച കുടങ്ങള്‍ ഉണ്ട്. അത് നിനക്ക് ഞാന്‍ തരാം. പക്ഷേ ഓരോ കുടങ്ങള്‍ നിനക്ക് തരുന്നതിനനുസരിച്ച് നിന്‍റെ ഓരോ വയസ് കൂടും.”
ആയുസ് നഷ്ടമായാലും കുഴപ്പമില്ല എന്ന് ചിന്തിച്ച രാമു ദൈവത്തിനോട് ഓരോ കുടം ലഭിച്ചശേഷം അടുത്തത് ചോദിച്ചുകൊണ്ടിരുന്നു.
80 കുടങ്ങള്‍ വാങ്ങിക്കഴിഞ്ഞപ്പോള്‍ രാമു തീര്‍ത്തും വൃദ്ധനായി മാറി. വീണ്ടും രാമു ദൈവത്തോട് ഒരു കുടംകൂടി ചോദിച്ചു. ദൈവം പറഞ്ഞു: “ഇനി ഒന്നുകൂടി തന്നാല്‍ നീ ഇവിടെത്തന്നെ മരിച്ചുവീഴും. മരിക്കാറായ നിനക്ക് ആയുസ് തിരിച്ച് ലഭിക്കാന്‍ ഞാന്‍ തന്ന സ്വര്‍ണനാണയങ്ങള്‍ പാവപ്പെട്ടവർക്ക് ദാനം കൊടുക്കണം . എത്ര കൊടുക്കുന്നുവോ അത്രയും ആയുസും സന്തോഷവും സമാധാനവും നിനക്ക് ലഭിക്കും.” ഇത്രയും പറഞ്ഞ് ദൈവം അപ്രത്യ ക്ഷനായി.
ദൈവം നല്‍കിയ കുടങ്ങളെല്ലാം ചാക്കിലാക്കി തലയില്‍വച്ച് വൃദ്ധനായ രാമു തന്‍റെ ഗ്രാമത്തിലേക്ക് വളരെ പ്രയാസപ്പെട്ട് നടന്നുനീങ്ങി. താന്‍ മരിക്കാറായെന്ന് മനസിലായിട്ടും സ്വര്‍ണ നാണയങ്ങള്‍ വഴിയരുകില്‍ കണ്ട പാവങ്ങൾക്ക് നൽകി ആയുസ് തിരിച്ചെടുക്കാൻ രാമുവിന്‍റെ അത്യാഗ്രഹം അനുവദിച്ചില്ല. ഒടുവില്‍ ചാക്കിന്‍റെ ഭാരം താങ്ങാനാവാതെ രാമു തന്‍റെ ഗ്രാമത്തിന്‍റെ നാല്‍ക്കവലയില്‍ മരിച്ചുവീണു. ഗ്രാമത്തലവന്‍ എത്തി സ്വര്‍ണ നാണയങ്ങള്‍ പാവപ്പെട്ടവര്‍ക്ക് വീതിച്ചു നല്കി.
കഥ പൂര്‍ത്തിയാക്കിയിട്ട് സാര്‍ പറഞ്ഞു, കുട്ടികളേ, ദൈവം നമുക്ക് ദാനമായി തരുന്ന കഴിവുകള്‍, ആരോഗ്യം, സമയം, സമ്പത്ത് എല്ലാം മറ്റുള്ളവരുമായി പങ്കുവ യ്ക്കുമ്പോള്‍ ദൈവം നമ്മെയോര്‍ത്ത് സന്തോഷിക്കുകയും നമുക്ക് കൂടുതല്‍ സന്തോഷവും സമാധാനവും അനുഗ്രഹവും തരികയും ചെയ്യും. നമുക്കൊരു വചനം പഠിച്ചുകൊണ്ട് ഇന്നത്തെ ക്ലാസ് അവസാനിപ്പിക്കാം. “കൊടുക്കുവിന്‍; നിങ്ങള്‍ക്ക് കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടു തരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും” (ലൂക്കാ 6:38).
'1260-ല്‍ ഇറ്റലിയിലെ ഫോര്‍ളിയില്‍ സമ്പ ന്നരായ മാതാപിതാക്കളുടെ മകനായാണ് പെരിഗ്രിന്‍ ലസിയോസിയുടെ ജനനം. മാര്‍പാപ്പയ്ക്ക് എതിരായി പ്രവര്‍ത്തിച്ചിരുന്ന മുന്നേറ്റത്തിലെ സജീവപ്രര്‍ത്തകരായിരുന്നു പെരിഗ്രിന്‍റെ കുടുംബം. സ്വാഭാവികമായും പെരിഗ്രിനിലും പാപ്പാവിരുദ്ധ മനോഭാവം രൂപപ്പെട്ടു.
ഈ കാലഘട്ടത്തിലാണ് ഫോര്‍ളി നഗരത്തില്‍ മാര്‍പാപ്പയ്ക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിശുദ്ധ ഫിലിപ്പ് ബെനിസിയെ മാര്‍ട്ടിന്‍ നാലാമന്‍ മാര്‍പാപ്പ അവിടേക്ക് അയച്ചത്. ഫ്രയര്‍ സെര്‍വന്‍റസ് ഓഫ് സെന്‍റ് മേരി(സെര്‍വൈറ്റ്സ്) സഭയുടെ പ്രയര്‍ ജനറളായിരുന്നു പില്‍ക്കാലത്ത് വിശുദ്ധനായി തീര്‍ന്ന ഫിലിപ്പ്. ക്രിസ്തുവിന് അനുരൂപമായ ജീവിതം നയിക്കുന്നവരുടെ ഏറ്റവും ചെറിയ പ്രവൃത്തികള്‍ പോലും മറ്റുള്ളവരെ ക്രിസ്തുദര്‍ശനത്തിലേക്ക് നയിക്കും എന്നതിന്‍റെ ഉത്തമ ഉദാഹരമാണ് വിശുദ്ധ ഫിലിപ്പിലൂടെ പെരിഗ്രിന്‍റെ ജീവിതത്തില്‍ സംഭവിച്ച മാനസാന്തരം. ഫോര്‍ളി നഗരത്തില്‍ നടത്തിയ പ്രസംഗത്തിനിടെ പാപ്പാവിരുദ്ധര്‍ ഫിലിപ്പിനെ അക്രമിച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായിരുന്നു പെരിഗ്രിന്‍. 18 വയസ് മാത്രം പ്രായമുണ്ടായിരുന്ന പെരിഗ്രിന്‍റെ അടിയേറ്റ് ആ വിശുദ്ധന്‍ നിലത്തു വീണു.
മുഖത്ത് അടിയേറ്റ് നിലത്ത് വീണ ഫിലിപ്പ് ബെനിസിയുടെ ശാന്തതയും ക്ഷമയുമാണ് പെരിഗ്രിന്‍റെ ഹൃദയത്തെ പിടിച്ചുലച്ചത്. പശ്ചാത്താപവിവശനായി അദ്ദേഹം അപ്പോള്‍ തന്നെ അദ്ദേഹത്തോട് മാപ്പ് ചോദിച്ചു എന്നാണ് ചരിത്രം സാക്ഷിക്കു ന്നത്. ഒരു ചെറു പുഞ്ചിരിയോടെ വിശുദ്ധ ഫിലിപ്പ് ബെനിസി അദ്ദേഹത്തിന് മാപ്പ് നല്‍കി. പെരിഗ്രിന്‍ ലസിയോസി എന്ന വിശുദ്ധന്‍റെ ജനന നിമിഷമായിരുന്നു അത്.
തുടര്‍ന്ന് സിയന്നയിലെത്തിയ പെരിഗ്രിന്‍ സെര്‍വൈറ്റ് സന്യാസ സഭയില്‍ ചേര്‍ന്നു. സന്യാസവ്രതം സ്വീകരിച്ച അദ്ദേഹം തന്‍റെ സ്വദേശമായ ഫോര്‍ളിയില്‍ മടങ്ങിയെത്തി അവിടെ ആശ്രമം ആരംഭിച്ചു. പ്രസംഗങ്ങളിലൂടെയും വിശുദ്ധമായ ജീവിതത്തിലൂടെയും നിരവധി ആത്മാക്കളെ സത്യത്തിന്‍റെ വെളിച്ചത്തിലേക്ക് കൂട്ടിക്കൊണ്ടുവരുവാന്‍ ദൈവം അദ്ദേഹത്തെ ഉപകരണമാക്കുകയായിരുന്നു. ദരിദ്രരെയും പീഡിതരെയും കരുണയോടെ ശുശ്രൂഷിച്ചുകൊണ്ടും പ്രായശ്ചിത്ത പ്ര വൃത്തികള്‍ ചെയ്തുകൊണ്ടും അദ്ദേഹം തന്‍റെ സന്യാസ ജീവിതം ധന്യമാക്കി.
ഇരിക്കേണ്ടത് അത്യാവശ്യമല്ലാത്ത അവസരങ്ങളിലെല്ലാം നില്‍ക്കുക എന്നത് അദ്ദേഹം അനുഷ്ഠിച്ചുപോന്ന ഒരു പ്ര ത്യേക പ്രായശ്ചിത്ത പ്രവൃത്തിയായിരു ന്നു. കാലക്രമത്തില്‍ അദ്ദേഹത്തിന്‍റെ കാലില്‍ അണുബാധ ഉണ്ടാവുകയും അത് കാന്‍സറായി മാറുകയും ചെയ്തു. കാലില്‍ ഉണ്ടായ മുറിവ് ചികിത്സിച്ച് ഭേദമാക്കാനാവാത്ത സാഹചര്യത്തില്‍ കാലിന്‍റെ ആ ഭാഗം മുറിച്ചു മാറ്റണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.
കാലിന്‍റെ ഭാഗം മുറിച്ചുമാറ്റാനുള്ള ശസ്ത്രക്രിയ നിശ്ചയിച്ചിരുന്ന ദിവസ ത്തിന്‍റെ തലേ രാത്രി മുഴുവന്‍ ക്രൂശിതനായ ഈശോയുടെ രൂപത്തിന് മുമ്പിലാണ് അദ്ദേഹം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചത്. രാത്രിയുടെ ഏതോ സമയത്ത് ഉറങ്ങിപ്പോയ അദ്ദേഹം, ഈശോ കുരിശില്‍ നിന്ന് ഇറങ്ങി വന്ന് കാന്‍സര്‍ ബാധിച്ച കാലില്‍ തൊടുന്നതായി ഒരു ദര്‍ശനം കണ്ടു. തന്‍റെ കാലിലെ മുറിവ് പൂര്‍ണമായി സുഖമാക്കപ്പെട്ടതായി ഉറക്കത്തില്‍ നിന്നുണര്‍ന്ന പെരിഗ്രിനിന് മനസിലായി. അടുത്ത ദിവസം ശസ്ത്രക്രിയയ്ക്കായി എത്തിയ ഡോക്ടറിന് കാലിലെ മുറിവ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അത്ഭുതത്തെക്കുറിച്ചുള്ള വാര്‍ത്ത എല്ലായിടത്തും പരന്നു. പിന്നീട്, 1345 മെയ് ഒന്നാം തിയതി 85-ാമത്തെ വയസിലാണ് പെരിഗ്രിന്‍ ദൈവപിതാവിന്‍റെ ഭാവത്തിലേക്ക് യാത്രയായത്. 1726-ല്‍ ബനഡിക്ട് 13-ാമന്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച വിശുദ്ധ പെരിഗ്രിന്‍ ലസിയോസിയുടെ തിരുനാള്‍ മെയ് ഒന്നാം തിയതി തിരുസഭ ആഘോഷിക്കുന്നു. കാന്‍സര്‍, എയ്ഡ്സ് തുടങ്ങിയ മാരക രോഗങ്ങള്‍ ബാധിച്ചവരുടെ പ്രത്യേക മധ്യസ്ഥനാണ് വിശുദ്ധ പെരിഗ്രിന്‍.
'ഒരു കൊച്ചുപെൺകുട്ടി എന്‍റെയടുത്തു വന്ന് പാട്ടു പാടുകയാണ്,
ഉപുലേ സനിജോ ന്യാറൂസാസാ രാരാ ദിദി എനെതോയൂ എമമ ജോസസുസ ഉജ്ഞാ പ്ര ഏജവിബാ എ ദാഹോജോ ആ ഒയോ മിനാഹ സെഹസ മ മമാലൂയോ അറോ കോകോഗ എഫികൊ തെതെതിതി തീഫിഹെ യാ പപ യോയോയോ യൂവെ.
അതു കഴിഞ്ഞൊരു ചോദ്യം: “ഇതെന്താന്നു പറയാമോ?” എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല എന്ന് വ്യക്തമായപ്പോള്‍ അവള്‍ പറഞ്ഞു, “പഴയ നിയമത്തില്‍ ഉല്‍പത്തി, പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമാവര്‍ത്തനം തുടങ്ങി നാല്പത്തിയാറ് പുസ്തകങ്ങളും പുതിയ നിയമത്തില്‍ മത്തായി, മര്‍ക്കോസ്, ലൂക്കാ, യോഹന്നാന്‍ തുടങ്ങി ഇരുപത്തിയേഴു പുസ്തകങ്ങളും കൂടി ആകെ എഴുപത്തിമൂന്ന് പുസ്തകങ്ങള്‍ ചേര്‍ന്നതാണ് ബൈബിൾ .” ഇതു പറഞ്ഞ് ദീര്‍ഘശ്വാസം വിട്ടുകൊണ്ട് ഒരു പൊട്ടി ച്ചിരിയും. ഞാന്‍ കൈകൊട്ടി ആ മോളെ പ്രോത്സാഹിപ്പിക്കുമ്പോഴും സിസ്റ്റര്‍, സിസ്റ്റര്‍ ഇതെന്താന്നു പറയാമോ? എന്ന ചോദ്യം എന്നില്‍ വല്ലാതെ പ്രതിധ്വനിച്ചുകൊ ണ്ടിരുന്നു…
ഞാന്‍ അവളെ അടുത്തു വിളിച്ചു ചോദിച്ചു: “മോള്‍ക്ക് ആരാ ഇത്ര ചെറുപ്പത്തിലേ ഇതെല്ലാം പഠിപ്പിച്ചുതന്നത്?” അവള്‍ പറഞ്ഞു: “എന്‍റമ്മ.” ഞാന്‍ അവളുടെ അമ്മ യോട് സംസാരിച്ചു. കൃപയുള്ള ഒരു സ്ത്രീ. ആ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്ന ഒമ്പതുമാസവും വചനം വായിക്കുന്നതിലും പഠിക്കുന്നതിലും ശ്രദ്ധിച്ചു. സമ്പൂര്‍ണ ബൈബിൾ എടുത്ത് അതിന്‍റെ ആമുഖഭാഗങ്ങളും പുസ്തകങ്ങളുടെ പേരുകളും പഠിച്ചു. അത് ഹൃദിസ്ഥമാകാൻ ആ പുസ്തകങ്ങളുടെ ആദ്യ അക്ഷരങ്ങള്‍, കിടക്കുമ്പോള്‍ വയറില്‍ മെല്ലെ മെല്ലെ തടവിക്കൊണ്ട് ഉരുവിട്ടു. അങ്ങനെ ഉറങ്ങുന്ന ആ അമ്മ ഉണരുമ്പോള്‍ത്തന്നെ ഈ പുസ്തകങ്ങളുടെ പേരുകള്‍ ഓര്‍മയില്‍ വിടരും.
കുഞ്ഞ് ജനിച്ചു. കുഞ്ഞിന് പാലുകൊടുക്കുമ്പോഴും ഉറക്കുമ്പോഴും ഈ അക്ഷരങ്ങള്‍ താരാട്ടുപാട്ടായ് രൂപപ്പെട്ടു. കുട്ടി സംസാരിക്കാറായപ്പോള്‍ മുതല്‍ ഈ അമ്മ കുട്ടിയെ വ്യക്തമായി ഇത് പഠിപ്പിച്ചുകൊടുത്തു. അനുദിന ജീവിതത്തില്‍, സാധാരണ സംഭവങ്ങളില്‍, വളര്‍ത്തിയെടുക്കേണ്ട കാര്യമാണ്, നില നിര്‍ത്തേണ്ട സംഗതിയാണ് വിശുദ്ധി എന്ന യാഥാര്‍ത്ഥ്യമെന്നത് ആ സ്ത്രീയില്‍ ഞാന്‍ കാണുകയായിരുന്നു. ഗര്‍ഭസ്ഥശിശു ഒരമ്മയില്‍നിന്നും ആഹരിക്കുന്നതെല്ലാം ആരോഗ്യമായി, കൃപയായി പരിണമിക്കുന്നു. ജീവിതം സജീവമാകുന്നു. വരും തലമുറ ആരായിത്തീരണം എന്നു തീരുമാനിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ഏറ്റം പറ്റിയ അവസരമാണ് ഗര്‍ഭിണികളായിരിക്കുന്ന കാലം.
മറ്റൊരു സംഭവം ഓര്‍മിക്കുന്നു. ഒരു ദിവസം ഏതാണ്ട് മൂന്നര വയസുള്ള ഒരു ആണ്‍കുട്ടി ധ്യാനശുശ്രൂഷ നടന്നുകൊണ്ടിരിക്കേ ഓടിവന്ന്, ഗാനങ്ങളുടെ താളത്തിനൊപ്പം കൈകൊട്ടിയും ആടിയും പാടിയും ദൈവത്തെ സ്തുതിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍റെ അമ്മ മധ്യസ്ഥ പ്രാര്‍ത്ഥനാചാപ്പലില്‍ നിന്നും അവനെ തേടി ഇറങ്ങിവന്നു. ഞാന്‍ അവരോടു സംസാരിച്ചു. അവള്‍ ആ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ ഒഴിവുസമയം മുഴുവന്‍ ശാലോം, ഗുഡ്നെസ് തുടങ്ങിയ ടി.വി ചാനലുകള്‍ കാണുന്നതില്‍ ശ്രദ്ധിച്ചു. വീട്ടുജോലികള്‍ ചെയ്യുമ്പോഴും ടി.വി ഓണാക്കി വച്ചിരുന്നു. ഇടവക ദൈവാലയത്തിലെ ആരാധനകളിലും യൂണിറ്റ് പ്രാര്‍ത്ഥനകളിലും സജീവമായി പങ്കെടുത്തു.
ധ്യാനഹാളില്‍ ഓര്‍ഗണ്‍വച്ച് പാടി സ്തുതിക്കുന്നത്, മധ്യസ്ഥപ്രാര്‍ത്ഥനാ ചാപ്പലില്‍ ഇരിക്കുന്ന കുഞ്ഞിന് മനസിലാകും. അവന്‍ ശാഠ്യം പിടിക്കും- പാട്ട് ആരാധ നയ്ക്ക് പോകാം മമ്മിയെന്ന്. ആ കുഞ്ഞിനെ ആ അമ്മ ദൈവവചനങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ഞാന്‍ പറഞ്ഞു, നമുക്ക് മൈക്കിലൂടെ കുഞ്ഞ് പഠിച്ച വചനങ്ങള്‍ പറയിപ്പിച്ചാലോ? അതുകേട്ട ആ അമ്മ പറയുകയാണ്, “ഇന്ന് ഞാന്‍ മധ്യസ്ഥപ്രാര്‍ത്ഥനയില്‍ ആ നിയോഗംകൂടി വച്ച് പ്രാര്‍ത്ഥിക്കുകയാണ് സിസ്റ്ററേ…”
കുട്ടി വചനം പഠിച്ച് പ്രഘോഷിക്കാന്‍ ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കുന്ന അമ്മമാര്‍ സഭയുടെ സുവിശേഷവല്ക്കരണത്തില്‍ സജീവ പങ്കാളികളല്ലേ? മുഴുവന്‍ സമയ പ്രവര്‍ത്തകരല്ലേ? പലപ്പോഴും നമുക്ക് ദൈവവേലക്ക് എന്തെന്തു തടസങ്ങളാണ്. എന്നാല്‍ ഇത്തരം അമ്മമാര്‍ നമ്മോടു പറയുന്നത് എന്താണ്? സദാ സുവിശേഷം സവിശേഷമായി പ്രഘോഷിക്കാം എന്നല്ലേ. “ഞാന്‍ സ്വമനസാ ഇതു ചെയ്യുന്നെങ്കില്‍ എനിക്ക് പ്രതിഫലമുണ്ട്” (1 കോറിന്തോസ് 9:17). അപ്പസ്തോലനോടൊ പ്പം ഈ അമ്മമാരും ഇങ്ങനെയൊക്കെ വിശ്വസിച്ച് ജീവിക്കുന്നവരാണെന്ന് നമുക്ക് നിസംശയം ഉറപ്പിക്കാം.
മക്കള്‍ ഈശോയെപ്പോലെ വളരാന്‍, അമ്മമാര്‍ക്ക് അവരെ പരിശുദ്ധ അമ്മയെേ പ്പാലെ വളര്‍ത്താന്‍ സാധിക്കട്ടെ. യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നു വന്നു എന്ന ലൂക്കാ 2:52 വചനം നമ്മുടെ മക്കള്‍ക്ക് അഭിഷേകവചനമായി ഭവിക്കാന്‍, എല്ലാ അമ്മമാരിലും ലൂക്കാ 1:38 നിറവേറണം: “നിന്‍റെ വാക്ക് എന്നില്‍ നിറവേറ ട്ടെ. ഇതാ, കര്‍ത്താവിന്‍റെ ദാസി!” നമ്മുടെ മക്കളില്‍ ഈശോയെയും അമ്മമാരില്‍ പ രിശുദ്ധ അമ്മയെയും അപ്പന്മാരില്‍ വിശുദ്ധ യൗസേപ്പിനെയുമൊക്കെ ലോകത്തിന് കാണാന്‍ കഴിയുന്ന ആത്മീയത ശക്തിപ്പെടട്ടെ! കുടുംബങ്ങൾ തിരുക്കുടുംങ്ങളാകട്ടെ, ആമ്മേന്‍.
'ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ ഭീകര ഭരണകാലത്ത് റോമാ സാമ്രാജ്യത്തില്‍ കഠിനമായ ഒരു മതമര്‍ദനമുണ്ടായി. ചക്രവര്‍ത്തി ഇപ്രകാരം ഒരു ആജ്ഞ പുറെ പ്പടുവിച്ചു. തന്‍റെ സാമ്രാജ്യത്തില്‍പെട്ട എല്ലാവരും ‘ഞങ്ങളുടെ കര്‍ത്താവും ഞങ്ങളുടെ ദൈവവും’ എന്നു വിളിച്ച് ചക്രവര്‍ത്തിയെ ആരാധിക്കണം. അതിന് വിസമ്മതിച്ച ഏഷ്യാ മൈനറിലെ ക്രൈസ്തവ സമൂഹങ്ങളെ ചക്രവര്‍ത്തി രൂക്ഷമായ പീഡനങ്ങള്‍ക്ക് വിധേയരാക്കി. ചക്രവര്‍ത്തിയുടെ ആജ്ഞപ്രകാരം പട്ടാളക്കാരുടെ വാള്‍ അനേകം ക്രിസ്ത്യാനികളുടെ ജീവനൊടുക്കി. ക്രൈസ്തവരെന്ന് സംശയിക്കപ്പെട്ട പലരെയും തടങ്കലില്‍ അടച്ചു. അവരില്‍ ചിലരെ നാടുകടത്തി. നാടുകടത്തപ്പെട്ട സ്ഥലങ്ങളില്‍ അവര്‍ കഠിനമായ അടിമവേല ചെയ്തു. അങ്ങനെ നാടുകടത്തപ്പെട്ടവരുടെ കൂടെ യേശുവിന്‍റെ അരുമ ശിഷ്യനായ യോഹന്നാനും ഉണ്ടായിരുന്നു. പാത്മോസ് എന്ന ദ്വീപിലേക്കാണ് യോഹന്നാന്‍ നാടുകടത്തപ്പെട്ടത്. പാറമടകളില്‍ അടിമവേല ചെയ്തുകൊണ്ടിരുന്ന യോഹന്നാന്‍റെ ജീവിതം അതികഠിനമായ പ്രതികൂലങ്ങളിലൂടെ കടന്നുപോയി.
പാത്മോസിലെത്തിയ യോഹന്നാന് മറ്റു ക്രിസ്തുശിഷ്യന്മാരുമായുള്ള കൂട്ടായ്മ നഷ്ടെപ്പട്ടു. ഏഷ്യാ മൈനറിലെ മറ്റു ക്രൈസ്തവ കൂട്ടായ്മകളുമായുള്ള ബന്ധവും അവിടെ നിന്നും ലഭിച്ചിരുന്ന താങ്ങും നഷ്ടപ്പെട്ടു. ഇങ്ങനെ ഏകനായി, അന്യനായി, പരദേശിയായി, അടിമയായി, കഷ്ടതയുടെ ചൂളയില്‍ ഉരുകുന്ന കാലഘട്ടത്തിലാണ് പാത്മോസ് ദ്വീപില്‍വച്ച് യോഹന്നാന് വെളിപാടിന്‍റെ പ്രകാശം നല്കപ്പെട്ടത്. വെളിപാടിന്‍റെ രഹസ്യ ങ്ങള്‍ ലോകത്തിലെ സകല വിശ്വാസികള്‍ ക്കും കാലത്തിന്‍റെ അവസാനംവരെ വെളിെപ്പടുത്തി കൊടുക്കുവാന്‍വേണ്ടി യോഹന്നാന് ദൈവം ദര്‍ശനമേകിയ സ്ഥലമായിരുന്നു പാത്മോസ് ദ്വീപ്. അവിടെ യോഹന്നാന്‍ ഒറ്റപ്പെട്ടവനായിരുന്നു. സ്വസഹോദരങ്ങളില്‍ നിന്നും വെട്ടിമാറ്റപ്പെട്ടവനായിരുന്നു, ആട്ടിപ്പായിക്കപ്പെട്ടവനായിരുന്നു. ഭീകരമായ ഏകാന്തതയും കഠിനാധ്വാനവും പീഡനങ്ങളുംമൂലം അദ്ദേഹം ദുര്‍ബലനും ഭയചകിതനുമായിരുന്നു.
വെളിപാടിന്‍റെ പുസ്തകത്തിലെ പ്രതി പാദ്യങ്ങള്‍ക്കിടയില്‍ മറ്റു മനുഷ്യരുടെയോ ശിഷ്യന്മാരുടെ പഠനങ്ങളുടെയോ സ്വാധീനം ലവലേശമില്ലാതിരിക്കുവാന്‍വേണ്ടിയാണ് യോഹന്നാന് ദൈവം പാത്മോസില്‍ ഒറ്റെപ്പടലും ഏകാന്തതയും കഠിനസഹനങ്ങളും അനുവദിച്ചത്. യോഹന്നാന് അത് വേദനാജനകമായിരുന്നെങ്കിലും ദൈവത്തിന്‍റെ മഹത്തരമായ പദ്ധതിയാണ് അതിലൂടെ നിറവേറ്റെപ്പട്ടത്. “ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു” (റോമാ 8:28).
പാത്മോസ് നമ്മുടെ ജീവിതത്തില്‍
പാത്മോസ് അനുഭവം ഒരു ഒറ്റപ്പെട്ട സംഭവമല്ല. നമ്മുടെയൊക്കെ ജീവിതത്തി ലും കടന്നുവരാനിടയുള്ളതും നമ്മളില്‍ പലരും കടന്നുപോയിട്ടുള്ളതുമായ ഒരു വിശ്വാസക്കടമ്പയാണ് പാത്മോസ് അനുഭവം. നമ്മളനുഭവിച്ചുകൊണ്ടിരുന്ന എല്ലാ സുരക്ഷിതത്വത്തില്‍നിന്നും നമ്മെ വേര്‍പെടു ത്തി, ഏകാന്തതയുടെയും ഒറ്റപ്പെടലിന്‍റെയും അടിമവേലയുടെയും വഴികളിലൂടെ ദൈവം ഒരുപക്ഷേ നമ്മെ നയിച്ചെന്നിരിക്കും. അവഗണനയും വെട്ടിമാറ്റലും ആട്ടിപ്പായിക്കലും തിരസ്കരണവുമെല്ലാം ഈ കാലഘട്ടത്തിൽ നമുക്ക് നേരിടേണ്ടി വന്നേക്കാം. ഇതുവരെയുള്ള ജീവിതത്തില്‍ പലവട്ടം ഇങ്ങനെയുള്ള അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരാകാം നമ്മളിൽ പലരും . കൂട്ടായ്മ്മകൾ വിശ്വാസജീവിതത്തിന് അനിവാര്യമാണ്. എന്നാല്‍ പാത്മോസിലെ യോഹന്നാന്‍ എല്ലാ ക്രിസ്തീയ കൂട്ടായ്മകളില്‍നിന്നും അകറ്റപ്പെട്ടവനായിരുന്നു. ഒരു ക്രിസ്തീയ കൂട്ടായ്മയുമായി ബന്ധപ്പെട്ടു പോകാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്ന അവസ്ഥകള്‍ നമ്മുടെ ജീവിതത്തിലുമുണ്ടാകാം. പതറിപ്പോകരുത് യോഹന്നാനോടു ദൈവം സംസാരിച്ചതുപോലെ ദൈവം നമ്മളോട് വ്യക്തിപരമായി സംസാരിക്കുന്ന നിമിഷങ്ങ ളായിരിക്കും ഈ ഒറ്റപ്പെടലിന്‍റെ നിമിഷങ്ങള്‍. നമ്മുടെ മുമ്പില്‍ നിലനില്ക്കുന്ന വിലക്കുകളും വിലങ്ങുകളും മാറ്റിനിറുത്തലുമെല്ലാം ഏകാന്തതയുടെ വിജനതയിലേക്ക് നമ്മെ നയിക്കുന്ന ദൈവത്തിന്‍റെ മനോഹരമായ പദ്ധതികളാണ്. വിജനതകളില്‍, ഏകാന്തതകളിൽ , ദൈവം നമ്മുടെ അടുത്തുവരും. നമ്മളോട് ഹൃദ്യമായി സംസാരിക്കും. അവിടുത്തെ രഹസ്യങ്ങള്‍ നമുക്ക് വെളിപ്പെടുത്തിത്തരും. “ഞാന്‍ അവളെ വശീകരിച്ച് വിജനപ്രദേശത്തേക്ക് കൊണ്ടുവരും. അവളോട് ഞാന്‍ ഹൃദ്യമായി സംസാരിക്കും. അവിടെ വച്ച് ഞാന്‍ അവള്‍ക്ക് അവളുടെ മുന്തിരിത്തോട്ടങ്ങൾ നല്കും” (ഹോസിയ 2:14-15). പില്ക്കാലത്ത് നമുക്ക് സന്തോഷിക്കുവാനും ആനന്ദിക്കുവാനും കാരണമായിത്തീരുന്ന ഉന്നതങ്ങളായ ദൈവകൃപകളും ദൈവാനുഗ്രഹങ്ങളും തന്ന് ദൈവം നമ്മെ ഉയര്‍ത്തുന്ന അവസരങ്ങളായിരിക്കും പാത്മോസ് അനുഭവത്തിലൂടെ നമ്മെ കടത്തിവിടുന്ന സമയങ്ങള്‍.
തടവറകളും ദൈവപദ്ധതികള്‍
“ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം” (1 കോറിന്തോസ് 9:16) എന്ന് സുവിശേഷതീക്ഷ്ണതയാല്‍ എഴുതിവച്ചവനാണ് വിശുദ്ധ പൗലോസ് ശ്ലീഹാ. കര്‍ത്താവിനോടുള്ള സ്നേഹത്തെപ്രതിയും സുവിശേഷത്തെപ്രതിയും ദൈവരാജ്യത്തെപ്രതിയും കത്തിജ്വലിച്ചവന്‍! എന്നാല്‍ പൗലോസ് ശ്ലീഹാ ആഗ്രഹിച്ചതുപോലുള്ള ഒരു പ്രഘോഷണ പരമ്പരയല്ല അദ്ദേഹത്തിന്‍റെ പ്രഘോഷണ ജീവിതത്തില്‍ ഉണ്ടായത്. സുവിശേഷവേലകള്‍ക്കിടയില്‍ അനേകം പ്രതിസന്ധികളിലൂടെയും പീഡനങ്ങളിലൂടെയും പൈശാചികമായ തടസങ്ങളിലൂടെയും കാരാഗൃഹവാസങ്ങളിലൂടെയും മരണകരമായ പീഡാനുഭവങ്ങളിലൂടെയും അദ്ദേഹം കടന്നുപോയി. ക്രിസ്തുവിനെ അറിഞ്ഞ കാലം മുതല്‍ തന്‍റെ മുഴുവന്‍ ശക്തിയോടെ ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചുവെങ്കിലും താന്‍ സ്വീകരിച്ച വിശ്വാസത്തെ പ്രഘോഷിക്കാന്‍ കഴിയാതെ ജീവിതത്തിന്‍റെ നല്ലൊരു പങ്ക് അദ്ദേഹത്തിന് തടവറകളിലടക്കപ്പെട്ട് കഴിയേണ്ടിവന്നു.
എന്നാല്‍ പൗലോസ് ശ്ലീഹാ അടയ്ക്കപ്പെട്ട തടവറകള്‍ ദൈവത്തിന്‍റെ മഹോന്നതമായ പദ്ധതിയുടെ ഭാഗമായിരുന്നു . ആ തടവറകളില്‍വച്ചാണ് പൗലോസ് ശ്ലീഹാ തന്‍റെ വിലയുറ്റ ലേഖനങ്ങളില്‍ അധികപങ്കും രചിച്ചിട്ടുള്ളത്. ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ വിളി ലഭിച്ച ഒരു വ്യക്തിക്ക് എന്തു കാരണത്താലുമാകട്ടെ ക്രിസ്തുവി നെ പ്രഘോഷിക്കാനുള്ള അവസരം നിഷേധിക്കപ്പെടുകയെന്നത് പ്രഥമ ദൃഷ്ടിയില്‍ ഒരു വലിയ ദൗര്‍ഭാഗ്യം തന്നെയാണ്. എന്നാല്‍ കഴുകനെക്കാള്‍ കാഴ്ചയുള്ള കര്‍ത്താവിന്‍റെ കണ്ണുകള്‍ കാലത്തിന്‍റെ അന്ത്യംവരെ അതായത് ലോകാവസാനംവരെ ബൈബിൾ കൈയിലെടുക്കുന്ന ഓരോ വ്യക്തിയോടും തന്‍റെ ലേഖനങ്ങളിലൂടെ സുവിശേഷം പറയുന്ന വളരെ വിശാലമായ സുവിശേഷവേലയാണ് പൗലോസ് ശ്ലീഹായ്ക്ക് തുറന്നുകൊടുത്തത്. ഒരുപക്ഷേ തന്‍റെ ലേഖനങ്ങള്‍ വിവിധ സഭകള്‍ക്കുവേണ്ടി എഴുതിയ ആ കാലഘട്ടത്തില്‍ അദ്ദേഹം ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല കാലത്തിന്‍റെ അവസാനംവരെ ബൈബിളിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കുവാനുള്ള വഴിയാണ് പിതാവായ ദൈവം അദ്ദേഹത്തിനുവേണ്ടി ഒരുക്കിയതെന്ന്. “ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു” (റോമാ 8:28).
നിങ്ങളും തടവറയിലോ?
അതിനാല്‍ തടവറയുടെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന പ്രിയ സഹോദരങ്ങളേ, മനസ്സുമടുത്ത് നിരാശക്കടിമപ്പെടരുത്. നിങ്ങള്‍ കടന്നുപോകുന്ന ഈ തടവറയും ദൈവത്തിന്‍റെ മഹോന്നതമായ പദ്ധതിയുടെ ഭാഗമാണ്. ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ കഴിയാതെ, അതിന് അനുമതിയില്ലാതെ നിങ്ങളിന്നു ഞെരുങ്ങുകയാണോ? ഭയപ്പെടേണ്ട. നിങ്ങളുടെ സുവിശേഷ തീക്ഷ്ണതയെ ദൈവം തന്‍റെ കണ്ണിലെ കൃഷ്ണമണിപോലെ കാണുകയും യേശുവിനെ പ്ര ഘോഷിക്കുവാന്‍ കഴിയാത്ത നിങ്ങളുടെ തടവറയനുഭവങ്ങളെ വലിയ നന്മയ്ക്കായി, അനേക ആത്മാക്കളുടെ രക്ഷയ്ക്കായി, പരിണമിപ്പിക്കുകതന്നെ ചെയ്യും.
ഇനിയും ഒരുപക്ഷേ നിങ്ങളുടെ തെറ്റുകള്‍മൂലംതന്നെയായിരിക്കും നിങ്ങള്‍ക്ക് ഈ തടവറയനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. എങ്കിലും കലങ്ങരുത്. ഒരു തടവുപുള്ളിക്കുവേണ്ടി മരിച്ചവനാണ് യേശു. ബറാാസ് എന്ന കലാപകാരിയും കൊലപ്പുള്ളിയുമായ തടവുപുള്ളിക്ക് പകരമായി മരിച്ച (മത്തായി 27:15-26) കര്‍ത്താവായ യേശു നിന്‍റെ തടവറയില്‍ നിന്നോടൊപ്പമുണ്ട്. അവിടുന്ന് നിനക്ക് പകരമായിക്കൂടിയാണ് മരിച്ചത്. നീ അവനില്‍ വിശ്വസിച്ചുകൊണ്ട് അവന്‍റെ നാമത്തില്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് അവനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കുമെങ്കില്‍ നിന്‍റെയീ തടവറയനുഭവത്തെയും അവിടുന്ന് വലിയ നന്മയ്ക്കായി പരിണമിപ്പിക്കും.
കഠിനസഹനങ്ങളും ദൈവപദ്ധതികള്‍
ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ടും ക്രിസ്തുവിനെ പ്രഘോഷിച്ചുകൊണ്ടും ചുറ്റിസഞ്ചരിച്ച ക്രിസ്തു ശിഷ്യന്മാരുടെ ജീവിതവും അത്ഭുതങ്ങളും അടയാളങ്ങളും നിറഞ്ഞതായിരുന്നു. ഒപ്പംതന്നെ അത് സദാ സഹനപൂരിതവുമായിരുന്നു. തങ്ങളുടെ സഹനജീവിതെത്തക്കുറിച്ച് പൗലോസ് ശ്ലീഹാ ഇപ്രകാരം പറയുന്നു: “ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്തുവിനെ പ്രതി സന്തുഷ്ടനാണ്” (2 കോറിന്തോസ് 12:10). യോഹന്നാന്‍ ശ്ലീഹാ ഒഴികെയുള്ള എല്ലാ ശിഷ്യന്മാരും രക്തസാക്ഷികളായിട്ടാണ് മരിക്കാനിടവന്നത്. എന്നാല്‍ ഇതിനെക്കാള്‍ വലിയൊരു കാര്യമുണ്ട്. ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ എല്ലാവരും ജീവിക്കുന്ന രക്തസാക്ഷികളായിരുന്നു എന്നതാണത്. ഒരു നിമിഷംകൊണ്ടോ ഒരു മണിക്കൂര്‍കൊണ്ടോ ഉള്ള രക്തം ചിന്തിയുള്ള മരണമോ അതോ ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്ന രക്തം ചിന്താതെയുള്ള രക്തസാക്ഷിത്വമോ? ഏതാണ് കൂടുതല്‍ ക്ലേശകരം? രണ്ടും ക്ലേശ കരംതന്നെ. എന്നാല്‍ രണ്ടാമത്തേതാണ് കൂടുതല്‍ ക്ലേശകരമെന്ന് തോന്നിപ്പോകുന്നു. ക്രിസ്തുശിഷ്യരില്‍ ഈ രണ്ടു രക്തസാക്ഷിത്വവും കൂടിച്ചേര്‍ന്നു നിലകൊണ്ടിരുന്നു. പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ഇത് വ്യക്തമാക്കുന്നു. “ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടു ന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെ ടുന്നില്ല. യേശുവിന്‍റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങള്‍ എല്ലായ്പോഴും ശരീരത്തില്‍ സംവഹിക്കുന്നു. ഞങ്ങളുടെ മര്‍ത്യശരീരത്തില്‍ യേശുവിന്‍റെ ജീവന്‍ പ്രത്യക്ഷമാകേണ്ടതിന് ഞങ്ങള്‍ ജീവിച്ചിരിക്കുമ്പോൾ യേശുവിനെ പ്രതി സദാ മരണത്തിന് ഏല്‍പിക്കപ്പെടുന്നു. തന്നിമിത്തം, ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും പ്രവര്‍ത്തിക്കുന്നു” (2 കോറിന്തോസ് 4:8-12). ഒരു ജീവിക്കുന്ന രക്തസാക്ഷിയുടെ വാക്കുകളാണ് മുകളില്‍ നമ്മള്‍ വായിച്ചത്.
ഈ ജീവിക്കുന്ന രക്തസാക്ഷിത്വം എന്തിനുവേണ്ടി എന്ന വിശദീകരണം വളരെ പ്രത്യാശാജനകമാണ്. ‘തന്മൂലം ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും പ്രവര്‍ത്തിക്കുന്നു.’ അനേകര്‍ക്ക് ക്രിസ്തുവിന്‍റെ ജീവന്‍ പകര്‍ന്നു കൊടുക്കാന്‍വേണ്ടിയുള്ളതായിരുന്നു ഈ ജീവിക്കുന്ന രക്തസാക്ഷിത്വം! ഒരു ജീവിക്കുന്ന രക്തസാക്ഷി ക്രിസ്തുവിന്‍റെ ജീവനെത്തന്നെയാണ് തന്‍റെ തീവ്രസഹനങ്ങളിലൂടെ ഈ ലോകത്തിലേക്കും സഭയിലേക്കും ഒഴുക്കുന്നത്. “സഭയാകുന്ന ശരീരത്തെപ്രതി ക്രിസ്തുവിന് സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എന്‍റെ ശരീരത്തിൽ ഞാന്‍ നികത്തുന്നു” (കൊളോസോസ് 1:24) എന്നു പറഞ്ഞ പൗലോസ് ശ്ലീഹാ വ്യക്തമാക്കുന്നതും മറ്റൊന്നല്ല.
ഇതുപോലുള്ള ജീവിക്കുന്ന രക്തസാക്ഷികള്‍ ഇന്നും സഭയില്‍ ധാരാളമുണ്ട്. വൈദികരിലും സമര്‍പ്പിതരിലും മാത്രമല്ല അല്മായരിലും ഇവര്‍ ധാരാളമായുണ്ട്. പ ക്ഷേ ആരുംതന്നെ അവരെ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. അവര്‍ക്കുള്ള പ്രതിഫലം ദൈവത്തില്‍നിന്നുമാത്രം ലഭിക്കേണ്ടതിനായി ഒരുപക്ഷേ തിരിച്ചറിയപ്പെടാന്‍ ദൈവം അനുവദിക്കാത്തതുകൊണ്ടുമാകാം ആരും അവരെ തിരിച്ചറിയാത്തത്. ‘ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു.’
'