Home/Encounter/Article

ആഗ 16, 2023 247 0 Mathew Joseph
Encounter

ദൈവം പക്ഷപാതം കാണിക്കുമോ?

ദൈവത്തിന്‍റെ സ്വന്തമാകാനുള്ള കുറുക്കുവഴി ഉദാഹരണസഹിതം വ്യക്തമാക്കുന്ന ലേഖനം

എന്തുകൊണ്ടാണ് ചിലര്‍മാത്രം നാട്ടുകാര്‍ക്ക് കണ്ണിലുണ്ണിയാകുന്നത്? മക്കളില്‍ ചിലര്‍മാത്രം മാതാപിതാക്കള്‍ക്ക് പ്രിയപ്പെട്ടവര്‍ ആകുന്നത്? വിദ്യാര്‍ത്ഥികളില്‍ ഏതാനുംപേര്‍ മാത്രമെന്തേ അധ്യാപകരുടെ ഹൃദയത്തില്‍ ഇടം പിടിക്കുന്നു? പന്ത്രണ്ട് ശിഷ്യന്മാരില്‍ യോഹന്നാനുമാത്രമെന്തേ വത്സല ശിഷ്യനെന്ന് പേര് വീണു? എല്ലായിടത്തും, ദൈവത്തിനുപോലും, പക്ഷപാതമുണ്ടോ?

എന്നാല്‍ ദൈവത്തിന്‍റെ മനസ്സ് അറിഞ്ഞ് വിശുദ്ധ പത്രോസ് ശ്ലീഹ താനറിഞ്ഞ സത്യം പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്: “സത്യമായും ദൈവത്തിന് പക്ഷപാതമില്ലെന്നും അവിടുത്തെ ഭയപ്പെടുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരും, ഏത് ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്ക് സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 10/35). തന്‍റെ മക്കളെല്ലാവരും അനുഗ്രഹിക്കപ്പെടണമെന്നും ആത്മീയമായും ഭൗതികമായും ഉയരണമെന്നുമാണ് ദൈവം ആഗ്രഹിക്കുന്നത്. (2 സാമുവല്‍ 7/10)- ‘ഭൂമിയിലുള്ള മഹാത്മാക്കളെപ്പോലെ നിന്നെ ഞാന്‍ മഹാനാക്കും’ എന്നതാണ് ദൈവത്തിന്‍റെ മനസ്സ്.

എന്താണിതിന്‍റെ കാരണം? യേശു എവിടെ ഇരുന്നാലും യോഹന്നാന്‍ അവിടുത്തെ വക്ഷസിലേക്ക് ചാരി ചേര്‍ന്നിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വിട്ടുപിരിയാത്ത ഒരു ഹൃദയബന്ധത്തിലേക്ക് അവര്‍ വളര്‍ന്നു. ഗുരുവിന്‍റെ വത്സലനായി വളര്‍ന്നുവന്നു. എന്നാല്‍ തന്‍റെ വക്ഷസ് യേശു യോഹന്നാനുവേണ്ടി മാത്രം നീക്കിവച്ചിരുന്നു എന്ന് വിശുദ്ധ ബൈബിള്‍ പഠിപ്പിക്കുന്നില്ല. എന്നാല്‍ അവന്‍ അത് തിരഞ്ഞെടുത്തു. അതാണ് വത്സലനാകാനുള്ള, ദൈവത്തിന്‍റെ സ്വന്തമാകാനുള്ള കുറുക്കുവഴി. ഈ സാധ്യത കണ്ടെത്തിയവരാണ് വിശുദ്ധരും രക്തസാക്ഷികളുമെല്ലാം.

പ്രഭാഷക പുസ്തകം 15-ാം അധ്യായത്തിലെ തിരുവചനം ശ്രദ്ധിക്കാം: “ആദിയില്‍ കര്‍ത്താവ് മനുഷ്യനെ സൃഷ്ടിച്ചു. അവന് സ്വാതന്ത്ര്യവും നല്കി. മനസ്സുവച്ചാല്‍ നിനക്ക് കല്പനകള്‍ പാലിക്കാന്‍ സാധിക്കും. വിശ്വസ്തതാപൂര്‍വം പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നീയാണ്” (പ്രഭാഷകന്‍ 15/14-15). നമ്മുടെ മനസ്സും ആഗ്രഹവും ലക്ഷ്യവുമാണ് പ്രധാനം.

പ്രഭാതത്തില്‍ നേരത്തേ ഉണര്‍ന്ന് വ്യക്തിപരമായി പ്രാര്‍ത്ഥിക്കാനുള്ള സാധ്യത ഈ ഭൂമിയില്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്. എന്നാല്‍ അത് പ്രയോജനപ്പെടുത്തുന്നവര്‍ ചുരുക്കം. ഒരു ഇടവക ദൈവാലയത്തില്‍ ക്രിസ്തു തന്‍റെ ശരീരവും രക്തവും ബലിയായി അര്‍പ്പിക്കുന്നത് ആ ഇടവകയിലെ ഏതാനും പേര്‍ക്കായല്ല. മുഴുവന്‍ ജനത്തിനും വേണ്ടിയാണ്. നന്മ ചെയ്യാനും ആത്മീയശുശ്രൂഷകളില്‍ പങ്കെടുക്കാനും സമ്പത്ത് സുവിശേഷത്തിനായി കൊടുക്കാനുമുള്ള സാധ്യത നമ്മുടെ മുമ്പിലുണ്ട്. ചുരുക്കത്തില്‍, ജീവനും മരണവും നന്മയും തിന്മയും ദൈവം നമ്മുടെ മുമ്പില്‍ വച്ചിരിക്കുന്നു. നമ്മുടെ ആത്മീയ തളര്‍ച്ചകളുടെയും വ്യക്തിപരമായ കുറവുകളുടെയും ഉത്തരവാദിത്വം ദൈവത്തിന്‍റെ ചുമലില്‍വച്ച് ഒഴിഞ്ഞുമാറാന്‍ നമുക്കാവില്ല.

പിന്നിട്ട ജീവിതവഴികളില്‍ ഞാന്‍ തിരിച്ചറിഞ്ഞ ഒരു ആത്മീയ സത്യം കുറിക്കട്ടെ: ഭൗതിക കാര്യങ്ങള്‍ക്കും വളര്‍ച്ചയ്ക്കുമായി നാം കൊടുക്കുന്ന പ്രാധാന്യത്തിന്‍റെ ഒരംശംപോലും പലപ്പോഴും ദൈവിക കാര്യങ്ങള്‍ക്കായി നാം കൊടുക്കാറില്ല എന്നതാണ് അത്. ദൈവാലയത്തിലും കൂട്ടായ്മയിലും ധ്യാനത്തിനും മറ്റും വരാന്‍ താല്പര്യമില്ലാത്തവരില്‍ ചിലര്‍ പറയുന്നത് ഇങ്ങനെയാണ്: “ഒരുപാടുനേരം നില്‍ക്കാനും ഇരിക്കാനും ഒന്നും പറ്റത്തില്ല, ശരീരത്തിന് ക്ഷീണമാണ്.” അതില്‍ കുറച്ചൊക്കെ സത്യമുണ്ടാകാം. എന്നാല്‍ നമ്മുടെ പഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നു എന്നോ, സൗജന്യമായി റേഷന്‍ വിതരണം ചെയ്യുന്നുവെന്നോ അറിഞ്ഞാല്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ തിക്കിലും തിരക്കിലും മഴയും ചൂടും വകവയ്ക്കാതെ നില്‍ക്കാന്‍ ഇതേ ആളുകള്‍ക്ക് യാതൊരു മടിയുമില്ല.

ദൈവാലയത്തില്‍പ്പോലും വരാന്‍ മടിയുള്ള സമ്പന്നനായ ഒരു കുടുംബനാഥന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു: “ഞാന്‍ ധ്യാനത്തിനും മറ്റ് ആത്മീയകാര്യങ്ങള്‍ക്കും വരാത്തത്, വലിയ ശബ്ദം കേള്‍ക്കുന്നത് എനിക്ക് അസഹ്യമായതുകൊണ്ടാണ്. നിങ്ങളുടെ ഉച്ചത്തിലുള്ള സ്തുതിപ്പും പ്രാര്‍ത്ഥനയും നിര്‍ത്തിയാല്‍ ഞാന്‍ ധ്യാനത്തിന് വരാം.” എന്നാല്‍ അതിനടുത്ത ദിവസം അദ്ദേഹത്തിന്‍റെ ഇടവക തിരുനാളിനോട് അനുബന്ധിച്ച് നടന്ന ഗാനമേളയിലും കലാസന്ധ്യയിലും സൗണ്ട്ബോക്സിനോടു ചേര്‍ന്ന് ആടാനും പാടാനും ഈ സുഹൃത്ത് ആദ്യാവസാനം മുമ്പില്‍ത്തന്നെ ഉണ്ടായിരുന്നു.

ആത്മീയ ശുശ്രൂഷകള്‍ക്ക് ഏറെ വൈകിയെത്തുന്ന നമ്മില്‍ പലരും ഒരു ഡോക്ടറെ കാണാനോ, ഒരു സിനിമ കാണാനോ വളരെ നേരത്തേ എത്തുന്നവരാണ്. ഏതാനും തിരുവചനങ്ങള്‍പോലും കാണാതെ പറയാന്‍ അറിയാത്ത നമുക്ക് പഴഞ്ചൊല്ലുകളും അന്ധവിശ്വാസങ്ങളും നൂറുകണക്കിന് അറിയാം. മദ്യപിച്ച് ലക്കുകെട്ട് ശബ്ദമുണ്ടാക്കി നാട്ടുകാരുടെ മുഴുവന്‍ ഉറക്കം കെടുത്തുന്നവരും പറയുന്നു, ‘എന്തിന് ദൈവത്തെ ഉച്ചത്തില്‍ സ്തുതിക്കണം?’ ഇഷ്ടപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുവേണ്ടി തൊണ്ടപൊട്ടുന്ന ശബ്ദത്തില്‍ ജയ് വിളിക്കുന്നവര്‍ ഈ തൊണ്ടയും ശബ്ദവും ജീവനും തന്ന ദൈവത്തിന്‍റെ മുമ്പില്‍ ശബ്ദമുയര്‍ത്തുന്നതും കരമുയര്‍ത്തുന്നതും വലിയ അപമാനമായി കരുതുന്നു.

ഇവിടെയാണ് നമ്മുടെ തിരഞ്ഞെടുപ്പുകള്‍ ആവശ്യമായി വരുന്നത്. നമുക്ക് ക്രിസ്തുവിന്‍റെ പ്രിയപ്പെട്ടവരാകണോ? ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ സ്വന്തമാക്കണോ? മനസ്സുവച്ചാല്‍ എനിക്കും നിനക്കും അത് സാധ്യമാണ്. ഈശോ പറഞ്ഞു: “ചോദിക്കുവിന്‍, നിങ്ങള്‍ക്ക് ലഭിക്കും. അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്ക് തുറന്നുകിട്ടും.”

വിലകൊടുക്കാതെ വിലയുള്ളത് സ്വന്തമാക്കാന്‍ കഴിയില്ല. പക്ഷപാതം കാണിക്കാത്ത ദൈവം എന്നെയും നിങ്ങളെയും ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നു. നമുക്ക് പുതിയ തീരുമാനങ്ങള്‍ എടുക്കാം. അവിടുന്ന് നിശ്ചയമായും നമ്മെ അവിടുത്തെ വത്സലരാക്കി മാറ്റും.

Share:

Mathew Joseph

Mathew Joseph

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles