Home/Encounter/Article

ഫെബ്രു 07, 2020 1773 0 Binoy Swapna Binoy
Encounter

റോസാ മിസ്റ്റിക്കയും സ്കാനിംഗും!

2013-ല്‍ ഞങ്ങളുടെ മൂന്ന് വയസുകാരിയായ ഇളയ മകളുടെ കണ്ണ് പെട്ടെന്ന് കോങ്കണ്ണായി മാറി. ഡല്‍ഹിയില്‍ താമസിക്കുന്ന ഞങ്ങള്‍ അതിന് കാരണം തേടി ആശുപത്രിയിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന രോഗവിവരം അറിഞ്ഞത്. തലച്ചോറില്‍ ട്യൂമര്‍ വളരുന്നു! അതാണ് പെട്ടെന്നുണ്ടായ കോങ്കണ്ണിന് കാരണം. 2014-ല്‍ ഗാമാ കിരണങ്ങള്‍ ഉപയോഗിച്ചുള്ള ഒരു സര്‍ജറി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍വച്ച് നടത്തിയെങ്കിലും വീണ്ടും കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ കോങ്കണ്ണ് തിരികെവന്നു.

MRI സ്കാന്‍ എടുത്തപ്പോള്‍ വീണ്ടും മൂന്ന് ട്യൂമറുകള്‍കൂടി തലച്ചോറില്‍ വളരുന്നുണ്ടെന്ന് അറിഞ്ഞു. ഇക്കാര്യം അറിഞ്ഞതോടെ ഞങ്ങള്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പല പ്രാര്‍ത്ഥനാകൂട്ടായ്മകളിലും ഈ നിയോഗം പങ്കുവയ്ക്കുകയും ചെയ്തു. ഒരു ദൈവികപ്രചോദനമാണെന്ന് പറയാം, പരിശുദ്ധ മാതാവിന്‍റെ മാധ്യ സ്ഥ്യത്തിലൂടെ ബ്രെയിന്‍ ട്യൂമര്‍ സൗഖ്യപ്പെട്ടതിനെക്കുറിച്ചുള്ള സാക്ഷ്യങ്ങള്‍ ഞങ്ങള്‍ യു ട്യൂബില്‍ സെര്‍ച്ച് ചെയ്യാന്‍ ആരംഭിച്ചു. ജനിച്ചപ്പോള്‍മുതല്‍ ഒരു കണ്ണിന് കാഴ്ചയില്ലാതിരുന്ന എരുമേലിയില്‍നിന്നുള്ള ഒരു കുട്ടിയ്ക്ക് റോസാ മിസ്റ്റിക്കാ മാതാവിന്‍റെ ചിത്രം ഉപയോഗിച്ച് പ്രാര്‍ത്ഥിച്ചതിലൂടെ കാഴ്ച കിട്ടിയതിനെക്കുറിച്ചുള്ള സാക്ഷ്യം ഞങ്ങള്‍ കണ്ടു. അതോടെ റോസാ മിസ്റ്റിക്കാ മാതാവിന്‍റെ രൂപം അന്വേഷിക്കാന്‍ തുടങ്ങി. ഇറ്റലിയിലുള്ള ഒരു സുഹൃത്ത് വഴി ഒരു രൂപം ഞങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു.

അതേ സമയം വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് തലച്ചോറിന് സര്‍ജറിയും തീരുമാനിച്ചിരുന്നു. മാതാവിന്‍റെ രൂപവും എടുത്താണ് ഞങ്ങള്‍ സര്‍ജറിക്കായി പോയത്. MRI സ്കാന്‍ ചെയ്തപ്പോള്‍ തലച്ചോറില്‍ മൂന്ന് സ്ഥലങ്ങളിലും സ്പൈനല്‍ കോര്‍ഡില്‍ എട്ട് സ്ഥലങ്ങളിലുംകൂടി ട്യൂമറുകള്‍ ഉള്ളതായി അറിഞ്ഞു.

2015 മെയ് 13-ന് അവള്‍ക്ക് സര്‍ജറി നടത്തി. ബയോപ്സി റിസല്‍റ്റ് വന്നപ്പോള്‍ WHO grade-4 ട്യൂമര്‍ ആണെന്ന് വ്യക്തമായി. ഇത്തരം ട്യൂമര്‍ ബാധിച്ചവരില്‍ ഏറ്റവും അധികം ജീവിച്ചവര്‍പോലും ഏതാനും മാസങ്ങള്‍മാത്രമേ ജീവനോടെയിരുന്നിട്ടുള്ളൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

20 ദിവസം അവള്‍ക്ക് റേഡിയേഷന്‍ നടത്തി. വീണ്ടും കീമോതെറാപ്പിയും റേഡിയേഷനും വിദഗ്ധ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും അവളുടെ ശരീരം തീര്‍ത്തും ദുര്‍ബലമായിക്കഴിഞ്ഞിരുന്നതിനാല്‍ അവള്‍ക്ക് കൂടുതല്‍ വേദന നല്കണ്ട എന്നും അവളെ പൂര്‍ണമായും യേശുവിന്‍റെ കരങ്ങളില്‍ ഏല്പിക്കാം എന്നും ഞങ്ങള്‍ തീരുമാനിച്ചു. മറ്റ് മരുന്നുകളോ ചികിത്സകളോ ചെയ്യാനുണ്ടായിരുന്നില്ല.

ഒരു ആര്‍ച്ച്ബിഷപ് നിര്‍ദേശിച്ച പ്രകാരം 2016-ല്‍ അവള്‍ക്ക് പ്രഥമദിവ്യകാരുണ്യവും സ്ഥൈര്യലേപനവും നല്കി. ഏതാനും മാസങ്ങള്‍ക്കകം കുടുംബനാഥനായ ബിനോയ് ഇറ്റലിയിലെ മിലാനിലേക്കുള്ള ഒരു ഔദ്യോഗിക യാത്രയ്ക്കിടെ സമീപമുള്ള റോസാ മിസ്റ്റിക്കാ മാതാവിന്‍റെ പ്രത്യക്ഷീകരണസ്ഥലം സന്ദര്‍ശിച്ചു. പിന്നീട് ഞങ്ങള്‍ കുടുംബമായി അവിടം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. അങ്ങനെ കുടുംബമൊന്നിച്ച് അവിടം സന്ദര്‍ശിക്കുകയും ഫ്രാന്‍സിസ് പാപ്പായില്‍നിന്നും ആശീര്‍വാദം സ്വീകരിക്കുകയും ചെയ്തു. നാളുകള്‍ കടന്നുപോയി.

2017-ല്‍ കൂട്ടുകാര്‍ കളിയാക്കുന്നു എന്ന മകളുടെ പരാതി കേട്ട് അവളുടെ കോങ്കണ്ണ് ശരിയാക്കുന്നതിനായി ഞങ്ങള്‍ വീണ്ടും ഡോക്ടറെ സമീപിച്ചു. അപ്പോള്‍ വെല്ലൂരിലെ സര്‍ജറി കഴിഞ്ഞ് രണ്ടര വര്‍ഷത്തോളമായിരുന്നു. പിന്നീട് സ്കാനോ ടെസ്റ്റുകളോ ചെയ്തിരുന്നില്ല. കാരണം ഡോക്ടര്‍മാര്‍ പ്രതീക്ഷയൊന്നും തന്നിരുന്നില്ല. പ്രാര്‍ത്ഥനകള്‍മാത്രമായിരുന്നു ഞങ്ങളുടെ ചികിത്സ, പ്രത്യേകിച്ച് റോസാ മിസ്റ്റിക്കാ മാതാവിനോടും ഉണ്ണീശോയോടും. എന്തായാലും ഡോക്ടര്‍ പറഞ്ഞതനുസരിച്ച് സ്കാന്‍ ചെയ്തു.

റിസല്‍റ്റ് വന്നപ്പോഴാണ് അത്ഭുതത്തെക്കുറിച്ച് മനസിലായത്, എല്ലാ ട്യൂമറുകളും അപ്രത്യക്ഷമായിരിക്കുന്നു! തലച്ചോറിലോ സ്പൈനല്‍ കോര്‍ഡിലോ ഒരൊറ്റ ട്യൂമര്‍പോലുമില്ല! മുമ്പത്തെയും അപ്പോഴത്തെയും സ്കാന്‍ റിപ്പോര്‍ട്ടുകള്‍ ഒരേ കുട്ടിയുടേതുതന്നെയാണെന്ന് വിശ്വസിക്കാന്‍ അവിടത്തെ ഡോക്ടര്‍മാര്‍ക്ക് പ്രയാസമായിരുന്നു. എന്തായാലും ഇക്കാര്യം മറ്റുള്ളവരോട് പറയുന്നതിനു മുമ്പ് ഞങ്ങള്‍ ആറുമാസം കൂടി കാത്തിരുന്നു.

പിന്നീട് 2018-ല്‍ വെല്ലൂര്‍ സി.എം.സിയില്‍നിന്ന് ഒരു MRI സ്കാന്‍ ചെയ്തു. ഒറ്റ ട്യൂമര്‍പോലുമില്ല എന്ന് ഉറപ്പായി. 2019-ലും അവിടെപ്പോയി MRI സ്കാന്‍ ചെയ്തു. ഒരു ട്യൂമറും ഇപ്പോഴും ഇല്ല! ഡോക്ടര്‍മാര്‍പോലും ഞങ്ങളോട് സാക്ഷ്യം രേഖപ്പെടുത്താന്‍ പറഞ്ഞു.

സൗഖ്യത്തോടൊപ്പം മറ്റൊരു കാര്യംകൂടി പറയാതിരിക്കാന്‍ വയ്യ. സര്‍ജറി നടത്തിയതിന്‍റെ അനന്തരഫലമായി ഓര്‍മ്മത്തകരാര്‍ വന്നതുകൊണ്ട് മകള്‍ക്ക് പഠനം ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏതാണ്ട് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം അവള്‍ ക്ലാസിലെ മികച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളാണ്. കോങ്കണ്ണ് പിന്നെ ശരിയായില്ലെങ്കിലും സാധാരണ കുട്ടികളെപ്പോലെ അവള്‍ എല്ലാം ചെയ്യുന്നു. റോസാ മിസ്റ്റിക്കാ മാതാവിലൂടെ ഞങ്ങളെ അനുഗ്രഹിച്ച കര്‍ത്താവായ യേശുവിന് എത്ര നന്ദി പറഞ്ഞാലും തീരില്ല!

Share:

Binoy Swapna Binoy

Binoy Swapna Binoy

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles