Home/Encounter/Article

ഫെബ്രു 07, 2020 1748 0 Nicy John
Encounter

പിസ, കെ.എഫ്.സി, ഹല്ലേലുയ, ഗ്ലോറിയ

ഏറെ നാളായി വിദേശത്ത് താമസിക്കുന്ന ഞങ്ങള്‍ താമസസ്ഥലത്തിന് സമീപമുള്ള ലത്തീന്‍ ദൈവാലയത്തിലാണ് സ്ഥിരമായി പോകാറുള്ളത്. കഴിഞ്ഞ വലിയ നോമ്പുകാലത്ത് അവിടെവച്ച് എന്നെ വളരെയധികം ചിന്തിപ്പിച്ച ഒരു സംഭവം ഉണ്ടായി. ഒരു ദിവസം ഞങ്ങള്‍ കുടുംബമൊന്നിച്ച് സജീവമായി വിശുദ്ധ ബലിയില്‍ പങ്കുകൊള്ളുകയായിരുന്നു. സുവിശേഷ പ്രസംഗം കഴിഞ്ഞ് അച്ചന്‍ പതിവുപോലെ അറിയിപ്പുകള്‍ പറയാന്‍ തുടങ്ങി. അതില്‍ ഒരു അറിയിപ്പ് ഇങ്ങനെയായിരുന്നു. “During lent season we will omit Halleluia and Gloria”- നോമ്പുകാലത്ത് നാം ഹല്ലേലുയയും ഗ്ലോറിയയും ഒഴിവാക്കും.

ഇത് കേട്ടതും എന്‍റെ തൊട്ടടുത്ത് നിന്നിരുന്ന മകന്‍ എന്നെ നോക്കി സന്തോഷത്തോടെ ചിരിച്ചു. എനിക്ക് ഒന്നും മനസിലായില്ല. വിശുദ്ധ കുര്‍ബാനയ്ക്കിടെ ഇവന്‍ എന്തിനാണ് ഇത്ര ചിരിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല.

പുറത്തിറങ്ങിയ ഉടനെ ഞാന്‍ അവനോട് ചോദിച്ചു, “എന്താണ് ഇന്ന് ഇത്ര വലിയ സന്തോഷം?” അവന്‍ ദീര്‍ഘശ്വാസം വലിച്ചിട്ട് എന്നോട് പറയുകയാണ്- “ദൈവത്തിന് നന്ദി! പിസയും കെ.എഫ്. സിയും ഒഴിവാക്കാന്‍ അച്ചന്‍ പറഞ്ഞില്ലല്ലോ. ഹല്ലേലുയയും ഗ്ലോറിയയും മാത്രം ഒഴിവാക്കാനല്ലേ പറഞ്ഞുള്ളൂ!” അതുകേട്ടപ്പോഴാണ് എനിക്ക് അവന്‍റെ സന്തോഷത്തിന്‍റെ കാര്യം പിടികിട്ടിയത്. ലത്തീന്‍ ആരാധനാക്രമത്തില്‍ വലിയ നോമ്പുകാലത്ത് ഹല്ലേലുയായുടെയും ഗ്ലോറിയയുടെയും കീര്‍ത്തനങ്ങള്‍ പാടുകയില്ല എന്നാണ് വാസ്തവത്തില്‍ വൈദികന്‍ അറിയിച്ചത്. എന്നാല്‍ അതുകേട്ട കുട്ടി അത് സ്വീകരിച്ചത് വേറെ രീതിയിലാണ് എന്നുമാത്രം.

തിരികെ വീട്ടിലെത്തുവോളം ഞാന്‍ അതേക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഇതുതന്നെയല്ലേ നമ്മളും ചെയ്യുന്നത്. ജീവിതത്തില്‍ നമുക്ക് സന്തോഷം തരുന്നുവെന്ന് നാം കരുതുന്ന മദ്യപാനവും പാര്‍ട്ടികളും ഈശോയ്ക്കിഷ്ടമില്ലാത്ത ജീവിതരീതികളുമൊന്നും ഒഴിവാക്കാന്‍ നമുക്ക് താത്പര്യമില്ല. ഇതെല്ലാം എത്ര വേണമെങ്കിലും നാം വിട്ടുകൊടുക്കും. കുടുംബപ്രാര്‍ത്ഥന സൗകര്യമുണ്ടെങ്കില്‍മാത്രം! ധ്യാനത്തിനോ പ്രാര്‍ത്ഥനാകൂട്ടായ്മക്കോ പോകാന്‍ സമയം കണ്ടെത്താന്‍ വളരെ വിഷമം! തൊട്ടടുത്തുള്ള പള്ളിയില്‍ വിശുദ്ധ കുര്‍ബാന നടക്കുമ്പോള്‍പ്പോലും അവിടെപ്പോകാതെ പകരം മറ്റ് സന്തോഷങ്ങള്‍ തേടി പോകും! നമ്മുടെ ജീവിതത്തില്‍ യേശുസ്നേഹത്തിന്‍റെ നിറവ് ലഭിക്കാത്തതിനുകാരണം ഇതൊക്കെത്തന്നെയല്ലേ എന്ന് ഞാന്‍ എന്നോടുതന്നെ ചോദിക്കുകയായിരുന്നു.

ഈ സ്വഭാവം നമുക്കൊന്ന് തിരുത്താം. വരുന്ന നോമ്പുകാലത്ത് ഹല്ലേലുയയും ഗ്ലോറിയയും ഹൃദയത്തില്‍ സ്വീകരിക്കുകയും പിസയും കെ.എഫ്.സിയും വിടുകയും ചെയ്യാം. “ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിന് പകരമായി എന്ത് കൊടുക്കും?” (മത്തായി 16:26)

Share:

Nicy John

Nicy John

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles