Home/Encounter/Article

ആഗ 14, 2020 2160 0 Rev Dr Kurian Mattom
Encounter

പ്രലോഭനങ്ങളില്‍ വിജയം

‘നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാക്കാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍” (ഹെബ്രായര്‍ 4:15).

വിശുദ്ധ യോഹന്നാന്‍റെ വാക്കുകളില്‍ “ജഡത്തിന്‍റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്‍റെ അഹന്ത” (1 യോഹന്നാന്‍ 2:16) എന്നിവയാണ് പ്രലോഭനങ്ങളുടെ ഹേതുക്കള്‍. മനുഷ്യനുണ്ടാകുന്ന പ്രലോഭനങ്ങളുടെ അര്‍ത്ഥമെന്താണെന്നും അവയെ എങ്ങനെ അതിജീവിക്കാമെന്നും ഈശോയുടെ പ്രലോഭനാനുഭവം നമ്മെ പഠിപ്പിക്കുന്നു. ഈശോക്ക് പ്രലോഭനമുണ്ടായെങ്കില്‍ നമുക്കും ഉണ്ടാകും എന്ന സത്യവും അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പരിശുദ്ധാത്മാവ് ഈശോയെ മരുഭൂമിയിലേക്ക് നയിക്കുന്നെങ്കിലും ദൈവമല്ല പ്രലോഭനത്തിന് കാരണം. തിരുവചനം പറയുന്നുവല്ലോ: “പരീക്ഷിക്കപ്പെടുമ്പോള്‍, താന്‍ ദൈവത്താലാണ് പരീക്ഷിക്കപ്പെടുന്നത് എന്ന് ഒരുവനും പറയാതിരിക്കട്ടെ” (യാക്കോബ് 1:13). ഈശോയെ പ്രലോഭിപ്പിക്കുന്നത് സാത്താനാണ്. പാപമൊഴികെ എല്ലാ കാര്യങ്ങളിലും ഈശോ നമ്മെപ്പോലെ ആയിരുന്നുവെന്നു പറയുമ്പോള്‍ പ്രലോഭനം അതില്‍ത്തന്നെ പാപമല്ല എന്നും വ്യക്തമാണ്.

ഈശോ പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ കരുത്താര്‍ജിച്ചത് നാല്പതുദിവസത്തെ പ്രാര്‍ത്ഥനയും ഉപവാസവും വ ഴിയാണ്. ഈശോയുടെ ഒന്നാമത്തെ പ്രലോഭനം ജഡത്തിന്‍റെ ദുരാശ-ശരീരത്തിന്‍റെ ആസക്തി-യോട് ബന്ധപ്പെട്ടതാണ്. വിശന്നു തളര്‍ന്നിരിക്കുന്ന ഈശോയ്ക്ക് കല്ലുകള്‍ അപ്പമാക്കി തിന്നരുതോ എന്നാണ് പിശാച് ചോദിക്കുന്നത്. ഈശോയുടെ മറുപടി നിയമാവര്‍ത്തനം 8:3 തിരുവചനമാണ്. മനുഷ്യന്‍ അപ്പംകൊണ്ടുമാത്രമല്ല, ദൈവത്തിന്‍റെ നാവില്‍നിന്നു പുറപ്പെടുന്ന വചനംകൊണ്ടുമാണ് ജീവിക്കുന്നത്. ശരീരത്തിന്‍റെ ആസക്തികളെ തൃപ്തിപ്പെടുത്തുന്നത് ക്രമേണ ഹൃദയകാഠിന്യത്തിലേക്കും അജ്ഞതയിലേക്കും അന്ധകാരത്തിലേക്കും മനസിന്‍റെ മരവിപ്പിലേക്കും ഒടുവില്‍ ദൈവത്തില്‍നിന്നുള്ള അകല്‍ച്ചയിലേക്കും എത്തിക്കുന്നുവെന്ന് വിശുദ്ധ പൗലോസ് വ്യക്തമാക്കുന്നു (എഫേസോസ് 4:18-20).

‘ജീവിതത്തിന്‍റെ അഹന്ത’യുടെ പ്രലോഭനമാണ് രണ്ടാമത്തേത്. വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവികസംരക്ഷണം (സങ്കീര്‍ ത്തനങ്ങള്‍ 91:11-12) ചൂണ്ടിക്കാണിച്ചുകൊണ്ട് ദൈവാലയത്തിന്‍റെ അഗ്രത്തില്‍നിന്ന് താഴേക്ക് ചാടി ദൈവപുത്രനാണെന്ന് തെളിയിക്കാന്‍ ഈശോയോട് സാത്താന്‍ ആവശ്യപ്പെടുന്നു. പേരിനും പെരുമയ്ക്കും കയ്യടിക്കും അംഗീകാരത്തിനുംവേണ്ടിയുള്ള മനുഷ്യദാഹത്തിന്‍റെ പ്രലോഭനമാണിത്. ഈശോ നിരന്തരം നേരിടുന്ന ഒരു പ്രലോഭനം. കുരിശില്‍ കിടന്നപ്പോള്‍പോലും ‘നീ ദൈവപുത്രനാണെങ്കില്‍ ഇറങ്ങിവരിക, നിന്നെത്തന്നെ രക്ഷിക്കുക’ എന്ന വെല്ലുവിളി അവിടുന്ന് നേരിട്ടു. എന്നാല്‍ തന്‍റെ പരീക്ഷാവേളയില്‍ ദൈവവചനം ഉപയോഗിച്ചുതന്നെ ഈശോ പ്രലോഭകനെ കീഴ്പ്പെടുത്തി.

മൂന്നാമത്തെ പ്രലോഭനം ‘കണ്ണുകളുടെ ദുരാശ’യില്‍പെടുന്നു. ലോകത്തിന്‍റെയും ലോകവസ്തുക്കളുടെയും മഹത്വം കാണിച്ച് അത് സ്വന്തമാക്കാനായി സാത്താനെ ആരാധിക്കാന്‍ ആവശ്യപ്പെടുകയാണ്. ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് പഠിപ്പിച്ചുകൊണ്ട് ആ പ്രലോഭനത്തെയും ഈശോ തള്ളിക്കളയുന്നു. ഇന്ന് പണവും വസ്തുവകകളും സ്വന്തമാക്കാന്‍വേണ്ടി കൂടോത്രവും ചാത്തന്‍സേവയുമൊക്കെവഴി പിശാചിനെ ആരാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.

ഭൗതികനേട്ടങ്ങള്‍ക്കും ഐശ്വര്യത്തിനുംവേണ്ടി മാത്രം ദൈവത്തെ തേടുന്നതും വിഗ്രഹാരാധനയാണ്. “ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്” (1 കോറിന്തോസ് 15:19). ഉപവാസവും പ്രാര്‍ത്ഥനയും ഇന്ദ്രിയനിഗ്രഹവുമെല്ലാം നമ്മെ എത്തിക്കേണ്ടത് ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെയുള്ള സ്നേഹത്തിന്‍റെ ജീവിതത്തിലേക്കാണ്.

Share:

Rev Dr Kurian Mattom

Rev Dr Kurian Mattom

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles