• Latest articles
ജനു 27, 2025
Encounter ജനു 27, 2025

തന്നെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങാനെത്തിയ രാജാവിനോട് ഗുരു ചോദിച്ചു, ”അടിമയും പരാജിതനുമായ ഒരു രാജാവിന് എന്ത് അനുഗ്രഹമാണ് ഞാന്‍ നല്‌കേണ്ടത്?’
കോപം വന്നെങ്കിലും ആദരഭാവം കൈവിടാതെ രാജാവ് അന്വേഷിച്ചു, ”യുദ്ധങ്ങളില്‍ ഒരിക്കല്‍പ്പോലും പരാജയമറിഞ്ഞിട്ടില്ലാത്ത ഞാനെങ്ങനെ അടിമയും പരാജിതനുമാകും?”

ഗുരു വിശദീകരിച്ചു, ”സ്വാദുള്ള ഭക്ഷണം എപ്പോഴും കഴിച്ച് അങ്ങ് നാവിന്‍റെ അടിമയായി. നിരന്തരം സ്തുതിപാഠകരെ ശ്രദ്ധിച്ച് കാതിന്‍റെ അടിമയുമായിത്തീര്‍ന്നു. അതും പോരാതെ കണ്ണുകള്‍ക്ക് ഇമ്പമാണെന്നുകണ്ടാല്‍ അരുതാത്ത കാഴ്ചകള്‍പോലും കാണാന്‍ മടിയില്ലാത്തതിനാല്‍ കണ്ണും അങ്ങയെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. സുഗന്ധദ്രവ്യങ്ങള്‍ നിരന്തരം ഉപയോഗിച്ച് മൂക്കും അങ്ങയെ ഭരിക്കാന്‍ തുടങ്ങി. വിലയേറിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിയാതിരിക്കാന്‍ അങ്ങേക്കാവില്ല. അതിനാല്‍ ശരീരത്തിനുമേല്‍ വിജയം വരിക്കാനും അങ്ങേക്ക് സാധിച്ചിട്ടില്ല. യുദ്ധങ്ങളില്‍ പരാജയമറിഞ്ഞിട്ടില്ലെന്ന് പറയുന്ന അങ്ങ് മനസിനെ ഇതുവരെ ജയിച്ചിട്ടില്ല. പിന്നെങ്ങനെ ഞാന്‍ അങ്ങയെ വിജയിയെന്ന് വിളിക്കും?”
”ഏതിനാല്‍ ഒരുവന്‍ തോല്പിക്കപ്പെടുന്നുവോ അതിന്‍റെ അടിമയാണവന്‍” (2 പത്രോസ് 2/19)

'

By: Shalom Tidings

More
ജനു 23, 2025
Encounter ജനു 23, 2025

ഒരു യുവാവും യുവതിയും പ്രണയത്തിലാണെന്ന് കരുതുക. അവര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എങ്കില്‍, ഈ കമിതാക്കള്‍ വിവാഹത്തിനുമുമ്പുതന്നെ പരസ്പരസമ്മതത്തോടെ ശരീരംകൊണ്ട് ഒന്നുചേരുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? ഈ തലമുറയില്‍ വളരെ പ്രസക്തമായ ഒരു ചോദ്യം. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിക്കേണ്ടതുണ്ട്.

മറവില്ലാത്ത സ്‌നേഹമോ?

നമുക്കാദ്യം യു.എസില്‍നിന്നുള്ള മിഷേലിനെ പരിചയപ്പെടാം. വിവാഹത്തിന് മുന്നേ ഡേറ്റിംഗ് ആപ്പിലൂടെ അവള്‍ പല ആളുകളെ പരിചയപ്പെട്ടു. അവസാനം ഒരാളെ ഇഷ്ടമായി, ദൈവം തനിക്ക് വേണ്ടി നല്കിയ വ്യക്തിയാണെന്ന് വിശ്വസിച്ചു. രണ്ട് മാസം പോയതറിഞ്ഞില്ല. അവര്‍ ഏറെയങ്ങ് അടുത്തു. പതിയെ അവര്‍ ശരീരം കൈമാറാനും തുടങ്ങി. ‘പരസ്പരം സ്‌നേഹിക്കുന്ന രണ്ട് ഇണപ്രാവുകള്‍ ഒന്നും മറയ്ക്കാതെ സ്‌നേഹിക്കുന്നു,’ തന്‍റെ ന്യായീകരണത്തില്‍ പിശകൊന്നുമില്ലെന്ന് അവള്‍ വിശ്വസിച്ചു. ഒരു മാസം കൂടി പിന്നിട്ട ശേഷമാണ് മിഷേല്‍ ചില ഇരുണ്ട സത്യങ്ങള്‍ മനസിലാക്കിയത്. താന്‍ ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തി ചില ദുശീലങ്ങള്‍ക്ക് അടിമയാണ്! ഇത്രയും നാള്‍ അവളില്‍നിന്നും അക്കാര്യം മറച്ചു വയ്ക്കാന്‍ പയ്യന് കഴിഞ്ഞു. ആദ്യം, സാരമില്ല… സ്‌നേഹത്തെപ്രതി അവ സഹിക്കാമെന്ന് അവള്‍ കരുതി. എന്നാല്‍, പതിയെപ്പതിയെ കുറച്ചധികം അപകടസൂചനകള്‍കൂടി മിഷേലിന് കിട്ടി, അവനുമായി ചേര്‍ന്ന് പോകാന്‍ പറ്റില്ലെന്ന് മനസിലാക്കി തരുന്നവ. പയ്യന്‍റെ മുഖത്ത് നോക്കി ‘നോ’ പറയണമെന്നും ഈ ബന്ധം നിര്‍ത്തണമെന്നും ആഗ്രഹമുണ്ട്. എന്നാല്‍ എന്തോ ഒരു തടസം…

ഒരുപക്ഷേ നിങ്ങള്‍ക്കറിയാമായിരിക്കും ലൈംഗിക ബന്ധവേളയില്‍ സാധാരണ ഉണ്ടാവുന്ന ജൈവികരാസപ്രവര്‍ത്തനങ്ങളെക്കുറിച്ച്. അതങ്ങനെയാണ്, ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരം ചില ഹോര്‍മോണുകള്‍ പുറപ്പെടുവിക്കും, ബന്ധപ്പെടുന്ന വ്യക്തിയുടെ സാമീപ്യവും സംസാരവും ഗന്ധവുമെല്ലാം ഇഷ്ടപ്പെടാന്‍ പാകത്തിനുള്ളവ. പരസ്പരം അടുപ്പം ഉണ്ടാകാനും വിവാഹജീവിതം ഫലപ്രദമായി കൊണ്ടുപോകാനും പ്രകൃതിയില്‍ത്തന്നെ ദൈവം സൃഷ്ടിച്ച സംവിധാനമാണ് അത്. എന്നാല്‍, വിവാഹത്തിന് മുമ്പേ ശാരീരികബന്ധം പുലര്‍ത്താന്‍ തുടങ്ങിയാല്‍ അതൊരു ബന്ധനമായി മാറും, മിഷേലിന്‍റെ ജീവിതത്തില്‍ സംഭവിച്ചത് പോലെ. ഒടുവില്‍ ക്യാംപസ് ധ്യാനവും കൗണ്‍സിലിംഗുമെല്ലാമാണ് മിഷേലിനെ വിടുതലിലേക്ക് നയിച്ചത്.
ആ ബന്ധത്തിന്‍റെ ബന്ധനത്തില്‍നിന്നും മുക്തയായതോടെ അവള്‍ ഒരു തീരുമാനമെടുത്തു- വിവാഹശേഷം തന്‍റെ ജീവിതപങ്കാളിക്ക് മാത്രമേ തന്നെത്തന്നെ ഒരു സമ്മാനമായി നല്‍കുകയുള്ളൂ എന്ന്. ഇന്ന് മിഷേല്‍ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. സകുടുംബം അവള്‍ സന്തോഷത്തോടെ കഴിയുന്നു.

വിവാഹത്തിന് മുമ്പേയുള്ള ശാരീരിക ബന്ധം ബന്ധനമായി മാറുമെന്ന് മിഷേലിന്‍റെ ജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഇവിടെ വിവാഹം കഴിക്കണമെന്ന് മിഷേലിന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഉറപ്പില്ലായിരുന്നു. അത്തരം സാഹചര്യങ്ങളില്‍ ശാരീരികബന്ധത്തില്‍ ഏര്‍പെട്ടാല്‍ നാളെ വേറൊരാളുടെ ജീവിതപങ്കാളിയാവാന്‍ പോകുന്ന വ്യക്തിയുമായാണ് ആ വ്യക്തി ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. അതാകട്ടെ വേശ്യാവൃത്തിക്ക് തുല്യവുമാണ്.

വിവാഹനിശ്ചയം കഴിഞ്ഞാല്‍…

വേറൊരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാം. വിവാഹം കഴിക്കുമെന്ന് 100 ശതമാനം ഉറപ്പുള്ള സാഹചര്യം, വിവാഹനിശ്ചയവും കഴിഞ്ഞു. ഈ സാഹചര്യത്തില്‍ താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റുണ്ടോ? അതിരുകടന്ന ‘സേവ് ദ ഡേറ്റ്’ ഷൂട്ടിംഗുകളും ഈ ചോദ്യവുമായി ബന്ധപ്പെട്ട് പരിഗണിക്കേണ്ടതാണ്.
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, വിവാഹം മനുഷ്യന്‍ കണ്ടുപിടിച്ച ഒരു സാമൂഹ്യവ്യവസ്ഥയല്ല, അത് യഥാര്‍ത്ഥത്തില്‍ ദൈവത്താല്‍ സ്ഥാപിതമാണ്. വിവാഹമെന്ന വിശുദ്ധ കൂദാശയിലൂടെ ദമ്പതിമാര്‍ തമ്മില്‍ സ്ഥാപിക്കുന്ന സ്‌നേഹത്തിന്‍റെ ഉടമ്പടിയാണ്, ദമ്പതിമാരുടെ ശാരീരിക ബന്ധത്തിന്‍റെ അടിസ്ഥാനം. വിവാഹത്തെ പുരുഷ-സ്ത്രീ ശാരീരികബന്ധത്തില്‍നിന്നും വേര്‍പെടുത്താനാവില്ലെന്ന് സാരം.

ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ച്, വിവാഹാശീര്‍വ്വാദം നല്‍കി അവരെ പറഞ്ഞയക്കുന്നത് ഒരു ശരീരമായിത്തീരാനും (ഉല്പത്തി 2/24) സന്താനപുഷ്ടിയുള്ളവരായി പെരുകി, ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കാനുമാണ് (ഉല്പത്തി 1/28). വിശുദ്ധ പൗലോസ് ശ്ലീഹാ എഫേസോസ് 5/31,32 വചനങ്ങളില്‍ ഇക്കാര്യം വെളിപ്പെടുത്തുന്നു. ”പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേരും. അവര്‍ രണ്ടുപേരും ഒന്നാവുകയും ചെയ്യും. ഇത് ഒരു വലിയ രഹസ്യമാണ്. സഭയോടും ക്രിസ്തുവിനോടും ബന്ധപ്പെടുത്തിയാണ് ഞാന്‍ ഇത് പറയുന്നത്.”

മാമ്മോദീസാ സ്വീകരിക്കാതെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതുപോലെയും പൗരോഹിത്യാഭിഷേകമില്ലാത്തവര്‍ ദിവ്യബലി അര്‍പ്പിക്കുന്നതുപോലെയുമാണ് വിവാഹമെന്ന കൂദാശ സ്വീകരിക്കാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ജീവിതപങ്കാളിയോടുള്ള സ്‌നേഹം ഏറ്റുപറഞ്ഞ വിവാഹ ഉടമ്പടി മാംസം ധരിക്കേണ്ട വേളയാണ് ദാമ്പത്യബന്ധം. വിവാഹ ബന്ധമില്ലാതെയോ വിവാഹ ബന്ധത്തിന് പുറേത്താ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്, ലൈംഗിക ബന്ധത്തിന്‍റെ പ്രകൃതിക്കും യുക്തിക്കും എതിരാണ്. അതൊരു ‘വ്യാജപ്രവൃത്തി’യാണ്, ഒരു ‘നുണ!’ പച്ചയായി പറഞ്ഞാല്‍ വ്യഭിചാരമെന്ന പാപമാണ്, കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

'

By: Shalom Tidings

More
ജനു 22, 2025
Encounter ജനു 22, 2025

യൗവനത്തില്‍ത്തന്നെ സുഹൃത്തുക്കളുടെ പ്രേരണമൂലം എന്നില്‍ കടന്നുകൂടിയതാണ് പുകവലിശീലം. കുറഞ്ഞ കാലംകൊണ്ട് ഞാന്‍ അതിന് വല്ലാതെ അടിമയായിപ്പോയി. ഇടയ്ക്ക് പലപ്പോഴും നിര്‍ത്തുവാന്‍ പരിശ്രമിച്ചു. പക്ഷേ രണ്ടോ മൂന്നോ ദിവസം പുകവലിക്കാതെ കഴിച്ചുകൂട്ടിയാലും ആരെങ്കിലും വലിക്കുന്നത് കാണുമ്പോള്‍ അവരോട് വാങ്ങി വലിച്ച് വീണ്ടും പുകവലിശീലത്തിലേക്ക് മടങ്ങിപ്പോകുമായിരുന്നു.
വിവാഹിതനായപ്പോള്‍ ഭാര്യ അതൃപ്തി പ്രകടിപ്പിച്ചതിനാല്‍ വീണ്ടും പരിശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. ഒരു മകനും ഉണ്ടായി. കുട്ടിക്ക് ചില അസുഖങ്ങള്‍. ചികിത്സകള്‍ നടത്തിയിട്ടും പൂര്‍ണഫലം കണ്ടില്ല. പിന്നീട് മാഹിയിലെ വിശുദ്ധ അമ്മത്രേസ്യായെ വിളിച്ച് പ്രാര്‍ത്ഥിച്ച് ഭക്തിപ്രചരണാര്‍ത്ഥം 21 ഭവനങ്ങളില്‍ ഭിക്ഷയെടുത്ത് നേര്‍ച്ചയുമായി മാഹിപ്പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ച് നി യോഗം സമര്‍പ്പിച്ചു.

പിറ്റേദിവസം രാവിലെ മാത്രമേ സ്വദേശമായ വയനാട്ടിലേക്ക് തിരിച്ചുപോരാന്‍ കഴിയുമായിരുന്നുള്ളൂ. അതിനാല്‍ കടല്‍ത്തീരത്ത് പോയി. അപ്പോഴും കീശയില്‍ പുകവലിക്കുള്ള സാമഗ്രികളൊക്കെയുണ്ടായിരുന്നു. പക്ഷേ പള്ളിയില്‍നിന്നും ഇറങ്ങിയതുമുതല്‍ ഞാന്‍ ആ കാര്യം മറന്നുപോയി. പിറ്റേദിവസം പുലര്‍ച്ചയ്ക്കുള്ള ബസിനുവേണ്ടി തലശേരി ബസ്സ്റ്റാന്റില്‍ കാത്തിരുന്നു. പിന്നെ വീട്ടില്‍ എത്തിയപ്പോഴാണ് പുക വലിക്കാമെന്ന് തോന്നിയത്. പക്ഷേ വായില്‍ വല്ലാത്ത അരുചി കാരണം ഒരെണ്ണംപോലും വലിക്കാന്‍ പറ്റിയില്ല. അന്നുമുതല്‍ നാല്‍പത്തിരണ്ടു വര്‍ഷമായി പുകവലി എന്ന ദുഃശീലത്തില്‍നിന്നും മോചിതനായി ഞാന്‍ ജീവിക്കുന്നു.
ഞാന്‍ എന്‍റെ പുകവലി മാറാന്‍ മാഹി അമ്മയുടെ അടുത്ത് പ്രാര്‍ത്ഥിച്ചിട്ടൊന്നുമില്ല. അതിനുള്ള വിശ്വാസവും ഇല്ലായിരുന്നു. എന്നാല്‍, മാഹിപ്പള്ളിയിലെ വിശുദ്ധ അമ്മത്രേസ്യായുടെ പ്രാര്‍ത്ഥനയാണ് എനിക്ക് പുകവലിശീലത്തില്‍നിന്നും പൂര്‍ണമായ വിടുതല്‍ തന്നതെന്ന് ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു. മറ്റൊരിക്കല്‍ അവിടെ പോയി നന്ദി പറഞ്ഞു പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ഒരു ചൊല്ലു കേട്ടിട്ടുണ്ട്, ‘ആയിരം നല്ല ശീലങ്ങള്‍ പുലര്‍ത്തിക്കൊണ്ടുപോകുവാന്‍ നമുക്ക് കഴിയും. പക്ഷേ ഒരു ദുഃശീലം മാറ്റുവാന്‍ നമുക്ക് കഴിയില്ല.’ ഓരോ ദുഃശീലങ്ങള്‍ക്ക് നാം അടിമകളാകുമ്പോഴും ഓരോ പൈശാചിക ബന്ധനങ്ങള്‍ക്ക് നാം അടിമകളാവുകയാണ്. അതില്‍നിന്നും മോചനം പ്രാപിക്കണമെങ്കിലും നിലനില്‍ക്കണമെങ്കിലും ദൈവകൃപ ഉണ്ടായേ പറ്റൂ. നവീകരണത്തിന്‍റെ ആദ്യപടിതന്നെ നമ്മുടെ ശരീരങ്ങള്‍ ദൈവത്തിന്‍റെ ആലയമാണെന്നും ശരീരത്തെ ദുഃശീലങ്ങള്‍മൂലവും മറ്റു ദുഷ്പ്രവൃത്തികള്‍മൂലവും മലിനമാക്കാന്‍ പാടില്ല എന്ന ബോധ്യമാണ്. ”നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ?” (1 കോറിന്തോസ് 6/19).
കര്‍ത്താവേ, ഞങ്ങളുടെ ശരീരം ദൈവാത്മാവ് വസിക്കുന്ന ആലയമാണെന്ന ബോധ്യത്തോടെ വിശുദ്ധിയില്‍ പരിപാലിക്കുവാനും മറ്റുള്ളവരെ ആ കണ്ണുകള്‍കൊണ്ട് കാണുവാനും ഞങ്ങളെ സഹായിക്കണമേ.

'

By: ജോസ് ഫിലിപ്

More
ജനു 22, 2025
Encounter ജനു 22, 2025

കര്‍ത്താവായ യേശുവേ, അങ്ങ് ഞങ്ങള്‍ക്കുവേണ്ടി കുരിശില്‍ ചിന്തിയ തിരുരക്തത്തിന്‍റെ യോഗ്യതയാലും കുരിശിലെ വിജയത്താലും അങ്ങയോട് ഐക്യപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന എന്നെയും എന്‍റെ കുടുംബത്തെയും ബന്ധുമിത്രാദികളെയും ഭവനങ്ങളെയും ഞങ്ങളുടെ പ്രവര്‍ത്തന മണ്ഡലങ്ങളെയും എനിക്കുള്ള സകലതിനെയും ദുഷ്ടാരൂപിയുടെ പീഡനങ്ങളില്‍നിന്നും ദുഷ്ടമനുഷ്യരുടെ കെണികളില്‍നിന്നും കാത്തുരക്ഷിച്ചുകൊള്ളണമേ. ഞങ്ങളെ ഉപദ്രവിക്കുന്ന ദുഷ്ടപിശാചുക്കളെയും അവയുടെ നീചമായ എല്ലാ പ്രവര്‍ത്തനങ്ങളെയും ഞങ്ങളുടെ നാഥനും രക്ഷകനും കര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ നാമത്തില്‍ ബന്ധിച്ചു നിര്‍വീര്യമാക്കി യേശുവിന്‍റെ കുരിശിന്‍റെ ചുവട്ടിലേക്ക് പറഞ്ഞയക്കുന്നു. അവിടെ നിത്യകാലത്തേക്ക് ബന്ധിതമാകട്ടെ ആമ്മേന്‍.

 

'

By: Shalom Tidings

More
ജനു 20, 2025
Encounter ജനു 20, 2025

ജീവിതയാത്രയില്‍ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ നാം ദൈവത്തോടു ചോദിച്ചുപോയിട്ടുള്ള ഒരു ചോദ്യമാണിത്. ‘എന്‍റെ പൊന്നുദൈവമേ, എന്തുകൊണ്ടാണ് എന്‍റെ ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?’ എന്‍റെ ചെറുപ്രായത്തില്‍ ഒരിക്കല്‍ ഒരു വല്യമ്മച്ചി ഇപ്രകാരം വിലപിക്കുന്നത് ഞാന്‍ കേള്‍ക്കാനിടയായി. ‘എന്‍റെ ഒടേതമ്പുരാനേ, എന്‍റെ ശത്രുക്കാരുടെ (ശത്രുക്കളുടെ) ജീവിതത്തില്‍പോലും എനിക്കു വന്നതുപോലൊരു ദുര്‍വിധി ഉണ്ടാകാതിരിക്കട്ടെ. ഞാന്‍ എന്തു തെറ്റു ചെയ്തിട്ടാണ് ഒടേതമ്പുരാന്‍ കര്‍ത്താവ് എന്നെയിട്ടിങ്ങനെ കണ്ണുനീരു കുടിപ്പിക്കുന്നത്. ഓര്‍മവച്ച കാലംമുതല്‍ ദൈവപ്രമാണങ്ങളെല്ലാം കാത്തുപാലിച്ച് ദൈവത്തോട് ചേര്‍ന്നു ജീവിച്ചവളാണ് ഞാന്‍. എന്നിട്ടും…. എന്നിട്ടുമെന്‍റെയപ്പാ എന്തുകൊണ്ടാണ് എന്‍റെ ജീവിതത്തില്‍ ഇങ്ങനെയൊക്കെ?’
മനുഷ്യന്‍റെ പാപംമൂലം രോഗവും അനര്‍ത്ഥങ്ങളും മറ്റു ദുരിതങ്ങളും അവന്‍റെ ജീവിതത്തില്‍ ഉണ്ടാകാം എന്നത് ഒരു തുറന്ന സത്യമാണ്. എന്നാ ല്‍ മനുഷ്യന്‍ അനുഭവിക്കേണ്ടിവരുന്ന എല്ലാവിധ ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും പിന്നില്‍ അവന്‍റെതന്നെ പാപമല്ല കാരണമായിട്ടുള്ളത്.
സങ്കീര്‍ത്തകനിലൂടെ ഒരു നിഷ്‌കളങ്കന്‍റെ രക്ഷക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന: ”കര്‍ത്താവേ, ഇത് എന്‍റെ അതിക്രമമോ പാപമോ നിമിത്തമല്ല. എന്‍റെ തെറ്റുകള്‍കൊണ്ടല്ല അവര്‍ ഓടിയടുക്കുന്നത്. ഉണര്‍ന്നെഴുന്നേറ്റ് എന്‍റെ സഹായത്തിന് വരേണമേ” (സങ്കീര്‍ത്തനങ്ങള്‍ 59/4).

ജോബിന്‍റെ ജീവിതത്തിലും

ജോബെന്ന നീതിമാനും ഇതുതന്നെയായിരുന്നു കര്‍ത്താവിനോട് പറയാനുണ്ടായിരുന്നത്. ജോബ് പാപം ചെയ്യാതെ ജീവിച്ച നീതിമാന്‍ മാത്രമായിരുന്നില്ല. അത്യുദാരനായ ഒരു ജീവകാരുണ്യ പ്രവര്‍ത്തകന്‍കൂടിയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ദൈവത്തോട് ഇപ്രകാരം വാദിക്കുന്നത്. ”ഞാന്‍ നിഷ്‌കളങ്കനാണ്. ദൈവം എന്‍റെ അവകാശം നിഷേധിച്ചിരിക്കുന്നു. ഞാന്‍ നീതിമാനായിരുന്നിട്ടും നുണയനായി എണ്ണപ്പെടുന്നു. ഞാന്‍ പാപരഹിതനായിരുന്നിട്ടും പൊറുക്കാത്ത മുറിവുകളാണ് എന്റേത്” (ജോബ് 34/5-6).
നാം തിരുവചനങ്ങളില്‍ വായിക്കുന്നു: ”ചെയ്യേണ്ട നന്മ എന്താണെന്നറിഞ്ഞിട്ടും അതു ചെയ്യാത്തവന്‍ പാപം ചെയ്യുന്നു” (യാക്കോബ് 4/17). എന്ന്. എന്നാല്‍ ചെയ്യേണ്ട നന്മ ഏതാണെന്നറിഞ്ഞ് അത് പത്തിരട്ടിയായി ചെയ്തിരുന്നവനായിരുന്നു നീതിമാനായിരുന്ന ജോബ്.

വീണ്ടും ജോബ് തുടരുന്നു: ”അവന്‍ നല്‍കിയ മാംസം മതിയാവോളം കഴിക്കാത്ത ആരുണ്ട് എന്ന് എന്‍റെ കൂടാരത്തിലെ ആളുകള്‍ ചോദിച്ചില്ലെങ്കില്‍, പരദേശി തെരുവില്‍ പാര്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍, വഴിപോക്കന് എന്‍റെ വാതില്‍ തുറന്നു കൊടുത്തിട്ടില്ലെങ്കില്‍, എന്‍റെ അകൃത്യങ്ങളെ ഹൃദയത്തിലൊളിച്ച് എന്‍റെ അതിക്രമങ്ങളെ മനുഷ്യരുടെ മുമ്പില്‍നിന്നും മറച്ചുവച്ചിട്ടുണ്ടെങ്കില്‍…. ആരെങ്കിലും എന്നെ ശ്രവിക്കാനുണ്ടായിരുന്നെങ്കില്‍… ഇതാ എന്‍റെ കയ്യൊപ്പ്.
ഇങ്ങനെ നൂറുകൂട്ടം നീതിയുക്തമായ ന്യായവാദങ്ങള്‍ തന്നെ പാപിയായും കാരുണ്യരഹിതനായും മുദ്രകുത്തിയ തന്‍റെ സ്‌നേഹിതന്മാരുടെ മുമ്പിലും തന്നെ പൈശാചികപരീക്ഷണങ്ങള്‍ക്ക് വിട്ടുകൊടുത്ത ദൈവത്തിന്‍റെ മുമ്പിലും അദ്ദേഹം നിരത്തുന്നു. ജോബിന്‍റെ പുസ്തകം 31-ാം അധ്യായം മുഴുവന്‍ നിഷ്‌കളങ്കനും നീതിമാനും മഹാകാരുണ്യവാനുമായ ജോബിന്‍റെ ന്യായവാദങ്ങളാണ് (വായിച്ചു നോക്കുന്നത് നന്നായിരിക്കും). എന്നിട്ടും ജോബിന്‍റെ ജീവിതത്തില്‍ സംഭവിക്കാവുന്നതിന്‍റെ പരമാവധി തിന്മ സംഭവിച്ചു. ജീവന്‍ നഷ്ടമായില്ല എന്നുമാത്രം!

എന്നിട്ടുമപ്പാ എന്തുകൊണ്ടിങ്ങനെ?

ഇതാണ് നമ്മുടെ മുമ്പിലുള്ള ചോദ്യം. 1 യോഹന്നാന്‍ 5/19-ല്‍ നാം ഇപ്രകാരം വായിക്കുന്നു. ”നാം ദൈവത്തില്‍നിന്നും ഉള്ളവരാണെന്നും ലോകം മുഴുവന്‍ ദുഷ്ടന്‍റെ ശക്തിവലയത്തിലാണെന്നും നാം അറിയുന്നു.” ദുഷ്ടന്‍റെ ശക്തിവലയത്തിലായിരിക്കുന്ന ഈ ലോകത്തില്‍ ജീവിതംകൊണ്ടും വാക്കുകൊണ്ടും ദൈവരാജ്യത്തിന്‍റെ പോരാളിയായിരിക്കുന്ന ഒരു ദൈവപൈതലിനെ പരമാവധി ഞെരുക്കുക എന്നത് ദുഷ്ടന്‍റെ വലിയ ലക്ഷ്യമാണ്. അതുകൊണ്ടാണ് ദൈവമക്കള്‍ക്ക് ഈ ഭൂമിയില്‍ പലവിധത്തിലുള്ള ഞെരുക്കങ്ങളുണ്ടാകുന്നത്. ഈ ലോകംവിട്ട് പിതൃസന്നിധിയിലേക്കു പോകാനുള്ള സമയമടുത്തപ്പോള്‍ ഈ രഹസ്യം തന്‍റെ ശിഷ്യഗണത്തിന് അവിടുന്ന് വെളിപ്പെടുത്തി. ”ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍. ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു” (യോഹന്നാന്‍ 16/33).

വീണ്ടും വിശുദ്ധ യോഹന്നാന്‍ തന്‍റെ വചനങ്ങളിലൂടെ നമ്മെ ഉദ്‌ബോധിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു. ”നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തില്‍ ഉള്ളവനെക്കാള്‍ വലിയവനാണ്” (1 യോഹന്നാന്‍ 4/4).
എന്നാല്‍ ലോകത്തെ കീഴടക്കി ജയിച്ചവന്‍റെ (യേശുവിന്‍റെ) അധികാരമുള്ള നാമത്തിലാണ് ലോകത്തിന്‍റെമേലും നമ്മെ നിരന്തരം ദ്രോഹിച്ചുകൊണ്ടിരിക്കുന്ന ദുഷ്ടന്‍റെമേലുമുള്ള വിജയം നമുക്ക് ലഭിക്കുന്നത്. 1 യോഹന്നാന്‍ 3/8-ല്‍ ഇപ്രകാരം പറയുന്നു: ”പിശാചിന്‍റെ പ്രവൃത്തികളെ നശിപ്പിക്കുവാന്‍വേണ്ടിയിട്ടാണ് ദൈവപുത്രനായ യേശു പ്രത്യക്ഷനായിരിക്കുന്നത്.” എന്നാല്‍ നമുക്ക് സ്വന്തമായി അവന്‍ ദാനമായി നല്‍കിയിരിക്കുന്ന അവിടുത്തെ അധികാരമുള്ള നാമം നാം വിശ്വാസപൂര്‍വം എടുത്തുപയോഗിക്കുമ്പോള്‍ മാത്രമാണ് ലോകത്തിന്‍റെമേലും പിശാചിന്‍റെമേലുമുള്ള വിജയം നമുക്ക് ലഭിക്കുന്നത്. എന്നാല്‍ നമ്മളില്‍ മിക്കവരും ഇങ്ങനെയൊരു സംരക്ഷണപ്രാര്‍ത്ഥന (ബന്ധനപ്രാര്‍ത്ഥന) നടത്തുന്നതേയില്ല. മിക്കവര്‍ക്കും അതിന്‍റെ അനിവാര്യതയെക്കുറിച്ച് അറിയുകപോലുമില്ല.

യേശു ശിഷ്യന്മാരെ പഠിപ്പിച്ച സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയില്‍ ഏറ്റവും ഒടുവിലത്തേതും എന്നാല്‍ ഏറ്റവും ശ്രദ്ധാര്‍ഹവുമായ യാചന ”ദുഷ്ടാരൂപിയില്‍നിന്നും ഞങ്ങളെ രക്ഷിക്കണമേ” എന്നുള്ളതാണ്. തന്‍റെ പീഡാസഹനത്തിനുമുമ്പ് ശിഷ്യന്മാര്‍ക്കുവേണ്ടി യേശു പിതാവിന്‍റെ സന്നിധിയില്‍ മാധ്യസ്ഥ്യം വഹിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ അവിടുന്നിപ്രകാരം പ്രാര്‍ത്ഥിക്കുന്നു. പിതാവേ, ഈ ലോകത്തില്‍നിന്നും അവരെ എടുക്കണമേയെന്നല്ല, ദുഷ്ടനില്‍നിന്നും അവരെ കാത്തുകൊള്ള ണമേയെന്നാണ് ഞാനങ്ങയോട് പ്രാര്‍ത്ഥിക്കുന്നത് (യോഹന്നാന്‍ 17/15) എന്ന്. കാരണം ദുഷ്ടനില്‍നിന്നും (പിശാചില്‍നിന്നും) ഉള്ള സംരക്ഷണം തന്‍റെ ശിഷ്യന്മാര്‍ക്കും അവരുടെ വാക്കുകള്‍ മൂലം തന്നില്‍ വിശ്വസിക്കാനിരിക്കുന്ന ദൈവമക്കള്‍ക്കും എത്രമേല്‍ ആവശ്യമായിരുന്നു എന്ന് അവിടുന്ന് നന്നായറിഞ്ഞിരുന്നു.

യേശു അറിഞ്ഞു, പക്ഷേ നാം അറിയുന്നില്ല!

ഇതാണ് വലിയ പ്രശ്‌നം. യേശു അറി ഞ്ഞ ആ സത്യം നമ്മളില്‍ മിക്കവരും അറിയുന്നില്ല. അതിനായി പ്രാര്‍ത്ഥിക്കുന്നില്ല. നാം ഒരുപക്ഷേ വളരെയേറെ പ്രാര്‍ത്ഥിക്കുന്നവരും ഒറ്റ ദിവസംപോലും ദിവ്യബലി മുടക്കാത്തവരും അനേകം ജപമാലകള്‍ ചൊല്ലിക്കൂട്ടുന്നവരും വലിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരും വലിയ ദൈവശുശ്രൂഷകരും ഒക്കെ ആയിരിക്കാം. പക്ഷേ ക്രിസ്തീയ ജീവിതത്തിന്‍റെ വിജയത്തിന് സംരക്ഷണപ്രാര്‍ത്ഥന എത്രകണ്ട് അനിവാര്യമെന്ന് തിരിച്ചറിയാത്തവരും അങ്ങനെയൊരു പ്രാര്‍ത്ഥന കൂടെക്കൂടെ നടത്താത്തവരും ഒക്കെ ആയിരിക്കാം. ഫലമോ നമ്മുടെ അനുദിന ജീവിതവും ശുശ്രൂഷാജീവിതവും ദുഷ്ടന്‍റെ ആക്രമണങ്ങള്‍ നിമിത്തം വലയാന്‍ ഇടവരുന്നു. നന്മയോടെ ജീവിക്കുന്ന ദൈവമക്കളുടെ നേരെയുള്ള ദുഷ്ടന്‍റെ ഈ ആക്രമണം മനുഷ്യചരിത്രത്തിന്‍റെ ആരംഭംമുതലേയുണ്ട്. ഇപ്പോള്‍ സമീപകാലത്ത് അത് കൂടുതലാണെന്നുമാത്രം…

അനേകം വര്‍ഷങ്ങള്‍ക്കുമുമ്പേ എഴുതപ്പെട്ട സങ്കീര്‍ത്തനങ്ങളുടെ വരികളിലൂടെ നാം കണ്ണോടിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയും സങ്കീര്‍ത്തനങ്ങള്‍ എഴുതിയവര്‍ ശത്രുവിന്‍റെ ആക്രമണത്തില്‍നിന്നും തങ്ങളെ രക്ഷിക്കണമേ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ വലിയ വലിയ ശുശ്രൂഷകള്‍ ചെയ്യുന്ന ചില ദൈവശുശ്രൂഷകര്‍പോലും സംരക്ഷണപ്രാര്‍ത്ഥനയുടെ അനിവാര്യതയും പ്രാധാന്യവും തിരിച്ചറിയുകയോ ആ വിധത്തില്‍ കൂടെക്കൂടെ പ്രാര്‍ത്ഥിക്കുകയോ പ്രാര്‍ത്ഥിക്കുവാന്‍ തങ്ങളുടെ കീഴിലുള്ളവരെ ഉദ്‌ബോധിപ്പിക്കുകയോ ചെയ്യുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് അവര്‍ക്ക് പിശാചൊരുക്കുന്ന ഒരുപാട് പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിടേണ്ടതായി വരുന്നു.

ഏല്‍റൂഹാ ധ്യാനകേന്ദ്രത്തിന്‍റെ ഡയറക്ടറായ ഫാ. റാഫേല്‍ കോ ക്കാടന്‍ സിഎം.ഐ ഇതേക്കുറിച്ച് വ്യക്തമായ പഠനം അവിടത്തെ ശുശ്രൂഷയില്‍ പങ്കുചേരുന്നവര്‍ക്കും ഓണ്‍ലൈന്‍ ശുശ്രൂഷയില്‍ പങ്കെടുക്കുന്നവര്‍ക്കും നല്‍കുന്നുണ്ട്. 31-8-2021-ല്‍ നടത്തിയ അത്ഭുതങ്ങളുടെ ജപമാല എന്ന ഓണ്‍ലൈന്‍ ശുശ്രൂഷയില്‍ അദ്ദേഹം രണ്ടു കുടുംബങ്ങളുടെ അനുഭവം വിവരിക്കുന്നുണ്ട്. രണ്ടു കുടുംബങ്ങളും അതീവ ഭക്തര്‍. വിശുദ്ധ ജീവിതം നയിക്കുന്നവര്‍. ധാരാളം പ്രാര്‍ത്ഥിക്കുന്നവര്‍. ഒരിക്കലും ദിവ്യബലി മുടക്കാത്തവര്‍. ഉദാരമായി ദാനധര്‍മം ചെയ്യുന്നവര്‍. കൂടെക്കൂടെ ധ്യാനങ്ങള്‍ കൂടുന്നവരും വചനം ഉരുവിട്ടു പ്രാര്‍ത്ഥിക്കുന്നവരും. പക്ഷേ കുടുംബത്തില്‍ എന്നും കാരണമറിയാത്ത പ്രശ്‌നങ്ങളാണ്. ഒരിക്കലും സമാധാനമില്ലാത്ത അവസ്ഥ. കൂടെക്കൂടെ രോഗങ്ങള്‍, പരാജയങ്ങള്‍.

എല്ലാത്തരം പ്രാര്‍ത്ഥനകളും എല്ലാ ദിവസവും ചൊല്ലുന്ന ഈ രണ്ടുകുടുംബങ്ങള്‍ ഒരിക്കലും ചൊല്ലാത്ത ഒരു പ്രാര്‍ത്ഥനയുണ്ടായിരുന്നു. അത് സംരക്ഷണപ്രാര്‍ത്ഥന (ബന്ധനപ്രാര്‍ത്ഥന)യാണ്. അച്ചന് പരിശുദ്ധാത്മാവ് അത് സന്ദേശമായി വെളിപ്പെടുത്തി. അച്ചന്‍ ആ കുടുംബങ്ങളോട് ആ പ്രാര്‍ത്ഥന കൂടെക്കൂടെ ചൊല്ലി കര്‍ത്താവായ യേശുവിന്‍റെ നാമത്തിലുള്ള സംരക്ഷണം യാചിക്കുവാന്‍ ആവശ്യപ്പെട്ടു. അവര്‍ അതനുസരിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ അവരുടെ കുടുംബത്തില്‍ മലപോലെ ഉയര്‍ന്നുനിന്ന പ്രശ്‌നങ്ങള്‍ പുഴപോലെ ഒഴുകിപ്പോയി. രണ്ടു കുടുംബങ്ങളും സമാധാനത്തിന്‍റെ തീരത്തേക്ക് നടന്നടുക്കുവാന്‍ ഇടയായി. (പ്രസ്തുത അത്ഭുതങ്ങളുടെ ജപമാല  Elrooha Retreat  യുട്യൂബ് ചാനലില്‍ ലഭ്യമാണ്).

ഈ വിധത്തിലുള്ള പലതരം പ്രശ്‌നങ്ങളിലൂടെ കടന്നുപോയി വഴിമുട്ടി നില്‍ക്കുകയാണോ നിങ്ങളുടെ കുടുംബജീവിതവും ശുശ്രൂഷാജീവിതവും? ലോകത്തെ ജയിച്ച, ദുഷ്ടനെ പരാജയപ്പെടുത്തിയ യേശുവിന്‍റെ നാമത്തിലുള്ള വിജയം, നമ്മെ തകര്‍ക്കുന്ന നമ്മുടെ ജീവിതപ്രശ്‌നങ്ങളുടെമേല്‍ നാം അവകാശപ്പെട്ടു പ്രാര്‍ത്ഥിച്ചാല്‍ നമുക്കും മുന്‍പറഞ്ഞ ആ കുടുംബങ്ങളെപ്പോലെ സ്വസ്ഥമായ ഒരു ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിയും. അതിനുവേണ്ട ഉള്‍ക്കാഴ്ചയും സന്നദ്ധതയും പരിശുദ്ധാത്മാവായ ദൈവം നമുക്ക് നല്‍കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

ഇതുകൂടാതെ മുഖ്യദൂതനായ വിശുദ്ധ മിഖായേലിനോടുള്ള ജപം, വിശ്വാസപ്രമാണം, എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥന എന്നിവ പലവട്ടം ആവര്‍ത്തിച്ചുചൊല്ലുന്നതും വെഞ്ചരിച്ച ഉപ്പ്, ഹന്നാന്‍ വെള്ളം എന്നിവ ഭക്തിയോടും വിശ്വാസത്തോടുംകൂടി ഉപയോഗിക്കുന്നതും ദുഷ്ടശക്തികളുടെമേല്‍ വലിയ സംരക്ഷണം ലഭിക്കുന്നതിന് നമ്മെ സഹായിക്കും.
പ്രയ്‌സ് ദ ലോര്‍ഡ് ‘ആവേ മരിയ’

'

By: സ്റ്റെല്ല ബെന്നി

More
ജനു 16, 2025
Encounter ജനു 16, 2025

വിശുദ്ധ അമ്മത്രേസ്യായുടെ അനുഭവം. മഠത്തിലുണ്ടായിരുന്ന ഒരു സിസ്റ്റര്‍ മരിച്ചപ്പോള്‍ പെട്ടെന്നുതന്നെ സ്വര്‍ഗപ്രവേശനം നേടിയതായി അമ്മത്രേസ്യായ്ക്ക് ദര്‍ശനത്തില്‍ വെളിപ്പെട്ടു. അതിന് കാരണമെന്താണെന്ന് ദിവ്യനാഥനോട് ചോദിച്ച വിശുദ്ധയോട് അവിടുന്ന് വെളിപ്പെടുത്തി, ‘ആ സിസ്റ്റര്‍ ജീവിച്ചിരുന്നപ്പോള്‍ സാധ്യമായ എല്ലാ ദണ്ഡവിമോചനങ്ങളും പ്രാപിച്ചിരുന്നു. അതിനാല്‍ത്തന്നെ സ്വര്‍ഗപ്രവേശനം എളുപ്പമായി.’

ആര്‍ക്കൊക്കെ ദണ്ഡവിമോചനം നേടാം

വിശ്വാസികളായ എല്ലാവര്‍ക്കും തനിക്കുവേണ്ടിത്തന്നെയോ മരണമടഞ്ഞ വിശ്വാസികള്‍ക്കായോ ദണ്ഡവിമോചനം കാഴ്ചവയ്ക്കാം.

ദണ്ഡവിമോചനം എന്നാല്‍ എന്ത്?

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു: കുമ്പസാരത്തിലൂടെ മോചനം ലഭിച്ച പാപങ്ങളുടെ കാലികശിക്ഷയില്‍നിന്ന് ദൈവതിരുമുമ്പാകെയുള്ള ഇളവുചെയ്യലാണ് ദണ്ഡവിമോചനം. തികച്ചും ലളിതമായി പറഞ്ഞാല്‍, പശ്ചാത്തപിച്ച് ഏറ്റുപറഞ്ഞ പാപങ്ങള്‍ ദൈവസന്നിധിയില്‍ ക്ഷമിക്കപ്പെട്ടു എങ്കിലും അവയ്ക്ക് പരിഹാരം ചെയ്തുകൊണ്ട് നമ്മുടെ ശുദ്ധീകരണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ജീവിതത്തില്‍ സ്വാഭാവികമായി വന്നുചേരുന്ന ക്ലേശങ്ങള്‍ ഏറ്റെടുത്തുകൊണ്ടും ബോധപൂര്‍വം പരിത്യാഗപ്രവൃത്തികള്‍ ചെയ്തുകൊണ്ടും ഭൂമിയിലായിരിക്കേതന്നെ ഈ ശുദ്ധീകരണം നമുക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കും. അങ്ങനെ പൂര്‍ത്തിയാക്കാത്ത പക്ഷം മരണശേഷം കാലികശിക്ഷ പൂര്‍ത്തിയാക്കി പൂര്‍ണമായ ശുദ്ധീകരണം പ്രാപിച്ചുമാത്രമേ സ്വര്‍ഗപ്രാപ്തി നേടാനാവുകയുള്ളൂ.

അതിനുവേണ്ടിയുള്ളതാണ് ശുദ്ധീകരണസ്ഥലം. എന്നാല്‍ ദണ്ഡവിമോചനങ്ങളിലൂടെ പാപത്തിന്‍റെ ഈ കാലികശിക്ഷയില്‍നിന്ന് ഇളവ് നേടാം. നിര്‍ദിഷ്ടമായ ചില വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് അതിനുതക്ക മനോഭാവമുള്ള ക്രിസ്തീയവിശ്വാസി അത് നേടിയെടുക്കുന്നു. വീണ്ടെടുപ്പിന്‍റെ ശുശ്രൂഷക എന്ന നിലയില്‍ ക്രിസ്തുവിന്‍റെയും വിശുദ്ധരുടെയും പരിഹാരകര്‍മങ്ങളുടെ നിക്ഷേപത്തെ അധികാരത്തോടെ വിതരണം ചെയ്യുകയും വിനിയോഗിക്കുകയും ചെയ്യുന്ന സഭയുടെ പ്രവൃത്തിയിലൂടെയാണ് വിശ്വാസി ദണ്ഡവിമോചനം പ്രാപിക്കുന്നത്.

ദണ്ഡവിമോചനം രണ്ടുതരം

പൂര്‍ണദണ്ഡവിമോചനം- പാപത്തില്‍നിന്നുളവായ എല്ലാ കാലികശിക്ഷയില്‍നിന്നും ഇളവ്.
ഭാഗികദണ്ഡവിമോചനം-പാപഫലമായ കാലികശിക്ഷയില്‍നിന്ന് ഭാഗികമായ ഇളവ്.

ഒരു ദണ്ഡവിമോചനത്തിനുള്ള പൊതുവ്യവസ്ഥകള്‍

  • എല്ലാത്തരം പാപങ്ങളും വെറുത്തുപേക്ഷിച്ച് വരപ്രസാദാവസ്ഥയിലായിരിക്കുക.
  • നല്ല കുമ്പസാരം നടത്തുക
  • ദിവ്യകാരുണ്യസ്വീകരണം നടത്തുക
  • പാപ്പയുടെ നിയോഗാര്‍ത്ഥം പ്രാര്‍ത്ഥിക്കുക
  • (1 സ്വര്‍ഗ. 1 നന്മ. 1 ത്രിത്വസ്തുതി)

പൂര്‍ണദണ്ഡവിമോചനത്തിന് ഏതാനും വഴികള്‍

  • അരമണിക്കൂറോ അതില്‍ക്കൂടുതലോ സമയം വിശുദ്ധ കുര്‍ബാനയ്ക്കുമുന്നില്‍ നടത്തുന്ന ആരാധന
  • സമൂഹത്തോടൊപ്പം ഭക്തിപൂര്‍വമായ ജപമാലയര്‍പ്പണം
  • കുരിശിന്‍റെ വഴി
  • കരുണയുടെ ജപമാല
  • അരമണിക്കൂറോ അതിലധികമോ നേരമുള്ള വചനവായന
  • കാരുണ്യപ്രവൃത്തികള്‍
  • ദുഃഖവെള്ളിയാഴ്ചയിലെ കുരിശുചുംബനം
  • തിരുഹൃദയതിരുനാള്‍ദിനത്തിലെ പരസ്യമായ തിരുഹൃദയസമര്‍പ്പണം
  • റോമിനും ലോകത്തിനുംവേണ്ടിയുള്ള പാപ്പയുടെ അപ്പോസ്‌തോലിക ആശീര്‍വാദമായ ഉര്‍ബി എത് ഓര്‍ബി നേരിട്ടോ മാധ്യമങ്ങള്‍വഴിയോ സ്വീകരിക്കല്‍. ഇത് ക്രിസ്മസിനും ഈസ്റ്ററിനും ലഭ്യമാണ്.
  • മൂന്ന് ദിവസമെങ്കിലും നീളുന്ന വാര്‍ഷികധ്യാനം

ഭാഗികദണ്ഡവിമോചനത്തിന്…

  • ദിവ്യകാരുണ്യസന്ദര്‍ശനം
  • ദിവ്യകാരുണ്യസ്വീകരണശേഷം ‘മിശിഹായുടെ ദിവ്യാത്മാവേ’ പ്രാര്‍ത്ഥന അര്‍പ്പിക്കല്‍
  • ഭക്തിയോടെയുള്ള കുരിശടയാളം വരയ്ക്കല്‍
  • വിശ്വാസപ്രമാണം ചൊല്ലല്‍
  • ജ്ഞാനസ്‌നാനവ്രതനവീകരണം
  • ലുത്തിനിയ അര്‍പ്പണം
  • മാസധ്യാനം
  • ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ’ പ്രാര്‍ത്ഥന ചൊല്ലല്‍
  • മറിയത്തിന്‍റെ സ്‌തോത്രഗീത ആലാപനം
  • മൂന്നുനേരവുമുള്ള ത്രിസന്ധ്യാജപാര്‍പ്പണം
  • വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ദിനം
  • നൊവേനകളുടെ അര്‍പ്പണം

പൂര്‍ണദണ്ഡവിമോചനത്തിന് ഏതാനും പ്രത്യേകദിനങ്ങള്‍

  • ഇടവകമധ്യസ്ഥന്‍റെ തിരുനാള്‍ദിനം
  • പോര്‍സ്യുങ്കളാ ദിനം- ഓഗസ്റ്റ് 2
  • നവംബര്‍ 1-8: സെമിത്തേരി സന്ദര്‍ശനം നടത്തി മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുക
  • ദൈവാലയം സന്ദര്‍ശിച്ച് .സ്വര്‍ഗസ്ഥനായ പിതാവേ, വിശ്വാസപ്രമാണം എന്നിവ ചൊല്ലുക.
  • ആദ്യകുര്‍ബാനസ്വീകരണദിനം

ജൂബിലി 2025-ല്‍

ഈ ജൂബിലിവര്‍ഷത്തില്‍ റോമിലെ സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്ക ഉള്‍പ്പെടെ നാല് പ്രധാനബസിലിക്കകളിലേക്കോ റോമിലെ മറ്റ് പ്രധാന ദൈവാലയങ്ങളിലേക്കോ തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക് ഭാഗിക ദണ്ഡവിമോചനം പ്രാപിക്കാം. കൂടാതെ, തടവുകാരെ സന്ദര്‍ശിക്കുകപോലുള്ള കരുണയുടെ പ്രവൃത്തികള്‍വഴിയും സോഷ്യല്‍ മീഡിയ ഉപവാസം തുടങ്ങിയ ‘ന്യൂജെന്‍’ പരിഹാരപ്രവൃത്തികള്‍വഴിയും ഈ ജൂബിലിവര്‍ഷത്തില്‍ ദണ്ഡവിമോചനം നേടാം. ദിവസത്തില്‍ രണ്ട് തവണ ദിവ്യകാരുണ്യസ്വീകരണം നടത്താന്‍ അവസരമുണ്ടായാല്‍ മറ്റ് വ്യവസ്ഥകളുംകൂടി നിറവേറ്റിക്കൊണ്ട് ഒരു ദിവസംതന്നെ രണ്ട് ദണ്ഡവിമോചനങ്ങള്‍ നേടാമെന്ന പ്രത്യേകതയും ഈ ജൂബിലിക്ക് ഉണ്ട്. രണ്ടാമത്തേത് ശുദ്ധീകരണാത്മാക്കള്‍ക്കുള്ള ദണ്ഡവിമോചനമായിരിക്കും എന്നതാണ് കൂടുതല്‍ ശ്രദ്ധേയം.

'

By: Shalom Tidings

More
ജനു 14, 2025
Encounter ജനു 14, 2025

കര്‍ത്താവായ ഈശോയേ, മനുഷ്യരെ പിടിക്കുന്നവരാക്കാന്‍ ആദ്യ ശിഷ്യരെ അങ്ങ് വിളിച്ചതുപോലെ, ‘എന്നെ അനുഗമിക്കൂ..’ എന്ന അങ്ങയുടെ മാധുര്യമേറിയ ക്ഷണം വീണ്ടും മുഴങ്ങട്ടെ. വിശുദ്ധരായ വൈദികരെയും സമര്‍പ്പിതരെയും തിരുസഭയ്ക്ക് നല്കണമേ. അതിനുവേണ്ടിയുള്ള അങ്ങയുടെ ക്ഷണത്തിന് ഉടന്‍ പ്രത്യുത്തരമേകാന്‍ യുവതീയുവാക്കള്‍ക്ക് കൃപയേകിയാലും. ഞങ്ങളുടെ കുടുംബങ്ങളെ വിശുദ്ധമായ ദൈവവിളികളാല്‍ സമ്പന്നമാക്കണമേ.

അങ്ങയുടെ വിളഭൂമികളിലേക്ക് ആത്മാക്കളുടെ രക്ഷയ്ക്കായി സുവിശേഷതീക്ഷ് ണതയുള്ള വൈദികരെയും സന്യസ്തരെയും അയയ്ക്കണമേ.. ലോകാന്ത്യത്തോളവും ദിനവും പരിശുദ്ധ കൂദാശകള്‍ പരികര്‍മം ചെയ്യുന്നതിന് ഭക്തരായ പുരോഹിതരെയും ആത്മീയ പരിപോഷണത്തിന് സമര്‍പ്പിതരെയും എക്കാലവും സഭയ്ക്ക്
പ്രദാനം ചെയ്യണമേ. വൈദികരുടെയും സന്യസ്തരുടെയും അഭാവത്താല്‍, വിശുദ്ധ കൂദാശകള്‍ സ്വീകരിക്കാതെയോ ആത്മീയസഹായം ലഭ്യമാകാതെയോ ഒരാത്മാവുപോലും നഷ്ടമാകാന്‍ അനുവദിക്കരുതേ.
ദൈവിക രക്ഷാ പദ്ധതിയില്‍ സഹകരിക്കാന്‍ നമ്മെ വിളിക്കുന്ന കര്‍ത്താവിനോട് ‘അതെ’ എന്ന് പറയാന്‍ എല്ലാ ദൈവവിളിയുടെയും മാതൃകയും സഭയുടെ മാതാവുമായ പരിശുദ്ധ കന്യാമറിയം നമ്മെ സഹായിക്കട്ടെ, ആമേന്‍

'

By: Shalom Tidings

More
ജനു 13, 2025
Encounter ജനു 13, 2025

പരിചിതനായ ഒരു ധനാഡ്യന്‍റെ ജീവിതം ഓര്‍ക്കുകയാണ്. അല്പസ്വല്പം വൈദ്യചികിത്സയും വശമുണ്ടായിരുന്നു അദ്ദേഹത്തിന്. അവരുടെ ഉള്‍പ്രദേശത്ത് അത് വലിയൊരു അനുഗ്രഹവുമായിരുന്നു. ചികിത്സയ്ക്കായോ സമാനമായ ആവശ്യങ്ങള്‍ക്കായോ അനേകം സാധാരണക്കാര്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തും. പക്ഷേ പ്രതാപപൂര്‍ണമായ വീടിനകത്തേക്ക് ആരെയും പ്രവേശിപ്പിക്കാറില്ല. താഴെയും മുകളിലുമായി നാലു പാളികളുള്ള മുന്‍വാതിലിന്‍റെ, മുകളിലെ രണ്ട് വാതില്‍പ്പാളികള്‍ തുറന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പ്രതിവിധി നിര്‍ദേശിച്ച് പറഞ്ഞുവിടും.

പരിചിതനായ ഒരു ധനാഡ്യന്‍റെ ജീവിതം ഓര്‍ക്കുകയാണ്. അല്പസ്വല്പം വൈദ്യചികിത്സയും വശമുണ്ടായിരുന്നു അദ്ദേഹത്തിന്. അവരുടെ ഉള്‍പ്രദേശത്ത് അത് വലിയൊരു അനുഗ്രഹവുമായിരുന്നു. ചികിത്സയ്ക്കായോ സമാനമായ ആവശ്യങ്ങള്‍ക്കായോ അനേകം സാധാരണക്കാര്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തും. പക്ഷേ പ്രതാപപൂര്‍ണമായ വീടിനകത്തേക്ക് ആരെയും പ്രവേശിപ്പിക്കാറില്ല. താഴെയും മുകളിലുമായി നാലു പാളികളുള്ള മുന്‍വാതിലിന്‍റെ, മുകളിലെ രണ്ട് വാതില്‍പ്പാളികള്‍ തുറന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പ്രതിവിധി നിര്‍ദേശിച്ച് പറഞ്ഞുവിടും.

'

By: ജോസ് കിഴക്കേടത്ത്‌

More
ജനു 10, 2025
Encounter ജനു 10, 2025

എന്‍റെ അപ്പന്‍റെ പേര് ഔസോ എന്നാണ്, യൗസേപ്പിതാവിന്‍റെ പേരിന്‍റെ ഒരു വകഭേദം. അമ്മയുടെ പേരാകട്ടെ മേരി എന്നും. ഞങ്ങളുടെ നാട്ടില്‍ പരമ്പരാഗതമായി ഒരു രീതിയുണ്ട്, യൗസേപ്പിതാവിന്‍റെയും മറിയത്തിന്‍റെയും പേരുള്ള ദമ്പതികളെയും അവരുടെ ഒരു ആണ്‍കുട്ടിയെയും ചേര്‍ത്ത് തിരുക്കുടുംബമായി സങ്കല്പിച്ച് ഭവനങ്ങളില്‍ വിരുന്ന് നല്കും. ഏഴുമക്കളില്‍ അഞ്ചാമനായ എന്നെ ഉണ്ണീശോയുടെ സ്ഥാനത്ത് കണ്ട് ഞങ്ങളെ വിളിക്കുന്ന വീടുകളിലേക്ക് പോകുമായിരുന്നു.
തിരുക്കുടുംബവിരുന്നിനിടെ ആതിഥേയര്‍ പതിവായി എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ”ആരാകാനാണ് ആഗ്രഹം?”
ഞാന്‍ പറയും, ”എനിക്കൊരു അച്ചനാകണം!”
ആ കാലം അങ്ങനെ കടന്നുപോയി. പക്ഷേ വളര്‍ന്നുവരുംതോറും വൈദികനാകണമെന്ന എന്‍റെ ആഗ്രഹം കുറഞ്ഞുവന്നുകൊണ്ടിരുന്നു.
ഇതിനിടെ ഞാന്‍ ആദ്യതവണ പത്താം ക്ലാസില്‍ തോറ്റു, വീണ്ടും പരീക്ഷ എഴുതിയാണ് ജയിച്ചത്. തുടര്‍ന്ന് ഡിഗ്രിവരെ പഠിച്ചു. ഡിഗ്രി വിജയിച്ചെങ്കിലും പിന്നെ എന്ത് എന്ന് എനിക്കറിയില്ലായിരുന്നു. അങ്ങനെ എന്‍റെ മൂത്ത സഹോദരിയുടെ ഭര്‍ത്താവിന്‍റെ ജോലിക്കാര്‍ക്കൊപ്പം ഇലക്ട്രീഷ്യനായി പോകാന്‍ തുടങ്ങി. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ അവിടുത്തെ ജോലി ഇല്ലാതെയായി.

‘കുതിര’സംഭവം

പിന്നീട് പെയിന്റിങ്ങ് തൊഴിലാളിയായ അപ്പന്‍റെകൂടെ ജോലിക്ക് പോകാന്‍ തുടങ്ങി. പക്ഷേ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അപ്പനും ജോലി ഇല്ലാതെയായി. തുടര്‍ന്ന് അപ്പന്‍റെ സുഹൃത്തിന്‍റെകൂടെ ഞാന്‍ അതേ ജോലിക്ക് പോകാന്‍ തുടങ്ങി. ഒരു ഇരുനിലവീടിന്‍റെ പെയിന്റിങ്ങ് ജോലി ലഭിച്ച സമയം. ഉയരം ലഭിക്കാന്‍വേണ്ടി കയറിനില്‍ക്കുന്ന ‘കുതിര’ എന്ന ഉപകരണം രണ്ടാം നിലയില്‍നിന്ന് താഴെ ഇറക്കാന്‍ ചെന്ന ഞാന്‍ നിര്‍ഭാഗ്യവശാല്‍ നിലതെറ്റി നേരെ താഴേക്ക്…!
ഒരു കിണറിന്‍റെ വക്കിലേക്കാണ് വീണത്. അപ്പോള്‍ത്തന്നെ എനിക്ക് ബോധക്ഷയം ഉണ്ടായി. ഉടനെ എല്ലാവരും ചേര്‍ന്ന് എന്നെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ വേറെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. കിണറിലേക്ക് വീഴാതിരുന്നതിനാല്‍മാത്രം ജീവന്‍ നഷ്ടമാകാതെ രക്ഷപ്പെട്ടു. വാസ്തവത്തില്‍ അതിലൂടെയെല്ലാം ദൈവം എന്നോട് സംസാരിക്കുകയായിരുന്നു എന്ന് ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു. വൈകാതെ ആശുപത്രിയില്‍നിന്ന് തിരികെ വീട്ടില്‍ വന്നെങ്കിലും അതോടെ ആ ജോലിയും നഷ്ടമായി.

യൂദാശ്ലീഹായെ വിളിച്ചപ്പോള്‍…

ആ ദിവസങ്ങളിലാണ് പത്രത്തില്‍, അസാധ്യകാര്യങ്ങളുടെ പ്രത്യേകമധ്യസ്ഥനായ വിശുദ്ധ യൂദാ ശ്ലീഹായുടെ നൊവേന ശ്രദ്ധിക്കുന്നത്. ഞാന്‍ അത് ചൊല്ലാന്‍ തുടങ്ങി. ”മിശിഹായുടെ സ്‌നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാശ്ലീഹായേ…”
എട്ടാം ദിവസം ഞാന്‍ വീടിന്‍റെ മുമ്പിലിരുന്ന് ഇപ്രകാരം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂട്ടുകാരനായ ജോസഫ് വന്ന് എന്നോടു പറഞ്ഞു, വികാരിയച്ചനായ ഫാ. മൈക്കിള്‍ തലക്കെട്ടില്‍ വിളിക്കുന്നുണ്ടെന്ന്. എനിക്ക് അച്ചനാകാന്‍ ആഗ്രഹമുണ്ടെന്ന് അറിയാമായിരുന്ന ജോസഫ് പറഞ്ഞ് അക്കാര്യം അറിഞ്ഞാണ് അദ്ദേഹം എന്നെ വിളിപ്പിച്ചത്. എനിക്ക് ദൈവവിളിയുണ്ടെന്ന് മുമ്പേ അറിയാമായിരുന്നു എന്ന് പറഞ്ഞ് എന്നെ പള്ളിമേടയിലേക്ക് സ്വാഗതം ചെയ്ത അച്ചന്‍ എന്നെ പിറ്റേന്നുതന്നെ, അയിരൂരിലുള്ള കര്‍മലീത്താ ആശ്രമത്തിലേക്ക് അയച്ചു. ഇപ്പോള്‍ നിത്യതയിലായിരിക്കുന്ന അച്ചനെ നന്ദിയോടെ ഓര്‍ക്കുന്നു.

ആ സമയത്ത് അന്നത്തെ സഭാമേധാവിയായ ഫാ. ആന്‍ഡ്രൂസ് ആശുപത്രിയില്‍ ആയിരുന്നു. പിറ്റേ ദിവസം ജര്‍മനിക്ക് പോകാനൊരുങ്ങുന്ന ഫാ. ജയരാജിനെയാണ് ഞാന്‍ കണ്ടത്. അദ്ദേഹം പറഞ്ഞതുപ്രകാരം സഭാധികാരിക്ക് ഒരു കത്ത് എഴുതിക്കൊടുത്തിട്ട് ഞാന്‍ മടങ്ങി. തിരികെയെത്തി അക്കാര്യം ഫാ. മൈക്കിളിനെ അറിയിച്ചപ്പോള്‍ അദ്ദേഹം എന്നെ പിറ്റേദിവസവും അങ്ങോട്ട് അയച്ചു. വീണ്ടും ചെന്നപ്പോള്‍ അവിടെയുള്ളവര്‍ എന്നെ ഒരു വാനില്‍ കയറ്റി സഭാധികാരിയായ ഫാ. ആന്‍ഡ്രൂസ് കിടക്കുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോയി.
‘എന്തിനാ വൈകിക്കുന്നേ?’
ആന്‍ഡ്രൂസച്ചന്‍ എന്നെ കണ്ടപ്പോള്‍ പറഞ്ഞു, ”മോന്‍ ഇനി എന്തിനാ വൈകിക്കുന്നേ? അടുത്ത ആഴ്ച ഒരു വണ്ടി കൊട്ടാരക്കര പോകുന്നുണ്ട്!”
അദ്ദേഹം പറഞ്ഞത് മറ്റൊന്നുമല്ല, കൊട്ടാരക്കരയിലെ പെരുങ്കുളത്തുള്ള കര്‍മലീത്താസഭയുടെ ഭവനത്തില്‍ സന്യാസാര്‍ത്ഥിയായി ചേര്‍ന്നുകൊള്ളുക!

പിറ്റേ ആഴ്ചതന്നെ അപ്പനും ചേട്ടനും ചേര്‍ന്ന് എന്നെ കൊട്ടാരക്കരയില്‍ കൊണ്ടുവിട്ടു. അങ്ങനെ വൈദികപരിശീലനം ആരംഭിച്ചു. ”മാതാവിന്‍റെ ഉദരത്തില്‍ നിനക്ക് രൂപം നല്കുന്നതിനുമുമ്പ് ഞാന്‍ നിന്നെ അറിഞ്ഞു. ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു. ജനതകള്‍ക്ക് പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു” (ജറെമിയ 1/5) എന്ന വചനം എന്‍റെ ദൈവവിളിയിലും എത്രയോ സത്യം! വൈദികാര്‍ത്ഥിയായി ചേര്‍ന്ന് പതിനൊന്നാം വര്‍ഷം, 2002 ഡിസംബര്‍ 14-ന്, വൈദികപട്ടം സ്വീകരിച്ചു. വിശുദ്ധ കുരിശിന്‍റെ യോഹന്നാന്‍റെ തിരുനാള്‍ദിവസമായ അന്ന് തിരുവനന്തപുരം വിഴിഞ്ഞത്തുവച്ചായിരുന്നു പന്ത്രണ്ട് പേരില്‍ ഒരാളായി എന്‍റെ വൈദികാഭിഷേകം.

വൈദികപഠനം വേറെ ലെവല്‍

പഠനകാലത്ത് വളരെയധികം ക്ലേശങ്ങളിലൂടെ കടന്നുപോയെങ്കിലും, ജ്ഞാനം നല്കി കര്‍ത്താവ് എന്നെ സമൃദ്ധമായി അനുഗ്രഹിച്ചു. പത്താം ക്ലാസില്‍ ആദ്യതവണ തോറ്റ്, പിന്നീട് വളരെ കഷ്ടിച്ച് ഡിഗ്രിവരെ എത്തിയ ഞാന്‍ വൈദികാര്‍ത്ഥിയായതുമുതല്‍ പഠനത്തില്‍ ഉയരാന്‍ തുടങ്ങി. ഇംഗ്ലീഷില്‍ എന്നെ ഒന്നാം സ്ഥാനത്തേക്ക് ദൈവം ഉയര്‍ത്തി. പിന്നീട് മലയാളത്തില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്തു. അതിനും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചു. എല്ലാ മേഖലകളിലും കര്‍ത്താവ് എന്നെ ഉയര്‍ത്തിക്കൊണ്ടുവരുന്ന അനുഭവമായിരുന്നു.
പട്ടത്തിന്‍റെ സമയത്ത് വീട്ടിലെ സാമ്പത്തികാവസ്ഥ മോശമായിരുന്നെങ്കിലും പട്ടത്തിന്‍റെ ചടങ്ങുകളെല്ലാം മനോഹരമായി നടത്താന്‍ കര്‍ത്താവ് സഭാധികാരികളിലൂടെ വഴിയൊരുക്കി. വൈദികപട്ടം കഴിഞ്ഞിട്ടും എല്ലാ മേഖലകളിലും കര്‍ത്താവ് വിജയംതന്നെ എപ്പോഴും നല്‍കിക്കൊണ്ടിരുന്നു. അതോടൊപ്പം സഹനങ്ങളും…
അച്ചന്‍ മരിച്ചുപോയിരുന്നെങ്കില്‍!

2007-ല്‍ നെയ്യാറ്റിന്‍കര രൂപതയിലെ ഉദയംകുളങ്ങര-അമരവിള പള്ളിയിലായിരുന്നു സേവനം ചെയ്തിരുന്നത്. മാര്‍ച്ച് അഞ്ചിന് കൊറ്റാമം എന്ന സബ്‌സ്റ്റേഷനില്‍ ബലിയര്‍പ്പിച്ച് മടങ്ങുമ്പോള്‍ ബൈക്ക് യാത്രികനായ ഞാന്‍ റോഡ് കുറുകെക്കടക്കാന്‍ ശ്രമിക്കവേ ഒരു അപകടം ഉണ്ടായി.
അപകടം നടന്നതിന് ദൃക്‌സാക്ഷിയായ ഒരു സിസ്റ്റര്‍ പറഞ്ഞത് ഞാനിപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. അന്ന് അപകടസ്ഥലത്ത് രക്തം തളം കെട്ടിക്കിടക്കുകയായിരുന്നുവത്രേ. സിസ്റ്ററുള്‍പ്പെടെയുള്ളവര്‍ ഞാന്‍ മരിച്ചുപോയിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് ചിന്തിക്കുന്നത്ര ഭീകരമായിരുന്നു അവസ്ഥ. എന്നാല്‍ റോഡ് മുഴുവന്‍ ബ്ലോക്ക് ആയപ്പോള്‍ ഏതോ ഒരു വാഹനത്തിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ എന്‍റെ രക്തം പ്രവഹിക്കുന്ന കാലിന്‍റെ മുറിഞ്ഞ ഭാഗത്തിനുമുകളില്‍ എന്‍റെതന്നെ പാന്റ്‌സ് വലിച്ചുകീറി കെട്ടിവച്ചു. ഞാനപ്പോഴും വൈദികവസ്ത്രത്തില്‍ത്തന്നെയായിരുന്നു. അങ്ങനെയാണ് അമിതരക്തസ്രാവംമൂലമുള്ള മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്.

ഇപ്രകാരം വിവിധരീതികളില്‍ കര്‍ത്താവിന്‍റെ കരുതല്‍ പ്രകടമായിരുന്നു. അതിവേഗം എന്‍റെ ചികിത്സകള്‍ നടത്തുന്നതിനായി വലിയ തുകതന്നെ സന്യാസസഭാധികാരികള്‍ നല്കി. ആദ്യം പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയില്‍നിന്ന് കൂടുതല്‍ ചികിത്സകള്‍ക്കായി വേറെ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ഒടുവില്‍ എന്‍റെ വലതുകാലിന്‍റെ മുട്ടിനുതാഴെവച്ച് മുറിച്ചുകളയേണ്ടിവന്നു. പിന്നീട് കൃത്രിമക്കാല്‍ വയ്ക്കുകയാണ് ചെയ്തത്.
കാല്‍ പോയാലെന്ത്?
കുറച്ചുനാള്‍ കഴിഞ്ഞ് ഞാന്‍ ഇറ്റലിയില്‍ സേവനത്തിനായി അയക്കപ്പെട്ടു. അവിടെ ഇടവകവികാരിയും അസിസ്റ്റന്റ് വികാരിയും എല്ലാം ആയി സേവനം ചെയ്തു. അതിനിടെയും സഹനങ്ങള്‍ പിന്തുടര്‍ന്നു. എന്‍റെ ദൈവവിളിപോലും നഷ്ടപ്പെടുമോ എന്ന് തോന്നുന്ന ചില തെറ്റിദ്ധാരണകള്‍ നേരിടേണ്ടിവന്നു. ഇറ്റാലിയന്‍ ഭാഷമാത്രം സംസാരിക്കുന്ന അവിടത്തെ എന്‍റെ സഭാധികാരികളോട് കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുമനസിലാക്കാനും സാധിച്ചിരുന്നില്ല. ഒടുവില്‍ അവര്‍ എന്നെ പുറത്താക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് സമീപിച്ചു. ആ സമയത്ത് ഞാന്‍ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പിന്നെ നടന്നത് അത്ഭുതമാണ്, ഇറ്റാലിയന്‍ ഭാഷയില്‍ പ്രാവീണ്യമില്ലാത്ത ഞാന്‍ പറഞ്ഞത് അവര്‍ക്ക് വ്യക്തമായി മനസിലായി. തുടര്‍ന്ന് അവര്‍ എനിക്ക് അനുകൂലമായി തീരുമാനമെടുക്കുന്നവിധത്തില്‍ സാഹചര്യങ്ങള്‍ മാറുകയും ചെയ്തു. അങ്ങനെ ആ പ്രതിസന്ധി തരണം ചെയ്തു.

വീണ്ടും കേരളത്തിലേക്ക് മടങ്ങിവന്നപ്പോഴും എല്ലാ പ്രതികൂലങ്ങളിലും ദൈവികപരിപാലന ദൃശ്യമായിരുന്നു. സന്യാസസഭ എന്‍റെ ഉപയോഗത്തിനായി പ്രത്യേകം വാഹനം അനുവദിച്ചു. വീണ്ടും ഉന്നതപഠനത്തിന് അവസരം ഒരുക്കിത്തന്നു. അതോടൊപ്പം, പരിശുദ്ധാത്മ വരദാനങ്ങളില്‍ പരിശീലനം നേടി കൗണ്‍സിലിംഗ് നടത്തണമെന്ന ആഗ്രഹം മനസില്‍ ഉണര്‍ന്നിരുന്നു. അതിനായി എവിടെയാണ് പോകേണ്ടത് എന്ന ചിന്തയുമായി വ്യക്തിപരമായ ധ്യാനത്തിനായി ചാലക്കുടി പരിയാരം സിഎസ്ആര്‍ ആശ്രമത്തിലായിരുന്ന സമയം. അപ്രതീക്ഷിതമായി അവിടെ എത്തിയ നീലവസ്ത്രധാരിണിയായ ഒരു സിസ്റ്റര്‍ കുളത്തുവയല്‍ എന്‍.ആര്‍.സിയെക്കുറിച്ച് പറഞ്ഞുതന്നു. എന്‍റെ ആ നിയോഗത്തിന് പരിശുദ്ധ മാതാവ് നേരിട്ട് വന്ന് ഉത്തരം തന്നതുപോലുള്ള അനുഭവമായിരുന്നു അത്. തുടര്‍ന്ന് കുളത്തുവയലിലെത്തി പ്രാര്‍ത്ഥിക്കാനും വരദാനങ്ങളില്‍ പരിശീലനം നേടാനും സാധിച്ചു. കൗണ്‍സിലിംഗിലൂടെ അനേകര്‍ക്ക് സാന്ത്വനമാകാന്‍ ഈ പരിശീലനം ഏറെ ഉപകരിക്കുമെന്നാണ് പ്രതീക്ഷ.

ഒരു സാധാരണ വൈദികന്‍മാത്രമായിരുന്ന ഞാന്‍ കൂടുതല്‍ പവിത്രീകരിക്കപ്പെടാനും ഈശോയിലേയ്ക്കടുക്കാനും സഹനങ്ങള്‍ നിമിത്തമായി. ”ദുരിതങ്ങള്‍ എനിക്കുപകാരമായി. തന്മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ” (സങ്കീര്‍ത്തനങ്ങള്‍ 119/71). നല്ല ദൈവത്തിന് ഒരായിരം നന്ദി…
വരാപ്പുഴ അതിരൂപതയിലെ മാള-പള്ളിപ്പുറം സ്വദേശിയാണ് ഫാ. തോമസ്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റ് പഠനം നടത്തുന്നു.

'

By: ഫാ. തോമസ് കൊടിയന്‍ O.Carm

More
ജനു 10, 2025
Encounter ജനു 10, 2025

ജോലിക്കുശേഷം മടങ്ങുകയായിരുന്നു അദ്ദഹം. അപ്രതീക്ഷിതമായി കള്ളന്‍മാരുടെ ആക്രമണം. പണനഷ്ടം മാത്രമല്ല സംഭവിച്ചത്, മുഖമുള്‍പ്പെടെ ശരീരം മുഴുവന്‍ വികൃതമാകുംവിധം പരിക്കും. ആ വഴി വന്ന ഒരു പോലീസുകാരന്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം ചികിത്സ. അതുകഴിഞ്ഞിട്ടും വൈരൂപ്യം ബാക്കിയായി.
ഒരു ജോലി നേടാനുള്ള പരിശ്രമമായിരുന്നു പിന്നീട്. പക്ഷേ വൈരൂപ്യം ഒരു തടസമായി. ഒടുവില്‍ സര്‍ക്കസില്‍ കോമാളിയായി കയറിക്കൂടി. പക്ഷേ അദ്ദേഹത്തോട് സൗഹൃദം കാണിക്കാന്‍പോലും ആരും തയാറായില്ല.

നിരാശയില്‍ വീണതോടെ ആത്മഹത്യയെക്കുറിച്ചായിരുന്നു ചിന്ത… അങ്ങനെയിരിക്കെ ഒരുനാള്‍ ദൈവാലയത്തിനുമുന്നിലൂടെ നടന്നുപോകുമ്പോള്‍, അവിടെനിന്ന് വിശുദ്ധ കുര്‍ബാനയ്ക്കിടെ ഉയര്‍ന്നുകേട്ട ഒരു ഗാനം അദ്ദേഹത്തെ ആകര്‍ഷിച്ചു. അതിനാല്‍ ഉള്ളിലേക്ക് കയറിച്ചെന്നു. വിശുദ്ധബലിക്കുശേഷം അവിടത്തെ വൈദികനെ കണ്ടു, ആശ്വാസവാക്കുകള്‍ കേട്ടു.

ആ വൈദികന്‍വഴിയായിത്തന്നെ ഓസ്‌ട്രേലിയയിലെ ഒരു പ്രശസ്ത പ്ലാസ്റ്റിക് സര്‍ജന്‍, അദ്ദേഹത്തിന്‍റെ മുഖം സര്‍ജന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ തയാറായി. സര്‍ജറിക്കുശേഷം ലഭിച്ചത് മുമ്പത്തേതിനെക്കാള്‍ സുന്ദരമായ മുഖം! പിന്നീട് ആ യുവാവ് ഏറെ പ്രശസ്തനായി മാറി. ഇന്ന് നാം അദ്ദേഹത്തെ അറിയും, ‘പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്’ എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകന്‍ മെല്‍ ഗിബ്‌സണ്‍!

'

By: Shalom Tidings

More
ജനു 08, 2025
Encounter ജനു 08, 2025

വാഷിങ്ടണ്‍ ഡി.സി.യിലുള്ള പ്രമുഖ ധ്യാനഗുരുവും എഴുത്തുകാരനുമാണ് മോണ്‍സിഞ്ഞോര്‍ ചാള്‍സ് പോപ്. അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അനുഭവം അച്ചന്‍റെതന്നെ വാക്കുകളില്‍:
15 വര്‍ഷം മുമ്പ് ഞാന്‍ വാഷിങ്ടണ്‍ ഡി.സി.യിലെ ഓള്‍ഡ് സെന്റ്‌മേരീസില്‍ ദിവ്യബലി അര്‍പ്പിക്കുകയായിരുന്നു. കൂദാശ പരികര്‍മസമയം. തിരുവോസ്തി കരങ്ങളിലെടുത്ത് ആദരവോടെ ശിരസുനമിച്ചു പാവനമായ കൂദാശാവചനങ്ങള്‍ ഉരുവിട്ടു: ‘ഇത് എന്‍റെ ശരീരമാകുന്നു.’ അപ്പോള്‍ വിശ്വാസികള്‍ക്കിടയില്‍, വലതുഭാഗത്തെ നിരയില്‍നിന്ന്, ആരോ തീവ്രവേദനയാല്‍ ഞെളിപിരികൊള്ളുന്നതുപോലെ ഒരു ശബ്ദവും വന്യമൃഗങ്ങളുടെതുപോലൊരു മുരളലും. അത് മനുഷ്യന്‍റെ ശബ്ദമല്ല, കരടിയോ കാട്ടുപന്നിയോ മുരളുന്നതുപോലെ, ഒപ്പം വേദനിച്ചിട്ടെന്നപോലെ ഒരു ഞരക്കവും. അതെന്തായിരിക്കും? അറിയണമെന്ന ആഗ്രഹം ഉണ്ടായെങ്കിലും ദിവ്യബലിമധ്യേ അന്വേഷിക്കാന്‍ കഴിയില്ലല്ലോ.

വീണ്ടും, പാനപാത്രമുയര്‍ത്തി കൂദാശാവചനം ഞാന്‍ ഉച്ചരിച്ചു: ”ഇത് എന്‍റെ രക്തമാകുന്നു.”
അപ്പോള്‍ ദയനീയമൊരു ഞരക്കവും വലിയനിലവിളിയും: ”എന്നെ വെറുതെവിടൂ യേശുവേ… അങ്ങ് എന്തിനാണ് എന്നെ പീഡിപ്പിക്കുന്നത്?” ഉടന്‍, അപകടത്തില്‍പ്പെട്ട് മുറിവേറ്റതുപോലെ ഞരങ്ങിക്കൊണ്ട് ആരോ ദൈവാലയത്തില്‍നിന്ന് ഇറങ്ങിയോടി… പിന്‍വാതിലുകള്‍ ശക്തിയോടെ തുറന്നടഞ്ഞു.
എന്ത് സംഭവിക്കുന്നെന്ന് നോക്കാന്‍ കഴിഞ്ഞില്ലെങ്കിലും, പിശാച് ബാധിച്ച ഏതോ സാധുമനുഷ്യന്‍ വിശുദ്ധ കുര്‍ബാനയില്‍ ക്രിസ്തുവിനെ കണ്ട്, നില്ക്കക്കള്ളിയില്ലാതെ ഓടിരക്ഷപ്പെട്ടതാണെന്ന് വ്യക്തമായി. ‘പിശാചുക്കള്‍പോലും ഏകദൈവത്തില്‍ വിശ്വസിക്കുകയും അവ ഭയന്നുവിറയ്ക്കുകയും ചെയ്യുന്നു’ (യാക്കോബ് 2/19) എന്ന തിരുവചനം ഓര്‍മയിലെത്തി.

ദിവ്യബലിയില്‍ ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ സാന്നിധ്യം തിരിച്ചറിഞ്ഞ പിശാചുബാധിതന്‍ ഭയന്ന് നിലവിളിച്ച് ഓടിരക്ഷപ്പെട്ടു. ക്രൈസ്തവരായ നാം എല്ലാം അറിഞ്ഞിരുന്നിട്ടും തെല്ലും ആദരവോ ബഹുമാനമോ സ്‌നേഹമോ ഇല്ലാതെ, മന്ദോഷ്ണരാകുന്നു. പരിശുദ്ധ കുര്‍ബാനയിലൂടെ നമുക്ക് ഏറ്റവുമടുത്ത് ലഭ്യമായ അത്ഭുതകരവും അനുഗ്രഹദായകവുമായ ദൈവസാന്നിധ്യത്തെ നാം പലപ്പോഴും അവഗണിക്കുന്നു. ദിവ്യകാരുണ്യത്തിലൂടെ സംലഭ്യമാകുന്ന എണ്ണമറ്റ അനുഗ്രഹങ്ങളും നന്മകളും സ്വന്തമാക്കാതെ നിസംഗരായി കടന്നുപോകുന്നു. ദിവ്യസ്‌നേഹത്താല്‍ മാധുര്യമേറിയതെങ്കിലും അപരിമേയമായ മഹത്വത്തിന്‍റെ ശക്തിയാല്‍ മാലാഖമാര്‍പോലും ഞെട്ടിവിറയ്ക്കുന്ന ഭീതികരമായ ദൈവസാന്നിധ്യത്തെ മറന്ന് നാം ഉറക്കം തൂങ്ങുകപോലും ചെയ്യുന്നുവെന്ന് മോണ്‍. ചാള്‍സ് പരിതപിക്കുന്നു.

സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും സര്‍വാധിപതിയും സകലരുടെയും ന്യായാധിപനും ഭരണാധികാരിയുമായ മഹത്വത്തിന്‍റെ കര്‍ത്താവ്, നാം ആരുടെ മുമ്പില്‍ വിധികാത്ത് നില്‌ക്കേണ്ടിവരുമോ, ആ സര്‍വശക്തനായ ദൈവമാണ് ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്നത്. അവിടുത്തെ സ്‌നേഹിച്ച്, വിശ്വസിച്ച് ആദരിക്കാം. അല്ലെങ്കില്‍, ദിവ്യകാരുണ്യ നാഥനുമുമ്പില്‍ ഭയന്ന് വിറച്ച് ഓടിയൊളിക്കുന്ന, ദൈവത്താല്‍ ശപിക്കപ്പെട്ട പിശാചുക്കള്‍പോലും (യാക്കോബ് 2/19), ദൈവമക്കളായ നമ്മെ കുറ്റം വിധിക്കാന്‍ ധൈര്യപ്പെടും.
”ദൂതന്മാരെ വിധിക്കേണ്ടവരാണ് നാം എന്ന് നിങ്ങള്‍ക്ക് അറിവില്ലേ?” (1 കോറിന്തോസ് 6/3) എന്നത് നമുക്ക് മറക്കാതിരിക്കാം.

'

By: ആന്‍സിമോള്‍ ജോസഫ്

More