Trending Articles
സ്ലോ മോഷന്‍ വിദ്യക്ക് കത്തോലിക്കാസഭയും വൈദികരുമായി എന്തെങ്കിലും ബന്ധമുണ്ടോ?
ഫുട്ബോള്‍ ലോകകപ്പിലെ ഓരോ കളികളും ഏറെ ആവേശത്തോടെയാണ് ഫുട്ബോള്‍ പ്രേമികള്‍ ആസ്വദിച്ചിരുന്നത്. കളിക്കിടെ പലപ്പോഴും റഫറിക്ക് തീരുമാനമെടുക്കാന്‍ വിഷമമുണ്ടാകുന്ന വേഗതയേറിയ ചലനങ്ങളില്‍ തീരുമാനമെടുക്കാന്‍ സ്ലോ മോഷന്‍ വിദ്യ സഹായിച്ചു. ചലച്ചിത്രങ്ങളിലാകട്ടെ ഏറെ ശ്രദ്ധ നേടേണ്ട രംഗങ്ങള്‍ സ്ലോ മോഷനില്‍ കാണിക്കുന്നത് നാം പരിചയിച്ചിട്ടുള്ളതാണ്. എന്നാല്‍, വീഡിയോയുടെ വേഗത കുറയ്ക്കുന്ന സ്ലോ മോഷന്‍ വിദ്യ ആദ്യമായി പരീക്ഷിച്ചത് എങ്ങനെയാണെന്നറിയാമോ?
വീഡിയോ പകര്‍ത്തുമ്പോള്‍ സാധാരണയായി ഉപയോഗിക്കുന്നതിനുപകരം ഇരട്ടി വേഗതയില്‍ സെക്കന്‍ഡില്‍ 32 ഫ്രെയിം എന്ന കണക്കില്‍ ഉപയോഗിച്ചു. തുടര്‍ന്ന് അത് സാധാരണ ഫ്രെയിം റേറ്റില്‍ത്തന്നെ തിരിച്ച് പ്ലേ ചെയ്തു. അങ്ങനെ ദൃശ്യങ്ങളുടെ വേഗത കുറഞ്ഞു. അതായിരുന്നു ആദ്യത്തെ സ്ലോ മോഷന്‍ രംഗം. ഈ വിദ്യക്ക് കത്തോലിക്കാസഭയും വൈദികരുമായി എന്തെങ്കിലും ബന്ധമുണ്ടോ?
ഇല്ലെന്നായിരിക്കും എല്ലാവരും കരുതുക. എന്നാല്‍ ഫാ. ഓഗസ്റ്റ് മസ്ഗര്‍ എന്ന കത്തോലിക്കാവൈദികനാണ് സ്ലോ മോഷന്‍ വിദ്യ കണ്ടെത്തിയത് എന്ന് അധികമാര്‍ക്കും അറിയില്ല. ഭൗതികശാസ്ത്രജ്ഞനും അതോടൊപ്പം ചലച്ചിത്രപ്രേമിയുമായിരുന്നു അദ്ദേഹം. 1868-ല്‍ ഓസ്ട്രിയയിലെ സ്റ്റൈറിയയിലാണ് ജനിച്ചത്. ദൈവശാസ്ത്ര ഫാക്കല്റ്റിയില്നിന്ന് ബിരുദം നേടിയ അദ്ദേഹം 1890ല്‍ വൈദിക പട്ടം സ്വീകരിച്ചു. തുടര്‍ന്ന് ഗണിതം, ഭൗതികശാസ്ത്രം, ചിത്രരചന എന്നിവ പഠിക്കുകയും 1899ല്‍ പ്രൊഫസറാവുകയും ചെയ്തു. സിങ്ക്രണൈസിംഗ് മെക്കാനിസത്തിനായി മിറര്‍ ചെയ്ത ഡ്രം ഉപയോഗിച്ചാണ് അദ്ദേഹം സ്ലോ മോഷന്‍ ടെക്നിക് നടപ്പാക്കിയത്. 1907-ല്‍ ഫാ. മസ്ഗര്‍ സ്ലോ മോഷന്‍ വിദ്യക്ക് പേറ്റന്റ് നേടുകയും ബര്‍ലിനില്‍ പ്രൊഫസര്‍ മസ്ഗര്‍ കൈനെറ്റോസ്കോപ് GmbH എന്ന കമ്പനി സ്ഥാപിക്കുകയും ചെയ്തു. ആ കമ്പനിവഴിയാണ് തന്റെ പ്രൊജക്ടര്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്തിരുന്നത്. നഗ്നനേത്രങ്ങള്‍കൊണ്ട് നിരീക്ഷിക്കാന്‍ വിഷമമുള്ള ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കുന്ന ഈ വിദ്യ പില്ക്കാലത്ത് ചലച്ചിത്രരംഗത്തുമാത്രമല്ല, മിലിട്ടറി പരിശീലനത്തിനും കായികരംഗത്തും മറ്റ് വിവിധ മേഖലകളിലും ഉപകാരപ്രദമായി.
കത്തോലിക്കാവൈദികര്‍ നല്കിയ അവിസ്മരണീയമായ സംഭാവനകളിലൊന്നായി സ്ലോ മോഷന്‍ വിദ്യ പരിഗണിക്കപ്പെടേണ്ടിയിരിക്കുന്നു.
Shalom Tidings
ഈശോ എപ്പോഴും എല്ലായിടത്തും സന്നിഹിതനായിരിക്കുന്നു എന്ന സത്യം കൂടുതല്‍ കൂടുതല്‍ അനുഭവിക്കുകയും അതില്‍ ആഴപ്പെടുകയും ചെയ്തുകൊണ്ടായിരിക്കണം ആത്മീയതയുടെ പടികള്‍ കയറേണ്ടത്. വളരെ സമര്‍ത്ഥനായിരുന്നു ജോസഫ് സാര്‍ത്തോ. മതപഠന ക്ലാസ്സില്‍ അധ്യാപകന് ഒരിക്കല്‍ ചോദിച്ചു: "ദൈവം എവിടെയായിരിക്കുന്നു എന്നു ശരിയുത്തരം പറയുമെങ്കില്‍ ഒരാപ്പിള് തരാം." ജോസഫ് ഉടന്‍ ചാടിയെണീറ്റ് പറഞ്ഞു: "ദൈവം ഇല്ലാത്തത് എവിടെയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അച്ചന് രണ്ട് ആപ്പിള്‍ തരാം." ദൈവസാന്നിധ്യത്തെക്കുറിച്ച് കൊച്ചുനാള്‍ മുതല്‍ അത്ര അവബോധമുണ്ടായിരുന്നു ആ കുഞ്ഞിന്. അവനാണ് പില്ക്കാലത്ത് സഭയെ നയിക്കാന്‍ ദൈവം നിയോഗിച്ച വിശുദ്ധ പത്താം പിയൂസ് പാപ്പ. വിശുദ്ധ ഫ്രാന്‍സിസ് സാലസ് ഈശോയോടുള്ള ഐക്യം അനുഭവിച്ചുകൊണ്ട് ഓരോ പതിനഞ്ചു മിനിറ്റിലും അരൂപിക്കടുത്ത വിശുദ്ധ കുര്‍ബാന സ്വീകരണം നടത്തിയിരുന്നത്രേ! ഈശോയുടെ സാന്നിധ്യാനുഭവത്തില്‍ ആത്മാവ് ഉറപ്പിക്കപ്പെടണം. അതുമാത്രമാണ് ശക്തമായ ആത്മീയ അടിത്തറ. തിന്മയ്ക്കെതിരായ നമ്മുടെ യുദ്ധത്തില്‍ നമുക്ക് ബലം നല്‍കുന്നത് ദൈവസാന്നിധ്യാനുഭവമാണ്. ഒരിക്കല്‍ വിശുദ്ധ ക്ലാര ഈശോയുടെ പീഡാനുഭവത്തെയോര്‍ത്ത് കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുകയായിരുന്നു. പെട്ടെന്ന് സാത്താന് ഇങ്ങനെ പറഞ്ഞു: "നീ എന്തിനാണ് കരയുന്നത്? നീ ഒരുപാട് കരഞ്ഞിട്ടുള്ളവളല്ലേ? ഇങ്ങനെ കരഞ്ഞു കരഞ്ഞ് എന്തിന് നിന്റെ സൗന്ദര്യവും ജീവിതവും നശിപ്പിക്കുന്നു?" ക്ലാര മറുപടി പറഞ്ഞു: "എന്റെ രക്ഷകനായ ഈശോ സദാസമയവും എന്റെ കൂടെയുണ്ട്. അവിടുന്ന് എന്റെ കണ്ണീരൊപ്പും, എന്നെ ആശ്വസിപ്പിക്കും. സാത്താനേ നീ ദൂരെപ്പോവുക." ഉടന്‍ സാത്താന് ഓടി മറഞ്ഞു. മറ്റൊരവസരത്തില്‍ കപ്പേളയിലെ ക്രൂശിതരൂപം തന്നെ സൂക്ഷിച്ചു നോക്കുന്നതായി ക്ലാരയ്ക്ക് അനുഭവപ്പെട്ടു. ഇങ്ങനെ ഒരു സ്വരവും കേട്ടു: "നീ ഒരിക്കലും തനിച്ചല്ല, എല്ലാറ്റിനും ശക്തനായ ഞാന്‍ നിന്നോടൊപ്പമുണ്ട്." ആത്മാവിന്റെ ഏകവും സുനിശ്ചിതവുമായ ബലമാണ് ദൈവം കൂടെയുണ്ട് എന്ന അനുഭവം. അതില്ലാത്ത ആത്മാവ് ആത്മീയയാത്രയില്‍ തളര്‍ന്നുപോകുന്നു. വിശുദ്ധ മരിയ ഗൊരേത്തിയുടെ അമ്മ അസൂന്താമ്മ തന്റെ മകളെ ഇങ്ങനെ ഉപദേശിക്കുമായിരുന്നു: "ഇന്നു നീ ഈശോയെ സ്വീകരിച്ചവളാണ്. ഇന്നു മുഴുവന്‍ ഈശോയുടെ കൂടെയാണെന്നു ബോധ്യമുണ്ടായിരിക്കണം." മരിയ എന്നും എപ്പോഴും ആ ബോധ്യം നിലനിര്‍ത്തിയിരുന്നു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന് തന്റെ ജീവിതത്തിന്റെ അവസാനത്തെ രണ്ടു വര്‍ഷങ്ങള്‍ രോഗാവസ്ഥയില്‍, ഏകാന്തതയില്‍ ഒരു മുറിയില്‍ കഴിയുമ്പോള്‍, അദ്ദേഹം മുറിയുടെ വാതില്ക്കല് ഇങ്ങനെ എഴുതി വച്ചിരുന്നു: "ഈ മുറിയില്‍ കയറുന്നവര്‍ ആത്മീയ കാര്യങ്ങളല്ലാതെ ഒന്നും സംസാരിക്കരുത്." ദൈവസാന്നിധ്യമനുഭവിച്ച് ആനന്ദിച്ചിരുന്നതിനാല്‍ ദൈവികകാര്യങ്ങളല്ലാതെ മറ്റൊന്നും കാണാനും കേള്‍ക്കാനും സംസാരിക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സത്യമിതാണ്: ആത്മീയാനന്ദം രുചിച്ചു തുടങ്ങിയ മനുഷ്യാത്മാവ് ഭൗതികസുഖങ്ങളില്‍നിന്ന് അകന്നു തുടങ്ങും. പരിശുദ്ധ ത്രിത്വത്തിന്റെ വാഴ്ത്തപ്പെട്ട എലിസബത്ത് ഇങ്ങനെ കുറിച്ചിരിക്കുന്നു: "കാര്‍മല്‍ മഠത്തില്‍ എല്ലാം ആനന്ദകരമാണ്. അലക്കുന്ന സ്ഥലത്തും പ്രാര്‍ത്ഥനാസ്ഥലത്തും ഞങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. ഞങ്ങള്‍ അവിടുന്നില്‍ ശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നു. ഞാനനുഭവിക്കുന്ന ആനന്ദമാധുരി ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു സാധിച്ചിരുന്നെങ്കില്‍!" അവള് തുടരുന്നു: "പ്രഭാതം മുതല്‍ പ്രദോഷം വരെയും പ്രദോഷം മുതല്‍ പ്രഭാതം വരെയും കര്‍മലീത്താ സന്യാസിനിയുടെ ജീവിതം നിരന്തരമായ ദൈവികസമ്പര്‍ക്കമാണ്... എല്ലായിടത്തും ഞങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. എല്ലാ സംഭവങ്ങളിലും ഞങ്ങള്‍ ദൈവകരം കാണുന്നു. ഞങ്ങളുടെ ഹൃദയത്തില്‍ ദൈവത്തെ സംവഹിക്കുന്നു. ആകയാല്‍ ഞങ്ങളുടെ ജീവിതം മുന്‍കൂട്ടിയുള്ള ഒരു സ്വര്‍ഗാസ്വാദനമാണ്." ക്രിസ്തുശിഷ്യന്‍െറ ജീവിതം ലോകത്തില്‍ സ്വര്‍ഗീയാനുഭവം രുചിക്കുന്നതാണ്. ദൈവസാന്നിധ്യാനുഭവം കൂടാതെ ഇത് സാധ്യമല്ല. വിശുദ്ധാത്മാക്കള്‍ ദിവ്യകാരുണ്യ ഈശോയുമായി സംഭാഷിച്ചുകൊണ്ടും, അവിടുന്നുമായി ഏറ്റവും നല്ല സുഹൃത്തിനോടെന്നപോലെ ആത്മബന്ധം പുലര്‍ത്തിക്കൊണ്ടും ദൈവസാന്നിധ്യാനുഭവത്തില്‍ വളര്‍ന്നുവന്നു. ഇപ്രകാരം ഒരു സ്നേഹൈക്യമാണ് ഈശോ തന്റെ വിശുദ്ധാത്മാക്കളില്‍നിന്നും പ്രതീക്ഷിക്കുന്നതും. ആത്മാവിന്റെ സ്നേഹദാഹം തീര്‍ക്കാന്‍ നാം അഭയം ഗമിക്കേണ്ടത് ദിവ്യകാരുണ്യസന്നിധിയിലാണ്. പ്രതിസന്ധികളിലും പ്രശ്നങ്ങളിലും മറ്റുള്ളവരുടെ സാമീപ്യവും സമാശ്വാസവും തേടി അലയാതെ ദിവ്യകാരുണ്യ ഈശോയുമായി സംസാരിക്കാനും ആശ്വാസം പ്രാപിക്കാനും ആത്മാവ് വളരേണ്ടിയിരിക്കുന്നു. സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കപ്പെടാനും ആശ്വസിപ്പിക്കപ്പെടാനുമുള്ള മനുഷ്യാത്മാവിന്റെ ആന്തരികദാഹത്തിന് ഈശോ നല്കുന്ന ഉത്തരമാണ് ദിവ്യകാരുണ്യം.
By: Father James Kiliyananickal
Moreക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്ന്, അതിനു ചേര്‍ന്നവിധത്തില്‍ നന്മകള് ചെയ്ത യുവതിക്ക് ലഭിച്ച ദൈവാനുഭവങ്ങള്‍ എനിക്ക് വളരെ ചെറുപ്പം തൊട്ടേ ശാലോം വായിക്കാന്‍ ഇഷ്ടമായിരുന്നു, എന്നെ ഈശോയിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ശാലോം കാരണമായിട്ടുണ്ട്. നാടകീയമായ അത്ഭുതങ്ങളല്ല എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളത്. പക്ഷേ ദൈവം എന്നെ സ്നേഹിക്കുന്നുവെന്നും ദൈവഹിതപ്രകാരം ചെയ്യുന്ന സത്പ്രവൃത്തികള്‍ക്കെല്ലാം അവിടുന്ന് പ്രതിഫലം നല്‍കുന്നുവെന്നും എന്നെ ബോധ്യപ്പെടുത്തുന്ന അനുഭവങ്ങള്‍ ഏറെയുണ്ട്. തിരുഹൃദയവും സ്വര്‍ണലോക്കറ്റും വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ജൂണ്‍ മാസത്തില്‍ കാന്‍സര്‍ ബാധിതയായ എന്റെ അമ്മയുടെ അമ്മ തീര്‍ത്തും കിടപ്പായി. ആ അമ്മ ഒറ്റക്കായിരുന്നു താമസം. തിരുഹൃദയത്തിനോടുള്ള വണക്കത്തിനായി ആ മാസം എല്ലാ ദിവസവും അമ്മയ്ക്കുവേണ്ട അത്യാവശ്യ കാര്യങ്ങള്‍ ചെയ്തു കൊടുക്കാം എന്ന് വിചാരിച്ചു. അന്ന് ഞാന്‍ മാമോദീസ സ്വീകരിച്ചിട്ടില്ല. എങ്കിലും രാവിലെ വീട്ടിലെ ജോലികള്‍ കഴിഞ്ഞു വിശുദ്ധ കുര്‍ബ്ബാനക്കുപോകും. തിരികെ വന്നു കുട്ടികളെ സ്കൂളില്‍ അയച്ചതിനുശേഷം നാലഞ്ച് കിലോമീറ്റര്‍ അകലെ താമസിക്കുന്ന അമ്മയെ തുടച്ചു വൃത്തിയാക്കി, ഭക്ഷണവും മരുന്നും കൊടുത്ത് ജോലിസ്ഥലത്തേക്ക് യാത്രയാവും. അക്കാലത്ത് ഭര്‍ത്താവും ഒപ്പം ഉണ്ടാവുമായിരുന്നു. അപ്പോള്‍ അമ്മ പറയും ദൈവം ഇതിന് നിനക്ക് സമ്മാനം തരുമെന്ന്. ഈ ജോലികള്‍ എല്ലാം ചെയ്യാന്‍ എങ്ങനെ ശക്തി കിട്ടി എന്നുപോലുമറിയില്ല. ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ച് ആ ദിവസങ്ങള്‍ കടന്നു പോയി. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് കെ.എസ്.എഫ്.ഇ-യില്‍നിന്നും ഒരു ഫോണ്‍ കാള്‍. അത്തവണ കെ.എസ്.എഫ്.ഇ ചിട്ടിയുടെ സ്വര്‍ണനാണയം സമ്മാനമായി ലഭിച്ചിരിക്കുന്നത് എനിക്കാണെന്ന്. കുറേനാള്‍ കഴിഞ്ഞു സ്വര്‍ണനാണയം ലഭിച്ചപ്പോള്‍ അതുമാറ്റി ലോക്കറ്റ് വാങ്ങാന്‍ കടയില്‍ ചെന്നു. ഈശോയുടെ തിരുഹൃദയരൂപത്തിന്റെ ഒരേയൊരു ലോക്കറ്റേ ആ കടയിലുള്ളൂ. അത് ഞാന്‍ സ്വന്തമാക്കി. മുമ്പ് അങ്ങനെ ഒന്ന് കണ്ടിട്ടില്ലായിരുന്നു, അപ്പോഴാണ് അമ്മ പറഞ്ഞ ഈശോയുടെ സമ്മാനമാണ് അതെന്ന് ഓര്മ വന്നത്. "നിന്റെ ഹൃദയത്തില്‍ മുദ്രയായും നിന്റെ കരത്തില്‍ അടയാളമായും എന്നെ പതിക്കുക" (ഉത്തമഗീതം 8/6) എന്ന വചനം ഓര്‍ത്ത് ഈ ലോക്കറ്റ് അണിഞ്ഞു നടക്കുന്നത് എനിക്കു ഭയങ്കര സന്തോഷമായിരുന്നു. വീട്ടില്‍ എന്നെ കാണാന്‍ ഞങ്ങളുടെ സമുദായത്തില്‍പ്പെട്ട ഒരു ചേച്ചി വരാറുണ്ട്, അവരും ഞാന്‍ ചേര്‍ന്നിരുന്ന ചിട്ടിയില്‍ ചേര്‍ന്നിരുന്നു. "ഗോള്‍ഡ് കോയിന് കിട്ടിയല്ലോ, അത് എന്തു ചെയ്തു?" വളരെ സന്തോഷത്തോടെ അവര്‍ എന്നോട് ചോദിച്ചു. ഞാന്‍ എന്റെ കഴുത്തില്‍ കിടന്നിരുന്ന ഈശോയുടെ തിരുഹൃദയരൂപം ഉയര്‍ത്തിക്കാട്ടി, അത് കണ്ടതും അവരുടെ ഭാവം മാറി. എന്നെയും ഈശോയെയും മാതാവിനെയും കുറെ ചീത്ത പറഞ്ഞു. എനിക്കാകെ ദേഷ്യമായി. പക്ഷേ ഈശോ ഓര്‍മിപ്പിച്ചു, "തിരികെ ഒന്നും പറയണ്ട!" എന്നെപ്രതി അവഹേളിക്കപ്പെടാനുള്ള ഭാഗ്യം കൂടി (മത്തായി 5/11-12) നിനക്ക് ലഭിച്ചിരിക്കുന്നു എന്നായിരുന്നു അവിടുന്ന് പറഞ്ഞത്. താലിയില്‍ ഒരു 'ചോയ്സ്' ഹൈന്ദവ അടയാളമുള്ള താലിയായിരുന്നു എന്റെ കഴുത്തില്‍. അത് കാണുമ്പോള്‍ എനിക്ക് എന്തോ വിഷമം തോന്നും, ഞാന്‍ വിചാരിക്കുമായിരുന്നു താലി വാങ്ങാന്‍ പോയവര്‍ക്ക് ഒരടയാളവും ഇല്ലാത്ത താലി വാങ്ങിയാല്‍ പോരായിരുന്നോ? എന്നാല്‍, വിവാഹ ഉടമ്പടിയുടെ അടയാളമായ താലി പവിത്രമായതിനാല്‍ അത് മാറ്റാനും ശ്രമിച്ചില്ല. അങ്ങനെയിരിക്കേ ഒരിക്കല്‍ അടുത്തുള്ള ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തോട് അനുബന്ധിച്ച് അവിടത്തെ മുറികള്‍ വൃത്തിയാക്കാന്‍ ചെല്ലണമെന്ന് ഞങ്ങളുടെ സുഹൃത്തായ വൈദികന് പറഞ്ഞു. ഞായാറാഴ്ച ആയതുകൊണ്ട് അവിടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാമെന്നും തീരുമാനിച്ചു. ഭര്‍ത്താവും ഞാനും രാവിലെ വീട്ടില്‍നിന്നും ഇറങ്ങി. പക്ഷേ ഞങ്ങള്‍ എത്തിയപ്പോഴേക്കും ചില ചേച്ചിമാര് മിക്കവാറും വൃത്തിയാക്കി കഴിഞ്ഞിരുന്നു, ഞങ്ങള്‍ക്ക് ചെറിയ ജോലിയേ ഉണ്ടായിരുന്നുള്ളൂ. അതുകഴിഞ്ഞ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാമെന്ന് കരുതിയിരുന്നെങ്കിലും രാവിലത്തെ കുര്‍ബാന കഴിഞ്ഞതിനാല്‍ പിന്നെ വൈകിട്ട് നാലുമണി മുതലേ വിശുദ്ധ കുര്‍ബാനകള്‍ ഉള്ളൂ. വീട്ടില്‍ തിരികെ ചെന്നിട്ട് വീണ്ടും വിശുദ്ധ കുര്‍ബാനക്ക് എത്തുക ബുദ്ധിമുട്ടായിരുന്നു. ഞങ്ങളെ ജോലി ഏല്‍പ്പിച്ച വൈദികനും അവിടെയില്ല, ഇനി എന്തു ചെയ്യും എന്ന് വിചാരിച്ചു നില്ക്കുമ്പോള് അധികം ദൂരത്തല്ലാത്ത ഭരണങ്ങാനത്തേക്ക് പോകാന്‍ ഒരു തോന്നല്‍. എന്തായാലും പോയി നോക്കാമെന്ന് കരുതി. അവിടെ എത്തിയപ്പോള്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ കൃത്യം വിശുദ്ധ കുര്‍ബാന തുടങ്ങുന്നു! മുഖവും കഴുത്തുമൊക്കെ ഒന്ന് തുടച്ച് വിശുദ്ധബലിയില്‍ പങ്കെടുക്കാനൊരുങ്ങിയപ്പോഴാണ് കഴുത്തിലെ മാല അഴിഞ്ഞുകിടക്കുന്നതായി കണ്ടത്. നോക്കിയപ്പോള്‍ മാലയില്‍ കൊളുത്തും ഈശോയുടെ തിരുഹൃദയത്തിന്റെ ലോക്കറ്റും ഉണ്ട്. മാല പൊട്ടിയിട്ടുമില്ല. സാധാരണ ഗതിയില്‍ താലിയെക്കാള്‍ വലിയ ലോക്കറ്റായിരുന്നു ഊരിപ്പോകേണ്ടിയിരുന്നത്. പക്ഷേ താലിമാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അവിടെയും, പോയ വാഹനത്തിലും ധ്യാനകേന്ദ്രത്തിലും തിരഞ്ഞുവെങ്കിലും താലി കണ്ടു കിട്ടിയില്ല. വീണ്ടും താലി വാങ്ങിക്കാന്‍ ജ്വല്ലറിയില്‍ പോയി. ഇത്തവണ ഒരു അടയാളവുമില്ലാത്ത പ്ലെയിന്‍ ആയിട്ടുള്ള താലി വാങ്ങിക്കും എന്നു തീര്‍ച്ചപ്പെടുത്തിയിരുന്നു, പക്ഷേ കടയില്‍ രണ്ടു തരം താലി മാത്രം. ഒന്ന് ഓം എന്ന് എഴുതിയത്, അല്ലെങ്കില്‍ കുരിശ് അടയാളമുള്ളത്. ഞാന്‍ ആകെ വിഷമത്തിലായി. താമസിക്കുന്നത് ഹൈന്ദവവിശ്വാസം പുലര്‍ത്തുന്ന കൂട്ടുകുടുംബത്തില്‍. ഈശോ എന്റെ മുന്പില് ഒരു തിരഞ്ഞെടുപ്പിനായി ആ താലികള്‍ വച്ചുതന്നിരിക്കുകയാണെന്ന് തോന്നി, ഏതു വേണം? എവിടെയോ മായിച്ചു മറന്ന വാചകം ഓര്മ വന്നു, "നിനക്കുവേണ്ടി ഞാന്‍ കുരിശില്‍, എനിക്കുവേണ്ടി നീ ലോകത്തില്‍" "എന്റെ ഈശോയേ, എനിക്ക് നീ മതി" എന്ന് ഞാന്‍ മനസില്‍ പറഞ്ഞു. കുരിശടയാളമുള്ള താലി നോക്കിയിട്ട് ഭര്‍ത്താവും അതുതന്നെ എടുത്തോളാന്‍ പറഞ്ഞു. അതൊരു മെയ്മാസം ആയിരുന്നു, ഞങ്ങളുടെ വിവാഹവാര്‍ഷികദിനത്തില്‍ത്തന്നെ ഞങ്ങളുടെ സുഹൃത്തായ വൈദികന് താലി ആശീര്‍വദിച്ചു തന്നു. അതും അണിഞ്ഞ് ഈശോക്ക് സാക്ഷ്യം വഹിക്കാന്‍ സാധിച്ചു. രണ്ടു വര്‍ഷം കൂടി കഴിഞ്ഞ് മറ്റൊരു മെയ് മാസത്തില്‍ ഞങ്ങള്‍ മാമോദീസയും സ്വീകരിച്ചു. "തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന് കഴിവ് നല്കി" (യോഹന്നാന് 1/12).
By: Alphonsa Joseph
Moreതുണസഹോദരനായ ജെറാര്‍ഡിന് ഒരു അവിഹിതബന്ധമുണ്ട്! ഈ കഥ കാട്ടുതീപോലെ പ്രചരിച്ചു. സംഭവം അവരുടെ സന്യാസസഭാസ്ഥാപകനായ വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരിയുടെ ചെവിയിലുമെത്തി. അദ്ദേഹം ജെറാര്‍ഡിനെ വിളിച്ചു ചോദിച്ചു. പക്ഷേ ഒരു സ്ത്രീ പ്രചരിപ്പിക്കുന്ന നുണക്കഥയാണ് എന്നറിയാമായിരുന്നെങ്കിലും അവന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പോയില്ല. മൗനം പാലിക്കുകയാണ് ചെയ്തത്. അമ്പരന്നുപോയ അല്‍ഫോണ്‍സ് ലിഗോരി അവനെ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നതില്‍നിന്ന് വിലക്കി. ജെറാര്‍ഡിന് അത് മരണതുല്യമായിരുന്നു. പകരം ഇങ്ങനെ ചിന്തിച്ചു, "ഈശോ ഒരുപക്ഷേ എന്നില്‍ എഴുന്നെള്ളിവരാന്‍ ഇഷ്ടപ്പെടുന്നില്ലായിരിക്കും. അങ്ങനെയല്ലെങ്കില്‍ എന്റെ നിരപരാധിത്വം ഈശോ തെളിയിക്കട്ടെ. ദിവ്യകാരുണ്യം സ്വീകരിക്കുന്നില്ലെങ്കിലും അവന് എന്റെ ഹൃദയത്തില്‍ എപ്പോഴും ഉണ്ടല്ലോ." നാളുകള്‍ പിന്നിട്ടു. അവനില്‍ കുറ്റം വ്യാജമായി ആരോപിച്ച സ്ത്രീക്ക് മരണകരമായ രോഗം പിടിപെട്ടു. തന്റെ പാപത്തിന്റെ ഫലമാണ് അതെന്ന് ചിന്തിച്ച അവള് ഉടന്‍തന്നെ അല്‍ഫോണ്‍സ് ലിഗോരിക്ക് സത്യം പറഞ്ഞ് കത്തെഴുതി. എന്തുകൊണ്ട് സത്യം പറഞ്ഞില്ലെന്ന് അദ്ദേഹം ജെറാര്‍ഡിനോട് ചോദിച്ചപ്പോള്‍ അവന് പറഞ്ഞു, "ഒരു വിശുദ്ധനാവാന്‍ യോജിച്ച സന്ദര്‍ഭമായിരുന്നു അത്. അതിനാല്‍ നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി." ഈ പുണ്യത്തിന് വലിയ സമ്മാനം സ്വര്‍ഗത്തില്‍ ഉണ്ടാകുമെന്ന് വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരി ജെറാര്‍ഡിനോട് പറഞ്ഞു. അത് അക്ഷരംപ്രതി ശരിയായിരുന്നു, ജെറാര്‍ഡ് വിശുദ്ധപദവിയിലെത്തി; വിശുദ്ധ ജെറാര്‍ഡ് മജെല്ല.
By: Shalom Tidings
Moreസ്പെയിനിന്റെ രാജാവായിരുന്ന ഫിലിപ് രണ്ടാമന് ഒരിക്കല്‍ മാര്‍പ്പാപ്പക്ക് നല്‍കാനായി സുപ്രധാനമായ ഒരു കത്ത് തയാറാക്കി, വളരെ ദീര്‍ഘമായ ഒരു കത്ത്. രാത്രി ഏറെ സമയം ഉറക്കമിളച്ചാണ് അദ്ദേഹം അതെഴുതിയത്. അത് മടക്കി മുദ്രവയ്ക്കാനായി സെക്രട്ടറിയെ ഏല്പിച്ചിട്ട് രാജാവ് വിശ്രമിക്കാനായി പോയി. രാജാവിന്റെ കത്തെഴുത്ത് തീരുന്നതും നോക്കി ഉറക്കംതൂങ്ങി കാത്തിരിക്കുകയായിരുന്നു സെക്രട്ടറി. കത്തിന്റെ മഷി ഉണക്കി മുദ്രവയ്ക്കാനുള്ള തിരക്കില്‍ മഷിയുണക്കാനുള്ള മണല്പ്പൊടിയാണെന്ന് കരുതി അദ്ദേഹം എടുത്തത് മഷിക്കുപ്പിയായിരുന്നു. അത് കത്തിലേക്ക് ചൊരിഞ്ഞു. തനിക്ക് സംഭവിച്ച വലിയ അബദ്ധം മനസിലാക്കിയതോടെ അദ്ദേഹത്തിന് ലജ്ജയും ഭയവുമായി. എന്നാല്‍ കാര്യമറിഞ്ഞ രാജാവ് ശാന്തതയോടെ അദ്ദേഹത്തോട് പറഞ്ഞു, "സാരമില്ല, വേറെ കടലാസുണ്ടല്ലോ." ദേഷ്യമോ അസ്വസ്ഥതയോ പ്രകടിപ്പിക്കാതെ തുടര്‍ന്നുള്ള സമയംകൊണ്ട് അദ്ദേഹം വേഗം ആ കത്ത് വീണ്ടും എഴുതി പൂര്‍ത്തിയാക്കി. "മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍"
By: Shalom Tidings
Moreഒരു ഇന്റര്‍വ്യൂവിനായി 2022 ആഗസ്റ്റില്‍ കോട്ടയത്തുനിന്ന് ആന്ധ്രാപ്രദേശിലെ എന്‍.ഐ.ടിയിലേക്ക് ട്രെയിന്‍യാത്ര ചെയ്യേണ്ടിവന്നു. പെട്ടെന്ന് അറിഞ്ഞതായതിനാല്‍ ആര്.എ.സി ടിക്കറ്റിലായിരുന്നു യാത്ര. എന്റെ സഹയാത്രികന്, പിന്നെ ഒരു ഉത്തരേന്ത്യന്‍ - ഇങ്ങനെ ഞാനുള്‍പ്പെടെ മൂന്നുപേര്‍മാത്രമാണ് ഞങ്ങളുടെ കാബിനില്‍. കോയമ്പത്തൂര്‍ കഴിഞ്ഞപ്പോള്‍, രാത്രി ഏകദേശം പത്തുമണി സമയത്ത്, മൂന്ന് ഉത്തരേന്ത്യന്‍ യുവാക്കള്‍ ടിക്കറ്റില്ലാതെ കയറി. കാലിയായ കാബിനില്‍ ഇരിപ്പുറപ്പിച്ചതും പോരാഞ്ഞ് അവര്‍ എന്നെ നോക്കി എന്തൊക്കെയോ പറയുന്നു. ഉള്ളിലൊരു ഭയം നിറഞ്ഞു. ഉടനെ ജപമാല കൈയിലെടുത്തു, 'കൃപ നിറഞ്ഞ മറിയമേ' ചൊല്ലാന്‍ തുടങ്ങി. മാതാവിനെ വിളിച്ച് അഞ്ചുമിനിറ്റ് പോലും കഴിഞ്ഞില്ല, വേറേതോ കാബിനിലെ ടി.ടി.ആര് വരുന്നു. അവരുടെ കയ്യില്‍ ടിക്കറ്റില്ലെന്ന് മനസിലാക്കി ഫൈന്‍ നല്കി ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. അപ്പോഴും എന്റെ ടിക്കറ്റ് ആര്.എ.സിതന്നെയാണ്. പക്ഷേ എന്നോട് ഒന്നും പറഞ്ഞില്ല. അല്പം കഴിഞ്ഞ് ഞങ്ങളുടെ കാബിന് ഡ്യൂട്ടിയുള്ള ടി.ടി.ആര് വന്നു. എനിക്ക് വേറൊരു സീറ്റ് അലോട്ട് ചെയ്തു. അതാകട്ടെ മലയാളിയാത്രക്കാരുടെ അരികിലും. മാതാവ് കൂടെവന്ന അനുഭവം. ഈശോയ്ക്കും മാതാവിനും ഒരായിരം നന്ദി. ഞാനൊരു കത്തോലിക്കയല്ല. പക്ഷേ എന്നെ ജപമാല ചൊല്ലാന്‍ പ്രേരിപ്പിച്ചത് ശാലോമിലെ ലേഖനങ്ങളാണ്.
By: Emmanuel
Moreന്യൂയോര്‍ക്കില്‍നിന്നുള്ള ഒരു യുവവൈദികന് റോമില്‍ ഉപരിപഠനത്തിനെത്തി. അദ്ദേഹം പ്രാര്‍ത്ഥനയ്ക്കായി സ്ഥിരമായി ഒരു ദൈവാലയം സന്ദര്‍ശിക്കുമായിരുന്നു. ദൈവാലയകവാടത്തിനുമുന്നില്‍ എന്നും കണ്ടിരുന്ന യാചകരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ പ്രത്യേകശ്രദ്ധയാകര്‍ഷിച്ചു. അങ്ങനെ ഒരു ദിനം അദ്ദേഹം ആ യാചകനോട് തന്നെ അറിയാമോ എന്നന്വേഷിച്ചു. യാചകന്റെ മറുപടി അദ്ദേഹത്തെ ഞെട്ടിച്ചുകളഞ്ഞു, "അറിയും. ഞാന്‍ താങ്കളുടെ ഒപ്പം റോമില്‍ വൈദികനാകാന്‍ പഠിച്ചിരുന്ന ആളാണ്. പട്ടവും കിട്ടി. എന്നിട്ടെന്തേ അങ്ങ് ഇവിടെ "യുവവൈദികന് തേങ്ങലോടെ ചോദിച്ചു. അപ്പോള്‍ അദ്ദേഹം തന്റെ ജീവിതത്തില്‍ ഉണ്ടായ ചില ദുരനുഭവങ്ങളെക്കുറിച്ചും അതെത്തുടര്‍ന്ന് വൈദികവൃത്തി ഉപേക്ഷിക്കേണ്ടി വന്നതും ജീവിതമാര്‍ഗം കണ്ടെത്താന്‍ കഴിയാതെ യാചകനായി ജീവിതം ആരംഭിച്ചതുമെല്ലാം വിവരിച്ചു. വേദനയോടെ അതെല്ലാം ശ്രവിച്ച് അദ്ദേഹത്തെ ആശ്വസിപ്പിച്ച് വൈദികന് മടങ്ങി. എന്നാല്‍ അദ്ദേഹത്തിന് തന്റെ സഹപാഠിയെ മറക്കുവാന്‍ സാധിച്ചില്ല. അന്നുമുതല്‍ അദ്ദേഹത്തിനുവേണ്ടി ഈ വൈദികന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു. നാളുകള്‍ കഴിഞ്ഞു. റോമിലെ പഠനം അവസാനിച്ച് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കവേ, വിദ്യാര്‍ത്ഥികള്‍ക്കെല്ലാം മാര്‍പാപ്പയായിരുന്ന ജോണ്‍ പോള്‍ രണ്ടാമനെ കണ്ട് അനുഗ്രഹം വാങ്ങുവാനുള്ള അവസരം ഉണ്ടായി. സന്ദര്‍ശനസമയത്ത് പാപ്പയോട് ആരും ഒന്നുംതന്നെ സംസാരിക്കരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ സന്ദര്‍ശനവേളയില്‍ പാപ്പയുടെ മുന്പില് മുട്ടുകുത്തിയതും വൈദികന് പാപ്പയോടു തനിക്ക് ഒരു പ്രാര്‍ത്ഥനാപേക്ഷ ഉണ്ടെന്നും അത് തന്റെ സഹപാഠിയായിരുന്ന വൈദികനുവേണ്ടിയാണെന്നും അദ്ദേഹം വൈദികവൃത്തി ഉപേക്ഷിച്ചു ഇപ്പോള്‍ യാചകനാണെന്നും ധൃതിയില്‍ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും പേപ്പല്‍ ഗാര്‍ഡുകള്‍ അദ്ദേഹത്തെ അവിടെനിന്നും പുറത്തേക്കു നയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുശേഷം വൈദികനെ അത്ഭുതപ്പെടുത്തിയ ഒരു സംഭവം ഉണ്ടായി. മാര്‍പാപ്പയുടെകൂടെ അത്താഴവിരുന്നില്‍ പങ്കെടുക്കുവാന്‍ അദ്ദേഹത്തിനും സഹപാഠിയായിരുന്ന ഭിക്ഷാടകനുമുള്ള ഒരു ക്ഷണം ആയിരുന്നു അത്. അദ്ദേഹം വലിയ സന്തോഷത്തോടെ തന്റെ സഹപാഠിയെ അന്വേഷിച്ച് ദൈവാലയ വാതില്ക്കല് എത്തി. വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹം അത് വിശ്വസിക്കാന്‍കൂടി തയാറായില്ല. തനിക്കതിന് അര്‍ഹതയില്ലെന്ന മട്ടില്‍ നിന്നിരുന്ന യാചകസുഹൃത്തിനെ കുളിച്ചു വൃത്തിയാകാന്‍ സഹായിച്ചു, നല്ല വസ്ത്രം ധരിപ്പിച്ച് അദ്ദേഹം കൂടെ കൊണ്ടുപോയി. പേപ്പല്‍ കൊട്ടാരത്തിന്റെ ഊട്ടുമുറിയില്‍ പാപ്പ അവര്‍ ഇരുവരെയും കാത്ത് മുന്‍പേതന്നെ ഇരിപ്പുണ്ടായിരുന്നു. വളരെ ബഹുമാനത്തോടെ അവര്‍ അങ്ങോട്ടേക്കാനയിക്കപ്പെട്ടു. വിഭവസമൃദ്ധമായ അത്താഴത്തിനുശേഷം യാചകനായ വൈദികനെ മാര്‍പാപ്പ ഒരു സ്വകാര്യ സംഭാഷണത്തിനായി ക്ഷണിച്ചു. ഏറെനേരം കഴിഞ്ഞ് രണ്ടുപേരും തിരികെ വന്നു. എന്നാല്‍ ഇരുവരും നിശബ്ദരായിരുന്നു. യാത്ര പറഞ്ഞ് പിരിഞ്ഞുപോരവേ, കൗതുകം അടക്കാന്‍ സാധിക്കാതെ യുവവൈദികന് തന്റെ സുഹൃത്തിനോട് സംഭവിച്ച കാര്യങ്ങള്‍ തിരക്കി. വളരെ വൈകാരികമായ രംഗങ്ങളായിരുന്നു ആ സമാഗമത്തില്‍ നടന്നത്. മാര്‍പാപ്പ യാചകനായ വൈദികനോട് തന്നെ ഒന്ന് കുമ്പസാരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. ലജ്ജിച്ചുപോയ വൈദികന് താന്‍ വൈദികവൃത്തി ഉപേക്ഷിച്ചവന് ആണെന്നും തനിക്ക് പൗരോഹിത്യ അധികാരങ്ങള്‍ ഇല്ലെന്നും പാപ്പയെ അറിയിച്ചു. പാപ്പ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പുഞ്ചിരിയോടെ പറഞ്ഞു, "ഒരിക്കല്‍ വൈദികന് ആയിരുന്ന വ്യക്തി എന്നെന്നും ഒരു വൈദികന് ആയിരിക്കും." അദ്ദേഹം ആഗ്രഹിക്കുന്നു എങ്കില്‍, കത്തോലിക്കാ സഭയുടെ തലവനും റോമിന്റെ മെത്രാനും എന്ന നിലയില്‍ തനിക്ക് അദ്ദേഹത്തിന്റെ പൗരോഹിത്യ അധികാരങ്ങള്‍ തിരികെ നല്കാന് അധികാരം ഉണ്ടെന്നും പാപ്പാ പറഞ്ഞു. അതിനുശേഷം പാപ്പ അദ്ദേഹത്തിന്റെ കുമ്പസാരം കേള്‍ക്കുകയും പൗരോഹിത്യ അധികാരങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ മുന്പില് മുട്ടുകുത്തി പാപങ്ങള്‍ ഏറ്റുപറഞ്ഞ പാപ്പാ, വൈദികനോട് അദ്ദേഹം ഭിക്ഷ യാചിച്ചിരുന്ന ദൈവാലയത്തില്‍ചെന്ന് അവിടുത്തെ വികാരിയച്ചനെ കാണാനാണ് നിര്‍ദേശിച്ചത്. അവിടത്തെ സഹവികാരിയായി അദ്ദേഹത്തെ നിയമിക്കുന്നുവെന്നും അവിടെ എത്തുന്ന യാചകരുടെ ആത്മീയശുശ്രൂഷകള്‍ ഏല്പിക്കുന്നുവെന്നും പാപ്പ അറിയിച്ചു. യാചകനായ വൈദികന് കഥ പൂര്‍ത്തിയാക്കുമ്പോള്‍, അദ്ദേഹത്തിനും യുവവൈദികനും കണ്ണുനീര് അടക്കാനായില്ല. ദൈവകരുണയുടെ ഇടപെടല്‍ ഒരു ജീവിതം എങ്ങനെ രൂപാന്തരപ്പെടുത്തുന്നു എന്നതിന്റെ ദൃഷ്ടാന്തമാണിത്. ഒപ്പം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പയുടെ എളിമയുടെയും പിതൃവാത്സല്യത്തിന്റെയും കഥയും.
By: Shalom Tidings
Moreഒരു കൊച്ചുകുഞ്ഞ് വീടിന്റെ ജനാലയില്‍ ഇരുന്ന് കളിക്കുകയായിരുന്നു. കുഞ്ഞിനെ പരിപാലിക്കുന്ന പെണ്‍കുട്ടിയും ഒപ്പമുണ്ട്. ആ ഉയര്‍ന്ന ജനാലയിലൂടെ നോക്കിയാല്‍ നഗരം മുഴുവന്‍ കാണാന്‍ സാധിക്കും. നയനമനോഹര നഗരകാഴ്ചകളില്‍ ഹരംപിടിച്ചിരിക്കുകയാണ് ആ രണ്ടു വയസുകാരി. ഒരുനിമിഷം, അവളുടെ സഹായി കുഞ്ഞിന്റെ അരികില്‍നിന്ന് തെല്ലൊന്നു മാറി. അപ്പോഴേക്കും ആ പിഞ്ചുകുഞ്ഞ് ജനാലയില്‍നിന്നും വഴുതി താഴെ മുറ്റത്തേക്കു പതിച്ചു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ഓടിയെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. വേറെ ആരും അവിടെയില്ല. മാതാപിതാക്കളാകട്ടെ, കുഞ്ഞിനെ പെണ്‍കുട്ടിയെ ഏല്പിച്ചിട്ട് പുറത്തുപോയിരിക്കുകയായിരുന്നു. ഇനിയെന്തുചെയ്യും..? ആ പെണ്‍കുട്ടി ആകമാനം വിറച്ചുനിന്നു... അവളുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തി, പെട്ടെന്നുതന്നെ അവിടം ജനനിബിഡമായി. വിവരമറിഞ്ഞ് മാതാപിതാക്കളും പറന്നെത്തി. ചോരവാര്‍ന്ന് നിശ്ചലമായി കിടക്കുന്ന തങ്ങളുടെ പൊന്നോമനക്കുഞ്ഞിനെ അവര്‍ വാരിയെടുത്തു നെഞ്ചോടണച്ചു. തകര്‍ന്നുപോയിരുന്നു ആ പിഞ്ചു ശരീരം. ഇല്ല, ഇനി കാണില്ല, അവളുടെ മധുവൂറുന്ന പുഞ്ചിരി... മനംകവരുന്ന കൊഞ്ചലുകളും കുഞ്ഞുവര്‍ത്തമാനങ്ങളും എന്നെന്നേക്കുമായി അവസാനിച്ചിരിക്കുന്നു... അവര്‍ക്ക് സങ്കടവും കോപവും അടക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, യാഥാര്‍ത്ഥ്യം അംഗീകരിച്ചല്ലേ പറ്റൂ. കണ്ണുനീരിനിടയിലും അവര്‍ കുട്ടിയെ വെള്ളത്തുണികൊണ്ട് പൊതിഞ്ഞു, ശിരസില്‍ ചെറിയ പുഷ്പകിരീടവും അണിയിച്ചു. പോളണ്ടിലെ കസിമീറോയിലുള്ള മസിജിന്റെയും ജാഡ്വിക ക്ലിംസകിന്റെയും മകളാണ് മരണപ്പെട്ട ഏമ എന്ന രണ്ടു വയസുകാരി. പരിശുദ്ധ ദൈവമാതാവിന്റെ വലിയ ഭക്തരാണ് ഏമയുടെ മാതാപിതാക്കള്‍; പ്രത്യേകിച്ചും പോളണ്ടിന്റെ സ്വര്‍ഗീയ രാജ്ഞിയും പ്രത്യേക മധ്യസ്ഥയുമായ ഷെസ്റ്റോകോവ മാതാവിന്റെ. ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന്റെ (ഛൗൃ ഘമറ്യ ീള ഇ്വലീരെേവീംമ) ഒരു ഫോട്ടോകാര്‍ഡ് കുഞ്ഞിന്റെ ചലനമറ്റ കരങ്ങളില്‍ മാതാപിതാക്കള്‍ വച്ചു. അതിനുശേഷം ഇരുവരും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. ആ രാത്രി മുഴുവന്‍ അല്പംപോലും ഉറങ്ങാതെ അവര്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കാഴ്ചമറയ്ക്കുന്ന കണ്ണുനീര് പ്രവാഹത്തിനിടയിലൂടെയും കുഞ്ഞിന്റെ കരങ്ങളിലെ പരിശുദ്ധ അമ്മയുടെ രൂപത്തിലേക്ക് പ്രത്യാശയോടെ നോക്കി അവര്‍ പ്രാര്‍ത്ഥന തുടര്‍ന്നു. പെട്ടെന്ന് വലിയൊരു ഉള്‍പ്രേരണ ലഭിച്ചാലെന്നതുപോലെ ആ മാതാപിതാക്കള്‍ ഉച്ചത്തില്‍ നിലവിളിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി: "ഷെസ്റ്റോകോവയിലെ ഞങ്ങളുടെ പരിശുദ്ധ അമ്മേ, അമ്മയെ വിളിച്ചപേക്ഷിക്കുന്നവരെ അമ്മ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. മരണപ്പെട്ടുപോയ അനേകരെ അമ്മയുടെ സ്നേഹത്താല്‍ അമ്മ ജീവനിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ടല്ലോ. അമ്മ ഞങ്ങളെയും കൈവിടില്ല, ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് അമ്മ ഉത്തരം നല്കുകതന്നെ ചെയ്യും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്." ഈ പ്രാര്‍ത്ഥന വലിയ വിശ്വാസത്തോടെ അവര്‍ ആവര്‍ത്തിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ട ദു:ഖം അവരെ വിഭ്രാന്തിയിലാഴ്ത്തിയോ എന്നുപോലും കണ്ടുനിന്നവര്‍ക്ക് തോന്നിപ്പോയി. അത്ര തീവ്രമായിരുന്നു അവരുടെ നിലവിളിയും പ്രാര്‍ത്ഥനയും. പരിശുദ്ധ അമ്മയുടെ മധ്യസ്ഥത മരിച്ചവരെ ഉയിര്‍പ്പിക്കാന്‍തക്കവിധം ശക്തമാണെന്ന് പോളണ്ടുകാര്‍ വിശ്വസിച്ചിരുന്നു. കഴിഞ്ഞകാല അനുഭവങ്ങള്‍ ഏമയുടെ മാതാപിതാക്കളുടെ വിശ്വാസം ബലപ്പെടുത്തി. തങ്ങളുടെ ദൃഢമായ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് ആ മാതാപിതാക്കള്‍ ഏമയുടെ മൃതദേഹം തങ്ങളുടെ വാഹനത്തിലെടുത്തുവച്ച് യാത്രയായി; ഷെസ്റ്റോക്കോവ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രം നിലകൊള്ളുന്ന ജാസ്നഗോരയിലേക്ക്. അവരുടെ നടപടിയെ അനേകര്‍ എതിര്‍ത്തു, കുഞ്ഞിന്റെ മൃതദേഹം എത്രയും വേഗം സംസ്കരിക്കണമെന്ന് ബഹളംവച്ചു. എന്നാല്‍ മറ്റൊരുഭാഗം ആ മാതാപിതാക്കളുടെ വിശ്വാസത്തെ പിന്തുണച്ചു, കൂടെ നിന്നു. ഹൃദയംനുറുങ്ങുന്നതായിരുന്നു ആ വിലാപയാത്ര. രണ്ടു-മൂന്നു ദിനരാത്രങ്ങള്‍ പിന്നിട്ടെങ്കിലും ഏമയുടെ മൃതദേഹത്തില്‍ ജീവന്റെ കണികപോലും കാണപ്പെട്ടില്ല. ഭക്ഷണവും ഉറക്കവുമില്ലാത്ത യാത്ര മാതാപിതാക്കളെ വല്ലാതെ തളര്‍ത്തി. എങ്കിലും വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയല്ലാതെ മറ്റൊരുവാക്കുപോലും അവര്‍ ഉരുവിട്ടിരുന്നില്ല. നാലാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോഴും പരിശുദ്ധ അമ്മയുടെ ദൈവാലയത്തിലേക്കുള്ള യാത്രയുടെ പകുതിയോളമേ അവര്‍ പിന്നിട്ടിരുന്നുള്ളൂ. എന്നിട്ടും അവര്‍ മുമ്പോട്ടുതന്നെ പോയി. പെട്ടെന്ന് ഏമയുടെ ശരീരം ചലിക്കാനാരംഭിച്ചു. ഉടന്‍ വാഹനം നിര്‍ത്തി, ഞെട്ടലോടെ എല്ലാവരും കുഞ്ഞിനെ സൂക്ഷിച്ചുനോക്കി. അതാ അവള് കുഞ്ഞിക്കണ്ണുകള്‍ തുറക്കുന്നു. അതെ, കുഞ്ഞ് ഏമ ജീവനോടെ എഴുന്നേറ്റിരുന്നു. ആര്‍ക്കും സ്വനേത്രങ്ങളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഏമയുടെ മാതാപിതാക്കള്‍ ആവേശത്തോടെ കുഞ്ഞിനെ വാരിപ്പുണര്‍ന്നു, ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും ഉച്ചത്തില്‍ നന്ദിപറഞ്ഞു. തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും കണ്ണുനീരിനും ഉത്തരം നല്കിയ പരിശുദ്ധ ദൈവമാതാവിന് കൃതജ്ഞതയും സ്നേഹവും അര്‍പ്പിച്ചുകൊണ്ട് ദൈവമാതൃസ്തുതികള്‍ ആലപിക്കാനാരംഭിച്ചു. കുഞ്ഞിന് ജീവന് ലഭിച്ചെങ്കിലും അവര്‍ യാത്ര നിര്‍ത്തി വീട്ടിലേക്ക് തിരികെപോയില്ല; പരിശുദ്ധ അമ്മയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുതന്നെ യാത്ര തുടര്‍ന്നു. എന്നാല്‍ അത്, കണ്ണുനീരിന്റെയും നിലവിളിയുടെയുമല്ല, കൃതജ്ഞതാ സമര്‍പ്പണത്തിന്റെയും ആനന്ദഗീതങ്ങളുടെയും തീര്‍ത്ഥാടനമായി പരിണമിച്ചുവെന്നുമാത്രം. "അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍തോറും അവിടുന്ന് കരുണ വര്‍ഷിക്കും" (ലൂക്കാ 1/50) എന്ന പരിശുദ്ധ അമ്മയുടെ സ്തോത്രഗീതം അവിടെ യാഥാര്‍ത്ഥ്യമായി. മക്കളുടെ അപേക്ഷകള്‍ക്ക് വാത്സല്യത്തോടെ ഉത്തരം നല്കുന്ന അമ്മയാണ് പരിശുദ്ധ ദൈവമാതാവ് എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു 1598-ലെ ഈ സംഭവം. ഏതു പ്രതിസന്ധിയിലും പരിശുദ്ധ അമ്മയെ വിളിച്ചപേക്ഷിച്ചാല്‍, അത് എത്ര വലിയ പ്രശ്നമാണെങ്കിലും അമ്മ നമ്മെ സഹായിച്ചിരിക്കും. "അവര്‍ക്കു വീഞ്ഞില്ല," എന്ന് അമ്മ ഈശോയോട് പറഞ്ഞ് അവശ്യമായത് ചെയ്തിരിക്കും (യോഹന്നാന് 2/3). അത് പോളണ്ടുകാര്‍ക്ക് നന്നായറിയാം. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന്റെ ചിത്രത്തിന്. സുവിശേഷകനായ വിശുദ്ധ ലൂക്കാ വരച്ചതാണ് ഈ ചിത്രമെന്ന പാരമ്പര്യവും നിലനില്ക്കുന്നു. ഷെസ്റ്റോക്കോവയിലെ പരിശുദ്ധ ദൈവമാതാവിന്റെ ചിത്രത്തിന്റെ അത്ഭുതശക്തി പതിനൊന്നാം ക്ലമന്റ് മാര്‍പാപ്പ, 1717-ല്‍ ആധികാരികമായി അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ നഗരമായ ക്രാക്കോവില്‍ സ്ഥിതിചെയ്യുന്ന ഈ അത്ഭുതചിത്രത്തിനുമുമ്പില്‍, സമീപകാലങ്ങളില്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമനെക്കൂടാതെ പാപ്പാ ബനഡിക്ട് പതിനാറാമനും ഫ്രാന്‍സിസ് മാര്‍പാപ്പയും പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. എണ്ണമറ്റ അത്ഭുതങ്ങളാണ് നൂറ്റാണ്ടുകളായി ഈ അത്ഭുത ചിത്രത്തിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവയെക്കുറിച്ചുള്ള വിവരണങ്ങള്‍ വായിക്കാം അടുത്ത ലക്കങ്ങളില്‍.
By: ആന്സിമോള് ജോസഫ്
Moreസഹനങ്ങളെ വ്യത്യസ്തമായി നേരിടാന്‍ ഈശോ പറഞ്ഞുകൊടുത്ത രഹസ്യങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഏറെ സങ്കടകരമായ അവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു ഞാന്‍. പല രാത്രികളിലും ഉറക്കമില്ലാതെ ജപമാല ചൊല്ലിയും എത്രയും ദയയുള്ള മാതാവേ ജപം ചൊല്ലിയും വിശ്വാസപ്രമാണം ചൊല്ലിയും ഉറക്കം വരാന്‍വേണ്ടി കാത്തിരിക്കും. അങ്ങനെ എപ്പോഴോ ഒന്ന് മയങ്ങിയപ്പോള്‍ എനിക്ക് ഒരു അനുഭവം ഉണ്ടായി. എന്നെ ആരോ ഒരു കുന്നിന്ചെരുവില് കൊണ്ടുപോയി നിര്‍ത്തി. ഒരു മിന്നല്‍പോലെയാണ് അവിടെയെത്തിച്ചത്. മുന്നില്‍ ഒരു വഴിയുണ്ട്. ആ വഴിയിലാണ് ഞാന്‍ നില്‍ക്കുന്നത്. എന്റെകൂടെ ആരോ ഉണ്ടെന്ന് എനിക്ക് അനുഭവപ്പെട്ടു, പക്ഷേ ആളെ കാണാനാകുന്നില്ല. കുന്നിന്‍ചെരുവിലേക്ക് നോക്കിയപ്പോള്‍ കുറെയധികം കുരിശുകള്‍ നാട്ടിയിരിക്കുന്നു. അവയിലെല്ലാം ഓരോ വ്യക്തികള്‍ തൂങ്ങിക്കിടക്കുന്നുണ്ട്. അതില്‍ ഒരു കുരിശ് ചൂണ്ടിക്കാണിച്ച് ഉറച്ച ഒരു സ്വരം ഇങ്ങനെ പറഞ്ഞു, "അത് നീയാണ്!" ഞാന്‍ നോക്കി, അവിടെ മുഴുവന്‍ കുരിശില്‍ തൂങ്ങപ്പെട്ടവരാണ്. ഏറ്റവും മുന്നില്‍ ഒരു വലിയ കുരിശുണ്ട്. അതിന്റെ വശങ്ങളിലും പിറകിലുമായാണ് ക്രൂശിതര്‍ കിടക്കുന്നത്. അനക്കമൊന്നുമില്ല. പെട്ടെന്ന് ഞാന്‍ ഉണര്‍ന്നു. ആ സ്വരം അത്ര ഗാംഭീര്യമുള്ളതായിരുന്നു. പിറ്റേന്ന് കുട്ടികളെല്ലാം സ്കൂളില്‍ പോയപ്പോള്‍ ഈ സംഭവം വീണ്ടും മനസില്‍ പൊങ്ങിവന്നു. വീട്ടില്‍ മറ്റാരുമില്ല. മൂന്നരവരെ സര്‍വത്ര നിശബ്ദതയാണ്. പലപ്പോഴും ഈശോയോട് സംസാരിക്കുന്നത് വീട്ടുപണികള്‍ക്കിടയിലുള്ള ആ സമയത്താണ്. ഈശോയ്ക്കും അതാണ് ഇഷ്ടമെന്ന് തോന്നാറുണ്ട്. ഈ സംഭവം മനസില്‍ വന്നപ്പോള്‍ ഞാന്‍ ഉള്ളില്‍ പറഞ്ഞു, "സമാധാനമായി, എന്തായാലും കുരിശിലാണല്ലോ കിടക്കുന്നത്. പത്രോസ് ശ്ലീഹാ പറഞ്ഞിരിക്കുന്നത് നിങ്ങള്‍ ആരും കൊലപാതകിയോ മോഷ്ടാവോ ആയിട്ടല്ല നന്മ ചെയ്തിട്ടാണ് ദുരിതമനുഭവിക്കുന്നതെങ്കില്‍ അത് ദൈവാനുഗ്രഹത്തിന് കാരണമാകും എന്നല്ലേ." അങ്ങനെ ചിന്തിച്ചപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. ഈശോയോടൊപ്പമാണല്ലോ ക്രൂശിക്കപ്പെട്ടിരിക്കുന്നത്. ആ സന്തോഷവും സമാധാനവും അധികനേരം നീണ്ടുനിന്നില്ല. ഈശോ എന്നോട് ചോദിച്ചു, "നീ ഏത് വശത്താണ് കിടക്കുന്നത്? ഇപ്പോള്‍ നിന്റെ കുരിശിലെ കിടപ്പ് എങ്ങനെയാണ്?" അതുകേട്ട് ഞാനൊന്ന് ആലോചിച്ചുനോക്കി, "ഇപ്പോഴത്തെ എന്റെ കിടപ്പ് അതിഭീകരമാണ്. ശപിച്ചും ശകാരിച്ചും നിന്ദിച്ചും കുറ്റപ്പെടുത്തിയുമാണ് ഞാന്‍ കിടക്കുന്നത്. കഴുകനോ മലങ്കാക്കകള്‍ക്കോപോലും എന്റെയടുത്ത് വരാന്‍ കഴിയുമെന്ന് തോന്നുന്നില്ല, അവപോലും പേടിച്ചോടും. അപ്പോള്‍ എനിക്കൊരു കാര്യം മനസിലായി. ഈ കിടപ്പ് അധികനേരം കിടന്നാല്‍ പടയാളികള്‍ വന്ന് എന്റെ കണങ്കാല് തകര്‍ത്തുകളയും, പെട്ടെന്ന് മരിച്ച് എന്റെ ശല്യമൊഴിയാന്‍. അതിനുമുമ്പ് വശം മാറണം. അതുകൊണ്ട് ഞാന്‍ ചോദിച്ചു, "ഈശോയേ, ഞാനെന്ത് ചെയ്യണം?" ഈശോ പറഞ്ഞു, "നീ സഹനങ്ങളെല്ലാം എന്റെ കൈയില്‍നിന്ന് സ്വീകരിക്കണം. എല്ലാ സഹനങ്ങളും ഞാന്‍ നിനക്ക് തന്നതല്ല. വചനം അറിയാത്തതുമൂലം നീ എടുത്ത തെറ്റായ തീരുമാനങ്ങളും തിന്മയുടെസ്വാധീനത്താല്‍ ചെയ്ത പാപങ്ങളുമൊക്കെയുണ്ട് നിന്റെ ഈ കിടപ്പിനുപിന്നില്‍. നിന്നെത്തന്നെ വിശുദ്ധീകരിക്കാന്‍ തയാറാവുക. എന്റെ വീഴ്ചക്ക് കാരണം കര്‍ത്താവാണെന്നോ മറ്റാരെങ്കിലും ആണെന്നോ നീ പറയരുത്. നിന്റെ മുമ്പില്‍ ജീവനും മരണവും വച്ചിരിക്കുന്നു. ഇഷ്ടമുള്ളത് എടുത്തുകൊള്ളുക. യോഹന്നാന്റെ സുവിശേഷത്തില്‍ എന്റെ പ്രാര്‍ത്ഥന നീ ഓര്‍ക്കുന്നില്ലേ? ഞാന്‍ അവര്‍ക്കുവേണ്ടി എന്നെത്തന്നെ വിശുദ്ധീകരിച്ചു. നിന്റെ ജീവിതപങ്കാളിക്കുവേണ്ടി, മക്കള്‍ക്കുവേണ്ടി, നീ ജീവിക്കുന്ന സമൂഹത്തിനുവേണ്ടി, സഭയ്ക്കുവേണ്ടി, നിന്റെ സഹനങ്ങള്‍ എന്റെ കുരിശിലെ ബലിയോട് ചേര്‍ത്തുവച്ച് നിന്നെ ഏല്‍പ്പിച്ചവര്‍ക്ക് ജീവന് പകരുക. അപ്പോള്‍ നീ തലമുറകളുടെ കേടുപോക്കുന്നവള്‍(ഏശയ്യാ 58/12) എന്ന് വിളിക്കപ്പെടും. അല്ലാതെ നീ സഹനത്തിന്റെ കാരണക്കാരെ ശപിക്കരുത്. നീ ഇപ്പോള്‍ കിടക്കുന്നത് എന്റെ ഇടതുവശത്താണ്, അവിടെനിന്നും മാറി എന്റെ വലതുവശത്തേക്ക് വരുക. അതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിന്റെ ഞെരുക്കങ്ങള്‍ ഞാനറിയുന്നു. ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട്. അല്പകാലത്തെ സഹനത്തിനുശേഷം ഞാന്‍ നിന്നെ സ്ഥിരീകരിക്കും." ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉത്തരമാണ് അവിടുന്ന് എനിക്ക് തന്നത്. എന്നോട് ആവശ്യപ്പെടുന്നത് ഇടതുഭാഗത്തെ കള്ളന്റെ സ്ഥാനത്തുനിന്ന് വലതുഭാഗത്തെ കള്ളന്റെ സ്ഥാനത്തേക്കുള്ള മാറ്റമാണ്. അതാണ് മാനസാന്തരം. അവിടുത്തെ വാക്കുകള്‍ ഹൃദയത്തില്‍ സ്വീകരിച്ച് എളിമയോടെയും അനുതാപത്തോടെയും മുന്നോട്ടുപോകാനുള്ള ആഗ്രഹത്തോടെ ഞാന്‍ പ്രാര്‍ത്ഥിച്ചു. "ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണ് ഞാന്‍ കടാക്ഷിക്കുക" (ഏശയ്യാ 66/2).
By: Lisa Denny
Moreഞാന്‍ ഇരുപത്തിയൊന്നും പത്തും വയസുള്ള രണ്ട് കുട്ടികളുടെ അമ്മയാണ്. മാര്‍ച്ച് 2023-ലെ ശാലോം മാസികയില്‍ വായിച്ച ഒരു സാക്ഷ്യം (മകളുടെ മാനസാന്തരം - രണ്ട് ദിവസത്തിനകം - ടീന കുര്യന്) സമാന അവസ്ഥയിലൂടെ ഒരാഴ്ചയായി കടന്നുപൊയ്ക്കൊണ്ടിരുന്ന എന്നെ വല്ലാതെ സ്വാധീനിച്ചു. എന്റെ മകള്‍ ഒരു അക്രൈസ്തവ യുവാവുമായി അടുപ്പത്തിലായി. പപ്പയെയും അമ്മയെയും സഹോദരനെയുംകാള്‍ ആ ബന്ധത്തിന് അവള് വിലകൊടുക്കുന്നു എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. കാരണം ചെറുപ്പത്തില്‍ തന്നെ വേദപാഠം പഠിപ്പിച്ചും വചനങ്ങള്‍ ചൊല്ലി പഠിപ്പിച്ചും ക്രിസ്തീയ വിശ്വാസത്തില്‍ ശക്തമായൊരു അടിസ്ഥാനം രണ്ട് മക്കള്‍ക്കും നല്‍കിയിരുന്നു. ആത്മീയ ചാനലുകള്‍വഴി ലഭിക്കുന്ന സഭയുടെ ഓരോ പ്രബോധനങ്ങളും അവരിലേക്ക് എത്തിക്കുവാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. എന്റെ മകള്‍ ഒരിക്കലും വഴിതെറ്റുകയില്ല എന്നൊരു ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത ഒരു ബന്ധമായിരുന്നു അത്. ആ യുവാവിന്റെ വീട്ടുകാരും ഈ ബന്ധത്തെ അനുകൂലിച്ചില്ല. തുടര്‍ന്ന് ഞങ്ങളുടെ ചില അടുത്ത ബന്ധുക്കളുടെ പിന്തുണയോടെ അവര്‍ ഏറ്റവും അടുത്ത ദിവസംതന്നെ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. ഈ ദിവസങ്ങളിലെല്ലാം ഞാന്‍ കണ്ണുനീരോടെ കരണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയായിരുന്നു. മാതാവിന്റെ വ്യാകുലങ്ങളോടു ചേര്‍ത്തുവച്ച് പ്രാര്‍ത്ഥിച്ചു. വിശ്വാസപ്രമാണം ചൊല്ലി. മാസികയിലെ അനുഭവക്കുറിപ്പില്‍ വായിച്ചതുപോലെ വിശുദ്ധ മോനിക്കയുടെയും വിശുദ്ധ അഗസ്റ്റിന്റെയും മാധ്യസ്ഥ്യം തേടി. വചനം ചൊല്ലി പ്രാര്‍ത്ഥിച്ചു. ശാലോമിലേക്ക് വിളിച്ച് പ്രാര്‍ത്ഥനാസഹായം അപേക്ഷിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉപവസിച്ചു. അത്ഭുതമെന്നു പറയട്ടെ, ഈ പ്രശ്നങ്ങളെത്തുടര്‍ന്ന് ഞങ്ങളുടെ വീട്ടില്‍നിന്നും ഇറങ്ങിപ്പോയ മകള്‍ അന്ന് രാത്രി പപ്പയെ വിളിച്ചു, "അവനെ അവന്റെ വീട്ടുകാര്‍ പൂട്ടിയിട്ടിരിക്കുകയാണ്. യാതൊരു വിധത്തിലും കോണ്ടാക്ട് ചെയ്യാന്‍ പറ്റുന്നില്ല." ഇതായിരുന്നു അവള് പറഞ്ഞത്. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. അവനെ അവന്റെ വീട്ടുകാര്‍ സ്റ്റേഷനില്‍ ഹാജരാക്കുകയും എല്ലാവരുടെയും മുന്പില്വച്ച് ഈ ബന്ധത്തില്‍നിന്നും സ്വമനസാലെ പിന്മാറുകയാണെന്ന് അവന് ഒപ്പിട്ടു കൊടുത്തു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ചെയ്തതായിരിക്കാം. ഈ സംഭവങ്ങള്‍ നടക്കുമ്പോഴെല്ലാം ഞാന്‍ ഹൃദയം നൊന്ത് വിശ്വാസപ്രമാണം 33 തവണ ചൊല്ലുകയായിരുന്നു. മാതാവിനോട് 'അവളെ തിന്മയ്ക്ക് വിട്ടുകൊടുക്കരുതേ, അമ്മയുടെ നീലമേലങ്കിയില്‍ പൊതിഞ്ഞ് സംരക്ഷണം കൊടുക്കണേ' എന്ന് കരഞ്ഞ് മാധ്യസ്ഥ്യം യാചിക്കുകയും ചെയ്തു. ദൈവത്തിന്റെ മഹാകരുണയാല്‍, നഷ്ടപ്പെട്ടുപോയി എന്ന് ഞങ്ങള്‍ കരുതിയിരുന്ന മകളെ തിരിച്ചുകിട്ടി. ഇപ്പോള്‍ അവള് ഞങ്ങളുടെ കൂടെത്തന്നെയുണ്ട്, അവളുടെ പഠനകാര്യങ്ങള്‍ ശ്രദ്ധിക്കുന്നു. "ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നു" (റോമാ 8/28).
By: Rita Lewis
Moreവിഷമിച്ച് പ്രാര്‍ത്ഥിച്ച ഒരു രാത്രിയില്‍ ഈശോ നല്കിയ സന്ദേശം ഞാന്‍ നവീകരണധ്യാനത്തില്‍ പങ്കെടുത്തതിനുശേഷമുള്ള ആദ്യനാളുകളില്‍ ഞങ്ങള്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന ഒരു കറവപ്പശു രോഗത്തില്‍പ്പെട്ടു. ഡോക്ടര്‍ വന്ന് ഇന്ജക്ഷന് എടുത്തു. മരുന്നുകള്‍ മാറിമാറി കൊടുത്തു. പക്ഷേ ഒരു പ്രയോജനവും ഉണ്ടായില്ല. പശുവിന്റെ രോഗവും ക്ഷീണവും വര്‍ധിച്ചുവന്നു. അതുകൊണ്ട് ആയുര്‍വേദചികിത്സകള്‍ ആരംഭിച്ചു. കഷായം, കിഴി, കുഴമ്പ് എന്നിങ്ങനെയുള്ള ചികിത്സകളും നടത്തി. യാതൊരു മെച്ചവും ഉണ്ടായില്ല. ഇങ്ങനെ വിഷമിച്ച് ഒരു രാത്രി വ്യക്തിപരമായ പ്രാര്‍ത്ഥനയില്‍ ഈശോയോട് പരാതി പറഞ്ഞ് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ലഭിച്ച സന്ദേശം: 'വിശുദ്ധ അന്തോനീസിന്റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുക.' ജീവിതത്തില്‍ അന്നുവരെ ഞാന്‍ വിശുദ്ധ അന്തോനീസിന്റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചിട്ടില്ല. എന്നിരുന്നാലും സന്ദേശത്തില്‍ വിശ്വസിച്ചുകൊണ്ട് ഒരു സ്വര്‍ഗസ്ഥനായ പിതാവേ, ഒരു നന്മനിറഞ്ഞ മറിയമേ, ഒരു ത്രിത്വസ്തുതി എന്നീ പ്രാര്‍ത്ഥനകള്‍ ചൊല്ലി വിശുദ്ധ അന്തോനീസിന്റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചു, പശുവിന്റെ സൗഖ്യപ്രാപ്തിക്കായി. കൂടെ ഒരു നിബന്ധനയും വച്ചു, "ഞാന്‍ ഇപ്പോള്‍ അന്തോനീസ് പുണ്യവാന്റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ നാളെ രാവിലെ ഞാന്‍ പശുത്തൊഴുത്തില്‍ ചെന്ന് നോക്കുമ്പോള്‍ പശുവിന്റെ രോഗം പൂര്‍ണമായി മാറിയിരിക്കണം. എങ്കില്‍ ഞാന്‍ എന്റെ ജീവിതത്തില്‍ എന്നും വിശുദ്ധ അന്തോനീസിന്റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുന്നതും ഈ ഭക്തി പ്രചരിപ്പിക്കുന്നതുമാണ്." ഇപ്രകാരം കര്‍ത്താവിനോട് പറഞ്ഞതിനുശേഷം കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റ് തൊഴുത്തില്‍പ്പോയി നോക്കിയപ്പോള്‍ പശുവിന് ഇങ്ങനെയൊരു രോഗം ഉണ്ടായിട്ടുള്ളതിന്റെ ലക്ഷണംപോലും ഇല്ലാതെ സുഖമായി തൊഴുത്തില്‍ നില്ക്കുന്നു! ദൈവത്തിന് സ്തുതി. അന്നുമുതല്‍ ഇന്നുവരെ ഞാന്‍ വിശുദ്ധ അന്തോനീസിന്റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുന്നു. അതുപോലെതന്നെ എന്റെ വ്യക്തിജീവിതത്തില്‍ ഒരിക്കല്‍ ഒരു അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്ന സമയത്ത്, പരിശുദ്ധാരൂപി ഒരു സന്ദേശം തന്നു, ഈ അനുഗ്രഹം ലഭിക്കാനായി വിശുദ്ധ റീത്തായോട് 14 ദിവസം മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുക. റീത്താ പുണ്യവതി എന്ന് എനിക്ക് കേട്ടുകേള്‍വിമാത്രമാണ് ഉണ്ടായിരുന്നത്. ഏതായാലും അന്നുമുതല്‍ റീത്താ പുണ്യവതിയോട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. 14-ാം ദിവസം ആ ദൈവാനുഗ്രഹം ലഭിച്ചു. ദൈവത്തിന് സ്തുതി. വിശുദ്ധരോടുള്ള ഭക്തിയും മാധ്യസ്ഥ്യവുംവഴി ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ കഴിയും എന്ന് തിരുസഭാമാതാവ് നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ. ഇങ്ങനെ പ്രാപിച്ച ഏറെ പ്രാര്‍ത്ഥനാനുഭവങ്ങള്‍ ദീര്‍ഘസമയം പങ്കുവയ്ക്കാവുന്നതരത്തില് എനിക്കുണ്ടായിട്ടുണ്ട്. "നാലു ജീവികളും ഇരുപത്തിനാല് ശ്രേഷ്ഠന്മാരും കുഞ്ഞാടിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു. ഓരോരുത്തരും വീണയും വിശുദ്ധരുടെ പ്രാര്‍ത്ഥനകളാകുന്ന പരിമളദ്രവ്യം നിറഞ്ഞ സ്വര്‍ണക്കലശങ്ങളും കൈയിലേന്തിയിരുന്നു" (വെളിപാട് 5/8).
By: Jose Kappen
Moreഅടുത്തയിടെ ഒരു സാക്ഷ്യം കേട്ടു, അന്യമതത്തില്‍നിന്നും ഈശോയിലുള്ള വിശ്വാസത്തിലേക്ക് വന്ന ഒരു വ്യക്തിയുടെ സാക്ഷ്യം. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആയിരുന്നു അദ്ദേഹം. മതത്തിലോ ദൈവത്തിലോ ഒന്നും വിശ്വസിച്ചിരുന്നില്ല. ഒരു ചെറിയ നക്സലൈറ്റ് പ്രവര്ത്തകന്.പക്ഷേ കോളേജിലെ ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മയിലെ ചില സുഹൃത്തുക്കള്‍ നിരന്തരം ഈ യുവാവിന്റെ മാനസാന്തരത്തിന് വേണ്ടി സഹനങ്ങള്‍ എടുത്ത് പ്രാര്‍ത്ഥിച്ചിരുന്നു. അവര്‍ ഒരു ബൈബിളൊക്കെ സമ്മാനമായി കൊടുത്തെങ്കിലും, അത് വെറുതെ ഒരു മൂലയ്ക്ക് ഇട്ടിരിക്കുകയായിരുന്നു. ഒരു വര്‍ഷമെടുത്തു, അവരുടെ പ്രാര്‍ത്ഥനകള്‍ ഫലം കാണാന്‍. ചില പ്രശ്നമുഹൂര്ത്തങ്ങള് വന്നപ്പോള്‍, അദ്ദേഹത്തിന്റെ കണ്ണുകള്‍ മുറിയില്‍ ഒരു മൂലയില്‍ കിടന്ന ബൈബിളില്‍ ഉടക്കുകയും അതെടുത്ത് തുറന്ന് വായിക്കുകയും ചെയ്തു. പുസ്തകം വായിക്കുന്ന അനുഭവം ആയിരുന്നില്ലത്, മറിച്ച് സ്നേഹിക്കുന്ന ഒരു വ്യക്തി തന്നോട് സംസാരിക്കുന്ന അനുഭവമായിരുന്നു. തന്റെ പ്രയാസങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും കിറുകൃത്യം ഉത്തരം, ഒരാളിങ്ങനെ പറഞ്ഞ് തരുന്ന അനുഭവം! അങ്ങനെയാണ് വിശ്വാസത്തിലേക്ക് വന്നത്. പിന്നീട് ആറുവര്‍ഷത്തിന് ശേഷം മാമ്മോദീസാ സ്വീകരിച്ചു. വീട്ടില്‍നിന്ന് എതിര്‍പ്പ് ഉണ്ടായിരുന്നതുകൊണ്ടാണ് വൈകിയത്. ഞാന്‍ പറയാന്‍ വന്നത് ഇതൊന്നുമല്ല, അദ്ദേഹം പങ്കുവച്ച ഒരു സങ്കടമാണ്- ഏത് സുഹൃത്തുക്കള്‍ മൂലമാണോ താന്‍ വിശ്വാസത്തിലേക്ക് വന്നത്, അവരുടെ ഇന്നത്തെ അവസ്ഥ ദയനീയമാണത്രേ. ലൗകികമായ സുഖസൗകര്യങ്ങളും കൊച്ചുകൊച്ച് ആര്‍ഭാടങ്ങളും യുക്തിയില്ലാത്ത യുക്തിവാദവും അവരുടെ ഹൃദയങ്ങളെ, പ്രാര്‍ത്ഥനയില്‍നിന്നും ദൈവത്തില്‍നിന്നും അകറ്റി. പാവങ്ങള്‍!! ഇതുപോലത്തെ വീഴ്ചകള്‍ ഉണ്ടാകാതിരിക്കാനാണ് സുവിശേഷത്തില്‍ ഈശോ ശിഷ്യര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. വിജയകരമായി തങ്ങളുടെ സുവിശേഷദൗത്യം കഴിഞ്ഞ് വന്ന ശ്ലീഹന്മാരോട് ഈശോ പറയുകയാണ്, സന്തോഷിക്കാനുള്ള കാരണം മാറി പോകരുതെന്ന്. ”പിശാചുക്കള്‍ നിങ്ങള്‍ക്ക് കീഴടങ്ങുന്നു, എന്നതില്‍ നിങ്ങള്‍ സന്തോഷിക്കേണ്ടാ; മറിച്ച് നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍” (ലൂക്കാ 10/20). ആത്യന്തികലക്ഷ്യം മാറിപ്പോവുകയോ മറന്നു പോവുകയോ ചെയ്യരുതെന്ന് സാരം. ഇന്ന് എന്നിലൂടെ ദൈവം അത്ഭുതം പ്രവര്‍ത്തിച്ചേക്കാം. പക്ഷേ അതുകൊണ്ടുമാത്രം കാര്യമില്ല. മരണംവരെ വിശ്വസ്തതരായിരിക്കണം. വളരുംതോറും, ബുദ്ധിമാന്മാരായി നിനച്ച് മണ്ടന്മാരായി പോവാതിരിക്കാന്‍ ശ്രദ്ധ ചെലുത്തുന്നവരാവാം.
By: ഫാദർ ജോസഫ് അലക്സ്
Moreഐ.ടി രംഗത്തുള്ള ജോലിയുമായി ബന്ധപ്പെട്ട് പല സ്ഥാപനങ്ങളിലും പോവുക പതിവാണ്. അങ്ങനെയൊരു സന്ദര്‍ശനത്തിനായി കുറച്ചു നാളുകള്‍ക്കുമുമ്പ് എറണാകുളത്തിനുസമീപം നോര്‍ത്ത് പറവൂര്‍ ഇന്‍ഫന്റ് ജീസസ് സ്കൂളില്‍ ചെന്നു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്മിത സി.എം.സിയെയാണ് കാണേണ്ടിയിരുന്നത്. ഔദ്യോഗികമായി, ഐ.ടി ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. അല്പനേരം കഴിഞ്ഞപ്പോള്‍ സംസാരം ഞങ്ങള്‍ക്ക് ഇരുവര്‍ക്കും താത്പര്യമുള്ള ആത്മീയവിഷയങ്ങളിലേക്ക് നീങ്ങി. ഒരു മിഷനറിയായി മിഷന്‍പ്രദേശങ്ങളില്‍ ത്യാഗപൂര്‍വം ജീവിച്ചതിന്റെ വിശേഷങ്ങളാണ് ആദ്യം സിസ്റ്റര്‍ പങ്കുവച്ചത്. മിഷന്‍ജീവിതം അവസാനിപ്പിച്ച് കേരളത്തിലെത്തിയപ്പോള്‍ സിസ്റ്ററിന് ഈ സ്കൂളിന്റെ പ്രിന്‍സിപ്പല്‍സ്ഥാനം അധികാരികള്‍ നല്കി. ദൈവഹിതപ്രകാരം പുതിയ നിയോഗം ഏറ്റെടുത്ത് സേവനം തുടങ്ങിയ സമയത്താണ് കോവിഡ് കടന്നുവരുന്നത്. സ്കൂള്‍ തുറന്നുപ്രവര്‍ത്തിക്കാനാവാത്ത സാഹചര്യം. അധ്യാപകരും വിദ്യാര്‍ത്ഥികളും വീട്ടില്‍. ഓണ്‍ലൈന്‍ അധ്യാപനം മാത്രം നടന്നു. പക്ഷേ അധ്യാപകര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് സിസ്റ്ററിന് നിര്‍ബന്ധമായിരുന്നു. അവരുടെ വീടുകളില്‍ പട്ടിണിയുണ്ടാകരുതെന്നും കാര്യങ്ങള്‍ക്ക് മുടക്കമുണ്ടാകരുതെന്നും കരുതി. പല സ്ഥാപനങ്ങളിലും ശമ്പളം വെട്ടിക്കുറയ്ക്കുകയും ഇല്ലാതെവരികയുമൊക്കെ ചെയ്ത സമയമായിരുന്നല്ലോ അത്. പക്ഷേ ഇവിടെ സ്റ്റാഫിന് മുഴുവന്‍ ശമ്പളവും നല്കാന് തീരുമാനമെടുത്തപ്പോള്‍ അതിനുള്ള വഴികളും കര്‍ത്താവ് തുറന്നുകൊടുത്തുവെന്നായിരുന്നു സിസ്റ്ററിന്റെ സാക്ഷ്യം. അറ്റുപോയ വിരലും ഉണ്ണീശോയും ഇതെല്ലാം പങ്കുവച്ചുകഴിഞ്ഞ് സിസ്റ്റര്‍ മറ്റൊരു സംഭവത്തെക്കുറിച്ച് പറഞ്ഞു. ഒരിക്കല്‍ സ്കൂളില്‍ എല്‍.കെ.ജി- യു.കെ.ജി വിദ്യാര്‍ത്ഥികളുടെ ഒരു പരിപാടി നടക്കുന്ന സമയം. പരിപാടിക്കിടെ ഒരു അപകടം നടന്നു. ഒരു കുഞ്ഞിന്റെ കൈവിരല്‍ പകുതിയോളം അറ്റുപോയി. എല്ലാവരും പരിഭ്രാന്തിയിലായ നിമിഷങ്ങള്‍… അധ്യാപകര്‍ വേഗം കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു. താമസിയാതെ കുഞ്ഞിന്റെ രക്ഷിതാക്കള്‍ വന്നു. സാവധാനം, അപകടത്തെക്കുറിച്ച് അറിഞ്ഞ്, പുറത്തുനിന്നുള്ള ആളുകളും വരാന്‍ തുടങ്ങി. ആ അപകടം വര്‍ഗീയ പ്രശ്നമായി മാറുമോ എന്നുപോലും തോന്നുന്ന സാഹചര്യം, വലിയൊരു പ്രതിസന്ധി! അതിനിടെ ചില ആളുകള്‍ പ്രശ്നമുണ്ടാക്കാന്‍ തുടങ്ങി. സിസ്റ്റര്‍ സത്യാവസ്ഥ വിശദമാക്കാനും അവരെ അനുനയിപ്പിക്കാനും ശ്രമിച്ചെങ്കിലും അവര്‍ ശാന്തരായില്ല. ഈ പ്രശ്നങ്ങളുമായി മല്ലിട്ടുകൊണ്ടിരിക്കേയാണ് ആശുപത്രിയില്‍നിന്ന് ഡോക്ടേഴ്സ് പറഞ്ഞ വിവരം അറിയുന്നത്, ‘കുഞ്ഞിന്റെ അറ്റുപോയ പകുതിവിരല് നിശ്ചിതസമയത്തിനുള്ളില്‍ കിട്ടിയാല്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് പഴയതുപോലെ ആക്കാം.” പക്ഷേ നിര്‍ഭാഗ്യമെന്നു പറയട്ടെ, കുഞ്ഞിന്റെ വിരല്‍ കണ്ടുപിടിക്കാന്‍ പറ്റുന്നില്ല. അപകടം നടന്ന സ്ഥലത്തെല്ലാം അന്വേഷിച്ചിട്ടും വിരല്‍ കിട്ടുന്നില്ല. വലിയൊരു പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുകയാണ്. അവസാനം സിസ്റ്റര്‍ സ്വന്തം മുറിയില്‍ വന്നിരുന്നു. എന്തു ചെയ്യണമെന്ന് അറിയില്ല. മേശപ്പുറത്ത് ഉണ്ണീശോയുടെ ഒരു രൂപം ഇരിക്കുന്നുണ്ട്. സ്കൂള്‍തന്നെയും ഉണ്ണീശോയുടെ പേരിലുള്ളതാണല്ലോ- ഇന്‍ഫന്റ് ജീസസ് പബ്ലിക് സ്കൂള്‍. അതിനാല്‍ സിസ്റ്റര്‍ പറഞ്ഞു: ”ഉണ്ണീശോയേ, നിന്റെയാണ് സ്കൂള്‍, നീതന്നെ നോക്കിക്കോണം. അതുപോലെ ഈ കുഞ്ഞും നിന്റെയാണ്. എന്താന്നുവച്ചാല് നീ ചെയ്തോണം.” അതുപറഞ്ഞുകഴിഞ്ഞപ്പോള് പെട്ടെന്ന് സിസ്റ്ററിന് ഇങ്ങനെ തോന്നുകയാണ്. അപകടം നടന്ന സ്ഥലത്ത് ഒന്നുകൂടി ചെല്ലണം. സിസ്റ്റര്‍ അവിടെച്ചെന്ന് ഒരു മൂലയിലേക്ക് നോക്കിയപ്പോള്‍, ഉണ്ണീശോ എന്തോ ചൂണ്ടിക്കാണിക്കുന്നതുപോലെ സിസ്റ്ററിന് തോന്നി. നോക്കിയപ്പോള്‍ അവിടെയൊരു പേപ്പര്‍. അത് മാറ്റിയപ്പോഴുണ്ട് അതിനടിയില്‍ ആ കുഞ്ഞിന്റെ അറ്റുപോയ വിരല്‍!! ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് ഈ വിരലിന്റെ ഭാഗം ഉപയോഗിച്ച് പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ ഇനിയും സമയമുണ്ട്! അതോര്‍ത്തപ്പോള്‍ സിസ്റ്ററിന്റെ ഹൃദയം നന്ദിയും സന്തോഷവുംകൊണ്ട് നിറഞ്ഞു. അതിവേഗം ആ വിരലിന്റെ ഭാഗം അതേ പേപ്പറില്‍ത്തന്നെ പൊതിഞ്ഞെടുത്ത് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് വിരല്‍ പഴയതുപോലെ ആക്കുകയും സൗഖ്യത്തിലേക്ക് ആ കുഞ്ഞ് കടന്നുവരികയും ചെയ്തു. ഉണ്ണീശോയുടെ സ്കൂളല്ലേ..! ഉണ്ണീശോ ഇടപെട്ട മറ്റൊരു സംഭവവും സിസ്റ്റര്‍ പങ്കുവച്ചു. ഒരിക്കല്‍ സ്കൂള്‍ വിടുന്ന സമയത്ത് ഒരു കുഞ്ഞിനെ കാണാതെ പോയി. സങ്കടകരമാണെന്നുമാത്രമല്ല, സ്കൂളിന്റെ സല്‍പ്പേര് നഷ്ടപ്പെടാനും കാരണമായേക്കാവുന്ന സാഹചര്യം. അപ്പോഴും ഉണ്ണീശോയോട് സിസ്റ്റര്‍ പറഞ്ഞു, ”നിന്റെ സ്കൂളല്ലേ. എവിടെനിന്നായാലും കുഞ്ഞിനെ കണ്ടുപിടിച്ചു തന്നേക്കണം.” സ്കൂള്‍ ബസുകളെല്ലാം പോയി തിരികെ വരുന്നുണ്ട്. എല്ലാ ബസിലും നോക്കുന്നുണ്ടെങ്കിലും കുഞ്ഞിനെ കാണുന്നില്ല. ഒടുവില്‍ ഏറ്റവും അവസാനം ട്രിപ്പ് കഴിഞ്ഞ് തിരിച്ചുവന്ന ബസ് രണ്ടാം തവണയും പരിശോധിക്കുകയാണ്. അതാ പിന്‍സീറ്റിന്റെ മറവില്‍ ആ കുഞ്ഞ് ഒളിഞ്ഞിരിക്കുന്നു! അറിയാതെ കുഞ്ഞ് ഈ ബസില്‍ കയറിപ്പോയതാണ്. പേടിച്ച് ഒളിച്ചിരിക്കുകയായിരുന്നു. ഡ്രൈവര്‍ ആദ്യം നോക്കിയിട്ടൊന്നും കാണാതിരുന്നത് അതുകൊണ്ടാണ്. പ്രാര്‍ത്ഥനയോടെ രണ്ടാം തവണ നോക്കാന്‍ തോന്നിയത് വലിയൊരു അനുഗ്രഹമായി, കുഞ്ഞിനെ കണ്ടുകിട്ടി. തുടര്‍ന്ന് സിസ്റ്റര്‍ പറയുകയാണ്, ”ഉണ്ണീശോയുടെ കരങ്ങളില്‍ കൊടുത്ത ഒരു കാര്യവും ഉണ്ണീശോ ഈ സ്കൂളിന് നടത്തിത്തരാതിരുന്നിട്ടില്ല.” ആ സമയത്ത് എന്റെ മനസിലേക്ക് കടന്നുവന്നത് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന് പാപ്പ പറഞ്ഞ ഒരു വാക്യമാണ്, ”ഓരോ ക്രൈസ്തവ സ്ഥാപനങ്ങളും ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ളതാണ്.” എത്രയോ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ആ സ്ഥാപനത്തില്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടിയും പഠിപ്പിക്കുന്ന അധ്യാപകര്‍ക്കുവേണ്ടിയും മറ്റ് ജോലിക്കാര്‍ക്കു വേണ്ടിയും പ്രസ്തുത സ്ഥാപനത്തിന്റെ നാമഹേതുകവിശുദ്ധരുടെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാം. ക്രൈസ്തവസ്ഥാപനങ്ങള് ക്രിസ്തുവിനെ പ്രഘോഷിക്കാനും അതുവഴി അനേകര്‍ക്ക് അനുഗ്രഹം പകരാനുമുള്ളതാണെന്ന് മറക്കാതിരിക്കാം. ദൈവമഹത്വത്തിനായി ആ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കര്‍ത്താവുതന്നെ ആ സ്ഥാപനത്തിന്റെ കാര്യങ്ങള്‍ ഏറ്റെടുത്തുകൊള്ളും. സിസ്റ്റര്‍ സ്മിത പങ്കുവച്ച അനുഭവങ്ങള്‍ അതാണല്ലോ വ്യക്തമാക്കുന്നത്. വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ഓര്‍ക്കാം, ”കര്‍ത്താവ് എന്റെ ഭാഗത്തുണ്ടായിരുന്നു. എല്ലാ വിജാതീയരും കേള്‍ക്കത്തക്കവിധം വചനം പൂര്‍ണമായി പ്രഖ്യാപിക്കുവാന്‍ വേണ്ട ശക്തി അവിടുന്ന് എനിക്ക് നല്കി. അങ്ങനെ ഞാന്‍ സിംഹത്തിന്റെ വായില്‍നിന്നും രക്ഷിക്കപ്പെട്ടു. കര്‍ത്താവ് എല്ലാ തിന്മയില്‍നിന്നും എന്നെ മോചിപ്പിച്ച് തന്റെ സ്വര്‍ഗരാജ്യത്തിലേക്കായി എന്നെ കാത്തുകൊള്ളും. എന്നും എന്നേ ക്കും അവിടുത്തേക്ക് മഹത്വം! ആമ്മേന്‍” (2 തിമോത്തിയോസ് 4/17-18)
By: ജോര്‍ജ് ജോസഫ്
Moreമഠത്തില്‍ പലപ്പോഴായി കള്ളന് കയറുന്നു. ഒരിക്കല്‍ മോഷണശ്രമത്തിനിടെ ശബ്ദമുണ്ടായപ്പോള്‍ മദര്‍ റൊസെല്ലോ അത് കേട്ട് ഓടിച്ചെന്നു. കള്ളന് കലി കയറാതിരിക്കുമോ? മദറിനെ അയാള്‍ ആക്രമിച്ച് മുറിവേല്പിച്ചു. മറ്റ് സന്യാസിനികള്‍ ഓടിയെത്തിയപ്പോഴേക്കും കള്ളന് ഓടിരക്ഷപ്പെട്ടിരുന്നു. മുറിവേറ്റ മദറിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ട്. സന്യാസിനികള്‍ മുറിവിന് പരിചരണം നല്കി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മദര്‍ പറയുകയാണ്, ഞാന്‍ എനിക്ക് സംഭവിച്ചതിനെപ്രതിയല്ല കരയുന്നത്. ആ കള്ളന്റെ ആത്മാവിന്റെ കാര്യം ഓര്‍ത്തിട്ടാണ്. അന്ന് ആത്മാക്കളോടുള്ള സ്നേഹത്തെപ്രതി കരഞ്ഞ മദര്‍ റൊസെല്ലോയാണ് ഇന്നത്തെ വിശുദ്ധ റൊസെല്ലോ. ”ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു…” (2 പത്രോസ് 3/9).
By: Shalom Tidings
Moreമെജുഗോറിയയിലെ മരിയന്‍ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള വാര്‍ത്ത പത്രവും ടെലിവിഷനും റേഡിയോയും മുഖേന യുഗോസ്ലാവിയ ഒട്ടാകെ പടര്‍ന്നു. ദര്‍ശനങ്ങളുടെ സ്വാധീനം അങ്ങ് ദൂരെ ബെല്‍ഗ്രേഡ്, യൂഗോസ്ലാവിയയുടെ തലസ്ഥാനം വരെ മാറ്റൊലിയുണ്ടാക്കി. കമ്മ്യൂണിസ്റ്റുകാര്‍- അവരുടെ സമ്മര്‍ദത്തിന് തലകുനിക്കുവാന്‍ ഞങ്ങള്‍ കാണിച്ച വൈമുഖ്യവും അവരുടെ നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന ഭീതിയും നിമിത്തം ക്രോധംപൂണ്ട് എത്രയും വേഗം ഇവയെല്ലാം അടിച്ചമര്‍ത്താന്‍ തീരുമാനിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ പട്ടാളം ഗ്രാമത്തിലേക്ക് ഇരച്ചുകയറി. തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥനയില്‍ മുഴുകാന്‍ യത്നിക്കുമ്പോള്‍ അവര്‍ക്കു മീതെ ഹെലികോപ്റ്ററുകള്‍ ഇരമ്പി നീങ്ങി. ഭീമാകാരമായ ഒരു കടന്നല്‍ക്കൂട് ഇളക്കിയ പ്രതീതിയായിരുന്നു മെജുഗോറിയയില്‍. ഇപ്പോള്‍ ദര്‍ശകരുടെ വിസ്താരങ്ങള്‍ നടത്തിപ്പോന്നത് പ്രാദേശിക പോലീസായിരുന്നില്ല, മറിച്ച് കേന്ദ്ര പോലീസായിരുന്നു. വിസ്താരങ്ങള്‍ കൂടുതല്‍ തീവ്രവും ദൈര്‍ഘ്യമേറിയതും ആയി. ഞങ്ങള്‍ മുതിര്ന്നവരായിരുന്നെങ്കില്, കമ്മ്യൂണിസ്റ്റുകാര്‍ ഞങ്ങളെ നിഗൂഢമായ ഏതെങ്കിലും ഇരുണ്ട തടവറയില്‍ ഒതുക്കിയിരുന്നേനേ… അല്ലെങ്കില്‍ എന്റെ മുത്തശ്ശന് അന്തര്‍ദ്ധാനം ചെയ്തതു പോലെ ഞങ്ങളെയും കാണാതെ ആയേനേ… അതുകൊണ്ടുതന്നെ, എത്രമാത്രം ക്രൂരര്‍ ആയിരുന്നെങ്കില്‍ പോലും, കുട്ടികളെ തടവിലാക്കിയാല്‍ പൊതുജനരോഷം നേരിടേണ്ടി വരുമെന്ന് അവര്‍ക്കറിയാമായിരുന്നു. ഒരു നിലയ്ക്ക്, ഞങ്ങളുടെ യൗവനം ഞങ്ങള്‍ക്ക് സുരക്ഷ നല്കി. എന്നാലും, ഞങ്ങളെ ഭയപ്പെടുത്തുന്നതില്നിന്ന് അവരെ തടയുവാന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഭീതിജനകമായ അനുഭവങ്ങള്‍ക്കിടയിലും, ആവേശത്തിനും കാരണങ്ങളുണ്ടായിരുന്നു. എല്ലാ പ്രഭാതവും ഒരു പുതിയ സാഹസത്തിന്റെയോ ആശ്ചര്യത്തിന്റെയോ വാഗ്ദാനവുമായാണ് വന്നത്. ചിലപ്പോള്‍, ഒരേ വൈകുന്നേരം തന്നെ ഞങ്ങള്‍ പലവട്ടം നാഥയെ ദര്‍ശിക്കാനിടയായി. പോലീസുകാര്‍ നിരന്തരം ഞങ്ങളെ പിന്തുടരുകയും ഞങ്ങളുടെ ക്രമം തടസ്സപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. അതുകൊണ്ട് അവരില്‍നിന്ന് രക്ഷപ്പെടുവാന്‍ ഞങ്ങള്‍ നിരന്തരം സമാഗമസ്ഥലം മാറ്റിക്കൊണ്ടിരുന്നു. ഞങ്ങളിലൊരാളുടെ വീടിനു പുറകിലെ കാട്ടില്‍, കാടു കയറിയ ഒരു വയലിന്റെ നടുവില്‍, ഒരു തണല്മരത്തോട്ടത്തില്- എന്തുകൊണ്ടോ പ്രകൃതിയുടെ ഏകാന്തതയില്‍ നാഥയുടെ ദര്‍ശനങ്ങള്‍ അനുഭവിക്കുന്നത് സമുചിതമായി തോന്നി. വര്‍ഷങ്ങള്‍ക്കു ശേഷം, ഒരു സന്ദേശത്തില്‍ നാഥ പറയുകയുണ്ടായി, ”ഇന്ന് ഞാന്‍ നിങ്ങളെ പ്രകൃതിയെ നിരീക്ഷിക്കുവാന്‍ ക്ഷണിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവിടെ നിങ്ങള്‍ ദൈവത്തെ കണ്ടുമുട്ടും.” വേറെ ഒരു സന്ദേശത്തില്‍, ”പ്രകൃതിയുടെ വര്‍ണ്ണങ്ങളില്‍ സ്രഷ്ടാവായ ദൈവത്തിന് മഹത്വം നല്കുവാന് ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. ഏറ്റവും ചെറിയ ഒരു പുഷ്പത്തില്ക്കൂടിപ്പോലും ദൈവം തന്റെ സൗന്ദര്യത്തെപ്പറ്റിയും തന്റെ സ്നേഹത്തിന്റെ ആഴത്തെപ്പറ്റിയും നമ്മളോട് സംസാരിക്കുന്നു.” 1981 ഓഗസ്റ്റ് 2ന്, നാഥ സാധാരണ സമയത്ത് പ്രത്യക്ഷപ്പെട്ടിട്ട് ആ വൈകുന്നേരം വീണ്ടും നാഥയെ കാത്തിരിക്കുവാന് ആവശ്യപ്പെട്ടു. ആദ്യകാലത്തുള്ള പല ദര്‍ശനങ്ങളുടെയും, ഇതിന്റെയും, ഓര്‍മ്മകള്‍ എനിക്ക് വ്യക്തമല്ല. എന്നാല്‍ നാഥ ഇങ്ങനെ പറഞ്ഞുവെന്ന് മരിയ രേഖപ്പെടുത്തി, ”നിങ്ങള്‍ എല്ലാവരും ഒരുമിച്ച് ഗുമ്നോയിലെ പുല്‍ത്തകിടിയില്‍ പോകൂ. ഒരു ഭയാനകമായ യുദ്ധം വിവൃതമാക്കപ്പെടുവാന് പോവുകയാണ്- എന്റെ മകനും സാത്താനും തമ്മിലുള്ള യുദ്ധം. മനുഷ്യാത്മാക്കള്‍ സന്ദിഗ്ധ സ്ഥിതിയിലാണ്.” അന്നുതന്നെ വൈകിട്ട്, ഞങ്ങള്‍ എന്റെ അങ്കിളിന്റെ വീടിന് സമീപം ഗുമ്നോ എന്നറിയപ്പെടുന്ന പ്രദേശത്തേക്കു പുറപ്പെട്ടു. ഞങ്ങളുടെ ഭാഷയില്‍ ഗുമ്നോ എന്നാല്‍ മെതിക്കളം എന്നാണ്്. ഏകദേശം നാല്‍പ്പത് ആളുകള്‍ ഞങ്ങളോടൊപ്പം ഗുമ്നോയില് സമ്മേളിച്ചു. അവിടുത്തെ ചുമന്ന മണ്ണില്‍ മുട്ടുകുത്തി നിന്നപ്പോള്‍ ചീവീടുകള്‍ ചിലയ്ക്കുന്നതും കൊതുകുകള്‍ മുഖത്തിനു ചുറ്റും മൂളിക്കൊണ്ട് പാറി നടക്കുന്നതും കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ പ്രതീക്ഷയോടെ പ്രാര്‍ത്ഥനയില്‍ മുഴുകി നിന്നു. പെട്ടെന്ന് നാഥ പ്രത്യക്ഷപ്പെട്ടു. ആളുകളില്‍ ചിലര്‍ അവര്‍ക്കു നാഥയെ സ്പര്‍ശിക്കാമോ എന്ന് ചോദിച്ചു. ഞങ്ങള്‍ അവരുടെ ആവശ്യം അവതരിപ്പിച്ചപ്പോള്‍ ആര്‍ക്കൊക്കെ ആണോ സ്പര്‍ശിക്കേണ്ടത് അവര്‍ക്കു തന്നെ സമീപിക്കാമെന്ന് നാഥ പറഞ്ഞു. ഒന്നൊന്നായി, ഞങ്ങള്‍ ആളുകളുടെ കൈയില്‍ പിടിച്ച് അവരെ നാഥയുടെ വസ്ത്രത്തില്‍ സ്പര്‍ശിക്കുന്നതിനായി വഴികാട്ടി. ഞങ്ങള്‍ക്ക് അത് വിചിത്രമായ ഒരനുഭവമായിരുന്നു- ഞങ്ങള്‍ക്ക് മാത്രമേ നാഥയെ കാണുവാന്‍ സാധിക്കുന്നുള്ളൂ എന്നത് ഉള്‍ക്കൊള്ളുവാന്‍ പ്രയാസമായിരുന്നു. ഞങ്ങളുടെ വീക്ഷണത്തില്‍, നാഥയെ തൊടുവാനായി ആളുകളെ വഴികാട്ടുന്നത് അന്ധരെ നയിക്കുന്നത് പോലെയായിരുന്നു. അവരുടെ പ്രതികരണങ്ങള്‍ മനോഹരമായിരുന്നു, പ്രത്യേകിച്ചും കുട്ടികളുടെ. മിക്ക ആളുകള്‍ക്കും എന്തോ അനുഭവം ഉണ്ടായതുപോലെ തോന്നി. വളരെ കുറച്ചു പേര് വൈദ്യുതി കടന്നു പോകുന്നത് പോലെയുള്ള അനുഭൂതി രേഖപ്പെടുത്തി. മറ്റുള്ളവര്‍ വികാരനിര്‍ഭരരായി കാണപ്പെട്ടു. എന്നാല്‍ കൂടുതല്‍ ആളുകള്‍ നാഥയെ സ്പര്ശിച്ചപ്പോള്, നാഥയുടെ വസ്ത്രത്തില്‍ കറുത്ത പാടുകള്‍ രൂപപ്പെടുന്നത് ഞാന്‍ ശ്രദ്ധിച്ചു. ആ പാടുകളെല്ലാം കട്ടപിടിച്ചു കരിനിറത്തില്‍ വലിയ കറയായിമാറി. അത് കണ്ടതും ഞാന്‍ കരഞ്ഞു. ”നാഥയുടെ വസ്ത്രം!” മരിയയും നിലവിളിച്ചു. ഒരിക്കലും കുമ്പസാരിച്ചിട്ടില്ലാത്ത പാപങ്ങളെ ആ കറകള്‍ സൂചിപ്പിക്കുന്നുവെന്ന് നാഥ വിശദീകരിച്ചു. പെട്ടെന്ന് നാഥ അപ്രത്യക്ഷയായി. കുറച്ചുനേരം പ്രാര്‍ത്ഥിച്ചതിനുശേഷം, ഞങ്ങള്‍ ആ ഇരുട്ടില്‍ അവിടെ നിന്ന് ഞങ്ങള്‍ കണ്ടതൊക്കെ ആളുകളോട് വിവരിച്ചു. അവരും ഞങ്ങളുടെ അത്രത്തോളം തന്നെ അസ്വസ്ഥരായി. അവിടെയുള്ളവര്‍ എല്ലാവരും തന്നെ കുമ്പസാരത്തിനു പോകണമെന്ന് ആരോ നിര്‍ദേശം മുന്നോട്ടു വച്ചു. അടുത്ത ദിവസം, അനുതപിച്ചു ഗ്രാമീണര്‍ പുരോഹിതരുടെ പക്കലേക്കു പ്രവഹിച്ചു. ദിവസേനയുള്ള ഈ കൂടിക്കാഴ്ചകളില്‍ നാഥ പ്രാര്‍ത്ഥന, ഉപവാസം, കുമ്പസാരം, ബൈബിള്‍ വായന, വിശുദ്ധ കുര്‍ബാന സ്വീകരണം എന്നീ കാര്യങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. പിന്നീട്, ആളുകള്‍ ഇവ നാഥയുടെ ‘പ്രധാന സന്ദേശങ്ങള്‍’ ആയി തിരിച്ചറിഞ്ഞു. അഥവാ, ഫാ. യോസോ അവയെ വിശേഷിപ്പിച്ചതു പോലെ, നാഥയുടെ ‘അഞ്ചു കല്ലുകള്‍.’ നാഥ നമ്മളോടു പ്രാര്‍ത്ഥിക്കുവാനും ഉപവസിക്കുവാനും പറയുമ്പോളും, അതിന് അതിനാല്‍ത്തന്നെ യാതൊരു പ്രയോജനവും ഇല്ല. വിശ്വാസം ജീവിക്കുന്നതിന്റെ ഫലം, സ്നേഹമാണ്. നാഥ തന്റെ ഒരു സന്ദേശത്തില്‍ പറഞ്ഞതുപോലെ, ”എല്ലാത്തിലുമുപരി തന്റെ കുട്ടികളെ സ്നേഹിക്കുന്ന ഒരമ്മയെന്ന പോലെ ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നു. എന്റെ കുട്ടികളേ, ഞാന്‍ നിങ്ങളെ സ്നേഹിക്കുവാന്‍ പഠിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.” നാഥയുടെ സ്വര്‍ഗ്ഗീയമായ സൗന്ദര്യം ആദ്യം മുതല്‍ തന്നെ ഞങ്ങളുടെ മനം കവര്‍ന്നിരുന്നു. ഒരു ദിവസം, പ്രത്യക്ഷീകരണത്തിനിടയില്‍, ഞങ്ങള്‍ നാഥയോടു ബാലിശമായ ഒരു ചോദ്യം ചോദിച്ചു: ”നാഥ ഇത്ര സൗന്ദര്യവതി ആയിരിക്കുന്നത് എങ്ങനെയാണ്?” നാഥ മൃദുവായി പുഞ്ചിരിച്ചു. ”ഞാന്‍ സൗന്ദര്യവതി ആയിരിക്കുന്നത് ഞാന്‍ സ്നേഹിക്കുന്നതിനാലാണ്,” നാഥ പറഞ്ഞു. ”നിങ്ങളും സൗന്ദര്യം ആഗ്രഹിക്കുന്നുവെങ്കില്‍, സ്നേഹിക്കുവിന്‍.” നാം ഉള്ളില്‍ വിശുദ്ധി പാലിക്കുന്നുണ്ടെങ്കില്‍, ഹൃദയം മുഴുവന്‍ സ്നേഹം നിറച്ചെങ്കില്‍, പുറത്തും നമ്മള് സൗന്ദര്യമുള്ളവരാകും. ആ രീതിയിലുള്ള സൗന്ദര്യമാണ് നാഥ നമുക്കും ആഗ്രഹിക്കുന്നത്. പരിശുദ്ധ കന്യകയുമായുള്ള ദൈനംദിന കൂടിക്കാഴ്ച്ചകളില്‍ നിന്നും, നാഥയ്ക്ക് മെജുഗോറിയയെക്കുറിച്ചുള്ള പദ്ധതികള്‍ ആ ഗ്രാമത്തിനു വേണ്ടിയോ, യുഗോസ്ലാവിയ മുഴുവനും വേണ്ടിയോ മാത്രം പരിമിതമല്ലെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഭൂമി മുഴുവന്‍ പരിവര്‍ത്തനം കൊണ്ടുവരാനാണ് നാഥ വന്നിരിക്കുന്നത്.
By: മിര്യാനാ സോള്‍ഡോ
More