Home/Encounter/Article

ഒക്ട് 25, 2019 1733 0 Fr Jose Poothrikkayil
Encounter

മുഖമൊന്നുയര്‍ത്തുക, സ്നേഹചുംബനത്തിനായ്…

എട്ട് വര്‍ഷം മുമ്പുണ്ടായ ഒരനുഭവത്തിന്‍റെ ഓര്‍മകള്‍ ഇപ്പോഴും മനസിലുണ്ട്. ഒരു കോണ്‍വെന്‍റില്‍ സിസ്റ്റേഴ്സിന്‍റെ വാര്‍ഷിക ധ്യാനത്തില്‍ സഹായിക്കാനായി എത്തിയതാണ്. ചായ കുടിക്കാനായി സന്ദര്‍ശക മുറിയിലേക്ക് പോകുമ്പോള്‍ ഭിത്തിയില്‍ എഴുതി വച്ചിരിക്കുന്ന ഒരു വാക്യം ശ്രദ്ധയില്‍പ്പെട്ടു. “മക്കളേ, തമാശയായിട്ടു പോലും നിങ്ങള്‍ നുണ പറയരുത്.” ആ
സന്യാസസമൂഹത്തിന്‍റെ സ്ഥാപകപിതാവ് കുഴിഞ്ഞാലിലച്ചന്‍ നല്കിയ ഉപദേശമാണത്.

വളരെ നിസാരമെന്ന് തോന്നാവുന്ന ഈയൊരു വാക്യം വായിച്ച നിമിഷം എന്‍റെയുള്ളില്‍ അഭിഷേകത്തിന്‍റെ ഒരനുഭവമുണ്ടായി. ചായ കുടിക്കുന്നതിന് മുമ്പ് മുഖം കഴുകിക്കൊണ്ടിരു
ന്നപ്പോള്‍ ദൈവാത്മാവ് സംസാരിക്കുവാന്‍ തുടങ്ങി:”മകനേ, എന്നും ബലിയര്‍പ്പിക്കുന്ന പുരോ
ഹിതനല്ലേ നീ. സ്ഥാപനവാക്യങ്ങള്‍ ചൊല്ലുമ്പോള്‍ നിന്‍റെ സ്വരം ഞാന്‍ എന്നും
കടമെടുക്കുകയാണെന്ന കാര്യം ഓര്‍ക്കാറുണ്ടോ? പരിശുദ്ധാത്മാവിനെ നീയല്ലേ വിളിച്ചിറക്കുന്നത്? നിന്‍റെ നാവിന്‍റെ പരിശുദ്ധിക്കായി ആത്മാര്‍ത്ഥമായി ശ്രമിക്കാറുണ്ടോ?” ആത്മാവിന്‍റെ കോണിലെവിടെയോ ഒരാളല്‍. തമാശയായിട്ടുപോലും നുണ പറയില്ലെന്ന് ഈശോയ്ക്ക് വാക്ക് കൊടുത്തു കഴിഞ്ഞാണ് ചായ കുടിച്ചത്.

അന്ന് വൈകുന്നേരത്തെ ക്ലാസിലുംആരാധനയിലും സവിശേഷമായ ജ്വലനം ഞാന്‍ ഹൃദയത്തില്‍ അനുഭവിച്ചു. ക്ലാസിനുമുമ്പ് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ആത്മാവിന്‍റെ പല മേഖലകളിലേക്കും പരിശുദ്ധാത്മാവ് വെളിച്ചം വിതറി. മറഞ്ഞുകിടന്ന അനേകം കൊച്ചുപാപങ്ങള്‍ തെളിഞ്ഞുവന്നു. ആര്‍ക്കും ഒരുപദ്രവവും വരുത്താത്ത നിഷ്കളങ്ക നുണകള്‍ അഭിഷേകത്തെ മറയ്ക്കുന്ന സ്വഭാവവൈകല്യമാണെന്ന് തിരിച്ചറിഞ്ഞു. അവയില്‍ പലതുംമറ്റുള്ളവരെ ചിരിപ്പിക്കുവാനും അങ്ങനെ നല്ല ഇംപ്രഷന്‍ ഉണ്ടാക്കുവാനും വേണ്ടിയു ള്ളവയായിരുന്നു. ധ്യാനത്തിന്‍റെ ക്ലാസുകളില്‍ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ആകര്‍ഷകമായി അവതരിപ്പിക്കുന്ന രീതി എനിക്കുണ്ടായിരുന്നു. ഇവയെല്ലാം കള്ളം പറയരുതെന്ന ദൈവകല്പനയുടെ ലംഘനമാണെന്ന് ഞാന്‍ മനസിലാക്കി. ഇനിയൊരിക്കലും തമാശയായിപ്പോലും കള്ളം പറയില്ലെന്ന ഉറച്ച തീരുമാനമെടുത്തപ്പോള്‍, അത് കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞപ്പോള്‍, കണ്ണുകള്‍ നനയുന്നുണ്ടായിരുന്നു.

ഇത് നമുക്ക് തരുന്ന വലിയൊരു ആത്മീയ പാഠമുണ്ട്. വിശുദ്ധിയില്‍ വളരാനുള്ള രാജവീഥികളില്‍ പ്രധാനം അനുതപിക്കുന്ന ഹൃദയമാണ്. അനുതാപം ലഭിക്കണമെങ്കില്‍ പാപത്തെ ഉപേക്ഷിക്കാന്‍ ഉള്ളില്‍ത്തട്ടി തീരുമാനമെടുക്കണം. അപ്പോള്‍ കണ്ണുകള്‍ സജലങ്ങളാകും. പുറമേ അഭിഷേക
ക്കണ്ണീര്‍ എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. എന്നാല്‍ ആത്മാവില്‍ അശ്രുകണങ്ങള്‍ വീഴുമെന്നുള്ളത് ഉറപ്പാണ്. ദൈവത്തെ സ്വന്തമാക്കാനുള്ള ആഗ്രഹം ഹൃദയത്തില്‍ തുടിക്കണം.”ദൈവത്തില്‍നിന്ന് അകലാന്‍ കാണി ച്ചതിന്‍റെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചു വന്ന് അവിടുത്തെ തേടുവിന്‍”(ബാറൂക്ക് 4:28).

കണ്ണീരോടെ കുമ്പസാരിക്കാന്‍ കഴിയുന്നത് എത്ര വലിയ ഭാഗ്യമാണ്. ധ്യാന വേളകളില്‍ വാവിട്ട് കരഞ്ഞുകൊണ്ട് കുമ്പസാരിക്കുന്ന അനേകരുണ്ട്. കുമ്പസാരത്തെ കണ്ണുനീരിന്‍റെ മാമോദീസ എന്ന് വിളിച്ചത് സഭാപിതാവായ വിശുദ്ധ അംബ്രോസാണ്. മാമോദീസയെ കൂദാശയാക്കുന്ന ഘടകം ശിശുവിന്‍റെ ശിരസില്‍ കാര്‍മികന്‍ ഒഴിക്കുന്ന ജലമാണ്. കുമ്പസാരത്തെ അര്‍ത്ഥ
പൂര്‍ണമാക്കുന്നത് ആത്മാവിലെ കണ്ണുനീരാണ്. ദൈവത്തെ വേദനിപ്പിച്ചല്ലോയെന്ന
സങ്കടത്തെക്കാള്‍ സ്വന്തം ഭവനത്തില്‍ തിരിച്ചെത്തിയതിന്‍റെ ആനന്ദക്കണ്ണീരാണ് ഉണ്ടാകേ
ണ്ടത്. ശരിയായ അനുതാപം നിറഞ്ഞാല്‍ പ്രാര്‍ത്ഥനാജീവിതത്തില്‍ പെട്ടെന്ന് വളരും. പൊതുവില്‍ പ്രാര്‍ത്ഥനാജീവിതത്തിലെ രണ്ട് തടസങ്ങള്‍ ഉറക്കവും  പലവിചാരവുമാണേല്ലാ. അതിന്‍റെ പ്രധാന കാരണം ദൈവസാന്നിധ്യാനുഭവം ലഭിക്കാത്തതാണ് അഥവാ ദൈവമഹത്വം
ഹൃദയത്തില്‍ അനുഭവപ്പെടാത്തതാണ്. ദൈവമഹത്വം ദര്‍ശിച്ചാല്‍ ഉറക്കവും പലവിചാരവും ഓടിമറയും. ഗത്സമനിയില്‍ ഉറങ്ങിയ പത്രോസ് താബോറില്‍ ഉറങ്ങിയില്ല. പത്രോസും കൂടെയുള്ളവരും ഉണര്‍ന്നിരുന്നു. അവര്‍ അവന്‍റെ മഹത്വം ദര്‍ശിച്ചു (ലൂക്കാ 9:32).

അനുതാപം നിറഞ്ഞാല്‍ നമുക്കും താബോറനുഭവം കിട്ടും. പാപത്തെയോര്‍ത്ത് കരഞ്ഞപ്പോള്‍ ദൈവത്തെ എപ്പോഴും കണ്‍മുമ്പില്‍ കാണാനുള്ള വരം നല്കി ദൈവം ദാവീദിനെ അനുഗ്രഹിച്ചു: “കര്‍ത്താവ് എപ്പോഴും എന്‍റെ കണ്‍മുമ്പിലുണ്ട്. അവിടുന്ന് എന്‍റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാന്‍ കുലുങ്ങുകയില്ല” (സങ്കീര്‍ത്തനം 16:8). പരിശുദ്ധാത്മാവ് ഈയനുഭവം നല്കിയതു
കൊണ്ടാകണം പത്രോസ് പന്തക്കുസ്താപ്രസംഗത്തില്‍ ഈ വചനം ഉദ്ധരിക്കുന്നത് (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍2:25). ദൈവത്തിന്‍റെ പരിശുദ്ധി കണ്ടപ്പോഴാണ് ഏശയ്യാ പാപബോധത്താല്‍
കരഞ്ഞത് (ഏശയ്യാ 6:5). എന്നും വിശുദ്ധകുര്‍ബാനയില്‍ ദൈവത്തിന്‍റെ വിശുദ്ധി തിരിച്ചറിഞ്ഞ് കരയാനുള്ള കൃപയ്ക്കായി നമുക്കും പ്രാര്‍ത്ഥിക്കാം. ഉരുകിയ മനസാണ് കര്‍ത്താവിന് സ്വീകാര്യമായ ബലി. പാപത്തെയും പാപസാഹചര്യങ്ങളെയും ഉപേക്ഷിക്കാന്‍ ഹൃദയത്തില്‍
ആത്മാര്‍ത്ഥമായ തീരുമാനമെടുക്കണം. സ്വന്തം വീടിന്‍റെ മുകള്‍നില വാടകയ്ക്ക് കൊടുത്താല്‍ നിനക്ക് അതില്‍ അവകാശമില്ലാതെ വരും. ആത്മാവിന്‍റെ ആഭ്യന്തരഹര്‍മ്യത്തിലെ ഒരു നിലയും പിശാചിന് വിട്ടുകൊടുക്കരുത്. ചില കാര്യങ്ങളോട് വിട പറയുമ്പോള്‍ വേദനിക്കും. എന്നാല്‍
അത് സന്തോഷമായി മാറും. വിലാപത്തോടെ വിത്തു വിതച്ചാലും സന്തോഷത്തോടെ കൊയ്തെടുക്കാമല്ലോ. ആത്മാവിന്‍റെ അച്ചുതണ്ടില്‍ ഇങ്ങനെ കോറിയിട്ടുകൊള്ളൂ: പാപം ചെയ്യുമ്പോള്‍ കിട്ടുന്ന സന്തോഷത്തിന്‍റെ നൂറിരട്ടി ആനന്ദം പാപസാഹചര്യങ്ങളെ അതിജീവിക്കുമ്പോള്‍, പാപം ചെയ്യാതെ മാറിനില്ക്കുമ്പോള്‍, പരിശുദ്ധാത്മാവ് തരും.
അറിഞ്ഞുകൊണ്ട് ഒരു കൊച്ചുനുണ പോലും പറയില്ലെന്ന് ദൈവത്തിന് വാക്കുകൊടുത്ത ഞാന്‍ ചുരുക്കമായെങ്കിലും നുണ പറഞ്ഞിട്ടുണ്ട്. പക്ഷേ നിമിഷാര്‍ദ്ധത്തിനുള്ളില്‍ പരിശുദ്ധാത്മാവിന്‍റെ കരച്ചില്‍ കേള്‍ക്കും. എത്രയും പെട്ടെന്ന് കുമ്പസാരക്കൂട്ടിലേക്കണയും.
തമാശയായിട്ടുപോലും നുണ പറയില്ലെന്ന് ഉള്ളില്‍ത്തട്ടി തീരുമാനമെടുത്തതിന്‍റെ അഭിഷേകം ഒരിക്കലും പോയിട്ടില്ല. പന്നിക്കുഴിയില്‍ ഹതാശനായി മുഖം അമര്‍ത്തി കിടന്നാല്‍ ദൈവത്തിന് നിന്നെ ചുംബിക്കാനാവില്ല. ആഗ്രഹത്തോടെ അല്പം മുഖമുയര്‍ത്തിയാല്‍ അവിടുന്ന്
സ്നേഹചുംബനംകൊണ്ട് നിന്നെ പൊതിയും. പിന്നെ തവിട് തിന്നാന്‍ തോന്നുകയില്ല.

 

 

Share:

Fr Jose Poothrikkayil

Fr Jose Poothrikkayil

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles