Home/Encounter/Article

ജനു 30, 2020 1763 0 Shalom Tidings
Encounter

സ്രഷ്ടാവും മനുഷ്യമസ്തിഷ്കവും

ജനിച്ചപ്പോള്‍മുതല്‍ ഏകാന്തദ്വീപില്‍ മറ്റാരുമായും ബന്ധമില്ലാതെ ജീവിച്ചാലും ഒരു മനുഷ്യവ്യക്തിയില്‍ ജൈവികമായിത്തന്നെ അതീന്ദ്രിയമായതിനോട് ആകര്‍ഷണമുണ്ടാകും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ദൈവം മനുഷ്യനെ തന്നിലേക്ക് ആകര്‍ഷിക്കുന്ന വിധത്തിലാണ് മസ്തിഷ്കം തയാറാക്കിയിരിക്കുന്നത് എന്നതാണ് അതിന് കാരണം. അതിനാല്‍ത്തന്നെ തന്‍റെ സ്രഷ്ടാവിനെ തിരിച്ചറിയാന്‍ അതിന് കഴിയും. സ്വാഭാവികമായി മനുഷ്യമസ്തിഷ്കത്തിന് തന്‍റെ സ്രഷ്ടാവിന് തിരിച്ചറിയാന്‍ കഴിവുണ്ടെന്നിരിക്കിലും ഘടനാപരമായ ചില മാറ്റങ്ങള്‍ ചിലരെ ദൈവനിഷേധത്തിലേക്ക് നയിച്ചേക്കാം എന്നും പഠനങ്ങള്‍ പറയുന്നു.

അമേരിക്കയിലെ കേസ് വെസ്റ്റേണ്‍ റിസര്‍വ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ 2016-ല്‍ നടന്ന പഠനം ഉദാഹരണമാണ്. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികളുമായി ചേര്‍ന്ന് ഇവര്‍ നടത്തിയ പഠനത്തിന്‍റെ ഫലം വളരെ കൗതുകകരമായിരുന്നു. ദൈവവിശ്വാസികളുടെയും നിരീശ്വരവാദികളുടെയും മസ്തിഷ്ക ഘടനയുടെ താരതമ്യപഠനമാണ് നടത്തിയത്. താരതമ്യപഠനത്തെക്കുറിച്ച് പറയുംമുമ്പ് മനുഷ്യമസ്തിഷ്കത്തിന്‍റെ ഘടനയെക്കുറിച്ച് ചില വിവരങ്ങള്‍ അറിഞ്ഞിരിക്കണം.

മസ്തിഷ്കത്തിന്‍റെ ഇടത് അര്‍ധഗോളം അനലിറ്റിക്കല്‍, ഭാഷാപരം, ശാസ്ത്രീയം, ഗണിതപരം, സാങ്കേതികം തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ചിന്തകള്‍ക്കായുള്ളതാണ്. എന്നാല്‍ വലത് അര്‍ധഗോളമാകട്ടെ സാഹിത്യപരം, കാവ്യാത്മകം, മിസ്റ്റിക്കല്‍, മതാത്മകം, അവബോധജന്യം തുടങ്ങിയ വിഭാഗങ്ങളിലുള്ള ചിന്തകള്‍ക്കായുള്ളതാണ്.

ഇവ രണ്ടും തമ്മില്‍ ക്രിയാത്മകമായ ഒരു സംഘര്‍ഷം നിരന്തരം നടക്കുന്നുണ്ട്. Empathetic Neural Network, Analytical Neural Network എന്നിങ്ങനെയാണ് ഈ രണ്ട് ശ്യംഖലകള്‍ അറിയപ്പെടുന്നത്. സാഹചര്യത്തിനനുസരിച്ച് ഇതില്‍ ഒരു നെറ്റ്‌വർക്ക് മുന്‍തൂക്കം നേടുകയും അതിനനുസരിച്ച് ഒരു സാഹചര്യത്തോട് ആ വ്യക്തി പ്രതികരിക്കുകയും ചെയ്യും.

ഉദാഹരണമായി, ഒരു യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട് മറ്റൊരാള്‍ വീണുകിടക്കുന്നതായി ഒരു വ്യക്തി കാണുന്നു എന്നിരിക്കട്ടെ. അനലിറ്റിക്കല്‍ ന്യൂറല്‍ നെറ്റ്‌വർക്ക് ഉപയോഗിച്ച് ചിന്തിക്കുന്ന പക്ഷം അയാള്‍ മദ്യപിച്ച് വീണതായിരിക്കാം എന്ന് കരുതി സഹായം നിഷേധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ എംപതെറ്റിക് ന്യൂറല്‍ നെറ്റ്വര്‍ക്ക് ആ സമയത്ത് മുന്‍തൂക്കം നേടണം. അങ്ങനെയെങ്കില്‍ കാരണം എന്തുതന്നെയായിരുന്നാലും നിസഹായനായി കിടക്കുന്ന ആളെ സഹായിക്കണം എന്ന ചിന്തയിലേക്ക് ഈ വ്യക്തി എത്തിച്ചേരും. ഇതിനെയാണ് സാഹചര്യത്തിനനുസരിച്ച് മുന്‍തൂക്കം നേടുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാല്‍ സാഹചര്യമനുസരിച്ച് അനുയോജ്യമായ നെറ്റ്‌വർക്ക് മുന്‍തൂക്കം നേടാത്ത തരത്തിലുള്ള മസ്തിഷ്കഘടനയാണ് നിരീശ്വരവാദികളില്‍ കാണപ്പെട്ടത്. ഇക്കാരണത്താലായിരിക്കാം അങ്ങനെയുള്ളവര്‍ക്ക് സ്രഷ്ടാവിനെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നത് എന്ന് ഊഹിക്കാം. മസ്തിഷ്കമുണ്ടെങ്കില്‍ മതാത്മകതയുമുണ്ടാകും എന്ന് ന്യൂറോതിയോളജിസ്റ്റുകള്‍ പറയുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറയുന്നതില്‍ യുക്തിയില്ല എന്നതാണ് ഇതില്‍നിന്ന് മനസിലാവുന്നത്.

തിരുവചനം പറയുന്നത് ശരിവയ്ക്കുകയാണ് ശാസ്ത്രം: “ദൈവത്തെക്കുറിച്ച് അറിയാന്‍ കഴിയുന്നവയെല്ലാം അവര്‍ക്ക് വ്യക്തമായി അറിയാം. ദൈവം അവയെല്ലാം അവര്‍ക്ക് വെളിപ്പെടുത്തിയിട്ടുണ്ട്” (റോമാ 1: 19).

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles