Home/Encounter/Article

മാര്‍ 20, 2024 332 0 ഷെവ. ബെന്നി പുന്നത്തറ
Encounter

രക്ഷകനെ എല്ലാവരും അന്ന് തിരിച്ചറിയും

രക്ഷ നേടാനുള്ള അവസാന അവസരത്തെക്കുറിച്ച് യേശു പറയുന്നു, “ഞാന്‍ ഏതു ജീവിതത്തെയും നവീകരിക്കും. എന്നാല്‍ അവര്‍ ആവശ്യപ്പെടണം, ഞാന്‍ സകലതും ക്ഷമിക്കും. പക്ഷേ അവര്‍ പശ്ചാത്തപിക്കണം. ഞാന്‍ സകലരെയും എന്‍റെ തിരുഹൃദയത്തിലേക്ക് തിരിച്ചെടുക്കും, എന്നാല്‍ അവര്‍തന്നെ മാനസാന്തരപ്പെട്ടു തിരിച്ചുവരണം.”

നമ്മുടെ ദൈവം കരുണയുടെ പിതാവാണ്. ‘ആരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കണം’ എന്നതാണ് അവിടുത്തെ തിരുഹിതം. അതിനാല്‍ ഏതെങ്കിലും വിധത്തില്‍ ഓരോ ആത്മാവിനെയും രക്ഷപ്പെടുത്താന്‍ അവിടുന്ന് ശ്രമിച്ചുകൊണ്ടിരിക്കും. അവിടുത്തെ കരുണയുടെ പദ്ധതികളെ മനഃപൂര്‍വം നിഷേധിക്കുന്നവര്‍ മാത്രമേ കര്‍ത്താവിന്‍റെ ന്യായവിധിയുടെ വാതിലിലൂടെ പ്രവേശിക്കേണ്ടിവരികയുള്ളൂ. കരുണയുടെ വാതില്‍ തിരസ്കരിക്കുന്നവര്‍ക്ക് പ്രവേശിക്കാനുള്ളതാണ് നീതിയുടെ വാതില്‍.

ദൈവത്തിന്‍റെ നീതിപൂര്‍വമായ ശിക്ഷ നടപ്പിലാക്കുവാന്‍ നിര്‍ബന്ധിക്കത്തക്കവിധം പാപം പെരുകിയ ഈ ലോകത്തിന് രക്ഷപ്പെടാനായി നല്‍കുന്ന അവസാനത്തെ അവസരമാണ് കൃപയുടെ മൂന്നു മണിക്കൂര്‍. ഈ മൂന്നു മണിക്കൂറില്‍ എന്തെല്ലാം സംഭവിക്കും? ഫൗസ്റ്റീനായോട് കര്‍ത്താവ് പറഞ്ഞുകൊടുത്ത് എഴുതിച്ചത് പ്രകാരം ഈ മണിക്കൂറുകളില്‍ ഭൂമി മുഴുവന്‍ അന്ധകാരം നിറയും. ലോകം മുഴുവനിലുമുള്ള മനുഷ്യര്‍ക്ക് ആകാശത്തില്‍ ക്രൂശിതനായ ക്രിസ്തുവിന്‍റെ ദര്‍ശനം ലഭിക്കും. യേശുവിന്‍റെ തിരുമുറിവുകളില്‍നിന്നുള്ള പ്രകാശം ഓരോരുത്തരുടെയും ആത്മാവിന്‍റെ അവസ്ഥയെ വെളിപ്പെടുത്തും. ഇത് മനുഷ്യചരിത്രത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതുപോലുള്ള പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനവേളയായിരിക്കും.

“അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും” (യോഹന്നാന്‍ 16/8).

ലോകത്തിന്‍റെ മനഃസാക്ഷിയെ തിരുത്തുന്ന ഈ സംഭവം വ്യക്തിയെന്ന നിലയിലും സമൂഹം എന്ന നിലയിലുമുള്ള മനുഷ്യഗതിയെ മാറ്റിമറിക്കും. എല്ലാ പൊയ്മുഖങ്ങളും അഴിഞ്ഞുവീഴും. ഓരോരുത്തരും താന്‍ യഥാര്‍ത്ഥത്തില്‍ ആരാണ്, എന്താണ് എന്ന തിരിച്ചറിവില്‍ ഞെട്ടും. ജാതി, മത, വര്‍ണ, ദേശ വ്യത്യാസമില്ലാതെ സകല മനുഷ്യരും ഈ കൃപയുടെ മണിക്കൂറില്‍ തങ്ങളുടെ പാപങ്ങളോര്‍ത്ത് വിലപിക്കും. യേശുവിന്‍റെ കുരിശുമരണത്തിന്‍റെ അര്‍ത്ഥം ലോകത്തിനു മുഴുവനും വെളിപ്പെടുന്ന ആ മണിക്കൂര്‍ കൃപയുടെ മണിക്കൂറായിരിക്കും.

ലോകജനതയെ മുഴുവന്‍ സുവിശേഷത്തിനായി ഒരുക്കുന്ന ആ സമയം ക്രിസ്തുവിനായി പരിപൂര്‍ണമായി സമര്‍പ്പിക്കുവാന്‍ വിശ്വാസികളെ ശക്തിപ്പെടുത്തും. ആകാശത്തില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യപുത്രന്‍റെ അടയാളം മനുഷ്യവംശത്തിന് പാപബോധം നല്‍കുമ്പോള്‍ തങ്ങള്‍ക്ക് ഒരു രക്ഷകനെ ആവശ്യമുണ്ടെന്ന് അവര്‍ തിരിച്ചറിയും. സ്വന്തം പാപങ്ങളെക്കുറിച്ച് ബോധ്യമില്ലെങ്കില്‍ യേശുവിനെയും അവിടുന്നിലൂടെയുള്ള പാപമോചനത്തെയും എത്രമാത്രം ആവശ്യമുണ്ടെന്ന് നാമെങ്ങനെ മനസിലാക്കും?

ദൈവത്തിന്‍റെ ശിക്ഷാവിധി ലോകത്തിലേക്ക് വരുന്നതിനുമുമ്പായി ഒരു മുന്നറിയിപ്പ് ലോകത്തിലെ സകല ജനങ്ങള്‍ക്കും നല്‍കുമെന്ന് ഗരബന്താളിലും മെഡ്ജുഗോറിയായിലും മാതാവ് പറഞ്ഞിട്ടുണ്ട്. ശിക്ഷാവിധിയുടെ അന്ധകാരം നിറഞ്ഞ മൂന്ന് ദിനരാത്രങ്ങള്‍ക്ക് പകരം അന്ധകാരം നിറഞ്ഞ മൂന്നു മണിക്കൂറുകളായിരിക്കും മുന്നറിയിപ്പിനായി ദൈവം ഒരുക്കുന്നത്. യേശു കാല്‍വരിയിലെ ക്രൂശില്‍ മരിച്ചപ്പോള്‍ മൂന്ന് മണിക്കൂര്‍ നേരം ദേശത്ത് കനത്ത ഇരുട്ടുണ്ടായി. ആ ക്രൂശുമരണത്തിന്‍റെ മഹത്വീകൃതമായ ഒരു പുനരവതരണം മുന്നറിയിപ്പിന്‍റെ നിമിഷങ്ങളിലും ഉണ്ടാകും.

“ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു. ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്താനി…. ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു യേശു ജീവന്‍ വെടിഞ്ഞു. അപ്പോള്‍ ദൈവാലയത്തിലെ തിരശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു…. യേശുവിന് കാവല്‍ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു, സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു” (മത്തായി 27/45-54).

അയര്‍ലണ്ടിലെ മിസ്റ്റിക്കായ ക്രിസ്റ്റീനാ ഗല്ലഗെര്‍ക്ക് നല്‍കപ്പെട്ട സന്ദേശത്തില്‍ മാതാവ് പറയുന്നതിപ്രകാരമാണ്. “ലോകജനതയ്ക്ക് മുന്നറിയിപ്പായി ഒരു അടയാളം നല്‍കപ്പെടും. ഈ മുന്നറിയിപ്പ് സ്വീകരിക്കപ്പെടാതിരുന്നാല്‍ അതിനു പിന്നാലെ വരുന്നത് ശിക്ഷയായിരിക്കും.

“ലോകത്തിലുള്ള എല്ലാവര്‍ക്കും ആന്തരികമായ തിരിച്ചറിവ് ലഭിക്കത്തക്കവിധമുള്ള ഈ അടയാളം ദൈവത്തില്‍നിന്നാണെന്ന ബോധ്യം ഓരോരുത്തര്‍ക്കും ലഭിക്കും. തങ്ങളുടെ ഹൃദയത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ചുള്ള അറിവും അത് പ്രദാനം ചെയ്യും. പ്രാര്‍ത്ഥനയില്‍ വിശ്വസിക്കുന്നവര്‍ തങ്ങള്‍ക്കുവേണ്ടി മാത്രം പ്രാര്‍ത്ഥിക്കാതെ അന്ധകാരത്തില്‍ കഴിയുന്നവരെല്ലാം അടയാളം സ്വീകരിച്ച് ദൈവത്തിലേക്ക് മടങ്ങിവരാനുള്ള കൃപ ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കണം. ക്രിസ്തുവിന്‍റെ മൗതികശരീരത്തിലെ അംഗങ്ങളും ദൈവമക്കളുമെന്ന നിലയില്‍ എല്ലാ മനുഷ്യര്‍ക്കുംവേണ്ടി പരിഹാരം ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്വം മാത്രമാണ്.”

മരിയ എസ്പരന്‍സാ (വെനിസ്വേല)

“ഇതാ പ്രകാശത്തിന്‍റെ മഹത്തായ ദിനം ആഗതമാകുന്നു. ആ നിമിഷങ്ങള്‍ ഓരോരുത്തരുടെയും മനഃസാക്ഷിയെ ഇളക്കിമറയ്ക്കും. സ്വന്തം ജീവിതം ക്രമപ്പെടുത്താനും അനുദിനം ചെയ്തുകൂട്ടുന്ന അവിശ്വസ്തതകള്‍ക്ക് പരിഹാരം ചെയ്യുവാനും അതവരെ സജ്ജരാക്കും.”

മുന്നറിയിപ്പിന്‍റെ വിശദീകരണം

അമേരിക്കയിലുള്ള ഒരു ദര്‍ശകയ്ക്ക് 1992-ല്‍ ദൈവം ലോകത്തിനു നല്‍കുവാന്‍ പോകുന്ന വലിയ മുന്നറിയിപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുകയുണ്ടായി. ‘ദി തണ്ടര്‍ ആന്‍റ് ജസ്റ്റിസ്’ എന്ന ഗ്രന്ഥത്തില്‍ കൊടുത്തിരിക്കുന്ന ആ സന്ദേശം ഇപ്രകാരമാണ്.

“എന്‍റെ കൃപയില്‍ വസിക്കുന്നവര്‍ക്ക് ‘മുന്നറിയിപ്പ്’ വരുമ്പോള്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. എന്‍റെ സ്നേഹത്തെക്കാള്‍ മഹത്തരമായി യാതൊന്നുമില്ല എന്ന് നിങ്ങളെന്നാണ് ഇനി മനസിലാക്കുക? എന്‍റെ സ്നേഹത്തിന്‍റെ ചൂട് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ലേ? എനിക്കുപരിയായി ആരെങ്കിലും ഉണ്ടോ? എന്തിന് നിങ്ങള്‍ മറ്റിടങ്ങളില്‍ രക്ഷ അന്വേഷിക്കുന്നു. എന്‍റെ വലയത്തിലേക്ക് കടന്നുവരിക.”

മനുഷ്യവംശത്തിന്‍റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്തതുപോലുള്ള ഒരു സമയമായിരിക്കും അത്. മരണസമയത്ത് ഉണ്ടാകുന്ന തിരിച്ചറിവ് അപ്പോള്‍ മനുഷ്യന് നല്‍കപ്പെടും. എന്‍റെ ഏറ്റവും മഹത്തായ കാരുണ്യപ്രവൃത്തിയായിരിക്കും ഇത്. തന്‍റെ ജീവിതത്തിലെ പാപങ്ങളെയെല്ലാം അഭിമുഖീകരിക്കുന്ന ആ നിമിഷങ്ങളില്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കും അതിനെ എങ്ങനെ വേണമെങ്കിലും സ്വീകരിക്കാന്‍. ഞാന്‍ ഏതു ജീവിതത്തെയും നവീകരിക്കും. എന്നാല്‍ അവര്‍ ആവശ്യപ്പെടണം, ഞാന്‍ സകലതും ക്ഷമിക്കും. പക്ഷേ അവര്‍ പശ്ചാത്തപിക്കണം. ഞാന്‍ സകലരെയും എന്‍റെ തിരുഹൃദയത്തിലേക്ക് തിരിച്ചെടുക്കും, എന്നാല്‍ അവര്‍ തന്നെ മാനസാന്തരപ്പെട്ടു തിരിച്ചുവരണം.

മനുഷ്യവംശത്തെ ബാധിച്ചിരിക്കുന്ന അന്ധകാരം നിമിത്തം ലോകത്തിലെ പാപത്തിന്‍റെ ആഴം ആര്‍ക്കും ഗ്രഹിക്കാന്‍ സാധ്യമല്ലാതാക്കിത്തീര്‍ത്തിരിക്കുന്നു. തല്‍ഫലമായി പാപത്തിന്‍റെ പരിണത ഫലങ്ങളുടെ ഭീകരതയും തിരിച്ചറിയാതെ പോകുന്നു. എന്‍റെ പീഡാസഹനത്തിന്‍റെ മഹത്വീകരണം മുന്‍കൂട്ടി കണ്ടുകൊണ്ട് അത്യുന്നതനായവന്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതിലൂടെ ഞാനുദ്ദേശിക്കുന്നത് മനുഷ്യവംശം മുഴുവന്‍ ഒരിക്കല്‍ക്കൂടി എന്‍റെ ക്രൂശീകരണത്തിന് സാക്ഷികളാകുമെന്നാണ്. ആ സമയത്ത് മനുഷ്യന്‍റെ പാപം നിമിത്തം എന്‍റെ പിതാവ് എത്രമാത്രം സഹിച്ചുവെന്ന് സകലര്‍ക്കും ബോധ്യമുണ്ടാകും.
പാപത്തിന്‍റെ ഭീകരത സകലരും ഗ്രഹിക്കും. എല്ലാവരുടെയും മനസുകളില്‍നിന്നും അന്ധകാരം നീക്കപ്പെടും. മനുഷ്യവംശത്തിന്‍റെ ചരിത്രത്തിലാദ്യമായി ദൈവത്തിനര്‍ഹമായ ആദരവ് നല്‍കാനുള്ള കഴിവ് വീണ്ടെടുക്കപ്പെടും.

മുന്നറിയിപ്പിനുശേഷമുള്ള എന്‍റെ ആത്മാവിന്‍റെ വര്‍ഷം ആദ്യത്തെ പെന്തക്കുസ്തായിലേതുപോലെ മഹത്തരമായിരിക്കും. ദൈവത്തിനുമാത്രമേ ലോകത്തെ സൃഷ്ടിക്കുവാന്‍ കഴിയൂ. അവിടുത്തേക്കു മാത്രമേ അതിനെ വീണ്ടെടുക്കുവാനും കഴിയൂ… എന്‍റെ പിതാവിന്‍റെ ഹൃദയത്തിലെ സ്നേഹം നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലേ? എന്‍റെ പിതാവിനെക്കാളുപരിയായി സമാധാനം ആഗ്രഹിക്കുന്ന മറ്റാരും ഇല്ല.

പിതാവായ ദൈവം സ്വര്‍ഗത്തില്‍നിന്നും സംസാരിച്ചു. “എന്‍റെ ജനം എന്നെ വിസ്മരിച്ചുകളഞ്ഞു. ഞാന്‍ സൂര്യനെ മൂന്നുമണിക്കൂര്‍ സമയത്തേക്ക് അന്ധകാരത്തിലാക്കുവാന്‍ പോവുകയാണ്.”
“ജനങ്ങള്‍ സംഭ്രാന്തിയോടെ തങ്ങളുടെ ഭവനങ്ങളില്‍നിന്നും പുറത്തുവരും… അവരില്‍ ചിലരെ ആശ്വസിപ്പിക്കുവാന്‍പോലും സാധിക്കുകയില്ല. വൈദികര്‍പോലും ദുഃഖംകൊണ്ട് വീര്‍പ്പുമുട്ടും.”

ജപമാല ചൊല്ലണം

ജപമാല ചൊല്ലുവാനായി ജനങ്ങളോട് പറയുക. ഇത് അത്രയധികം പ്രാധാന്യമുള്ളതാണ്. ജനങ്ങള്‍ എന്നെ സഹായിക്കേണ്ടിവരും. മറ്റൊരു ഉപവാസംകൂടി അവര്‍ എടുക്കേണ്ടതുണ്ട്. ജനങ്ങള്‍ തങ്ങളെത്തന്നെ വിസ്മരിക്കണം. അവരുടെ ജീവിതങ്ങള്‍ നവീകരിക്കപ്പെടണം. അതെ, അവര്‍ പാപങ്ങള്‍ ഉപേക്ഷിക്കുകയും പരിഹാരം ചെയ്യുകയും ചെയ്യും. വിവാഹിതരാകാതെ ദമ്പതികളെപ്പോലെ ജീവിക്കുന്നവര്‍ വേര്‍പിരിയും. അതിരുവിട്ടുള്ള എല്ലാത്തിനും അവസാനം കുറിക്കും. അത്യാസക്തികളാല്‍ ബന്ധിതരായവരും എന്‍റെ കൃപകൊണ്ടുതന്നെ വീണ്ടെടുക്കപ്പെടും.

മുന്നറിയിപ്പിനെക്കുറിച്ച് ഞാന്‍ വിവരിക്കട്ടെ. അന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്കായിരിക്കും അതിന്‍റെ സമയം. അന്തരീക്ഷം വലിയ ഇരുട്ടു നിറഞ്ഞതായിത്തീരും. ഭൂമി കുലുങ്ങും. ലോകം മുഴുവനും അസ്വസ്ഥത വ്യാപിക്കും. ഏറ്റവും വലിയ ദുരന്തം മനുഷ്യഹൃദയങ്ങളിലായിരിക്കും സംഭവിക്കുക. ലോകം അവസാനിക്കുവാന്‍ പോകുകയാണെന്ന് ജനങ്ങള്‍ ചിന്തിക്കും. ഓരോരുത്തരുടെയും പാപങ്ങള്‍ക്ക് ആനുപാതികമായിട്ടായിരിക്കും അവര്‍ അനുഭവിക്കുന്ന ഭയവും.

അവര്‍ക്കാവശ്യമായ സമയം ഞാന്‍ നല്‍കും. ക്ഷമയോടെ ഞാനവരുടെ മുന്നില്‍ കുരിശില്‍ തൂങ്ങിയ നിലയില്‍ നില്‍ക്കും. അവര്‍ എന്നെ കാണുന്ന നിമിഷങ്ങളില്‍ത്തന്നെ പരിശുദ്ധാത്മാവിന്‍റെ ചൊരിയല്‍ ആരംഭിക്കും. അതു മനുഷ്യവര്‍ഗത്തിന്‍റെ നിര്‍ണായക സമയമാണ്. അവന് തന്‍റെ പാപങ്ങളില്‍നിന്നും കഴുകി വിശുദ്ധീകരിക്കപ്പെടുകയോ അവ വഴിയായി തന്‍റെ നാശം ക്ഷണിച്ചുവരുത്തുകയോ ചെയ്യാം.

എന്‍റെ കരങ്ങള്‍ വിടര്‍ത്തിപ്പിടിച്ചിരിക്കും. എന്‍റെ കാരുണ്യം കരകവിഞ്ഞൊഴുകും. അത് അവസാനത്തേതായി മാറും. സകലരും അതു മനസിലാക്കുകയും ചെയ്യും (അവിടുന്ന് ലോകാവസാനത്തെക്കുറിച്ചല്ല – ഇന്നു കാണുന്നതുപോലുള്ള ജീവിതാവസ്ഥകളുടെ അവസാനമാണ് ഉദ്ദേശിക്കുന്നത്).

മുന്നറിയിപ്പിന്‍റെ സമയത്ത് കാല്‍വരി ആവര്‍ത്തിക്കുവാന്‍ പോകുകയാണോ എന്നു ഞാന്‍ ചോദിച്ചു. അവിടുന്ന് അതേ എന്നുത്തരം നല്‍കി.

ലോകത്തിന്‍റെ പാപങ്ങള്‍ അത്രമാത്രം പെരുകിയതിനാല്‍ അതിനെ അതിലംഘിക്കുവാന്‍ കഴിയുന്ന മറ്റൊന്നും ഇന്ന് ലോകത്തിലില്ല. ഞാനെങ്ങനെ പിതാവിന്‍റെ തിരുമനസിന് വിധേയത്വമുള്ളവനായോ അതുപോലെതന്നെയായിരിക്കണം നിങ്ങളോരോരുത്തരും. മുന്നറിയിപ്പ് സംഭവിക്കുകതന്നെ ചെയ്യും. യാതൊരു സംശയവും വേണ്ട. ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് ആകാശവിതാനത്തില്‍ കുരിശിനെ നിങ്ങള്‍ കാണും. ഞാന്‍ വാഗ്ദാനം ചെയ്തത് ഞാന്‍ നിറവേറ്റും. അപ്പോള്‍ നിങ്ങളെല്ലാവരും പറയും:

“സത്യമായും ഇത് ദൈവപുത്രനാകുന്നു.”

Share:

ഷെവ. ബെന്നി പുന്നത്തറ

ഷെവ. ബെന്നി പുന്നത്തറ has authored many books on the faith life which have been translated into several languages. In 2012, then Pope Benedict XVI awarded the title of ‘Chevalier’ to Punnathara for his outstanding contributions to the Catholic Church and society. In addition to being the founder of Shalom ministries, Punnathara serves as the Chairman of Shalom Media. He and his wife, Stella, an author and speaker, live in India along with their two children.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles