Home/Enjoy/Article

മാര്‍ 20, 2024 188 0 സ്റ്റെല്ല ബെന്നി
Enjoy

അമ്മമാരേ… നിങ്ങള്‍ക്കിതാ ഒരു തിരിച്ചറിയല്‍ ടെസ്റ്റ് !

എന്ത്! അമ്മമാരെ തിരിച്ചറിയാന്‍ ടെസ്റ്റോ? ഇതെന്തു കൂത്ത്. പഴയ കാരണവന്മാര്‍ കേട്ടാല്‍ പറയും അതിന്‍റെ ഒരു ആവശ്യവുമില്ല. കാരണം പെറ്റമ്മയെ തിരിച്ചറിയാന്‍ ടെസ്റ്റിന്‍റെ ഒരു കാര്യവുമില്ല. കാരണം “പത്തമ്മ ചമഞ്ഞുവന്നാലും പെറ്റമ്മയാകത്തില്ല.” അതായത് അമ്മയുടെ രൂപത്തില്‍ ചമഞ്ഞൊരുങ്ങി വരുന്ന പത്തമ്മമാരുടെ കൂട്ടത്തില്‍നിന്നുപോലും മുല കുടിക്കുന്ന ഒരു കുഞ്ഞ് തന്‍റെ സ്വന്തം അമ്മയെ തിരിച്ചറിയും. ഇതാണ് ഈ പഴമൊഴിയുടെ അര്‍ത്ഥം.

എന്നാല്‍ ഇന്ന് കാലംമാറി. ഒരു യഥാര്‍ത്ഥ സത്യത്തെ തികഞ്ഞ അസത്യമായും ഒരു യഥാര്‍ത്ഥ അസത്യത്തെ സത്യമായും ചിത്രീകരിച്ച് അതുകൊണ്ട് വിജയം കൊയ്യാന്‍ ഇന്ന് ആധുനിക ലോകത്തിലെ മനുഷ്യന് നിഷ്പ്രയാസം കഴിയും. പിന്നെയെങ്ങനെ ഒരു യഥാര്‍ത്ഥ അമ്മയെ തിരിച്ചറിയും?

സോളമന്‍റെ ജ്ഞാനം

ജ്ഞാനികളില്‍ ജ്ഞാനിയായ സോളമന്‍ രാജാവ് ഇങ്ങനെയൊരു വിഷമവൃത്തത്തില്‍പെട്ടു (1 രാജാക്കന്മാര്‍ 3/16-28). രണ്ടു വേശ്യമാര്‍ ഒരിക്കല്‍ ഒരു കൈക്കുഞ്ഞിനെയുംകൊണ്ട് സോളമന്‍റെ രാജസിംഹാസനത്തിനുമുമ്പില്‍ പരാതിയുമായി എത്തി. അതില്‍ ഒരുവള്‍ പറഞ്ഞു, മഹാരാജാവേ, കരുണ കാണിച്ചാലും. ഞങ്ങള്‍ ഒരു വീട്ടില്‍ താമസിക്കുന്നു. ഇവള്‍ വീട്ടിലുള്ളപ്പോള്‍ ഞാനൊരു കുഞ്ഞിനെ പ്രസവിച്ചു. മൂന്നു ദിവസം കഴിഞ്ഞ് ഇവളും ഒരു കുഞ്ഞിനെ പ്രസവിച്ചു. ആ ദിവസങ്ങളില്‍ ഞങ്ങള്‍ രണ്ടുപേരുമല്ലാതെ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ആ ദിവസം രാത്രിയില്‍ ഉറക്കബോധമില്ലാതെ ഇവള്‍ ഇവളുടെ കുഞ്ഞിന്‍റെമേല്‍ കയറിക്കിടന്നു. കുഞ്ഞു മരിച്ചുപോയി. അതു തിരിച്ചറിഞ്ഞ അവള്‍ മരിച്ച കുഞ്ഞിനെ എന്‍റെ അടുത്തുകൊണ്ടുവന്ന് കിടത്തി. എന്‍റെ അടുത്തുകിടന്ന ജീവനുള്ള എന്‍റെ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി അവളുടെ അടുത്തും കിടത്തി. മഹാരാജാവേ കരുണ കാണിച്ചാലും. എന്‍റെ കുഞ്ഞിനെ എനിക്ക് തിരികെ മേടിച്ചുതന്നാലും.

ഇതുപോലെതന്നെ മറ്റേ സ്ത്രീയും വാദിച്ചു. മഹാരാജാവേ എന്‍റെ കുഞ്ഞിനെ എനിക്ക് തിരികെ തന്നാലും. രാജാവ് അടുത്തുനിന്ന രാജസേവകനോടു പറഞ്ഞു, “വേഗം ഒരു വാള്‍ കൊണ്ടുവരിക.” വാള്‍ കൊണ്ടുവരപ്പെട്ടു. രാജാവ് കല്‍പിച്ചു. “കുഞ്ഞിനെ രണ്ടായി പിളര്‍ക്കുക. രണ്ടുപേര്‍ക്കും ഓരോ ഭാഗം കൊടുക്കുക.”

ഇതു കേട്ടപ്പോള്‍ കുഞ്ഞിന്‍റെ യഥാര്‍ത്ഥ അമ്മ രാജാവിന്‍റെ കാല്‍ക്കല്‍ വീണ് കരഞ്ഞുപറഞ്ഞു. “മഹാരാജാവേ, കരുണ കാണിച്ചാലും. എന്‍റെ കുഞ്ഞിനെ അവള്‍ക്കു കൊടുത്തേരേ. എനിക്കവനെ വേണ്ട. എന്നിരുന്നാലും അവനെ കൊല്ലരുത്. അവനെ അവളെടുത്തോട്ടെ.” മറ്റേ സ്ത്രീയാകട്ടെ ഇപ്രകാരം പറഞ്ഞു, “കുട്ടിയെ എനിക്കും വേണ്ട, നിനക്കും വേണ്ട. അവനെ രണ്ടായി പിളര്‍ക്കുക.” അപ്പോള്‍ രാജാവ് കല്പിച്ചു. “കുഞ്ഞിനെ എടുത്ത് ആദ്യത്തവള്‍ക്കു കൊടുക്കുക. അവളാണ് യഥാര്‍ത്ഥ അമ്മ.” അങ്ങനെ യഥാര്‍ത്ഥ പെറ്റമ്മക്ക് അവളുടെ കുഞ്ഞിനെ തിരികെ കിട്ടി. മറ്റവളെ വെറുംകയ്യോടെ പറഞ്ഞയച്ചു. അങ്ങനെ ജ്ഞാനം തിന്മയുടെമേല്‍ വിജയം വരിച്ചു.

അമ്മ = ത്യാഗം

യഥാര്‍ത്ഥ അമ്മമാര്‍ എവിടെയുണ്ടോ അവരുടെ പിന്നില്‍ മഹാത്യാഗങ്ങളുടെ ഒരു ചരിത്രവും കാണും. ഇവിടെ കുട്ടിയുടെ യഥാര്‍ത്ഥ അമ്മയുടെ വിട്ടുകൊടുക്കലിന്‍റെ പിന്നില്‍ ഹൃദയം തകര്‍ക്കുന്ന ഒരു വലിയ ത്യാഗമുണ്ട്. തന്‍റെ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കുവാന്‍വേണ്ടി മാത്രമാണ് അവള്‍ ആ ത്യാഗത്തിന് തയാറാകുന്നത്. എന്താണാ ത്യാഗമെന്നല്ലേ, പറയാം.

ശിശുക്കളെ മുലയൂട്ടുന്ന അല്ലെങ്കില്‍ മുലയൂട്ടിയിട്ടുള്ള അമ്മമാര്‍ക്കറിയാം കുഞ്ഞിന്‍റെ നിലവിളി ചെവിയിലെത്തുമ്പോള്‍ത്തന്നെ അവളുടെ മാതൃത്വം ഉണരും. സ്തനങ്ങളില്‍ മുലപ്പാല്‍ നിറയും. ആ നിമിഷങ്ങളില്‍ താന്‍ നൊന്തുപെറ്റ തന്‍റെ കുഞ്ഞിനെ മറ്റവള്‍ മുലയൂട്ടുന്നതുകണ്ട് നിസഹായയായി നോക്കിനില്‍ക്കുക ചങ്കു പിളര്‍ക്കുന്ന ഒരു ബലിയാണ്. തന്നെ അമ്മേയെന്നു കുഞ്ഞുവായ്കൊണ്ട് വിളിക്കേണ്ട കുഞ്ഞ് മറ്റവളെ അമ്മേയെന്നു വിളിക്കുകയും തന്നെ തഴയുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വേദന വാക്കുകള്‍ക്ക് വര്‍ണിക്കാന്‍ ആവാത്തതാണ്. വളര്‍ന്നു വരുമ്പോള്‍ തനിക്ക് താങ്ങും തണലുമായി മാറേണ്ട തന്‍റെ സ്വന്തം മകന്‍ തനിക്ക് കൈവിട്ടുപോവുകയും മറ്റവളെ സംരക്ഷിക്കുകയും ചെയ്യുന്ന കാഴ്ച ഏറെ വേദനാജനകമാണ്. ഇതൊന്നും ഒറ്റയിരിപ്പില്‍ ചിന്തിച്ചാലോചിച്ചിട്ടില്ലെങ്കിലും അവള്‍ മറ്റവള്‍ക്കു തന്‍റെ കുഞ്ഞിനെ വിട്ടുകൊടുത്തപ്പോള്‍ വരാനിരിക്കുന്ന വേദനകളെയെല്ലാം ഹൃദയത്തില്‍ സംവഹിച്ചുകൊണ്ടുതന്നെയാണ് ‘എന്‍റെ മോനെ നീയെടുത്തോ എനിക്കവനെ വേണ്ടാ, എന്നാലെങ്കിലും അവന്‍റെ ജീവന്‍ നഷ്ടപ്പെടാതിരിക്കട്ടെ’ എന്നു പറഞ്ഞത്. ഇതൊരു മഹാത്യാഗവും ബലിയുമാണ്. ഇതു തിരിച്ചറിഞ്ഞ ജ്ഞാനിയായ സോളമന്‍ അവളുടെ സ്വന്തം കുഞ്ഞിനെ അവള്‍ക്കുതന്നെ തിരിച്ചുനല്‍കി. പ്രെയ്സ് ദ ലോര്‍ഡ്.

വിട്ടുകൊടുക്കല്‍ = ത്യാഗം

ഓരോ വിട്ടുകൊടുക്കലിന്‍റെ പിന്നിലും ഒരു മഹാത്യാഗമുണ്ട്. ത്യാഗം കൂടാതെ നമുക്കര്‍ഹമായതൊന്നും മറ്റുള്ളവര്‍ക്ക് നിരുപാധികം കയ്യാളാനാവില്ല. ഇന്ന് നമ്മുടെയൊക്കെ കുടുംബങ്ങളിലും സമൂഹങ്ങളിലും സഭയുടെ ഉന്നതതലങ്ങളിലും നിലനില്‍ക്കുന്ന അടിപിടികള്‍ക്കും തര്‍ക്കങ്ങള്‍ക്കും കനത്ത വാദപ്രതിവാദങ്ങള്‍ക്കുമെല്ലാം പിന്നില്‍ വിട്ടുകൊടുക്കാന്‍ തയാറാകാത്ത നമ്മുടെ കടുംപിടുത്തങ്ങളും ഉള്‍പ്പോരുകളുമുണ്ട്. ആരെങ്കിലുമൊന്ന് തല കുനിക്കാനും പിന്‍വാങ്ങാനും തയാറായാല്‍ വന്‍ ദുരന്തങ്ങള്‍ ഒഴിവാകും. പക്ഷേ അതിന് നമുക്ക് കഴിയുന്നില്ല എന്നിടത്താണ് പ്രശ്നം നിലകൊള്ളുന്നത്.

എന്തുകൊണ്ട് കഴിയുന്നില്ല?

മുകളില്‍ കണ്ട യഥാര്‍ത്ഥ അമ്മയുടെ വിട്ടുകൊടുക്കലിന്‍റെ പിന്നില്‍ വലിയ ഒരു പ്രേരകശക്തി ഉണ്ടായിരുന്നു. അതു മറ്റൊന്നുമല്ല, താന്‍ പത്തുമാസം ചുമന്ന് നൊന്തുപെറ്റ കുഞ്ഞിന്‍റെ ജീവരക്ഷയായിരുന്നു. അതിനാല്‍ത്തന്നെയാണ് ആ വിട്ടുകൊടുക്കലിലൂടെ ഭാവിയില്‍ താന്‍ നേരിടാന്‍ പോകുന്ന ദുരിതങ്ങളെല്ലാം തൃണതുല്യമായി കണ്ടുകൊണ്ട് അവള്‍ ആ ത്യാഗത്തിന് തയാറായത്. ഇന്ന് തമ്മിലടിക്കുകയും സ്വന്ത സാമ്രാജ്യം സ്ഥാപിക്കാന്‍ വ്യഗ്രതപ്പെട്ട് ഓടി നടക്കുകയും ചെയ്യുന്നവരുടെ തലയില്‍ ആ തമ്മിലടിയിലൂടെ തകര്‍ക്കപ്പെടുന്ന മറ്റനേകരുടെ ജീവിതത്തെക്കുറിച്ചുള്ള ചിന്തപോലുമില്ല എന്നതാണ് ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. “ഞാന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന്” എന്ന് ഓരോരുത്തനും വാദിക്കുന്നു. അതേ സ്ഥാപിക്കാന്‍വേണ്ടി അക്ഷീണം യത്നിക്കുന്നു.

ആരു വിട്ടുകൊടുക്കണം?

ഇതൊരു വലിയ ചോദ്യമാണ്. ഉത്തരം വളരെ ലളിതവും. ആരാണോ യഥാര്‍ത്ഥ അമ്മ അവള്‍ വിട്ടുകൊടുക്കട്ടെ. ആരാണോ യഥാര്‍ത്ഥ അപ്പന്‍ അവന്‍ വിട്ടുകൊടുക്കട്ടെ. അതുകൊണ്ട് ഞാന്‍ എഴുതട്ടെ വിട്ടുകൊടുക്കല്‍ = ത്യാഗം = വിജയം = യഥാര്‍ത്ഥ അമ്മ.

യേശുവിന്‍റെ ഹൃദയം അമ്മയുടെ ഹൃദയം!

അങ്ങനെ പറയുന്നതില്‍ ഒരു തെറ്റുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. തിബേരിയൂസ് കടല്‍പ്പുറത്ത് തന്‍റെ പീഡാസഹനത്തിന്‍റെ കഠിനവേദനകളില്‍ തന്നെ ഒറ്റയ്ക്കാക്കി, തന്നെ തള്ളിപ്പറഞ്ഞ് ഓടി രക്ഷപെട്ട ശിഷ്യന്മാരുടെ അടുത്തേക്ക് അവര്‍ക്കുവേണ്ടി സ്വന്തം കൈകൊണ്ട് പ്രാതലൊരുക്കി അവര്‍ക്ക് വിളമ്പിക്കൊടുത്ത് അവരെ തന്നോടു വീണ്ടും ചേര്‍ത്തുനിര്‍ത്തി പടുത്തുയര്‍ത്തുന്ന യേശുവിന്‍റെ ഹൃദയം അമ്മയുടേതോ അപ്പന്‍റേതോ? തീര്‍ച്ചയായും അതൊരമ്മയുടെ ഹൃദയമാണ്. വിട്ടുവീഴ്ചയുള്ള ഒരു ഹൃദയം! ഒരിക്കല്‍പ്പോലും ഒരു പരാതിപോലും അവിടുന്ന് അവരോടു പറയുന്നില്ല. അവരെക്കൊണ്ട് അവരുടെ തെറ്റുകളെല്ലാം ഏറ്റുപറയിപ്പിച്ചിട്ട് അവര്‍ക്കുവേണ്ടി ഭക്ഷണം വിളമ്പാം എന്ന് കരുതുന്നുമില്ല. ‘എന്നെ സ്നേഹിക്കുന്നുവോ, സ്നേഹിക്കുന്നുവോ, സ്നേഹിക്കുന്നുവോ’ എന്നുമാത്രം അവരോടു ചോദിക്കുന്നു. ഉദാരവും വിട്ടുവീഴ്ച നിറഞ്ഞതുമായിരുന്നു യേശുവിലെ മാതൃഹൃദയം. ഒരു യഥാര്‍ത്ഥ അമ്മയുടെ ഹൃദയം! ഈ ഹൃദയം സ്ത്രീകള്‍ക്കു മാത്രമല്ല ഏതൊരു പുരുഷനും സ്വന്തമാക്കാം. അങ്ങനെ അവന്‍ പുരുഷനായിരിക്കെത്തന്നെ യഥാര്‍ത്ഥ അമ്മയുമാകാം.

മാപ്പു നല്‍കുന്ന കോടതി

സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് മലയാള ഭാഷാധ്യാപകര്‍ പദ്യഭാഗങ്ങള്‍ പാടി വര്‍ണിച്ചു പഠിപ്പിക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ അമ്മയെക്കുറിച്ച് ഇപ്രകാരം പറഞ്ഞിട്ടുള്ളത് ഓര്‍മിക്കുന്നു. “ഏതു തെറ്റിനും മാപ്പു നല്‍കുന്ന ഒരു കോടതിയുണ്ട് ഈ ലോകത്തില്‍. അത് ഒരു പെറ്റമ്മയുടെ ഹൃദയമാണ്.” ഒരമ്മ സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുവാനോ ക്ഷമിക്കുവാനോ ഭൂമിയില്‍ ആര്‍ക്കും കഴിയുകയില്ല. അതുകൊണ്ടല്ലോ ദൈവം ഇപ്രകാരം പറയുന്നത് പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല (ഏശയ്യാ 49/15) എന്ന്. ഒരു യഥാര്‍ത്ഥ അമ്മയുടെ ഹൃദയം സ്വന്തമാക്കുക. നമ്മുടെ കുടുംബത്തിലാകട്ടെ, സമൂഹത്തിലാകട്ടെ, സഭയുടെ ഉന്നത തലങ്ങളിലാകട്ടെ, തമ്മിലടിച്ച് തലകീഴായി മറിഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ അതിലൂടെ മാത്രമേ കഴിയൂ.

പുല്‍ക്കൂട്ടിലെ ദിവ്യ ഉണ്ണി

പുല്‍ക്കൂട്ടിലെ ദിവ്യ ഉണ്ണി നമുക്ക് നല്‍കുന്ന സന്ദേശവും ഇതുതന്നെയാണ്. ശൂന്യവല്‍ക്കരിക്കപ്പെട്ട മൂന്നു ജീവിതങ്ങളെ നമുക്ക് പുല്‍ക്കൂട്ടില്‍ കാണാന്‍ കഴിയും. മാതാവും യൗസേപ്പിതാവും ഉണ്ണിയേശുവും. സ്വന്തമായി പദ്ധതികള്‍ ഒന്നുമില്ലാത്തവര്‍. ദൈവഹിതം മാത്രം പദ്ധതിയായിട്ടുള്ളവര്‍. തമ്മിലടിക്കാനോ ദൈവത്തോട് അടികൂടാനോ വാദമുഖങ്ങള്‍ ഒന്നും കൈയിലില്ലാത്തവര്‍. ഓരോ നിമിഷവും ഓരോ പ്രതികൂലങ്ങളിലും ഇതാ ഞാന്‍, കര്‍ത്താവിന്‍റെ ദാസി, അല്ലെങ്കില്‍ ദാസന്‍ എന്നുമാത്രം പറഞ്ഞവര്‍. അവരെ നോക്കിയാണ് ദൈവദൂതന്‍ പാടിയത് “ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം” എന്ന്. തിരുക്കുടുംബത്തിന്‍റെ ആ സമര്‍പ്പണം ഭൂമിയിലുള്ള അനേകകോടികള്‍ക്കു സമാധാനത്തിന്‍റെ വഴിയായി ദൈവം മാറ്റി. ഭിന്നതയുള്ള കുടുംബങ്ങളെ, ഭിന്നതയുള്ള സമൂഹങ്ങളെ, ഭിന്നതയും തമ്മിലടിയുമായി കഴിയുന്ന സഭാവിഭാഗങ്ങളെ, ഭിന്നതയിലും മാത്സര്യത്തിലും പരസ്പര പോരാട്ടത്തിലുമായിരിക്കുന്ന ലോകജനതയെ, എല്ലാം നമുക്ക് പുല്‍ക്കൂട്ടിലെ സമാധാനത്തിന്‍റെ സരണിയിലേക്ക് ഒന്നുചേര്‍ക്കാം. കാരണം “അവന്‍ (യേശു) നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ഭിന്നതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു” (എഫേസോസ് 2/14). ക്രിസ്മസിന്‍റെ സന്തോഷവും സമാധാനവും എല്ലാ വായനക്കാര്‍ക്കും ആശംസിക്കുന്നു. പ്രയ്സ് ദ ലോര്‍ഡ്, ആവേ മരിയ.

Share:

സ്റ്റെല്ല ബെന്നി

സ്റ്റെല്ല ബെന്നി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles