Home/Encounter/Article

ജുലാ 30, 2019 2055 0 Rosamma Joseph Pulppel
Encounter

ആരോടാണ് കൂടുതല്‍ ഇഷ്ടം?

കുഞ്ഞുങ്ങളോട് പൊതുവേ മാതാപിതാക്കള്‍ ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്, “അപ്പനോടാണോ അമ്മയോടാണോ കൂടുതൽ ഇഷ്ടം?” “ഈശോയോടു മതി കൂടുതല്‍ സ്നേഹം. അതു കഴിഞ്ഞുമതി അപ്പനോടും അമ്മയോടും.” ചോദ്യത്തോടൊപ്പം ഇങ്ങനെ പറഞ്ഞു കൊടുക്കുന്നത് നല്ലതാണ്. ഒരമ്മയെപ്പറ്റി കേട്ടതോര്‍ക്കുന്നു, അവര്‍ കുഞ്ഞുങ്ങളോട്  പറഞ്ഞുകൊടുത്തു, പരിശുദ്ധ മാതാവാണ് നിങ്ങളുടെ അമ്മ. ഞാൻ നിങ്ങളുടെ രണ്ടാമത്തെ അമ്മയാണെന്ന് .
ആ മക്കള്‍ ദൈവമാതാവിനോടുള്ള ഭക്തി എത്രമാത്രം കാത്തുസൂക്ഷിക്കും!

ദൈവം നമുക്ക് തന്നിരിക്കുന്ന അനുഗ്രഹങ്ങള്‍, സ്നേഹിക്കാൻ തന്നിരിക്കുന്ന വ്യക്തികള്‍- എല്ലാം നമുക്ക് ഒരു ബന്ധനമാകാനിടയുണ്ട്. ദൈവത്തേക്കാളുപരി മറ്റെന്തിനെയെങ്കിലും -വ്യക്തികളെയോ വസ്തുക്കളെയോ സാമ്പത്തിനേയോ – സ്നേഹിച്ചാല്‍ അത് ബന്ധനമാണ്. നിന്‍റെ ദൈവമായ കര്‍ത്താവ് ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പനയുടെ ലംഘനമാണ് അത്. ഇത് അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുന്നുണ്ടോ എന്നു നമുക്ക് പരിശോധിക്കാം.

ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണമെന്ന് തിരുവചനം പറയുന്നു. അതുകൊണ്ടുതന്നെയല്ലേ ധാരാളം ഭൗതികസമ്പത്തുണ്ടായിരുന്ന വിശുദ്ധർ അതെല്ലാം വിറ്റ് ആവശ്യക്കാര്‍ക്കായി പങ്കുവച്ചു നല്കിയത്. കാരണം ഏറ്റവും വലിയ സമ്പത്തു യേശുവാണെന്ന് അവര്‍ക്ക് ബോധ്യം ലഭിച്ചു. സ്വര്‍ഗ്ഗരാജ്യം വയലില്‍ ഒളിഞ്ഞിരിക്കുന്ന നിധിക്കുതുല്യം. അത് കണ്ടെത്തുന്നവൻ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുന്നുവെന്ന് ഈശോ പറഞ്ഞത് അതുകൊണ്ടല്ലേ. മറ്റുള്ളവര്‍ക്കു മുഴുവൻ അത് വിഡ്ഢിത്തമായി തോന്നിയാലും അതാണ് ഏറ്റവും ബുദ്ധിപൂർവമായ പ്രവൃത്തി എന്ന് ചെയ്യുന്നയാള്‍ക്ക് അറിയാം.

ഞങ്ങളുടെ അമ്മച്ചി ഇപ്രകാരമുള്ള മാതൃക ഞങ്ങള്‍ക്ക് കാണിച്ചു തന്നു. സാമ്പത്തിനോട് മമത കാണിച്ചില്ല. നവീകരണധ്യാനങ്ങളില്‍  പങ്കെടുത്ത് തിരുവചനങ്ങള്‍ പാലിച്ച് അമ്മച്ചി ജീവിക്കാൻ ശ്രമി ച്ചു. ആത്മീയജീവിതത്തിന് സഹായമാകാൻ അമ്മച്ചിയുടെ ആഗ്രഹമനുസരിച്ച് ശാലോം ടൈംസ് മാസികയുടെ ആരംഭം മുതലുള്ള കോ പ്പികള്‍ വാങ്ങിക്കൊടുത്തു. ഇപ്രകാരം ജീവിച്ചിരുന്നതിനാല്‍ പെട്ടെന്ന് മരണം സംഭവിച്ചപ്പോഴും ഒരുക്കത്തോടെ മറിക്കാൻ സാധി ച്ചു. 73-ാം വയസില്‍ പെട്ടെന്നുണ്ടായ ശാരീരികപ്രശ്നങ്ങളാലാണ് 1995 സെപ്റ്റംബര്‍ രണ്ടിന് അമ്മച്ചി മരിച്ചത്. അതിന് അല്പം മുൻപ് പലര്‍ക്കും കത്തുകള്‍ എഴുതി പോസ്റ്റ് ചെയ്തിരുന്നു. ജൂലൈ അവസാനം എഴുതി പോസ്റ്റ് ചെയ്തിരുന്ന ആ കത്തുകള്‍ ആഗസ്റ്റ് മാസം ആദ്യത്തില്‍ത്തന്നെ എല്ലാവര്‍ക്കും കിട്ടി. ഒരു ദിവസം മാത്രം ആശുപത്രിയില്‍ കിടന്ന അമ്മച്ചി മരിച്ചെന്നു കേട്ടപ്പോഴേ കത്തുകള്‍ കിട്ടിയവരെല്ലാം ഓടിവന്നു.

ആത്മരക്ഷയ്ക്കുതകുന്ന കാര്യങ്ങള്‍ എഴുതിയിരുന്ന ആ കത്തുകള്‍ അവര്‍ക്കെല്ലാം അനുഗ്രഹമായി എന്ന് അവര്‍ പറഞ്ഞു. കുടുംബത്തിലുണ്ടായിരുന്ന വഴക്കുകള്‍ക്ക് പരിഹാരമായതായി ചിലര്‍ സാക്ഷ്യപ്പെടുത്തി . ആരെങ്കിലുംതമ്മിൽ തമ്മിൽ പ്രശ്നമുണ്ടെന്ന് അറിഞ്ഞാൽ അവരോട് കത്തിലൂടെയോ നേരിട്ടോ സംസാരിക്കാനും അതിന് പരിഹാരമുണ്ടാക്കാനും അമ്മച്ചി ശ്രമിച്ചിരുന്നു.  ഇക്കാര്യങ്ങളില്‍ പലതും അമ്മച്ചിയുടെ മരണശേഷമാണ് ഞങ്ങള്‍ അറിഞ്ഞതുതന്നെ. അമ്മച്ചി ഈശോയെ കണ്ടെത്തിയപ്പോൾ മുതല്‍ സകലതിലുമുപരി ഈശോയെ സ്നേഹിച്ചതിന്‍റെ പ്രതിഫലനമായിരുന്നു ഇതെല്ലാം. മക്കളെയും ഈശോയെ സ്നേഹിക്കാൻ പഠിപ്പിച്ചു. എപ്പോഴും അനുതപിക്കണമെന്നാണ് പറഞ്ഞുതന്നിട്ടുള്ളത്. അമ്മച്ചി മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും എന്‍റെ സങ്കടം മാറിയില്ല. ഇതുകണ്ട് ഒരിക്കല്‍ എന്‍റെ മൂന്നാം ക്ലാസുകാരനായ മകൻ പറഞ്ഞു. “അമ്മച്ചി ഇപ്പോഴും ജനഹൃദയങ്ങളില്‍ ജീവിക്കുന്നുണ്ട്. അമ്മ ഈ കരച്ചില്‍ നിർത്തിയാൽ  മതി.” നല്ല മനുഷ്യര്‍ മരിച്ചു പോകുമ്പോൾ പത്രങ്ങളില്‍നിന്ന് അവൻ വായിച്ചിട്ടുള്ള വാക്കുകളാണ് അത്. അവൻ പതിവായി പത്രം വായിക്കാറുണ്ട്. ആ വാക്കുകള്‍ എനിക്ക് വളരെയധികം ആശ്വാസം നല്കി. ഈശോയെ സര്‍വതിലുമുപരി സ്നേഹിച്ചവരുടെ ജീവിതം എങ്ങനെയാകുമെന്നതിന്‍റെ ഒരു ഓർമ്മപ്പെടുത്തൽ  കൂടിയായിരുന്നു അതെനിക്ക്. ഈശോയെ സ്നേഹിക്കുന്നവര്‍ അവിടുത്തേക്ക് പ്രിയപ്പെട്ട മനുഷ്യാത്മാക്കളെയും സ്നേഹിക്കും. ആത്മാക്കളോടുള്ള ആ സ്നേഹം അവരെ പ്രവര്‍ത്തനനിരതരാക്കുന്നു. അതിനാല്‍ത്തന്നെ അവര്‍ ‘ഹൃദയങ്ങളില്‍’ വസിക്കും. നമുക്കും ഈശോയെ കൂടുതലായി സ്നേഹിക്കാം, ഹൃദയങ്ങളില്‍ വസിക്കുന്നവരാകാം.

Share:

Rosamma Joseph Pulppel

Rosamma Joseph Pulppel

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles