Home/Evangelize/Article

നവം 24, 2021 422 0 Shalom Tidings
Evangelize

നീലമാലാഖ

സ്കൂളില്‍ പഠിക്കുന്ന സമയത്ത് സുജില എന്ന ആ പെണ്‍കുട്ടിയുടെ വിളിപ്പേരായിരുന്നു നീലമാലാഖ എന്നത്. നൃത്തത്തിലും അഭിനയത്തിലും അവള്‍ പുലര്‍ത്തിയിരുന്ന മികവായിരുന്നു ആ പേരിനുപിന്നില്‍. ബംഗ്ലാദേശിലെ ഗാരോ സമൂഹത്തില്‍ 1956 ജനുവരി 6-ന് ജനിച്ച അവള്‍ നാലാം തരംമുതല്‍ എട്ടാം തരംവരെ റാണിഖോംഗില്‍ ഒരു കത്തോലിക്കാ ദൈവാലയത്തിന്‍റെ കീഴിലുള്ള സ്കൂളിലാണ് പഠിച്ചത്. അക്രൈസ്തവയായിരുന്ന സുജിലയെ ക്രൈസ്തവവിശ്വാസം വളരെയധികം ആകര്‍ഷിച്ചു. കത്തോലിക്കാസഭാംഗമാകാന്‍ അവള്‍ പിതാവിന്‍റെ സമ്മതം തേടി. ആദ്യം അതില്‍ താത്പര്യമില്ലായിരുന്നെങ്കിലും പിന്നീട് പിതാവ് തന്‍റെ പ്രിയമകളെ അവളുടെ ഇഷ്ടമനുസരിച്ച് മാമ്മോദീസ സ്വീകരിക്കാന്‍ അനുവദിക്കുകയാണുണ്ടായത്. അങ്ങനെ 12-ാം വയസില്‍ അവള്‍ കത്തോലിക്കയായി. പിന്നീട് 1980-ല്‍ അവള്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തില്‍ സന്യാസിനിയായി. സുജില സുസാനാ അസാക്രാ എന്ന പേര് സിസ്റ്റര്‍ സുയേവ എന്ന് മാറി.
നീലക്കരയുള്ള വെള്ളസാരിയുടുത്ത സന്യാസിനിയായപ്പോള്‍ നീലമാലാഖ എന്ന പേര് കൂടുതല്‍ അര്‍ത്ഥവത്താകുകയായിരുന്നു. പിന്നീട് സിസ്റ്റര്‍ സുയേവ വെസ്റ്റ്
ആഫ്രിക്കയിലേക്ക് പോയി. അവിടെ സിയെറാ ലിയോണില്‍ സഹസന്യാസിനികള്‍ക്കൊപ്പം വൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള ഒരു കേന്ദ്രത്തിലായിരുന്നു സേവനം ചെയ്തത്. അവിടത്തെ ആഭ്യന്തരയുദ്ധത്തിന്‍റെ സമയത്ത് റിബലുകള്‍ അവരോട് പ്രവര്‍ത്തനം നിര്‍ത്താന്‍ പറഞ്ഞു. എന്നാല്‍ പാവപ്പെട്ടവരിലും അവഗണിക്കപ്പെട്ടവരിലും യേശുവിനെ ശുശ്രൂഷിച്ചിരുന്ന സന്യാസിനികള്‍ അവരുടെ ആവശ്യത്തിനുമുന്നില്‍ അചഞ്ചലരായി നിന്നു. യുദ്ധത്തിന്‍റെ ഇരകള്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നുമൊക്കെ എത്തിച്ചുകൊടുക്കുകയും ചെയ്തു. ഇതിന്‍റെ പേരില്‍ സന്യാസിനികളെ പിടിച്ചുകൊണ്ടുപോയി. 1999 ജനുവരി 22-ന് സിസ്റ്റര്‍ സുയേവയുള്‍പ്പെടെ രണ്ട് പേരെ അവര്‍ വെടിവച്ച് കൊന്നു. അങ്ങനെ അവള്‍ യേശുവിന്‍റെ ഒരു നീലമാലാഖയായി.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles