Home/Encounter/Article

ഏപ്രി 25, 2019 2679 0 സ്റ്റെല്ല ബെന്നി
Encounter

സക്കേവൂസ് ‘ അനുതാപികള്‍ക്കൊരു റോള്‍ മോഡല്‍!

പശ്ചാത്താപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും പരിഹാരം ചെയ്യലിന്റെയും വഴികളിലൂടെയാണല്ലോ ഈ വലിയ നോമ്പിന്റെ നാളുകളില്‍ നാം കടന്നുപോകുക. ഫലം പുറപ്പെടുവിക്കുന്ന ഉദാത്തമായ മാനസാന്തരത്തിന്റെ കരുത്തുറ്റ ഉദാഹരണമായി ‘സക്കേവൂസ്’ നമ്മുടെയൊക്കെ ജീവിതങ്ങളിലേക്കും ഭവനങ്ങളിലേക്കും കൂട്ടായ്മകളിലേക്കും കടന്നുവരണമെന്ന് പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു.

സക്കേവൂസ് ഒരു കുള്ളനായിരുന്നു. ഒത്തിരിയേറെ കുറവുകളുള്ള, പല വീഴ്ചകളും പാളിച്ചകളും ജീവിതത്തില്‍ വന്നുപോയ ഒരു പാവം മനുഷ്യന്‍. അതുകൊണ്ടുതന്നെ പാപികളോടു കരുണ കാണിക്കുന്ന യേശുവിനെ ഒരു നോക്കു കാണാന്‍ അവന്‍ അതിയായി ആഗ്രഹിച്ചു. അതിനുവേണ്ടി മാത്രമാണ് കുള്ളനായ അവന്‍ യേശു കടന്നുപോകുന്ന വഴിയരികിലുള്ള സിക്കമൂര്‍ മരത്തില്‍ വലിഞ്ഞുകയറിയത്. യേശുവിന്റെ വരവും കാത്ത് മരക്കൊമ്പില്‍ ഇറുകിപ്പിടിച്ചിരുന്ന സക്കേവൂസിനെ യേശു പേരുചൊല്ലി വിളിച്ച് താഴെ ഇറക്കി. അവന്റെ ഭവനത്തിലേക്ക് അതിഥിയായി കടന്നുചെന്നു. യേശുവിന്റെ സ്‌നേഹം സക്കേവൂസിനെ മാനസാന്തരത്തിലേക്ക് നയിച്ചു. ഭാഗികമായ മാനസാന്തരത്തിലേക്കല്ല, പൂര്‍ണഫലം പുറപ്പെടുവിക്കുന്ന മാനസാന്തരത്തിലേക്ക്.

പരിഹാരത്തിന്റെ ശംഖൊലി

യേശുവിന് താന്‍ വിളമ്പിക്കൊടുത്ത വിരുന്നിനിടയില്‍ സക്കേവൂസ് എഴുന്നേറ്റുനിന്നു പറഞ്ഞു: ”കര്‍ത്താവേ, ഇതാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്ക് കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു. യേശു അവനോട് പറഞ്ഞു: ഇന്ന് ഈ ഭവനത്തിന് രക്ഷ ലഭിച്ചിരിക്കുന്നു”
(ലൂക്കാ 19:8-9).

ചുങ്കക്കാരുടെയും പിടിച്ചുപറിക്കാരുടെയും പ്രധാനിയായിരുന്ന സക്കേവൂസ് ഞൊടിയിടകൊണ്ട് ഉത്തമമായ പശ്ചാത്താപത്തിന്റെയും പരിഹാരം ചെയ്യലിന്റെയും തിളക്കമേറിയ ഉദാഹരണമായി വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകളില്‍ കാലത്തിന്റെ അവസാനംവരെ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുന്നു.

രണ്ടു കൂട്ടരിലേക്കിറങ്ങിച്ചെല്ലുന്ന പരിഹാരബോധം

ഫലം പുറപ്പെടുവിക്കുന്ന തന്റെ മാനസാന്തരവുമായി രണ്ടുകൂട്ടരുടെ ഇടയിലേക്ക് സക്കേവൂസ് കടന്നുചെല്ലുന്നത് നാം കാണുന്നു. ഒന്ന്, ദരിദ്രരുടെ ഇടയിലേക്ക്. രണ്ട്, താന്‍ വഞ്ചിച്ചും പിടിച്ചുപറിച്ചും അനീതി പ്രവര്‍ത്തിച്ചും മുറിപ്പെടുത്തിയവരുടെ ജീവിതത്തിലേക്ക്. ഇതില്‍ ആദ്യത്തെ കൂട്ടരുടെ അടുത്തേക്കിറങ്ങിച്ചെല്ലുന്ന സക്കേവൂസിനോട് കൈകോര്‍ക്കാന്‍ നമ്മള്‍ ചിലപ്പോള്‍ തയാറാകുമായിരിക്കാം. എന്നാല്‍, നാം അന്യായമായി പ്രഹരിച്ചവരുടെയടുത്തേക്ക്, നാം അസൂയമൂലം തേജോവധം ചെയ്യുകയും അടിച്ചമര്‍ത്തുകയും ചെയ്തവരുടെ ജീവിതത്തിലേക്ക്, നാം തട്ടിപ്പറിച്ചെടുത്തവരുടെയടുത്തേക്ക്, ആരുടെയൊക്കെ സാധ്യതകളും പുരോഗതികളും നമ്മുടെ കുടിലചിന്തകളാലും തെറ്റായ നീക്കങ്ങളാലും കത്തിച്ചു ചാരമാക്കിയോ അവരുടെ അടുത്ത് ക്ഷമായാചനകളും പരിഹാരം ചെയ്യലുമായി കടന്നുചെല്ലുന്നവരെ ഇന്ന് നവീകരണത്തിലേക്ക് കടന്നുവന്നവരില്‍പ്പോലും വളരെ കുറവായി മാത്രമേ കണ്ടെത്തുവാന്‍ കഴിയുന്നുള്ളൂ.

കര്‍ത്താവിന്റെ വചനങ്ങള്‍ നമ്മുടെ കപടമായ ആധ്യാത്മികതയിലേക്ക് വിരല്‍ചൂണ്ടുന്നില്ലേ? അവിടുന്ന് പറയുന്നു: ”ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍ നിങ്ങള്‍ അരൂതയുടെയും തുളസിയുടെയും മറ്റെല്ലാ ചെടികളുടെയും ദശാംശം കൊടുക്കുന്നു. എന്നാല്‍, ദൈവത്തിന്റെ നീതിയും സ്‌നേഹവും നിങ്ങള്‍ അവഗണിച്ചുകളയുന്നു. ഇവയാണ് നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്, മറ്റുള്ളവ അവഗണിക്കാതെതന്നെ” (ലൂക്കാ 11:42).

ഇതാ ആന്റണിയില്‍ ഒരു സക്കേവൂസ്

ആന്റണി ഒരു തികഞ്ഞ മദ്യപാനി ആയിരുന്നു. പൊറുതി മുട്ടിയപ്പോള്‍ വീട്ടുകാരും നാട്ടുകാരും എല്ലാം ചേര്‍ന്ന് ആന്റണിയെ പൊക്കിയെടുത്ത് ഡിവൈന്‍ ധ്യാനമന്ദിരത്തിനുള്ളിലെത്തിച്ച് ഗെയിറ്റടച്ചു. ഒന്നിനു പുറകെ ഒന്നായി തുടരെത്തുടരെയുള്ള നാലു ധ്യാനങ്ങള്‍! ആന്റണിയിലെ മദ്യപാനത്തിന്റെ ദുര്‍ഭൂതം അവനെ വിട്ട് ഓടിപ്പോയി.
ചെയ്തുപോയ സകല തെറ്റുകള്‍ക്കും കുമ്പസാരത്തിലൂടെ ദൈവത്തോട് പൊറുതി ചോദിച്ച അയാള്‍ ധ്യാനം കഴിഞ്ഞ് നേരെ ചെന്നത് ഭാര്യയുടെ കാല്പാദത്തിങ്കലേക്കാണ്. 19 വര്‍ഷക്കാലം താന്‍ നീചമായ രീതിയില്‍ പീഡിപ്പിച്ചിട്ടും തന്നെവിട്ട് ഇറങ്ങിപ്പോകാത്ത, എന്നും തന്റെ മാനസാന്തരത്തിനുവേണ്ടി നോമ്പനുഷ്ഠിച്ച് പരിഹാരം ചെയ്ത് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന അവളുടെ
പാദങ്ങളില്‍ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് അയാള്‍ മാപ്പു ചോദിച്ചു. ക്ഷമ ചോദിക്കുക മാത്രമല്ല, പരിഹാരം ചെയ്യാനും ആന്റണി തയാറായി. 19 വര്‍ഷക്കാലത്തെ ദാമ്പത്യജീവിതത്തില്‍ തന്റെ ഭാര്യയ്ക്ക് നിഷേധിച്ച സ്‌നേഹം മുഴുവന്‍ നാലിരട്ടി പങ്കായി അവള്‍ക്ക് പകര്‍ന്നു നല്കി. അവിടെ ഒരു സക്കേവൂസ് ജന്മംകൊള്ളുകയായിരുന്നു. മാനസാന്തരത്തിന്റെ ഫലം അതിന്റെ പൂര്‍ണതയില്‍ പ്രകടമാക്കിയ ആന്റണി എന്ന സക്കേവൂസ്.

അടുത്ത പടി ആന്റണി തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് കടന്നുചെന്ന് അവരുടെ കൊതിതീരെ അപ്പാ, അമ്മേ എന്ന് വിളിച്ചു. വര്‍ഷങ്ങളോളം അവരെ അപ്പാ, അമ്മേ എന്നു വിളിക്കാന്‍പോലും ആന്റണി മറന്നുപോയിരുന്നു. പിന്നെ ആന്റണി തന്റെ മക്കളുടെ അടുത്തേക്ക് ഓടിച്ചെന്നു. അവരെ കെട്ടിപ്പിടിച്ച് തന്റെ മാറോടു ചേര്‍ത്തു. അവരുടെ നെറ്റിയില്‍ തുരുതുരെ ചുംബിച്ചു. ഇതുവരെയുള്ള ജീവിതത്തില്‍ തന്റെ മക്കള്‍ക്ക് നിഷേധിച്ച പിതൃസ്‌നേഹം പതിന്മടങ്ങായി തിരികെ നല്കി. തന്റെ സഹോദരങ്ങളുടെ ഭവനങ്ങളിലേക്കും അയല്ക്കാരുടെ ഭവനങ്ങളിലേക്കും മാനസാന്തരത്തിന്റെ ഫലങ്ങള്‍ നിറഞ്ഞു നില്ക്കുന്ന വാക്കുകളും ജീവിതവുമായി ആന്റണിയെന്ന സക്കേവൂസ് കടന്നുചെന്നു.

ഇടവകപ്പള്ളിയില്‍ ചെന്ന് വികാരിയച്ചനോട് താന്‍ ചെയ്ത തെറ്റുകള്‍ക്കു മാപ്പു ചോദിച്ചു. അന്നുമുതല്‍ അയാള്‍ ഉത്തമ ക്രിസ്ത്യാനിയായി മാതൃകാ വിശ്വാസിയായി ജീവിതം ആരംഭിച്ചു. ഉദാരമായി ദാനം ചെയ്യുന്നവനും കരയുന്നവരുടെ കണ്ണുനീരൊപ്പുന്നവനുമായി ആന്റണി രൂപാന്തരപ്പെട്ടു. ആന്റണിയുടെ ജീവിതസാക്ഷ്യം കണ്ട് അനേകര്‍ ധ്യാനമന്ദിരത്തിലേക്ക് കടന്നുചെന്നു. സ്വന്ത ജീവിതത്തെ രൂപാന്തരപ്പെടുത്തി. മാനസാന്തരത്തിന്റെ പൂര്‍ണഫലം പുറപ്പെടുവിച്ച അയാളുടെ ജീവിതമായിരുന്നു യഥാര്‍ത്ഥ സാക്ഷ്യവും യഥാര്‍ത്ഥ സുവിശേഷ പ്രസംഗവും! കാരണം മാനസാന്തരത്തിന്റെ സദ്ഫലങ്ങളുമായി അയാള്‍ രണ്ടുകൂട്ടരുടെ അടുത്തേക്ക് കടന്നുചെന്നു. ഒന്ന്, താന്‍മൂലം സഹിക്കേണ്ടി വന്നവരുടെ ജീവിതത്തിലേക്ക്. രണ്ട്, പാവപ്പെട്ടവരിലേക്കും സങ്കടമനുഭവിക്കുന്നവരിലേക്കും.

തറവാട് കുളം തോണ്ടാതിരിക്കാന്‍

വലിയൊരു ജന്മിതറവാട്ടിലെ വിശ്വസ്തതരായ പണിക്കാരായിരുന്ന അന്തോനിയും കുടുംബവും, ആ തറവാടിന്റെ അതിരിനോടു ചേര്‍ന്നുള്ള പുറംപോക്കിലാണ് താമസിച്ചിരുന്നത്. സര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം ആ സ്ഥലം താമസക്കാര്‍ക്ക് പതിച്ചു കൊടുക്കപ്പെടും എന്ന അവസ്ഥ വന്നു. തറവാടിന്റെ തൊട്ടതിരിനടുത്ത് അന്തോനിക്ക് സ്ഥലം ലഭിക്കുന്നത് ജന്മികുടുംബത്തിനിഷ്ടപ്പെട്ടില്ല. അന്തോനിയും കുടുംബവും ഒഴിഞ്ഞുപോകാന്‍വേണ്ടി അവര്‍ അന്തോനിയുടെ കുടുംബത്തെ പലവിധത്തില്‍ ഉപദ്രവിക്കാന്‍ തുടങ്ങി.

അവര്‍ക്ക് പണി കൊടുക്കാതിരിക്കുക, മറ്റു പണിക്കാരെക്കൊണ്ട് അന്തോനിയുടെ പെണ്‍മക്കളെ മാനഭംഗപ്പെടുത്തുക, അന്തോനിയെയും കുടുക്കുക- അങ്ങനെ പലതും ജന്മിതറവാട്ടുകാര്‍ ചെയ്തു. മറ്റു പണിക്കാരെ അയച്ച് അന്തോനിയുടെ കുടില്‍ രാത്രിയില്‍ വലിച്ചു പൊളിക്കുകയും ആണ്‍മക്കളെ പ്രഹരിച്ച് അവശരാക്കുകയും ചെയ്തു. പോലിസ് സ്വാധീനമുപയോഗിച്ച് ഒറ്റ രാത്രികൊണ്ട് അന്തോനിയെയും കുടുംബത്തെയും ആ പുറംപോക്കില്‍നിന്നും പുറത്താക്കി. മാനം നഷ്ടപ്പെട്ട് വഴിയാധാരമായിത്തീര്‍ന്ന അവര്‍ക്ക് ആ നാട്ടിലെ ഒരു കുടുംബവും ജന്മിയെ പേടിച്ച് അഭയം നല്‍കിയില്ല. അര്‍ദ്ധരാത്രിയില്‍ വിശന്നു പൊരിയുന്ന വയറുമായി അവര്‍ അകലെ ഒരു നാട്ടിലേക്ക് അഭയാര്‍ത്ഥികളായി കാല്‍നടയായി പാലായനം ചെയ്തു.

വര്‍ഷങ്ങള്‍ കഴിഞ്ഞു. അന്തോനിയുടെയും മക്കളുടെയും കണ്ണുനീര്‍ ജന്മികുടുംബത്തിന്റെ അടിത്തറ ഇളക്കി. ജന്മിതറവാട്ടില്‍ കഠിനമായ സാമ്പത്തിക തകര്‍ച്ച. തുടര്‍ച്ചയായ അപകട മരണങ്ങള്‍. മക്കള്‍ എങ്ങും എത്താത്ത അവസ്ഥ. മക്കള്‍ക്ക് വിവാഹതടസ്സങ്ങള്‍, വിവാഹിതരായവര്‍ക്ക് നല്ലൊരു വിവാഹജീവിതം ലഭിക്കാത്ത അവസ്ഥ. അങ്ങനെ തറവാട്ടില്‍ സമാധാനമെന്നത് കണി കാണാന്‍പോലുമില്ലാതെയായി. അവര്‍ എളിമപ്പെട്ട് ധ്യാനം കൂടിയപ്പോഴാണ് ഒരു കൗണ്‍സിലറില്‍നിന്നും അവര്‍ ആ സത്യം തിരിച്ചറിഞ്ഞത്. പുറംപോക്കിലെ അന്തോനിയുടെയും ഭാര്യയുടെയും മക്കളുടെയും കണ്ണുനീരാണ് തങ്ങളുടെ തറവാടിന്റെ അടിത്തറ ഇളക്കിയത്.

ധ്യാനഗുരു നിര്‍ദേശിച്ചപ്രകാരം ആദ്യമവര്‍ കുമ്പസാരക്കൂട്ടിലെ വൈദികന്‍വഴി ദൈവത്തോട് തെറ്റേറ്റുപറഞ്ഞു. വൈദികന്‍ നിര്‍ദേശിച്ചപ്രകാരം ധ്യാനം കഴിഞ്ഞ്, അവര്‍ അന്തോനിയെയും കുടുംബത്തെയും തേടി യാത്രയായി. അപ്പോഴേക്കും അന്തോനി മരിച്ചിരുന്നു. കുറ്റകൃത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ജന്മിതറവാട്ടിലെ കാരണവരും മണ്‍മറഞ്ഞിരുന്നു. ജന്മിയുടെ മക്കള്‍ പുറംപോക്കിലെ അന്തോനിയുടെ മക്കളോട് മാപ്പു പറഞ്ഞു. അവര്‍ക്കുണ്ടായ നഷ്ടങ്ങളും ദുരിതങ്ങളും ജന്മി തറവാട്ടുകാര്‍ തങ്ങളാല്‍ കഴിയുന്ന എല്ലാവിധത്തിലും പരിഹരിച്ചു. അപ്പോള്‍ ജന്മിതറവാട്ടിലെ പ്രശ്‌നങ്ങളും ദൈവം പരിഹരിച്ചു. തിരുവചനങ്ങള്‍ പറയുന്നു: ”ദരിദ്രന്റെ സമ്പത്ത് തട്ടിയെടുത്ത് ബലിയര്‍പ്പിക്കുന്നവന്‍ പിതാവിന്റെ മുമ്പില്‍വച്ച് പുത്രനെ കൊല്ലുന്നവനെപ്പോലെയാണ്” (പ്രഭാഷകന്‍ 34:24).

മാപ്പുപറച്ചില്‍ പരിഹാരം ചെയ്യലിന്റെ ആദ്യപടി!

തെറ്റിനിരയായവനോടാണ് തെറ്റ് ചെയ്തവര്‍ മാപ്പു ചോദിക്കേണ്ടത്. അവന് വന്ന നഷ്ടത്തിനാണ് പരിഹാരം ചെയ്യേണ്ടത്. ഇത് ദൈവനീതിയാണ്. പരിഹാരം ചെയ്യലിന്റെ ആദ്യപടിയുമാണ്. പക്ഷേ വളരെ വിവേകത്തോടുകൂടി വേണം ഇതു ചെയ്യാന്‍. ഈ പടിയില്‍ ചവിട്ടിനിന്നുകൊണ്ടേ പരിഹാരം ചെയ്യലിന്റെ മറ്റു പടികളിലേക്ക് ചവിട്ടിക്കയറാന്‍ പറ്റുകയുള്ളൂ. അതിനുശേഷം ദാനധര്‍മം ചെയ്താല്‍ ആ ദാനധര്‍മത്തിന് അര്‍ത്ഥമുണ്ട്.

എന്നാല്‍ മാപ്പു പറയുക എന്നത് ചിലര്‍ക്ക് മരണതുല്യമായ കാര്യമാണ്. ഫലമോ ഇവരുടെ പ്രശ്‌നങ്ങള്‍ ഒരിക്കലും പരിഹരിക്കപ്പെടുകയില്ല. തെറ്റിനിരയായവന്റെ ഹൃദയത്തിനേറ്റ മുറിവ് സൗഖ്യമാക്കപ്പെടാന്‍ ക്ഷമ പറയുകതന്നെ വേണം. ഇതുമാത്രം പോരാ. നിഷേധിച്ച സ്‌നേഹം നാലിരട്ടി തിരികെ നല്കുകയും ചെയ്യണം. അപ്പോള്‍ മാത്രമേ സക്കേവൂസിന്റെ മാനസാന്തരമാകൂ. അപ്പോള്‍ മാത്രമേ ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നുവെന്ന് നമ്മെ നോക്കിയും കര്‍ത്താവ് ഉരുവിടുകയുള്ളൂ.

ഞാന്‍ ഭര്‍ത്താവ്, ഭാര്യയോട് ക്ഷമ പറയുകയോ, എന്നിട്ടീ ബന്ധം നിലനില്‌ക്കേണ്ട. അവള്‍ വേണമെങ്കില്‍ അവളുടെ വീട്ടില്‍ പൊയ്‌ക്കൊള്ളട്ടെ. ഈ നാട്ടില്‍ ക്ഷമ ചോദിക്കാതെ എന്റെ കൂടെ കഴിയാന്‍ വേറെ പെണ്ണുണ്ടോ എന്ന് ഞാനുമൊന്ന് നോക്കട്ടെ…

ഞാന്‍ അപ്പന്‍ മക്കളോട് ക്ഷമ പറയുകയോ. നടക്കുന്ന കാര്യമല്ല…. അവര്‍ക്കപ്പനെ വേണമെങ്കില്‍ അവര്‍ ഇങ്ങോട്ടുവന്ന് ക്ഷമ പറയട്ടെ.
ഇങ്ങനെയൊക്കെ ആയിരിക്കും മിക്കപ്പോഴും നമ്മുടെ മനസിലൂടെ കടന്നുപോകുന്ന ചിന്തകള്‍. ക്ഷമ ചോദിക്കുക എന്നത് വലിയ പരാജയമായും കീഴടങ്ങലായും നമ്മള്‍ തെറ്റിദ്ധരിക്കുന്നു. എന്നാല്‍ അതു കീഴടങ്ങലല്ല കീഴടക്കലാണ് എന്ന് നാം തിരിച്ചറിയുന്നില്ല.

അനാഥാലയങ്ങളില്‍ അന്നമെത്തിച്ചുകൊടുക്കുന്നതും മാനസികരോഗികളെ സംരക്ഷിക്കുന്നതും മരക്കുരിശേന്തി കുരിശിന്റെ വഴി ചൊല്ലി മലയാറ്റൂര്‍ മല കയറുന്നതും ഇതിനോടനുരൂപമായ മറ്റു പ്രവൃത്തികളും പരിഹാരപ്രവൃത്തികള്‍തന്നെ. മെറ്റല്‍ വിരിച്ച തറയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നതും ദാനധര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതും നോമ്പും ഉപവാസവും അനുഷ്ഠിക്കുന്നതുമെല്ലാം പരിഹാരകര്‍മങ്ങള്‍തന്നെയാണ്. പക്ഷേ അതിനെല്ലാം മുമ്പ് നാം ചെയ്യേണ്ട ഏറ്റം പ്രധാനമായ ഒരു കാര്യമാണ് നാം ആരോടു തെറ്റു ചെയ്തുവോ അവരോട് മാപ്പു പറയുകയും പരിഹാരം ചെയ്യുകയും ചെയ്യുക എന്നത്. സക്കേവൂസിനെ നയിച്ച പരിശുദ്ധാത്മാവ് ഈ വലിയ നോമ്പിന്റെയും വിശുദ്ധ വാരത്തിന്റെയും നാളുകളില്‍ നമ്മെയും നയിക്കട്ടെ. എല്ലാവര്‍ക്കും ഉയിര്‍പ്പു തിരുനാളിന്റെ മംഗളങ്ങള്‍.

Share:

സ്റ്റെല്ല ബെന്നി

സ്റ്റെല്ല ബെന്നി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles