Home/Encounter/Article

സെപ് 02, 2024 10 0 Shalom Tidings
Encounter

പരിശുദ്ധാത്മാവിന്‍റെ ശിഷ്യത്വം സ്വീകരിക്കുക

ഇസ്രായേലില്‍ ദൈവത്തിന്‍റെ അരുളപ്പാടുകള്‍ കുറവായിരുന്ന ഒരു കാലഘട്ടം. ബാലനായ സാമുവല്‍ സമാഗമകൂടാരത്തില്‍ കര്‍ത്താവിന്‍റെ പേടകത്തിന് സമീപം കിടന്നുറങ്ങുകയായിരുന്നു. വൃദ്ധപുരോഹിതനായിരുന്ന ഏലി തന്‍റെ മുറിയില്‍ കിടന്നിരുന്നു. കര്‍ത്താവ് സാമുവേലിനെ വിളിച്ചു. വിളികേട്ട്, വിളിച്ചത് പുരോഹിതനാണെന്ന് വിചാരിച്ച്, സാമുവല്‍ ഏലിയുടെ അടുക്കല്‍ ഓടിയെത്തി. ഞാന്‍ നിന്നെ വിളിച്ചില്ല. പോയി കിടന്നുകൊള്ളുക എന്ന് അദ്ദേഹം കുട്ടിയോട് പറഞ്ഞു. ഇപ്രകാരം മൂന്ന് പ്രാവശ്യം സംഭവിച്ചു. മൂന്നാം പ്രാവശ്യം പുരോഹിതന് തോന്നി. കര്‍ത്താവായിരിക്കും കുട്ടിയെ വിളിച്ചതെന്ന്. അദ്ദേഹം സാമുവേലിനോട് പറഞ്ഞു. ‘ഇനി വിളിച്ചാല്‍ കര്‍ത്താവേ, അങ്ങയുടെ ദാസന്‍ ശ്രവിക്കുന്നു. അരുളിച്ചെയ്താലും എന്നു പറയണം എന്ന്. നാലാം പ്രാവശ്യവും കര്‍ത്താവ് സാമുവേലിനെ വിളിച്ചു. പുരോഹിതന്‍ പറഞ്ഞതുപോലെ സാമുവല്‍ പ്രത്യുത്തരിച്ചു. കര്‍ത്താവ് സാമുവേലിനോട് വളരെ കാര്യങ്ങള്‍ സംസാരിച്ചു. അതുമുതല്‍ സാമുവല്‍ ഒരു പ്രവാചകനായിതീര്‍ന്നു. പുരോഹിതനായ ഏലിയാണ് സാമുവലിനെ കര്‍ത്താവിന്‍റെ സ്വരം തിരിച്ചറിയുവാന്‍ പഠിപ്പിച്ചത്. പിന്നെ അങ്ങോട്ട് കര്‍ത്താവുതന്നെ സാമുവലിനെ വളരെയധികം പഠിപ്പിച്ചു.

പൗലോസിന്‍റെ പരിശീലനം
അപ്പോസ്‌തോലനായ പൗലോസിനെ പഠിപ്പിച്ചതും കര്‍ത്താവുതന്നെയാണ്. കര്‍ത്താവിന്‍റെ സ്വര്‍ഗ്ഗാരോഹണവും പന്തക്കുസ്തായും കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് യഥാര്‍ത്ഥത്തില്‍ ഒരു ഭീകരനായിരുന്ന സാവൂളിനെ കര്‍ത്താവ് തന്‍റെ സന്ദേശവാഹകനാക്കുന്നത്. പൗലോസ് തന്നെ ഗലാത്തിയാ 1/12-ല്‍ പറയുന്നു. ”ഞാന്‍ പ്രസംഗിച്ച സുവിശേഷം മാനുഷികമല്ലായെന്ന് നിങ്ങളെ ഞാന്‍ അറിയിക്കുന്നു. എന്തെന്നാല്‍, മനുഷ്യനില്‍നിന്നല്ല ഞാനത് സ്വീകരിച്ചത്. ആരും അതെന്നെ പഠിപ്പിച്ചതുമില്ല. യേശുക്രിസ്തുവിന്‍റെ വെളിപാടിലൂടെയാണ് അത് എനിക്ക് ലഭിച്ചത്.” ഇപ്രകാരം വെളിപാടിലൂടെ പഠിച്ച കാര്യങ്ങള്‍ ശരിയാണെന്ന്, തങ്ങള്‍ പഠിപ്പിക്കുന്നത് തന്നെയാണ് പൗലോസും പഠിപ്പിക്കുന്നതെന്നും പത്രോസും മറ്റ് അപ്പസ്‌തോലന്‍മാരും അംഗീകരിക്കുകയും ചെയ്തു (ഗലാത്തിയ 2/1-10). അങ്ങനെ മറ്റ് അപ്പസ്‌തോലന്‍മാര്‍ അനുഭവത്തില്‍ക്കൂടി അറിഞ്ഞതെല്ലാം കര്‍ത്താവ് പൗലോസിനെ വെളിപാടിലൂടെ അഭ്യസിപ്പിച്ചു.

കര്‍ത്താവിനെ ശ്രവിക്കുവാന്‍ പഠിക്കുക.
കര്‍ത്താവ് ഇന്നും സജീവനാണ്. അവിടുന്ന് ഇപ്പോള്‍ പുതിയ വേദസത്യങ്ങള്‍ ഒന്നും പഠിപ്പിക്കുന്നില്ലെങ്കില്‍ത്തന്നെയും നമ്മുടെ ജീവിതത്തിനാവശ്യമായ ഓരോ കാര്യവും നമ്മെ പഠിപ്പിക്കുന്നതാണ്. അതിന് ആദ്യമായി കര്‍ത്താവിനെ ശ്രവിക്കുവാന്‍ പഠിക്കണം. ബുദ്ധിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വൈദികവിദ്യാഭ്യാസവും സന്യാസപരിശീലനവുമാണ് ഇന്നുള്ളത്. എന്നാല്‍ എല്ലാറ്റിലുമുപരിയായി വേണ്ടത്, കര്‍ത്താവിനെ ശ്രവിക്കുവാന്‍ പഠിക്കുക, കര്‍ത്താവിന്‍റെ സ്വരം തിരിച്ചറിയാന്‍ പഠിക്കയാണ്. ‘അങ്ങനെ കര്‍ത്താവൊന്നും സംസാരിക്കാറില്ല’ എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ അത് സംഭവിക്കുന്ന കാര്യമാണ്. അങ്ങനെ കര്‍ത്താവിനെ കണ്ടുമുട്ടാന്‍ പഠിക്കയാണ് ഏറ്റവും വലിയ പഠനം. അത് അപ്രാപ്യമല്ല. അസംഭവ്യവുമല്ല. വ്യക്തിപരമായ ആഴമായ പ്രാര്‍ത്ഥനാനുഭവത്തില്‍ അത് സാധ്യമാണ്.

പ്രാര്‍ത്ഥനയും വരങ്ങളും:
ആഴമായ പ്രാര്‍ത്ഥനാ അനുഭവത്തിലേക്ക് നാം കടന്നുവരുമ്പോള്‍ പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങള്‍ നമുക്ക് ലഭിക്കുന്നു. അറിവിന്‍റെ വചനം, ജ്ഞാനത്തിന്‍റെ വചനം, പ്രവചനവരം, വിവേചനവരം, രോഗശാന്തിവരം മുതലായവ. എല്ലാവര്‍ക്കും എല്ലാം ലഭിച്ചില്ലെങ്കിലും നമുക്ക് ആവശ്യമായവ പരിശുദ്ധാത്മാവ് നമുക്ക് നല്കും. ഈ വരങ്ങള്‍ ”വിശ്വാസത്തിന്‍റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണ്ണജ്ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്തുവിന്‍റെ പരിപൂര്‍ണ്ണതയുടെ അളവനുസരിച്ച് പക്വതയാര്‍ന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ തുടരേണ്ടിയിരിക്കുന്നു” (എഫേസോസ് 4/13).

തിരുസഭയില്‍ എക്കാലത്തും വരദാനങ്ങള്‍ ഉള്ളവര്‍ ഉണ്ടായിരുന്നു. അഗാബോസ് എന്ന ഒരു പ്രവാചകനെപ്പറ്റി അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ പറയുന്നുണ്ട്. അതുപോലെ പ്രവചനവരം ലഭിച്ച കന്യകകളായ നാല് പുത്രിമാര്‍ സുവിശേഷ പ്രസംഗകനായ പീലിപ്പോസിന് ഉണ്ടായിരുന്നു. (അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 21/9). ഇക്കാലത്ത് കരിസ്മാറ്റിക് നവീകരണത്തിലൂടെ അനേകര്‍ക്ക് ഈ വരദാനങ്ങള്‍ ലഭ്യമാകുന്നു.
നമ്മുടെ കര്‍ത്താവ് സ്വര്‍ഗ്ഗത്തിലേക്ക് എഴുന്നള്ളിപ്പോയപ്പോള്‍ ശിഷ്യന്‍മാര്‍ക്ക് പ്രധാന അദ്ധ്യാപകനായി നിയമിച്ചത് പരിശുദ്ധാത്മാവിനെയാണ് (യോഹന്നാന്‍ 14/26). വീണ്ടും അവിടുന്ന് അരുളിച്ചെയ്തിരിക്കുന്നു. ”സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്ക് നയിക്കും” (യോഹന്നാന്‍ 16/13) ഈ സത്യാത്മാവ് നമ്മെ പഠിപ്പിച്ചാല്‍ മാത്രമേ നമ്മുടെ പഠനം പൂര്‍ത്തിയാവൂ.

സെമിനാരിയില്‍ ഫിലോസഫി പഠനം കഴിഞ്ഞ ഒരു ബ്രദര്‍ ഒരിക്കല്‍ എന്‍റെ അടുത്തുവന്നു പറഞ്ഞു, ”എനിക്ക് ദൈവവിളി ഇല്ലെന്ന് തോന്നുന്നു.” ഈ ആശയം ഇപ്പോള്‍ ഉണ്ടായതാണോ, അതോ നേരത്തേതന്നെ ഉള്ളതാണോ എന്നു ഞാന്‍ ചോദിച്ചു. ഇപ്പോള്‍ തോന്നിയതാണെന്ന് ബ്രദര്‍ പറഞ്ഞു.

സാധാരണഗതിയില്‍ ഒരാള്‍ ദൈവവിളി സ്വീകരിച്ച് ജീവിക്കുവാന്‍ ആരംഭിക്കുമ്പോള്‍ കര്‍ത്താവ് നമുക്ക് ആദ്യമാദ്യം നല്ല ഉറപ്പും സന്തോഷവും സമാധാനവും നല്കാറുണ്ടെന്നും എന്നാല്‍ കുറച്ചുകഴിയുമ്പോള്‍ നമ്മെ കുരിശിന്‍റെ പാതയില്‍ കൂടി അവിടുന്ന് നടത്തുമെന്നും അത് ക്രിസ്തുശിഷ്യന്‍റെ ഓഹരിയാണെന്നും അതുകൊണ്ട് ദൈവവിളി ഇല്ലെന്ന് വിചാരിക്കരുതെന്നും മറ്റും ഞാന്‍ പറഞ്ഞെങ്കിലും ബ്രദറിന് നല്ല ഉറപ്പായില്ല. ആ സമയം ബ്രദറിനെ കര്‍ത്താവിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ കണ്ടത് കുളിച്ച് ദേഹം തുടച്ച് തിളക്കമുള്ള ശരീരത്തോടുകൂടിയ ഒരു മനുഷ്യനെയാണ്. അരമുതല്‍ മുകളിലേക്കുള്ള ഭാഗം മാത്രമേ കാണുന്നുള്ളൂ. കാണപ്പെട്ട ശരീരഭാഗത്ത് വസ്ത്രങ്ങള്‍ ഒന്നും അണിഞ്ഞിരുന്നില്ല. ഒരു നിമിഷം ആരാണ് ഇതെന്ന് ഞാന്‍ ശങ്കിച്ചു. പെട്ടെന്ന് എന്‍റെ ബോധത്തിലേക്ക് വന്നു, അത് ഉയര്‍ത്തെഴുന്നേറ്റ കര്‍ത്താവാണെന്ന്! ഞാന്‍ നോക്കിനില്ക്കുമ്പോള്‍ ഒരു കൈ കര്‍ത്താവിന്‍റെ പാര്‍ശ്വത്തിലേക്ക് അടുക്കുന്നത് ഞാന്‍ കണ്ടു. കളര്‍ ഉള്ള ഉടുപ്പിട്ട ഒരു കൈ ആയിരുന്നു. പെട്ടെന്ന് അതിന്‍റെ അര്‍ത്ഥം എന്‍റെ മനസിലേക്ക് വന്നു, ”നിന്‍റെ കൈനീട്ടി എന്‍റെ പാര്‍ശ്വത്തില്‍ വയ്ക്കുക, അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക” (യോഹന്നാന്‍ 20/27). നമ്മുടെ കര്‍ത്താവ് തോമാശ്ലീഹായ്ക്ക് പ്രത്യക്ഷപ്പെട്ട് തോമായെ വിശ്വാസത്തില്‍ ഉറപ്പിച്ച സംഭവം.

ഞാനത് പറഞ്ഞപ്പോള്‍ ആ ബ്രദര്‍ സന്തോഷത്തോടും ഗദ്ഗദത്തോടും കൂടെ അത് സ്വീകരിച്ചു. ബ്രദറിന് ഉറപ്പു ലഭിച്ചു. ഇപ്രകാരം കര്‍ത്താവ് നയിക്കുമ്പോള്‍ എല്ലാം എളുപ്പമാണ്. കര്‍ത്താവിനെ ശ്രവിക്കാന്‍ നമുക്ക് കഴിയണം. അവിടുന്ന് നമ്മോട് ഇടപെടുന്നത്, ദര്‍ശനങ്ങളില്‍ കൂടിയാകാം, സ്വരത്തില്‍ കൂടിയാകാം, ദൈവവചനത്തില്‍ കൂടിയാകാം. എങ്ങനെയാണെങ്കിലും, നമുക്ക് അത് ബോധ്യപ്പെടും. കര്‍ത്താവ് സംസാരിച്ചാലും നൈയാമികമായ അധികാരങ്ങള്‍ക്ക് വിധേയപ്പെട്ടിരിക്കും. സാമുവേലിനെ വിളിച്ച കര്‍ത്താവിന് സാമുവേലിനോട് പറയാമായിരുന്നു. ഞാനാണ് നിന്നെ വിളിച്ചത്. നീ ഏലിയുടെ അടുത്തേക്ക് ഓടണ്ട, എന്ന്. എന്നാല്‍ കര്‍ത്താവ് ആ പുരോഹിതനില്‍ക്കൂടി പഠിപ്പിക്കുവാനാണ് ആഗ്രഹിച്ചത്. അതുകൊണ്ട് കര്‍ത്താവിന്‍റെ അരുളപ്പാടുകള്‍ വിവേചിച്ച് കൊടുക്കണം. പരിശീലനത്തില്‍ ഇരിക്കുന്നവരെ അതിനായി അഭ്യസിപ്പിക്കണം. അങ്ങനെയെല്ലാവര്‍ക്കും….. പ്രവചിക്കാനും പഠിക്കുവാനും പ്രോത്സാഹനം ലഭിക്കുവാനും ഇടയാകും (1 കോറിന്തോസ് 14/31). ഇതില്‍ പഠിക്കാനുണ്ട്, പ്രോത്സാഹനം ലഭിക്കേണ്ടതുണ്ട്.

ഗമാലിയേലിന്‍റെ ശിഷ്യത്വത്തില്‍ പഠിച്ച്, ഒരു പണ്ഡിതനായിരുന്ന പൗലോസ് പറയുന്നു. ”എന്‍റെ വചനവും പ്രസംഗവും വിജ്ഞാനംകൊണ്ട് വശീകരിക്കുന്നതായിരുന്നില്ല. പ്രത്യുത, ആത്മാവിന്‍റെയും ശക്തിയുടെയും വെളിപ്പെടുത്തലായിരുന്നു” (1 കോറിന്തോസ് 2/4) പൗലോസ് സമ്പാദിച്ചിരുന്ന ലൗകികവിജ്ഞാനം നിസാരമായി തള്ളിക്കളഞ്ഞുകൊണ്ട് ആത്മാവിന്‍റെ ശക്തിയില്‍ അദ്ദേഹം ആശ്രയിക്കുന്നു. ഇതാണ് നമുക്കും ആവശ്യം.

ശാലോം ശുശ്രൂഷകളുടെ ആത്മീയപിതാവായിരുന്ന മോണ്‍. സി.ജെ. വര്‍ക്കി 1995 ആഗസ്റ്റ് ലക്കം ശാലോം ടൈംസില്‍ എഴുതിയ ലേഖനം

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles