Home/Encounter/Article

ജനു 02, 2020 1663 0 George Joseph
Encounter

അയല്‍ക്കാര്‍ പറയും, ‘ഇതൊരു അത്ഭുത വീട് !’

ഞങ്ങള്‍ താമസിക്കുന്നത് എറണാകുളം ജില്ലയിലെ വരാപ്പുഴ എന്ന സ്ഥലത്താണ്. 2018 ജൂലൈമാസത്തില്‍ ഞങ്ങള്‍ കുടുംബസമേതം ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലെ ജോസ് ഉപ്പാണി അച്ചനെ കണ്ട് പ്രാര്‍ത്ഥിക്കാന്‍ ചെന്നു. അപ്പോള്‍ അച്ചന്‍ ഞങ്ങള്‍ക്ക് ‘കൃപയ്ക്കുമേല്‍ കൃപ’ എന്ന മാതാവിന്‍റെ വിമലഹൃദയപ്രതിഷ്ഠയ്ക്കുള്ള ഒരുക്ക പുസ്തകം സമ്മാനിച്ചിട്ട് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. അന്നുമുതല്‍ ഞങ്ങള്‍ കുടുംബസമേതം പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. ആദ്യദിവസം മുതല്‍ എന്തൊക്കെയോ മാറ്റങ്ങള്‍ കാണാന്‍ തുടങ്ങി. ജീവിതമാകെ ക്രമീകരിക്കപ്പെടുന്നതുപോലെ. കാര്യങ്ങളൊക്കെ ചെയ്യാന്‍ അസാധാരണമായ കൃപകള്‍ വന്നു നിറയുന്നതുപോലെ…

ഏതാണ്ട് പത്തുദിവസം പിന്നിട്ടപ്പോള്‍ ഉള്ളില്‍ ഒരു പ്രേരണ, കുറച്ച് പണം ഭാര്യയുടെ കൈയില്‍ സൂക്ഷിക്കാനേല്പിക്കണം. അതിനുമുമ്പ് വീട്ടില്‍ അങ്ങനെയൊരു ശീലമില്ല. എങ്കിലും ആ പ്രേരണ അനുസരിച്ച് ഞാന്‍ കുറച്ചുനാളുകള്‍കൊണ്ട് ഇരുപതിനായിരം രൂപയോളം ഭാര്യയുടെ കൈയില്‍ ഏല്പിച്ചു. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് എനിക്കും അറിയില്ല. പലപ്പോഴും ഭാര്യ എന്നോട് ഇതേപ്പറ്റി ചോദിക്കുമെങ്കിലും പറയാന്‍ പ്രത്യേക മറുപടി ഇല്ലായിരുന്നു.

‘കൃപയ്ക്കുമേല്‍ കൃപ’ എന്ന മാതാവിന്‍റെ വിമലഹൃദയ പ്രതിഷ്ഠയ്ക്കുള്ള ഒരുക്ക പുസ്തകം 33 ദിവസത്തെ വിചിന്തനവും പ്രാര്‍ത്ഥനയും ചേര്‍ന്നതാണ്. ഇരുപത് ദിവസത്തോളം പിന്നിട്ടപ്പോള്‍ ഹൃദയത്തിനുള്ളില്‍ ആത്മധൈര്യം നിറയുന്നതായി തോന്നി. എന്തിനോ അമ്മ ഒരുക്കിയെടുക്കുന്നതുപോലെ. എനിക്ക് മാത്രമല്ല, ഭാര്യയ്ക്കും സമാനമായ അനുഭവമായിരുന്നു. പിന്നീട് മനസില്‍ തോന്നി ഒരു മാസത്തേക്കുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങണമെന്ന്. അതിനുമുമ്പ് അങ്ങനെ വാങ്ങിവയ്ക്കുന്ന പതിവില്ല വീട്ടില്‍. കൂടിപ്പോയാല്‍ ഒരാഴ്ചത്തേക്കുള്ള സാധനങ്ങള്‍ വാങ്ങിവയ്ക്കും, അത്രയേയുള്ളൂ. ഒരുപക്ഷേ അതും പരിശുദ്ധ അമ്മയുടെ പ്രേരണയാവാം. അതനുസരിച്ച് ഒരു മാസത്തേക്കുവേണ്ട സാധനങ്ങള്‍ വാങ്ങിവച്ചു.

വിമലഹൃദയപ്രതിഷ്ഠ 28 ദിവസത്തോളം പിന്നിട്ടപ്പോള്‍ കേരളത്തിലാകമാനം ശക്തമായ മഴയും വെള്ളപ്പൊക്കവും ആരംഭിച്ചു. ഇടുക്കി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ തുടങ്ങി. പതുക്കെ എറണാകുളം ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങാനാരംഭിച്ചു. എന്‍റെ അപ്പ ഒരു കിടപ്പുരോഗിയാണ്. അദ്ദേഹത്തിന്‍റെ ശരീരം നന്നായി ഒന്നു കുലുങ്ങിയാല്‍ ജീവനുവരെ അപകടമാണ്. കൂടാതെ എന്‍റെ രണ്ട് കുഞ്ഞുങ്ങള്‍… എന്തെങ്കിലും സംഭവിച്ചാല്‍ പെട്ടെന്ന് മറ്റൊരു സ്ഥലത്തേക്ക് മാറാന്‍ യാതൊരു സാഹചര്യവും ഇല്ല. അതായിരുന്നു ഞങ്ങളുടെ അവസ്ഥ.

പ്രതിഷ്ഠയ്ക്കുള്ള ഒരുക്കം 32 ദിവസം പിന്നിട്ടപ്പോള്‍ വരാപ്പുഴയുടെ ഒരു ഭാഗം മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. ആളുകളെയെല്ലാം ക്യാമ്പുകളിലേക്ക് മാറ്റാന്‍ തുടങ്ങി. വഴിയെല്ലാം അടഞ്ഞു. പുറത്ത് കടക്കാന്‍ യാതൊരു മാര്‍ഗവുമില്ല. ഒരാഴ്ചയായി വൈദ്യുതിയുമില്ലായിരുന്നു. അപ്പയെയുംകൊണ്ട് പെട്ടെന്ന് ക്യാമ്പിലേക്ക് പോകാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. ഞങ്ങളുടെ വീടിന് സമീപമുള്ള മറ്റെല്ലാവരും ക്യാമ്പിലേക്ക് മാറി. ഒറ്റപ്പെട്ട അവസ്ഥയിലായി ഞങ്ങള്‍. തൊട്ടടുത്ത ഒരു കുടുംബംമാത്രം ക്യാമ്പിലേക്ക് മാറാതെ ഒപ്പം നിന്നു.

പ്രതിഷ്ഠയ്ക്കുള്ള ഒരുക്കത്തിന്‍റെ അവസാന ദിവസം അതായത് മുപ്പത്തിമൂന്നാം ദിവസം, ഓഗസ്റ്റ് 23, 2018 ജീവിതത്തില്‍ ഒരുപോള കണ്ണടക്കാതിരുന്ന രാത്രി. ചുറ്റുവട്ടത്തെങ്ങും ആരുമില്ല. വെളിച്ചവുമില്ല. ഒന്ന് അലറിയാല്‍പോലും ആരും കേള്‍ക്കാനില്ല. ഞങ്ങളുടേത് ഉള്‍പ്പെടെ ഇരുപത് വീടുകള്‍മാത്രം വെള്ളം കയറാതെ ഒറ്റപ്പെട്ട് നില്‍ക്കുന്നു. അമ്പതുമീറ്റര്‍ അപ്പുറത്തുവരെ അരനിലയോളം വെള്ളം കയറിയ അവസ്ഥയായിരുന്നു. ഞാന്‍ കണ്ട മറ്റൊരത്ഭുതമെന്ന് പറയട്ടെ, വീടിന് പുറകിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്തവിധം ശക്തമായ ഒഴുക്ക് ആ തോട്ടില്‍ അനുഭവപ്പെട്ടു. വന്ന വെള്ളം മുഴുവന്‍ ആ തോട്ടിലൂടെ ശക്തമായി ഒഴുകിപ്പോകുന്നു. വീട്ടിലെ സാധനങ്ങളൊക്കെ ഒരു മുന്‍കരുതലിനായി ഞാന്‍ ടെറസിലേക്ക് മാറ്റിയിരുന്നു. പക്ഷേ വീടിന്‍റെ മുറ്റത്തുപോലും വെള്ളം വന്നില്ല. ദൈവത്തിന്‍റെ വലിയ കരുണയുടെ സ്പര്‍ശനം അന്ന് ഞങ്ങള്‍ അനുഭവിക്കുകയായിരുന്നു.

പരിശുദ്ധ മാതാവിന്‍റെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടതിന്‍റെ ഫലമായാണ് ആ മഹാപ്രളയത്തില്‍നിന്ന് ഞങ്ങള്‍ കരകയറിയതെന്ന് എനിക്കുറപ്പാണ്. അയല്‍വാസികളൊക്കെ ഇപ്പോഴും പറയും ഇതൊരു മിറക്കിള്‍ ഹോം അഥവാ അത്ഭുതവീട് ആണെന്ന്. ജ്ഞാനം 19:6-ല്‍ പറയുന്നതുപോലെ “അങ്ങയുടെ മക്കളെ ഉപദ്രവമേല്‍ക്കാതെ പരിരക്ഷിക്കാന്‍ അവിടുത്തെ ഇഷ്ടത്തിന് വിധേയമായി സൃഷ്ടികളുടെ സ്വഭാവം നവ്യരൂപമെടുത്തു” എന്നതായിരുന്നു ഞങ്ങളുടെ അനുഭവം.

അതിനുശേഷം കുറച്ച് നാളുകള്‍ വളരെ ബുദ്ധിമുട്ട് നിറഞ്ഞ കാലഘട്ടമായിരുന്നു. എ.റ്റി.എമ്മില്‍ പണമില്ല, സാധനങ്ങള്‍ കിട്ടുന്നില്ല. പക്ഷേ നേരത്തേതന്നെ മാതാവിന്‍റെ പ്രേരണപ്രകാരം പണം കരുതിയതും സാധനങ്ങള്‍ വാങ്ങി ശേഖരിച്ചതും നിമിത്തം ഞങ്ങളുടെ കുടുംബത്തിന് വലിയ വിഷമതകളില്ലാതെ ആ സമയം നേരിടാന്‍ കഴിഞ്ഞു. അല്ലെങ്കില്‍ കിടപ്പുരോഗിയായ അപ്പയെയും രണ്ട് കുഞ്ഞുങ്ങളെയുമൊക്കെ പരിപാലിക്കുക വളരെ വിഷമകരമായേനേ. പരിശുദ്ധ അമ്മയോടുള്ള വിമലഹൃദയ പ്രതിഷ്ഠാജപം ഓഗസ്റ്റ് 24, 2018-നാണ് പൂര്‍ത്തീകരിച്ചത്. ഒരു വലിയ സഹനകാലത്തെ മറികടക്കാന്‍ മുന്‍കൂട്ടി ഒരുക്കി ശരീരത്തെയും മനസിനെയും ആത്മാവിനെയും രൂപാന്തരപ്പെടുത്തുന്ന അമ്മയുടെ സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

ഓ! വിശ്വസ്തയായ കന്യകേ, ഞങ്ങളെ അങ്ങയുടെ സുതനും മാംസം ധരിച്ച ജ്ഞാനവുമായ ഈശോമിശിഹായുടെ യഥാര്‍ത്ഥ ശിഷ്യരും അനുയായികളും ആക്കണമേ! അങ്ങനെ അങ്ങയുടെ മധ്യസ്ഥവും മാതൃകയുംവഴി ഭൂമിയിലെ അവിടുത്തെ പൂര്‍ണതയും സ്വര്‍ഗത്തിലെ അവിടുത്തെ മഹത്വവും ഞങ്ങള്‍ക്ക് ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

Share:

George Joseph

George Joseph

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles