Home/Evangelize/Article

സെപ് 09, 2023 362 0 Shalom Tidings
Evangelize

തോമസിന്‍റെ സൂചിപ്പതക്കം

ഈശോ സുവിശേഷയാത്രയ്ക്കിടെ നസ്രസിലെ വീട്ടില്‍ തങ്ങിയ സമയം. ശിഷ്യരില്‍ ചിലരും ഒപ്പമുണ്ട്. ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടന്ന പണിപ്പുര സജീവമായി. അറക്കവാളും ചിന്തേരും ഉപയോഗിച്ച് ഈശോ ധൃതിയില്‍ പണിയുകയാണ്. ആ കൊച്ചുവീട്ടിലെ ഉപകരണങ്ങള്‍ കേടുപോക്കുവാന്‍ അവിടെ കൊണ്ടുവന്ന് വച്ചിട്ടുണ്ട്. എന്നാല്‍ തോമസ് ഒരു സ്വര്‍ണപണിക്കാരന്‍റെ സകല പണിയായുധങ്ങളുമായി എന്തോ പണിയുന്നു.

അവിടെയെത്തിയ സൈമണ്‍ അവനോട് അതേക്കുറിച്ച് ചോദിക്കുമ്പോള്‍ അവന്‍ പറയുകയാണ്, “അത് ഒരു രഹസ്യമാണ്. എനിക്ക് ഈ ആഗ്രഹമുണ്ടായിട്ട് കുറെക്കാലമായി. നമ്മള്‍ റാമായില്‍ പോയിരുന്ന ദിവസം മുതല്‍ ഞാന്‍ തട്ടാന്‍റെ പണിയായുധങ്ങളും കൊണ്ട് നടക്കുകയാണ്.”

തുടര്‍ന്നുവന്ന സാബത്തിന്‍റെ സന്ധ്യാസമയത്ത് വിശ്രമം തീര്‍ന്ന് ഈശോയും ശിഷ്യന്‍മാരും എല്ലാം ചേര്‍ന്ന സംഘം എല്ലാവരും അവിടെനിന്ന് യാത്രയാവുന്നു. ഭക്ഷ്യവിഭവങ്ങള്‍ ചാക്കിലാക്കി. വസ്ത്രങ്ങള്‍ തോള്‍സഞ്ചിയില്‍ തിരുകിക്കയറ്റി. പരസ്പരം അഭിവാദനങ്ങള്‍, പുഞ്ചിരി, കണ്ണീര്‍, ആശംസകള്‍ എല്ലാം അവിടെയുണ്ടായിരുന്നു. തോമസ് അമ്മമേരിക്ക് അപ്രതീക്ഷിതമായ ഒരു സമ്മാനം നല്കുകയാണ്. ഉടുപ്പിന്‍റെ കഴുത്തില്‍ കുത്താനുള്ള ഒരു സ്വര്‍ണസൂചിപ്പതക്കം. താഴ്വരയിലെ ലില്ലിയുടെ തണ്ടോടുകൂടിയ മൂന്ന് പൂക്കള്‍. പ്രകൃതിയില്‍ കാണുന്ന അതേ വിധത്തില്‍ത്തന്നെ അതിവിദഗ്ധമായിട്ടാണ് തോമസ് അതുണ്ടാക്കിയിരിക്കുന്നത്.

“എനിക്കറിയാം മേരീ, നീ ഇത് ഉപയോഗിക്കാറില്ലെന്ന്. എന്നാലും ഇത് സ്വീകരിക്കേണമേ. എന്‍റെ കര്‍ത്താവ് നിന്നെക്കുറിച്ച് നീ താഴ്വരയിലെ ലില്ലിയാണെന്ന് പറഞ്ഞിരുന്നു. അന്നുമുതല്‍ ഇതുണ്ടാക്കണമെന്ന് ഞാനാഗ്രഹിച്ചതാണ്….”

“ഓ, തോമസ് ഞാനൊരിക്കലും ആഭരണങ്ങള്‍ ധരിക്കാറില്ല… എന്നാല്‍ ഇത് അങ്ങനെയല്ല. ഇത് എന്‍റെ ഈശോയുടെ സ്നേഹവും അവന്‍റെ അപ്പസ്തോലന്‍റെ സ്നേഹവുമാണ്. അതിനാല്‍ എനിക്ക് പ്രിയപ്പെട്ട വസ്തുവായി ഞാന്‍ എന്നും ഇതിനെ നോക്കും. ഗുരുവിനെ ഇത്രയധികം സ്നേഹിക്കുന്ന തോമസിനെ ഞാനോര്‍ക്കും. ഈ സമ്മാനത്തിന്‍റെ വിലയെപ്രതിയല്ല; നിന്‍റെ സ്നേഹത്തെപ്രതി, നന്ദി!”

തീര്‍ത്ഥാടകര്‍ യാത്രയായി. (ദൈവമനുഷ്യന്‍റെ സ്നേഹഗീത)

പരിശുദ്ധ അമ്മയുടെ മക്കളായ നമ്മളും സ്നേഹത്തോടെ അമ്മയ്ക്ക് നല്കുന്ന ഉപഹാരങ്ങള്‍ അമ്മ അതീവസ്നേഹപൂര്‍വം സ്വീകരിക്കുകയും എന്നും ഓര്‍മയില്‍ സൂക്ഷിക്കുകയും ചെയ്യുമെന്നതിന് അടയാളമാണ് ഈ സംഭവം.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles