Home/Encounter/Article

ജുലാ 26, 2019 1897 0 Rev Dr Roy Paalaatty
Encounter

ഇരുപത്തിയൊന്നാമന്‍റെ രഹസ്യം

ആഗസ്റ്റ് 30-ന് വിശുദ്ധ രക്തസാക്ഷികളുടെ തിരുനാള്‍ സഭ ആചരിക്കുന്നു. ഫെലിക്സ് ,അഡോക്ടസ് എന്നിങ്ങനെയാണ് ആ രക്തസാക്ഷിവിശുദ്ധരുടെ പേര്. ഡയോക്ളീഷ്യൻ ചക്രവര്‍ത്തിയുടെ
മതപീഡനകാലത്ത് മരണം വരിച്ചവരാണിവര്‍. ഫെലിക്സ് ഒരു റോമൻ പൗരനാണ്. ഫെലിക്സ് മരിച്ചപ്പോൾ അവൻ നല്‍കിയ ക്രിസ്തുസാക്ഷ്യത്തിന്‍റെ വെളിച്ചം അവിടെ പ്രകാശിച്ചു. ആ
വെളിച്ചത്തില്‍ ക്രിസ്തുവിശ്വാസം സ്വീകരിച്ച് ഒരുവൻ ആ വിശ്വാസം ഏറ്റുപറഞ്ഞു ഫെലിക്സിനോടൊപ്പം മരിക്കാൻ തയാറായി. ആ രണ്ടാമന് സഭ നല്‍കിയ പേരാണ് അഡോക്റ്റസ്. കൂട്ടിച്ചേർക്കപ്പെട്ടവൻ എന്നാണ് ആ പേരിനര്‍ത്ഥം.

ഇത് ഒരിക്കല്‍മാത്രം സംഭവിക്കുന്നതല്ല. ലിബിയായിലെ കടല്‍ക്കരയില്‍ ക്രിസ്തുവിനായി ജീവനര്‍പ്പിച്ചവരുടെ ചരിത്രം പറയുന്നത് അതാണ്. ക്രിസ്തുവിന്‍റെ പേരില്‍ ഇരുപതുപേര്‍ വധിക്കപ്പെടുന്നതും അവരുടെ രക്തം കടല്‍ക്കരയില്‍ പൊട്ടിയൊഴുകുന്നതും കണ്ടുകൊണ്ടു നിന്ന ഒരുവൻ. അവന് പേരില്ല, മതമില്ല, ഘാനയില്‍നിന്നും ലിബിയായില്‍ കുടിയേറി ജോലി ചെയ്യുന്നവൻ എന്ന വിലാസംമാത്രം. അവനോട് തീവ്രവാദികള്‍ ചോദിച്ചു, “നീ ക്രിസ്ത്യാനിയാണോ?” അല്ലെന്നവൻ മറുപടി നല്‍കി.
‘ക്രിസ്തുവിനെ തള്ളിപ്പറയുക, എന്നാല്‍ നിന്നെ വെറുതെ വിടാം’ തുടര്‍ന്ന് അവര്‍ക്ക് പറയാനുണ്ടായിരുന്നത് അത്രയേയുള്ളൂ. പക്ഷേ കറുത്ത വര്‍ഗ്ഗക്കാരനായ ആ യുവാവ് തന്‍റെ സുഹൃത്തുക്കളുടെ ചേതനയറ്റ ശരീരം ശ്രദ്ധിച്ചു. പിന്നെ അവനൊട്ടും മടിച്ചില്ല ക്രിസ്തുവിനെ സ്വീകരിക്കാൻ. അവൻ പറഞ്ഞു , “ഈ മരിച്ചുകിടക്കുന്നവര്‍ എന്‍റെ സുഹൃത്തുക്കളാണ്. ഞങ്ങളൊന്നിച്ചാണ് ജോലി ചെയ്തത് , ജീവിച്ചത് . മരിക്കാൻപോലും തയാറാകുന്ന വിധത്തില്‍ ക്രിസ്തു ഇവര്‍ക്ക് പ്രധാനപ്പെട്ടതാണെങ്കിൽ , ആ ക്രിസ്തുവിനായി മരിക്കാൻ ഞാനും തയാറാണ്. എന്‍റെ സുഹൃത്തുക്കളെ എനിക്കറിയാം. അവര്‍ നിലകൊണ്ട സത്യത്തിനായി ഞാനും നിലകൊള്ളും.”

ആ ഇരുപത് പേരിൽനിന്ന് പരന്നത് ക്രിസ്തുവിന്‍റെ വശ്യപരിമളമല്ലാതെ മറ്റെന്താണ്? കോപ്റ്റിക് സഭ ലിബിയായില്‍ രക്തസാക്ഷിത്വം വരിച്ച ഇരുപതുപേരെ വിശുദ്ധരായി
പ്രഖ്യാപിക്കാനൊരുങ്ങിയപ്പോൾ ഈ ഇരുപത്തിയൊന്നാമനെയും പരിഗണിച്ചു. അവൻ ജലത്താലുള്ള മാമ്മോദീസ സ്വീകരിച്ചിട്ടില്ലെങ്കിലും രക്തത്താലുള്ള മാമ്മോദീസ സ്വീകരിച്ചതിനാല്‍ അവനെയും അവര്‍ വിശുദ്ധനായി എണ്ണി. സഭാപിതാക്കന്മാർ അവനൊരു പേര് നല്‍കി,മത്തായി. എന്നുവച്ചാല്‍, ആഗ്രഹത്താല്‍ മാമ്മോദീസ സ്വീകരിച്ചവൻ. ലിബിയായിലെ രക്തസാക്ഷികളില്‍ വെണ്‍മയാര്‍ന്ന മുഖമാണ് ആ കറുത്ത വര്‍ഗ്ഗക്കാരന്‍റേത്. ‘ഓറബീ യേഷുവാ!’ എന്നു വിളിച്ചുകൊണ്ട് അവൻ തന്‍റെ പ്രാണനര്‍പ്പിച്ചു.

The 21: A Journey into the Land of Coptic Martyrs’ എന്ന മാർട്ടിൻ മോസ്ബാഹിന്‍റെ ഗ്രന്ഥത്തില്‍ ഇതേപ്പറ്റി വിവരിക്കുന്നുണ്ട്. പഠനങ്ങള്‍ നടത്തിയും മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചും അവരുടെ പ്രിയപ്പെട്ടവരോട് സംസാരിച്ചും രൂപകല്‍പന ചെയ്തതാണ് ഈ ഗ്രന്ഥം.ക്രിസ്തുവിന്‍റെ പരിമളം പരത്തിയ ഇരുപതുപേര്‍ മരണനേരത്ത് ഇരുപത്തിയൊന്നാമതൊരുവനെക്കൂടി
തങ്ങളുടെ വിശുദ്ധ സംഘത്തിലേക്ക് ആകര്‍ഷിക്കുന്നു. നിർമ്മലരായ മനുഷ്യര്‍ നല്‍കുന്ന സാക്ഷ്യം ശോഭയാര്‍ന്നുനില്‍ക്കും. വെറുമൊരു ധാർമിക മനുഷ്യന് ഇത്തരത്തില്‍ സാക്ഷ്യം
നല്‍കാനാവില്ല. വെറുമൊരു നല്ല മനുഷ്യനും ഇതിന് കഴിയുകയില്ല, വിശുദ്ധ മനുഷ്യര്‍ക്കുമാത്രമേ കഴിയൂ. അന്ന് ലാസറിന്‍റെ വീട്ടില്‍വച്ച് മറിയം ക്രിസ്തുവിന്‍റെ പാദങ്ങളില്‍ സുഗന്ധതൈലം പൂശിയപ്പോൾ ഒരു നല്ല മനുഷ്യനെന്ന് തോന്നിപ്പിക്കുന്ന ചില വാക്കുകള്‍ യൂദാസ് പറയുന്നുണ്ട്. ‘ഈ സുഗന്ധതൈലത്തിന്‍റെ പണമെടുത്ത് ദരിദ്രര്‍ക്ക് കൊടുക്കാമായിരുന്നല്ലോ, പനമെന്തിനാണ് ദുര്‍വ്യയം ചെയ്യുന്നത്…’ എന്നിങ്ങനെ. കേട്ടാല്‍ ധാർമിക മനുഷ്യനെന്ന് തോന്നിപ്പിക്കുന്ന വാക്കുകള്‍. പക്ഷേ മുപ്പത് വെള്ളിക്കാശിന് ഗുരുവിനെ ഒറ്റുകൊടുക്കാൻ തീരുമാനിക്കുന്നത് അവൻതന്നെയാണ്.

നല്ല മനുഷ്യൻ എന്ന പേര് സമ്പാദിക്കാൻ അത്ര പ്രയാസമില്ല. കുറച്ച് ധാർമികതയും പൗരബോധവും ചില നല്ല ചിട്ടകളുമൊക്കെ മതിയാകും അതിന്. പക്ഷേ നൈര്മല്യമുള്ള ജീവിതത്തിന്‍റെ ഉടമകളാകാൻ വിശുദ്ധമായ ലക്ഷ്യത്തോടെ സത്പ്രവൃത്തികള്‍ ചെയ്യണം. അവിടെ സ്വര്‍ഗ്ഗപിതാവിന്‍റെ മഹത്വം കാണാം.അതുകൊണ്ടാണ് ക്രിസ്തു പറയുന്നത് , “മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ” (മത്തായി 5: 16).

 

Share:

Rev Dr Roy Paalaatty

Rev Dr Roy Paalaatty

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles