Home/Encounter/Article

മാര്‍ 26, 2020 2047 0 Father Roy Palatty CMI
Encounter

ആനന്ദം തരുന്ന സങ്കീര്‍ത്തനം

കൊല ചെയ്ത ഒരു മനുഷ്യന്‍ സംരക്ഷണത്തിനായി ഓടുകയായിരുന്നു. ഒടുവില്‍ ഒരു ഗോത്രത്തലവന്‍റെ വീട്ടില്‍ ചെന്നുപെട്ടു. അയാളോട് നടന്നതെല്ലാം തുറന്നു പറഞ്ഞു. അയാള്‍ കൊലപാതകിക്ക് അഭയം നല്കി. ഗ്രാമത്തില്‍നിന്നും കൊലയാളിയെ കിട്ടാന്‍ ആളുകള്‍ ഓടിക്കൂടി. ഗോത്രത്തലവന്‍റെ വീട്ടില്‍ കൊലപാതകി ഒളിച്ചിരുപ്പുണ്ടെന്ന് അവര്‍ക്കറിയാം. അയാളെ വിട്ടുകിട്ടണം. മൂപ്പന്‍ പറഞ്ഞു, ഞാന്‍ വിട്ടുതരില്ല. ആരെയാണ് ആ ക്രൂരന്‍ കൊന്നതെന്നു പറഞ്ഞാല്‍ നിങ്ങള്‍ തീര്‍ച്ചയായും വിട്ടുതരുമെന്നായി അവര്‍. തുടര്‍ന്ന് അവര്‍ പറഞ്ഞു, നിങ്ങളുടെ പേരക്കുട്ടിയെയാണ്.’ ഉടനെ കൊലപാതകിയെ മൂപ്പന്‍തന്നെ തല്ലിക്കൊല്ലുമെന്നാണവര്‍ കരുതിയത്. പക്ഷേ നടന്നത് മറ്റൊന്നായിരുന്നു. അയാളുടെ കണ്ണുകളില്‍ നോക്കി മൂപ്പന്‍ പറഞ്ഞു: “നീയെന്‍റെ പേരക്കുട്ടിയെ കൊന്നുകളഞ്ഞു അല്ലേ. നീയത് ഏറ്റുപറഞ്ഞു. ഇനിമുതല്‍ നീയാണ് എന്‍റെ പേരക്കുട്ടി. ഒരാളും നിന്നെ തൊടില്ല!”

കഴിഞ്ഞുപോയ കാലത്തെ വീഴ്ചകള്‍ ഏറ്റുപറയുക, അതത്ര എളുപ്പമുള്ള ഒന്നല്ല. ഇതിന് പുറകില്‍ ഒരാള്‍ അനുഭവിക്കുന്ന സ്വയംനിന്ദയും അപമാനഭാരവും സംശയങ്ങളുമൊക്കെ ഏറെയാണ്. എന്നാല്‍, നിങ്ങളെ വലിഞ്ഞു മുറുക്കുന്ന ഇത്തരം കഥകള്‍ പങ്കുവയ്ക്കുമ്പോള്‍ ശിഷ്ടകാലം നിങ്ങള്‍ക്കായി കരുതിവച്ചിരിക്കുന്ന ആനന്ദത്തിന്‍റെയും കുലീനമായൊരു ജീവിതത്തിന്‍റെയും നാളുകളെ കാര്യമായി ധ്യാനിക്കണം. ഒരാള്‍ അയാളെത്തന്നെ അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നിടത്തൊക്കെ തുറവിയുടെ കുമ്പസാരങ്ങള്‍ ഉണ്ടാകും.

എത്രയെത്ര മനുഷ്യരുടെ ലജ്ജ ജനിപ്പിക്കുന്ന വീഴ്ചകളുടെ കഥകളാണ് വചനത്തിലുള്ളത്. പലതും വേണമെങ്കില്‍ മൂടിവയ്ക്കാമായിരുന്നു. വീരകഥകള്‍കൊണ്ടുമാത്രം വചനം നിറയ്ക്കാമായിരുന്നു. എന്നിട്ടും അവരുടെ വീഴ്ചകളും വീണ്ടെടുപ്പും നമുക്കായി കരുതിവച്ചു. ഏറ്റുപറയുന്നവര്‍ക്ക് ഇനിയും മാപ്പുണ്ട് എന്ന് ആവര്‍ത്തിച്ച് നമ്മെ ഓര്‍മിപ്പിക്കാനാകണം ഇത്.

കൊല ചെയ്ത കായേനിനെ കാണുക. എത്രയോ ഉന്നതമായ വിളി കിട്ടിയവനാണ് അവന്‍. എന്നിട്ടും അവനത് കാര്യമാക്കാതെ സഹോദരനെ കൊന്നു. ഒരു മുഴുഭ്രാന്തനെപ്പോലെ, കുറ്റസമ്മതം നടത്തി അലഞ്ഞു നടക്കുമ്പോള്‍ ദൈവം അവനോട് ചെയ്തത് എന്താണ്? സകലരും എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് വാവിട്ടു കരയുമ്പോള്‍, ദൈവം അവനെ തന്‍റെ ചാരെ ചേര്‍ത്തുനിര്‍ത്തി. വീഴ്ചകള്‍ ഏറ്റുപറയുമ്പോള്‍, അവന്‍റെ നെറ്റിത്തടത്തില്‍ ദൈവം ചുംബിച്ചതാകണം, അന്ന് രേഖപ്പെടുത്തിയ അടയാളം, കുരിശടടയാളം (ഉല്‍പത്തി 4:15). ഏറ്റുപറയുന്നവന് ദൈവം നല്കുന്ന വലിയൊരു വാഗ്ദാനമാണിത്, സംരക്ഷണം. ഒരാളും നിന്നെ ഇനിമേല്‍ ഈ കുറ്റത്തിന്‍റെ പേരില്‍ ആക്രമിക്കില്ല എന്ന ഉറപ്പ്.

ഇനി, മഹാചതിയനായ യാക്കോബിനെ ഓര്‍ക്കുക. സഹോദരനായ ഏസാവിനെ പറ്റിച്ച് അവകാശങ്ങളും സ്വത്തും ഏറെ കൈക്കലാക്കി. യാത്രാമധ്യേ ദൈവദൂതന്‍ തന്നെത്തന്നെ അഭിമുഖീകരിക്കാന്‍ യാക്കോബിനെ ഒരുക്കി. ഏറ്റുപറഞ്ഞാല്‍ തീരുന്ന വഞ്ചനയൊന്നുമല്ല താന്‍ ചെയ്തിട്ടുള്ളത് എന്ന കുറ്റബോധത്തിലാണ് അവന്‍ ഓടി രക്ഷപ്പെടാന്‍ ഒരുങ്ങുന്നത്. ഏസാവിനെ കണ്ടുമുട്ടുമ്പോള്‍ ഏഴുപ്രാവശ്യം നിലംമുട്ടെ താണുവണങ്ങുന്നുണ്ട്. ഏസാവ് അവനെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. വാവിട്ടു കരയുമ്പോള്‍ അവന്‍ പറയുന്നുണ്ട്: ചേട്ടാ, ഇപ്പോള്‍ അങ്ങേക്ക് ദൈവത്തിന്‍റെ മുഖമാണ്! (ഉല്‍പത്തി 33:10). യാക്കോബിന്‍റെ ഏറ്റുപറച്ചിലില്‍ ദൈവത്തിന്‍റെ മുഖമാണ് അവനു മുമ്പില്‍ തെളിഞ്ഞുകിട്ടിയത്.

വിനയത്തിന്‍റെ ഏറ്റുപറച്ചില്‍ കേള്‍ക്കാന്‍ കുമ്പസാരക്കൂടുകള്‍ കാത്തുനില്ക്കുന്നുണ്ട്. ഏറ്റുപറയുമ്പോള്‍ നിങ്ങള്‍ ദൈവത്തെ കാണും.

ശരീരത്തിന്‍റെ ഭ്രമങ്ങളില്‍ വീണുപോയവനാണ് ദാവീദ്. വ്യഭിചാരവും കൊലപാതകവും. ഒരാള്‍ക്കും പരി ഹാരം നിര്‍ദേശിക്കാനാവാത്ത ദാവീദിന്‍റെ വീഴ്ചയില്‍നിന്നും അയാള്‍ രക്ഷപ്പെടുന്നത് അനുതാപത്തിന്‍റെ നീണ്ട സങ്കീര്‍ത്തനങ്ങള്‍ എഴുതിക്കൊണ്ടാണ്. “അങ്ങയുടെ സന്നിധിയില്‍നിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്ധാത്മാവിനെ എ ന്നില്‍നിന്ന് എടുത്തുകളയരുതേ!” (സങ്കീര്‍ത്തനം 51:11). സമാനമേഖലകളില്‍ പരിക്കു പറ്റുന്ന മനുഷ്യരൊക്കെ ഏറ്റുപറച്ചിലിന്‍റെ സങ്കീര്‍ത്തനം നടത്തിയാല്‍ മതി. വീണ്ടെടുപ്പ് സാധ്യമാണ്. ഇന്നും ‘ദാവീദിന്‍റെ പുത്രനായ യേശുവേ’ എന്നാണ് നാം രക്ഷകനെ വിളിക്കുന്നത്.

സക്കേവൂസിനെ ഓര്‍ക്കുക. ചുങ്കക്കാരനാണെങ്കിലും ഏറെ അറിയപ്പെടുന്നവനാണ്. പണത്തിന്‍റെ ക്രയവിക്രയത്തില്‍ ഒട്ടേറെ വഞ്ചിച്ചെടുത്തിട്ടുണ്ട്. ഒരാളും സക്കേവൂസിനെതിരെ ശബ്ദമുയര്‍ത്താന്‍ അവിടെ ഉണ്ടാവില്ല. പണവും അധികാരവും ഒരേ കൂടാരത്തില്‍ വസിക്കുമ്പോള്‍ ആര്‍ ബലപ്രയോഗം നടത്താനാണ്. പക്ഷേ, യേശുവിനെ കണ്ടമാത്രയില്‍ അയാളുടെ ഹൃദയം നുറുങ്ങി. സക്കേവൂസ് അന്നാണ് തന്നെത്തന്നെ കണ്ടെത്തിയത്. സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്നവന് ഏറ്റുപറച്ചില്‍ നടത്താതെ തരമില്ല. സ്വകാര്യമായൊരു കുമ്പസാരത്തില്‍ തന്‍റെ വഞ്ചനയുടെ കണക്കുപുസ്തകം തുറന്നുവയ്ക്കുകയല്ല അയാള്‍ ചെയ്തത് എന്ന് ഓര്‍ക്കണം. എല്ലാവരും കാണ്‍കെ, സകലരും കേള്‍ക്കെ, നിലവിളിച്ചാണ് പറഞ്ഞത്. എന്‍റെ സ്വത്തില്‍ പകുതി ദരിദ്രര്‍ക്ക്, വഞ്ചിച്ചെടുത്തതിന് നാലിരട്ടി ചേര്‍ത്തും നല്കുന്നു. രക്ഷ അവനും കുടുംബത്തിനും വാഗ്ദാനം ചെയ്യുന്നത് കാണുക (ലൂക്കാ 19). നാളുകള്‍കൂടി ആ മനുഷ്യന്‍ ശാന്തമായുറങ്ങുന്നത് അന്നാകണം.

നമ്മെ കൂടുതല്‍ അറിയുന്തോറും മറ്റുള്ളവര്‍ വെറുക്കുമോ എന്ന ആശങ്കയില്‍ ഏറ്റുപറയാന്‍ മടി കാണിക്കുന്നവരാണ് അധികവും. പക്ഷേ ഒരാളുടെ ആത്മീയധീരത ഏറ്റുപറച്ചിലിലാണുതാനും. വിശുദ്ധ അഗസ്റ്റിന്‍ ആത്മകഥയ്ക്കിട്ട പേര് ‘കണ്‍ഫെഷന്‍’ എന്നാണ്. വീഴ്ചകളുടെയും വീണ്ടെടുപ്പിന്‍റെയും തുറന്ന കഥകള്‍. ചിന്തകനായ റൂസോയും ആത്മകഥയ്ക്കിട്ടത് ‘കണ്‍ഫെഷന്‍സ്’ എന്നുതന്നെ. ‘എന്‍റെ ഹൃദയം കാലങ്ങളായി ദാഹിച്ച യഥാര്‍ത്ഥ ആനന്ദത്തിന്‍റെ ഒരിറക്കുപോലും രുചിക്കാന്‍ എനിക്കായില്ലല്ലോ. അതോര്‍ക്കുമ്പോള്‍ വലിയ വിഷമം തോന്നുന്നു. ശിക്ഷയെ ഭയന്നും തിരസ്കരണത്തെ പേടിച്ചും നാളുകള്‍ പലതു തള്ളിനീക്കി. ഒരു ഗ്രന്ഥത്തില്‍നിന്നും മറ്റൊന്നിലേക്ക് എന്ന വിധത്തില്‍ ഞാന്‍ ചാടിക്കൊണ്ടിരുന്നു. എന്നെത്തന്നെ ഞാന്‍ വെറുത്തു…’ പതിനേഴാം നൂറ്റാണ്ടില്‍ മനുഷ്യാവകാശങ്ങളുടെ പുതുപുത്തന്‍ തത്വങ്ങള്‍ പഠിപ്പിച്ചവന്‍റെ കുമ്പസാരമാണിത് എന്നോര്‍ക്കണം.

മദര്‍ തെരേസയുടെ അവസാനകാലത്ത് അവളനുഭവിച്ച ആത്മാവിന്‍റെ ഇരുണ്ട രാത്രിയുടെ കഥകള്‍ ഡയറിയിലുണ്ട്. ദൈവമുണ്ടോ എന്ന സന്ദേഹംപോലും ഉണ്ടായെന്ന് അവള്‍ തുറന്നെഴുതി. കാലം വിശുദ്ധയെന്ന് തിലകം ചാര്‍ത്തിയ അവള്‍ക്ക് വേണമെങ്കില്‍ ഈ ഏറ്റുപറച്ചില്‍ ഒഴിവാക്കാമായിരുന്നില്ലേ. വിശുദ്ധ പദവിയിലേക്കുള്ള നടപടികള്‍ക്കുപോലും കാലതാമസം വരുത്തിയ കുറിപ്പാണിത്. ഏറ്റുപറച്ചില്‍ ഒരാള്‍ക്ക് നല്കുന്ന സ്വാതന്ത്ര്യവും സംരക്ഷണവും ആനന്ദവും തള്ളിമാറ്റി, സ്വയം മൂടിവയ്ക്കുന്നതിന്‍റെ തത്രപ്പാടില്‍ വലിഞ്ഞുമുറുങ്ങുന്നതെന്തേ?

പോകാം, കുമ്പസാരക്കൂടുകളിലേക്ക്, ഈ ദിവസങ്ങളില്‍. എന്തെന്നാല്‍ പാപസങ്കീര്‍ത്തനം നല്കുന്ന വിടുതലിനും വിശുദ്ധിക്കും പകരംവയ്ക്കാന്‍ മാനവരാശി മറ്റൊന്നും കണ്ടെത്തിയിട്ടില്ല.

Share:

Father Roy Palatty CMI

Father Roy Palatty CMI is a priest of the congregation of the Carmelites of Mary Immaculate. He earned his Ph.D. in Philosophy from the Catholic University of Leuven in Belgium and is a published author of books and articles. Since 2014, he has been serving as Spiritual Director of Shalom Media, a Catholic media ministry based in South Texas. Shalom Media is home to SHALOM WORLD Catholic television network and publishes Shalom Tidings bi-monthly magazine. Father Varghese is a gifted speaker and has been an in-demand preacher around the world, leading numerous retreats for priests, religious, and lay people.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles