Trending Articles
തോമസുകുട്ടിയുടെ ജീവിതം ഹൃദയസ്പര്‍ശിയാണ്. അയാളുടെ സുന്ദരിയായ ഭാര്യ ആദ്യ പ്രസവത്തില്‍ മരിക്കുന്നു, ഒരു ആണ്‍കുഞ്ഞിനെ തോമസ്‌കുട്ടിയ്ക്ക് സമ്മാനിച്ചുകൊണ്ട്. രണ്ടാമതൊരു വിവാഹം കഴിക്കുവാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചു. പക്ഷേ അയാള്‍ വഴങ്ങിയില്ല. അദ്ധ്വാനിച്ചു തന്‍റെ കുഞ്ഞിനെ പഠിപ്പിച്ചു, ഇപ്പോള്‍ അവന് ഉയര്‍ന്ന ജോലിയുണ്ട്. സുന്ദരിയായ ഒരു പെണ്‍കുട്ടിയെ തന്‍റെ മകന് ജീവിതപങ്കാളിയായി കണ്ടെത്തി. പുതുപ്പെണ്ണിന്‍റെ സ്‌നേഹത്തില്‍ അവന്‍ പിതാവിനെ മറന്നു. ഓമനിച്ചു വളര്‍ത്തിയ ആ മകന്‍ പിതാവിനെ തന്‍റെ ഭവനത്തില്‍നിന്നും ആട്ടിപ്പുറത്താക്കുന്നു.
ദൈവംപോലും പൊറുക്കാത്ത അപരാധമാണ് അവന്‍ ചെയ്തത് എന്ന് നിങ്ങള്‍ പറയും. പക്ഷേ ദൈവം പറയുന്നു. ആ മനുഷ്യന്‍ നീ തന്നെ. സ്‌നേഹനിധിയായ പിതാവിനെ ധിക്കരിക്കുന്ന മകന്‍ നീ തന്നെ, ആ സ്‌നേഹവാരിധിയുടെ ഹൃദയം നൊന്തുള്ള വിലാപം ദിഗന്തങ്ങളില്‍ ഇന്നും മാറ്റൊലികൊള്ളുന്നു. ”ആകാശങ്ങളേ, ശ്രവിക്കുക. ഭൂതലമേ ശ്രദ്ധിക്കുക. കര്‍ത്താവ് അരുളിചെയ്യുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി; എന്നാല്‍ അവര്‍ എന്നോടു കലഹിച്ചു (ഏശയ്യ 1/2).
സഹനത്തിലേക്കുള്ള മാര്‍ഗം
പലപ്പോഴും നമ്മുടെ ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളില്‍ പിതാവിന്‍റെ ഈ വിലാപസ്വരം മുഴങ്ങി കേള്‍ക്കാം. ഓരോ സഹനത്തിലൂടെയും അവിടുന്നു പറയുന്നു: മകനേ, മകളേ നീ മടങ്ങി വരൂ.
പിതാവിന്‍റെ ഈ മധുരമായ സ്വരം കേള്‍ക്കുന്നവര്‍ സഹനങ്ങളെ നേരിടാന്‍ കരുത്തുള്ളവരാകും. ബിസിനസുകാരനായിരുന്നു ജോണി. പക്ഷേ ദൈവത്തെ മറന്നുള്ള ജീവിതമാണ് നയിച്ചത്. ഒടുവില്‍ ബിസിനസ്സ് തകര്‍ന്നു, ജോണി നാടുവിട്ടു. ജോണിയോടും പിതാവ് ഈ ആഹ്വാനം നടത്തി. അയാള്‍ ഒരു നവീകരണധ്യാനത്തില്‍ പങ്കെടുക്കുകയും യേശുവിനെ രക്ഷകനായി സ്വീകരിക്കുകയും ചെയ്തു. ഇന്ന് അവിടുത്തെ സാക്ഷിയായി ജീവിക്കുന്നു. കടബാദ്ധ്യതകള്‍ വീട്ടുവാന്‍ അത്ഭുതകരമായി ജോണിയ്ക്ക് അവിടുന്ന് കൃപനല്കി.
സഹനം ആത്മശോധനയുടെ സമയം
സഹനങ്ങളുണ്ടാകുമ്പോള്‍ പലപ്പോഴും നാം ദൈവത്തോട് ചോദ്യം ചോദിയ്ക്കാറുള്ളത്, ”എന്തുകൊണ്ട് ദൈവം എന്നെ പരീക്ഷിയ്ക്കുന്നു?”പക്ഷേ, യഥാര്‍ത്ഥത്തില്‍ ദുരിതങ്ങളുണ്ടാകുമ്പോള്‍ ഞാന്‍ എന്നോടുതന്നെയാണ് ചോദ്യം ചോദിക്കേണ്ടത്. ഈ ദുഃഖാനുഭവത്തിലൂടെ എന്ത് സന്ദേശമാണ് എനിക്ക് എന്‍റെ പിതാവ് നല്‍കുന്നത്? ഇങ്ങനെ ആത്മശോധന നടത്തുന്ന വ്യക്തിക്ക് സഹനം എപ്പോഴും പിതാവിലേയ്ക്ക് ഒരു പടികൂടി അടുക്കുവാന്‍ സഹായകമാകും തീര്‍ച്ചതന്നെ.
വിശുദ്ധന്മാര്‍ക്കും സഹനമോ?
ഞാന്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ച വ്യക്തിയാണ്. അവിടുത്തെ കല്‍പനകളനുസരിച്ച് ജീവിയ്ക്കുന്ന വ്യക്തി. അവിടുത്തെ സുവിശേഷം പകര്‍ന്നു നല്‍കുവാന്‍ എന്‍റെ സമയവും ആരോഗ്യവും സമ്പത്തും ഞാന്‍ വിനിയോഗിക്കുന്നു. എന്നിട്ടും എനിക്കെപ്പോഴും സഹനം. എന്‍റെ ഈ നിശബ്ദമായ തേങ്ങലുകളുടെ അര്‍ത്ഥമെന്താണ്? ഞാന്‍ ആത്മപരിശോധന നടത്തിയിട്ടും തിരുത്തപ്പെടേണ്ട മേഖലകള്‍ കാണുന്നില്ലല്ലോ? ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ നിരവധിയാണ്. ഇതിനുള്ള ഉത്തരം യേശു തന്നെ നല്‍കുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്ക്കാനായി അവിടുന്ന് വെട്ടിയൊരുക്കുകയും ചെയ്യുന്നു (യോഹന്നാന്‍ 15/2).
ശാപമല്ല, അനുഗ്രഹം
യേശുവിനോടൊത്ത് ജീവിക്കുന്ന ഒരു വ്യക്തിയ്ക്ക് സഹനത്തിന്‍റെ ഓരോ നിമിഷങ്ങളും കൂടുതല്‍ ആഹഌദം പകരുന്നു. കാരണമെന്തെന്നല്ലേ? എന്‍റെ ഈശോ എന്നെ കൂടുതല്‍ സ്‌നേഹിക്കുന്നതുകൊണ്ടാണ് എനിയ്ക്ക് കൂടുതല്‍ സഹനങ്ങളുണ്ടാകുന്നത്. എന്‍റെ സഹപ്രവര്‍ത്തകന്‍ എന്നെ കുത്തുവാക്കു പറഞ്ഞു വേദനിപ്പിക്കുമ്പോള്‍ ഞാന്‍ അയാളെ വെറുക്കുന്നില്ല. കാരണം? അയാള്‍ യേശുവിന്‍റെ കൈയിലെ ഒരു ഉപകരണമാണ്. ഈ തിരിച്ചറിവ് ഇല്ലാത്തപ്പോഴാണ് നമ്മെ വേദനിപ്പിക്കുന്നവരോട് നാം അനാവശ്യമായ പക വച്ചു പുലര്‍ത്തുന്നത്. അവരിലൂടെ യേശു കൂടുതല്‍ ഫലം പുറപ്പെടുവിയ്ക്കുവാന്‍ എനിക്ക് പരിശീലനം നല്‍കുകയാണ്.
മരണത്തിന്‍റെ നിഴല്‍ വീണ താഴ്‌വരയോ?
പലപ്പോഴും മരണത്തെ നേരില്‍ കാണുന്ന അവസരങ്ങള്‍ പലരുടെയും ജീവിതത്തിലുണ്ടാകാറുണ്ട്. ഞാന്‍ മാരകമായ രോഗത്തിന് അടിമയാണെന്ന് ഡോക്ടര്‍ പറയുന്നു. എന്‍റെ പ്രതികരണമെന്ത്? രണ്ടു മാര്‍ഗങ്ങളാണ് മുമ്പില്‍ തുറന്നു കിടക്കുന്നത്. ഒന്ന്, നിരാശയ്ക്ക് അടിമയാവുക. കീഴടക്കുവാന്‍ ഏതു നിമിഷവും കടന്നുവരാവുന്ന മരണത്തിന്‍റെ കാലൊച്ച കേട്ട് ഭയത്തിനടിമയായി ജീവിക്കുക. രണ്ട്, ഈ മരണത്തിന്‍റെ താഴ്‌വരയിലൂടെ എന്നെ കൈപിടിച്ചു നടത്തുന്ന എന്‍റെ സ്‌നേഹപിതാവിനെ കാണുക. ഈ ഇരുള്‍ വീണ താഴ്‌വരയില്‍ ഞാന്‍ തനിച്ചല്ല. ഈ ബോദ്ധ്യം എനിയ്ക്ക് ശക്തി പകരും. ”മരണത്തിന്‍റെ നിഴല്‍ വീണ താഴ്‌വരയിലൂടെയാണ് ഞാന്‍ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 23/4).
ഒരു ജീവിതാനുഭവം
സുപ്രസിദ്ധ വചന പ്രഘോഷകനായ ഫാ. ജീനോ തന്‍റെ അനുഭവം പങ്കുവച്ചത് ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹവും ടീം അംഗങ്ങളും ഒരിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് മരണാസന്നനായി ആസ്പത്രിയില്‍ കിടക്കുന്ന ഒരു യുവാവിനുവേണ്ടി പ്രാര്‍ത്ഥിയ്ക്കുവാന്‍ പോയി. അതികഠിനമായ വേദനയില്‍ തന്‍റെ വിധിയോര്‍ത്ത് അയാള്‍ ദൈവത്തെ പഴിച്ചിരുന്നു. ആ യുവാവിനുവേണ്ടി 23-ാം സങ്കീര്‍ത്തനം പാടിയാണ് അവര്‍ പ്രാര്‍ത്ഥിച്ചത്. മരണത്തിന്‍റെ നിഴല്‍ വീണ താഴ്‌വരയിലൂടെ തന്നെ കൈപിടിച്ചു നടത്തുന്ന കര്‍ത്താവിനെ അയാള്‍ ദര്‍ശിച്ചു. അയാള്‍ ഭയത്തില്‍നിന്നും മോചിതനായി. അയാളുടെ ഹൃദയം സന്തോഷത്താല്‍ നിറഞ്ഞു. പ്രാര്‍ത്ഥനയ്ക്കുശേഷം അയാള്‍ പറയുകയാണ്. I have victory over my suffering.. അതെ, തന്നെ കീഴടക്കുവാന്‍ ശ്രമിച്ച ആ ദുരന്തത്തെ കീഴടക്കുന്നതിനുള്ള കൃപ യേശു അയാള്‍ക്കു നല്‍കി.
വിലയ്ക്ക് വാങ്ങപ്പെട്ടവര്‍
രക്ഷകനായ ഈശോ തന്‍റെ സഹനം മൂലം മനുഷ്യവര്‍ഗത്തെ വിലയ്ക്ക് വാങ്ങി. യേശുവിന്‍റെ ഈ രക്ഷാകരദൗത്യം തുടര്‍ന്നുകൊണ്ടുപോകുവാനുള്ള വിലയേറിയ അവസരങ്ങളാണ് ഓരോ സഹനത്തിന്‍റെ നിമിഷങ്ങളും. എന്‍റെ മാതാപിതാക്കളുടെ, ജീവിതപങ്കാളിയുടെ, മക്കളുടെ, നാടിന്‍റെ മാനസാന്തരത്തിനായി എന്‍റെ സഹനം എനിക്ക് കാഴ്ചയായി സമര്‍പ്പിക്കുവാന്‍ സാധിക്കും.
രക്ഷാകരമായ സഹനം
രക്ഷകന്‍റെ കുരിശിന്‍റെ ചുവട്ടില്‍ ദൈവതിരുമനസിന് പൂര്‍ണ്ണമായും കീഴടങ്ങിയവളാണ് പരിശുദ്ധ അമ്മ. സഹനത്തിന്റെ ഏകാന്ത നിമിഷങ്ങളില്‍ യേശുവിന്‍റെ ശബ്ദം നമ്മുടെ കാതുകളില്‍ മുഴങ്ങുന്നു: ഇതാ നിന്‍റെ അമ്മ. ജീവിതത്തിലുണ്ടാകുന്ന കുരിശുകളെ സന്തോഷപൂര്‍വ്വം ചുമക്കുവാന്‍ കുരിശിന്‍ചുവട്ടില്‍ നില്‍ക്കുന്ന അമ്മ നമുക്ക് തന്‍റെ പ്രാര്‍ത്ഥനയിലൂടെ ശക്തി പകരും.
സഹനത്തിലൂടെ ജീവന്‍ നേടിയവന്‍
കുരിശില്‍ കിടന്ന് പിടഞ്ഞു മരിയ്ക്കുന്ന ദൈവപുത്രനുമാത്രമേ എന്‍റെ ജീവിതത്തിലുണ്ടാകുന്ന സഹനത്തിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥം എനിയ്ക്ക് പറഞ്ഞു തരാനാകൂ. എനിയ്ക്കുവേണ്ടി കുത്തിത്തുറക്കപ്പെട്ട എന്‍റെ രക്ഷകന്‍റെ തിരുഹൃദയത്തിലേയ്ക്ക് നോക്കി ധ്യാനിക്കുമ്പോള്‍ എന്‍റെ ദുരിതങ്ങള്‍ക്ക് പുതിയ മാനം കൈവരുന്നു. മറ്റാര്‍ക്കും മനസിലാക്കുവാന്‍ പറ്റാത്ത നിന്‍റെ ഹൃദയത്തിലെ നിശബ്ദമായ തേങ്ങലുകള്‍ അവിടുന്ന് കാണുന്നു. അവിടുന്ന് നിന്നെ ആശ്വസിപ്പിക്കും. കാരണം നിന്നെപ്പോലെ അവിടുന്നു നിശബ്ദനായി വേദനിച്ചവനാണ്.
”അവന്‍ മര്‍ദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവന്‍ ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്നില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു” (ഏശയ്യാ 53/7). വേദനിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍ അവിടുത്തേക്ക്മാത്രമേ കഴിയൂ. കാരണം, ”അവന്‍റെമേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്കി. അവന്‍റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു” (ഏശയ്യാ 53/5).
നിനക്കു വേണ്ടി തന്‍റെ അവസാനതുള്ളി രക്തം വരെയും ചിന്തിക്കൊണ്ട് നിന്നെ രക്ഷിച്ച അവിടുത്തെ കുരിശിന്‍ ചുവട്ടില്‍ നിന്‍റെ ഭാരങ്ങള്‍ ഇറക്കി വയ്ക്കൂ. അങ്ങനെ സ്വതന്ത്രനാകൂ. നിന്‍റെ സഹനങ്ങള്‍ ഇനിമേല്‍ നിരാശയിലേയ്ക്കല്ല, പ്രത്യാശയിലേയ്ക്കാണ് നയിക്കുക. ഓര്‍ക്കുക, നിരാശ പിശാചിന്‍റെ ആയുധമാണ്. അവന്‍ കൊല്ലുവാനും നശിപ്പിക്കുവാനുമാണ് വരുന്നത്. യേശുവിന്‍റെ പക്കല്‍ ഈ നിമിഷം തന്നെ മുട്ടുകുത്തി നിന്‍റെ ക്ലേശങ്ങള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കൂ.
പ്രാര്‍ത്ഥന
കാരുണ്യവാനായ യേശുവേ, അവിടുത്തെ ആത്മാവിനാല്‍ എന്നെ നിറച്ച് ബലപ്പെടുത്തണമേ.
പരിശുദ്ധ മാതാവേ, എന്‍റെ സഹനങ്ങളെ രക്ഷാകരമാക്കുവാന്‍ എനിക്കുവേണ്ടി അപേക്ഷിക്കണമേ.
കെ.ജെ മാത്യു 1995 ആഗസ്റ്റ് ലക്കം ശാലോം ടൈംസില്‍ എഴുതിയ ലേഖനം
Shalom Tidings
Want to be in the loop?
Get the latest updates from Tidings!