Trending Articles
ഞാന്‍ ഗര്‍ഭിണിയായിരുന്ന സമയം. ജോലിസ്ഥലത്തിനടുത്താണ് താമസം. ആ സമയങ്ങളില്‍ ഞങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നതുകൊണ്ട് അത്യാവശ്യങ്ങള്‍ മാത്രം നടത്തിപ്പോന്നു. ഗര്‍ഭകാലത്ത് ഈന്തപ്പഴവും കശുവണ്ടിപ്പരിപ്പുമൊക്കെ കഴിക്കുന്നത് നല്ലതാണെന്ന് കേട്ടിട്ടുണ്ട്. അതിനാല്‍ വാങ്ങണമെന്ന് ഞങ്ങള്‍ക്കും ആഗ്രഹം. ഒരു ദിവസം വൈകിട്ട് ചായ കുടിക്കുമ്പോള്‍ ഭര്‍ത്താവും ഞാനും അതേപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു. കുഞ്ഞിന്റെ കാര്യമായതിനാല്‍ ഉള്ളതില്‍നിന്നും കുറച്ച് പണം അതിനായി മാറ്റിവയ്ക്കാമെന്ന് ഞങ്ങള്‍ കരുതി.
ചായകുടിയൊക്കെ കഴിഞ്ഞ് ഇരിക്കുമ്പോഴതാ അപ്രതീക്ഷിതമായി കൂടെ ജോലിചെയ്യുന്ന രണ്ടുപേര്‍ വീട്ടിലേക്ക് കടന്നുവരുന്നു. വന്നവര്‍ ഒരു കവര്‍ എന്റെ കയ്യിലേല്‍പ്പിച്ചു. കുറച്ചുനേരം സംസാരിച്ചിരുന്ന് ചായ കുടിച്ച് അവര്‍ തിരികെപ്പോയി. അല്പസമയം കഴിഞ്ഞ് അവര്‍ കൊണ്ടുവന്ന കവര്‍ തുറന്നു നോക്കിയ നിമിഷം… അത്ഭുതവും സന്തോഷവും അടക്കാനാകാതെ ഞാന്‍ കരഞ്ഞുപോയി. കവറില്‍ കുറച്ചധികം ഈന്തപ്പഴവും കശുവണ്ടിപ്പരിപ്പും!!! അതും ഏറ്റവും നല്ല ഗുണനിലവാരമുള്ളത്. ആദ്യം തോന്നിയത് എന്റെ യേശു അപ്പച്ചന് കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാനാണ്.
എന്റെ ആവശ്യം ഒരു പ്രാര്ത്ഥനയായിപ്പോലും ഞാന്‍ സമര്‍പ്പിച്ചിരുന്നില്ല. എങ്കിലും ഹൃദയത്തിലെ ആഗ്രഹം എന്റെ പിതാവ് കണ്ടു. അന്ന് ഞാന്‍ വീണ്ടും തിരിച്ചറിഞ്ഞു, നമ്മുടെ കുഞ്ഞുകുഞ്ഞാഗ്രഹങ്ങളും ആവശ്യങ്ങളുംപോലും ദൈവം അറിയുകയും നിറവേറ്റിത്തരികയും ചെയ്യുമെന്ന്. പറഞ്ഞാല്‍ തീരില്ല ആ ദൈവപരിപാലനയുടെ കഥകള്‍…
Anu Viji
ബില്‍ വച്ച് പരിശോധിച്ചപ്പോഴാണ് കണക്ക് ശരിയായത്. അതുവരെ കൂട്ടിയും കുറച്ചും ഞാന്‍ കഷ്ടപ്പെട്ടു. പണം ഏതുവഴിക്കാണ് പോയതെന്ന് അറിയാതെ കുടുങ്ങിയിരിക്കുകയായിരുന്നു. ഏതായാലും ബില്‍ കയ്യിലെടുത്തുവച്ച് നോക്കിയപ്പോള്‍ കാഷ് ടാലിയായി. പ്രിയപ്പെട്ട സുഹൃത്തേ, ഇതുപോലെ കണക്ക് ശരിയാവാതെ വിഷമിക്കുകയാണോ? ജീവിതത്തില്‍ എന്തെങ്കിലും തടസം താങ്കള്‍ അനുഭവിക്കുന്നുണ്ടോ? കാര്യങ്ങള്‍ ഒന്നും ശരിയാവുന്നില്ലേ? വിഷമിക്കണ്ട. ഒരു ടിപ് പറയാം. വിശുദ്ധ ഗ്രന്ഥമെടുത്ത്, വായിക്കുന്ന ഓരോ വചനത്തിലൂടെയും ഒരു പരിശോധന നടത്താന്‍ തയ്യാറാണോ? കാര്യം ശരിയാവും. വിശദമായി പറയാം. ഉദാഹരണത്തിന്, ഹെബ്രായര്‍ പതിമൂന്നാം അധ്യായം വായിക്കുകയാണെന്നു വിചാരിക്കുക. അതിലെ ആദ്യത്തെ വചനം ഇപ്രകാരമാണ്. ‘സഹോദരസ്നേഹം നിലനില്ക്കട്ടെ, അതിഥിമര്യാദ മറക്കരുത്. ‘ഇത് വായിച്ചുകഴിഞ്ഞാല്‍ ഒരു നിമിഷം മനസ്സില്‍ ചോദിക്കണം. ഇതില്‍ ഞാന്‍ വീഴ്ച വരുത്തിയിട്ടുണ്ടോ ഇല്ലയോ എന്ന്. ഉണ്ടെങ്കില്‍ ഉടനെ നോട്ട് ചെയ്തുവയ്ക്കണം. തൊട്ടടുത്ത കുമ്പസാരത്തില്‍ ഏറ്റുപറയുകയും പ്രാവര്‍ത്തികമാക്കുകയും വേണം. നമ്മള് വെറുതെ നോക്കിയാല്‍ ഒരുപക്ഷേ നമ്മുടെ ജീവിതത്തിന് ഒരു കുറവും കണ്ടെന്നു വരില്ല. തെറ്റെന്ന് എടുത്തുപറയാന്‍ തക്കവിധം ഒന്നും ശ്രദ്ധയില്‍പ്പെട്ടെന്നും വരില്ല. എന്നാല്‍ വിശുദ്ധ ബൈബിള്‍ കയ്യിലെടുത്ത് അതിലെ ഓരോ വചനവും പരിശോധിച്ചാല്‍ നമ്മുടെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാകും. പ്രഭാഷകന്‍, സുഭാഷിതങ്ങള്‍ തുടങ്ങിയ പുസ്തകങ്ങളെല്ലാം നമ്മുടെ അനുദിനവ്യാപാരങ്ങളെ പരിശോധിക്കാന്‍ സഹായിക്കും. സത്യത്തില്‍ നാം ദൈവം പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി എടുക്കുന്നുണ്ടോ? വചനം പാലിക്കുന്നുണ്ടോ? ഏതൊക്കെയാണ് അറിവില്ലായ്മമൂലം ലംഘിക്കുന്നത്? അവയെല്ലാം കണ്ടെത്തി ഏറ്റുപറഞ്ഞു കുമ്പസാരിക്കാന്‍ തുടങ്ങാമോ? നമ്മുടെ ജീവിതത്തിന്റെ തടസം മാറും. ഇത്തരത്തില്‍ കുമ്പസാരത്തിന് ഒരുങ്ങിനോക്കൂ. വചനം വായിക്കാനും തുടങ്ങൂ. വലിയ വ്യത്യാസം നമ്മുടെ ജീവിതത്തിനുണ്ടാകും. ആത്മീയ വളര്‍ച്ചയും സാധ്യമാകും, ഉറപ്പ്! ഇതോടൊപ്പം മനസിലിരിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം, പലരും പറയുന്നു: ‘ഞാന്‍ അത്യധികം തിന്മ ചെയ്തു. കര്ത്താവിന് എന്നോടു ക്ഷമിക്കാന്‍ സാധിക്കുകയില്ല.’ അത് കടുത്ത ദൈവദൂഷണമാണ്. കാരണം, അത് ദൈവത്തിന്റെ കാരുണ്യത്തിന് നാം അതിര് നിശ്ചയിക്കുന്നു. വാസ്തവത്തില്‍ ദൈവകാരുണ്യത്തിന് അതിരില്ല. അത് അനന്തമാണ്. ”നമ്മുടെ പ്രിയപ്പെട്ട കര്‍ത്താവിന്റെ കാരുണ്യത്തെപ്പറ്റി സംശയിക്കുകയെന്നതുപോലെ അവിടത്തെ ദ്രോഹിക്കുന്ന മറ്റൊന്നുമില്ല” (വിശുദ്ധ ജോണ്‍ വിയാനി). കരുണയുടെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്റ്റീനയിലൂടെയും ഈശോ ഇതുതന്നെയാണ് പലയാവര്‍ത്തി പറഞ്ഞിട്ടുള്ളത്. നമ്മുടെ കുമ്പസാരങ്ങള്‍ ഒരേ കാര്യത്തിന്റെ ആവര്ത്തനമാകുന്നതുകൊണ്ടാകാം ഒരുപക്ഷേ അതില്‍ അനുഭവം ഇല്ലാതെയും സാധ്യമായ കൃപ കരസ്ഥമാക്കാതെയും പോകുന്നത്. സാരമില്ല, നമ്മുടെ സമീപനരീതി മാറ്റാം. ഈ രീതി ഒന്ന് പരീക്ഷിച്ചുനോക്കണം. വിജയമാണെന്നുകണ്ടാല് മറ്റുള്ളവരോടും പറഞ്ഞുകൊടുക്കണം, തയാറാണോ? ”എന്റെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്ത്തിച്ചിട്ടുള്ളതുപോലെ, എന്റെ സാന്നിധ്യത്തില്‍മാത്രമല്ല, ഞാന്‍ അകന്നിരിക്കുന്ന ഈ സമയത്തും പൂര്‍വാധികം ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ സ്വന്തം രക്ഷയ്ക്കുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, തന്റെ അഭീഷ്ടമനുസരിച്ച് ഇച്ഛിക്കാനും പ്രവര്‍ത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നതു ദൈവമാണ് (ഫിലിപ്പി 2/12-13).
By: ബ്രദര്‍ അഗസ്റ്റിന് ക്രിസ്റ്റി PDM
Moreഒരിക്കല്‍ ഗര്‍ഭിണിയായ ഒരു സഹോദരി തന്റെ ഉദരത്തിലുള്ള കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥന അപേക്ഷിച്ചു. സ്കാനിംഗ് നടത്തിയ ഡോക്ടര്‍ പറഞ്ഞത് കുഞ്ഞ് ഡൗണ്‍ സിന്‍ഡ്രോം (Down syndrome) ഉള്ളതായി ജനിക്കും. അതിനാല്‍ അബോര്ഷന് താല്പര്യം ഉണ്ടെങ്കില്‍ ചെയ്യാം എന്നാണ്. മാനസികമായി തകര്‍ന്ന അവര്‍ തീരുമാനം എടുക്കാന്‍ കഴിയാതെ നീറി. ജീവന് എടുക്കാന്‍ ദൈവത്തിനുമാത്രമേ അധികാരമുള്ളൂ എന്നിരിക്കെ അവരോട് എന്ത് മറുപടിയാണ് നല്കാന് കഴിയുക. ധൈര്യമായി മുന്നോട്ടുപോകാന്‍ സഹോദരിയോട് പറഞ്ഞു… ഞങ്ങള്‍ കുറച്ചുപേര്‍ ഈശോയോട് തുടര്‍ച്ചയായി ഈ നിയോഗത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പക്ഷേ ഓരോ സ്കാനിങ്ങിലും ഒരു വ്യത്യാസവും ഇല്ലാതെ ഡൗണ്‍ സിന്‍ഡ്രോം ആണെന്ന റിപ്പോര്‍ട്ടാണ് വന്നത്. ചിലപ്പോഴെങ്കിലും പ്രാര്‍ത്ഥിക്കുന്ന ഞങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു പോകുന്നതുപോലെ തോന്നി. എങ്കിലും വിശ്വസിച്ചാല്‍ ദൈവമഹത്വം ദര്‍ശിക്കുമെന്നു പറഞ്ഞ യേശുവില്‍ വിശ്വസിച്ച് പ്രാര്‍ത്ഥനയോടെ മുന്നോട്ടു നീങ്ങി. ഗര്‍ഭകാലം മുഴുവന്‍ ഈശോയോട് വാശിപിടിച്ച് പ്രാര്‍ത്ഥിച്ചു, ദൈവമഹത്വം വെളിപ്പെടുന്നതിനു വേണ്ടി… ഒടുവില്‍ ക്ലൈമാക്സ് ദിവസത്തില്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ, ഒരു കുറവുകളുമില്ലാത്ത പെണ്‍കുഞ്ഞിനെ ഈശോ ഭൂമിയിലേക്ക് അയച്ചു… മറ്റൊരു സഹോദരിക്ക് ലിംഫോമ എന്ന കാന്‍സറാണെന്ന് ഡോക്ടര്‍ അറിയിച്ചു. വളരെ കുറച്ച് ആഴ്ചകള്‍മാത്രം വളര്‍ച്ചയുള്ള കുരുന്നു ജീവന് അവളുടെ ഉദരത്തില്‍ ഉണ്ടായിരുന്നു. ആ സന്തോഷം ആസ്വദിക്കാന്‍ തുടങ്ങുമ്പോഴാണ് മരണകരമായ വേദന ജീവിതത്തിലേക്ക് കടന്നു വന്നത്. ഇതെല്ലാം കാണുമ്പോള്‍, ചിലപ്പോഴൊക്കെ ഈശോയെ വഴക്കു പറയുന്നത് ന്യായമാണെന്ന് എനിക്ക് തോന്നാറുണ്ട്. ബയോപ്സി എടുത്ത ശേഷം ചികിത്സ തുടങ്ങാമെന്നാണ് ചികില്സിക്കുന്ന ഡോക്ടറുടെ അഭിപ്രായം. എന്തായാലും ചികിത്സ തുടങ്ങേണ്ടതുകൊണ്ട് അബോര്ഷന് ചെയ്തേ മതിയാകൂ എന്നതും വലിയൊരു വെല്ലുവിളിയായി നിന്നു. എന്നും ഈശോയ്ക്ക് പണി കൊടുക്കുന്ന ആളായതുകൊണ്ടായിരിക്കാം ചിലപ്പോഴൊക്കെ ശക്തമായി പ്രാര്‍ത്ഥിക്കാനുള്ള ഇത്തരം അവസരങ്ങള്‍ ഈശോ എനിക്ക് നേരെ വച്ച് നീട്ടുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഒരു ‘ഗിവ് ആന്‍ഡ് ടേക്ക് പോളിസി!’ കുറച്ചുപേര്‍ ചേര്‍ന്ന് ദൈവകരുണയുടെ ജപമാല തുടര്‍ച്ചയായി ഒരു മാസത്തോളം പ്രാര്‍ത്ഥിച്ചു. ഇതിനിടയില്‍ ബയോപ്സി നടത്തി പരിശോധനാഫലം വന്നു. രക്തത്തില്‍ ചെറിയ ഇന്ഫെക്ഷന് ഉണ്ടെന്നല്ലാതെ ക്യാന്‍സറിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ലെന്ന് ഈശോ സ്ഥിരീകരിച്ചു. സമയം പൂര്‍ത്തിയായപ്പോള്‍ അവള് ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്കി. ജീവിതത്തിന്റെ ചില നിര്‍ണായക നിമിഷങ്ങളില്‍ വിശ്വാസം ചോദ്യം ചെയ്യപ്പെടുന്ന അവസരങ്ങള്‍ നമുക്കുണ്ടാകാം. ദൈവം എന്നത് നിലനില്‍ക്കുന്ന സത്യമാണോ, പ്രാര്ത്ഥനകൊണ്ടൊക്കെ എന്തെങ്കിലും സാധ്യമാണോ- എന്നിങ്ങനെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന അനേകം ചോദ്യങ്ങള്‍ ഹൃദയത്തില്‍ ഉയര്‍ന്നുവരാം. എന്നാല്‍ വചനം ഓര്‍മിപ്പിക്കുന്നു, ”എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു” (1തിമോത്തിയോസ് 2/1). ആത്മീയ മേഖലയില്‍ പലപ്പോഴായി കണ്ടു വരുന്ന ഒരു പ്രവണതയാണ് മറ്റുള്ളവര്‍ക്ക് വേണ്ടി മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാനുള്ള ഭയം. ആര്‍ക്കെങ്കിലുംവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ ഉടനെ തങ്ങള്‍ക്കും അതേ കഠിന പരീക്ഷണങ്ങള്‍ നേരിടേണ്ടി വരും എന്ന തെറ്റായ ചിന്ത. അമിതമായ ഭയം പലപ്പോഴും മധ്യസ്ഥപ്രാര്ത്ഥനയില്നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നു. ജറുസലേം പട്ടണത്തിലൂടെ കടന്നു പോകുമ്പോള്‍ ആ നഗരത്തില്‍ നടമാടുന്ന മ്ലേച്ഛതകളെയോര്‍ത്തു കരയുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നവരുടെ നെറ്റിയില്‍ അടയാളമിടണമെന്നും അടയാളമുള്ളവരെ ആരെയും തൊടരുതെന്നും അല്ലാത്തവരെ സംഹരിക്കണമെന്നും ദൂതനോട് കല്പിക്കുന്ന ദൈവത്തെ എസെക്കിയേല്‍ 9/4-6-ല്‍ നാം കാണുന്നു. അതായത് ഏതെങ്കിലും ആത്മാവിന്റെ രക്ഷയ്ക്കുവേണ്ടി കണ്ണീരൊഴുക്കുകയും മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരെ ദൈവം മുദ്രയിട്ട് സംരക്ഷിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്, പീഡനങ്ങള്‍ നല്കി വേദനിപ്പിക്കും എന്നല്ല… ലോകം മുഴുവനുംവേണ്ടി മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാന്‍ വിളിക്കപ്പെട്ടവരാണ് ഓരോ വ്യക്തിയും. പരിശുദ്ധ ദൈവമാതാവിന്റെ ജപമാലയില്‍ നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയില്‍ നാം ആവര്‍ത്തിക്കുന്നത് പാപികളായ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്നാണ്. പാപികളായ ഞങ്ങള്‍ക്കുവേണ്ടി എന്നത് ലോകം മുഴുവനും വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. കരുണയുടെ ജപമാലയില്‍ ഞങ്ങളുടെയും ലോകം മുഴുവന്റെയുംമേല്‍ കരുണയായിരിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു. ലോകം മുഴുവനുംവേണ്ടിയുള്ള ഈ പ്രാര്ത്ഥനകളിലൂടെയെല്ലാം പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കാത്ത അത്ഭുതങ്ങള്‍ ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നില്ലേ? ഇസ്രായേല്‍ ജനം അമലേക്യരുമായി യുദ്ധം ചെയ്തപ്പോള്‍ മോശ ദൈവസന്നിധിയില്‍ കരങ്ങള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. മോശയുടെ കരങ്ങള്‍ ഉയര്ന്നുനിന്നപ്പോഴെല്ലാം ഇസ്രായേല്‍ജനം വിജയിച്ചുകൊണ്ടിരുന്നു. കരങ്ങള്‍ താഴ്ന്നുപോയപ്പോള്‍ അമലേക്യര്‍ക്കായിരുന്നു വിജയം. മോശയുടെ ഉയര്‍ന്ന കരങ്ങളിലൂടെ ദൈവം ഇസ്രായേല്‍ ജനത്തിന് വിജയം നല്കി (പുറപ്പാട് 17/11-12). ജറുസലേം കവാടം പണിയാനോ കോട്ടയിലെ വിള്ളലില്‍ നില ഉറപ്പിക്കാനോ തയ്യാറുള്ള ഒരുവനെ അന്വേഷിച്ചു കണ്ടെത്താന്‍ കഴിയാത്ത ദൈവത്തിന്റെ വിലാപം എസെക്കിയേല്‍ 22/30 -ല്‍ നാം വായിക്കുന്നു. ”ഞാന്‍ ആ ദേശത്തെ നശിപ്പിക്കാതിരിക്കേണ്ടതിന് കോട്ട പണിയാനോ കോട്ടയുടെ വിള്ളലില്‍ നിലയുറപ്പിക്കാനോ തയ്യാറുള്ള ഒരുവനെ അവരുടെയിടയില്‍ ഞാന്‍ അന്വേഷിച്ചു. എന്നാല്‍ ആരെയും കണ്ടില്ല.” ജറുസലെം മതിലുകള്‍ തകര്‍ന്ന് കവാടം അഗ്നിക്കിരയായി, അതേപടി കിടക്കുന്നു. ഇതുകേട്ടു നെഹെമിയ പ്രവാചകന് നിലത്തിരുന്നു കരഞ്ഞു; ദിവസങ്ങളോളം വിലപിക്കുകയും ഉപവസിക്കുകയും ചെയ്തു. സ്വര്‍ഗസ്ഥനായ ദൈവത്തിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചു (നെഹെമിയാ 1/3-4). ജോബ് തന്റെ സ്നേഹിതന്മാര്ക്കു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവന് നഷ്ടപ്പെട്ട ഐശ്വര്യത്തിന്റെ ഇരട്ടിയാണ് ദൈവം തിരിച്ചു നല്‍കിയത് (ജോബ് 42/10). മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കരുത്, പ്രാര്‍ത്ഥിച്ചാല്‍ കൂടുതല്‍ സഹനങ്ങള്‍ ഉണ്ടാകും എന്നത് ദൈവികമായ ചിന്ത അല്ല. വിശുദ്ധ ഫൗസ്റ്റീനയുടെ ജീവിത ത്തില്‍ പിശാച് ഇത്തരത്തില്‍ പ്രലോഭകനായി വിശുദ്ധയെ സമീപിക്കുന്ന അവസരമുണ്ട്. ”മറ്റ് ആത്മാക്കളെക്കുറിച്ച് നീ എന്തിനാണ് ഇത്ര വിഷമിക്കുന്നത്. നീ നിനക്കുവേണ്ടിമാത്രം പ്രാര്‍ത്ഥിക്കാനേ കടപ്പെട്ടിട്ടുള്ളൂ. പാപികളുടെ കാര്യത്തില്‍ അവര്‍ നിന്റെ പ്രാര്‍ത്ഥന കൂടാതെതന്നെ മാനസാന്തരപ്പെട്ടുകൊള്ളും. ഞാന്‍ നിനക്ക് ഒരു ഉപദേശ ശകലം നല്കുവാന് പോവുകയാണ്. ദൈവ കരുണയെക്കുറിച്ച് ഇനി ഒരിക്കലും സംസാരിക്കരുത്. പാപികളെ ദൈവകരുണയില്‍ ആശ്രയിക്കാന്‍ അല്പംപോലും പ്രോത്സാഹിപ്പിക്കരുത്. കാരണം അവര്‍ ശിക്ഷാവിധി അര്‍ഹിക്കുന്നവരാണ്. ആ നിമിഷത്തില്‍ ഈശോയെ ഞാന്‍ ദര്‍ശിച്ചു. അവിടുന്ന് അരുളിച്ചെയ്തു. കരുണയുടെ പ്രവൃത്തികളില്‍ നിന്റെ കഴിവിന്റെ പരമാവധി നീ ചെയ്യുന്നുണ്ടെങ്കില്‍ നിനക്ക് തീര്‍ച്ചയായും സമാധാനത്തിലായിരിക്കാം. നിന്നെ പ്രലോഭിപ്പിച്ചതിലൂടെ സാത്താന് ഒന്നും നേടിയില്ല. കാരണം നീ അവനുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടില്ല. വിശ്വസ്തതയോടെ പോരാടിക്കൊണ്ട് നീ എനിക്ക് ഇന്ന് വളരെ മഹത്വം നല്കി. ഇത് നിന്നില്‍ ഉറപ്പിക്കുകയും ഹൃദയത്തില്‍ കൊത്തിവയ്ക്കുകയും ചെയ്യുക. ഞാന്‍ എപ്പോഴും നിന്നോട് കൂടെ ഉണ്ട്. യുദ്ധ സമയങ്ങളില്‍ എന്റെ സാന്നിധ്യം നിനക്ക് അനുഭവപ്പെടുന്നില്ലെങ്കിലും ഞാന്‍ നിന്നോട് കൂടെയുണ്ട്”(വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി-1497,1499). വലിയ കാര്യങ്ങള്‍ നമുക്ക് ദൈവവേലയായി ചെയ്യാന്‍ സാധിക്കുന്നില്ലെന്നോര്ത്തു ഭാരപ്പെടരുത്. സുവിശേഷപ്രഘോഷണത്തിലൂടെയും മിഷന് പ്രവര്‍ത്തനങ്ങളിലൂടെയും നേടാന്‍ കഴിയുന്നതിനെക്കാള്‍ ആത്മാക്കളെ നമുക്ക് പ്രാര്‍ത്ഥനയിലൂടെയും സഹനങ്ങളിലൂടെയും നേടാന്‍ കഴിയും. ഈശോ നമുക്കുവേണ്ടി പിതാവായ ദൈവത്തിനുമുമ്പില്‍ മാധ്യസ്ഥ്യം വഹിക്കുന്നതുപോലെ ആത്മാക്കളുടെ രക്ഷക്കായി ഈശോയുടെ മുമ്പില്‍ നമുക്കും മാധ്യസ്ഥ്യം വഹിക്കാന്‍ സാധിക്കട്ടെ. ”എന്റെ മകളേ, പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും എങ്ങനെ ആത്മാക്കളെ രക്ഷിക്കാമെന്ന് നിന്നെ പഠിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു മിഷനറി സുവിശേഷ പ്രസംഗങ്ങളിലൂടെയും പ്രബോധനങ്ങളിലൂടെയും നേടുന്നതില്‍ കൂടുതല്‍ ആത്മാക്കളെ നിനക്ക് പ്രാര്‍ത്ഥനയിലൂടെയും സഹനങ്ങളിലൂടെയും മാത്രം നേടാന്‍ സാധിക്കും” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി-1767).
By: ആന്‍ മരിയ ക്രിസ്റ്റീന
Moreതൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള നെസ്റ്റ് ഡി അഡിക്ഷന് സെന്ററില്‍ ഞാന്‍ നഴ്സായി ചെയ്തിരുന്ന സമയം. വയസ് 31 ആയതിനാല്‍ വിവാഹം കഴിക്കാന്‍ വീട്ടില്‍നിന്നും നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. വിവാഹത്തെക്കുറിച്ചുള്ള ചിന്തയോടെ ഒരു ധ്യാനത്തിനായി പോയി. നഴ്സുമാര്‍ക്കുള്ള ധ്യാനമായിരുന്നു അത്. ദൈവാലയത്തിലെ തൂണിനടുത്ത് ഒരു പെണ്‍കുട്ടിയെ കാണും. അവളോട് വിവാഹാഭ്യര്‍ത്ഥന നടത്താം എന്നുപോലും ഭാവനയില്‍ കണ്ടിരുന്നു. എന്നാല്‍ അങ്ങനെയൊരു പെണ്‍കുട്ടിയെ ധ്യാനത്തിനിടെ കണ്ടതേയില്ല. അതിനുപകരം മറ്റൊന്ന് സംഭവിച്ചു! ഞാന്‍ കൗണ്‍സിലിംഗിനായി പോയത് ഒരു സിസ്റ്ററിന്റെയടുത്താണ്. വീട്ടിലെ പശ്ചാത്തലവും എന്റെ ചുരുക്കം വിവരങ്ങളുമെല്ലാം പങ്കുവച്ചതോടൊപ്പം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും പറഞ്ഞു. എന്നാല്‍ സിസ്റ്റര്‍ ചോദിച്ചത് വേറെന്തെങ്കിലും ആഗ്രഹമുണ്ടോ എന്നാണ്. വൈദികനാകാന്‍ മുമ്പ് ചിന്തിച്ചിരുന്നുവെന്നായിരുന്നു എന്റെ മറുപടി. അതേത്തുടര്‍ന്ന് വൈദികദൈവവിളിയെക്കുറിച്ചുള്ള ചിന്തയുമായി ആ ധ്യാനം കഴിഞ്ഞ് മടങ്ങി. അമ്മാമ്മ ചൊല്ലിത്തന്നത്… പള്ളിയും അനുബന്ധകാര്യങ്ങളുമായി ജീവിച്ചിരുന്നവരായിരുന്നു എന്റെ കുടുംബാംഗങ്ങള്‍. അപ്പാപ്പന് കപ്യാരായിരുന്നു. അമ്മാമ്മയാകട്ടെ ഒരു ഭക്തസ്ത്രീയും. അമ്മാമ്മ പറയുന്നത് ഏറ്റുചൊല്ലുന്നതായിരുന്നു കുട്ടിക്കാലത്തെ എന്റെ പ്രാര്‍ത്ഥനാരീതി. എന്നും സ്കൂളിലേക്ക് പോകുന്നതിനുമുമ്പ് അമ്മാമ്മ ചൊല്ലിത്തരുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്, ”എല്ലാ കാര്യങ്ങളും നന്നായി പഠിക്കാന്‍ പറ്റണേ… കുറുമ്പ് കാണിക്കാന്‍ തോന്നരുതേ… അപ്പനെയും അമ്മയെയും ഒക്കെ നന്നായി നോക്കണേ… പഠിച്ചുപഠിച്ച് അച്ചനാക്കണേ…” ഞാനതെല്ലാം അതേപടി ഏറ്റുപറയും. കാലം മുന്നോട്ടുപോയി. ഞാന്‍ തനിയെ പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു. സാവധാനം അമ്മാമ്മ പഠിപ്പിച്ചുതന്ന പ്രാര്‍ത്ഥനയെല്ലാം മാറി. കാലം കഴിയുന്തോറും വീട്ടിലെ സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള ചിന്ത എന്നെ മഥിച്ചു. എങ്ങനെയെങ്കിലും ഒരു ജോലി ചെയ്ത് അപ്പനെ സഹായിക്കണം എന്നായിരുന്നു മനസില്‍. അതിനിടയില്‍ മെച്ചപ്പെട്ട മാര്‍ക്കോടെ പത്താം ക്ലാസ് വിജയിച്ചു. സയന്‍സ് വിഭാഗത്തില്‍ പ്ലസ് ടു പ്രവേശനവും കിട്ടി. അതിനാല്‍ത്തന്നെ പിന്നെ എങ്ങനെയെങ്കിലും പ്ലസ് ടു പൂര്‍ത്തിയാക്കുക, അതുകഴിഞ്ഞാലുടനെ എന്തെങ്കിലും ജോലി എന്നതായിരുന്നു ചിന്ത. ചിന്തിച്ചതുപോലെ പ്ലസ് ടു കഴിഞ്ഞപ്പോള്‍ അന്നത്തെ ഞങ്ങളുടെ വികാരിയച്ചനായിരുന്ന ഫാ.ജേക്കബ് മലയാറ്റി എസ്.ഡി.ബി വഴി ഒരു ഫോട്ടോസ്റ്റാറ്റ് കടയില്‍ ജോലി കിട്ടി. 800 രൂപയായിരുന്നു ആദ്യശമ്പളം. അച്ചന് അത് നല്‍കാമെന്ന് കരുതിയെങ്കിലും അച്ചന് അത് വാങ്ങിയില്ല, പകരം ആ തുക വീട്ടില്‍ നല്കാന് പറഞ്ഞയച്ചു. ഒരു വരുമാനം കണ്ടെത്തിയ സന്തോഷത്തില്‍ മുന്നോട്ടുപോകുമ്പോള്‍, അല്പംകൂടി പഠിച്ചിരുന്നെങ്കില്‍ കൂടുതല്‍ നല്ല ജോലി ലഭിക്കുമായിരുന്നു എന്നു തോന്നി. പക്ഷേ സ്വയം പണം കണ്ടെത്തി ട്യൂഷന് പോയി പഠിക്കണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയിരിക്കേയാണ് ചേര്‍ന്ന ഒരു ‘ഓഫര്‍’ വരുന്നത്. മാര്‍ക്കറ്റിലെ പയ്യന് തൃശൂര്‍ ശക്തന് ബസ് സ്റ്റാന്‍ഡിനോടനുബന്ധിച്ചുള്ള പച്ചക്കറി മാര്‍ക്കറ്റില്‍ ഒരു ചായക്കടയില്‍ ജോലി ചെയ്യാം. രാവിലെ 5.30 ആകുമ്പോള്‍ ജോലിക്കെത്തിയാല്‍ ഏതാണ്ട് 11 മണിയോടെ ജോലി കഴിയും. പിന്നെ ട്യൂഷന് പോകാം. മാത്രവുമല്ല, ജോലിക്കുള്ള പ്രതിഫലമായി പണവും രാവിലത്തെ ഭക്ഷണവും കിട്ടും. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ചായക്കടയിലെ ജോലി സ്വീകരിക്കാനുള്ള താത്പര്യക്കുറവ് മാറി. അങ്ങനെ അവിടെ ജോലി തുടങ്ങി. ജോലിയുടെ ഭാഗമായി പച്ചക്കറിക്കടകളില്‍ ചായ കൊണ്ടുപോയി കൊടുക്കണം, അല്പനേരം കഴിഞ്ഞ് ഗ്ലാസുകള്‍ തിരിച്ചെടുക്കണം. അങ്ങനെ ആ കടകളിലുള്ളവരെയെല്ലാം പരിചയമായി. സേവിയേട്ടന്‍ എന്ന എന്റെ കടയുടമയോടുള്ള താത്പര്യവുംകൂടിയായതോടെ എന്റെ വീട്ടിലേക്ക് വേണ്ട പച്ചക്കറികള്‍ അവര്‍ സൗജന്യമായി തരാന്‍ തുടങ്ങി. അങ്ങനെയിരിക്കേ ഒരു കടയുടമ എന്നോട് ചോദിച്ചു: ‘കടയില്‍ പച്ചക്കറി എടുത്തുകൊടുക്കാന്‍ നില്‍ക്കാമോ?’ ചിന്തിച്ചപ്പോള്‍ അത് കുറച്ചുകൂടി മെച്ചമുള്ള ജോലിയാണെന്ന് തോന്നിയതിനാല്‍ സ്വീകരിച്ചു. തുടര്‍ന്ന് വത്സന് എന്ന ചേട്ടന് അദ്ദേഹത്തിന്റെ കടയില്‍ കണക്കുകള്‍ എഴുതുന്ന റൈറ്റര്‍ ആയി എന്നെ എടുത്തു. അദ്ദേഹവും ഏറെ സഹായിച്ചു. ‘നിസ്വന്റെ’ ചോദ്യം തുടര്‍ന്നാണ് തൃശൂര്‍ അതിരൂപതയുടെ ഫാമിലി അപ്പസ്തോലേറ്റ് സെന്ററില്‍ ജോലിക്കായി പോയത്. ആ സമയത്ത് ലൈബ്രറിയില്‍നിന്ന് ‘ദൈവത്തിന്റെ നിസ്വന്’ എന്ന നോവല്‍ വായിക്കാന്‍ എടുത്തു. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുടെ യഥാര്‍ത്ഥ ജീവിതത്തെ ആധാരമാക്കിയുള്ള ഒരു നോവല്‍. വാസ്തവത്തില്‍ ഒരു മനുഷ്യന് ഇങ്ങനെയൊക്കെ ആകാന്‍ കഴിയുമോ എന്ന ചിന്തയായിരുന്നു അത് വായിച്ചപ്പോള്‍ എന്റെ മനസില്‍. ആ പുസ്തകം അത്രമാത്രം സ്വാധീനിച്ചതിനാല്‍ വീണ്ടും അതുതന്നെ ലൈബ്രറിയില്‍നിന്ന് എടുത്തു. അപ്പോഴെല്ലാം മനസില്‍ വിശുദ്ധ ഫ്രാന്‍സിസ് ചോദിക്കുന്നതുപോലെ, ”നിനക്കും ഇത് കഴിയുമോ?” അപ്പോള്‍ ഞാനിങ്ങനെ മനസില്‍ പറയും, ”എനിക്ക് കഴിയില്ല ഫ്രാന്‍സിസ്! നീ ഫ്രാന്‍സിസ് ആണ്, ഞാന്‍ വെറും ലിജോ അല്ലേ?!!” ഇങ്ങനെ പറയുമെങ്കിലും ഫ്രാന്‍സിസിനെപ്പോലെ ഒരു സമര്‍പ്പിതജീവിതം വേണമെന്ന ചിന്ത എന്റെ മനസില്‍ ഉണ്ടായിരുന്നു. എങ്കിലും വ്യക്തമായ ഒരു തീരുമാനമൊന്നും ഉണ്ടായില്ല. ഇങ്ങനെയൊക്കെയാണെന്നിരിക്കിലും നമ്മുടെ ദൈവവിളി മനസിലാക്കാനും സ്വീകരിക്കാനും നമ്മെ സഹായിക്കാന്‍ ദൈവം പലരെയും നിയോഗിക്കുമല്ലോ. അങ്ങനെ ചിലര്‍ എന്റെ ജീവിതത്തിലും എത്തി. സിസ്റ്റര്‍ ജെസില്‍ നെടുമറ്റത്തില്‍ സി.എസ്.സി. ആയിരുന്നു അതിലൊരാള്‍. പ്രാര്‍ത്ഥനയും ത്യാ ഗവും സ്നേഹവും കരുതലുംവഴി എന്നെ തമ്പുരാന്റെ ബലിപീഠത്തിലേക്ക് നയിച്ചതില്‍ സിസ്റ്ററിന്റെയും കുടംബത്തിന്റെയും പിന്തുണ വലുതായിരുന്നു. ഹോമിയോ ഡോക്ടര്‍ ആയ സിസ്റ്റര്‍ ലീമ എഫ്സിസിയും മറക്കാനാവാത്ത സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. ഫാമിലി അപ്പസ്തോലേറ്റ് ഓഫീസില്‍ ജോലി ചെയ്യവേ, ഒരിക്കല്‍ സിസ്റ്ററെ സന്ദര്‍ശിച്ചപ്പോള്‍ പ്രാര്‍ത്ഥിച്ച് ബൈബിള്‍ തുറക്കാന്‍ പറഞ്ഞു. അന്ന് എനിക്ക് ഏശയ്യായുടെ ഗ്രന്ഥം ആറാം അധ്യായമാണ് ലഭിച്ചത്. എട്ടാം വചനം എന്നില്‍ ആഴത്തില്‍ പതിഞ്ഞു, ”ആരെയാണ് ഞാന്‍ അയക്കുക? ആരാണ് നമുക്കുവേണ്ടി പോകുക? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍! എന്നെ അയച്ചാലും!” അന്ന് സിസ്റ്റര്‍ എനിക്കായി പ്രാര്‍ത്ഥിച്ചാണ് മടക്കിയയച്ചത്. എങ്കിലും വീട്ടിലെ കാര്യമോര്‍ത്തപ്പോള്‍ ഞാന്‍ മുന്നോട്ട് പോയില്ല. മെയ്ല് നഴ്സ് അങ്ങനെയിരിക്കേ എനിക്ക് വലിയ താങ്ങായിരുന്ന ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ. ജോണ്സണ് അന്തിക്കാടന്‍ മാറി ഫാ. വര്‍ഗീസ് കൂത്തൂര്‍ വന്നു. വര്‍ഗീസ് അച്ചനും എന്നെ വളരെയേറെ പിന്തുണച്ചു. മെയ്ല് നഴ്സുമാര്‍ക്ക് നല്ല ജോലിസാധ്യതയുണ്ടെന്ന് പറഞ്ഞ് എന്നെ നഴ്സിംഗ് പഠനത്തിനയച്ചത് അദ്ദേഹമാണ്. അങ്ങനെ പുതിയ സാധ്യത തുറന്നുകിട്ടി. അച്ചന്റെ കരുതലിലായിരുന്നു പഠനം. ആദ്യം ചെന്നൈയില്‍ ജോലി ചെയ്തശേഷം കുറച്ചുനാള്‍ തൃശൂര്‍ ചേറൂരിലുള്ള നെസ്റ്റ് ഡി അഡിക്ഷന് സെന്ററിലായിരുന്നു ജോലി. എന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്നതിനായി അവിടെ ചാപ്പലില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു. അങ്ങനെയാണ് ധ്യാനത്തിന് പോകുന്നത്. തുടക്കത്തില്‍ പറഞ്ഞതുപോലെ, വിവാഹജീവിതത്തെക്കുറിച്ചുള്ള ചിന്തകളോടെയാണ് ധ്യാനത്തിന് പോയത്. ഈശോ അത് മറന്നില്ല അമ്മാമ്മയുടെ പ്രാര്‍ത്ഥനാനിയോഗം ഞാന്‍ മറന്നുപോയെങ്കിലും ഈശോ മറന്നിരുന്നില്ല എന്ന് വ്യക്തമാക്കുന്ന ചിന്തകളുമായാണ് ആ ധ്യാനത്തില്നിന്നുള്ള മടക്കം. വൈദികദൈവവിളി സ്വീകരിക്കുന്നതിനായി അപ്പോള്‍ എന്റെ മനസില്‍ രണ്ട് വ്യവസ്ഥകളാണ് ഉണ്ടായിരുന്നത്: കുടുംബത്തിന് സ്വന്തം വീട് വേണം, വീട്ടുകാര്യങ്ങള്‍ നോക്കിനടത്താന്‍ അനുജന് സാധിക്കണം. ഈ രണ്ട് ആവശ്യങ്ങളും താമസിയാതെ നിറവേറി. സ്വന്തമായി വീട് ലഭിച്ചു; അനുജന് വിദേശത്ത് ജോലിയുമായി. അതോടെ എനിക്ക് വൈദികനാകുന്നതിനുള്ള സാധ്യത തെളിഞ്ഞു. ആദ്യം അനുജന് ലിന്റോയോടാണ് ഇക്കാര്യം പറഞ്ഞത്. അവന് പൂര്‍ണ പിന്തുണ തന്നു. ശേഷം അപ്പനും അമ്മയും അനുജത്തിയുമെല്ലാം അടങ്ങുന്ന കുടുംബത്തോടും കാര്യം അവതരിപ്പിച്ചു. എന്നെക്കുറിച്ചുള്ള അവരുടെ സ്വപ്നം മറ്റൊന്നായിരുന്നെങ്കിലും ആരും എതിര്‍ത്തില്ല; എന്റെ ആഗ്രഹത്തിന് ഒപ്പം നിന്നു. എനിക്ക് ലഭിച്ച ദൈവവിളിയെ സംബന്ധിച്ച് പറയുമ്പോള്‍ 1കോറിന്തോസ് 1/26-29 വചനങ്ങളാണ് ഓര്മ വരിക: ”സഹോദരരേ, നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ദൈവവിളിയെപ്പറ്റിത്തന്നെ ചിന്തിക്കുവിന്‍. ലൗകികമാനദണ്ഡമനുസരിച്ച് നിങ്ങളില്‍ ബുദ്ധിമാന്മാര് അധികമില്ല; ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും. നിലവിലുള്ളവയെ നശിപ്പിക്കാന്‍വേണ്ടി ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തിരഞ്ഞെടുത്തു.” അതിന്റെ കാരണവും തുടര്‍ന്നുള്ള വചനത്തില്‍ പറയുന്നു, ”ദൈവസന്നിധിയില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്.” അങ്ങനെ കര്‍ത്താവിന്റെ തിരഞ്ഞെടുപ്പ് മുഖാന്തിരം 31-ാം വയസില്‍ ഞാന്‍ വൈദികവിദ്യാര്‍ത്ഥിയായി. 2024 ഏപ്രില്‍ പത്തിന് രാമനാഥപുരം രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ടില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ഇന്ന് വൈദികനായി ജീവിക്കുമ്പോള്‍ തിരുപ്പട്ടസ്വീകരണദിനത്തില് പറഞ്ഞ തിരുവചനം ആവര്‍ത്തിക്കാനാണ് എനിക്കിഷ്ടം. ”അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നുകിട്ടിയിരിക്കുന്നത്; വിശിഷ്ടമായ അവകാശം എനിക്ക് ലഭിച്ചിരിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 16/6).
By: ഫാ. ലിജോ വര്‍ഗീസ് പതിപ്പറമ്പന്
Moreമെക്സിക്കന്‍ സംസ്ഥാനമായ ജാലിസ്കോയിലെ സപ്പോപാന്‍ നഗരത്തിലെ ആന്‍ഡാരെസ് ഷോപ്പിംഗ് സെന്ററാണ് നഗരമധ്യത്തില്‍ ആത്മാക്കളെ കൊയ്തുകൂട്ടൂന്നത്. ഷോപ്പിംഗ് സെന്ററിന്റെ പൂന്തോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്വാഡലൂപ്പ ദൈവമാതാവിന്റെ ചിത്രത്തിന് മുന്നില്‍ എല്ലാ ബുധനാഴ്ചയും ആയിരങ്ങള്‍ പരിശുദ്ധ ജപമാലയുമായി ഒരുമിച്ച് കൂടുന്നു. ക്രൈസ്തവ വിശ്വാസത്തില്‍നിന്ന് അകന്നു കഴിയുന്നവരെ ജപമാലയിലൂടെ ദൈവത്തിലേക്ക് എത്തിക്കുക എന്നതാണ് ഈ ഷോപ്പിങ് സെന്ററിന്റെ ലക്ഷ്യം. ഈ സ്ഥലത്തുകൂടി കടന്നുപോകുന്ന പലരും ജപമാലയില്‍ പങ്കുചേരുന്നു. ദൈവത്തിന്റെ വിളിയോട് കൂടുതല്‍ അടുക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളെ ഷോപ്പിംഗ് സെന്റര്‍ പിന്തുണയ്ക്കുമെന്ന് ആന്‍ഡാരെസ് ഷോപ്പിംഗ് സെന്ററിന്റെ കമ്മ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍ ഡയാന ഗാര്‍സിയ വ്യക്തമാക്കുന്നു. ഗ്വാഡലൂപ്പയിലെ ദൈവമാതാവിന് സമര്‍പ്പിച്ചിരിക്കുന്ന ഷോപ്പിംഗ് സെന്ററാണ് തങ്ങളുടേത്. തങ്ങളുടെ വിശ്വാസ പ്രഘോഷണം വഴി സമൂഹത്തെ ശക്തിപ്പെടുത്തുകയും എല്ലാവരിലും സമാധാനത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നതായും ഗാര്‍സിയ പറയുന്നു. ആന്‍ഡാരെസ് ഷോപ്പിംഗ് സെന്ററിന്റെ മുന്‍ഭാഗത്തായി മനോഹരമായ ഗ്വാഡലൂപ്പ ചിത്രം സ്ഥാപിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. 1531ല്‍ മെക്സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് ലഭിച്ച ദൈവമാതൃദര്ശനത്തിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്.
By: Shalom Tidings
More