Trending Articles
ഈ ലോകത്തിലെ ഏറ്റവും ഉന്നതവും ശ്രേഷ്ഠവുമായ ജോലി അത്യുന്നതനായ ദൈവത്തിനുവേണ്ടി ജീവിക്കുക എന്നതുതന്നെയാണ്. ത്യാഗപൂര്‍ണമായ തീരുമാനങ്ങളെടുക്കുന്നവര്‍ എന്നെന്നും ആദരിക്കപ്പെടും, ദൈവസന്നിധിയിലും ലോകസമക്ഷവും. ഇതിന് ലോകചരിത്രത്തില്‍ പതിനായിരക്കണക്കിന് ഉദാഹരണങ്ങളുണ്ട്.
എന്നാല്‍ നമ്മുടെ കാലഘട്ടത്തില്‍ ത്തന്നെ ക്രിസ്തുവിന്‍റെ സ്നേഹം സവിശേഷമായ രീതിയില്‍ പ്രകാശിപ്പിച്ച് കടന്നുപോയ ഒരു വ്യക്തിയെ പരിചയപ്പെടുത്തട്ടെ. അത് പാക്കിസ്ഥാന്‍റെ ‘മദര്‍ തെരേസ’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സിസ്റ്റര്‍ റൂത്ത് ഫൗ ആണ്.
929 സെപ്റ്റംബര്‍ ഒമ്പതാം തിയതി ഒരു ലൂഥറന്‍ പ്രൊട്ടസ്റ്റന്‍റ് മാതാപിതാക്കളുടെ മകളായി റൂത്ത് ജനിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് അവരുടെ ഭവനം ബോംബിങ്ങില്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ അവര്‍ സ്വന്തം നാടായ കിഴക്കന്‍ ജര്‍മനിയില്‍നിന്ന് പടിഞ്ഞാറന്‍ ജര്‍മനിയിലേക്ക് രക്ഷപ്പെട്ടു. 1950-കളില്‍ മെയിന്‍സ് യൂണിവേഴ്സിറ്റിയില്‍ മെഡിസിന്‍ പഠിക്കുവാനായി ചേര്‍ന്നു. അക്കാലഘട്ടത്തിലാണ് അവളുടെ ജീവിതത്തെ നിര്‍ണായകമായി സ്വാധീനിച്ച ഒരു വ്യക്തിയെ പരിചയപ്പെടുന്നത്. അത് കോണ്‍സന്‍ട്രേഷന്‍ ക്യമ്പില്‍നിന്ന് രക്ഷപ്പെട്ട ഒരു ഡച്ച് ക്രിസ്ത്യന്‍ വനിതയായിരുന്നു. ക്യാമ്പിലെ വളരെ വേദനാജനകമായ അനുഭവങ്ങളെ ക്രിസ്തുവിന്‍റെ ക്ഷമിക്കുന്ന സ്നേഹത്താല്‍ അതിജീവിച്ച ആ സ്ത്രീ, തന്‍റെ ശേഷിച്ച ജീവിതം ഈ സ്നേഹത്തെ പ്രഘോഷിക്കുവാന്‍ നീക്കിവച്ചു. ഈ സ്ത്രീയുടെ ജീവിതാദര്‍ശങ്ങള്‍ റൂത്തിനെ ആഴമായി സ്വാധീനിച്ചു. 1953-ല്‍ അവള്‍ റോമന്‍ കത്തോലിക്കാ സഭയെ ആശ്ലേഷിച്ചു. ഒരു മനുഷ്യന് എപ്രകാരം ധീരതയോടെ ജീവിതം നയിക്കാമെന്ന് താന്‍ മനസിലാക്കിയത് സെന്‍റ് തോമസ് അക്വിനാസിന്‍റെ എഴുത്തുകളില്‍നിന്നാണെന്ന് അവര്‍ എഴുതി. പില്ക്കാലത്ത് തന്‍റെ ജീവിതം ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി പാവപ്പെട്ടവര്‍ക്കായി സമര്‍പ്പിക്കുവാനുള്ള ധീരത അങ്ങനെയാവണം റൂത്തിന് ലഭിച്ചത്.
മെഡിസിനില്‍ ബിരുദമെടുത്ത ഒരു ഡോക്ടറായിരുന്നുവെങ്കിലും റൂത്തിന്‍റെ മനസില്‍ ഒരു ശൂന്യത അനുഭവപ്പെടുവാന്‍ തുടങ്ങിയിരുന്നു. ലോകത്തിന്‍റെ സുഖങ്ങള്‍ അവളെ തെല്ലും ആകര്‍ഷിച്ചില്ല. തന്‍റെ ജീവിതം ഉന്നതമായ ഒരു ലക്ഷ്യത്തിനായി ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന ഒരു ബോധ്യം റൂത്തിന്‍റെ മനസില്‍ രൂപപ്പെടുവാന്‍ തുടങ്ങി. അതിന്‍റെ പരിസമാപ്തിയെന്നോണം റൂത്ത് സന്യാസം സ്വീകരിക്കുവാന്‍ തീരുമാനിച്ചു. പരിശുദ്ധ മറിയത്തിന്‍റെ ഹൃദയത്തിന്‍റെ മക്കള്‍ എന്ന സന്യാസസഭയിലാണ് അവള്‍ അംഗമായി ചേര്‍ന്നത്. 1957-ലായിരുന്നു ഇത്. ഈ വിളിയെക്കുറിച്ച് റൂത്ത് ഇപ്രകാരമാണ് പറഞ്ഞത്: “ഇങ്ങനെയുള്ള ഒരു വിളി ലഭിക്കുമ്പോള്‍ അത് നിഷേധിക്കുവാന്‍ ഒരാള്‍ക്കും സാധിക്കുകയില്ല. കാരണം നിങ്ങളല്ല ആ തെരഞ്ഞെടുപ്പ് നടത്തിയത്, ദൈവംതന്നെ തനിക്കുവേണ്ടി നിങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.” ദൈവവിളിയെക്കുറിച്ച് എക്കാലത്തും സാര്‍ത്ഥകമായ വാക്കുകള്‍!
നമ്മുടെ ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളുണ്ട്. പക്ഷേ ദൈവത്തെ സ്നേഹിക്കുന്നവരുടെ, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവരുടെ ജീവിതത്തില്‍ അവയെല്ലാം നന്മയ്ക്കായി പരിണമിക്കപ്പെടും. റൂത്തിനെ മേലധികാരികള്‍ തെക്കേ ഇന്ത്യയിലേക്ക് മിഷനറിവേലയ്ക്കായി അയച്ചു. എന്നാല്‍ വിസാസംബന്ധമായ ചില സാങ്കേതിക കാരണങ്ങളാല്‍ അവരുടെ യാത്ര പാക്കിസ്ഥാനിലെ കറാച്ചിയില്‍വച്ച് അവസാനിപ്പിക്കേണ്ടിവന്നു. ദൈവത്തിന്‍റെ പ്രത്യേക പദ്ധതിയായിരുന്നു അതെന്ന് പിന്നീട് വെളിവാക്കപ്പെട്ടു. കാരണം അവിടെയുള്ള പാവങ്ങളെ ശുശ്രൂഷിക്കുക എന്നതായിരുന്നു റൂത്തിനെക്കുറിച്ചുള്ള ദൈവഹിതം.
1960-ല്‍ തന്‍റെ മുപ്പത്തിയൊന്നാമത്തെ വയസില്‍ പാക്കിസ്ഥാനിലെത്തിയ റൂത്ത് തന്‍റെ ശേഷിച്ച ജീവിതം പാക്കിസ്ഥാനിലെ ജനങ്ങള്‍ക്കുവേണ്ടി, പ്രത്യേകിച്ച് കുഷ്ഠരോഗത്താല്‍ കഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി, നീക്കിവയ്ക്കുവാന്‍ തീരുമാനിച്ചു. കറാച്ചി റെയില്‍വേ സ്റ്റേഷന്‍റെ അടുത്തുള്ള ഒരു കുഷ്ഠരോഗകോളനി സന്ദര്‍ശിക്കുവാന്‍ അവസരം ലഭിച്ചതാണ് ഈ തീരുമാനമെടുക്കുവാന്‍ കാരണം. സഹായിക്കുവാന്‍ ആരുമില്ലാതെ നരകിക്കുന്ന ഈ കുഷ്ഠരോഗികളെ പരിചരിക്കുവാനാണ് തനിക്ക് മെഡിക്കല്‍ ബിരുദം ദൈവം നല്കിയതെന്ന് അവര്‍ തിരിച്ചറിഞ്ഞു. റൂത്ത് പിന്നീട് തിരിഞ്ഞു നോക്കിയില്ല. അവിടെ ഒരു കുടില്‍ കെട്ടി തന്‍റെ ആദ്യ കുഷ്ഠരോഗക്ലിനിക്ക് ആരംഭിച്ചു. 1963 ഏപ്രില്‍ മാസത്തില്‍ സ്വന്തമായി ഒരു കെട്ടിടത്തിലേക്ക് ഈ ക്ലിനിക്ക് മാറ്റുവാന്‍ സാധിച്ചു. കുഷ്ഠരോഗചികിത്സ വളരെ അപൂര്‍വമായ ആ കാലഘട്ടത്തില്‍ ഇത് വലിയൊരു അനുഗ്രഹമായി മാറി. പാക്കിസ്ഥാന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനില്‍നിന്നുപോലും കുഷ്ഠരോഗികള്‍ വരുവാന്‍ തുടങ്ങി.
മാത്രവുമല്ല, തന്‍റെ ക്ലിനിക്കില്‍ വരുവാന്‍ സാധിക്കാത്ത രോഗികളെത്തേടി സിസ്റ്റര്‍, ഡോക്ടര്‍ റൂത്ത് പാക്കിസ്ഥാന്‍റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്തു. അവരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം പാക്കിസ്ഥാനെ നിര്‍ണായകമായ വിധത്തില്‍ സ്വാധീനിച്ചു. അവരുടെ പ്രവര്‍ത്തനഫലമായി പാക്കിസ്ഥാനിലെ കുഷ്ഠരോഗികളുടെ എണ്ണം 19,938-ല്‍നിന്ന് വെറും 531 ആയി കുറഞ്ഞു (2016-ല്‍). ഈ ആധികാരികമായ കണക്ക് നല്കുന്നത് പാക്കിസ്ഥാനിലെ ഏറ്റവും പുരാതനവും ഏറ്റവുമധികം സര്‍ക്കുലേഷനുമുള്ളതുമായ ഡോണ്‍ എന്ന ഇംഗ്ലീഷ് പത്രമാണ്.
പാക്കിസ്ഥാന്‍ ഭരണാധികാരികള്‍ സിസ്റ്റര്‍ റൂത്തിനെ പാക്കിസ്ഥാന്‍ പൗരത്വം നല്കിക്കൊണ്ട്, പാക്കിസ്ഥാന്‍കാരിയായി അംഗീകരിച്ചു (1988). പാക്കിസ്ഥാന്‍ ജനത അവരെ ഹൃദയത്തിലേറ്റി എന്നതിന്‍റെ സൂചനയായിരുന്നു സിസ്റ്റര്‍ റൂത്തിന്‍റെ എഴുപതാം പിറന്നാളാഘോഷം. കറാച്ചിയിലെ സെന്‍റ് പാട്രിക് കത്തീഡ്രലില്‍വച്ച് നടത്തിയ വിശുദ്ധ കുര്‍ബാനയില്‍ ക്രിസ്ത്യാനികള്‍ മാത്രമല്ല, നിരവധി മുസ്ലീങ്ങളും പങ്കെടുത്തു. ഒരു നാടിന്‍റെ ആദരവ് ഏറ്റുവാങ്ങിക്കൊണ്ടാണ് സിസ്റ്റര്‍ റൂത്ത് 2017, ആഗസ്റ്റ് പത്താം തിയതി ഈ ലോകത്തില്‍നിന്ന് കടന്നുപോയത്. പാക്കിസ്ഥാന്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയും അവരുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ചു. തികച്ചും ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അവരുടെ മൃതസംസ്കാരം. അവരുടെ ശവമഞ്ചം പാക്കിസ്ഥാന്‍ പതാകയാല്‍ പൊതിയപ്പെട്ടു. അങ്ങനെ ഒരു നാടു മുഴുവന്‍ തേങ്ങി. പാക്കിസ്ഥാനില്‍ ഔദ്യോഗിക മൃതസംസ്കാരം ലഭിക്കുന്ന ആദ്യത്തെ ക്രിസ്ത്യാനിയും ആദ്യത്തെ അമുസ്ലീമും സിസ്റ്റര്‍ റൂത്ത് ആയിരുന്നു.
ജര്‍മനി എന്ന രാജ്യത്ത് ഒരു സാധാരണ ഡോക്ടറായി ജീവിച്ച് മരിക്കേണ്ടിയിരുന്ന വ്യക്തിയായിരുന്നു സിസ്റ്റര്‍ ഡോക്ടര്‍ റൂത്ത്. എന്നാല്‍ അവരുടെ ജീവിതം അനേകര്‍ക്ക് അനുഗ്രഹമായിത്തീര്‍ന്നത്, അവര്‍ അനശ്വരയായി മാറിയത് അവരെടുത്ത വെല്ലുവിളി നിറഞ്ഞ തീരുമാനംവഴിയാണ്. ‘നീ ഒരു അനുഗ്രഹമായിത്തീരും’ എന്ന് അബ്രാഹമിനോട് വാഗ്ദാനം ചെയ്ത ദൈവം നിങ്ങള്‍ക്കും എനിക്കും ആ വാഗ്ദാനം നല്കുന്നുണ്ട്. അത് യാഥാര്‍ത്ഥ്യമാകുന്നത് ദൈവത്തിന്‍റെ വിളിക്ക് നാം നല്കുന്ന പ്രത്യുത്തരം അനുസരിച്ചാണ്. അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം:
ദൈവമേ, അങ്ങേക്ക് എന്നെക്കുറിച്ച് വ്യക്തമായ ഒരു പദ്ധതിയുണ്ടല്ലോ. അതനുസരിച്ച് എന്നെ രൂപപ്പെടുത്തിയാലും. അങ്ങയുടെ വഴിയിലൂടെ നടക്കുവാന്‍, അങ്ങയുടെ സ്വരം ശ്രവിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ജീവിതാന്ത്യംവരെ ദൈവവിളിക്ക് കാതോര്‍ക്കുവാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ – ആമ്മേന്‍.
K J Mathew
Want to be in the loop?
Get the latest updates from Tidings!