Home/Encounter/Article

ഒക്ട് 24, 2019 1715 0 Saint Philip Howard
Encounter

രാജ്ഞിയുടെ വാഗ്ദാനം അവഗണിച്ച വിശുദ്ധന്‍

‘രാജകൊട്ടാരവുമായി അധികം ബന്ധം പുലര്‍ത്താതിരിക്കുക, ഭാര്യയായ ആനിയെ നന്നായി
നോക്കുക’ – ഇംഗ്ലണ്ടിലെ പ്രഭുകുടുംബത്തിലെ അംഗമായിരുന്ന ഫിലിപ്പ് ഹൊവാര്‍ഡിന്‍റെ
പിതാവ് തോമസ് ഹൊവാര്‍ഡ് തന്‍റെ മരണത്തിന് മുമ്പായി മകന് നല്‍കിയ രണ്ട് ഉപദേശങ്ങളായിരുന്നു ഇവ. എന്നാല്‍ യൗവനത്തിന്‍റെ ആവേശവും അംഗീകാരത്തോടുള്ള അഭിനിവേശവും ഫിലിപ്പില്‍ ഭരണം നടത്തിയിരുന്നതിനാല്‍ അദ്ദേഹം പിതാവിന്‍റെ ഉപദേശത്തിന് വേണ്ടത്ര ഗൗരവം നല്‍കിയില്ല.

പിതാവിന്‍റെ മരണശേഷം 19-ാമത്തെ വയസ്സില്‍ ഇംഗ്ലണ്ടിലെ രാജാവിനെ സഭയുടെ തലവനായി അംഗീകരിക്കുന്ന ‘ഓത്ത് ഓഫ് സുപ്രിമസി’ ചൊല്ലി രാജകൊട്ടാരത്തിലെ അംഗമായി അദ്ദേഹം മാറി. പിന്നീട് ആര്‍ഭാടപൂര്‍ണവും അസാന്‍മാര്‍ഗികവുമായ ജീവിതം നയിച്ചുകൊണ്ട്
ഭാര്യയെ അവഗണിച്ച ഫിലിപ്പ്, പിതാവിന്‍റെ രണ്ടാമത്തെ ഉപദേശവും തിരസ്കരിച്ചു. ഫിലിപ്പ്
ഹൊവാര്‍ഡ് എന്ന പ്രഭുകുമാരന്‍റെ ജീവിതത്തില്‍ ഒരു ദുരന്തകഥയ്ക്കുള്ള എല്ലാ കൂട്ടുകളും ഒത്തുചേര്‍ന്നുവന്ന സമയമായിരുന്നു അത്. എന്നാല്‍ ഫാ. എഡ്മണ്ട് കാംപിയന്‍ എന്ന കത്തോലിക്ക പുരോഹിതനുമായി ബന്ധപ്പെട്ട ഒരു സംഭവത്തിലൂടെ ദൈവത്തിന്‍റെ കരുതല്‍ അദ്ദേഹത്തെ തേടിയെത്തി.
1581 ഓഗസ്റ്റ് 31-ാം തിയതി ലണ്ടന്‍ ടവറിലുള്ള വിശുദ്ധ യോഹന്നാന്‍റെ നാമത്തിലുള്ള ദൈവാലയത്തില്‍ വച്ച് ആംഗ്ലിക്കന്‍ സഭയിലെ ദൈവശാസ്ത്രജ്ഞരുമായി ഫാ. എഡ്മണ്ട് കാംപിയന്‍ നടത്തിയ സംവാദമാണ് ഫിലിപ്പ് ഹൊവാര്‍ഡിന്‍റെ ജീവിതത്തെ മാറ്റിമറിച്ചത്. ഫാ.കാംപിയന്‍റെ വാദമുഖങ്ങളില്‍ ആകൃഷ്ടനായി കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവരാന്‍ ഫിലിപ്പ് തീരുമാനിച്ചു. ‘ഓത്ത് ഓഫ് സുപ്രിമസി’ എടുത്ത ഒരു വ്യക്തി കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നത് ഇംഗ്ലണ്ടിലെ അന്നത്തെ നിയമപ്രകാരം മരണശിക്ഷ അര്‍ഹിക്കുന്ന കുറ്റമായിരുന്നു. എന്നാല്‍ സത്യത്തിന്‍റെ പ്രഭാസ്പര്‍ശം ലഭിച്ച ഫിലിപ്പ് അതിനെ നിരാകരിച്ചുകൊണ്ട് തന്‍റെ ജീവനെ സംരക്ഷിക്കാന്‍ കൂട്ടാക്കിയില്ല. 1584 സെപ്റ്റംബര്‍ 30-ാം തിയ്യതി ഫാ. വില്യം വെസ്റ്റണ്‍ എന്ന കത്തോലിക്ക ജസ്യൂട്ട് മിഷനറി അദ്ദേഹത്തെ കത്തോലിക്കാസഭയിലേക്ക് സ്വീകരിച്ചു.

കത്തോലിക്കാവിശ്വാസത്തിലേക്കുള്ള ഫിലിപ്പിന്‍റെ കടന്നുവരവ് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് ചോദിച്ച് ഭാര്യയുമായി അനുരഞ്ജനപ്പെട്ട ഫിലിപ്പ് തന്‍റെ ചെലവുകള്‍ ചുരുക്കി, ജീവിതം ക്രമപ്പെടുത്തി. അദ്ദേഹത്തിന്‍റെ ഭാര്യ
യായ ആനി നേരത്തേതന്നെ കത്തോലിക്കാവിശ്വാസം സ്വീകരിച്ചിരുന്നതിനാല്‍ ഹൊവാര്‍ഡിന്‍റെ കുടുംബം നേരത്തെ തന്നെ രാജ്ഞിയായ എലിസബത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടില്‍നിന്ന് ആരുമറിയാതെ ഫ്ളാന്‍ഡേഴ്സിലേക്ക് രക്ഷപ്പെടാൻ അദ്ദേഹം തീരുമാനിച്ചു. ഭാര്യ ആനി ഗര്‍ഭിണിയായിരുന്നതിനാല്‍ പിന്നീട് അവിടേക്ക് കൂട്ടിക്കൊണ്ടുവരാനായിരുന്നു അദ്ദേഹത്തിന്‍റെ പദ്ധതി. എന്നാല്‍ കപ്പലില്‍ യാത്ര തുടങ്ങി അധികം വൈകാതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ലണ്ടന്‍ ടവറിലെത്തിച്ചു. 1585-ല്‍ 28-ാമത്തെ വയസില്‍ ലണ്ടന്‍ ടവറില്‍ ബന്ദിയായി തീര്‍ന്ന അദ്ദേഹം പിന്നീട് ഒരിക്കലും പുറംലോകം കണ്ടിട്ടില്ല.

ആദ്യ രണ്ട് വര്‍ഷം ഏകാന്തതടവിന് വിധിക്കപ്പെട്ട ഫിലിപ്പിന് അതിന് ശേഷവും താന്‍ അറസ്റ്റിലായതിന് ശേഷം ജനിച്ച മകനെ കാണാന്‍ അനുവാദം ലഭിച്ചില്ല. ഈ കാലഘട്ടത്തില്‍ അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്ന തടവറയുടെ ഭിത്തിയില്‍ അദ്ദേഹം ഇപ്രകാരം കോറിയിട്ടു –
“ഈ ലോകത്തില്‍ നാം ക്രിസ്തുവിനു വേണ്ടി എത്ര മാത്രം സഹിക്കുന്നുവോ, അത്രമാത്രം മഹത്വം ക്രിസ്തുവിനോടൊപ്പം വരാനിരിക്കുന്ന ലോകത്തില്‍ ലഭിക്കുന്നു.” 1588-ല്‍ സ്പാനിഷ്
അര്‍മാഡാ സൈന്യം ഇംഗ്ലണ്ടിനെ ആക്രമിക്കുമെന്ന ശ്രുതി എങ്ങും പരന്നു. ഈ സമയത്ത് സ്പാനിഷ് സൈന്യത്തിന്‍റെ വിജയത്തിനായി ഫിലിപ്പിന്‍റെ നേതൃത്വത്തില്‍ ജയിലില്‍ ഒരു രാത്രി
മുഴുവന്‍ പ്രാര്‍ത്ഥന നടന്നു. ഇതറിഞ്ഞ അധികാരികള്‍ അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി വീണ്ടും വിചാരണ ചെയ്തു. സാധാരണ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് അതിനിഷ്ഠൂരമായ
വധശിക്ഷയാണ് ഇംഗ്ലണ്ടില്‍ നടപ്പാക്കിയിരുന്നത്. എന്നാല്‍ ഫിലിപ്പുമായി വളരെ അടുപ്പമുള്ള ലോര്‍ഡ് ബര്‍ഗ്ലി ആയിരുന്നു അദ്ദേഹത്തെ വിധിച്ച ജൂറിയുടെ തലവന്‍. അദ്ദേഹത്തിന്‍റെ ശ്രമഫലമായി വധശിക്ഷയില്‍ നിന്നും ഫിലിപ്പിനെ ഒഴിവാക്കി. എങ്കിലും വധശിക്ഷയില്‍നിന്ന് താന്‍ വിമുക്തനാക്കപ്പെട്ട കാര്യം ഒരിക്കലും ഫിലിപ്പ് അറിഞ്ഞില്ല.

ഏത് നിമിഷവും തന്‍റെ വധശിക്ഷ നടത്തപ്പെടാമെന്ന ധാരണയിലാണ് ഫിലിപ്പ് തന്‍റെ അവസാന വര്‍ഷങ്ങള്‍ തടവറയില്‍ ചെലവഴിച്ചത്. ഒരുവിധത്തില്‍, ഇഞ്ചിഞ്ചായുള്ള ഒരു മരണവിധിയുടെ നടപ്പാക്കല്‍ തന്നെയായിരുന്നു അത്. തന്‍റെ അവസാനം അടുത്തു എന്ന് മനസിലാക്കിയ
ഫിലിപ്പ് ഇതുവരെ തനിക്ക് കാണാന്‍ സാധിക്കാതിരുന്ന മകനെയും ഭാര്യയെയും കാണുവാന്‍ അവസാനമായി ഒരിക്കല്‍ക്കൂടി അനുവാദം ചോദിച്ചുകൊണ്ട് എലിസബത്ത് രാജ്ഞിക്ക് അപേക്ഷ സമര്‍പ്പിച്ചു. കത്തോലിക്കാവിശ്വാസം ഉപേക്ഷിക്കുകയാണെങ്കില്‍ മകനെയും ഭാര്യയെയും കാണുന്നതിനുള്ള അനുവാദം മാത്രമല്ല, സ്വാതന്ത്ര്യവും നഷ്ടപ്പെട്ട പ്രതാപവും ഉള്‍പ്പെടെ എല്ലാം തിരികെ തരാമെന്ന് രാജ്ഞി ഫിലിപ്പിന് വാഗ്ദാനം നല്‍കി. എന്നാല്‍ തന്‍റെ വിശ്വാസത്തിന് വേണ്ടിയാണ് താന്‍ മരിക്കുന്നതെങ്കില്‍, അതിന് വേണ്ടി തരാന്‍ ഒരു ജീവിതം മാത്രമേയുള്ളു എന്നത് മാത്രമാണ് തന്‍റെ ഖേദമെന്നായിരുന്നു ഫിലിപ്പിന്‍റെ മറുപടി.
1595 ഒക്ടോബര്‍ 19-ാം തിയതി ഫിലിപ്പ് ഹൊവാര്‍ഡ് തടവറയില്‍ വച്ച് അന്തരിച്ചു. 1970-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ ഫിലിപ്പ് ഹൊവാര്‍ഡ്, ഫാ. എഡ്മണ്ട് കാംപിയന്‍ എന്നിവരടങ്ങിയ
ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും 40 രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിച്ചു.

 

 

Share:

Saint Philip Howard

Saint Philip Howard

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles