Home/Engage/Article

നവം 24, 2021 441 0 Shalom Tidings
Engage

പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയ ശക്തിരഹസ്യം

പരിശുദ്ധാത്മാവിന്‍റെ അഭിഷേകം മനുഷ്യരില്‍ ഉണ്ടാക്കുന്ന മാറ്റം വായിച്ചു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. യേശു ‘പാറ’ എന്ന് വിളിച്ച പത്രോസിനെ പാറയാക്കിമാറ്റിയത് പരിശുദ്ധാത്മാവാണ്. നമ്മില്‍ ദൈവഹിതം നിറവേറ്റപ്പെടാന്‍ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്. ഇതൊക്കെ ഓര്‍ത്തപ്പോള്‍ എന്നെ നന്നാക്കേണ്ട ഉത്തരവാദിത്വം പരിശുദ്ധാത്മാവിനെ ഏല്‍പ്പിച്ച് ഞാന്‍ പ്രാര്‍ത്ഥിക്കുകമാത്രം ചെയ്തു.

അങ്ങനെയിരിക്കെ ഒരു ദിവസം വെളുപ്പിന് രണ്ട് മണിക്ക് ഉണര്‍ന്നു. പിന്നെ ഉറക്കമൊന്നും വന്നില്ല. അതിനാല്‍ ആ സമയത്ത് പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലി. സമയം നാലര ആയപ്പോള്‍ ഉറക്കം വന്നു. കിടക്കാനായി ശ്രമിച്ചപ്പോള്‍ പരിശുദ്ധാത്മാവ് പറഞ്ഞു, “നീ ഇപ്പോള്‍ കിടക്കണ്ട, കിടന്നാല്‍ ആറരയ്ക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് പോകാന്‍ സാധിക്കാതെ വരും.”

“ഇല്ല, ഞാന്‍ പൊയ്ക്കോളാം. പ്ലീസ് ഒന്ന് കിടക്കട്ടെ” ഇങ്ങനെ പറഞ്ഞ് ഞാന്‍ കിടന്നു. പരിശുദ്ധാത്മാവ് പറഞ്ഞതുപോലെ പിന്നെ ഞാന്‍ എഴുന്നേറ്റില്ല, ഉറങ്ങിപ്പോയി. എനിക്ക് സങ്കടവും ദേഷ്യവും വന്നു. ഞാന്‍ ചോദിച്ചു, “പരിശുദ്ധാത്മാവേ, ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടും എന്തുകൊണ്ടാണ് അങ്ങയുടെ ദൈവികശക്തി എന്നില്‍ പ്രവര്‍ത്തിക്കാതെയിരുന്നത്?”
പരിശുദ്ധാത്മാവ് പറഞ്ഞു, “എളിമയും അനുസരണവും ഉള്ള ആത്മാവില്‍ മാത്രമേ എന്‍റെ ദൈവികശക്തി പ്രകടമാവുകയുള്ളൂ.”

ഞാന്‍ കുറച്ചു സമയം കട്ടിലില്‍ ഇരുന്നുകൊണ്ട് പത്രോസിനെക്കുറിച്ച് ചിന്തിച്ചു. ‘പത്രോസേ നീ പാറയാകുന്നു, ഈ പാറമേല്‍ എന്‍റെ സഭ സ്ഥാപിക്കും, നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല’ എന്ന് യേശു പറഞ്ഞപ്പോള്‍ സ്വാഭാവികമായും പത്രോസിന് തന്നില്‍ത്തന്നെ ഒരു അഭിമാനവും സന്തോഷവും കുറച്ച് അഹങ്കാരവും ഒക്കെ തോന്നിയിരിക്കണം. ശിഷ്യന്മാരില്‍ ഏറ്റവും പ്രധാനിയായും യേശുവിന്‍റെ വലംകൈയായും യേശുവിനെ സ്നേഹിച്ച് നടന്നിട്ടുണ്ടാവും. ആ പത്രോസ് തന്നെ തള്ളിപ്പറയും എന്ന് യേശു പറഞ്ഞിട്ടുപോലും പത്രോസ് വിശ്വസിച്ചില്ല. യേശു പാറ എന്ന് വിളിച്ച പത്രോസിന് അത്രമേല്‍ തന്നില്‍ത്തന്നെ ഒരു വിശ്വാസമുണ്ടായിരുന്നു.

പക്ഷേ ഒരു ദുര്‍ബലനിമിഷത്തില്‍ പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞു. തുടര്‍ന്ന് യേശുവിന്‍റെ നോട്ടത്തില്‍ ഉള്ളുരുകി കരഞ്ഞപ്പോള്‍ പത്രോസിന്‍റ അഹന്തയാണ് ഇല്ലാതായത്. ഞാന്‍ ഒന്നും അല്ല എന്നുള്ള തിരിച്ചറിവ്. അപ്പോള്‍ യേശു ചെയ്തത് മറ്റൊന്നാണ്. ‘നീ എന്നെ സ്നേഹിക്കുന്നുവെങ്കില്‍, എന്‍റെ എല്ലാം വാഗ്ദാനങ്ങള്‍ക്കും നീ യോഗ്യനാണ്’ എന്ന് മനസ്സിലാക്കി കൊടുത്തു.

ടിയാന്‍ എന്ന സിനിമയിലെ ഒരു മാസ് ഡയലോഗ് ഉണ്ട്, ‘എന്തുകൊണ്ടാണ് ദൈവത്തിന്‍റെ പോരാളികള്‍ തോറ്റുകൊണ്ട് തുടങ്ങുന്നത് എന്നറിയാമോ? അഹന്ത, അതില്ലാതാകാന്‍. അഹന്ത ഇല്ലാത്ത ഉടല്‍ പൊള്ളുന്ന ആല പോലെയാണ്. ആ ആലയിലേ ദിവ്യശക്തിയുടെ ഉരുക്കിന് നിറയാനാവൂ. അങ്ങനെ നിറഞ്ഞാലേ അതൊരു ജീവിക്കുന്ന ആയുധമാകൂ… വജ്രായുധം!’ ഈ ഡയലോഗില്‍ പറയുന്നതാണ് പത്രോസിന് സംഭവിച്ചത്.

പിന്നീട് നാം കാണുന്നത് പത്രോസ് കടന്നുപോകുമ്പോള്‍ അവന്‍റ നിഴലെങ്കിലും പതിക്കുന്നതിനു വേണ്ടി തെരുവീഥികളില്‍ കൊണ്ടുവന്ന് രോഗികളെ കട്ടിലില്‍ കിടത്തുന്ന കാഴ്ചയാണ്. കാരണം അവന്‍റെ നിഴല്‍ വീണാല്‍പ്പോലും രോഗസൗഖ്യം ലഭിക്കുമായിരുന്നു.

ഇതെല്ലാം ചിന്തിച്ച് ഞാന്‍ പരിശുദ്ധാത്മാവിനോട് ചോദിച്ചു, “പരിശുദ്ധാത്മാവേ, അഹം ഇല്ലാതാക്കാന്‍ ഞാന്‍ എന്ത് ചെയ്യണം?”

പരിശുദ്ധാത്മാവ് പറഞ്ഞു, “നിന്‍റെ ഇഷ്ടം അനുവര്‍ത്തിക്കുന്നതില്‍നിന്നും നീ പിന്തിരിയുക; സ്വന്തം വഴിയിലൂടെ നടക്കാതെയും നിന്‍റെ താത്പര്യങ്ങള്‍ അന്വേഷിക്കാതെയും വ്യര്‍ഥഭാഷണത്തിലേര്‍പ്പെടാതെയും ഇരിക്കുക. അപ്പോള്‍ നീ കര്‍ത്താവില്‍ ആനന്ദം കണ്ടെത്തും. ലോകത്തിലെ ഉന്നതസ്ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരിചെയ്യിക്കും. നിന്‍റെ പിതാവായ യാക്കോബിന്‍റെ ഓഹരികൊണ്ട് നിന്നെ ഞാന്‍ പരിപാലിക്കും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത് (ഏശയ്യാ 58/14).

രണ്ട്- ചോദിക്കുവിന്‍, നിങ്ങള്‍ക്ക് ലഭിക്കും എന്ന് അരുള്‍ച്ചെയ്ത കര്‍ത്താവ് എപ്പോഴും വിശ്വസ്തനാണ്. അതിനാല്‍ നീ പ്രാര്‍ത്ഥിക്കുക, നിന്‍റെ കുറവുകള്‍ യേശുവിന്‍റെ പുണ്യങ്ങളോട് ചേര്‍ത്ത് പിതാവിന് സമര്‍പ്പിക്കുക.”

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles