Home/Encounter/Article

ആഗ 14, 2020 1986 0 Shalom Tidings
Encounter

സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നത് ആര്?

അന്ന് ബൈബിള്‍ തുറന്നപ്പോള്‍ വായിക്കാന്‍ ലഭിച്ചത് ഇങ്ങനെയായിരുന്നു, “യേശു വീണ്ടും അവരോട് പറഞ്ഞു: മക്കളേ, ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര പ്രയാസം! അവര്‍ അത്യന്തം വിസ്മയഭരിതരായി ചോദിച്ചു:അങ്ങനെയെങ്കില്‍ രക്ഷപ്പെടാന്‍ ആര്‍ക്ക് കഴിയും? യേശു അവരുടെ നേരെ നോക്കി പറഞ്ഞു: മനുഷ്യന് ഇത് അസാധ്യമാണ്; ദൈവത്തിന് അങ്ങനെയല്ല. അവിടുത്തേക്ക് എല്ലാം സാധിക്കും (മാര്‍ക്കോസ് 10:24-27).

ബൈബിള്‍ മടക്കിവെച്ച് ഞാന്‍ ചോദിച്ചു, “എങ്ങനെയാണ് ഈശോയേ ഒരാള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ സാധിക്കുന്നത്?”

മറുപടി ഇങ്ങനെയായിരുന്നു: “വിശുദ്ധര്‍ ആരാണെന്ന് നിനക്ക് അറിയാമോ?”

ഞാന്‍ ഒന്നും മിണ്ടിയില്ല. യേശു തുടര്‍ന്നു, “അവര്‍ ദൈവങ്ങളാണ്.”

ഞാന്‍ മനസ്സിലാകാത്ത മട്ടില്‍ നോക്കിയപ്പോള്‍ ഈശോ പൂരിപ്പിച്ചു, “ദൈവവചനം ആരുടെ അടുത്തേക്ക് വരുന്നുവോ അവരെ ദൈവങ്ങള്‍ എന്ന് വിളിക്കുന്നു (യോഹന്നാന്‍ 10: 35 ) എന്ന് നീ വായിച്ചിട്ടില്ലേ? ഞാന്‍ നിന്നോട് ഒന്നു ചോദിക്കട്ടെ, ഒരു മനുഷ്യന് എങ്ങനെ ദൈവമാകാന്‍ സാധിക്കും? അല്ലെങ്കില്‍ ഒരു മനുഷ്യന് എങ്ങനെ മറ്റൊരു ക്രിസ്തുവായി മാറാന്‍ സാധിക്കും? ഇത് പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയാണ്. മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ്. പരിശുദ്ധാത്മാവിന്‍റെ ആവാസം ഉള്ള ഒരു വ്യക്തി മാത്രമേ നേരെ സ്വര്‍ഗ്ഗത്തില്‍ പോകുന്നുള്ളൂ.”

വീണ്ടും എന്‍റെ ചോദ്യം ഇങ്ങനെയായിരുന്നു, “ഈശോയേ, പരിശുദ്ധാത്മാവിന്‍റെ ആവാസം എന്നാല്‍ എന്താണ്?”

യേശു പറഞ്ഞു, “നീ പിശാചുബാധിതന്‍ എന്നു കേട്ടിട്ടില്ലേ? പിശാചുാധിതന്‍ എന്നാല്‍ പിശാച് ആണ്. അതായത് പൂര്‍ണ്ണമായും പിശാചിന്‍റെ നിയന്ത്രണത്തിലുള്ള അയാളില്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും എല്ലാം പിശാചാണ്. അതുപോലെതന്നെ പരിശുദ്ധാത്മാവിന്‍റെ ആവാസം ഉള്ള വ്യക്തി പൂര്‍ണമായും പരിശുദ്ധാത്മാവിന്‍റെ നിയന്ത്രണത്തിലായിരിക്കും. അയാള്‍ ഒരിക്കലും പാപം ചെയ്യുന്നില്ല. മാത്രമല്ല ദൈവം ചെയ്യുന്ന അതേ അത്ഭുതം അയാള്‍ക്കും ചെയ്യാന്‍ സാധിക്കുന്നു.”

അപ്പോള്‍ എനിക്ക് വീണ്ടുമൊരു സംശയം തോന്നി, “അപ്പോള്‍പ്പിന്നെ സാവൂള്‍, സാംസണ്‍ എന്നിവര്‍ പാപം ചെയ്തപ്പോള്‍ പരിശുദ്ധാത്മാവ് അവരെ വിട്ടുപോയി എന്ന് പറയുന്നത് എന്തുകൊണ്ട്?”

ആ ചോദ്യത്തിന് യേശു മറുപടി തന്നു, “നിന്‍റെ ഉള്ളില്‍ പരിശുദ്ധാത്മാവ് ഉണ്ട്. പക്ഷേ നിന്‍റെ മേല്‍ പരിശുദ്ധാത്മാവിന്‍റെ ആവാസം ഇല്ല. മാത്രമല്ല, തിന്മയുടെ സ്വാധീന മേഖലയില്‍ ആണുതാനും. അപ്പോള്‍ നീ ഏതെങ്കിലും പാപം ചെയ്യാന്‍ ഇടവരികയും അതില്‍ പശ്ചാത്തപിക്കാതെ ഹൃദയം കഠിനമാക്കുകയും ചെയ്താല്‍ പരിശുദ്ധാത്മാവ് വിട്ടുപോവുകയും ആധ്യാത്മിക മരണം വരെ സംഭവിക്കുകയും ചെയ്തേക്കാം. അതിനാല്‍ ഞാന്‍ നിന്നോട് പറയുന്നു മാനസാന്തരപ്പെടുവിന്‍, നിന്‍റെതന്നെ മാനസാന്തരത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുവിന്‍.”

അതു പറഞ്ഞിട്ട് യേശു ചോദിച്ചു “നീ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാറുണ്ടോ?”

ഞാന്‍ പറഞ്ഞു: “ഇല്ല, പക്ഷേ ഇപ്പോള്‍ ഞാനതില്‍ ഖേദിക്കുന്നു.”

യേശു പറഞ്ഞു, എന്‍റെ ജനം രണ്ടു തിന്മകള്‍ പ്രവര്‍ത്തിച്ചു. ഒന്ന് ജീവജലത്തിന്‍റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയും ചെയ്തു (ജറെമിയ 2:13) വിശുദ്ധീകരണം ഒരു മനുഷ്യനും സ്വന്തമായി ചെയ്യാന്‍ കഴിയുകയില്ല. വിശുദ്ധീകരിക്കുന്ന ദൈവം പരിശുദ്ധാത്മാവാണ്.

ഇസ്രായേലിന്‍റെ പ്രകാശം അഗ്നിയായും അവന്‍റെ പരിശുദ്ധന്‍ ഒരു ജ്വാലയായും മാറും. അത് ജ്വലിച്ച് ഒറ്റദിവസംകൊണ്ട് അവന്‍റെ മുള്ളുകളും മുള്‍ച്ചെടികളും ദഹിപ്പിച്ചുകളയും (ഏശയ്യാ 10 :17) യേശുവിനെ മരിച്ചവരില്‍ നിന്ന് ഉയര്‍പ്പിച്ചവന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നുണ്ടെങ്കില്‍, യേശുക്രിസ്തുവിനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചവന്‍ നിങ്ങളില്‍ വസിക്കുന്ന തന്‍റെ ആത്മാവിനാല്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ക്ക് പുതുജീവന്‍ നല്‍കും (റോമാ 8 :11)

യേശു വീണ്ടും വിശദീകരിച്ചുതന്നു, ഉന്നതത്തിൽ നിന്ന് ശക്തി ധരിക്കുന്നതു വരെ നിങ്ങള്‍ ജറുസലേം വിട്ട് പോകരുതെന്ന് ഞാന്‍ അന്ന് ശിഷ്യന്മാരോട് പറഞ്ഞുവെങ്കിൽ ഇന്ന് ഞാന്‍ നിന്നോടു പറയുന്നു, രാവിലെ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാതെ കിടക്കവിട്ടുപോകരുത്. കാരണം ഇത് സമര സഭയാണ്. നീ ഒന്ന് മനസ്സിലാക്കുക, പരിശു ദ്ധാത്മാവാണ് നിന്നെ വിശുദ്ധീകരിക്കുകയും സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്യുന്ന ദൈവം. അതേ സമയം ദുഷ്ടാരൂപിയാണ് നിന്നെ ദുഷിപ്പിക്കുകയും നരകത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നത്. എപ്പോഴും ഒരു അദൃശ്യ പോരാട്ടം ഒരു മനുഷ്യാത്മാവിനുവേണ്ടി പരിശുദ്ധാത്മാവും ദുഷ്ടാരൂപിയും തമ്മില്‍ നടക്കുന്നുണ്ട്. മനുഷ്യാത്മാവ് തനിയെ ആണ് ദുഷ്ടാരൂപിയുമായി ഏറ്റുമുട്ടുന്നത് എങ്കില്‍ മനുഷ്യാത്മാവ് പരാജയപ്പെടും. അതുകൊണ്ട് പരിശുദ്ധാത്മാവായിരിക്കും നിനക്കുവേണ്ടി യുദ്ധം ചെയ്യുന്നത് നീ ശാന്തമായി ഇരുന്നാല്‍ മതി (പുറപ്പാട് 14:14).

അവന്‍ നിനക്കു പരിചയാണ് (ഉല്പത്തി 15: 1 ). ഉദാഹരണത്തിന് നിന്നോട് ആരെങ്കിലും വേദനിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചു എന്നിരിക്കട്ടെ. അപ്പോള്‍ പരിശു ദ്ധാത്മാവ് നിന്‍റെയുള്ളില്‍ പരിചയായി നിന്ന് അവരുടെ വാക്കുകള്‍ ഹൃദയത്തില്‍ തട്ടാതെ, വേദനിപ്പിക്കാതെ, മാറ്റി വിടുന്നു നീപോലുമറിയാതെ. അശുദ്ധ ചിന്തകള്‍ കടക്കാതെ സംരക്ഷിക്കുന്നു. അറിയാതെ നീ അശുദ്ധചിന്തകള്‍ കടക്കാന്‍ അനുവദിച്ചാല്‍ത്തന്നെ നിന്നെ ഉണര്‍ത്തി അത്തരം ചിന്തകള്‍ ആട്ടിപ്പായിക്കുന്നു. നന്മകള്‍ ചെയ്യാന്‍ ശീലിപ്പിക്കുന്നു. വാക്കുകള്‍ സൂക്ഷിച്ച് സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നു, ദൈവസ്നേഹവും പരസ്നേഹവും ഉള്ളില്‍ വളര്‍ത്തുന്നു. അതുകൊണ്ടാണ് വിശുദ്ധ പൗലോസ് പറയുന്നത്, ഞാനല്ല എന്നിലുള്ള ദൈവകൃപയാണ്  അധ്വാനിച്ചത് എന്ന്.

പരിശുദ്ധാത്മാവിനെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. എന്‍റെ പ്രിയപ്പെട്ട ശിഷ്യനായ പത്രോസിന്‍റെ കാര്യം തന്നെ എടുക്ക്. വെള്ളത്തില്‍ മുങ്ങിത്താഴുന്ന, ചില നേരങ്ങളില്‍ കര്‍ത്താവുപോലും സാത്താനേ എന്നു വിളിക്കുന്ന, വാളെടുത്തു വെട്ടുന്ന, തള്ളിപ്പറയുന്ന, വീണ്ടും മീന്‍ പിടിക്കുവാന്‍ പോകുന്ന അതേ പത്രോസ് ആണ് പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകഴിഞ്ഞപ്പോള്‍ എന്നെ സധൈര്യം ഏറ്റുപറയുന്ന, എനിക്കുവേണ്ടി മരിക്കാന്‍ പോലും തയാറാകുന്ന പത്രോസായി മാറുന്നത്. പന്തക്കുസ്താ ദിവസം പത്രോസ് പ്രസംഗി ച്ചപ്പോള്‍ 3000 പേരാണ് മാനസാന്തരപ്പെട്ടത്. ഇത് പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയാണ്.

ഇത്രയും കേട്ടപ്പോള്‍ വീണ്ടും ഞാന്‍ ചോദിച്ചു, “ഈശോയേ, ഞാന്‍ എന്താണ് ചെയ്യേണ്ടത്?”

യേശു പറഞ്ഞു, “മാനസാന്തരപ്പെടുക, പ്രാര്‍ത്ഥിക്കുക. മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല! (ലൂക്കാ 11: 13)

ഓരോ നിമിഷവും ദൈവത്തോട് ചേര്‍ന്നുനില്ക്കുക, നന്മചെയ്യുക. നന്മ ചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓർക്കുക. അത് നിന്നിൽ താത്പര്യം വെച്ചിരിക്കുന്നു; നീയതിനെ കീഴടക്കണം (ഉല്‍പത്തി 4:7) നീ നന്മ ചെയ്യുന്നെങ്കില്‍ നിന്‍റെ ആത്മാവിന്‍റെമേലുള്ള പരിശുദ്ധാത്മാവിന്‍റെ സ്വാധീനശക്തി വര്‍ധിക്കുന്നു. മാത്രമല്ല നീ തിന്മ ചെയ്യുന്നെങ്കില്‍ നിന്‍റെ ആത്മാവിന്‍റെ മേലുള്ള ദുഷ്ടാരൂപിയുടെ സ്വാധീനവും വര്‍ധിക്കുന്നു.

ഭയപ്പെടേണ്ട; നിന്‍റെ അവസ്ഥ, ബലഹീനത, പരിശുദ്ധാത്മാവിനോട് ഏറ്റുപറയുക. ദൈവത്തിന്‍റെ ഹിതം നിറവേറ്റാന്‍ പരിശുദ്ധാത്മാവ് നിന്നെ സഹായിക്കും, ശക്തിപ്പെടുത്തും. വിശുദ്ധ കുർബാനസ്വീകരണവും കുമ്പസാരവും പ്രാര്‍ത്ഥനയും വൈദികരുടെ ആശീര്‍വാദവും ദൈവവചനത്തോടുള്ള അനുസരണവുമെല്ലാം ഓരോ നിമിഷവും പരിശുദ്ധാത്മാവ് നിന്നില്‍ നിറയാന്‍ സഹായമാകും. നിന്‍റെയുള്ളില്‍ പൂര്‍ണ്ണമായും പരിശുദ്ധാത്മാവ് നിറഞ്ഞുകഴിയുമ്പോള്‍ പരിശുദ്ധാത്മാവിന്‍റെ ആവാസം ലഭിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ ആവാസം ഒറ്റദിവസംകൊണ്ട് സംഭവിക്കുന്ന കാര്യമല്ല. രക്ഷയുടെ ദിനത്തിലേക്ക് നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത് (എഫേസോസ് 4:30).

പ്രാര്‍ത്ഥന: ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെപ്രതി പിതാവേ അങ്ങേ ആത്മാവിനാല്‍ ഞങ്ങളെ നിറയ്ക്കണമേ. അങ്ങനെ ഈശോ ഞങ്ങള്‍ക്കായി സഹിച്ച പീഡാസഹനവും കുരിശുമരണവും പാഴായി പോകാതിരിക്കട്ടെ.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles