Trending Articles
നാലാം നൂറ്റാണ്ടില്‍ ഈജിപ്തിലെ പ്രശസ്ത സന്യാസഭവനങ്ങളിലൊന്നായിരുന്ന സ്കീറ്റിലെ പെത്ര സന്യാസഭവനം. അവിടത്തെ താപസപിതാവായിരുന്നു മോസസ് ദി ബ്ലാക്ക് എന്ന പേരില്‍ അറിയപ്പെടുന്ന മോസസ്. ഒരിക്കല്‍ മോസസ് താമസിച്ചിരുന്ന സന്യാസഭവനത്തില ഒരു സന്യാസി ചെയ്ത കുറ്റത്തിന് ശിക്ഷ വിധിക്കുന്നതിനായി സഹസന്യാസിമാര്‍ ആശ്രമത്തില്‍ ഒരുമിച്ചുകൂടി. മോസസിനെയും ആ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. വീണ്ടും സന്യാസിമാര്‍ ക്ഷണിച്ചതിനെ തുടര്‍ന്ന് വെള്ളം പുറത്തേക്കൊഴുകുന്ന പൊട്ടിയ ഒരു കുടവുമായാണ് അദ്ദേഹം സമ്മേളന മുറിയിലേക്ക് കടന്നുവന്നത്.
എന്താണ് ഈ പെരുമാറ്റത്തിന്‍റെ അര്‍ത്ഥം എന്നാരാഞ്ഞ സന്യാസിമാരോട് അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു -‘കഴിഞ്ഞകാല ജീവിതത്തിലെ പാപങ്ങള്‍ ഈ വെള്ളം പോലെ എന്‍റെ പിന്നില്‍ നിലത്ത് തുളുമ്പി കിടക്കുന്നത് ഞാന്‍ കാണുന്നില്ല. എന്നാല്‍ ഇന്നിതാ മറ്റൊരുവന്‍റെ പാപങ്ങള്‍ വിധിക്കാന്‍ ഞാന്‍ വന്നിരിക്കുന്നു.’ മോസസിന്‍റെ വാക്കുകള്‍ ആ കൂട്ടായ്മയില്‍ പങ്കെടുത്തിരുന്ന സന്യാസിമാരെ സ്വാധീനിച്ചു. തെറ്റ് ചെയ്ത സന്യാസിയോട് ക്ഷമിക്കുവാന്‍ അവര്‍ തീരുമാനമെടുത്തു.
പ്രതികാരദാഹിയും ജഡികനും അക്രമകാരിയും കവര്‍ച്ചക്കാരനുമായ വിജാതീയ യുവാവ്, ആബാ മോസസ് എന്ന വിശുദ്ധ സന്യാസിയായി മാറിയ കഥ അറിയുമ്പോള്‍ മാത്രമാണ് മോസസിന്‍റെ വാക്കുകളുടെ അര്‍ത്ഥം പൂര്‍ണമായി മനസിലാക്കാന്‍ സാധിക്കുന്നത്.
ഈജിപ്ഷ്യന്‍ ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥന്‍റെ സേവകനായിരുന്നു മോസസ്. കൃത്യവിലോപത്തെ തുടര്‍ന്ന് ആ ജോലി അദ്ദേഹത്തിന് നഷ്ടപ്പെട്ടു. തുടര്‍ന്ന് 75 പേരടങ്ങുന്ന ഒരു കവര്‍ച്ചാസംഘത്തിന്‍റെ നേതാവായി മാറിയ മോസസ് ഈജിപ്ഷ്യന്‍ മരുഭൂമിയിലൂടെ യാത്ര ചെയ്യുന്നവരുടെ പേടിസ്വപ്നമായി മാറി. ആ പ്രൊവിന്‍സിലെ ഗവര്‍ണര്‍ ഈ കൊള്ളസംഘത്തെ അമര്‍ച്ച ചെയ്യാന്‍ പല തവണ സൈനികരെ അയച്ചെങ്കിലും അവരോട് ചെറുത്തു നിന്ന കൊള്ളസംഘം നാള്‍ക്കുനാള്‍ കൂടുതല്‍ ശക്തിപ്രാപിച്ചു. അവസാനം ഇവരെ തുരത്തുന്നതിനായി ഗവര്‍ണര്‍ക്ക് വലിയൊരു സൈന്യത്തെത്തന്നെ അയക്കേണ്ടതായി വന്നു. സൈന്യത്തിന് പിടികൊടുക്കാതെ രക്ഷപെട്ടോടിയ മോസസ് എത്തിച്ചേര്‍ന്നത് അലക്സാണ്‍ഡ്രിയക്ക് സമീപമുള്ള സ്കീറ്റ് പ്രദേശത്തെ സന്യാസഭവനമായ പെത്രായിലായിരുന്നു. മോസസ് ഒരു കവര്‍ച്ചക്കാരനാണെന്ന് അറിഞ്ഞിട്ടും സന്യാസിമാര്‍ അദ്ദേഹത്തിന് ഭക്ഷണം നല്‍കുകയും അദ്ദേഹത്തോട് കാരുണ്യത്തോടെ പെരുമാറുകയും ചെയ്തു. കുറച്ചുകാലം ഒരു ഒളിത്താവളം എന്ന നിലയിലാണ് മോസസ് സന്യാസഭവനത്തില്‍ താമസമാരംഭിച്ചത്.
എന്നാല്‍ സന്യാസിമാരുടെ കാരുണ്യത്തിനും നന്മക്കും മുന്‍പില്‍ മോസസിന് അധികകാലം പിടിച്ചുനില്‍ക്കാനായില്ല. അവരുടെ കരുണയും പരിചരണവും സ്വീകരിച്ചുള്ള ആ ഒളിവുകാലജീവിതം മോസസിനെ മാനസാന്തരത്തിലേക്ക് നയിച്ചു. തന്‍റെ പഴയകാല പാപജീവിതം ഉപേക്ഷിച്ചുകൊണ്ട് പെത്രായിലെ ആ സന്യാസഭവനത്തില്‍ അദ്ദേഹം പുതിയൊരു ജീവിതത്തിന് തുടക്കം കുറിച്ചു. അതൊരിക്കലും എളുപ്പമുള്ള ഒരു തീരുമാനമായിരുന്നില്ല. ഉള്ളില്‍ നശിക്കാതെ കിടന്നിരുന്ന പഴയ പാപങ്ങളുടെ വേരുകള്‍ പലപ്പോഴും അദ്ദേഹത്തെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. ലഹരിയും ജഡികസുഖങ്ങളും അദ്ദേഹത്തെ മാടിവിളിച്ചു. ഒരിക്കല്‍ പ്രലോഭനങ്ങള്‍ ശക്തമായിരുന്ന സാഹചര്യത്തില്‍ തന്‍റെ മാനസികസംഘര്‍ഷം അദ്ദേഹം ആബട്ടായിരുന്ന വിശുദ്ധ ഇസിദോറുമായി പങ്കുവച്ചു. അടുത്തദിവസം പ്രഭാതത്തില്‍ മോസസിനെ ആശ്രമത്തിന്‍റെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി സൂര്യോദയം കാണിച്ചുകൊണ്ട് വിശുദ്ധ ഇസിദോര്‍ ഇപ്രകാരം പറഞ്ഞു ‘സൂര്യകിരണങ്ങള്‍ എത്ര സാവധാനമാണ് ഇരുളകറ്റുന്നത് എന്ന് കണ്ടില്ലേ? ഇപ്രകാരം തന്നെയാണ് ദൈവസ്പര്‍ശനം ലഭിച്ച ആത്മാവിന്‍റെ അവസ്ഥയും.’
അവസാനം ദൈവികകിരണങ്ങള്‍ അദ്ദേഹത്തിന്‍റെ ആത്മാവിന്‍റെ ഇരുളിനെ പൂര്‍ണമായി അകറ്റുകതന്നെ ചെയ്തു. മരണംവരെയുള്ള അദ്ദേഹത്തിന്‍റെ ജീവിതം അതിന് സാക്ഷ്യം നല്‍കുന്നു. ഒരിക്കല്‍ കവര്‍ച്ചക്കാര്‍ സന്യാസ ആശ്രമം ആക്രമിച്ചപ്പോള്‍ മോസസ് അവരെ കീഴ്പ്പെടുത്തുകയും ബന്ധനസ്ഥനരാക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നുള്ള മോസസിന്‍റെ കരുണാപൂര്‍വമായ ഇടപെടലുകള്‍ അവരെയും മാനസാന്തരത്തിലേക്ക് നയിച്ചു. എഡി 405ല്‍ മോസസിന്‍റെ 75-ാമത്തെ വയസില്‍ മറ്റൊരു കവര്‍ച്ചാസംഘം ആശ്രമം ആക്രമിക്കുമെന്ന അറിവ് മോസസിന് ലഭിച്ചു. എന്നാല്‍ ഇത്തവണ അവരെ നേരിടാന്‍ മോസസ് സഹസന്യാസിമാരെ അനുവദിച്ചില്ല. അവരുടെ ആക്രമണത്തെ ചെറുക്കാതിരുന്ന മറ്റ് ഏഴ് സന്യാസിമാരോടൊപ്പം മോസസ് രക്തസാക്ഷിത്വം വരിച്ചു. മരണസമയത്ത് തന്‍റെ കൂടെയുണ്ടായിരുന്ന ആബാ സക്കറിയായോട് അദ്ദേഹം ഇപ്രകാരം പറഞ്ഞു-‘ആനന്ദിച്ചാഹ്ലാദിക്കുക, സക്കറിയ, ഇതാ സ്വര്‍ഗത്തിന്‍റെ വാതിലുകള്‍ തുറന്നിരിക്കുന്നു.’
പാപത്തില്‍നിന്ന് പുണ്യത്തിലേക്ക് ഇത്ര പെട്ടന്നുള്ള മാനസാന്തരം ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ മരണത്തിന് 70 വര്‍ഷങ്ങള്‍ക്ക് ശേഷം രചിക്കപ്പെട്ട എക്ലേസിയാസ്റ്റിക്കല്‍ ഹിസ്റ്ററിയില്‍ മോസസ് ദി ബ്ലാക്കിന്‍റെ ജീവിതത്തെക്കുറിച്ച് ഹെര്‍മിയാസ് സോസോമെന്‍ എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Renjith Lawrence
Want to be in the loop?
Get the latest updates from Tidings!