Trending Articles
ആ യാത്ര വലിയ പ്രത്യാശയുടെ യാത്രയായിരുന്നു. ഈശോയുടെ പ്രിയപ്പെട്ട ആ സന്യാസിനിയില്‍നിന്നും വിമലഹൃദയ പ്രതിഷ്ഠയെ പറ്റി ആഴത്തില്‍ മനസ്സിലാക്കിയപ്പോള്‍ എനിക്കും അമ്മയുടെ ഹൃദയം സ്വന്തമാക്കണമെന്ന ആഗ്രഹം ശക്തമായി. ഇരുപത്തിയഞ്ചു വര്‍ഷമായി നവീകരണ ജീവിതത്തിലേക്ക് കടന്നു വന്നിട്ടെങ്കിലും എന്തോ ഒരു ശൂന്യത എന്നെ വേട്ടയാടുന്നതുപോലെ തോന്നി. എന്റെതന്നെ സ്വഭാവത്തിന്റെ ചില പ്രത്യേകതകള്‍ എനിക്ക് ഉള്‍കൊള്ളാന്‍ കഴിയാത്തതായിരുന്നു ആ ശൂന്യതയുടെ കാരണം. എന്നാല്‍, മാതാവിന്റെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിച്ചാല്‍ ഏത് മാറ്റാന്‍ പറ്റാത്ത സ്വഭാവമാണെങ്കിലും ‘അമ്മ മാറ്റി തരും’ എന്നു കേട്ടത് ഞാന്‍ പൂര്‍ണ്ണമായും വിശ്വസിച്ചു. പിന്നീട് വിമലഹൃദയത്തിലൂടെ ഞാന്‍ എന്റെ എല്ലാ പ്രശ്‌നത്തിനും ഉത്തരം കണ്ടത്തി.
പുണ്യങ്ങള്‍ പൂക്കാന്‍…
ചെയ്യുന്ന എല്ലാ പ്രവൃത്തികളെയും നമുക്ക് പുണ്യങ്ങളാക്കാന്‍ സാധിക്കും. രണ്ടു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഒന്നാമതായി നാം ചെയ്യുന്ന ആ പ്രവൃത്തി ഈശോയോടുള്ള സ്‌നേഹത്തെപ്രതിയായിരിക്കണം. രണ്ടാമത് ഓരോ പ്രവൃത്തിയും പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിക്കായി ഞാന്‍ കാഴ്ചവയ്ക്കുന്നു എന്ന കൊച്ചു സുകൃത ജപം നാം ചെല്ലണം. ഇതിലൂടെത്തന്നെ എല്ലാ പ്രവൃത്തികളെയും നമുക്ക് പുണ്യങ്ങള്‍ ആക്കാന്‍ സാധിക്കും.
വാഹനം ഓടിക്കുമ്പോഴും പറമ്പില്‍ പണിയെടുക്കുമ്പോഴും മുതിര്‍ന്നവരെ സഹായിക്കുമ്പോഴും പാത്രം കഴുകുമ്പോഴും മുറ്റമടിക്കുമ്പോഴും വീട് വൃത്തിയാക്കുമ്പോഴും പഠിക്കുമ്പോഴും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയില്‍ ആയിരിക്കുമ്പോഴും പ്രേഷിത പ്രവര്‍ത്തനം ചെയ്യുമ്പോഴുമെല്ലാം അത് പുണ്യപ്രവൃത്തിയാക്കി മാറ്റുന്നതിനുള്ള എളുപ്പമാര്‍ഗ്ഗമാണിത്. നമ്മള്‍ ചെയ്യുന്ന പ്രവൃത്തി എത്ര നന്മയുള്ളതാണെങ്കിലും ഈശോയോടുള്ള സ്‌നേഹത്തെപ്രതി ചെയ്തില്ലെങ്കില്‍ അത് പുണ്യ പ്രവൃത്തിയാകില്ല എന്നത് ഓര്‍ക്കാം. അത് അമ്മയുടെ ഹൃദയം വഴി പരിശുദ്ധ ത്രിത്വത്തിനു സമര്‍പ്പിച്ചാല്‍ അപ്പോള്‍ത്തന്നെ സ്വര്‍ഗ്ഗത്തില്‍ അത് നമുക്കു നിക്ഷേപമായിരിക്കും, തീര്‍ച്ച.
പാപം കുറയും!
ഇങ്ങനെ പുണ്യങ്ങള്‍ കൂട്ടിയാല്‍ നമ്മുടെ പാപത്തിന്റെ അളവ് കുറച്ചു കൊണ്ടുവരാന്‍ നമുക്കു സാധിക്കും. നമ്മുടെ ആത്മാവിനെ നശിപ്പിക്കുന്ന എല്ലാ പ്രവൃത്തിക്കളയും നമുക്ക് പുണ്യങ്ങളാക്കി മാറ്റാന്‍ സാധിക്കും. കോപിക്കാന്‍ പ്രേരണ വരുമ്പോള്‍ ക്ഷമിച്ച് പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലുടെ പരിശുദ്ധ ത്രിത്വത്തിനു സമര്‍പ്പിച്ചാല്‍ അത് ഒരു പുണ്യമാകും. അതുപോലെ ഉത്കണ്ഠ വരുമ്പോള്‍ പ്രത്യാശയുടെ ദൈവവചനങ്ങള്‍ ഉരുവിട്ട് പുണ്യമാക്കാം. മറ്റുള്ളവരുടെ കുറ്റം പറയുന്ന സ്വഭാവത്തെയും സ്വാര്‍ത്ഥതയെയും അലസതയെയും അസൂയയെയും ഒക്കെ പുണ്യങ്ങളാക്കി മാറ്റാം. മറ്റുള്ളവര്‍ നമ്മില്‍ അസ്വസ്ഥത ഉളവാക്കുന്ന വിധത്തില്‍ ഇടപെടുമ്പോള്‍ അതിനെയും നമുക്ക് ഇപ്രകാരം പുണ്യമാക്കാന്‍ സാധിക്കും.
പുണ്യാഭ്യസനത്തിലുടെ യേശുക്രിസ്തുവില്‍ നമ്മെക്കുറിച്ചുള്ള ദൈവഹിതം നിറവേറപെടും. കാരണം പുണ്യാഭ്യാസിക്ക് എപ്പോഴും ആത്മാവില്‍ സന്തോഷിച്ചുകൊണ്ടിരിക്കാന്‍ സാധിക്കും. പുണ്യാഭ്യാസി ഇടവിടാതെ പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായിരിക്കും. എല്ലാ കാര്യങ്ങളെയും പ്രതി നന്ദിയുടെ ജീവിതമായിരിക്കും വിമലഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്ന ഒരു പുണ്യാഭ്യാസിയുടെ ജീവിതം. ഇതാണല്ലോ യേശുക്രിസ്തുവില്‍ നമ്മെക്കുറിച്ചുള്ള ദൈവഹിതം. വിമല ഹൃദയ പ്രതിഷ്ഠയിലുടെ അമ്മ നമ്മെ അതിനായി സഹായിക്കും.
എന്താണ് വിമലഹൃദയ പ്രതിഷ്ഠ?
പാപപങ്കിലമായ എന്റെ ഹൃദയം പരിശുദ്ധ അമ്മയുടെ പാപമില്ലാത്ത ഹൃദയത്തിലേയ്ക്ക് 33 ദിവസം പ്രത്യേകമാവണ്ണം പ്രാര്‍ത്ഥിച്ചൊരുങ്ങി സമര്‍പ്പിക്കുന്നതാണ് വിമലഹൃദയ പ്രതിഷ്ഠ. പലേേപ്പാഴും പുറമേ നല്ല ജീവിതം കാണിച്ചാലും എന്റെ ആന്തരിക ഭാവത്തില്‍ ഞാന്‍ മറ്റൊരു വ്യക്തിയായിരിക്കും. എന്നാല്‍ അമ്മയുടെ ബാഹ്യഭാവവും ആന്തരിക ഭാവവും ഒരു പോലെ വിശുദ്ധമാണ്. വിമല ഹൃദയ പ്രതിഷ്ഠ നടത്തുമ്പോള്‍ നമുക്കും അമ്മയുടേതു പോലെ ഒരു നല്ല ആന്തരിക ഭാവം ലഭിക്കുന്നു. ഇതുവഴി പ്രധാനമായും നമ്മുടെ ചിന്തകളും പ്രവൃത്തികളും അമ്മയുടേതു പോലെ ആകും. അതിനുള്ള കൃപ അമ്മ വാങ്ങിത്തരും. മാതാവിന്റെ ഹൃദയത്തില്‍ പരിശുദ്ധ ത്രിത്വം മാത്രമുള്ളതുപോലെ നമ്മുടെ ഹൃദയത്തിലും പരിശുദ്ധ ത്രിത്വത്തിനാകും ഒന്നാം സ്ഥാനം.
എങ്ങനെയാണ് വിമലഹൃദയ പ്രതിഷ്ഠ നടത്തേണ്ടത്?
മാതാവിന്റെ തിരുനാളുകളിലാണ് വിമലഹൃദയ പ്രതിഷ്ഠ നടത്തേണ്ടത്. ഈശോ നമുക്കായി ഈ ഭൂമിയില്‍ ജീവിച്ച 33 വര്‍ഷങ്ങള്‍ ഓര്‍ത്തുകൊണ്ട് തിരുനാളിനു മുമ്പുള്ള 33 ദിവസങ്ങള്‍ പ്രത്യേകമായി പ്രാര്‍ത്ഥിച്ചൊരുങ്ങി വേണം വിമല ഹൃദയ പ്രതിഷ്ഠ നടത്താന്‍. 33 ദിവസത്തെ ഒരുക്ക പ്രാര്‍ത്ഥനാപുസ്തകം ലഭ്യമാണ്. അത് കിട്ടുന്നില്ലെങ്കില്‍ 33 ദിവസം നിയോഗാര്‍ത്ഥം ജപമാല ചൊല്ലി സമര്‍പ്പിച്ച് പ്രതിഷ്ഠിച്ചാലും നമ്മുടെ അമ്മ നമ്മെ സഹായിക്കാതിരിക്കില്ല. പ്രാര്‍ത്ഥനയോടൊപ്പം പുണ്യങ്ങള്‍ അഭ്യസിച്ചു വേണം പ്രതിഷ്ഠയ്ക്ക് ഒരുങ്ങാന്‍.
പ്രാര്‍ത്ഥന
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ പരിശുദ്ധ ത്രിത്വമേ, എന്റെ പാപപങ്കിലമായ ഹൃദയം സഹരക്ഷകയായ പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ ഹൃദയത്തെ വിശുദ്ധീകരിച്ച് ഒരു പുതു ഹൃദയം എന്നില്‍ നിക്ഷേപിച്ച് പുണ്യജീവിതം നയിക്കാന്‍ എന്നെ സഹായിക്കണമേ, ആമ്മേന്‍
(ഒരുക്ക പ്രാര്‍ത്ഥനാപുസ്തകത്തിന്- ഫോണ്‍: 9446957468)
Sini Antony
Want to be in the loop?
Get the latest updates from Tidings!