Trending Articles
ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്കും. അതുകൊണ്ടുതന്നെയാണ് പ്രാര്‍ത്ഥനയില്‍ നാം ആശ്രയിക്കാനും അവയ്ക്കുത്തരം സ്വന്തമാക്കാനും അനേക വചനങ്ങള്‍ വിശുദ്ധ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ളത് . “പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിൻ; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും”(മര്‍ക്കോസ് 11:24). “നീ പ്രാര്‍ത്ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോൾ ഇതാ ഞാൻ, എന്ന് അവിടുന്ന് മറുപടി തരും” (ഏശയ്യാ 58:9). പക്ഷേ കഴിഞ്ഞ കാലങ്ങളില്‍ നമ്മൾ ഉയര്‍ത്തിയ എല്ലാ പ്രാര്‍ത്ഥനയ്ക്കും ഉത്തരം ലഭിച്ചോ? നമ്മുടെ എല്ലാ പ്രാര്‍ത്ഥനയും ദൈവതിരുമുൻപിൽ സ്വീകാര്യമായോ? ആവണമെന്നില്ല. എങ്ങനെയാണ് ദൈവത്തിന് സ്വീകാര്യമായി നാം പ്രാര്‍ത്ഥിക്കുക. അത് സങ്കീര്‍ണമായ കാര്യമൊന്നുമല്ല. മറിച്ച് തികച്ചും ലളിതവും ആനന്ദം ജനിപ്പിക്കുന്നതും നമ്മുടെ വ്യക്തിത്വത്തിന്‍റെ ബലഹീനതകളെ മാറ്റിമറിക്കുന്നതും ഒരു പുതിയ സൃഷ്ടിയാവുംവിധം ജീവിതത്തില്‍ വെളി ച്ചം നിറയ്ക്കുന്നതുമായ പ്രാര്‍ത്ഥനാരീതിയാണത്.
കണക്കുസാറിനായൊരു പ്രാര്‍ത്ഥന
ഞാൻ പത്താംക്ലാസില്‍ പഠിക്കുമ്പോൾ ഏറ്റവും ഇഷ്ടമില്ലാത്ത വിഷയം കണക്കായിരുന്നു. കണക്ക് പഠിപ്പിച്ചിരുന്ന അധ്യാപകനാകട്ടെ വലിയ കാര്‍ക്കശ്യക്കാരനും കടുത്ത ശിക്ഷണം നല്കുന്നയാളുമായിരുന്നു. ശിക്ഷണം ഒഴിവാക്കാൻ കണക്കിന് നല്ല മാര്‍ക്ക് വാങ്ങുക എന്നതുമാത്രമായിരുന്നു പരിഹാരം. പക്ഷേ എന്‍റെ ബുദ്ധിശക്തിക്ക് അവ ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. കണക്കുസാറിനോടുള്ള പേടി ക്രമേണ വെറുപ്പായി മാറി. അങ്ങനെയിരിക്കെ ആ വർഷത്തെ കൊന്തനമസ്കാരത്തിന്‍റെ സമയം വന്നുചേര്‍ന്നു.
വേദപാഠക്ലാസില്‍ ടീച്ചര്‍ നിയോഗങ്ങള്‍വച്ച് പ്രാര്‍ത്ഥിക്കുന്നതിന്‍റെ പ്രാധാന്യം പഠിപ്പിച്ചതും ആ നാളുകളില്‍ത്തന്നെ. അങ്ങനെ എന്‍റെ ജീവിതത്തിലെ നിയോഗംവച്ചുള്ള ആദ്യത്തെ പ്രാര്‍ത്ഥന ആ കൊന്തനമസ്കാരത്തിന് ആരംഭിച്ചു. ‘എന്‍റെ കണക്കുസാറിന്‍റെ കൈ ഒടിയണം’ അതായിരുന്നു എന്‍റെ നിയോഗം. ഈ ആവശ്യത്തിനായി ഞാൻ കൊന്തയുടെ എല്ലാ രഹസ്യങ്ങളും മുട്ടിന്മേല്‍നിന്ന് പ്രാര്‍ത്ഥിച്ചു. പക്ഷേ ആ പ്രാര്‍ത്ഥന നിറവേറിയില്ല.
വചനം ഉത്തരം തന്നു “ഞാൻ നിങ്ങളോടു പറയുന്നു: ചോദിക്കുവിൻ; നിങ്ങള്‍ക്കു ലഭിക്കും.അന്വേഷിക്കുവിൻ ; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിൻ ; നിങ്ങള്‍ക്കു തുറന്നുകിട്ടും. എന്തെന്നാൽ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു .മുട്ടുന്നവൻ തുറന്ന് കിട്ടുകയും ചെയ്യുന്നു. നിങ്ങളില്‍ ഏതൊരു പിതാവാണ് മകൻ മീൻ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക? മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക? മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്കാൻ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല!” (ലൂക്കാ11:913).
ദൈവം നിശ്ചയമായും നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്കും. പക്ഷേ ഞാൻ മീനാണ് എന്നു കരുതി ചോദിക്കുന്ന എന്‍റെ പ്രാര്‍ത്ഥനകള്‍ മറ്റൊരുവനെ പദ്രവിക്കാൻ ഉദ്ദേശിച്ചുള്ളതോ അവന് വിഷമം നല്കുന്നതോ ആണെങ്കില്‍ അത് ദൈവത്തിന് മുമ്പിൽ ഉഗ്രവിഷമുള്ള പാമ്പായി കാണപ്പെടും. അത്തരം പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുകയില്ല. അതുപോലെ ഞാൻ മുട്ടയാണെന്നു കരുതി ചോദിക്കുന്നത് മറ്റൊരാളെ വേദനിപ്പിക്കുന്നതോ കടിക്കുന്നതോ ആയാല്‍ അത് ദൈവസന്നിധിയില്‍ തേളായി സ്വീകരിക്കപ്പെടുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്നതോ ഉപദ്രവിക്കുന്നതോ ആയ പ്രാര്‍ത്ഥനകളൊന്നും ദൈവം സ്വീകരിക്കില്ല.
Manoj Thomas
Want to be in the loop?
Get the latest updates from Tidings!