Home/Encounter/Article

ജനു 09, 2020 1919 0 സ്റ്റെല്ല ബെന്നി
Encounter

വിജയസഭയോടും സഹനസഭയോടുമൊത്ത്

സകല വിശുദ്ധരോടും മാലാഖമാരോടും കൂട്ടായ്മ ആചരിക്കുവാനും സകല മരിച്ചവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുവാനും സഭ തിരഞ്ഞെടുത്ത് നിയോഗിച്ച മാസമാണല്ലോ നവംബര്‍. ഈ മാസത്തില്‍ സ്വര്‍ഗത്തിലെ വിജയസഭയും ശുദ്ധീകരണസ്ഥലത്തെ സഹനസഭയും ഭൂമിയിലെ സമരസഭയും ഒന്നുചേര്‍ന്ന് കൂട്ടായ്മ ആചരിച്ച് പരിശുദ്ധ ത്രിത്വത്തെ മഹത്വപ്പെടുത്തുന്നു. സ്വര്‍ഗത്തിലെ വിജയസഭയിലെ അംഗങ്ങളായ വിശുദ്ധരോടും മാലാഖമാരോടും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോടുമുള്ള ഈ കൂട്ടായ്മ ആചരണം വിശുദ്ധിയുടെ ഉന്നതമായ തലങ്ങളിലേക്ക് സമരസഭയിലെ അംഗങ്ങളായ നമ്മെ കൈപിടിച്ചുയര്‍ത്തുന്നു.

കൂട്ടായ്മകള്‍ അനിവാര്യം

കൂട്ടായ്മകള്‍ ക്രിസ്തീയ വിശ്വാസജീവിതത്തിന് അനിവാര്യമാണ്. ആദിമ ക്രൈസ്തവ സമൂഹത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു. “വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരു ആത്മാവും ആയിരുന്നു” (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 4:32) എന്ന്. ഒരു ഹൃദയവും ഒരാത്മാവുമായി ഒന്നുചേരുന്ന ഇത്തരം കൂട്ടായ്മകള്‍ക്കേ വിശ്വാസികളെ വിശ്വാസത്തില്‍ ഒന്നിപ്പിക്കുവാനും നിലനിര്‍ത്തുവാനും വളര്‍ത്തുവാനും കഴിയൂ. ഇത്തരത്തിലുള്ള കൂട്ടായ്മകളുടെ അഭാവം ഇന്ന് സഭ നേരിടുന്ന വലിയ പ്രതിസന്ധിയാണ്.

നവീകരണത്തിന്‍റെ കൈപിടിച്ച്

1984-ലാണ് ഞാന്‍ കരിസ്മാറ്റിക് നവീകരണത്തിലേക്ക് കടന്നുവരുന്നത്. ഇടവകയില്‍ വികാരിയച്ചന്‍റെ നിയോഗപ്രകാരം നടന്ന കരിസ്മാറ്റിക് ധ്യാനമായിരുന്നതുകൊണ്ട് ധ്യാനശേഷം ഉടന്‍തന്നെ നൂറോളം അംഗങ്ങളുള്ള നല്ലൊരു പ്രാര്‍ത്ഥനാഗ്രൂപ്പ് അവിടെ സ്ഥാപിതമായി. ഒരു നല്ല പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ ആയിരിക്കുന്നതിന്‍റെ എല്ലാ മാധുര്യങ്ങളും സന്തോഷങ്ങളും അനുഭവിച്ച് ജീവിക്കുമ്പോഴാണ് എറണാകുളം കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ജീസസ് യൂത്തിന്‍റെ ഫസ്റ്റ് ലൈന്‍ ലീഡേഴ്സ് കൂട്ടായ്മയിലേക്ക് എനിക്ക് വിളി ലഭിക്കുന്നത്. ഈ രണ്ട് കൂട്ടായ്മകളും എനിക്ക് അത്യധികം പ്രിയപ്പെട്ടതും ആനന്ദകരവുമായിരുന്നു. നാല് വര്‍ഷങ്ങളോളം കടന്നുപോയത് എങ്ങനെയെന്ന് ഇന്നുമറിയില്ല. കാരണം ഈശോയ്ക്കുവേണ്ടി ജീവിക്കുന്നതിന്‍റെ എല്ലാ നന്മകളും അനുഭവിച്ചറിഞ്ഞുകൊണ്ടുള്ള ജീവിതമായിരുന്നു അന്നത്തേത്.

മലബാറിലേക്ക് പറിച്ചു നടപ്പെട്ടപ്പോള്‍

1988 ഏപ്രില്‍ മാസത്തില്‍ ഞാന്‍ വിവാഹിതയായി. 1989 മാര്‍ച്ച് മാസത്തിലായിരുന്നു എന്‍റെ ജോലിസംബന്ധമായ താല്ക്കാലിക നിയമനങ്ങള്‍ വേണ്ട എന്നുവച്ച് കോഴിക്കോട് ജില്ലയിലെ കടിയങ്ങാട് എന്ന സ്ഥലത്ത് വാടകവീടെടുത്ത് ഞങ്ങള്‍ ഒരുമിച്ച് താമസിക്കുവാന്‍ തുടങ്ങിയത്. ഹൈന്ദവരും മുസ്ലീങ്ങളും മാത്രം താമസിച്ചിരുന്ന ആ സ്ഥലത്ത് ഒന്നിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ഒരു ക്രിസ്തീയ കൂട്ടായ്മയ്ക്കുവേണ്ടി ഞാന്‍ തീവ്രമായി അഭിലഷിച്ചു. കണ്ണുനീരോടെ കരള്‍നൊന്തുതന്നെ ഞാന്‍ പ്രാര്‍ത്ഥിച്ചു.

ആ പ്രാര്‍ത്ഥനയ്ക്ക് ദൈവത്തില്‍നിന്നും കിട്ടിയ ഉത്തരമായിരുന്നു ഞങ്ങള്‍ രണ്ടുപേര്‍ ചേര്‍ന്ന് ഒരു രാത്രിയില്‍ തുടങ്ങിയ ശാലോം പ്രെയര്‍ഗ്രൂപ്പ്. പിന്നീട് ആ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍നിന്നും അനേക മിനിസ്ട്രികള്‍ രൂപപ്പെട്ട് ലോകവ്യാപകമായി പടര്‍ന്ന് പന്തലിച്ചുവെങ്കിലും ശാലോമിന്‍റെ പ്രാര്‍ത്ഥനാകൂട്ടായ്മകളില്‍ വളരെ ചുരുക്കമായിട്ടേ എനിക്ക് പങ്കെടുക്കുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. കഠിനമായ രോഗാവസ്ഥകള്‍കൊണ്ടും മറ്റു പല പ്രതികൂലങ്ങള്‍കൊണ്ടും എനിക്ക് ശാലോമിന്‍റെ പ്രാര്‍ത്ഥനാകൂട്ടായ്മകളില്‍ ആയിരിക്കുവാന്‍ മിക്കപ്പോഴും കഴിയാതെപോയി. അത് എന്നെ വളരെ വേദനിപ്പിക്കുന്ന ഒരു സത്യമായിരുന്നു. “ഞാന്‍ മരുഭൂമിയിലെ വേഴാമ്പല്‍പോലെയാണ്. വിജനപ്രദേശത്തെ മൂങ്ങപോലെയും. ഞാന്‍ ഉറക്കം വരാതെ കിടക്കുന്നു. പുരമുകളില്‍ തനിച്ചിരിക്കുന്ന പക്ഷിയെപ്പോലെ ഏകാകിയാണ് ഞാന്‍” (സങ്കീര്‍ത്തനം 102:6-7) എന്ന സങ്കീര്‍ത്തനവചനം എന്‍റെ ശുശ്രൂഷാജീവിതത്തില്‍ പലപ്പോഴും യാഥാര്‍ത്ഥ്യമായിരുന്നു. പക്ഷേ കര്‍ത്താവെന്നെ കൈവിടുകയായിരുന്നില്ല ഈ അവസ്ഥകളിലൂടെ.

വിശുദ്ധരുടെ കൂട്ടായ്മയിലേക്ക്

മാനുഷിക കൂട്ടായ്മകള്‍ ഇല്ലാതായപ്പോള്‍ ആരോ പ്രേരിപ്പിച്ചാലെന്നവിധം ആ സമയങ്ങളില്‍ ഞാന്‍ സകല വിശുദ്ധരുടെയും ലുത്തിനിയ എടുത്തു ചൊല്ലാന്‍ തുടങ്ങി. മറ്റാരുമല്ല, പരിശുദ്ധാത്മാവുതന്നെയാണ് ആ ലുത്തിനിയ ദിവസവും ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ എനിക്ക് പ്രേരണ തന്നത്. അത്ഭുതമെന്നേ പറയേണ്ടൂ, ആ ലുത്തിനിയ ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി കുറച്ചു ദിവസങ്ങള്‍ക്കുശേഷം സകല വിശുദ്ധരുടെയും മാലാഖമാരുടെയും സജീവമായ സാന്നിധ്യവും മാധ്യസ്ഥശക്തിയും ജീവിതത്തില്‍ ഞാന്‍ അനുഭവിക്കാന്‍ തുടങ്ങി. എനിക്ക് പരിചയമുള്ള വിശുദ്ധര്‍ എന്‍റെകൂടെ വന്ന് വസിക്കുന്ന അനുഭവം പരിശുദ്ധാത്മാവ് എനിക്ക് ദാനമായി അനുവദിച്ചുതന്നു. സ്വര്‍ഗത്തില്‍ വിശുദ്ധിയുടെ ഉന്നതതലങ്ങളില്‍ ദൈവത്തെ മുഖാഭിമുഖം ദര്‍ശിച്ചുകഴിയുന്ന വിശുദ്ധരും മാലാഖമാരും ഭൂമിയിലെ കൃമിയും കീടവുമായി കഴിയുന്ന ഈ മഹാപാപിക്ക് കൂട്ടായ്മയുടെ കരം നീട്ടിത്തരികയോ?! ആദ്യമാദ്യം എനിക്കത് വിശ്വസിക്കാനായില്ല. എന്നാല്‍ ദിവസേന ദൈവം ആ അനുഭവം എനിക്ക് തന്നപ്പോള്‍ ഞാനത് വിശ്വസിക്കുവാന്‍ തുടങ്ങി. ആ കൂട്ടായ്മയില്‍ ഞാന്‍ ദൈവത്തെ പാടി സ്തുതിച്ചു. ഭാഷാവരത്തില്‍ സ്തുതിച്ചു. വിശുദ്ധരെ ചുറ്റുമിരുത്തി അവരോട് കൈകോര്‍ത്തുപിടിച്ച് മധ്യസ്ഥ പ്രാര്‍ത്ഥന നടത്തി. വിശുദ്ധ കൊച്ചുത്രേസ്യയായിരുന്നു ആ കൂട്ടായ്മയിലേക്ക് എന്നെ കൈപിടിച്ചു നയിച്ചത്. വിശുദ്ധ കൊച്ചുത്രേസ്യയുമായുള്ള ആത്മബന്ധം വെറും ആറുമാസംമാത്രം പ്രായമുള്ളപ്പോള്‍ തുടങ്ങിയതാണ്. ആറുമാസം പ്രായമുള്ളപ്പോഴേ എന്‍റെ മാതാപിതാക്കള്‍ എന്നെ ആ കൊച്ചുവിശുദ്ധയ്ക്ക് അടിമ കൊടുത്തിരുന്നു.

ഇത് അപ്രാപ്യബന്ധമല്ല

സ്വര്‍ഗത്തില്‍ വസിക്കുന്ന വിശുദ്ധരുടെയും ദൈവദൂതരുടെയും സാമീപ്യവും കൂട്ടായ്മയും സഹവാസവും ഭൂമിയിലെ സമരസഭയ്ക്ക് അപ്രാപ്യമായ ഒരു കാര്യമല്ലെന്നും തീക്ഷ്ണമായ ആശയോടെ പ്രാര്‍ത്ഥിക്കുന്ന ഏവര്‍ക്കും ഈ ഭൂമിയില്‍ വച്ചുതന്നെ കൂട്ടായ്മയുടെ കരം സ്വര്‍ഗത്തിലെ വിജയസഭ നീട്ടിക്കൊടുക്കുമെന്നും എന്‍റെ ജീവിതാനുഭവങ്ങളിലൂടെ ഞാന്‍ മനസിലാക്കി. എത്രയോ ഉന്നതമാണ് ദൈവം ദാനമായി നല്കുന്ന ഈ ദിവ്യ അനുഭവമെന്ന് അറിഞ്ഞപ്പോള്‍ പലപ്പോഴും ശാലോമിന്‍റെ പ്രാര്‍ത്ഥനാകൂട്ടായ്മകളില്‍ ആയിരിക്കുവാന്‍ കഴിയാത്തതിന്‍റെ ദുഃഖം എന്നെ തീര്‍ത്തും വിട്ടുപോയി. “കര്‍ത്താവായ ദൈവമാണ് എന്‍റെ ബലം. കലമാന്‍റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്നെന്‍റെ പാദങ്ങള്‍ക്ക് വേഗത നല്കി. ഉന്നതങ്ങളില്‍ അവിടുന്നെന്നെ നടത്തുന്നു” (ഹബക്കുക്ക് 3:19)എന്ന വചനം എന്‍റെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നത് ഈ വിധത്തിലാണ്.

ജീവിതത്തിന്‍റെ എല്ലാ ആവശ്യഘട്ടങ്ങളിലും അനേക വിശുദ്ധരുടെ വിളിക്കുംമുമ്പേയുള്ള സാന്നിധ്യവും സഹവാസവും സഹായവും എന്‍റെ ജീവിതത്തില്‍ ഇന്നും ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഈ കാരണത്താലാണ് സകല വിശുദ്ധരുടെ ലുത്തിനിയായുടെ പ്രചാരകയായി ഞാന്‍ മാറിയത്. “പര്‍വ്വതങ്ങളിലേക്ക് ഞാന്‍ കണ്ണുകളുയര്‍ത്തുന്നു. എനിക്ക് സഹായം എവിടെനിന്നു വരും? എനിക്ക് സഹായം കര്‍ത്താവില്‍നിന്നും വരുന്നു. ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍നിന്ന്” (സങ്കീര്‍ത്തനങ്ങള്‍ 121:1).

ഇത് വായിക്കുന്ന ആരെങ്കിലും പ്രാര്‍ത്ഥിക്കാന്‍ ഒരു കൂട്ടായ്മയില്ലാതെ വിഷമിക്കുന്നുവോ? ഭൂമിയില്‍ എന്നെ മനസിലാക്കാനും സഹായിക്കുവാനും താങ്ങാനും ആരുമില്ലെന്നു കരുതി വിലപിക്കുന്നുവോ? സാരമില്ല. സ്വര്‍ഗത്തിലെ വിശുദ്ധരും ദൈവദൂതരും നമ്മള്‍ എത്ര പാപികളായിരുന്നാലും അവരുടെ കൂട്ടായ്മയുടെ കരം നമ്മുടെനേരെ നീട്ടിത്തരാനും നമ്മെ നാമായിരിക്കുന്ന അവസ്ഥയില്‍ മനസിലാക്കി അംഗീകരിച്ച് സഹായിക്കുവാനും സദാ സന്നദ്ധരാണ്. ഇതാണ് സ്വര്‍ഗത്തിലെ വിജയസഭയും ഭൂമിയിലെ സമരസഭയും തമ്മിലുള്ള ഐക്യം.

സഹനസഭയുടെ കൂട്ടായ്മയിലേക്ക്

സ്വര്‍ഗത്തിലെ വിജയസഭയുടെ കൈപിടിച്ചുകൊണ്ട് നാം കൂട്ടായ്മയുടെ കരം നീട്ടിക്കൊടുക്കേണ്ടതും നമ്മുടെ പ്രാര്‍ത്ഥനാസഹായം ഏറ്റവും കൂടുതല്‍ ആവശ്യമായിരിക്കുന്നതുമായ സഭയാണ് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ സഭ (സഹനസഭ). പരിശുദ്ധാത്മാവുതന്നെയാണ് ഈ സഭയിലേക്കും എന്നെ കൈപിടിച്ചു നയിച്ചത്. ഈ ഭൂമിയില്‍നിന്നും യേശുവിലുള്ള വിശ്വാസത്തില്‍ മരിച്ചു വേര്‍പിരിഞ്ഞുപോയതും എന്നാല്‍ സ്വര്‍ഗത്തിലെത്താന്‍ തക്കവിധത്തിലുള്ള വിശുദ്ധിയില്‍ എത്തിച്ചേരാന്‍ കഴിയാത്തതുമായ ആത്മാക്കളാണ് ശുദ്ധീകരണസ്ഥലത്തിലുള്ളത്. ഈ ആത്മാക്കള്‍ അവിടെ സ്വര്‍ഗത്തിലെത്താനുള്ള വിശുദ്ധീകരണത്തിനുവേണ്ടി കഠിനമായ സഹനങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

സ്വര്‍ഗത്തിലെ വിജയസഭ ഈ ആത്മാക്കള്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. വിജയസഭയുടെ കൈപിടിച്ചുകൊണ്ട് ഈ ശുദ്ധീകരണാത്മാക്കളിലേക്ക് ഇറങ്ങിച്ചെല്ലാനും അവര്‍ക്കുവേണ്ടി പരിഹാരങ്ങളും പ്രായശ്ചിത്തങ്ങളും ചെയ്തുകൊണ്ട് പ്രാര്‍ത്ഥിക്കാനും നമ്മള്‍ക്ക് വലിയ കടപ്പാടുണ്ട്. ‘എനിക്ക് വിശന്നു, നിങ്ങളെനിക്ക് ഭക്ഷിക്കാന്‍ തന്നു. എനിക്ക് ദാഹിച്ചു, നിങ്ങളെനിക്ക് കുടിക്കാന്‍ തന്നു’ എന്ന് കര്‍ത്താവ് അന്ത്യവിധിയുടെ സമയത്ത് നമുക്ക് നല്കുന്ന നീതീകരണം ഭൂമിയിലെ തന്‍റെ എളിയവര്‍ക്ക് ചെയ്തുകൊടുത്ത ഉപകാരത്തെക്കുറിച്ച് മാത്രമായിരിക്കുകയില്ല. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് ചെയ്ത നന്മയെക്കുറിച്ചുംകൂടിയാണ്. ശുദ്ധീകരണാത്മക്കളുടെ വിശപ്പും ദാഹവും സ്വര്‍ഗത്തില്‍ തങ്ങളുടെ ദൈവത്തെ പ്രാപിക്കാനുള്ള വിശപ്പും ദാഹവുമാണ്. അതിന് അവരെ സഹായിക്കുന്നവരോട് കര്‍ത്താവ് വലിയ കരുണ ചെയ്യും. അവരോട് ഇപ്രകാരം പറയും “ഈ എളിയവരില്‍ ഒരുവന് നിങ്ങളിതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്” (മത്തായി 25:40).

പ്രാര്‍ത്ഥനയും ദാനധര്‍മങ്ങളും പ്രായശ്ചിത്തപ്രവൃത്തികളും മറ്റു പരിഹാരകര്‍മങ്ങളും ശുദ്ധീകരണ ആത്മാക്കളെ സഹായിക്കാന്‍ വളരെ നല്ലതാണ്. എന്നാല്‍ ഇതിനെക്കാളുമെല്ലാം വലിയ പരിഹാരമാണ് വിശുദ്ധ കുര്‍ബാന ചൊല്ലിക്കുകയോ കുര്‍ബാന കണ്ട് കാഴ്ചവയ്ക്കുകയോ ചെയ്യുക എന്നുള്ളത്. ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കാന്‍ സഭ നീക്കിവച്ചിരിക്കുന്ന ഈ നവംബര്‍ മാസത്തില്‍ ധാരാളം കുര്‍ബാനകള്‍ കണ്ട് കാഴ്ചവച്ച് നമുക്കവരെ സഹായിക്കാം. കൂടാതെ മറ്റു വിധത്തിലുള്ള പരിഹാര-പ്രായശ്ചിത്ത പ്രവൃത്തികള്‍ ചെയ്ത് കാഴ്ചവച്ചുകൊണ്ട് ശുദ്ധീകരണസ്ഥലത്തില്‍ നിസഹായരായി സഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ക്കുവേണ്ടിയും പ്രത്യേകമായവിധത്തില്‍ ആരോരും പ്രാര്‍ത്ഥിച്ചുസഹായിക്കാനില്ലാത്ത, ഭൂമിയില്‍ ആരാലും പരിഗണിക്കപ്പെടാത്ത ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാം

Share:

സ്റ്റെല്ല ബെന്നി

സ്റ്റെല്ല ബെന്നി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles