Home/Evangelize/Article

ഫെബ്രു 21, 2024 294 0 Shalom Tidings
Evangelize

മറിയത്തോട് കോപിച്ച് യേശുവിനോട് തര്‍ക്കിച്ചപ്പോള്‍…

യേശു ഉള്ള പള്ളിയും ഇല്ലാത്ത പള്ളിയും തിരിച്ചറിയുന്ന മുസ്ലീം യുവതി, നിക്കി കിംഗ്സ്ലി പങ്കുവയ്ക്കുന്ന അസാധാരണ ജീവിതകഥ

ആ വര്‍ഷത്തെ ഡിസംബര്‍മാസമെത്തി, ക്രിസ്മസ് കാലം. മറിയം എന്നെ യേശുവിലേക്ക് തിരിച്ചതിനുശേഷം എനിക്ക് യേശുവിനെ തിരസ്കരിക്കാന്‍ സാധിക്കുന്നില്ലായിരുന്നല്ലോ. എന്തുകൊണ്ടാണ് ഞാന്‍ ഇത്രയധികമായി യേശുവിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്നതിന് യേശുവില്‍നിന്നുതന്നെ ഉത്തരം കിട്ടാനായി ശ്രമിച്ചു. ദൈവാലയമാണല്ലോ യേശുവിന്‍റെ ഭവനം. അതിനാല്‍ വീടിനടുത്തുള്ള ദൈവാലയത്തില്‍ പോകാമെന്ന് ഞാന്‍ തീരുമാനിച്ചു. തന്‍റെ ദൈവാലയത്തിലേക്ക് എന്നെ ക്ഷണിച്ച ക്രിസ്ത്യന്‍ കൂട്ടുകാരിയോട് ഇക്കാര്യം പറയാന്‍ പോയില്ല. യേശുവിന് എന്നില്‍നിന്ന് എന്താണ് വേണ്ടത് എന്നറിയണം, അതോടെ എല്ലാം അവസാനിക്കുമല്ലോ. പിന്നെ സ്വസ്ഥമായി പഴയതുപോലെ ജീവിക്കാം; അതാണ് എന്‍റെ ആവശ്യം. അത്രയും ഞാന്‍ മടുത്തിരിക്കുകയാണ്.

ക്രിസ്മസ് പാതിരാ ശുശ്രൂഷകളുടെ സമയത്താണ് ഞാന്‍ ആ ദൈവാലയത്തിലേക്ക് പോയത്. മനോഹരമായ അനുഭവം. എല്ലാവരും വളരെ സ്വാഗതം ചെയ്യുന്ന മനോഭാവമുള്ള നല്ല മനുഷ്യര്‍… പക്ഷേ യേശുവിന്‍റെ സാന്നിധ്യം എനിക്ക് അവിടെ കിട്ടിയില്ല, ശൂന്യതയാണ് അനുഭവപ്പെട്ടത്. കാരണം ആ സാന്നിധ്യം എനിക്ക് കൃത്യമായി മനസിലാവുമായിരുന്നു. ഞാന്‍ നിരാശതയോടെ പറഞ്ഞു, “നീ നിന്‍റെ വീട്ടില്‍പ്പോലുമില്ല!”

അടുത്ത ദിവസങ്ങളില്‍ത്തന്നെ ഇക്കാര്യം ഞാന്‍ കൂട്ടുകാരിയോട് പങ്കുവച്ചു. ഞാന്‍ ഏത് ദൈവാലയത്തിലാണ് പോയതെന്നായിരുന്നു അപ്പോള്‍ അവള്‍ അന്വേഷിച്ചത്. എന്‍റെ വീടിന് സമീപത്തുള്ള ദൈവാലയമാണെന്ന് കേട്ടപ്പോള്‍ വീണ്ടും, അവളുടെ ദൈവാലയത്തിലേക്ക് ചെല്ലാന്‍ പറഞ്ഞു. “ഞാന്‍ നിന്‍റെ ദൈവാലയത്തില്‍ വരാം, അവിടെ യേശു ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് മനസിലാവും,” എന്നായിരുന്നു എന്‍റെ മറുപടി. എന്തായാലും ഇനിയൊരു ശുശ്രൂഷാസമയത്ത് ഞാന്‍ ദൈവാലയത്തില്‍ പോകുകയില്ല. അത്ര സമയം അതിനായി ചെലവഴിക്കാന്‍ വയ്യ എന്ന് ഞാന്‍ തീരുമാനിച്ചു.

അങ്ങനെ ഒരു സാധാരണ ദിവസം രാവിലെ മറ്റാരുമില്ലാത്ത സമയത്ത് ഞാന്‍, കൂട്ടുകാരി പറഞ്ഞ ദൈവാലയത്തില്‍ ചെന്നു. ആദ്യചുവടുവച്ച് ശ്വാസം ഉള്ളിലേക്കെടുത്തപ്പോഴേ എനിക്ക് മനസിലായി, യേശു അവിടെ ജീവിക്കുന്നു! അവന്‍ അവിടെ ഉണ്ട്!! യേശുവിന്‍റെ സാന്നിധ്യം ശാരീരികമായിത്തന്നെ വ്യക്തമായി അനുഭവപ്പെട്ടു.

എനിക്കാണെങ്കില്‍ വിവിധസഭകളെക്കുറിച്ചൊന്നും അറിയുമായിരുന്നില്ല. സാവധാനം മനസിലായി അതൊരു കത്തോലിക്കാദൈവാലയമാണെന്ന്. ഞാനവിടെ ഇരുന്നുകൊണ്ട് ഉരുവിട്ടു, “ഓ യേശുവേ, ഞാനൊടുവില്‍ നിന്‍റെ ഭവനം കണ്ടെത്തിയിരിക്കുന്നു. ഇനി പറയണം, നിനക്കെന്താണ് എന്നില്‍നിന്ന് വേണ്ടത്, എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്?” പ്രത്യേകിച്ച് മറുപടിയൊന്നും ലഭിച്ചതായി തോന്നിയില്ല.

എന്തായാലും അന്നുമുതല്‍ ആരുമില്ലാത്ത സമയത്ത് ഞാന്‍ ആ ദൈവാലയത്തില്‍ സ്ഥിരമായി പോകാന്‍ തുടങ്ങി. അവിടെ പിന്നിലെ നിരയിലിരുന്ന് ക്രൂശിതരൂപത്തിലെ ഈശോയോട് തര്‍ക്കിക്കും, “നീ ദൈവത്തിന്‍റെ പുത്രനല്ല. കാരണം, ദൈവത്തിന് പുത്രനില്ല. എന്താണ് നിനക്ക് വേണ്ടത്? എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്?” ഇതെല്ലാം കഴിഞ്ഞ് അന്നത്തെ എന്‍റെ കാര്യങ്ങളെല്ലാം പറയും. ടീനേജറായ മകളെക്കുറിച്ച്, എന്‍റെ പ്രതിസന്ധികളെക്കുറിച്ച്… അങ്ങനെ എല്ലാമെല്ലാം…

ദൈവാലയത്തില്‍ നിറയെ ആളുകളുണ്ടാകുമെന്നതിനാല്‍ ഞായറാഴ്ചകളില്‍മാത്രം പോവുകയില്ല. ഇങ്ങനെ മാസങ്ങള്‍ കടന്നുപോയി. ഒരു ദിവസം, ഞാന്‍ പതിവുപോലെ എന്‍റെ സംസാരം തുടങ്ങി. പെട്ടെന്ന്, അത്രയും ദിവസം ഉണ്ടാകാത്ത ഒരു അനുഭവം! ഒരു സ്വരം അവിടെ പ്രതിധ്വനിച്ചു, “ഞാന്‍ ആരാണ് എന്നും ആരല്ലായെന്നും പറയാന്‍ നീയാര്?!! നിനക്ക് സത്യം അറിയണമെങ്കില്‍ പോവുക, എന്നിട്ട് കേള്‍ക്കാന്‍ തയാറുള്ള ഒരു കുഞ്ഞിനെപ്പോലെ മടങ്ങിവരുക. ഞാന്‍ നിന്നോട് സത്യമെന്താണെന്ന് പറഞ്ഞുതരാം.”

അത് ശരിയായിരുന്നു… അവന്‍ ദൈവമാണെങ്കില്‍ അവനാരാകണം, ആരാകരുത് എന്നൊക്കെ പറയാന്‍ ഞാനാരുമല്ലല്ലോ. യേശു എനിക്ക് തന്നത് ഒരു വ്യവസ്ഥയാണ്, സത്യം അറിയണമെങ്കില്‍ അവന്‍ പറഞ്ഞതുപോലെ ചെയ്യാം. അത് ഒരു ക്ഷണമോ നിര്‍ബന്ധമോ ഒന്നുമല്ല, വ്യവസ്ഥമാത്രം. നമുക്ക് സ്വാതന്ത്ര്യമുണ്ട്. തീരുമാനം എടുക്കേണ്ടത് ഞാനായിരുന്നു. അന്നെനിക്ക് നാല്പത് വയസുണ്ട്. അതുവരെ ഞാന്‍ പഠിച്ചുവച്ചിട്ടുളളതെല്ലാം മനസില്‍നിന്ന് നീക്കി അവന്‍ പറഞ്ഞുതരുന്നത് കേള്‍ക്കാനായി മനസ് തുറക്കുക എന്നത് പ്രയാസകരമായ കാര്യമായിരുന്നു. പക്ഷേ എനിക്ക് സത്യമറിയണം. അതിനാല്‍ മനസ് ശൂന്യമാക്കി, അവന്‍റെ മുന്നിലിരുന്ന സമയം! ആ ക്രൂശിതരൂപത്തില്‍നിന്ന് ഒരു മിന്നല്‍വെളിച്ചം എന്നിലേക്ക് വന്നു!

ഞാന്‍ വിറച്ച് മുട്ടില്‍ വീണുപോയി. കാരണം യേശു എന്‍റെ മുന്നില്‍ നില്‍ക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. “എല്ലാ മുട്ടുകളും എന്‍റെ മുമ്പില്‍ മടങ്ങും; എല്ലാ നാവുകളും ദൈവത്തെ പുകഴ്ത്തുകയും ചെയ്യും എന്ന് കര്‍ത്താവ് ശപഥപൂര്‍വം അരുളിച്ചെയ്യുന്നു” (റോമാ 14/11). ക്രിസ്തുവിശ്വാസത്തിന്‍റെ രഹസ്യങ്ങളെല്ലാം ആ നിമിഷം ഞാനറിഞ്ഞെന്ന് തോന്നി. കരഞ്ഞുകൊണ്ട് ‘ഞാന്‍ വിശ്വസിക്കുന്നു! ഞാന്‍ വിശ്വസിക്കുന്നു!’ എന്ന് പറയാനല്ലാതെ മറ്റൊന്നും അപ്പോള്‍ എനിക്ക് ചെയ്യാനാകുമായിരുന്നില്ല.

മുട്ടില്‍ വീണ് ഞാന്‍ യേശുവിനെ സ്വീകരിച്ച നിമിഷം… മുമ്പ് പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ കണ്ടിരുന്ന മതില്‍ കണ്‍മുന്നില്‍ തകര്‍ന്നുവീണു. എന്‍റെ പിതാവായ ദൈവത്തെ ഞാന്‍ കണ്ടു. അതൊരു ഫിലോസഫിയോ ആശയസംഹിതയോ ഒന്നുമായിരുന്നില്ല; സത്യമായിരുന്നു! നാളുകളായി എന്നെ കാത്തിരുന്ന സ്നേഹനിധിയായ പിതാവ്; അവിടുത്തെ ഞാന്‍ കണ്ടു. എന്‍റെ ‘ബാബാ,’ അങ്ങനെയാണ് വ്യക്തിപരമായി ഞാനവിടുത്തെ വിളിക്കുന്നത്. പുത്രനിലൂടെയല്ലാതെ പിതാവിലേക്കെത്താന്‍ കഴിയുകയില്ലല്ലോ. “യേശു പറഞ്ഞു, വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്ക് വരുന്നില്ല” (യോഹന്നാന്‍ 14/6). മുമ്പും ഞാന്‍ ദൈവത്തെ സ്നേഹിച്ചിരുന്നു. പക്ഷേ അത് കൊട്ടാരത്തിനുപുറത്ത് ജീവിക്കുന്ന ഒരു അടിമയെപ്പോലെയായിരുന്നു എന്ന് തോന്നുന്നു. യേശുവാകുന്ന വാതിലിലൂടെ പ്രവേശിച്ചപ്പോള്‍ എനിക്ക് ദൈവപിതാവിന്‍റെ മകളാകാനും അവിടുത്തെ സമീപിക്കാനും കഴിഞ്ഞു. വാസ്തവത്തില്‍ മുമ്പ് ഇന്‍റര്‍നെറ്റ് സേര്‍ച്ച് ചെയ്യാതിരുന്നതെല്ലാം നന്നായി എന്ന് തോന്നി. കാരണം യേശുതന്നെ എന്നെ ഒരു നിമിഷംകൊണ്ട് വിശ്വാസരഹസ്യങ്ങള്‍ പഠിപ്പിച്ചുതന്നു. അതിനാല്‍ത്തന്നെ മറ്റ് അകത്തോലിക്കാസഭകളിലേക്ക് തെല്ലും ആകര്‍ഷിക്കപ്പെടാന്‍ ഇടയായില്ല.

ഇക്കാര്യങ്ങളെല്ലാം മാതാപിതാക്കളോട് എങ്ങനെ പറയാതിരിക്കും? മനസുകൊണ്ട് ഒരു തികച്ചും കത്തോലിക്കാവിശ്വാസിയായിട്ടും പിന്നെ കപടജീവിതം നയിക്കാന്‍ കഴിയില്ലല്ലോ. എന്നാല്‍ ഞാന്‍ കത്തോലിക്കയാകാന്‍ പോകുന്നെന്ന് കേട്ടപ്പോള്‍ അവര്‍ നിര്‍ദേശിച്ചത് ‘ദൈവാലയത്തില്‍ പോയിക്കൊള്ളുക, പക്ഷേ കത്തോലിക്കയാവാനൊന്നും നില്‍ക്കേണ്ട’ എന്നായിരുന്നു. പക്ഷേ ഞാന്‍ അവരോട് പറഞ്ഞു, “ഞാന്‍ സത്യം അറിഞ്ഞു. ഇനി അതിനനുസരിച്ച് ജീവിക്കണം. അവന്‍ വന്നത് നമ്മെ സത്യത്താല്‍ സ്വതന്ത്രരാക്കാനാണ്. അവനെ നിഷേധിച്ചാല്‍ അവന്‍ നമ്മെയും നിഷേധിക്കും.” ഇത് ബൈബിളില്‍ നല്കിയിട്ടുള്ള വചനമാണെന്നൊന്നും അന്ന് എനിക്കറിയുമായിരുന്നില്ല. പിന്നീട് ബൈബിള്‍ വായിച്ചപ്പോള്‍ ഇതെല്ലാം എനിക്കറിയാമായിരുന്നല്ലോ എന്ന് തോന്നി.

മാമ്മോദീസ സ്വീകരിച്ചിട്ട് ഇപ്പോള്‍ ഏതാണ്ട് 13 വര്‍ഷമാകുന്നു. പക്ഷേ എത്ര ആവര്‍ത്തിക്കപ്പെട്ടിട്ടും ദിവ്യകാരുണ്യത്തോടും വിശുദ്ധബലിയോടുമുള്ള സ്നേഹം വര്‍ധിക്കുന്നതേയുള്ളൂ. എന്‍റെ രണ്ട് മക്കളും സ്വമനസാലെ മാമ്മോദീസ സ്വീകരിച്ചു. എന്‍റെ ഒരു സഹോദരി സ്വന്തം മിസ്റ്റിക്കല്‍ അനുഭവങ്ങളിലൂടെ എനിക്കുപിന്നാലെ രണ്ട് വര്‍ഷത്തിനുശേഷം സഭയിലേക്ക് വന്നു. മറ്റ് പല ബന്ധുക്കളും ക്രൈസ്തവവിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുമുണ്ട്. ഞാന്‍ കരുതിയത്; ഞാന്‍ സഭയിലേക്ക് വന്നു, അതോടെ കഴിഞ്ഞു എന്നാണ്. പക്ഷേ ദൈവത്തിന് വലിയ പദ്ധതികളുണ്ടായിരുന്നു എന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു.

മറിയം എപ്പോഴും എന്നോടൊപ്പമുണ്ടായിരുന്നു. ഇപ്പോഴും അങ്ങനെതന്നെ. പക്ഷേ അവള്‍ എന്നെ പുത്രനിലേക്കാണ് എപ്പോഴും നയിക്കുന്നത്. അവളെ നിങ്ങള്‍ സ്നേഹിച്ചാല്‍ അവള്‍ നിങ്ങളുടെ കൈകള്‍ പുത്രന്‍റെ കൈകളിലേക്ക് ചേര്‍ത്തുവയ്ക്കും.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles