Home/Encounter/Article

ജൂണ്‍ 05, 2020 1645 0 George Joseph
Encounter

പാട്ടു പാടി പരീക്ഷയെഴുതിയപ്പോള്‍…

ബി.ടെക് പഠനസമയത്ത് ഞാനെന്‍റെ ബന്ധുവീട്ടില്‍നിന്നാണ് പഠിച്ചിരുന്നത്. അവിടെയുള്ള എന്‍റെ മുറി ഒരു ദിവസം വൃത്തിയാക്കുന്ന നേരത്ത് ഗാനമാലിക എന്ന് പേരുള്ള ഒരു കുഞ്ഞുപുസ്തകം ലഭിച്ചു. അതെടുത്തു ഞാന്‍ മറിച്ചുനോക്കി. 3 എന്നെഴുതിയ ഒരു പേജ് എത്തുമ്പോള്‍ എന്തോ ഒരു പ്രത്യേകത; അതിലെ അക്ഷരങ്ങള്‍ തിളങ്ങുന്നതായും പേജിന് വലിപ്പം വര്‍ധിച്ച് വരുന്നതായും പ്രകാശിക്കുന്നതായുമെല്ലാം എനിക്ക് അനുഭവപ്പെടുന്നതുപോലെ. ഞാന്‍ പുസ്തകം മടക്കി വീണ്ടും തുറന്ന് പേജുകള്‍ മറിച്ചു. അപ്പോഴും ആ പേജ് എത്തിയപ്പോള്‍ ഇതേ അനുഭവം. അതിലെ വരികള്‍ ഞാന്‍ വായിച്ചുനോക്കി.

‘പരിശുദ്ധാത്മാവേ, നീയെഴുന്നള്ളി
വരണമേ എന്‍റെ ഹൃദയത്തില്‍….’
അന്നെനിക്ക് പരിശുദ്ധാത്മാവ് ആരാണെന്നോ എന്താണെന്നോ ഒന്നും അറിയില്ലായിരുന്നു. ഞാന്‍ അംഗമായിരുന്ന അക്രൈസ്തവമതത്തിന്‍റെ ചിട്ടകളെല്ലാം കര്‍ക്കശമായി പാലിക്കുന്ന അംഗങ്ങളുള്ള ആ വീട്ടില്‍ എങ്ങനെയാണ് ആ പുസ്തകം വന്നത് എന്നും എനിക്കറിഞ്ഞുകൂടാ. എന്തായാലും ഈ വരികള്‍ വായിക്കവേ എനിക്ക് തലയിലൂടെ തിളച്ച വെള്ളം കോരിയൊഴിക്കുന്നതുപോലെയോ ഐസ് വയ്ക്കുന്നതുപോലെയോ എണ്ണ കോരിയൊഴിക്കുന്നതുപോലെയോ ശരീരത്തിലൂടെ വൈദ്യുതി കടന്നുപോകുന്നതുപോലെയോ ഒക്കെ വ്യത്യസ്ത അനുഭവങ്ങള്‍ ഉണ്ടായി. പിന്നെ ഞാന്‍ അത് ആവര്‍ത്തിച്ച് വായിക്കാന്‍ തുടങ്ങി. പഠിക്കുന്നതിനു മുമ്പ് വായിക്കും, കിടക്കുന്നതിനു മുമ്പ് വായിക്കും, അങ്ങനെ പലപ്പോഴും…. പരിശുദ്ധാത്മാവേ, നീയെഴുന്നള്ളി വരണമേ എന്‍റെ ഹൃദയത്തില്‍….

പിന്നീട് ഒന്നാം വര്‍ഷം പരീക്ഷയുടെ സമയമായി. എന്‍ജിനീയറിംഗ് മാത്സ് പരീക്ഷ വളരെ എളുപ്പമായിരുന്നു. പിന്നത്തേത് ഫിസിക്സ് പേപ്പറാണ്. അതെനിക്ക് വളരെ ബുദ്ധിമുട്ടായി തോന്നി. പഠിച്ചിരുന്നെങ്കിലും പഠിക്കാത്തതുപോലെയായിരുന്നു അനുഭവപ്പെട്ടത്. എന്നാല്‍ പരീക്ഷാ ഹാളില്‍ ആരോ പുറകില്‍നിന്ന് എനിക്ക് ഉത്തരങ്ങള്‍ വ്യക്തമായും ലളിതമായും പറഞ്ഞുതരുന്നതായി അനുഭവപ്പെട്ടു. പലപ്പോഴും അതാരാണെന്നറിയാന്‍ ഞാന്‍ തിരിഞ്ഞുനോക്കിയിട്ടുപോലുമുണ്ട്. പക്ഷേ അന്നെനിക്ക് അറിയില്ലായിരുന്നു അത് പരിശുദ്ധാത്മാവാണെന്ന്.

പിന്നെ എന്നെ ഞെട്ടിച്ച അനുഭവം റിസല്‍റ്റായിരുന്നു. എന്‍റെ അപ്പനും അമ്മയും ദാരിദ്ര്യത്തിനിടയില്‍ എന്നെ വളരെ കഷ്ടപ്പെട്ടാണ് പഠിപ്പിച്ചത്. പത്താം ക്ലാസില്‍ ഇംഗ്ലീഷിന് എനിക്ക് വളരെ മാര്‍ക്ക് കുറവായിരുന്നു. കേരളത്തിലെ മികച്ച ഒരു എന്‍ജിനീയറിംഗ് കോളേജില്‍ പ്രവേശനം ലഭിച്ചെങ്കിലും ഇംഗ്ലീഷില്‍ ക്ലാസെടുക്കുന്നത് പലപ്പോഴും മനസ്സിലാവില്ലായിരുന്നു. സംശയം ചോദിക്കാനും ഇംഗ്ലീഷ് അറിയണം. ചിലപ്പോള്‍ ആരും കാണാതെ കരഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള എന്നെ പരിശുദ്ധാത്മാവ് പരീക്ഷയെഴുതിച്ചപ്പോള്‍ എനിക്ക് 76 ശതമാനം മാര്‍ക്കാണ് ലഭിച്ചത്. അങ്ങനെ ബി.ടെക് പഠനം വിജയകരമായി പൂര്‍ത്തിയാക്കി. പിന്നീട് ജീവിതത്തില്‍ വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടന്നുപോയി.

2010-ല്‍ ഞാന്‍ മാമ്മോദീസായിലൂടെ കത്തോലിക്കാസഭയില്‍ അംഗമായി. പിന്നീടാണ് എം.ടെക് പഠിച്ചത്. ആ സമയത്ത് ഞാന്‍ ഹോസ്റ്റലിലായിരുന്നു താമസം. പഠിക്കുന്നതിനു മുമ്പ് ജ്ഞാനം ഒമ്പതാമധ്യായം വായിക്കുന്നത് ഒരു ശീലമായിരുന്നു. ഹോസ്റ്റലിലെ ചാപ്പലില്‍ സക്രാരിയുടെ മുന്നില്‍ പോയിരുന്നാണ് കൂടുതലും പഠിക്കാറ്. അഞ്ചു മണിക്കൂറോളം പഠിക്കേണ്ട കാര്യങ്ങള്‍ അര മണിക്കൂര്‍ കൊണ്ട് പഠിച്ചുതീരുന്നതായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ഒരിക്കല്‍ ഒരു കൂട്ടുകാരന്‍ സംശയം ചോദിച്ച് എന്‍റെയരികില്‍ വന്നു. അവനെയും കൂട്ടി ഞാന്‍ ചാപ്പലില്‍ പോയിരുന്ന് അത് പറഞ്ഞുകൊടുത്തു. അത് അവന് വളരെ നന്നായി മനസ്സിലായി. പരിശുദ്ധ കുര്‍ബാന ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശരീരവും രക്തവുമാണെന്ന് വിശ്വസിക്കാത്ത ഒരു അകത്തോലിക്കാ സഭാംഗമായിരുന്നു അവനെങ്കിലും പിന്നീട് പലപ്പോഴും എന്നോട് ചാപ്പലില്‍ പോയിരുന്ന് പഠിക്കാമെന്ന് പറയാറുണ്ട്.
എം.ടെക് പഠനകാലത്ത് പരീക്ഷകള്‍ ഒന്നുപോലും പരിശുദ്ധ കുര്‍ബാന സ്വീകരിക്കാതെ ഞാന്‍ എഴുതിയിട്ടില്ല. പരിശുദ്ധ കുര്‍ബാന നാവില്‍ വച്ചുകൊണ്ട് ‘ഞാനൊരു മണ്ടനാണ്, അങ്ങ് പറഞ്ഞുതരുന്നത് ഞാനെഴുതും’ എന്നൊക്കെ പറഞ്ഞ് പ്രാര്‍ത്ഥിക്കും. കൈപിടിച്ച് പരീക്ഷ എഴുതിപ്പിക്കുന്നതായും വേഗത ലഭിക്കുന്നതായുമൊക്കെ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. സമയത്ത് പരീക്ഷ എഴുതി പൂര്‍ത്തിയാക്കാന്‍ കഴിയാറുണ്ട്. ഇതുകൂടാതെ എം. ടെക് പഠനകാലത്ത് ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. പരീക്ഷയ്ക്ക് രണ്ടു മാസം മുമ്പുമുതലേ ഇറച്ചിയെല്ലാം കഴിക്കുന്നത് ഉപേക്ഷിക്കും. കാരണം അതെല്ലാം കഴിച്ചാല്‍ ദഹിച്ചുതീരുന്നതുവരെ ശരീരത്തിന് മന്ദത അനുഭവപ്പെടുന്നതിനാല്‍ പഠനം ബുദ്ധിമുട്ടാകും. കൂടാതെ പരീക്ഷയ്ക്ക് രണ്ടാഴ്ച മുമ്പ് നന്നായി ഒരുങ്ങി കുമ്പസാരിക്കും. അഹങ്കാരം മൂലം വന്ന പാപങ്ങളെക്കുറിച്ച് നന്നായി വിചിന്തനം ചെയ്താണ് കുമ്പസാരം നടത്താറ്. അഹങ്കാരമുള്ളിടത്ത് പരിശുദ്ധാത്മാവിന് വസിക്കാനാവുകയില്ലല്ലോ.

പരീക്ഷയുടെ തലേന്ന് നന്നായി ഉറങ്ങും. പരീക്ഷാദിവസം രാവിലെ ജപമാല ചൊല്ലി ദിവ്യബലിക്ക് പോകും. ബലിയര്‍പ്പിച്ച വൈദികന്‍റെയടുത്ത് മുട്ടുകുത്തി കൈവയ്പുപ്രാര്‍ത്ഥന സ്വീകരിക്കും. തുടര്‍ന്ന് ഫോണിലൂടെ എന്‍റെ മാതാപിതാക്കളുടെ പ്രാര്‍ത്ഥനയും സ്വീകരിക്കും. അവര്‍ ജപമാല ചൊല്ലി എനിക്കായി പ്രാര്‍ത്ഥിക്കും. ഇത്തരത്തില്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ എം.ടെക് റാങ്കോടുകൂടിയാണ് വിജയിച്ചത്.

വൈകാതെതന്നെ പ്രശസ്തമായ ഐ.ടി കമ്പനിയില്‍ മാനേജരായി ജോലി ലഭിച്ചു. നാളുകള്‍ കഴിഞ്ഞ് ജോലിക്കൊപ്പം ആത്മീയശുശ്രൂഷകളും ചെയ്യാനാവുന്ന വിധത്തില്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിച്ചു. ഇന്നും അനേക കാര്യങ്ങള്‍ അനുദിനജീവിതത്തില്‍ പരിശുദ്ധാത്മാവ് എന്നെ പഠിപ്പിച്ചുതരുന്നു, നയിക്കുന്നു, സഹായിക്കുന്നു. ഗാനമാലികയിലെ മൂന്നാമത്തെ പാട്ട് എന്‍റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം ഇന്നും എന്‍റെ ഓര്‍മ്മകള്‍ക്ക് നിറം പകരുന്നുണ്ട്.

Share:

George Joseph

George Joseph

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles