- Latest articles
അന്ന് ചേട്ടന്‍റെ മുന്നില്‍ നിഹാല്‍ ആദ്യമായി തല താഴ്ത്തി നിന്നു. പഠനത്തിലും കളിയിലുമെല്ലാം ഒന്നാമനായതിനാല്‍ അവനതുവരെ അങ്ങനെയൊരു സാഹചര്യം വന്നിട്ടേയില്ല. എന്നാല്‍ അന്ന് അമ്മവീട്ടിലേക്ക് പോയപ്പോള്‍ അവന് വഴിതെറ്റിപ്പോയി. തിരിച്ചെത്തേണ്ട സമയമായിട്ടും കാണാതായപ്പോള്‍ ചേട്ടന്‍ അന്വേഷിച്ചുചെന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. കാര്യങ്ങളെല്ലാമറിഞ്ഞ പപ്പ രാത്രി വീട്ടിലെത്തിയപ്പോള്‍ നിഹാലിനെ അരികിലേക്ക് വിളിച്ചു.
അത്ര അകലെയൊന്നുമല്ലാത്ത ആ സ്ഥലത്തേക്ക് പോയപ്പോള്‍ എങ്ങനെയാണ് വഴിതെറ്റിയതെന്ന് പപ്പ വിശദമായി ചോദിച്ചറിഞ്ഞു. അപ്പോഴാണ് കാര്യം വ്യക്തമായത്. പതിവായി പോകാറുള്ളതുപോലെ അതേ സ്ഥലത്തേക്കുള്ള ബോര്‍ഡ് നോക്കിയാണ് കയറിയത്. എന്നാല്‍ ഒരു കവലയിലെത്തിയപ്പോള്‍ നിഹാലിന് സംശയം തോന്നി ആ വഴിയിലൂടെയല്ല പോകേണ്ടതെന്ന്. പക്ഷേ ആരോടെങ്കിലും ചോദിക്കാന്‍ ചമ്മല്‍ തോന്നിയത്രേ. എന്നാല്‍ ആ ബസ് ബന്ധുവീടിന്‍റെ വഴിയിലൂടെയല്ലാതെ വേറെ വഴിയിലൂടെ അതേ സ്ഥലത്തേക്കു പോകുന്ന ബസായിരുന്നു. അങ്ങനെയാണ് അവന് വഴി തെറ്റിയത്.
കാര്യങ്ങളൊക്കെ അറിഞ്ഞുകഴിഞ്ഞപ്പോള്‍ പപ്പ പറഞ്ഞു, “നിഹാല്‍, നിനക്ക് എളിമപ്പെടാന്‍ പറ്റാത്തതുകൊണ്ടാണ് ആരോടെങ്കിലും വഴി ചോദിക്കാന്‍പോലും വിഷമം തോന്നിയത്. അതിനര്‍ത്ഥം നിന്‍റെയുള്ളില്‍ അഹങ്കാരം കൂടുതലുണ്ട് എന്നതാണ്. അതിനാല്‍ നീ കൂടുതലായി സ്വയം താഴാന്‍ പഠിക്കണം.”
“അതിന് ഞാനെന്തു ചെയ്യണം പപ്പാ. ഇതൊന്നും എനിക്ക് മനസ്സിലായിട്ടില്ലായിരുന്നു”
“മോന്‍ വിഷമിക്കേണ്ട, അതിന് പപ്പ ഒരെളുപ്പവഴി പറഞ്ഞുതരാം. ഇടയ്ക്ക് പള്ളിയില്‍പ്പോകുമ്പോള്‍ മറ്റാരുമില്ലാത്ത സമയത്ത് നിലംപറ്റെ വണങ്ങിക്കൊണ്ട് കര്‍ത്താവേ എന്നെ താഴ്മയുള്ളവനാക്കണേ എന്നു പ്രാര്‍ത്ഥിക്കുക. കൂടാതെ എന്തെങ്കിലും തെറ്റുപറ്റിയെന്നു മനസ്സിലായാല്‍ ചമ്മല്‍ തോന്നിയാലും അത് സമ്മതിക്കുകയും ഈശോയോട് മാപ്പു ചോദിക്കുകയും ചെയ്യുക. വേറെയാരെങ്കിലും അതിന്‍റെ പേരില്‍ വിഷമിച്ചെങ്കില്‍ അവരോടും ക്ഷമ പറയാന്‍ മറക്കരുത്. പതിയെപ്പതിയെ അഹങ്കാരം മോന്‍റെ ഉള്ളില്‍നിന്ന് നീങ്ങിപ്പോയിക്കൊള്ളും.”
'അടുത്തകാലത്ത് എന്നെക്കാണാന്‍ വന്ന ഒരു വ്യക്തി പറഞ്ഞ അനുഭവം പങ്കുവെക്കുന്നു: “ആ രാത്രി ഒരു കാളരാത്രിയായിരുന്നു. എനിക്കുറക്കം വന്നില്ല. ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ചെയ്ത തെറ്റുകളെക്കുറിച്ചുള്ള ചിന്ത എന്നെ വേട്ടയാടി. ഞാനൊരു കത്തോലിക്കനാണ്. എങ്കിലും കുമ്പസാരക്കൂട് കണ്ടിട്ട് 10 വര്‍ഷമായി. അതിന് കാരണമുണ്ട്. ആ അലിവിന്‍റെ കൂടാരത്തിലേക്ക് ഞാനൊരിക്കല്‍ ചെന്നു. കുമ്പസാരിച്ചിട്ട് അഞ്ചു വര്‍ഷമായെന്ന് പറഞ്ഞു. കുമ്പസാരക്കൂടിന്‍റെ ഹൃദയം ഇല്ലാതിരുന്ന വൈദികന്‍ എന്നോട് പൊട്ടിത്തെറിച്ചു. ചോദ്യങ്ങളുടെ ഒരു പ്രവാഹമായിരുന്നു. കോപം തണുത്തുറഞ്ഞപ്പോള്‍ അച്ചന്‍ ചോദിച്ചു, എന്താണ് ഇത്രയും നാള്‍ കുമ്പസാരിക്കാതിരുന്നത്? വളരെ എളിമയോടുകൂടി ഞാന്‍ പറഞ്ഞു, അച്ചനെപ്പോലെയുള്ള ഒരാളുടെ അടുത്താണ് കഴിഞ്ഞ പ്രാവശ്യം കുമ്പസാരിച്ചത്. അദ്ദേഹം ഇതുപോലെ ഒച്ചവെച്ചപ്പോള്‍ ഈ കൂടാരം ഇനിയൊരിക്കലും കാണില്ലെന്ന് പ്രതിജ്ഞയെടുത്തു.
“വീണ്ടും 10 വര്‍ഷം കഴിഞ്ഞിരിക്കുന്നു. തെറ്റുകള്‍ അനവധി ചെയ്തു. കുറ്റബോധംകൊണ്ട് ഉറങ്ങാന്‍ കഴിയുന്നില്ല. ഒരുദിവസം ഞാന്‍ ദൈവാലയത്തിലെത്തി കനിവിന്‍റെ കൂടാരത്തെ സമീപിച്ചു. കുമ്പസാരക്കൂടിന്‍റെ ഹൃദയമുള്ള ഒരു പുരോഹിതനായിരിക്കണേ അതില്‍ ഇരിക്കുന്നതെന്ന് ഞാന്‍ ആഗ്രഹിച്ചു, പ്രാര്‍ത്ഥനയോടെ പാപങ്ങള്‍ ഏറ്റുപറഞ്ഞു. ആ നല്ല വൈദികന്‍, വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ ഈശോയുടെ അടുക്കല്‍ കൊണ്ടുവരുന്ന ഭാഗം എന്നെ വായിച്ചു കേള്‍പ്പിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു, നീ സമാധാനത്തില്‍ പോകുക. നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു. ഇനി മേലില്‍ പാപം ചെയ്യരുത്. പ്രായശ്ചിത്തമായി കുറച്ച് ചെറിയ കാര്യ ങ്ങള്‍ ചെയ്യാനും അദ്ദേഹം ഉപദേശിച്ചു.
“എന്‍റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ആ ദൈവാലയത്തിന്‍റെ ഒരു കോണിലിരുന്ന് ഞാന്‍ കരഞ്ഞു. സന്തോഷത്തിന്‍റെ കണ്ണീരായിരുന്നു അത്. എന്‍റെ അനവധി പാപങ്ങള്‍ ഈശോ ക്ഷമിച്ചിരിക്കുന്നു. എനിക്കെന്തു സമാധാനമായി. ഞാന്‍ യേശുവിന്‍റെ സ്നേഹമറിഞ്ഞു. യേശുവിനെ ഞാന്‍ ആ കനിവിന്‍റെ കൂടാരത്തില്‍ കണ്ടുമുട്ടി. കൂദാശകളിലൂടെ ക്രിസ്തുവിനെ കണ്ടുമുട്ടുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. ഇനി പാപം ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്തു.”
ഈ സംഭവം വായിക്കുന്ന പുരോഹിതാ, നീ നിന്‍റെ മഹത്വം അറിയണം. കുമ്പസാരക്കൂട് കനിവിന്‍റെ കൂടാരമാണ്. കൃപയുടെ സ്രോതസാണ്. കുമ്പസാരക്കൂടിന്‍റെ മനസ്സ് നിനക്ക് ഉണ്ടാകണം. നിന്‍റെ ഓരോ വാക്കും സാന്ത്വനത്തിന്‍റേതാകണം. നീ ഇരിക്കുന്നത് ഈശോയുടെ സ്ഥാനത്താണ്. ഈശോയുടെ കാരുണ്യം പാപികള്‍ മനസ്സിലാക്കുന്നത് നിന്‍റെ വാക്കുകളിലൂടെയാണ്. നിന്‍റെ മനസ്സും വാക്കും നൈര്‍മല്യം തുളുമ്പുന്നതാകട്ടെ.
ഈ സംഭവം വായിക്കുന്ന സഹോദരരേ, നീ കുറ്റബോധത്തിലാണോ? എങ്കില്‍ പോകൂ, അലിവിന്‍റെ കൂടാരത്തിലേക്ക്. ദൈവത്തിന്‍റെ കാരുണ്യം അണമുറിഞ്ഞൊഴുകുന്ന കൂദാശയാണത്. ദൈവവരപ്രസാദം കൊണ്ട് നീ നിറ യുന്നു. നീ ദൈവത്തോടും മനുഷ്യരോടും അനു രഞ്ജനപ്പെടുന്നു. കരുണയില്‍ സമ്പന്നനായ യേശുക്രിസ്തുവിനെ കണ്ടുമുട്ടുന്ന ഈ കൂ ദാശ നീ സ്വീകരിക്കാന്‍ ഒട്ടും മടിക്കരുത്.
'ലാറ്റിന്‍ അമേരിക്കയിലെ തുക്കുമാന്‍ പ്രദേശത്തുള്ള നിബിഡ വനത്തിലൂടെ യാത്ര ചെയ്യുന്നതിടയിലാണ് ആ ഫ്രാന്‍സിസ്ക്കന്‍ മിഷനറി അരുവിയുടെ കരയിലെത്തിയത്. കുരിശടയാളം വരച്ചു കുറച്ചു വെള്ളം കുടിച്ചശേഷം ആ മിഷനറി അലൗകികമായൊരു പ്രേരണയാല്‍ സഞ്ചിയില്‍നിന്ന് വയലിന്‍ പുറത്തെടുത്തു. കാടിന്‍റെ നിശബ്ദതയെ വല്ലപ്പോഴും മാത്രം ഭേദിക്കുന്ന കിളികളുടെ നാദവും ശാന്തമായൊഴുകുന്ന അരുവിയും ചേര്‍ന്നൊരുക്കിയ മനോഹരമായ പശ്ചാത്തലത്തില്‍ അദ്ദേഹം വയലിന്‍ വായിക്കാനാരംഭിച്ചു. ശ്രുതിമധുരമായ സംഗീതം അവിടെ നിന്ന് പുറത്തേക്കൊഴുകി.
മിഷനറി അറിയാതെ അദ്ദേഹത്തെ പിന്തുടര്‍ന്ന് വന്നിരുന്ന ഇന്ത്യന്‍ വംശജരായ ആദിവാസികളുടെ മനം കവരാന്‍ പര്യാപ്തമായിരുന്നു ആ ദിവ്യസംഗീതം. ആ സംഗീതത്തിന്‍റെ മാസ്മരികതയില്‍ മതിമറന്ന് അവരുടെ നേതാവ് ആ മിഷനറിയുടെ മുമ്പിലേക്ക് കടന്നുവന്നു അദ്ദേഹത്തെ ആലിംഗനം ചെയ്തു. ഫ്രാന്‍സിസ് സൊളാനോ എന്ന സ്പാനിഷ് മിഷനറിവൈദികനായിരുന്നു ദൈവസ്പര്‍ശനം നിറഞ്ഞ ആ വിരലുകളുടെ ഉടമസ്ഥന്‍. ദൈവം ജന്മസിദ്ധമായി നല്‍കിയ കഴിവ് സുവിശേഷത്തിന്‍റെ സന്തോഷം മറ്റുള്ളവരിലേക്ക് എത്തിക്കുവാനായാണ് അദ്ദേഹം ഉപയോഗിച്ചത്. റെഡ് ഇന്ത്യന്‍ വംശജരായ ആ ആദിവാസി സമൂഹം മുഴുവന്‍ സുവിശേഷം കേള്‍ക്കാനും ക്രിസ്തുവിനെ സ്വീകരിക്കാനും ആ സംഗീതവൈഭവം നിമിത്തമായി.
1549-ല്‍ സ്പെയിനിലെ ആന്‍ഡുലൂസിയ പ്രൊവിന്‍സിലുള്ള മോണ്ടിലയിലായിരുന്നു സൊളാനോയുടെ ജനനം. ആദ്യം ജസ്യൂട്ട് സഭയില്‍ ചേര്‍ന്ന അദ്ദേഹം 20-ാമത്തെ വയസില്‍ കപ്പൂച്ചിന്‍ സന്യാസസഭയിലേക്ക് മാറി. ലഭിക്കാവുന്നതില്‍ ഏറ്റവും മോശം വസ്തുക്കള്‍ മാത്രം സ്വന്തമായി ഉപയോഗിച്ചിരുന്ന അദ്ദേഹം രാത്രികാലം കൂടുതലും പ്രാര്‍ത്ഥനയിലാണ് ചെലവഴിച്ചത്. അദ്ദേഹത്തിന്‍റെ തീക്ഷ്ണത ഉജ്ജ്വലിപ്പിക്കുക എന്നതിനെക്കാള്‍ നിയന്ത്രിക്കുക എന്നതായിരുന്നു അധികാരികള്‍ക്ക് ശ്രമകരമായ ദൗത്യം. പുരോഹിതനായ ശേഷം പകര്‍ച്ചവ്യാധി ബാധിച്ചവരെ സ്വന്തം സുരക്ഷിതത്വം അവഗണിച്ചുകൊണ്ട് ഫാ. സൊളാനോ ശുശ്രൂഷിച്ചു.
അദ്ദേഹത്തിന്‍റെ ശുശ്രൂഷയും ജീവിതവും ഏവരുടെയും ആദരവ് പിടിച്ചുപറ്റി. രോഗബാധിതനായെങ്കിലും അത്ഭുതകരമായി സുഖപ്പെട്ട സൊളാനോയെ ഒരു വിശുദ്ധനായി ജനങ്ങള്‍ കാണാന്‍ തുടങ്ങിയതോടെ തന്നെ ആഫ്രിക്കന്‍ മിഷനായി അയക്കണമെന്ന് അദ്ദേഹം അധികാരികളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അര്‍ജന്‍റീന, ബൊളീവിയ, പരാഗ്വ തുടങ്ങിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലേയ്ക്കാണ് അധികാരികള്‍ അദ്ദേഹത്തെ അയച്ചത്.
സന്യാസവസ്ത്രം പോലെ തന്നെ വിശുദ്ധ ഫ്രാന്‍സിസ് സൊളാനോയുടെ സന്തതസഹചാരിയായിരുന്നു വയലിനും. പലപ്പോഴും സ്പെയിനിലെ തെരുവുകളില്‍ കൂടി വയലിന്‍ വായിച്ചുകൊണ്ട് നടന്ന അദ്ദേഹത്തിന്‍റെ പുറകെ കുട്ടികള്‍ കൂടിയിരുന്നു. അങ്ങനെയുള്ള സാഹര്യങ്ങള്‍ ദൈവവചനം പങ്കുവയ്ക്കാനാണ് അദ്ദേഹം ഉപയോഗിച്ചത്.
അത്ഭുതങ്ങളുടെ കാര്യക്കാരന്‍
ദൈവശുശ്രൂഷ ചെയ്യുന്ന ഒരു വ്യക്തിയും ദുഃഖത്തോടെ വ്യാപരിക്കാന്‍ പാടില്ലെന്ന് അദ്ദേഹം നിഷ്കര്‍ഷ പുലര്‍ത്തിയിരുന്നു. പ്രാര്‍ത്ഥന ഉള്‍പ്പെടെ എല്ലാ ദൈവികകാര്യങ്ങളും സന്തോഷത്തോടെ നിര്‍വഹിച്ചിരുന്ന ഫാ. സൊ ളാനോ ദുഃഖത്തോടെ ദൈവിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് വിശ്വാസശോഷണത്തിന്‍റെയും ദൈവനിഷേധത്തിന്‍റെയും ആരംഭമായാണ് കരുതിയിരുന്നത്.
ഹൃദയങ്ങള്‍ വശീകരിക്കാന്‍ പ്രത്യേക പാടവമുണ്ടായിരുന്ന ഫാ. സൊളാനോ മിഷന്‍ പ്രദേശത്തുള്ള തദ്ദേശീയരായ ജനങ്ങളും മിഷനറിമാരുമായി ബന്ധം സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. സ്പാനിഷ് ഭാഷയില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ പലപ്പോഴും ജനങ്ങള്‍ക്ക് അവരവരുടെ ഭാഷകളില്‍ ശ്രവിക്കാന്‍ സാധിച്ചിരുന്നു. ആര്‍ത്തലച്ചൊഴുകുന്ന നദികള്‍ക്ക് മുകളിലേക്ക് തന്‍റെ മേല്‍വസ്ത്രം വിരിച്ച് അവ കുറുകെ കടന്നത് മുതല്‍ മരിച്ചവരെ ഉയിര്‍പ്പിച്ച അത്ഭുതങ്ങള്‍ വരെ ആ വിശുദ്ധനിലൂടെ ദൈവം പ്രവര്‍ത്തിച്ചു. ഒരിക്കല്‍ വെട്ടുക്കിളികള്‍ ഒരു പ്രദേശത്തെ മുഴുവന്‍ കൃഷി നശിപ്പിച്ച സമയത്ത് പ്രദേശവാസികള്‍ അദ്ദേഹത്തിന്‍റെ സഹായം തേടി. വെട്ടുക്കിളികളോട് ആ പ്രദേശം വിട്ടുപോകാന്‍ വിശുദ്ധന്‍ ആജ്ഞാപിച്ചതിനെ തുടര്‍ന്ന് അവ കൂട്ടമായി പലായനം ചെയ്തു. എന്തുകൊണ്ടാണ് അവയെ നശിപ്പിക്കാതിരുന്നതെന്ന ചോദ്യത്തിന് വിശുദ്ധന്‍ ഇപ്രകാരം മറുപടി നല്‍കി – ‘ഒന്നാമതായി വെട്ടുക്കിളികളെ ഭക്ഷിച്ചാണ് സ്നാപക യോഹന്നാന്‍ മരുഭൂമിയില്‍ കഴിഞ്ഞത്. രണ്ടാമതായി ഇവിടയുള്ള ആദിവാസികളുടെ ഇഷ്ടവിഭവമാണ് വെട്ടുക്കിളികള്‍.’
20 വര്‍ഷക്കാലം മിഷനറിയായി ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി അക്ഷീണം ശുശ്രൂഷ ചെയ്ത ഫ്രാന്‍സിസ് സൊളാനോയെ 1610 ജൂലൈ 14-ാം തിയതി ദൈവം നിത്യസമ്മാനത്തിനായി വിളിച്ചു. മരണത്തിന് ശേഷവും അദ്ദേഹത്തിന്‍റെ മധ്യസ്ഥതയാല്‍ നിരവധി അത്ഭുതങ്ങള്‍ നടന്നു. 1726-ല്‍ ബനഡിക്ട് 13-ാമന്‍ മാര്‍പാപ്പ ഫ്രാന്‍സിസ് സൊളാനോയെ വിശുദ്ധനായി പ്രഖ്യാപിച്ചു.
'“കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗ രാജ്യത്തില്‍ പ്രവേശിക്കുക. അന്ന് പലരും എന്നോട് ചോദിക്കും, കര്‍ത്താവേ, കര്‍ത്താവേ ഞങ്ങള്‍ നിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍” (മത്തായി 7:21-23). ഇത്രയും വായിച്ച് ബൈബിള്‍ മടക്കിവച്ച് യേശുവിന്‍റെ മുഖത്തേക്ക് ഞാന്‍ അത്ഭുതത്തോടെ നോക്കി.
അങ്ങനെയെങ്കില്‍ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം എന്തായിരിക്കും എന്ന് ഞാന്‍ യേശുവിനോട് ചോദിച്ചു. യേശു പറഞ്ഞു: ദൈവത്തെ സ്നേഹിക്കുക എന്നതാണ് പിതാവിന്‍റെ ഹിതം. ഞാന്‍ ഒന്നും മിണ്ടിയില്ല. കാരണം ഞാന്‍ പാപിയും ബലഹീനയുമാണ്.
അപ്പോള്‍ യേശു പറഞ്ഞു: നീ ആയിരിക്കുന്ന അവസ്ഥയില്‍ എന്നെ സ്നേഹിക്കുക. ഏറ്റവും വലിയ പാപിക്കാണ് എന്നെ ഏറ്റവും അധികം സ്നേഹിക്കുന്നതിനുള്ള അവകാശം. എന്‍റെ കുഞ്ഞേ, നിന്‍റെ ശാരീരിക ബലഹീനതകളും ആത്മാവിന്‍റെ കഷ്ടതകളും പാപാവസ്ഥയും ഞാന്‍ അറിയുന്നു. എന്നാലും ഞാന്‍ പറയുന്നു എന്‍റെ കുഞ്ഞേ, നിന്‍റെ ഹൃദയം എനിക്ക് തരിക. നീ ആയിരിക്കുന്ന അവസ്ഥയില്‍ എന്നെ സ്നേഹിക്കുക. എന്‍റെ സ്നേഹത്തിന് മുഴുവനായി സമര്‍പ്പിക്കാതെ നീ മാലാഖയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നീ എന്നെ ഒരിക്കലും സ്നേഹിക്കുന്നില്ല. സുകൃതാഭ്യാസനത്തിലും കൃത്യനിര്‍വഹണത്തിലും നീ മന്ദോഷ്ണനായിരുന്നാലും നീ ആഗ്രഹിക്കാത്ത തിന്മയില്‍ വീണ്ടും വീണ്ടും നിപതിക്കുന്നവനായിരുന്നാലും എന്നെ സ്നേഹിക്കാതിരിക്കാന്‍ ഞാന്‍ നിന്നെ അനുവദിക്കുകയില്ല.
നീ തീക്ഷ്ണതയിലോ അരക്ഷിതാവസ്ഥയിലോ വിശ്വസ്തതയിലോ അവിശ്വസ്തതയിലോ എന്നു നോക്കണ്ട. എന്നെ സ്നേഹിക്കുക. നിന്‍റെ പാവപ്പെട്ട ഹൃദയത്തിന്‍റെ സ്നേഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നീ പൂര്‍ണതയിലെത്തിയശേഷം എന്നെ സ്നേഹിക്കാമെന്നുവച്ചാല്‍ നിനക്ക് ഒരിക്കലും എന്നെ സ്നേഹിക്കാന്‍ സാധിക്കുകയില്ല എന്നോര്‍ക്കുക. കാലത്തിന്‍റെ പൂര്‍ണതയില്‍ നിന്നെ ഞാന്‍ രൂപാന്തരപ്പെടുത്തിയെടുക്കും. പക്ഷേ ഇന്ന് നീ ആയിരിക്കുന്ന അവസ്ഥയില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നീ ആയിരിക്കുന്ന അവസ്ഥയില്‍ എന്നെ സ്നേഹിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സ്നേഹിക്കാന്‍ ആരംഭിക്കുംമുമ്പേ നീ വിശുദ്ധനാകാന്‍ പരിശ്രമിക്കേണ്ട. അങ്ങനെയെങ്കില്‍ നീ എന്നെ ഒരിക്കലും സ്നേഹിക്കുകയില്ല. ആയതിനാല്‍ ഇപ്പോള്‍ത്തന്നെ സ്നേഹിക്കാന്‍ തുടങ്ങുക.
നിന്‍റെ കഴിവുകളോ ബുദ്ധിയോ ഞാന്‍ കാംക്ഷിക്കുന്നില്ല. പ്രത്യുത, ഈശോയേ ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു എന്ന ഹൃദയഗീതമാണ് എനിക്കേറെ ഇഷ്ടം. നിനക്ക് പുണ്യങ്ങളൊന്നുമില്ലാത്തതിനാല്‍ നീ ദുഃഖിക്കേണ്ട. ദൈവസ്നേഹത്തില്‍ ആഴപ്പെടുന്നതനുസരിച്ച് സകല ദൈവികപുണ്യങ്ങളും താനേ നിന്നില്‍ വന്നുചേര്‍ന്നുകൊള്ളും. കാരണം സകല ദൈവികപുണ്യങ്ങളുടെയും ഉറവിടം ദൈവമാണ്. ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കാണ് സര്‍വവും വാഗ്ദാനം ചെയ്തിരിക്കുന്നത്. യേശുവിന്‍റെ ഹൃദയംകൊണ്ട് പരിശുദ്ധ ത്രിത്വത്തെ സ്നേഹിക്കുക. നിങ്ങളുടെ സ്നേഹം അതിസ്വാഭാവികവും പരിപൂര്‍ണവുമാകണമെങ്കില്‍ അത് ദൈവത്തില്‍നിന്ന് ആരംഭിക്കണം. ദൈവസ്നേഹത്താല്‍ പ്രേരിതമല്ലാത്ത പരസ്നേഹപ്രവൃത്തികള്‍ വെള്ളത്തില്‍ വരച്ച വരപോലെയാണ്. ദൈവസ്നേഹത്തില്‍ ആഴപ്പെടുന്നതനുസരിച്ചായിരിക്കും നിങ്ങളുടെ വിശുദ്ധീകരണം നടക്കുക. സ്നേഹം സ്നേഹത്താല്‍ മാത്രമേ വീട്ടപ്പെടുന്നുള്ളൂ.
നീ തെറ്റായി എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ ഈശോയേ ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അതിനു പരിഹാരം ചെയ്യണം. ദൈവസ്നേഹത്തില്‍ ആഴപ്പെടുന്നതനുസരിച്ച് നിന്‍റെ പാപങ്ങള്‍ മായ്ക്കപ്പെടും. നിങ്ങളുടെമേലുള്ള എല്ലാ പാപശാപബന്ധനങ്ങളില്‍നിന്നും മോചനം ലഭിക്കും. ആത്മാക്കളെ നേടണമോ? ദൈവസ്നേഹത്താല്‍ പ്രേരിതമായ പുണ്യപ്രവൃത്തികള്‍ ചെയ്യുവിന്‍. അല്ലാത്തത് എനിക്ക് മലിന വസ്ത്രം പോലെയാണ് (ഏശയ്യാ 64:6). അതുകൊണ്ട് ഞാന്‍ നിന്നോട് പറയുന്നു, നീ ആയിരിക്കുന്ന അവസ്ഥയില്‍ ഇപ്പോള്‍ത്തന്നെ എന്നെ സ്നേഹിക്കാന്‍ തുടങ്ങുക. കാരണം എന്‍റെ ഹൃദയം നിന്‍റെ സ്നേഹത്തിനായി ദാഹിക്കുന്നു.
ഞാന്‍ പറഞ്ഞു: “യേശുവേ, അങ്ങയെ സ്നേഹിക്കാന്‍ നല്ലൊരു ഹൃദയംപോലും എനിക്കില്ല. എന്‍റെ സ്നേഹം വളരെ ശുഷ്കമാണ്.”
യേശു പറഞ്ഞു എന്‍റെ കുഞ്ഞേ, നീ ദുഃഖിക്കേണ്ട. എന്‍റെ ഹൃദയത്തിലെ അനന്തമായ സ്നേഹം പരിശുദ്ധ ത്രിത്വത്തിന് നീ സമര്‍പ്പിച്ചുകൊള്ളുക. ദൈവസ്നേഹം വര്‍ധിക്കാന്‍ പ്രാര്‍ത്ഥിക്കുക. നിരന്തരം ദൈവസ്നേഹപ്രകരണങ്ങള്‍ ചൊല്ലുക. നിന്‍റെ എല്ലാ പ്രവൃത്തികളും എന്നോടുള്ള സ്നേഹത്താല്‍ പ്രേരിതമായി ചെയ്യുക.
കുരിശിന്‍റെ വിശുദ്ധ യോഹന്നാന്‍ പറയുന്നു, ദൈവദര്‍ശനത്തിന് ഇഹത്തിലോ പരത്തിലോ താമസം നേരിടാതിരിക്കത്തക്കവണ്ണം ചുരുങ്ങിയ കാലത്തിനുള്ളില്‍ സമ്പൂര്‍ണരാകുന്നതിനുവേണ്ടി ഈലോക ജീവിതത്തില്‍ ആത്മാവ് സ്നേഹപ്രകരണങ്ങള്‍ ചെയ്യുക എന്നത് സര്‍വപ്രധാനമായ സംഗതിയാണ്.
പ്രാര്‍ത്ഥന
പിതാവും പുത്രനും പരിശുദ്ധാത്മാ വുമായ ഏറ്റവും പരിശുദ്ധ ത്രിത്വമേ ഈശോയുടെ തിരുഹൃദയത്തിലെ അനന്തമായ സ്നേഹം ഞാന്‍ അങ്ങേക്ക് കാഴ്ചവയ്ക്കുന്നു. എന്‍റെ സ്നേഹത്തെ വര്‍ധിപ്പിക്കണമേ, ആത്മാക്കളെ രക്ഷിക്കണമേ.
'വിശുദ്ധ തോമസ് അക്വീനാസ്
ഉത്തരം നല്‍കപ്പെടുന്ന പ്രാര്‍ത്ഥനകള്‍ നാല് വ്യവസ്ഥകള്‍ പാലിക്കുന്നതായി വിശുദ്ധ തോമസ് അക്വീനാസ് നമ്മെ ഓര്‍മ്മി പ്പിക്കുന്നു. നമ്മുടെ നിത്യരക്ഷയ്ക്ക് ആവശ്യമുള്ളതായിരിക്കണം, സ്വയം പ്രാര്‍ത്ഥിക്കണം, ഭക്തിയോടെ പ്രാര്‍ത്ഥിക്കണം, സ്ഥിരതയോടെ പ്രാര്‍ത്ഥിക്കണം എന്നിവയാണവ. എന്നാല്‍ നിരസിക്കപ്പെടുന്ന പ്രാര്‍ത്ഥന കളെക്കുറിച്ച് വിശുദ്ധന്‍ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്, “നാം ആവശ്യപ്പെടുന്നത് നമുക്ക് ലഭിക്കുന്നില്ല കാരണം, ഒന്നുകില്‍ നാം തെറ്റായ കാര്യങ്ങള്‍ ആവശ്യപ്പെടുന്നു അല്ലെങ്കില്‍ ശരിയായ കാര്യങ്ങള്‍ തെറ്റായ രീതിയില്‍ ആവശ്യപ്പെടുന്നു.”
നിത്യരക്ഷയ്ക്ക് ആവശ്യമുള്ളത്
നമ്മുടെ പല ഭൗതികാവശ്യങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ പുണ്യത്തില്‍ വളരാന്‍ നമ്മെ സഹായിക്കാത്തവയാണ് എങ്കില്‍ അവ നിഷേധിക്കപ്പെടും എന്ന് വിശുദ്ധ അക്വീനാസ് നമ്മെ പഠിപ്പിക്കുന്നു. വീട്ടുവാടക കൊടുക്കാന്‍ കഴിയാതെ വിഷമിക്കുമ്പോൾ, ജോലി ലഭിക്കാതെ വിഷമിക്കുമ്പോൾ … ഇങ്ങനെയുള്ള വിവിധ സന്ദര്‍ഭങ്ങ ളില്‍ ആ നിയോഗങ്ങള്‍ നമ്മുടെ നിത്യരക്ഷ ക്ക് ആവശ്യമായ രീതിയില്‍ പുനഃക്രമീകരി ച്ച് പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ ആ പ്രാര്‍ത്ഥ ന ഫലദായകമായിത്തീരും. ഉദാഹരണത്തിന് വീട്ടുവാടക നല്‍കാന്‍ കഴിയാത്ത വിധത്തില്‍ നമ്മുടെ ജീവിതം ദുഷ്കരമാക്കിയവരോട് ക്ഷമിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുക, ക്ലേശങ്ങള്‍ ക്ഷമയോടെ സഹിക്കാനുള്ള കൃപക്കായി പ്രാര്‍ത്ഥിക്കുക എന്നതൊക്കെ ആ സമയങ്ങളില്‍ നമുക്ക് ചെയ്യാന്‍ സാധിക്കും. ആ വിധത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രാര്‍ത്ഥന ഫലദായകമായിത്തീരുകയും ചെയ്യും.
സ്വയം പ്രാര്‍ത്ഥിക്കുക
നമ്മുടെ നിത്യരക്ഷയുടെ കാര്യത്തില്‍ നാം നമുക്കുവേണ്ടിത്തന്നെ പ്രാര്‍ത്ഥിക്കണം എന്നാണ് ഇവിടെ വിശുദ്ധന്‍ പഠിപ്പിക്കുന്നത്. നമുക്ക് നിത്യരക്ഷ നേടിത്തരാന്‍ മറ്റൊരാളുടെ പ്രാത്ഥനപോരാ, നാം തന്നെ അതിനായി ആഗ്രഹത്തോടെ മുന്നോട്ടുവരണം എന്നാണ് അതിനര്‍ത്ഥം. മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കേണ്ട എന്നല്ല അതിലൂടെ അര്‍ത്ഥമാക്കുന്നത്. നാം സ്വയം നമ്മുടെ നിത്യരക്ഷയ്ക്കായി അധ്വാനിക്കണം എന്നാണ്.
ഭക്തിയോടെ
ദൈവത്തെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നതാണ് ഭക്തി എന്ന് സുമ്മാ തിയോളജിയായില്‍ വിശുദ്ധന്‍ നിര്‍വചിക്കുന്നു. ഉപവിപ്രവൃത്തികളുള്‍പ്പെടെയുള്ള എല്ലാ നന്മപ്രവൃത്തികളും ചെയ്യുന്നത് ഭക്തിയു ടെ ഭാഗമാണെന്ന് അദ്ദേഹം പറയുന്നു.
സ്ഥിരതയോടെ
നാം ചോദിക്കുന്നത് നമുക്ക് ലഭിക്കാതെ പോകുന്നതിന്‍റെ അവസാനത്തെ കാരണം നാം ചോദിക്കുന്നത് നിര്‍ത്തുന്നു എന്നതാണെന്ന് കേസറിയായിലെ വിശുദ്ധ സേിലിനെ ഉദ്ധരിച്ചുകൊണ്ട് വിശുദ്ധ അക്വീനാസ് അഭിപ്രായപ്പെടുന്നു. കാരണം ചിലത് നമുക്ക് ലഭിക്കാതെ പോകുന്നത് നിരസിക്കപ്പെടുന്ന തുകൊണ്ടല്ല, പകരം അനുയോജ്യമായ സമയത്ത് നല്കാനായി വൈകിപ്പിക്കുന്നതിനാലാണ്. ആ വൈകലിനെ നിരസിക്കലായി നാം മനസ്സിലാക്കരുത്.
ദൈവത്തിലുള്ള വിശ്വാസം, എളിമ, ദൈവഭക്തി എന്നീ ഘടകങ്ങള്‍ മേൽപ്പറഞ്ഞവയ്‌ക്കെല്ലാം ആവശ്യമാണെന്നും വിശുദ്ധന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്തെന്നാല്‍, ഞാന്‍ യാചിക്കുന്ന കര്‍ത്താവ് ഇതെല്ലാം ചെയ്യാന്‍ ശക്തനാണ് എന്ന വിശ്വാസം, ഞാന്‍ സഹായാര്‍ത്ഥിയാണ് എന്ന് തിരിച്ചറിയാനുള്ള എളിമ, ദൈവത്തിനരികിലേക്ക് ചെല്ലാന്‍ പ്രേരിപ്പിക്കുന്ന ദൈവഭക്തി എന്നിവയാണ് ഫലപ്രദമായ പ്രാര്‍ത്ഥനയിലേക്ക് നമ്മെ നയിക്കുന്നത്.
'അങ്ങനെയൊരു കാഴ്ച ജീവിതത്തില്‍ ആദ്യമായാണ് കണ്ടത്. മേഘാലയയിലെ ഒരു ഗ്രാമത്തില്‍വച്ച് 15 വയസുകാരി താന്‍ ജന്മം നല്കിയ കുഞ്ഞുമായി വീട്ടിലിരിക്കുന്ന കാഴ്ച. അവളുടെ മുഖം വിളറിയിരുന്നു. കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു. എന്തുപറ്റി എന്നു ചോദിക്കാന്‍ എനിക്ക് മനസു വന്നില്ല.
മനസിലുള്ള ചോദ്യം എന്താണെന്നറിഞ്ഞ മട്ടില്‍ അവളുടെ അമ്മ സംസാരിച്ചുതുടങ്ങി: “ഇവളുടെ കൂട്ടുകാരന്‍ ചതിച്ചതാണച്ചാ. കൂടെ പഠിക്കുന്ന ഒരു പയ്യനുമായി ഇവള്‍ പ്രണയത്തിലായിരുന്നു. ഞങ്ങളുടെ സംസ്കാരം അങ്ങനെയുള്ള സൗഹൃദങ്ങള്‍ അനുവദിക്കുന്നുണ്ട്. ആ സൗഹൃദങ്ങളാണ് പിന്നീട് വിവാഹത്തിലേക്ക് വഴിയൊരുക്കുന്നത്. ഇവളുടെ കാര്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. ഒമ്പതാം ക്ലാസിലെ വലിയ അവധി സമയത്ത് ഇവള്‍ ഗര്‍ഭിണിയായി. അവന്‍ ഇതറിഞ്ഞപാടെ മറ്റൊരിടത്തേക്ക് പോകുകയും ചെയ്തു. പത്താംക്ലാസില്‍ പഠിക്കുന്ന ഇവളുടെ സഹപാഠികള്‍ പരീക്ഷയെഴുതിയപ്പോള്‍ ഇവള്‍ കൈക്കുഞ്ഞുമായി വീട്ടിലിരിക്കേണ്ട സ്ഥിതിയായി. ബുദ്ധിമോശം അല്ലാതെന്തു പറയാന്‍.”
അവരോട് ഉരിയാടാന്‍ വാക്കുകള്‍ക്കുവേണ്ടി ഞാന്‍ പരതി. എന്തു പറയാന്‍? ഒന്നും പറഞ്ഞില്ല. ആ വീടു വിട്ടിറങ്ങുമ്പോള്‍ മനസിലേക്ക് വന്നത് കര്‍ത്താവിന്‍റെ വചനമാണ്: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍” (ലൂക്കാ 21:8).
ചതിക്കും ചങ്ങാത്തത്തിന്‍റെ തുടക്കം
ചങ്ങാത്തം കൂടി ചതിക്കുക എന്ന തന്ത്രം സാത്താന്‍ ആദ്യമായി പയറ്റുന്നത് ഉത്പത്തിയിലാണ്. വളരെ തന്ത്രപൂര്‍വം അവന്‍ ഹവ്വയുടെ മനസില്‍ കയറിപ്പറ്റുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ അതിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: “സാത്താനുമായി ഹവ്വ സംവാദത്തിന് ഒരുങ്ങിയപ്പോള്‍ തന്നെ സാത്താന്‍ വിജയിച്ചു. അവനുമായി അവള്‍ സംസാരത്തില്‍ ഏര്‍പ്പെടരുതായിരുന്നു.” ശരിയാണ്, ആ സംവാദത്തിലൂടെ ഹവ്വയുടെ വിശ്വാസം സാത്താന്‍ പിടിച്ചുപറ്റുന്നു. സാത്താന്‍ പറയുന്നതെന്തും ഹവ്വ ചെയ്യും എന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് കൂട്ടാളിയായ ആദത്തിനോട് ഒരു വാക്കുപോലും ചോദിക്കാതെയും പറയാതെയുമാണ് ഹവ്വ സര്‍പ്പം നല്‍കിയ പഴം കഴിക്കുന്നത്. പാപം ചെയ്തതിനുശേഷം ആ പഴത്തിന്‍റെ ഓഹരി ആദത്തിനും കൊടുത്ത് അവള്‍ അവനെ കൂട്ടുപ്രതിയാക്കുന്നു. അവരിരുവരും ദൈവത്തെ ഭയപ്പെടുകയും ദൈവത്തില്‍നിന്ന് അകലുകയും ചെയ്യുന്നു. സാത്താനുമായുള്ള ചങ്ങാത്തത്തില്‍ ഇവിടെ പ്രധാനമായും മൂന്നു കാര്യങ്ങള്‍ സംഭവിക്കുന്നു: ഒന്ന് – ഹവ്വ ആദത്തില്‍നിന്നും ആദം ഹവ്വയില്‍നിന്നും അകലുന്നു; അവര്‍ പരസ്പരം കുറ്റം വിധിച്ച് സംസാരിക്കുന്നു. രണ്ട് – അവര്‍ ദൈവത്തില്‍നിന്ന് അകലുന്നു. മൂന്ന് – അവര്‍ക്ക് പറുദീസ നഷ്ടമാകുന്നു. ഇതേ തന്ത്രം അതായത്, ചങ്ങാത്തംകൂടി ചതിക്കുന്ന തന്ത്രം സാത്താന്‍ ഇന്നും പയറ്റുന്നുണ്ട്, നിര്‍ലോഭം.
ഇന്നു നടക്കുന്ന പല പ്രേമബന്ധങ്ങളിലും ചങ്ങാതികള്‍ തമ്മിലുള്ള ഇടപെടലുകളിലും സാത്താന്‍ തന്‍റെ പഴയ തന്ത്രവുമായി ഇറങ്ങുന്നുണ്ടെന്നതിന് തെളിവുകള്‍ ഏറെയുണ്ട്. ഒരു യുവാവും യുവതിയും തമ്മിലുള്ള പ്രേമബന്ധത്തില്‍, ആ യുവതിയെ ജനനം മുതല്‍ ആ നിമിഷംവരെ ഉയിരും ഉണ്‍മയും നല്കി വളര്‍ത്തിയ മാതാപിതാക്കളെ ഉപേക്ഷിച്ച് ‘ഞാന്‍ വിളിച്ചാല്‍ അവള്‍ ഇറങ്ങിവരും, അവള്‍ എന്‍റെ സ്വന്തമാണ്’ എന്ന് യുവാവ് പറയത്തക്ക നിലയിലേക്ക് ആ ബന്ധം വളരണമെന്നുണ്ടെങ്കില്‍ അതിന്‍റെ അര്‍ത്ഥം എന്താണ്?
വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെക്കാള്‍ അവള്‍ ഈ യുവാവിന് വില നല്കുന്ന സ്ഥിതി. അതായത് പഴയ നിയമത്തില്‍ ദൈവത്തെ ധിക്കരിക്കാന്‍ പ്രേരിപ്പിച്ച അതേ സാത്താന്‍തന്നെ അങ്ങേയറ്റം സ്നേഹത്തോടെ അനുസരിക്കേണ്ട മാതാപിതാക്കളെ ധിക്കരിക്കാന്‍ പ്രേരണ നല്കുന്നു, ഹവ്വയ്ക്ക് സത്യത്തിന്‍റെയും യഥാര്‍ത്ഥ സ്നേഹത്തിന്‍റെയും കാഴ്ച നഷ്ടപ്പെട്ടതുപോലെ.
ഇത് പ്രേമബന്ധത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, തിന്മയുടെ പിന്നാമ്പുറങ്ങളിലൂടെ സഞ്ചരിക്കുന്ന സൗഹൃദങ്ങളുടെ കാര്യത്തിലും സ്ഥിതി ഇതുതന്നെ. ഒരു സംഭവം ഉദാഹരണമായി നല്കാം. സാബു എന്ന് പേരുള്ള ഒരു യുവാവ് ഒരു ചീത്ത കൂട്ടുകെട്ടില്‍ പെടുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ കൂട്ടുകാര്‍ക്ക് വശംവദനായി അവന്‍ മയക്കുമരുന്ന് ഉപയോഗിച്ചുതുടങ്ങി. അതു വാങ്ങിക്കുവാന്‍ പണമില്ലാതെ വന്നപ്പോള്‍ അവര്‍ ബൈക്ക് മോഷ്ടിക്കുവാന്‍ തീരുമാനിക്കുന്നു. പക്ഷേ അക്കൂട്ടത്തില്‍ ബൈക്ക് ഓടിക്കുവാന്‍ അറിയുന്നത് സാബുവിന് മാത്രമാണ്. മറ്റു രണ്ടു കൂട്ടുകാര്‍ ബൈക്കിന്‍റെ പൂട്ടു തകര്‍ത്ത് ഇവനെ ഏല്‍പിക്കുകയും ഇവന്‍ ബൈക്കുമായി മാര്‍ക്കറ്റിലേക്ക് പോകുകയും ചെയ്തു. എന്നാല്‍ പോലീസിന്‍റെ പിടിയില്‍ അകപ്പെട്ടപ്പോള്‍ കൂട്ടുകാര്‍ തടിയൂരുകയും സാബു അകത്താകുകയും ചെയ്തു. അതോടെ സാബുവിന് കൂട്ടുകാരോട് പകയായി. ജയിലില്‍നിന്നിറങ്ങിയപ്പോള്‍ ഒരു കൊലപാതകത്തിലേക്ക് മകന്‍ എത്തുമല്ലോ എന്ന ആധിയില്‍ അവന്‍റെ മാതാപിതാക്കള്‍ അവനുമായി ധ്യാനത്തിനു വരികയാണുണ്ടായത്.
നല്ല സുഹൃത്തുക്കള്‍
ഈ സംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ തിന്മയുമായുള്ള കൂട്ടുകെട്ടില്‍ അവര്‍ക്ക് ബന്ധങ്ങളും ദൈവവിചാരവുമെല്ലാം അന്യമാകുന്നു എന്ന് മനസിലാക്കാം. അവര്‍ ചെയ്യുന്നതെന്തും ശരിയാണെന്നും മറ്റുള്ളവര്‍ പറയുന്നതില്‍ കാര്യമില്ലെന്നും അവര്‍ ചിന്തിക്കാന്‍ തുടങ്ങി. സൗഹൃദങ്ങള്‍ വഴിതെറ്റുന്ന ഇക്കാലത്ത് നല്ല സൗഹൃദങ്ങള്‍ തിരിച്ചറിയാന്‍ ഏതാനും ചില കാര്യങ്ങള്‍കൂടി ചേര്‍ക്കുകയാണ്.
1. ഒരു നല്ല സുഹൃത്ത് ഒരിക്കലും നമ്മെ ദൈവത്തില്‍നിന്നും ദൈവവിശ്വാസത്തില്‍നിന്നും അകറ്റുകയില്ല. കൗദാശികജീവിതത്തില്‍നിന്ന് നമ്മെ മാറ്റുകയില്ല.
2. ഒരു നല്ല സുഹൃത്ത് നമ്മെ മാതാപിതാക്കളില്‍നിന്നും അകറ്റുകയില്ല. അയാള്‍ നമ്മുടെയും കുടുംബത്തിന്‍റെയും നന്മയും ഭാവിയും ചിന്തിക്കുന്ന വ്യക്തിയായിരിക്കും.
3. ആ വ്യക്തി, നമ്മുടെ ശരീരവിശുദ്ധിക്ക് എതിരായ ഒരു ചേഷ്ടക്കും പ്രേരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുകയില്ല. അയാള്‍ അസമയത്തുള്ള ഫോണ്‍വിളികള്‍ പ്രോത്സാഹിപ്പിക്കുകയോ ശരീരത്തിന്‍റെ നഗ്നത വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അയച്ചുകൊടുക്കാന്‍ പ്രേരിപ്പിക്കുകയോ ഇല്ല.
4. പഠിപ്പിക്കുന്ന അധ്യാപകരെ ബഹുമാനിക്കാനും പാഠ്യവിഷയങ്ങള്‍ പഠിക്കുവാനും ഒരു നല്ല സുഹൃത്ത് നമ്മെ പ്രേരിപ്പിക്കും.
5. മദ്യം, മയക്കുമരുന്ന്, കഞ്ചാവ്, ചീത്ത ചിത്രങ്ങള്‍ എന്നിവ ഉപയോഗിക്കാനോ കാണുവാനോ പ്രേരിപ്പിക്കാന്‍ ഒരിക്കലും നല്ല സുഹൃത്തുക്കള്‍ക്ക് സാധിക്കുകയില്ല. 6. ഒരു നല്ല സുഹൃത്ത് നമ്മള്‍ തിരഞ്ഞെടുത്ത ജീവിതാന്തസിന് എതിരായി എന്തെങ്കിലും ചെയ്യാന്‍ പ്രേരിപ്പിക്കുകയില്ല.
7. ഒരു നല്ല സുഹൃത്ത് നമ്മുടെ വ്യക്തിത്വത്തെ ബഹുമാനിക്കും.
ചങ്ങാത്തം അനുഗ്രഹമാക്കുന്നതിന്
വിശുദ്ധരായ ആത്മീയ ഗുരുക്കള്‍ ഇക്കാര്യത്തില്‍ നമുക്ക് മാര്‍ഗദര്‍ശനം നല്കുന്നുണ്ട്. ദൈവവുമായുള്ള ബന്ധത്തില്‍ നാം ആഴപ്പെടണമെന്ന് അവരുടെ ജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വിശുദ്ധ മദര്‍ തെരേസ എത്ര തിരക്കിലാണെങ്കിലും ഒരു മണിക്കൂറെങ്കിലും ദൈവത്തോടൊത്ത് ചെലവഴിക്കാന്‍ മാറ്റിവച്ചിരുന്നു. ധന്യന്‍ ഫുള്‍ട്ടന്‍ ജെ.ഷീന്‍ മണിക്കൂറുകളോളം വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി ചെലവഴിച്ചിരുന്നു. മൗനവും മനനവും ദൈവസ്വരം ശ്രവിക്കാന്‍ ആവശ്യമാണെന്ന് അവരെപ്പോലുള്ള അനേകവിശുദ്ധര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
അതിനായി ചെയ്യാവുന്ന പ്രായോഗിക കാര്യങ്ങള്‍ നിര്‍ദ്ദേശിക്കാം. ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പെങ്കിലും ഫോണ്‍, ടി.വി എന്നിവ ഉപേക്ഷിക്കുക. ആ സമയത്ത് തിരുവചനം വായിച്ച് അതേപ്പറ്റി ധ്യാനിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും നല്ല പുസ്തകങ്ങള്‍ വായിക്കുകയോ ചെയ്യാം. പിന്നീട് പ്രാതല്‍ കഴിയുന്നതുവരെയും മൗനവും ധ്യാനവും തുടരുക. ഇപ്രകാരം അവിടുത്തെ സ്വരം കേള്‍ക്കാനും നമ്മുടെ ഹൃദയവികാരങ്ങള്‍ അവിടുത്തോട് പറയാനും സാധിക്കും. ഈശോയോട് നല്ലൊരു സുഹൃദ്ബന്ധം സ്ഥാപിക്കുന്നെങ്കില്‍ ആ സ്ഥാനത്ത് മറ്റൊരാള്‍, ആണോ പെണ്ണോ, കയറിവരികയില്ല. മാത്രവുമല്ല, അവിടുത്തോടൊത്ത് പങ്കുവയ്ക്കാവുന്ന നല്ല ആണ്‍, പെണ്‍ ചങ്ങാത്തങ്ങള്‍ നമുക്ക് സ്വന്തമാക്കുകയും ചെയ്യാം.
'വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഈ സംഭവം. അന്ന് ശാലോമിന്‍റെ ധ്യാനടീമംഗങ്ങള്‍ ഒരു സുവിശേഷയാത്രയ്ക്ക് പോകാനൊരുങ്ങുകയായിരുന്നു. ട്രെയിനിലായിരുന്നു അന്നത്തെ യാത്ര. പോകുന്നതിന്‍റെ തലേദിവസം എന്‍റെ ഭര്‍ത്താവ് പറഞ്ഞു, ട്രെയിനിലെ ഭക്ഷണം വളരെ മോശമാണ്. അതുകൊണ്ട് യാത്രയ്ക്ക് പുറപ്പെടുമ്പോള്‍ നീ ഞങ്ങള്‍ക്ക് പൊതിച്ചോറു തന്നുവിടണം. സന്തോഷത്തോടെ ഞാനതു സമ്മതിച്ചു.
പിറ്റേദിവസം രാവിലെതന്നെ എഴുന്നേറ്റ് ചോറും കറികളും തയാറാക്കി. ചോറു പൊതിയാനുള്ള വാഴയില മുറിക്കാനായി പറമ്പിലേക്കിറങ്ങി. അപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത് വാഴ ധാരാളമുണ്ടെങ്കിലും മുറിക്കാന്‍ പറ്റിയ നല്ല ഇലകള്‍ തീരെയില്ല. എല്ലാ വാഴകളുടെയും ഇലകളില്‍ പുഴുക്കുത്ത് വീണിരിക്കുന്നു. അങ്ങനെ നടക്കുമ്പോൾ ഒരു തൈവാഴ ശ്രദ്ധയില്‍പ്പെട്ടു. നല്ല വെയിലത്ത് വെട്ടുകല്‍ക്കൂനയുടെ ഉള്ളില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ആ തൈവാഴ! അത്ഭുതമെന്നു പറയട്ടെ , ആ തൈവാഴയുടെ ഒറ്റയിൽപോലും പുഴുക്കുത്തില്ല! ഞാന്‍ മൂന്ന് ഇലകള്‍ അതില്‍നിന്നും മുറിച്ചു. ഏഴ് ഇലകളാണ് എനിക്ക് വേണ്ടിയിരുന്നത്. ഇനിയും നാലെണ്ണംകൂടി വേണം. ഞാന്‍ പലവട്ടം ചുറ്റിത്തിരിഞ്ഞിട്ടും പുഴുക്കുത്തില്ലാത്ത മറ്റു വാഴകള്‍ കണ്ടുകിട്ടിയില്ല. അവസാനം ഞാന്‍ ആ തൈവാഴയുടെ ചുവട്ടില്‍ത്തന്നെ വീണ്ടും വന്നെത്തി. വാഴച്ചെടിയോട് ക്ഷമ ചോദിച്ചുകൊണ്ടുതന്നെ ബാക്കിയുണ്ടായിരുന്ന നാല് ഇലകളും മനസില്ലാ മനസോടെ മുറിച്ചെടുത്തു. ഇലകളുമായി വീട്ടിലേക്ക് തിരിക്കുമ്പോള്‍ മനസില്‍ മ്ലാനതയുണ്ടായിരുന്നു. ഞാന്‍ മനസില്‍ വിചാരിച്ചു, പാവം വാഴച്ചെടി. ഒരു സുവിശേഷയാത്രക്കുവേണ്ടി ബലിയായിത്തീര്‍ന്നിരിക്കുന്നു! പൊരിവെയിലില്‍ വെട്ടുകല്‍ക്കൂനയുടെ പുറത്ത് ഒറ്റപ്പെട്ടുനിന്നതിനാല്‍ അതിനെ ആരും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വളവും വെള്ളവുമൊന്നും അതിന് വേണ്ട രീതിയില്‍ കിട്ടിയിട്ടുമുണ്ടാവില്ല. എങ്കിലും അത് പുഴുക്കുത്തില്ലാത്ത ഇലകള്‍ വിരിച്ചുനിന്ന് ദൈവത്തെ മഹത്വപ്പെടുത്തി.
തിടുക്കത്തില്‍ ചോറു പൊതികെട്ടി പ്രാര്‍ത്ഥിച്ച് അവരെ പറഞ്ഞയക്കുമ്പോഴും എന്‍റെ മനസില്‍ ആ വാഴച്ചെടിയുടെ ത്യാഗമായിരുന്നു. ഞാന്‍ ചെയ്തത് അല്പം ക്രൂരതയായിപ്പോയോ എന്നു തോന്നി. ടീമംഗങ്ങള്‍ ധ്യാനസ്ഥലത്തെത്തിയപ്പോള്‍ എന്നെ വിളിച്ചുപറഞ്ഞു, “യാത്ര സുഖകരമായിരുന്നു. ഉഗ്രന്‍ പൊതിച്ചോറായിരുന്നു. കറികളെല്ലാം വളരെ ടേയ്സ്റ്റി ആയിരുന്നു, താങ്ക്സ്.” പാവം തൈവാഴ. അതിന്‍റെ ത്യാഗത്തെയും ബലിയെയും ആര് ഓര്‍മിക്കാന്‍?!
ജീവിതത്തിലേക്ക് എത്തിനോക്കുമ്പോള്‍
നമ്മുടെയൊക്കെ ജീവിതങ്ങളിലേക്ക് എത്തിനോക്കുമ്പോള്‍ ലോകത്തിന്‍റെ ഗതി ഇതുതന്നെയാണ് എന്നു കാണാന്‍ കഴിയും. നാം ഇന്നായിരിക്കുന്ന സുഖത്തിലും സമൃദ്ധിയിലും നിലനില്‍പിലുമൊക്കെ എത്തിച്ചേരുവാന്‍ വേണ്ടി ബലിയായിത്തീര്‍ന്ന അനേക ജീവിതങ്ങള്‍ നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങള്‍ക്ക് പിന്നിലുണ്ട്. നാം അവരെക്കുറിച്ച് ഓര്‍ക്കാറും പറയാറും ഒന്നുമില്ലായിരിക്കും.
ദൈവാലയത്തിലെ തിരുക്കര്‍മങ്ങളില്‍ ഭക്തിപൂര്‍വം പങ്കുകൊണ്ട് നിറഞ്ഞ മനസും വരപ്രസാദവുമായി വീടുകളിലേക്ക് മടങ്ങുമ്പോള്‍ കുമ്പസാരക്കൂട്ടിലിരുന്ന് പാപമോചനം തരാനും കൂദാശ പരികര്‍മം ചെയ്ത് ഒരു തിരുവോസ്തി നമ്മുടെ നാവിലെത്തിച്ചുതരാനുംവേണ്ടി ത്യാഗപൂര്‍വം ബലിയായിത്തീര്‍ന്ന വൈദികന്‍റെ ബലിജീവിതത്തെക്കുറിച്ച് ആരെങ്കിലും നന്ദിയോടെ ഓര്‍ക്കാറുണ്ടോ? വിസ്മൃതമാകുന്ന ബലിജീവിതങ്ങള്‍!
നോക്കെത്താത്ത ദൂരം നീണ്ടുനിവര്‍ന്ന് വിശാലമായി കിടക്കുന്ന മിനുമിനുത്ത നാഷണല്‍ ഹൈവേയില്‍ക്കൂടി ഹൈസ്പീഡില്‍ കാറോടിച്ച് ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോള്‍ ആ റോഡുകള്‍ ആ രീതിയിലാക്കിത്തീര്‍ക്കാന്‍വേണ്ടി ബലിയായിത്തീര്‍ന്ന കുറെയേറെ ജീവിതങ്ങളെക്കുറിച്ച് നാം ചിന്തിക്കാറുപോലുമില്ല. റോഡുപണിക്കാരാണ് ആ ജീവിതങ്ങള്‍. തുടര്‍ച്ചയായി റോഡുപണി ചെയ്യുന്ന ഇവര്‍ കാലക്രമേണ കഠിന രോഗികളായിത്തീരാറാണ് പതിവ്. പക്ഷേ ഇക്കൂട്ടരെ നന്ദിയോടെ ഓര്‍ക്കാന്‍ ആരുംതന്നെ തുനിയാറില്ല.
നമ്മള്‍ ഇന്ന് ആയിരിക്കുന്ന സുസ്ഥിതിയില്‍ നമ്മെ എത്തിക്കാന്‍വേണ്ടി ചോരയും നീരുമൊഴുക്കി നമുക്കുവേണ്ടി എരിഞ്ഞുതീര്‍ന്ന നമ്മുടെ മാതാപിതാക്കള്‍. നമുക്കുവേണ്ടി ഉരുകിത്തീര്‍ന്ന ഈ ബലിജീവിതങ്ങളെ അവരര്‍ഹിക്കുന്ന ആദരവോടും നന്ദിയോടും കൂടെ നമുക്ക് കാണാന്‍ കഴിയുന്നുണ്ടോ? അവര്‍ക്കര്‍ഹമായ പരിചരണവും സ്നേഹവും നമ്മള്‍ കൊടുക്കാറുണ്ടോ?
സമര്‍പ്പിതരുടെ ജീവിതങ്ങള്‍ സഭയ്ക്കും ലോകത്തിനും നല്കുന്ന നന്മകള്‍ വളരെയേറെയാണ്. ആ നന്മകളും സത്ഫലങ്ങളുമെല്ലാം ധാരാളമായി നാം അനുഭവിക്കുമ്പോഴും ബലിയായിത്തീരുന്ന അവരുടെ ജീവിതങ്ങളെക്കുറിച്ച് നന്ദിയോടെ നാം ഓര്‍ക്കാറില്ല എന്നതാണ് സത്യം. മാത്രമല്ല മനുഷ്യസാധാരണമായ അവരുടെ കൊച്ചുകൊച്ചു കുറവുകളുടെ പേരില്‍ മനഃസാക്ഷിക്കുചേരാത്തവിധം നാമവരെ വേട്ടയാടുകയും കരിതേച്ച് കാണിക്കുകയും ഒറ്റിക്കൊടുക്കുകയുമൊക്കെ ചെയ്യുന്നു. കരി തേയ്ക്കപ്പെടുന്ന ബലിജീവിതങ്ങള്‍!
പല സ്ഥാപനങ്ങളുടെയും സ്ഥാപക നേതാക്കള്‍ പില്ക്കാലങ്ങളില്‍ പുറത്താക്കപ്പെട്ടിട്ടുണ്ട്. അവരുടെ ത്യാഗവും വേദനയും ആ പ്രസ്ഥാനങ്ങളെ പടുത്തുയര്‍ത്താന്‍വേണ്ടി അവര്‍ സഹിച്ച സഹനങ്ങളും ബലിയുടെ ജീവിതവും പരിഗണനയില്‍പ്പോലും എടുക്കാതെ നിഷ്ക്കരുണം വെട്ടിമാറ്റി വിസ്മൃതിയിലേക്ക് എടുത്തെറിയപ്പെട്ട സ്ഥാപകര്‍ ചരിത്രത്തിന്‍റെ ഏടുകളിലുണ്ട്. വെട്ടിമാറ്റപ്പെടുന്ന ബലിജീവിതങ്ങള്‍!
ബലിജീവിതങ്ങളുടെ ഏതാനും ഉദാഹരണം മാത്രമാണ് മുകളില്‍ കുറിച്ചത്. ബലിജീവിതങ്ങളുടെ നൊമ്പരം പേറുന്നവരായിരിക്കാം നിങ്ങളും. അങ്ങനെയുള്ളവര്‍ ചിന്തിക്കുക, ഇത് സര്‍വേശ്വരന്‍ തന്ന ദൈവവിളിയാണ്. ഇങ്ങനെയുള്ള വേദന പേറുന്നവര്‍ക്കുള്ള പ്രതിഫലം ദൈവത്തില്‍നിന്നും മാത്രമാണ്. അവിടെനിന്നുമാത്രം നമുക്ക് നീതിയും പ്രതിഫലവും ലഭിക്കും. യേശുവിന്‍റെ ബലിജീവിതം ഇതിനൊരു വലിയ തെളിവാണ്.
യേശുവിന്‍റെ ബലിജീവിതം
യേശുവിന്‍റെ ബലിജീവിതത്തെക്കുറിച്ച് തിരുവചനങ്ങളില്‍ ഇപ്രകാരം പറയുന്നു “തൈച്ചെടിപോലെ, വരണ്ട നിലത്തു നില്‍ക്കുന്ന മുളപോലെ, അവന്‍ അവിടുത്തെ മുമ്പില്‍ വളര്‍ന്നു” (ഏശയ്യാ 53:2). മാനുഷികമായ പരിഗണനകളോ ലാളനകളോ ആശ്വാസമോ വളമോ വെള്ളമോ ഒന്നും കിട്ടാതെ വരണ്ട നിലത്ത് ഒറ്റപ്പെട്ടവനായി കടുത്ത പൊരിവെയില്‍പ്പോലെയുള്ള സഹനാനുഭവങ്ങളിലൂടെയായിരുന്നു യേശുവിന്‍റെ ബലിജീവിതത്തിന്‍റെ കടന്നുപോക്ക്. തുടര്‍ന്നു വരുന്ന വചനങ്ങളില്‍ പറയുന്നു, “ശ്രദ്ധാര്‍ഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല. അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചു കളഞ്ഞു” (ഏശയ്യാ 53:2-3).
മനുഷ്യരാല്‍ നിന്ദിക്കപ്പെടുക, ഉപേക്ഷിക്കപ്പെടുക, പുറത്തെറിയപ്പെടുക എന്നുള്ളത് ബലിജീവിതങ്ങളുടെ പൊതു സ്വഭാവങ്ങളില്‍ ഒന്നാണ്. “അവന്‍ നിന്ദിക്കപ്പെട്ടു; നാം അവനെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ് യഥാര്‍ത്ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദണ്ഡിപ്പിക്കുകയും ചെയ്തെന്നു നാം കരുതി. നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്‍റെമേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി; അവന്‍റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു” (ഏശയ്യാ 53:4-5).
തങ്ങളുടെ ബലിജീവിതത്താലെ മറ്റുള്ളവര്‍ അനുഗ്രഹിക്കപ്പെടുക എന്നത് എല്ലാ ബലിജീവിതങ്ങളുടെയും രണ്ടാമത്തെ പൊതുസ്വഭാവമാണ്.
“അവനു ക്ഷതമേല്‍ക്കണമെന്നത് കര്‍ത്താവിന്‍റെ ഹിതമായിരുന്നു. അവിടുന്നാണ് അവനെ ക്ലേശങ്ങള്‍ക്കായി വിട്ടുകൊടുത്തത്” (ഏശയ്യാ 53:10). ബലിജീവിതം ഒരു ദൈവവിളിയാണ്. ദൈവത്തിന്‍റെ ഹിതമാണ് ഒരു ബലിവസ്തുവിനെ തിരഞ്ഞെടുക്കുന്നത്. മനുഷ്യരാരുമല്ല. അതുകൊണ്ടുതന്നെ ബലിവസ്തുവിനുള്ള പ്രചോദനവും പ്രതിഫലവും മനുഷ്യരില്‍നിന്നല്ല. പിന്നെയോ ദൈവത്തില്‍ നിന്നു മാത്രമാണ് ലഭിക്കുക. അതിനാല്‍ ബലിജീവിതത്തിലൂടെ കടന്നുപോകുന്നവര്‍ തങ്ങള്‍ക്കുള്ള പ്രതിഫലം ദൈവത്തില്‍ നിന്നല്ലാതെ ഒരിക്കലും മനുഷ്യരില്‍നിന്നും തേടരുത്. തേടിയാല്‍ ഫലം നിരാശയായിരിക്കും.
യേശുവിന്‍റെ നിറഞ്ഞ യൗവനത്തില്‍ അര്‍പ്പിക്കപ്പെട്ട കഠിനവേദന നിറഞ്ഞ ബലിയെക്കുറിച്ച് ഇപ്രകാരം ഏശയ്യാ പ്രവചിച്ചിരിക്കുന്നു: “പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്‍റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ് പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്‍റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും. തന്‍റെ കഠിനവേദനയുടെ ഫലം കണ്ട് അവന്‍ സംതൃപ്തനാകും” (ഏശയ്യാ 53:10-11).
യേശുവിന്‍റെ കഠിനവേദന നിറഞ്ഞ ബലിജീവിതത്തിന്‍റെ മറ്റുള്ള സദ്ഫലങ്ങളെക്കുറിച്ച് ഇപ്രകാരം പറയുന്നു. നീതിമാനായ ദാസന്‍ തന്‍റെ ജ്ഞാനത്താല്‍ അനേകരെ നീതിമാന്മാരാക്കും; അവന്‍ അവരുടെ തിന്മകളെ വഹിക്കുകയും ചെയ്യും. യേശുവിന്‍റെ നാമത്തില്‍ വിശ്വ സിച്ച് പാപങ്ങള്‍ ഏറ്റുപറയുന്നവര്‍ക്ക് ലഭിക്കുന്ന പാപമോചനവും സൗജന്യമായ നീതീകരണവുമാണ് ഈ വചനങ്ങളിലൂടെ അര്‍ത്ഥമാക്കുന്നത്.
“മഹാന്മാരോടൊപ്പം ഞാന്‍ അവന് അവകാശം കൊടുക്കും. ശക്തന്മാരോടുകൂടെ അവന്‍ കൊള്ളമുതല്‍ പങ്കിടും” (ഏശയ്യാ 53:12). പാപികളില്‍ ഏറ്റവും നീചപാപിയായി എണ്ണപ്പെടാനും ശപിക്കപ്പെട്ടവരില്‍ ഏറ്റവും ശപിക്കപ്പെട്ടവനായി കുരിശേറി മരിക്കാനും മരണത്തിന് വിട്ടുകൊടുത്ത യേശുവിന്‍റെ ജീവിതത്തെ ദൈവം അത്യധികമായി ഉയര്‍ത്തി. തിരുവചനങ്ങള്‍ പറയുന്നു: “ആകയാല്‍ ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത് യേശുവിന്‍റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്‍റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്” (ഫിലിപ്പി 2:9-11).
നമ്മുടെ തിരഞ്ഞെടുപ്പ്
യേശുവിന്‍റെ ബലിജീവിതത്തോടു ചേര്‍ന്ന് ജീവിതബലിയര്‍പ്പിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ടവനാണ് ഓരോ ക്രിസ്ത്യാനിയും. മാതാപിതാക്കള്‍ മക്കള്‍ക്കുവേ ണ്ടി, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ത്തമ്മില്‍, ഇടവകപ്പട്ടക്കാര്‍ തന്‍റെ ഇടവകജനത്തിനുവേണ്ടി, സന്യസ്തരും സമര്‍പ്പിതരും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മനുഷ്യജീവിതങ്ങള്‍ക്കുവേണ്ടി എല്ലാം യേശുവിന്‍റെ ബലിയോടൊപ്പം ജീവിതബലിയര്‍പ്പിക്കാന്‍ വിളിക്കപ്പെട്ടവരാണ്. അതിനുവേണ്ട ശക്തിയും പ്രചോദനവും യേശുവില്‍നിന്നും അവിടുത്തെ ബലിജീവിതത്തില്‍നിന്നും നമുക്ക് ലഭിക്കും.
എന്നാല്‍ അസാധാരണമാംവിധത്തില്‍ യേശുവിന്‍റെ ബലിജീവിതത്തില്‍ പങ്കുചേരാന്‍വേണ്ടി ദൈവം ചിലരെ പ്രത്യേകമാംവിധം ബലിവസ്തുക്കളായി തിരഞ്ഞെടുക്കാറുണ്ട്. ഇവര്‍ക്ക് സാധാരണമല്ലാത്ത കഠിനവേദനകളിലൂടെയും തിരസ്കരണങ്ങളിലൂടെയും ഒറ്റപ്പെടലുകളിലൂടെയും പുറത്തെറിയപ്പെടലുകളിലൂടെയും അവഗണനകളിലൂടെയും അപമാന നിന്ദനങ്ങളിലൂടെയും ശാരീരികവും മാനസികവുമായ പീഡകളിലൂടെയും പൈശാചിക പീഡനങ്ങളിലൂടെയും കടന്നുപോകാന്‍ ദൈവം ഇടവരുത്തുന്നു. മറ്റാരുമല്ല ദൈവംതന്നെയാണ് ഇത് ചെയ്യുന്നത്. ഇങ്ങനെയുള്ളവരെന്നു തിരിച്ചറിയുന്നവര്‍ ചെയ്യേണ്ടത് ഈ തിരഞ്ഞെടുപ്പിനെയും വിളിയെയും ദൈവത്തില്‍നിന്നും ദൈവകരങ്ങളില്‍നിന്നും സ്വീകരിക്കുക എന്നതാണ്.
നിന്ദിക്കപ്പെടുമ്പോള്‍, തിരസ്കരിക്കപ്പെടുമ്പോള്‍, ഒറ്റിക്കൊടുക്കപ്പെടുമ്പോള്‍, അവഗണിക്കപ്പെടുമ്പോള്‍, വെട്ടിമാറ്റപ്പെടുമ്പോള്‍, ദോഷാരോപണം നടത്തപ്പെടുമ്പോള്‍, ക്രൂരമായി ക്രൂശിക്കപ്പെടുമ്പോള്‍, കടുത്ത ശാരീരിക-മാനസിക-പൈശാചിക പീഡകളിലൂടെ കടന്നുപോകുമ്പോള്‍ ഒന്നുമാത്രം ചിന്തിക്കുക- മനുഷ്യരാരുമല്ല ദൈവമാണ് ഈ പാനപാത്രം എനിക്ക് കുടിക്കാന്‍ തന്നിരിക്കുന്നത്. ഇതു തിരിച്ചറിഞ്ഞ് അതിനെ ദൈവകരങ്ങളില്‍ നിന്നും സ്വീകരിക്കുക. അപ്പോള്‍ ഈ തീവ്രസഹനങ്ങളിലൂടെ നമ്മെ കടത്തി വിട്ടുകൊണ്ടിരിക്കുന്നവരോട് ഹൃദയം തുറന്ന് ക്ഷമിക്കാനും അവരെ അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കാനും കഴിയും. മാത്രമല്ല, ദൈവം നമുക്ക് അനുവദിച്ചുതരുന്ന സഹനാനുഭവങ്ങളെക്കുറിച്ച് ദൈവത്തിന് നന്ദി പറയാനും നമുക്ക് കഴിയും. അങ്ങനെ നമ്മള്‍ ദൈവത്തിന് മഹത്വം കരേറ്റുന്നവരായി മാറും.
അഴിയപ്പെടുന്ന ഗോതമ്പുമണിയാകാന്‍
യേശു താന്‍ കടന്നുപോകേണ്ട ക്രൂരമരണത്തിന്‍റെ വഴികളെക്കുറിച്ച് ഇപ്രകാരം പറയുന്നു, ‘ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നെങ്കിലോ അത് കൂടുതല്‍ ഫലം പുറപ്പെടുവിക്കും.’ യേശു കടന്നുപോയ ഈ അഴിയപ്പെടലിന്‍റെ വേദനകളിലൂടെ ദൈവം തിരഞ്ഞെടുത്ത ഓരോ ബലിയാടും കടന്നുപോകേണ്ടിവരും. അതൊരുപക്ഷേ ശാരീരികമായ (രക്തം ചിന്തിയുള്ള) ഒരു ക്രൂശുമരണമായിരിക്കണമെന്നില്ല. മാനസികവും ആത്മീയവുമായ ക്രൂശുമരണങ്ങളായിരിക്കും മിക്കവാറും. അതിന്‍റെ ഫലമാകട്ടെ ഉന്നതമായ മഹത്വവും. മറ്റുള്ളവരുടെ ജീവിതങ്ങളുടെ വീണ്ടെടുപ്പും രക്ഷയും ഒക്കെ ആയിരിക്കും. ഫലം എത്ര മഹത്വപൂര്‍ണമായാലും അഴിയപ്പെടലിന്‍റെ വേദന വേദനതന്നെയാണ്. അതുകൊണ്ടാണല്ലോ യേശു “പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നും നീക്കിത്തരണമേ” എന്ന് പ്രാര്‍ത്ഥിച്ചത്. അതുവരെ വളരെ വിലപ്പെട്ടവയെന്നു കരുതി നാം കാത്തുസൂക്ഷിച്ചത് പലതും ഒന്നിനു പുറകെ ഒന്നായി ബലിയായി ദൈവം നമ്മില്‍നിന്നും ചോദിച്ചുവെന്നിരിക്കും. ആരോഗ്യം, സല്‍പേര്, ഔദ്യോഗികമായ സ്ഥാനമാനങ്ങള്‍, സദ്സംഘങ്ങളിലും കൂട്ടായ്മകളിലുള്ള അംഗത്വങ്ങള്‍, ദൈവം നമ്മെ ഭരമേല്പിച്ചിരിക്കുന്ന മനോഹരമായ താലന്തുകള്‍, നമ്മുടെ ഇഷ്ടങ്ങള്‍, താല്പര്യങ്ങള്‍, അഭിനിവേശങ്ങള്‍ പലതും ദൈവം ബലിയായി ചോദിച്ചേക്കാം. അതു പലപ്പോഴും വളരെ വേദനാജനകവുമായിരിക്കാം. പക്ഷേ അതിനുള്ള കൃപ ദൈവം തരും. ദൈവത്തിനു മാത്രമേ അതു തരാന്‍ കഴിയൂ.
സുവിശേഷയാത്രക്കുവേണ്ടി ഏഴ് ഇലകളും നല്കിയ ആ കൊച്ചുവാഴയുടെ ത്യാഗം അന്ന് ആരും അറിഞ്ഞില്ല. ആ വാഴ ജീവിച്ചിരുന്ന കാലത്തൊന്നും ആരും അറിഞ്ഞില്ല. എന്നാല്‍ ഇന്ന് ഈ ലേഖനം വായിക്കപ്പെടുന്നിടത്തെല്ലാം ആ കൊച്ചു വാഴച്ചെടിയുടെ ത്യാഗവും പ്രകീര്‍ത്തിക്കപ്പെടുന്നു. ഇനിയും വിശ്വസിക്കൂ, ദൈവം നിങ്ങളുടെ ബലിജീവിതങ്ങള്‍ക്ക് പ്രതിഫലം നല്കുന്നവനാണ്. “ആകയാല്‍ മനോധൈര്യം അസ്തമിച്ച് നിങ്ങള്‍ തളര്‍ന്നു പോകാതിരിക്കുവാന്‍വേണ്ടി, അവന്‍ തന്നെ എതിര്‍ത്ത പാപികളില്‍നിന്നു എത്രമാത്രം സഹിച്ചുവെന്ന് ചിന്തിക്കുവിന്‍” (ഹെബ്രായര്‍ 12:3).
'എന്‍റെ ഭര്‍ത്താവ് മന്‍മദന്‍ നട്ടെല്ലിന് കാന്‍സര്‍ ബാധിച്ചു 2012 മുതല്‍ തീര്‍ത്തും കിടപ്പിലായി. കുഞ്ഞുങ്ങളെപ്പോലെ എടുത്തുകൊണ്ടുപോയാണ് അദ്ദേഹത്തിന്‍റെ പ്രാഥമികാവശ്യങ്ങളെല്ലാം ചെയ്തിരുന്നത്. ഞങ്ങളുടെ വീട് മൂന്നാറിലാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് ചികിത്സ നേടിക്കൊണ്ടിരുന്ന സമയത്ത് ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം തീര്‍ന്നു. തുടര്‍ന്ന് ചികിത്സക്കായി പോകാന്‍ ഒരു വഴിയുമില്ലായിരുന്നു. കീമോതെറാപ്പി ചെയ്തുകഴിഞ്ഞതാണ്. വീണ്ടും ടെസ്റ്റ് ചെയ്തിട്ട് കീമോ തെറാപ്പി ചെയ്യേണ്ടിവരുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.
2017-ല്‍ മുന്നോട്ടുപോകാന്‍ മറ്റൊരു വഴിയുമില്ലാതിരുന്ന അവസ്ഥയില്‍ അദ്ദേഹത്തെയുംകൊണ്ട് ഞാന്‍ ഏഴുമുട്ടത്തുള്ള താബോര്‍ ധ്യാനകേന്ദ്രത്തിലെത്തി. അനേകരില്‍നിന്നും കേട്ടറിഞ്ഞതനുസരിച്ചാണ് അവിടെയെത്തിയത്. ധ്യാനകേന്ദ്രത്തിന്‍റെ ഡയറക്ടറായ ഫാ. ജോര്‍ജി പള്ളിക്കുന്നേലിനെ കണ്ട് പ്രാര്‍ത്ഥന ചോദിച്ചു. അച്ചന്‍ ഭര്‍ത്താവിനായി പ്രാര്‍ത്ഥിച്ചിട്ട് 70 ദിവസത്തിനുള്ളില്‍ രോഗം സൗഖ്യമാകും എന്നു പറഞ്ഞു. എന്നാല്‍ അത് ഞങ്ങളെ ആശ്വസിപ്പിക്കാന്‍ വെറുതെ പറഞ്ഞതാണെന്നാണ് ഞാന്‍ കരുതിയത്. കൂടാതെ അവിടെനിന്നും വെഞ്ചിരിച്ച വെള്ളം തന്നിട്ട് അത് വെറുംവയറ്റില്‍ രാവിലെയും വൈകിട്ടും ഭര്‍ത്താവിന് കുടിക്കാന്‍ നല്കാനും രോഗമുള്ള ഭാഗത്ത് പുരട്ടാനും നിര്‍ദ്ദേശിച്ചു.
വീട്ടിലെത്തിയശേഷം എന്നും രാവിലെയും വൈകിട്ടും കുളിപ്പിച്ച് ശുചിയാക്കിയിട്ട് അദ്ദേഹത്തിന് ആ വെള്ളം കുടിക്കാന്‍ നല്കിയിരുന്നു. പുറത്തു പുരട്ടിയാല്‍ വെള്ളം പെട്ടെന്നു തീരും എന്നതിനാല്‍ അങ്ങനെ ചെയ്യാന്‍ കഴിഞ്ഞില്ല. അന്നുമുതല്‍ ഞാന്‍ ദിവസങ്ങള്‍ എണ്ണാന്‍ തുടങ്ങിയിരുന്നു. പത്തു ദിവസങ്ങള്‍ കടന്നുപോയി. അദ്ദേഹം കിടപ്പുതന്നെ. എന്നാല്‍ പതിനൊന്നാമത്തെ ദിവസം എനിക്ക് വിശ്വസിക്കാനാവാത്തത് സംഭവിച്ചു!
പുലര്‍ച്ചെ ഏതാണ്ട് നാലു മണി സമയമായിക്കാണും, അദ്ദേഹം ഞാന്‍ ഉറങ്ങിക്കിടന്ന മുറിയിലേക്ക് നടന്നു വന്നു! ചായ വേണമെന്നു പറഞ്ഞു. എന്നാല്‍ കാണുന്നത് സ്വപ്നമാണെന്നാണ് ഞാന്‍ കരുതിയത്. പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത ആള്‍ എങ്ങനെ നടന്നു വരാനാണ്? പക്ഷേ എഴുന്നേറ്റ് ലൈറ്റ് തെളിച്ചപ്പോള്‍ കണ്ടത് സ്വപ്നമല്ല എന്നു മനസ്സിലായി. യേശു എന്‍റെ ഭര്‍ത്താവിനെ സൗഖ്യപ്പെടുത്തിക്കഴിഞ്ഞിരുന്നു!
പതിവുപോലെ ആ മാസം ടെസ്റ്റ് ചെയ്ത് ചെക്കപ്പിന് ചെന്നപ്പോള്‍ റിസല്‍റ്റ് തെറ്റാണെന്ന് ഡോക്ടര്‍ പറഞ്ഞു. വീണ്ടും ചെല്ലുമ്പോള്‍ മികച്ച മറ്റൊരു ലാബില്‍നിന്ന് ടെസ്റ്റ് ചെയ്തിട്ട് ചെല്ലാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ആ ദിവസങ്ങളിലെല്ലാം തുടര്‍ന്നും അദ്ദേഹത്തിന് വെഞ്ചിരിച്ച വെള്ളം നല്കിക്കൊണ്ടിരുന്നു. തൊട്ടടുത്ത മാസം ഡോക്ടര്‍ പറഞ്ഞതുപോലെ ടെസ്റ്റ് നടത്തി റിസല്‍റ്റുമായി മെഡിക്കല്‍ കോളേജില്‍ ചെന്നു. എന്നാല്‍ അദ്ദേഹം റിസല്‍റ്റ് പരിശോധിച്ചിട്ട് വീണ്ടും അത് തെറ്റാണ് എന്നു പറഞ്ഞു.
അതു കേട്ടപ്പോള്‍ എനിക്കാകെ ഭയമായി. അതിനാല്‍ അവിടത്തെ പ്രൊഫസര്‍ ഡോക്ടറെ കാണാനായി പോയി. അദ്ദേഹം റിസല്‍റ്റ് പരിശോധിച്ചിട്ട് പറഞ്ഞു, കാന്‍സറിന്‍റെ ഒരണുപോലും കാണുന്നില്ലെന്ന്. അപ്പോഴാണ് ഭര്‍ത്താവിന് പൂര്‍ണ്ണസൗഖ്യം ലഭിച്ചു എന്ന് എനിക്ക് ബോധ്യമായത്. കീമോതെറാപ്പി ചെയ്യേണ്ട കാര്യമില്ല എന്നും ഡോക്ടര്‍ പറഞ്ഞു. പ്രോട്ടീന്‍ നിറഞ്ഞ ആഹാരം കഴിക്കണമെന്നു നിര്‍ദ്ദേശിച്ച് ഭര്‍ത്താവിനെ അവിടെനിന്ന് പറഞ്ഞയച്ചു.
ഡോക്ടര്‍മാര്‍ക്ക് വിശ്വസിക്കാന്‍ പോലുമാകാത്ത രോഗസൗഖ്യമാണ് യേശു എന്‍റെ ഭര്‍ത്താവിന് നല്കിയത്, അവിടുന്ന് ഇന്നും ജീവിക്കുന്നു!
'ദിവ്യബലി അര്‍പ്പണത്തിനിടയില്‍ സംഭവിച്ച ഒരു മാനസാന്തരം.
പരമപരിശുദ്ധനായ ദൈവപുത്രന്‍ വിശുദ്ധ കുര്‍ബാനയില്‍ സത്യമായും സന്നിഹിതനായിരിക്കുന്നു. അന്ത്യ അത്താഴസമയത്ത് അവിടുന്ന് അപ്പമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് ശിഷ്യന്മാര്‍ക്ക് കൊടുത്തുകൊണ്ട് അരുളിച്ചെയ്തത് ഇപ്രകാരമാണല്ലോ: “ഇത് നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്‍റെ ശരീരമാണ്” (ലൂക്കാ 22:19). തുടര്‍ന്ന് അവിടുന്ന് അരുളിച്ചെയ്തു: “എന്‍റെ ഓര്‍മയ്ക്കായി ഇത് ചെയ്യുവിന്‍.” അതിനാല്‍ അര്‍പ്പിക്കപ്പെടുന്ന ഓരോ ദിവ്യബലിയിലും ബഹുമാനപ്പെട്ട വൈദികന്‍ അപ്പമെടുത്ത് വാഴ്ത്തുമ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ യേശുവായി രൂപാന്തരപ്പെടുന്നു. വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും കണ്ണുകളിലൂടെയാണ് ഈ കാഴ്ച കാണുവാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ ഓരോ വിശ്വാസിക്കും യേശു സ്നേഹിച്ചിരുന്ന ശിഷ്യന്‍ ഉദ്ഘോഷിച്ചതുപോലെ ഇപ്രകാരം പറയുവാന്‍ സാധിക്കണം: ‘അത് കര്‍ത്താവാണ്.’
ഇക്കാര്യം മനസില്‍ വച്ചുകൊണ്ടാണ് അതീവ ജാഗ്രതയോടും ആദരവോടും യോഗ്യതയോടുംകൂടെ വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെന്ന് വിശുദ്ധ പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മിപ്പിക്കുന്നത്. അയോഗ്യമായ വിശുദ്ധ കുര്‍ബാന സ്വീകരണം ആത്മീയമായ മരണത്തിന് കാരണമാകുമെന്ന് അദ്ദേഹം താക്കീത് ചെയ്യുന്നുണ്ട്.
ഈ സന്ദേശം ഇപ്പോള്‍ ഓര്‍മയില്‍വരാന്‍ കാരണം ഒരു കാലികസംഭവം വായിച്ചതാണ്. റീത്ത ക്ലെയര്‍ ആണ് കഥാപാത്രം. പ്രശസ്തയായ അമേരിക്കന്‍ ഫുട്ബോള്‍ താരമായിരുന്നു റീത്ത. പരമ്പരാഗത കത്തോലിക്ക കുടുംബത്തില്‍ ജനിച്ചവളും കത്തോലിക്ക സ്കൂളില്‍ പരിശീലനം നേടിയവളുമായിരുന്നു റീത്ത. എങ്കിലും ആഴമായ വിശ്വാസം അവള്‍ക്കുണ്ടായിരുന്നില്ല. എല്ലാവരെയുംപോലെ ദിവ്യബലിയില്‍ സംബന്ധിക്കുകയും അശ്രദ്ധമായി വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്തിരുന്നു റീത്ത. ഒരു ദിനചര്യ എന്നോണം യാന്ത്രികമായി അവള്‍ അങ്ങനെ ചെയ്തുപോന്നു. അവളില്‍ വിശുദ്ധ പൗലോസിന്‍റെ മുന്നറിയിപ്പ് അന്വര്‍ത്ഥമാകുകയായിരുന്നു. ഒരു ആത്മീയ മരണത്തിലേക്ക് അവളുടെ ആത്മാവ് കൂപ്പുകുത്തി. കുത്തഴിഞ്ഞ ഒരു ജീവിതമാണ് അവള്‍ നയിച്ചിരുന്നത്. വാരാന്ത്യങ്ങളില്‍ യുവസുഹൃത്തുക്കള്‍ക്കൊപ്പം അവള്‍ രാത്രികാലങ്ങള്‍ ചെലവഴിച്ചിരുന്നു. എങ്കിലും ദിവ്യബലി അവള്‍ മുടക്കിയിരുന്നില്ല.
നഷ്ടപ്പെട്ട ആടിനെ എല്ലാക്കാലത്തും നേടുന്ന നല്ല ഇടയന്‍ ഒരിക്കല്‍ അവളെയും തേടിയെത്തി. 2007-ല്‍ ആണ് അത് സംഭവിച്ചത്. ഒരു ദിവ്യബലിമധ്യേ വൈദികന്‍ നല്‍കിയ വചനസന്ദേശം വിശുദ്ധ പൗലോസിന്‍റെ ലേഖനത്തെ ആ സ്പദമാക്കിയായിരുന്നു. അയോഗ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ യേശുവിനെ നിന്ദിക്കുകയാണ് എന്ന വൈദികന്‍റെ വാക്കുകള്‍ അവളുടെ ഹൃദയത്തെ കീറിമുറിച്ചു. ഇരുതല വാളിനെക്കാള്‍ മൂര്‍ച്ചയുള്ളതാണല്ലോ കര്‍ത്താവിന്‍റെ വചനം. ആഴമായ പാപബോധം അവള്‍ക്കുണ്ടായി. ഒരു നല്ല കുമ്പസാരം നടത്തണമെന്ന് ആരോ അവളുടെ മനസില്‍ മന്ത്രിക്കുന്നതായി അവള്‍ക്കനുഭവപ്പെട്ടു.
എല്ലാ പാപങ്ങളും ഓര്‍ത്തെടുത്ത് കണ്ണീരോടെ അവള്‍ പാപസങ്കീര്‍ത്തനം നടത്തി. “നിങ്ങളുടെ പാപങ്ങള്‍ കടും ചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും” (ഏശയ്യാ 1:18) എന്ന് അരുളിച്ചെയ്ത കര്‍ത്താവ് റീത്തയ്ക്കും ഒരു പുതുമയുള്ള വെണ്മവസ്ത്രം നല്‍കി.
ഒരു ആത്മീയ നവോത്ഥാനത്തിന്‍റെ പാതയിലായി റീത്ത. അവളുടെ ഇടവകവികാരി അവള്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശം നല്‍കി. പഴയ ജീവിതം എന്തെന്നില്ലാത്ത ഒരു മടുപ്പ് അവളിലുണ്ടാക്കിയിരുന്നു. പുതിയ എന്തിനോവേണ്ടി അവളുടെ മനസ് കേഴുവാന്‍ തുടങ്ങി. അവസാനം അവള്‍ അത് കണ്ടെത്തി. തന്‍റെ വിളി പാപപങ്കിലമായ ഈ ലോകത്തില്‍ ഒരു തുഷാരബിന്ദുപോലെ ശോഭിക്കുക എന്നതാണ്. വ്യത്യസ്തമായ ഒരു വഴിയാണ് റീത്ത തിരഞ്ഞെടുത്തത്. ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേര്‍ന്ന് ഒരു സന്യാസിനിയായി ശിഷ്ടജീവിതം യേശുവിനായി സമര്‍പ്പിക്കാന്‍ അവള്‍ തീരുമാനിച്ചു.
‘ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് പെനന്‍സ് ഓഫ് സോറോഫുള്‍ മദര്‍’ എന്ന സന്യാസ സഭയിലാണ് റീത്ത ചേര്‍ന്നത്. ദീര്‍ഘനാളത്തെ പരിശീലനത്തിനും പ്രാര്‍ത്ഥനയ്ക്കും കാത്തിരിപ്പിനും ഒടുവില്‍ ഇക്കഴിഞ്ഞ ജൂണ്‍ 30-ന് സിസ്റ്റര്‍ റീത്ത ക്ലെയര്‍ നിത്യവ്രതവാഗ്ദാ നം നടത്തി.
സിസ്റ്ററിന്‍റെ ജീവിതം നമുക്കെല്ലാവര്‍ക്കും ഒരു ചൂണ്ടുപലകയാണ്. നാം നടക്കേണ്ട അനുഗ്രഹത്തിന്‍റെ വഴി സിസ്റ്റര്‍ റീത്ത നമ്മെ കാണിച്ചുതരുന്നു. അനുദിനമുള്ള വിശുദ്ധ കുര്‍ബാന സ്വീകരണം സഭ അനുവദിക്കുമ്പോഴും അത് ഒരു യാന്ത്രിക പ്രവൃത്തിയാകാന്‍ പാടില്ല. ഏറ്റവും ചെറിയ പാപത്തെക്കുറിച്ചുപോലും പശ്ചാത്തപിച്ച് മനഃസ്താപ പ്രകരണം ഏറ്റുചൊല്ലി, അയോഗ്യത ഏറ്റുപറഞ്ഞ് അതീവ ശ്രദ്ധയോടും സ്നേഹത്തോടും കൂടെ വേണം ദൈവപുത്രനെ സ്വീകരിക്കാന്‍ അണയേണ്ടത്. അങ്ങനെ ചെയ്യുന്ന ഓരോ ദിവ്യകാരുണ്യ സ്വീകരണവും ഒരു ആത്മീയ ഉത്ഥാനത്തിന് നിദാനമാകുമെന്നതില്‍ സംശയമില്ല. അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.
കര്‍ത്താവായ യേശുവേ, അവിടുന്ന് സത്യമായും വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതനാണെന്ന് ഞാന്‍ വിശ്വസിക്കുകയും ഇപ്പോള്‍ എന്‍റെ അധരങ്ങള്‍ കൊണ്ട് ഏറ്റുപറയുകയും ചെയ്യുന്നു. അങ്ങയെ അയോഗ്യമായി സ്വീകരിച്ച നിമിഷങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുകയും പശ്ചാത്താപത്തോടെ മാപ്പു ചോദിക്കുകയും ചെയ്യുന്നു. ആഴമായ ദിവ്യകാരുണ്യഭക്തിയാല്‍ എന്‍റെ ഹൃദയത്തെ നിറയ്ക്കണമേ. അങ്ങുതന്നെ എന്‍റെ കരങ്ങള്‍ പിടിച്ച് എന്നെ മുമ്പോട്ട് നയിച്ചാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ദിവ്യകാരുണ്യനാഥന്‍റെ സ്നേഹത്തിന് യോഗ്യമായ ഒരു ജീവിതം നയിക്കാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ – ആമ്മേന്‍.
'ഫാത്തിമാ സുകൃതജപത്തിന്‍റെ ഉത്ഭവചരിത്രം
പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ ദര്‍ശനങ്ങള്‍ സ്വീകരിച്ചത് ഫ്രാന്‍സിസ്കോ, ജസീന്ത, ലൂസിയ എന്നീ മൂന്ന് കുട്ടികളായിരുന്നു. 1917 മെയ് മുതല്‍ ഒക്ടോബര്‍ വരെ എല്ലാ 13-ാം തിയതികളിലുമായിരുന്നു മാതാവ് അവര്‍ക്ക് പ്രത്യക്ഷപ്പെട്ടിരുന്നത്. ജൂലൈ 13-ലെ ദര്‍ശനത്തില്‍ നേരത്തേയുണ്ടായ രണ്ടു ദര്‍ശനങ്ങളിലെതുപോലെതന്നെ മാതാവ് ഇരുകൈകളും തുറന്നു പിടിച്ചു. അപ്പോള്‍ അവയില്‍ നിന്നു പുറപ്പെട്ട പ്രകാശകിരണങ്ങള്‍ ഭൂമി തുളച്ചുകയറുന്നതായി ജസീന്തയും ലൂസിയയും കണ്ടു. ഒപ്പം ഒരു തീക്കടലും.
ആ തീയില്‍ പിശാചുക്കളും മനുഷ്യരൂപങ്ങളും ഉണ്ടായിരുന്നു. ആ മനുഷ്യരൂപങ്ങള്‍ സുതാര്യമായി കത്തിജ്വലിക്കുന്ന വിറകുപോലെയാണ് കാണപ്പെട്ടത്. കറുത്തിരുണ്ട് ചെമ്പുപോലെ ജ്വലിക്കുന്നതായും തോന്നി. ഇടയ്ക്കിടയ്ക്ക് അഗ്നിജ്വാലകള്‍ അവരെ മുകളിലേക്കുയര്‍ത്തിക്കൊണ്ടിരുന്നു. ചിലപ്പോള്‍ അവരില്‍നിന്നുതന്നെയുള്ള അഗ്നിയാല്‍ത്തന്നെ അവര്‍ എറിയപ്പെട്ടിരുന്നു. ഒരു തീത്തടാകത്തില്‍ ഒഴുകുന്നതുപോലെ അവര്‍ ദൃശ്യരായി. പുകയും തീപ്പൊരികളും നിറഞ്ഞ അന്തീക്ഷത്തില്‍ അവര്‍ അലറിക്കരയുന്നതായും നിരാശയോടെ നിലവിളിക്കുന്നതായും വേദനയോടെ ഞരങ്ങുന്നതായും കുട്ടികള്‍ കേട്ടു. ഭയം കൊണ്ടു മരവിച്ചുപോയ അവര്‍ ആ സമയത്ത് ഉറക്കെ നിലവിളിച്ചുപോയി.
ഭീകരരൂപികളെപ്പോലെയാണ് അവിടെ പിശാചുക്കള്‍ കാണപ്പെട്ടത്. കല്‍ക്കരിപോലെയായിരുന്നുവെങ്കിലും അവയുടെ രൂപം സുതാര്യമായിരുന്നു. അവ കത്തിക്കൊണ്ടിരിക്കുന്നതുപോലെയാണ് കാണപ്പെട്ടത്. അവയെക്കൂടി ശ്രദ്ധിച്ചതോടെ ഭയചകിതരായ കുട്ടികള്‍ പരിശുദ്ധ അമ്മയ്ക്കുനേരെ തിരിഞ്ഞു. പാപികള്‍ എത്തിച്ചേരുന്ന സ്ഥലം കണ്ടല്ലോ എന്ന് അവരോട് ആരായുകയാണ് അമ്മ ചെയ്തത്. പാപികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കാന്‍ അമ്മ അവരെ ഓര്‍മ്മിപ്പിച്ചു. ഇപ്രകാരം വിലപ്പെട്ട സന്ദേശങ്ങള്‍ നല്‍കിയ മാതാവിനോട് ജസീന്തയും ലൂസിയയും ഫ്രാന്‍സിസ്കോയോട് എന്താണ് പറയേണ്ടതെന്ന് ചോദിച്ചു.
അവരുടെ ആ ചോദ്യത്തിന് ഉത്തരമായിട്ടാണ് പരിശുദ്ധ മാതാവ് ഫാത്തിമാസുകൃതജപം എന്ന് പരക്കെ അറിയപ്പെടുന്ന ഈ പ്രാര്‍ത്ഥന നല്‍കിയത്. ജപമാല ചൊല്ലുമ്പോള്‍ ഓരോ രഹസ്യത്തിനും ശേഷം ഈ പ്രാര്‍ത്ഥന ചൊല്ലാന്‍ മാതാവ് അതിലൂടെ ആവശ്യപ്പെട്ടു.
ഓ എന്‍റെ ഈശോയേ, എന്‍റെ പാപങ്ങള്‍ പൊറുക്കണമേ. നരകാഗ്നിയില്‍നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും, പ്രത്യേകിച്ച് അങ്ങേ കരുണ ഏറ്റവും കൂടുതല്‍ ആവശ്യമുള്ളവരെയും, സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കേണമേ.
'“ഞങ്ങളുടെ നേരെ നോക്കുക” (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 3:4)
മുടന്തനായ ഒരു യാചകനിലൂടെ അന്ധമാക്കപ്പെട്ട ചില ആത്മീയ കാഴ്ചകളിലേക്ക് നമ്മെ കൊണ്ടുപോവുകയാണ് ഈ വചനം. സുന്ദരകവാടത്തില്‍ ഭിക്ഷയാചിക്കുന്ന മുടന്തനായ യാചകനോട് പത്രോസ് പറയുന്നു “ഞങ്ങളുടെ നേരെ നോക്കുക.” ഒരു നോട്ടത്തില്‍ എന്തിരിക്കുന്നു എന്ന് നമ്മള്‍ ഒരുപക്ഷേ ചിന്തിക്കും. എന്നാല്‍ ഒരു നോട്ടത്തിലാണ് എല്ലാം ആരംഭിക്കുന്നതെന്ന് പത്രോസിനറിയാം. കാരണം യേശുവിനെ തള്ളിപ്പറഞ്ഞതിനുശേഷം കോഴി കൂവിയ ആ രാത്രിയില്‍ അവന്‍ അത് വേദനയോടെ അനുഭവിച്ചറിഞ്ഞതാണ്. കണ്ണിലേക്ക് നോക്കി ഭിക്ഷ ചോദിച്ചാല്‍ ഒരുപക്ഷേ പാത്രത്തില്‍ വീഴുക നാണയത്തുട്ടുകള്‍ മാത്രമാകില്ല. മറിച്ച് പുതിയൊരു പിറവിയുടെ ആരംഭം കൂടിയായിരിക്കും.
പലരെയും യാന്ത്രികമായി നോക്കി ഭിക്ഷ യാചിക്കുന്ന ആ മുടന്തന്‍റെ സന്തോഷം പാത്രത്തില്‍ വീഴുന്ന നാണയത്തിന്‍റെ കിലുക്കം മാത്രമായിരുന്നു. ഒരിക്കലും അവന്‍റെ ജീവിതത്തിലൂടെ കയറിയിറങ്ങി പോകുന്ന വ്യക്തികളിലെ ‘സാധ്യത’കളെ അവന്‍ തിരിച്ചറിഞ്ഞിരുന്നില്ല. കടന്നുപോയ മുഖങ്ങളില്‍ ഒരുപക്ഷേ ക്രിസ്തുവും ഉണ്ടായിരുന്നോ? അവനും ഇട്ടുകാണുമോ ചെറിയൊരു നാണയം? ഒരുപക്ഷേ ജീവിതത്തില്‍ നാണയ കിലുക്കങ്ങളെക്കാള്‍ സമ്പന്നമാക്കുന്ന ഒരുപാട് ഭിക്ഷകള്‍ നാം സ്വീകരിക്കേണ്ടിയിരിക്കുന്നു നാം അപരനില്‍നിന്ന്. അതിന് സൂക്ഷ്മവും പ്രാര്‍ത്ഥനാപൂര്‍വവുമായ നോട്ടം അപരനിലേക്ക് നയിക്കേണ്ടത് ആവശ്യമാണ്.
കുടുംബബന്ധങ്ങളിലും സമൂഹബന്ധങ്ങളിലും നാം ഓരോ ദിനവും എത്രയോ പേരെ നോക്കുന്നു. “ചിലര്‍ക്ക് ഭിക്ഷ നല്‍കുന്നു, ചിലരില്‍നിന്ന് നാം സ്വീകരിക്കുന്നു. എന്നാല്‍ ഓരോ നോട്ടത്തിലൂടെയും അവര്‍ക്ക് എന്നെ എന്താക്കിത്തീര്‍ക്കാന്‍ സാധിക്കുമെന്നും അവരെ എനിക്ക് എന്താക്കിത്തീര്‍ക്കാന്‍ സാധിക്കുമെന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല. ഒരുപക്ഷേ നമ്മുടെ ഓരോ നോട്ടങ്ങളിലും ഒരു ശില്പിയുടെ നിയോഗം… അല്ലെങ്കില്‍ ഒരു ഉണര്‍ത്തുപാട്ടിന്‍റെ നിയോഗം കുടികൊള്ളുന്നുണ്ടാകാം. ഈശോ നോക്കിയ ഓരോ വ്യക്തിയിലും മാറ്റങ്ങള്‍ നടന്നിരുന്നു. അവന്‍റെ വേദനയിലേക്കും ഒറ്റപ്പെടലിലേക്കും അവന്‍റെ വിളികളിലേക്കും….. എന്തിന് പറയുന്നു, അത്താഴമേശയില്‍ വഞ്ചനയുടെ ചുംബനം കാത്തുസൂക്ഷിച്ചവന്‍റെ നേരെയും അവന്‍റെ നോട്ടം കടന്നുവന്നിരുന്നു, ഒരു ഓര്‍മപ്പെടുത്തല്‍പോലെ.
ഈ തിരക്കുള്ള ജീവിതത്തില്‍ ആത്മീയമായ പുതിയ ഉള്‍ക്കാഴ്ചയുമായി കാഴ്ചകളെ മാറ്റേണ്ട സമയം സമാഗതമായിരിക്കുന്നു. ജീവിതപങ്കാളിയെ, സഹോദരങ്ങളെ, മക്കളെ, സമൂഹത്തിലെ ഓരോ വ്യക്തിയെയും തിരിച്ചറിയുന്ന, വിശുദ്ധീകരിക്കുന്ന, മുറിവുണക്കുന്ന ഒരു ‘നോട്ടം’ നിന്നില്‍ ഉണ്ടാവട്ടെ. എത്രയോ ദിവസം ദൈവാലയത്തിലെ അള്‍ത്താരയിലേക്ക് നോക്കി മുടന്തനായ യാചകനെപ്പോലെ ഉണങ്ങാത്ത കണ്ണീരുമായി നിന്‍റെ ഭിക്ഷാപാത്രം നീട്ടിയിരിക്കുന്നു. മദ്ബഹയിലെ കാഴ്ചകള്‍ക്കും അലങ്കാരക്കൂട്ടുകള്‍ക്കുമപ്പുറം ‘ക്രൂശിതന്‍റെ കണ്ണിലേക്ക്’ എപ്പോഴെങ്കിലും നോക്കിയിട്ടുണ്ടോ? അല്‍പനേരം ധ്യാനിച്ചിട്ടുണ്ടോ? എങ്കില്‍ നിന്‍റെ ഭിക്ഷാപാത്രം നീ വലിച്ചെറിയും. കാരണം നിനക്ക് തിരിച്ചറിയാന്‍ സാധിക്കും… ‘എന്‍റെ ഭിക്ഷാപാത്രം നിറയ്ക്കാനുള്ളതല്ല ഈ ക്രൂശിതന്‍റെ കൈയിലുള്ളത്’ (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 3:6). എനിക്ക്, സര്‍വോപരി എന്‍റെ ആത്മാവിന് ആവശ്യമായ എല്ലാം ഇവന്‍റെ കൈയില്‍ ഉണ്ട്. തിരിച്ചറിയപ്പെടേണ്ടത് സ്വയമാണ്, സ്വന്തം മുറിവുകളെയാണ്. സ്വന്തം ആത്മീയതയിലെ മുടന്തുകളെയാണ്. കാരണം ജീവിതത്തിലേക്ക് കടന്നുവരുന്ന ഓരോ വ്യക്തിയിലും ദൈവം നിന്‍റെ മുറിവുണക്കാനുള്ള ഔഷധം കാത്തുവച്ചിട്ടുണ്ട്. ഈ തിരക്കുള്ള ജീവിതത്തില്‍ കാഴ്ചകളെ ഉള്‍ക്കാഴ്ചകളാക്കി മാറ്റേണ്ട സമയം ആഗതമായിരിക്കുന്നു.
'