Home/Encounter/Article

മാര്‍ 16, 2024 64 0 Rev.Dr. James Kiliyanikkal
Encounter

വിശുദ്ധ ബൈബിളില്‍ എല്ലാം ഇല്ലേ?

കത്തോലിക്കാ തിരുസഭ ദൈവിക വെളിപാടിന്റെ രണ്ട് ഉറവിടങ്ങളെ മുറുകെപ്പിടിക്കുന്നു: വിശുദ്ധ ഗ്രന്ഥവും വിശുദ്ധ പാരമ്പര്യവും. വിശുദ്ധ പാരമ്പര്യം എന്നത് അപ്പസ്‌തോലന്മാരില്‍ നിന്നു വരുന്നതും യേശുവിന്റെ പ്രബോധനങ്ങളില്‍നിന്നും മാതൃകയില്‍ നിന്നും അവര്‍ സ്വീകരിച്ചതും പരിശുദ്ധാത്മാവ് അവരെ പഠിപ്പിച്ചതുമായ കാര്യങ്ങളെ കൈമാറുന്നതാണ്. ആദ്യ തലമുറയിലെ ക്രിസ്ത്യാനികള്‍ക്ക് ലിഖിതമായ പുതിയ നിയമം ഇല്ലായിരുന്നു. പാരമ്പര്യത്തില്‍നിന്നാണ് വിശുദ്ധ ഗ്രന്ഥം ഉണ്ടായത്. വിശുദ്ധഗ്രന്ഥത്തില്‍നിന്ന് പാരമ്പര്യം ഉണ്ടാവുകയല്ല ചെയ്തത്.
”വിശുദ്ധ പാരമ്പര്യവും തിരുലിഖിതങ്ങളും സഭയ്ക്ക് ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്ന ഒരേയൊരു ദൈവ വചനത്തിന്റെ വിശുദ്ധഭണ്ഡാഗാരമാണ്”’ (DV.10).

ഈ വിശുദ്ധ പാരമ്പര്യത്തെ കാലക്രമത്തില്‍ പ്രാദേശിക സഭകളില്‍ രൂപംകൊണ്ട വ്യത്യസ്തങ്ങളായ ദൈവശാസ്ത്രപരമോ, ശിക്ഷണപരമോ, ആരാധനക്രമപരമോ ഭക്തിപരമോ ആയ പാരമ്പര്യങ്ങളില്‍നിന്ന് വേര്‍തിരിച്ചു കാണേണ്ടതുണ്ട്. സ്ഥലകാലാനുസൃതമായി ആ മഹാപാരമ്പര്യത്തെ അവതരിപ്പിക്കുന്ന പ്രത്യേക രൂപഭാവങ്ങളാണ് പ്രസ്തുത പാരമ്പര്യങ്ങള്‍. ഈ മഹാപാരമ്പര്യത്തിന്റെ വെളിച്ചത്തില്‍, സഭയുടെ പ്രബോധനാധികാരത്തിന്റെ മാര്‍ഗദര്‍ശനമനുസരിച്ച്, ഈ പാരമ്പര്യങ്ങളെ നിലനിര്‍ത്താനും പരിഷ്‌കരിക്കാനും, വേണ്ടിവന്നാല്‍ ഉപേക്ഷിക്കാന്‍ പോലും സാധ്യമാണ്'(മതബോധന ഗ്രന്ഥം 83).

സഭയുടെ വിശുദ്ധ പാരമ്പര്യം സഭയുടെ വിശ്വാസ നിക്ഷേപമാണ് (depositum fidei). അത് സഭയുടെ പൊതുസ്വത്താണ്. മതബോധനഗ്രന്ഥം 85 ല്‍ പറയുന്നു: ”ലിഖിത രൂപത്തിലോ പാരമ്പര്യത്തിലോ ഉള്ള ദൈവവചനത്തെ ആധികാരികമായി വ്യാഖ്യാനിക്കാനുള്ള ധര്‍മ്മം സഭയുടെ സജീവ പ്രബോധനാധികാരത്തിനു മാത്രമാണ് നല്‍കപ്പെട്ടിരിക്കുന്നത്. എങ്കിലും സഭയുടെ പ്രബോധനാധികാരം ദൈവവചനത്തിന് അതീതമല്ല, അതിനു ശുശ്രൂഷ നടത്തുകയാണ് ചെയ്യുന്നത്”(മതബോധന ഗ്രന്ഥം 86).

”സഭ വിശ്വാസസത്യങ്ങളായി പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ സ്വീകരിച്ച് വിശ്വസിക്കാന്‍ സഭാംഗങ്ങള്‍ക്ക് കടമയുണ്ട്. വിശ്വാസത്തെയും സന്മാര്‍ഗത്തെയും കുറിച്ച് സഭ ഔദ്യോഗികമായി നല്കുന്നതാണ് നാം സ്വീകരിക്കേണ്ടത്. ക്രിസ്തുവില്‍നിന്ന് നാം സ്വീകരിച്ച പ്രബോധനാധികാരം സമ്പൂര്‍ണമായി വിനിയോഗിക്കുന്നത്, വിശ്വാസ സത്യങ്ങള്‍ പ്രഖ്യാപിക്കുമ്പോഴാണ്” (മതബോധനഗ്രന്ഥം 88).
വിശുദ്ധ അഗസ്റ്റിന്‍ പറയുന്നു: ”കത്തോലിക്കാസഭയുടെ പ്രബോധനാധികാരം എന്നെ പ്രേരിപ്പിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ സുവിശേഷത്തില്‍ വിശ്വസിക്കുമായിരുന്നില്ല.”

കത്തോലിക്കാസഭാംഗങ്ങള്‍ വിശുദ്ധ ഗ്രന്ഥത്തിന്റെയും വിശുദ്ധ പാരമ്പര്യത്തിന്റെയും വെളിച്ചത്തില്‍ സഭ പഠിപ്പിക്കുന്ന വിശ്വാസ സത്യങ്ങളെ അംഗീകരിക്കാന്‍ കടപ്പെട്ടിരിക്കുന്നു. വിശുദ്ധ ഗ്രന്ഥം മാത്രം മതി എന്ന ചിന്തയിലേയ്ക്ക് വഴുതിവീഴാന്‍ തക്ക പ്രലോഭനങ്ങള്‍ ഇക്കാലത്ത് ശക്തമാണ് എന്ന് നാം അറിഞ്ഞിരിക്കുക.

വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനത്തെക്കുറിച്ച് കത്തോലിക്കാ സഭയുടെ നിലപാട് ഇപ്രകാരമാണ്: സഭയുടെ സജീവ പാരമ്പര്യത്തോട് ചേര്‍ന്നു നില്ക്കാതെ ദൈവവചനത്തിന്റെ വ്യാഖ്യാനം അസാധ്യമാണ്. ദൈവികവെളിപാട് വചനത്തിലും സഭാ പാരമ്പര്യത്തിലും ഒരുപോലെ സജീവമായതിനാല്‍ അവയുടെ പാരമ്പര്യം ഗ്രഹിക്കേണ്ടത് വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനത്തിന് പരമപ്രധാനമാണ്. ഒന്ന് എഴുതപ്പെട്ടപ്പോള്‍ മറ്റൊന്ന് ആചരണമായി കൈമാറ്റം ചെയ്യപ്പെട്ടുവെന്നുമാത്രം. രണ്ടും ഒരേ ആത്മാവിന്റെ പ്രചോദനത്താല്‍ സംഭവിച്ചതാണ്.

ദൈവിക വെളിപാട് ദൈവം ഭരമേല്‍പിച്ചത് തിരുസഭയെയാണ്. ആകയാല്‍ പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ സഭയാണ് അവ വ്യാഖ്യാനിച്ചു നല്‌കേണ്ടത്. ‘ദൈവവചനം ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല’ എന്ന് വചനംതന്നെ ഓര്‍മിപ്പിക്കുന്നുണ്ടല്ലോ. ആകയാല്‍ സഭയുടെ പ്രബോധനാധികാരം ഏറെ പ്രാധാന്യത്തോടെ വീക്ഷിക്കേണ്ടതുണ്ട്.

സഭയുടെ പ്രബോധനം കാണുക: ”ദൈവം മനുഷ്യരോട് മനുഷ്യഭാഷയില്‍ സംസാരിക്കുന്നു. ആകയാല്‍ വിശുദ്ധ ഗ്രന്ഥകാരന്മാര്‍ എന്താണ് ഉദ്ദേശിച്ചത് എന്നും ഏത് അര്‍ത്ഥത്തില്‍ ഉപയോഗിച്ചുവെന്നും പഠിക്കുക. അവരിലൂടെ എന്തു വെളിപ്പെടുത്താനാണ് ദൈവം ആഗ്രഹിച്ചത് എന്നും ശ്രദ്ധിക്കുക” (മതബോധനഗ്രന്ഥം 109).
ഇതിനുള്ള മാര്‍ഗവും മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു: ”വിശുദ്ധ ഗ്രന്ഥകാരന്മാര്‍ ഉദ്ദേശിച്ച അര്‍ത്ഥം ഗ്രഹിക്കുന്നതിന് അവര്‍ ജീവിച്ച കാലഘട്ടത്തിന്റെയും സംസ്‌കാരത്തിന്റെയും അവരുടെ കാലത്തെ സാഹിത്യ രൂപത്തിന്റെയും പ്രത്യേകതകളും അക്കാലത്തെ ചിന്തയുടെയും ഭാഷണത്തിന്റെയും ആഖ്യാനത്തിന്റെയും രീതികളും നാം ശ്രദ്ധിക്കണം” (മതബോധന ഗ്രന്ഥം 110).

പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ”വിശുദ്ധ ഗ്രന്ഥത്തിന്റെ രചയിതാവായ അതേ പരിശുദ്ധാത്മാവിന്റെ പ്രകാശത്തില്‍ മാത്രമേ വിശുദ്ധ ഗ്രന്ഥം വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാവൂ” എന്നതാണ് (മതബോധന ഗ്രന്ഥം 111). രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനത്തില്‍ ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നു: ദൈവാവിഷ്‌കാരത്തെക്കുറിച്ചുള്ള പ്രമാണരേഖയില്‍ നാമിത് ദര്‍ശിക്കുന്നു (DV 11-þ25).
വിശുദ്ധ ഗ്രന്ഥം മുഴുവന്റെയും ഉള്ളടക്കത്തിലും ഏകതാനതയിലും വളരെയേറെ ശ്രദ്ധ പതിപ്പിക്കുക.
സഭ മുഴുവന്റെയും സജീവ പാരമ്പര്യത്തില്‍ ബൈബിള്‍ വായിക്കണം. സഭയുടെ ഹൃദയത്തിലാണ് വിശുദ്ധ ഗ്രന്ഥം എഴുതപ്പെട്ടത്. സഭയുടെ പാരമ്പര്യത്തില്‍ ദൈവ വചനത്തിന്റെ ജീവത് സ്മരണ പുലര്‍ത്തുന്നു.
ക്രൈസ്തവ വിശ്വാസത്തിന്റെ സാധര്‍മ്യത്തില്‍ ശ്രദ്ധ പതിപ്പിക്കണം. വിശ്വാസ സാധര്‍മ്യം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് വിശ്വാസ സത്യങ്ങള്‍ക്ക് തമ്മില്‍ത്തമ്മിലും, അവയ്ക്ക് ദൈവാവിഷ്‌കരണ പദ്ധതി മുഴുവനോടുമുള്ള സമന്വയമാണ്. (DV 12 cf. CCC 112 -114).

ദൈവം തിരുലിഖിതങ്ങളിലൂടെ മനുഷ്യഭാഷയില്‍ സംസാരിച്ചതുകൊണ്ട്, വിശുദ്ധ ഗ്രന്ഥകര്‍ത്താക്കള്‍ യഥാര്‍ത്ഥത്തില്‍ സംവേദിപ്പിക്കാന്‍ ആഗ്രഹിച്ചത് എന്തെന്നും അവരുടെ വാക്കുകളിലൂടെ ദൈവം എന്തു വെളിപ്പെടുത്താനാഗ്രഹിച്ചെന്നും പരിശോധിക്കണം.
വിശുദ്ധ ഗ്രന്ഥ രചനയില്‍ സ്വീകരിച്ചിട്ടുള്ള ഇതര സാഹിത്യ രൂപങ്ങളെ പരിഗണിച്ചുകൊണ്ട് ഗ്രന്ഥകര്‍ത്താക്കളുടെ വിവക്ഷ ഗ്രഹിക്കണം.
കാലത്തിന്റെയും സംസ്‌കാരത്തിന്റെയും ചിന്തയുടെയും പരിതസ്ഥിതിക്കനുസൃതമായി ഗ്രന്ഥകാരന്‍ ഉദേശിച്ചവ ഗ്രഹിക്കാന്‍ ശ്രദ്ധിക്കുക.

വിശുദ്ധ ലിഖിതങ്ങള്‍ എഴുതപ്പെട്ട അരൂപിയില്‍ത്തന്നെ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യേണ്ടതുള്ളതുകൊണ്ട് വിശുദ്ധ പുസ്തകങ്ങളുടെ ആശയം ശരിയായി വ്യക്തമാക്കാന്‍ വിശുദ്ധ ലിഖിതങ്ങളുടെ മുഴുവന്‍ ഉള്ളടക്കവും ഏകതാനതയും സാര്‍വ്വത്രിക സഭയുടെ സജീവ പാരമ്പര്യവും വിശ്വാസത്തിന്റെ സാധര്‍മ്യവും കണക്കിലെടുക്കുക.
തിരുലിഖിതങ്ങള്‍ വ്യാഖ്യാനിക്കാനുള്ള കടമ സംബന്ധിച്ച കാര്യങ്ങളെല്ലാം സഭയുടെ വിധിതീര്‍പ്പിന് ആത്യന്തികമായി വിധേയമാണ്. സഭയാണ് ദൈവവചനം സംരക്ഷിക്കാനും വ്യാഖ്യാനിക്കാനുമുള്ള കല്പനയും കടമയും ദൈവദത്തമായി നിര്‍വഹിക്കുന്നത്.

പഴയനിയമത്തിന്റെയും പുതിയനിയമത്തിന്റെയും പ്രചോദന കര്‍ത്താവും രചയിതാവും ദൈവം തന്നെയാണ്. പുതിയത് പഴയതില്‍ മറഞ്ഞിരിക്കാനും പുതിയതില്‍ പഴയത് വെളിവാകാനും ദൈവം തന്റെ ജ്ഞാനത്താല്‍ ക്രമീകരണം നടത്തി. പഴയനിയമ പുസ്തകങ്ങള്‍ മുഴുവനും സുവിശേഷ പ്രഘോഷണത്തില്‍ സ്വീകരിച്ചുകൊണ്ട് പുതിയനിയമത്തില്‍ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥവ്യാപ്തി കൈക്കൊള്ളുകയും പ്രകടിപ്പിക്കുകയും ചെയ്തു. ആകയാല്‍ ഈ സത്യം ഗ്രഹിച്ചുവേണം വചനം വ്യാഖ്യാനിക്കാന്‍.
മിശിഹായില്‍ പൂര്‍ത്തിയായ ദൈവിക രക്ഷാപദ്ധതി പുതിയനിയമത്തില്‍ ലിഖിതരൂപത്തില്‍ നിലകൊള്ളുന്നു. പുതിയ നിയമ ലിഖിതങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളുടെയും കൂട്ടത്തില്‍, അവതരിച്ച വചനമായ നമ്മുടെ രക്ഷകന്റെ ജീവിതത്തെയും പ്രബോധനങ്ങളെയും സംബന്ധിച്ച പ്രധാന സാക്ഷ്യങ്ങള്‍ എന്ന നിലയ്ക്ക് സുവിശേഷങ്ങള്‍ക്ക് സവിശേഷ സ്ഥാനമുണ്ട്. നാലു സുവിശേഷങ്ങള്‍ ശ്ലൈഹികോല്‍പത്തിയുള്ളവയായി സഭ എക്കാലവും എവിടെയും സമര്‍ത്ഥിക്കുന്നു.

സഭയുടെ മനോഭാവത്തിനനുസൃതമായി വചനശുശ്രൂഷ നിര്‍വഹിക്കണം. മറ്റ് ദൈവശാസ്ത്ര പഠിതാക്കളോട് സോത്സാഹം ഒത്തൊരുമിച്ച്, വിശുദ്ധ സഭാ പ്രബോധനാധികാരത്തിന്റെ മേല്‍നോട്ടത്തില്‍, ഉചിതമായ രീതികള്‍ അവലംബിച്ച് വിശുദ്ധ ലിഖിതങ്ങള്‍ പരിശോധിക്കുകയും അവതരിപ്പിക്കുകയും ചെയ്യാന്‍ പരിശ്രമിക്കണം എന്ന് വിശുദ്ധ ഗ്രന്ഥ ഗവേഷകരോട് സഭ ആവശ്യപ്പെടുന്നു.
വചനശുശ്രൂഷയില്‍ വ്യാപൃതരായവര്‍ ആന്തരികമായി വചനം ശ്രവിക്കാത്ത ദൈവവചനത്തിന്റെ വ്യര്‍ത്ഥമായ ഉപരിപ്ലവ പ്രഭാഷകര്‍ ആകാതിരിക്കണമെന്ന് സഭ നിര്‍ദേശിക്കുന്നു. നിരന്തരമായ വിശുദ്ധഗ്രന്ഥ പാരായണം ഇതിനാവശ്യമാണ്. അതോടൊപ്പം പ്രാര്‍ത്ഥനയും കൂടിയേ കഴിയൂ.

മതബോധനഗ്രന്ഥം വിശുദ്ധ ലിഖിതത്തിന്റെ നാല് അര്‍ത്ഥ തലങ്ങളെ അടിസ്ഥാനമാക്കി കഴിഞ്ഞ കാലങ്ങളില്‍, വിശിഷ്യാ മധ്യശതകങ്ങളില്‍ നിലനിന്നിരുന്ന വ്യാഖ്യാന രീതിയെ അനുസ്മരിക്കുന്നു. ആ നാല് അര്‍ത്ഥതലങ്ങള്‍ ഇവയാണ്.
1) വാച്യാര്‍ത്ഥ്യം (Literal meaning)
2) ആദ്ധ്യാത്മികാര്‍ത്ഥം (Spiritual Meaning)
ആദ്ധ്യാത്മികാര്‍ത്ഥത്തിന് മൂന്ന് വിഭാഗങ്ങളുണ്ട്: പ്രതീകാത്മകമായ അര്‍ത്ഥം (typological meaning), ധാര്‍മ്മികമായ അര്‍ത്ഥം (Moral meaning), സനാതനമായ അര്‍ത്ഥം (Eternal meaning); നിത്യതയുമായി ബന്ധിപ്പിച്ചു കാണുന്നതിന്റെ ഫലമായി ലഭിക്കുന്നതാണിത്.
ആകയാല്‍ കത്തോലിക്കാസഭയുടെ പ്രബോധനരംഗത്തും വചന പ്രഘോഷണ രംഗത്തും ശുശ്രൂഷ ചെയ്യുന്നവര്‍ വിശുദ്ധ ഗ്രന്ഥത്തോടൊപ്പം സഭയുടെ വിശുദ്ധ പാരമ്പര്യത്തെയും സഭാപ്രബോധനങ്ങളെയും പഠനവിഷയമാക്കുകയും അവയോട് വിശ്വസ്തത പുലര്‍ത്തുകയും ചെയ്യേണ്ടതാണ്. വചന പ്രഘോഷണത്തിലും വ്യാഖ്യാനത്തിലും കത്തോലിക്കാസഭ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം പഠിക്കുകയും ചെയ്യേണ്ടതാണ് എന്ന് വ്യക്തം.

Share:

Rev.Dr. James Kiliyanikkal

Rev.Dr. James Kiliyanikkal

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles