- Latest articles
തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള നെസ്റ്റ് ഡി അഡിക്ഷന്‍ സെന്ററില്‍ ഞാന്‍ നഴ്‌സായി ചെയ്തിരുന്ന സമയം. വയസ് 31 ആയതിനാല്‍ വിവാഹം കഴിക്കാന്‍ വീട്ടില്‍നിന്നും നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. വിവാഹത്തെക്കുറിച്ചുള്ള ചിന്തയോടെ ഒരു ധ്യാനത്തിനായി പോയി. നഴ്‌സുമാര്‍ക്കുള്ള ധ്യാനമായിരുന്നു അത്. ദൈവാലയത്തിലെ തൂണിനടുത്ത് ഒരു പെണ്‍കുട്ടിയെ കാണും. അവളോട് വിവാഹാഭ്യര്‍ത്ഥന നടത്താം എന്നുപോലും ഭാവനയില്‍ കണ്ടിരുന്നു. എന്നാല്‍ അങ്ങനെയൊരു പെണ്‍കുട്ടിയെ ധ്യാനത്തിനിടെ കണ്ടതേയില്ല. അതിനുപകരം മറ്റൊന്ന് സംഭവിച്ചു!
ഞാന്‍ കൗണ്‍സിലിംഗിനായി പോയത് ഒരു സിസ്റ്ററിന്‍റെയടുത്താണ്. വീട്ടിലെ പശ്ചാത്തലവും എന്‍റെ ചുരുക്കം വിവരങ്ങളുമെല്ലാം പങ്കുവച്ചതോടൊപ്പം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും പറഞ്ഞു. എന്നാല്‍ സിസ്റ്റര്‍ ചോദിച്ചത് വേറെന്തെങ്കിലും ആഗ്രഹമുണ്ടോ എന്നാണ്. വൈദികനാകാന്‍ മുമ്പ് ചിന്തിച്ചിരുന്നുവെന്നായിരുന്നു എന്‍റെ മറുപടി. അതേത്തുടര്‍ന്ന് വൈദികദൈവവിളിയെക്കുറിച്ചുള്ള ചിന്തയുമായി ആ ധ്യാനം കഴിഞ്ഞ് മടങ്ങി.
അമ്മാമ്മ ചൊല്ലിത്തന്നത്…
പള്ളിയും അനുബന്ധകാര്യങ്ങളുമായി ജീവിച്ചിരുന്നവരായിരുന്നു എന്‍റെ കുടുംബാംഗങ്ങള്‍. അപ്പാപ്പന്‍ കപ്യാരായിരുന്നു. അമ്മാമ്മയാകട്ടെ ഒരു ഭക്തസ്ത്രീയും. അമ്മാമ്മ പറയുന്നത് ഏറ്റുചൊല്ലുന്നതായിരുന്നു കുട്ടിക്കാലത്തെ എന്‍റെ പ്രാര്‍ത്ഥനാരീതി. എന്നും സ്‌കൂളിലേക്ക് പോകുന്നതിനുമുമ്പ് അമ്മാമ്മ ചൊല്ലിത്തരുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്, ”എല്ലാ കാര്യങ്ങളും നന്നായി പഠിക്കാന്‍ പറ്റണേ… കുറുമ്പ് കാണിക്കാന്‍ തോന്നരുതേ… അപ്പനെയും അമ്മയെയും ഒക്കെ നന്നായി നോക്കണേ… പഠിച്ചുപഠിച്ച് അച്ചനാക്കണേ…” ഞാനതെല്ലാം അതേപടി ഏറ്റുപറയും.
കാലം മുന്നോട്ടുപോയി. ഞാന്‍ തനിയെ പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു. സാവധാനം അമ്മാമ്മ പഠിപ്പിച്ചുതന്ന പ്രാര്‍ത്ഥനയെല്ലാം മാറി. കാലം കഴിയുന്തോറും വീട്ടിലെ സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള ചിന്ത എന്നെ മഥിച്ചു. എങ്ങനെയെങ്കിലും ഒരു ജോലി ചെയ്ത് അപ്പനെ സഹായിക്കണം എന്നായിരുന്നു മനസില്‍.
അതിനിടയില്‍ മെച്ചപ്പെട്ട മാര്‍ക്കോടെ പത്താം ക്ലാസ് വിജയിച്ചു. സയന്‍സ് വിഭാഗത്തില്‍ പ്ലസ് ടു പ്രവേശനവും കിട്ടി. അതിനാല്‍ത്തന്നെ പിന്നെ എങ്ങനെയെങ്കിലും പ്ലസ് ടു പൂര്‍ത്തിയാക്കുക, അതുകഴിഞ്ഞാലുടനെ എന്തെങ്കിലും ജോലി എന്നതായിരുന്നു ചിന്ത. ചിന്തിച്ചതുപോലെ പ്ലസ് ടു കഴിഞ്ഞപ്പോള്‍ അന്നത്തെ ഞങ്ങളുടെ വികാരിയച്ചനായിരുന്ന ഫാ.ജേക്കബ് മലയാറ്റി എസ്.ഡി.ബി വഴി ഒരു ഫോട്ടോസ്റ്റാറ്റ് കടയില്‍ ജോലി കിട്ടി. 800 രൂപയായിരുന്നു ആദ്യശമ്പളം. അച്ചന് അത് നല്‍കാമെന്ന് കരുതിയെങ്കിലും അച്ചന്‍ അത് വാങ്ങിയില്ല, പകരം ആ തുക വീട്ടില്‍ നല്കാന്‍ പറഞ്ഞയച്ചു.
ഒരു വരുമാനം കണ്ടെത്തിയ സന്തോഷത്തില്‍ മുന്നോട്ടുപോകുമ്പോള്‍, അല്പംകൂടി പഠിച്ചിരുന്നെങ്കില്‍ കൂടുതല്‍ നല്ല ജോലി ലഭിക്കുമായിരുന്നു എന്നു തോന്നി. പക്ഷേ സ്വയം പണം കണ്ടെത്തി ട്യൂഷന് പോയി പഠിക്കണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയിരിക്കേയാണ് ചേര്‍ന്ന ഒരു ‘ഓഫര്‍’ വരുന്നത്.
മാര്‍ക്കറ്റിലെ പയ്യന്‍
തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡിനോടനുബന്ധിച്ചുള്ള പച്ചക്കറി മാര്‍ക്കറ്റില്‍ ഒരു ചായക്കടയില്‍ ജോലി ചെയ്യാം. രാവിലെ 5.30 ആകുമ്പോള്‍ ജോലിക്കെത്തിയാല്‍ ഏതാണ്ട് 11 മണിയോടെ ജോലി കഴിയും. പിന്നെ ട്യൂഷന് പോകാം. മാത്രവുമല്ല, ജോലിക്കുള്ള പ്രതിഫലമായി പണവും രാവിലത്തെ ഭക്ഷണവും കിട്ടും. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ചായക്കടയിലെ ജോലി സ്വീകരിക്കാനുള്ള താത്പര്യക്കുറവ് മാറി.
അങ്ങനെ അവിടെ ജോലി തുടങ്ങി. ജോലിയുടെ ഭാഗമായി പച്ചക്കറിക്കടകളില്‍ ചായ കൊണ്ടുപോയി കൊടുക്കണം, അല്പനേരം കഴിഞ്ഞ് ഗ്ലാസുകള്‍ തിരിച്ചെടുക്കണം. അങ്ങനെ ആ കടകളിലുള്ളവരെയെല്ലാം പരിചയമായി. സേവിയേട്ടന്‍ എന്ന എന്‍റെ കടയുടമയോടുള്ള താത്പര്യവുംകൂടിയായതോടെ എന്‍റെ വീട്ടിലേക്ക് വേണ്ട പച്ചക്കറികള്‍ അവര്‍ സൗജന്യമായി തരാന്‍ തുടങ്ങി.
അങ്ങനെയിരിക്കേ ഒരു കടയുടമ എന്നോട് ചോദിച്ചു: ‘കടയില്‍ പച്ചക്കറി എടുത്തുകൊടുക്കാന്‍ നില്‍ക്കാമോ?’ ചിന്തിച്ചപ്പോള്‍ അത് കുറച്ചുകൂടി മെച്ചമുള്ള ജോലിയാണെന്ന് തോന്നിയതിനാല്‍ സ്വീകരിച്ചു. തുടര്‍ന്ന് വത്സന്‍ എന്ന ചേട്ടന്‍ അദ്ദേഹത്തിന്‍റെ കടയില്‍ കണക്കുകള്‍ എഴുതുന്ന റൈറ്റര്‍ ആയി എന്നെ എടുത്തു. അദ്ദേഹവും ഏറെ സഹായിച്ചു.
‘നിസ്വന്‍റെ’ ചോദ്യം
തുടര്‍ന്നാണ് തൃശൂര്‍ അതിരൂപതയുടെ ഫാമിലി അപ്പസ്‌തോലേറ്റ് സെന്ററില്‍ ജോലിക്കായി പോയത്. ആ സമയത്ത് ലൈബ്രറിയില്‍നിന്ന് ‘ദൈവത്തിന്‍റെ നിസ്വന്‍’ എന്ന നോവല്‍ വായിക്കാന്‍ എടുത്തു. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുടെ യഥാര്‍ത്ഥ ജീവിതത്തെ ആധാരമാക്കിയുള്ള ഒരു നോവല്‍. വാസ്തവത്തില്‍ ഒരു മനുഷ്യന് ഇങ്ങനെയൊക്കെ ആകാന്‍ കഴിയുമോ എന്ന ചിന്തയായിരുന്നു അത് വായിച്ചപ്പോള്‍ എന്‍റെ മനസില്‍. ആ പുസ്തകം അത്രമാത്രം സ്വാധീനിച്ചതിനാല്‍ വീണ്ടും അതുതന്നെ ലൈബ്രറിയില്‍നിന്ന് എടുത്തു.
അപ്പോഴെല്ലാം മനസില്‍ വിശുദ്ധ ഫ്രാന്‍സിസ് ചോദിക്കുന്നതുപോലെ, ”നിനക്കും ഇത് കഴിയുമോ?”
അപ്പോള്‍ ഞാനിങ്ങനെ മനസില്‍ പറയും, ”എനിക്ക് കഴിയില്ല ഫ്രാന്‍സിസ്! നീ ഫ്രാന്‍സിസ് ആണ്, ഞാന്‍ വെറും ലിജോ അല്ലേ?!!”
ഇങ്ങനെ പറയുമെങ്കിലും ഫ്രാന്‍സിസിനെപ്പോലെ ഒരു സമര്‍പ്പിതജീവിതം വേണമെന്ന ചിന്ത എന്‍റെ മനസില്‍ ഉണ്ടായിരുന്നു. എങ്കിലും വ്യക്തമായ ഒരു തീരുമാനമൊന്നും ഉണ്ടായില്ല. ഇങ്ങനെയൊക്കെയാണെന്നിരിക്കിലും നമ്മുടെ ദൈവവിളി മനസിലാക്കാനും സ്വീകരിക്കാനും നമ്മെ സഹായിക്കാന്‍ ദൈവം പലരെയും നിയോഗിക്കുമല്ലോ. അങ്ങനെ ചിലര്‍ എന്‍റെ ജീവിതത്തിലും എത്തി.
സിസ്റ്റര്‍ ജെസില്‍ നെടുമറ്റത്തില്‍ സി.എസ്.സി. ആയിരുന്നു അതിലൊരാള്‍. പ്രാര്‍ത്ഥനയും ത്യാ ഗവും സ്‌നേഹവും കരുതലുംവഴി എന്നെ തമ്പുരാന്‍റെ ബലിപീഠത്തിലേക്ക് നയിച്ചതില്‍ സിസ്റ്ററിന്‍റെയും കുടംബത്തിന്‍റെയും പിന്തുണ വലുതായിരുന്നു.
ഹോമിയോ ഡോക്ടര്‍ ആയ സിസ്റ്റര്‍ ലീമ എഫ്‌സിസിയും മറക്കാനാവാത്ത സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. ഫാമിലി അപ്പസ്‌തോലേറ്റ് ഓഫീസില്‍ ജോലി ചെയ്യവേ, ഒരിക്കല്‍ സിസ്റ്ററെ സന്ദര്‍ശിച്ചപ്പോള്‍ പ്രാര്‍ത്ഥിച്ച് ബൈബിള്‍ തുറക്കാന്‍ പറഞ്ഞു. അന്ന് എനിക്ക് ഏശയ്യായുടെ ഗ്രന്ഥം ആറാം അധ്യായമാണ് ലഭിച്ചത്. എട്ടാം വചനം എന്നില്‍ ആഴത്തില്‍ പതിഞ്ഞു, ”ആരെയാണ് ഞാന്‍ അയക്കുക? ആരാണ് നമുക്കുവേണ്ടി പോകുക? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍! എന്നെ അയച്ചാലും!” അന്ന് സിസ്റ്റര്‍ എനിക്കായി പ്രാര്‍ത്ഥിച്ചാണ് മടക്കിയയച്ചത്. എങ്കിലും വീട്ടിലെ കാര്യമോര്‍ത്തപ്പോള്‍ ഞാന്‍ മുന്നോട്ട് പോയില്ല.
മെയ്ല്‍ നഴ്‌സ്
അങ്ങനെയിരിക്കേ എനിക്ക് വലിയ താങ്ങായിരുന്ന ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ അന്തിക്കാടന്‍ മാറി ഫാ. വര്‍ഗീസ് കൂത്തൂര്‍ വന്നു. വര്‍ഗീസ് അച്ചനും എന്നെ വളരെയേറെ പിന്തുണച്ചു. മെയ്ല്‍ നഴ്‌സുമാര്‍ക്ക് നല്ല ജോലിസാധ്യതയുണ്ടെന്ന് പറഞ്ഞ് എന്നെ നഴ്‌സിംഗ് പഠനത്തിനയച്ചത് അദ്ദേഹമാണ്. അങ്ങനെ പുതിയ സാധ്യത തുറന്നുകിട്ടി.
അച്ചന്‍റെ കരുതലിലായിരുന്നു പഠനം. ആദ്യം ചെന്നൈയില്‍ ജോലി ചെയ്തശേഷം കുറച്ചുനാള്‍ തൃശൂര്‍ ചേറൂരിലുള്ള നെസ്റ്റ് ഡി അഡിക്ഷന്‍ സെന്ററിലായിരുന്നു ജോലി. എന്‍റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്നതിനായി അവിടെ ചാപ്പലില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു. അങ്ങനെയാണ് ധ്യാനത്തിന് പോകുന്നത്. തുടക്കത്തില്‍ പറഞ്ഞതുപോലെ, വിവാഹജീവിതത്തെക്കുറിച്ചുള്ള ചിന്തകളോടെയാണ് ധ്യാനത്തിന് പോയത്.
ഈശോ അത് മറന്നില്ല
അമ്മാമ്മയുടെ പ്രാര്‍ത്ഥനാനിയോഗം ഞാന്‍ മറന്നുപോയെങ്കിലും ഈശോ മറന്നിരുന്നില്ല എന്ന് വ്യക്തമാക്കുന്ന ചിന്തകളുമായാണ് ആ ധ്യാനത്തില്‍നിന്നുള്ള മടക്കം. വൈദികദൈവവിളി സ്വീകരിക്കുന്നതിനായി അപ്പോള്‍ എന്‍റെ മനസില്‍ രണ്ട് വ്യവസ്ഥകളാണ് ഉണ്ടായിരുന്നത്: കുടുംബത്തിന് സ്വന്തം വീട് വേണം, വീട്ടുകാര്യങ്ങള്‍ നോക്കിനടത്താന്‍ അനുജന് സാധിക്കണം. ഈ രണ്ട് ആവശ്യങ്ങളും താമസിയാതെ നിറവേറി. സ്വന്തമായി വീട് ലഭിച്ചു; അനുജന് വിദേശത്ത് ജോലിയുമായി. അതോടെ എനിക്ക് വൈദികനാകുന്നതിനുള്ള സാധ്യത തെളിഞ്ഞു. ആദ്യം അനുജന്‍ ലിന്റോയോടാണ് ഇക്കാര്യം പറഞ്ഞത്. അവന്‍ പൂര്‍ണ പിന്തുണ തന്നു. ശേഷം അപ്പനും അമ്മയും അനുജത്തിയുമെല്ലാം അടങ്ങുന്ന കുടുംബത്തോടും കാര്യം അവതരിപ്പിച്ചു. എന്നെക്കുറിച്ചുള്ള അവരുടെ സ്വപ്നം മറ്റൊന്നായിരുന്നെങ്കിലും ആരും എതിര്‍ത്തില്ല; എന്‍റെ ആഗ്രഹത്തിന് ഒപ്പം നിന്നു.
എനിക്ക് ലഭിച്ച ദൈവവിളിയെ സംബന്ധിച്ച് പറയുമ്പോള്‍ 1കോറിന്തോസ് 1/26-29 വചനങ്ങളാണ് ഓര്‍മ വരിക: ”സഹോദരരേ, നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ദൈവവിളിയെപ്പറ്റിത്തന്നെ ചിന്തിക്കുവിന്‍. ലൗകികമാനദണ്ഡമനുസരിച്ച് നിങ്ങളില്‍ ബുദ്ധിമാന്‍മാര്‍ അധികമില്ല; ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്‍മാരായവരെ ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും. നിലവിലുള്ളവയെ നശിപ്പിക്കാന്‍വേണ്ടി ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തിരഞ്ഞെടുത്തു.” അതിന്‍റെ കാരണവും തുടര്‍ന്നുള്ള വചനത്തില്‍ പറയുന്നു, ”ദൈവസന്നിധിയില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്.”
അങ്ങനെ കര്‍ത്താവിന്‍റെ തിരഞ്ഞെടുപ്പ് മുഖാന്തിരം 31-ാം വയസില്‍ ഞാന്‍ വൈദികവിദ്യാര്‍ത്ഥിയായി. 2024 ഏപ്രില്‍ പത്തിന് രാമനാഥപുരം രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ടില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ഇന്ന് വൈദികനായി ജീവിക്കുമ്പോള്‍ തിരുപ്പട്ടസ്വീകരണദിനത്തില്‍ പറഞ്ഞ തിരുവചനം ആവര്‍ത്തിക്കാനാണ് എനിക്കിഷ്ടം. ”അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നുകിട്ടിയിരിക്കുന്നത്; വിശിഷ്ടമായ അവകാശം എനിക്ക് ലഭിച്ചിരിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 16/6).
'2022 മാര്‍ച്ച് 25-ന് പരിശുദ്ധ അമ്മയുടെ മംഗളവാര്‍ത്ത തിരുനാളിന് ഞങ്ങളുടെ കുടുംബത്തിലെ മൂന്നുപേരെ സംബന്ധിച്ചുള്ള മംഗളകരമല്ലാത്ത വാര്‍ത്തകളാണ് ലഭിച്ചത്. ഒന്നാമതായി മൂത്ത സഹോദരന്‍റെ ഭാര്യ റോസിലിക്ക് ഗര്‍ഭപാത്രത്തില്‍ മുഴ. ഉടനെ ഓപ്പറേഷന്‍ ചെയ്ത് ബയോപ്‌സിക്ക് കൊടുക്കണം. രണ്ടാമത് റോസിലിചേച്ചിയുടെ സഹോദരന്‍ ഫ്രാന്‍സിസിന് കഴുത്തില്‍ മുഴ. ഓപ്പറേഷന്‍ ഉടനെ ചെയ്ത് ബയോപ്‌സി ചെയ്യണം. ഇവര്‍ രണ്ടുപേരെയും ഓപ്പറേഷനിലൂടെ, അധികം താമസിയാതെതന്നെ തമ്പുരാന്‍ സുഖപ്പെടുത്തി. റോസിലിചേച്ചിക്ക് വിശുദ്ധ എവുപ്രാസ്യാമ്മയുടെ മാധ്യസ്ഥ്യവും ഫ്രാന്‍സിസിന് കൃപാസനത്തിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യവും ലഭ്യമായി.
മൂന്നാമത്തേത് എന്‍റെ മൂത്ത സഹോദരിയായ ഫിലോമിനയുടേതായിരുന്നു. ചേച്ചിയെ സംബന്ധിച്ച് വ്യത്യസ്തമായ വഴികളായിരുന്നു തമ്പുരാന്‍ ഒരുക്കിയിരുന്നത്. 2022 മാര്‍ച്ച് 23-ന് ചേച്ചിക്ക് ശക്തിയായ ബ്ലീഡിങ്ങ് ഉണ്ടായി. ഭര്‍ത്താവും മകനും ജോലിക്ക് പോയതിനാല്‍ അടുത്ത വീട്ടിലെ നഴ്‌സ് പെണ്‍കുട്ടിയാണ് ചേച്ചിയെ ആശുപത്രിയിലെത്തിച്ചത്. രണ്ടു ദിവസത്തിനുശേഷം എല്ലാ ടെസ്റ്റുകളുടെയും റിപ്പോര്‍ട്ട് കിട്ടി. ഗര്‍ഭപാത്രത്തില്‍ കാന്‍സര്‍- നാലാമത്തെ സ്റ്റേജ്. കുടുംബം മുഴുവന്‍ തോരാത്ത കണ്ണീരിലായി. പൂനെയില്‍ സേവനം ചെയ്തുകൊണ്ടിരുന്ന ഞാനും ആശുപത്രിയില്‍ എത്തി. ചേച്ചി നിര്‍ബന്ധപൂര്‍വം പറഞ്ഞു: ”എന്നെ കീറിമുറിക്കേണ്ട. എന്‍റെ തമ്പുരാന്‍ എന്നെ നോക്കിക്കൊള്ളും.” ”കര്‍ത്താവാണ് എന്‍റെ ഇടയന്‍; എനിക്ക് ഒന്നിനും കുറവുണ്ടാവുകയില്ല” എന്ന 23/1 സങ്കീര്‍ത്തനമായിരുന്നു ചേച്ചിയുടെ ബലം.
ചേച്ചിക്ക് ഓപ്പറേഷന് വിധേയയാകാനുള്ള ആരോഗ്യം ഇല്ലാത്തതിനാലും ശരീരത്തിലെ എല്ലായിടത്തേക്കും പെട്ടെന്ന് പടരാന്‍ സാധ്യതയുള്ളതിനാലും ഡോക്‌ടേഴ്‌സ് ഓപ്പറേഷന്‍ ചെയ്യണ്ട എന്നുതന്നെ തീരുമാനിച്ചു. ആദ്യം ആറു കീമോതെറാപ്പി, പിന്നെ 20 റേഡിയേഷന്‍. ആറു കീമോയും പത്ത് റേഡിയേഷനും കഴിഞ്ഞപ്പോള്‍ മരുന്ന് മതിയെന്ന് പറഞ്ഞ് ആറുമാസം മരുന്ന് കഴിച്ചു. കീമോ ചെയ്യുന്ന സമയത്ത് നഴ്‌സ് ചോദിക്കും, ‘അമ്മേ, വേദനയുണ്ടോ?’
‘ഇല്ല’ എന്ന് ചേച്ചി പറയും. ഓരോ കീമോ കഴിയുമ്പോഴും പറയുന്നതിങ്ങനെയാണ്: ”മോളേ, ഞാന്‍ കീമോ ചെയ്യാന്‍ കിടക്കുമ്പോള്‍ എപ്പോഴും കാണുന്നത് നമ്മുടെ ഈശോ കുരിശില്‍ കിടന്ന് രക്തം ഒഴുക്കി, വേദനകൊണ്ട് പിടയുന്നതാണ്. അത് കാണുമ്പോള്‍ എന്‍റെ വേദനയൊന്നും എനിക്ക് വേദനയായേ തോന്നാറില്ല. സഹിക്കാന്‍ പ്രത്യേക ശക്തി, ഈ കാഴ്ചയിലൂടെത്തന്നെ എനിക്ക് കിട്ടുന്നുണ്ട്.” ആറോ എട്ടോ മണിക്കൂറുകള്‍ക്കുശേഷം ആശുപത്രിയില്‍നിന്ന് തിരിച്ചുവന്ന് അത്യാവശ്യം ചോറും ഒരു കറിയുംമാത്രം പെട്ടെന്ന് ചേച്ചിതന്നെ വച്ച്, വേഗം വന്ന് കിടക്കും. കിടന്നുകൊണ്ട് ശാലോം ടിവിയിലെ വിശുദ്ധ ബലിയിലും കരുണക്കൊന്തയിലും ജപമാലയിലും എല്ലാം സംബന്ധിക്കും. രാത്രിയില്‍ രോഗത്തിന്‍റെ അസ്വസ്ഥതകളാല്‍ ഉറങ്ങാതെ കിടക്കുമ്പോഴും കൈയിലെ ജപമാലമണികള്‍ ഉരുട്ടിക്കൊണ്ടേയിരിക്കും.
2023 മാര്‍ച്ചില്‍ ആറാമത്തെ എംആര്‍ഐ സ്‌കാന്‍ റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ കുറെപ്പേരുടെ അഭിപ്രായം ചേച്ചിയെ പാലിയേറ്റീവ് സെന്ററിലേക്ക് മാറ്റിയാലോ എന്നായിരുന്നു. ഇക്കാര്യം ചേട്ടനെയും മകനെയും മകളെയും അറിയിക്കാന്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്. തമ്പുരാന്‍റെ വലിയ ശക്തി, തിരുവചനത്തിലൂടെ അനുഭവിച്ചറിഞ്ഞിട്ടുള്ള ഞങ്ങളുടെ കുടുംബത്തിലെതന്നെ ഫാ. ജിജോ തട്ടില്‍ സിഎംഐയും ഞാനും തീരുമാനിച്ചു, അവരോട് ഇക്കാര്യം പറയുന്നില്ല എന്ന്. പകരം ഞങ്ങളും കുടുംബത്തിലുള്ളവരും കഴിയുന്നത്രയും ജപമാലകള്‍ ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ തീരുമാനിച്ചു. 2023 ഏപ്രില്‍മാസത്തില്‍ വീണ്ടും ആറ് കീമോ ചെയ്യാനുള്ള ഡോക്‌ടേഴ്‌സിന്‍റെ നിര്‍ദേശമനുസരിച്ച് അതെല്ലാം ചെയ്തശേഷം വീണ്ടും എംആര്‍ഐ സ്‌കാന്‍ എടുത്തു. ഈ റിപ്പോര്‍ട്ടിന് എല്ലാവരും ശ്വാസമടക്കിയാണ് കാത്തിരുന്നത്. 2024 മാര്‍ച്ച് ആദ്യ ആഴ്ചയില്‍ റിപ്പോര്‍ട്ട് കിട്ടി. തമ്പുരാന്‍ തൊട്ട് സുഖപ്പെടുത്തിയതിന്‍റെ തെളിവായിരുന്നു ആ റിപ്പോര്‍ട്ട്.
ചേച്ചിയെ ചികിത്സിച്ച മുസ്ലീം ലേഡി ഡോക്ടര്‍ ആ റിപ്പോര്‍ട്ട് കണ്ടതിനുശേഷം പറഞ്ഞതിങ്ങനെയാണ്: ”അമ്മേ, ഇതിലൊന്നും കാണാനില്ലല്ലോ. അമ്മയുടെ ദൈവം ശക്തനാണ്. ധൈര്യമായിരുന്നോളൂ. ദൈവം അമ്മയുടെ കൂടെയുണ്ട്…!”
തല്‍ക്കാലം മാറിനില്‍ക്കുന്ന കാന്‍സര്‍, പിന്നീട് ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ വരുന്നത് സാധാരണമായതിനാല്‍ 2024 ഏപ്രില്‍, മെയ് മാസത്തിനുള്ളില്‍ 25 റേഡിയേഷന്‍സ് ചെയ്യാന്‍ ഡോക്‌ടേഴ്‌സ് തീരുമാനിച്ചു. ഒരുപാട് നിര്‍ബന്ധത്തിനുശേഷം ചേച്ചി സമ്മതിച്ചു.
ജൂലൈ 16-ന് ഇടവകപ്പള്ളിയില്‍ പരിശുദ്ധ കര്‍മല മാതാവിന്‍റെ തിരുനാളിനുമുമ്പ് എല്ലാം തീരണം എന്നേ ചേച്ചി ആഗ്രഹിച്ചുള്ളൂ. റേഡിയേഷന്‍റെ അധികചൂടുകാരണം മൂലക്കുരുവിന്‍റെ പ്രശ്‌നം അധികമായപ്പോഴും നീറ്റലും വേദനയും ശക്തിയായപ്പോഴും വീടിനടുത്തുള്ള പള്ളിയില്‍ ചൊവ്വാഴ്ചയും ഞായറാഴ്ചയും ദിവ്യബലിയില്‍ ചേച്ചി സംബന്ധിക്കുമായിരുന്നു. കൂടാതെ ആഗ്രഹിച്ച തിരുനാളില്‍ സംബന്ധിക്കാനും സാധിച്ചു. പരിശുദ്ധ കര്‍മല മാതാവിന് കിരീടം അണിയിച്ചപ്പോള്‍ അമ്മയുടെ പുഞ്ചിരി കാണാനും അമ്മ ശക്തിപ്പെടുത്തുന്ന അനുഭവം സ്വന്തമാക്കാനും ചേച്ചിയെ നല്ല തമ്പുരാന്‍ അനുഗ്രഹിച്ചു.
”കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ അവിടുത്തെ പ്രകീര്‍ത്തിക്കും; അവര്‍ എന്നും സന്തുഷ്ടരായി ജീവിക്കും” (സങ്കീര്‍ത്തനം 22/26). ദൈവമേ ഒരായിരം നന്ദി… ഈശോയുടെയും എന്‍റെയും അമ്മേ… ഒരുപാട് നന്ദി.
ഉത്തരേന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലേക്ക് മിഷനുവേണ്ടി ചെന്നിറങ്ങിയത് ഒരു സന്ധ്യാസമയത്താണ്. നാളുകളായി മനസില്‍ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു മിഷന്‍. ഒടുവില്‍, പരിചയമുള്ള ഒരു വൈദികന്‍വഴിയാണ് ത്രിപുരയിലെ ആ മിഷന്‍പ്രദേശത്തേക്കുള്ള യാത്ര ക്രമീകരിക്കപ്പെട്ടത്. ഭാര്യയുമുണ്ട് ഒപ്പം. നാളുകളോളം പട്ടാളത്തില്‍ സേവനം ചെയ്തശേഷം ആരോഗ്യപ്രശ്‌നങ്ങള്‍നിമിത്തം സ്വയം വിരമിക്കുകയായിരുന്നു ഞാന്‍. ജോലിയുടെ ഭാഗമായി, ഉത്തരേന്ത്യയിലായിരുന്നു ഭാര്യാസമേതം ഏറെക്കാലവും ചെലവിട്ടത്. ഭാര്യയാകട്ടെ ഹിന്ദി അധ്യാപികയും. അതിനാല്‍ ഇരുവരും സാമാന്യം ഹിന്ദി കൈകാര്യം ചെയ്യും. ഞങ്ങളുടെ ഹിന്ദി പരിജ്ഞാനം മിഷനുവേണ്ടി ഉപയോഗിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം യാഥാര്‍ത്ഥ്യമായതിന്‍റെ സന്തോഷവും അതോടൊപ്പം അപരിചിതമായ സ്ഥലത്ത് എത്തിയതിന്‍റെ ആശങ്കയും സമ്മിശ്രമായ നിമിഷങ്ങള്‍.
മിഷനിലെ അത്ഭുതങ്ങള്‍
ഞങ്ങളെ സ്വീകരിച്ച് താമസിപ്പിക്കാന്‍ ഒരു കുടുംബം തയാറാണെന്ന് അറിയിച്ചിരുന്നു. അതനുസരിച്ച് ഞങ്ങളെ അവിടെെയത്തിച്ചവര്‍ വാഹനവുമായി മടങ്ങി. എന്നാല്‍ ഞങ്ങളെ സ്വീകരിക്കാമെന്ന് പറഞ്ഞ കുടുംബം അവര്‍ക്ക് വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് പറഞ്ഞ് അവസാനനിമിഷത്തില്‍ പിന്‍മാറിയെന്ന് അറിയിപ്പ് ലഭിച്ചു. അവിടെ നിസ്സഹായരായി നില്‌ക്കേ ആ പ്രദേശത്തുള്ള ദരിദ്രരായ ഒരു ക്രൈസ്തവകുടുംബം ഞങ്ങളെ സ്വീകരിക്കാന്‍ തയാറായി മുന്നോട്ടുവന്നു. അവരുടെ ഉപജീവനമാര്‍ഗം ഒരു ചെറിയ തട്ടുകടയില്‍ ചായ ഉണ്ടാക്കി വില്‍ക്കലായിരുന്നു. സാധാരണയായി 250 ചായയോളം വില്‍ക്കും. ഞങ്ങളെ സ്വീകരിച്ചതിന്‍റെ പിറ്റേന്ന് ഒരു അത്ഭുതകരമായ ദൈവിക ഇടപെടല്‍ അവരുടെ ജീവിതത്തിലുണ്ടായി. പതിവുള്ള 250 ചായയ്ക്കുപകരം അന്ന് വിറ്റുപോയത് ഏതാണ്ട് 2000 ചായ!!
അത് അവരെ വളരെയധികം സ്വാധീനിച്ചു.
വിശ്വാസവര്‍ധനവിന് കാരണമാവുകയും ചെയ്തു. സാവധാനം അവരുടെകൂടെ സഹായത്തോടെ മറ്റ് ക്രൈസ്തവകുടുംബങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ തുടങ്ങി. ക്രൈസ്തവവിശ്വാസം സ്വീകരിച്ച ഏറെപ്പേരുണ്ടെങ്കിലും സജീവമായി വിശ്വാസത്തില്‍ നിലനില്‍ക്കുന്നവരും ദിവ്യബലിക്കായി വരുന്നവരും കുറവായിരുന്നു. അതിനാല്‍ത്തന്നെ അവരെ വിശ്വാസത്തോടും ദൈവാലയത്തോടും അടുപ്പിക്കാനായിട്ടാണ് ഞങ്ങളെ അയച്ച വൈദികന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. അതിനായുള്ള പരിശ്രമങ്ങളില്‍ ഞങ്ങള്‍ മുഴുകി.
ഒരു സായാഹ്നത്തില്‍ സന്ദര്‍ശനത്തിനായി പോയത് ബൈക്ക് അപകടത്തില്‍ നടുവൊടിഞ്ഞ് കിടപ്പിലായ ഒരു സഹോദരിയുടെ വീട്ടിലാണ്. ഒരു കുന്നിന്‍മുകളിലായിരുന്നു അവരുടെ വീട്. ഞങ്ങള്‍ അവരുടെ വിശേഷങ്ങള്‍ ചോദിച്ച് ആ കുടുംബത്തിനായി പ്രാര്‍ത്ഥിച്ച് മടങ്ങി.
പിറ്റേന്ന്, സജീവവിശ്വാസികളുടെ സഹായത്തോടെ ദൈവാലയത്തില്‍ ഒരു പ്രാര്‍ത്ഥനാകൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. അതിലേക്ക് ഒരു സ്ത്രീ നടന്നുകയറിവന്നു. ശ്രദ്ധിച്ചപ്പോള്‍ അത് തലേന്ന് ഞങ്ങള്‍ സന്ദര്‍ശിച്ച വീട്ടിലെ കിടപ്പിലായിരുന്ന സഹോദരി!
മാസങ്ങളോളമായി അവര്‍ ദൈവാലയത്തില്‍ വന്നിട്ടില്ലെന്ന് അവിടെ എല്ലാവര്‍ക്കും അറിയാം. അവരെല്ലാം ആശ്ചര്യത്തോടെ നോക്കിനില്‍ക്കേ അവര്‍ വന്ന് തനിക്ക് സംഭവിച്ചതിനെക്കുറിച്ച് വിവരിച്ചു. തലേന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിച്ച് മടങ്ങിയതിനുശേഷം അര്‍ധരാത്രിയോടെ അവര്‍ ഈശോയെ സ്വപ്‌നത്തില്‍ കണ്ടു. എഴുന്നേറ്റുനില്‍ക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ് ഈശോ അവരെ അനുഗ്രഹിച്ചു. അങ്ങനെ അവര്‍ ധരിച്ചിരുന്ന ബെല്‍റ്റ് ഊരിമാറ്റി എഴുന്നേറ്റുനിന്നു. അവര്‍ സൗഖ്യപ്പെട്ടുകഴിഞ്ഞിരുന്നു!!
ആനന്ദക്കണ്ണീരോടെ അവര്‍ അക്കാര്യം സാക്ഷ്യപ്പെടുത്തിയതോടെ അവിടെ കൂട്ടനിലവിളികളോടെ പ്രാര്‍ത്ഥനയുയര്‍ന്നു. അവരെല്ലാം ആഴമായ വിശ്വാസത്തിലേക്ക് വന്നു. ആ സ്ത്രീയുടെ നിരീശ്വരവാദിയായിരുന്ന ഭര്‍ത്താവും വിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. പില്ക്കാലത്ത് അദ്ദേഹം അനേകം അവിശ്വാസികളെ വിശ്വാസത്തിലേക്ക് നയിക്കുന്ന ശുശ്രൂഷകനാകുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇന്നോളം സുവിശേഷത്തിനായി ജീവിക്കാന്‍ ഈശോ കൃപ തരുന്നു. അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും അവിടുന്ന് വചനം സ്ഥിരീകരിക്കുന്നുമുണ്ട്.
പെട്രോള്‍ പമ്പില്‍ സംഭവിച്ചത്…
എനിക്കുമുണ്ടായിരുന്നു വേദന നിറഞ്ഞ ഒരു ഭൂതകാലം. കഷ്ടത നിറഞ്ഞ ആ കാലങ്ങളില്‍ ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായിരുന്ന ഞാന്‍. അമ്മയുടെ രോഗം, വിവാഹപ്രായമെത്തിയ സഹോദരിമാര്‍… എല്ലാം എന്നെ ഏറെ വിഷമിപ്പിച്ചു. ആ സമയത്ത് പരിചയമുള്ള ഒരു ചേട്ടനിലൂടെ എനിക്ക് ലഭിച്ച ശാലോം ടൈംസ് മാസികയാണ് എന്‍റെ ജീവിതം മാറ്റിമറിച്ചത്. മാസിക ഞാന്‍ സ്ഥിരമായി വാങ്ങിവായിക്കാന്‍ തുടങ്ങി. സാവധാനം സമീപത്തുള്ള ജീസസ് യൂത്ത് കൂട്ടായ്മയുമായി ബന്ധപ്പെടാന്‍ സാഹചര്യം ഒരുങ്ങി. മറ്റ് പ്രാര്‍ത്ഥനകളെക്കാളേറെ അവര്‍ എനിക്ക് ജപമാലപ്രാര്‍ത്ഥനയാണ് പഠിപ്പിച്ചുതന്നത്. അതിലൂടെ ഞാന്‍ മരിയഭക്തിയിലും അതുവഴി ഈശോയോടുള്ള ബന്ധത്തിലും വളര്‍ന്നു. പിന്നീട് ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ധ്യാനത്തിലൂടെ ഈശോയെ കൂടുതല്‍ അറിയാന്‍ സാധിച്ചു. അമ്മയ്ക്ക് ധ്യാനത്തിലൂടെ സൗഖ്യം ലഭിച്ചു. സഹോദരിമാരെ വിവാഹം കഴിപ്പിച്ചയക്കാന്‍ വഴികളൊരുങ്ങി.
ഈശോയോട് പറഞ്ഞ വാശി
അന്നെല്ലാം മാമ്മോദീസ സ്വീകരിക്കാന്‍ ഞാനേറെ ആഗ്രഹിച്ചിരുന്നു. പക്ഷേ, വിശ്വാസത്തിലേക്ക് വന്ന് ഒരു സ്ഥിരതയായിട്ടേ മാമോദീസ സ്വീകരിക്കാവൂ എന്നാണ് വൈദികരിലൂടെ അറിഞ്ഞത്. അത് ശരിയാണെങ്കിലും എനിക്കത് ഉള്‍ക്കൊള്ളാന്‍ വിഷമമായിരുന്നു. അതിനാല്‍ ഞാനന്ന് കര്‍ത്താവിനോട് വാശിപിടിച്ച് ഒരു കാര്യം പറഞ്ഞു: ”ഇനി ഈശോ നേരിട്ട് എന്നോട് പറയാതെ ഞാന്‍ മാമോദീസ സ്വീകരിക്കുകയില്ല.” അല്പനാള്‍ കഴിഞ്ഞ് ദൈവാനുഗ്രഹത്താല്‍, എനിക്ക് പട്ടാളത്തില്‍ ജോലിയായി. പിന്നീട് ഉത്തരേന്ത്യയിലായിരുന്നു ജീവിതം.
പഞ്ചാബില്‍ സര്‍വീസിലിരിക്കുന്ന കാലം. ഇന്ത്യന്‍ പാര്‍ലമെന്റിനകത്ത് പാക്കിസ്ഥാനി തീവ്രവാദികള്‍ വന്ന് വെടിയുതിര്‍ത്തതിന്‍റെ അനന്തരഫലമായി ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യം വന്നു. ഞങ്ങള്‍ പട്ടാളക്കാര്‍ മുഴുവന്‍ അതിര്‍ത്തിയിലേക്ക് നീങ്ങി. സര്‍ക്കാര്‍ ഏതു സമത്ത് യുദ്ധം പ്രഖ്യാപിച്ചാലും യുദ്ധം ആരംഭിക്കാന്‍ തയാറെടുത്താണ് കഴിയുന്നത്. അല്പനാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് യുദ്ധമുഖത്തേക്ക് സാധനങ്ങള്‍ കയറ്റിവിടുന്ന ഉത്തരവാദിത്വം നല്കപ്പെട്ടു. അതിനാല്‍ മറ്റ് തിരക്കുകള്‍ കുറഞ്ഞു. അതിനാല്‍ അവിടെയായിരിക്കുമ്പോള്‍ എല്ലാ ദിവസവും നല്ലവണ്ണം പ്രാര്‍ത്ഥിക്കുകയും ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
ഈശോ നേരിട്ട് പറഞ്ഞത്…
അക്കാലങ്ങളിലെല്ലാം ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരു നിയോഗമുണ്ട്, മരിക്കുമ്പോള്‍ കൃപയിലായിരിക്കണമെന്ന്. കൃപയില്‍ ആയിരിക്കുക എന്നാല്‍, എല്ലാ ദിവസവും ജപമാല ചൊല്ലുക, ബൈബിള്‍ വായിക്കുക, പ്രാര്‍ത്ഥിക്കുക എന്നെല്ലാമാണ് ഞാന്‍ ധരിച്ചിരുന്നത്. അതിനാല്‍ ഒരു ദിവസം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാനിങ്ങനെ ചിന്തിച്ചു, ”ഇപ്പോള്‍ മരിച്ചാല്‍ ഞാന്‍ സ്വര്‍ഗത്തില്‍ പോകും. പ്രാര്‍ത്ഥനയിലും ഒരുക്കത്തിലുമൊക്കെയാണല്ലോ.” പെട്ടെന്ന് ഉള്ളില്‍ പരിശുദ്ധാത്മാവിന്‍റെ ശക്തമായ സ്വരം: ”ഇപ്പോള്‍ മരിച്ചാല്‍ നീ സ്വര്‍ഗത്തില്‍ പോകുമെന്ന് ആരാണ് പറഞ്ഞത്?!”
ആ സ്വരം വീണ്ടും വീണ്ടും കേട്ടു. പെട്ടെന്ന് ഞാന്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി എന്‍റെ സൈക്കിള്‍ എടുത്ത് റൂമിലേക്ക് പോയി. അവിടെച്ചെന്ന് കതകടച്ച് മെഴുകുതിരി കത്തിച്ചുവച്ച് മുട്ടിന്മേല്‍നിന്ന് പ്രാര്‍ത്ഥിച്ചു: ”കര്‍ത്താവേ, എന്നോട് സംസാരിക്കണം.”
പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ബൈബിള്‍ എടുത്ത് വായിക്കാനായി പ്രേരണ കിട്ടി. അങ്ങനെ ഒരു വചനഭാഗം തുറന്ന് വായിച്ചു: യോഹന്നാന്‍ 3/5- ”സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല.” അത് മാമ്മോദീസയെക്കുറിച്ചാണെന്ന് മനസിലായെങ്കിലും വീണ്ടും സംശയം. അതിനാല്‍ ബൈബിളിന്‍റെ അവസാനഭാഗം തുറന്ന് വായിച്ചു. തുറക്കുമ്പോള്‍ വിരല്‍ വയ്ക്കുന്ന ഭാഗം ഏതാണോ അതിലൂടെ കര്‍ത്താവ് സംസാരിക്കുമെന്ന ബോധ്യത്തിലാണ് അന്ന് വചനം വായിച്ചിരുന്നത്. അങ്ങനെ വീണ്ടും ലഭിച്ച വചനഭാഗം 1പത്രോസ് 3/19-21 ആയിരുന്നു: ”…പെട്ടകത്തിലുണ്ടായിരുന്ന എട്ടുപേര്‍മാത്രമേ ജലത്തിലൂടെ രക്ഷപ്രാപിച്ചുള്ളൂ. അതിന്‍റെ സാദൃശ്യമുള്ള ജ്ഞാനസ്‌നാനം ഇപ്പോള്‍ നിങ്ങളെ രക്ഷിക്കുന്നു. അത് നിങ്ങളുടെ ശരീരത്തിലെ മാലിന്യത്തിന്‍റെ നിര്‍മാര്‍ജനമല്ല; മറിച്ച്, ശുദ്ധമന:സാക്ഷിക്കായി യേശുക്രിസ്തുവിന്‍റെ ഉത്ഥാനംവഴി ദൈവത്തോട് നടത്തുന്ന പ്രാര്‍ത്ഥനയാണ്.”
‘മാമ്മോദീസ വേണം, ഇപ്പോള്‍ത്തന്നെ’
മാമോദീസ സ്വീകരിക്കുക എന്നത് നിര്‍ബന്ധമാണ് എന്നെനിക്ക് ഉറപ്പായി. ഉടനെ സൈക്കിള്‍ എടുത്ത് അഞ്ചുകിലോമീറ്റര്‍ ദൂരത്തുള്ള അബോഹര്‍ സേക്രഡ് ഹാര്‍ട്ട് ദൈവാലയത്തിലേക്ക് പോയി. അവിടെയാണ് ഏതാണ്ട് പത്ത് പട്ടാളക്കാര്‍ക്കൊപ്പം ഞായറാഴ്ചകളില്‍ ഞാന്‍ പോകാറുള്ളത്. ഈശോയെക്കുറിച്ച് പങ്കുവച്ചും പ്രാര്‍ത്ഥിച്ചുമൊക്കെ ചെറിയ അനുഭവങ്ങള്‍ ലഭിച്ചിട്ടുള്ള മറ്റ് പട്ടാളക്കാരാണ് എന്നോടൊപ്പം കുര്‍ബാനയ്ക്ക് വന്നിരുന്നത്. ക്രൈസ്തവനായിരുന്ന ഞങ്ങളുടെ മേധാവി എന്നെക്കുറിച്ച് പറയുകയും ചെയ്തിട്ടുള്ളതുകൊണ്ട് അവിടത്തെ വികാരിയായിരുന്ന ഫാ. സണ്ണി കുരിശുംമൂട്ടിലിന് എന്നെ കാര്യമായിരുന്നു. മാമോദീസ സ്വീകരിക്കണമെന്ന് അച്ചനോട് പറഞ്ഞപ്പോള്‍ ‘സഭയുടെ കുറച്ച് നിയമങ്ങളൊക്കെ പഠിക്കണം, വേദോപദേശം പഠിക്കണം, അതുകൊണ്ട് നീ കുറച്ച് കാത്തിരിക്കണം’ എന്നുമാത്രമേ പറഞ്ഞുള്ളൂ. തുടര്‍ന്ന് ചെറിയൊരു പുസ്തകം എനിക്കെടുത്തുതന്നു.
ഉടനെതന്നെ മാമ്മോദീസ സ്വീകരിക്കണമെന്നാണല്ലോ എന്‍റെ ആഗ്രഹം. അതിനാല്‍ ഞാന്‍ അവിടെയിരുന്നുതന്നെ അതെല്ലാം പഠിക്കുവാന്‍ ശ്രമിച്ചു. ജപമാലയുള്‍പ്പെടെ കുറെ പ്രാര്‍ത്ഥനകള്‍ എനിക്കറിയാമായിരുന്നു. പിന്നെ ചില പ്രാര്‍ത്ഥനകള്‍മാത്രമേ പഠിക്കാനുണ്ടായിരുന്നുള്ളൂ. അവയെല്ലാം പരിശുദ്ധാത്മാവിന്‍റെ പ്രത്യേകസഹായം ചോദിച്ച് അവിടെയിരുന്ന് തീവ്രമായി പഠിക്കുകയാണ് ചെയ്തത്. രണ്ടുമണിക്കൂര്‍ കഴിഞ്ഞ് അച്ചന്‍ പുറത്തേക്ക് വന്നപ്പോഴുണ്ട് ഞാന്‍ അവിടെത്തന്നെ ഇരിക്കുന്നു. എന്നെ കണ്ടപ്പോള്‍, ‘നീ ഇതുവരെ പോയില്ലേ’ എന്ന് ചോദിച്ചു.
ഞാന്‍ പറഞ്ഞു, ”എനിക്ക് ഇപ്പോള്‍ത്തന്നെ മാമോദീസ സ്വീകരിക്കണം. നാളെയെങ്ങാനും യുദ്ധം ഉണ്ടായി ഞാന്‍ മരിച്ചാല്‍ എനിക്ക് സ്വര്‍ഗത്തില്‍ പോകാന്‍ പറ്റില്ല.”
എന്‍റെ വാക്കുകള്‍ കേട്ട അച്ചന്‍, പെട്ടെന്ന് അതിലേ പോയൊരു സിസ്റ്ററിനെ വിളിച്ച് ഞാന്‍ വേദോപദേശമൊക്കെ പഠിച്ചോ എന്ന് പരിശോധിക്കാന്‍ പറഞ്ഞു. സിസ്റ്റര്‍ ചോദിച്ചതെല്ലാം ഞാന്‍ തെറ്റുകൂടാതെ പറഞ്ഞു കേള്‍പ്പിച്ചു. അതോടെ അച്ചന്‍ എന്നെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു, ”ഇപ്പോള്‍ ക്രിസ്മസിന്‍റെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെയുള്ള മലയാളി കുടുംബങ്ങളെ വിളിച്ച് ഉണ്ണിക്കുവേണ്ടി മലയാളത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് ക്രിസ്മസിന്‍റെ തലേദിവസം മാമോദീസ തരാം.”
അതുപ്രകാരം ഞാന്‍ മടങ്ങി ആ ദിവസത്തിനായി കാത്തിരുന്നു. അച്ചന്‍ പറഞ്ഞതുപോലെതന്നെ ക്രിസ്മസ് തലേന്ന് എനിക്ക് പുതുജനനം നല്കിക്കൊണ്ട് മാമ്മോദീസ തന്നു. അച്ചന്‍ മുന്‍കൈയെടുത്ത് ദൈവാലയത്തില്‍ ലഘുവിരുന്നും ഒരുക്കിയിരുന്നു. അങ്ങനെ സ്വന്തക്കാര്‍ ആരുമില്ലാതിരുന്നെങ്കിലും 2001 ഡിസംബര്‍ 24-ന് രാവിലെ എന്‍റെ മാമ്മോദീസ ആഘോഷമായിത്തന്നെ നടന്നു. ആ ക്രിസ്മസ് രാവിലേക്ക് ഞാന്‍ പ്രവേശിച്ചത് ഉണ്ണി ഫ്രാന്‍സിസ് എന്ന പുതിയ പേരിലാണ്.
പിന്നീട് എന്നെപ്പോലെതന്നെ ഹൈന്ദവപശ്ചാത്തലത്തില്‍നിന്ന് വന്ന അബീനയെ വധുവായി ലഭിച്ചു. വിവാഹശേഷമാണ് ആദ്യം സൂചിപ്പിച്ചതുപോലെ മിഷനായി പോകാന്‍ അവസരം ലഭിച്ചത്. മറ്റൊരു പ്രധാന ദൈവിക ഇടപെടല്‍ വിവാഹം കഴിഞ്ഞ് പതിനേഴു വര്‍ഷത്തിനുശേഷം 2022 ഏപ്രില്‍ 11-ന് ആദ്യത്തെ കുഞ്ഞായ ജോഷ്വായെ ലഭിച്ചതാണ്. അവന് അഞ്ചുമാസമായപ്പോഴേ മിഷന്‍ ശുശ്രൂഷയ്ക്കായി പോകാന്‍ ഈശോ അനുവാദവും അവസരവും തന്നു. പിന്നീട് 2024 ഏപ്രില്‍ 20-ന് രണ്ടാമത്തെ കുഞ്ഞ് നിര്‍മല തെരേസയും ജനിച്ചു. ദൈവപരിപാലനയാല്‍ ഇനിയും ദൈവശുശ്രൂഷ ചെയ്ത് ജീവിക്കണമെന്നാണ് ആഗ്രഹം.
'യേശുവിനെ സാക്ഷാല്‍ ഭൂതമായി തെറ്റിദ്ധരിച്ച ഒരു സംഭവം വിശുദ്ധ ബൈബിളില്‍ വിവരിക്കുന്നുണ്ട്. തെറ്റിദ്ധരിച്ചത് പുറമെയുള്ള ആരെങ്കിലുമോ പിശാചുബാധിതനെന്ന് അവനെ വിളിച്ച നിയമജ്ഞരോ ഫരിസേയരോ പുരോഹിത പ്രമുഖരോ ഒന്നുമല്ല. സാക്ഷാല്‍ അവിടുത്തെ സ്വന്തശിഷ്യന്മാര്‍തന്നെയാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷം 14-ാം അധ്യായം 22 മുതലുള്ള വചനങ്ങളില്‍ അതു വിവരിക്കുന്നുണ്ട്.
തന്‍റെ ശുശ്രൂഷാ ജീവിതത്തിലെ അത്യത്ഭുതകരമായ ആ സംഭവം അതായത് അഞ്ചപ്പംകൊണ്ട് അനേകായിരങ്ങളെ തീറ്റിപ്പോറ്റിയ ശുശ്രൂഷ നിര്‍വഹിച്ചശേഷം യേശു തന്‍റെ പ്രിയപ്പെട്ട ശിഷ്യന്മാരെ തനിക്കു മുമ്പിലായി തടാകത്തിന്‍റെ മറുകരയിലേക്ക് വഞ്ചിയില്‍ യാത്രയാക്കി. അതിനുശേഷം അവിടുന്ന് തനിച്ച് പ്രാര്‍ത്ഥിക്കുവാനായി മലയിലേക്കു പോയി. അവിടെ തന്‍റെ സ്‌നേഹപിതാവുമൊത്ത് സംഭാഷണത്തിലായി. അങ്ങനെ രാത്രിയായപ്പോഴും അവന്‍ മലമുകളില്‍ തനിച്ചായിരുന്നു. ഇതിനോടകം വഞ്ചി കരയില്‍നിന്നും വളരെ അകന്നുകഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍ അവര്‍ വഞ്ചി തുഴയാന്‍ ഏറെ ഭാരപ്പെട്ടു. പ്രതികൂലകാറ്റില്‍പെട്ട് തോണി തകര്‍ന്ന് തങ്ങള്‍ മരിച്ചുപോകുമെന്ന് അവര്‍ ഭയപ്പെട്ടു.
അക്കരെയായിരുന്ന യേശു ശിഷ്യന്മാരുടെ നിസഹായാവസ്ഥ മനസിലാക്കി. അവിടുന്ന് ഉടന്‍തന്നെ കടലിനുമീതെ നടന്ന് അവരുടെ അടുത്തെത്തി. കടലിനുമീതേകൂടി നടന്ന് തങ്ങളുടെ അടുത്തേക്കുവരുന്ന യേശുവിനെ കാണുമ്പോള്‍ അവര്‍ അത്യധികം സന്തോഷിക്കുമെന്നായി രിക്കാം യേശു വിചാരിച്ചത്. പക്ഷേ കടലിനു മുകളിലൂടെ തങ്ങളെ സമീപിക്കുന്ന യേശുവിനെ കണ്ട് അവര്‍ അലറിവിളിച്ചു ‘അയ്യോ ഭൂതം ദൈവമേ, രക്ഷിക്കണേ.’ ഉടന്‍ അവന്‍ അവരോടു സംസാരിച്ചു ”ധൈര്യമായിരിക്കുവിന്‍. ഞാനാണ് ഭയപ്പെടേണ്ട.” അടുത്ത നിമിഷങ്ങളില്‍ അവന്‍ വഞ്ചിയില്‍ കയറി. അപ്പോള്‍ കാറ്റു ശമിച്ചു. വഞ്ചിയിലുണ്ടായിരുന്ന ശിഷ്യന്മാര്‍ അവനെ ആരാധിച്ചുകൊണ്ടു പറഞ്ഞു, ”സത്യമായും നീ ദൈവപുത്രനാണ്!” മിനിറ്റുകള്‍ക്കുമുമ്പ് ഭൂതം. ഇപ്പോഴോ ദൈവപുത്രന്‍!
യേശുവിന്‍റെ കൂടെ ഉണ്ടും ഉറങ്ങിയും അവന്‍റെ മാറത്തു തലചായ്ച്ചും അവന്‍റെ വചനങ്ങളും അത്ഭുതപ്രവൃത്തികളും ആവോളം കണ്ട് അവനോടൊപ്പം നിരന്തരം കൂട്ടായ്മ ആചരിച്ചിരുന്ന ശിഷ്യന്മാര്‍ക്കാണ് ജീവിതത്തിന്‍റെ ഒരു നിര്‍ണായകമായ പ്രതിസന്ധിയില്‍ അതു പരിഹരിക്കുവാനായി തങ്ങളുടെ നേര്‍ക്കു നടന്നടുക്കുന്ന യേശുവിനെ തിരിച്ചറിയാന്‍ കഴിയാതെ പോയത്. തിരിച്ചറിഞ്ഞില്ല എന്നുമാത്രമല്ല, ഭീകരമായ വിധത്തില്‍ അവിടുത്തെ തെറ്റിദ്ധരിക്കുകകൂടി ചെയ്തു. അവര്‍ അലറിവിളിച്ചു കരഞ്ഞു. ‘അയ്യോ ഭൂതം ദൈവമേ, രക്ഷിക്കണേ.’
നാം യേശുവുമായിട്ട് വളരെ അടുത്ത ബന്ധവും സഹവാസവും മുന്‍പരിചയവും ഒക്കെ ഉള്ളവരായിരിക്കാം. പക്ഷേ ചില നിര്‍ണായക നിമിഷങ്ങളിലെ പ്രതിസന്ധികളില്‍ നമ്മെ രക്ഷിക്കാനായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അവിടുത്തെ നാം ഭീകരമായ വിധത്തില്‍ തെറ്റിദ്ധരിച്ച് അവനെതിരെ മുറവിളി കൂട്ടും. അതുമല്ലെങ്കില്‍ നാമുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള അവിടുത്തെ കടന്നുവരവിനെയും ഇടപെടലുകളെയും തെറ്റിദ്ധരിച്ച് അവരുടെ ജീവിതത്തിലും നാം പ്രശ്‌നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കും. സത്യദൈവംതന്നെയായ അവിടുത്തെ നാം ഭൂതമെന്ന് അട്ടഹസിച്ച് രക്ഷയ്ക്കായി നിലവിളിക്കും. നമ്മുടെ ജീവിതത്തെ ഒന്ന് പിന്തിരിഞ്ഞുനോക്കിയാല്‍ ഇതുപോലുള്ള അനേക പ്രശ്‌നങ്ങള്‍ നമ്മുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും വരുത്തിക്കൂട്ടുന്നുണ്ടെന്ന് തിരിച്ചറിയുവാന്‍ കഴിയും. കര്‍ത്താവ് പറയുന്നു ”എന്‍റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല. നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയില്‍നിന്നും ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്‍റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ!” (ഏശയ്യാ 55:8-9).
ഹന്ന! തെറ്റിദ്ധരിക്കപ്പെട്ട ഇസ്രായേല്‍പുത്രി!
ന്യായാധിപനും പുരോഹിതുമായ സാമുവേല്‍ പ്രവാചകന്‍റെ അമ്മ ‘ഹന്ന’ പ്രധാന പുരോഹിതനാല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു ഇസ്രായേല്‍പുത്രിയാണ്. ഹന്ന, എല്‍ക്കാന എന്നൊരാളുടെ ഭാര്യയായിരുന്നു. എല്‍ക്കാനക്ക് രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. ഹന്നായും പെനീന്നായും. പെനീന്നാക്ക് ധാരാളം മക്കളുണ്ടായിരുന്നു. എന്നാല്‍ ഹന്ന സന്താനരഹിതയായിരുന്നു. അതിനാല്‍ സപത്‌നിയായ പെനീനാ ഹന്നായെ കൂടെക്കൂടെ നിന്ദിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. കുട്ടികളില്ലാത്ത അവസ്ഥയും സപത്‌നിയുടെ ആക്ഷേപവും ഹന്നായുടെ ജീവിതത്തെ വലിയ ദുഃഖത്തിലാഴ്ത്തി.
എല്ലാ വര്‍ഷവും കര്‍ത്താവിന്‍റെ ഭവനത്തില്‍ ബലിയര്‍പ്പിക്കുവാനും പ്രാര്‍ത്ഥിക്കുവാനുമായി പോയിരുന്നപ്പോഴൊക്കെ അവര്‍ കുട്ടികളില്ലാത്തതിന്‍റെ നൊമ്പരവും സപത്‌നിയായ പെനീനായുടെ ആക്ഷേപശരങ്ങള്‍മൂലമുള്ള കണ്ണുനീരും കര്‍തൃസന്നിധിയില്‍ സമര്‍പ്പിച്ചുകൊണ്ടിരുന്നു.
ഒരിക്കല്‍ ഏറെ ഹൃദയവ്യഥയോടും കണ്ണുനീരോടുംകൂടെ ഹന്ന തന്‍റെ ദുഃഖങ്ങളും നെടുവീര്‍പ്പുകളും കര്‍തൃസന്നിധിയില്‍ ചൊരിയുകയായിരുന്നു. കഠിനമായ ദുഃഖത്താല്‍ കരഞ്ഞുകൊണ്ടുള്ള അവളുടെ പ്രാര്‍ത്ഥന കണ്ട് പുരോഹിതനായ ഏലി അവളെ തെറ്റിദ്ധരിച്ചു. അവള്‍ ഹൃദയത്തില്‍ കര്‍ത്താവിനോട് സംസാരിക്കുകയായിരുന്നു. അധരം മാത്രമേ ചലിച്ചിരുന്നുള്ളൂ. ശബ്ദം പുറത്തുവന്നുമില്ല. അതിനാല്‍ അവള്‍ മദ്യപിച്ചിട്ടുണ്ടെന്ന് ഏലി പുരോഹിതനു തോന്നി.
ഏലി അവളോടു പറഞ്ഞു ”എത്രനാള്‍ നീ ഉന്മത്തയായിരിക്കും. നിന്‍റെ ലഹരി അവസാനിപ്പിക്കുക.” ഹന്നക്ക് ആ പ്രഹരം താങ്ങാവുന്നതിലും അധികമായിരുന്നു. ഹന്നാ പ്രത്യുത്തരിച്ചു ”എന്‍റെ ഗുരോ, ഞാന്‍ മദ്യപിച്ചിട്ടില്ല. വീഞ്ഞോ ലഹരിപാനീയങ്ങളോ ഞാന്‍ കഴിച്ചിട്ടില്ല. കര്‍ത്താവിന്‍റെ മുമ്പില്‍ എന്‍റെ ഹൃദയവിചാരങ്ങള്‍ ഞാന്‍ പകരുകയായിരുന്നു. ഈ ദാസിയെ അധഃപതിച്ച ഒരുവളായി വിചാരിക്കരുതേ.” അനന്തരം അവള്‍ തന്‍റെ ഹൃദയവ്യഥകള്‍ ഏലിയോട് തുറന്നുപറഞ്ഞു. ഏലിപുരോഹിതന് അവളോട് അനുകമ്പ തോന്നി. അ വളെ ആശ്വസിപ്പിച്ച് അനുഗ്രഹിച്ച് പറഞ്ഞയച്ചു. ഹന്ന ഗര്‍ഭിണിയായി. ദൈവം അവള്‍ക്ക് നല്‍കിയ പുത്രനാണ് ന്യായാധിപനായ സാമുവല്‍. ദൈവം അവളുടെ ജീവിതത്തെ മേല്‍ക്കുമേല്‍ അനുഗ്രഹപൂര്‍ണമാക്കി.
പക്ഷേ ദൈവത്താല്‍ അനുഗ്രഹിക്കപ്പെടുന്നതിനുമുമ്പ് ഹന്ന വഴിപിഴച്ചവളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട നിഷ്‌ക്കളങ്കയായ ഒരു ഇസ്രായേല്‍പുത്രി ആയിരുന്നു. തെറ്റിദ്ധരിച്ചതാകട്ടെ ദൈവാലയത്തിലെ പ്രധാന പുരോഹിതനായ ഏലിയും.
ദൈവാലയത്തില്‍ നിരന്തരം വസിച്ച് അനേകരുടെ കണ്ണുനീരും ഗദ്ഗദങ്ങളും കണ്ട് പരിചയപ്പെട്ട പ്രധാന പുരോഹിതന്‍ ഹന്നയുടെ കണ്ണുനീരിനെയും നേരാംവണ്ണം തിരിച്ചറിയേണ്ടതായിരുന്നു. പക്ഷേ അദ്ദേഹത്തിനതു കഴിഞ്ഞില്ല. എന്നുമാത്രമല്ല, മുറിവിന്മേല്‍ മുറിവ് എന്നവിധത്തില്‍ അദ്ദേഹമവളെ തെറ്റിദ്ധരിച്ചു ശകാരിച്ചു. ആരാധനയ്ക്കായി വരുന്നവരുടെ കണ്ണുനീരും ദുഃഖവും മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല അവരെ ക്രൂരമായി ശകാരിച്ചു വീണ്ടും മുറിപ്പെടുത്തുകയും ചെയ്തു എന്നത് ഒരു പ്രധാന പുരോഹിതനെന്ന നിലയില്‍ ഏലിയുടെ വലിയ പരാജയംതന്നെയായിരുന്നു. പൊതുജനം ഹന്നായെപ്പോലുള്ളവരെ തെറ്റിദ്ധരിക്കുക എന്നത് സ്വാഭാവികമാണ്. പക്ഷേ ഇവിടെയിതാ മനുഷ്യന്‍റെ കണ്ണുനീരും ഗദ്ഗദങ്ങളും നിരന്തരം കണ്ടുകൊണ്ട് ദൈവാലയത്തില്‍ വസിക്കുന്ന പ്രധാന പുരോഹിതന്‍ അവളെ വഴിതെറ്റിയവളായി തെറ്റിദ്ധരിച്ച് ശകാരിച്ച് വീണ്ടും വ്രണപ്പെടുത്തുന്നു. ഏറ്റവും സങ്കടകരമായി നമുക്കീ സംഭവം കാണേണ്ടിയിരിക്കുന്നു.
പുതുവീഞ്ഞിന്‍റെ ലഹരി ആദ്യപന്തക്കുസ്തായിലും
ആദ്യപന്തക്കുസ്തായില്‍ പരിശുദ്ധാത്മാവ് ശിഷ്യഗണത്തിന്മേലും അവരോടുകൂടെ ഒന്നിച്ചുകൂടിയിരുന്നരുടെമേലും വന്നുനിറഞ്ഞപ്പോള്‍ അവര്‍ ആത്മാവുകൊടുത്ത ഭാഷണവരമുപയോഗിച്ച് മറുഭാഷയില്‍ സംസാരിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. ആകാശത്തിനുകീഴെ സകല ജനപദങ്ങളിലും നിന്നുവന്ന ഭക്തരായ യഹൂദര്‍ അവിടെ ഉണ്ടായിരുന്നു. അവരെല്ലാവരും ശിഷ്യന്മാര്‍ സംസാരിക്കുന്നത് താന്താങ്ങളുടെ ഭാഷയില്‍ കേട്ടു. അവരില്‍ പലരും പരിഭ്രമിച്ച് എന്താണ് ഈ ദൈവിക ഇടപെടലിന്‍റെ അര്‍ത്ഥമെന്ന് പരസ്പരം പറഞ്ഞു. എന്നാല്‍ വേറൊരു കൂട്ടരാകട്ടെ ഇപ്രകാരം പറഞ്ഞു. അവര്‍ക്ക് പുതുവീഞ്ഞു കുടിച്ച് ലഹരി പിടിച്ചിരിക്കുകയാണ്. അതാണ് ഈ ബഹളത്തിന്‍റെ കാരണം. ഇവിടെയും ദൈവാരൂപിയുടെ അതിശക്തമായ പ്രവര്‍ത്തനം ക്രൂരമായി വിമര്‍ശിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു.
നമ്മുടെ ജീവിതത്തിലും
ദൈവാരൂപിയുടെ പല പ്രവര്‍ത്തനങ്ങളും അതേ അനുഭവം കിട്ടാത്ത പലര്‍ക്കും തെറ്റിദ്ധാരണക്കും വിമര്‍ശനത്തിനും കാരണമാകും. നമ്മുടെ ബുദ്ധിയുടെ പരിമിതിയില്‍ നിന്നുകൊണ്ട് എല്ലാക്കാര്യങ്ങളെയും വിലയിരുത്തുന്നതും ഉത്തരം കണ്ടെത്തുന്നതും തെറ്റായ വിവേചനത്തിലേക്ക് നയിക്കും. തെറ്റായ വിവേചനത്തോടുകൂടിയ നമ്മുടെ വിലയിരുത്തലുകളും ശുശ്രൂഷകളും അതിനു വിധേയരാകുന്നവരെ മനസിടിവിലേക്കും മുറിപ്പെടുത്തലിലേക്കും വഴിനടത്തും. അതിനാല്‍ ശുശ്രൂഷാവേദിയിലുള്ളവര്‍ ശരിയായ വിവേകത്തോടും വിവേചനത്തോടും കൂടി വാക്കുകള്‍ ഉപയോഗിക്കുക. അല്ലായെങ്കില്‍ മിക്കപ്പോഴും ‘വെളുക്കാന്‍ തേച്ചത് പാണ്ടാ’യിത്തീരുന്ന അവസ്ഥ നമ്മുടെ കരങ്ങളിലൂടെ കടന്നുപോകുന്ന ജീവിതങ്ങളുടെ കാര്യത്തില്‍ ഉണ്ടായെന്നിരിക്കും. അതിനാല്‍ ‘നശിപ്പിക്കുവാനല്ല പടുത്തുയര്‍ത്തുവാനാണ് ദൈവം നമുക്ക് അധികാരം തന്നിരിക്കുന്നതെന്ന’ ഉത്തമമായ അവബോധത്തോടെ നമുക്ക് വിവേകപൂര്‍വം ശുശ്രൂഷ ചെയ്യാം. അപ്പോള്‍ നമ്മുടെ ശുശ്രൂഷകള്‍ നൂറുമേനിയും അറുപതു മേനിയും ഫലം നല്‍കുന്നതായി പരിണമിക്കും. അതിനുള്ള കൃപാവരം ലഭിക്കുവാനായി നമുക്ക് പരിശുദ്ധാരൂപിയോട് മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം.
‘പ്രെയ്‌സ് ദ ലോര്‍ഡ്, ആവേ മരിയ’
ചീട്ടുകള്‍ ഉപയോഗിച്ചുള്ള കളിയില്‍ ഞാന്‍ വിദഗ്ധനൊന്നുമായിരുന്നില്ല. പക്ഷേ പലപ്പോഴും വിജയിക്കുമായിരുന്നു. കളി തീരുമ്പോള്‍ കൈനിറയെ പണം കിട്ടുകയും ചെയ്യും. കൂട്ടുകാരുടെ മുഖത്താകട്ടെ അപ്പോള്‍ ദുഃഖമായിരിക്കും. അതെന്നിലേക്കും പടരുമായിരുന്നു. മാത്രവുമല്ല, പഠിക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴുമെല്ലാം കാര്‍ഡിലെ ചിഹ്നങ്ങളും രൂപങ്ങളുമായിരുന്നു മനസില്‍. ഒടുവില്‍ രണ്ടാം വര്‍ഷ തത്വശാസ്ത്രപഠനകാലത്ത് ചീട്ടുകളി എന്നെന്നേക്കുമായി ഉപേക്ഷിച്ചു…. ഈശോയെ സ്വന്തമാക്കാന്‍ എനിക്ക് ഇഷ്ടമുള്ളവയൊക്കെ ഞാന്‍ ബലികഴിച്ചുകൊണ്ടിരുന്നു.
വിശുദ്ധ ഡോണ്‍ ബോസ്‌കോ
2014 ഡിസംബര്‍ മാസം. ഞാന്‍ ബിസിനസിന്‍റെ ഭാഗമായി ആലുവയ്ക്കടുത്തുള്ള ഒബ്ലേറ്റ്‌സ് ഓഫ് സെന്റ് ജോസഫ് സെമിനാരിയില്‍ ഒരു വൈദികനെ കാണാന്‍ ചെന്നു. പക്ഷേ ആ വൈദികന്‍ അന്നവിടെ ഇല്ലായിരുന്നു. അതിനാല്‍ ഞാന്‍ മടങ്ങിപ്പോകാന്‍ വാഹനമെടുത്തു. പെട്ടെന്ന് ഒരാള്‍ പുറകില്‍നിന്ന് ഓടിവന്ന് വിളിക്കുന്നു! അത് ഒരു വൈദികനായിരുന്നു. അദ്ദേഹം ആശ്ചര്യത്തോടുകൂടി എന്നെ നോക്കിയിട്ട് അദ്ദേഹത്തിന്‍റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. എനിക്ക് ആ വൈദികനെ ഒട്ടും പരിചയമില്ല. അതിനാല്‍ത്തന്നെ എനിക്കൊന്നും മനസിലായതുമില്ല. ഞാന്‍ ചോദിച്ചു, ”എന്തിനാണ് എന്നെ വിളിച്ചത്?”
അദ്ദേഹം കാര്യം വിശദീകരിച്ചു. സെമിനാരിയില്‍ ക്രിസ്മസിനോടനുബന്ധിച്ച് യുവജനങ്ങള്‍ക്കുള്ള ഒരു പ്രോഗ്രാം നടക്കുന്നുണ്ട്. അതിന് ക്ലാസെടുക്കാന്‍ വരുമെന്നു പറഞ്ഞ വ്യക്തി പെട്ടെന്ന് ഒരു അസൗകര്യം പറഞ്ഞു. തീരെ കുറഞ്ഞ സമയത്തിനുള്ളില്‍ പെട്ടെന്നൊരാളെ സംഘടിപ്പിക്കാന്‍ പാടുപെട്ട് മാതാവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു അച്ചന്‍. അപ്പോള്‍ പരിശുദ്ധ അമ്മ പറഞ്ഞു, ക്ലാസെടുക്കേണ്ട ആളാണ് ആ പോകുന്നതെന്ന്. അച്ചന്‍ തുടര്‍ന്നു, ”നിന്നെ ഇതിനുമുമ്പ് എനിക്കറിയില്ല, നീ ആരാണെന്നും അറിയില്ല. പക്ഷേ അമ്മ പറഞ്ഞു, നിന്നെ വിളിക്കാന്‍. നീ ആരാണ്?”
എന്‍റെ കണ്ണുകള്‍ നിറഞ്ഞുപോയി. സാവധാനം ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. അദ്ദേഹത്തിന്‍റെ പേര് ഫാ. പ്രിന്‍സ് ഒ.എസ്.ജെ. ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി.
ആര്‍ക്കാണ് ക്രിസ്മസ്?
സംസാരത്തിനിടെ ക്രിസ്മസുമായി ബന്ധപ്പെട്ട് എന്തോ ഒരു കാര്യം പറഞ്ഞപ്പോള്‍ അച്ചന്‍റെ കണ്ണുനിറഞ്ഞ് ഒഴുകാന്‍ തുടങ്ങി. തുടര്‍ന്ന് അച്ചന്‍ സ്വന്തം അനുഭവം പങ്കുവച്ചു. കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് അച്ചന്‍ ബ്രദറായിരുന്നപ്പോള്‍ ഒരു ഒക്‌ടോബര്‍ മാസം അച്ചന്‍റെ കുടുംബത്തില്‍നിന്ന് കുറച്ചുപേര്‍ വേളാങ്കണ്ണി തീര്‍ത്ഥാടനത്തിനുപോയി. ആ യാത്രയ്ക്കിടെ വാഹനം അപകടത്തില്‍പ്പെട്ട് അച്ചന്‍റെ പെങ്ങള്‍ ഉള്‍പ്പെടെ പതിമൂന്നോളം പേര്‍ മരണപ്പെട്ടു. അങ്ങനെ വലിയ ദുഃഖത്തിലും ഭാരത്തിലും വേദനയിലും സഹനത്തിലും ആഴ്ന്നിരുന്ന വീട്ടിലേക്കാണ് അച്ചന്‍ ക്രിസ്മസ് അവധിക്ക് ചെന്നത്. അപ്പനും അമ്മയും ഒന്നും സംസാരിക്കുന്നില്ല. ആകെയൊരു മൂകത. ഇത്രയും വലിയൊരു ദുരന്തം സംഭവിച്ചതിനാല്‍ വീട്ടില്‍ ആഘോഷങ്ങളൊന്നുമില്ല.
ക്രിസ്മസിന്‍റെ തലേ ദിവസം വെറുതെ നോക്കിയപ്പോള്‍ വീടിന്‍റെ ഉമ്മറത്ത് പൊടിപിടിച്ച ഒരു നക്ഷത്രം കിടപ്പുണ്ട്. കഴിഞ്ഞ വര്‍ഷം തൂക്കിയിട്ടിരുന്നതാണ്. അച്ചന്‍ ആ നക്ഷത്രം അഴിച്ചെടുത്ത് തുടച്ച് വൃത്തിയാക്കി വീടിന്‍റെ വാതില്‍ക്കല്‍ കൊണ്ടുപോയി തൂക്കാന്‍ തുടങ്ങി. അപ്പോള്‍ അപ്പന്‍ ഓടിവന്ന് അച്ചനെ തള്ളിയിട്ട് ചോദിച്ചു, ‘നിനക്കെന്താ ഭ്രാന്താണോ? നീ ഒരു വൈദികനാകാന്‍ ഉള്ളതല്ലേ? ഇത്രയും വലിയ ദുരന്തം നമ്മുടെ വീട്ടില്‍ സംഭവിച്ചിട്ട് നീയെന്താ ക്രിസ്മസ് ആഘോഷിക്കാനാണോ ഇവിടെ വന്നിരിക്കുന്നത്?’ പെട്ടെന്ന് അച്ചന്‍ കരയാന്‍ തുടങ്ങി. എന്നിട്ട് അപ്പനോട് പറഞ്ഞു: ”നമുക്കാണ് അപ്പാ ഈ ക്രിസ്മസ്!”
ഈ സംഭവം പറഞ്ഞതിനുശേഷം അച്ചന്‍ പറഞ്ഞു: ”യഥാര്‍ത്ഥത്തില്‍, വേദനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും സഹിക്കുന്നവര്‍ക്കും ദുഃഖിക്കുന്നവര്‍ക്കും ദരിദ്രര്‍ക്കും പീഡിതര്‍ക്കുമാണ് ക്രിസ്മസ്!” ഇതുപറഞ്ഞ് കരഞ്ഞുകൊണ്ട് അച്ചനെന്നെ കെട്ടിപ്പിടിച്ചു. ദൈവസ്‌നേഹത്തിന്‍റെ വലിയൊരു ചൈതന്യം എന്നിലേക്ക് നിറയുന്ന അനുഭവമായിരുന്നു ആ ആലിംഗനം. സഹനത്തിലൂടെ വിരിഞ്ഞ പൂക്കള്‍ക്ക് സുഗന്ധം കൂടുതലായിരിക്കുമല്ലോ. അച്ചനും അങ്ങനെതന്നെയായിരുന്നു.
കാലുപിടിച്ച് ക്ഷമ ചോദിച്ച വൈദികന്‍
കുറെ വര്‍ഷങ്ങള്‍ക്കുശേഷം 2020 ഡിസംബറില്‍ അച്ചനോടൊപ്പം മറ്റൊരു ക്രിസ്മസ് ഓര്‍മ്മയും കര്‍ത്താവ് സമ്മാനിച്ചു. ആ നാളുകളിലൊന്നില്‍, പ്രിയപ്പെട്ട ഒരു കുടുംബത്തില്‍നിന്ന് അവിടത്തെ അമ്മ എന്നെ വിളിച്ച് സങ്കടം പങ്കുവച്ചു. ആ കുടുംബത്തിലെ പപ്പ ഭയങ്കര മദ്യപാനിയാണ്. ജോലിക്കു പോകില്ല, ഭക്ഷണം കഴിക്കില്ല, മുഴുവന്‍ സമയവും മദ്യപാനം. അമ്മ ചോദിച്ചു, ”മോനേ, എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? പപ്പ മദ്യപിച്ച് ഒടുവില്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാകും. പിന്നെ മാലയോ വളയോ പണയം വയ്ക്കുകയോ വില്‍ക്കുകയോ ചെയ്യണം ഹോസ്പിറ്റല്‍ ബില്ലടയ്ക്കാന്‍. വേറെ വരുമാനമാര്‍ഗങ്ങള്‍ ഒന്നുമില്ല. ഇനിയൊരു കൊച്ചിനെ കെട്ടിക്കാനുമുണ്ട്. എന്തു ചെയ്യും? പപ്പ ഇങ്ങനെ കുടിച്ചു നശിച്ചുകൊണ്ടിരിക്കുകയാണ്, ആരോഗ്യവും നശിക്കുന്നു.”
പെട്ടെന്നെനിക്ക് പ്രിന്‍സച്ചന്‍റെ മുഖം ഓര്‍മവന്നു. ഞാന്‍ അച്ചനോട് ആ പപ്പയെ അച്ചനടുത്തേക്ക് വിട്ടാല്‍ ഒന്നു പ്രാര്‍ത്ഥിക്കാന്‍ പറ്റുമോ എന്നു ചോദിച്ചു. അച്ചന്‍റെ സമ്മതം കിട്ടിയപ്പോള്‍ ആ വീട്ടില്‍ചെന്നു. ഏറെ നിര്‍ബന്ധിച്ചിട്ടാണ് പപ്പ വരാന്‍ തയാറായത്. വന്നപ്പോള്‍പ്പോലും നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. സഹനം നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. ഒടുവില്‍ അച്ചനരികിലെത്തി.
പപ്പയെ കണ്ടുകഴിഞ്ഞപ്പോഴേ അച്ചന്‍ ചെയ്തത് അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്, ക്ഷമ ചോദിച്ചുകൊണ്ട് ആ മനുഷ്യന്‍റെ കാലില്‍ വീഴുക!! ഞാന്‍ ആകെ ആശ്ചര്യപ്പെട്ടുപോയി. ഉടനെ ആ പപ്പ കരയാന്‍ തുടങ്ങി. ഇരുവരും പരസ്പരം ആലിംഗനം ചെയ്തുനിന്നു. തുടര്‍ന്ന് പപ്പതന്നെ അച്ചനോട് പറഞ്ഞു, ”എനിക്ക് മദ്യപാനം നിര്‍ത്തണം. അതിന് അച്ചന്‍ എന്നെ സഹായിക്കുമോ?”
പ്രാര്‍ത്ഥനയെല്ലാം കഴിഞ്ഞ് ഞാന്‍ അച്ചനെ കണ്ടപ്പോള്‍ ചോദിച്ചു, ”എന്താണച്ചാ ഉണ്ടായത്?”
അച്ചന്‍ മറുപടി നല്കി, ”ആ പപ്പയെ കണ്ടപ്പോള്‍ ഈശോ എന്നോട് പറഞ്ഞു, ഇദ്ദേഹത്തിന് വൈദികരുമായി ഏറെ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ കുടിക്കുന്നത്. ആ മേഖലയില്‍ പപ്പയ്ക്ക് സൗഖ്യത്തിന്‍റെ ആവശ്യമുണ്ട് എന്ന്. അതിനാലാണ് വൈദികര്‍ക്കുവേണ്ടി ഞാന്‍ പപ്പയുടെ കാലുപിടിച്ച് ക്ഷമ ചോദിച്ചത്!!”
മടക്കയാത്രയില്‍ ഞാന്‍ പപ്പയോട് ചോദിച്ചു ”എന്തെങ്കിലും പ്രശ്‌നമുണ്ടോ?”
എന്‍റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ഏറെ കാര്യങ്ങള്‍ പങ്കുവച്ചു. അദ്ദേഹം നേരിട്ട പ്രശ്‌നങ്ങളാണ് ആ മനുഷ്യനെ മദ്യപാനത്തിന് അടിമയാക്കിയത്. എന്തൊക്കെയാണെങ്കിലും ആ ഒരൊറ്റ പ്രാര്‍ത്ഥനയോടുകൂടി വര്‍ഷങ്ങള്‍ നീണ്ട മദ്യപാനം പൂര്‍ണമായും നിര്‍ത്തി. അതിനുശേഷം ക്രിസ്മസ്ദിനത്തില്‍ വൈകിട്ട് ആ കുടുംബത്തിലെ അമ്മ എന്നെ ഫോണ്‍ ചെയ്യുകയുണ്ടായി. നന്ദി പറയാനാണ് വിളിച്ചത്. അവരുടെ വിവാഹം കഴിഞ്ഞിട്ട് 37 വര്‍ഷമായി. ഈ 37 വര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടാണ് ഒരു ക്രിസ്മസ് ഇത്ര സന്തോഷപൂര്‍വം ആ വീട്ടില്‍ ആഘോഷിച്ചതെന്ന് അമ്മ സന്തോഷത്തോടെ പറഞ്ഞു. പപ്പ മദ്യപിക്കാത്ത ആദ്യത്തെ ക്രിസ്മസ്!
ദൈവം നമ്മെ ഒരു നിയോഗം ഏല്‍പിച്ചിരിക്കുന്നു. ആ നിയോഗം തിരിച്ചറിഞ്ഞ് കര്‍ത്താവിനുവേണ്ടി നാം അത് ഏറ്റെടുത്തു ചെയ്തു കഴിയുമ്പോള്‍ പല ഭവനങ്ങളെയും നമുക്കൊരു പുല്‍ക്കൂടാക്കി മാറ്റാന്‍ പറ്റും. അവിടെ ഈശോ ജനിക്കട്ടെ. പ്രിന്‍സച്ചന്‍റെ വീട്ടിലെ സഹനത്തിന്‍റെ മധ്യത്തില്‍, സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും സദ്‌വാര്‍ത്തയായി ഈശോ ജനിച്ചതുപോലെ…. മദ്യപാനത്തിലൂടെ തകര്‍ച്ചയുടെ വക്കിലിരുന്ന ആ അമ്മയുടെ വീട് ഒരു പുല്‍ക്കൂടായി മാറിയതുപോലെ…
വേദനിക്കുന്നവര്‍ക്കും ദരിദ്രര്‍ക്കുമായി കര്‍ത്താവിന്‍റെ സദ്‌വാര്‍ത്ത അറിയിക്കാന്‍ നമുക്ക് സാധിക്കട്ടെ. ”ഇതാ സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്‌വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു” (ലൂക്കാ 2/10-11). ഈശോ അവിടെ ജനിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ നമുക്ക് പരിശ്രമിക്കാം.
ദൈവശാസ്ത്രം എന്‍റെ ഇഷ്ടവിഷയമായിരുന്നു. ഇവാഞ്ചലിക്കല്‍ വിശ്വാസം പുലര്‍ത്തിയിരുന്നതിനാല്‍ ഇവാഞ്ചലിക്കല്‍ ദൈവശാസ്ത്രഗന്ഥങ്ങള്‍ ധാരാളം വായിക്കുകയും ചെയ്തു. അതിനാല്‍ത്തന്നെ, പത്രോസ് എന്ന പാറമേല്‍ അല്ല; യേശു, ക്രിസ്തുവാണെന്ന വെളിപാടിന്‍മേലാണ് സഭ സ്ഥാപിക്കുന്നത് എന്ന വാദം ശക്തമായി തെളിയിക്കാമെന്ന ആത്മവിശ്വാസവുമായിട്ടാണ് ഞാന്‍ നടന്നിരുന്നത്. അതിനാല്‍ ”നീ പത്രോസാണ്; ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും…” (മത്തായി 16/18) എന്ന വചനഭാഗം എനിക്കൊരു പ്രശ്‌നമായിരുന്നില്ല. എന്നാല്‍ പഠനം തുടങ്ങിയതിലൂടെ മനസിലായി, ഈ വചനഭാഗത്ത് പത്രോസിനെയാണ് പാറയെന്ന് വിവക്ഷിച്ചിരിക്കുന്നത് എന്ന്.
മത്തായി 16/17-19 വചനങ്ങളില്‍ പത്രോസിനോട് യേശു പറയുന്ന മൂന്ന് വാക്യങ്ങള്‍ കാണാം:
1. യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍!… (മത്തായി 16/17).
2. …നീ പത്രോസാണ്; ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും… (മത്തായി 16/18).
3. സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും…. (മത്തായി 16/19).
ഒന്നാമത്തേത് നിശ്ചയമായും ഒരു അനുഗ്രഹത്തെ കുറിക്കുന്നു. ദൈവത്തില്‍നിന്ന് ഒരു പ്രത്യേക വെളിപ്പെടുത്തല്‍ ലഭിച്ചതിനാല്‍ ശിമയോന്‍ ഭാഗ്യവാനാണ്. മൂന്നാമത്തേതും അനുഗ്രഹംതന്നെ, സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ ശിമയോന് നല്കും. അങ്ങനെയെങ്കില്‍ ഈ രണ്ട് അനുഗ്രഹങ്ങളുടെ മധ്യത്തിലുള്ള വാക്യവും ഒരു അനുഗ്രഹമാകാതെ തരമില്ല. അതൊരു പ്രശ്‌നമായി തോന്നി. പത്രോസെന്ന പാറമേല്‍ അല്ല അദ്ദേഹത്തിന് നല്കപ്പെട്ട വെളിപാട് എന്ന പാറമേല്‍ ആണ് സഭ പണിയപ്പെട്ടിരിക്കുന്നത് എന്നാണ് ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് പഠനങ്ങള്‍. ബൈബിളിന്‍റെ ഗ്രീക്ക് മൂലത്തില്‍ ജലൃേീ െഎന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനര്‍ത്ഥം ചെറിയ കല്ല് എന്നാണ്. എന്നാല്‍ പാറ എന്നര്‍ത്ഥം വരുന്നത് ജലൃേമ എന്ന പദത്തിനാണ്. അതിനാല്‍ ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് വ്യാഖ്യാതാക്കള്‍ പറയുന്നത് ‘പത്രോസേ, നീയൊരു ചെറിയ കല്ലാണ്, എന്നാല്‍ നിനക്ക് ലഭിച്ച വെളിപാടാകുന്ന പാറമേല്‍ ഞാനെന്‍റെ സഭ സ്ഥാപിക്കും’ എന്നാണ് യേശു ഉദ്ദേശിക്കുന്നത് എന്നത്രേ. പക്ഷേ മത്തായിയുടെ സുവിശേഷം രചിക്കപ്പെട്ട കാലത്ത് ഉപയോഗത്തിലിരുന്ന പുരാതന ഗ്രീക്കില്‍ ഈ രണ്ട് പദങ്ങള്‍ക്കും ഒരേ അര്‍ത്ഥമാണ് ഉണ്ടായിരുന്നത് എന്നത് ശ്രദ്ധിക്കുന്നില്ല.
അതേസമയംതന്നെ, യേശു ഉപയോഗിച്ചിരുന്ന ഹീബ്രുവിന്‍റെ സഹോദരഭാഷയായ അരമായഭാഷയില്‍ കേഫാ എന്ന പദമാണ് ഉള്ളത്. ഗ്രീക്കിലെ Petros, Petra എന്നീ രണ്ട് പദങ്ങള്‍ക്കും തുല്യമാണ് കേഫാ എന്ന പദം. മാത്രവുമല്ല, പത്രോസേ നീ ചെറിയ കല്ലാകുന്നു എന്നാണ് ആ വാക്യം എന്ന് കരുതുക. എങ്കില്‍ ആ ഖണ്ഡിക തീര്‍ത്തും വിഡ്ഢിത്തംപോലെയാകും. ഒന്ന് ഊഹിച്ചുനോക്കുക,
1. യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍!…
2. …നീ വെറുമൊരു ചെറിയ കല്ലാണ്….
3. സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും….
ഇങ്ങനെയാണ് ആ വാക്യങ്ങളുടെ ക്രമീകരണമെന്ന് വിശ്വസിക്കാനാവുമോ?
ഈ ഭാഗം വിശദമായി പരിശോധിക്കുമ്പോള്‍ പത്രോസ് ശിഷ്യന്മാരുടെ തലവനാണെന്നതും വ്യക്തമാകും. മറ്റ് അപ്പസ്‌തോലര്‍ പത്രോസിന് ലഭിച്ച അധികാരങ്ങള്‍ പങ്കുവച്ചുനല്കപ്പെട്ടവരായിരുന്നു. ഈ പശ്ചാത്തലത്തില്‍, യേശുവിന്‍റെ സ്വര്‍ഗാരോഹണത്തിനുശേഷം അവിടുത്തെ സ്വര്‍ഗീയ അധികാരത്തിനുകീഴില്‍ ഭൗമികസഭയുടെ തലവന്‍ പത്രോസ് ആയിരുന്നു എന്നതും മനസിലാക്കാം. അങ്ങനെയെങ്കില്‍ ആദ്യത്തെ പാപ്പ പത്രോസാണെന്ന് കത്തോലിക്കര്‍ പറയുന്നത് ശരിയാണ്. ഇക്കാര്യങ്ങളെല്ലാം ശരിയാണെങ്കില്‍ മറ്റ് കത്തോലിക്കാപ്രബോധനങ്ങളും ശരിയായിരിക്കണം. ഇതെല്ലാം കണ്ടെത്തിയതോടെ ഞാനല്പം കുഴങ്ങിയെന്ന് പറയാം.
എങ്കിലും ഞാന്‍ എതിര്‍ത്തുനില്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ അടുത്ത വര്‍ഷം കത്തോലിക്കാ ദൈവശാസ്ത്രം ആഴത്തില്‍ പഠിച്ചു. അതോടെ കത്തോലിക്കാവിശ്വാസത്തോടുള്ള സമീപനം മയപ്പെട്ടു. ഭാര്യ റെനിയെ വിശുദ്ധബലിക്ക് കൊണ്ടുപോകാന്‍ തുടങ്ങി. സഭയില്‍ വിവാഹകൂദാശ സ്വീകരിക്കാന്‍ തയാറായി. 1991 ഡിസംബര്‍ ഒന്നിന് ഫാ. മാര്‍ക്ക് വുഡിന്‍റെ കാര്‍മികത്വത്തിലായിരുന്നു ഞങ്ങളുടെ യഥാര്‍ത്ഥവിവാഹം. രണ്ട് സാക്ഷികള്‍മാത്രമാണ് അതില്‍ സംബന്ധിച്ചത്. ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ഹ്രസ്വമായ വിവാഹകര്‍മം.
ഇങ്ങനെയൊക്കെയാണെങ്കിലും ദൈവശാസ്ത്രപരമായ ചില മേഖലകളില്‍ സഭയുടെ പഠനങ്ങളോട് എതിര്‍പ്പുണ്ടായിരുന്നു. എന്‍റെ നിലപാടുകള്‍ക്ക് കടുപ്പം കുറഞ്ഞിട്ടുണ്ടെന്ന് റെനി മനസിലാക്കിയെങ്കിലും, ഞാന്‍ മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് അവളെ അറിയിച്ചില്ല. കത്തോലിക്കാപ്രബോധനങ്ങളില്‍ എന്തെങ്കിലും ഗുരുതരപ്രശ്‌നം കണ്ടെത്തിയാല്‍ ഞാനിതെല്ലാം ഉപേക്ഷിക്കും, അതിനാല്‍ അവള്‍ക്ക് പ്രതീക്ഷ കൊടുത്തിട്ട് പിന്നീട് വിഷമിക്കാന്‍ ഇടവരുത്തേണ്ട എന്ന് കരുതി. പക്ഷേ, ഒടുവില്‍… പഠനങ്ങളുടെ പൂര്‍ത്തിയില്‍, കത്തോലിക്കാസഭ ഏകസത്യസഭയാണെന്ന് തിരിച്ചറിഞ്ഞ് സഭാംഗമാകണമെന്ന് ഞാന്‍ തീരുമാനിച്ചു.
1992 ജനുവരിയിലാണ് ഇക്കാര്യം റെനിയോട് വെളിപ്പെടുത്തിയത്. അവള്‍ക്ക് വളരെ സന്തോഷമായി. എന്നാല്‍ അവളെക്കാള്‍ കൂടുതല്‍ സന്തോഷം എനിക്കായിരുന്നു.
വലിയ നോമ്പ് സമീപിച്ചപ്പോള്‍ ആ ഈസ്റ്റര്‍ തലേന്ന് ജ്ഞാനസ്‌നാനം സ്വീകരിക്കുന്നതിനെക്കുറിച്ച് ഞാന്‍ പദ്ധതിയിടാന്‍ തുടങ്ങി. പക്ഷേ അതത്ര മുന്നോട്ട് പോയില്ല. എന്നാല്‍ ഞാന്‍ പങ്കെടുത്തിരുന്ന ആരാധനാസമൂഹത്തില്‍നിന്ന് കത്തോലിക്കാവിശ്വാസത്തിലേക്ക് മാറിയ ലിയോണും സമാനമായ വിധത്തില്‍ കത്തോലിക്കാവിശ്വാസത്തിലേക്ക് മാറിയവരും പല കാര്യങ്ങളിലും സഹായിച്ചു. ഭാര്യയെ പ്രീതിപ്പെടുത്താനാണ് ഞാന്‍ കത്തോലിക്കാവിശ്വാസം സ്വീകരിക്കുന്നതെന്ന് ആളുകള്‍ ചിന്തിക്കുമോ എന്ന് ഞാന്‍ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ഭാഗ്യവശാല്‍, എന്‍റെ പ്രൊട്ടസ്റ്റന്റ് സുഹൃത്തുക്കള്‍ എന്നെ നന്നായി മനസിലാക്കിയിരുന്നു. ഭാര്യക്കുവേണ്ടിയല്ല ഞാന്‍ കത്തോലിക്കാവിശ്വാസം സ്വീകരിക്കുന്നതെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
പദ്ധതികള്‍ തകിടം മറിയുന്നു…
ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു സംഭവവികാസം ആ നാളുകളിലുണ്ടായി. 1992 ജൂണ്‍ അവസാനം റെനിയുടെ 27-ാം ജന്മദിനത്തിനുശേഷം താമസിയാതെ, റെനിക്ക് തീരെ സുഖമില്ലാതെയായി. പതിവുള്ള ലക്ഷണങ്ങള്‍തന്നെയാണ് കാണപ്പെട്ടത് എന്നതിനാല്‍ വന്‍കുടലിലെ വ്രണങ്ങള്‍തന്നെയാണ് വില്ലന്‍ എന്ന് ഞങ്ങള്‍ കരുതി. പക്ഷേ പെട്ടെന്നുതന്നെ റെനിക്ക് ഭക്ഷണം കഴിക്കാന്‍ സാധിക്കാതെവന്നു, തീര്‍ത്തും കിടപ്പായി. വേദനകൊണ്ട് അവള്‍ കരഞ്ഞിരുന്ന ദിവസങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. നടുവേദനയ്ക്ക് ആശ്വാസത്തിനായി മസ്സാജ് തെറാപ്പി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതുകില്‍ ഒരു മുഴ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനകളിലാണ് വേദനാജനകമായ അക്കാര്യം അറിഞ്ഞത്, റെനിക്ക് കുടലില്‍ കാന്‍സറാണ്. അത് കണ്ടുപിടിക്കാന്‍ ഏറെ വൈകിയതിനാല്‍ ചികിത്സകൊണ്ട് രക്ഷപ്പെടുന്ന അവസ്ഥയായിരുന്നില്ല.
കീമോതെറാപ്പി ആരംഭിച്ചു. ഡോക്ടറുടെ നിഗമനമനുസരിച്ച്, ബ്ലഡ് ക്ലോട്ട് നിമിത്തം പെട്ടെന്നോ ന്യൂമോണിയ നിമിത്തം ആഴ്ചകള്‍കൊണ്ടോ, അതുമല്ലെങ്കില്‍ കാന്‍സര്‍നിമിത്തം മാസങ്ങള്‍ക്കകമോ റെനിയുടെ മരണം സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇടവകവൈദികനായ ഫാ. മാര്‍ക്ക് വുഡിനെ ഞാന്‍ കാര്യങ്ങള്‍ അറിയിച്ചു. അന്ന് രാത്രിതന്നെ അദ്ദേഹം ആശുപത്രിയില്‍ ഞങ്ങളുടെ മുറിയിലെത്തി. റെനിയുടെ അവസ്ഥയെക്കുറിച്ചും എന്‍റെ സഭാപ്രവേശത്തെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. ബുദ്ധിപരമായി ഒരുങ്ങാന്‍ അല്പസമയം എനിക്ക് ആവശ്യമുണ്ടെന്ന തോന്നലിലായിരുന്നു അതിനുമുമ്പ് ഞാന്‍. എന്നാല്‍, ഇപ്പോഴേ ഞാനേറെ സമയം വൈകിച്ചുവെന്നും ഇനിയെങ്കിലും ഒരു സമര്‍പ്പണം നടത്തേണ്ട സമയമായെന്നും ആ അവസ്ഥയിലൂടെ ദൈവം പറയുന്നതായി അനുഭവപ്പെട്ടു.
അന്ന് വെള്ളിയാഴ്ചയായിരുന്നു. ആ ഞായറാഴ്ച എന്‍റെ സഭാപ്രവേശം നടത്താമെന്ന് ഞങ്ങള്‍ ചിന്തിച്ചു. എന്നാല്‍ ശനിയാഴ്ച രാവിലെ റെനി ഗുരുതരാവസ്ഥയിലായി. എപ്പോള്‍ വേണമെങ്കിലും ശ്വാസം നിലച്ചേക്കാം എന്ന അവസ്ഥ. ഞാന്‍ വേഗം ഫാ. മാര്‍ക്കിനെ വിളിച്ചു. പിറ്റേ ദിവസം വരെ കാത്തുനില്ക്കാനാവില്ല, അപ്പോള്‍ത്തന്നെ എനിക്ക് സഭാംഗമാകണം എന്നുപറഞ്ഞു. വേഗം വരാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പക്ഷേ അദ്ദേഹം എത്തുംമുമ്പ് റെനിയുടെ ചെസ്റ്റ് എക്‌സ്-റേ പരിശോധിച്ച് ഡോക്ടര്‍ പറഞ്ഞു, ”പേടിച്ചതുപോലെ ന്യൂമോണിയ അല്ല. ശ്വാസകോശത്തിനകത്തുള്ള മുഴകളാണ് റെനിയുടെ ശ്വാസോച്ഛ്വാസത്തെ തടസപ്പെടുത്തുന്നത്. അതിനാല്‍ത്തന്നെ ഉടനെ മരിക്കാനുള്ള സാധ്യതയില്ല. കുറച്ച് ആഴ്ചകള്‍കൂടെ ജീവിച്ചേക്കും.”
ഉടനെ മരണം സംഭവിക്കുകയില്ലെന്ന് പറഞ്ഞാലും അത് ഹൃദയം നുറുക്കുന്ന വാര്‍ത്തതന്നെയായിരുന്നു. പെട്ടെന്നുതന്നെ റെനിക്ക് വേദനസംഹാരിയായി മോര്‍ഫിന്‍ കൊടുക്കാന്‍ തുടങ്ങി. അല്പം കഴിഞ്ഞപ്പോഴേക്കും ഫാ. മാര്‍ക്ക് എത്തി എന്നെ കുമ്പസാരിപ്പിച്ചു. ഏറ്റവും ഹ്രസ്വമായ വിധത്തില്‍ കര്‍മങ്ങള്‍ നടത്തി എന്നെ സഭയിലേക്ക് സ്വീകരിച്ചു. റെനിക്ക് രോഗിലേപനവും നല്കി. തുടര്‍ന്ന് ഒരേ തിരുവോസ്തി ഭാഗിച്ച് ഞങ്ങള്‍ ഇരുവര്‍ക്കും വിശുദ്ധ കുര്‍ബാന തന്നു. അങ്ങനെ ഞങ്ങളുടെ ഒന്നിച്ചുള്ള ആദ്യത്തെയും അവസാനത്തെയും ദിവ്യകാരുണ്യസ്വീകരണം ഒരേ തിരുവോസ്തിയില്‍നിന്നായിരുന്നു.
എന്നെ സഭയിലേക്ക് സ്വീകരിക്കാന്‍ ഫാ.മാര്‍ക്ക് വരുന്നതിന് അല്പം മുമ്പ് റെനിക്ക് മോര്‍ഫിന്‍ ഇന്‍ജക്ഷന്‍ നല്കിയിരുന്നതിനാല്‍ അവള്‍ ചെറിയ മയക്കത്തിലായിരുന്നു ദിവ്യകാരുണ്യസ്വീകരണം നടത്തിയത്. പക്ഷേ എന്താണ് നടക്കുന്നതെന്ന് അവള്‍ക്ക് അറിയാമായിരുന്നു. സാധിക്കുന്നത്ര ശ്രദ്ധയോടെ പങ്കെടുത്തതും തിരുവോസ്തിയുടെ ചെറുതുണ്ട് അല്പം ക്ലേശിച്ചാണെങ്കിലും ഉള്‍ക്കൊണ്ടതും അതിനാല്‍ത്തന്നെയായിരുന്നു. എന്‍റെ സഭാപ്രവേശം പൂര്‍ത്തിയായപ്പോള്‍ അവളെ ആലിംഗനം ചെയ്തുകൊണ്ട് ഞാന്‍ മന്ത്രിച്ചു, ”ഞാനിതാ സഭയ്ക്കുള്ളില്‍ പ്രവേശിച്ചിരിക്കുന്നു.” അതുകേട്ടപ്പോള്‍ ആ മുഖത്ത് അതിമനോഹരവും സമാധാനപൂര്‍ണവുമായ ഒരു പുഞ്ചിരി വിടര്‍ന്നു, ഏറെനേരം നീണ്ടുനിന്ന ഒരു പുഞ്ചിരി.
പിന്നീടുള്ള ദിവസങ്ങളിലെല്ലാം റെനി മോര്‍ഫിന്‍ എടുത്തുകൊണ്ടിരുന്നു. അവള്‍ ഉണര്‍ന്നിരുന്നത് അടുത്ത മോര്‍ഫിന്‍ ഇന്‍ജക്ഷന്‍ ആവശ്യപ്പെടാനാണ്. ബാക്കിയുള്ള തീര്‍ത്തും കുറഞ്ഞ ദിവസങ്ങള്‍ അവള്‍ ഉറങ്ങിത്തീര്‍ക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. എനിക്ക് അവളോട് ഗൗരവമായി സംസാരിക്കണമായിരുന്നു. ബോധത്തോടെയുള്ള 20 മിനിറ്റ് എനിക്ക് നല്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. കര്‍ത്താവ് എനിക്കത് തന്നു. ആ സമയത്ത് ഞാനവളോട് സംസാരിച്ചു. ഞാനും മറ്റുള്ളവരും അവളെ എന്തുമാത്രം സ്‌നേഹിക്കുന്നുവെന്ന് ഞാനവളോട് പറഞ്ഞു. നിത്യതയിലായിരിക്കുമ്പോള്‍ അത് മനസിലാക്കാനാവും എന്ന് ഓര്‍മിപ്പിച്ചു.
പിറ്റേന്ന്…. ഏതാണ്ട് 10.30 ആയപ്പോള്‍ ഞാന്‍ സ്‌കോട്ട് ഹാനുമായി ഫോണില്‍ സംസാരിച്ചു. എന്‍റെ മാനസാന്തരകാലത്ത് ഞങ്ങള്‍ ഫോണ്‍സുഹൃത്തുക്കളായതാണ്. അദ്ദേഹം 11 മണിയോടെ ദിവ്യകാരുണ്യ ആരാധനക്കായി പോകുകയാണ്. ഞാന്‍ പറയുന്ന കാര്യങ്ങളോട് റെനി ആത്മീയമായി പ്രതികരിക്കണമെന്നും നിത്യതയിലേക്കുള്ള അവളുടെ യാത്ര സുഗമമാക്കണമെന്നും പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം ആരാധനയ്ക്കായി പോയി. 11.10 ആയപ്പോഴേക്കും റെനിയുടെ ജീവന്‍ പിരിഞ്ഞു. ആ ദൈവിക ഇടപെടലിനെക്കുറിച്ച് മനസിലായത് വലിയൊരു ആശ്വാസം നല്കി.
അവസാനനിമിഷത്തില്‍ റെനി എന്‍റെ കണ്ണുകളിലേക്ക് നേരെ നോക്കി. ദൈവത്തില്‍ ശരണപ്പെടണമെന്നും എല്ലാം നന്നായിരിക്കുമെന്നും ഞാനവളെ സ്‌നേഹിക്കുന്നുവെന്നും ഞാനവളോട് പറഞ്ഞു. പിന്നെ അവള്‍ക്കൊരു ചുംബനം നല്കി. അതോടെ ഈ ഭൂമിയില്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു.
പരസ്പരം സമ്മാനങ്ങള്‍ നല്കാനാണ് ദൈവം ഞങ്ങളെ ഒന്നിപ്പിച്ചതെന്ന് തോന്നുന്നു. ന്യൂ ഏജ് വിശ്വാസങ്ങളില്‍നിന്ന് ഞാന്‍ അവളെ രക്ഷപ്പെടുത്തി, ഒടുവില്‍ നിത്യജീവന്‍ സ്വന്തമാക്കാന്‍ സഹായിച്ചു. റെനിയുമായുള്ള വിവാഹം എനിക്ക് കത്തോലിക്കാവിശ്വാസം എന്ന സമ്മാനം ലഭിക്കാന്‍ സഹായകമായി. ആ വിവാഹം നിമിത്തമാണല്ലോ ഞാന്‍ കത്തോലിക്കാദൈവശാസ്ത്രം പഠിച്ചത്. അവളെ സഭയില്‍നിന്ന് പുറത്തേക്ക് നയിക്കാനാണ് ഞാനത് പഠിച്ചതെങ്കിലും ആ പഠനം എന്നെ കത്തോലിക്കാവിശ്വാസംതന്നെയാണ് ബൈബിള്‍ അനുസരിച്ചുള്ള യഥാര്‍ത്ഥവിശ്വാസം എന്ന ബോധ്യത്തിലേക്ക് നയിച്ചു.
റെനി ഇപ്പോഴും എനിക്ക് സമ്മാനങ്ങള്‍ നല്കുന്നുണ്ട്. അവള്‍ മരിക്കുന്നതിനുമുമ്പുള്ള ദിവസം ഞാന്‍ സംസാരിച്ചപ്പോള്‍ ചെയ്ത ഒരു കാര്യം പ്രാര്‍ത്ഥിക്കാനുള്ള കാര്യങ്ങളുടെ ഒരു ലിസ്റ്റ് നല്കുകയാണ്. ഇന്ന് അവള്‍ ക്രിസ്തുവിനോടൊത്ത് ആയിരിക്കുമ്പോള്‍, ഭൂമിയിലായിരുന്നപ്പോഴത്തെക്കാള്‍ ശക്തമായി അവള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയും എന്നെനിക്കറിയാം. റെനി എനിക്കായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നത് എനിക്ക് ആശ്വാസകരമാണ്. ”ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്. ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്‌നാനവുമേയുള്ളൂ. സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍മാത്രം” (എഫേസോസ് 4/4-6).
അമേരിക്കയില്‍നിന്നുള്ള കത്തോലിക്കാ അപ്പോളജിസ്റ്റും ഗ്രന്ഥകാരനും പ്രസംഗകനും പോഡ്കാസ്റ്റ് അവതാരകനുമാണ് ജിമ്മി ഏകിന്‍. Jimmy Akin എന്ന യുട്യൂബ് ചാനലിലൂടെ കത്തോലിക്കാപ്രബോധനങ്ങള്‍ ആകര്‍ഷകമായി അവതരിപ്പിക്കുന്നതിലും അദ്ദേഹം സജീവമാണ്.
വിശുദ്ധ ജെര്‍ത്രൂദിന് ശുദ്ധീകരണാത്മാക്കളോട് വലിയ അനുകമ്പയുണ്ടായിരുന്നു. എല്ലാ ദിവ്യബലികളിലും ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി തീവ്രമായി പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഒരുദിനം, ദിവ്യകാരുണ്യ സ്വീകരണശേഷം ഈശോയോടൊപ്പം ശുദ്ധീകരണസ്ഥലത്തേക്ക് പോകുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടു.
അപ്പോള്‍ അവിടുന്ന് പറയുന്നത് വിശുദ്ധയക്ക് കേള്‍ക്കാന്‍ കഴിഞ്ഞു: ”ഓരോ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലും നിങ്ങളുടെ പ്രാര്‍ത്ഥനയുടെ സൗരഭ്യം നിങ്ങളെല്ലാവര്‍ക്കും അനുഭവിക്കാന്‍ ഞാന്‍ അനുവദിക്കും.” അന്ന് വിശുദ്ധ അപേക്ഷിച്ചതിലും കൂടുതല്‍ ശുദ്ധീകരണാത്മാക്കളെ ദിവ്യബലിക്കു ശേഷം ഈശോ മോചിപ്പിച്ച് സ്വര്‍ഗത്തിലേക്ക് ആനയിക്കുന്നത് അവള്‍ കണ്ടു. ഒരിക്കല്‍ വിശുദ്ധ ഈശോയോട് ചോദിച്ചു: ”കര്‍ത്താവേ, അങ്ങയുടെ അനന്ത കാരുണ്യത്താല്‍ അവിടുന്ന് എത്ര ആത്മാക്കളെ ശുദ്ധീകരണാവസ്ഥയില്‍ നിന്നും മോചിപ്പിക്കും?”
അവിടുന്നു പറഞ്ഞു: ”ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പാവപ്പെട്ട ആത്മാക്കളെ മോചിപ്പിക്കാന്‍ എന്‍റെ സ്‌നേഹം എന്നെ വല്ലാതെ നിര്‍ബന്ധിക്കുന്നു. ദയാലുവായ ഒരു രാജാവിന്‍റെ ഏറ്റവും പ്രിയപ്പെട്ട സ്‌നേഹിതന്‍ കഠിന കുറ്റം ചെയ്ത് ജയിലില്‍ അടയ്ക്കപ്പെട്ടാല്‍, രാജാവ് തന്‍റെ സുഹൃത്തിനെ രക്ഷിക്കാന്‍ എത്രയധികമായി ആഗ്രഹിക്കും. കുറ്റവാളിയായ സുഹൃത്തിന്‍റെ മോചനത്തിനുവേണ്ടി രാജ്യത്തെ പ്രഭുക്കന്മാര്‍ ആരെങ്കിലും തന്‍റെയടുക്കല്‍ വാദിച്ചിരുന്നെങ്കില്‍, മോചനത്തിനായി എന്തെങ്കിലും വാഗ്ദാനം ചെയ്തിരുന്നെങ്കില്‍ സ്‌നേഹിതനെ കാരാഗൃഹത്തില്‍ നിന്നും മോചിപ്പിക്കാമായിരുന്നുവെന്ന് രാജാവ് തീര്‍ച്ചയായും ആഗ്രഹിക്കും. അപ്രകാരം ഏതെങ്കിലും അധികാരികള്‍ കുറ്റവാളിയുടെ മോചനത്തിനുവേണ്ടി അപേക്ഷിച്ചാല്‍ രാജാവ് വലിയ സന്തോഷത്തോടെ തന്‍റെ സ്‌നേഹിതനെ ജയിലില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യും.
ഇപ്രകാരം, ശുദ്ധീകരണാവസ്ഥയിലുള്ള എന്‍റെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയുള്ള സ്‌നേഹപൂര്‍വമായ പ്രാര്‍ത്ഥനയ്ക്കുവേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഏറ്റവും വലിയ ആനന്ദത്തോടെ ഞാന്‍ സ്വീകരിക്കുകയും പാവപ്പെട്ട ശുദ്ധീകരണാത്മാക്കളെ മോചിപ്പിക്കുകയും ചെയ്യും. കാരണം ഞാന്‍ വലിയ വിലകൊടുത്ത്, അതായത് എന്നെത്തന്നെ വിലയായി നല്കി സ്വന്തമാക്കിയവരാണ് അവര്‍. അവര്‍ എത്രയും വേഗം എന്‍റെയടുക്കല്‍ എത്തിച്ചേരണമെന്നും എന്നോടൊപ്പം ആയിരിക്കണമെന്നും ഞാന്‍ തീവ്രമായി ആഗ്രഹിക്കുന്നു.
നീ സ്‌നേഹത്തോടെ പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം, ശുദ്ധീകരണാത്മാവിന്‍റെ മോചനത്തിനായി പ്രാര്‍ത്ഥിക്കാന്‍ നാവ് ഒന്ന് ചലിപ്പിക്കുമ്പോള്‍ത്തന്നെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തുനിന്നും മോചിപ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു.”
ശുദ്ധീകരണാവസ്ഥയിലൂടെ കടന്നുപോകുന്ന പ്രിയപ്പെട്ടവര്‍ക്കായി സ്‌നേഹത്തോടെ നമുക്ക് പ്രാര്‍ത്ഥിക്കാം. അത് ഈശോയ്ക്ക് ഏറെ പ്രിയങ്കരമാണ്. അവിടുന്ന് നമ്മുടെ പ്രാര്‍ത്ഥനയ്ക്കായി കാത്തിരിക്കുന്നു. ഈശോ വിശുദ്ധ ജര്‍ത്രൂദിനെ പഠിപ്പിച്ച പ്രാര്‍ത്ഥന മനപാഠമാക്കി, കൂടെക്കൂടെ പ്രാര്‍ത്ഥിച്ചുകൊണ്ട് ആയിരക്കണക്കിന് ആത്മാക്കളെ നമുക്ക് സ്വര്‍ഗത്തിലേക്ക് കരേറ്റാം. അവര്‍ നമ്മുടെ സഹായം എന്നും കൃതജ്ഞതയോടെ അനുസ്മരിക്കുകയും പ്രത്യുപകാരമായി നമുക്കുവേണ്ടി പ്രാര്‍ത്ഥിച്ച് സഹായിക്കുകയും ചെയ്യും.
'മെക്‌സിക്കോ ഉള്‍പ്പെടെ ലാറ്റിന്‍ അമേരിക്കയിലെങ്ങും നിത്യാരാധനാചാപ്പലുകള്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയ പുരോഹിതനാണ് പട്രീഷിയോ ഹിലീമെന്‍. അദ്ദേഹം പങ്കുവച്ച, എട്ടുവയസ്സുള്ള മെക്‌സിക്കന്‍ ബാലന്‍റെ അനുഭവം.
യുക്കാറ്റിനിലെ മിര്‍ദിയായില്‍ നിത്യാരാധനാ ചാപ്പലിലെ ദിവ്യബലിക്കിടെ ഫാ. പട്രീഷിയോ പറഞ്ഞു, ”അതിരാവിലെ ഉണര്‍ന്ന് പ്രാര്‍ത്ഥിക്കുന്നവരെ യേശൂ നൂറുമടങ്ങ് അനുഗ്രഹിക്കും. പ്രാര്‍ത്ഥനയുടെ മണിക്കൂറിനായി യേശു നിങ്ങളെ ക്ഷണിക്കുന്നു. ഒരു മണിക്കൂര്‍ നിങ്ങള്‍ക്ക് എന്‍റെ ഒപ്പം ഉണര്‍ന്നിരിക്കുവാന്‍ കഴിയുകയില്ലേയെന്ന് യേശു നിങ്ങളോട് ചോദിക്കുന്നു.”
എട്ടുവയസുകാരന്‍ ഡീഗോ ആ വാക്കുകള്‍ ഹൃദയത്തില്‍ ഏറ്റെടുത്തു. പിതാവിന്‍റെ മദ്യപാനം, കുടുംബത്തിലെ ദാരിദ്ര്യം എന്നിവ മാറാനും വീട്ടില്‍ സന്തോഷമുണ്ടാകാനുമായി രാവിലെ മൂന്ന് മണിക്ക് ചാപ്പലില്‍ ജാഗരിച്ച് പ്രാര്‍ത്ഥിക്കാന്‍ അവന്‍ തീരുമാനിച്ചു. അമ്മയുടെ പിന്തുണയും കിട്ടിയതോടെ ആ തീരുമാനം പ്രാവര്‍ത്തികമായി.
ഒരാഴ്ച പ്രാര്‍ത്ഥിച്ചപ്പോള്‍ അവന്‍ അപ്പനെയും കൂടെ ക്ഷണിച്ചു. പക്ഷേ അദ്ദേഹം ക്ഷണം നിരസിക്കുകയാണുണ്ടായത്. പക്ഷേ ഡീഗോ പ്രാര്‍ത്ഥന തുടര്‍ന്നു. ആ പ്രാര്‍ത്ഥന ഫലം കണ്ടു! ഒരു മാസം കഴിഞ്ഞപ്പോള്‍ അവന്‍റെ അപ്പനും ചാപ്പലില്‍ വരാന്‍ തുടങ്ങി. പതിയെ അദ്ദേഹം മദ്യപാനം നിര്‍ത്തി. കുടുംബത്തില്‍ സന്തോഷം വന്നു. അതോടൊപ്പം ദാരിദ്ര്യത്തില്‍നിന്നും അവര്‍ കരകയറി.
”കര്‍ത്താവേ! എളിയവരുടെ അഭിലാഷം അവിടുന്ന് നിറവേറ്റും; അവരുടെ ഹൃദയത്തിന് ധൈര്യം പകരും; അവിടുന്ന് അവര്‍ക്ക് ചെവികൊടുക്കും” (സങ്കീര്‍ത്തനങ്ങള്‍ 10/17)
'കര്‍ത്താവ് തന്‍റെ സ്വന്തനിശ്ചയത്താല്‍ തിരഞ്ഞെടുത്ത് ആദരിച്ചുയര്‍ത്തുന്ന ഒരു പ്രവാചകനാണ് ഹബക്കുക്ക്. ഹബക്കുക്കിന് ദൈവം നല്‍കുന്ന ആദരവും അംഗീകാരവും തിരുവചനങ്ങളില്‍ വായിച്ചറിയുമ്പോള്‍ നാം നെറ്റിചുളിച്ചുപോകും. യഹോവയായ ദൈവം ഈ മനുഷ്യനെ എന്തുകൊണ്ട് ഇത്രമേല്‍ ആദരിച്ചു എന്നോര്‍ത്ത്. എന്നാല്‍ തിരുവചനങ്ങളുടെ ചുരുളഴിയുമ്പോള്‍ നാം തിരിച്ചറിയുന്ന ഒരു സംഗതിയുണ്ട്. അദ്ദേഹം തീര്‍ച്ചയായും അര്‍ഹിക്കുന്ന ഒന്നായിരുന്നു ആ ബഹുമാനം എന്നതാണത്.
ദാനിയേലിന്‍റെ പുസ്തകത്തില്‍
ഹബക്കുക്ക് പ്രവാചകനെ നാം ആദ്യമായി കണ്ടുമുട്ടുന്നത് പ്രവാചകനായ ദാനിയേലിന്‍റെ പുസ്തകത്തിലാണ്. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവനും നീതിമാനും വിശുദ്ധനുമായ രാജാക്കന്മാരാല്‍ ബഹുമാന്യനുമായ ഒരു വ്യക്തിയായിരുന്നു പ്രവാചകനായ ദാനിയേല്‍. അദ്ദേഹം ഏകസത്യവിശ്വാസത്തില്‍ ഉറച്ചുനിന്നവനും ആ വിശ്വാസത്തില്‍ സ്വന്തജനമായ യഹുദരെ വളര്‍ത്തുവാന്‍ പോരാടിയവനുമായിരുന്നു. രാജാക്കന്മാര്‍ ദാനിയേലിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നുവെങ്കിലും ദാനിയേല്‍ അവരുടെ അധീനതയിലാണ് ജീവിച്ചിരുന്നത്. തന്മൂലം വിഗ്രഹാരാധകരായ അവരില്‍നിന്നും ഏകസത്യദൈവമായ യഹോവയെ പിന്തള്ളി വിഗ്രഹാരാധന നടത്തുവാനുള്ള പ്രലോഭനങ്ങളും പ്രേരണകളും ദാനിയേലിന്‍റെ ജീവിതത്തില്‍ എന്നുമെക്കാലവും ഉണ്ടായിട്ടുണ്ട്.
എന്നാല്‍ ദാനിയേല്‍ ധീരതയോടെ നിലകൊണ്ട് ആ പ്രേരണകളെ ചെറുത്തുതോല്‍പിച്ചു. മാത്രമല്ല അവര്‍ ആരാധിച്ചിരുന്ന ബേല്‍, വ്യാളം എന്നീ വിഗ്രഹങ്ങളെ തകര്‍ത്തുകളയുകയും അവ കേവലം വിഗ്രഹങ്ങള്‍ മാത്രമാണെന്നും ദൈവങ്ങളല്ലെന്നും തെളിയിക്കുകയും ചെയ്തു. അവയ്ക്കു ശുശ്രൂഷ ചെയ്തിരുന്ന പുരോഹിതന്മാരെ രാജാവിന്‍റെ അനുവാദത്തോടെ വാളിന് ഇരയാക്കി. തന്മൂലം അക്കാലത്ത് രാജ്യം ഭരിച്ചിരുന്ന വിഗ്രഹാരാധകനായ സൈറസ് രാജാവ് മാനസാന്തരപ്പെട്ട് ഏകസത്യദൈവത്തെ ആരാധിക്കുവാന്‍ തുടങ്ങി. ഇത് വിഗ്രഹാരാധകരായ ജനങ്ങളില്‍ വലിയ പ്രതിഷേധവും പ്രതികാരചിന്തയും ഉളവാക്കി.
അവര്‍ സൈറസ് രാജാവിനോടു പറഞ്ഞു ”ദാനിയേലിനെ ഞങ്ങള്‍ക്കു വിട്ടുതരിക. അല്ലെങ്കില്‍ ഞങ്ങള്‍ നിന്നെയും നിന്‍റെ കുടുംബാംഗങ്ങളെയും കൊല്ലും.” രാജാവ് ഭയപ്പെട്ട് അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി മനസില്ലാ മനസോടെ ദാനിയേലിനെ അവര്‍ക്കു വിട്ടുകൊടുത്തു. അവര്‍ ദാനിയേലിനെ സിംഹങ്ങളുടെ കുഴിയില്‍ എറിഞ്ഞു. ആറുദിവസം അവന്‍ അവിടെ കഴിച്ചുകൂട്ടി. ഏഴു സിംഹങ്ങള്‍ ആ കുഴിയില്‍ ഉണ്ടായിരുന്നു. ദിവസേന അവയ്ക്ക് രണ്ടു മനുഷ്യശരീരങ്ങളും രണ്ട് ആടുകളും കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ ദാനിയേലിനെ വളരെ വേഗത്തില്‍ വിഴുങ്ങേണ്ടതിന് അവയ്ക്ക് ഇവയൊന്നും ആ ദിവസങ്ങളില്‍ കൊടുത്തിരുന്നില്ല. ദാനിയേലിനെ വിഴുങ്ങാതിരിക്കാന്‍ ദൈവം തന്‍റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായടച്ചു. മാത്രമല്ല തികഞ്ഞ പ്രതികൂലങ്ങളുടെ നടുവില്‍ മുഴുപ്പട്ടിണിയിലായ തന്‍റെ പ്രിയപ്പെട്ട ദാസനായ ദാനിയേലിന് ഭക്ഷണമെത്തിച്ചുകൊടുക്കുവാന്‍ താന്‍ അത്യധികം സ്‌നേഹിക്കുന്ന മറ്റൊരു ദാസനായ ഹബക്കുക്കിനെ നിയോഗിക്കുകയും ചെയ്തു.
ഹബക്കുക്കിന്‍റെ തിരഞ്ഞെടുപ്പ്
അക്കാലത്ത് ഹബക്കുക്ക് പ്രവാചകന്‍ യൂദയായിലുണ്ടായിരുന്നു. അദ്ദേഹം പാടത്തു പണിയുന്ന തന്‍റെ കൊയ്ത്തുകാര്‍ക്ക് കൊടുക്കാനായി പൊടിച്ച അപ്പവും കറിയും എടുത്ത് വയലിലേക്ക് പോവുകയായിരുന്നു. കര്‍ത്താവിന്‍റെ ദൂതന്‍ അവന്‍റെ വഴിമുടക്കിക്കൊണ്ട് ഇപ്രകാരം പറഞ്ഞു. നിന്‍റെ കൈയിലുള്ള ഭക്ഷണം ബാബിലോണില്‍ സിംഹക്കുഴിയില്‍ കിടക്കുന്ന ദാനിയേലിന് എത്തിച്ചുകൊടുക്കുക. അപ്പോള്‍ നിസഹായതയോടെ ഹബക്കുക്ക് ദൈവദൂതനെ നോക്കിപ്പറഞ്ഞു. ”പ്രഭോ, ഞാനൊരിക്കലും ബാബിലോണ്‍ കണ്ടിട്ടില്ല. സിംഹക്കുഴിയെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ദൈവത്തിന്‍റെ ദൂതന്‍ ഹബക്കുക്കിന്‍റെ മുടിക്കുത്തിന് പിടിച്ച് തൂക്കിയെടുത്ത് ബാബിലോണില്‍ സിംഹക്കുഴിയുടെ മുകളില്‍ വായുവേഗത്തില്‍ എത്തിച്ചു. അപ്പോള്‍ ഹബക്കുക്ക് വിളിച്ചുപറഞ്ഞു. ”ദാനിയേല്‍ ദാനിയേല്‍ ദൈവം നിനക്ക് എത്തിച്ചുതന്നിരിക്കുന്ന ഭക്ഷണം കഴിച്ചാലും.” ദാനിയേല്‍ പറഞ്ഞു. ദൈവമേ അങ്ങ് എന്നെ ഓര്‍മിച്ചിരിക്കുന്നു. അങ്ങയെ സ്‌നേഹിക്കുന്നവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല. ദാനിയേല്‍ എഴുന്നേറ്റ് ഭക്ഷണം കഴിച്ചു. കര്‍ത്താവിന്‍റെ ദൂതന്‍ ഉടന്‍തന്നെ ഹബക്കുക്കിനെ അവന്‍റെ സ്ഥലത്തേക്ക് മടക്കിക്കൊണ്ടുവന്നു.
ഹബക്കുക്ക് ഒരു അനിവാര്യതയായിരുന്നുവോ?
യഹോവയായ ദൈവത്തിന്‍റെ അത്ഭുതകരമായ ഒരു തീറ്റിപ്പോറ്റലാണ് മുമ്പുള്ള വരികളില്‍ നാം വായിച്ചത്. ഇതു വായിക്കുമ്പോള്‍ നാം ചിലപ്പോള്‍ നെറ്റിചുളിച്ചു ചിന്തിച്ചുപോകും, ദൈവമായ കര്‍ത്താവിന് തന്‍റെ ദാസനായ ദാനിയേലിന് ഭക്ഷണം കൊടുക്കാന്‍ അനേകമൈല്‍ ദൂരെ യൂദയായില്‍ ജീവിച്ചിരുന്ന ഹബക്കുക്ക് പ്രവാചകന്‍തന്നെ വേണമായിരുന്നോ എന്ന്. ആകാശത്തുനിന്നും മന്ന പൊഴിച്ച് തന്‍റെ ജനമായ ഇസ്രായേലിനെ മരുഭൂമിയില്‍ തീറ്റിപ്പോറ്റിയവനാണ് അവിടുന്ന്. ആ മന്നപോലെ കുറച്ച് അപ്പം ദൈവദൂതന്‍റെ കൈയില്‍ കൊടുത്തുവിട്ടാല്‍ പോരായിരുന്നോ അവിടുത്തേക്ക്.
അനേകമൈല്‍ ദൂരെ സ്വന്തം വയലിലേക്ക് പണിക്കാര്‍ക്കുള്ള അപ്പവുമായി പോയ ഹബക്കുക്കിനെ മുടിക്ക് തൂക്കിപ്പിടിച്ച് വായുവേഗത്തില്‍ ആകാശത്തിലൂടെ പറത്തി ബാബിലോണിലെ സിംഹക്കുഴിയുടെ മുകളില്‍ എത്തിക്കണമായിരുന്നോ?! തൊട്ടടുത്ത് അതുമല്ലെങ്കില്‍ ബാബിലോണില്‍ത്തന്നെയുള്ള സത്യദൈവത്തെ ആരാധിക്കുന്ന ഏതെങ്കിലും വീട്ടില്‍ച്ചെന്ന് അവിടെ ചുട്ട അപ്പം കൊണ്ടുപോയി ദാനിയേലിന് കൊടുക്കുവാന്‍ ദൈവദൂതനെ ഏര്‍പ്പാടു ചെയ്യാമായിരുന്നു. പക്ഷേ ദൈവമതു ചെയ്തില്ല. അതുമല്ലെങ്കില്‍ സര്‍വശക്തനായ അവിടുത്തേക്ക് ശൂന്യതയില്‍നിന്നും അപ്പം സൃഷ്ടിച്ച് ദൈവദൂതന്‍റെ സഹായംപോലുമില്ലാതെ താന്‍ സ്‌നേഹിക്കുന്ന തന്‍റെ ദാസനായ ദാനിയേലിന് നല്‍കാമായിരുന്നു. അതും അവിടുന്ന് ചെയ്തില്ല. പിന്നെയോ ഈ അപ്പം കൊടുക്കല്‍ശുശ്രൂഷ നിര്‍വഹിക്കുവാന്‍ അങ്ങുദൂരെ വിദേശത്തു വസിച്ച ഹബക്കുക്ക് എന്ന ഒറ്റയൊരുവനെമാത്രം ദൈവം തിരഞ്ഞെടുത്തു. എന്തുകൊണ്ട്… എന്തുകൊണ്ടിങ്ങനെയെന്ന് നാം ചോദിച്ചുപോയേക്കാം.
അതിനുള്ള ഉത്തരം ലഭിക്കണമെങ്കില്‍ നാം ഹബക്കുക്കിന്‍റെ പുസ്തകം അവസാനത്തെ അധ്യായത്തിന്‍റെ അവസാനഭാഗത്ത് കണ്ണോടിക്കണം. അവിടെ ഹബക്കുക്ക് തന്‍റെ ഹൃദയാന്തര്‍ഭാഗത്തുനിന്നും ഒഴുകുന്ന മിഴിനീരോടെ തന്‍റെ ദൈവത്തോടു നടത്തുന്ന ആഴത്തിലുള്ള ഒരു സമര്‍പ്പണം നാം കാണുന്നു. അവിടെ താന്‍ വിശ്വസിക്കുന്ന തന്‍റെ ദൈവത്തിന്‍റെ വഴികളെക്കുറിച്ചുള്ള ഒടുങ്ങാത്ത പ്രത്യാശ ഹബക്കുക്കിന്‍റെ വാക്കുകളില്‍ തെളിഞ്ഞുനില്‍ക്കുന്നു. കര്‍ത്താവേ, ”അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും ഒലിവുമരത്തില്‍ കായ്കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും. എന്‍റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും. കര്‍ത്താവായ ദൈവമാണ് എന്‍റെ ബലം. കലമാന്‍റെ പാദങ്ങള്‍ക്കെന്നതുപോലെ അവിടുന്ന് എന്‍റെ പാദങ്ങള്‍ക്ക് വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന് എന്നെ നടത്തുന്നു” (ഹബക്കുക്ക് 3/17-19).
നൂറുശതമാനവും തന്‍റെ വിശ്വാസത്തെ തകര്‍ക്കാന്‍ തക്കവിധം തനിക്കെതിരെ കാര്യങ്ങള്‍ പ്രതികൂലമായി നിലകൊള്ളുമ്പോഴും തന്നെ വിളിച്ചു വേര്‍തിരിച്ച് അഭിഷേകം ചെയ്ത ദൈവത്തോടുള്ള അചഞ്ചലമായ സ്‌നേഹവും അവിടുന്നിലുള്ള മാറ്റമില്ലാത്ത പ്രത്യാശയുമാണ് ആ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. തീര്‍ച്ചയായും ഹബക്കുക്ക് ഒത്തിരി വലിയവന്‍ തന്നെ. ദൈവം തിരഞ്ഞെടുത്തു നിയോഗിച്ച മറ്റെല്ലാ പ്രവാചകന്മാരെക്കാളും അതിശ്രേഷ്ഠനും അവന്‍തന്നെ. കാരണം ദൈവം തിരഞ്ഞെടുത്തു നിയോഗിച്ച മറ്റെല്ലാ പ്രവാചകന്മാരും തങ്ങളുടെ പ്രവാചകദൗത്യത്തിന്‍റെ ഭാഗമായി നേരിടേണ്ടിവന്ന കഠിനസഹനങ്ങളുടെ നേരത്ത് ദൈവത്തോടു മറുതലിക്കുകയും വിശ്വാസം നഷ്ടപ്പെട്ടവരെപ്പോലെ ദൈവത്തോടു വാദിക്കുകയും മറുചോദ്യങ്ങള്‍ ചോദിക്കുകയും ദൈവത്തെ കുറ്റപ്പെടുത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്.
സൗമ്യന്മാരില്‍ അതിസൗമ്യനായ മോശപോലും ദൈവത്തോടു കയര്ത്തു. ”ഞാനിവരെയെല്ലാം മുതുകത്തു വഹിക്കുവാന്‍ ഞാനാണോ ഇവരെയെല്ലാം പ്രസവിച്ചത്?” എന്ന് താന്‍ വാഗ്ദാനനാട്ടിലേക്ക് നയിച്ച ജനമായ ഇസ്രായേലിനെക്കുറിച്ച് മോശ ദൈവത്തോടു കയര്‍ക്കുന്നു.
പക്ഷേ ഹബക്കുക്ക് എന്ന ഒരൊറ്റ പ്രവാചകന്‍ മാത്രമേ എല്ലാം പ്രതികൂലമായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും. എന്‍റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും. കര്‍ത്താവായ ദൈവമാണ് എന്‍റെ ബലം എന്ന് തികഞ്ഞ പരമാര്‍ത്ഥതയോടെ ദൈവത്തോടു പറഞ്ഞിട്ടുള്ളൂ. അതാണ് ഹബക്കുക്കിന്‍റെ മഹത്വം. അതാണ് ഹബക്കുക്കിനെ മറ്റു പ്രവാചകന്മാരില്‍നിന്നും വ്യത്യസ്തനാക്കിത്തീര്‍ക്കുന്നത്. തികഞ്ഞ പ്രതികൂലങ്ങളുടെ നടുവിലും ദൈവത്തിന്‍റെ ഹിതങ്ങളോടും അവിടുത്തെ പദ്ധതികളോടുമുള്ള ചോദ്യം ചെയ്യാത്തതും നിരുപാധികവുമായ വിധേയത്വം! അതാണ് ഹബക്കുക്കിനെ അനന്യനാക്കുന്നത്! ഇവിടെ ദാനിയേലും ഹബക്കുക്കും ഒരുമിക്കുന്നു. തന്‍റെ തിരഞ്ഞെടുക്കപ്പെട്ട ദാസനായ ദാനിയേലിന് അപ്പം നല്‍കി പോറ്റാന്‍തക്ക യോഗ്യതയുള്ള തുണയായി ദൈവം ഹബക്കുക്കിനെ ഉയര്‍ത്തുന്നു.
എല്ലാം അനുകൂലമായിരിക്കെ ദൈവത്തെ സ്തുതിക്കുക ഏതൊരുവനും സാധ്യമായ സംഗതിയാണ്. എന്നാല്‍ എല്ലാം പ്രതികൂലമായിരിക്കെ ദൈവത്തെ സ്തുതിക്കുക, തന്നെ തിരഞ്ഞെടുത്ത് അഭിഷേകം ചെയ്ത ദൈവത്തില്‍ പൂര്‍ണമായും പ്രത്യാശയര്‍പ്പിച്ചുകൊണ്ട് ദൈവമായ കര്‍ത്താവാണ് എന്‍റെ ബലമെന്ന് ഉച്ചത്തില്‍ പ്രഘോഷിക്കാന്‍ കഴിയുക, അത് ഏറ്റവും മഹത്തരമായ കാര്യമാണ്. അത് ചെയ്തവനാണ് ഹബക്കുക്ക്. ഹബക്കുക്കിനെപ്പോലെ ശക്തനും ധീരനും അചഞ്ചലനുമായിരിക്കാനുള്ള അഭിഷേകത്തിനായി നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാം. ”എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്‍റെ ചിത്തം എന്‍റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു” എന്ന് എല്ലാ പ്രതികൂലങ്ങളുടെ നടുവിലും ദൈവത്തോടും മനുഷ്യനോടും പറഞ്ഞ പരിശുദ്ധ മറിയം, നമ്മുടെ അമ്മ, ഈ ഒരവസ്ഥയിലേക്കുയരാന്‍ നമുക്കുവേണ്ടി പ്രാര്‍ത്ഥിച്ച് നമ്മെ സഹായിക്കട്ടെ. ‘പ്രെയ്‌സ് ദ ലോര്‍ഡ്, ആവേ മരിയ.’
'ദൈവത്താല്‍ പ്രചോദിതമായ തിരുവെഴുത്തുകള്‍ ഒരു കൊട്ടാരത്തിനുള്ളില്‍ പൂട്ടിയിട്ടിരിക്കുന്ന മുറികള്‍പോലെയാണ്. ഓരോ മുറിയും തുറക്കാന്‍ താക്കോലുകളുണ്ട്. പക്ഷേ ശരിയായ താക്കോലുകളല്ല വാതിലില്‍ കിടക്കുന്നത്. എല്ലാ താക്കോലുകളും ചിതറിക്കിടക്കുന്നതിനാല്‍ ഒന്നും പൊരുത്തപ്പെടുന്നില്ല. വിശ്വാസത്തോടെ വിശുദ്ധഗ്രന്ഥം തുറക്കുന്ന വിശ്വാസിക്ക് താക്കോലുകള്‍ ഏതെന്ന് അറിയാം; തിരുവെഴുത്തുകളുടെ അര്‍ത്ഥം മനസിലാക്കാന്‍ അവനെ അനുവദിക്കുന്ന താക്കോലുകള്‍, ദൈവം തനിക്കായി പ്രത്യേകം കരുതിയിരിക്കുന്ന താക്കോലുകള്‍.
ഒരിജന്‍