Home/Encounter/Article

ആഗ 16, 2023 254 0 സ്റ്റെല്ല ബെന്നി
Encounter

ലോകം നിന്നെ വെറുക്കുന്നുവോ? ഭയം വേണ്ട

മടിച്ചു മടിച്ചാണ് അനുവും ബിനുവും ആ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. പക്ഷേ പോകാതിരിക്കുവാന്‍ തീരെ നിവൃത്തിയില്ല. കാരണം തൊട്ടയല്‍വക്കം. വീട്ടുടമസ്ഥന് അനുവിനെയും ബിനുവിനെയും ഇഷ്ടമായതുകൊണ്ടല്ല വിവാഹത്തിന് ക്ഷണിച്ചത്. നാടൊട്ടുക്കും വിളിയുള്ള കല്യാണത്തില്‍ അവരെമാത്രം ഒഴിവാക്കുന്നത് ഒരു മോശം സംഗതിയായതുകൊണ്ടുമാത്രമാണ്.

തികച്ചും മ്ലാനവദനരായിട്ടാണ് വിവാഹസദ്യ കഴിഞ്ഞ് അവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. അനു പറഞ്ഞു: “ഇതിലും ഭേദം നമ്മളീ വിവാഹത്തില്‍ പങ്കെടുക്കാതിരിക്കുകയായിരുന്നു അല്ലേ ചേട്ടാ?” ബിനു അവളെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു, “സാരമില്ലെടി കൊച്ചേ, പോട്ടെ. ഈശോയുടെകൂടെ ഇറങ്ങിപ്പുറപ്പെട്ടാല്‍ ഇങ്ങനെയും ചില കുഴപ്പങ്ങളൊക്കെയുണ്ട്. നമ്മള്‍ അവിടെ അപമാനിതരായി എന്നുള്ളതല്ലേ പ്രശ്നം. നമ്മള്‍ അവരുടെ കൂട്ടത്തില്‍ കൂടുന്നവരായിരുന്നുവെങ്കില്‍ അവര്‍ നമ്മളെ മാനിച്ചാദരിച്ച് സല്‍ക്കരിച്ചു പറഞ്ഞയക്കുമായിരുന്നു. പക്ഷേ നമ്മള്‍ യേശുവിന് സാക്ഷ്യം നല്‍കുന്നവര്‍ ആയിപ്പോയി. മദ്യവും ആട്ടവും പാട്ടും കൂത്തും ആഭാസങ്ങളും അരങ്ങേറുന്ന ആ വിവാഹച്ചടങ്ങില്‍ നമ്മളെപ്പോലുള്ളവരുടെ സാന്നിധ്യം അവര്‍ക്കൊരു തലവേദനതന്നെയാണ്. അതുകൊണ്ട് പൊന്നുമോളേ, നമുക്കവരെ വെറുതെ വിടാം… നമ്മെ മാനിക്കുന്ന ഒരുവനുണ്ടല്ലോ. അവന്‍റെ പിന്നാലെ നമുക്ക് പോകാം.”

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. യേശുവിന്‍റെ ആത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ ലോകത്തിന്‍റെ വഴികളിലൂടെ നയിക്കപ്പെടുന്നവരുമായി അടുത്തിടപെടാന്‍ നിര്‍ബന്ധിതരായിത്തീരുമ്പോള്‍ വല്ലാതെ ഞെരുക്കപ്പെടുകയും അപമാനിതരാവുകയും ചെയ്യുന്ന അവസ്ഥ ശിഷ്യന്മാരുടെ കാലം തൊട്ടേ ഉണ്ടായിരുന്നു. അതുകൊണ്ടാണ് യേശു തന്‍റെ ശിഷ്യന്മാരെ ആശ്വസിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞത്. “ലോകം നിങ്ങളെ ദ്വേഷിച്ചുവെങ്കില്‍ അത് അതിനുമുമ്പേ എന്നെ ദ്വേഷിച്ചുവെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്‍റേതായിരുന്നുവെങ്കില്‍ ലോകമതിനെ സ്വന്തമായിക്കരുതി സ്നേഹിക്കുമായിരുന്നു. എന്നാല്‍ നിങ്ങള്‍ ലോകത്തിന്‍റേതല്ലാത്തതുകൊണ്ട് ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നും തിരഞ്ഞെടുത്തതുകൊണ്ട് ലോകം നിങ്ങളെ ദ്വേഷിക്കുന്നു.”

യേശുവിന്‍റെ ശിഷ്യത്വത്തിന്‍റെ വഴിയിലൂടെ സഞ്ചരിക്കുന്ന ലോകത്താല്‍ ദ്വേഷിക്കപ്പെട്ട ഒത്തിരി അനുമാരും ബിനുമാരും ഈ ലോകത്തിലുണ്ട്. ഇതെഴുതുന്ന ഞാനും ഇതു വായിക്കുന്ന നിങ്ങളില്‍ പലരും ഈ അനുമാരിലും ബിനുമാരിലും ഉള്‍പ്പെട്ടിട്ടുണ്ടാകാം. നമ്മെ ലോകം ദ്വേഷിക്കാന്‍ കാരണം യേശുവിന്‍റെ ശിഷ്യഗണത്തില്‍പ്പെട്ടവരാണ് നാം എന്നുള്ളതുതന്നെയാണ്. യേശുവിനെ ലോകം ദ്വേഷിക്കുവാന്‍ കാരണമോ? തിരുവചനങ്ങള്‍ വ്യക്തമായി നമ്മളെ പഠിപ്പിക്കുന്നു. യേശു തന്‍റെ ചുറ്റും നിന്ന തന്‍റെ പ്രതിയോഗികളോട് ഇപ്രകാരം പറഞ്ഞു, “ലോകത്തിന് നിങ്ങളെ വെറുക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ അതിന്‍റെ പ്രവൃത്തികള്‍ തിന്മയാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നതിനാല്‍ അത് എന്നെ വെറുക്കുന്നു” (യോഹന്നാന്‍ 7/7).

യേശുവിന്‍റെ വചനമനുസരിച്ച് ജീവിക്കുന്ന ഒരു ക്രിസ്തുശിഷ്യനും ഇതുപോലെതന്നെയാണ്. അവന്‍ ലോകത്തിനൊരു വെല്ലുവിളിയാണ്. അതിനാല്‍ ലോകം അതിന്‍റെ സര്‍വശക്തിയോടുംകൂടെ അവനെ വെറുക്കുകയും നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് സമാശ്വാസവും ധൈര്യവും നല്‍കുന്ന കര്‍ത്താവ് മുന്നമേകൂട്ടി ഇപ്രകാരം പറഞ്ഞത് “ലോകത്തില്‍ നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍. ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു” (യോഹന്നാന്‍ 16/33).

എന്തുകൊണ്ടീ ഞെരുക്കം?!

1 യോഹന്നാന്‍ 5/19-ല്‍ ഇപ്രകാരം പറയുന്നു “നാം ദൈവത്തില്‍നിന്നുള്ളവരാണെന്നും ലോകം മുഴുവന്‍ ദുഷ്ടന്‍റെ ശക്തിവലയത്തിലാണെന്നും നാം അറിയുന്നു” എന്ന്. ഈ സത്യംതന്നെ ഈശോ ശിഷ്യന്മാര്‍ക്കുവേണ്ടിയുള്ള പിതാവിന്‍റെ സന്നിധിയിലുള്ള തന്‍റെ മധ്യസ്ഥപ്രാര്‍ത്ഥനയില്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. “എന്തെന്നാല്‍, ഞാന്‍ ലോകത്തിന്‍റേതല്ലാത്തതുപോലെ അവരും ലോകത്തിന്‍റേതല്ല. ലോകത്തില്‍നിന്ന് അവരെ എടുക്കണമെന്നല്ല, ദുഷ്ടനില്‍നിന്ന് അവരെ കാത്തുകൊള്ളണം എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്” (യോഹന്നാന്‍ 17/14-15).

ദുഷ്ടന്‍റെ ശക്തിവലയത്തിലായിരിക്കുന്ന ഈ ലോകത്തില്‍ ജീവിച്ചുകൊണ്ട്, ദൈവരാജ്യത്തിന്‍റെ പൗരനായി ജീവിക്കുവാനും ഈ ലോകത്തിന്‍റെ ഒഴുക്കിനെതിരെ നീന്താനുമുള്ള വലിയ ദൈവവിളിയാണ് ഒരു ക്രിസ്തുശിഷ്യനുള്ളത്. അവന്‍ അല്ലെങ്കില്‍ അവള്‍ യഥാര്‍ത്ഥത്തില്‍ തന്‍റെ ദൈവവിളിയോട് വിശ്വസ്തത പുലര്‍ത്തി ജീവിക്കുമ്പോള്‍ ലോകരുടെ പ്രതികൂലങ്ങളും ദ്വേഷവും തികച്ചും സ്വാഭാവികംമാത്രം. പക്ഷേ ഈ പ്രതികൂലങ്ങളും ലോകത്തിന്‍റെ ദ്വേഷവും നമ്മുടെ മനസു തകര്‍ക്കാനും പിന്തിരിപ്പിക്കാനും തക്കവിധം നാം അവിശ്വാസത്തിന് നമ്മെത്തന്നെ വിട്ടുകൊടുക്കരുത്.
“ലോകമിന്നെന്‍റെ പിന്നിലായി
മരക്കുരിശെന്‍റെ മുമ്പില്‍ നില്‍ക്കുന്നു
പിന്നോട്ടു മടങ്ങുകില്ലൊരുനാളും
പിറകോട്ടു പോവുകില്ലൊരുനാളും” എന്ന ഗാനത്തിന്‍റെ ഈരടികള്‍ നമ്മെ പ്രചോദിപ്പിക്കുന്ന ചെറുത്തുനില്‍പ് പരിശുദ്ധാത്മാവായ ദൈവം നിശ്ചയമായും നമുക്ക് നല്‍കും.
ഒത്തുതീര്‍പ്പിന്‍റെ സുവിശേഷമല്ല ഇത്
“ഞാനൊരു ക്രിസ്ത്യാനിയാണ്. പള്ളിക്കാര്യങ്ങളിലും സാമൂഹ്യജീവിതത്തിലുമെല്ലാം ഒരുപോലെ സജീവമായി പങ്കെടുക്കുന്നവന്‍. പക്ഷേ ഈ പറഞ്ഞ രീതിയിലുള്ള പ്രതികൂലങ്ങളൊന്നും എനിക്ക് ആരില്‍നിന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ഇതൊക്കെ ചില തീവ്രവാദ ക്രിസ്ത്യാനികളുടെ ഭാവനാസൃഷ്ടിയാണ്” എന്ന് വാദിക്കുന്ന ചിലരെയെങ്കിലും എന്‍റെ വിശ്വാസയാത്രയില്‍ കണ്ടുമുട്ടാന്‍ ഇടവന്നിട്ടുണ്ട്. യേശുവിന്‍റെ വചനത്തെ പിന്‍തുടര്‍ന്നതിന്‍റെ പേരില്‍ ഒരു തരത്തിലുള്ള പ്രതികൂലങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്നു നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ വളരെ താഴ്മയോടെതന്നെ കുറിക്കട്ടെ, നിങ്ങളുടെ ക്രിസ്തീയ ജീവിതത്തിന് എന്തോ കാര്യമായ പിശകുണ്ട്. ഒരുപക്ഷേ ലോകവുമായി അല്ലെങ്കില്‍ ലോകരുമായിട്ടുള്ള ബന്ധത്തില്‍ ഒരു ഒത്തുതീര്‍പ്പിന്‍റെ സുവിശേഷമായിരിക്കാം നിങ്ങള്‍ അവലംബിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നത്.
“ഇതൊക്കെ ഒരു അഡ്ജസ്റ്റ്മെന്‍റ് അല്ലാതെന്തു പറയാനാ, വലിയ കുഴപ്പം കൂടാതെയങ്ങു ജീവിച്ചു പോകേണ്ടേ?” എന്നു ചോദിക്കുന്ന ഒരു ക്രിസ്ത്യാനി തീര്‍ച്ചയായും തന്‍റെ ജീവിതംകൊണ്ട് പ്രഘോഷിക്കുന്നത് ഒരു ഒത്തുതീര്‍പ്പിന്‍റെ സുവിശേഷംതന്നെയാണ്. കുറച്ചു ലോകവും കുറച്ച് സാത്താനും കുറച്ച് യേശുക്രിസ്തുവും! ഒരു പ്രയാസവുമില്ല ഈ ലോകത്തിലങ്ങു ജീവിച്ചുപോകാന്‍ എന്ന അവകാശവാദം നാവുകൊണ്ട് പറഞ്ഞില്ലെങ്കിലും ജീവിതംകൊണ്ടു പറയുന്ന ചിലരെങ്കിലുമുണ്ട്.

രണ്ടു വഞ്ചിയില്‍ കാല്‍വച്ചാല്‍!

വീണ്ടും വീണ്ടും വിഗ്രഹാരാധനയിലേക്കും അന്യദൈവാരാധനയിലേക്കും വഴുതിവീണു പാപം ചെയ്തുകൊണ്ടിരുന്ന ഇസ്രായേല്‍ ജനത്തെയും ഇസ്രായേലിലെ പ്രവാചകന്മാരെയും ഒരുമിച്ചുകൂട്ടി ഏലിയാ പ്രവാചകന്‍ ചോദിച്ചു, “നിങ്ങള്‍ എത്രനാള്‍ രണ്ടു വഞ്ചിയില്‍ കാല്‍വയ്ക്കും? കര്‍ത്താവാണ് ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുവിന്‍; ബാലാണു ദൈവമെങ്കില്‍ അവന്‍റെ പിന്നാലെ പോകുവിന്‍” (1 രാജാക്കന്‍മാര്‍ 18/21).

2023, പുതുവര്‍ഷത്തിലേക്കു വേണ്ട ദൈവാനുഗ്രഹവും ചോദിച്ചുനില്‍ക്കുമ്പോള്‍ ഈ വചനത്തിലൂടെ നമ്മളോട് പരിശുദ്ധാത്മാവ് സംസാരിക്കുന്നുണ്ടോയെന്ന് പരിശോധിച്ചുനോക്കണം. രണ്ടു വഞ്ചിയില്‍ കാല്‍വച്ചുകൊണ്ടുള്ള ഒരു ജീവിതം! പകുതി ദൈവത്തിനും പകുതി ലോകത്തിനും പങ്കിട്ടുകൊടുത്തുകൊണ്ടുള്ള ഒരു ജീവിതം….!

പരസ്പരം എതിര്‍ധ്രുവങ്ങളിലേക്കു സഞ്ചരിക്കുന്ന രണ്ടു വഞ്ചികളില്‍ കാല്‍വച്ചുകൊണ്ടുള്ള ഒരുവന്‍റെ 2023-ലൂടെയുള്ള യാത്ര എത്ര ഭയാനകമായിരിക്കും! നടുക്കടലില്‍ മൂക്കുകുത്തി വീഴാനേ അവനു കഴിയൂ. “വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ. ലോകത്തിന്‍റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്‍റെ ശത്രുവാക്കുന്നു” (യാക്കോബ് 4/4).

തിരിച്ചുവരവിനുള്ള ആഹ്വാനം

2023-നെക്കുറിച്ച് നിങ്ങളില്‍ ഭീതി വിതയ്ക്കുക എന്നതല്ല ഈ ലേഖനത്തിന്‍റെ ലക്ഷ്യം. നമ്മുടെ യഥാര്‍ത്ഥമായ അവസ്ഥയെക്കുറിച്ചുള്ള ഒരു തിരിച്ചറിവിനും അത് ഉത്ഭൂതമാക്കുന്ന തിരിച്ചുവരവിനുമുള്ള ഒരു ആഹ്വാനമാണ് ഈ ലേഖനത്തിന്‍റെ ലക്ഷ്യം. 2023-ലേക്കുള്ള നമ്മുടെ യാത്രയില്‍ കര്‍ത്താവാണ് നമ്മുടെ തോണിയുടെ അമരക്കാരനെങ്കില്‍ വിജയം നിശ്ചയം. കാറ്റും കോളും പ്രശ്നങ്ങളും പ്രതിസന്ധികളും എല്ലാം ഈ യാത്രയില്‍ ഉണ്ടായെന്നിരിക്കാം. നമ്മുടെ തോണിയുടെ അമരത്തിരിക്കുന്നവന്‍ അതിനെയെല്ലാം ഒറ്റവാക്കാല്‍ ശാന്തമാക്കിക്കൊള്ളും. പക്ഷേ അവന്‍തന്നെയോ നമ്മുടെ അമരക്കാരന്‍ എന്ന് നാം ആത്മശോധന ചെയ്ത് തിരിച്ചറിയേണ്ടതുണ്ട്.

വേനലും മഴയും കൊടിയ വരള്‍ച്ചയുമെല്ലാം നമ്മുടെ ജീവിതത്തിലുണ്ടാകാം. പക്ഷേ എവിടേക്കാണ് നമ്മുടെ ജീവിതം വേരൂന്നിയിരിക്കുന്നത് എന്നും എവിടെയാണ് നാം ആശ്രയം വച്ചിരിക്കുന്നതെന്നും നാം തിരിച്ചറിയണം. തിരുത്തേണ്ടത് തിരുത്തിക്കൊണ്ടുള്ള ഒരു ശുഭയാത്ര – അതായിരിക്കട്ടെ 2023-ലേത്. ഈ യാത്രയില്‍ കര്‍ത്താവുമാത്രമായിരിക്കട്ടെ നമ്മുടെ ആശ്രയം! “കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ അനുഗൃഹീതന്‍. അവന്‍റെ പ്രത്യാശ അവിടുന്നുതന്നെ. അവന്‍ ആറ്റുതീരത്തു നട്ട മരംപോലെയാണ്. അതു വെള്ളത്തിലേക്ക് വേരൂന്നിയിരിക്കുന്നു. അതു വേനല്‍ക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്‍റെ ഇലകള്‍ എന്നും പച്ചയാണ്. വരള്‍ച്ചയുടെ കാലത്തും അതിന് ഉത്ക്കണ്ഠയില്ല. അതു ഫലം നല്‍കിക്കൊണ്ടേയിരിക്കും” (ജറെമിയ 17/7-8).

പ്രിയപ്പെട്ടവരേ, ഈലോക യാത്രയില്‍ ലോകം നല്‍കുന്ന നിന്ദനം ദൈവം നല്‍കുന്ന അംഗീകാരമായി നാം തിരിച്ചറിയണം. ലോകത്തിന് നമ്മോടുള്ള ദ്വേഷം നമ്മുടെ ക്രിസ്തുവിലുള്ള സാക്ഷ്യജീവിതത്തിന്‍റെ തെളിവും. വിജയകരമായ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

പ്രെയ്സ് ദ ലോര്‍ഡ്, ആവേ മരിയ.

Share:

സ്റ്റെല്ല ബെന്നി

സ്റ്റെല്ല ബെന്നി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles