Trending Articles
‘സവിശേഷമായ ഒരു കഴിവും ഇല്ലാത്തവനാണ് ഞാന്‍, എനിക്കൊന്നും ഒരു നല്ല ഭാവി ഇല്ല…’ എന്ന് ചിന്തിക്കാറുണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഇത് വായിക്കണം’
കോളേജ് പഠനകാലത്തെ ഒരു അനുഭവം ഇപ്രകാരമാണ്. കമ്പ്യൂട്ടര്‍ അപ്ലിക്കേഷനില്‍ പി.ജി ചെയ്യുന്ന കാലം. ക്ലാസ്സില്‍ പലതരം വിദ്യാര്‍ത്ഥികള്‍ ഉണ്ട്. പഠനത്തില്‍ വളരെ സമര്‍ത്ഥരായവര്‍, ശരാശരി വിദ്യാര്‍ത്ഥികള്‍, പിന്നെ വളരെ ‘ഓര്‍ഡിനറി’ അഥവാ സാധാരണക്കാരായ വിദ്യാര്‍ത്ഥികളും. ഇതില്‍ ‘ഓര്‍ഡിനറി’ വിഭാഗത്തില്‍പ്പെട്ടയാളാണ് ഞാനും. കോഴ്സ് ഒക്കെ വിജയിച്ച് നല്ല ജോലിയില്‍ പ്രവേശിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കഠിനാധ്വാനം ചെയ്യാന്‍ കൂട്ടാക്കാറില്ല. അതുകൊണ്ടാണ് ‘ഓര്‍ഡിനറി സ്റ്റുഡന്റ്’ ആയി തുടരുന്നത്.
ക്ലാസ്സില്‍ അധ്യാപകന് ചില ടാസ്കുകള് തരുന്നത് പതിവാണ്. എന്തെങ്കിലുമൊക്കെ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളായിരിക്കും ചെയ്യാനുണ്ടാവുക. ഇതൊന്നും നമ്മളെക്കൊണ്ടാവില്ല എന്ന ചിന്തയുള്ളതുകൊണ്ട്, അതൊന്നും ചെയ്തു നോക്കാന്‍ മെനക്കെടാറില്ല. ക്ലാസ്സിലെ മിടുക്കര്‍ ചെയ്തുകൊണ്ട് വരും, അവരുടേത് നോക്കി ചെയ്യുക- ഇതാണ് ശീലം. എന്തിനാണ് ഇവനൊക്കെ പഠിക്കാന്‍ വരുന്നത് എന്ന ഭാവത്തിലാണ് അവര്‍ പലപ്പോഴും ഉത്തരം കാണിച്ചു തരുക.
അങ്ങനെയിരിക്കേ ഒരു ദിവസം, പതിവുപോലെ സാര്‍ ഒരു പുതിയ ടാസ്ക് തന്നിട്ട് അടുത്ത ദിവസം ചെയ്തുകൊണ്ടുവരാന്‍ പറഞ്ഞു. സാധാരണപോലെതന്നെ അത് കേട്ടതായി ഭാവിച്ചില്ല. പക്ഷേ രാത്രിയില്‍ റൂമില്‍ ഇരിക്കുമ്പോള്‍ തോന്നി, ‘ഒന്ന് ചെയ്തു നോക്കിയാലോ.’ അപ്പോള്‍ത്തന്നെ ഉള്ളില്‍ നെഗറ്റീവ് ചിന്ത വന്നു, “ഏയ് ഇതൊന്നും നമുക്ക് പറ്റുന്ന പണിയല്ല.’ എന്നിരുന്നാലും കമ്പ്യൂട്ടറും തുറന്നു വച്ച് കുറെ സമയം ഇരുന്നു ശ്രമിച്ചു നോക്കി. എനിക്കുതന്നെ വിശ്വസിക്കാന്‍ കഴിയുന്നില്ല! ഫൈനല്‍ റിസല്‍റ്റ് കിട്ടിയിരിക്കുന്നു!! വളരെ ‘എക്സൈറ്റഡ്’ ആയി. ഒന്നുവേഗം നേരം വെളുത്തിരുന്നെങ്കില്‍….
പിറ്റേ ദിവസം വളരെ നേരത്തെ തയാറായി കോളേജിലേക്ക് വളരെ ആവേശത്തില്‍ ചെന്നു. നേരെ സ്റ്റാഫ് റൂമിലേക്ക്. സാര്‍ ആശ്ചര്യത്തോടെ നോക്കി. ഞാന്‍ പറഞ്ഞു, “സാര്‍ തന്ന ടാസ്ക് ചെയ്തു!’ വിശ്വാസം വരാത്ത സാര്‍ ചോദിച്ചു, “ആരുടെ നോക്കി കോപ്പിയടിച്ചതാണ്?’
“ഇല്ല സാര്‍, ഞാന്‍ സ്വന്തം ചെയ്തതാണ്.’ അത് നോക്കിയിട്ട് ചെയ്ത വിധമൊക്കെ അദ്ദേഹം എന്നോട് ചോദിച്ചു മനസിലാക്കി. സാറിന് കാര്യം ബോധ്യപ്പെട്ടു. പിന്നെ എന്നോട് വലിയ മതിപ്പ്, “താന്‍ വളരെ ബ്രില്യന്റ് ആണല്ലോ, പിന്നെ എന്തേ തരുന്ന ടാസ്കൊന്നും ചെയ്യാന്‍ നോക്കാത്തത്?’
ലാബ് അവര്‍ ആയപ്പോള്‍ വീണ്ടും ‘എക്സൈറ്റ്മെന്റ്!’ പതിവായി ചെയ്യുന്ന സമര്‍ഥരായ വിദ്യാര്‍ത്ഥികള്‍ക്കൊന്നും റിസല്‍റ്റ് കിട്ടിയിട്ടില്ല!
അപ്പോള്‍ സാര്‍ പറഞ്ഞു, “അവന് ചെയ്തിട്ടുണ്ട്. അത് നോക്കി ട്രൈ ചെയ്തു നോക്ക്.’
ദൈവത്തോട് ഒത്തിരി സ്നേഹം തോന്നിയ ഒരു പഴയകാല അനുഭവമാണ് പങ്കുവെച്ചത്. ആ ഒരു സംഭവത്തിലൂടെ ദൈവം എന്നെ ചിലത് പഠിപ്പിച്ചു. എന്റെ ഉള്ളിലും ദൈവം ഒരു ‘പൊട്ടന്‍ഷ്യല്‍’ കരുതി വച്ചിട്ടുണ്ട്; പലതും ചെയ്യാനും നേടാനുമൊക്കെയുള്ള സാധ്യതകള്‍. ആ ചിന്ത ജീവിതത്തില്‍ ഒരുപാട് പ്രത്യാശയും ഊര്‍ജവുമാണ് പകര്‍ന്നത്.
‘ജീവിതത്തില്‍ ഒന്നും നേടാനായില്ല, വേണ്ടതു പോലെ പഠിക്കാന്‍ കഴിഞ്ഞില്ല, സവിശേഷമായ ഒരു കഴിവും ഇല്ലാത്തവനാണ് ഞാന്‍, എനിക്കൊന്നും ഒരു നല്ല ഭാവി ഇല്ല…’ ഏറെ പേരുടെ ജീവിതത്തിന്റെ നിറം കെടുത്തുന്ന ചിന്തകളാണിത്. അങ്ങനെയുള്ളവര്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ ഒന്നേ പറയാനുള്ളൂ… നിന്റെയുള്ളിലും വലിയ സാധ്യതകള്‍ നിന്റെ ദൈവം കരുതി വച്ചിട്ടുണ്ട്. നിരാശപ്പെടാതെ പരിശ്രമിച്ചാല്‍ നാംപോലും അത്ഭുതപ്പെടുന്ന രീതിയില്‍ നമ്മുടെ നാളെകളെ വിസ്മയകരമാക്കാന്‍ നമ്മുടെ ദൈവത്തിനു കഴിയും. ചില വിത്തുകള്‍ കണ്ടിട്ടില്ലേ. കാഴ്ചയില്‍ എത്ര നിസ്സാരം. ഒന്നിനും കൊള്ളാത്തത് എന്ന് തോന്നിയേക്കാം. എന്നാല്‍ വളര്‍ന്ന് മഹാമരമായി പടരാനുള്ള സാധ്യത ദൈവം അതില്‍ നിക്ഷേപിച്ചിട്ടുണ്ട്.
ജെറെമിയ 33/3 ല്‍ പറയുന്നു, “എന്നെ വിളിക്കുക. ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്ക് വെളിപ്പെടുത്തും.’ വചനം നല്കുന്ന പ്രത്യാശയില്‍ ഇന്ന് നാം കടന്നു പോകുന്ന തകര്‍ച്ചകളുടെയും പരാജയങ്ങളുടെയും ദിനങ്ങളെ ദൈവകൃപയില്‍ ആശ്രയിച്ച് നമുക്ക് തരണം ചെയ്യാം. ദൈവം നമുക്കായി കരുതിയിട്ടുള്ള സാധ്യതകളുടെ ലോകത്തിലേക്ക് പറന്നുയരാം.
Tijo Thomas
മോശം പ്രസ്സുകള്‍ ചെയ്തുകൂട്ടുന്ന ദൈവനിന്ദക്കും പാപത്തിനും പകരം സന്യാസിനികളോട് അദ്ദേഹം വ്യത്യസ്തമായ കാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടു ഇറ്റലിയിലെ കെരാസ്കോ ഗ്രാമം. ടീച്ചറായ റോസാ കാര്‍ഡോണ കൊച്ചുകുട്ടികളുടെ ക്ലാസില്‍ ഒരു ചോദ്യം ചോദിച്ചു, "വലുതാകുമ്പോള്‍ ആരായിത്തീരണം?" പല കുട്ടികളും ഉത്തരം നല്കി. പക്ഷേ കുറച്ചുനേരമായിട്ടും ഒന്നും മിണ്ടാതെ നില്‍ക്കുകയാണ് ആറുവയസ്സുകാരന് ജയിംസ് അല്‍ബേരിയോണ്‍. "നീയോ ജെയിംസേ? നീ താറാവിനെ വളര്‍ത്താന്‍ പോവാണോ?" അവന്റെ മറുപടി പെട്ടെന്നായിരുന്നു. "എനിക്കൊരു പുരോഹിതനാവണം." സ്കൂളില്‍ നടന്ന ഈ സംഭാഷണമെല്ലാം അറിഞ്ഞ അവന്റെ അമ്മ പറഞ്ഞു, 'ഒരു പുരോഹിതനാകാനാണ് നിന്റെ ആഗ്രഹമെങ്കില്‍ നന്നായി പഠിക്കണം, നന്നായി പണി ചെയ്യണം, നിന്റെ സഹോദരന്മാരെക്കാള് കൂടുതലായി നീ മുതിര്‍ന്നവരെ അനുസരിക്കണം.' ജയിംസ് അതെല്ലാം ഗൗരവമായിത്തന്നെ എടുത്തു. അവന്റെ സ്വഭാവം കുറേക്കൂടി നന്നായി. 1884 ഏപ്രില്‍ 4 ന് ആണ് മൈക്കിള്‍ അല്‍ബേരിയോണിന്റെയും തെരേസ റോസ അലോക്കോയുടെയും ആറുമക്കളില്‍ നാലാമത്തവന്‍ ആയി ഇറ്റലിയില്‍ ക്യൂണിയോവിലുള്ള ഫോസ്സാനോ എന്ന സ്ഥലത്ത് അവന് ജനിച്ചത്. അധികസമയം ജീവനോടെയിരിക്കുമെന്ന് പ്രതീക്ഷ ഇല്ലാതിരുന്നതിനാല്‍ വേഗം തന്നെ പള്ളിയില്‍ കൊണ്ടുപോയി മാമോദീസ കൊടുത്തിരുന്നു. വൈദികനാകാനുള്ള അവന്റെ താല്പര്യം കണ്ട് അപ്പന് അവനെ സെമിനാരിയില്‍ ചേര്‍ത്തു. ആദ്യകാലങ്ങളില്‍ വളരെ തീക്ഷ്ണതയോടെ, പഠിക്കുന്നതിലും പ്രാര്‍ത്ഥിക്കുന്നതിലും നിയമങ്ങള്‍ അനുസരിക്കുന്നതിലും തിരുത്തലുകള്‍ സ്വീകരിക്കുന്നതിലുമൊക്കെ താല്പര്യം കാണിച്ചിരുന്ന ജെയിംസ് പിന്നീട് വായനയിലേക്ക് ചുരുങ്ങി. പഠിപ്പിലും പ്രാര്‍ത്ഥനയിലും താല്പര്യം കുറഞ്ഞു. ഒടുവില്‍ അവനെ സെമിനാരിയില്‍നിന്ന് തിരികെ അയക്കേണ്ടിവന്നു. 1900 ഏപ്രിലില്‍ അവന് വീട്ടില്‍ തിരിച്ചെത്തി. താമസിയാതെ, ഒരു പുരോഹിതനാകാനുള്ള ആഗ്രഹം വീണ്ടും അവനില്‍ കത്തിപടര്‍ന്നു. ഇടവക വികാരി മോണ്ടര്‍സീനൊ അച്ചനെ ചെന്നുകണ്ടു. പരിശുദ്ധ കുര്‍ബ്ബാനയോടും ദിവ്യകാരുണ്യത്തോടുമുള്ള അവന്റെ സ്നേഹം പൂര്‍വാധികം ശക്തിയായി തിരിച്ചു വന്നു. വീണ്ടും ശ്രമിക്കാനും പുരോഹിതനാകാനും അച്ചന് അവനെ ഉപദേശിച്ചു. അതേ കൊല്ലം വീണ്ടും ആല്‍ബയിലെ സെമിനാരിയില്‍ അവന് ചേര്‍ന്നു. പുതിയ നൂറ്റാണ്ടില്‍ ... ഡിസംബര്‍ 31, 1900. പുതുവത്സരത്തിലേക്കും പുതുനൂറ്റാണ്ടിലേക്കും ലോകം കടക്കവേ, അന്ന് രാത്രി മണിക്കൂറുകളോളം ജെയിംസ് മുട്ടില്‍ നിന്ന് പ്രാര്‍ത്ഥിച്ചു. പതിനാറ് വയസ്സ് മാത്രമുണ്ടായിരുന്ന അവന് തീക്ഷ്ണമായ പ്രാര്‍ത്ഥനയിലും ദൈവസാന്നിധ്യത്തിലും മുഴുകിയിരിക്കവേ തന്റെ വിളിയെക്കുറിച്ച് ഉത്തമബോധ്യം കൈവന്നു. പുതിയ നൂറ്റാണ്ടില്‍ പുതിയ ചില കാര്യങ്ങള്‍ ചെയ്യാന്‍ ദൈവം തന്നെ വിളിക്കുന്നു എന്നവന് മനസ്സിലായി. പുസ്തകങ്ങളും ആനുകാലികപ്രസിദ്ധീകരണങ്ങളും ആര്‍ത്തിപിടിച്ചു വായിച്ചിരുന്ന, ന്യൂസ് പേപ്പറിലെ കാര്യങ്ങളെല്ലാം ഒന്നൊഴിയാതെ ശ്രദ്ധിച്ചിരുന്ന ജെയിംസിന് പ്രസ്സിനും റേഡിയോ, സിനിമ പോലുള്ള ആശയവിനിമയ സംവിധാനങ്ങള്‍ക്കും ആളുകളില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെക്കുറിച്ച് നല്ല നിശ്ചയമുണ്ടായിരുന്നു. 'അതെന്റെ കടമയായി എനിക്ക് തോന്നി...' അദ്ദേഹം പിന്നീട് എഴുതി. സെമിനാരിയില്‍ ജെയിംസിന് ഒരു സുഹൃത്തുണ്ടായിരുന്നു. തത്വശാസ്ത്രം പഠിപ്പിക്കുന്ന പ്രൊഫസറായ കാനന്‍ കിയെസ. പിന്നീട് 40 കൊല്ലത്തോളം അദ്ദേഹം അവന്റെ ഗൈഡും ആത്മീയ പിതാവും ഒക്കെയായിരുന്നു. 'എല്ലാത്തിനെയും ദൈവത്തിന് മുന്നില്‍ ധ്യാനത്തിനും പ്രാര്‍ത്ഥനക്കുമുള്ള വിഷയങ്ങളാക്കി മാറ്റാന്‍, ആരാധിക്കാന്‍, നന്ദി പറയാന്‍, പരിഹാരം ചെയ്യാന്‍, താഴ്മയോടെ പ്രാര്‍ത്ഥിക്കാന്‍- എല്ലാം ഞാന്‍ പഠിച്ചത് ഫാ. കിയെസയില്‍ നിന്നായിരുന്നു,' എന്നാണ് ജെയിംസ് അതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ആശയങ്ങള്‍ ഒരുപാട് മനസ്സില്‍ ഉണ്ടായിരുന്ന ജെയിംസിന് അദ്ദേഹം ഉപദേശങ്ങള്‍ നല്കി നയിച്ചു. കാനന്‍ കിയെസ ഇപ്പോള്‍ ധന്യപദവിയിലാണ്. ഡോണ്‍ബോസ്കോയുടെ കൂടെ അനാരോഗ്യം പലപ്പോഴും തളര്‍ത്തിയെങ്കിലും ജെയിംസ് സെമിനാരിപഠനം പൂര്‍ത്തിയാക്കി ഇരുപത്തിമൂന്നാം വയസ്സില്‍, 1907 ജൂണ്‍ 29-ന് ആല്‍ബയിലെ കത്തീഡ്രലില്‍വച്ച് പുരോഹിതനായി അഭിഷിക്തനായി. ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തു വരവേ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 1908-ന്റെ അവസാനം ബിഷപ്, ജെയിംസിനെ സെമിനാരി വിദ്യാര്‍ത്ഥികളുടെ ആത്മീയോപദേഷ്ടാവായും കുമ്പസാരക്കാരനായും നിയമിച്ചു. ഇക്കാലത്ത്, ഫാദര്‍ അല്‍ബേരിയോണ്‍ തന്റെ ഒരു വൈദികസുഹൃത്തിനോട് പറഞ്ഞു, "ഡോണ്‍ ബോസ്കോ ചെയ്തതുപോലെ ധാരാളം യുവാക്കളെ ഒന്നിച്ചു ചേര്‍ത്ത് അപ്പസ്തോലിക വേലകള്‍ക്കായി ഒരുക്കാന്‍ എനിക്ക് ഇഷ്ടമാണ്. വെറുതെ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനും പഠിപ്പിക്കാനും അല്ല, എഡിറ്റിങ് പഠിപ്പിച്ച്, പുസ്തകങ്ങളും ന്യൂസ് പേപ്പറുകളും പ്രസിദ്ധീകരിച്ച്, സമൂഹത്തില്‍ ക്രിസ്ത്യാനികളെ വാര്‍ത്തെടുക്കാന്‍ അവരെ ഒരുക്കാന്‍." പൗളൈന്‍ കുടുംബത്തിന്റെ സ്ഥാപകന്‍ യുവവൈദികനായിരിക്കെത്തന്നെ അല്‍ബേരിയോണ്‍ പുസ്തകങ്ങള്‍ എഴുതാനും Gazetta d'Alba എന്ന, രൂപതയിലെ പ്രതിവാര ന്യൂസ് പേപ്പറിലേക്ക് ലേഖനങ്ങള്‍ എഴുതാനും തുടങ്ങിയിരുന്നു. 1912ല്‍ 'pastoral notes' പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 12, 1913 ല്‍ മാസ് മീഡിയ വഴിയുള്ള അപ്പസ്തോലികസേവനത്തില്‍ മുഴുവനായും ഫാദര്‍ ജെയിംസ് അല്‍ബേരിയോണിന് മനസ്സര്‍പ്പിക്കാനുള്ള വഴി ദൈവം തുറന്നു. ബിഷപ്പ് ഫ്രാന്‍സിസ് റേ Gazetta d'Alba യുടെ എഡിറ്ററും പ്രൊപ്രൈറ്ററും ആക്കിക്കൊണ്ട് മറ്റ് ഉത്തരവാദിത്വങ്ങളില്‍ നിന്നും അദേഹത്തെ സ്വതന്ത്രനാക്കി. തുടര്‍ന്ന് ഫാ. അല്‍ബേരിയോണിന്റെ പരിശ്രമഫലമായി, നിര്‍മാണത്തിലും വിതരണത്തിലും കിടപിടിക്കാന്‍ വേറെ ആരുമില്ലാത്ത, ലോകത്തിലെ ഏറ്റവും വലിയ പബ്ലിഷിങ് ഹൗസ് ആയിരുന്ന സെന്റ് പോള്‍സ് സ്ഥാപിക്കപ്പെട്ടു. വേറൊരു കത്തോലിക്ക പ്രസിദ്ധീകരണശാലയും ബൈബിള്‍ അത്രയധികം അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നില്ല. അവര്‍ പ്രസിദ്ധീകരിച്ചിരുന്ന Faminglia Crustiana എന്ന മാസികക്ക്, അഭൂതപൂര്‍വമായ വിധം വരിക്കാരാണ് അന്നുണ്ടായിരുന്നത്. 1914-ല്‍ ഫാദര്‍ അല്‍ബേരിയോണ്‍, സാധാരണക്കാരായ ചെറുപ്പക്കാര്‍ക്ക് പ്രസ്സ് നടത്തി പരിശീലനം കൊടുക്കാനായി ആല്‍ബയില്‍ ഒരു പ്രിന്റിംഗ് സ്കൂള്‍ തുടങ്ങി. ഇതായിരുന്നു socitey of St. Paul സ്ഥാപനങ്ങളുടെ തുടക്കം. ഇതെല്ലാം കൂടിച്ചേര്‍ന്ന് 'ഗവണ്മെന്റ്, വിദ്യാഭ്യാസം, നിയമം, കുടുംബം, രാജ്യാന്തര ബന്ധങ്ങള്‍ ഇവയുടെയെല്ലാം നവീകരണം' എന്ന ദൗത്യവുമായി Pauline Family ആയിത്തീര്‍ന്നു. പൊതുവായ വിളി സുവിശേഷപ്രഘോഷണം ആയിരുന്നെങ്കിലും ഈ മിനിസ്ട്രികള്‍ സവിശേഷവും പരസ്പരപൂരകങ്ങളും എന്ന നിലയില്‍ വ്യത്യസ്തങ്ങളായിരുന്നു. പെണ്‍കുട്ടികളെ തയ്യല്‍ പഠിപ്പിക്കാനായി വന്ന, ഇപ്പോള്‍ 'ധന്യ' പദവിയിലേക്കുയര്‍ത്തപ്പെട്ട, മദര്‍ ടെക്ല തെരേസ മെര്‍ലോയുടെ സഹായത്തോടെ The daughters of St. Paul 1915-ല്‍ സ്ഥാപിച്ചു. 1923ലെ ക്രിസ്മസിനോടനുബന്ധിച്ച് 'Sister Disciples of the Divine Master‑' ന് തുടക്കമായി. അവരില്‍ ഒരു ഗ്രൂപ്പിനോട്, മോശം പ്രസ്സുകള്‍ ചെയ്തുകൂട്ടുന്ന ദൈവനിന്ദക്കും പാപത്തിനും പരിഹാരമായി ദിവ്യകാരുണ്യആരാധന ശാന്തമായി നടത്താന്‍ ആവശ്യപ്പെട്ടു. 1938, ഒക്ടോബര്‍ 7-ന് 'Institute of the Sisters of Jesus the Good Shepherd' (pastorelle sisters)ന്റെ സ്ഥാപനത്തോടെ ഇടവകകളില്‍ പുരോഹിതര്‍ക്ക് ഒപ്പം വേല ചെയ്യാന്‍ സാധിക്കുന്ന സ്ന്യാസിനികളുടെ ഒരു സമൂഹം രൂപപ്പെട്ടു. 1959ല്‍ പുരോഹിത സന്യാസ ദൈവവിളി പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യവുമായി Sisters of the Queen of the Apostles‑ ലെ സ്ഥാപിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി നാല് സഭകള്‍ കൂടെ അദ്ദേഹം സ്ഥാപിച്ചു. അല്പനാള് കഴിഞ്ഞ്, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ ഫാദര്‍ ജെയിംസ് അല്‍ബേരിയോണിന് ക്ഷണം ലഭിച്ചു. സോഷ്യല്‍ കമ്മ്യൂണിക്കേഷനുള്ള അപ്പസ്തോലേറ്റ് അംഗീകരിക്കപ്പെട്ടു എന്നാണ് ഫാ. അല്‍ബേരിയോണ്‍ അതേക്കുറിച്ച് പറഞ്ഞത്. ഭയപ്പെടേണ്ട, ഞാന്‍ നിന്നോട് കൂടെയുണ്ട് അനാരോഗ്യം അല്‍ബേരിയോണിന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു എല്ലായ്പോഴും. 1923ല്‍ ശ്വാസകോശത്തില്‍ ക്ഷയരോഗം പിടിപെട്ടു. ജോലികളില്‍നിന്ന് തീര്‍ത്തും പിന്മാറി പൂര്‍ണ്ണവിശ്രമം എടുക്കണമായിരുന്നു. കൂടിവന്നാല്‍ ഒന്നരകൊല്ലത്തെ ആയുസ്സാണ് ഡോക്ടര്‍മാര്‍ കൊടുത്തത്. ആ സമയത്ത് കര്‍ത്താവ് ഫാദര്‍ ജെയിംസ് അല്‍ബേരിയോണിനെ ധൈര്യപ്പെടുത്തി, "ഭയപ്പെടേണ്ട, ഞാന്‍ നിന്നോട് കൂടെയുണ്ട്." തന്റെ അസുഖത്തില്‍നിന്ന് മോചിതനായപ്പോള്‍ ഫാദര്‍ അല്‍ബേരിയോണ്‍ ആ വാക്കുകളെ തന്റെ ജീവിതക്രമമായി തിരഞ്ഞെടുത്തു. അതിരാവിലെ എണീറ്റ് തന്റെ തിരക്കുപിടിച്ച ദിനചര്യകള്‍ ആരംഭിക്കുന്നതിന് മുന്‍പ് അനേകമണിക്കൂറുകള്‍ പ്രാര്‍ത്ഥനയില്‍ ലയിച്ചിരുന്നു. ജീവിതത്തില്‍ ആദ്യത്തെ 52 കൊല്ലങ്ങള്‍ ഫൊസ്സാനോയിലും കെരാസ്കോയിലും ആല്‍ബയിലുമൊക്കെയായി ചെലവഴിച്ച അല്‍ബേരിയോണ്‍ 1936 ല്‍ റോമിലേക്ക് പോയി. ചെറുപ്പം തൊട്ടേയുള്ള വാതരോഗം കൊണ്ടുള്ള വേദന വളരെയധികം കൂടിയതുകൊണ്ട് അവസാന വര്‍ഷങ്ങളില്‍ ഫാദര്‍ അല്‍ബേരിയോണിന് തന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തേണ്ടി വന്നു. അപ്പോഴും തന്റെ അപ്പസ്തോലേറ്റിനെ കൂടുതല്‍ നേരമെടുത്തുള്ള പ്രാര്‍ത്ഥന കൊണ്ട്, അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'കാല്‍മുട്ടിന്റെ പണി'കൊണ്ട് അദ്ദേഹം സഹായിച്ചുകൊണ്ടിരുന്നു. 1971 നവംബര്‍ 24-ന് രോഗം മൂര്‍ഛിച്ചു. ഒരു അപ്രതീക്ഷിതസന്ദര്‍ശനം നടത്തിയ പോള്‍ ആറാമന്‍ പാപ്പയില്‍ നിന്ന് അദ്ദേഹം രോഗീലേപനം സ്വീകരിച്ചു. പാപ്പാ പോയതിന് പിന്നാലെ, നവംബര്‍ 26, വൈകുന്നേരം 6.15 ന് ഫാദര്‍ അല്‍ബേരിയോണ്‍ നിത്യതയിലേക്ക് യാത്രയായി. അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍ വ്യക്തമായി അടുത്തുള്ളവര്‍ കേട്ടു, 'ഞാന്‍ മരിക്കുകയാണ്. എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സ്വര്‍ഗ്ഗം! മറിയമേ സ്വസ്തി!' റോമില്‍ ശ്ലീഹന്മാരുടെ രാജ്ഞിയുടെ ദൈവാലയത്തില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം വിശ്രമിക്കുന്നു. 2003 ഏപ്രില്‍ 27-ന് ജോണ്‍പോള്‍ രണ്ടാമന് പാ പ്പാ അദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ നി രയിലേക്ക് ഉയര്‍ത്തി, നവംബര്‍ 26 തിരുനാ ള്‍ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
By: Jills Joy
Moreമരിച്ചുപോയവരുടെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നത് ഫലപ്രദമോ? നമ്മുടെ പ്രാര്‍ത്ഥനകളും കൊച്ചു സഹനങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശുദ്ധീകരണാത്മാക്കളെക്കുറിച്ച് വായിച്ചത് മുതല്‍ അവരോട് ഒരു പ്രത്യേക സ്നേഹം എനിക്ക് തോന്നിത്തുടങ്ങി. മതബോധന ക്ലാസില്‍നിന്നും തന്ന വിശുദ്ധരുടെ ജീവചരിത്രങ്ങളിലും മറ്റ് ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലുംനിന്നാണ് മരണശേഷം ശുദ്ധീകരണാവസ്ഥയിലായിരിക്കുന്ന അത്തരം ആത്മാക്കളെക്കുറിച്ചുള്ള അറിവുകളും പ്രാര്‍ത്ഥനകളും ലഭിച്ചത്. 'അതുപോലെതന്നെ, 'ഈശോ മറിയം യൗസേപ്പേ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കണേ' എന്നുള്ള പ്രാര്‍ത്ഥന ഒരു തവണ ചൊല്ലുമ്പോള്‍ ഒരു ആത്മാവ് സ്വര്‍ഗത്തിലേക്ക് പോകും എന്ന് വായിച്ചപ്പോള്‍മുതല്‍ ദിവസവും പലതവണ ഞാനത് ആവര്‍ത്തിച്ചിരുന്നു. ഇത്തരം പ്രാര്‍ത്ഥനകളുടെ ഫലസിദ്ധിയെപ്പറ്റി അധികമൊന്നും ചിന്തിച്ചിരുന്നില്ല. എന്നാല്‍, ഏതാണ്ട് 16 വര്‍ഷം മുമ്പ്, ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിച്ചിരുന്ന സമയത്ത് ഉണ്ടായ ഒരു സംഭവം ഈ നാളുകളില്‍ എന്റെ ഓര്‍മ്മയില്‍ വന്നു. ആ വര്‍ഷത്തെ സ്കൂള്‍ വിനോദയാത്രയുടെ അറിയിപ്പ് വന്നതേ ഞങ്ങള്‍ കൂട്ടുകാര്‍ ത്രില്ലടിച്ചു ചര്‍ച്ച തുടങ്ങി. അപ്പോളാണ് ഒരു കൂട്ടുകാരി സങ്കടപ്പെട്ട് പറയുന്നത്: "എന്റെ വീട്ടില്‍നിന്നും ഉറപ്പായും വിടില്ല. ഇതുവരെ ഒരു ടൂറിനും വിട്ടിട്ടില്ല." സാമ്പത്തികമായി ഞെരുക്കമുള്ള ഒരു കുടുംബത്തിലെ മൂത്ത മകള്‍ ആയിരുന്നു അവള്. ക്ലാസിലെ ഏറ്റവും മിടുക്കിയായ അവള് വരുന്നില്ലെങ്കില്‍ ഞങ്ങള്‍ക്കും അതൊരു വിരസത ആകുമെന്നുറപ്പ്. എന്തായാലും സമയം ഉണ്ടല്ലോ, അപ്പോഴേക്കും നോക്കാം എന്ന് ഞങ്ങള്‍ പറഞ്ഞെങ്കിലും അവള്‍ക്ക് ഒരു പ്രതീക്ഷയും ഇല്ല. കൂട്ടുകാരെല്ലാവരുംകൂടെ പണം ശേഖരിക്കാമെന്നോ ടീച്ചര്‍മാരോട് പറഞ്ഞു നോക്കാമെന്നോ മാതാപിതാക്കള്‍ തമ്മില്‍ സംസാരിച്ച് ശരിയാക്കാമെന്നോ ഒക്കെ മനസ്സില്‍ വിചാരിച്ചെങ്കിലും അതൊന്നും പ്രായോഗികമാക്കാനുള്ള ധൈര്യം അന്ന് ഞങ്ങള്‍ക്കില്ലായിരുന്നു. എന്തായാലും അവളുടെ വിഷമം ഓര്‍ത്തപ്പോള്‍ ഞാന്‍ രണ്ടും കല്പിച്ച് ഈശോയോട് പറഞ്ഞു: "ഞാനിത്രയും നാളും പ്രാര്‍ത്ഥിച്ചിട്ട് ഒരു ശുദ്ധീകരണാത്മാവ് എങ്കിലും സ്വര്‍ഗത്തില്‍ പോയിട്ടുണ്ടെങ്കില്‍ ഈശോയേ, ആ ആത്മാവിന്റെ മാധ്യസ്ഥ്യം വഴി കൂട്ടുകാരിയെ ടൂറിനു വിടണമേ" എന്ന്. അന്ന് സ്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോകുന്ന സമയത്ത് ആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുവാന്‍ എനിക്ക് പതിവിലും ഉത്സാഹമായിരുന്നു. പിറ്റേന്ന് രാവിലെ ക്ലാസ്സില്‍ വന്ന കൂട്ടുകാരി സന്തോഷംകൊണ്ട് തുള്ളിച്ചാടുകയാണ്! കാരണം ചോദിച്ചപ്പോള്‍ പറഞ്ഞു, "ഒരു തടസവും പറയാതെ എന്നെ ടൂറിന് വിട്ടു. അപ്പച്ചന് ഇതെന്തുപറ്റിയെന്നു എനിക്കിപ്പളും മനസിലാവണില്ല!!" അന്ന് അവള്‍ക്കുണ്ടായ അതേ സന്തോഷം എനിക്കും ഉണ്ടായി. ഞാന്‍ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നത് വെറുതെയായിട്ടില്ല എന്നൊരു ബോധ്യം മനസ്സില്‍ അങ്ങനെ നിറഞ്ഞുനിന്നു. നാളുകള്‍ കഴിഞ്ഞാണ് 1000 ശുദ്ധീകരണാത്മാക്കളെ രക്ഷിക്കുവാനുള്ള വിശുദ്ധ ജര്‍ത്രൂദിന്റെ പ്രാര്‍ത്ഥന എന്റെ പ്രിയപ്പെട്ട പ്രാര്‍ത്ഥന ആയി മാറിയത്. ഹോസ്റ്റല്‍ മുറിയിലെ എന്റെ കിടക്കയുടെ ഭിത്തിവശത്ത് ഞാനത് എഴുതി ഒട്ടിച്ചു, എന്നും രാവിലെയും രാത്രിയും നോക്കി വായിക്കുമായിരുന്നു. ആരുടെയെങ്കിലും മരണ അറിയിപ്പ് കേട്ടാലോ, അത് ഫോണില്‍ മെസേജ് ഇടുമ്പോഴോ ഈ പ്രാര്‍ത്ഥന ചൊല്ലി അത് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആയി ഇടുന്നത്, എന്റെ ശീലമായി. പ്രാര്‍ത്ഥിക്കുവാനും ഓര്‍മിക്കുവാനും ആരും ഇല്ലാത്തവരെ സഹായിക്കുമ്പോള്‍ അവരുടെ സന്തോഷം നമ്മുടെ മനസ് നിറയ്ക്കുമെന്നത് ശരിയല്ലേ! വിശുദ്ധ കുര്‍ബാനയില്‍, കാഴ്ചവയ്പിന്റെ സമയത്ത് നമുക്ക് അവരെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കാം. നമ്മുടെ പ്രാര്‍ത്ഥന വഴി സ്വര്‍ഗത്തിലെത്തുന്ന ആത്മാക്കള്‍ ആവശ്യസമയത്ത് നമ്മളെ തിരിച്ചും സഹായിക്കും, തീര്‍ച്ച. വിശുദ്ധ ജര്‍ത്രൂദിന്റെ പ്രാര്‍ത്ഥന: നിത്യനായ ദൈവമേ, ഈ ദിവസം അര്‍പ്പിക്കപ്പെടുന്ന എല്ലാ ദിവ്യബലികളോടും ചേര്‍ത്ത് പ്രിയപുത്രനായ ഈശോമിശിഹായുടെ തിരുരക്തം ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കായും ലോകമെങ്ങുമുള്ള പാപികള്‍ക്കായും സഭയിലുള്ള പാപികള്‍ക്കായും എന്റെ ഭവനത്തിലെയും എന്റെ കുടുംബത്തിലെയും പാപികള്‍ക്കായും ഞാന്‍ സമര്‍പ്പിക്കുന്നു. ആമേന്‍.
By: Tresa Tom T
Moreധനികനായ ഒരു മനുഷ്യന് യേശുക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി സ്വത്തെല്ലാം ഉപേക്ഷിച്ചു. പിന്നീട് അദ്ദേഹം ദാരിദ്ര്യത്തിലാണ് ജീവിച്ചത്. അതുകണ്ട ഒരു സ്നേഹിതന് എന്തിനാണ് ഇപ്രകാരം ദാരിദ്ര്യത്തിലായത് എന്ന് അയാളോട് ചോദിച്ചു. അദ്ദേഹം തന്റെ സുവിശേഷഗ്രന്ഥം എടുത്തുകാണിച്ചുകൊണ്ട് പറഞ്ഞു, "എന്റെ സ്വത്തെല്ലാം ഇത് കവര്‍ന്നെടുത്തതുകൊണ്ടാണ്!" "സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്ക് തുല്യം. അതു കണ്ടെത്തുന്നവന് അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയും ചെയ്യുന്നു" (മത്തായി 13/44)
By: Shalom Tidings
Moreഅന്നും പതിവുപോലെ ക്ലാസിലെത്തി രണ്ടാം ക്ലാസിലെ കൊച്ചുകൂട്ടുകാരോട് കുശലാന്വേഷണമൊക്കെ കഴിഞ്ഞ് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് രസകരമായ കണക്കിന്റെ വഴികളിലൂടെ നീങ്ങിയപ്പോള്‍ പെട്ടെന്ന് ഒരു കരച്ചില്! കുഞ്ഞുകൂട്ടുകാരന് ആഷിക്കാണ്, "ടീച്ചറേ, പല്ല് വേദനിക്കുന്നു..." ക്ലാസെടുക്കുന്നതിനിടയില്‍ ഇതുപോലെ തലവേദന, വയറുവേദന എന്നൊക്കെ പറഞ്ഞ് കൊച്ചുകൂട്ടുകാര്‍ കരയാറുണ്ട്. അപ്പോള്‍, ടീച്ചര്‍ വേദനിക്കുന്ന കുട്ടിയുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കും, മറ്റ് കുട്ടികള്‍ കൈകളുയര്‍ത്തി സ്തുതിക്കും. ഇന്ന് പല്ലുവേദനനിമിത്തം കരയുന്ന കുട്ടിയുടെയടുത്ത് ഇങ്ങനെ പ്രാര്‍ത്ഥിക്കണോ? അല്പം ശങ്കയോടെ ബോര്‍ഡില്‍ എഴുതിക്കൊണ്ടിരുന്നത് നിര്‍ത്തിവച്ച് കരയുന്ന കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചറിയിക്കുന്നതിനായി ഞാന്‍ ഓഫീസിലേക്ക് പോയി. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ജോലിസ്ഥലത്തുനിന്ന് സ്കൂള്‍ വിടുന്ന നേരത്തേ എത്താനാവുകയുള്ളൂ എന്നായിരുന്നു മറുപടി കിട്ടിയത്. എന്തുചെയ്യുമെന്നറിയാതെ തിടുക്കത്തില്‍ ക്ലാസിലേക്ക് തിരിച്ചെത്തിയ ഞാന്‍ കണ്ടത് ചിരിച്ചുകൊണ്ട് കണക്ക് എഴുതിക്കൊണ്ടിരിക്കുന്ന ആഷിക്കിനെയാണ്! എന്റെ അമ്പരപ്പ് കണ്ടിട്ടെന്നോണം മറ്റ് കുട്ടികള്‍ പറഞ്ഞു, "ടീച്ചറങ്ങ് പോയപ്പോള്‍ സോന പറഞ്ഞു നമ്മുടെ ടീച്ചര്‍ പ്രാര്‍ത്ഥിക്കുന്നതുപോലെ ഈശോയോട് പ്രാര്‍ത്ഥിച്ചാലോ എന്ന്. അപ്പോള്‍ ഞങ്ങളെല്ലാവരും കൂടി പ്രാര്‍ത്ഥിച്ചു. ആഷിക്കിന്റെ പല്ലുവേദനയും മാറി." "അവന് ശിശുക്കളെ എടുത്ത്, അവരുടെമേല്‍ കൈകള്‍വച്ച് അനുഗ്രഹിച്ചു" (മര്‍ക്കോസ് 10/16)
By: Sister Vimal Rose CHF
Moreആശ്രമശ്രേഷ്ഠനായിരുന്ന പാഫ്നൂഷ്യസിന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവം ഇങ്ങനെയാണ്. തായിസ എന്ന ഒരു സ്ത്രീ അദ്ദേഹത്തെ ശാരീരിക അശുദ്ധിയിലേക്കുള്ള പ്രലോഭനവുമായി സമീപിച്ചു. "ദൈവമല്ലാതെ മറ്റാരും നമ്മുടെ പാപപ്രവൃത്തി കാണാന്‍ പോകുന്നില്ല" എന്നായിരുന്നു അവളുടെ ന്യായം. ഇതിന് മറുപടിയായി വിശുദ്ധനായ ആ താപസന് പറഞ്ഞു, "ദൈവം നിന്നെ കാണുന്നുവെന്ന് നീ വിശ്വസിക്കുന്നു. എന്നിട്ടും നീ പാപം ചെയ്യാന്‍ വിചാരിക്കുന്നോ?" പുണ്യജീവിതത്തിന്റെ പിന്‍ബലത്തോടെയുള്ള ആ കരുത്തുറ്റ ചോദ്യം അവളെ തന്റെ പാപജീവിതത്തെക്കുറിച്ചുള്ള ഭീതിയിലേക്ക് നയിച്ചു. തന്റെ പാപങ്ങളിലൂടെ സമ്പാദിച്ച ആഭരണങ്ങളും വസ്ത്രങ്ങളും അവള് പൊതുസ്ഥലത്ത് കൊണ്ടുവന്ന് തീയിട്ട് നശിപ്പിച്ചു. തുടര്‍ന്ന് ഒരു മഠത്തിലെ അന്തേവാസിയായിത്തീര്ന്ന് റൊട്ടിയും വെള്ളവുംമാത്രം ഭക്ഷിച്ച് മൂന്നുവര്‍ഷം ഉപവാസാരൂപിയില് ജീവിച്ചു. അവള് എപ്പോഴും ഒരു പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ടിരുന്നു, "എന്നെ സൃഷ്ടിച്ചവനേ, എന്റെമേല്‍ കരുണയായിരിക്കണമേ" അപ്രകാരമുള്ള ജീവിതം നയിച്ച മൂന്നുവര്‍ഷം കഴിഞ്ഞ് അവള് മരിച്ചു. മരണശേഷം, അവള് വിശുദ്ധരോടൊപ്പം മഹത്വകിരീടം നേടിയെന്ന് അവിടത്തെ ആശ്രമാധിപനായിരുന്ന വിശുദ്ധ ആന്റണിയുടെ ശിഷ്യന് ദൈവികവെളിപ്പെടുത്തല്‍ ലഭിക്കുകയും ചെയ്തു. "ദുഷ്ടന് മരിക്കുന്നതിലല്ല, അവന് ദുഷ്ടമാര്‍ഗത്തില്‍നിന്ന് പിന്തിരിഞ്ഞ് ജീവിക്കുന്നതിലാണ് എനിക്ക് സന്തോഷം" (എസെക്കിയേല്‍ 33/11)
By: Shalom Tidings
Moreകേട്ടറിവുകളും ചില ആത്മീയ പങ്കുവെക്കലുകളും സ്വപ്ന ദര്‍ശനങ്ങളും ഒക്കെ സൂചിപ്പിക്കുന്നത് നമ്മുടെ നസ്രായന് ഭയങ്കര ഗ്ലാമര്‍ ആണെന്നാണ്. മറിച്ച് ഒരു അഭിപ്രായം ഉണ്ടാവാന്‍ സാധ്യത ഇല്ല. കാരണം സുവിശേഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം വലിയൊരു 'ഫാന്‍സ് അസോസിയേഷന്' മൂപ്പര്‍ക്ക് ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. ഗ്ലാമര്‍മാത്രം അല്ല അവിടുത്തെ ചില സ്വഭാവങ്ങള്‍ ആണ് നമ്മുടെ ചങ്ക് നസ്രായനിലേക്കുള്ള ആകര്‍ഷണം. വെറും മുപ്പത്തിമൂന്നു വര്‍ഷം കൊണ്ട് പുള്ളിക്കാരന് ഉണ്ടാക്കിയെടുത്ത ഫാന്‍സ് ഒന്നും ലോകത്ത് ഇതുവരെ ഒരു സെലിബ്രിറ്റിക്കും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഭൂമിയില്‍ ആയിരുന്നപ്പോഴും സ്വര്‍ഗാരോഹണം ചെയ്തിട്ടും ഇന്നും നസ്രായന് നിറയെ ഫാന്‍സ് ആണ്. അല്ലാ ഈശോയേ, എന്ത് കണ്ടിട്ടാ നിനക്ക് ഇത്രയും ഫാന്‍സ്? ഗലീലി കടല്‍ത്തീരത്തേക്കു നമുക്കൊന്ന് പോകാം. ഈശോയുടെ ആദ്യ ശിഷ്യന്മാരുടെ തിരഞ്ഞെടുപ്പ് സീന്‍ ആണ്. കടലില്‍ വല വീശിക്കൊണ്ടിരുന്ന രണ്ട് സഹോദരന്മാരെ കണ്ടു. പത്രോസും അന്ത്രയോസും. മീന്‍ പിടുത്തക്കാരാണ്. ഒരു ഡയലോഗ്, "എന്നെ അനുഗമിക്കുക!" ' ഉടനെ അവര്‍ വലകള്‍ ഉപേക്ഷിച്ച് അവനെ അനുഗമിച്ചു. യാക്കോബിനോടും യോഹന്നാനോടും ഇത് തന്നെ ആവര്‍ത്തിക്കപ്പെട്ടു... ഒരു വാക്കു കേട്ടപ്പോള്‍ സകലതും ഉപേക്ഷിച്ച് അന്നന്നത്തെ അപ്പം ഭക്ഷിക്കാനുള്ള തൊഴിലുപോലും വേണ്ടെന്നു വച്ച് അവരെല്ലാം ഈശോയുടെ കൂടെ കൂടി. മീന്‍ പിടിക്കുന്നവരില്‍ നിന്നും മനുഷ്യനെ പിടിക്കുന്നവരാക്കി മാറ്റുന്ന മെഗാ ഡീല്‍. ഒരു കൂട്ടം പാവങ്ങളെ 'ക്വാളിഫൈഡ്' ആക്കി മാറ്റുന്ന ചങ്ക് നസ്രായന് ...നമ്മുടെയൊക്കെ ഉള്ളില്‍ കുടികൊള്ളുന്ന ശിമയോന് പത്രോസിലേക്കെത്താനുള്ള ദൂരം ആണ് ഈശോ. അവനിലേക്ക് നടന്നെത്തുകയേ വേണ്ടൂ. "എന്റെ നാമത്തെ പ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന് നിത്യജീവന് അവകാശമാക്കുകയും ചെയ്യും" (മത്തായി 19/29) സാബത്തില്‍ ശിഷ്യന്മാര് ഗോതമ്പു കതിരുകള്‍ പറിച്ചു തിന്നുന്നതും അവര്‍ ഉപവസിക്കാതിരിക്കുന്നതും കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നതും ചോദ്യം ചെയ്യാന്‍ ഫരിസേയര്‍ ഈശോയുടെ അടുക്കല്‍ ചെല്ലുന്ന അവസരങ്ങളുണ്ട്. സാബത്തിനെക്കുറിച്ചും ഉപവാസത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും എല്ലാം അവര്‍ ഈശോയോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. നിന്റെ ശിഷ്യന്മാര് ഇവയൊന്നും അനുസരിക്കുന്നില്ല എന്ന് കുറ്റപ്പെടുത്തിയപ്പോള്‍ ഈശോ അവരുടെ വായ് അടച്ചുകളയുംവിധം മറുപടിയും കൊടുത്തു. എന്റെ പിള്ളേരുടെ കാര്യം ഞാന്‍ നോക്കിക്കോളാം എന്ന് ചങ്കുറപ്പോടെ വിളിച്ചു പറയുന്ന ഈശോയെയാണ് നമുക്ക് അവിടെ കാണാന്‍ കഴിയുക. ഭൂലോകത്തിന്റെ വിജയരാജ്ഞി എന്ന പുസ്തകത്തില്‍ സിസ്റ്റര്‍ നതാലിയ വെളിപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്- ഒരിക്കല്‍ ഞാന്‍ ഈശോയോട് ചോദിച്ചു. എന്തിനാണ് അങ്ങ് നരകം ഉണ്ടാക്കിയത്? അതിന് മറുപടി പറയാന്‍വേണ്ടി വളരെ പാപിയായിരുന്ന ഒരു ആത്മാവിന്റെ വിധി കാണാന്‍ എന്നെ കൊണ്ടുപോയി. ഈശോ ആ ആത്മാവിന്റെ പാപം ക്ഷമിച്ചു. പിശാച് ഈശോയോട് അട്ടഹസിച്ചു പറഞ്ഞു, ഇത് നീതിയല്ല. ഈ ആത്മാവ് ജീവിതകാലം മുഴുവന്‍ എന്റേതായിരുന്നു. എത്രയോ അധികം പാപം ചെയ്തിട്ടുണ്ട്. ഞാന്‍ ഒരു പാപം മാത്രമേ ചെയ്തിട്ടുള്ളൂ. എന്നിട്ടും അങ്ങ് എനിക്കുവേണ്ടി നരകം സൃഷ്ടിച്ചു. അപ്പോള്‍ ഈശോ നിസ്സീമമായ സ്നേഹത്തോടെ പിശാചിനോടു പറഞ്ഞു. ലൂസിഫര്‍ നീ എന്നെങ്കിലും എന്നോട് മാപ്പു ചോദിച്ചിട്ടുണ്ടോ? ലൂസിഫര്‍ മറുപടി പറഞ്ഞു, ഞാന്‍ ഒരിക്കലും ചെയ്യുകയില്ല. ഉടനെ ഈശോ സിസ്റ്റര്‍ നതാലിയയോട് ഇപ്രകാരം പറഞ്ഞു. അവന് എന്നോട് ഒരൊറ്റ പ്രാവശ്യമെങ്കിലും ക്ഷമാപണം ചെയ്തിരുന്നെങ്കില്‍ നരകം ഇല്ലാതായി തീരുമായിരുന്നു.' ചെയ്തു പോയ തെറ്റുകളുടെയും എത്ര പ്രാവശ്യം ഒരുവനോട് ക്ഷമിച്ചു എന്നതിന്റെയും കണക്കുപുസ്തകം സൂക്ഷിക്കാത്ത ഈശോ. ആരൊക്കെ എതിരെ വന്നാലും കുറ്റം ചുമത്തിയാലും മകനേ, മകളേ, നീ എന്റേതാണ് എന്ന് ആവര്‍ത്തിക്കുന്ന ഈശോ... കുറ്റബോധവും നിരാശയും കീഴ്പ്പെടുത്തുമ്പോള് നമ്മുടെ ചങ്ക് നസ്രായന്റെ ചങ്കില് ചേര്‍ന്നിരിക്കുക. എന്നിട്ട് പിശാചിനോടു പറയണം, ഞാന്‍ യേശുവിന്റേതാണ്. നിനക്ക് എന്റെ മേല്‍ ഒരു അധികാരവും ഇല്ല, യൂ മൈന്‍ഡ് യുവര്‍ ബിസിനസ്സ്. ലഹരി ലഹരി എന്നത് അര്‍ത്ഥമാക്കുന്നത് ഒരു കൂടിയ അളവിനെയാണ്. ആവശ്യത്തില്‍ കൂടുതല്‍ എന്ന് വേണമെങ്കില്‍ പറയാം. ഈശോയുടെ പ്രവൃത്തികളിലും ഇത്തരം ഒരു ലഹരി കണ്ടെത്താന്‍ കഴിയും. ഓവര്‍ ഫ്ളോയിങ് എക്സ്പീരിയന്‍സ്. ബൈബിളില്‍ അഞ്ചപ്പം വര്‍ധിപ്പിക്കുന്നിടത്തും ഏഴപ്പം വര്‍ധിപ്പിക്കുന്നിടത്തും ക്രിസ്തുലഹരി നാം കണ്ടെത്തുന്നു. എല്ലാവരും ഭക്ഷിച്ച് തൃപ്തരായിട്ടും അവിടെ ബാക്കിയായത് സമൃദ്ധിയാണ്. പന്ത്രണ്ടും ഏഴും കുട്ടകള്‍ ബാക്കി ശേഖരിച്ചു എന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ കൈകളില്‍ ഉണ്ടായിരുന്ന കുറവുകളെ, അഞ്ചപ്പവും രണ്ട് മീനും, ഈശോയുടെ കരങ്ങളില്‍ കൊടുത്തപ്പോള്‍ അവന് സമൃദ്ധി ഉണ്ടാക്കി. ജീവിതത്തില്‍ കുറവുകളും പോരായ്മകളും നമ്മെ ഞെരുക്കുമ്പോള്‍ കൊടുക്കാം നമുക്കും, അവന്റെ സമൃദ്ധിയുടെ കരങ്ങളിലേക്ക്... ആസ്വദിക്കാം നമുക്കും ക്രിസ്തുലഹരി... "എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും" (ഫിലിപ്പി 4/19). സക്കേവൂസ് പൊക്കം കുറഞ്ഞവനായിരുന്നു. യേശു ആരാണെന്ന് കാണുവാന്‍ മാത്രമേ അവന് ആഗ്രഹിച്ചുള്ളൂ. സക്കേവൂസിന്റെ ഹൃദയത്തിലെ ആഗ്രഹം അറിഞ്ഞ ഈശോ സിക്കമൂര്‍ മരത്തിനു ചുവട്ടില്‍ വന്നു നിന്നു. ഈശോ നമ്മെയും കാണുന്നു... ആരെല്ലാം അവനു വേണ്ടി ആഗ്രഹിക്കുന്നുവോ അവരുടെ അടുത്തേക്ക് അവന് കടന്നുവരും... ജനക്കൂട്ടവും പൊക്കക്കുറവും എല്ലാം ഈശോയേ കാണുന്നതിന് സക്കേവൂസിനു പ്രതിബന്ധങ്ങള്‍ ആയിരുന്നു. ഒരു സിക്കമൂര്‍ മരത്തില്‍ കയറാന്‍ സക്കേവൂസ് തീരുമാനിച്ചതുപോലെ ജീവിതത്തിന്റെ ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളിലും കഷ്ടതകളിലും ഈശോയേ എന്ന് ഹൃദയം കൊണ്ട് വിളിക്കാനെങ്കിലും നാം തയ്യാറായാല്‍ അവന് വരും നാം ഇരിക്കുന്ന സിക്കമൂര്‍ മരത്തിനരികില്‍.... "നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല. പീഡിപ്പിക്കപ്പെട്ടവളും മനസ്സുലഞ്ഞവളും ആശ്വാസം ലഭിക്കാത്തവളുമേ, ഇന്ദ്രനീലംകൊണ്ട് അടിസ്ഥാനമിട്ട് അഞ്ജനക്കല്ലുകൊണ്ട് നിന്നെ ഞാന്‍ നിര്‍മിക്കും. ഞാന്‍ നിന്റെ താഴികക്കുടങ്ങള്‍ പത്മരാഗംകൊണ്ടും വാതിലുകള്‍ പുഷ്യരാഗംകൊണ്ടും ഭിത്തികള്‍ രത്നംകൊണ്ടും നിര്‍മിക്കും" (ഏശയ്യാ 54/10-12) ലാസര്‍ രോഗിയായിരിക്കുന്നു എന്ന് ആളെ വിട്ടു പറഞ്ഞിട്ടും ഈശോ താന്‍ താമസിച്ചിരുന്ന സ്ഥലത്തു തന്നെ രണ്ടു ദിവസം കൂടി ചെലവഴിച്ചു. ലാസറിന്റെ കല്ലറക്കരികില്‍ ഈശോ കടന്നു ചെല്ലുന്നത് ലാസര്‍ സംസ്കരിക്കപ്പെട്ടിട്ട് നാല് ദിവസം ആയപ്പോഴാണ്. ഇത് വായിക്കുമ്പോഴൊക്കെ ഈശോയേ നീ ഇത്രയ്ക്ക് സ്നേഹം ഇല്ലാത്തവനാണോ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. മര്‍ത്താ പറഞ്ഞത് പോലെ ഈശോ അവിടെ ഉണ്ടായിരുന്നെങ്കില്‍ ലാസര്‍ മരിക്കില്ലായിരുന്നു. രോഗസൗഖ്യം ലഭിക്കുമായിരുന്നു... അനേകര്‍ അതുകണ്ട് അവനില്‍ വിശ്വസിക്കുമായിരുന്നു... പക്ഷേ ഈശോ വേറെ ലെവല്‍ ആണ്... രോഗസൗഖ്യത്തെക്കാള്‍ മാരകവേര്‍ഷന്‍ പുള്ളി പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ലാസറിനെ മരിക്കാനും അഴുകാനും അനുവദിച്ചത്. പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത ഒരു പ്രവൃത്തി ഈശോ പ്രവര്‍ത്തിച്ചു. മരിച്ച് അഴുകിയവന്റെ ഉയിര്‍പ്പ്. നമ്മുടെയൊക്കെ ജീവിതത്തിലും ചിലപ്പോള്‍ ഈശോ നമ്മെ അഴുകാന്‍ അനുവദിക്കും. ഈശോക്ക് സ്നേഹം ഇല്ലാഞ്ഞിട്ടല്ല കേട്ടോ. അത്ഭുതത്തിന്റെ ഒരു വലിയ വേര്‍ഷന്‍ നിന്റെ ജീവിതത്തിലും അവന് ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈശോ വൈകിക്കുമ്പോള്‍ അവന്റെ ഈ തിരുവചനം നമ്മെ പ്രത്യാശയിലേക്കു നയിക്കട്ടെ. "യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട് അറിയും" (യോഹന്നാന് 13/7) ഈശോയുടെ ചില സ്വഭാവ വശ്യതകളാണ് പറഞ്ഞത്. ഇതുകൂടാതെ മറ്റൊരു പ്രത്യേകത പറയട്ടെ, ഒരിക്കലെങ്കിലും അവന്റെ കണ്ണുകളില്‍ ഉടക്കിയാല്‍ പിന്നെ ഒരിക്കലും അവനെ പിരിയാന്‍ കഴിയില്ല. അവന് നമ്മെ വശീകരിച്ചു കൊണ്ടുപോവും. അവന്റേതു മാത്രമായി എന്നേക്കും ആയിരിക്കാന്‍... "കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഞാന്‍ അവളെ വശീകരിച്ച് വിജനപ്രദേശത്തേക്കു കൊണ്ടുവരും. അവളോട് ഞാന്‍ ഹൃദ്യമായി സംസാരിക്കും" (ഹോസിയ 2/14).
By: ആന്‍ മരിയ ക്രിസ്റ്റീന
Moreനാം വൈകിട്ട് വരെ ജീവിച്ചിരിക്കില്ല എന്ന ബോധ്യത്തോടെവേണം ദിവസവും രാവിലെ എഴുന്നേല്‍ക്കേണ്ടത്; രാവിലെ എഴുന്നേല്ക്കുകയില്ല എന്ന ബോധ്യത്തോടെവേണം രാത്രി ഉറങ്ങാന്‍ കിടക്കേണ്ടത്. കാരണം നമ്മുടെ ജീവിതത്തെക്കുറിച്ച് യാതൊരു ഉറപ്പുമില്ല. ഇത് മനസ്സിലാക്കി ജീവിക്കുകയാണെങ്കില്‍, നാം പാപത്തില്‍ വീഴുകയില്ല; ഒരാഗ്രഹവും നമ്മെ തടവിലാക്കുകയില്ല, ഒരു കോപവും നമ്മെ ഇളക്കുകയില്ല, ഒരു നിധിയും നമ്മെ ഇഹലോകവുമായി ബന്ധിപ്പിക്കുകയില്ല; സ്വതന്ത്രമാക്കപ്പെട്ട ഹൃദയവുമായി നമുക്ക് മരണത്തെ നേരിടുവാന്‍ സാധിക്കും. ഈജിപ്തിലെ വിശുദ്ധ ആന്റണി
By: Shalom Tidings
Moreനിങ്ങളുടെ ജീവിതത്തിന്റെ പ്രതിക്കൂട്ടില്‍ ആരൊക്കയാണുള്ളത്? 1990-ാം ആണ്ടിന്റെ തുടക്കമാസങ്ങളില്‍ ഒന്നില്‍ പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ ഞാനെന്റെ ഡയറി വിടര്‍ത്തി, അതില്‍ ഇപ്രകാരം എഴുതിവച്ചു. "എന്റെ പിതാവേ, നീയെന്നില്നിന്നും ഒരു കുരിശുമരണമാണ് ആവശ്യപ്പെടുന്നതെങ്കില്‍ ഞാന്‍ അതിന് ഒരുക്കമാണ്. നിന്റെ കരങ്ങളില്‍ എന്റെ ജീവനെയും ജീവിതത്തെയും ഞാന്‍ സമര്‍പ്പിക്കുന്നു. യേശുവിനെ മരിച്ചവരില്‍നിന്നും മൂന്നാംനാള്‍ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പരിശുദ്ധാത്മാവ് എന്നെയും തന്റെ സമയത്തിന്റെ പൂര്‍ണതയില്‍ പുനരുത്ഥാനത്തിന്റെ മഹിമയിലേക്ക് നയിക്കും എന്ന് എനിക്കുറപ്പുണ്ട്, ആമേന്‍ ഈശോ." എന്തിനെക്കുറിച്ചാണ് ഞാന്‍ ഈ വാചകങ്ങള്‍ കുറിച്ചുവച്ചതെന്ന് ഇതെഴുതിയ സമയത്ത് എനിക്ക് നിശ്ചയമായും അറിഞ്ഞുകൂടായിരുന്നു. പാപികളുടെ മാനസാന്തരത്തിനും ലോകത്തിന്റെ രക്ഷയ്ക്കുംവേണ്ടി യേശുവിന്റെ പീഡാസഹനത്തോട് ചേര്‍ത്തുവയ്ക്കാന്‍ എന്തൊക്കെയോ സഹനങ്ങള്‍ പിതാവായ ദൈവം എന്നില്‍നിന്നും ആവശ്യപ്പെടുന്നു എന്നുമാത്രമേ ഈ വാക്കുകള്‍ ഡയറിയില്‍ കുറിച്ചുവയ്ക്കുമ്പോള്‍ എനിക്ക് തോന്നിയുള്ളൂ. അത് എനിക്ക് താങ്ങാനാവുന്നതിലും ഒരുപാട് അധികമായിരിക്കുമെന്ന് ആ സമയത്ത് എനിക്ക് തോന്നിയില്ല. എങ്കില്‍ ഞാനൊരുപക്ഷേ അങ്ങനെയൊരു 'സമ്മതപത്രം' പിതാവായ ദൈവത്തിന് എഴുതി നല്‍കയില്ലായിരുന്നു എന്ന് ഇപ്പോള്‍ പിന്തിരിഞ്ഞുനോക്കുമ്പോള് ഞാന്‍ ഊഹിക്കുകയാണ്. ഒരുപക്ഷേ "സഭയാകുന്ന ശരീരത്തെപ്രതി ക്രിസ്തുവിന് സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് ഞാന്‍ എന്റെ ശരീരത്തില്‍ നികത്തുന്നു" (കൊളോസോസ് 1/24) എന്ന് എഴുതിവച്ച പൗലോസ് അപ്പസ്തോലന് ലഭിച്ച ഉള്‍വിളിയുടെ ചെറിയൊരംശം നല്ല ദൈവം പാപിയായ എനിക്കു പകുത്തു നല്കിയതാവാം എന്ന് ഇന്നെനിക്ക് തോന്നുന്നു. എന്തുതന്നെയുമാകട്ടെ, മേല്പറഞ്ഞ സമ്മതപത്രം എഴുതിക്കഴിഞ്ഞ തൊട്ടടുത്ത നാള്‍മുതല്‍ എന്റെ ജീവിതഗതിയെത്തന്നെ മാറ്റിമറിച്ച തികച്ചും അപ്രതീക്ഷിതമായ ഭീകരമായ സഹനപരമ്പരകള്‍ എന്റെ ജീവിതത്തില്‍ അരങ്ങേറുവാന്‍ തുടങ്ങി. ജീവിതത്തിലൊരിക്കലും സ്വപ്നത്തില്‍പോലും ഞാന്‍ ചിന്തിച്ചില്ല ഞാന്‍ കടന്നുപോന്ന സഹനപരമ്പരകളില്‍ ഒന്നെങ്കിലും എന്റെ ജീവിതത്തില്‍ സംഭവിക്കുമെന്ന്. 'സഹനപരമ്പര' എന്ന് ഞാന്‍ പറയാന്‍ കാരണമുണ്ട്. ഈ പീഡാസഹനങ്ങളുടെ പങ്കുചേരല്‍ അതിനുശേഷം ഇന്നോളമുള്ള കാലഘട്ടത്തില്‍ ഒരു വട്ടമല്ല പലവട്ടം എന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെട്ടു. പലവട്ടം അതാവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഞാന്‍ ഈശോയോടു ചോദിച്ചു, "എന്റെ ഈശോയേ, നീ ജീവിതത്തില്‍ ഒരു വട്ടമേ കുരിശില്‍ തൂങ്ങി മരിച്ചുള്ളൂ. കൃമിയും കീടവുമായ ഞാന്‍ ഇതെത്രാമത്തെ വട്ടമാണ് ക്രൂശിക്കപ്പെടുന്നത്?" അപ്പോള്‍ ഈശോ എന്നെ ആശ്വസിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: "എന്റെ മകളേ, ഞാന്‍ കടന്നുപോയ സഹനങ്ങളുടെ എള്ളോളമൊരംശമേ ഓരോ സഹനവേളയിലും ഞാന്‍ നിനക്ക് തരുന്നുള്ളൂ. ഒന്നിച്ചിത് താങ്ങാന്‍ നിനക്ക് കെല്പില്ലാത്തതിനാല് ഇന്‍സ്റ്റാള്‍മെന്റായി ഞാനിത് നിനക്ക് തന്നുകൊണ്ടിരിക്കുകയാണ്. ഒട്ടും ഭയം വേണ്ട. പ്രത്യാശ കൈവിടാതെ മുന്നോട്ടുപോകുക, ഞാന്‍ കൂടെയുണ്ട്." ആരു പറഞ്ഞു ഏറ്റെടുക്കുവാന്‍? ഞാന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന സഹനങ്ങളുടെ തീവ്രത മനസിലാക്കിയ ഒരു കൊച്ചനുജത്തി ഒരിക്കലെന്നോടു ചോദിച്ചു "ചേച്ചിക്ക് വല്ല കാര്യവുമുണ്ടായിരുന്നോ ഇങ്ങനെയൊരു കാര്യം ഏറ്റെടുക്കുവാന്‍? പറ്റുകയില്ല കര്‍ത്താവേ എന്നങ്ങ് പറഞ്ഞുകൂടായിരുന്നോ? ഭര്‍ത്താവും കുട്ടികളുമുള്ള ഒരു സ്ത്രീ ഇതൊക്കെ ഏറ്റെടുത്താല്‍ കുടുംബത്തിന്റെ അവസ്ഥ എന്താകും?" മറുപടിയെന്നവണ്ണം ഞാന്‍ അവളോടു പറഞ്ഞു, "എന്റെ മോളേ, കര്‍ത്താവ് ഒരുപക്ഷേ എന്നോട് ചോദിക്കുന്നതിനുമുമ്പ് പലരോടും ചോദിച്ചിട്ടുണ്ടാകാം ഈ രീതിയിലൊരു സഹനം ഏറ്റെടുക്കാമോ എന്ന്. അവരാരും ഏറ്റെടുക്കുവാന്‍ തയാറാകാത്തതുകൊണ്ടാകാം ഭര്‍ത്താവും കുട്ടികളും കുടുംബവും കുടുംബജീവിതവുമൊക്കെയുള്ള എന്നെത്തേടി അവിടുന്നെത്തിയത്." ഞാനാ പറഞ്ഞ വാക്കുകള്‍ സത്യമാണെന്ന് പിന്നീട് എന്റെ ജീവിതത്തില്‍ എനിക്ക് വ്യക്തമായി. "ഞാന്‍ സ്വസ്ഥമായി വസിച്ചിരുന്നു; അവിടുന്നെന്നെ തകര്‍ത്തു. അവിടുന്നെന്റെ കഴുത്തിനു പിടിച്ച് നിലത്തടിച്ചു ചിതറിച്ചു. അവിടുന്ന് എന്റെ നേരേ ഉന്നംവച്ചിരിക്കുന്നു. അവിടുത്തെ വില്ലാളികള്‍ എന്നെ വലയം ചെയ്തിരിക്കുന്നു. അവിടുന്നെന്റെ ആന്തരാവയവങ്ങളെ കരുണയില്ലാതെ പിളര്‍ക്കുന്നു. അവിടുന്നെന്റെ പിത്തനീര് ഒഴുക്കിക്കളയുന്നു. അവിടുന്ന് എന്നെ ആവര്‍ത്തിച്ചു മര്‍ദിച്ചു തകര്‍ക്കുന്നു" (ജോബ് 16/12-14) എന്ന ജോബിന്റെ കഷ്ടതയുടെ വിലാപങ്ങള്‍ എന്റെയും വിലാപമായി പലവട്ടം മാറി. ഇതൊക്കെ ചെയ്യാന്‍ ചിലര്‍! എന്നെ കഠിനസഹനങ്ങളിലൂടെ കടത്തിവിടുവാന്‍വേണ്ടി ദൈവം ഉപകരണമാക്കിത്തീര്‍ത്ത പലരെയും വെറുതെ വിടുവാനും അവരെ അനുഗ്രഹിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുവാനും ആദ്യകാലഘട്ടങ്ങളില്‍ എനിക്ക് കഴിയുമായിരുന്നില്ല. എന്റെ കുമ്പസാരക്കൂട്ടിലെ സ്ഥിരം ഏറ്റുപറച്ചിലിന്റെ ഒരു വിഷയമായിരുന്നു ക്ഷമിക്കുവാനും ദ്രോഹം ചെയ്തവരെ അംഗീകരിക്കുവാനും പറ്റാത്ത എന്റെ മാനസികാവസ്ഥ. ഈ ആത്മീയ പ്രതിസന്ധി മനസിലാക്കിയ ആ നാളുകളിലെ എന്റെ കുമ്പസാരക്കാരനച്ചന്‍ എന്നോട് ഇങ്ങനെ പറഞ്ഞു: "സഹോദരീ, ഇങ്ങനെയൊക്കെ നിന്നോടു ചെയ്യാന്‍ നിന്റെ ജീവിതത്തില്‍ ചിലരെയൊക്കെ ദൈവം ചേര്‍ത്തുതന്നതിന് നീ ദൈവത്തിന് നന്ദി പറയണം. ദൈവമാണ് അവരെ നിയോഗിച്ചത്. അവരാണ് യഥാര്‍ത്ഥത്തില്‍ സഹോദരിയുടെ ഏറ്റവും വലിയ ഉപകാരികള്‍. അവര്‍ അങ്ങനെയൊക്കെ ചെയ്തില്ലായിരുന്നുവെങ്കില്‍ നീയിപ്പോള്‍ ഇവിടെയെങ്ങും എത്തുകയില്ലായിരുന്നു. ഇപ്പോഴുള്ള ഒരാധ്യാത്മിക അവസ്ഥയിലേക്ക് സഹോദരിയുടെ ജീവിതം ഉയര്‍ത്തപ്പെടുകയില്ലായിരുന്നു. അതിനാല്‍ ഇങ്ങനെയൊക്കെ എന്നോടു ചെയ്യാന്‍ ഇവരെയൊക്കെ എന്റെ ജീവിതത്തോടു കൂട്ടിച്ചേര്‍ത്ത ദൈവമേ നിനക്ക് നന്ദിയെന്ന് ദൈവത്തോട് ആവര്‍ത്തിച്ചു പറഞ്ഞ് അവരെയൊക്കെ അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കണം. കാരണം ഇങ്ങനെയൊക്കെ ചെയ്യാന്‍ ഇങ്ങനെയൊക്കെ ചിലര്‍ ജീവിതത്തിലുണ്ടാവുക എന്നത് വലിയൊരു ഭാഗ്യമാണ്." ആ ഉപദേശം എന്റെ കണ്ണും കാതും തുറപ്പിച്ചു. ഞാന്‍ ആ ബഹുമാന്യ വൈദികന് പറഞ്ഞതുപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ആ പ്രാര്‍ത്ഥന വലിയൊരു വിടുതലിലേക്ക് എന്റെ ശരീരത്തെയും മനസിനെയും ആത്മാവിനെയും ബന്ധങ്ങളെയും നയിച്ചു. പൂര്‍വയൗസേപ്പിന്റെ ജീവിതത്തില്‍ ദൈവം അംഗീകരിച്ചുയര്‍ത്താനും ഇസ്രായേലിന്റെ മുഴുവന്‍ രക്ഷയ്ക്ക് കാരണമാകാനും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു പിതാവായ യാക്കോബിന്റെ സന്തതികളില്‍ ഇളയവനായ ജോസഫ്. കണ്ടാല്‍ കോമളന്. പിതാവായ യാക്കോബിനാല്‍ ഏറ്റവും സ്നേഹിക്കപ്പെട്ടവന്. അതുകൊണ്ടുതന്നെ സ്വസഹോദരങ്ങള് അസൂയപൂണ്ട് അവനെ വെറുത്തു. മേച്ചില്‍സ്ഥലത്തുവച്ച് അവനെ പിടിച്ച് ബന്ധിച്ച് അവന്റെ സുരക്ഷിതത്വത്തിന്റെ കുപ്പായം ഊരിയെടുത്തു. കൈയും കാലും ബന്ധിച്ച് പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു. പിന്നീട് ആ വഴിവന്ന ഇസ്മായേല്യര്‍ക്ക് അവനെ വിറ്റു. ഇസ്മായേല്യര്‍ അവനെ പൊത്തിഫറിന് കൈമാറി. തന്റെ ഇംഗിതത്തിനു വഴങ്ങി പാപം ചെയ്യാത്തതില്‍ വൈരാഗ്യം പൂണ്ട പൊത്തിഫറിന്റെ ഭാര്യ അവനെ വ്യഭിചാരക്കുറ്റം ആരോപിച്ച് ജയിലില്‍ അടപ്പിച്ചു. നീണ്ട വര്‍ഷത്തെ തീവ്രമായ സഹനങ്ങള്‍! അവസാനം ഈജിപ്തിലെ രാജാവായ ഫറവോയുടെ കരങ്ങളാല്‍ അവിടുത്തെ ഗവര്‍ണറായി അവരോധിക്കപ്പെടുന്നതുവരെ ജോസഫിന്റെ മുഖചിത്രം ഒരു വ്യഭിചാരിയുടെയും കയ്യേറ്റക്കാരന്റേതുമായിരുന്നു. ഇത് ഉയര്‍ച്ചയ്ക്കുവേണ്ടി സ്വന്തസഹോദരങ്ങളുടെ അസൂയയും പൊത്തിഫറിന്റെ ഭാര്യ അവനോടു ചെയ്ത ക്രൂരതയുമാണ് ഈജിപ്തിലെ രാജാവായ ഫറവോയുടെ അരമനയില്‍ അവനെ എത്തിച്ചത്. ദൈവംതന്നെയാണ് അവരിലൂടെ പ്രവര്‍ത്തിച്ചത് എന്നതിനെക്കുറിച്ച് ജോസഫിന് നല്ല തിരിച്ചറിവുണ്ടായിരുന്നു. അവന് തന്റെ സഹോദരങ്ങളോടു പറയുന്നു "...നിങ്ങളല്ല ദൈവമാണ് എന്നെ ഇങ്ങോട്ടയച്ചത്" (ഉല്പത്തി 45/7-8). യേശുവിന്റെ മഹത്വീകരണത്തിനുപിന്നില്‍ പീഡാനുഭവ വാരാചരണത്തിന്റെ പടിവാതില്ക്കല് എത്തിനില്ക്കുകയാണല്ലോ നമ്മള്. യേശുവിനെ പുനരുത്ഥാനത്തിന്റെ മഹത്വത്തിലേക്ക് ആനയിച്ചതും ഒരു സംഘം അസൂയാലുക്കളായ പുരോഹിതന്മാരുടെയും നിയമജ്ഞരുടെയും ഫരിസേയ പ്രമാണികളുടെയും സംഘടിതമായ പ്രതികൂല പ്രവര്‍ത്തനങ്ങളാണ്. അവരുടെ അതിവിദഗ്ധമായ പ്രതികൂല പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് യേശു തൂക്കുമരത്തിലേക്ക് ആനയിക്കപ്പെട്ടതും കൊല്ലാനായി വിജാതീയര്‍ക്ക് ഏല്‍പിച്ചുകൊടുക്കപ്പെട്ടതും (മര്‍ക്കോസ് 15). വിജാതീയരുടെ കരങ്ങളാലാണ് യേശു വധിക്കപ്പെട്ടത്. പക്ഷേ കൊല്ലിച്ചതാകട്ടെ സ്വന്തജനമായ ഇസ്രായേലിലെ പുരോഹിത പ്രമുഖന്മാരും! യേശുവിനെ കുരിശുമരണത്തിന്റെ വിജയത്തിലേക്കും പുനരുത്ഥാനത്തിന്റെ മഹത്വത്തിലേക്കും നയിക്കുവാന്‍ ഇങ്ങനെയൊക്കെ അവനോട് ചെയ്യുവാന്‍ ഇങ്ങനെയൊക്കെ കുറെപ്പേര് അവിടുത്തെ ജീവിതത്തില്‍ അനിവാര്യമായിരുന്നു. അത് പിതാവിന്റെ നിഗൂഢമായ ജ്ഞാനമായിരുന്നു. "അവന് ക്ഷതമേല്ക്കണമെന്നത് കര്‍ത്താവിന്റെ ഹിതമായിരുന്നു. അവിടുന്നാണ് അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്" (ഏശയ്യാ 53/9-10). തന്റെ കുരിശുമരണം ലോകത്തിന്റെ രക്ഷക്കുവേണ്ടിയുള്ള പിതാവിന്റെ പദ്ധതിയാണെന്ന് തിരിച്ചറിഞ്ഞ യേശു ആ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി തന്റെ ജീവനും ജീവിതവും വിട്ടുകൊടുത്തു. തന്നെ കൊല്ലിച്ചവര്‍ക്കും കൊല നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്കും മാപ്പു നല്കി, അവരുടെ രക്ഷയ്ക്കായി പിതാവിനോട് കെഞ്ചി പ്രാര്‍ത്ഥിക്കുന്നു. ഇവരാണ് തന്റെ മഹത്വീകരണത്തിന്റെ വഴിയിലെ യഥാര്‍ത്ഥ സഹായികള്‍ എന്ന് അവിടുന്ന് തിരിച്ചറിഞ്ഞിരുന്നു. ഇങ്ങനെയുള്ള കുറെപ്പേര് അനിവാര്യമാണെന്ന് അവിടുത്തേക്കറിയാമായിരുന്നു. യേശുവിന്റെ കുരിശുമരണത്തിനുശേഷം എമ്മാവൂസിലേക്കുപോയ ശിഷ്യന്മാര് യേശുവിന് നേരിട്ട അതിദാരുണമായ ക്രൂശീകരണത്തെക്കുറിച്ച് തികച്ചും പ്രത്യാശയറ്റവരായി സംസാരിച്ചുകൊണ്ടിരുന്നു. യേശുവാകട്ടെ അവര്‍ തിരിച്ചറിയാത്ത വിധത്തില്‍ അവരുടെ ഒപ്പമെത്തി അവരെ ആശ്വസിപ്പിച്ച് തിരുത്തുന്നു. അവിടുന്ന് അവരോട് ഇപ്രകാരം പറഞ്ഞു. "ഭോഷന്മാരേ, പ്രവാചകന്മാര് പറഞ്ഞിട്ടുള്ളത് വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ, ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്വത്തിലേക്ക് പ്രവേശിക്കേണ്ടിയിരുന്നില്ലേ" (ലൂക്കാ 24/25-26). അവരെ വെറുതെ വിടൂ! പ്രിയപ്പെട്ടവരേ, ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മറ്റുള്ളവരില്‍നിന്നും നേരിട്ട പ്രതികൂല അനുഭവങ്ങളിലൂടെ ക്രൂശീകരണത്തിന്റെ വഴികളിലൂടെ കടന്നുപോയിട്ടുള്ളവരായിരിക്കാം നമ്മളില്‍ പലരും. അതിന്റെ ഫലമായി നമ്മുടെ ശത്രുപക്ഷത്ത് നാം തീര്‍ത്ത പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തിയിരിക്കുന്ന അനേകര്‍ നമുക്കു ചുറ്റും ഉണ്ടാകാം. ഈ നോമ്പുകാലത്ത് പീഡാനുഭവ വാരാചരണത്തിനുവേണ്ടി നാം തയാറെടുക്കുമ്പോള്‍ ആദ്യമായി നാം ചെയ്യേണ്ടത് പ്രതിക്കൂട്ടില്‍നിന്നും ഇറക്കി നിരുപാധികം ക്ഷമിച്ച് അവരെ വിട്ടയയ്ക്കുകയാണ്. കാരണം നമ്മുടെ മഹത്വീകരണത്തിന്റെ വഴിയിലെ യഥാര്‍ത്ഥ സഹായികള്‍ അവരാണ്. നാം ആയിരുന്ന അവസ്ഥയില്‍നിന്നും നാം ആയിരിക്കേണ്ട മഹത്വത്തിന്റെ വഴികളിലേക്ക് നമ്മെ ഉയര്‍ത്തുവാന്‍ നമ്മോടിങ്ങനെയൊക്കെ ചെയ്യുവാന്‍ ഇങ്ങനെയും കുറച്ചുപേര്‍ നമ്മുടെ ജീവിതവഴികളില്‍ നമുക്കനിവാര്യമായിരുന്നു. ദൈവമാണ് അവരെയെല്ലാം നിയോഗിച്ചത്. അവരെയെല്ലാം ഓര്‍ത്ത് പിതാവായ ദൈവത്തിന് നന്ദി പറയുകയും അവര്‍ക്കെല്ലാം മാപ്പു നല്കി അനുഗ്രഹിക്കുകയും ചെയ്യാം. വരാന്‍ പോകുന്ന ഉയിര്‍പ്പു തിരുനാള്‍ ദിനമെത്തുമ്പോഴേക്കും നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉത്ഥിതനായ കര്‍ത്താവ് ഭരണം നടത്തുന്ന അനുഭവം നല്കി പരിശുദ്ധാത്മാവായ ദൈവം നമ്മെ ഉയര്‍ത്തും. വരാന്‍ പോകുന്ന ഉയിര്‍പ്പു തിരുനാളിന്റെ എല്ലാ മംഗളങ്ങളും വിജയവും മുന്നമേകൂട്ടി ആശംസിക്കുന്നു. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 'ആവേ മരിയ.'
By: സ്റ്റെല്ല ബെന്നി
Moreലേഖിക തന്റെ ആഗ്രഹം ഈശോയുടെ ചെവിയില്‍ പറഞ്ഞു. എന്നിട്ട് എല്ലായ്പോഴും ഒരേ പ്രാര്‍ത്ഥന ആവര്‍ത്തിച്ചു; ആത്മീയജീവിതത്തില്‍ ഉയരാന്‍ കൊതിക്കുന്ന എല്ലാവരും ഉരുവിടേ? പ്രാര്‍ത്ഥന. രാവിലെ പരിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ച് ഈശോയെ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് മുറിയില്‍ എത്തിയത്. മൊബൈല്‍ ഫോണ്‍ നോക്കിയപ്പോള്‍ ഒരു സന്ദേശം. ഡാഡിക്ക് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. പ്രായം അറുപത്തിയെട്ട് ആയിട്ടുണ്ട്. രണ്ട് വര്‍ഷത്തിലധികമായി നഴ്സ് എന്ന നിലയില്‍ കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നതുകൊണ്ട് മനസ്സില്‍ അല്പം ഭയം തോന്നി. രണ്ടു വര്‍ഷമായി മാതാപിതാക്കളെയും സഹോദരങ്ങളെയും കണ്ടിട്ട്. ഫോണ്‍ വിളിക്കുമ്പോഴെല്ലാം ഡാഡി ചോദിക്കും, "മോള് എന്നാ വരിക?" "ലീവ് ഇല്ല" എന്ന് പറയുമ്പോള്‍ ഡാഡിയുടെ മുഖത്തെ വിഷമം നിത്യസംഭവമായി മാറിയിരുന്നു. മനസ്സിലേക്ക് ഇതെല്ലാം ഓരോന്നായി കടന്നുവന്നു. ഈശോയുടെ തിരുഹൃദയരൂപത്തിന് മുന്നില്‍ മുട്ടുകുത്തി, "ഈശോയേ, എന്റെ ഹിതം അല്ല അങ്ങയുടെ ഹിതം നിറവേറട്ടെ" എന്നിട്ട് എന്റെ ഒരു ആഗ്രഹംമാത്രം ഈശോയുടെ ചെവിയില്‍ പറഞ്ഞു, "ഈശോയേ, നിന്റെ ഇഷ്ടം എന്താണെന്ന് എനിക്കറിയില്ല. എനിക്ക് ഡാഡിയെ കണ്ട് അനുഗ്രഹം വാങ്ങിക്കാന്‍ അവസരം തരണം. അനുഗ്രഹം ലഭിക്കുന്നതിന് മുന്‍പ് ഡാഡിക്കു ഒരാപത്തും വരുത്തരുത്." അന്ന് നൈറ്റ് ഡ്യൂട്ടി ആണ്. ജോലിക്കിടയില്‍ 'ഈശോയേ, എന്റെ ഹിതമല്ല; അങ്ങയുടെ ഹിതം നിറവേറട്ടെ' എന്ന് ഉരുവിട്ടുകൊണ്ടിരുന്നു. ഏകദേശം പുലര്‍ച്ചെ മൂന്ന് മണിയോടുകൂടി അനിയത്തി വിളിക്കുന്നു, "ഡാഡിക്ക് ഓക്സിജന്‍ കുറയുന്നു. എന്താ ചെയ്യേണ്ടത്?" മനസ്സിലൂടെ അനേകം കൊറോണ രോഗികളുടെ മുഖങ്ങള്‍ മിന്നി മറഞ്ഞു. ഹൃദയത്തില്‍ ഭാരം അനുഭവപ്പെടുന്നപോലെ... ഡ്യൂട്ടിക്കിടയില്‍നിന്ന് പെട്ടന്നുതന്നെ എമര്‍ജന്‍സി ലീവ് അറേഞ്ച് ചെയ്തു. വിമാനയാത്രയില്‍ ഉടനീളം അതേ വാക്കുകള്‍ പ്രാര്‍ത്ഥനയായി ഈശോയ്ക്ക് സമര്‍പ്പിച്ചു. ഡാഡി ആശുപത്രിയില്‍ അഡ്മിറ്റ് ആയി. പതിനഞ്ചു ലിറ്റര്‍ ഓക്സിജന്‍ ഒരു മിനിറ്റില്‍ കൊടുത്തു കൊണ്ടിരിക്കുന്നു. രാവിലെ വീട്ടില്‍ എത്തിയശേഷം യാത്രാക്ഷീണം കൊണ്ട് അല്പനേരം കിടന്നുറങ്ങി. കൊറോണരോഗികളെ സന്ദര്‍ശിക്കണമെങ്കില്‍ പ്രത്യേക പെര്മിഷന് വേണം. അതിനുള്ള ശ്രമങ്ങള്‍ നടത്താന്‍ ആരംഭിച്ചു. അമ്മയാണ് ഡാഡിക്കൊപ്പം ഉള്ളത്. അമ്മയ്ക്കും പ്രായമായി. അറുപത്തിയേഴ് വയസ്സ്. ആരോഗ്യപ്രശ്നങ്ങള്‍ രണ്ടുപേര്‍ക്കും ഉണ്ട്. ദൈവത്തിലുള്ള ആശ്രയത്തോടൊപ്പം മകള്‍ നഴ്സ് ആണെന്നത് ഒരു പരിധിവരെ അവരെ ധൈര്യപ്പെടുത്തി എന്ന് പിന്നീട് അവര്‍ പറഞ്ഞിട്ടുണ്ട്. വൈകുന്നേരമായപ്പോള്‍ എന്റെ ശരീരത്തിന്റെ അവസ്ഥ മാറി മറിയുകയാണ്. മുഖം മുതല്‍ കാല് വരെ നീര് വച്ചിട്ടുണ്ട്. ശക്തമായ വേദന. ചില ശാരീരിക അസ്വസ്ഥതകള്‍ ആ നാളുകളില്‍ അനുഭവപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ സഹനം കഠിനമായി. വീട്ടില്‍ ഞാന്‍ തനിച്ചാണ്. ഈശോ എന്തോ ചെയ്യാന്‍ മനഃപൂര്‍വ്വം പ്ലാന്‍ ചെയ്ത പോലെ... ചിലരുടെ സഹായത്താല്‍ ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയി. മാതാപിതാക്കളെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ ഓടി എത്തിയ എനിക്ക് മറ്റൊരു ആശുപത്രിക്കിടക്ക ഒരുക്കി ഈശോ കാത്തിരുന്നതോര്‍ത്തപ്പോള്‍ ഈശോയ്ക്ക് ചെറിയൊരു 'ഡോസ് ' കൊടുത്തു. ഡാഡിയുടെ അവസ്ഥയില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും ഇല്ല. അമ്മയ്ക്കും കൊറോണ ലക്ഷണങ്ങള്‍. ആശുപത്രിയില്‍ കിടക്കാന്‍ മനസ് അനുവദിക്കുന്നില്ല. എങ്കിലും പ്രാര്‍ത്ഥന മാറ്റിയില്ല. "ഈശോയേ, നിന്റെ ഹിതം മാത്രം...." ഒരു ദിവസം മനസ്സ് വല്ലാതെ ഭാരപ്പെടുന്നപോലെ... ഒരു വൈദികനിലൂടെ ഈശോ സംസാരിച്ചു. 'നിനക്ക് ശരീരം കൊണ്ട് ചെന്നെത്താന്‍ കഴിയാത്തിടത്ത് നിന്റെ പ്രാര്‍ത്ഥനയാല്‍ ചെന്നെത്താന്‍ കഴിയും.' ശരീരത്തില്‍ ഒരു ശക്തി നിറയുന്നതുപോലെ അനുഭവപ്പെട്ടു. വിശുദ്ധ ഗ്രന്ഥം കയ്യിലെടുത്തു, മൊബൈല്‍ ഫോണില്‍ അമ്മയെ വിളിച്ചു. ഫോണ്‍ സ്പീക്കറില്‍ ഇട്ട് ഡാഡിയുടെ തലയിണക്കരികെ വയ്ക്കാന്‍ പറഞ്ഞു. ഇരുപത്തിമൂന്നാം സങ്കീര്‍ത്തനം ഫോണിലൂടെ ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരുന്നു. "കര്‍ത്താവാണ് എന്റെ ഇടയന്; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല...." ന്യൂമോണിയ ബാധിച്ചതിനാല്‍ ഡാഡിയുടെ ചെസ്റ്റ് എക്സ്റേ മോശമായിക്കൊണ്ടിരിക്കുന്ന സമയം. ഏകദേശം ഒന്നര മണിക്കൂര്‍ സങ്കീര്‍ത്തനങ്ങള്‍ ഉരുവിട്ടുകൊണ്ട് ഫോണിലൂടെ പ്രാര്‍ത്ഥിച്ചു. വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകള്‍ കണ്ണുനീര്‍കൊണ്ട് കുതിര്‍ന്നു. വീണ്ടും ഈശോയുടെ ഹിതം എന്ന് ഏറ്റു പറഞ്ഞുകൊണ്ടിരുന്നു. പ്രാര്‍ത്ഥനക്കുശേഷം നാല് മണിക്കൂറുകളോളം ഡാഡി ശാന്തമായി ഉറങ്ങി. പിറ്റേന്ന് രാവിലെ ഡോക്ടര്‍ വന്നപ്പോള്‍ ഡാഡിയോടു ചോദിച്ചു, "മുഖത്ത് എന്താ ഒരു തെളിച്ചം, അല്പം ഭേദമായപോലെ ഉണ്ടല്ലോ?? ഓക്സിജന്റെ അളവ് കുറച്ചു നോക്കാം" അങ്ങനെ പറഞ്ഞ് ഓക്സിജന്‍ പത്ത് ലിറ്റര്‍ ആക്കി. രാത്രി ആയപ്പോഴേക്കും അഞ്ച് ലിറ്റര്‍ ആക്കി. തൊട്ടടുത്ത ദിവസം ഓക്സിജന്‍ മാസ്ക് മാറ്റി ട്യൂബ് വഴി രണ്ട് ലിറ്റര്‍ ആക്കി. അന്ന് ഒരു എക്സ്റേ കൂടി എടുത്തു. അതിന്റെ ഫോട്ടോ എന്റെ മൊബൈലില്‍ ലഭിച്ചപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല, രണ്ട് ലങ്സിലും ന്യൂമോണിയ ബാധിച്ച എക്സ്റേയുടെ സ്ഥാനത്ത് വളരെ മെച്ചപ്പെട്ട, ക്ലിയര്‍ ആയ, എക്സ്റേ! ഈശോയെ ഒന്ന് കെട്ടിപ്പിടിച്ച് കരയാന്‍ കൊതിച്ചു. അമ്മയ്ക്ക് കൊറോണ ലക്ഷണങ്ങള്‍ കുറഞ്ഞു. കര്‍ത്താവേ, ഞങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമേ എന്ന് പറഞ്ഞ ശിഷ്യന്മാര്ക്കു കര്‍ത്തൃ പ്രാര്‍ത്ഥന നല്കിയ ഈശോ ഇങ്ങനെ പഠിപ്പിച്ചു. "അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ..." ഗത്സമെന്‍ തോട്ടത്തില്‍ ചോര വിയര്‍ത്ത് പ്രാര്‍ത്ഥിച്ചപ്പോള്‍ ഈശോ ഇപ്രകാരം പറഞ്ഞു, "എന്റെ പിതാവേ സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നു പോകട്ടെ. എങ്കിലും എന്റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ" (മത്തായി 26/39). മംഗളവാര്‍ത്ത അറിയിക്കാന്‍ എത്തിയ ഗബ്രിയേല്‍ മാലാഖയോട് പരിശുദ്ധ മറിയം പറഞ്ഞു, "ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!" (ലൂക്കാ 1/38). വിശുദ്ധ യൗസേപ്പിതാവിനു സ്വപ്ന ദര്‍ശനങ്ങള്‍ ലഭിച്ചതനുസരിച്ച് അദ്ദേഹം അവയെല്ലാം ദൈവഹിതമായി കണ്ട് അനുസരിച്ചു. തിരുക്കുടുംബം നമുക്ക് നല്കുന്ന മാതൃക ദൈവഹിതം നടപ്പിലാക്കുക എന്നതാണ്. നമ്മുടെ കുടുംബജീവിതത്തിലും വ്യക്തിജീവിതത്തിലും നമുക്കും പ്രാര്‍ത്ഥിക്കാം: 'ഈശോയേ, എന്റെ ഹിതമല്ല അങ്ങയുടെ ഹിതം നിറവേറട്ടെ.' ദൈവവചനത്തിന്റെയും ദൈവഹിതത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെയും ശക്തി എന്താണെന്ന് ഈശോ കാണിച്ചുതന്നു. അതോടൊപ്പം അനേകര്‍ ഞങ്ങള്‍ക്കുവേണ്ടി മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിച്ചു. ഏഴു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഡിസ്ചാര്‍ജ് ആയി. തൊട്ടടുത്ത ദിവസങ്ങളില്‍ എന്റെ മാതാപിതാക്കളും. അവധി കഴിഞ്ഞ് വീട്ടില്‍നിന്ന് യാത്ര തിരിക്കുമ്പോള്‍ ഡാഡിയുടെയും അമ്മയുടെയും മുന്പില് മുട്ട് കുത്തി അവരുടെ കരങ്ങള്‍ എന്റെ ശിരസ്സില്‍ വച്ച് അനുഗ്രഹം വാങ്ങി. അവരുടെ പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും കണ്ണുനീര്‍ത്തുള്ളികളായി ഒഴുകി ഇറങ്ങി. അവരുടെ പാദങ്ങള്‍ തൊട്ടു വണങ്ങുമ്പോള്‍ ഈശോ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു,"നീ എന്റെ ചെവിയില്‍ പറഞ്ഞ ആ രഹസ്യം ഓര്‍ക്കുന്നില്ലേ?" ഈശോയെ ഒന്ന് കണ്ണിറുക്കി കാണിച്ചു. ഒരു ഫ്ളൈയിംഗ് കിസ്സ് എന്റെ ചങ്കിന്... "അനര്‍ത്ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും; നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും" (സങ്കീര്‍ത്തനങ്ങള്‍ 50/15).
By: ആന്‍ മരിയ ക്രിസ്റ്റീന
Moreമാര്‍പാപ്പയുടെ ചുംബനം ഒരു കുഞ്ഞില്‍ വരുത്തിയ മാറ്റങ്ങളുടെ സാക്ഷ്യം ക്യാര എന്റെ അനുജത്തി സോളിയുടെ മകളാണ്. ജനിച്ച് 11 മാസം ആയിട്ടും ഒരക്ഷരം മിണ്ടുന്നില്ല, കരയുകമാത്രമേയുള്ളൂ എന്നായിരുന്നു ഞാന്‍ വിളിക്കുമ്പോഴെല്ലാം സോളിയുടെ പരാതി. ഞങ്ങള്‍ രണ്ടു പേരും ഇറ്റലിയില്‍ ആണെങ്കിലും പരസ്പരം കാണുന്നത് വളരെ ചുരുക്കമായാണ്. കാരണം ഒരാള്‍ തെക്കന്‍ ഇറ്റലിയിലും മറ്റൊരാള്‍ വടക്കന്‍ ഇറ്റലിയിലും. ഒന്നര മണിക്കൂര്‍ ഫ്ളൈറ്റ് ദൂരം ഉണ്ട് ഞങ്ങള്‍ തമ്മില്‍. റോം കാണാന്‍ അവര്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നതിനാല്‍ 2019 മെയ് മാസത്തില്‍ ഞാന്‍ റോമിന് ചെല്ലാമെന്നും അവിടെ വച്ച് എല്ലാവരും കൂടി കണ്ടുമുട്ടാമെന്നും റോം മൊത്തം കാണാമെന്നും നേരത്തേ പ്ലാന്‍ ചെയ്തിരുന്നു. സോളിയുടെയും ഭര്‍ത്താവ് ബൈജുവിന്റെയും ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു റോമില്‍ വരുമ്പോള്‍ പാപ്പായില്‍നിന്ന് ക്യാരയ്ക്ക് ഒരു ആശീര്‍വാദം വാങ്ങിക്കണം എന്ന്... അത്ര എളുപ്പമുള്ള കാര്യമല്ലാത്തതിനാല്‍ ഞാന്‍ ആ സ്വപ്നം മുളയിലേതന്നെ ഒന്ന് നുള്ളാന്‍ നോക്കിയിട്ടും ഒരു രക്ഷയും ഇല്ല. അവസാനം, ''ഞാന്‍ മാക്സിമം പരിശ്രമിക്കാം, പക്ഷേ നിങ്ങള്‍ നന്നായി പ്രാര്‍ത്ഥിച്ച് ഒരുങ്ങി വേണം വരാന്‍'' എന്ന നിര്‍ദേശം നല്കി. പാപ്പ തലയില്‍ കൈവച്ച് ഒന്ന് ആശീര്‍വദിച്ചാല്‍ ക്യാരമോള്‍ സംസാരിച്ച് തുടങ്ങും എന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. വത്തിക്കാനില്‍ ബുധനാഴ്ചകളില്‍ മാര്‍പാപ്പ നടത്താറുള്ള പൊതു കൂടികാഴ്ചയ്ക്കുള്ള അവസരം സംഘടിപ്പിച്ച് എങ്ങനെയെങ്കിലും പാപ്പയുടെ അനുഗ്രഹം ക്യാരയ്ക്കു വാങ്ങിച്ചു കൊടുക്കാന്‍വേണ്ടി ഞാന്‍ യൂറ്റിയൂബില്‍ വത്തിക്കാന്‍ ന്യൂസിന്റെ വീഡിയോകള്‍ എടുത്ത് സസൂക്ഷ്മം പരിശോധിച്ചു. പൊതു കൂടിക്കാഴ്ചയ്ക്ക് മുമ്പ് മാര്‍പാപ്പ വിശ്വാസികളുടെ ഇടയില്‍ കൂടി ആശീര്‍വാദം നല്‍കാനായി കടന്ന് പോകാറുണ്ട്. ആ വഴികള്‍ ഒക്കെ മനസിലാക്കി ബുധനാഴ്ച അതിരാവിലെ സോളിയുടെ കുടുംബത്തോടൊപ്പം വത്തിക്കാനിലേയ്ക്ക് പോയി. നല്ല തണുപ്പത്ത് മൂന്ന് മണിക്കൂര്‍ ക്യൂ നിന്ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിനുള്ളില്‍ കയറാനുള്ള പരിശോധനകള്‍ എല്ലാം നടത്തി. എയര്‍പോര്‍ട്ടില്‍ നടത്തുന്ന ശൈലിയിലുള്ള പരിശോധനകളാണ് അവിടെ നടത്തുക. ഞാന്‍ പറഞ്ഞതനുസരിച്ച് സോളി ക്യാരമോളെ വെള്ളവസ്ത്രം ധരിപ്പിച്ച് തലയില്‍ ഒരു റിബണൊക്കെ കെട്ടിയാണ് കൊണ്ടുവന്നത്. സെന്റ് പീറ്റേഴ്സ് സ്ക്വയറിന്റെ മുന്‍നിരയില്‍ നില്ക്കാന് അവസരം കിട്ടിയിട്ടും അവിടെ പോകാതെ അല്പം പിന്നിലായി നാല് വഴികള്‍ ഒന്നിക്കുന്ന ഒരു മൂലയില്‍ ഞങ്ങള്‍ സ്ഥാനം പിടിച്ചു. ഏകദേശം 8.45 ആയപ്പോള്‍ ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളുടെ ഇടയില്‍ കൂടി കടന്നുവന്നു. ചെറിയ ചാറ്റല്‍ മഴ ഉണ്ടായിട്ടും സോളിയെ ധിക്കരിച്ച് ഞാനും ബൈജുവും കൂടി ക്യാരമോളുടെ ജാക്കറ്റ് ഊരി. 'കൊച്ചിന് തണുപ്പടിക്കും' എന്ന മാതൃഹൃദയത്തിന്റെ നൊമ്പരം, ഞാനും 'കൊച്ചിന്റെ അപ്പനും' അത്ര കാര്യമായി പരിഗണിച്ചില്ല. ''ഉടുപ്പിന് മുകളില്‍ സ്വെറ്റര്‍ ഉണ്ട്, അതിനാല്‍ 5 മിനിറ്റ് തണുപ്പടിച്ചാലും സാരമില്ല'' എന്നായിരുന്നു ഞങ്ങളുടെ എതിര്‍വാദം. കാരണം മറ്റൊന്നുമായിരുന്നില്ല, ചെറിയ കുട്ടികളുടെ വെള്ള വസ്ത്രം പെട്ടെന്ന് മാര്‍പാപ്പയുടെ ശ്രദ്ധ പിടിച്ച് പറ്റും. അല്പം കഴിഞ്ഞ് ഫ്രാന്‍സിസ് പാപ്പ സഞ്ചരിക്കുന്ന പാപ്പാമൊബൈല്‍ അടുത്ത് എത്തി. ക്യാരയെ കൈകളില്‍ എടുത്ത് മാര്‍പാപ്പയുടെ ബോഡി ഗാര്‍ഡിനുനേരെ നീട്ടി. ദൈവാനുഗ്രഹത്താല്‍ പാപ്പാമൊബൈല്‍ സ്പീഡ് കുറച്ചു. ഒരു ബോഡി ഗാര്‍ഡ് ക്യാരമോളെ വാങ്ങി ഫ്രാന്‍സിസ് പാപ്പായുടെ നേരെ നീട്ടി. മാര്‍പാപ്പ ക്യാരയെ ഒന്ന് തലോടി നെറുകയില്‍ ഒരു ചുംബനം നില്‍കി. കരയുകയോ ബഹളം വയ്ക്കുകയോ ചെയ്യാതെ ക്യാരമോളും കൗതുകത്തോടെ ഫ്രാന്‍സിസ് പാപ്പായെ നോക്കി. ഒരു മിനിറ്റിനുള്ളില്‍ എല്ലാം കഴിഞ്ഞു, വിശ്വസിക്കാന്‍ പറ്റുന്നില്ല, വലിയ ഒരു അനുഗ്രഹം. സോളിയുടെ മൂത്ത മകന് അലനും സുഹൃത്തായ മറ്റൊരു ചെറിയ കുട്ടിയും ഒപ്പമുണ്ടായിരുന്നു. പക്ഷേ ആറും നാലും വയസ് പ്രായമുള്ള അവരെ തിരക്കിനിടയില്‍ എടുത്തുയര്‍ത്താന്‍ പറ്റിയില്ല. വീണ്ടും പാപ്പ ആ വഴി കടന്ന് പോയപ്പോള്‍ ഒരു ശ്രമം ഞങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്തായാലും ഒരാള്‍ക്ക് എങ്കിലും പാപ്പായുടെ ആശീര്‍വാദം കിട്ടിയതുകൊണ്ട് സംതൃപ്തരായി. ഇനിയാണ് ക്ലൈമാക്സ്! ക്യാരയെ മാര്‍പാപ്പ ആശീര്‍വദിച്ച സന്തോഷത്തില്‍ കോണ്‍വെന്റില്‍ തിരിച്ച് എത്തി. സോളി ക്യാരയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടയില്‍ ക്യാരയുടെ വിളി, 'അമ്മേ!!' എല്ലാവരും അത്ഭുതം കൂറി. ഏകദേശം 11 മാസം ആയിട്ടും 'കമാ'ന്ന് ഒരക്ഷരം മിണ്ടാത്ത ക്യാര 'അമ്മേ... അപ്പാ' എന്നൊക്കെ പറയാന്‍ തുടങ്ങി. തീര്‍ച്ചയായും ഫ്രാന്‍സിസ് പാപ്പായുടെ ആശീര്‍വാദം ശരിക്ക് അങ്ങ് ഏറ്റു. അന്നുമുതല്‍ ഇന്നുവരെ ക്യാരമോളുടെ വായ് അടപ്പിക്കാന്‍ പാടുപെടുകയാണ് എന്റെ സഹോദരി സോളി. അഹറോന് ദൈവം നല്കിയ അനുഗ്രഹത്തെക്കുറിച്ച് തിരുവചനത്തില്‍ ഇപ്രകാരം എഴുതിയിട്ടുണ്ടല്ലോ, ''മോശ അവനെ വിശുദ്ധതൈലംകൊണ്ട് അഭിഷേചിച്ച് നിയോഗിച്ചു. കര്ത്താവിന് ശുശ്രൂഷ ചെയ്യാനും പുരോഹിതധര്‍മം അനുഷ്ഠിക്കാനും അവിടുത്തെ നാമത്തില്‍ തന്റെ ജനത്തെ ആശീര്‍വദിക്കാനുംവേണ്ടി അവനും അവന്റെ പിന്ഗാമികള്ക്കും ആകാശംപോലെ നിത്യമായ ഒരു ഉടമ്പടിയാണ് അത്'' (പ്രഭാഷകന്‍ 45/15). കര്‍ത്താവിന്റെ അഭിഷിക്തരില്‍നിന്ന് ലഭിക്കുന്ന ആശീര്‍വാദം എത്രമാത്രം ശക്തമാണെന്ന് നമുക്ക് മറക്കാതിരിക്കാം.
By: Sister Soniya Therese D.S.J
Moreഎന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് ഞാന്‍. മാതാപിതാക്കളും ചേട്ടനും അനിയത്തിയും അടങ്ങുന്ന കുടുംബത്തില്‍നിന്ന് 2003 ജൂണ്‍ മാസം എട്ടാം തിയതി ഞാന്‍ പൗരോഹിത്യപരിശീലനത്തിനായി ഇറങ്ങി. സ്കൂള്‍ പഠനകാലത്ത് പഠനത്തില്‍ മോശമായിരുന്നു. എന്നാല്‍ വൈദികപരിശീലനകാലത്ത് പഠനമേഖലയില്‍ ഈശോ പ്രത്യേക അനുഗ്രഹം ചൊരിയാന്‍ തുടങ്ങി. സാമാന്യം മികച്ച മാര്‍ക്കാണ് എനിക്ക് വൈദികപഠനസമയത്ത് ലഭിച്ചുകൊണ്ടിരുന്നത്. അങ്ങനെ സന്തോഷകരമായി സെമിനാരിജീവിതം മുന്നോട്ടുപോയിക്കൊണ്ടിരുന്നു. വൈദികപരിശീലനം ആരംഭിക്കുന്ന ഓരോ വൈദികവിദ്യാര്‍ത്ഥിയും സ്വപ്നം കാണുന്ന ഒരു ദിവസമുണ്ട്, ആദ്യമായി ഈശോയുടെ ബലിപീഠത്തില്‍ ബലിയര്‍പ്പിക്കുന്ന ദിവസം. ആ സ്വപ്നത്തിലേക്ക് ഞാനുള്‍പ്പെടെയുള്ള ഞങ്ങളുടെ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ അടുത്തുകൊണ്ടിരുന്നു… തിരുപ്പട്ടത്തിലേക്ക് എത്താന്‍ ഏതാണ്ട് ഒന്നരവര്‍ഷം ബാക്കി നില്ക്കുന്ന നാളുകള്‍. ഒരു ദിവസം നേരം വെളുത്തപ്പോള്‍ എന്റെ ഇടത്തേ കണ്ണിന് കാഴ്ചയില്ല! കണ്ണാടിയില്‍ നോക്കി പരിശോധിച്ചപ്പോള്‍ ആ കണ്ണ് തുറന്നുതന്നെയിരിക്കുന്നുണ്ട്, പക്ഷേ കാര്യമായി ഒന്നും കാണുന്നില്ല! തുടര്‍ന്ന് ചികിത്സകള്‍ക്കായി പോയി. പരിശീലകരായ വൈദികര്‍ക്ക് എന്നെ മുന്നോട്ട് പോകാന്‍ അനുവദിക്കണോ എന്നുള്ള സംശയങ്ങളും ആകുലതകളുമൊക്കെയുണ്ട്. കാരണം കാഴ്ചയില്ലാത്ത ഒരാള്‍ക്ക് അജപാലനപരമായ മേഖലകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവില്ലല്ലോ. പക്ഷേ കര്‍ത്താവിന്റെ പ്രത്യേക കരുതല്നിമിത്തം പഠനമേഖലകളിലും പ്രാര്‍ത്ഥനാജീവിതത്തിലുമെല്ലാം സമൃദ്ധമായി എന്നെ അനുഗ്രഹിക്കാന്‍ തുടങ്ങി. തളരാതിരുന്നതിനുപിന്നില്…. ആ സമയത്ത് പലരും എന്നോട് ചോദിച്ചിട്ടുണ്ട്, ‘എങ്ങനെ തളരാതെ മുന്നോട്ടുപോകാന്‍ കഴിഞ്ഞു? പേടി തോന്നിയില്ലേ?’ വാസ്തവത്തില്‍, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നതിന് നാലുമാസങ്ങള്‍ക്കുമുമ്പ് പരിശുദ്ധ കുര്‍ബാനയുടെ ഇടയില്‍ ഈശോ എനിക്കൊരു അനുഭവം തന്നു. ആ അനുഭവം ഒമ്പതു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴും ആവര്‍ത്തിച്ചു. ഈ രണ്ട് അനുഭവങ്ങളും എന്റെ ആത്മീയപിതാവിനോട് പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ”പരിശുദ്ധ കുര്ബാനയര്പ്പിക്കുമ്പോള് അത് ഈശോയുടെ തിരുശരീരമാണെന്നും തിരുരക്തമാണെന്നും കുറെക്കൂടി വിശ്വസിക്കാന്‍ ഇപ്പോള്‍ പറ്റുന്നില്ലേ. ഈ വിശ്വാസം ഉള്ളില്‍ വച്ചാല്‍ മതി.” ആ ഉപദേശം സ്വീകാര്യമായിരുന്നു. പക്ഷേ അതോടൊപ്പംതന്നെ എന്തോ ഒരു വേദന വരാന്‍ പോകുന്നുണ്ടോ എന്നൊരു ചിന്തയും എനിക്കുണ്ടായിരുന്നു. അങ്ങനെയിരിക്കേയാണ് 2012 മെയ് 30-ന് ഇടത്തേ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. അതേത്തുടര്‍ന്ന് സെമിനാരിയില്‍ അവസാന ഒന്നര വര്‍ഷത്തെ പ്രധാന പഠനങ്ങള്‍ക്കൊപ്പം ചികിത്സകളും നടന്നുകൊണ്ടിരുന്നു. ആ വര്‍ഷം കടന്നുപോയി. അടുത്ത വര്‍ഷത്തെയും പഠനം ഏതാണ്ട് പൂര്‍ത്തിയായി. തിരുപ്പട്ടം കിട്ടാനായി നിശ്ചയിച്ചിരുന്ന ദിവസങ്ങള്‍ അടുക്കുകയാണ്. ആ സമയത്ത് ഞാനും ഒപ്പമുള്ളവരും ചേര്‍ന്ന് പീലാസയും കാസയും കാപ്പയുമൊക്കെ വാങ്ങാനായി പോയി. അതെല്ലാം കൈയില്‍ കിട്ടാനായി കൊതിയോടെ കാത്തിരിക്കുന്ന സമയം. ആ ഡിസംബര്‍ 15-ന് രാവിലെ എഴുന്നേറ്റപ്പോള്‍ എന്റെ വലത്തേ കണ്ണിന്റെ കാഴ്ചയും നഷ്ടമായിരുന്നു. അപ്പച്ചന് എന്നെയുംകൊണ്ട് ആശുപത്രിയില്‍ കയറിയിറങ്ങി. ഡോക്ടര്‍ അവസാനം പറഞ്ഞു, ”ഞാനും പ്രാര്‍ത്ഥിക്കാം.” കാരണം മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഈശോ ഉത്തരം പറഞ്ഞില്ല… തീര്‍ത്തും അവ്യക്തമായി എന്തോ കാണുന്നു എന്നുമാത്രമേയുണ്ടായിരുന്നുള്ളൂ പിന്നീട്. ആ ദിവസങ്ങളില്‍ കൂട്ടുകാര്‍ കാസയും പീലാസയും എന്റെ കൈയില്‍ കൊണ്ടുവന്നുതന്നു. അന്ന് ഞാന്‍ ഹൃദയം നൊന്ത് ചോദിച്ചു, ”ഈശോയേ, ഈ പീലാസയെടുത്ത് ഇതില്‍ നിന്റെ തിരുശരീരം വച്ച് ഇതെന്റെ ശരീരമാകുന്നു എന്നു പറയാന്‍ എന്നെ അനുവദിക്കുമോ? കാസയെടുത്ത് ഇതെന്റെ രക്തമാകുന്നുവെന്ന് പറയാന്‍ ഈശോയേ, എന്നെ ഒന്ന് അനുവദിക്കുമോ?” അന്ന് ഈശോ ഒരുത്തരവും പറഞ്ഞില്ല. എല്ലാവരും കാപ്പ നോക്കി ‘നല്ല ഭംഗിയുണ്ടെ’ന്ന് പറയുമ്പോള്‍ ഇതൊക്കെ ഒരിക്കലെങ്കിലും ധരിക്കാന്‍ കഴിയുമോ എന്നും ഈശോയോട് ചോദിച്ചുപോയിട്ടുണ്ട്. അപ്പോഴും ഈശോ ഒരുത്തരവും പറഞ്ഞില്ല. ആ സമയത്ത് വീട്ടില്‍ കുറച്ചുനാള്‍ വി്രശമിച്ചിരുന്നു. അന്ന് അനിയത്തിയാകട്ടെ പ്രസവശേഷം വീട്ടില്‍ വിശ്രമത്തിലായിരിക്കുന്ന സമയമാണ്. അനിയത്തിയും അധ്യാപികയായിരുന്ന ആന്റിയും ചേര്‍ന്ന് വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ത്ഥനകളെല്ലാം കാണാപാഠം പഠിക്കാന്‍ സഹായിച്ചു. ചില പ്രാര്‍ത്ഥനകള്‍ പഠിക്കാന്‍ കഴിയാതെ വിഷമിക്കുമ്പോള്‍ പഠനം നിര്‍ത്തിയിട്ട് ഒരു ജപമാലരഹസ്യം ധ്യാനിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് വീണ്ടും പഠിക്കും. അങ്ങനെ എല്ലാ പ്രാര്‍ത്ഥനകളും കാണാപാഠമായി. അനിശ്ചിതത്വം… അശരീരി… ഡിസംബര്‍ 31-ന് വീട്ടില്‍നിന്നും ഇറങ്ങി. തുടര്‍ന്ന് സെമിനാരിയിലേക്കും ബിഷപ്സ് ഹൗസിലേക്കും പോകേണ്ടിയിരുന്നു. ആദരണീയനായ റാഫേല്‍ തട്ടില്‍ പിതാവാണ് എനിക്ക് പട്ടം തരേണ്ടത്. പിതാവ് എനിക്കായി ഒന്നരമണിക്കൂറോളം പ്രാര്‍ത്ഥിച്ചിട്ട് എന്റെ കണ്ണിന്റെ കാഴ്ചയുടെ പ്രശ്നം അറിഞ്ഞിട്ടുതന്നെ പട്ടം സ്വീകരിക്കാന്‍ അനുവാദം തന്നു. അത്ഭുതകരമായ ആ ദൈവിക ഇടപെടലില്‍ തിരുപ്പട്ടം സ്വീകരിക്കാന്‍ ഞാന്‍ ഒരുങ്ങി. തിരുപ്പട്ടത്തിന്റെ ദിവസമെത്തി. 2014 ജനുവരി ഒന്ന്. അന്ന് പടികള്‍ കയറിയിറങ്ങുക തുടങ്ങി, പല കാര്യങ്ങളും കൂട്ടുകാരുടെ സഹായമില്ലാതെ തനിയെ ചെയ്യേണ്ടിവരും എന്നെനിക്കറിയാം. എങ്ങനെ അതെല്ലാം ചെയ്യുമെന്ന ആശങ്കയുമുണ്ട്. എന്തായാലും പിതാവിനോടൊപ്പം കാറില്‍ ജപമാല ചൊല്ലിക്കൊണ്ടാണ് വന്നത്. തിരുപ്പട്ടത്തിനായി ഒരുങ്ങുന്നതിന്റെ തിരക്കില്‍ ആ ജപമാല പോക്കറ്റിലിടാന്‍ മറന്നുപോയി. പിന്നീട് പോക്കറ്റിലിടാന്‍ പറ്റുകയുമില്ല. കൈയില്‍ പിടിക്കാനുമാവില്ലെന്നറിയാം. അതിനാല്‍ കൈത്തണ്ടയില്‍ ചുറ്റിവച്ചു. തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഇരുവശത്തും നിന്നിരുന്ന വൈദികര്‍ക്ക് എന്റെ അവസ്ഥ അറിയാമായിരുന്നതുകൊണ്ട് അവര്‍ എന്നെ സഹായിക്കാനായി പ്രാര്‍ത്ഥനകള്‍ ചൊല്ലിത്തന്നിരുന്നു. എന്നാല്‍ അവരുടെ സ്വരത്തെക്കാള്‍ തെളിഞ്ഞ സ്വരത്തില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലിത്തരുന്ന മറ്റൊരു സ്വരം ഞാന്‍ കേള്‍ക്കാന്‍ തുടങ്ങി. എല്ലാ കാര്യങ്ങളും ചെയ്യാന്‍ സഹായിക്കുന്നതിന് കൂടെ ഒരാളുണ്ടെന്ന് എനിക്ക് മനസിലായി. അത് മറ്റാരുമായിരുന്നില്ല പരിശുദ്ധ അമ്മയായിരുന്നു. അന്നുമുതല്‍ എന്നും കൈത്തണ്ടയില്‍ ചുറ്റിയ ജപമാല എല്ലായ്പോഴും, പ്രത്യേകിച്ച് ദിവ്യബലിസമയത്തും എന്നോടൊപ്പമുണ്ട്. ഉത്തരം കിട്ടിയ ദിവസം ഞാന്‍ ഹൃദയം നൊന്ത് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം എന്റെ തിരുപ്പട്ടത്തിന്റെ ദിവസം ഈശോ ഉത്തരം തന്നു. ഇന്ന് അനേകതവണ ഞാന്‍ എന്റെ കാപ്പ അണിഞ്ഞുകഴിഞ്ഞു. ഏത് പീലാസയും കാസയും കൈയിലെടുത്താണോ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ എനിക്ക് സാധിക്കുമോ എന്ന് ഹൃദയമുരുകി ചോദിച്ചത് അതേ പീലാസയും കാസയും കൈയിലേന്തി അനേകതവണ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകഴിഞ്ഞു. ആദ്യബലിയുടെ അന്നും പിന്നീടും അതാതു ദിവസത്തെ സുവിശേഷഭാഗം കാണാതെ പഠിച്ചാണ് പരിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ചിരുന്നത്. വൈദികനായതിനുശേഷം പിതാവിന്റെ നിര്‍ദേശപ്രകാരം ഞാനൊരു പള്ളിയില്‍ മൂന്നര മാസക്കാലം സഹവികാരിയായി ഇരുന്നു. പിന്നീട് എന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ മറ്റൊരു സ്ഥാപനത്തില്‍ എട്ടരമാസത്തോളം ഒരു അംഗത്തെപ്പോലെ താമസിച്ചു. അതിനുശേഷം പാലക്കാട് ധോണി ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷ ചെയ്തു. ചികിത്സകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. 2016 ഫെബ്രുവരിയില്‍ നിര്‍ണായകമായ ഒരു സംഭവമുണ്ടായി. കുറച്ച് മാസങ്ങളായി സ്ഥിരമായി പനിനിമിത്തം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥയായിരുന്നു. ഫെബ്രുവരിയിലാകട്ടെ ബി.പി വല്ലാതെ കുറഞ്ഞ് ശരീരം മരുന്നുകളോടൊന്നും പ്രതികരിക്കാത്ത അവസ്ഥ വന്നു. മരണമെന്നുതന്നെ ഡോക്ടേഴ്സ് ഉള്‍പ്പെടെ എല്ലാവരും ചിന്തിച്ചുതുടങ്ങി. മാതാപിതാക്കളോടും അപ്രകാരം പറയുകയും ചെയ്തു. എന്നാല്‍ പെട്ടെന്നൊരു ദിവസം ബി.പി തനിയെ ഉയര്‍ന്നു. അങ്ങനെ അത്ഭുതകരമായി ഞാന്‍ വീണ്ടും ജീവിതത്തിലേക്ക് തിരികെവന്നു. കര്‍ത്താവ് എന്റെ പൗരോഹിത്യശുശ്രൂഷ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുകയായിരുന്നു! അല്പനാളുകള് കഴിഞ്ഞപ്പോള്‍ മറ്റൊരു അത്ഭുതം! എന്റെ വലത്തെ കണ്ണിന്റെ കാഴ്ച ഈശോ 2016 ആഗസ്റ്റ് 22-ന് എനിക്ക് തിരിച്ചുതന്നു. വൈദ്യശാസ്ത്രത്തിന് അതിന്റെ കാരണം വിശദീകരിക്കാനായിട്ടില്ല. ഇപ്പോള്‍ വലത്തേ കണ്ണിന് മാത്രമേ കാഴ്ചയുള്ളൂവെങ്കിലും എനിക്ക് വായിക്കാനും വാഹനം ഓടിക്കാനുമെല്ലാം സാധിക്കുന്നുണ്ട്. ബെഷെറ്റ്സ് ഡിസീസ് (Behcet’s Disease) എന്ന അപൂര്‍വ അസുഖമാണ് എനിക്കുള്ളത്. ഈ അസുഖം ശരീരത്തില്‍ ഇമ്യൂണിറ്റി സിസ്റ്റത്തെയാണ് ബാധിക്കുന്നത്. അതാണ് കാഴ്ച നഷ്ടപ്പെടാനുണ്ടായ കാരണം. കണ്ണുകള്‍മാത്രമല്ല, രക്തയോട്ടമുള്ള ഏത് അവയവവും ഈ രോഗത്തിന്റെ ഫലം അനുഭവിക്കേണ്ടിവന്നേക്കാം. പക്ഷേ ഇന്നും ഈശോ അവിടുത്തെ പൗരോഹിത്യശുശ്രൂഷ ചെയ്യാനുള്ള ആരോഗ്യസ്ഥിതി എനിക്ക് തരുന്നു. കര്‍ത്താവ് കാണിച്ച കാരുണ്യം മാത്രമാണ് എന്റെ പൗരോഹിത്യം. ”കര്‍ത്താവിന്റെ പുരോഹിതരെന്ന് നിങ്ങള്‍ വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകരെന്ന് നിങ്ങള്‍ അറിയപ്പെടും” (ഏശയ്യാ 61/6). കണ്ണില്ലാതെ ബലിയര്‍പ്പിക്കാന്‍ തുടങ്ങിയ എനിക്ക് തിരുവോസ്തിരൂപനായ ഈശോയെ കാണാന്‍ സാധിക്കില്ലായിരുന്നെങ്കിലും ഞാനര്‍പ്പിച്ച ബലികളില്‍ പലരും ഈശോയെ കണ്ടു, അനുഭവിച്ചു! അവിടുത്തേക്ക് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക! തൃശൂര്‍ അതിരൂപതയില്‍ വെളുത്തൂര്‍ സെന്റ് ജോര്‍ജ് ഇടവകാംഗമാണ് ഫാ. പോള്‍. പിതാവ്: നിര്യാതനായ കെ.ഐ.ആന്റണി, മാതാവ്: റോസിലി ആന്റണി, രണ്ട് സഹോദരങ്ങള്‍. ഇപ്പോള്‍ തൃപ്രയാര്‍ താന്ന്യം സെന്റ് പീറ്റേഴ്സ് ദൈവാലയത്തിലും നാട്ടിക സെന്റ് ജൂഡ് ദൈവാലയത്തിലും വികാരിയായി സേവനം ചെയ്യുന്നു.
By: ഫാ. പോള്‍ കള്ളികാടന്‍
Moreഞാനും എന്റെ കുടുംബവും ശാലോം ടൈംസ് മാസിക വായിക്കുന്നുണ്ട്. ഞങ്ങള്‍ ശാലോം ടി.വിയെ സാമ്പത്തികമായും പ്രാര്‍ത്ഥനയിലൂടെയും താങ്ങുന്ന ശാലോം പീസ് ഫെലോഷിപ് (എസ്.പി.എഫ്) അംഗങ്ങളുമാണ്. 12 വര്‍ഷമായി ഞങ്ങള്‍ വാങ്ങിയ കൃഷിസ്ഥലത്ത് കുടിവെള്ളത്തിന് യാതൊരു സാധ്യതയും ഇല്ലാത്ത അവസ്ഥയായിരുന്നു. പലരെയും കൊണ്ടുവന്ന് സ്ഥാനം നോക്കി മൂന്ന് കുഴല്‍കിണറുകള്‍ കുത്തിയെങ്കിലും ആവശ്യത്തിന് വെള്ളം ലഭിച്ചില്ല. അങ്ങനെയിരിക്കേ ഒരിക്കല്‍ മാസികയില്‍ വായിച്ച 2 രാജാക്കന്മാര് 3/16-20 വചനഭാഗം രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി ചൊല്ലി പ്രാര്‍ത്ഥിക്കുകയും വെള്ളം ലഭിച്ചാല്‍ സാക്ഷ്യമറിയിക്കാമെന്ന് നേരുകയും ചെയ്തു. ആ സമയത്ത് ഒരു ദിവസം വീട്ടില്‍ ജോലിക്ക് വന്ന ആള് വെള്ളത്തിന് സ്ഥാനം കാണുകയും കുളം കുഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കുളം കുഴിക്കുന്നതിന്റെ തലേ ദിവസം പ്രാര്‍ത്ഥിച്ച് വചനം എടുത്തപ്പോള്‍ ”അവിടുന്ന് പാറയെ ജലാശയമാക്കി, തീക്കല്ലിനെ നീരുറവയാക്കി” എന്ന സങ്കീര്‍ത്തനങ്ങള്‍ 114/8 വചനം ലഭിച്ചു. അതില്‍ വിശ്വസിച്ച് കുളം കുഴിച്ചപ്പോള്‍ സമൃദ്ധമായി വെള്ളം കിട്ടി. ഈശോ ഞങ്ങള്‍ക്ക് ചെയ്തുതന്ന ഈ വലിയ അനുഗ്രഹത്തിന് നന്ദിയും സ്തുതിയും ആരാധനയും അര്‍പ്പിക്കുന്നു.
By: ഷിബു പന്യാംമാക്കല്‍
Moreഒരു ഞായറാഴ്ച, യാത്രാമധ്യേ റോഡരികിലുള്ള ദൈവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കാന്‍ കയറി. രണ്ടാമത്തെ വിശുദ്ധ കുര്‍ബാനയാണ് ഇനിയുള്ളത്. അല്പം നേരത്തെ എത്തി ദൈവാലയത്തില്‍ ഇരിക്കുമ്പോള്‍ ഒരു കാഴ്ച കണ്ടു. ചുളിവു വീഴാത്ത വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഒരു മുതിര്‍ന്ന യുവാവ്. ആദ്യത്തെ ദിവ്യബലിയ്ക്കുപയോഗിച്ച വിശുദ്ധ പാത്രങ്ങളും തിരികളും മാറ്റി രണ്ടാമത്തെ വിശുദ്ധ ബലിക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് അദ്ദേഹം. ഇക്കാര്യങ്ങള്‍ക്കായി അനേകതവണ അദേഹത്തിന് ദൈവാലയത്തിലേക്ക്, വിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുകയും സങ്കീര്‍ത്തിയിലേക്ക് പോവുകയും ചെയ്യേണ്ടിവന്നു. ദൈവാലയത്തിനുള്ളിലൂടെ പലപ്രാവശ്യം ദിവ്യകാരുണ്യ ഈശോയ്ക്ക് അപ്പുറവും ഇപ്പുറവും കടക്കേണ്ടതായും വന്നു. എന്നാല്‍ ഏറ്റവും അതിശയകരമായത്, ഈ അവസരങ്ങളിലെല്ലാം അദ്ദേഹം ദിവ്യകാരുണ്യ ഈശോയെ ശിരസുനമിച്ച് ഭക്തിയോടെ ആരാധിച്ചിരുന്നു എന്നതാണ്. ആരും ശ്രദ്ധിച്ചുപോകുന്ന സ്നേഹപ്രകടനം. എത്ര ആദരവോടെയാണ് അദേഹം ദൈവാലയത്തിലേക്ക് പ്രവേശിക്കുന്നത്..! സങ്കീര്‍ത്തിയിലേക്ക് പോകുമ്പോഴും ആ ബഹുമാനത്തിന് മാറ്റുകുറയുന്നില്ല. രാജാധിരാജാവിന്റെ സന്നിധിയില്‍ ഭയഭക്ത്യാദരവുകളോടെ പ്രവേശിക്കുകയും കുമ്പിട്ട് ആരാധിച്ച് ഉത്തരവാദിത്വങ്ങള്‍ സ്നേഹപൂര്‍വം നിര്‍വഹിക്കുകയും ചെയ്യുന്ന ദൈവാലയ ശുശ്രൂഷി. ഈശോയോട് അദ്ദേഹത്തിന്റെ ഹൃദയത്തിലുള്ള ഉത്ഘടസ്നേഹത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു ആ ആദരവിന്റെ ഉറവിടം. അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടാലറിയാം അവിടെ സര്‍വശക്തനായ ദൈവം സന്നിഹിതനാണെന്ന്. സ്വര്‍ഗത്തില്‍ വസിക്കുന്ന അത്യുന്നതന് ആ ദൈവാലയത്തില്‍ സര്‍വമഹത്വത്തോടെ ഉപവിഷ്ഠനാണെന്ന് ആ കപ്യാര് ഒന്നും പറയാതെ കാണിച്ചുതന്നു; ഒരു മാലാഖയെപ്പോലെ. അദ്ദേഹത്തിന്റെ പേരോ വിശദാംശങ്ങളോ അറിയില്ല, പക്ഷേ, ഒന്നറിയാം, ആ ശുശ്രൂഷിക്ക് ദൈവത്തെ അറിയാം. അവിടുത്തെ എപ്രകാരം സ്നേഹിക്കണമന്ന്, ആദരിക്കണമെന്ന് അറിയാം. ”എന്നെ ആദരിക്കുന്നവനെ ഞാനും ആദരിക്കും” (1സാമുവല്‍ 2/30), ”ദൈവഭക്തി അനുഗ്രഹത്തിന്റെ ആരാമം പോലെയാണ്; ഏതു മഹത്വത്തെയുകാള് നന്നായി അത് മനുഷ്യനെ ആവരണം ചെയ്യുന്നു” (പ്രഭാഷകന്‍ 40/27) എന്ന ദൈവത്തിന്റെ വാഗ്ദാനപ്രകാരം ഈ ദൈവാലയ ശുശ്രൂഷിയെയും കുടുംബത്തെയും അദേഹത്തിനുള്ള സകലത്തെയും അവിടുന്ന് എത്രയധികമായി ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ടാകും..! കര്‍ത്താവിന്റെ പേടകം ആദരവോടെ സംരക്ഷിച്ച ഓബദ് ഏദോമിനെക്കുറിച്ച് 2സാമുവല്‍ 6/11,12 രേഖപ്പെടുത്തുന്നു: ‘കര്‍ത്താവിന്റെ പേടകം ഓബദ് ഏദോമിന്റെ വീട്ടില്‍ മൂന്നുമാസം ഇരുന്നു. കര്‍ത്താവ് ഓബദ് ഏദോമിനെയും കുടുംബത്തെയും അനുഗ്രഹിച്ചു. ദൈവത്തിന്റെ പേടകം നിമിത്തം കര്‍ത്താവ് ഓബദ് ഏദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു…’
By: ആന്സിമോള് ജോസഫ്
Moreചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ പരീക്ഷാ പേപ്പര്‍ വീട്ടില്‍ കാണിച്ച് രക്ഷിതാവിന്റെ ഒപ്പ് വാങ്ങിച്ചുകൊണ്ടുചെല്ലണമായിരുന്നു. മൂന്നോ നാലോ വിഷയങ്ങള്‍ ഒരുമിച്ച് കിട്ടിയാല്‍ അതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുള്ള പേപ്പര്‍ ആദ്യം കാണാവുന്ന വിധം മുകളില്‍ വയ്ക്കും. താഴേക്ക് താഴേക്ക് മാര്‍ക്ക് കുറവുള്ളതും. ഇപ്രകാരമായിരുന്നു ഒപ്പ് വാങ്ങിക്കാന്‍ ഞാന്‍ പപ്പയുടെ അടുത്ത് പേപ്പര്‍ കൊടുത്തിരുന്നത്. ആദ്യത്തേതിന് നല്ല മാര്‍ക്കുണ്ടെന്ന് കണ്ടാല്‍ പിന്നെ അവസാനം ഇരിക്കുന്നവയ്ക്ക് കുറച്ച് കുറവുണ്ടെന്ന് തോന്നിയാലും അത് പ്രശ്നമാക്കാറില്ല. നമുക്ക് എവിടെ നിന്നെങ്കിലും ഒരു പ്രശംസയോ വെരി ഗുഡ് എന്ന കമന്റോ കിട്ടിയെന്ന് വിചാരിക്കുക, അന്ന് വൈകുന്നേരംതന്നെ ഒരഞ്ചുമിനിട്ട് കണ്ടെത്തിയിട്ട് ഈശോയോട് ഇങ്ങനെ പറയണം, ‘ഈശോയേ, ഇന്ന് ഒരു വെരി ഗുഡ് കിട്ടിയിട്ടുണ്ട്, പിന്നെ പ്രോത്സാഹനവും പ്രശംസയും പരിഗണനയും. പക്ഷേ പതിവുപോലെ ഇന്നും കുറ്റം പറച്ചില്, ആവര്‍ത്തിച്ചുള്ള വിധിക്കല്‍, ക്ഷമിക്കാനാകാതെ വാശി തുടങ്ങിയവയും ഉണ്ടായിരുന്നു…” അതായത്, നന്മകള് ആദ്യം പറഞ്ഞോളൂ. പിന്നാലെ വീഴ്ചകളും പറയണം എന്നുസാരം. ഇങ്ങനെയൊരു സംഭാഷണരീതി തുടങ്ങിയാല്‍, കൊച്ചുകൊച്ചുകാര്യങ്ങളില് ആത്മപ്രശംസ നടത്തുകയോ, കൊച്ചുകൊച്ചു വീഴ്ചകള്‍ വിട്ടുകളയുകയോ ചെയ്യില്ല. എല്ലാം സുതാര്യമായി ദിവസവും കര്‍ത്താവിനോട് സംഭാഷിച്ചിരിക്കും. മാത്രമല്ല, നല്ല ഒരുക്കത്തോടെ വിശുദ്ധ കുമ്പസാരത്തിന് അണയുകയും ചെയ്യാം. സത്യത്തില്‍ വീഴ്ചകള്‍ ഏറ്റുപറയുന്നതുപോലെ പ്രധാനപ്പെട്ടതാണ് മഹത്വം സ്വീകരിച്ച കാര്യങ്ങള്‍ ഏറ്റുപറയുന്നതും. ഇത്തരത്തില്‍ നാം നടത്തുന്ന സംഭാഷണം കൊച്ചുകൊച്ചു പാപങ്ങള്‍ ഏറ്റുപറയുന്നതിനൊപ്പം നമുക്ക് ലഭിച്ച കൊച്ചുകൊച്ചു മഹത്വങ്ങളും കര്ത്താവിന് സമര്‍പ്പിക്കാനുള്ള അവസരം കൂടിയാണ്. ഇപ്രകാരം തുടരുമ്പോള്‍ വീഴ്ചയുടെ എണ്ണം കുറയുന്നതായും ആത്മപ്രശംസക്ക് കാരണമാകാത്ത വെരിഗുഡുകളുടെ എണ്ണം കൂടുന്നതായും കാണാം. കര്‍ത്താവ് അതിനിടവരുത്തും. കല്പ്പനലംഘനം മൂലമുള്ള പാപം നിമിത്തം കര്‍ത്താവിനെ വേദനിപ്പിക്കുന്നപോലെ തന്നെ പ്രധാനപ്പെട്ടതാണ് കര്ത്താവിന് അര്‍ഹമായ മഹത്വം നമ്മള് കൈവശമാക്കുന്നതും. ഈ സംഭാഷണരീതിയിലൂടെ ഇതിനുരണ്ടിനും മാറ്റം വരുത്താം. അല്ലാത്തപക്ഷം, ”ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന് അല്പാല്പമായി നശിക്കും” (പ്രഭാഷകന്‍ 19/1) എന്നതാകും സംഭവിക്കുക. ഇനി മറ്റൊരു പ്രത്യേകത എന്തെന്നുവച്ചാല്‍ നാം സമര്‍പ്പിക്കുന്ന ഇത്തരം കൊച്ചുകൊച്ചു പാപങ്ങളും ബലഹീനതകളും ഉഗ്രന്‍ പ്രാര്ത്ഥനകള്കൂടിയാണ് എന്നതാണ്. ഇങ്ങനെ നാം വായിക്കുന്നു, ”നിന്റെ ബലഹീനത നിനക്കുള്ള എന്റെ ദാനമാണ്. നിന്റെ നേട്ടങ്ങള്‍ എനിക്കു സമര്‍പ്പിക്കുന്നതിനൊപ്പം നിന്റെ ദാരിദ്ര്യവും ബലഹീനതയും വന്‍കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള പരാജയവും എനിക്കു കാഴ്ചവയ്ക്കുക. പകരമായി, ഞാന്‍ നിന്റെ കാഴ്ച സ്വീകരിച്ച് അതിനെ എന്റെ എത്രയും സമ്പൂര്‍ണ്ണമായ പീഡാനുഭവത്തോടുചേര്ത്ത് എന്റെ വൈദികര്‍ക്കും സഭയ്ക്കും ഫലപ്രദമാക്കും” (ഇന്‍ സിനു ജേസു, പേജ് 220). വൈദികര്‍ക്ക് വേണ്ടിയും സമര്പ്പിതര്ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുള്ള വ്യക്തിയാണോ താങ്കള്‍? അങ്ങനെയെങ്കില്‍ ഇവ്വിധത്തില്‍ നമുക്ക് പ്രാര്‍ത്ഥിക്കാവുന്നതാണ്, നമ്മുടെ ബലഹീനതകള്‍ കര്ത്താവിന് സമര്‍പ്പിച്ചുകൊണ്ട് നമുക്ക് അവിടുത്തെ പ്രസാദിപ്പിക്കാവുന്നതാണ്. സത്യത്തില്‍ നമ്മുടേയും ലോകം മുഴുവന്റെയും വിശുദ്ധീകരണത്തിന് അനുദിനം ഒരഞ്ച് മിനിറ്റ് വളരെ ‘സിംപിള്‍’ ആയി നമുക്ക് നീക്കിവയ്ക്കാം.
By: ബ്രദര്‍ അഗസ്റ്റിന് ക്രിസ്റ്റി PDM
More