Trending Articles
കാത്തിരിപ്പ് നീളുമ്പോള്‍ എല്ലാവരും ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരം
നമ്മുടെയൊക്കെ മനസില്‍ സാധാരണയായി ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. എന്തുകൊണ്ട് നീതിമാന്‍ സഹിക്കുവാനിടയാകുന്നു? എന്തുകൊണ്ട് നീതിനിഷ്ഠരായി ജീവിക്കുന്ന ആളുകളുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ല? എന്തുകൊണ്ട് നല്ലവരായ മനുഷ്യര്‍ അപമാനിതരാകുവാന്‍ ഇടയാകുന്നു?
ഈ ചോദ്യങ്ങള്‍ ഉയര്‍ന്നത് സുവിശേഷത്തില്‍ ഒരു ഭാഗം വായിച്ചപ്പോഴാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ ആദ്യ അധ്യായത്തില്‍ത്തന്നെ ഒരു ദമ്പതികളെക്കുറിച്ച് പരാമര്‍ശമുണ്ട്: സഖറിയാ-എലിസബത്ത് ദമ്പതികള്‍. അവര്‍ നീതിനിഷ്ഠരായിരുന്നു. മനുഷ്യരുടെ ദൃഷ്ടിയില്‍ മാത്രമല്ല, ഹൃദയങ്ങളും വിചാരങ്ങളും അറിയുന്ന ദൈവത്തിന്‍റെ മുമ്പിലും അവര്‍ നീതിനിഷ്ഠരായിരുന്നു. മറ്റൊരു പ്രത്യേകത അവര്‍ കര്‍ത്താവിന്‍റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു. എന്നുപറഞ്ഞാല്‍ ഈ ലോകത്തില്‍ പാപത്തിന്‍റെ നിഴല്‍പോലും വീഴാതെ ജീവിതവസ്ത്രം വെണ്മയില്‍ കാത്തുസൂക്ഷിച്ചവര്‍. പക്ഷേ, അവര്‍ വലിയ സഹനത്തിലൂടെയാണ് കടന്നുപോയിരുന്നത്. കാരണം അവര്‍ക്ക് മക്കളുണ്ടായിരുന്നില്ല.
അയല്ക്കാരും ബന്ധുക്കളും സുഹൃത്തുക്കളും ചോദിച്ചിരുന്ന ചോദ്യം ഇതായിരുന്നു: എന്തുകൊണ്ട് ഇങ്ങനെ? അതിനുള്ള ഉത്തരവും അവര്‍തന്നെ കണ്ടെത്തിക്കാണണം. അവര്‍ നമ്മുടെ മുമ്പില്‍ വിശുദ്ധരായി അഭിനയിക്കുന്നവരാണ്. എന്നാല്‍ അവര്‍ രഹസ്യമായി പാപം ചെയ്യുന്നുണ്ട്. അതിനാല്‍ ദൈവം അവരെ ശിക്ഷിച്ചതാണ്. അവര്‍ അങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റില്ലായിരുന്നു. കാരണം യഹൂദരുടെ സങ്കല്പമനുസരിച്ച് മക്കള്‍ ദൈവത്തിന്‍റെ ദാനമാണ്. മക്കളില്ലാത്തത് ദൈവത്തിന്‍റെ ശിക്ഷയാണ്. ഇങ്ങനെ ചുറ്റുമുള്ളവരുടെ പരിഹാസങ്ങളും കുത്തുവാക്കുകളുമേറ്റ് അപമാനഭാരത്താല്‍ ശിരസ് കുനിച്ചായിരിക്കാം അവര്‍ ജീവിച്ചിരുന്നത്. സഖറിയായെ സംബന്ധിച്ചിടത്തോളം വേദനയ്ക്ക് മറ്റൊരു കാരണം കൂടെയുണ്ട്. അദ്ദേഹം ഒരു പുരോഹിതനാണ്. പുരോഹിതന്‍റെ പ്രാര്‍ത്ഥനയിലൂടെ മറ്റുള്ളവര്‍ അനുഗ്രഹിക്കപ്പെടുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ ജീവിതം ഊഷരമായിത്തുടരുന്നു.
വിവാഹം കഴിഞ്ഞാലുടന്‍ ദമ്പതികള്‍ കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്യുമല്ലോ. ഈ ദമ്പതികളുടെ അന്നുമുതലുള്ള പ്രാര്‍ത്ഥനയ്ക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ഇനി അതിന് തീരെ സാധ്യതയുമില്ല. അതിന് രണ്ട് കാരണങ്ങളാണുള്ളത്: എലിസബത്ത് വന്ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു.
എന്നാല്‍ അസാധ്യതകളെ സാധ്യതകളാക്കുവാന്‍ കെല്പുള്ള സര്‍വശക്തനായ ദൈവം അവരുടെ ജീവിതത്തില്‍ ഇടപെടുകതന്നെ ചെയ്തു. അമൂല്യനും അനശ്വരനുമായ ഒരു കുഞ്ഞിനെ സമയത്തിന്‍റെ തികവില്‍ നല്കി അനുഗ്രഹിച്ചു. പക്ഷേ എന്തുകൊണ്ട് ഈ കാലതാമസം?
ദൈവം താന്‍ സ്നേഹിക്കുന്നവരെ തന്‍റെ മഹത്വത്തിന്‍റെ ഉപകരണങ്ങളാക്കുവാന്‍ ആഗ്രഹിക്കുന്നു. അതുവഴി അവരും അനശ്വരതയുടെ ഭാഗമായിത്തീരുകയാണ്. സഖറിയാ-എലിസബത്ത് ദമ്പതികള്‍ക്ക് വിവാഹശേഷം ഉടനെ കുഞ്ഞുങ്ങളുണ്ടാവുകയാണെങ്കില്‍ അതില്‍ അസാധാരണമായിട്ടൊന്നുമില്ല. അത് സ്വാഭാവികമായി സംഭവിച്ച ഒരു കാര്യമായിട്ടു മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. എന്നാല്‍ ദൈവമഹത്വം പ്രകടമാകുന്നത് സാധ്യതകളൊന്നുമില്ലാത്ത ഇടങ്ങളില്‍ അസാധ്യമായ കാര്യങ്ങള്‍ സംഭവിക്കുമ്പോഴാണ്.
ഇവിടെ കുഞ്ഞുങ്ങളുണ്ടാകുവാനുള്ള സാധ്യത ഗര്‍ഭധാരണശേഷി ഉണ്ടായിരിക്കുക എന്നതും യൗവനപ്രായത്തില്‍ ആയിരിക്കുക എന്നതുമാണല്ലോ. എന്നാല്‍ എലിസബത്തിന്‍റെ കാര്യത്തില്‍ ഇത് രണ്ടും നേരെ വിപരീതമാണ് – എലിസബത്ത് വന്ധ്യയും കുഞ്ഞുങ്ങളുണ്ടാകുവാന്‍ സാധ്യതയില്ലാത്തവിധത്തില്‍ പ്രായം കവിഞ്ഞവളുമാണ്. ദൈവത്തിന് ഇടപെടുവാന്‍ പറ്റാത്ത ഒരു മേഖലയും ഇല്ലായെന്ന് ചില വ്യക്തികളുടെ ജീവിതങ്ങളെ ഉയര്‍ത്തിക്കൊണ്ട് അവിടുന്ന് പ്രഖ്യാപിക്കുകയാണ്. ദൈവത്തിന്‍റെ കരങ്ങളില്‍ ഉയര്‍ത്തപ്പെടുന്ന ആ വ്യക്തികള്‍ ലോകാവസാനത്തോളവും അതിനുശേഷവും അനുസ്മരിക്കപ്പെടുന്നു.
മറ്റൊന്ന് ദൈവത്തിനുവേണ്ടി കാത്തിരിക്കുവാനുള്ള പരിശീലനം ഈ കാലതാമസത്തിലൂടെ ലഭിക്കുന്നു എന്നതത്രേ. ദീര്‍ഘക്ഷമയുള്ളവര്‍ക്കേ ഇങ്ങനെ കാത്തിരിക്കുവാന്‍ സാധിക്കുകയുള്ളൂ. ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ് ഈ ദീര്‍ഘക്ഷമയുടെ ആധാരശില. കാലങ്ങള്‍ മാറിയാലും സാഹചര്യങ്ങള്‍ മാറിയാലും ദൈവം മാറുന്നില്ല, അവിടുത്തെ വാഗ്ദാനങ്ങളും. ദൈവവുമായുള്ള ഒരു നിരന്തര സമ്പര്‍ക്കം ഈ വിശ്വാസത്തില്‍ നിലനില്ക്കുവാനും വളരുവാനും ദൈവത്തിന്‍റെ പ്രിയപ്പെട്ടവരെ സഹായിക്കുന്നു.
അബ്രാഹം ഇതിന് ഉത്തമ മാതൃകയാണല്ലോ. അദ്ദേഹം ദീര്‍ഘക്ഷമയോടെ കാത്തിരുന്ന് അനുഗ്രഹം പ്രാപിച്ചുവെന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. ഈ കാത്തിരിപ്പ് നിഷേധാത്മക ഫലമല്ല പുറപ്പെടുവിക്കുന്നത്. നേരേമറിച്ച് അത് തീക്ഷ്ണമായ ഗുണകരമായ ഫലങ്ങള്‍ ഉളവാക്കുന്നു. ഈ കാത്തിരിപ്പിലൂടെ ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കുവാനും ദൈവത്തില്‍ ശരണപ്പെടുവാനും ഒരു വ്യക്തി പരിശീലിക്കപ്പെടുന്നു. അങ്ങനെ ദൈവം എത്രയോ നല്ലവനാണെന്ന് തിരിച്ചറിയുവാനുള്ള ഒരു കൃപയും അവസരവും ആ ദൈവമനുഷ്യന് ലഭിക്കുകയാണ്. വിലാപങ്ങളില്‍ ആരംഭിക്കുന്ന ആ വ്യക്തിയുടെ ജീവിതം ആനന്ദത്തില്‍ എത്തിച്ചേരുന്നു.
വിശുദ്ധ ഗ്രന്ഥത്തില്‍ വിലാപങ്ങള്‍ എന്ന പേരില്‍ത്തന്നെ ഒരു പുസ്തകമുണ്ട്. ‘എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു: എനിക്ക് ധൈര്യം പകരാന്‍ ഒരാശ്വാസകന്‍ അടുത്തില്ല’ എന്നു പറഞ്ഞുകൊണ്ട് കഷ്ടതയുടെ അനുഭവത്തിലൂടെ കടന്നുപോകുന്ന ഒരു മനുഷ്യന്‍റെ കഥയാണ് ആ പുസ്തകം. പക്ഷേ അവിടെയും കൂരിരുട്ടിനിടയില്‍ ഒരു രജതരേഖയുണ്ട്. അവിടെ ദൈവം നല്ലവനാണ് എന്ന് തിരിച്ചറിയുന്ന ഒരു വ്യക്തിയെക്കുറിച്ച് പറയുന്നുണ്ട്. അത് കര്‍ത്താവിനെ കാത്തിരിക്കുന്ന, കര്‍ത്താവിനെ തേടുന്ന വ്യക്തിയാണ്. “തന്നെ കാത്തിരിക്കുന്നവര്‍ക്കും തന്നെ തേടുന്നവര്‍ക്കും കര്‍ത്താവ് നല്ലവനാണ്” (വിലാപങ്ങള്‍ 3:25). അതിനാല്‍ അനുഗ്രഹം ലഭിക്കുവാനുള്ള കാലതാമസം നാശകാരണമല്ല. അത് ആത്മീയ രൂപാന്തരീകരണത്തിന്‍റെ നാളുകളാണ്. പ്രത്യാശയോടെ ദൈവത്തോട് ചേര്‍ന്നിരിക്കുന്നവരെ പടുത്തുയര്‍ത്തുന്ന നാളുകളായി അവ മാറുമെന്നത് തീര്‍ച്ചതന്നെ.
ഇങ്ങനെ വളരെ നാളത്തെ കാത്തിരിപ്പിനുശേഷം ദൈവം നല്കുന്ന അനുഗ്രഹം ഏറ്റവും നല്ലതുതന്നെയായിരിക്കും. സഖറിയ-എലിസബത്ത് ദമ്പതികള്‍ക്ക് ലഭിച്ചത് സാധാരണക്കാരനായ ഒരു കുട്ടിയെയല്ല, പ്രത്യുത ദൈവപുത്രന് മുന്നോടിയായി പോയ ഒരു പ്രവാചകനെയാണ്. ദൈവപുത്രനായ യേശുതന്നെ അഭിമാനത്തോടെ സാക്ഷ്യപ്പെടുത്തിയ ആ വ്യക്തിയാണ് സ്നാപകയോഹന്നാന്‍. “സ്ത്രീകളില്‍നിന്ന് ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവനില്ല” (ലൂക്കാ 7:28). അനശ്വരനായ ഒരു മകനെ ലഭിക്കുവാന്‍ തക്കവിധത്തില്‍ കൃപ നിറഞ്ഞവരാകുവാന്‍ ദൈവം ആ ദമ്പതികളെ അനുഗ്രഹിച്ചു.
ദൈവത്തോട് ചേര്‍ന്നുനിന്നിട്ടും നീതിയുടെ മാര്‍ഗത്തില്‍ ചരിച്ചിട്ടും ലോകത്തിന്‍റെ ദൃഷ്ടിയില്‍ അനുഗ്രഹം പ്രാപിക്കാത്തവരായി നിങ്ങള്‍ ഗണിക്കപ്പെടുന്നുവെങ്കില്‍ ഒട്ടും നിരാശപ്പെടേണ്ട. സഖറിയ-എലിസബത്ത് ദമ്പതികള്‍ നിങ്ങളോട് നിശബ്ദം എന്നാല്‍ ഗാംഭീര്യത്തോടെ സംസാരിക്കുന്നു. മനുഷ്യരുടെ അഭിപ്രായമല്ല നിങ്ങള്‍ തേടേണ്ടത്. ദൈവം നിങ്ങളെക്കുറിച്ച് എന്ത് കരുതുന്നു, എന്ത് പറയുന്നു എന്നതാണ് പരമപ്രധാനമായ കാര്യം. ദൈവത്തിന്‍റെ മുമ്പില്‍ നിങ്ങള്‍ കുറ്റമറ്റവരാണെങ്കില്‍ നിങ്ങള്‍ ഒരിക്കലും ഒന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല. നിങ്ങളുടെ കനല്‍വഴികളില്‍ സാന്ത്വനമായി അവിടുന്ന് കടന്നുവരികതന്നെ ചെയ്യും. അതിനാല്‍ നിങ്ങളുടെ കാത്തിരിപ്പ് വ്യര്‍ത്ഥമല്ല എന്ന ബോധ്യത്തോടെ ദൈവത്തെ കൂടുതല്‍ മുറുകെ പിടിച്ച് മുന്നോട്ട് പോവുക. അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.
സ്നേഹപിതാവേ, മാനുഷിക ബലഹീനതകളാല്‍ തളര്‍ന്നവനാണ് ഞാന്‍.പലപ്പോഴും ഞാന്‍ അക്ഷമ കാണിക്കുന്നു. അങ്ങയുടെ സമയത്തിനായി കാത്തിരിക്കുവാന്‍ എനിക്ക് സാധിക്കുന്നില്ല. എന്നെ പരിശീലിപ്പിക്കണമേ. അങ്ങയുടെ പരിശുദ്ധാത്മാവിന്‍റെ ദീര്‍ഘക്ഷമ എന്ന പുണ്യം സമൃദ്ധമായി നല്കി എന്നെ അനുഗ്രഹിച്ചാലും. കാത്തിരിപ്പ് ഒരിക്കലും വൃഥാവിലാകുകയില്ലെന്ന് എന്നെ പഠിപ്പിക്കണമേ. ദൈവത്തിന്‍റെ മുമ്പില്‍ നിരന്തരം കാത്തിരുന്ന് ജീവിതം ധന്യമാക്കിയ പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എനിക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.
Shalom Tidings
Want to be in the loop?
Get the latest updates from Tidings!