Home/Encounter/Article

നവം 28, 2024 18 0 ജിമ്മി ഏകിന്‍
Encounter

വിവാഹസമ്മാനം സഭാപ്രവേശം

ദൈവശാസ്ത്രം എന്‍റെ ഇഷ്ടവിഷയമായിരുന്നു. ഇവാഞ്ചലിക്കല്‍ വിശ്വാസം പുലര്‍ത്തിയിരുന്നതിനാല്‍ ഇവാഞ്ചലിക്കല്‍ ദൈവശാസ്ത്രഗന്ഥങ്ങള്‍ ധാരാളം വായിക്കുകയും ചെയ്തു. അതിനാല്‍ത്തന്നെ, പത്രോസ് എന്ന പാറമേല്‍ അല്ല; യേശു, ക്രിസ്തുവാണെന്ന വെളിപാടിന്‍മേലാണ് സഭ സ്ഥാപിക്കുന്നത് എന്ന വാദം ശക്തമായി തെളിയിക്കാമെന്ന ആത്മവിശ്വാസവുമായിട്ടാണ് ഞാന്‍ നടന്നിരുന്നത്. അതിനാല്‍ ”നീ പത്രോസാണ്; ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും…” (മത്തായി 16/18) എന്ന വചനഭാഗം എനിക്കൊരു പ്രശ്‌നമായിരുന്നില്ല. എന്നാല്‍ പഠനം തുടങ്ങിയതിലൂടെ മനസിലായി, ഈ വചനഭാഗത്ത് പത്രോസിനെയാണ് പാറയെന്ന് വിവക്ഷിച്ചിരിക്കുന്നത് എന്ന്.
മത്തായി 16/17-19 വചനങ്ങളില്‍ പത്രോസിനോട് യേശു പറയുന്ന മൂന്ന് വാക്യങ്ങള്‍ കാണാം:

1. യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍!… (മത്തായി 16/17).
2. …നീ പത്രോസാണ്; ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും… (മത്തായി 16/18).
3. സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും…. (മത്തായി 16/19).
ഒന്നാമത്തേത് നിശ്ചയമായും ഒരു അനുഗ്രഹത്തെ കുറിക്കുന്നു. ദൈവത്തില്‍നിന്ന് ഒരു പ്രത്യേക വെളിപ്പെടുത്തല്‍ ലഭിച്ചതിനാല്‍ ശിമയോന്‍ ഭാഗ്യവാനാണ്. മൂന്നാമത്തേതും അനുഗ്രഹംതന്നെ, സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ ശിമയോന് നല്കും. അങ്ങനെയെങ്കില്‍ ഈ രണ്ട് അനുഗ്രഹങ്ങളുടെ മധ്യത്തിലുള്ള വാക്യവും ഒരു അനുഗ്രഹമാകാതെ തരമില്ല. അതൊരു പ്രശ്‌നമായി തോന്നി. പത്രോസെന്ന പാറമേല്‍ അല്ല അദ്ദേഹത്തിന് നല്കപ്പെട്ട വെളിപാട് എന്ന പാറമേല്‍ ആണ് സഭ പണിയപ്പെട്ടിരിക്കുന്നത് എന്നാണ് ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് പഠനങ്ങള്‍. ബൈബിളിന്‍റെ ഗ്രീക്ക് മൂലത്തില്‍ ജലൃേീ െഎന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനര്‍ത്ഥം ചെറിയ കല്ല് എന്നാണ്. എന്നാല്‍ പാറ എന്നര്‍ത്ഥം വരുന്നത് ജലൃേമ എന്ന പദത്തിനാണ്. അതിനാല്‍ ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് വ്യാഖ്യാതാക്കള്‍ പറയുന്നത് ‘പത്രോസേ, നീയൊരു ചെറിയ കല്ലാണ്, എന്നാല്‍ നിനക്ക് ലഭിച്ച വെളിപാടാകുന്ന പാറമേല്‍ ഞാനെന്‍റെ സഭ സ്ഥാപിക്കും’ എന്നാണ് യേശു ഉദ്ദേശിക്കുന്നത് എന്നത്രേ. പക്ഷേ മത്തായിയുടെ സുവിശേഷം രചിക്കപ്പെട്ട കാലത്ത് ഉപയോഗത്തിലിരുന്ന പുരാതന ഗ്രീക്കില്‍ ഈ രണ്ട് പദങ്ങള്‍ക്കും ഒരേ അര്‍ത്ഥമാണ് ഉണ്ടായിരുന്നത് എന്നത് ശ്രദ്ധിക്കുന്നില്ല.

അതേസമയംതന്നെ, യേശു ഉപയോഗിച്ചിരുന്ന ഹീബ്രുവിന്‍റെ സഹോദരഭാഷയായ അരമായഭാഷയില്‍ കേഫാ എന്ന പദമാണ് ഉള്ളത്. ഗ്രീക്കിലെ Petros, Petra എന്നീ രണ്ട് പദങ്ങള്‍ക്കും തുല്യമാണ് കേഫാ എന്ന പദം. മാത്രവുമല്ല, പത്രോസേ നീ ചെറിയ കല്ലാകുന്നു എന്നാണ് ആ വാക്യം എന്ന് കരുതുക. എങ്കില്‍ ആ ഖണ്ഡിക തീര്‍ത്തും വിഡ്ഢിത്തംപോലെയാകും. ഒന്ന് ഊഹിച്ചുനോക്കുക,
1. യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍!…
2. …നീ വെറുമൊരു ചെറിയ കല്ലാണ്….
3. സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും….
ഇങ്ങനെയാണ് ആ വാക്യങ്ങളുടെ ക്രമീകരണമെന്ന് വിശ്വസിക്കാനാവുമോ?
ഈ ഭാഗം വിശദമായി പരിശോധിക്കുമ്പോള്‍ പത്രോസ് ശിഷ്യന്മാരുടെ തലവനാണെന്നതും വ്യക്തമാകും. മറ്റ് അപ്പസ്‌തോലര്‍ പത്രോസിന് ലഭിച്ച അധികാരങ്ങള്‍ പങ്കുവച്ചുനല്കപ്പെട്ടവരായിരുന്നു. ഈ പശ്ചാത്തലത്തില്‍, യേശുവിന്‍റെ സ്വര്‍ഗാരോഹണത്തിനുശേഷം അവിടുത്തെ സ്വര്‍ഗീയ അധികാരത്തിനുകീഴില്‍ ഭൗമികസഭയുടെ തലവന്‍ പത്രോസ് ആയിരുന്നു എന്നതും മനസിലാക്കാം. അങ്ങനെയെങ്കില്‍ ആദ്യത്തെ പാപ്പ പത്രോസാണെന്ന് കത്തോലിക്കര്‍ പറയുന്നത് ശരിയാണ്. ഇക്കാര്യങ്ങളെല്ലാം ശരിയാണെങ്കില്‍ മറ്റ് കത്തോലിക്കാപ്രബോധനങ്ങളും ശരിയായിരിക്കണം. ഇതെല്ലാം കണ്ടെത്തിയതോടെ ഞാനല്പം കുഴങ്ങിയെന്ന് പറയാം.

എങ്കിലും ഞാന്‍ എതിര്‍ത്തുനില്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ അടുത്ത വര്‍ഷം കത്തോലിക്കാ ദൈവശാസ്ത്രം ആഴത്തില്‍ പഠിച്ചു. അതോടെ കത്തോലിക്കാവിശ്വാസത്തോടുള്ള സമീപനം മയപ്പെട്ടു. ഭാര്യ റെനിയെ വിശുദ്ധബലിക്ക് കൊണ്ടുപോകാന്‍ തുടങ്ങി. സഭയില്‍ വിവാഹകൂദാശ സ്വീകരിക്കാന്‍ തയാറായി. 1991 ഡിസംബര്‍ ഒന്നിന് ഫാ. മാര്‍ക്ക് വുഡിന്‍റെ കാര്‍മികത്വത്തിലായിരുന്നു ഞങ്ങളുടെ യഥാര്‍ത്ഥവിവാഹം. രണ്ട് സാക്ഷികള്‍മാത്രമാണ് അതില്‍ സംബന്ധിച്ചത്. ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ഹ്രസ്വമായ വിവാഹകര്‍മം.

ഇങ്ങനെയൊക്കെയാണെങ്കിലും ദൈവശാസ്ത്രപരമായ ചില മേഖലകളില്‍ സഭയുടെ പഠനങ്ങളോട് എതിര്‍പ്പുണ്ടായിരുന്നു. എന്‍റെ നിലപാടുകള്‍ക്ക് കടുപ്പം കുറഞ്ഞിട്ടുണ്ടെന്ന് റെനി മനസിലാക്കിയെങ്കിലും, ഞാന്‍ മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് അവളെ അറിയിച്ചില്ല. കത്തോലിക്കാപ്രബോധനങ്ങളില്‍ എന്തെങ്കിലും ഗുരുതരപ്രശ്‌നം കണ്ടെത്തിയാല്‍ ഞാനിതെല്ലാം ഉപേക്ഷിക്കും, അതിനാല്‍ അവള്‍ക്ക് പ്രതീക്ഷ കൊടുത്തിട്ട് പിന്നീട് വിഷമിക്കാന്‍ ഇടവരുത്തേണ്ട എന്ന് കരുതി. പക്ഷേ, ഒടുവില്‍… പഠനങ്ങളുടെ പൂര്‍ത്തിയില്‍, കത്തോലിക്കാസഭ ഏകസത്യസഭയാണെന്ന് തിരിച്ചറിഞ്ഞ് സഭാംഗമാകണമെന്ന് ഞാന്‍ തീരുമാനിച്ചു.
1992 ജനുവരിയിലാണ് ഇക്കാര്യം റെനിയോട് വെളിപ്പെടുത്തിയത്. അവള്‍ക്ക് വളരെ സന്തോഷമായി. എന്നാല്‍ അവളെക്കാള്‍ കൂടുതല്‍ സന്തോഷം എനിക്കായിരുന്നു.

വലിയ നോമ്പ് സമീപിച്ചപ്പോള്‍ ആ ഈസ്റ്റര്‍ തലേന്ന് ജ്ഞാനസ്‌നാനം സ്വീകരിക്കുന്നതിനെക്കുറിച്ച് ഞാന്‍ പദ്ധതിയിടാന്‍ തുടങ്ങി. പക്ഷേ അതത്ര മുന്നോട്ട് പോയില്ല. എന്നാല്‍ ഞാന്‍ പങ്കെടുത്തിരുന്ന ആരാധനാസമൂഹത്തില്‍നിന്ന് കത്തോലിക്കാവിശ്വാസത്തിലേക്ക് മാറിയ ലിയോണും സമാനമായ വിധത്തില്‍ കത്തോലിക്കാവിശ്വാസത്തിലേക്ക് മാറിയവരും പല കാര്യങ്ങളിലും സഹായിച്ചു. ഭാര്യയെ പ്രീതിപ്പെടുത്താനാണ് ഞാന്‍ കത്തോലിക്കാവിശ്വാസം സ്വീകരിക്കുന്നതെന്ന് ആളുകള്‍ ചിന്തിക്കുമോ എന്ന് ഞാന്‍ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ഭാഗ്യവശാല്‍, എന്‍റെ പ്രൊട്ടസ്റ്റന്റ് സുഹൃത്തുക്കള്‍ എന്നെ നന്നായി മനസിലാക്കിയിരുന്നു. ഭാര്യക്കുവേണ്ടിയല്ല ഞാന്‍ കത്തോലിക്കാവിശ്വാസം സ്വീകരിക്കുന്നതെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
പദ്ധതികള്‍ തകിടം മറിയുന്നു…

ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു സംഭവവികാസം ആ നാളുകളിലുണ്ടായി. 1992 ജൂണ്‍ അവസാനം റെനിയുടെ 27-ാം ജന്മദിനത്തിനുശേഷം താമസിയാതെ, റെനിക്ക് തീരെ സുഖമില്ലാതെയായി. പതിവുള്ള ലക്ഷണങ്ങള്‍തന്നെയാണ് കാണപ്പെട്ടത് എന്നതിനാല്‍ വന്‍കുടലിലെ വ്രണങ്ങള്‍തന്നെയാണ് വില്ലന്‍ എന്ന് ഞങ്ങള്‍ കരുതി. പക്ഷേ പെട്ടെന്നുതന്നെ റെനിക്ക് ഭക്ഷണം കഴിക്കാന്‍ സാധിക്കാതെവന്നു, തീര്‍ത്തും കിടപ്പായി. വേദനകൊണ്ട് അവള്‍ കരഞ്ഞിരുന്ന ദിവസങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. നടുവേദനയ്ക്ക് ആശ്വാസത്തിനായി മസ്സാജ് തെറാപ്പി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതുകില്‍ ഒരു മുഴ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനകളിലാണ് വേദനാജനകമായ അക്കാര്യം അറിഞ്ഞത്, റെനിക്ക് കുടലില്‍ കാന്‍സറാണ്. അത് കണ്ടുപിടിക്കാന്‍ ഏറെ വൈകിയതിനാല്‍ ചികിത്സകൊണ്ട് രക്ഷപ്പെടുന്ന അവസ്ഥയായിരുന്നില്ല.

കീമോതെറാപ്പി ആരംഭിച്ചു. ഡോക്ടറുടെ നിഗമനമനുസരിച്ച്, ബ്ലഡ് ക്ലോട്ട് നിമിത്തം പെട്ടെന്നോ ന്യൂമോണിയ നിമിത്തം ആഴ്ചകള്‍കൊണ്ടോ, അതുമല്ലെങ്കില്‍ കാന്‍സര്‍നിമിത്തം മാസങ്ങള്‍ക്കകമോ റെനിയുടെ മരണം സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇടവകവൈദികനായ ഫാ. മാര്‍ക്ക് വുഡിനെ ഞാന്‍ കാര്യങ്ങള്‍ അറിയിച്ചു. അന്ന് രാത്രിതന്നെ അദ്ദേഹം ആശുപത്രിയില്‍ ഞങ്ങളുടെ മുറിയിലെത്തി. റെനിയുടെ അവസ്ഥയെക്കുറിച്ചും എന്‍റെ സഭാപ്രവേശത്തെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. ബുദ്ധിപരമായി ഒരുങ്ങാന്‍ അല്പസമയം എനിക്ക് ആവശ്യമുണ്ടെന്ന തോന്നലിലായിരുന്നു അതിനുമുമ്പ് ഞാന്‍. എന്നാല്‍, ഇപ്പോഴേ ഞാനേറെ സമയം വൈകിച്ചുവെന്നും ഇനിയെങ്കിലും ഒരു സമര്‍പ്പണം നടത്തേണ്ട സമയമായെന്നും ആ അവസ്ഥയിലൂടെ ദൈവം പറയുന്നതായി അനുഭവപ്പെട്ടു.

അന്ന് വെള്ളിയാഴ്ചയായിരുന്നു. ആ ഞായറാഴ്ച എന്‍റെ സഭാപ്രവേശം നടത്താമെന്ന് ഞങ്ങള്‍ ചിന്തിച്ചു. എന്നാല്‍ ശനിയാഴ്ച രാവിലെ റെനി ഗുരുതരാവസ്ഥയിലായി. എപ്പോള്‍ വേണമെങ്കിലും ശ്വാസം നിലച്ചേക്കാം എന്ന അവസ്ഥ. ഞാന്‍ വേഗം ഫാ. മാര്‍ക്കിനെ വിളിച്ചു. പിറ്റേ ദിവസം വരെ കാത്തുനില്ക്കാനാവില്ല, അപ്പോള്‍ത്തന്നെ എനിക്ക് സഭാംഗമാകണം എന്നുപറഞ്ഞു. വേഗം വരാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പക്ഷേ അദ്ദേഹം എത്തുംമുമ്പ് റെനിയുടെ ചെസ്റ്റ് എക്‌സ്-റേ പരിശോധിച്ച് ഡോക്ടര്‍ പറഞ്ഞു, ”പേടിച്ചതുപോലെ ന്യൂമോണിയ അല്ല. ശ്വാസകോശത്തിനകത്തുള്ള മുഴകളാണ് റെനിയുടെ ശ്വാസോച്ഛ്വാസത്തെ തടസപ്പെടുത്തുന്നത്. അതിനാല്‍ത്തന്നെ ഉടനെ മരിക്കാനുള്ള സാധ്യതയില്ല. കുറച്ച് ആഴ്ചകള്‍കൂടെ ജീവിച്ചേക്കും.”

ഉടനെ മരണം സംഭവിക്കുകയില്ലെന്ന് പറഞ്ഞാലും അത് ഹൃദയം നുറുക്കുന്ന വാര്‍ത്തതന്നെയായിരുന്നു. പെട്ടെന്നുതന്നെ റെനിക്ക് വേദനസംഹാരിയായി മോര്‍ഫിന്‍ കൊടുക്കാന്‍ തുടങ്ങി. അല്പം കഴിഞ്ഞപ്പോഴേക്കും ഫാ. മാര്‍ക്ക് എത്തി എന്നെ കുമ്പസാരിപ്പിച്ചു. ഏറ്റവും ഹ്രസ്വമായ വിധത്തില്‍ കര്‍മങ്ങള്‍ നടത്തി എന്നെ സഭയിലേക്ക് സ്വീകരിച്ചു. റെനിക്ക് രോഗിലേപനവും നല്കി. തുടര്‍ന്ന് ഒരേ തിരുവോസ്തി ഭാഗിച്ച് ഞങ്ങള്‍ ഇരുവര്‍ക്കും വിശുദ്ധ കുര്‍ബാന തന്നു. അങ്ങനെ ഞങ്ങളുടെ ഒന്നിച്ചുള്ള ആദ്യത്തെയും അവസാനത്തെയും ദിവ്യകാരുണ്യസ്വീകരണം ഒരേ തിരുവോസ്തിയില്‍നിന്നായിരുന്നു.

എന്നെ സഭയിലേക്ക് സ്വീകരിക്കാന്‍ ഫാ.മാര്‍ക്ക് വരുന്നതിന് അല്പം മുമ്പ് റെനിക്ക് മോര്‍ഫിന്‍ ഇന്‍ജക്ഷന്‍ നല്കിയിരുന്നതിനാല്‍ അവള്‍ ചെറിയ മയക്കത്തിലായിരുന്നു ദിവ്യകാരുണ്യസ്വീകരണം നടത്തിയത്. പക്ഷേ എന്താണ് നടക്കുന്നതെന്ന് അവള്‍ക്ക് അറിയാമായിരുന്നു. സാധിക്കുന്നത്ര ശ്രദ്ധയോടെ പങ്കെടുത്തതും തിരുവോസ്തിയുടെ ചെറുതുണ്ട് അല്പം ക്ലേശിച്ചാണെങ്കിലും ഉള്‍ക്കൊണ്ടതും അതിനാല്‍ത്തന്നെയായിരുന്നു. എന്‍റെ സഭാപ്രവേശം പൂര്‍ത്തിയായപ്പോള്‍ അവളെ ആലിംഗനം ചെയ്തുകൊണ്ട് ഞാന്‍ മന്ത്രിച്ചു, ”ഞാനിതാ സഭയ്ക്കുള്ളില്‍ പ്രവേശിച്ചിരിക്കുന്നു.” അതുകേട്ടപ്പോള്‍ ആ മുഖത്ത് അതിമനോഹരവും സമാധാനപൂര്‍ണവുമായ ഒരു പുഞ്ചിരി വിടര്‍ന്നു, ഏറെനേരം നീണ്ടുനിന്ന ഒരു പുഞ്ചിരി.

പിന്നീടുള്ള ദിവസങ്ങളിലെല്ലാം റെനി മോര്‍ഫിന്‍ എടുത്തുകൊണ്ടിരുന്നു. അവള്‍ ഉണര്‍ന്നിരുന്നത് അടുത്ത മോര്‍ഫിന്‍ ഇന്‍ജക്ഷന്‍ ആവശ്യപ്പെടാനാണ്. ബാക്കിയുള്ള തീര്‍ത്തും കുറഞ്ഞ ദിവസങ്ങള്‍ അവള്‍ ഉറങ്ങിത്തീര്‍ക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. എനിക്ക് അവളോട് ഗൗരവമായി സംസാരിക്കണമായിരുന്നു. ബോധത്തോടെയുള്ള 20 മിനിറ്റ് എനിക്ക് നല്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. കര്‍ത്താവ് എനിക്കത് തന്നു. ആ സമയത്ത് ഞാനവളോട് സംസാരിച്ചു. ഞാനും മറ്റുള്ളവരും അവളെ എന്തുമാത്രം സ്‌നേഹിക്കുന്നുവെന്ന് ഞാനവളോട് പറഞ്ഞു. നിത്യതയിലായിരിക്കുമ്പോള്‍ അത് മനസിലാക്കാനാവും എന്ന് ഓര്‍മിപ്പിച്ചു.

പിറ്റേന്ന്…. ഏതാണ്ട് 10.30 ആയപ്പോള്‍ ഞാന്‍ സ്‌കോട്ട് ഹാനുമായി ഫോണില്‍ സംസാരിച്ചു. എന്‍റെ മാനസാന്തരകാലത്ത് ഞങ്ങള്‍ ഫോണ്‍സുഹൃത്തുക്കളായതാണ്. അദ്ദേഹം 11 മണിയോടെ ദിവ്യകാരുണ്യ ആരാധനക്കായി പോകുകയാണ്. ഞാന്‍ പറയുന്ന കാര്യങ്ങളോട് റെനി ആത്മീയമായി പ്രതികരിക്കണമെന്നും നിത്യതയിലേക്കുള്ള അവളുടെ യാത്ര സുഗമമാക്കണമെന്നും പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം ആരാധനയ്ക്കായി പോയി. 11.10 ആയപ്പോഴേക്കും റെനിയുടെ ജീവന്‍ പിരിഞ്ഞു. ആ ദൈവിക ഇടപെടലിനെക്കുറിച്ച് മനസിലായത് വലിയൊരു ആശ്വാസം നല്കി.
അവസാനനിമിഷത്തില്‍ റെനി എന്‍റെ കണ്ണുകളിലേക്ക് നേരെ നോക്കി. ദൈവത്തില്‍ ശരണപ്പെടണമെന്നും എല്ലാം നന്നായിരിക്കുമെന്നും ഞാനവളെ സ്‌നേഹിക്കുന്നുവെന്നും ഞാനവളോട് പറഞ്ഞു. പിന്നെ അവള്‍ക്കൊരു ചുംബനം നല്കി. അതോടെ ഈ ഭൂമിയില്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു.

പരസ്പരം സമ്മാനങ്ങള്‍ നല്കാനാണ് ദൈവം ഞങ്ങളെ ഒന്നിപ്പിച്ചതെന്ന് തോന്നുന്നു. ന്യൂ ഏജ് വിശ്വാസങ്ങളില്‍നിന്ന് ഞാന്‍ അവളെ രക്ഷപ്പെടുത്തി, ഒടുവില്‍ നിത്യജീവന്‍ സ്വന്തമാക്കാന്‍ സഹായിച്ചു. റെനിയുമായുള്ള വിവാഹം എനിക്ക് കത്തോലിക്കാവിശ്വാസം എന്ന സമ്മാനം ലഭിക്കാന്‍ സഹായകമായി. ആ വിവാഹം നിമിത്തമാണല്ലോ ഞാന്‍ കത്തോലിക്കാദൈവശാസ്ത്രം പഠിച്ചത്. അവളെ സഭയില്‍നിന്ന് പുറത്തേക്ക് നയിക്കാനാണ് ഞാനത് പഠിച്ചതെങ്കിലും ആ പഠനം എന്നെ കത്തോലിക്കാവിശ്വാസംതന്നെയാണ് ബൈബിള്‍ അനുസരിച്ചുള്ള യഥാര്‍ത്ഥവിശ്വാസം എന്ന ബോധ്യത്തിലേക്ക് നയിച്ചു.

റെനി ഇപ്പോഴും എനിക്ക് സമ്മാനങ്ങള്‍ നല്കുന്നുണ്ട്. അവള്‍ മരിക്കുന്നതിനുമുമ്പുള്ള ദിവസം ഞാന്‍ സംസാരിച്ചപ്പോള്‍ ചെയ്ത ഒരു കാര്യം പ്രാര്‍ത്ഥിക്കാനുള്ള കാര്യങ്ങളുടെ ഒരു ലിസ്റ്റ് നല്കുകയാണ്. ഇന്ന് അവള്‍ ക്രിസ്തുവിനോടൊത്ത് ആയിരിക്കുമ്പോള്‍, ഭൂമിയിലായിരുന്നപ്പോഴത്തെക്കാള്‍ ശക്തമായി അവള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയും എന്നെനിക്കറിയാം. റെനി എനിക്കായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നത് എനിക്ക് ആശ്വാസകരമാണ്. ”ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്. ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്‌നാനവുമേയുള്ളൂ. സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍മാത്രം” (എഫേസോസ് 4/4-6).
അമേരിക്കയില്‍നിന്നുള്ള കത്തോലിക്കാ അപ്പോളജിസ്റ്റും ഗ്രന്ഥകാരനും പ്രസംഗകനും പോഡ്കാസ്റ്റ് അവതാരകനുമാണ് ജിമ്മി ഏകിന്‍. Jimmy Akin എന്ന യുട്യൂബ് ചാനലിലൂടെ കത്തോലിക്കാപ്രബോധനങ്ങള്‍ ആകര്‍ഷകമായി അവതരിപ്പിക്കുന്നതിലും അദ്ദേഹം സജീവമാണ്.

Share:

ജിമ്മി ഏകിന്‍

ജിമ്മി ഏകിന്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles