Home/Encounter/Article

ജൂണ്‍ 04, 2024 90 0 Sister Rini Lawrence MSMI
Encounter

മാതാവ് വിളിച്ച ‘അടിപൊളി’ പെണ്‍കുട്ടി

എന്‍റെ പപ്പ ചെറുപ്പത്തിലേ ജോലിക്കായി ബോംബെയിലേക്ക് മാറിയതാണ്. ബോംബെയിലാണ് രണ്ടാമത്തെ മകളായ ഞാന്‍ വളര്‍ന്നതും പഠിച്ചതും. പപ്പയും അമ്മയും സഭയോട് ചേര്‍ന്നു നില്‍ക്കുന്നവരായതിനാല്‍ എല്ലാ ദിവസവും ഞങ്ങള്‍ ദിവ്യബലിയില്‍ പങ്കെടുത്തിരുന്നു. ആദ്യകുര്‍ബാന സ്വീകരണശേഷം ഈശോ എനിക്ക് നല്ല കൂട്ടു കാരനായിമാറി. നിത്യാരാധന ചാപ്പലില്‍ ഞങ്ങള്‍-ഞാനും ഈശോയും- ഏറെനേരം സംസാരിച്ചിരിക്കും.
സമ്പന്നരല്ലാത്ത ഞങ്ങള്‍ ബോംബെയിലെ ചെറിയ വാടകവീട്ടില്‍ ജീവിച്ചു. പപ്പ കഷ്ടപ്പെട്ടാണ് ഞങ്ങളെ പഠിപ്പിച്ചത്. അതിനാല്‍ത്തന്നെ നല്ലൊരു ജോലിനേടി മാതാപിതാക്കളുടെ ത്യാഗങ്ങള്‍ക്ക് പ്രത്യുപകാരം ചെയ്യണമെന്ന എന്‍റെ വലിയ സ്വപ്നം ഈശോയോട് എപ്പോഴും പറയുമായിരുന്നു.

നല്ല മാര്‍ക്കോടെ പത്താംക്ലാസ് വിജയിച്ചു. പ്ലസ്ടുവിന് സ്‌കൂളില്‍ സെക്കന്റ് റാങ്കും നേടി. ആ സമയത്ത് ഒരു വൈദികന്‍റെ നിര്‍ദേശമനുസരിച്ച് വിദേശത്ത് ജോലിസാധ്യതയുള്ള എം.എസ്.ഡബ്‌ളിയു പഠിക്കുന്നതിന് മുന്നോടിയായി ഡിഗ്രി കോഴ്‌സായ ബി.എസ്.ഡബ്‌ളിയുവിന് ചേര്‍ന്നു.
ബോംബെയിലെ ‘അടിപൊളി’ ജീവിതത്തിനിടയിലും എന്‍റെ ജീവിതത്തില്‍ ഒരേയൊരു പുരുഷന്‍മാത്രമേ ഉണ്ടാകൂ എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ആരെങ്കിലും പ്രണയലേഖനവുമായി വന്നാല്‍ ഉടനെ അമ്മയോട് പറയും. അത്രയ്ക്കും നല്ല സുഹൃത്തായിരുന്നു അമ്മ എനിക്ക്. അതുകൊണ്ടുതന്നെ ഒരു നല്ല ടീനേജ് ജീവിതം എനിക്ക് ലഭിച്ചു.

അസാധാരണമായ ഒരു ദിവസം

2011 ഫെബ്രുവരി 24 മറക്കാനാവാത്ത ഒരു അസാധാരണദിവസമാണ് എനിക്ക്. ബോംബെയിലെ ഇടവകയായ സേക്രഡ് ഹാര്‍ട്ട് ദൈവാലയത്തില്‍ പതിവുപോലെ പരിഭവങ്ങളും സന്തോഷവുമെല്ലാം ഈശോയോട് പറഞ്ഞ് വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്ന സമയത്ത് മാതാവിന്‍റെ രൂപത്തില്‍ എന്‍റെ കണ്ണ് ഉടക്കി. ഞാന്‍ നോക്കുമ്പോള്‍ വലിയൊരു പ്രകാശം മാതാവിന്‍റെ രൂപത്തില്‍നിന്ന് വരുന്നു. കൂപ്പിപ്പിടിച്ച കൈ അമലോത്ഭവമാതാവിന്‍റെ രൂപത്തിലേതുപോലെ വിരിച്ചുപിടിച്ച് മാതാവ് എന്നോട് സംസാരിക്കുന്നു. ”റിനീ, നീ എന്റേതാണ്, എന്‍റെയരികിലേക്ക് വരിക!”

ഞാനപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നോക്കി. എന്‍റെ കൂട്ടുകാരിയെ തട്ടി പറഞ്ഞു, മാതാവ് എന്നെ നോക്കുന്നുവെന്ന്. ദിവ്യബലിയായതുകൊണ്ട് അവള്‍ ശ്രദ്ധിക്കുന്നില്ല. എനിക്കാണെങ്കില്‍ ഒന്നും മനസിലാവുന്നുമില്ല, പക്ഷേ ആ സ്വരം കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു, ”റിനീ, നീ എന്റേതാണ്, എന്‍റെയരികിലേക്ക് വരിക!” എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. കുര്‍ബാന കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ കൂട്ടുകാരി ചോദിച്ചു എന്തിനാ ഇങ്ങനെ കരഞ്ഞുകൊണ്ടിരിക്കുന്നതെന്ന്. എനിക്ക് മറുപടിയൊന്നും നല്കാന്‍ കഴിഞ്ഞില്ല.

മേക്കപ്പും ഫോണും അടിപൊളി ജീവിതവും

അന്നത്തെ ദിവ്യബലി കഴിഞ്ഞപ്പോള്‍മുതല്‍, എന്നില്‍ വലിയ വടംവലി ആരംഭിച്ചു; എന്‍റെ ലൗകികമായ ഇഷ്ടങ്ങളും സ്വര്‍ഗത്തിന്‍റെ വിളിയുംതമ്മില്‍. സൗന്ദര്യവര്‍ധനവിനും മേക്കപ്പിനുമെല്ലാം ഞാന്‍ ഏറെ പ്രാധാന്യം നല്കിയിരുന്നു. അതൊക്കെ ഉപേക്ഷിക്കേണ്ടിവരുമോ? എന്‍റെ ഫോണ്‍.. അതില്ലാതെ ഞാനെങ്ങനെ ജീവിക്കും? ഇവയെല്ലാം എന്നെ ആകുലപ്പെടുത്താന്‍ തുടങ്ങി. തന്മൂലം, അതുവരെ തുള്ളിച്ചാടി അടിച്ചുപൊളിച്ച് നടന്നിരുന്ന എനിക്ക് ചിരിക്കാനോ സംസാരിക്കാനോ ഒന്നും കഴിയാതെയായി. ഒരാഴ്ച ഇക്കാര്യം ആരോടും പറഞ്ഞില്ല. എന്നെ മേക്കപ്പൊന്നും ഇല്ലാതെ കണ്ടപ്പോള്‍, ”എന്തുപറ്റി, കോളജില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ” എന്ന് അമ്മ ചോദിച്ചു. അപ്പോഴൊന്നും ഞാന്‍ ഒന്നും പറഞ്ഞില്ല.

ഒടുവില്‍ ഫെബ്രുവരി 29-ന് അമ്മയോട് പറഞ്ഞു, ‘അമ്മേ, എനിക്ക് മഠത്തില്‍ ചേരണം.” ആ ഒരാഴ്ച ദിവ്യകാരുണ്യസന്നിധിയിലും അല്ലാതെയും പ്രാര്‍ത്ഥിച്ചപ്പോള്‍ പരിശുദ്ധമാതാവിന്‍റെ വിളിയുടെ അര്‍ത്ഥം അതാണെന്ന് എനിക്ക് വ്യക്തമായിരുന്നു. അമ്മ പറഞ്ഞു, ”നിനക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കില്‍ നീ പൊയ്‌ക്കോ.” കേട്ടപ്പോള്‍ എനിക്കും വലിയ സന്തോഷമായി. വൈകുന്നേരം പപ്പ വന്നപ്പോള്‍ അമ്മ ഈ കാര്യം പറഞ്ഞ് പൊട്ടിക്കരയുകയാണ് ചെയ്തത്. കാരണം ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞു, ”രാവിലെ ഞാന്‍ നിന്നോട് പോകേണ്ട എന്നു പറഞ്ഞിരുന്നെങ്കില്‍ നീ എന്നെ എന്തെങ്കിലും ചെയ്യുമോയെന്ന് എനിക്ക് പേടിയായിരുന്നു. നിന്‍റെ മുഖം അത്രയ്ക്ക് മാറിയിരുന്നു.” ഇതുകേട്ട് ചേട്ടന്‍ പറഞ്ഞു, ”അവള്‍ അവളുടെ ഫോണ്‍ ഉപേക്ഷിച്ചുപോകുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ. അവള്‍ക്കൊന്നും മഠത്തില്‍ നില്‍ക്കാന്‍ പറ്റില്ല. അവള്‍ ചുമ്മാ തമാശ പറയുന്നതാ.”

പപ്പ പറഞ്ഞു, ”എനിക്ക് ആകെ ഒരു മോളേ ഉള്ളൂ. കല്യാണം കഴിഞ്ഞ് പേരക്കുട്ടികളൊക്കെയായി വീട്ടില്‍ വരുന്നതാണ് എനിക്ക് സന്തോഷം. അത്രയും കഷ്ടപ്പെട്ടാണ് ഞാന്‍ നിന്നെ ബോംബെയില്‍ പഠിപ്പിച്ചത്.” പപ്പ അങ്ങനെ പറഞ്ഞപ്പോള്‍ ഞാനാകെ ഷോക്കായിപ്പോയി. കാരണം പപ്പ അങ്ങനെ പറയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. കൂട്ടുകാരിയോട് പറഞ്ഞപ്പോള്‍ അവളും എന്നെ കളിയാക്കി. എന്നും ദിവ്യബലിക്ക് കരച്ചിലും പ്രാര്‍ത്ഥനയുമായി പോകുമ്പോള്‍ എന്‍റെ പ്രശ്‌നം അവിടത്തെ സിസ്റ്ററിനോട് പറഞ്ഞു. സിസ്റ്റര്‍വഴി കാര്യമറിഞ്ഞ വികാരിയച്ചന്‍ എന്നെ വിളിച്ച് മാതാപിതാക്കളോട് പറഞ്ഞ് സമ്മതിപ്പിക്കാമെന്ന് ആശ്വസിപ്പിച്ചു.

താടിക്കാരന്‍ അപ്പൂപ്പന്‍ എവിടെ?

ഈ സംഭവങ്ങള്‍ നടക്കുന്നത് എന്‍റെ രണ്ടാം വര്‍ഷ പഠനസമയത്താണ്. ഏപ്രില്‍ മാസത്തിലെ ദൈവവിളി ക്യാമ്പില്‍ പോകണമെന്ന് എനിക്ക് വലിയ ആഗ്രഹമായി. പഠനം പൂര്‍ത്തിയാക്കാതെ പോകണ്ടെന്ന് വികാരിയച്ചന്‍റെ നിര്‍ദേശം. പക്ഷേ വീട്ടില്‍നിന്ന് സമ്മതിച്ചില്ലെങ്കിലും ഞാന്‍ തനിച്ച് ക്യാമ്പിന് പോകാന്‍ അച്ചന്‍റെ അടുത്തുപോയി കത്തും വാങ്ങി ബാഗെടുത്ത് ഇറങ്ങി. അമ്മയ്ക്ക് വളരെ വിഷമമായി. ആ ധൈര്യമൊക്കെ എവിടുന്ന് കിട്ടിയെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. വീട്ടില്‍ നിന്ന് വളരെ ദൂരെയാണ് ക്യാമ്പ് നടക്കുന്ന സ്ഥലം. ഗേറ്റിനടുത്തെത്തിയപ്പോള്‍ അവിടെ ആണ്‍കുട്ടികള്‍മാത്രം. മടങ്ങിപ്പോകാമെന്ന് വിചാരിച്ച് തിരിഞ്ഞു. അപ്പോഴതാ വടി കുത്തിപ്പിടിച്ച് ഒരു താടിക്കാരന്‍ എന്നെ പിടിക്കാന്‍ വരുന്നു…ഓടിരക്ഷപ്പെട്ടത് ഗേറ്റിന്‍റെ ഉള്ളിലേക്കാണ്. തിരിഞ്ഞുനോക്കിയപ്പോള്‍ അവിടെ അങ്ങനെയൊരു മനുഷ്യന്‍ ഇല്ലായിരുന്നു. പിന്നീട് പ്രാര്‍ത്ഥിച്ചപ്പോള്‍ മനസിലായി എന്നെ ക്യാംപില്‍ പങ്കെടുപ്പിക്കാന്‍ ഈശോ യൗസേപ്പിതാവിനെ പറഞ്ഞുവിട്ടതാണെന്ന്.

ക്യാംപില്‍വച്ച് എന്നെക്കണ്ടപ്പോള്‍ ബിഷപ്പിനും അത്ഭുതമായി. കാരണം ഇടവകദൈവാലയത്തില്‍നിന്ന് എന്നെ കണ്ടിട്ടുള്ള പിതാവിനും ഞാന്‍ സിസ്റ്ററാകുമെന്ന് ഒരിക്കലും ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. ‘മാതാപിതാക്കള്‍ വിട്ടുകൊള്ളും, ആദ്യം പഠനം പൂര്‍ത്തിയാക്ക്’ എന്നെല്ലാം പിതാവും പറഞ്ഞു. അതിനുശേഷം ഞാന്‍ അന്വേഷിച്ചുകൊണ്ടിരുന്നു ‘എവിടെ പോകണം? എന്തിനാണ് സിസ്റ്ററാകുന്നത്…?’ അവിടെവച്ചാണ് എംഎസ്എംഐ സിസ്റ്റേഴ്‌സിനെ കാണുന്നത്. സിസ്റ്റര്‍ എനിക്കുവേണ്ടി പ്രാ ര്‍ത്ഥിച്ചപ്പോള്‍ എന്‍റെ ജീവിതത്തില്‍ ഞാന്‍ ആരോടും പറയാത്ത, ആരുമറിയാത്ത കാര്യങ്ങളാണ് സിസ്റ്ററിന് പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയത്. ആ സംഭവം എന്നില്‍ ആഴത്തില്‍ പതിഞ്ഞു.

സമര്‍പ്പിതജീവിതത്തിനെതിരെ…

പഠനം തുടരുന്നതിനിടെ കോളേജില്‍ അച്ചന്മാരോടും സിസ്റ്റേഴ്‌സിനോടും ഉള്‍പ്പെടെ ചോദിച്ചു, ‘എന്തിനാ സിസ്റ്ററാകുന്നത്?’ എല്ലാവരും അതിന്‍റെ പോസിറ്റീവും നെഗറ്റീവും പറഞ്ഞുതന്നു. അമ്മയ്ക്കും അപ്പനും ഇഷ്ടമില്ലാത്തതുകൊണ്ട് അവരെ ധിക്കരിച്ച് പോകരുതെന്ന ചിന്തയും എന്നെ മഥിച്ചു. അതോടെ സമര്‍പ്പണ ജീവിതത്തെക്കുറിച്ചുള്ള നെഗറ്റീവ് കാര്യങ്ങള്‍ ഞാന്‍ വായിച്ചുതുടങ്ങി. അങ്ങനെയുള്ള വീഡിയോകളും ചലച്ചിത്രങ്ങളുമൊക്കെ കണ്ടു. സമര്‍പ്പിതജീവിതം ഉപേക്ഷിച്ച ഒരു സന്യാസിനി എഴുതിയ പുസ്തകം ‘ആമ്മേന്‍’ വായിച്ചിട്ട് ഞാനിങ്ങനെ ചിന്തിച്ചു, ”ഇനി ഞാന്‍ സന്യാസത്തിലേക്ക് പോവുകയില്ല.”

എന്‍റെ ഉള്ളിന്‍റെയുള്ളിലുള്ള ദാഹം കെടുത്തിക്കളയാനായി ഞാന്‍ പല രീതിയില്‍ കര്‍ത്താവുമായി വഴക്കുകൂടി. ദൈവാലയത്തിലും ആരാധനയ്ക്കുമൊന്നും പോകാതെയായി. വിവാഹത്തിലേക്കാണോ എന്‍റെ വിളി എന്നു കരുതി കുറച്ചുകൂടി ആണ്‍കുട്ടികളുമായി സമയം ചെലവഴിക്കാന്‍ തുടങ്ങി. പക്ഷേ എന്തൊക്കെ ചെയ്തിട്ടും സിസ്റ്ററാകണം എന്ന ചിന്തമാത്രം പോകുന്നില്ല. എന്‍റെ വീട്ടിലും ആരും ദൈവാലയത്തില്‍ പോകാതെയായി, കുടുംബപ്രാര്‍ത്ഥനയില്ല. അങ്ങനെ ആകെയൊരു ശൂന്യത വീട്ടിലും. അമ്മയുടെ ആരോഗ്യത്തെപ്പോലും അത് ബാധിക്കുന്നതു കണ്ടപ്പോള്‍ ഇനി ഇതേപ്പറ്റി വീട്ടില്‍ പറയുന്നില്ല, ഡിഗ്രി മുന്നോട്ടു പഠിക്കാമെന്നു തീരുമാനിച്ചു.

പക്ഷേ സിസ്റ്ററാകണമെന്ന ചിന്ത മനസില്‍നിന്ന് പോയിരുന്നില്ല. ബൈബിള്‍ എപ്പോള്‍ തുറന്നാലും ‘മണവാളന്‍ മണവാട്ടിയിലെന്നപോലെ നിന്‍റെ ദൈവം നിന്നില്‍ സന്തോഷിക്കും’ (ഏശയ്യാ 62/5) എന്ന വചനത്തിലൂടെ കര്‍ത്താവ് എന്നോട് സംസാരിക്കുമായിരുന്നു. കരഞ്ഞുകൊണ്ട് അര്‍പ്പിക്കാത്ത ദിവ്യബലിയില്ലാതായി എനിക്ക്. അങ്ങനെ ബിഎസ്ഡബ്ല്യു അവസാനവര്‍ഷം. അവിടെയും റാങ്കുനല്കി ഈശോ എന്നെ മാനിച്ചു. ഇനിയും മുന്നോട്ട് പഠിക്കണമെന്നൊക്കെ എന്‍റെ അമ്മ പ്ലാന്‍ ചെയ്യുന്ന സമയം.

ഏത് സമൂഹത്തില്‍ ചേരണം?

അനേകം പേരിലൂടെ ഞാന്‍ എം.എസ്. എം.ഐ സമൂഹത്തിലേക്ക് വിളിക്കപ്പെടുന്നതായി അനുഭവപ്പെട്ടു. പക്ഷേ ഒരു തീരുമാനമെടുക്കാന്‍ സാധിച്ചില്ല. ആ സമയത്ത് ഞാന്‍ മുംബൈ താബോര്‍ ധ്യാനകേന്ദ്രത്തില്‍ പോയി. എംഎസ്എംഐ സിസ്റ്റേഴ്‌സ് അവിടെ വരികയാണെങ്കില്‍ ആ സന്യാസസഭയില്‍ ചേരാമെന്ന് മനസില്‍ കരുതി. ചെന്നപ്പോള്‍ അവിടെ ഒന്നിനുപകരം രണ്ട് എംഎസ്എംഐ സിസ്റ്റേഴ്‌സ് വന്നിട്ടുണ്ട്. അപ്പോഴും എനിക്ക് സംശയം. വീണ്ടും കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു, ”ഈ സിസ്റ്റര്‍ എനിക്ക് വിശുദ്ധ കുര്‍ബാന തരുകയാണെങ്കില്‍ ഈ സന്യാസസഭതന്നെ ഞാന്‍ ഉറപ്പിക്കും, പിന്നെ ഞാന്‍ ഒരിക്കലും ചോദിക്കില്ല.” ദിവ്യകാരുണ്യ സ്വീകരണസമയമായി. ഒരു എംഎസ്എംഐ സിസ്റ്റര്‍ എന്നെ മുറിച്ചുകടന്ന് വേറെ നിരയിലേക്ക് പോയി. പക്ഷേ, അല്പനിമിഷങ്ങള്‍ക്കകം ആ സിസ്റ്റര്‍ തിരിച്ചുവന്ന് എന്‍റെ മുന്നിലെത്തി ഈശോയെ എന്‍റെ നാവില്‍ വച്ചുതന്നു. നിറമിഴികളോടെ ഞാനന്ന് തീരുമാനമെടുത്തു, ഈ സന്യാസസഭയിലേക്കുതന്നെയാണ് ഈശോ എന്നെ വിളിക്കുന്നത്.

ജോലിയുമായി ഒരു പിടിവലി

കോണ്‍വെന്റിലേക്ക് പോകാന്‍ തീരുമാനിച്ച സമയത്ത് അമ്മ വീണ്ടും ഒരു ആഗ്രഹം പറഞ്ഞു, ”മോളേ, ഇത്രയും കഷ്ടപ്പെട്ട് പഠിപ്പിച്ചതല്ലേ. ഒരു വര്‍ഷം ജോലി ചെയ്തിട്ട് പൊയ്‌ക്കോ.” അതൊരു ന്യായമാണല്ലോ എന്ന് കരുതി ഞാന്‍ സമ്മതിച്ചു. രൂപതയില്‍ ഞാന്‍ പഠനസംബന്ധമായി ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥാപനത്തിലെ അച്ചന്‍ എനിക്ക് ജോലി ഓഫര്‍ തന്നു. അപ്പോയിന്റ്‌മെന്റ് ലെറ്ററും ജോയിന്‍ ചെയ്യേണ്ട തിയതിയും കിട്ടി. അമ്മയാകട്ടെ ഏറെ സന്തോഷത്തോടെ എനിക്കുള്ള ചുരിദാറുകളും മറ്റ് വസ്തുക്കളുമൊക്കെ വാങ്ങി തയാറാക്കി.
ആ സമയത്താണ് വികാരിയച്ചന്‍ വിളിക്കുന്നത്. എന്‍റെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ”കര്‍ത്താവ് വിളിക്കുമ്പോഴല്ലേ മോളേ പോകേണ്ടത്? പണം കര്‍ത്താവാണ് വീട്ടിലേക്ക് കൊടുക്കുന്നത്, നമ്മളല്ല. അതുകൊണ്ട് നീ ഒന്നുകൂടി ചിന്തിക്ക്-” എന്നായിരുന്നു അച്ചന്‍റെ നിര്‍ദേശം.

അതോടെ അമ്മയോടും പപ്പയോടും പറഞ്ഞു, ”എനിക്ക് പോകണം, പോയേ പറ്റൂ. പോയില്ലെങ്കില്‍ ഞാന്‍ മാനസികരോഗിയായി മാറും.” ആ സമയത്തൊക്കെ ഒരു മരണവീടുപോലെയായിരുന്നു എന്‍റെ വീട്. അവസാനം അമ്മ പറഞ്ഞു, ‘നിന്‍റെ ഇഷ്ടംപോലെ നീ ചെയ്‌തോ.’
അങ്ങനെ അന്ന് ക്യാംപിന് കണ്ട സിസ്റ്ററിനെ വിളിച്ചു. സിസ്റ്റേഴ്‌സ് വീട്ടില്‍വന്ന് സംസാരിച്ചു. സാധാരണയായി മഠത്തില്‍ കൊണ്ടുവിടാന്‍ മാതാപിതാക്കള്‍ വരും, എന്നാല്‍ എന്‍റെ മാതാപിതാക്കളുടെ സങ്കടംകാരണം അവര്‍ എന്നോടൊപ്പം വന്നില്ല. പിന്നീട് എന്‍റെ സന്യാസപരിശീലനഘട്ടങ്ങളിലെല്ലാം വൈദികരും സിസ്റ്റേഴ്‌സും എന്‍റെ കുടുംബത്തിന് നല്ല പിന്തുണ നല്കി. ഞാന്‍ നൊവിഷ്യേറ്റില്‍ പ്രവേശിക്കുന്നതിനുമുമ്പ് ചേട്ടന്‍റെ വിവാഹം നടക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അതും ഈശോ നടത്തിത്തന്നു.

അപൂര്‍വമായ ‘വിവാഹച്ചടങ്ങ്’

സാധാരണ സന്യാസാര്‍ത്ഥിനികള്‍ പൊവിന്‍ഷ്യല്‍ ഹൗസില്‍വച്ച് സമൂഹമായാണ് സഭാവസ്ത്രം സ്വീകരിക്കുക. എന്‍റെകാര്യത്തില്‍ കര്‍ത്താവ് അതും വ്യത്യസ്തമാക്കി. എന്‍റെ ഇടവകദൈവാലയത്തില്‍വച്ച്, മാര്‍ തോമസ് ഇലവനാല്‍ പിതാവിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നിരവധി വൈദികരുടെയും സന്യസ്തരുടെയും എന്‍റെ ഇടവകസമൂഹത്തിന്‍റെയും സാന്നിധ്യത്തില്‍ അള്‍ത്താരയ്ക്ക് മുമ്പില്‍ ഞാന്‍മാത്രം.. എന്നെ മുഴുവന്‍ ഈശോയ്ക്ക് സമര്‍പ്പിച്ച അവര്‍ണനീയ നിമിഷം… വിവാഹച്ചടങ്ങിന്‍റെ വലിയ ആഘോഷത്തോടെ, ഈശോ എന്നെ മണവാട്ടിയുടെ പുതുവസ്ത്രമണിയിച്ച് അവിടുത്തെ സ്വന്തമായി സ്വീകരിച്ചു.. അങ്ങനെ അത്യ
പൂര്‍വ സംഭവമായി 2016-ല്‍ എന്‍റെ സഭാവസ്ത്രസ്വീകരണം നടന്നു.

”എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു; എന്‍റെ ചിത്തം എന്‍റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു” (ലൂക്കാ 1/46-47).
എന്‍റെ കുടുംബവും ഇപ്പോള്‍ ഏറെ സന്തോഷത്തിലാണ്. ഞാന്‍ വീട്ടില്‍നിന്ന് പോന്നതിനുശേഷം എന്‍റെ വീട്ടിലേക്ക് ഭൗതികമായും ആത്മീയമായും ഏറെ അനുഗ്രഹങ്ങള്‍ കര്‍ത്താവൊഴുക്കി. 2023 ഏപ്രില്‍ 21-നായിരുന്നു നിത്യവ്രതവാഗ്ദാനം.
”ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്” (ഗലാത്തിയാ 2/20) എന്നതാണ് എന്‍റെ ആപ്തവാക്യം.

Share:

Sister Rini Lawrence MSMI

Sister Rini Lawrence MSMI

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles