Home/Engage/Article

ഏപ്രി 13, 2020 1922 0 Shalom Tidings
Engage

സമ്മാനങ്ങള്‍ മനോഹരമാക്കും മാജിക് !

യേശു എന്നോടു ചോദിച്ചു, “ഞാന്‍ നിനക്ക് തന്ന ഭര്‍ത്താവും മക്കളും എങ്ങനെയുണ്ട്?” ഇത് കേട്ടതും ഞാന്‍ അവരെക്കുറിച്ചുള്ള പരിഭവങ്ങളും പരാതികളും പറയാന്‍ തുടങ്ങി. ഞാന്‍ പറയുന്നത് വളരെ കാര്യമായി കേട്ടതിനുശേഷം യേശു എന്നോട് പറഞ്ഞു, “ഞാന്‍ നിന്നോട് ഒരു കഥ പറയാം. ഒരു വ്യാപാരിക്ക് ഇരട്ട പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. ഒരു ദിവസം വ്യാപാരത്തിനു പോയി തിരിച്ചു വന്നപ്പോള്‍ രണ്ട് ഉടുപ്പുകള്‍ വാങ്ങി മക്കള്‍ക്ക് കൊടുത്തിട്ട് പറഞ്ഞു, ഈ ഉടുപ്പുകള്‍ സൂക്ഷിച്ചു വയ്ക്കുക. അടുത്തുവരുന്ന പെരുന്നാളിന് ഇടാനുള്ളതാണ്. അവര്‍ വളരെ സന്തോഷത്തോടുകൂടി അത് മേടിച്ച് തങ്ങളുടെ മുറിയിലേക്ക് പോയി.

മൂത്തയാള്‍ തന്‍റെ അപ്പന്‍ വളരെ കഷ്ടപ്പെട്ട് തനിക്ക് വേണ്ടി വസ്ത്രം വാങ്ങിച്ചല്ലോ എന്ന് ചിന്തിച്ച് നന്ദിയുള്ള ഹൃദയത്തോടെ അത് തുറന്നു. ആ ഉടുപ്പ് കണ്ടതേ അപ്പനോട് അവള്‍ വളരെ നന്ദി പറയുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. രണ്ടാമത്തെയാള്‍ ആകട്ടെ, ആ ഉടുപ്പ് എങ്ങനെയുണ്ട്? തനിക്ക് ചേരുമോ? എന്തെങ്കിലും കേടുപാടുകള്‍ കാണുമോ എന്നൊക്കെ ചിന്തിച്ച് അത് നിവര്‍ത്തി നോക്കി. അപ്പോള്‍ അവള്‍ക്ക് മനസ്സിലായി ആ ഉടുപ്പ് തനിക്ക് വലുതാണ്, നിറം ചേരില്ല, ഫാഷന്‍ പോരാ. അവള്‍ അപ്പന്‍റെ അടുത്ത് ചെന്ന് പരാതി പറയുകയും ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തു.”

യേശു തുടര്‍ന്നു, “ഇവിടെ രണ്ടുപേര്‍ക്കും ഒരേ ഉടുപ്പ് ആണ് കിട്ടിയത്. മൂത്തയാള്‍ തന്‍റെ അപ്പനോടുള്ള സ്നേഹത്തെ പ്രതി, അവള്‍ ആ വസ്ത്രം ഇഷ്ടപ്പെട്ടു. അതിന്‍റെ കുറവുകളിലേയ്ക്ക് നോക്കിയില്ല. പകരം തനിക്ക് തന്ന ആ സമ്മാനത്തെപ്രതി അപ്പനോട് അവള്‍ വളരെ നന്ദിയും സ്നേഹവും നിറഞ്ഞവളാവുകയും അത് വാക്കുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. മാത്രമല്ല അവള്‍ മറ്റുള്ളവരോട് ആ ഉടുപ്പിനെക്കുറിച്ച് വളരെ അഭിമാനത്തോടുകൂടി സംസാരിക്കുകയും ചെയ്തു. അത്രമാത്രം അവള്‍ തന്‍റെ അപ്പനെ സ്നേഹിച്ചിരുന്നതിനാല്‍ അപ്പന്‍ തരുന്നതെന്തും അവള്‍ക്ക് ഏറ്റവും നല്ലതായി തോന്നി. തനിക്ക് നന്മയായിട്ടുള്ളതുമാത്രമേ അപ്പന്‍ ചെയ്യുകയുള്ളൂ എന്നവള്‍ വിശ്വസിച്ചു.

എന്നാല്‍ രണ്ടാമത്തെ ആളാകട്ടെ അപ്പനെ അത്രയ്ക്കങ്ങ് വിശ്വാസമില്ലാത്തതിനാല്‍ അപ്പന്‍ തന്ന സമ്മാനത്തിന്‍റെ കുഴപ്പങ്ങള്‍ കണ്ടുപിടിക്കാനാണ് ആദ്യം തന്നെ ശ്രമിച്ചത്. കുഴപ്പങ്ങള്‍ കണ്ടുപിടിച്ച്, ഇതിനെ പ്രതി അപ്പനോട് പരാതിപ്പെടുകയും മറ്റുള്ളവരോട് പറയുകയും ആ സമ്മാനത്തോടുതന്നെ ഇഷ്ടക്കേട് കാണിക്കുകയും ചെയ്തു.

ഇനി കഥയിലേക്ക് തന്നെ നമുക്ക് മടങ്ങിവരാം. പെരുന്നാള്‍ വന്നു. അവര്‍ തങ്ങളുടെ പുതിയ ഉടുപ്പുകള്‍ ധരിച്ചു. മൂത്തയാളുടെ ഉടുപ്പ് വളരെ മനോഹരമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ആളുടെ ഉടുപ്പാകട്ടെ പെരുന്നാളിന് പോകാന്‍ പറ്റാത്തത്ര മോശം ആയിരിക്കുന്നു.”

യേശു ചോദിച്ചു, “എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? നിനക്ക് എന്ത് തോന്നുന്നു?”

ഞാനൊന്നും മിണ്ടിയില്ല. യേശു തുടര്‍ന്നു, “നിന്‍റെ നാവ് മാജിക്കാണ്. നാവിന് ശക്തിയുണ്ട്. നാവിന് ഒരാളെ നന്നാക്കാനും മോശമാക്കാനും പറ്റും. എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്. ഏറ്റവും ചെറിയ കാര്യങ്ങള്‍ക്കു പോലും ദൈവത്തോടും മനുഷ്യരോടും നന്ദി പറയുക. ഉദാഹരണത്തിന് നീ നിന്‍റെ മകളോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചു എന്നിരിക്കട്ടെ. അവള്‍ വെള്ളം എടുത്തു കൊണ്ടു വരുന്നു. നീ വെള്ളം വാങ്ങി കുടിക്കുന്നതല്ലാതെ അവളുടെ മുഖത്തേക്ക് നോക്കി ചിരിക്കുകയോ ഒരു നന്ദി വാക്ക് പറയുകയോ ചെയ്യുന്നില്ല. അത് അവളുടെ കടമ എന്ന മട്ടില്‍ ഇരിക്കുന്നു. മാത്രമല്ല ഇത്രയും നല്ലൊരു മകളെ തന്നതിന് എന്നോട് നന്ദി പറയുകയോ അവളെ അനുഗ്രഹിക്കണമേ എന്ന് പറയുകയോ ചെയ്യുന്നില്ല. മറ്റൊരവസരത്തില്‍ നീ പറയുന്നത് അവള്‍ കേട്ടില്ലെങ്കില്‍ അവളെ നല്ലവണ്ണം ശകാരിക്കുകയും ദൈവം നിന്നെ ശിക്ഷിക്കും എന്ന് പറയുകയും ചെയ്യും.

ഞാന്‍ നിനക്ക് തന്ന സമ്മാനങ്ങള്‍ ആണ് നിനക്ക് ചുറ്റുമുള്ളവര്‍. നീയടക്കം നിനക്ക് ചുറ്റും ഉള്ളവര്‍ അവരവരുടേതായ കുറവുകള്‍ ഉള്ളവര്‍ തന്നെയാണ്. മറ്റുള്ളവരുടെ കുറവുകള്‍ നീ കാണുമ്പോള്‍ അവരുടെ മേല്‍ കരുണയായിരിക്കേണമേ എന്ന് എന്നോട് അപേക്ഷിക്കുക. മറ്റുള്ളവരുടെ കുറവുകള്‍ ക്ഷമയോടെ സഹിക്കുന്നത് കാരുണ്യ പ്രവൃത്തികളില്‍ ഒന്നാണ്. എന്നാല്‍ മറ്റുള്ളവരുടെ നന്മകള്‍ കണ്ടില്ലെന്ന് നീ ഒരിക്കലും നടിക്കരുത്. അവരെപ്രതി എന്നോടും അവരോടും നന്ദി പറയുക, അവരെ അനുഗ്രഹിക്കണമേ എന്ന് എന്നോട് അപേക്ഷിക്കുക. അപ്പോള്‍ നിനക്ക് കാണാം മാജിക്. എന്‍റെ സ്നേഹം നിന്നിലൂടെ അവര്‍ അനുഭവിക്കട്ടെ. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും. അപ്പോള്‍ അവര്‍ വഴിതെറ്റിപോവില്ല.”

ഞാന്‍ പറഞ്ഞു, “ഈശോയേ, എനിക്ക് അവരോട് സ്നേഹമുണ്ട്.”

യേശു പറഞ്ഞു, “പക്ഷേ നീ അത് ഒരിക്കലും പ്രകടിപ്പിക്കാറില്ല. ഉദാഹരണത്തിന് നീയൊരു കോഴിക്കറി വെച്ചു എന്നിരിക്കട്ടെ. നീ അത് മേശപ്പുറത്ത് എടുത്തു വയ്ക്കുന്നു. എല്ലാവരും എടുത്തു കഴിക്കുന്നു. എല്ലാവര്‍ക്കും കാണും ആ കോഴിക്കറിയെപ്പറ്റി പറയാന്‍ ഓരോരോ കുറ്റങ്ങള്‍. എന്നാല്‍ ബുദ്ധിമതിയായ ഒരു അമ്മ എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കുക.

മകന്‍ വന്നു ചോദിക്കുന്നു, അമ്മ എന്തെടുക്കുകയാ? അപ്പോള്‍ അമ്മ പറയും- ദേ, മോനുവേണ്ടി അമ്മ സ്പെഷ്യലായി ഒരു കോഴിക്കറി വയ്ക്കുകയാ. മകള്‍ വന്നു ചോദിക്കുന്നു, അമ്മ എന്തെടുക്കുകയാ? അമ്മ പറയും, ദേ, മോള്‍ക്കുവേണ്ടി അമ്മ ഒരു സ്പെഷ്യല്‍ കോഴിക്കറി വയ്ക്കുകയാണ്. അവസാനം ഭര്‍ത്താവും വന്ന് ചോദിക്കുന്നു. അപ്പോള്‍ അവര്‍ പറയും, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ഞാന്‍ ഒരു കോഴിക്കറി വയ്ക്കുകയാണ്. അവസാനം മേശപ്പുറത്ത് വയ്ക്കുമ്പോള്‍ ആ സ്ത്രീ ഇങ്ങനെ പറയും, ഇത് നിങ്ങള്‍ക്കുവേണ്ടി മാത്രം ഞാന്‍ ഉണ്ടാക്കിയ സ്പെഷ്യല്‍ കോഴിക്കറി ആണ്. ആ കോഴിക്കറി ഭര്‍ത്താവും മക്കളും ഒരു കുറ്റവും പറയാതെ കഴിക്കുക മാത്രമല്ല അതിനെപ്പറ്റി വളരെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്യും.

സ്നേഹം ഒരിക്കലും ഉള്ളില്‍ വയ്ക്കരുത്. അത് പ്രകടിപ്പിക്കണം. മറ്റുള്ളവര്‍ക്ക് നിന്‍റെ സ്നേഹം മനസിലാകത്തക്ക രീതിയില്‍ സംസാരിക്കണം, പ്രവര്‍ത്തിക്കണം. ഓരോരുത്തര്‍ക്കും നീ അവരെ സ്നേഹിക്കുന്നുണ്ടെന്ന് വ്യക്തിപരമായി മനസിലാകണം. ‘നീ എനിക്ക് സ്പെഷ്യലാണ്’ എന്ന് ഓരോരുത്തര്‍ക്കും തോന്നത്തക്ക രീതിയില്‍ പെരുമാറണം. ഇവന്‍ എന്‍റെ പ്രിയ പുത്രന്‍ എന്ന് പിതാവ് എന്നോട് പറയുമ്പോള്‍ ഞാന്‍ എത്രമാത്രം സന്തോഷത്താല്‍ മതിമറക്കുന്നു. അതുപോലെ സ്നേഹത്തിന്‍റെ വാക്കുകള്‍ ഉപയോഗിച്ച് നിന്‍റെ കുടുംബത്തെ നെഞ്ചോടു ചേര്‍ത്തു പിടിക്കുക, പ്രാര്‍ത്ഥിക്കുക. അപ്പോള്‍ ഞാന്‍ നിനക്ക് തന്ന സമ്മാനവും ഏറ്റവും സ്പെഷ്യല്‍ ആയി തീരും.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles