Home/Encounter/Article

ജനു 30, 2020 2531 0 Shalom Tidings
Encounter

സ്നേഹചുംബനം = പാപമോചനം!

പാപങ്ങളുടെ മോചനത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ എനിക്കറിയില്ല. എങ്കിലും പരമകാരുണ്യവാനായ ദൈവം എന്‍റെ ജീവിതവുമായി ബന്ധ
പ്പെടുത്തി തീര്‍ത്തും സാധാരണക്കാരിയും ബലഹീനയും പാപിനിയുമായ എനിക്ക് വെളിപ്പെടുത്തിയതും അതില്‍നിന്ന് മനസ്സിലായതുമായ വിവിധ മാര്‍ഗ്ഗങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു.

സ്നേഹത്തിന്‍റെ മാര്‍ഗം

ഒരിക്കല്‍ എനിക്ക് യേശുവിന്‍റെ വളരെ മനോഹരമായ ഒരു ചിത്രം കിട്ടി. ആ ചിത്രത്തിലെ യേശുവിനെ നോക്കി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് ഹൃദയം സ്നേഹവും അനുതാപവും കൊണ്ട് നിറഞ്ഞു. ഞാന്‍ യേശുവിന് കുറെ ചുംബനം കൊടുത്തു. അപ്പോള്‍ യേശുവിന്‍റെ സ്വരം, “നിന്‍റെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.”

എനിക്ക് അത്ഭുതമായി. ഞാന്‍ ചോദിച്ചു, “ഈശോയേ, എന്‍റെ പാപങ്ങള്‍ ക്ഷമിക്കണമെന്ന് ഞാനിപ്പോള്‍ ആവശ്യപ്പെട്ടില്ലല്ലോ. പിന്നെ എന്തുകൊണ്ടാണ് എന്‍റെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് അങ്ങ് പറഞ്ഞത്?”

യേശു പറഞ്ഞു, “നീ ബൈബിള്‍ എടുത്ത് ലൂക്കാ 7: 36 -48 വരെ വായിക്കുക.” ഞാന്‍ ബൈബിള്‍ എടുത്തു വായിച്ചു.യേശു ഒരു ഫരിസേയന്‍റെ വീട്ടില്‍ ഭക്ഷ
ണത്തിനിരിക്കെ പാപിനിയായ സ്ത്രീ അവിടുത്തെ പാദങ്ങള്‍ കണ്ണീരുകൊണ്ട് കഴുകി, സുഗന്ധതൈലം പൂശി ചുംബിച്ച സംഭവമാണ് അവിടെ വിവരിക്കുന്നത്. ഒടുവില്‍ യേശു ഇപ്രകാരം പറയുന്നു:

“ഞാനിവിടെ പ്രവേശിച്ചതുമുതല്‍ എന്‍െറ പാദങ്ങള്‍ ചുംബിക്കുന്നതില്‍നിന്ന് ഇവള്‍ വിരമിച്ചിട്ടില്ല. നീ എന്‍റെ തലയില്‍ തൈലം പൂശിയില്ല, ഇവളോ എന്‍െറ പാദങ്ങളില്‍ സുഗന്ധതൈലം പൂശിയിരിക്കുന്നു. അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്നേഹിച്ചു. ആരോട് അല്‍പം ക്ഷമിക്കപ്പെടുന്നുവോ അവന്‍ അല്‍പം സ്നേഹിക്കുന്നു.

അവന്‍ അവളോടു പറഞ്ഞു: നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.”

ഇത്രയും വായിച്ച് നിര്‍ത്തി ഞാന്‍ യേശുവിന്‍റെ മുഖത്തേക്ക് നോക്കി. യേശു പറഞ്ഞു, “അതുതന്നെയാണ് ഇപ്പോള്‍ ഇവിടെയും സംഭവിച്ചത്. നീ ബൈബിള്‍ വെറുതെ വായിച്ച് പേജ് മറിച്ച് വിടുക മാത്രം ചെയ്യുന്നു, ഒന്നും മനസ്സിലാകുന്നില്ല. ദൈവത്തിന്‍റെ മനസ്സ് അറിയാന്‍ വേണ്ടി നീ ബൈബിള്‍ വായിക്കുക.”

സ്നേഹം നിരവധി പാപങ്ങളെ മറയ്ക്കുന്നു (1 പത്രോസ് 4:8).

ഇവിടെ പറയുന്നത് നാം അറിഞ്ഞതും അറിയാത്തതുമായ ലഘുപാപങ്ങളുടെ മോചനത്തിനുള്ള ഒരു മാര്‍ഗത്തെക്കുറിച്ചാണ്. മറ്റ് മാര്‍ഗങ്ങളെക്കുറിച്ച് പിന്നീട് എഴുതാം. ദൈവത്തോടൊപ്പം സമയം ചെലവഴിക്കുക, അവിടുത്തെ ചുംബിച്ചുകൊണ്ട് സ്നേഹം പ്രകടിപ്പിക്കുക, സംസാരിക്കുക, ദൈവസ്നേഹപ്രകരണങ്ങള്‍ ചൊല്ലുക, ദൈവത്തോടുള്ള സ്നേഹത്തെ പ്രതി ദൈവത്തിന്‍റെ ആഗ്രഹങ്ങള്‍ മനസ്സിലാക്കി ഓരോ പ്രവൃത്തിയും കാഴ്ചവയ്ക്കുക, അവിടുത്തെ ഹിതം നിറവേറ്റുക ഇങ്ങനെയൊക്കെ ദൈവത്തോടുള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കാന്‍ നമുക്ക് സാധിക്കും.

യേശു തുടര്‍ന്നു, “എന്‍റെ മകളേ, പ്രഥമവും പ്രധാനവുമായ കല്‍പ്പന ദൈവത്തെ സ്നേഹിക്കുക എന്നതാണ്. ദൈവസ്നേഹത്താല്‍ പ്രേരിതമായി മാത്രം പരസ്നേഹ പ്രവൃത്തികള്‍ ചെയ്യുക. ദൈവസ്നേഹത്താല്‍ പ്രേരിതമല്ലാത്ത പരസ്നേഹപ്രവൃത്തി വെള്ളത്തില്‍ വരച്ച വര പോലെയാണ്. ദൈവസ്നേഹത്താല്‍ പ്രേരിതമായ പുണ്യപ്രവൃത്തികള്‍ ചെയ്യുവിന്‍. അല്ലാത്തത് എനിക്ക് സ്വീകാര്യമല്ല. കാരണം അത് എനിക്ക് മലിനവസ്ത്രം പോലെയാണ് (ഏശയ്യാ 64:6). ദൈവസ്നേഹത്തില്‍ ആഴപ്പെടുന്നതനുസരിച്ച് സകല ദൈവിക പുണ്യങ്ങളും താനേ നിന്നില്‍ വന്നുചേര്‍ന്നുകൊള്ളും. കാരണം സകല ദൈവിക പുണ്യങ്ങളുടെയും ഉറവിടം ദൈവമാണ്. ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കാണ് സര്‍വ്വവും വാഗ്ദാനം ചെയ്തിരിക്കുന്നത്. ദൈവസ്നേഹത്തില്‍ ആഴപ്പെടുന്നതനുസരിച്ച് നിന്‍റെ പാപങ്ങള്‍ മായ്ക്കപ്പെടും.”

അപ്പോള്‍ എനിക്ക് വേറൊരു സംശയം തോന്നി, “ഈശോയേ, ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ. ചില കുടുംബങ്ങളിന്‍മേലുള്ള പാപ ശാപ ബന്ധനങ്ങളില്‍നിന്നും എങ്ങനെയാണ് അവര്‍ക്ക് മോചനം പ്രാപിക്കാന്‍ സാധിക്കുന്നത്? അവര്‍ എത്ര പ്രാര്‍ത്ഥിച്ചിട്ടും പരിഹാരം ചെയ്തിട്ടും അവര്‍ ഇപ്പോഴും ദുരിതങ്ങള്‍ അനുഭവിക്കുന്നു.”

യേശു പറഞ്ഞു, “നിന്‍റെ പ്രാര്‍ത്ഥനയും പരിഹാരവുംപോലും എന്നോടുള്ള സ്നേഹത്തെപ്രതി ആയിരിക്കണം. ദൈവസ്നേഹത്തില്‍ ആഴപ്പെടുന്നതനുസരിച്ചായിരിക്കും നിങ്ങളുടെ വിശുദ്ധീകരണം നടക്കുക. കാരണം സ്നേഹം സ്നേഹത്തോടു മാത്രമേ ചേരുകയുള്ളൂ. ദൈവസ്നേഹത്തില്‍ ആഴപ്പെടുന്നതനുസരിച്ചായിരിക്കും, അതായത് എന്ന് നിങ്ങള്‍ എന്നെ ആത്മാര്‍ഥമായി സ്നേഹിക്കാന്‍ തുടങ്ങുന്നുവോ അന്നുതൊട്ടായിരിക്കും, നിങ്ങളുടെമേല്‍ ഉള്ള എല്ലാ പാപശാപ ബന്ധനങ്ങളില്‍നിന്നും മോചനം ലഭിക്കാന്‍ തുടങ്ങുക.”

പലപ്പോഴും വിശുദ്ധര്‍ തങ്ങളുടെ ഏറ്റവും ചെറിയ പ്രവൃത്തിപോലും ദൈവസ്നേഹത്തെപ്രതി ചെയ്യുമ്പോള്‍ ധാരാളം ആത്മാക്കളുടെ രക്ഷയ്ക്ക് കാരണമായതായി വായിച്ചിട്ടുണ്ട്. എന്നാല്‍ അതുപോലെ വിശുദ്ധരെ അനുകരിച്ച് ഞാന്‍ ദൈവത്തോടുള്ള സ്നേഹത്തെപ്രതി ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ആത്മാക്കളെ രക്ഷിക്കാന്‍ കഴിയുന്നതായി എനിക്ക് തോന്നിയിട്ടില്ല. ഇവിടെയാണ് എനിക്ക് തെറ്റ് പറ്റിയത്. ഞാന്‍ എന്‍റെ സ്നേഹംതന്നെയാണ് ദൈവത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ വിശുദ്ധരാകട്ടെ യേശുവിന്‍റെ സ്നേഹമാണ് ദൈവത്തിന് സമര്‍പ്പിച്ചിരുന്നത്. ഇതുമൂലമാണ് അവര്‍ക്ക് ധാരാളം ആത്മാക്കളെ രക്ഷിക്കാന്‍ സാധിച്ചതും.

വിശുദ്ധ കൊച്ചുത്രേസ്യ പറയുന്നു, ‘അങ്ങെന്നെ സ്നേഹിക്കുന്നതിനോടൊപ്പം അങ്ങേയ്ക്ക് പ്രതിസ്നേഹം നല്‍കുവാന്‍ അങ്ങയുടെ സ്നേഹംതന്നെ എനിക്ക് വേണ്ടിയിരിക്കുന്നു.

‘നാം കരുണക്കൊന്ത ചൊല്ലുമ്പോള്‍ ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെപ്രതി നമ്മോടു കരുണ ആയിരിക്കണമെന്നാണ് പ്രാര്‍ത്ഥിക്കുന്നത്; നമ്മുടെ സഹനങ്ങളെപ്രതി കരുണ കാണിക്കണമെന്നല്ല. യേശുവിന്‍റെ യോഗ്യതകളാണ് നാം പിതാവിന് കാഴ്ചവയ്ക്കേണ്ടത്. പരിശുദ്ധ അമ്മ പറയുന്നു, ‘എന്‍റെ മകളേ, എന്‍റെ പുത്രന്‍ യേശുവിന്‍റെ ഹൃദയം കൊണ്ട് പരിശുദ്ധ ത്രിത്വത്തെ നീ സ്നേഹിക്കുക.’

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏറ്റവും പരിശുദ്ധ ത്രിത്വമേ ഈശോയുടെ തിരുഹൃദയത്തിലെ അനന്തമായ സ്നേഹം പരിശുദ്ധ അമ്മയുടെ വിമല ഹൃദയം വഴി ഞാന്‍ കാഴ്ചവയ്ക്കുന്നു. സ്നേഹത്തിന്‍റെ സത്തയായപരിശുദ്ധാത്മാവേ എന്നില്‍ വന്ന് നിറയണമേ, ആത്മാക്കളെ രക്ഷിക്കണമേ, ആമ്മേന്‍.

സ്വര്‍ഗ്ഗം വെളിപ്പെടുത്തിയ പ്രാര്‍ത്ഥന എന്നാണ് ഞാന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. പ്രാര്‍ത്ഥന എന്നത് ഒരു സ്നേഹപ്രവൃത്തി ആയതിനാല്‍ ഈ പ്രാര്‍ത്ഥന കല്‍പ്പനകളുടെ പൂര്‍ത്തീകരണമാണ്. ഇതില്‍ ദൈവസ്നേഹവും പരസ്നേഹവും അടങ്ങിയിരിക്കുന്നു. ആയതിനാല്‍ പാപങ്ങളുടെ മോചനത്തിനും കടങ്ങളുടെ പൊറുതിക്കും കാരണമായിത്തീരുന്നു. ഇത് നിരന്തരം സുകൃതജപമായി ചൊല്ലിയാല്‍ പാപശാപബന്ധനങ്ങളില്‍നിന്നും മോചനം പ്രാപിക്കാന്‍ സാധിക്കും.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles